SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

ത്രില്ലും കൗതുകവും നിറഞ്ഞ 'പ്രാവിൻകൂട് ഷാപ്പ്'; റിവ്യൂ

ത്രില്ലർ വിട്ട് ഒരു കളിയുമില്ല ഇപ്പോൾ മലയാള സിനിമയ്ക്ക്. ഈ വർഷം തുടങ്ങിയത് തന്നെ ത്രില്ലർ ചിത്രങ്ങളിലൂടെയായിരുന്നു. അക്കൂട്ടത്തിലേക്ക് എത്തിയ പുതിയ ചിത്രമാണ് ബേസിൽ ജോസഫ്, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷത്തിലെത്തിയ പ്രാവിൻകൂട് ഷാപ്പും. ഒരു കള്ള് ഷാപ്പും അതിനുള്ളിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെ ചുറ്റിപറ്റി നടക്കുന്ന അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. ഡാർക്ക് ഹ്യൂമറും ത്രില്ലറും കൂട്ടിയോജിപ്പിച്ചാണ് നവാ​ഗതനായ ശ്രീരാജ് ശ്രീനിവാസൻ ചിത്രമൊരുക്കിയിരിക്കുന്നത്. പ്രാവിൻകൂട് എന്നൊരു ഷാപ്പിനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ സഞ്ചാരം. ആദ്യപകുതിയിൽ തന്നെ ചിത്രം പൂർണമായും ത്രില്ലർ ട്രാക്കിലേക്ക് പ്രേക്ഷകനെ കൊണ്ടുചെന്ന് എത്തിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ ഡീറ്റെയിലിങ് കൊണ്ടുവരുന്നതിലും സംവിധായകൻ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട്. ഓരോ ചെറിയ കാര്യങ്ങളിൽ പോലും പ്രേക്ഷകന് അത് കാണാനും കഴിയും. ഏറെക്കുറെ കഥയും സംഭവങ്ങളുമൊക്കെ പ്രേക്ഷകന് ഊഹിച്ചെടുക്കാമെങ്കിലും ആദ്യാവസാനം വരെ ആകാംക്ഷ നിലനിർത്തി കൊണ്ട് പോകാൻ സംവിധായകനായി. ആദ്യ പകുതിയേക്കാൾ രണ്ടാം പകുതിയിലാണ് കഥ ഉദ്വേ​ഗജനകമാകുന്നത്. ആ​ദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകനെ പിടിച്ചിരുത്താനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ശ്രീരാജ് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. തിരക്കഥയിലുള്ള ചില പോരായ്മകൾ സിനിമയെയും ചെറിയ തോതിൽ ബാധിച്ചിട്ടുണ്ട്. ചിലയിടങ്ങളിലൊക്കെ ഒരു തുടർച്ചയില്ലായ്മയും കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന പോലെയുമൊക്കെ അനുഭവപ്പെടുന്നുണ്ട്. ചിത്രത്തിൽ പലയിടങ്ങളിലും ഡാർക്ക് ഹ്യൂമറിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ. മുഴുവനായും അത് വിജയിച്ചു എന്ന് പറയാനാകില്ലെങ്കിലും ഒരുപരിധി വരെ പിടിച്ചു നിൽക്കാൻ സംവിധായകന് കഴിഞ്ഞു. അടിച്ചമർത്തപ്പെട്ടവന്റെയും അവ​ഗണിക്കപ്പെട്ടവരുടെയുമൊക്കെ അവസ്ഥ ചെറിയ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമവും ശ്രീരാജ് നടത്തിയിട്ടുണ്ടെങ്കിലും, അതും ഡയലോ​ഗിൽ മാത്രം ഒതുങ്ങിപ്പോയി. പെർഫോമൻസിലേക്ക് വന്നാൽ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ സ്പെയ്സ് നൽകിയിട്ടുണ്ട് സംവിധായകൻ. അതിപ്പോൾ ഷാപ്പിലുള്ള ആളുകൾക്കാണെങ്കിലും പൊലീസ് കഥാപാത്രങ്ങൾക്കായാലുമെല്ലാം അങ്ങനെ തന്നെ. സ്ഥിരം നമ്മൾ കണ്ടിട്ടുള്ള ഒരു പൊലീസ് കഥാപാത്രമായല്ല ബേസിൽ ചിത്രത്തിലെത്തുന്നത്. എസ്ഐ സന്തോഷ് സിജെ എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ എസ്ഐ സന്തോഷ് എങ്ങനെയാണെന്നൊരു ധാരണ പ്രേക്ഷകന് മുന്നിൽ വയ്ക്കുന്നുണ്ട് സംവിധായകൻ. 10 മണിക്കൂറു കൊണ്ടും 10 മിനിറ്റ് കൊണ്ടുമൊക്കെ ശാസ്ത്രീയമായി കേസുകൾ തെളിയിക്കുന്ന ഒരു പൊലീസുകാരനാണ് സന്തോഷ്. ആദ്യാവസാനം വരെ ബേസിലിന്റെ കൈയിൽ സന്തോഷ് എന്ന കഥാപാത്രം വളരെ ഭദ്രമായിരുന്നു. ചില മാനറിസങ്ങളുമെല്ലാം വളരെ ഭം​ഗിയായി തന്നെ ബേസിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാരനായ കണ്ണൻ എന്ന കഥാപാത്രത്തെ സൗബിനും മികച്ചതാക്കി. നാട്ടിൻപുറത്തെ ഷാപ്പിലെ ഒരു തൊഴിലാളിയായും മജീഷ്യനായും സൗബിൻ പലയിടങ്ങളിലും വിസ്മയിപ്പിച്ചിട്ടുണ്ട്. ബോഡിലാ​ഗ്വേജിലുമെല്ലാം സൗബിൻ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട്. സുനിൽ എന്ന കഥാപാത്രമായെത്തി ചെമ്പൻ വിനോദും ​ഗംഭീരമാക്കി. മെറിൻഡയായി വന്ന ചാന്ദ്‌നി ശ്രീധരനും കൈയടി നേടി. ശിവജിത് പത്മനാഭൻ, ശബരീഷ് വർമ, നിയാസ് ബക്കർ എന്നിവരുൾപ്പെടെ ചിത്രത്തിലെ ഓരോ കഥാപാത്രവും അവരവരുടെ ഭാ​ഗം മികച്ചതാക്കി. ചിത്രത്തിന്റെ ഏറ്റവും കൈയ്യടി അർഹിക്കുന്ന പാർട്ട് ഛായാ​ഗ്രഹണം തന്നെയാണ്. സ്ക്രീനിൽ നിന്ന് ഒരു നിമിഷം പോലും കണ്ണെടുക്കാനാകാത്ത വിധമാണ് ഷൈജുവിന്റെ ഛായാ​ഗ്രഹണം. ഓരോ ഫ്രെയിമും അത്ര ഭം​ഗിയോടെയാണ് അദ്ദേഹം പകർത്തിയിരിക്കുന്നത്. രാത്രിയായാലും പകലായാലും ക്ലോസ് അപ് ഷോട്ടുകളുമെല്ലാം നൂറ് ശതമാനവും പെർഫെക്ടായി തന്നെ ഷൈജു ഒരുക്കിയിട്ടുണ്ട്. വിഷ്ണു വിജയ്‌യുടെ സം​ഗീതമാണ് അഭിനന്ദനമർഹിക്കുന്ന മറ്റൊരു ഘടകം. ബേസിലിന്റെ ചില സീനുകളിൽ ബാക്ക്​ഗ്രൗണ്ട് സ്കോർ ഒഴിവാക്കാമായിരുന്നു എന്നതൊഴിച്ചാൽ പശ്ചാത്തല സം​ഗീതവും സിനിമയ്ക്കൊപ്പം തന്നെ നിന്നു. സംഘട്ടനവും അത്ര മികച്ചതായി തോന്നിയില്ല. ഒരു കഥാപാത്രം ക്രൂരനാണ് അല്ലെങ്കിൽ മോശമാണെന്ന് കാണിക്കാൻ വേണ്ടി അനാവശ്യമായി ചില സംഘട്ടന രം​ഗങ്ങൾ ചെയ്തതു പോലെയാണ് അനുഭവപ്പെട്ടത്. പ്രത്യേകിച്ച് ഒരാൾ മരിച്ചു കിടക്കുമ്പോൾ ഷാപ്പിൽ നടക്കുന്ന സംഘട്ടനമൊക്കെ തീർത്തും അരോചകമായി തന്നെ തോന്നി. ശിവജിത് അവതരിപ്പിച്ച ബാബു എന്ന വില്ലൻ കഥാപാത്രത്തിനും തീരെ '​ഗുമ്മി'ല്ലാതെ പോയി. ഒരു കാരണവുമില്ലാതെ കുറേയാളുകളെ ഓടിച്ചിട്ടു തല്ലുന്നതും വെള്ളത്തിൽ മുക്കി ആളുകളെ കൊല്ലുന്നതിലും മാത്രമായി വില്ലൻ കഥാപാത്രം ഒതുങ്ങിപ്പോയി. വേണ്ട രീതിയിൽ‌ ആ കഥാപാത്രത്തിന് ഒരു ബിൽഡ്അപ് കൊടുക്കാനോ ഡെവലപ് ചെയ്യാനോ ഒന്നും സംവിധായകന് ചിത്രത്തിൽ കഴിഞ്ഞിട്ടില്ല. മനസ് നിറഞ്ഞ്, സംതൃപ്തിയോടെ കണ്ടിറങ്ങാം; ഇതാണ് സിനിമയുടെ മാജിക്! രേഖാചിത്രം റിവ്യു അതുകൊണ്ട് തന്നെ തുടക്കം മുതൽ അവസാനം വരെ ചിത്രത്തിൽ പറയുന്ന ആ കഥാപാത്രത്തിന് പൂർണമായുമൊരു ഇംപാക്ട് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്ന് വേണം പറയാൻ. ചെറിയൊരു ട്വിസ്റ്റ് ക്ലൈമാക്സിൽ കൊണ്ടുവരുന്നുണ്ട് സംവിധായകൻ. എന്തൊക്കെയോ കുറേ കാര്യങ്ങൾ പറഞ്ഞു വയ്ക്കണമെന്നും പ്രേക്ഷകരിലേക്ക് എത്തിക്കണമെന്നുമൊക്കെ സംവിധായകന്റെ മനസിലുണ്ടെങ്കിലും അതൊന്നും പ്രേക്ഷകരിലേക്ക് കറക്ടായി എത്തിക്കാൻ അ​ദ്ദേഹത്തിന് കഴിയാതെ പോയി. അതൊക്കെ അദ്ദേഹത്തിന്റെ മനസിൽ മാത്രം ഒതുങ്ങിയെന്ന് പറഞ്ഞാലും തെറ്റില്ല. ഒരു ശരാശരി കാഴ്ചാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. എന്തായാലും ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ചിത്രത്തിന് ടിക്കറ്റെടുക്കാം.

സമകാലിക മലയാളം 16 Jan 2025 3:36 pm

നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു, ആക്രമണം മോഷണ ശ്രമം തടയുന്നതിനിടെ

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള മോഷണ ശ്രമത്തിനിടെ മോഷ്ടാവ് നടനെ ആക്രമിക്കുകയായിരുന്നു. പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലാണ് മോഷണ ശ്രമം നടന്നത്. വീട്ടിൽ അതികമ്രിച്ചു കയറിയ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഇയാൾക്കായുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചു. 'വിദേശ പഠനം നിർത്തിയത് റേസിസം കാരണം, ആദ്യത്തെ രണ്ട് മാസം വീട്ടിൽ വിളിച്ച് കരയുമായിരുന്നു': സാനിയ അയ്യപ്പൻ മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. അദ്ദേഹത്തിന്റെ ശരീരത്ത് കുത്തേറ്റതിന്റെ ആറു മുറിവുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ആഴത്തലുള്ളതാണെന്നും അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം 16 Jan 2025 8:46 am

'വിദേശ പഠനം നിർത്തിയത് റേസിസം കാരണം, ആദ്യത്തെ രണ്ട് മാസം വീട്ടിൽ വിളിച്ച് കരയുമായിരുന്നു': സാനിയ അയ്യപ്പൻ

വിദേശ പഠനം അവസാനിപ്പിക്കാൻ കാരണം വംശീയതയെന്ന് നടി സാനിയ അയ്യപ്പൻ. തനിക്കൊപ്പം പഠിച്ചിരുന്നു ബ്രിട്ടീഷ് കൗമാരക്കാർ റേസിസ്റ്റുകൾ ആയിരുന്നു എന്നാണ് താരം പറയുന്നത്. തമിഴിലൊക്കെ ഓരോന്ന് പറഞ്ഞ് എന്നെ കളിയാക്കും. ആദ്യത്തെ ഒരു രണ്ട് മാസം വീട്ടിൽ വിളിച്ചു താൻ കരയുമായിരുന്നെന്നും സാനിയ പറഞ്ഞു. ലണ്ടനിലാണ് ഞാൻ പഠിക്കാൻ പോയത്. എന്റെ ഒപ്പം ബാച്ചിൽ ഉണ്ടായിരുന്നത് കൗമാരക്കാരായ ബ്രിട്ടീഷ് കുട്ടികളായിരുന്നു, അവർ വളരെ റേസിസ്റ്റായിരുന്നു. റേസിസം ഒക്കെ ഇപ്പോഴും ഉണ്ടോ എന്ന് ആളുകൾ ചോദിക്കുന്നത് കാണാം എന്നാൽ ഉണ്ടെന്നുള്ളതല്ല, മറിച്ച് ടീനേജിലുള്ള കുട്ടികളെ നമ്മൾ എത്ര പറഞ്ഞ് തിരുത്താൻ ശ്രമിച്ചാലും കഴിയില്ല. തമിഴിലൊക്കെ എന്തൊക്കെയോ പറഞ്ഞ് എന്നെ കളിയാക്കുന്നത് കാണാം. ആദ്യത്തെ ഒരു രണ്ട് മാസം വീട്ടിൽ വിളിച്ചു ഞാൻ കരയുമായിരുന്നു. പോവണ്ട എന്ന് പറഞ്ഞതല്ലേ എന്ന് അമ്മ അപ്പോൾ പറയും. ബി.എ ആക്ടിങ് ആൻഡ് ഡയറക്‌ഷൻ കോഴ്സാണ് ഞാൻ പഠിച്ചത്. അപ്പോൾ കൂടെ പെയർ ആയി ആരും ഉണ്ടാവില്ല. പ്രൊഫസറായിരിക്കും കൂടെ ഉണ്ടാകുക. നാട്ടിൽ ബെറ്ററായ ഓപ്ഷൻ ഉള്ളപ്പോൾ ഞാൻ എന്തിനാണ് ഇവിടെ വന്ന് ബുദ്ധിമുട്ടുന്നത് എന്ന് ഒരു സമയത്ത് തോന്നിയിരുന്നു.- സാനിയ പറഞ്ഞു. 'ചേച്ചി കേരളത്തിൽ നിന്നല്ലേ, മാർക്കോ കണ്ടോ?', ഇത് പറയുമ്പോൾ എന്നെ ട്രോളും: എലിസബത്ത് വിദേശത്ത് പഠിക്കാൻ പോകുന്ന പലർക്കും തിരിച്ചുവരാനുള്ള ഓപ്ഷനില്ലാത്തതു കൊണ്ടാണ് തിരിച്ചുവരാൻ സാധിക്കാത്തത് എന്നാണ് താരം പറയുന്നത്. 'പല കുട്ടികളും വളരെ എക്സൈറ്റഡായിട്ടാണ് വിദേശത്ത് പഠിക്കാൻ പോകുന്നത്. പിന്നീട് അവർക്ക് തിരിച്ചു വരാനുള്ള ഓപ്ഷൻ ഉണ്ടാകുന്നില്ല. എനിക്ക് അങ്ങനെ ഒരു ഓപ്ഷൻ ഉള്ളതുകൊണ്ട് തിരിച്ചു വന്നു. അല്ലെങ്കിൽ അവിടെ പോയി പെട്ടു പോകുന്ന അവസ്ഥയാണ്. ലോൺ എടുത്ത് അങ്ങോട്ട് പോകുന്ന കുട്ടികൾക്ക് അവിടെ എൻജോയ് ചെയ്യാനുള്ള ഒരു സമയം ഉണ്ടാകുന്നില്ല. തുടർച്ചയായി പാർട്ട്‌ ടൈം ജോലികളും അസൈൻമെന്റുകളും അവർക്കുണ്ടാകും. വിദേശത്ത് പഠിക്കുന്നു എന്ന പേര് മാത്രമേ ഉണ്ടാകുന്നുള്ളൂ. ബാക്കി എല്ലാം ബുദ്ധിമുട്ട് തന്നെയാണ്. നാട്ടിലേക്ക് പോകാൻ ടിക്കറ്റ് കിട്ടിയ കുട്ടികളുടെ സന്തോഷം ഞാൻ കണ്ടിട്ടുണ്ട്.- സാനിയ വ്യക്തമാക്കി.

സമകാലിക മലയാളം 15 Jan 2025 5:45 pm

'ചേച്ചി കേരളത്തിൽ നിന്നല്ലേ, മാർക്കോ കണ്ടോ?', ഇത് പറയുമ്പോൾ എന്നെ ട്രോളും: എലിസബത്ത്

ഉണ്ണി മുകുന്ദന്റെ മാർക്കോ സിനിമയെ പ്രശംസിച്ച് നടൻ ബാലയുടെ മുൻ പങ്കാളി എലിസബത്ത് ഉദയൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രശംസ. ​ഗുജറാത്തിലാണ് താനിപ്പോൾ ഉള്ളതെന്നും ഇവിടെ ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത് എന്നുമാണ് എലിസബത്ത് പറയുന്നത്. പുഷ്പ 2 ഇറങ്ങിയപ്പോഴുണ്ടായ അതേ ആവേശമാണ് മാർക്കോയ്ക്കും ലഭിക്കുന്നത്. പുറത്തെ ഒരു സംസ്ഥാനത്ത് കേരളത്തിലെ ഒരു സിനിമയെ പ്രശംസിക്കുന്നതിൽ സന്തോഷമുണ്ട് എന്നാണ് എലിസബത്ത് പറയുന്നത്. എലിസബത്ത് ഉദയന്റെ വാക്കുകൾ ഇന്നത്തെ വിഡിയോ കണ്ടുകഴിയുമ്പോൾ എനിക്കെതിരെ ട്രോളും നെഗറ്റിവ് കമന്റ്സും വരാൻ സാധ്യതയുണ്ട്. മാർക്കോ സിനിമയാണ് വിഷയം. ഞാ‍ൻ പൊതുവെ വയലൻസ് സിനിമകൾ കാണാറില്ല. മുമ്പൊക്കെ കാണുമായിരുന്നു. എന്നാൽ ഇപ്പോൾ ഭയങ്കര വയലൻസ് ആണല്ലോ കാണിക്കുന്നത്. അത്ര വയലൻസ് താങ്ങാത്തതുകൊണ്ട് ഒഴിവാക്കാറാണ് പതിവ്. പക്ഷേ മാർക്കോ വന്നപ്പോൾ വലിയൊരു ആഘോഷമായിരുന്നു. ഞാനിപ്പോൾ ഗുജറാത്തിൽ ആണുള്ളത്. ഇവിടുള്ള ഡോക്ടേഴ്സ്, ഇന്റേൺസ്, ടെക്നീഷ്യൻസ് എല്ലാവരും മാര്‍ക്കോ കണ്ടോ, ചേച്ചി കേരളത്തിൽ നിന്നല്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്. ചിത്രത്തിലെ പാട്ടൊക്കെ ആളുകൾ റിപ്പീറ്റ് മോഡിലിട്ട് കേൾക്കുന്നതും ഞാൻ കണ്ടു. ഞാനും അവര്‍ക്കൊപ്പം മാർക്കോ തിയറ്ററിലെത്തി കണ്ടിരുന്നു. വേറെ ലെവൽ സിനിമയെന്നാണ് ഏവരും പറയുന്നത്. നമ്മള്‍ വേറൊരു സംസ്ഥാനത്ത് ജോലി ചെയ്യുന്ന സമയത്ത് നമ്മുടെ കേരളത്തെ ഇങ്ങനെ പൊക്കിപ്പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. ആ സന്തോഷം കൊണ്ട് ചെയ്ത വിഡിയോ ആണിത്. മുമ്പ് പുഷ്പ ഇറങ്ങിയ സമയത്തും ഇവർ പുഷ്പ കാണുന്നില്ലേ എന്നു ചോദിച്ചിരുന്നു. അല്ലു അർജുൻ കേരളത്തിൽ നിന്നാണെന്നാണ് ഗുജറാത്തിലുള്ള ആളുകളുടെ വിചാരം. കേരളത്തിൽ നിന്നുള്ള കുറച്ച് അഭിനേതാക്കളെ മാത്രമേ ഇവർക്ക് അറിയൂ. ഇപ്പോൾ പുഷ്പ ഇറങ്ങിയ സമയത്തുള്ള അതേ ആവേശത്തോടെ തന്നെ അവർ മാർക്കോയെ പറ്റിയും പറയുന്നു. അതുകേൾക്കുമ്പോൾ ഒരു സന്തോഷം. കേരളത്തിൽ നിന്നുള്ള ഒരു സിനിമ വലിയ വിജയമാകുന്നതിലും അഭിമാനമുണ്ട്.

സമകാലിക മലയാളം 15 Jan 2025 5:04 pm

വെറുതെയല്ല മക്കൾക്ക് വിനീതെന്നും ധ്യാനെന്നും പേരിട്ടത്; കാരണം പറഞ്ഞ് ശ്രീനിവാസൻ

ശ്രീനിവാസന് വിശേഷണങ്ങൾ ഏറെയാണ്, മികച്ച നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ. ശ്രീനിവാസന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമയിലെത്തി. ഏറെ ആരാധകരുള്ള താരങ്ങളാണ് വിനീതും ധ്യാനും. ഇപ്പോൾ മകളുടെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് സ്പോർട്സ് താരങ്ങളുടെ പേരുകളാണ് മക്കൾക്ക് നൽകിയത് എന്നാണ് താരം പറയുന്നത്. എനിക്ക് രണ്ട് മക്കളാണ്, വിനീതും ധ്യാനും. ചെറുപ്പത്തില്‍ സ്‌പോര്‍ട്‌സ് പ്രാന്തനായിരുന്നു ഞാന്‍. ക്രിക്കറ്റിനോടായിരുന്നു കൂടുതല്‍ താല്‍പര്യം. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ സ്ഥിരമായി വായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് ഹോക്കിയില്‍ ഒളിമ്പിക്‌സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്. അക്കാലത്തുണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു ഹോക്കി താരമാണ് വിനീത് കുമാര്‍. എനിക്ക് ആദ്യത്തെ മകനുണ്ടായപ്പോള്‍ ഈ വിനീത് കുമാറിന്റെ പേരില്‍ നിന്ന് കുമാര്‍ കട്ട് ചെയ്താണ് വിനീത് എന്ന പേരിട്ടത്. ഹോക്കിയിലെ മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ പേരാണ് രണ്ടാമത്തെ മകനും നല്‍കിയത്.- ശ്രീനിവാസൻ പറഞ്ഞു. ടോം ക്രൂസിന് എതിരാളിയാവുമോ അനുരാഗ് കശ്യപ്?; 'മഹാരാജ' കണ്ട് ഹോളിവുഡിലേക്ക് ക്ഷണിച്ച് ബേര്‍ഡ്മാന്‍ സംവിധായകന്‍ വയനാടന്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ. മകൻ ധ്യാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. അച്ഛനും മകനും വളരെ രസകരമായി സംസാരിച്ച് കാണികളെ കയ്യിലെടുത്തു.

സമകാലിക മലയാളം 15 Jan 2025 4:29 pm

ടോം ക്രൂസിന് എതിരാളിയാവുമോ അനുരാഗ് കശ്യപ്?; 'മഹാരാജ'കണ്ട് ഹോളിവുഡിലേക്ക് ക്ഷണിച്ച് ബേര്‍ഡ്മാന്‍ സംവിധായകന്‍

വിജയ് സേതുപതി പ്രധാന വേഷത്തിലെത്തിയ മഹാരാജയില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് അനുരാഗ് കശ്യപ് കാഴ്ചവെച്ചത്. ചിത്രം അന്താരാഷ്ട്ര ശ്രദ്ധനേടിയതോടെ അനുരാഗിനെ തേടി ഹോളിവുഡില്‍ നിന്ന് അവസരം എത്തിയിരിക്കുകയാണ്. ദി റെവനന്റ്, ബേര്‍ഡ്മാന്‍ തുടങ്ങിയ സിനിമകളുടെ സംവിധായകനായ അലജാന്‍ഡ്രോ ഗോണ്‍സാലസ് ഇനാരിറ്റു ആണ് തന്റെ പുതിയ സിനിമയിലേക്ക് അനുരാഗിനെ ക്ഷണിച്ചത്. വെല്ലുവിളികളെ അതിജീവിച്ച് സിനിമയെന്ന സ്വപ്നം സാക്ഷാത്കരിച്ച രാഗേഷ് കൃഷ്ണന് പിന്തുണയുമായി 'മാർക്കോ' ടീം; നന്ദി അറിയിച്ച് രാഗേഷ് മഹാരാജ സംവിധായകന്‍ നിതിലന്‍ സ്വാമിനാഥനാണ് ഒരു അവാര്‍ഡ് ചടങ്ങിനിടെ ഈ വിവരം പങ്കുവച്ചത്. അനുരാഗ് സാറിന്റെ വലിയ ആരാധകനാണ് ഞാന്‍. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ഞാന്‍ അടുത്തിടെ മുംബൈയില്‍ പോയിരുന്നു. ആ സമയത്താണ് അദ്ദേഹം പറഞ്ഞത്, മഹാരാജ കാരണം ഇനാരിറ്റു തന്നെ പുതിയ സിനിമയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന്. ആദ്യം ഇത് കേട്ടപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നി. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നു.- നിതിലന്‍ പറഞ്ഞു. ഇനാരിറ്റുയുടെ പുതിയ സിനിമയില്‍ സൂപ്പര്‍താരം ടോം ക്രൂസ് നായകനായി എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയിലേക്ക് അനുരാഗ് കശ്യപിനെ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സമകാലിക മലയാളം 15 Jan 2025 3:18 pm

എട്ട് വർഷത്തെ പ്രണയം പൂവണിഞ്ഞു; സീരിയൽ നടി ശ്രീലക്ഷ്മി വിവാഹിതയായി

സീരിയൽ നടി ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. സ്കൂൾ കാലം മുതലുള്ള സുഹൃത്തായ ജോസ് ഷാജി ആണ് വരന്‍. വിവാഹ ചിത്രങ്ങള്‍ ശ്രീലക്ഷ്മി തന്നെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. എട്ട് വര്‍ഷമായുള്ള പ്രണയമാണ് പൂവണിഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് വിവാഹ വിശേഷം ശ്രീലക്ഷ്മി പങ്കുവെച്ചത്. കാത്തിരുന്ന വിവാഹത്തിന് ഏഴ് ദിവസം കൂടി ബാക്കി. എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ച് ജനുവരി 15ന് ഞങ്ങള്‍ ഒന്നാവുന്നു എന്നായിരുന്നു വിവാഹക്കാര്യം പങ്കുവെച്ച് ശ്രീലക്ഷ്മി കുറിച്ചത്. 'ഭയം ഒട്ടുമില്ലാത്ത ഒരു തീപ്പൊരി പൊലീസുകാരൻ'; ജയിലറിലേക്ക് ബാലയ്യയെയും പരി​ഗണിച്ചിരുന്നുവെന്ന് സംവിധായകൻ കുടുംബവിളക്ക് സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന്റെ മകള്‍ ശീതള്‍ ആയി അഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായത്. സാന്ത്വനം, ചോക്ലേറ്റ്, കാര്‍ത്തിക ദീപം, കൂടത്തായി, അനിയത്തിപ്രാവ് തുടങ്ങി ഒട്ടനവധി ഹിറ്റ് സീരിയലുകളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

സമകാലിക മലയാളം 15 Jan 2025 1:23 pm

'ഭയം ഒട്ടുമില്ലാത്ത ഒരു തീപ്പൊരി പൊലീസുകാരൻ'; ജയിലറിലേക്ക് ബാലയ്യയെയും പരി​ഗണിച്ചിരുന്നുവെന്ന് സംവിധായകൻ

ജയിലർ 2 വിന്റെ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ചിത്രത്തിന് രണ്ടാം ഭാ​ഗം വരുമെന്ന് അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. ജയിലർ 2 വിന്റെ പ്രഖ്യാപ‌ന ടീസറിനും വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. രജനികാന്തിനൊപ്പം നെൽസണെയും സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിനെയും ടീസറിൽ കാണാം. ജയിലർ ആദ്യ ഭാ​ഗം ബോക്സോഫീസിൽ റെക്കോഡുകൾ തീർത്തിരുന്നു. മോഹൻലാൽ, ശിവരാജ് കുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയിരുന്നു. ഇപ്പോഴിതാ ജയിലറിലേക്ക് അതിഥി വേഷത്തിൽ നടൻ നന്ദമൂരി ബാലകൃഷ്ണയെയും താൻ പരി​ഗണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാർ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നെൽസൺ ഇക്കാര്യം അറിയിച്ചത്. എനിക്ക് തെലുങ്കിൽ നിന്ന് ബാലകൃഷ്ണ സാറിനെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആദ്യ ഭാ​ഗത്തിൽ എനിക്കത് കൃത്യമായി ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. അങ്ങനെയൊരു കഥാപാത്രവുമായി സമീപിച്ചാൽ അദ്ദേഹം സ്വീകരിക്കുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എങ്കിലും അദ്ദേഹത്തെ അഭിനയിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. സിനിമയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടായിരുന്നെങ്കിൽ, ഞാൻ തീർച്ചയായും അദ്ദേഹത്തെ സമീപിക്കുമായിരുന്നു. ഒട്ടും ഭയമില്ലാത്ത ഒരു തീപ്പൊരി പൊലീസുകാരന്റെ വേഷമായിരുന്നു ഞാൻ മനസിൽ കണ്ടത്. പക്ഷേ ആ കഥാപാത്രത്തിന് അനുയോജ്യമായ ഒരു പശ്ചാത്തലം സൃഷ്ടിക്കാൻ എനിക്ക് കഴിഞ്ഞില്ല. ബാക്കിയെല്ലാ കഥാപാത്രങ്ങൾക്കും തുടക്കവും ഒടുക്കവും ഉണ്ടായിരുന്നു. ഇല്ല, ഉപേക്ഷിച്ചിട്ടില്ല! സൂര്യ - വെട്രിമാരൻ ചിത്രം വാടിവാസൽ വരുന്നു; അപ്ഡേറ്റ് പക്ഷേ എനിക്ക് അദ്ദേഹത്തിന് അനുയോജ്യമായ രീതിയിൽ അത് ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ അത് ചെയ്യാതിരുന്നത്. എല്ലാ സൂപ്പർ സ്റ്റാറുകളെയും ഒന്നിച്ച് കൊണ്ടുവന്ന് അവസാനിപ്പിക്കണമെന്നാണ് എന്റെ ആ​ഗ്രഹം.-നെൽസൺ പറഞ്ഞു. എന്നാൽ ജയിലർ 2 വിൽ ബാലയ്യയെ കാണാനാകുമോ എന്ന ചോദ്യത്തിന് നെൽസൺ പ്രതികരിച്ചില്ല. അതേസമയം ജയിലർ 2 വിന്റെ ചിത്രീകരണം ഉടൻ തുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സമകാലിക മലയാളം 15 Jan 2025 12:40 pm

ഇല്ല, ഉപേക്ഷിച്ചിട്ടില്ല! സൂര്യ - വെട്രിമാരൻ ചിത്രം വാടിവാസൽ വരുന്നു; അപ്ഡേറ്റ്

വെട്രിമാരൻ - സൂര്യ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് വാടിവാസൽ. പ്രഖ്യാപനം മുതൽ തന്നെ സിനിമയ്ക്ക് മേൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളതും. ചിത്രത്തിന്റെ ഒരു മേക്കിങ് വി‍ഡിയോയും പുറത്തുവന്നിരുന്നു. എന്നാൽ നാളുകളായി സിനിമയെക്കുറിച്ച് യാതൊരു അപ്ഡേറ്റും അണിയറപ്രവർത്തകരിൽ നിന്നുണ്ടായില്ല. ഇതിന് പിന്നാലെ ചിത്രം ഉപേക്ഷിച്ചെന്ന തരത്തിലും അഭ്യൂഹങ്ങൾ പരുന്നു. ഇപ്പോഴിതാ സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ് കലൈപുലി എസ് താനു. സംവിധായകൻ വെട്രിമാരനും നടൻ സൂര്യക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നിർമാതാവ്. വാടിവാസൽ തുറക്കുന്നു എന്ന ക്യാപ്ഷനോടെയാണ് കലൈപുലി എസ് താനു ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ കുറിക്കുന്നത്. വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാർ സംഗീതം നൽകുന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക ആർ വേൽരാജ് ആണ്. ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. അച്ഛന്റെ മരണത്തിന് കാരണക്കാരനായ ‘കാരി’ എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന പിച്ചിയുടെ കഥയാണ് നോവൽ പറയുന്നത്. 'എനിക്ക് കുറച്ചു കൂടി നന്നാക്കാമായിരുന്നു, ​ഗെയിം ചെയ്ഞ്ചറിൽ പൂർണ തൃപ്തനല്ല' കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ ആണ് ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രം. കങ്കുവ ആയിരുന്നു താരത്തിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. വിടുതലൈ പാർട്ട് 2 ആണ് വെട്രിമാരന്റേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. அகிலம் ஆராதிக்க "வாடிவாசல்" திறக்கிறது #VetriMaaran @Suriya_offl #VaadiVaasal pic.twitter.com/ZPWfCDkF3C — Kalaippuli S Thanu (@theVcreations) January 15, 2025

സമകാലിക മലയാളം 15 Jan 2025 11:23 am

'എനിക്ക് കുറച്ചു കൂടി നന്നാക്കാമായിരുന്നു, ​ഗെയിം ചെയ്ഞ്ചറിൽ പൂർണ തൃപ്തനല്ല'

ഗെയിം ചെയ്ഞ്ചർ എന്ന തന്റെ പുതിയ സിനിമയിൽ പൂർണ തൃപ്തനല്ലെന്ന് സംവിധായകൻ ശങ്കർ. റാം ചരൺ നായകനായെത്തിയ ചിത്രം ഈ മാസം 10 നായിരുന്നു റിലീസ് ചെയ്തത്. 400 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം തിയറ്ററുകളിൽ പരാജയമായി മാറുകയും ചെയ്തിരുന്നു. സിനിമ തനിക്ക് കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്നാണ് ശങ്കർ ഇപ്പോൾ പറയുന്നത്. സിനിമയുടെ ഫൈനൽ ഔട്ട്‌പുട്ടിൽ ഞാൻ പൂർണമായും തൃപ്തനല്ല. ഇതിലും നന്നായി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാനിപ്പോൾ ആഗ്രഹിക്കുന്നു. സിനിമ മൊത്തം അഞ്ച് മണിക്കൂറിൽ കൂടുതൽ ഉണ്ടായിരുന്നു. ഞങ്ങൾ പിന്നെ അത് ട്രിം ചെയ്തു. സമയപരിമിതി കാരണം പല നല്ല സീനുകളും ട്രിം ചെയ്തിട്ടുണ്ട്. ഇത് ഒരു ശിൽപിയുടെ ജോലി പോലെയാണ്. നമ്മൾ ഒരു ശിൽപം ഉണ്ടാക്കുന്നു, അത് ക്രമേണ രൂപപ്പെടുത്തണം.- ശങ്കർ പറഞ്ഞു. അതേസമയം, കഴിഞ്ഞ ദിവസം ഗെയിം ചേഞ്ചർ ആദ്യദിന കളക്ഷൻ റിപ്പോർട്ട് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. 186 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ഇതിന്റെ ഔദ്യോഗിക പോസ്റ്ററും ഗെയിം ചേഞ്ചർ ടീം റിലീസ് ചെയ്തിരുന്നു. ഇത് തീരെ പ്രതീക്ഷിച്ചില്ല! മുത്തുവേൽ പാണ്ഡ്യൻ ഈസ് ബാക്ക്; ജയിലർ 2 വരുന്നു, ടീസർ പിന്നാലെ ഈ കണക്കുകൾ വ്യാജമാണെന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നു. യഥാർഥത്തിൽ 86 കോടി മാത്രമാണ് സിനിമയുടെ കളക്ഷൻ എന്നും അണിയറപ്രവർത്തകർ നൂറ് കോടിയിലധികം രൂപ പെരുപ്പിച്ച് കാണിച്ചെന്നും പലരും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു.

സമകാലിക മലയാളം 15 Jan 2025 10:41 am