SENSEX
NIFTY
GOLD
USD/INR

Weather

30    C
... ...View News by News Source

സ്വാതന്ത്ര്യപ്പിറവിയുടെ ആവേശം ഏറ്റുവാങ്ങിയ ദേശാഭിമാനി

കൊച്ചി>വിലക്കുകൾ മറികടന്ന് ദേശാഭിമാനി 1947 ആഗസ്ത് 12ന് പുറത്തിറങ്ങിയത് പിറക്കാൻപോകുന്ന സ്വാതന്ത്ര്യദിനത്തിന്റെ ആവേശത്തുടിപ്പുമായി. തുടർന്ന് ആഗസ്ത് 17വരെ സ്വാതന്ത്ര്യത്തിന്റെ ആഘോഷവാർത്തകൾ പത്രത്താളുകളിൽ നിറഞ്ഞുനിന്നു. സ്വാതന്ത്ര്യദിനം കമ്യൂണിസ്റ്റുകാർ കരിദിനമായി ആചരിച്ചെന്നുള്ള കൊടുംനുണയുടെ അടിത്തറ ഇളക്കുന്നതാണ് ഈ ദിവസങ്ങളിലെ ദേശാഭിമാനി വാർത്തകൾ. ആഗസ്ത് 15 ന് ഒന്നാം പേജിൽ പ്രതിജ്ഞ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്: 1947 ആഗസ്ത് 15ന് ദേശാഭിമാനി ഒന്നാം പേജില് പ്രതിജ്ഞ എന്ന തലക്കെട്ടില് പ്രസിദ്ധീകരിച്ച മുഖപ്രസംഗം ‘വെറുക്കപ്പെട്ട യൂണിയൻ ജാക്ക് കൊടി മരങ്ങളിൽനിന്ന് കീഴോട്ട് വലിച്ചിറക്കി തൽസ്ഥാനത്ത് നമ്മുടെ ത്രിവർണ പതാക ഉയർത്തുമ്പോൾ വിങ്ങിപ്പൊട്ടുന്ന നമ്മുടെ ഹൃദയങ്ങൾ ഈ ദിനം കൈവരുത്തുന്നതിനുള്ള പ്രാഥമിക സംരംഭമായ സമരങ്ങളെ അനുസ്മരിക്കും...’’ 1946 ൽ ദിനപത്രം ആയപ്പോൾ മുതൽ പലവട്ടം സർക്കാരിന്റെ വിലക്കിനിരയായ പത്രം പിഴയെടക്കാൻ പണംകണ്ടെത്താനാകാതെ 1947 ജൂൺ 29 ന് പ്രസിദ്ധീകരണം നിർത്തിയിരുന്നു. പിന്നീട് തുടങ്ങിയത് ആഗസ്ത് 12 ന്. ദേശാഭിമാനി വീണ്ടും ഇതാ ജനമധ്യത്തിലേക്ക് എന്ന അറിയിപ്പുമായാണ് 12 ന്റെ പത്രം ഇറങ്ങിയത്. കോഴിക്കോട് കമ്യൂണിസ്റ്റ് പാർട്ടി നടത്താനിരിക്കുന്ന ആഘോഷപരിപാടികളുടെ വിശദാംശങ്ങൾ അന്ന് ഒന്നാംപേജിലുണ്ട്. ‘ആഗസ്ത് 15 കോഴിക്കോട്ടെ പരിപാടി’ എന്നാണ് തലക്കെട്ട്. ‘14ന് രാത്രി 12 മണിക്കുശേഷം കോഴിക്കോട് കമ്യൂണിസ്റ്റ്പാർടി ആഫീസിൽവെച്ച് രാഷ്ട്രപതാകാവന്ദനം നടത്തും. അതിനു കോഴിക്കോട്ടെ എല്ലാ പാർടിമെമ്പർമാരും അനുഭാവികളും എത്തിച്ചേരണം. ..... ആഗസ്ത് 15ന് കാലത്തു മുതൽ കോൺഗ്രസിന്റെ പൊതുപരിപാടിയനുസരിച്ചുള്ള എല്ലാ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുന്നതായിരിക്കും.’‐ഇതാണ് വാർത്ത. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ സ്വന്തം പരിപാടിയിൽ മാത്രമല്ല. കോൺഗ്രസിന്റെ ആഘോഷത്തിലും പങ്കെടുക്കണം എന്നായിരുന്നു അറിയിപ്പ്. 14 ന്റെ പത്രത്തിൽ സ്വാതന്ത്ര്യദിനാചരണം വിജയിപ്പിക്കാനുള്ള വിവിധ സംഘടനകളുടെ ആഹ്വാനവും പുന്നപ്രവയലാർ രക്തസാക്ഷികളെ അനുസ്മരിക്കുന്ന പി സി ജോഷിയുടെ ലേഖനവുമുണ്ട്. വെല്ലൂർ ജയിലിൽ കഴിയുന്ന കമ്യൂണിസ്റ്റ നേതാക്കൾ അന്ന് മോചിതരാകും എന്ന വാർത്തയും കാണാം. ആഗസ്ത് 15 ന്റെ ദേശാഭിമാനി പത്രം ഒന്നാം പേജിൽ ദേശീയപതാകയുടെ ചിത്രവും മുഖപ്രസംഗമായി സ്വാതന്ത്ര്യദിന പ്രതിജ്ഞയും ഉണ്ടായിരുന്നു. ഉൾപേജിൽ ആഗസ്ത് 15 എന്ന ടിവികെയുെടെ കവിതയും കാണാം. 16ന് പത്രം ഉണ്ടായിരുന്നില്ല. 17 ന്റെ പത്രത്തിൽ ആഘോഷപരിപാടികളുടെ വിശദമായ വാർത്തകളുണ്ട്. കോഴിക്കോട്ട് കല്ലായി റോഡിലെ കമ്യുണിസ്റ്റ് പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയെപ്പറ്റിയുള്ള റിപ്പോർട്ട് ഇങ്ങനെ: ‘‘14ന് അർധരാത്രി മുതൽ തന്നെ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. നൂറുകണക്കിന് നാട്ടുകാർ പാർടി ആഫീസിൽ രാത്രി 12 മണിക്കുശേഷം പതാക ഉയർത്തുന്ന കർമ്മത്തിൽ പങ്കെടുക്കാൻ ഉറക്കമിളച്ചു കാത്തിരുന്നു. കൃത്യസമയത്ത് സ. കെ എ കേരളീയൻ ‐പൊതുരക്ഷാനിയമത്തെ തോൽപ്പിച്ച് കഴിഞ്ഞ എട്ടുമാസക്കാലം മലബാറിലെ കൃഷിക്കാരെ ഒളിവിലിരുന്ന് നയിച്ചിരുന്ന കേരളത്തിലെ ആ കർഷകനേതാവ് – പാർടി ആഫീസിന്റെ മുന്നിൽ നാട്ടിയിരുന്ന വമ്പിച്ച കൊടിമരത്തിന്മേൽ ത്രിവർണ്ണ പതാക ഉയർത്തി.’’ ഇന്ത്യ സ്വതന്ത്രമായശേഷം പട്ടണത്തിൽ ആദ്യ പ്രകടനം കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലായിരുന്നു എന്ന വിവരവും വായിക്കാം. ആഗസ്ത് 14 നു മാത്രമാണ് ഇ എം എസ് അടക്കമുള്ള നേതാക്കൾ വെല്ലൂർ ജയിലിൽ നിന്ന് മോചിതരാകുന്നത്. ജനങ്ങൾ അവർക്ക് നൽകിയ ഗംഭീര വരവേൽപ്പ് പത്രത്തിലുണ്ട്. പി കൃഷ്ണപിള്ളയും കോഴിക്കോട്ടെ സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അപ്പോഴും ജയിലിലായിരുന്ന എ കെ ജിയുടെ നേതൃത്വത്തിൽ പോരാളികൾ ജയിലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച വാർത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചൂ.

ദേശാഭിമാനി 15 Aug 2022 11:19 am

സിമിക്ക്‌ കൂട്ടുണ്ട്‌ പ്രാണവായു; 
ഒപ്പം പരീക്ഷയ്‌ക്കും

കടുത്തുരുത്തി തളരാതെയുള്ള പോരാട്ടമാണ് സിമിയുടെ ജീവിതം. ഭർത്താവിന്റെ വിയോഗത്തോടെ കരിനിഴൽ വീഴ്ത്തിയ ജീവിതത്തിനുമേൽ ഇടിത്തീപോലെ തീരാരോഗവും. പ്രതിസന്ധി കൺമുന്നിലുണ്ടെങ്കിലും ആഗ്രഹിച്ച പ്ലസ്ടുപരീക്ഷ എഴുതിയെടുക്കാൻ സിമിയെത്തി പ്രാണവായുവിന്റെ സഹായത്തോടെ. വൈക്കപ്രയാര് മനയില് വീട്ടില് പി പി സിമിമോള്(50) ഓക്സിജന് സിലിണ്ടറിന്റെയും ഓക്സിജന് കോണ്സൺട്രേറ്ററിന്റെയും സഹായത്തോടെ പ്ലസ്ടു തുല്ല്യതാ പരീക്ഷയെഴുതി. കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലായിരുന്നു പരീക്ഷ . 2019 ൽ ഭര്ത്താവ് ജ്യോതിരാജിന്റെ(റിട്ട. എയർ ഫോഴ്സ്) മരണമാണ് സിമിയുടെ ജീവിതം ഉലച്ചത്. ശ്വാസസംബന്ധമായ രോഗം ഗുരുതരമായതോടെ ചികിത്സ തേടി. ഡോക്ടറുടെ നിര്ദേശമനുസരിച്ച് ജീവൻ നിലനിർത്താൻ ഓക്സിജന് സിലിണ്ടറും കോണ്സൺട്രേറ്ററും ജീവിതത്തിന്റെ ഭാഗമാക്കി. ഇടയ്ക്കിടെ രോഗം കലശലായതോടെ ആദ്യ വർഷം മാത്രമാണ് ക്ലാസിൽ പോകാൻ കഴിഞ്ഞത്. രണ്ടാംവർഷം വീട്ടിലായിരുന്നു പഠനം. രോഗം മൂലം അങ്കണവാടി അധ്യാപിക ജോലിയും നിർത്തി. പരീക്ഷ അടുക്കാറായപ്പോൾ ആശുപത്രിയിൽ ഐസിയുവിൽ കഴിയേണ്ടി വന്നത് നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞയാഴ്ച ആശുപത്രിയിൽനിന്ന് വിടുതൽ ലഭിച്ചതോടെ പഠനം ഉഷാറാക്കി. ഞായറാഴ്ച എഴുതിയ ഇംഗ്ലീഷ് പരീക്ഷ എളുപ്പമായിരുന്നെന്ന് സിമി പറഞ്ഞു. അമ്മ സരോജിനിക്കും സഹോദരി സിനിമോള്ക്കുമൊപ്പമാണ് എത്തിയത്. സ്റ്റാഫ് റൂമില് പരീക്ഷയെഴുതാന് സാഹചര്യവുമൊരുക്കി. സാക്ഷരതാ മിഷന്റെ വൈക്കം സെന്ററിലാണ് പഠനം. 157 പേർ ഇവിടെനിന്നും പ്ലസ്ടു പരീക്ഷയെഴുതുന്നു. പരീക്ഷ 20ന് സമാപിക്കും. മകള് അമൃത മംഗളൂരുവില് ബിഡിഎസ് വിദ്യാർഥി.

ദേശാഭിമാനി 15 Aug 2022 2:31 am

സ്വാതന്ത്ര്യം 
അർഥപൂർണമാക്കാൻ

ഇന്ത്യൻ സ്വാതന്ത്ര്യത്തിന് ഇന്ന് 75 വയസ്സ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനു കീഴിൽ ഞെരിഞ്ഞമർന്ന ജനത ഉയിർത്തെഴുന്നേറ്റതിന്റെ ഓർമദിനം. ലോകം കണ്ട ഇതിഹാസ സമാനമായ കോളനിവിരുദ്ധ പോരാട്ടമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരം. നിരവധി ധീര ദേശാഭിമാനികളുടെ രക്തവും ജീവനും നൽകി നേടിയതാണ് സ്വാതന്ത്ര്യം. ഏകമാന പാതയിലൂടെയായിരുന്നില്ല ആ പോരാട്ടം മുന്നേറിയത്. വ്യത്യസ്ത ധാരകളിലൂടെ സഞ്ചരിച്ചാണ് നാം സ്വാതന്ത്ര്യത്തിലേക്ക് നടന്നുകയറിയത്. 75 വർഷം ഒരു ചെറിയ കാലയളവല്ല. സ്വാതന്ത്ര്യസമരസേനാനികൾ സ്വപ്നം കണ്ട ഇന്ത്യ യാഥാർഥ്യമായോ എന്ന വിലയിരുത്തലിന് ഉചിതമായ സമയം തന്നെയാണ് ഇത്. രാജ്യം എവിടെവരെയെത്തി, എങ്ങോട്ടാണ് നീങ്ങുന്നതെന്ന പരിശോധനയ്ക്കുള്ള സമയമാണ് ഇത്. ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ ദാരിദ്ര്യമില്ലാത്ത, നിരക്ഷരതയില്ലാത്ത, എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യസേവനവും ഉറപ്പുവരുത്തുന്ന പുരോഗമന ജനാധിപത്യ ഇന്ത്യയാണ് സ്വപ്നം കണ്ടിരുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ശരിയായി വിലയിരുത്തിയതുപോലെ ‘ജനങ്ങൾക്ക് എന്ത് നല്ല കാര്യങ്ങളാണ് ലഭിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലാണ് സ്വതന്ത്ര ഇന്ത്യയെ വിലയിരുത്തേണ്ടത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് എന്തു നേടാനായി. അവർ പുരോഗതി കൈവരിച്ചോ? ’എന്നീ ചോദ്യങ്ങളാണ് ഉയർത്തേണ്ടത്. 1950ൽ പുതിയ ഭരണഘടന അംഗീകരിച്ചുകൊണ്ട് രാജ്യം പാർലമെന്ററി ജനാധിപത്യത്തിലേക്ക് വളർന്നെങ്കിലും ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊണ്ട് സാമൂഹ്യ–-സാമ്പത്തിക നീതി ഉറപ്പാക്കാൻ കഴിഞ്ഞുവോ എന്ന ചോദ്യം ഇന്നും അവശേഷിക്കുകയാണ്. സ്വതന്ത്ര ഇന്ത്യ മുതലാളിത്ത വികസനപാത സ്വീകരിച്ചതുകൊണ്ടുതന്നെ കുത്തകകൾ തടിച്ചുകൊഴുക്കുകയും അസമത്വം കൊടികുത്തി വാഴുകയും ചെയ്തു. 1991ൽ നവ ഉദാരവൽക്കരണ നയംകൂടി സ്വീകരിക്കപ്പെട്ടതോടെ പണക്കാർ കൂടുതൽ പണക്കാരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്ന പ്രക്രിയക്ക് വേഗം വർധിച്ചു. അന്താരാഷ്ട്ര മൂലധനശക്തികൾക്കും വൻകിട ബൂർഷ്വാസിക്കുമാണ് കൂടുതൽ അഭിവൃദ്ധിയുണ്ടായത്. എട്ടു വർഷംമുമ്പ് മോദിസർക്കാർ അധികാരമേറിയതോടെ നവ ഉദാരവൽക്കരണ നയത്തിന് ആക്കംകൂടിയെന്ന് മാത്രമല്ല, ശതകോടീശ്വരന്മാരുടെ എണ്ണം (2011 ൽ) 55 ആയിരുന്നത് 140 ആയി (2021ൽ) വർധിക്കുകയും ചെയ്തു. ഇന്ത്യൻ ജിഡിപിയുടെ 19.6 ശതമാനവും ഇവർ വാരിക്കൂട്ടിയ സമ്പാദ്യമാണ്. എണ്ണമറ്റ സമരങ്ങളിലൂടെ, പാർലമെന്ററി ജനാധിപത്യത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് ജനങ്ങൾ നേടിയെടുത്ത പൊതുവിതരണ സമ്പ്രദായം ഉൾപ്പെടെയുള്ള ക്ഷേമാശ്വാസ നടപടികൾ പോലും ഒന്നൊന്നായി ഇല്ലാതാകുന്നതാണ് ഇപ്പോൾ ദൃശ്യമാകുന്നത്. ഇതിന്റെ ഫലമായി അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് 35.5 ശതമാനമെന്ന ഉയർന്ന നിരക്കിലാണുള്ളത്. ലോകത്ത് വിളർച്ച ബാധിച്ച സ്ത്രീകളും കുട്ടികളും ഏറെയുള്ള രാജ്യങ്ങളിലൊന്നും ഇന്ത്യയാണ്. പൊതുജനാരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലും രാജ്യം ഏറെ പിറകിലാണ്. സ്വാതന്ത്ര്യംനേടി മുക്കാൽ നൂറ്റാണ്ട് പൂർത്തിയാകുമ്പോഴും പൊതുജനാരോഗ്യത്തിന് നീക്കിവയ്ക്കുന്നത് ജിഡിപിയുടെ ഒരു ശതമാനം തുക മാത്രമാണ്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണെന്ന് അഭിമാനിക്കുമ്പോഴും മനുഷ്യവികസന സൂചികയിൽ 131 –-ാം (188 രാജ്യത്തിൽ) സ്ഥാനത്താണ് ഇന്ത്യ. തെരഞ്ഞെടുപ്പ് ജനാധിപത്യംപോലും മോദി ഭരണത്തിൽ അട്ടിമറിക്കപ്പെടുകയാണ്. ഹിന്ദുത്വ–-കോർപറേറ്റ് സഖ്യത്തിനു കീഴിൽ രാഷ്ട്രീയ സംവിധാനം അപ്പാടെ പണച്ചാക്കുകളാൽ നിയന്ത്രിക്കപ്പെടുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഇലക്ടറൽ ബോണ്ട് ഒരുദാഹരണം മാത്രം. പ്രതിപക്ഷമുക്ത ഭാരതം എന്നതായിരിക്കുന്നു ഹിന്ദുത്വ–-കോർപറേറ്റ് അജൻഡ. പ്രതിപക്ഷത്തെ അടിച്ചമർത്താൻ യുഎപിഎ, പിഎംഎൽഎ തുടങ്ങിയ കരിനിയമങ്ങളും ഇഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെയും ഉപയോഗിക്കുന്നു. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും വിനീതവിധേയരാക്കപ്പെട്ടിരിക്കുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രം രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രമായി അടിച്ചേൽപ്പിക്കപ്പെട്ടതോടെ സ്വാതന്ത്ര്യസമരകാലത്ത് രൂപപ്പെട്ട മതനിരപേക്ഷതയും ജനാധിപത്യവും ബഹുസ്വരതയും പിച്ചിച്ചീന്തപ്പെടുന്നു. ബ്രിട്ടീഷുകാർക്കെതിരെയുള്ള ഇന്ത്യൻ ജനങ്ങളുടെ യോജിച്ച സമരത്തെ തുരങ്കംവയ്ക്കാനുള്ള ഒരവസരവും പാഴാക്കാത്തവരാണ് ഇന്ന് രാജ്യഭരണം കൈയാളുന്ന ആർഎസ്എസ്–-ബിജെപി പ്രഭൃതികൾ. സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച എല്ലാ ആശയത്തെയും മൂല്യബോധത്തെയും തകർത്തെറിഞ്ഞുകൊണ്ടാണ് മോദി ഭരണം മുന്നേറുന്നത്. മോദിയുടെ പുതിയ ഇന്ത്യയിൽ ജനാധിപത്യം സ്വേച്ഛാധിപത്യമായും മതനിരപേക്ഷത ഭൂരിപക്ഷ മതവാദമായും രൂപാന്തരം സംഭവിച്ചിരിക്കുകയാണ്. ഒരു രാഷ്ട്രം ഒരു നേതാവ്, ഒരു ഭാഷ, ഒരു സംസ്കാരം എന്ന ഫാസിസ്റ്റ് മുദ്രാവാക്യം ഉയർത്തിയാണ് സ്വാതന്ത്ര്യാനന്തര സമൂഹത്തെ മോദി ഭരണം ബുൾഡോസ് ചെയ്യുന്നത്. അതിനാൽ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും വിശ്വാസമർപ്പിക്കുന്ന എല്ലാ സംഘടനയും വ്യക്തികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ ഹിന്ദുത്വ–-കോർപറേറ്റ് സഖ്യത്തിനെതിരെ അണിനിരക്കാൻ മുന്നോട്ടുവരണം. എങ്കിൽ മാത്രമേ സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച വിമോചന സ്വപ്നങ്ങൾ യാഥാർഥ്യമക്കാൻ കഴിയൂ.

ദേശാഭിമാനി 15 Aug 2022 1:00 am

ചരിത്രത്തിൽ 
പതിഞ്ഞ ജയം

ഗാന്ധിജി ആ വിജയത്തെ പ്രകീർത്തിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ ഉദ്ദീപിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഒരു ഫുട്ബോൾ വിജയത്തിന് സാധിച്ചു. യുവാക്കൾ വർധിതവീര്യത്തോടെ സമരത്തിൽ പങ്കാളികളാകാനും വഴിയൊരുക്കി. സംഭവം നടന്നത് 1911 ജൂലൈ 29ന് കൊൽക്കത്തയിലാണ്. പുരാതന ടൂർണമെന്റായ ഐഎഫ്എ ഷീൽഡ് ഫൈനൽ. ഏറ്റുമുട്ടുന്നത് ബ്രിട്ടീഷ് പട്ടാളക്കാരുടെ ടീമായ ഈസ്റ്റ് യോർക്ഷെയർ റെജിമെന്റും കൊൽക്കത്തയിലെ മോഹൻ ബഗാനും. കളി കാണാനെത്തിയത് 80,000 പേർ. ആദ്യ 15 മിനിറ്റിൽ ബഗാൻ ഒരു ഗോളിന് പിറകിലായി. എന്നാൽ, ഷിബ്ദാസ് ഭാദുരിയിലൂടെ സമനില പിടിച്ചു. കളിതീരാൻ രണ്ട് മിനിറ്റുള്ളപ്പോൾ അഭിലാഷ് ഘോഷിന്റെ വിജയ ഗോൾ. ഉശിരോടെ പൊരുതിയ മോഹൻ ബഗാന് ഐതിഹാസിക വിജയം. ഇന്ത്യയൊട്ടാകെ ആ ഫുട്ബോൾ വിജയത്തിന്റെ വാർത്തപരന്നു. മോഹൻ ബഗാൻ ഒരു ടീം മാത്രമായിരുന്നില്ലെന്ന് വിശേഷിപ്പിക്കപ്പെട്ടു. വഞ്ചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത ഒരു രാജ്യത്തെ ജനതയായിരുന്നു കളത്തിൽ. കൊടിയ അപമാനത്തിൽനിന്ന് തല ഉയർത്താൻ സാധിച്ച നിമിഷമെന്നാണ് വിജയം വാഴ്ത്തപ്പെട്ടത്. ബ്രിട്ടീഷുകാരെ തോൽപ്പിക്കാനാകുമെന്ന ചിന്തയ്ക്ക് ആ വിജയം വഴിമരുന്നിട്ടു. പന്തുകളിയിൽ ബ്രിട്ടീഷ് പട്ടാളക്കാരെ കീഴടക്കാമെങ്കിൽ എല്ലായിടത്തും അത് സാധ്യമാണെന്ന ആത്മവിശ്വാസം ഉണ്ടായി. ഇതേക്കുറിച്ച് ഗാന്ധിജിതന്നെ പല വേദികളിലും പറഞ്ഞു. കളിയിൽ നമുക്കിത് സാധ്യമെങ്കിൽ സ്വാതന്ത്ര്യസമരത്തിലും പറ്റാതിരിക്കുന്നതെങ്ങനെ. മോഹൻ ബഗാന്റെ വിജയം രാജ്യത്തെ യുവജനങ്ങളെ ഇളക്കിമറിച്ചു. അവർ രാജ്യമെമ്പാടും പന്തുകളിച്ച് തുടങ്ങി. ബംഗാളിൽ തുടങ്ങിയ ഫുട്ബോൾ വിപ്ലവം പഞ്ചാബിലും മഹാരാഷ്ട്രയിലും ഗോവയിലുമൊക്കെ പടർന്നു. കേരളത്തിലും അതിന്റെ അലയൊലി ഉണ്ടായി. പലയിടത്തും ക്ലബ്ബുകൾ രൂപീകരിച്ച് ചെറുപ്പക്കാർ കളി തുടങ്ങി. അവർക്ക് പട്ടാള ടീമുകളോടും വിദേശ ക്ലബ്ബുകളോടും ഏറ്റുമുട്ടാൻ ധൈര്യമായി. തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ചും മലബാറിൽ കോഴിക്കോട്ടെ മാനാഞ്ചിറ മൈതാനം കേന്ദ്രീകരിച്ചും കളികളുണ്ടായി. രാജ്യത്ത് ഫുട്ബോളിന്റെ വികാസത്തിന് മോഹൻ ബഗാന്റെ വിജയം വഴിത്തിരിവായി. കൊൽക്കത്തയിൽ മോഹൻ ബഗാനുപിന്നാലെ ഈസ്റ്റ് ബംഗാളും മുഹമ്മദൻസും ക്ലബ്ബുകളായി. ജനകീയകളി രാജ്യമാകെ വ്യാപിച്ചു. സ്വാതന്ത്ര്യത്തിനുശേഷം അത് ശക്തിപ്പെട്ടു. 1970കളുടെ അവസാനംവരെ അതിന്റെ അലയൊലി ഉണ്ടായി. 1960-–70 കാലത്ത് ഏറ്റവുംമികച്ച ടീമായി ഇന്ത്യ മാറി. ഇപ്പോഴത്തെ ഏഷ്യൻ ശക്തികളായ ദക്ഷിണകൊറിയയും ജപ്പാനും ചൈനയുമൊന്നും അന്ന് ചിത്രത്തിൽ ഇല്ലായിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ സുവർണകാലം. ചുനി ഗോസ്വാമി, ശൈലൻ മന്ന, സൈമൺ സുന്ദർരാജ്, അഹമ്മദ് ഖാൻ, പി കെ ബാനർജി, ഒളിമ്പ്യൻ റഹ്മാൻ, നെവിൽ ഡിസൂസ, ഒ ചന്ദ്രശേഖരൻ, തിരുവല്ല പാപ്പൻ.... ആ പട്ടിക നീണ്ടു. പിന്നീടുണ്ടായ തളർച്ചയിൽനിന്ന് കരകയറാൻ ഇപ്പോഴും സാധിച്ചിട്ടില്ല. മറ്റ് രാജ്യങ്ങൾ കയറിപ്പോയപ്പോൾ ഒപ്പം കുതിക്കാനായില്ല. അന്നത്തെ നിലവാരം തുടർന്നിരുന്നെങ്കിൽ ലോകകപ്പ് ഫുട്ബോളിൽ ഇന്ത്യ സ്ഥിരസാന്നിധ്യമായേനെ.

ദേശാഭിമാനി 15 Aug 2022 1:00 am

സമരധാര

യുദ്ധങ്ങളും അക്രമങ്ങളുമെല്ലാം ആത്യന്തികമായി പരാജയമാണെന്ന് തിരിച്ചറിഞ്ഞ 
മഹാനായ ഭരണാധികാരി ആയിരുന്നു അശോക ചക്രവർത്തി. എന്നേക്കും നിലനിൽക്കുന്ന ശോകത്തിൽനിന്ന് സമാധാനത്തിന്റെ സാമ്രാജ്യം കെട്ടിപ്പടുത്ത ആ രാജാവ് രൂപകൽപ്പന ചെയ്തതാണ് നമ്മുടെ അശോകചക്രവും കലിംഗയിൽ നിർമിച്ച അശോക സ്തംഭവും.ശാന്തഭാവവുമായി നിൽക്കുന്ന ആ സിംഹരൂപങ്ങളാണ് ഇന്ത്യയുടെ മുഖമുദ്ര. രാജ്യം വർഗീയ ശക്തികൾ കീഴടക്കാൻ ശ്രമിക്കുകയും ജനാധിപത്യം അട്ടിമറിക്കപ്പെടുകയും ചെയ്യുമ്പോൾ ആ സിംഹങ്ങളുടെ ശാന്തഭാവം മായുകയാണ് . ക്രൗര്യം അവയുടെ കണ്ണിൽ 
തിളങ്ങുന്നു. ഇതല്ല നമ്മുടെ ഇന്ത്യ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രക്ഷോഭം ഒരിക്കലും ഒറ്റയടിപ്പാതയായിരുന്നില്ല. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് മാത്രമായി നയിച്ച മുന്നേറ്റവും ആയിരുന്നില്ല, അത്. അഹിംസയുടെ കൊടിപ്പടം മാത്രമല്ല, ആ സമരഭൂമിയിൽ പാറിക്കളിച്ചത്. ആയുധമെടുത്ത് പോരാടി രക്തസാക്ഷിത്വം വഹിച്ച ധീരർകൂടി അണിനിരന്നതായിരുന്നു മഹാപ്രസ്ഥാനം. ഭിന്നധാരകളായെത്തി കരുത്തോടെ ഒഴുകിപ്പടർന്നാണ് ബ്രിട്ടീഷ് ഭരണത്തെ കടപുഴക്കിയത്. സായുധപോരാട്ടത്തിന്റെ ചരിത്രം ഈസ്റ്റ് ഇന്ത്യാ കമ്പനിക്കാലത്തോളം നീളും. 1855ൽ തുടങ്ങി ഒരുവർഷം നീണ്ടുനിന്ന സാന്താൾ കലാപംമുതൽ ആയുധമെടുത്തുള്ള സ്വാതന്ത്ര്യ പോരാട്ടം ചരിത്രത്തിൽ കാണാം. അമ്പുംവില്ലും വാളുമായി ബ്രിട്ടീഷ് തോക്കുകൾക്കെതിരെ അവിടെ യുദ്ധംചെയ്തു മരിച്ചത് 15,000ൽ ഏറെ ഗോത്രപോരാളികളാണ്. 1857ലെ ഒന്നാം സ്വാതന്ത്ര്യപ്രക്ഷോഭമാണ് കൂടുതൽ വ്യാപകമായി പടർന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തിലെ ഇന്ത്യക്കാരായ പടയാളികൾ നയിച്ച ആ കലാപം രക്തരൂഷിതമായിരുന്നു. പിന്നെയും ഒട്ടേറെ വിപ്ലവസമരധാരകൾ ആദ്യകാല സ്വാതന്ത്ര്യപോരാട്ടത്തിന്റെ തിളക്കംകൂട്ടി. പഞ്ചാബിലും വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലും ബംഗാളിലും വിദ്യാഭ്യാസം നേടിയ യുവാക്കൾ അണിനിരന്ന് വിപ്ലവപ്രസ്ഥാനങ്ങൾ രൂപപ്പെട്ടതോടെ ആ സായുധപോരാട്ടങ്ങൾക്ക് ആശയവ്യക്തതയും പ്രത്യയശാസ്ത്ര പിന്തുണയും തെളിഞ്ഞു. ഗദ്ദർ പാർടി, അനുശീലൻ സമിതി, ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി, പിന്നീട് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമിയെന്ന് പേരുമാറ്റിയ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ ആർമി തുടങ്ങിയ ഒട്ടേറെ സംഘടന ഈ ധാരയുടെ ഭാഗമായി. ഭഗത് സിങ്, സോഹൻ സിങ് ജോഷ്, ചന്ദ്രശേഖർ ആസാദ്, സൂര്യസെൻ .... പട്ടിക ഏറെയുണ്ട്. ആദ്യഘട്ടത്തിൽ വ്യക്തിഗത ഭീകരപ്രവർത്തനമെന്ന നില സ്വീകരിച്ച ഇവരിൽ പലരും പിന്നീട് അതുപേക്ഷിച്ചു. പിൽക്കാലത്ത് കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര–-വയലാർ, തെലങ്കാന, തേഭാഗ തുടങ്ങിയ പോരാട്ടങ്ങളും ആയുധമേന്തിയുള്ള സമരങ്ങൾ ആയിരുന്നു. സ്വാതന്ത്ര്യപ്പിറവിയുടെ ആവേശം 
ഏറ്റുവാങ്ങിയ ദേശാഭിമാനി വിലക്കുകൾ മറികടന്ന് ദേശാഭിമാനി 1947 ആഗസ്ത് 12ന് പുറത്തിറങ്ങിയത് പിറക്കാൻപോകുന്ന സ്വാതന്ത്ര്യദിനത്തിന്റെ ആവേശത്തുടിപ്പുമായി. തുടർന്ന് ആഗസ്ത് 17വരെ സ്വാതന്ത്ര്യത്തിന്റെ ആഘോഷവാർത്തകൾ പത്രത്താളുകളിൽ നിറഞ്ഞുനിന്നു. സ്വാതന്ത്ര്യദിനം കമ്യൂണിസ്റ്റുകാർ കരിദിനമായി ആചരിച്ചെന്നുള്ള കൊടുംനുണയുടെ അടിത്തറ ഇളക്കുന്നതാണ് ഈ ദിവസങ്ങളിലെ ദേശാഭിമാനി വാർത്തകൾ. ആഗസ്ത് 15 ന് ഒന്നാം പേജിൽ പ്രതിജ്ഞ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗം തുടങ്ങിയത് ഇങ്ങനെയാണ്: ‘വെറുക്കപ്പെട്ട യൂണിയൻ ജാക്ക് കൊടി മരങ്ങളിൽനിന്ന് കീഴോട്ട് വലിച്ചിറക്കി തൽസ്ഥാനത്ത് നമ്മുടെ ത്രിവർണ പതാക ഉയർത്തുമ്പോൾ വിങ്ങിപ്പൊട്ടുന്ന നമ്മുടെ ഹൃദയങ്ങൾ ഈ ദിനം കൈവരുത്തുന്നതിനുള്ള പ്രാഥമിക സംരംഭമായ സമരങ്ങളെ അനുസ്മരിക്കും...’’ 1946 ൽ ദിനപത്രം ആയപ്പോൾ മുതൽ പലവട്ടം സർക്കാരിന്റെ വിലക്കിനിരയായ പത്രം പിഴയെടക്കാൻ പണംകണ്ടെത്താനാകാതെ 1947 ജൂൺ 29 ന് പ്രസിദ്ധീകരണം നിർത്തിയിരുന്നു. പിന്നീട് തുടങ്ങിയത് ആഗസ്ത് 12 ന്. ദേശാഭിമാനി വീണ്ടും ഇതാ ജനമധ്യത്തിലേക്ക് എന്ന അറിയിപ്പുമായാണ് 12 ന്റെ പത്രം ഇറങ്ങിയത്. കോഴിക്കോട് കമ്യൂണിസ്റ്റ് പാർട്ടി നടത്താനിരിക്കുന്ന ആഘോഷപരിപാടികളുടെ വിശദാംശങ്ങൾ അന്ന് ഒന്നാംപേജിലുണ്ട്. ‘ആഗസ്ത് 15 കോഴിക്കോട്ടെ പരിപാടി’ എന്നാണ് തലക്കെട്ട്. ‘14ന് രാത്രി 12 മണിക്കുശേഷം കോഴിക്കോട് കമ്യൂണിസ്റ്റ്പാർടി ആഫീസിൽവെച്ച് രാഷ്ട്രപതാകാവന്ദനം നടത്തും. അതിനു കോഴിക്കോട്ടെ എല്ലാ പാർടിമെമ്പർമാരും അനുഭാവികളും എത്തിച്ചേരണം. ..... ആഗസ്ത് 15ന് കാലത്തു മുതൽ കോൺഗ്രസിന്റെ പൊതുപരിപാടിയനുസരിച്ചുള്ള എല്ലാ ആഘോഷങ്ങളിലും സജീവമായി പങ്കെടുക്കുന്നതായിരിക്കും. ’‐ഇതാണ് വാർത്ത. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ സ്വന്തം പരിപാടിയിൽ മാത്രമല്ല. കോൺഗ്രസിന്റെ ആഘോഷത്തിലും പങ്കെടുക്കണം എന്നായിരുന്നു അറിയിപ്പ്. 14 ന്റെ പത്രത്തിൽ സ്വാതന്ത്ര്യദിനാചരണം വിജയിപ്പിക്കാനുള്ള വിവിധ സംഘടനകളുടെ ആഹ്വാനവും പുന്നപ്രവയലാർ രക്തസാക്ഷികളെ അനുസ്മരിക്കുന്ന പി സി ജോഷിയുടെ ലേഖനവുമുണ്ട്. വെല്ലൂർ ജയിലിൽ കഴിയുന്ന കമ്യൂണിസ്റ്റ നേതാക്കൾ അന്ന് മോചിതരാകും എന്ന വാർത്തയും കാണാം. ആഗസ്ത് 15 ന്റെ ദേശാഭിമാനി പത്രം ഒന്നാം പേജിൽ ദേശീയപതാകയുടെ ചിത്രവും മുഖപ്രസംഗമായി സ്വാതന്ത്ര്യദിന പ്രതിജ്ഞയും ഉണ്ടായിരുന്നു. ഉൾപേജിൽ ആഗസ്ത് 15 എന്ന ടിവികെയുെടെ കവിതയും കാണാം. 16ന് പത്രം ഉണ്ടായിരുന്നില്ല.17 ന്റെ പത്രത്തിൽ ആഘോഷപരിപാടികളുടെ വിശദമായ വാർത്തകളുണ്ട്. കോഴിക്കോട്ട് കല്ലായി റോഡിലെ കമ്യുണിസ്റ്റ് പാർട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയെപ്പറ്റിയുള്ള റിപ്പോർട്ട് ഇങ്ങനെ: ‘14ന് അർധരാത്രി മുതൽ തന്നെ ആഘോഷം തുടങ്ങിക്കഴിഞ്ഞിരുന്നു. നൂറുകണക്കിന് നാട്ടുകാർ പാർടി ആഫീസിൽ രാത്രി 12 മണിക്കുശേഷം പതാക ഉയർത്തുന്ന കർമ്മത്തിൽ പങ്കെടുക്കാൻ ഉറക്കമിളച്ചു കാത്തിരുന്നു. കൃത്യസമയത്ത് സ. കെ എ കേരളീയൻ ‐പൊതുരക്ഷാനിയമത്തെ തോൽപ്പിച്ച് കഴിഞ്ഞ എട്ടുമാസക്കാലം മലബാറിലെ കൃഷിക്കാരെ ഒളിവിലിരുന്ന് നയിച്ചിരുന്ന കേരളത്തിലെ ആ കർഷകനേതാവ് – പാർടി ആഫീസിന്റെ മുന്നിൽ നാട്ടിയിരുന്ന വമ്പിച്ച കൊടിമരത്തിന്മേൽ ത്രിവർണ്ണ പതാക ഉയർത്തി.’’ ഇന്ത്യ സ്വതന്ത്രമായശേഷം പട്ടണത്തിൽ ആദ്യ പ്രകടനം കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലായിരുന്നു എന്ന വിവരവും വായിക്കാം. ആഗസ്ത് 14 നു മാത്രമാണ് ഇ എം എസ് അടക്കമുള്ള നേതാക്കൾ വെല്ലൂർ ജയിലിൽ നിന്ന് മോചിതരാകുന്നത്. ജനങ്ങൾ അവർക്ക് നൽകിയ ഗംഭീര വരവേൽപ്പ് പത്രത്തിലുണ്ട്. പി കൃഷ്ണപിള്ളയും കോഴിക്കോട്ടെ സ്വാതന്ത്ര്യ ദിന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അപ്പോഴും ജയിലിലായിരുന്ന എ കെ ജിയുടെ നേതൃത്വത്തിൽ പോരാളികൾ ജയിലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച വാർത്തയും ദേശാഭിമാനി പ്രസിദ്ധീകരിച്ചൂ. ഇ എം എസിനെ സ്വാധീനിച്ച തീവ്രവാദി ഇ എം എസ് തന്റെ ആത്മകഥയിൽ ഒരു വിപ്ലവകാരിയെ പരിചയപ്പെടുത്തുന്നുണ്ട് .1932ൽ നിയമലംഘന സമരത്തിൽ പങ്കെടുത്ത് കണ്ണൂർ ജയിലിൽ എത്തിയതായിരുന്നു ഇ എം എസ് അവിടെ പരിചയപ്പെട്ട ബിഹാറുകാരനായ കമൽനാഥ് തിവാരി എന്ന ഈ പോരാളിയെ ഇ എം എസ് വിവരിക്കുന്നത് ഇങ്ങനെ: സരസമായി സംസാരിക്കുന്ന അദ്ദേഹത്തിന്റെ സംഭാഷണവും രാഷ്ട്രീയ-, സാമ്പത്തിക പ്രസ്ഥാനങ്ങളുടെ താത്വികവശങ്ങളിൽ അദ്ദേഹത്തിനുള്ള അറിവും എല്ലാവരെയും ആകർഷിക്കും. ഞാൻ ഒരു വിദ്യാർഥിയായിരുന്നെന്നും വായനയിലും എഴുത്തിലും താൽപ്പര്യമുള്ളവനാണെന്നും മനസ്സിലാക്കിയ അദ്ദേഹം വിപ്ലവപ്രസ്ഥാനം സംബന്ധിച്ച എന്റെ വിജ്ഞാനം വിപുലപ്പെടുത്താൻ സഹായിക്കുന്ന പുസ്തകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി. അതനുസരിച്ച് പുസ്തകങ്ങൾ വരുത്തി വായിക്കാൻ എന്നെ ഉപദേശിച്ചു. ആ പട്ടികയിൽപ്പെട്ട പലതും പിന്നീട് വെല്ലൂർ ജയിലിൽ എത്തിയപ്പോൾ അവിടത്തെ സുഹൃത്തുക്കളുടെ കൈയിൽ കാണാനിടയായി. ചിലത് ഞാൻതന്നെ സ്വന്തമായി വരുത്തുകയും ചെയ്തു. അങ്ങനെ പരിചയസമ്പന്നനായ ഒരു വിപ്ലവകാരിയുടെ ഉപദേശ, നിർദേശങ്ങൾ അനുസരിച്ച് വിപ്ലവപ്രസ്ഥാനത്തിന് സഹായകമായ വിജ്ഞാനസമ്പാദനത്തിന്റെ പാതയിലേക്ക് ഞാൻ നീങ്ങാൻ തുടങ്ങി. (ആത്മകഥ, അധ്യായം 27). തിവാരിയെപ്പറ്റി ഇത്രയുംകൂടെ മറ്റൊരിടത്ത് ഇ എം എസ് പറയുന്നുണ്ട്. പിന്നീട് രൂപംകൊണ്ട കേരളത്തിലെ ഇടതുപക്ഷ കോൺഗ്രസിന്റെയും കോൺഗ്രസ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും ബീജാവാപം നടന്നത് കണ്ണൂർ ജയിലിൽ വച്ചാണെന്നും അത് നടത്തിയത് തിവാരി ആയിരുന്നുവെന്നും പറഞ്ഞാൽ അതിൽ വലിയ അതിശയോക്തി ഉണ്ടായിരിക്കുകയില്ല. മുമ്പുതന്നെ ഇടതുപക്ഷത്തേക്ക് ചായാൻ തുടങ്ങിയിരുന്ന കേരളത്തിലെ സത്യഗ്രഹ തടവുകാരിൽ അത് വളർത്തി, അതിന് സംഘടിതരൂപം നൽകാൻ സഹായിച്ചത് അദ്ദേഹമാണ് എന്നെങ്കിലും പറയാം’. കമൽനാഥ് തിവാരി കണ്ണൂർ ജയിലിലെത്തിയത് ലാഹോർ ഗൂഢാലോചനക്കേസിലെ പ്രതിയായാണ്. കേസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതികളിൽ ഒരാൾ. ബോംബുണ്ടാക്കാൻ രാസവസ്തുക്കൾ തേടി കൽക്കട്ടയിൽ എത്തിയ ഭഗത് സിങ്ങിനെ അവ കടയിൽനിന്ന് വാങ്ങാൻ സഹായിച്ച കുറ്റമായിരുന്നു. ആൻഡമാനിലെ കാലാപാനി ജയിലിലേക്ക് അയക്കുംമുമ്പാണ് ഏതാനുംവർഷം അദ്ദേഹത്തെ കണ്ണൂർ ജയിലിൽ പാർപ്പിച്ചത്. നിരോധനത്തിൽ തളരാത്ത അനുശീലൻ സമിതി അനുശീലൻ സമിതി ബംഗാളിലെ ആദ്യകാല വിപ്ലവസംഘടനകളിൽ പ്രധാനമായിരുന്നു. 1902ൽ സ്ഥാപിക്കപ്പെട്ടെങ്കിലും 1905ലെ സ്വദേശി പ്രസ്ഥാനത്തിനുശേഷമാണ് ശക്തമായത്. മർദകവീരൻമാരായ ഉദ്യോഗസ്ഥരെയും രാജ്യദ്രോഹികളെയും കൊല്ലുകയും വിപ്ലവ പ്രവർത്തനത്തിന് പണം കണ്ടെത്താൻ കൊള്ള നടത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾക്കാണ് ഊന്നൽനൽകിയത്.1909ൽ തന്നെ ബ്രിട്ടീഷുകാർ സംഘടനയെ നിരോധിച്ചു. സംഘടനയുടെ പ്രസിദ്ധീകരണമായിരുന്നു‘ജുഗാന്തർ’. അനുശീലനിൽ ഭിന്നത വന്നപ്പോൾ ഒരുവിഭാഗം ജുഗാന്തർ എന്ന പേരിൽ സജീവമായി. 1908ലെ ആലിപ്പൂർ ബോബുകേസാണ് അനുശീലൻ സമിതി അംഗങ്ങൾക്കെതിരെ ആദ്യം ചുമത്തപ്പെട്ടത്. പിൽക്കാലത്ത് ആത്മീയ ഗുരുവായ സ്വാമി അരവിന്ദ് ഘോഷ് അടക്കമുള്ള 38 പേർ പ്രതികളായിരുന്നു. ഒരു മജിസ്ട്രേട്ടിനു നേരെയുള്ള വധശ്രമമായിരുന്നു കേസ്. ലക്ഷ്യം തെറ്റി കൊല്ലപ്പെട്ടത് രണ്ട് സ്ത്രീകളായിരുന്നു.1912 ഡിസംബർ 23ന് വൈസ്രോയി ഹാർഡിങ് പ്രഭുവിനുനേരെ ഡൽഹിയിലുണ്ടായ ആക്രമണത്തിൽ അനുശീലൻ സമിതിയുടെ പങ്ക് പുറത്തുവന്നു. റാഷ്ബിഹാരി ബോസ് ആയിരുന്നു ബുദ്ധികേന്ദ്രം. വൈസ്രോയിക്കുനേരെ ബോംബെറിഞ്ഞു. അദ്ദേഹത്തിന് നേരിയ പരിക്കും പറ്റി. സഹായി കൊല്ലപ്പെട്ടു.അടിച്ചമർത്തൽ ശ്രമങ്ങൾ അതിജീവിച്ച് സംഘടനയിലെ അംഗങ്ങൾ വിപ്ലവപ്രവർത്തനം തുടർന്നു. 1923ലെ ആസാം റൈഫിൾ കൊള്ളയും 1930ലെ ചിറ്റഗോങ് ആയുധപ്പുര ആക്രമണവും സംഘടനയിലെ മുൻ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു. സൂര്യസെൻ സ്ഥാപിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമിയാണ് ആക്രമണം നയിച്ചത്. ചിറ്റഗോങ്ങിലെ ബ്രിട്ടീഷ് ആയുധപ്പുര ആക്രമിച്ചു കീഴടക്കിയ സൂര്യസെൻ അടക്കമുള്ള വിപ്ലവകാരികൾ അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. മൂന്നുവർഷത്തിനുശേഷം പിടികൂടിയ സൂര്യസെന്നിനെ ബ്രിട്ടീഷുകാർ 1934 ജനുവരി 12ന് തൂക്കിക്കൊന്നു. ബംഗാളിൽ പിന്നീട് കമ്യൂണിസ്റ്റ് പാർടി ശക്തമായപ്പോൾ അനുശീലനിൽനിന്ന് ഏറെപ്പേർ പാർടിയിലെത്തി.

ദേശാഭിമാനി 15 Aug 2022 1:00 am

ഇല്ലാതാക്കാനും തോൽപ്പിക്കാനുമാവില്ല; പ്രീജിത്ത് രാജ് എഴുതുന്നു

പ്രീജിത് രാജ് അർബ്ബുദ ബാധിതനായതിന്റെയും വലതുമുട്ടിലുള്ള ഇൻഫക്ഷനെ തുടർന്നുണ്ടായ കടുത്ത മുട്ടുവേദനയുടേയും അവശത കോടിയേരിക്കുണ്ട്. അത് മനുഷ്യത്വമുള്ള ആരിലും ആഹ്ലാദമുണർത്തുന്ന ഒരു കാര്യമല്ല. അതുകണ്ട് സംസ്കാരമുള്ള ഒരാൾക്കും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്താൻ സാധിക്കുകയുമില്ല. എന്നിട്ടും ആക്രമിക്കാൻ തുനിഞ്ഞിറങ്ങുന്നുണ്ടെങ്കിൽ അവർ അത്രമാത്രം കോടിയേരിയെന്ന പാർട്ടി സെക്രട്ടറിയെ ഭയപ്പെടുന്നുണ്ട്- കർഷക തൊഴിലാളി മാസിക എഡിറ്റർ പ്രീജിത് രാജ് എഴുതുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പാർട്ടിയുടെ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മറ്റി യോഗങ്ങൾ കഴിഞ്ഞ് മാധ്യമങ്ങളെ കാണുകയാണ്. സിപിഐ എം സംസ്ഥാന കമ്മറ്റിയുടേയും കോടിയേരിയുടേയും ഫെയ്സ്ബുക്ക് പേജുകളിലും വാർത്താ ചാനലുകളിലുമൊക്കെ ലൈവായി ആ പത്രസമ്മേളനം പ്രക്ഷേപണം ചെയ്യുന്നുണ്ട്. അപ്പോഴാണ് ഒരു കൂട്ടമാളുകൾ കോടിയേരിയെ കളിയാക്കിയും ആക്ഷേപിച്ചും നുണകൾ പറഞ്ഞും ആ സോഷ്യൽ മീഡിയാ ഫ്ളാറ്റ്ഫോമുകളിൽ കമന്റുകൾ ഇടുന്നത് ലോകമാകെ ശ്രദ്ധിച്ചത്. കോൺഗ്രസിന്റേയും ബി ജെ പിയുടേയും മുസ്ലീംലീഗിന്റേയുമൊക്കെ പ്രവർത്തകരും ആ പാർട്ടികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയാ വിഭാഗം കൈകാര്യം ചെയ്യുന്ന ഫെയ്ക്ക് അക്കൗണ്ടുകളുമാണ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കമന്റുകളുമായി അവിടെ നിറഞ്ഞാടിയത്. അർബ്ബുദ ബാധിതനായതിന്റെയും വലതുമുട്ടിലുള്ള ഇൻഫക്ഷനെ തുടർന്നുണ്ടായ കടുത്ത മുട്ടുവേദനയുടേയും അവശത കോടിയേരിക്കുണ്ട്. അത് മനുഷ്യത്വമുള്ള ആരിലും ആഹ്ലാദമുണർത്തുന്ന ഒരു കാര്യമല്ല. അതുകണ്ട് സംസ്കാരമുള്ള ഒരാൾക്കും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നടത്താൻ സാധിക്കുകയുമില്ല. എന്നിട്ടും ആക്രമിക്കാൻ തുനിഞ്ഞിറങ്ങുന്നുണ്ടെങ്കിൽ അവർ അത്രമാത്രം കോടിയേരിയെന്ന പാർട്ടി സെക്രട്ടറിയെ ഭയപ്പെടുന്നുണ്ട്. പണ്ട് എ കെ ജി രോഗശയ്യയിൽ കിടക്കുന്ന ആശുപത്രിക്ക് മുന്നിലൂടെ, കാലൻ വന്ന് വിളിച്ചിട്ടും പോകാത്തതെന്തേ ഗോപാലാ എന്ന് മുദ്രവാക്യം വിളിച്ച വലതുപക്ഷ ചേരിയുടെ മാനസികനില, കാലമിത്രകഴിഞ്ഞിട്ടും അൽപ്പം പോലും മെച്ചപ്പെട്ടിട്ടില്ല എന്ന് ഇതിലൂടെ മനസിലാക്കാനാവും. കഴിഞ്ഞ കുറെ കാലമായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും കോവിഡ് മഹാമാരിയിൽ നിന്നും രക്ഷപ്പെടാനുള്ള മുൻകരുതലുകൾ എടുക്കുകയാണ്. കോവിഡാനന്തര ലോകം അതുവരെ തുടർന്നുവന്ന ആരോഗ്യശീലങ്ങളിൽ നിന്നും രീതികളിൽ നിന്നും മാറി നടക്കാൻ മനുഷ്യരെയാകെ പഠിപ്പിച്ചിരിക്കുന്നു. കോവിഡിനും മരണത്തിനും കീഴടങ്ങുകയില്ലെന്നുറപ്പിച്ച്, ജീവൻ സംരക്ഷിക്കാനായി വീടുകൾക്കുള്ളിൽ അടച്ചിരുന്നവരും മാസ്കുകളുടെ സുരക്ഷ എടുത്തണിഞ്ഞവരും സാനിറ്റൈസറും മറ്റുമുപയോഗിച്ച് ശുചിത്വം ഉറപ്പാക്കുന്നവരുമാണ് ഒരു മനുഷ്യന്റെ രോഗാവസ്ഥയെ ഈ വിധത്തിൽ നോക്കി കാണുന്നത്. ഇവരൊക്കെ പരിഷ്കൃത മനുഷ്യർ തന്നെയാണോ? ഇവർ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയപാർട്ടികളിൽ നിന്നും ഏത് വിധത്തിലുള്ള പരിഗണനയും കരുതലും സ്നേഹവും സുരക്ഷിതത്വവുമാണ് മനുഷ്യരാശി പ്രതീക്ഷിക്കുക? അർബ്ബുദത്തിനുള്ള ചികിത്സയിൽ ഏർപ്പെടുമ്പോഴും വലതുകാലിലെ സഹിക്കാനാവാത്ത മുട്ടുവേദന കടിച്ചമർത്തുമ്പോഴും തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്ന നിലയിൽ ചിരിക്കാനും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനുമാണ് കോടിയേരി ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സിനെയും ഇച്ഛാശക്തിയേയും കീഴടക്കാൻ ഒരു രോഗത്തിനും സാധിക്കില്ല. കഴിക്കുന്ന ആഹാരത്തേക്കാൾ കൂടുതൽ മരുന്നുകൾ, പ്രമേഹത്തിന്റെ അളവ് അറിയാനും നിയന്ത്രിക്കാനുമായി ശരീരത്തിൽ ഘടിപ്പിച്ച ചെറുമോണിറ്ററുകൾ, കീമോ അടക്കമുള്ള ഇഞ്ചക്ഷനുകൾ, മുട്ടിന് തടവുന്ന മരുന്നുകളും കിഴികളും തുടങ്ങി പല വിധത്തിലുള്ള ചികിത്സാവിധികൾക്ക് വിധേയനാവുമ്പോഴും കോടിയേരി ചിന്തിക്കുന്നത് പാർട്ടിയെ കുറിച്ചാണ്. കമ്മറ്റിയിൽ സെക്രട്ടറിയെന്ന നിലയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിന്റെ ഉള്ളടക്കത്തേയും അതിന്റെ മൂർത്തതയേയും കുറിച്ചാണ്. പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ കൂടുതൽ ജനകീയവും ജനപ്രിയവുമാക്കാനുള്ള ഇടപെടലുകളെ കുറിച്ചാണ്. വർഗബഹുജന സംഘടനകളുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനെ കുറിച്ചാണ്. ശാരീരിക വേദനകളെയെല്ലാം മറന്ന് അദ്ദേഹം രോഗകിടക്കയിൽ നിന്നും എഴുനേൽക്കുന്നതും കമ്മറ്റികളിലേക്ക് പോകുന്നതും താൻ വിശ്വസിക്കുന്ന ആശയധാരയെ അത്രമേൽ ഉൾക്കൊള്ളുന്നതുകൊണ്ടും അവസാനം വരെ അത് പ്രകാശിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കുന്നതും കൊണ്ടാണ്. സമാനതകളില്ലാത്ത സംഘാടന വൈഭവമാണ് കോടിയേരിയുടെ മുതൽക്കൂട്ട്. ഏത് പ്രതിസന്ധിയേയും മറികടക്കാൻ കോടിയേരിയെന്ന പ്രായോഗികമതിയ്ക്ക് സാധിക്കും. പ്രായോഗിക രാഷ്ട്രീയം മാർക്സിയൻ ദർശനത്തിലൂന്നി നടപ്പിലാക്കുന്ന രീതി അദ്ദേഹത്തെ വ്യത്യസ്തനും ജനകീയനുമാക്കുന്നു. രാഷ്ട്രീയ എതിരാളികൾ പോലും കോടിയേരിയുടെ ജനപക്ഷ മുഖത്തെ അംഗീകരിക്കുവാൻ നിർബന്ധിതരാവുന്നു. ആർക്കും പ്രാപ്യനായ പാർട്ടി സെക്രട്ടറിയെന്നാണ് അവരുടെ വിലയിരുത്തൽ. അവകാശവാദങ്ങളൊന്നുമില്ലാതെ കളത്തിലേക്കിറങ്ങുന്ന കോടിയേരി, കപ്പുംകൊണ്ട് തിരികെ പോവുമ്പോൾ വലതുപക്ഷ ക്യാമ്പ് അന്തിച്ചിരിപ്പായിരിക്കും. 'അപകടകാരിയാണയാൾ...' എന്ന് കോടിയേരിയെ കോൺഗ്രസ് നേതൃത്വത്തിലുള്ളവർ അടയാളപ്പെടുത്തുന്നത് ചരിത്രത്തിലാദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഭരണ തുടർച്ച ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ്. ഇടതുപക്ഷ മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയെന്നുള്ള നിലയിൽ കോടിയേരി വഹിച്ച പങ്കിനെ രാഷ്ട്രീയ എതിരാളികൾ വലിയ ഗൗരവത്തിലാണ് ചർച്ച ചെയ്തിട്ടുള്ളത്. കേരള കോൺഗ്രസ് എം നേയും രാഷ്ട്രീയ ജനതാദളിനേയും ജനാധിപത്യ കേരള കോൺഗ്രസിനേയും കേരള കോൺഗ്രസ് ബിയേയും ഇടതുപാളയത്തിലേക്ക് കൊണ്ടുവരുന്നതിന് നിർണായക ചർച്ചകൾ നടത്തിയതും എതിർപ്പുകളെ ഇല്ലാതാക്കുന്നതിന് സ്വതസിദ്ധമായ ശൈലിയിൽ ഇടപെടലുകൾ നടത്തിയതും സിപിഐ എം സംസ്ഥാന സെക്രട്ടറിയായ കോടിയേരിയാണ്. ഐ എൻ എല്ലിനെ ത്രിശങ്കു അവസ്ഥയിൽ നിന്നും മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയതിലൂടെ തന്റെ രാഷ്ട്രീയ തന്ത്രജ്ഞത കോടിയേരി കൂടുതൽ ഉയരത്തിൽ ഉയർത്തിക്കെട്ടി. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താൻ ഈ കാലഘട്ടത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിന് സാധിച്ചു എന്നത് ചില്ലറ കാര്യമല്ലല്ലോ. നുണകളുടെ പേമാരി പെയ്തുതോരാത്ത ഭൂമികയിലൂടെ നടന്നാണ് കോടിയേരി മുന്നേറുന്നത്. വലതുപക്ഷ പാളയം കുത്തക മാധ്യമങ്ങളെ ഉപയോഗിച്ച് കോടിയേരിക്കെതിരെ നടത്തിയ വേട്ട സമാനതകളില്ലാത്തതാണ്. കോടിയേരി ബാലകൃഷ്ണനും ഭാര്യയും താമസിക്കുന്നത് എ കെ ജി ക്വാട്ടേഴ്സിലാണ്. മക്കളാവട്ടെ അവരവരുടെ കുടുംബവുമായി അവരുടെ വീടുകളിലാണ് താമസിക്കുന്നത്. മക്കളുടെ ദൈനംദിന ജീവിതത്തിൽ നിരന്തരം ഇടപെടുന്ന അച്ഛനല്ല കോടിയേരി. പക്ഷെ, മാധ്യമങ്ങൾ ഉണ്ടാക്കിയ ചിത്രം മറിച്ചാണ്. കോടിയേരിയുടെ ചിറകിനടിയിലാണ് എക്കാലത്തും മക്കളുണ്ടായിരുന്നത് എന്നാണ് അവർ വരച്ചുവെച്ചത്. കോടിയേരിയുടെ ഇളയ മകനെ ഇ ഡിയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വേട്ടയാടിപ്പോൾ മാധ്യമങ്ങളും വലതുപക്ഷവും അവർ ചമച്ച നുണക്കഥകൾക്ക് ചിറകുകൾ നൽകി. സത്യകഥകളായി അതൊക്കെ സമൂഹത്തിൽ അടിച്ചേൽപ്പിച്ചു. തെളിവുകളൊന്നുമില്ലാതെ ഏജൻസികൾ കോടതിയിൽ തലകുമ്പിട്ടത് രണ്ടുകോളം വാർത്തയിലും ഉച്ചനേരത്തെ വാർത്താവതരണങ്ങളിലും അവർ ഒതുക്കി. നിരപരാധിത്വം വെളിപ്പെടുത്തുന്ന വാർത്തകൾ മാധ്യമങ്ങൾ ഏറ്റെടുത്തുപോലുമില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കോടിയേരിയെന്ന പാർട്ടി സെക്രട്ടറിയുടെ മകനെ വേട്ടയാടുമ്പോൾ, അദ്ദേഹം കൂടുതൽ രോഗഗ്രസ്തനാവുമെന്നാണ് ബി ജെ പി നേതൃത്വം കണക്കുകൂട്ടിയത്. ഉമ്മൻചാണ്ടിയുടെ മകൾക്ക് മാധ്യമങ്ങൾ നൽകിയ കരുതലും പരിഗണനയും കോടിയേരിയുടെ മകന് നൽകേണ്ട കാര്യമില്ല. അദ്ദേഹം അതൊരിക്കലും ആവശ്യപ്പെട്ടിട്ടുമില്ല. എങ്കിലും മനുഷ്യത്വം കാണിക്കാമായിരുന്നു. കുത്തക മാധ്യമങ്ങളിൽ നിന്നും അത് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ. അപ്പോഴും കേരളത്തിലെ കുത്തക മാധ്യമങ്ങളുടെ താക്കോൽസ്ഥാനത്തിരിക്കുന്ന പ്രതാപികളായ മാധ്യമ പ്രവർത്തകരോട് ചോദിച്ചാൽ മാന്യനും പ്രാപ്യനും സൗമ്യനുമായ കോടിയേരിയെ കുറിച്ച് അവർ വാചാലരാവും. വളഞ്ഞിട്ടാക്രമിക്കുന്ന അവസരങ്ങളിൽ പോലും അവർക്ക് മുന്നിൽ ദയാവായ്പിനായി കോടിയേരി കൈനീട്ടിയിട്ടില്ലെന്ന പരമമായ സത്യവും തങ്ങളുടെ ആക്രമണങ്ങൾക്ക് നടുവിൽ നിൽക്കുമ്പോഴും കോടിയേരി സൗമ്യനും അക്ഷോഭ്യനുമായി തങ്ങളെ പരിഗണിച്ചിരുന്നുവെന്ന വസ്തുതയും അവർക്ക് മറച്ചുവെക്കാനാവില്ല. റോഡിലെ കുഴിയെ പരാമർശിച്ചുള്ള ഒരു സിനിമയുടെ പരസ്യത്തിനെതിരെ സോഷ്യൽമീഡിയയിൽ ഇടതുപക്ഷ അനുഭാവികൾ പ്രതിഷേധം രേഖപ്പെടുത്തിയത് സംബന്ധിച്ച് കോടിയേരിയുടെ പത്രസമ്മേളത്തിൽ മാധ്യമ പ്രവർത്തകർ ചോദ്യമുന്നയിച്ചിരുന്നു. കോടിയേരി ആ ചോദ്യത്തിനുള്ള മറുപടി പറയുന്ന ലൈവ് സംപ്രേക്ഷണത്തിന് താഴെ, കോടിയേരിക്കെതിരായ പരിഹാസങ്ങളും ശാപവചനങ്ങളും നിറയുന്നത് മാധ്യമ പ്രവർത്തകർ കാണുന്നുമുണ്ടായിരുന്നു. ഇന്നുവരെ ഒരു മാധ്യമ പ്രവർത്തകനും കെ പി സി സി പ്രസിഡന്റിനോടോ, ബി ജെ പി, മുസ്ലീംലീഗ് ഭാരവാഹികളോടോ ഈ മനുഷ്യത്വ ഹീനമായ നടപടിയെ സംബന്ധിച്ച് ഒരക്ഷരം ചോദിച്ചിട്ടില്ല. ആ കമന്റുകൾ കണ്ട് ഏതെങ്കിലും കമ്യൂണിസ്റ്റ് മനസ്സ് വേദനിക്കുന്നുണ്ടെങ്കിൽ അത് വളരെ നല്ല കാര്യമാണെന്ന് നിലപാടാവണം ഇക്കൂട്ടർക്കുമുള്ളത്. സിപിഐ എം സംസ്ഥാന സെക്രട്ടറി ഇത്തരത്തിലുള്ള പരിഹാസങ്ങൾക്കും ആക്ഷേപങ്ങൾക്കും ഇരയാവാനുള്ള വ്യക്തിയാണ് എന്ന രാഷ്ട്രീയ ബോധ്യമാണ് ഇവരെയും നയിക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ എന്ന കമ്യൂണിസ്റ്റിനെ, പാർട്ടി സെക്രട്ടറിയെ ഇത്തരം വേട്ടയാടലുകളിലൂടെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല.

ദേശാഭിമാനി 14 Aug 2022 3:15 pm

അവരെ ആശ്വസിപ്പിക്കണം: വിഷമിക്കാനൊന്നുമില്ലെന്ന് അവരോട് പറയണം

കയ്യൂരൊരു പുഴ ഉള്ളുകലങ്ങിയിട്ടുണ്ട് മാർച്ചിലെ തേജസ്വിനിപ്പുഴയ്ക്ക്. അന്നതിന്റെ പേര് കാര്യങ്കോട് പുഴ. തോണിയിൽ കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി പി സി ജോഷി, പി കൃഷ്ണപിള്ള, പി സുന്ദരയ്യ, പി സി കാർത്യായനിക്കുട്ടിയമ്മ, കാര്യങ്കോടിന് തേജസ്വിനിയെന്ന് പേരിട്ട കന്നഡ നോവലിസ്റ്റ് നിരഞ്ജന തുടങ്ങിയവർ. കയ്യൂർ കേസിലെ പ്രതികൂടിയായ കുതിരുമ്മൽ അയമ്മദാണ് തോണി തുഴയുന്നത്. സ്ഥലം: കയ്യൂരിലെ താങ്കൈക്കടവ് കാലം: 1943 മാർച്ച് 29ന്റെ തലേന്നാൾ വൈകിട്ട്. ചെറുവത്തൂരിൽനിന്ന് തോണിയിൽ കയറിയതുമുതൽ കൃഷ്ണപിള്ള മൗനിയാണ്. ‘‘അവരെ ആശ്വസിപ്പിക്കണം; വിഷമിക്കാനൊന്നുമില്ലെന്ന് അവരോട് പറയണം’’, അന്നുരാവിലെ കണ്ണൂർ ജയിലിൽ മഠത്തിൽ അപ്പുവും ചിരുകണ്ടനും പൊടോര കുഞ്ഞമ്പുനായരും പള്ളിക്കാൽ അബൂബക്കറും നേതാക്കളോട് പറഞ്ഞയച്ച സന്ദേശമിതാണ്. ആ സന്ദേശം വീടിനോടും നാടിനോടും പകരാൻ ത്രാണിയില്ലാതെയാണ് കൃഷ്ണപിള്ള അന്ന് ഉച്ചയ്ക്കുശേഷം താങ്കൈക്കടവിറങ്ങുന്നത്. നേതാക്കളെ മുദ്രാവാക്യം വിളികൾ അനുധാവനം ചെയ്തു. ‘‘... നമ്മൂടെ പ്രാചീനനായ ഭൂമിയെ ഇന്നത്തെ കുഴപ്പത്തിൽനിന്ന് രക്ഷിച്ച് ജനകീയ നിവാരണമുണ്ടാക്കുകയാണല്ലോ നമ്മുടെ ലക്ഷ്യം. അതിനുവേണ്ടി ഇന്നുമാത്രമല്ല, നമ്മുടെ കൊടിക്ക് താഴെ അണിനിരന്നതുമുതൽ ഞങ്ങൾ തയ്യാറായിരുന്നു. ഞങ്ങളുടെ ജീവൻ നാടിന് ഉഴിഞ്ഞുവച്ചതാണ്. അവർക്കായി മരിക്കുന്നതിൽ ഞങ്ങൾക്ക് വിഷമമില്ല. സ്വാതന്ത്ര്യം നേടിയെടുക്കാൻ, ഞങ്ങളുടെ സ്ഥാനത്ത് പുതിയ യുവാക്കൾ കടന്നുവരുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്...’’ ജയിലിൽനിന്ന് ആ ധീരർ എഴുതിയ കത്ത് കൃഷ്ണപിള്ളയുടെ മനസ്സിൽ കിടന്ന് പൊള്ളി. കയ്യൂരൊരു ജയിൽ ഇരുളിന്റെ വ്യാളിമുഖംപോലെ തോന്നിച്ചു, ആ നീണ്ട കല്ലിടനാഴി. കനത്ത ഇരുമ്പുഗേറ്റിലെ കിളിവാതിൽ കരഞ്ഞുതുറന്നു. പി സി ജോഷിയും കൃഷ്ണപിള്ളയും സുന്ദരയ്യയും ജയിലറുടെ സന്ദർശക പുസ്തകത്തിൽ ഒപ്പിട്ടു. തുരങ്കങ്ങളും ഊടുവഴികളും ചത്തുകിടന്ന പെരുമ്പാമ്പിനെപ്പോലെ മുന്നിൽ വളഞ്ഞുകിടന്നു. മുന്നിൽ കണ്ടംഡ് സെല്ലിന്റെ അഴികൾ. ആദ്യ നാലു സെല്ലുകളിൽ അവർ ഉണ്ടായിരുന്നു. സ്ഥലം: കണ്ണൂർ സെൻട്രൽ ജയിൽ കാലം: 1943 മാർച്ച് 29ന്റെ തലേന്നാൾ രാവിലെ | നാലുപേരെയും നേതാക്കൾ അഭിവാദ്യംചെയ്ത് നടുഭാഗത്തായി നിന്നു. ഒരുവർഷത്തെ ജയിൽ ജീവിതം അവരെ തെല്ല് ചടപ്പിച്ചിരുന്നു. 20 മുതൽ 32 വരെമാത്രം പ്രായമുള്ളവർ. വിവിധ ദേശക്കാരായ കർഷകരും വിദ്യാർഥികളും പോരാളികളും കയ്യൂർ സഖാക്കൾക്ക് എഴുതിയ കത്തിന്റെ കെട്ട് ജോഷി കൈയിലെടുത്തു. ജയിലർ കണ്ണാൽ തടഞ്ഞ്, ഇംഗ്ലീഷ് കത്തുകൾ, ഓടിച്ചുനോക്കി വായിക്കാൻ അനുവാദം നൽകി. ഹിന്ദിയിലും ഇംഗ്ലീഷിലും എഴുതിയ കത്ത് ജോഷി വായിച്ചു. ആ ചെറുപ്പക്കാർക്കായി കൃഷ്ണപിള്ള അത് മൊഴിമാറ്റി. പിന്നീട് ഈ രംഗത്തെപ്പറ്റി പി സി ജോഷി എഴുതി: ‘‘എന്റെ കവിളിൽ കണ്ണീർ തിടംവച്ചു. ഞാൻ ബലഹീനനാകുന്നതുപോലെ. കരയാൻ പറ്റിയില്ലായിരുന്നെങ്കിൽ ഞാൻ തളർന്നുവീഴുമായിരുന്നു. നിങ്ങൾ മരിക്കുകയാണോ, അതോ നിങ്ങളുടെ കിനാവുകൾ നേരെയാവുകയാണോ? ഇതിനുശേഷം ഞങ്ങൾ കയ്യൂരിലേക്ക് പോകുകയാണ്. ധീരരേ; എന്ത് സന്ദേശമാണ് നിങ്ങളുടെ ജനത്തിനായി ഞങ്ങൾ കൊണ്ടുപോകേണ്ടത്?’’ മഠത്തിൽ അപ്പു: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടി മരിക്കാനുറച്ചാണ് ഞങ്ങൾ പാർടിക്കാരായത്. ഞങ്ങളേ മടങ്ങുന്നുള്ളൂ; ഞങ്ങളുടെ സമരവും പാർടിയും പുറത്ത് കൂടുതൽ ശക്തിപ്പെടുന്നത് ഞങ്ങളറിയുന്നു ചിരുകണ്ടൻ: ഞങ്ങൾ വെറും കർഷക പുത്രന്മാർ മാത്രമല്ലേ? പുറത്ത് പരശ്ശതം കാത്തിരിക്കുന്നു. ഞങ്ങളെ തൂക്കിലേറ്റാം. പക്ഷേ, പുറത്തുള്ള അവരെ നശിപ്പിക്കാനാകില്ലല്ലോ! ഈ ചിന്തയാണ് ഞങ്ങളെ നിലനിർത്തുന്നത്. പൊടോര കുഞ്ഞമ്പുനായർ: സ്വാതന്ത്ര്യത്തിനായി പോരാടാൻ എന്നെ പഠിപ്പിച്ചത് എന്റെ പ്രസ്ഥാനമാണ്. ഞങ്ങൾ ശരിയെന്ന് ഈ കാലവും പ്രസ്ഥാനവും പറയുന്നുവെങ്കിൽ ഞങ്ങൾ സന്തോഷമുള്ളവരായി. പള്ളിക്കാൽ അബൂബക്കർ: എന്റെ ഉമ്മയ്ക്ക് പ്രായമായി. നാട്ടിൽ പോയി അവരെ സമാധാനിപ്പിക്കുക. ഞാൻ കുടുംബത്തിൽ മൂത്തവനാണ്. ഇളമുറക്കാർക്കായി എന്തെങ്കിലും സഹായം ചെയ്യാൻ എന്റെ പാർടിയോട് പറയുക. വാക്കുകൾ പരസ്പരം മൊഴിമാറ്റി തീരുമ്പോഴേക്കും കാവൽക്കാരൻ വന്ന് മുട്ടി. സമയമായി മടങ്ങിക്കൊള്ളുക! നേതാക്കൾക്കൊപ്പം വന്ന നൂറുകണക്കിനുപേർ വിശേഷമറിയാൻ ജയിൽ വളപ്പിന് പുറത്തുണ്ട്. അവർ കാണാതിരിക്കാൻ കണ്ണീർ അമർത്തിത്തുടച്ച് ജോഷിയും സുന്ദരയ്യയും കൃഷ്ണപിള്ളയും മുന്നോട്ടുനടന്നു. എന്നാലും നനഞ്ഞ ഖദർ വസ്ത്രം നേതാക്കളെ ഒറ്റുകൊടുക്കുകതന്നെ ചെയ്തു. പിന്നിൽ ഇടിമുഴക്കംപോലെ മുദ്രാവാക്യങ്ങൾ; മുന്നിലും! മടങ്ങുമ്പോൾ സുന്ദരയ്യ ജോഷിയുടെ ചെവിയിൽ മന്ത്രിച്ചു ‘‘നിങ്ങൾ അവരെ സാന്ത്വനിപ്പിക്കാനാണ് പോയത്. ഉണ്ടായത് പക്ഷേ, മറിച്ചാണെന്ന് മാത്രം!’’ ‘‘അവർ നമ്മുടെ രക്തസാക്ഷികളാണ്. ആരുടെയും സാന്ത്വനം ആവശ്യമില്ലാത്തവർ! അവർ ഏകനാക്കിയ സഖാവാണ് ഞാൻ. എനിക്ക് സാന്ത്വനം വേണം. അവരതു തന്നു’’–- ജോഷി മറുപടി നൽകി. കയ്യൂരൊരു സങ്കടം അബൂബക്കറിന്റെ ഉമ്മയൊഴികെ നാട്ടുകാരെല്ലാവരും നേതാക്കളെ സ്വീകരിക്കാൻ ആ വൈകിട്ട് താങ്കൈക്കടവിലെത്തി. വധശിക്ഷ ഒഴിവാക്കാൻ ബ്രിട്ടീഷ് പാർലമെന്റിലെ ലിബറൽ അംഗങ്ങൾ സമ്മർദം ചെലുത്തുന്നതായി പി സി ജോഷി പറഞ്ഞു. സങ്കടത്താൽ മൊഴിമാറ്റാൻ പറ്റാതെ കൃഷ്ണപിള്ള അശക്തനായി. അപ്പീൽ പ്രിവ്യൂ കൗൺസിലിന്റെ വിചാരണയ്ക്ക് എത്തിയതും ഇതിനായി ഡി എൻ പ്രിറ്റ് എന്ന അഭിഭാഷകനെ നിയോഗിച്ചതും സഹായിക്കാൻ വി കെ കൃഷ്ണമേനോനുള്ളതും ജോഷി വിവരിച്ചു. സംസാരത്തിനിടെ വിങ്ങിയ ജോഷി അഞ്ച് മിനിറ്റ് പറഞ്ഞുനിർത്തി. കൃഷ്ണപിള്ളയും അന്ന് സംസാരിച്ചില്ല. ഇരമ്പുന്ന മൗനത്തിന്റെ സായാഹ്നമായിരുന്നു അത്. കുടുംബങ്ങൾക്ക് നൽകാൻ സ്വരൂപിച്ച തുക വിറയ്ക്കുന്ന കൈകളാൽ കൃഷ്ണപിള്ള കൈമാറി. വീരസന്താനങ്ങളെ പെറ്റ അമ്മമാരെ കണ്ടും ഓർത്തും നേതാക്കൾ വല്ലാതെ വിങ്ങിപ്പോയി. ചടങ്ങിന് എത്താത്ത അബൂബക്കറിന്റെ ഉമ്മയെ പാലായിയിലെ വീട്ടിലെത്തി കണ്ട് നേതാക്കൾ ആശ്വസിപ്പിച്ചു. കഴുമരം വിളിപ്പൂ ദൂരെ ‘‘1943 മാർച്ച് 29ന് ഞങ്ങളുടെ മലബാർ പര്യടനം പൂർത്തിയാക്കി കോഴിക്കോട്ടെത്തി. അവിടെ പാർടിയുടെ മദ്രാസ് സെക്രട്ടറി മോഹന്റെ ടെലഗ്രാം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. പൊള്ളിയടർന്ന വാക്കുകൾ ഞങ്ങളെ തുറിച്ചുനോക്കി, ‘വിച്ചാൾ ഇതിൽ ഇടപെടാൻ വിസമ്മതിച്ചു. കൊലമരമേറ്റൽ വൈകില്ല’ എന്നായിരുന്നു സന്ദേശം. ഞാനീ കുറിപ്പെഴുതിക്കൊണ്ടിരിക്കെ മലബാറിൽനിന്ന് കാണാൻ എത്തിയവർ പറഞ്ഞു. കയ്യൂർ സഖാക്കളെ മാർച്ച് 29ന് പുലർച്ചെ തൂക്കിലേറ്റി. തൂക്കിലേറ്റുന്ന കാര്യം അവരോട് തലേന്ന് രാത്രിതന്നെ പറഞ്ഞിരുന്നുവത്രെ! ദേശഭക്തിഗാനങ്ങൾ ചൊല്ലിയും ഇൻക്വിലാബ് വിളിച്ചും അവർ പുലർച്ചെവരെ സെല്ലിൽ കഴിഞ്ഞു. ജയിലിൽ അന്നാരും ഉറങ്ങിയില്ല. പുലർച്ചെ മൂവായിരത്തോളംപേർ ജയിൽ ഗേറ്റിനുമുന്നിൽ തടിച്ചുകൂടി. കയ്യൂർ ഓമനകളുടെ മൃതദേഹം അവർക്ക് വേണമായിരുന്നു. പക്ഷേ, അധികാരികൾ അതിനോട് മുഖംതിരിച്ചു. അവരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു’’–- പി സി ജോഷി എഴുതി. കഴുമരത്തിലെ ആ ധീരർ കല്ലിടനാഴി വഴിയാകും പുറത്തേക്ക് പതിച്ചിരിക്കുക. അനാഥമായി വെള്ളപുതച്ച ആ നാലുപേർ. ജയിൽ വളപ്പിനകത്ത് എവിടെയോ അധികാരികൾ അവരെ സംസ്കരിച്ചു. പുറത്തതാ മുദ്രാവാക്യം മുഴങ്ങുന്നു, 79 വർഷത്തിനിപ്പുറവും മുഴങ്ങുന്നു.

ദേശാഭിമാനി 14 Aug 2022 4:07 am

പ്രത്യാശ ജാഗ്രത

ദേബിപ്രസാദ് റോയ് ചൗധരിയുടെ ശിൽപ്പമാണ് ഈ ചിത്രത്തിനുള്ള പ്രചോദനം. പുറത്തുള്ള മഴവിൽ നിറം വിവിധ ധാരകളെ പ്രതിനിധാനം ചെയ്യുന്നു. അകത്തെ ചുവപ്പ് വിപ്ലവത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നു. മഞ്ഞ സൂചിപ്പിക്കുന്നത് പുതിയ ദിനത്തെയാണ്, പുതിയ ആകാശത്തെയാണ്. ബോസ് കൃഷ്ണമാചാരി ആധുനിക ഇന്ത്യൻ ചിത്രകലയിലെ പ്രമുഖൻ. എറണാകുളം ജില്ലയിലെ അങ്കമാലി സ്വദേശി. മുംബൈയിൽ താമസം. പ്രദർശനങ്ങളുടെയും പ്രോജക്ടുകളുടെയും ക്യൂറേറ്റർ. കൊച്ചി ബിനാലെ ട്രസ്റ്റ് പ്രസിഡന്റാണ് നമ്മുടെ സ്വാതന്ത്ര്യത്തിന് 75 വയസ്സ്. ഒരു രാത്രികൊണ്ട് ഉദിച്ചുയർന്ന പുലരിയുടെ പേരല്ല സ്വാതന്ത്ര്യം. വൈദേശികാധിപത്യത്തിനും ഭരണകൂട അടിച്ചമർത്തലുകൾക്കുമെതിരെ ഒരു ജനത നട്ടെല്ല് നിവർത്തിനിന്ന് പോരടിച്ചു നേടിയ യാഥാർഥ്യമാണത്. വൈവിധ്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ജീവൻ. ഭരണഘടനയാണതിന്റെ ബലം. പക്ഷേ, ആശങ്കകൾ ഒഴിയുന്നില്ല. ഭക്ഷണം, വസ്ത്രം, എന്തിന് ചരിത്രം പോലും വക്രീകരിക്കപ്പെടുന്ന കാലമാണിത്. പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്ന കാലത്ത് സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമായി നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്. സ്വാതന്ത്ര്യവും അവകാശങ്ങളും കവർന്നെടുക്കുന്നവർക്കെതിരായ സമരങ്ങൾ മൂവർണക്കൊടിക്ക് കീഴെ ശക്തിപ്പെടണം. ചരിത്രം സമരങ്ങളുടെ തുടർച്ചയാണ്. സമരം ചരിത്രത്തിന്റെ തുടക്കവും. നമ്മുടെ ഓരോ ആഘോഷവും രാജ്യത്തിനുവേണ്ടിയാകണം. അതിനായി ദേശസ്നേഹത്തിന്റെ പതാക നമുക്ക് കൂടുതൽ ഉയരത്തിൽ ഉയർത്താം. കൂടുതൽ കരുത്തോടെ നമുക്ക് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിൽ ചിറകുവിരിക്കാം

ദേശാഭിമാനി 14 Aug 2022 1:00 am

മതനിരപേക്ഷ റിപ്പബ്ലിക്കിനായി

സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികം, ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരിൽ മോദി സർക്കാർ വിപുലമായി ആഘോഷിക്കുകയാണ്. രാജ്യത്തെ എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വലിയ പ്രചാരണവും നടത്തുന്നു. ഇതിനായി ഖാദി, കോട്ടൺ, സിൽക്ക് തുടങ്ങിയ പ്രകൃതിദത്ത തുണിത്തരങ്ങൾക്കൊപ്പം പതാകനിർമാണത്തിന് പോളിസ്റ്റർകൂടി ഉൾപ്പെടുത്തി 2021 ഡിസംബറിൽ ഇന്ത്യയുടെ പതാക നിയമാവലി ഭേദഗതി ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പോളിസ്റ്റർ ഉൽപ്പാദകൻ ആരാണെന്ന് എല്ലാവർക്കും അറിയാം. തെരഞ്ഞെടുക്കപ്പെട്ട ചങ്ങാതിമാർക്ക് ഇതിലൂടെ മെഗാ ലാഭത്തിനുള്ള അവസരം ഒരുക്കി. അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയാകുന്നതുവരെ ആർഎസ്എസും ബിജെപിയും ദേശീയപതാക ഉയർത്തിയിട്ടില്ല. അവരുടെ വിശ്വസ്തത കാവി പതാകയ്ക്കൊപ്പമാണ്. ആർഎസ്എസ് ഒരിക്കലും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നില്ല. ഹിന്ദുത്വ ചരിത്രകാരന്മാർപോലും രേഖപ്പെടുത്തിയതും ബ്രിട്ടീഷ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചതുമായ വസ്തുതയാണിത്. കമ്യൂണിസ്റ്റുകാരുടെ മഹത്തായ പങ്ക് സിപിഐ എമ്മിന്റെ സ്ഥാപക പൊളിറ്റ് ബ്യൂറോ അംഗങ്ങളായ ഒമ്പത് പേരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായി ദീർഘകാലം ജയിലിൽ കഴിഞ്ഞവരാണ്. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ (കാലാപാനി) കൊത്തിവച്ച പേരുകളിൽ ഭൂരിഭാഗവും വിപ്ലവ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്. എ കെ ജി 1947 ആഗസ്ത് 15-ന് കണ്ണൂർ ജയിലിൽ തടവിലായിരുന്നു. ഹോഷിയാർപുർ കലക്ടറേറ്റിൽ യൂണിയൻ ജാക്ക് വലിച്ചെറിഞ്ഞ് ത്രിവർണപതാക ഉയർത്തിയപ്പോൾ 16 വയസ്സുള്ള ഹർകിഷൻ സിങ് സുർജിത്തിനെ 1932ൽ അറസ്റ്റ് ചെയ്തു. 1920-ൽ കമ്യൂണിസ്റ്റ് പാർടി രൂപീകൃതമായതുമുതൽ ദേശീയ പ്രസ്ഥാനത്തിന്റെ അജൻഡയെ സ്വാധീനിക്കാൻ തുടങ്ങി. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ 1921-ലെ അഹമ്മദാബാദ് സമ്മേളനത്തിൽ, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിക്കുവേണ്ടി മൗലാന ഹസ്രത്ത് മൊഹാനിയും സ്വാമി കുമാരാനന്ദയും പൂർണസ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തെ ഗാന്ധിജി അംഗീകരിച്ചില്ല. 1922ലെ ഗയ എഐസിസിയിൽ, ദേശീയപ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളുടെ ചാർട്ടർ കമ്യൂണിസ്റ്റ് പാർടി പ്രചരിപ്പിച്ചു. പൂർണസ്വരാജ് ആഹ്വാനം 1929ൽ മാത്രമാണ് കോൺഗ്രസ് അംഗീകരിച്ചത്. സ്വാതന്ത്ര്യസമരത്തിന്റെ അജൻഡയെ സ്വാധീനിക്കുന്നതിൽ കമ്യൂണിസ്റ്റുകാർ വലിയ സംഭാവനകൾ നൽകി. വിവിധ മതസ്ഥരായ ജനതയെ, എല്ലാത്തിനുമുപരിയായി സാമ്പത്തികവും സാമൂഹ്യവുമായ നീതിക്കുവേണ്ടി എല്ലാ ഇന്ത്യക്കാരെയും ഉൾക്കൊള്ളുന്ന പാതയിലേക്ക് ആകർഷിക്കുന്നതിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് വിലപ്പെട്ടതാണ്. 1940-കളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂപ്രശ്നത്തെക്കുറിച്ച് പാർടി നടത്തിയ സമരങ്ങൾ -ഏറെ പ്രധാനപ്പെട്ടതാണ്. കേരളത്തിലെ പുന്നപ്ര–-വയലാർ, ബംഗാളിലെ തെഭാഗ പ്രസ്ഥാനം, അസമിലെ സുർമ താഴ്വര സമരം, മഹാരാഷ്ട്രയിലെ വർളി പ്രക്ഷോഭം, തെലങ്കാനയിലെ സായുധപോരാട്ടം തുടങ്ങിയവ ഇതിൽപ്പെടും. കമ്യൂണിസ്റ്റുകാർ ഭാഷാ വൈവിധ്യത്തിനുവേണ്ടി പോരാടുകയും വിവിധ ഭാഷാ ദേശീയതകളെ സ്വാതന്ത്ര്യസമരവുമായി സംയോജിപ്പിക്കുകയും ചെയ്തു. ഇത് സംസ്ഥാനങ്ങളുടെ ഭാഷാപരമായ പുനഃസംഘടനയിലേക്ക് നയിച്ചു. സ്വാതന്ത്ര്യസമരകാലത്ത് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളിൽ സമാധാനവും സൗഹാർദവും ഉയർത്തിപ്പിടിക്കാൻ കമ്യൂണിസ്റ്റുകാരുടെ മതനിരപേക്ഷതയോടുള്ള അചഞ്ചലമായ പ്രതിബദ്ധത വലിയ പങ്കുവഹിച്ചു. ആർഎസ്എസിനെയും ബിജെപിയെയും സംബന്ധിച്ചിടത്തോളം, സ്വാതന്ത്ര്യസമര ചരിത്രത്തെ തിരുത്തിയെഴുതി അതിലേക്ക് സ്വയം തള്ളിക്കയറുകയാണ്. ഹിന്ദുത്വ, ആർഎസ്എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളായി ചിത്രീകരിച്ച് സർക്കാരിന്റെ നേതൃത്വത്തിൽ വി ഡി സവർക്കർക്ക് പ്രാധാന്യം കൊടുത്ത് പ്രചാരണം നടത്തുന്നു. 1923-ൽ ഹിന്ദുത്വ എന്ന പദം സൃഷ്ടിച്ചത് സവർക്കറാണ്. ഹിന്ദുമതത്തിന്റെ ആചാരവുമായി ഒരു ബന്ധവുമില്ലാത്ത രാഷ്ട്രീയ പദ്ധതിയായി അതിനെ നിർവചിച്ചു. ഗാന്ധിവധത്തിന്റെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരനെന്ന നിലയിൽ സവർക്കർ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രത്യേക മുസ്ലിം രാഷ്ട്രത്തിനായുള്ള പോരാട്ടത്തിന് മുഹമ്മദ് അലി ജിന്ന നേതൃത്വം നൽകുന്നതിന് രണ്ട് വർഷംമുമ്പുതന്നെ ദ്വിരാഷ്ട്ര സിദ്ധാന്തം ആദ്യമായി മുന്നോട്ട് വച്ചത് സവർക്കറായിരുന്നു. ആൻഡമാനിലെ സെല്ലുലാർ ജയിലിൽ അന്തേവാസിയായിരുന്ന സവർക്കർ, തന്നെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷുകാർക്ക് ദയാഹർജികൾ അയച്ചു. മാപ്പപേക്ഷയിൽ സവർക്കർ ഇങ്ങനെ ഉറപ്പുനൽകുന്നു: ‘1906–-1907 കാലഘട്ടത്തിലെ ഇന്ത്യയുടെ കലുഷിതവും ആശയറ്റതുമായ സാഹചര്യത്തിൽ സമാധാനത്തിന്റെയും പുരോഗതിയുടെയും പാതയിൽനിന്ന് ഞങ്ങളെ വഴിതെറ്റിച്ച ആ ദുർഘടപാതയിലേക്ക് ഇന്ത്യയെക്കുറിച്ചും മാനവരാശിയെക്കുറിച്ചും ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന ഒരാളും ഇനി അന്ധമായി ചുവടുവയ്ക്കില്ല. അതുകൊണ്ട്, ബ്രിട്ടീഷ് ഗവൺമെന്റ് അവരുടെ അപാരമായ ഔദാര്യത്തിനാലും ദയാവായ്പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ, പുരോഗമനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് ഗവൺമെന്റിന്റെ ഭരണഘടനാപരമായ പുരോഗതിയുടെയും വിശ്വസ്തതയുടെയും ശക്തനായ വക്താവായി മറ്റാരെക്കാളധികം ഞാൻ മാറും. (ആർ സി മജുംദാർ, പീനൽ സെറ്റിൽമെന്റ് ഇൻ ആൻഡമാൻസ്, പേജ് 211–-213). ബ്രിട്ടീഷുകാരുമായി സന്ധി ചെയ്തതിനുശേഷം ജീവിതത്തിലെ ഏറിയ പങ്കും സവർക്കാർ ചെലവഴിച്ചത് കോൺഗ്രസും ഇടതുപക്ഷവും നയിച്ച പ്രക്ഷോഭങ്ങൾക്കെതിരായിട്ടായിരുന്നു. ബ്രിട്ടീഷുകാർക്കെതിരെ പിന്നീട് ഒരിക്കലും പ്രക്ഷോഭം നയിച്ചിരുന്നില്ല. ഹിന്ദു മഹാസഭയുടെ നേതാവെന്ന നിലയിൽ, 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനംപോലുള്ള പ്രസ്ഥാനങ്ങളിലൊന്നും ഹിന്ദുമഹാസഭയുടെയോ ആർഎസ്എസിന്റെയോ അംഗങ്ങളാരുംതന്നെ പങ്കെടുക്കില്ലെന്ന ഉറപ്പാക്കലായിരുന്നു അദ്ദേഹം നടത്തിയത്. ഈ യാഥാർഥ്യം മറച്ചുവയ്ക്കുന്നതിന് അവർ കമ്യൂണിസ്റ്റുകാർക്കെതിരെ പച്ചക്കള്ളങ്ങൾ പരത്തി. രാജ്യം ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ അമ്പതാം വാർഷികം ആഘോഷിച്ചപ്പോൾ ആഗസ്ത് 9/10 അർധരാത്രിയിൽ ചേർന്ന പാർലമെന്റ് സമ്മേളനത്തിൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ഡോ. ശങ്കർദയാൽ ശർമ പറഞ്ഞു: ‘‘കാൺപുരിലെയും ജംഷെഡ്പുരിലെയും അഹമ്മദാബാദിലെയും മില്ലുകളിൽ നടന്ന വമ്പിച്ച പണിമുടക്കുകളെത്തുടർന്ന് 1942 സെപ്തംബർ അഞ്ചിന് ലണ്ടനിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് ഡൽഹിയിൽനിന്ന് അയച്ച കത്തിൽ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയെ സംബന്ധിച്ച് ഇങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് –- കമ്യൂണിസ്റ്റ് പാർടിയുടെ ഒട്ടേറെ അംഗങ്ങളുടെ പെരുമാറ്റം വ്യക്തമാക്കുന്നത് ബ്രിട്ടീഷ് വിരുദ്ധ വിപ്ലവത്തിന് സജ്ജരായവരാണ് ആ പാർടി എന്നാണ്–-’’. ഇതിനു വിപരീതമായി, സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട സർക്കാർ പ്രചാരണത്തിൽ കമ്യൂണിസ്റ്റുകാരെ മാറ്റിനിർത്തുന്നു. ജവാഹർലാൽ നെഹ്റുവിനെപ്പോലും കാര്യമായി പരാമർശിക്കുന്നില്ല. ഒരു ആധുനിക മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം രൂപപ്പെടുത്തുന്നതിലേക്കും ഇന്ത്യൻ ഭരണഘടനയുടെ രൂപീകരണത്തിലേക്കും നയിച്ച പ്രധാന സംവാദങ്ങളും പ്രമേയങ്ങളും മുന്നോട്ടുവച്ചതിൽ ഏറ്റവും മുൻനിരയിലായിരുന്നു നെഹ്റു. സവർക്കറും ആർഎസ്എസും ഉയർത്തിപ്പിടിച്ച അസഹിഷ്ണുത നിറഞ്ഞ ഫാസിസ്റ്റ് ‘ഹിന്ദുത്വ രാഷ്ട്രം’ എന്ന ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് നേർവിപരീതമായിരുന്നു ഇത്. ഭരണഘടനയെ കടന്നാക്രമിക്കുന്നു ഭരണഘടനപ്രകാരം സ്ഥാപിച്ച ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം തകർക്കാൻ ഫാസിസ്റ്റ് പദ്ധതി നടപ്പാക്കുകയാണ്. പ്രത്യേകിച്ച് 2019-ൽ മോദി സർക്കാർ തിരിച്ചെത്തിയതിനുശേഷം ഭരണഘടനയുടെ നാല് അടിസ്ഥാന തൂണായ - മതനിരപേക്ഷ ജനാധിപത്യം, ഫെഡറലിസം, സാമൂഹ്യനീതി, സാമ്പത്തിക പരമാധികാരം - എന്നിവയ്ക്കുനേരെ കടന്നാക്രമണം നടത്തുകയാണെന്ന് സിപിഐ എം 23–--ാം പാർടി കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനയുടെ പ്രവർത്തനക്ഷമത കാത്തുസൂക്ഷിക്കാനും ഭരണഘടന ജനങ്ങൾക്ക് നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കുന്നതിനുമുള്ള പരിശോധനകളുടെ ഉപകരണമായി പ്രവർത്തിക്കേണ്ട എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകർത്ത് ഫലപ്രദമല്ലാതാക്കുന്നു. ഇത് ഭരണഘടനയ്ക്കെതിരായ കടന്നാക്രമണമാണ്. ഏറ്റവും പ്രധാനം, എല്ലാ കീഴ്വഴക്കങ്ങളും നടപടിക്രമങ്ങളും പ്രവർത്തനരീതികളും ചർച്ചകളും ഒഴിവാക്കി പാർലമെന്റിനെ ദുർബലപ്പെടുത്തുന്നു. പണപ്പെരുപ്പം, കുതിച്ചുയരുന്ന തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ആവശ്യപ്പെട്ട ‘കുറ്റ'ത്തിന് 27 എംപിമാരെ അസാധാരണമായി സസ്പെൻഡ് ചെയ്തു. ഭരണഘടനപ്രകാരം- ജനങ്ങൾക്കാണ് പരമാധികാരം. - പാർലമെന്റിനെ നോക്കുകുത്തിയാക്കുക എന്നതിനർഥം ജനങ്ങളുടെ പരമാധികാരം അസാധുവാക്കുക എന്നാണ്. ഭരണഘടനാ അനുച്ഛേദം 370, 35 എ റദ്ദാക്കിയ വെല്ലുവിളികൾ, പൗരത്വ ഭേദഗതി നിയമം, രാഷ്ട്രീയ അഴിമതിയും മറ്റും നിയമവിധേയമാക്കുന്ന ഇലക്ടറൽ ബോണ്ടുകൾ തുടങ്ങിയവ ഭരണഘടനയുടെ ലംഘനമെന്ന നിലയിൽ നൽകിയ ഹർജികൾ മൂന്ന് വർഷമായി സുപ്രീംകോടതി പരിഗണിക്കാതെ മാറ്റിവച്ചിരിക്കുന്നു. ജുഡീഷ്യറിയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും ഗൗരവമായ രീതിയിൽ വിട്ടുവീഴ്ച ചെയ്യപ്പെടുമ്പോൾ, ഭരണഘടനാ വ്യവസ്ഥകളും ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുമുള്ള ഉറപ്പുകളുടെ മേൽ നീതിപീഠത്തിന്റെ മേൽനോട്ടം ഇല്ലാതാകുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമാകേണ്ട തെരഞ്ഞെടുപ്പ് കമീഷൻ വിട്ടുവീഴ്ച ചെയ്യുന്നു. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പോലുള്ള കേന്ദ്ര ഏജൻസികൾ മോദി സർക്കാരിന്റെ രാഷ്ട്രീയ അജൻഡ നടപ്പാക്കാനുള്ള ഉപകരണങ്ങളായി. തീവ്രമായ വർഗീയ ധ്രുവീകരണം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ നശിപ്പിക്കാൻ വിഷലിപ്തമായ വിദ്വേഷത്തിന്റെയും ഭീകരതയുടെയും വ്യാപനത്തെ അടിസ്ഥാനമാക്കിയുള്ള വർഗീയധ്രുവീകരണത്തിന്റെ ഹീനമായ പ്രചാരണങ്ങൾക്കൊപ്പമാണ് മോദി സർക്കാർ. ‘ബുൾഡോസർ രാഷ്ട്രീയ’ത്തിന്റെ വിന്യാസം പല സംസ്ഥാനത്തും ന്യൂനപക്ഷസമുദായത്തെ ലക്ഷ്യമിട്ട് അക്രമത്തിലേക്ക് നയിക്കുന്നു. ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും പൗരസ്വാതന്ത്ര്യത്തിനുംമേലുള്ള അഭൂതപൂർവമായ ആക്രമണത്തോടൊപ്പമാണ് വർഗീയ ധ്രുവീകരണത്തിന്റെ ഭയാനകത ഉണ്ടാക്കുന്നത്. വിയോജിപ്പിന്റേതായ ഓരോ അഭിപ്രായപ്രകടനത്തെയും ഭരണകൂടത്തിന്റെ ‘ദുഷിച്ച കണ്ണ്' നിരീക്ഷിച്ച് ‘ദേശവിരുദ്ധ'മായി ചിത്രീകരിക്കുന്നു. ഈ ഹിന്ദുത്വ ആഖ്യാനം വിജയിക്കണമെങ്കിൽ ഫാസിസ്റ്റ് പദ്ധതിയുടെ പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം നിലനിർത്താൻ ഇന്ത്യാ ചരിത്രം തിരുത്തിയെഴുതണം. അതിനാൽ വിദ്യാഭ്യാസ സമ്പ്രദായത്തെ പൊളിച്ചെഴുതുകയാണ്. അന്ധവിശ്വാസം, അവ്യക്തത, പുരാണകഥകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകി ശാസ്ത്രീയചിന്തകളെ നിരാകരിക്കുന്നു. ഇന്ത്യൻ സംസ്കാരത്തിന്റെ സമന്വയ പരിണാമത്തിനുപകരം ഒരു ഏകസംസ്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. പോരാട്ടം ശക്തിപ്പെടുത്തുക പാവപ്പെട്ട ജനങ്ങളുടെ ഉപജീവനമാർഗങ്ങൾക്കുനേരെ ദൈനംദിനം കടന്നാക്രമണം നടത്തി ദയനീയ പശ്ചാത്തലത്തിലേക്ക് തള്ളിവിടുകയാണ് കേന്ദ്രസർക്കാർ. ഇത്തരത്തിൽ ജീവിതദുരിതത്തിൽപ്പെട്ടുഴലുന്ന ജനങ്ങളുടെ ഇടയിലാണ് ഹിന്ദുത്വസ്വത്വം സ്ഥാപിക്കുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, പട്ടിണി, പോഷകാഹാരക്കുറവ് മുതലായ ദൈനംദിന പ്രശ്നങ്ങൾ ഉയർത്തിയും, ഒപ്പം ജനാധിപത്യം, ജനാധിപത്യ അവകാശങ്ങൾ എന്നിവയുടെ സംരക്ഷണത്തിനുവേണ്ടിയും പ്രതിരോധങ്ങളും സമരങ്ങളും ഉയർത്തിക്കൊണ്ടുവരേണ്ടത് അനിവാര്യമാണ്. മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണത്തിനും ശക്തിപ്പെടുത്തലിനും പൗരസ്വാതന്ത്ര്യവും മതനിരപേക്ഷതയും ഉറപ്പുവരുത്താനുമായി തീവ്ര സമരങ്ങൾ ഏറ്റെടുക്കേണ്ടത് മുഖ്യകടമയാണ്. ശക്തമായ ജനകീയ സമരങ്ങളിലൂടെ സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വർധിപ്പിച്ചും ഇടതുപക്ഷ ശക്തികളുടെ ഐക്യം ഉറപ്പിച്ചും നമ്മുടെ ഭരണഘടനാപരമായ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ഇടതു-ജനാധിപത്യ ശക്തികളുടെ നേതൃത്വത്തിൽ ഹിന്ദുത്വ വർഗീയതയ്ക്കെതിരെ മതനിരപേക്ഷ ശക്തികളെ അണിനിരത്താനും 75–--ാം സ്വാതന്ത്ര്യ വാർഷികം ഉപയോഗപ്പെടുത്തണം. സ്വാതന്ത്ര്യത്തിന്റെ 75–--ാം വാർഷികമായ ആഗസ്ത് 15ന് സിപിഐ എം എല്ലാ പാർടി ഓഫീസിലും ദേശീയപതാക ഉയർത്തി നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിജ്ഞയെടുക്കുകയാണ്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ നശിപ്പിച്ച് ഫാസിസ്റ്റ് ഹിന്ദുത്വ രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള ഭ്രാന്തമായ ശ്രമങ്ങൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താം.

ദേശാഭിമാനി 13 Aug 2022 1:00 am

സംവാദപ്രിയർ അതിജീവിക്കുമോ?

വിഷയമേതായാലും അതിന്മേൽ യുക്തിയുക്തം വാദിക്കാനുള്ള ഇന്ത്യക്കാരുടെ സവിശേഷസ്വഭാവത്തെക്കുറിച്ചാണ് പ്രൊഫ. അമർത്യ സെൻ തന്റെ പ്രസിദ്ധമായ ആർഗ്യുമെന്ററ്റീവ് ഇന്ത്യൻ എന്ന പുസ്തകത്തിൽ വിവരിക്കുന്നത്. വാദം സമർഥിക്കാൻ ബൗദ്ധപാരമ്പര്യത്തിന്റെയും മറ്റ് ചരിത്ര ആഴങ്ങളിലേക്കും ചരിത്ര സ്രോതസ്സുകളിലേക്കും പ്രൊഫ. സെൻ സഞ്ചരിക്കുന്നുണ്ട്. 21–-ാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടാൻ പോകുമ്പോൾ, രാജ്യം കൊളോണിയൽ നുകത്തിൽനിന്ന് മുക്തമായതിന് 75 വർഷം തികയുമ്പോൾ ഒരു ചോദ്യം നമ്മെ ഉറ്റുനോക്കുകയാണ്; അമർത്യ സെന്നിന്റെ സംവാദപ്രിയരായ ഇന്ത്യക്കാർക്ക് സംവദിക്കാനുള്ള ആ സ്വാതന്ത്ര്യം എത്രകാലം തുടരാനാകുമെന്ന ഭീതിജനകമായ ചോദ്യം. ടീസ്ത സെതൽവാദും ആർ ബി ശ്രീകുമാറും ഇന്ന് ജയിലിലാണ്. 2002ലെ ഗുജറാത്ത് വംശഹത്യയിലെ ഇരകൾക്കുവേണ്ടി നീതിപീഠത്തിന്റെ വാതിലിൽ മുട്ടി എന്നതാണ് ഇവർ ചെയ്ത കുറ്റം.വിയോജിപ്പ് പ്രകടിപ്പിക്കാനും സ്വന്തം വാദമുഖങ്ങൾ ഉയർത്താനുമുള്ള ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നത് ഇന്ത്യൻ ഭരണഘടനയെ അപമാനിക്കലാണ്. ഇത് രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു വിഷയമാണ്. ബ്രാഹ്മണിക്കൽ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള ബഹുമുഖവും സൂക്ഷ്മവുമായ പദ്ധതിയുടെ ഭാഗമാണിത്. സാംസ്കാരിക ദേശീയത സ്ഥാപിക്കുകയാണ് ലക്ഷ്യം. സാംസ്കാരിക ദേശീയത എന്ന മൃദുയുക്തി ആർഎസ്എസിന്റെ പൊയ്മുഖമാണ്. മതനിരപേക്ഷ വിരുദ്ധ–-ഫാസിസ്റ്റ്, മതരാഷ്ട്രം സ്ഥാപിക്കാൻ വേണ്ടിയുള്ള പൊയ്മുഖം. ആർഎസ്എസ് നിയന്ത്രിക്കുന്ന ബിജെപി ഭരണം ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് പ്രത്യയശാസ്ത്രത്തിന് അനുസൃതമായി സാംസ്കാരിക ഇടങ്ങളെ മാറ്റിയെഴുതുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കുന്നതും സ്കൂൾ–- യൂണിവേഴ്സിറ്റി വിദ്യാഭ്യാസം വർഗീയവൽക്കരിക്കുന്നതും കൂടാതെ വിവിധ അക്കാദമിക് സ്ഥാപനങ്ങളിലും സ്വയംഭരണാധികാരമുള്ള- സാംസ്കാരിക സ്ഥാപനങ്ങളിലും ഇടപെടുകയാണ്. ഇന്ത്യൻ സമൂഹത്തിന്റെ സമ്പന്നമായ ജനാധിപത്യ പാരമ്പര്യം കാരണം നിരവധി പണ്ഡിതരും ധൈഷണികരും കലാപ്രവർത്തകരും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അവരുടെ വിയോജിപ്പ് കരുത്തോടെ ഉറച്ച ശബ്ദത്തിൽ പ്രകടിപ്പിക്കാൻ ഇപ്പോഴും ധൈര്യം കാണിക്കുന്നുണ്ട്. വിയോജിക്കുന്നവരെയും യുക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുന്നവരെയും നിശ്ശബ്ദരാക്കാൻ വിവിധ പേരുകളുള്ള, തീവ്രവാദമുള്ള, അക്രമസ്വഭാവമുള്ള സേനകളെ ആർഎസ്എസ് കെട്ടഴിച്ചുവിടുകയാണ്. ഇത്തരം നീച പ്രവൃത്തികൾമൂലം ഡോ. എം എം കലബുർഗി, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാബോൽക്കർ, ഗൗരി ലങ്കേഷ്, സ്റ്റാൻ സ്വാമി എന്നിവരുടെ ജീവൻ നഷ്ടമായി. നയൻതാര സെഹ്ഗാൾ, സച്ചിദാനന്ദൻ, ഉദയ്പ്രകാശ്, ചമൻലാൽ, റഹ്മാൻ അബ്ബാദ് തുടങ്ങിയ പ്രമുഖർ 2015ൽ സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ തിരിച്ചയച്ചതും വർഗീയവാദികൾ നടത്തിയ കൊലപാതകങ്ങളെയും അതിക്രമങ്ങളുടെ സംസ്കാരത്തെയും വിമർശിക്കാൻ മുന്നോട്ടുവന്നതും ഈ അവസരത്തിൽ ഓർക്കണം. ഭീമ കൊറേഗാവ് സംഭവത്തിന്റെ പേരിൽ ആനന്ദ് തെൽതുംബ്ഡെ, സുധ ഭരദ്വാജ്, വരവര റാവു തുടങ്ങിയവർക്കെതിരെ യുഎപിഎ ചുമത്തിയത് സ്റ്റേറ്റ് ടെററിസത്തിന്റെ അതിനീചമായ രൂപമാണ്. സംഘപരിവാർ നിർമിക്കുന്ന വ്യാജ വാർത്തകൾ തുറന്നുകാട്ടുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച ആൾട്ട് ന്യൂസിലെ മുഹമ്മദ് സുബൈറിനെയും കള്ളക്കേസിൽപ്പെടുത്തി ഇരുമ്പഴിക്കുള്ളിലാക്കി. ഒടുവിൽ സുപ്രീംകോടതിയാണ് അദ്ദേഹത്തിന് ജാമ്യമനുവദിച്ചത്. 2021 ഡിസംബർ 16 മുതൽ 18 വരെ സംഘപരിവാർ സംഘടിപ്പിച്ച മതപാർലമെന്റിൽ പങ്കെടുത്ത കാവിയണിഞ്ഞ യോഗിമാരും യോഗിനിമാരും പ്രധാനമായും പറഞ്ഞത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്നതിന് തടസ്സമായ ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യണമെന്നാണ്. ഭരണഘടനയ്ക്കും നിയമസംഹിതയ്ക്കും എതിരെ പ്രസംഗിച്ചിട്ടും ഒരാൾപോലും അറസ്റ്റിലായില്ല. അക്രമാഹ്വാനത്തെ പ്രധാനമന്ത്രിയോ ആഭ്യന്തരമന്ത്രിയോ അപലപിക്കാൻ തയ്യാറായില്ല. ജനാധിപത്യം, വിയോജിക്കാനുള്ള അവകാശം, നിയമവാഴ്ച, മതനിരപേക്ഷത തുടങ്ങിയ ഭരണഘടനയുടെ മൂല്യങ്ങളോട് പ്രതിബദ്ധതയുള്ളവർ സമൂഹത്തെ അപകടകരമായ തലത്തിലേക്ക് വഴിതെറ്റിക്കുന്നവർക്കെതിരെ ഒരു വിശാലവേദിയിൽ ഗൗരവപൂർവം പ്രവർത്തിക്കാൻ തയ്യാറാകണം. തങ്ങളുടെ അജൻഡ നടപ്പാക്കാൻ ആർഎസ്എസ് സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. 265 ദശലക്ഷം യുട്യൂബ് യൂസർമാരും 329 ഫെയ്സ്ബുക് യൂസർമാരും 459 ദശലക്ഷം വാട്സാപ് യൂസർമാരും രാജ്യത്തുണ്ട്. ഇവർക്കിടയിലേക്ക് അവിശ്വസനീയമാംവിധം സംഘപരിവാർ കടന്നുകയറുന്നു. അവരുടെ അജൻഡ വസ്തുതകൾ വച്ച് പൊളിക്കുന്നവരെ ഉപരിപ്ലവമായ വാദങ്ങൾകൊണ്ട് ആർഎസ്എസിന്റെ സൈബർ വളന്റിയർമാർ നേരിടും. ഗാന്ധിജിയെ ഗോഡ്സെ വധിച്ചതിനെക്കുറിച്ച് വിവരിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീർ സ്വാതന്ത്ര്യസമര സേനാനികളുടെ യോഗത്തിൽ ഇങ്ങനെ പറഞ്ഞു: ഗോഡ്സെയുടെ തോക്കിൽനിന്ന് ഉയർന്ന വിഷക്കാറ്റ് ഇന്ന് ഇന്ത്യയിലാകെ വ്യാപിക്കുകയാണ്. സത്യം, നീതി, ധർമം, സ്നേഹം, കരുണ എന്നിവയെ ഒരിക്കലും മായ്ക്കാൻ സാധിക്കില്ല. നന്മയുടെ പൂക്കൾ ഇവിടെ ഇപ്പോഴും പൂക്കുന്നുണ്ടെങ്കിലും ആ വിഷക്കാറ്റിൽ അവ കൊഴിഞ്ഞുപോകും.” രാജ്യത്തിന്റെ ദുർവിധിയാണ് പ്രതിഭാശാലിയായ ബഷീർ മുൻകൂട്ടി കണ്ടത്. സംഘപരിവാർ ഭീഷണി ചെറുക്കാൻ ജനങ്ങളുമായി നിരന്തര ബന്ധം സ്ഥാപിക്കുക എന്നതായിരിക്കണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ ദൗത്യം. വ്യക്തിപരമായി ജനങ്ങളുമായി ഇടപെടുന്നതിനൊപ്പം ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് അവരുമായി ബന്ധം പുലർത്തുകയും വേണം. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും സാമൂഹ്യവികാസത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള അതിശക്തമായ ജനകീയ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിന് പ്രാധാന്യം നൽകണം.

ദേശാഭിമാനി 13 Aug 2022 1:00 am

അതിരുവിടുന്ന ഗവർണർ

മോദി സർക്കാരിന്റെ രാഷ്ട്രീയ അജൻഡ ശിരസ്സാവഹിച്ച് കേരള ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ വീണ്ടും അസാധാരണ നടപടിയുമായി മുന്നോട്ടുപോകുകയാണ്. പുനർവിജ്ഞാപനം ചെയ്യേണ്ട 11 ഓർഡിനൻസ് ഒപ്പിടാത്തതിനാൽ അസാധുവായി. ഗവർണർ വിശദമായി പരിശോധിച്ച് ഒപ്പിട്ട ഓർഡിനൻസുകളാണ് പുതുക്കിയിറക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. മുമ്പും പലവട്ടം അദ്ദേഹം ഏറ്റുമുട്ടൽ സമീപനങ്ങൾ സ്വീകരിക്കുകയുണ്ടായി. അന്നും സർക്കാർ നിയമപരമായി നീങ്ങുകയാണ് ചെയ്തത്. പുതുക്കാൻ ആവശ്യപ്പെട്ട ഓർഡിനൻസുകൾ നിയമമാക്കാൻ പ്രത്യേക സഭാസമ്മേളനംവിളിക്കാൻ തീരുമാനിച്ചത് അതിന്റെ ഭാഗം. നിയമസഭയിൽ ബിജെപിക്ക് പ്രാതിനിധ്യം ഇല്ലാത്തതിന്റെ പോരായ്മ തീർക്കാനാണ് ഖാന്റെ പദവി ദുരുപയോഗം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കുപരി ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന അനുസരിച്ചാണ്. രാഷ്ട്രീയ നിയമനമായ ആ പദവിയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരും തമ്മിലെ വ്യത്യാസം മനസ്സിലാക്കാതെ സംസ്ഥാന കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ചുമതലയേറ്റശേഷം സർക്കാരിന് നിരന്തരം തടസ്സം നിൽക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സഭ പ്രമേയം പാസാക്കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞു. സുപ്രീംകോടതിയെ സമീപിച്ചതിനെ പരസ്യമായി വിമർശിച്ചു. തദ്ദേശവാർഡ് വിഭജന ഓർഡിനൻസ് ഒപ്പിടുന്നതിനും വിസമ്മതിച്ചിരുന്നു. കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാൻ സഭ വിളിക്കാനുള്ള മന്ത്രിസഭാ തീരുമാനം അംഗീകരിക്കാനും ആദ്യം തയ്യാറായില്ല. അതിന്റെ തുടർച്ചയാണ് ഓർഡിനൻസുകൾ പുതുക്കി ഒപ്പിടാതിരുന്നതും. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം പ്രവർത്തിക്കാൻ ഗവർണർ ബാധ്യസ്ഥമാണെന്ന് 163–-ാം ഭരണഘടനാ അനുച്ഛേദം വ്യക്തമാക്കുന്നു. പദവിയുടെ വലുപ്പം മാനിക്കാതെ ഖാൻ രാഷ്ട്രീയ പ്രസ്താവനകൾ നടത്തിയത് തീരുമാനിച്ചുറച്ചതുപോലെയാണ്. സംസ്ഥാന സർക്കാരുമായുണ്ടായ ചില തെറ്റിദ്ധാരണകൾ വിവാദമാക്കിയത് അതിനാലാണല്ലോ. സർക്കാരിന്റെ എല്ലാ തീരുമാനവും ഗവർണറെ അറിയിക്കണമെന്ന് ഭരണഘടനയിൽ ഇല്ല.അനുച്ഛേദം 167ൽ അക്കാര്യം വ്യക്തം. 2016 ജൂലൈ 13ലെ സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി നിർണായകമാണ്. അരുണാചൽ എംഎൽഎമാരുടെ അയോഗ്യതയുമായി ബന്ധപ്പെട്ട കേസിലെ വിധികൂടി നോക്കണം. ഗവർണർക്ക് ഭരണഘടന നൽകുന്ന അധികാരങ്ങളേയുള്ളൂവെന്ന് അത് കൃത്യമായി പറഞ്ഞു. എന്നാൽ, സംസ്ഥാനത്തിന് സ്വതന്ത്രമായ ഒരു അധികാരവുമില്ലെന്നും ഭരണഘടനാപരമായ അവകാശങ്ങൾക്കുപോലും ഗവർണറുടെ അനുമതിക്ക് കാത്തുനിൽക്കണമെന്ന തലതിരിഞ്ഞ കീഴ്വഴക്കം ഉറപ്പിക്കാനാണ് ശ്രമം. ഭരണഘടനയുടെ അനുച്ഛേദം 208 പ്രകാരം രൂപീകരിക്കപ്പെട്ട ചട്ടങ്ങൾക്ക് അനുസൃതമാണ് സഭാ നടപടിക്രമങ്ങളും കാര്യനിർവഹണവും. അവയ്ക്ക് ഗവർണറുടെ അനുമതി വേണ്ട. സഭയുടെ പൂർണാധികാരം ഭരണഘടന അംഗീകരിച്ചതാണ്. സഭാ നടപടികളുടെ സാധുത കോടതിയിൽപ്പോലും ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നും അനുച്ഛേദം 212 അനുശാസിക്കുന്നു. ഖാൻ അതിരുവിട്ടപ്പോൾ റസിഡന്റ് ഭരണം അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി തുറന്നടിച്ചത്. നാട്ടുരാജ്യങ്ങളെ നിയന്ത്രിക്കാനുള്ള ബ്രിട്ടീഷ് ഉപാധിയായിരുന്നു റസിഡന്റുമാർ. ഖാനെ അതേ വേഷം ഇടീക്കാനാണ് മോദിയുടെ ശ്രമം. കേന്ദ്ര–-- സംസ്ഥാന ബന്ധങ്ങൾ പുനരവലോകനം ചെയ്യാൻ 1983ൽ കേന്ദ്രം, സർക്കാരിയ കമീഷനെ നിയമിക്കുകയുണ്ടായി. ആ റിപ്പോർട്ടിൽ കേന്ദ്ര–-- സംസ്ഥാന ബന്ധങ്ങളും ഗവർണർ പദവിയും സംബന്ധിച്ച് ശ്രദ്ധേയ കണ്ടെത്തലുകളുണ്ട്. ഭരണഘടനയുടെ 356-–-ാം വകുപ്പ് ദുരുപയോഗം ചെയ്യുന്നതും ഗവർണർ പദവി ചട്ടുകമാക്കുന്നതും പ്രത്യേകം അടിവരയിട്ടു. ഒരു സംസ്ഥാനത്തിന് രണ്ട് അധികാരകേന്ദ്രങ്ങൾ ഭരണപ്രതിസന്ധിയുണ്ടാക്കും. ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണ്. അദ്ദേഹം അധികാരത്തിന്റെ കാര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്ക് മുകളിലല്ല. രാമേശ്വർ പ്രസാദ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ സുപ്രീംകോടതി പരാമർശവും പ്രസക്തം. കേന്ദ്രത്തിന്റെയും സംസ്ഥാന മന്ത്രിസഭയുടെയും ഉപദേശങ്ങളിൽ വൈരുധ്യമുണ്ടെങ്കിൽ ആദ്യത്തേത് തള്ളി, സംസ്ഥാന മന്ത്രിസഭയുടെ ഉപദേശാനുസരണം ഗവർണർ പ്രവർത്തിക്കണമെന്നാണ് അതിന്റെ ഉള്ളടക്കം. ഭരണഘടനാ ശിൽപ്പി ബി ആർ അംബേദ്കർ ‘ഗവർണർമാർക്ക് കർത്തവ്യങ്ങളില്ല, ഉത്തരവാദിത്വങ്ങളുണ്ട്’എന്ന് അടിവരയിട്ടത് ചരിത്രപരവുമാണ്.

ദേശാഭിമാനി 13 Aug 2022 1:00 am

ഗൂഢാലോചനക്കേസുകളില്‍ തളരാതെ

സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റ് പാർടി ഇടപെടൽ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ സ്വഭാവത്തെയും ഉള്ളടക്കത്തെയും ഏറെ സ്വാധീനിച്ചു. സ്വാതന്ത്ര്യസമരത്തിന്റെ സജീവമായ വിപ്ലവധാരയുടെ ചാലകശക്തിയായി കമ്യൂണിസ്റ്റ് പാർടി. കമ്യൂണിസ്റ്റ് പാർടിയുടെ ഇടപെടലുകളുടെയും തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചുള്ള പണിമുടക്കുകളുടെയും അപകടം ബ്രിട്ടീഷ് ഭരണകൂടം തുടക്കത്തിൽത്തന്നെ തിരിച്ചറിഞ്ഞു. ബ്രിട്ടീഷ് വൈസ്രോയിമുതൽ ദേശീയ പത്രങ്ങളും നേതാക്കളുംവരെ കമ്യൂണിസ്റ്റുകാർക്കെതിരെ അപവാദം പ്രചരിപ്പിച്ചു. “കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ അസ്വസ്ഥതയും ഉൽക്കണ്ഠയും ഉളവാക്കുന്ന വ്യാപനം തടയാൻ സർക്കാർ നടപടി സ്വീകരിക്കു”മെന്ന് വൈസ്രോയിയായിരുന്ന ഇർവിൻ 1929ൽ ലെജിസ്ലേറ്റീവ് കൗൺസിലിൽ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകളിൽ “വാഹകരില്ലാതെ വ്യാപിക്കുകയും പ്രതിരോധിക്കുന്ന ശക്തികളിൽനിന്ന് ഊർജം കൈവരിക്കുകയും ചെയ്യുന്ന കമ്യൂണിസം എന്ന ആശയത്തെ’’ തടയുന്ന ജോലി ദുഷ്കരമാണെന്ന് രേഖപ്പെടുത്തി. കമ്യൂണിസ്റ്റ് ആശയത്തിന്റെ പ്രചാരം തടയാൻ നിരവധി കള്ളക്കേസ് ഗൂഢാലോചന കേസുകളായി രജിസ്റ്റർ ചെയ്തു. പെഷാവർ ഗൂഢാലോചനക്കേസ് 1922–-24 കാലയളവിൽ സോവിയറ്റ് യൂണിയൻ വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച കമ്യൂണിസ്റ്റ് നേതാക്കളെ ഗൂഢാലോചന കേസിൽ കുടുക്കി. അഞ്ചു കേസാണ് ചുമത്തിയത്. ബ്രിട്ടീഷ് സർക്കാരിനെ പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്ന ഒന്നാമത്തെ പെഷാവർ കേസിൽ 1922 മെയ് 31ന് വിധി പറഞ്ഞു. മുഹമ്മദ് അക്ബർ, ബഹദുർ ഖാൻ എന്നിവരെ രണ്ടു വർഷവും ഒരു വർഷവുമായി കഠിന തടവിന് ശിക്ഷിച്ചു. രണ്ടാം കേസിൽ മുഹമ്മദ് അക്ബറിനെ ഏഴുവർഷത്തേക്കും മുഹമ്മദ് ഹസ്സൻ, ഗുലാം മെഹബൂബ് എന്നിവരെ അഞ്ചു വർഷത്തേക്കും ശിക്ഷിച്ചു. മൂന്നാം കേസിൽ എട്ടു പ്രതികൾ. അക്ബർ ഷാ, ഗഫ്ർ റഹ്മാൻ, ഫിറോസ് ഉദ്ദീൻ, അബ്ദുൾ മജീദ്, ഹബീബ് അഹമ്മദ്, സുൽത്താൻ മുഹമ്മദ്, റഫീഖ് അഹമ്മദ് എന്നിവരെ ശിക്ഷിച്ചു. നാലാമത്തെ കേസിൽ മുഹമ്മദ് ഷെഫീഖിനെ 1924 ഏപ്രിൽ 24ന് മൂന്നുവർഷം കഠിനതടവിന് ശിക്ഷിച്ചു. അഞ്ചാം കേസിൽ ഫസലുൽ ഇലാഹി ഗുർബാനെ മൂന്നുവർഷത്തെ കഠിനതടവിന് ശിക്ഷിച്ചു. കാൺപുർ ഗൂഢാലോചനക്കേസ് 1924ൽ ഇന്ത്യയിലെ നവജാത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്നത നേതൃത്വത്തെയാകെ കാൺപുർ ബോൾഷെവിക് ഗൂഢാലോചനക്കേസിൽ പെടുത്തി വിചാരണ ചെയ്തു. എസ് എ ഡാങ്കെ, മുസഫർ അഹമ്മദ്, നളിനി ഗുപ്ത, ഷൗക്കത്ത് ഉസ്മാനി എന്നിവരെ നാലുവർഷത്തെ തടവിന് ശിക്ഷിച്ചു. ‘ചക്രവർത്തി തിരുമനസ്സിന്റെ ഇന്ത്യയിലെ പരമാധികാരം തകർക്കാൻ ശ്രമിച്ചു’ എന്നായിരുന്നു കുറ്റപത്രം. മീററ്റ് ഗൂഢാലോചനക്കേസ് 1929 മാർച്ചിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളായ മുസഫർ അഹമ്മദ്, എസ് എ ഡാങ്കെ, പി സി ജോഷി, ഷൗക്കത്ത് ഉസ്മാനി എന്നിവരുൾപ്പെടെ 31 നേതാക്കളെ മീററ്റ് ഗൂഢാലോചനക്കേസിൽ അറസ്റ്റ് ചെയ്തു. -ഫിലിപ്പ് സ്പ്രാറ്റ്, ബെൻ ബ്രാഡ്ലി, ലെസ്റ്റർ ഹച്ചിൻസൺ- എന്നീ മൂന്ന് ബ്രിട്ടീഷ് കമ്യൂണിസ്റ്റുകാരും ഉൾപ്പെടും. ദേശീയ പ്രസ്ഥാനത്തിൽനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തി തകർക്കുകയായിരുന്നു ലക്ഷ്യം. മഹാത്മാഗാന്ധി മീററ്റ് തടവുകാരെ ജയിലിൽ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചു. ആൽബർട്ട് ഐൻസ്റ്റൈൻ, റൊമാങ് റോളാങ്, ഹാരോൾഡ് ലാസ്കി തുടങ്ങിയ മഹാരഥന്മാരായ ബുദ്ധിജീവികൾ പലരും കേസിനെതിരെ രംഗത്തുവന്നു. 1933 ജനുവരി 16ന് 31 പ്രതികളിൽ നാലു പേരൊഴികെ മറ്റെല്ലാവരെയും നാടുകടത്തലിനും കഠിന തടവിനും ശിക്ഷിച്ചു. മുസഫർ അഹമ്മദിനെ ജീവിതകാലം മുഴുവൻ നാടുകടത്താൻ വിധിച്ചു. എസ് വി ഘാട്ടെ, എസ് എ ഡാങ്കെ, കെ എൻ ജോഗ് ലേക്കർ, ആർ എസ് നിംബ്കർ, ഫിലിപ്പ് സ്പ്രാറ്റ് എന്നിവരെ 12 വർഷത്തേക്കും നാടുകടത്തി. വിചാരണവേളയിൽ കമ്യൂണിസ്റ്റുകാർ നടത്തിയ പ്രസ്താവന ഭാവി ഇന്ത്യയെക്കുറിച്ചുള്ള പാർടിയുടെ കാഴ്ചപ്പാടും കമ്യൂണിസ്റ്റ് പാർടി ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ എങ്ങനെ കാണുന്നെന്നും വ്യക്തമാക്കുന്ന രേഖയായി. സാമൂഹിക നീതി, ന്യൂനപക്ഷ സംരക്ഷണം, സ്ത്രീവിമോചനവും തുല്യനീതിയും, മൗലികാവകാശം, ഫെഡറലിസം എന്നിവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന പ്രസ്താവന അവരുടെ ദീർഘവീക്ഷണത്തിന്റെ സാക്ഷ്യമായി. വിചാരണ നടപടി പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ കമ്യൂണിസ്റ്റ് ആശയം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തി.

ദേശാഭിമാനി 13 Aug 2022 1:00 am

'പറയൂ'- ആര്‍. ശ്രീലതാവര്‍മ്മ എഴുതിയ കവിത

അന്ത്യമുഹൂര്‍ത്തത്തെയുറ്റു നോക്കുന്നു ഞാന്‍എങ്ങനെയാകാമതെന്നുള്ള ചിന്തയില്‍ഓരോരോ രംഗവും മുന്നില്‍ത്തെളിയുന്നുമങ്ങിയും മാഞ്ഞും തുടര്‍ച്ചയിലിങ്ങനെ

സമകാലിക മലയാളം 12 Aug 2022 4:10 pm

'മാര്‍ദ്ദവം'- ശ്രീകുമാര്‍ മുഖത്തല എഴുതിയ കവിത

കുട്ടിയായ്ക്കഴിയും കാലംപുഴുവെത്തൊട്ടതോര്‍ക്കയാംചെറുകണ്ണുകള്‍, കുഞ്ഞിക്കാലായിരം; പോക്കു മെല്ലെയാം

സമകാലിക മലയാളം 12 Aug 2022 3:56 pm

ലോകകപ്പ് ഫുട്‌ബോളിന്റെ വിസ്‌മയച്ചെപ്പ്‌

മനാമ ലോകകപ്പ് ഫുട്ബോളിന്റെ വിസ്മയച്ചെപ്പ് തുറക്കാനൊരുങ്ങുകയാണ് ഖത്തർ. കാണാത്തകാഴ്ചകളുടെ അവിസ്മരണീയ അനുഭവമാകുമെന്നുറപ്പ്. സ്റ്റേഡിയങ്ങൾ മാത്രമല്ല അനുബന്ധസൗകര്യങ്ങളും നിർമിതികളും 92 വർഷത്തെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ചതാകും. ഫൈനൽ നടക്കുന്ന ലുസൈൽ ഒഴികെ എല്ലാ സ്റ്റേഡിയങ്ങളും തുറന്നു. ഇവിടെ ഇന്നലെ ഖത്തർ സ്റ്റാർസ് ലീഗിലെ അൽ അറബിയും അൽ റയാനും തമ്മിലുള്ള മത്സരം അരങ്ങേറി. സെപ്തംബർ ഒമ്പതിനാണ് ഔദ്യോഗിക ഉദ്ഘാടനം. 80,000 പേരെ ഉൾക്കൊള്ളുന്ന സ്റ്റേഡിയത്തിൽ സൗദി പ്രോ ലീഗ് ചാമ്പ്യൻമാരും ഈജിപ്ഷ്യൻ പ്രീമിയർ ലീഗ് ജേതാക്കളും തമ്മിലുള്ള സൂപ്പർ കപ്പും തുടർന്ന് സംഗീതനിശയും നടക്കും. ലോകകപ്പിന് മുന്നോടിയായ ഖത്തറിന്റെ യാത്രയിലെ അവസാന നാഴികക്കല്ലാണ് ലുസൈൽ സ്റ്റേഡിയമെന്ന് സംഘാടകസമിതി സെക്രട്ടറി ജനറൽ ഹുസൈൻ അൽ തവാദി പറഞ്ഞു. മധ്യ ദോഹയിൽനിന്ന് 15 കിലോമീറ്റർ വടക്കുള്ള ലുസൈൽ നഗരത്തിൽ അറേബ്യൻ വാസ്തു പാരമ്പര്യത്തിന്റെ വിസ്മയവും സൗന്ദര്യവും സമന്വയിച്ച നിർമിതിയാണ് ലുസൈൽ. നവീകരിച്ച റോഡുകൾ, ദോഹ മെട്രോ, ട്രാം എന്നിവയുമായി സ്റ്റേഡിയത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. സ്റ്റേഡിയങ്ങളുടെ നിർമാണം, അനുബന്ധ പശ്ചാത്തല വികസനം എന്നിവയ്ക്കായി നാലരലക്ഷം കോടിയിലേറെ രൂപ ഖത്തർ ഇതുവരെ ചെലവഴിച്ചു. ഇതിൽ ഏറ്റവും വലിയ നിക്ഷേപം നടത്തിയത് ലുസൈൽ നഗരത്തിൽ-–-300 ദശലക്ഷം ഡോളർ. ദോഹയുടെ തെക്കൻതീരത്ത് 38,000 ചതുരശ്ര കിലോമീറ്ററിൽ നിർമിച്ച ലുസൈൽ നഗരം ആഡംബരമെന്ന വിശേഷണത്തിന് അപ്പുറമാണ്. എട്ട് സ്റ്റേഡിയങ്ങൾ, എട്ട് അത്ഭുതങ്ങൾ എട്ടു സ്റ്റേഡിയങ്ങളാണ് മത്സരത്തിനൊരുക്കിയത്.ആറെണ്ണം പുതിയത്. രണ്ടെണ്ണം പുതുക്കി. എല്ലാം അത്യാധുനിക സൗകര്യങ്ങളുള്ളതും വാസ്തുവിദ്യയുടെ അനന്ത സാധ്യതകൾ ദൃശ്യമാക്കുന്നതുമാണ്. അൽ ബെയ്ത്ത് സ്റ്റേഡിയം, അൽ ഖോർ –- ഉദ്ഘാടന മത്സരം, സെമി ഫൈനൽവരെ മത്സരങ്ങൾ. ശേഷി: 60,000 ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയം, ദോഹ (പുതുക്കിപ്പണിതു) –- ഗ്രൂപ്പ് മത്സരങ്ങൾ, 16–-ാംറൗണ്ട്, ലൂസേഴ്സ് ഫൈനൽ. ശേഷി: 40,000 അഹമ്മദ് ബിൻ അലി സ്റ്റേഡിയം, അൽ റയ്യാൻ (പുതുക്കിപ്പണിതു) –- ഗ്രൂപ്പ് മത്സരങ്ങൾ, റൗണ്ട് ഓഫ് 16 (11 മത്സരം). ശേഷി: 40,000 അൽ ജനൂബ് സ്റ്റേഡിയം, അൽ വക്ര –- ഗ്രൂപ്പ് മത്സരങ്ങളും റൗണ്ട് ഓഫ് 16 (ഏഴു മത്സരം). ശേഷി: 40,000 ഖത്തർ ഫൗണ്ടേഷൻ സ്റ്റേഡിയം, അൽ റയ്യാൻ –- ഗ്രൂപ്പ് മത്സരങ്ങൾ, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ (മൊത്തം എട്ട് മത്സരം). ശേഷി: 40,000 സ്റ്റേഡിയം 974, ദോഹ (റാസ് അബു അബൗദ് സ്റ്റേഡിയം) –- ഗ്രൂപ്പ് മത്സരങ്ങളും റൗണ്ട് ഓഫ് 16 (13 മത്സരം). ശേഷി: 40,000 ലുസൈൽ സ്റ്റേഡിയം, ലുസൈൽ –- ഫൈനൽ ഉൾപ്പെടെ 10 മത്സരം. ശേഷി: 80,000 അൽ തുമാമ സ്റ്റേഡിയം, ദോഹ –- ഗ്രൂപ്പ് മത്സരങ്ങൾ, റൗണ്ട് ഓഫ് 16, ക്വാർട്ടർ, സെമിഫൈനൽ (16 മത്സരം). ശേഷി: 40,000

ദേശാഭിമാനി 12 Aug 2022 1:52 am

കൗണ്ട്‌ഡൗൺ തുടങ്ങുന്നു ; ലോകകപ്പ് ഫുട്ബോളിന് ഇനി 100 ദിവസം

ലോകം കാത്തിരിക്കുന്ന ഫുട്ബോൾ വിരുന്നിനായി കൗണ്ട്ഡൗൺ തുടങ്ങുന്നു. ഇനി 100 ദിവസം. ഫുട്ബോൾ ആരാധകരെ വരവേൽക്കാനുള്ള തിടുക്കത്തിലാണ് ഖത്തർ. മത്സരക്രമം പുതുക്കിയാൽ നവംബർ 20 മുതൽ ഡിസംബർ 18 വരെയാകും 22–-ാമത്തെ ലോകകപ്പ്. നവംബർ 21ന് തുടങ്ങാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. 32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പാണിത്. അടുത്തതവണ ടീമുകളുടെ എണ്ണം നാൽപ്പത്തെട്ടാകും. ആകെ 64 കളികളാണ്. ഖത്തറിനെ വേദിയായി പ്രഖ്യാപിച്ചത് 2010ലാണ്. അന്നുമുതൽ ലോകകപ്പ് വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചു നഗരങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുങ്ങിയത്. അൽഖോർ നഗരത്തിലെ അൽ ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമത്സരം. മത്സരക്രമം പുതുക്കിയാൽ ആതിഥേയരായ ഖത്തർ– ഇക്വഡോർ ആയിരിക്കും ആദ്യ മത്സരം. 60,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ്. ഫൈനൽ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിലാണ്. 80,000 പേർക്ക് കളി കാണാം. ഒട്ടേറെ സവിശേഷതകളുള്ള ലോകകപ്പാണിത്. അറബ്ലോകത്തെ ആദ്യ ലോകകപ്പ്. ഏഷ്യയിൽ രണ്ടാംതവണയും. അതുപോലെ ലോകകപ്പിന് വേദിയാകുന്ന ചെറിയ രാജ്യം എന്ന സവിശേഷതയുമുണ്ട്. സാധാരണ ലോകകപ്പ് നടക്കുന്നത് ജൂൺ, ജൂലൈ മാസങ്ങളിലാണ്. ആ സമയത്ത് ഖത്തറിൽ കടുത്ത ചൂടായതിനാലാണ് തണുപ്പുള്ള നവംബർ, ഡിസംബർ തെരഞ്ഞെടുത്തത്. ലോകകപ്പ് കേരളത്തിന് ഇത്രയടുത്ത് എത്തുന്നതും ആദ്യം. നാലരമണിക്കൂർ വിമാനത്തിൽ പറന്നാൽ ഖത്തറായി. അതിനാൽ ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന ലോകകപ്പുമാകും. രാജ്യത്തെ ജനസംഖ്യ 29.83 ലക്ഷമാണ്. അതിൽ ഏഴുലക്ഷം ഇന്ത്യക്കാരുണ്ട്. അവരിൽ മൂന്നരലക്ഷമാണ് മലയാളികൾ. ഏകദേശം 12 ലക്ഷം കാണികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്. അവർക്കായി ഇതുവരെ കാണാത്ത താമസസൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. 30,000 ഹോട്ടൽമുറികൾക്കുപുറമേ 65,000 പേർക്ക് വില്ലകളും അപാർട്ട്മെന്റുകളും ഒരുക്കിയിരിക്കുന്നു. തീരത്ത് നങ്കൂരമിട്ട രണ്ട് ആഡംബരക്കപ്പലുകളിൽ 4000 പേർക്ക് താമസിക്കാം. കുറഞ്ഞ നിരക്കിൽ താമസത്തിന് ലഭ്യമാകുന്ന കൂടാരങ്ങൾ സവിശേഷതയാണ്. ടിക്കറ്റ് വിൽപ്പന തകൃതിയായി നടക്കുന്നു. ആദ്യഘട്ടത്തിൽ 2.35 കോടിപ്പേർ ടിക്കറ്റിന് അപേക്ഷിച്ചു. 12 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയി. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, മെക്സിക്കോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ആരാധകരാണ് ടിക്കറ്റ് വാങ്ങാൻ മുന്നിലുള്ളത്. ടിക്കറ്റ് വിൽപ്പനയുടെ രണ്ടാംഘട്ടം ഞായറാഴ്ച അവസാനിക്കും. ബ്രസീൽ ആറാം ലോകകപ്പ് ലക്ഷ്യമിടുന്നു. അവസാനം ജേതാക്കളായിട്ട് 20 വർഷം കഴിഞ്ഞു. നാലുതവണ ജേതാക്കളായ ജർമനി, രണ്ടുതവണ കിരീടം നേടിയ അർജന്റീനയും നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസും ഉറുഗ്വേയുമുണ്ട്. ഇംഗ്ലണ്ടിനും സ്പെയ്നിനും ഒരിക്കൽമാത്രമാണ് സൗഭാഗ്യം. നാലുതവണ ചാമ്പ്യൻമാരായ ഇറ്റലി ഇല്ലാത്തതാണ് ലോകകപ്പിന്റെ നഷ്ടം. മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും അവസാന ലോകകപ്പാകും. അർജന്റീനയ്ക്കായി ലോകകപ്പ് നേടുകയെന്ന മെസിയുടെ ആഗ്രഹം 35–-ാംവയസ്സിൽ ബാക്കിയാണ്. മുപ്പത്തേഴുകാരനായ റൊണാൾഡോയ്ക്കും പോർച്ചുഗൽ കുപ്പായത്തിലെ വിടവാങ്ങൽ രാജകീയമാക്കണം. ഏഷ്യയിൽനിന്ന് ആറ് ടീമുകൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഏഷ്യയിൽനിന്ന് ആറ് ടീമുകൾ. ഏഷ്യ 6: ആതിഥേയരായി ഖത്തർ, ഇറാൻ, ദക്ഷിണകൊറിയ, ജപ്പാൻ, സൗദി അറേബ്യ, പ്ലേഓഫ് വഴി ഓസ്ട്രേലിയ (ക്വാട്ട –-4, ആതിഥേയർ, പ്ലേഓഫ് ക്വാളിഫയർ –-1). യൂറോപ്പ് 13: ജർമനി, ഡെന്മാർക്ക്, ഫ്രാൻസ്, ബൽജിയം, ക്രൊയേഷ്യ, സ്പെയ്ൻ, സെർബിയ, ഇംഗ്ലണ്ട്, സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, പോർച്ചുഗൽ, പോളണ്ട്, വെയ്ൽസ് (ക്വാട്ട –-13). ദക്ഷിണ അമേരിക്ക 4: ബ്രസീൽ, അർജന്റീന, ഉറുഗ്വേ, ഇക്വഡോർ (ക്വാട്ട –- 4, പ്ലേഓഫ് ക്വാളിഫയർ–- 1). വടക്കൻ അമേരിക്ക/മധ്യ അമേരിക്ക 4: ക്യാനഡ, മെക്സിക്കോ, അമേരിക്ക, കോസ്റ്ററിക്ക (ക്വാട്ട–- 3, പ്ലേഓഫ് ക്വാളിഫയർ–- 1). ആഫ്രിക്ക 5: ഘാന, മൊറോക്കോ, സെനഗൽ, ടുണീഷ്യ, കാമറൂൺ (ക്വാട്ട –- 5). ഖത്തറിൽ ഇല്ലാത്ത പ്രമുഖർ ഇറ്റലി, കൊളംബിയ, പെറു, നൈജീരിയ, സ്വീഡൻ, സ്കോട്ട്ലൻഡ്, ഉക്രയ്ൻ, അൾജീരിയ, ഈജിപ്ത്, ന്യൂസിലൻഡ്, ഹംഗറി മുഹമ്മദ് സലാ (ഈജിപ്ത്), എർലിങ് ഹാലണ്ട് (നോർവേ), മാർകോ വെരാറ്റി, ദൊന്നരുമ്മ (ഇരുവരും ഇറ്റലി), സ്ലാട്ടൻ ഇബ്രാഹിമോവിച്ച് (സ്വീഡൻ), ഹമേഷ് റോഡ്രിഗസ് (കൊളംബിയ), അലക്സിസ് സാഞ്ചസ് (ചിലി)

ദേശാഭിമാനി 12 Aug 2022 1:48 am

ആനക്കാര്യം അത്ര പന്തിയല്ല

തൃശൂർ കാട് അടക്കി വാഴുന്നവരാണ് ആനകൾ. എന്നാൽ കേരളത്തിലെ കാടുകളിലെ ആനക്കാര്യം ഇപ്പോൾ അത്ര പന്തിയല്ല എന്നാണ് കണക്ക് പറയുന്നത്. വംശനാശ ഭീഷണിയുള്ള ജീവികളുടെ റെഡ് ഡേറ്റാ ബുക്കിൽ ഇടംപിടിച്ച ഈ വിഭാഗത്തെ കാലാവസ്ഥാ വ്യതിയാനം കാര്യമായി ബാധിക്കുന്നതായാണ് വിവരം. പ്രകൃതിക്ഷോഭവും,ഭക്ഷണക്ഷാമവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന സൂക്ഷ്മ മൂലകങ്ങളുടെ ലഭ്യതക്കുറവും മൂലം പല രോഗങ്ങളും ഇവയിൽ തിരിച്ചുവരുന്നു. രോഗം ബാധിച്ച് ചരിയുന്ന ആനകളും കാടുകളിൽ കൂടുകയാണ്. ഒപ്പം പ്രത്യുൽപ്പാദന ശേഷിയിൽ കുറവുണ്ടായതും അപകടകരമാണ്. ആനകളുടെ നാശത്തിന് വേഗം കൂട്ടുന്ന ഘടകങ്ങളാണ് ഇവയെന്ന് വെറ്ററിനറി സർവകലാശാലയിലെ ആന ചികിത്സാ വിദഗ്ധൻ ഡോ. ടി എസ് രാജീവ് പറഞ്ഞു. കേരളത്തിലെ വനങ്ങളിൽ ആറായിരം ആനകളുണ്ടെന്നാണ് പുതിയ കണക്ക്. പത്ത് വർഷത്തിനിടെ 500 എണ്ണത്തിൽ കുറവുണ്ടായതായും വിവരമുണ്ട്. വനനശീകരണവും കാടുകൈയേറ്റവും മൂലം ആനത്താരകളടക്കം നഷ്ടമായതും പ്രതികൂലഘടകമാണ്. നാട്ടാനയും കുറയുന്നു 2018ൽ വനം വകുപ്പിന്റെ കണക്കനുസരിച്ച് കേരളത്തിൽ 521 നാട്ടാന ഉണ്ടായിരുന്നു. 2022ൽ ഇത് 448 ആയി ചുരുങ്ങി. 2021ൽ മാത്രം 29 നാട്ടാനയാണ് ചരിഞ്ഞത്. നിലവിലുള്ളവയിൽ ഭൂരിഭാഗവും 40 വയസ്സിന് മുകളിലാണ്. 70 വയസ്സുവരെയാണ് പരമാവതി ആയുർദൈർഘ്യം. കർണാടകത്തിലെയും തമിഴ്നാട്ടിലെയും ആനക്കൊട്ടിലുകളിൽ പ്രസവം നടക്കുന്നുണ്ട്. നിയമ തടസ്സങ്ങൾ മാറ്റി ക്യാപ്റ്റീവ് എലിഫെന്റ് ബ്രീഡിങ്ങ് പ്രോഗ്രാമിന് കേരളവും രൂപം നൽകണമെന്ന് ആന ഗവേഷകൻ മാർഷൽ സി രാധാകൃഷ്ണൻ പറഞ്ഞു. വടക്കാഞ്ചേരി ചിറ്റണ്ടയിൽ ആന സംരക്ഷണ കേന്ദ്രത്തിൽ ആനപ്രജനന കേന്ദ്രം പദ്ധതിയിലുണ്ട്.

ദേശാഭിമാനി 12 Aug 2022 1:33 am

ഹൈക്കോടതി വിധി ഇഡിക്ക് ഏറ്റ തിരിച്ചടി

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബോർഡിനെതിരായ (കിഫ്ബി) കേസിൽ ചോദ്യം ചെയ്യലിനായി തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന ഹൈക്കോടതിയുടെ താൽക്കാലിക വിധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഏറ്റ തിരിച്ചടിയാണ്. രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ വ്യാപകമായി മോദി സർക്കാർ ദുരുപയോഗം ചെയ്യുന്നതിനിടെയാണ് കോടതി വിധി എന്നതും ശ്രദ്ധേയമാണ്. ഇഡി തനിക്ക് നൽകിയ നോട്ടീസ് നിയമാനുസൃതമല്ലെന്നുകാട്ടി മുൻ ധനമന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക് നൽകിയ ഹർജിയിൽ ഹൈക്കോടതി നടത്തിയ നിരീക്ഷണം പ്രധാനമാണ്. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഐസക്കിന്റെ സ്വകാര്യസ്വത്തുക്കൾ സംബന്ധിച്ച രേഖകൾ എന്തിനാണ് ആവശ്യപ്പെട്ടതെന്നും ഐസക്കിന് സ്വകാര്യതയ്ക്ക് അവകാശമുണ്ടെന്നും നിയമം അനുശാസിക്കുന്ന ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെ അത് വെട്ടിച്ചുരുക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് വി ജി അരുൺ വാക്കാൽ നിരീക്ഷിച്ചിട്ടുണ്ട്. കോടതി ഇത്തരം ചോദ്യങ്ങൾ ഉന്നയിച്ചതോടെ ഇഡിയുടെ അഭിഭാഷകന് നിലപാട് മാറ്റേണ്ടിവന്നു. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണമെന്നും കിഫ്ബിയോ താനോ ചെയ്ത കുറ്റമെന്തെന്ന് നോട്ടീസിൽ പറഞ്ഞിട്ടില്ലെന്നും കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്ക് പുറത്താണെന്നും തോമസ് ഐസക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനായി നിയമസഭ പാസാക്കിയ നിയമംമൂലം സ്ഥാപിതമായതും കേന്ദ്രനിയമം അനുശാസിക്കുന്ന സ്വഭാവത്തിലുള്ളതുമായ ‘ഒരു ബോഡി കോർപറേറ്റായ’ കിഫ്ബി മസാല ബോണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഇഡിയുടെ അന്വേഷണം രാഷ്ട്രീയ ലക്ഷ്യത്തോടെയായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇത് തുടങ്ങിയതാണ്. ഇഡിയെ ഉപയോഗിച്ച് കേരളത്തിലെ സിപിഐ എം നേതാക്കളെ കുരുക്കാൻ കഴിയുമോയെന്ന പരിശോധനയാണ് നടത്തുന്നത്. അതിന്റെ ഭാഗമാണ് ഐസക്കിനെതിരെയുള്ള നീക്കം. റിസർവ് ബാങ്കിന്റെ, അന്ന് നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ അനുസരിച്ചും രേഖാമൂലമുള്ള മുൻകൂർ അനുമതിയോടെയുമാണ് കിഫ്ബി മസാല ബോണ്ട് സ്വീകരിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ചില സ്ഥാപനങ്ങളും മസാല ബോണ്ട് സ്വീകരിച്ചിരുന്നു. നിയമലംഘനം ഉണ്ടെങ്കിൽ അതിന് വ്യക്തത വരുത്താൻ റിസർവ് ബാങ്കിനോടാണ് ഇഡി ചോദിക്കേണ്ടത്. മൂന്നു വർഷമായി ഈ ഫണ്ടിന്റെ വിനിയോഗം സംബന്ധിച്ച് മാസംതോറും കിഫ്ബി റിപ്പോർട്ട് സമർപ്പിക്കുന്നുണ്ട്. ഇതുവരെ പ്രതികൂലമായ ഒരു പരാമർശവും ആർബിഐ നടത്തിയിട്ടില്ലെന്നിരിക്കെ ഇഡിയുടെ പരാതിക്ക് എന്ത് അടിസ്ഥാനമാണുള്ളത്. 15 മാസത്തിലേറെയായി കിഫ്ബി സിഇഒ, ഡെപ്യൂട്ടി മാനേജർ, ജോയിന്റ് ഫണ്ട് മാനേജർ തുടങ്ങിയവരെയൊക്കെ അന്വേഷണമെന്നു പറഞ്ഞ് നിരന്തരമായി ഇഡി വിളിച്ചുവരുത്തുന്നു. നിരവധി രേഖകൾ പരിശോധിച്ചു. ഇതുവരെ ഒരു കുറ്റവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിർണയിക്കപ്പെട്ട കുറ്റമില്ലാതെ നിരന്തരമായി ആളുകളെ വിളിച്ച് അന്വേഷണമെന്നു പറഞ്ഞു നിയമവിരുദ്ധമായി ചോദ്യം ചെയ്യാൻ ഇഡിക്ക് അവകാശമില്ല. പൗരനെന്ന നിലയിൽ ഭരണഘടന നൽകുന്ന അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണിത്. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇഡി, സിബിഐ, എൻഐഎ, ഐടി, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ എന്നീ സമസ്ത ഏജൻസികളെയും മോദി സർക്കാർ യഥേഷ്ടം ഉപയോഗിക്കുകയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന നയങ്ങൾക്ക് ഇടങ്കോലിടാനും സാമ്പത്തികപ്രതിസന്ധിയുണ്ടെന്ന് വരുത്താനും അതുവഴി കേരളത്തിൽ വല്ല നേട്ടവുമുണ്ടാക്കാൻ കഴിയുമോ എന്നുമാണ് ബിജെപി നോക്കുന്നത്. ഇതിന് ഇഡിയെയും രാജ്ഭവനെയും ദുരുപയോഗിക്കുകയാണ്. കേരളത്തിന്റെ അടിസ്ഥാന താൽപ്പര്യങ്ങൾക്കുതന്നെ ഇത് ഭീഷണിയായി. പാവങ്ങൾക്ക് വീട് നൽകാനുള്ള ലൈഫ് പദ്ധതിയെപ്പോലും സംശയനിഴലിലാക്കി. ഇഡിയെ ഉപയോഗിച്ചും കേരളത്തിന്റെ വികസനം തടയാൻ കേന്ദ്രം ശ്രമിക്കുമ്പോൾ ബിജെപിയുമായി കൈകോർത്ത് നീങ്ങുകയാണ് കോൺഗ്രസ്. എന്നാൽ, ഭരണഘടനയും നിയമങ്ങളും ഉയർത്തിപ്പിടിച്ച് ജനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിനെയും മുന്നണിയുടെ നേതാക്കളെയും തളർത്താനാകില്ലെന്ന് ബിജെപിയും കോൺഗ്രസും മനസ്സിലാക്കുന്നത് നന്നായിരിക്കും.

ദേശാഭിമാനി 12 Aug 2022 1:00 am

സമ്പദ്‌‌വ്യവസ്ഥയുടെ വഴിമാറ്റം - ഡോ. പ്രഭാത്‌ പട്‌നായിക്‌ സംസാരിക്കുന്നു

കോളനി വിമുക്ത ഇന്ത്യൻ ഭരണകൂടത്തിനു മുന്നിൽ പ്രധാനമായും രണ്ട് വെല്ലുവിളിയാണ് ഉണ്ടായിരുന്നത്. ഒന്നാമത് സ്വാശ്രയവികസന തന്ത്രത്തിന് സാമ്രാജ്യത്വ മൂലധനത്തിന്റെ സർവാധിപത്യത്തെ മറികടക്കേണ്ടതുണ്ടായിരുന്നു. രണ്ടാമത് കാർഷിക ജനസാമാന്യത്തെ സ്വതന്ത്രമാക്കി കാർഷികോൽപ്പാദനം വർധിപ്പിച്ച് ആഭ്യന്തരവിപണി അടിസ്ഥാനമാക്കിയുള്ള ദ്രുതവ്യവസായവൽക്കരണത്തിന് ഭൂപ്രഭുത്വത്തെയും തകർക്കണമായിരുന്നു. ഇതു രണ്ടും പരസ്പര പൂരകമാണുതാനും. കാർഷികോൽപ്പാദനം വർധിച്ചില്ലെങ്കിൽ മൊത്തവളർച്ച ഞെരുക്കപ്പെടുകയും അത് സാമൂഹ്യ വൈരുധ്യങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. എന്നാൽ, ഭൂപ്രഭുത്വത്തിനെതിരായ നടപടികൾ പരിമിതപ്പെട്ടു. പരോക്ഷ ഭൂപ്രഭുക്കന്മാർ ഒഴിവാക്കപ്പെട്ടെങ്കിലും ബാക്കിയുള്ളവർ കാർഷിക മുതലാളിമാരായി. ഭൂപ്രഭുക്കന്മാരിൽ നിന്നെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം പാട്ടക്കാരുടെ ഉന്നതശ്രേണിയിലുള്ളവർക്ക് കൈമാറപ്പെട്ടു. ഭൂകേന്ദ്രീകരണത്തിന്റെ അനുപാതമെടുത്താൽ ഭൂമിയുടെ ഉടമസ്ഥാവകാശം 15 ശതമാനം ഭൂവുടമകളിൽ തുടർന്നു. എന്നാൽ, ഈ 15 ശതമാനത്തിന്റെ ഘടന മാറി. അങ്ങനെ മുതലാളിത്ത കൃഷിസമ്പ്രദായത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കപ്പെട്ടു. അതേസമയം, ജലസേചനം, മികച്ച കാർഷികരീതികൾ, വിപുലീകരണ പദ്ധതികൾ എന്നിവയ്ക്കായി സർക്കാർ മുതൽമുടക്കും സജീവമായി. സാമ്രാജ്യത്വ മൂലധനത്തിന്റെ ആധിപത്യത്തെ മറികടന്ന് ആഭ്യന്തര സമ്പദ്വ്യവസ്ഥ സംരക്ഷിക്കാൻ പ്രധാനമായും ചില മാർഗങ്ങളാണ് സ്വീകരിച്ചത്. കാർഷികോൽപ്പന്നങ്ങളുടെ വ്യാപാരത്തിന് നിയന്ത്രണം കൊണ്ടുവന്നു. (വ്യവസായ ഗ്രൂപ്പുകളെ കർഷകരുമായി നേരിട്ട് ബന്ധപ്പെടുന്നതിൽനിന്ന് തടഞ്ഞു). അതിർത്തി കടന്നുള്ള മൂലധന ഒഴുക്ക് നിയന്ത്രിച്ചു. ധനമേഖലയിൽ ദേശസാൽക്കരണം കൊണ്ടുവന്നു. (ബാങ്കിങ് മേഖലയിലെ സാർവത്രികമായ ദേശസാൽക്കരണം പിന്നീടാണ് ഉണ്ടായതെങ്കിലും). പൊതുമേഖലയെ ഒരു സംരക്ഷണക്കോട്ടയായി വളർത്തി. സമ്പദ്വ്യവസ്ഥയിൽ സർക്കാരിന് നിയന്ത്രണമുള്ള ഈ കാലം കോളോണിയൽ കാലത്തെ മാന്ദ്യത്തിൽനിന്നുള്ള വലിയ മാറ്റമായി അനുഭവപ്പെട്ടു. മൊത്ത ആഭ്യന്തര ഉൽപ്പാദനവും കാർഷികോൽപ്പാദനവും വർധിച്ചു. ജനങ്ങളുടെ ആളോഹരി ഭക്ഷ്യധാന്യലഭ്യത കൂടി. ’47ൽ ധാന്യലഭ്യത വർഷം 138.7 കിലോ ആയിരുന്നത് എൺപതിലെത്തുമ്പോൾ 180 കിലോയായി. എന്നാൽ, ഈ മാറ്റങ്ങളൊന്നും ജനങ്ങളെ തൃപ്തരാക്കിയില്ല. 73–-74ലെ പോഷകാടിസ്ഥാനത്തിലുള്ള ദാരിദ്ര്യവർധന വല്ലാത്ത തിരിച്ചടിയായി.രാജ്യത്തെ 56 ശതമാനം ഗ്രാമീണ ജനതയ്ക്കും 60 ശതമാനം നഗരവാസികൾക്കും ദിവസം 2100 കലോറി കിട്ടിയിരുന്നില്ല. തൊഴിലവസരം വർഷം രണ്ടു ശതമാനം മാത്രമാണ് വർധിച്ചത്. ജനസംഖ്യാ വർധനയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് തുലോം തുച്ഛമായിരുന്നു. ഈ തൊഴിലില്ലായ്മ ചെറുപ്പക്കാരെ വല്ലാതെ ഒറ്റപ്പെടുത്തി. സ്വാശ്രയമുതലാളിത്ത പദ്ധതിയെ പ്രോത്സാഹിപ്പിച്ച വൻകിട മുതലാളിമാരും സാമ്പത്തികവളർച്ച നിരക്ക് നിലനിർത്താൻ കഴിയാത്തതിൽ അസ്വസ്ഥരായി. സർക്കാരിന് നിയന്ത്രണമുള്ള സ്വാശ്രയ സമ്പദ്വ്യവസ്ഥയെന്ന നയം വൻകിട മുതലാളിത്ത പിന്തുണയുള്ള നവ ഉദാരവാദത്തിന് വഴിമാറി. ഇത് അവർക്ക് അന്താരാഷ്ട്ര ധനമൂലധനവുമായി കൂടിച്ചേരാനുള്ള അവസരം തുറന്നു. മധ്യവർഗവും ഇതിനെ പിന്തുണച്ചു. സാമ്രാജ്യത്വ മൂലധനം ഇന്ത്യയിലേക്ക് ഒഴുകിയാൽ പുതിയ തൊഴിലവസരങ്ങൾ തുറക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, സ്വാശ്രയ സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കാൻ പൊരുതുമെന്നു കരുതിയ തൊഴിലാളികളാകട്ടെ അതിനായി തുനിഞ്ഞുമില്ല. കാരണം അവർക്ക് ആ വ്യവസ്ഥയിലെ പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു. 91നു ശേഷം അതിർത്തി കടന്ന് സാധനങ്ങളും സേവനങ്ങളും മൂലധനവും ഒഴുകാൻ തുടങ്ങി. ഇത് സാമ്പത്തിക നയംമാറ്റം മാത്രമായിരുന്നില്ല. ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ സാമ്രാജ്യത്വ മൂലധന ആധിപത്യത്തിന്റെ പുനഃപ്രവേശനം കൂടിയായിരുന്നു. വൻകിട മുതലാളിത്തം ഇതോട് ഐക്യപ്പെട്ടു. ഉപരി–- മധ്യവർഗ വിഭാഗങ്ങൾ വിസമ്മതത്തോടെയാണെങ്കിലും അംഗീകരിച്ചുപോന്നു. സ്വാതന്ത്ര്യത്തിനുമുമ്പ് സാമ്രാജ്യത്വത്തിനെതിരെ ഒന്നിച്ച ഇന്ത്യൻ സമൂഹത്തിലെ വിഭാഗങ്ങൾ ഇതുസംബന്ധിച്ച് വിഭിന്നമായ നിലപാടാണ് സ്വീകരിച്ചതെന്നർഥം. സാമ്രാജ്യത്വവും രാഷ്ട്രവും തമ്മിലുള്ള വൈരുധ്യം രാഷ്ട്രത്തിന് അകത്തുതന്നെയുള്ള വിഭജനമായി മാറി. വിദേശമൂലധനത്തോട് ഐക്യപ്പെട്ട വൻകിട മുതലാളിത്തം ഒരുഭാഗത്തും മറുഭാഗത്ത് തൊഴിലാളികളും. ഇന്ത്യൻ ഭരണകൂടമാകട്ടെ വിദേശമൂലധനത്തിന്റെയും ഭൂപ്രഭുക്കന്മാരുടെയും വൻകിട കോർപറേറ്റുകളുടെയും താൽപ്പര്യത്തിനൊപ്പമാണ് നിലയുറപ്പിച്ചത്. ഫലമെന്നോണം കാർഷികമേഖലയടക്കം ഉൽപ്പാദനമേഖലയ്ക്ക് നൽകിവന്ന സഹായങ്ങളിൽനിന്ന് സർക്കാർ പിൻവലിഞ്ഞു. അന്താരാഷ്ട്ര കാർഷിക വ്യവസായഗ്രൂപ്പുകൾക്കും വൻകിട ആഭ്യന്തര മുതലാളിത്തത്തിനും ഈ മേഖല തുറന്നുകൊടുത്തു. സർക്കാരിന്റെ പിൻവാങ്ങൽ കാർഷികമേഖല ലാഭകരമല്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചു. ഇത് കർഷകരുടെ കൂട്ട ആത്മഹത്യയിലേക്കും കാർഷിക വിഭാഗങ്ങളുടെ പട്ടണ കുടിയേറ്റത്തിലേക്കും നയിച്ചു. ഇത് തൊഴിലന്വേഷക സൈന്യത്തിന്റെ വലുപ്പം കൂട്ടാൻ മാത്രമാണ് സഹായിച്ചത്. ചുരുക്കത്തിൽ പുത്തൻ ഉദാരവൽക്കരണം വ്യാജവാഗ്ദാനങ്ങളുടെ ഭണ്ഡാരം മാത്രമായി. മൊത്ത ആഭ്യന്തരവളർച്ച നിരക്ക് ഉയർന്നെങ്കിലും തൊഴിൽവളർച്ച നിരക്ക് പകുതിയായി. തൊഴിലില്ലാത്തവരുടെ എണ്ണത്തിലെ വർധന ഉള്ള തൊഴിൽ പങ്കുവയ്ക്കുന്നതിലേക്ക് എത്തിച്ചു. കൂടാതെ സംഘടിത മേഖലയിലടക്കം വിലപേശാനുള്ള അവരുടെ കഴിവിനെ കുറച്ചു. ഇത് പണിയെടുക്കുന്ന വിഭാഗങ്ങളുടെ പ്രതിശീർഷ വരുമാനം കുറച്ചു. ഒപ്പം രാജ്യത്തെ പട്ടിണിയുംകൂടി. എൺപതുകളിൽ വർധിച്ചുവന്ന ഭക്ഷ്യധാന്യ ലഭ്യത മരവിച്ചു. പോഷകശോഷണമുള്ള (ദിവസം 2200 കലോറി) ഗ്രാമീണജനതുടെ എണ്ണം 54 ശതമാനത്തിൽനിന്ന് 68 ശതമാനമായി. നഗരവാസികളിൽ ഇത് 57ൽ നിന്ന് 65 ശതമാനവുമായി. പുത്തൻഉദാരവൽക്കരണത്തിന്റെ പ്രതാപകാലത്തും പണിയെടുക്കുന്നവന്റെ ദുരിതം കൂടിവന്നു. ഇത് ഉദാരവൽക്കരണത്തെ പുറത്തുകടക്കാനാകാത്ത പ്രതിസന്ധിയിലേക്ക് നയിച്ചു. പണമുള്ളവന്റെ കൈയിലെ ഒരു രൂപയേക്കാൾ തൊഴിലാളികളുടെ കൈയിലെ ഒരു രൂപയാണ് കൂടുതൽ ഉപയോഗം സൃഷ്ടിക്കുന്നത്. ഇതാണ് അതിമ ഉൽപ്പാദനത്തിന് പ്രേരണയാകുന്നത്. ലോകസാമ്പത്തിക രംഗത്തെ മാന്ദ്യം ഇന്ത്യൻ സാമ്പത്തികരംഗത്തെയും ബാധിക്കാൻ തുടങ്ങി. ഇത് കൂടുതൽ തൊഴിലില്ലായ്മയിലേക്കും അതൃപ്തിയിലേക്കും നയിച്ചു. മോദി സർക്കാർ നോട്ട് നിരോധിച്ചതും ജിഎസ്ടി അടിച്ചേൽപ്പിച്ചതും കാര്യങ്ങൾ കൂടുതൽ വഷളാക്കി. പുത്തൻ ഉദാരവൽക്കരണത്തിന്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് ഈ പ്രതിസന്ധി മറികടക്കാനാകില്ല. സർക്കാരിന്റെ വലിയതോതിലുള്ള മുതൽമുടക്കാണ് ഏക പരിഹാരം. അത് ധനകമ്മി വഴിയോ, (കടമെടുത്തോ മറ്റോ) പണക്കാരിൽനിന്ന് നികുതി ഈടാക്കിയോ ആകാം. തൊഴിലാളികളിൽ നികുതി ചുമത്തിയാൽ അത് വിപണിയിലെ ആവശ്യകത കൂട്ടാൻ ഉപകരിക്കില്ല. എന്നാൽ, ധനക്കമ്മിയും പണക്കാർക്ക് നികുതി ചുമത്തുന്നതും ആഗോള ധനമൂലധനത്തിന് സ്വീകാര്യമല്ലാത്തതിനാൽ അതും നടക്കില്ല. കൂടുതൽ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാൻവേണ്ടി മൂലധനശക്തികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത് സത്യത്തിൽ പ്രതിസന്ധി കൂടുതൽ മൂർച്ഛിപ്പിക്കാനിടയാക്കും. ആവശ്യകത വർധിച്ചാൽ മാത്രമേ അവർ നിക്ഷേപിക്കാൻ താൽപ്പര്യപ്പെടൂ. അതില്ലാത്തപക്ഷം ആനുകൂല്യങ്ങൾ പണമായി പോക്കറ്റിൽത്തന്നെ സൂക്ഷിക്കാനാണ് സാധ്യത. മൂലധനശക്തികൾക്ക് ആനുകൂല്യങ്ങൾ നൽകാൻ ചെലവ് വെട്ടിക്കുറയ്ക്കുന്നത് ഫലത്തിൽ വിപണിയിലെ ആവശ്യകത കുറയ്ക്കുകയും ചെയ്യും. ഇങ്ങനെ കരകയറാനാകാത്ത പ്രതിസന്ധിയിലകപ്പെട്ട പുത്തൻ ഉദാരവാദ വ്യവസ്ഥ, ജനങ്ങളുടെ ശ്രദ്ധതിരിക്കാനായാണ് ഹിന്ദുത്വ വർഗീയതയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുന്നത്.

ദേശാഭിമാനി 12 Aug 2022 1:00 am

പോരാടാം, നേടിയ സ്വാതന്ത്ര്യം
 സംരക്ഷിക്കാൻ - ബൃന്ദ കാരാട്ട് എഴുതുന്നു

‘ഈ മഹത്തായ ഓഫീസിനു മുകളിൽ പാറിക്കളിക്കേണ്ട ദേശീയപതാക ഇന്നാട്ടിലെ സ്ത്രീകളുടെ സമ്മാനമായിരിക്കണമെന്നത് ഉചിതമായ തീരുമാനമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞങ്ങൾ പോരാടുകയും കഷ്ടപ്പെടുകയും നിരവധി ത്യാഗങ്ങൾ സഹിക്കുകയും ചെയ്തു. ഇനിയങ്ങോട്ട് ഒരു മഹത്തായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ സ്ത്രീകൾ അക്ഷീണം പ്രയത്നിക്കും’. 75 വർഷംമുമ്പ് ആഗസ്ത് 15ന് അർധരാത്രി ഭരണഘടന നിർമാണസഭയ്ക്ക് മുകളിൽ ആദ്യമായി ഉയർത്തിയ ദേശീയപതാക രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദിന് കൈമാറിയ ഹൻസ മേത്തയുടെ വാക്കുകൾ. സ്വാതന്ത്ര്യസമര സേനാനിയും ഭരണഘടന നിർമാണസഭയിലെ 15 സ്ത്രീകളിൽ ഒരാളുമായിരുന്ന അവർ ഒന്നുകൂടി പറഞ്ഞു,- ‘നേടിയ സ്വാതന്ത്ര്യം നിലനിർത്തുകയെന്ന വലിയ ലക്ഷ്യത്തിനായി സ്ത്രീകൾ പോരാട്ടം തുടരും'. മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ഇക്കാലത്തും അന്ന് ഹൻസ മേത്ത പറഞ്ഞ അതേ വെല്ലുവിളിയാണ് സ്ത്രീകൾ, പ്രത്യേകിച്ച് തൊഴിലാളിവർഗ സ്ത്രീകൾ നേരിടുന്നത്. നേടിയ സ്വാതന്ത്ര്യം നിലനിർത്തുകയെന്ന വെല്ലുവിളി. ഇന്ത്യൻ സ്ത്രീസമൂഹം ഇന്നനുഭവിക്കുന്ന പുരോഗതി ആർജിക്കുന്നതിൽ സ്വാതന്ത്ര്യസമരവും ഭരണഘടനയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ഇനിയും കടമ്പകൾ അനവധിയാണ് മുന്നിൽ. മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ ആക്രമണം സ്ത്രീകളുടെ ജീവിതം നിർണയിക്കേണ്ടത് മതമല്ല, ഭരണഘടനയാണ് എന്ന തിരിച്ചറിവാണ് സ്വാതന്ത്ര്യസമരം സ്ത്രീകൾക്കു നൽകിയ ഏറ്റവും വലിയ കരുത്ത്. മതഗ്രന്ഥങ്ങൾ സ്ത്രീകളെ സമൂഹത്തിലെ രണ്ടാംനിര പൗരരായി മാറ്റിനിർത്തുമ്പോൾ ഭരണഘടന അവർക്ക് ലിംഗ,- മത വ്യത്യാസങ്ങൾക്ക് അതീതമായ സമത്വം ഉറപ്പുനൽകുന്നു. പാകിസ്ഥാനെപ്പോലെ മതാത്മക രാഷ്ട്രമാകാതെ മതനിരപേക്ഷതയിൽ ഊന്നിനിന്നതുകൊണ്ടാണ് നമുക്ക് സ്ത്രീസൗഹൃദമായ നിരവധി നിയമം കൊണ്ടുവരാനായത്. എന്നാൽ, പാകിസ്ഥാൻ ഇസ്ലാമിക രാഷ്ട്രമായതുപോലെ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് വാദിച്ച വി ഡി സവർക്കറിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ഉണ്ടായിരുന്നു. അവരുടെ വാദം യാഥാർഥ്യമായിരുന്നെങ്കിൽ ഭരണഘടനയല്ല, മനുസ്മൃതിയാകും സ്ത്രീകളുടെ ജീവിതം നിർണയിക്കുക. പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുടെ അങ്ങേയറ്റത്തു നിൽക്കുന്ന, പിറവിയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കുന്ന, ജാതിവ്യവസ്ഥയെ ഹിന്ദു വിശ്വാസത്തിന്റെ അന്തസ്സത്തയായി കണക്കാക്കുന്ന ആ ഗ്രന്ഥത്തിൽ സ്ത്രീകളുടെയും ദളിതരുടെയും സ്ഥാനമെന്തെന്ന് നമുക്കറിയാം. അന്ന് മനുസ്മൃതി വാദം ഉന്നയിച്ച ആർഎസ്എസ്, ഹിന്ദുമഹാസഭ പോലുള്ളവർ സമൂഹത്തിന്റെ മുഖ്യധാരയ്ക്ക് പുറത്തുള്ള ചെറുവിഭാഗം ആയിരുന്നെങ്കിൽ ഇന്നവർ ഇന്ത്യ ഭരിക്കുന്നു. അതുകൊണ്ടുതന്നെ, സ്ത്രീകൾ നേടിയ അവകാശങ്ങളെല്ലാം ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയും മതനിരപേക്ഷതയും അടിസ്ഥാനമാക്കിയ നിയമങ്ങളിൽക്കൂടി നേടിയതാണെന്ന് ഉറക്കെ ആവർത്തിക്കേണ്ടതുണ്ട്. വിവാഹവും ലൈംഗികതയും തീരുമാനിക്കാനുള്ള വ്യക്തിയുടെ അവകാശം സംരക്ഷിക്കുന്നതും ഗാർഹിക പീഡനങ്ങൾക്കെതിരെയുള്ളതുമായ നിയമങ്ങളിൽ വെള്ളം ചേർക്കാൻ സർക്കാരിന്റെ ഭാഗമായവർ ശ്രമിക്കുകയാണ് ഇന്ന്. ഇന്ത്യൻ മൂല്യങ്ങൾക്ക് എതിരാണെന്ന പേരിലാണ് ഇത്തരം നീക്കങ്ങൾ. ദുരഭിമാനക്കൊല, വൈവാഹിക പീഡനം തുടങ്ങിയവയ്ക്കെതിരെ നിയമം നിർമിക്കാൻ ബിജെപി-, ആർഎസ്എസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകാത്തതും സ്ത്രീവിമോചനത്തിന് വെല്ലുവിളിയായി നിലനിൽക്കുന്നു. സ്ത്രീകളുടേതായ ഏജൻസി ഗാന്ധിജി നയിച്ച കോൺഗ്രസ് ആകട്ടെ, കമ്യൂണിസ്റ്റുകാർ നയിച്ച മുന്നേറ്റമാകട്ടെ, അംബേദ്കറുടെ നേതൃത്വത്തിലുള്ള സാമൂഹ്യനീതി പ്രസ്ഥാനമാകട്ടെ, സ്വാതന്ത്ര്യസമരകാലത്ത് സ്ത്രീ പ്രാതിനിധ്യത്തെയും അവരുടേതായ പ്രത്യേക ഏജൻസിയെന്ന ആശയത്തെയും നേതൃത്വം വലിയതോതിൽ പിന്തുണച്ചിരുന്നു. യാഥാസ്ഥിതിക ഫ്യൂഡൽ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് ലക്ഷക്കണക്കിന് സ്ത്രീകൾ സധൈര്യം ലാത്തിയെയും തോക്കിനെയും നേരിട്ടു. ജയിലിൽ കഴിഞ്ഞു. ഇന്നത്തെ ഇന്ത്യൻ സ്ത്രീ സമൂഹത്തിൽ, പ്രത്യേകിച്ച് ഇളംതലമുറയിൽ, മുൻകാലങ്ങളിൽ നിഷിദ്ധമായിരുന്ന മേഖലകളിൽ കാലുറപ്പിച്ച് ഉയരങ്ങൾ കീഴടക്കിയവർ അനേകം. എന്നാൽ, സ്ത്രീകളുടെ, പ്രത്യേകിച്ച് ദരിദ്രവിഭാഗത്തിൽ ഉള്ളവരുടെ ക്ഷേമത്തിനായും അവകാശ സംരക്ഷണത്തിനായുമുള്ള നിയമ, നയ മാറ്റങ്ങൾ സാധ്യമായത് വൻ പ്രക്ഷോഭങ്ങളിൽക്കൂടിയാണ്. ചിലപ്പോഴൊക്കെ പാതിമനസ്സോടെ സമ്മതം മൂളിയ സർക്കാരുകൾ മറ്റു ചിലപ്പോൾ തീർത്തും ശത്രുതാപരമായ നിലപാടുകളുമെടുത്തു. ഇന്നും മകന് പ്രാധാന്യം നൽകുന്ന രാജ്യമാണ് നമ്മുടേത്. 1994ൽ പെൺ ഭ്രൂണഹത്യ കുറ്റകരമാക്കി. എന്നാൽ, യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ 2020ലെ റിപ്പോർട്ട് പ്രകാരം 2011–--16ൽ ഗർഭകാലയാളവിലെ ലിംഗനിർണയത്തിലൂടെ രാജ്യത്ത് നാലു ലക്ഷം പെൺകുഞ്ഞുങ്ങളുടെ പിറവി ‘ഒഴിവാക്കപ്പെട്ടു'. ലൈംഗികാതിക്രമം, പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നത്, സ്ത്രീധനമരണം, ആസിഡ് ആക്രമണങ്ങൾ തുടങ്ങി കുടുംബത്തിലും സമൂഹത്തിലും സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള സ്ത്രീകളുടെ ശ്രമങ്ങളെ സമൂഹം പിറകോട്ടുവലിക്കുന്ന മാർഗങ്ങൾ പലതാണ്. 2019ൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 4.12 ലക്ഷമായി ഉയർന്നതായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ വ്യക്തമാക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റങ്ങളിൽ ശിക്ഷ കിട്ടുന്നത് 23.7 ശതമാനം പേർക്ക് മാത്രമാണ്. ദളിത്, ആദിവാസി സ്ത്രീകൾക്കെതിരായ ജാതിക്കുറ്റങ്ങളും അവർ തൊഴിലാളി വർഗമായതുകൊണ്ടുമാത്രം ഭൂപ്രഭുക്കന്മാർ, സമ്പന്നർ തുടങ്ങിയവരിൽനിന്ന് നേരിടേണ്ടിവരുന്ന അതിക്രമങ്ങളും കൂടുന്നു. ഹാഥ്രസ് കേസിൽ ഉൾപ്പെടെ ബലാത്സംഗക്കേസ് പ്രതികൾക്ക് അധികൃതർ നൽകിയ പരസ്യ പിന്തുണ ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ. സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന സ്ത്രീകൾക്ക് രാജ്യത്തിന്റെ ആദ്യ പാർലമെന്റിൽ ലഭിച്ചത് അഞ്ചു ശതമാനം പ്രാതിനിധ്യം മാത്രമാണ് . 75 വർഷത്തിനുശേഷം 14 ശതമാനത്തിലെത്തി. ലോക ശരാശരിയായ 24.6 ശതമാനംതന്നെ പര്യാപ്തമല്ലെന്ന വസ്തുത നിലനിൽക്കെയാണ് ഇത്. പഞ്ചായത്തുതലത്തിൽ സ്ഥിതി വ്യത്യസ്തമാണ്. മൂന്നിലൊന്ന് വനിതാ സംവരണമെന്നത് യുപിഎ സർക്കാരിന്റെ കാലത്ത് 50 ശതമാനമാക്കി. അതോടെ താഴേത്തട്ടിൽ സ്ത്രീകൾ വിജയഗാഥകൾ എഴുതാൻ തുടങ്ങി. ഇടതുപക്ഷ ഭരണകാലത്ത് പശ്ചിമ ബംഗാളിലാണ് മൂന്നിലൊന്ന് പ്രാതിനിധ്യം ആദ്യം നടപ്പാക്കിയത്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാകട്ടെ, സ്ത്രീകൾ നേതൃത്വം നൽകുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ നിരവധി അവാർഡ് നേടി രാജ്യത്തിനുതന്നെ മാതൃകയാകുന്നു. നവ ഉദാരനയങ്ങളുടെ പ്രത്യാഘാതങ്ങൾ സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സ്, സ്വയംസ്ഥാപിക്കാനുള്ള കഴിവ് എന്നിവ അവരുടെ ധനസമ്പാദനശേഷിയെ ആശ്രയിച്ചിരിക്കുന്നു. ചരിത്രപരമായിത്തന്നെ തൊഴിൽ മേഖലകളിൽ പുലർത്തിവരുന്ന ലിംഗവിവേചനവും പ്രധാന ഘടകമാണ്. മുൻ കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച കോർപറേറ്റ് അനുകൂല നവ ഉദാരവൽക്കരണ നയങ്ങൾ കൂടുതൽ ശക്തിയോടെ തുടരുകയാണ് മോദി സർക്കാർ. ഇങ്ങനെ സമൂഹത്തിൽ സൃഷ്ടിച്ചെടുക്കുന്ന ഉച്ചനീചത്വങ്ങൾ പാർശ്വവൽക്കൃത സമൂഹത്തെയാകെ ബാധിക്കുമെങ്കിലും ഇതിന്റെ തിക്തഫലങ്ങൾ കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളാണ്. സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാനശക്തിയായി നിലകൊണ്ടത് തൊഴിലാളികളും കർഷകത്തൊഴിലാളികളും ആയിരുന്നെങ്കിലും നേതൃത്വത്തിലെ വർഗ വ്യത്യാസം പ്രകടമായിരുന്നു. ഈ വ്യത്യാസമാണ് സ്വതന്ത്ര ഇന്ത്യയിൽ ജന്മി ഭൂപ്രഭു വിഭാഗത്തെ ആധിപത്യത്തിൽ ഉറപ്പിച്ചുനിർത്തിയത്. സാമ്പത്തിക സമത്വം, തൊഴിലെടുക്കാനുള്ള അവകാശം, തുല്യ വേതനത്തിനുള്ള അവകാശം, തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ എന്നിവ നിർദേശക തത്വങ്ങൾക്ക് താഴെയുള്ള നോൺ ജസ്റ്റിസയബിൾ (കോടതിയെ സമീപിച്ച് അവകാശം നേടിയെടുക്കാനാവാത്ത )വിഭാഗത്തിലേക്ക് മാറ്റിയത് ഭരണവർഗത്തിലെ ഇത്തരം ആധിപത്യങ്ങളുടെ ഫലമായാണ്. ഭരണഘടനാ നിർമാണസഭയിലെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് വിഭാഗക്കാരായ ചുരുക്കം അംഗങ്ങൾ മാത്രമാണ് സാമ്പത്തികമേഖലയിലെ അവകാശങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാനാകുന്ന (ജസ്റ്റിസയബിൾ) മൗലികാവകാശങ്ങളുടെ പട്ടികയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. അന്ന് വല്ലഭ്ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി ഇതിനെതിരായിരുന്നു. നവ ഉദാരനയങ്ങളുടെ ഫലമായി ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളുടെ പദവി കൂടുതൽ താഴേക്കുപോയി. കൂടുതൽ വിവേചനത്തിന് ഇരയാകുന്ന അവസ്ഥയുണ്ടായി. സ്ത്രീകളുടെ തൊഴിലില്ലായ്മയിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളിൽ ഒന്നും. 2019ലെ ഒഇസിഡി സർവേ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മയിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 52 ശതമാനം മുന്നിലാണ്. തൊഴിൽ അവസരങ്ങളുടെ ദൗർലഭ്യം കാരണം ഗ്രാമീണമേഖലയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 10 ശതമാനത്തിനും താഴെ എത്തിയതായി 2022 ഏപ്രിലിലെ കണക്കുകൾ വ്യക്തമാക്കുന്നു.പുരുഷന്മാർക്ക് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് വേതനം മാത്രമാണ് ഇപ്പോഴും സ്ത്രീകൾക്ക് ലഭിക്കുന്നത്. ഇന്നത്തെ ഇന്ത്യയിൽ കോർപറേറ്റുകളെ സഹായിക്കാനും തങ്ങളുടെ മനുവാദി ആശയങ്ങൾ നടപ്പാക്കാനുമായി കേന്ദ്രസർക്കാർ നടത്തുന്ന തീവ്രശ്രമങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ അന്തസ്സത്തയെ മാത്രമല്ല, സ്വാതന്ത്ര്യത്തെത്തന്നെ തകർക്കുന്ന നിലയാണ്. സംവിധാനത്തിലെ പുഴുക്കുത്തുകൾ പരിഹരിക്കാനും സോഷ്യലിസം, സമത്വം, നീതി എന്നിവ നേടിയെടുക്കാനും തൊഴിലാളിവർഗത്തിലെ പുരുഷൻമാരും സ്ത്രീകളും ഒറ്റക്കെട്ടായി രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു.

ദേശാഭിമാനി 12 Aug 2022 1:00 am

വാഗൺ കൂട്ടക്കൊല ; മരണവണ്ടിയുടെ ചൂളംവിളി

സ്വാതന്ത്ര്യസമരം മലബാറിൽ ശക്തിപ്രാപിക്കുന്നതിനിടെ ബ്രിട്ടീഷ് സാമ്രാജ്യത്വം നടത്തിയ ഏറ്റവും ക്രൂരമായ നരനായാട്ടാണ് വാഗൺ ട്രാജഡി. ക്രൂരമായ കൂട്ടക്കൊലയാണ് 1921 നവംബർ 19ന് നടന്നത്. മലബാർ കലാപത്തിനോടനുബന്ധിച്ച് പിടികൂടിയവരെ കോയമ്പത്തൂർ ജയിലിലടയ്ക്കാൻ തിരൂരിൽനിന്നാണ് റെയിൽവേയുടെ ചരക്ക് വാഗണിൽ കുത്തിക്കയറ്റിയത്.സ്വാഭാവിക മരണമെന്ന് തോന്നിക്കുംവിധം ബ്രിട്ടീഷ് സർക്കാർ സമരക്കാരെ കൊന്നൊടുക്കുകയായിരുന്നു. പലപ്പോഴായി പട്ടാളക്കാർ പിടികൂടിയ രണ്ടായിരത്തോളം സമരക്കാരെ 32 തവണയായി ആൻഡമാനിലേക്കും കോയമ്പത്തൂരിലേക്കും നാടുകടത്തി. കേണൽ ഹംഫ്രിബ്, സ്പെഷ്യൽ ഓഫീസർ ഇവാൻസ്, ജില്ലാ പട്ടാള മേധാവി ഹിച്ച്കോക്ക്, ആമു സൂപ്രണ്ട് എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. നവംബർ 10 മുതൽ മലബാർ കലാപത്തിന്റെ പേരിൽ നിരവധി പോരാളികളെ അറസ്റ്റ് ചെയ്തിരുന്നു. മലബാറിലെ ജയിലുകൾ സമരക്കാരാൽ നിറഞ്ഞുകവിഞ്ഞു. പ്രക്ഷോഭത്തെ അടിച്ചമർത്താൻ നിരവധി പേർക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയാണ് പൊലീസ് പിടികൂടിയത്. പുലാമന്തോൾ പാലം പൊളിച്ചെന്നായിരുന്നു വാഗണിലടച്ചവർക്കെതിരെ ചുമത്തിയ കുറ്റം. നവംബർ 19ന് രാവിലെ 7.15നാണ് തീവണ്ടി തിരൂരിൽനിന്ന് പോത്തന്നൂരിലേക്ക് പുറപ്പെട്ടത്. പോത്തന്നൂരിലെത്തിയത് രാത്രി 12ന്. വെള്ളമോ വെളിച്ചമോ വായുവോ ഇല്ലാതെയായിരുന്നു മണിക്കൂറുകൾ നീണ്ട യാത്ര. എംഎസ് എം എൽവി-117 ചരക്കുതീവണ്ടിയിലെ മൂന്നു മുറിയിലായി നൂറുകണക്കിനു പേരെ കയറ്റി. കഷ്ടിച്ച് 50 പേർക്കുമാത്രം നില്ക്കാവുന്ന മുറിയുടെ വാതിലുകൾ പുറത്തുനിന്ന് പൂട്ടി. ഇരുട്ടിൽ അവര് പ്രാണവായുവിനായി പിടഞ്ഞു. വാഗണിൽനിന്ന് ഉയര്ന്ന വിലാപം അധികൃതർ വകവച്ചില്ല. വണ്ടി ഷൊർണൂരും ഒലവക്കോട്ടും അൽപ്പസമയം നിർത്തിയപ്പോഴും തുടർന്ന നിലവിളികൾ പട്ടാളം കേട്ടതായിപ്പോലും നടിച്ചില്ല. പോത്തന്നൂരിലെത്തിയപ്പോഴേക്കും പലരും മരിച്ചു. മരിക്കാത്തവർ ജീവച്ഛവങ്ങളായി. വാതിൽ തുറന്നുനോക്കിയപ്പോൾ കണ്ടത്ത് മരണവെപ്രാളത്തിൽ പരസ്പരം മാന്തിപ്പൊളിച്ചും കെട്ടിപ്പിടിച്ചും വിറങ്ങലിച്ചുകിടന്ന 70 മൃതദേഹമാണ്. ഇതോടെ വണ്ടി തിരൂരിലേക്കുതന്നെ തിരിച്ചയച്ചു. പ്രഹസനമായ 
അന്വേഷണം സംഭവം അന്വേഷിക്കാൻ മലബാർ കാര്യങ്ങൾക്കുള്ള സ്പെഷ്യൽ കമീഷണർ എ ആർ നാപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ സർക്കാർ നിയമിച്ചു. മങ്കട കൃഷ്ണവർമ രാജ, കല്ലടി മൊയ്തൂട്ടി സാഹിബ്, മഞ്ചേരി രാമയ്യർ എന്നിവരായിരുന്നു അംഗങ്ങൾ. ദ്വാരങ്ങളും വലക്കെട്ടുള്ളതുമായ വാഗൺ പെയിന്റ് ചെയ്തപ്പോൾ ദ്വാരങ്ങൾ അടഞ്ഞുപോയെന്നും ആളുകളെ കയറ്റാൻ പറ്റിയ വാഗൺ ആവശ്യപ്പെടാത്തതിനാലാണ് ചരക്ക് വാഗൺ നൽകിയതുമെന്ന വിചിത്രമൊഴിയാണ് റെയിൽവേ നൽകിയത്. വാഗൺ നിർമിച്ച കമ്പനിക്കാരും അത് ഏൽപ്പിച്ചുകൊടുത്ത ഇൻസ്പെക്ടർമാരുമാണ് കുറ്റക്കാർ എന്നായിരുന്നു കമ്മിറ്റി റിപ്പോർട്ട്. 32 വ്യത്യസ്ത യാത്രകളിലായി 2500 തടവുകാരെ കടത്താൻ ഇതേപോലുള്ള രണ്ടു ബോഗി ഉപയോഗിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും അപകടം ഉണ്ടായിട്ടില്ലെന്നും വാഗണിൽ സമരക്കാരെ കൊണ്ടുപോയതിനെ ന്യായീകരിച്ച് റിപ്പോർട്ട് പറയുന്നു. റെയിൽവേ സർജന്റ് ആൻഡ്രൂസ്, പൊലീസ് ഹെഡ് കോൺസ്റ്റബിൾ എന്നിവരെ പ്രതിയാക്കി കേസെടുത്തെങ്കിലും കോടതി രണ്ടു പേരെയും വെറുതെ വിട്ടു.

ദേശാഭിമാനി 12 Aug 2022 1:00 am

പി പി ജാനകിക്കുട്ടി പുരസ്‌കാരം ഡോ. സംഗീത ചേനംപുല്ലിയ്‌ക്ക്‌

മലപ്പുറം >പി പി ജാനകിക്കുട്ടിയുടെ സ്മരണയ്ക്കായി പി.പി ജാനകിക്കുട്ടി സ്മാരക ട്രസ്റ്റും പുരോഗമന കലാസാഹിത്യ സംഘം പെരിന്തല്മണ്ണ മേഖലാ കമ്മിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ 2022 - ലെ കവിതാ പുരസ്കാരം ഡോ. സംഗീത ചേനംപുല്ലിയുടെ 'കവിത വഴിതിരിയുന്ന വളവുകളിൽ' എന്ന കൃതിയ്ക്ക് ലഭിച്ചു. പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. പട്ടാമ്പി ഗവ. കോളേജ് രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സംഗീത ചേനംപുല്ലി ഒറ്റപ്പാലം മുണ്ടനാട്ടുകര സ്വദേശിയാണ്. ആലിപ്പറമ്പ് മുണ്ടന്കോടി രാംദാസ് ആണ് ഭര്ത്താവ്. ചില ഓർമ്മകളുടെ ഭാരങ്ങളും പ്രാചീനഗന്ധങ്ങളും അനുഭൂതികളും പൊതിഞ്ഞുനിൽക്കുന്നതാണ് സംഗീത ചേനംപുല്ലിയുടെ കവിതകളെന്നും, പെണ്ണവസ്ഥകളുടെ രാഷ്ട്രീയവും, ഒപ്പം തുറന്ന രാഷ്ട്രീയപരിസരവും സംഗീതയുടെ കവിതകളിൽ കരുത്തിൻ്റെ ഭാഷ ചമയ്ക്കുന്നതായി അനുഭവപ്പെടുന്നു എന്നും വിധികർത്താക്കളായ ഡോ. കെ പി മോഹനൻ, പി എസ് വിജയകുമാർ, അജിത്രി എന്നിവർ വിലയിരുത്തി. പറഞ്ഞുതീരാതെ, ഏതോ വളവുകളിൽനിന്നും തിരിവുകളിൽനിന്നും കവിത തുരന്നെടുക്കാൻ കവി പ്രദർശിപ്പിച്ച ആർജ്ജവമാണ് അൻപതിൽപരം കവിതാസമാഹാരങ്ങളിൽ നിന്നും ഈ കൃതിയെ മുന്നിൽ നിറുത്താനിടയാക്കിയതെന്ന് പുരസ്കാര നിർണ്ണയസമിതി അറിയിച്ചു. പുരസ്കാരം ആഗസ്ത് 23 ന് വൈകുന്നേരം 4 ന് പെരിന്തൽമണ്ണ വച്ച് നടക്കുന്ന പി പി ജാനകിക്കുട്ടി അനുസ്മരണ സമ്മേളനത്തിൽ പ്രശസ്ത കഥാകാരൻ വൈശാഖൻ സമ്മാനിക്കും.

ദേശാഭിമാനി 11 Aug 2022 2:54 pm

പുന്നപ്ര വയലാർ ; സാമ്രാജ്യത്വത്തിനെതിരായ 
ഐതിഹാസിക പോരാട്ടം

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ കമ്യൂണിസ്റ്റ് പാർടിയുടെ പോരാട്ടത്തിലെ ഐതിഹാസിക ഏടാണ് പുന്നപ്ര–- വയലാർ. 1946 ഒക്ടോബറിലാണ് ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നത്. തോക്കുമേന്തിവന്ന പട്ടാളത്തെ വാരിക്കുന്തംകൊണ്ട് നേരിട്ട തൊഴിലാളിവർഗത്തിന്റെ നിശ്ചയദാർഢ്യംകൂടിയാണ് ഈ സമരം. ഒരേസമയം നാട്ടുരാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനുമെതിരായിരുന്നു പ്രക്ഷോഭം. പട്ടിണിയിലും ദുരിതത്തിലും ജീവിക്കാൻ കഷ്ടപ്പെട്ട തൊഴിലാളികളുടെ ഒരുവിധ ആവശ്യങ്ങളോടും അനുഭാവം പ്രകടിപ്പിക്കാൻ ദിവാൻ തയ്യാറായില്ല. ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച തിരുവിതാംകൂർ സ്വതന്ത്ര രാജ്യമായി തുടരാൻ തീരുമാനിച്ചു. തുടർന്ന് ദിവാന്റെ ഭരണത്തിനെതിരെ സമരകാഹളം മുഴങ്ങി. അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന കമ്യൂണിസ്റ്റ് പാർടിയുടെ മുദ്രാവാക്യത്തിനു കീഴിൽ തൊഴിലാളികൾ അണിനിരന്നു. തൊഴിൽ, കൂലി വ്യവസ്ഥകളിൽ കൃത്യതയും വ്യക്തതയും വരുത്തണമെന്ന് ആവശ്യപ്പെട്ട് കയർഫാക്ടറി തൊഴിലാളികൾ തുടങ്ങിയ സമരം ഒരു നാടിന്റെയും ജനതയുടെയും സ്വാതന്ത്ര്യസമരമായി പടർന്നു. സ്വാതന്ത്ര്യം, ജനാധിപത്യം, നീതി തുടങ്ങിയ മൂല്യബോധങ്ങൾ സമരത്തിന് ഊടും പാവുമേകി. മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളും ചെത്തുതൊഴിലാളികളും സമരത്തിൽ അണിനിരന്നു. ജന്മിമാർക്കും മുതലാളിമാർക്കുംവേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവർ ന്യായമായ കൂലി ചോദിച്ചാൽ ലഭിക്കുക ഭീകരമർദനമാണ്. അതിന് പൊലീസും അധികാരികളും കൂട്ടുനിൽക്കും. ചൂഷണവും അടിച്ചമർത്തലും വ്യാപിച്ചതോടെ അഭിമാനബോധമുള്ള തൊഴിലാളികൾക്ക് പോരാട്ടം അനിവാര്യമായി. കമ്യൂണിസ്റ്റ് പാർടിയുടെ സാന്നിധ്യവും തൊഴിലാളി സംഘടനാ രൂപീകരണവും മാർക്സിയൻ ആശയത്തിന്റെ വേരോട്ടവും അവരുടെ മുന്നേറ്റത്തിന് ഊർജമേകി. അതിജീവനത്തിന്റെ 
പോരാട്ടപാത ഉയർന്നുവരുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അടിച്ചമർത്തുന്നതിന് ആലപ്പുഴ, ചേർത്തല മേഖലകളിലേക്ക് സർക്കാർ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. അതേസമയം, ബ്രിട്ടീഷുകാരുടെ അതിക്രമം തടയാൻ തൊഴിലാളികൾക്ക് അർധസൈനിക പരിശീലനം നൽകാനായി വളന്റിയർ ക്യാമ്പുകളും കമ്യൂണിസ്റ്റ് പാർടി സംഘടിപ്പിച്ചു. അനീതിക്കെതിരെ തൊഴിലാളികൾക്ക് പൊരുതുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. പട്ടാളം വെടിവയ്ക്കാൻ ശ്രമിച്ചാൽ വാരിക്കുന്തവുമായി ഇഴഞ്ഞുനീങ്ങുക, കാഞ്ചി വലിക്കുന്നതിനുമുമ്പ് ചാടിയെണീറ്റ് വാരിക്കുന്തംകൊണ്ട് കുത്തിമലർത്തുക–- ഇതായിരുന്നു സമരശൈലി. ഒക്ടോബറിൽ പുന്നപ്ര ഗ്രാമത്തിലൂടെ മാർച്ച് നടത്തിയ പൊലീസ് സംഘത്തെ ഗ്രാമവാസികൾ ചെറുത്ത് തിരിച്ചയച്ചു. 1946 ഒക്ടോബർ 20ന് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് 27 ആവശ്യമുള്ള ഒരു പത്രിക സർക്കാരിന് സമർപ്പിച്ചു. ദിവാനെ മാറ്റി ഉത്തരാവദിത്വ ഭരണം നടപ്പാക്കുക എന്നതായിരുന്നു മുഖ്യമായ ആവശ്യങ്ങളിലൊന്ന്. ഒക്ടോബർ 22-ന് പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കിയ തൊഴിലാളികൾ ആലപ്പുഴയിൽനിന്ന് പുന്നപ്രയിലേക്ക് ജാഥ നടത്തി. 23ന് കളർകോട്ടിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സൈന്യം വെടിവച്ചു. ഒരാൾ മരിച്ചു. ജനക്കൂട്ടം പുന്നപ്രയ്ക്കു സമീപം പൊലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ചു. പൊലീസ് വെടിവയ്പിൽ 27 പേർ കൊല്ലപ്പെട്ടു. ഒക്ടോബർ 25ന് ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചു. ഇരുപത്താറിന് മാരാരിക്കുളത്തും 27ന് മേനാശേരിയിലും ഒളതലയിലും ഒടുവിൽ വയലാറിലും പൊലീസും പട്ടാളവും സമരക്കാരോട് ഏറ്റുമുട്ടി. വയലാറിലെ സമരക്യാമ്പ് മൂന്നുവശവും വെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപിലായിരുന്നു. ബോട്ടുകളിലെത്തിയ പട്ടാളക്കാർ ക്യാമ്പുവളഞ്ഞ് നാലുഭാഗത്തുനിന്നും വെടിവച്ചു. നൂറിലേറെപ്പേരാണ് രക്തസാക്ഷികളായത്. സമരഭൂമിയിലെ കുളത്തിൽ മൃതദേഹങ്ങൾ പൊലീസും പട്ടാളവും കൂട്ടിയിട്ട് കത്തിച്ചു. ഈ വെടിവയ്പുകളിലായി ഒട്ടേറപ്പേർ മരിച്ചെന്നാണ് കണക്ക്. ചെങ്കൊടിയെ നെഞ്ചിലേറ്റി നടത്തിയ പുന്നപ്ര–- വയലാർ പ്രക്ഷോഭം ബ്രിട്ടീഷ് ഭരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത തൊഴിലാളിവർഗ സമരമാണ്. ഇന്നത് സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്.

ദേശാഭിമാനി 11 Aug 2022 1:48 am

ദേശീയചിഹ്നത്തിന്റെ അർഥധ്വനികൾ

സാരനാഥിലെ അശോകസ്തംഭത്തിന്റെ മുകൾഭാഗം അലങ്കരിക്കുന്ന നാല് സിംഹരൂപങ്ങൾക്കും അവയ്ക്കു കീഴിലുള്ള ചക്രങ്ങൾക്കും വൈവിധ്യമാർന്ന പ്രതീകാർഥങ്ങളുണ്ട്. സിംഹം കുലചിഹ്നമാക്കിയ ശാക്യവംശത്തിൽ പിറന്ന, ശാക്യമുനിയായ ബുദ്ധനെ പലപ്പോഴും സിംഹമായും അദ്ദേഹത്തിന്റെ വാക്കുകളെ സിംഹഗർജനമായും (സിംഹഗോഷ) വിശേഷിപ്പിച്ചു കാണുന്നുണ്ട്. അതുകൊണ്ടുതന്നെ, നാലു ദിശയിലേക്കും നോക്കിനിൽക്കുന്ന സിംഹങ്ങൾ ബുദ്ധന്റെയും ബുദ്ധ ദർശനങ്ങളുടെയും പരമോന്നതമായ ശക്തിവിശേഷത്തിന്റെയും വ്യാപനശേഷിയുടെയും അർഥധ്വനികളെയാണ് സ്വീകരിക്കുന്നത്. തന്റെ ദർശനങ്ങൾ ശിഷ്യർക്ക് ആദ്യമായി ബുദ്ധൻ പകർന്നുനൽകിയത് സാരനാഥിൽ വച്ചായിരുന്നുവെന്ന വസ്തുതയിലേക്കാണ് (സാരനാഥിലെ) അശോകസ്തംഭത്തിലെ ചക്രം വിരൽ ചൂണ്ടുന്നതെന്ന് കരുതാവുന്നതാണ്. സാരനാഥിൽവച്ച് ബുദ്ധധർമം പ്രവർത്തനക്ഷമമാക്കിയതിന്റെ അടയാളമാണ് ‘ധർമചക്രം' ബൗദ്ധദർശനത്തിന്റെ പ്രചാരണോപാധികളിൽ ഒന്നായ ശിൽപ്പഭാഷയിലേക്ക് സിംഹത്തിനെ പുനഃസംവിധാനം ചെയ്യുമ്പോൾ, കാട്ടിലെ രാജാവിന്റെ ശൗര്യവും ശക്തിയും ഉൾക്കൊള്ളുന്ന ‘അജയ്യത'യിലാണ് അത് ഊന്നിനിൽക്കുന്നത്. എങ്കിലും സിംഹഗർജനത്തിന്റെ വന്യതയും ഘോരതയും യഥാവിധം അതിൽ പ്രതിധ്വനിക്കുന്നില്ല. അശോകസ്തംഭത്തെ വേറിട്ടൊരു ശിൽപ്പസൃഷ്ടിയായി ശ്രദ്ധേയമാക്കുന്ന ഘടകമാണ് അത്. യഥാതഥമായ സിംഹങ്ങളുടെ കാഴ്ചയല്ലത്; അവയുടെ ഗർജനം നമ്മെ നടുക്കുന്നുമില്ല. സിംഹത്തിന്റെ ശക്തിയും ശൗര്യവും ദ്യോതിപ്പിച്ച് യഥാർഥ കാഴ്ചയേക്കാൾ സൗന്ദര്യമാർന്ന കലയുടെ അസാധാരണമായ കാഴ്ചയാണ് സാരനാഥ് സിംഹത്തിൽ തെളിയുന്നത്. ശാരീരിക സവിശേഷതകളെ ലളിതവൽക്കരിച്ചും അതേസമയം സടയും രോമരാജികളും അലങ്കാര പ്രധാനവുമാക്കി പ്രത്യക്ഷപ്പെടുന്ന അവയുടെ നിൽപ്പും നിലയും രാജകീയ പ്രൗഢി വിളിച്ചോതുന്നു. അത് ഒരേസമയം ബുദ്ധനെയും ബുദ്ധമത പ്രചാരണത്തിനുവേണ്ടി നിലകൊണ്ട അശോകനെയും ദ്യോതിപ്പിക്കുന്നുണ്ട്. അശോകസ്തംഭത്തിലെ പ്രതിരൂപങ്ങളെയെല്ലാം അതേപടി പകർത്തുമ്പോഴും അവയിലടങ്ങിയ അർഥതലങ്ങൾ ദേശീയചിഹ്നത്തിൽ അതേപടി നിലനിൽക്കുന്നില്ല. രാജ്യം അഭിമാനംകൊള്ളുന്ന ഗതകാല പ്രൗഢിയുടെ അടയാളമെന്ന നിലയിലാണ് അശോകസ്തംഭം ദേശീയചിഹ്നമായി സ്ഥാനംനേടുന്നത്. അഹിംസയും അതിൽ അടിയുറച്ച ബുദ്ധദർശനവുമാണ് ആ അടയാളത്തിൽ തെളിയുന്നത്, ഒപ്പം മതനിരപേക്ഷ ഭാരതമെന്ന വിശാല സങ്കൽപ്പവും. ചരിത്രത്തിന്റെ അടയാളമായ ദേശീയചിഹ്നത്തെ പുതുക്കിപ്പണിതാൽ ഈ അർഥതലങ്ങളാണ് അപ്രത്യക്ഷമാകുന്നത്. അതൊരു യാദൃച്ഛികതയല്ല എന്നതാണ് അസ്വസ്ഥമാക്കുന്ന യാഥാർഥ്യം. സാരനാഥിലെ യഥാർഥ അശോകസ്തംഭത്തിൽനിന്ന് വ്യതിചലിച്ചിട്ടില്ലെന്നും അതിലെ സൂക്ഷ്മ വിശദാംശങ്ങളെല്ലാം ശ്രദ്ധയോടെ പകർത്തുകയാണ് ഉണ്ടായതെന്നും വലുതായി നിർമിച്ച് ഉയരത്തിൽ പ്രതിഷ്ഠിച്ചതുമൂലമുണ്ടായ കാഴ്ചാദോഷമാണ് പുതിയ ദേശീയചിഹ്നത്തെ വിവാദ വിഷയമാക്കിയതെന്നുമാണ് ശിൽപ്പികൾ വിശദീകരിച്ചത്. പല കാരണത്താലും ഇത് വിശ്വാസയോഗ്യമല്ല. എല്ലാ വിശദാംശങ്ങളിൽനിന്നും പരമാവധി വ്യതിചലിക്കാനാണ് ശിൽപ്പികൾ ശ്രമിച്ചതെന്ന് ദൃഷ്ടിദോഷമില്ലാത്ത ആർക്കും ബോധ്യമാകും. അമൂർത്തവും അലങ്കാരപ്രധാനവുമായ പഴയ ശൈലി സവിശേഷതയിൽനിന്ന് മജ്ജയും മാംസവുമുള്ള, പേശിബലം കാണിക്കുന്ന അക്രമാസക്തരായി വർധിതവീര്യത്തോടെ ഉയർന്നുനിൽക്കുന്നതാണ് പുതിയ ദേശീയ ചിഹ്നത്തിലെ സിംഹങ്ങളിൽ വന്ന പ്രകടമായ ഭാവമാറ്റം. അവിചാരിതമായ പരിണാമമല്ല അത്. അങ്ങനെ കരുതാനാണ് പലർക്കും താൽപ്പര്യമെങ്കിലും. എന്തായാലും, ആ മാറ്റത്തെ ആ വിധത്തിൽത്തന്നെ തിരിച്ചറിയുകയും അതിനെ സാധൂകരിക്കുകയും ചെയ്യുന്ന പ്രവണത പ്രബലമാണ് എന്നതാണ് പ്രശ്നത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. പ്രസിദ്ധ അഭിനേതാവായ അനുപം ഖേറിന്റെ വാക്കുകൾ: ‘സിംഹത്തിന് പല്ലുണ്ടെങ്കിൽ തീർച്ചയായും അത് പുറത്തുകാണിക്കും. അതിലുപരി, സ്വതന്ത്ര ഇന്ത്യയുടെ സിംഹമാണിത്. ആവശ്യമാണെങ്കിൽ, അത് കടിക്കുകയും ചെയ്യും’. ‘കശ്മീർ ഫയൽസ്' എന്ന ചലച്ചിത്രത്തിലൂടെ അടുത്തിടെ പ്രശസ്തനായ സംവിധായകൻ വിവേക് അഗ്നിഹോത്രിയുടെ പ്രതികരണത്തിനും സമാന സ്വഭാവമാണ് ഉണ്ടായിരുന്നത്: ‘പുതിയ ദേശീയചിഹ്നം ഒരുകാര്യം തെളിയിച്ചു, അതായത്, അർബൻ നക്സൽസിനു വേണ്ടിയിരുന്നത് പല്ലുകൊഴിഞ്ഞ് നിശ്ശബ്ദനായ ഒരു സിംഹമായിരുന്നുവെന്ന്. അങ്ങനെയെങ്കിൽ അവർക്കതിനെ ഒരു വളർത്തുമൃഗമായി ഉപയോഗിക്കാം’. ശിൽപ്പിയുടെ നോട്ടപ്പിശകിൽ നിന്നുണ്ടായ ‘ഭാവമാറ്റ'ത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയുടെ ചുമലിൽ കെട്ടിവയ്ക്കേണ്ടതില്ലെന്ന് ഒരുന്നത ബിജെപി വക്താവ് പ്രസ്താവിച്ചു. പക്ഷേ അത്തരമൊരു ‘നോട്ടപ്പിശകി'നെക്കുറിച്ച് പ്രധാനമന്ത്രി മൗനംപാലിക്കുകയായിരുന്നു. അത് ശ്രദ്ധേയമായ ഒന്നാണ്. മൗനം ആ ഭാവമാറ്റത്തിനു ലഭിക്കുന്ന ഉള്ളാലെയുള്ള അംഗീകാരമാണ്. പുതിയ ‘ഭാവമാറ്റം' യഥാർഥത്തിൽ ദേശീയചിഹ്നത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. മറിച്ച്, കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി നമ്മുടെ ദൃശ്യസംസ്കാരത്തിൽ മാറിവരുന്ന ഭാവുകത്വത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ പരിണാമത്തെ അടയാളപ്പെടുത്തുന്ന നല്ലൊരു ഉദാഹരണമായി ചാണക്യൻ എന്ന ടെലിവിഷൻ പരമ്പരയെക്കുറിച്ച് റൊമില ഥാപ്പർ സൂചിപ്പിക്കുന്നുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ചാണക്യൻ, മൗര്യസാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലാണ് അനാവൃതമാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ സാമ്രാജ്യമായി ചന്ദ്രഗുപ്തനു കീഴിൽ വളർന്നുവന്ന മൗര്യസാമ്രാജ്യത്തെ ഏറെക്കുറെ ഇന്ത്യാ ഉപഭൂഖണ്ഡം മുഴുവനുമായി വ്യാപിച്ചുകിടക്കുന്ന വിധത്തിൽ വികസിപ്പിച്ചത് അശോക ചക്രവർത്തിയായിരുന്നു (269–-232 ). മാത്രവുമല്ല, ബുദ്ധമത പ്രചാരണത്തിനായി തന്റെ സാമ്രാജ്യത്തിലുടനീളം സ്ഥാപിച്ച, ഇന്നും നിലനിൽക്കുന്ന, സ്തംഭങ്ങളിലൂടെയും ശിലാഫലകങ്ങളിലൂടെയും അശോകൻ ഒരു ചരിത്രനായകനായി ഇന്നും ജനഹൃദയങ്ങളിലുണ്ട്. എങ്കിലും ചരിത്രത്തിന്റെ ഗതിതിരിച്ചുവിട്ട, മൗര്യസാമ്രാജ്യത്തിലെ ഏറ്റവും മഹാനായ, ബുദ്ധമതം പിന്തുടർന്ന അശോകനിലല്ല ദൂരദർശൻ പരമ്പര ശ്രദ്ധയൂന്നിയത്, മറിച്ച് ചന്ദ്രഗുപ്തന്റെയും ബിംബിസാരന്റെയും ബ്രാഹ്മണ ഉപദേശിയായ ചാണക്യനിലാണ്. ബുദ്ധധർമത്തിനും അഹിംസാ തത്വത്തിനുംവേണ്ടി നിലകൊണ്ട അശോകനിൽനിന്ന് ഭരണകാര്യത്തിനായി കുടിലതന്ത്രങ്ങൾ ഉപദേശിക്കുന്ന കൗടില്യനിലേക്ക് (ചാണക്യൻ) ചരിത്രത്തിന്റെ ശ്രദ്ധാകേന്ദ്രം നമുക്ക് മുന്നിൽ മാറിവരുന്നത് ശ്രദ്ധിക്കുക. അതൊരു നിഷ്കളങ്കമായ പ്രവൃത്തിയല്ല. നിഷ്കളങ്കത എന്ന സങ്കൽപ്പം ഭാഷയിലെ കെട്ടുകഥയല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ട്, അശോകനിൽനിന്ന് ചാണക്യനിലേക്ക് മൗര്യസാമ്രാജ്യ കഥ ചുവടുമാറുന്നതിന് സവിശേഷ കാരണമുണ്ട്. റൊമില ഥാപ്പർ ചൂണ്ടിക്കാണിക്കുന്നതുപോലെ, ചരിത്രത്തിൽനിന്ന് ചില ഏടുകളും പ്രതീക വ്യവസ്ഥകളും സ്വീകരിക്കുകയും മറ്റുള്ളവ തിരസ്കരിക്കുകയും ചെയ്യുന്നതിലൂടെ നിർവചിക്കപ്പെടുന്ന ഒരു ദേശീയ സംസ്കാരം പുതിയ ദേശീയതാവാദത്തിന് അനിവാര്യമാണ്. അതിന്റെ അന്തർഹിതങ്ങളെ അറിഞ്ഞോ അറിയാതെയോ നിർവഹിക്കുന്നതാണ് ‘ചാണക്യൻ' എന്ന ചരിത്രപരമ്പര. അതിന്റെ ആശയധാരയ്ക്കൊപ്പം ചേർന്നുനിൽക്കുന്നതാണ് പുതിയ ദേശീയ ചിഹ്നവും. ബുദ്ധന്റെയും അശോകന്റെയും ചരിത്രധ്വനികളുള്ള, അഹിംസയുടെ പ്രതീകബന്ധമുള്ള, അതിന്റെ ചരിത്രമാനങ്ങളിൽനിന്നും പുതിയ മതനിരപേക്ഷ മൂല്യങ്ങളിൽനിന്നും സടകുടഞ്ഞെഴുന്നേൽക്കുന്ന പുതിയ ദേശീയ (ചിഹ്ന) സിംഹങ്ങൾ വിപുലമായ ഹൈന്ദവ അനുഷ്ഠാനങ്ങളിലൂടെയാണ് പ്രതിഷ്ഠിക്കപ്പെട്ടത്. അഹിംസയിൽനിന്ന് ഹിംസയിലേക്കും മതനിരപേക്ഷതയിൽനിന്ന് മതദേശീയതയിലേക്കും കാര്യങ്ങൾ എളുപ്പം മാറിവരുന്നതിന്റെ പ്രതിഫലനമാണ് ഇത്. അതിന്റെ നടുക്കുന്ന മറ്റൊരു ഖണ്ഡമാണ് സന്യാസികളുടെ ഭാവമാറ്റം: സന്യാസികളും സാധുക്കളും നമ്മുടെ സങ്കൽപ്പങ്ങൾക്കു വിരുദ്ധമായി കൈയിൽ വാളും ഗദയുമേന്തി അട്ടഹസിച്ച് ആക്രമണോത്സുകരായി തിരിച്ചുവരുന്നു. കുറച്ചുദശകങ്ങളായി നിരന്തരം കണ്ടുവരുന്ന അവരുടെ ഭാവമാറ്റവും നിഷ്കളങ്കമോ ഒറ്റപ്പെട്ടതോ അല്ല. ദേശത്തെയും ദേശീയതയെയും സങ്കൽപ്പിക്കുന്നതിൽ വന്നുചേർന്ന കാതലായ മാറ്റത്തെയാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. അതിലൊന്നു മാത്രമാണ്, പുതിയ ദേശീയ ചിഹ്നത്തിലെ ‘സിംഹഭാഗം'. (തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ കലാചരിത്ര വിഭാഗം അധ്യാപകനാണ് ലേഖകൻ)

ദേശാഭിമാനി 11 Aug 2022 1:00 am

മഹാരാഷ്‌ട്രയിലും ബിജെപിയുടെ കാപട്യം

നാൽപ്പത് ദിവസത്തെ കാത്തിരിപ്പിനുശേഷം മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിൻഡെ സർക്കാരിൽ മന്ത്രിമാരെ ഉൾപ്പെടുത്തിയപ്പോൾ ബിജെപിയുടെ കാപട്യവും അവസരവാദവും ഒരിക്കൽക്കൂടി വെളിപ്പെട്ടു. _‘ഒന്നാംഘട്ട’ വികസനത്തിൽ ബിജെപിയിൽനിന്നും ശിവസേനയുടെ ഷിൻഡെ വിഭാഗത്തിൽനിന്നും ഒമ്പത് വീതം എംഎൽഎമാർക്കാണ് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. രണ്ടാംഘട്ടത്തിൽ കൂടുതൽ പേർക്ക് അവസരം നൽകുമെന്ന് മന്ത്രി ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. ജാതി, പ്രാദേശിക സമവാക്യങ്ങൾ പരിഗണിച്ചാണത്രെ ഇപ്പോൾ മന്ത്രിമാരെ നിശ്ചയിച്ചത്. ഉദ്ധവ് താക്കറേ നയിച്ച സഖ്യസർക്കാരിൽ വനം മന്ത്രിയായിരിക്കെ _ഒരു യുവതിയുടെ ആത്മഹത്യയെത്തുടർന്ന് ആരോപണവിധേയനായി രാജിവച്ച സഞ്ജയ് റാത്തോഡാണ് പുതിയ മന്ത്രിമാരിൽ ഒരാൾ. ഫ്ലാറ്റിൽനിന്ന് കഴിഞ്ഞ ഫെബ്രുവരി എട്ടിന് _ഇരുപത്തിരണ്ടുകാരി ചാടിമരിച്ച സംഭവവുമായി റാത്തോഡിനെ ബന്ധപ്പെടുത്തുന്ന ചിത്രങ്ങളും സംഭാഷണത്തിന്റെ പകർപ്പുകളും പുറത്തുവന്നത് അക്കാലത്ത് ബിജെപി രാഷ്ട്രീയ ആയുധമാക്കി. ഉദ്ധവ് താക്കറേ ശിവസേന നേതാവായ റാത്തോഡിനെ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീൽ ആരോപിച്ചു. മഹാസഖ്യസർക്കാർ രാഷ്ട്രീയത്തെ ക്രിമിനൽവൽക്കരിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രക്ഷോഭം സംഘടിപ്പിച്ചു. ഒടുവിൽ ഫെബ്രുവരി 28ന് റാത്തോഡ് രാജിവച്ചു. ഇപ്പോൾ ചന്ദ്രകാന്ത് പാട്ടീലും റാത്തോഡും ഒന്നിച്ച് മന്ത്രിമാരായിരിക്കയാണ്. പൊലീസ് അന്വേഷണത്തിൽ റാത്തോഡിന് ക്ലീൻചിറ്റ് ലഭിച്ചെന്ന് മുഖ്യമന്ത്രി ഷിൻഡെ പറയുന്നു. _റാത്തോഡ് വീണ്ടും മന്ത്രിയായത് ദൗർഭാഗ്യകരമാണെന്നും താൻ പോരാട്ടം തുടരുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ചിത്രവാഗ് വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകനിയമന പരീക്ഷാ ക്രമക്കേടിൽ രണ്ട് മക്കൾ ഉൾപ്പെട്ടുവെന്ന ആരോപണം നേരിടുന്ന അബ്ദുൾ സത്താറാണ് മറ്റൊരു പുതിയ മന്ത്രി. കോൺഗ്രസിൽനിന്ന് ശിവസേനയിൽ എത്തിയ സത്താറിനെ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്താണ് ഷിൻഡെ ചാക്കിട്ടുപിടിച്ചത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം 20 അംഗ മന്ത്രിസഭയിൽ ഒറ്റവനിത പോലുമില്ല. ചെറുപാർടികൾക്കും സ്വതന്ത്രർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാത്തതിലും അമർഷം പരസ്യമായിട്ടുണ്ട്. തനിക്ക് ഇപ്പോൾ മന്ത്രിസ്ഥാനം _ലഭിക്കാത്തതിന്റെ കാരണം അറിയില്ലെന്ന് ഉദ്ധവ് സർക്കാരിൽ മന്ത്രിയായിരുന്ന ബച്ചുകാഡു പറയുന്നു. സെപ്തംബറിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുമ്പോൾ തന്നെയും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ബിജെപിയുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരമാണ് ഇവിടെ പ്രകടമാകുന്നത്. മുമ്പ് അസമിലെ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്ന ഹിമാന്ത ബിസ്വ സാർമയ്ക്കെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് ബിജെപി വൻസമരം നടത്തി. മുഖ്യമന്ത്രിയായിരുന്ന തരുൺ ഗൊഗോയ് ഒടുവിൽ സാർമയെ പുറത്താക്കി. വൈകാതെ ബിജെപി സാർമയെ സ്വീകരിച്ചാനയിക്കുകയും പഴയ ആരോപണങ്ങൾ വിസ്മരിക്കുകയും ചെയ്തു. ഇന്ന് അസമിലെ ബിജെപി മുഖ്യമന്ത്രിയാണ് സാർമ. കോൺഗ്രസ്, തൃണമൂൽ, ശിവസേന തുടങ്ങിയ പാർടികളിൽനിന്ന് ആരോപണവിധേയരെ ബിജെപി തുടർച്ചയായി സ്വീകരിക്കുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കൊടുംകുറ്റവാളികൾക്ക് _അടക്കം ബിജെപി ഭാരവാഹിത്വം നൽകി ആദരിക്കുന്നു. ബിജെപിയിൽ ചേർന്നാൽ കേന്ദ്രഅന്വേഷണ ഏജൻസികളുടെ വലയിൽ കുടുങ്ങാതെ രക്ഷപ്പെടാമെന്ന സ്ഥിതിയായിട്ടുണ്ട്. അധികാരം പിടിക്കാൻ ഏതു മാർഗവും സ്വീകരിക്കുക, ഭരണം നിലനിർത്താൻ എത്ര കുഴപ്പക്കാരെയും സംരക്ഷിക്കുക–-ഇതാണ് ബിജെപിയുടെ ശൈലി. വ്യത്യസ്തമായ പാർടിയെന്നും അഴിമതിയും കുടുംബവാഴ്ചയും കളങ്കപ്പെടുത്താത്ത _പ്രസ്ഥാനമെന്നും അവകാശപ്പെട്ടിരുന്ന _ബിജെപിയുടെ യഥാർഥ മുഖം എത്ര വികൃതമാണെന്ന് ഓരോ സംഭവവും തെളിയിക്കുന്നു. ഉദ്ധവ് സർക്കാരിനെ അട്ടിമറിക്കാൻ ഡസൻകണക്കിന് ശിവസേന എംഎൽഎമാരെ അസമിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ കൊണ്ടുപോയി പാർപ്പിച്ചതിൽനിന്ന് ബിജെപിയുടെ _അധികാരമോഹത്തിന്റെ തീവ്രത ബോധ്യപ്പെടും. കർണാടകത്തിലും ഗോവയിലും _ഭരണം പിടിക്കാനും കോടികൾ ഒഴുക്കി. ബിഹാറിൽ ഇത്തരമൊരു അട്ടിമറിക്ക് കളമൊരുക്കവെയാണ് ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടിവന്നത്.

ദേശാഭിമാനി 11 Aug 2022 1:00 am

സ്വാതന്ത്ര്യസമരവും 
കമ്യൂണിസ്റ്റ് പാതയും - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75–-ാം വാർഷികം രാജ്യവ്യാപകമായി ആഘോഷിക്കുന്ന വേളയാണിത്. ഈ സന്ദർഭത്തിൽ ദേശീയപതാക ഉയർത്താനും സ്വാതന്ത്ര്യ സമ്പാദനത്തിന്റെ ചരിത്രവഴികൾ നാടിനെ ഓർമപ്പെടുത്താനും സ്വാതന്ത്ര്യസമരമൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടാനും പ്രത്യേക പരിപാടികൾ സിപിഐ എം സംഘടിപ്പിക്കുന്നു. കേരളത്തിൽ രണ്ട് കമ്യൂണിസ്റ്റ് പാർടി കഴിയുന്നത്ര ഇടങ്ങളിൽ സഹകരിച്ചാണ് ആഘോഷപരിപാടികൾ നടത്തുന്നത്. എട്ടു വർഷമായി തുടരുന്ന ആർഎസ്എസ് നേതൃത്വത്തിലുള്ള മോദി സർക്കാർ സ്വാതന്ത്ര്യ ജൂബിലി ആഘോഷത്തിന് പരിപാടികൾ നടപ്പാക്കിവരുന്നുണ്ട്. എല്ലാ വീട്ടിലും ദേശീയപതാക ഉയർത്തുന്നത് ഉൾപ്പെടെ നടത്തി കേരളവും ആഘോഷത്തിന്റെ മുൻനിരയിൽ ഉണ്ടാകുന്നതിന് എൽഡിഎഫ് സർക്കാർ ഇതിനകം നടപടികൾ എടുത്തിട്ടുണ്ട്. വീടുകളിലും ഓഫീസുകളിലും ഉയർത്താൻ പതാക കിട്ടുന്നതിനുവേണ്ടി ചൈനയിൽനിന്ന് അടക്കം കേന്ദ്രസർക്കാർ ദേശീയപതാക ഇറക്കുമതി ചെയ്യുന്നുണ്ട്. കേരളത്തിലാകട്ടെ കുടുംബശ്രീ യൂണിറ്റുകൾ പതാക തുന്നുന്ന ജോലിയിൽ വ്യാപൃതമായിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ടിന്റെ ജൂബിലി ആഘോഷത്തിൽ കമ്യൂണിസ്റ്റുകാർ ഇത്രമേൽ താൽപ്പര്യം കാട്ടുന്നതിൽ ഒരു പ്രത്യേക പശ്ചാത്തലമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ഘടകം സ്വാതന്ത്ര്യസമരചരിത്രത്തെ തലകീഴാക്കിമറിക്കാൻ സമരത്തിന് ഒരുപങ്കും വഹിക്കാത്ത പ്രസ്ഥാനങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നു എന്നതാണ്. സ്വാതന്ത്ര്യസമരത്തിൽ ഒരു സംഭാവനയും നൽകാത്ത പ്രസ്ഥാനമാണ് ആർഎസ്എസും ഹിന്ദുവർഗീയ പ്രസ്ഥാനവും. അതുകൊണ്ടുതന്നെ ഇക്കൂട്ടരുടെ നേതൃത്വത്തിൽ നടത്തുന്ന സ്വാതന്ത്ര്യജൂബിലി ആഘോഷം ചരിത്രത്തെ അട്ടിമറിക്കുന്നതിൽ അത്ഭുതപ്പെടേണ്ടതില്ല. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താതിരുന്ന സംഘടനയാണ് ആർഎസ്എസ്. അശോകചക്രാങ്കിത ത്രിവർണപതാകയല്ല കാവിക്കൊടിയാണ് ദേശീയ പതാകയാക്കേണ്ടത് എന്ന പ്രഖ്യാപനമാണ് ആർഎസ്എസ് നടത്തിയത്. 1925ൽ ആർഎസ്എസും അതിനുമുമ്പ് 1915ൽ ഹിന്ദുമഹാസഭയും രൂപീകരിച്ചപ്പോൾ മുന്നോട്ടുവച്ച ആശയമാണ് ഹിന്ദുരാഷ്ട്രം എന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടാൽ ഇവിടെ ഹിന്ദുസ്ഥാൻ ഉണ്ടാകണമെന്നായിരുന്നു ഇവരുടെ ആവശ്യം. അതായത് ഹിന്ദുരാഷ്ട്രം. ഭാരതീയമല്ലാത്ത ഒന്നിനും ഇവിടെ ഇടം നൽകരുതെന്നാണ് ഹിന്ദുത്വ ആശയപ്രചാരകരായ സവർക്കറും ഗോൾവാൾക്കറും ഉദ്ഘോഷിച്ചത്. അവർ ചൂണ്ടിക്കാണിച്ച ഒന്നാമത്തെ ശത്രു മുസ്ലിമും രണ്ടാമത്തേത് ക്രിസ്ത്യാനിയും മൂന്നാമത്തേത് കമ്യൂണിസ്റ്റുകാരുമാണ്. ഈ മൂന്ന് ആശയവും വിദേശത്തുനിന്നും വന്നതാണ് ഭാരതീയമല്ല എന്നായിരുന്നു എതിർപ്പിന് നിദാനമായി ഉന്നയിച്ച വാദങ്ങളിലൊന്ന്. ഇപ്രകാരം ഒരു വാദം ഉയർത്തുക മാത്രമല്ല, ഇതിനെ അടിസ്ഥാനപ്പെടുത്തി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന് കൂട്ടായി മാറിയ ഒറ്റുകാരുടെ പ്രസ്ഥാനമാണ് ആർഎസ്എസ്. സവർക്കറും മറ്റും ജയിൽമോചനത്തിന് ബ്രിട്ടീഷുകാരോട് മാപ്പ് യാചിച്ചതും ജയിൽമോചിതനായാൽ വെള്ളസായിപ്പിന്റെ വിശ്വസ്തസേവകരായി മാറാമെന്ന് ഉറപ്പുനൽകിയതും ചരിത്രവസ്തുതയായി ശേഷിക്കുന്നു. അപരമതവിദ്വേഷത്തിലൂന്നിയ ഹിന്ദുത്വശക്തികൾ മുസ്ലിങ്ങളെ പുറത്താക്കി പാകിസ്ഥാൻ രൂപീകരിക്കുന്നതിനും ശേഷിക്കുന്ന ഭാഗം ഹിന്ദുസ്ഥാൻ ആക്കുന്നതിനുംവേണ്ടി നിലപാടെടുത്തു. ഭാഷയും മതവും ജാതിയും എന്താണെങ്കിലും ഇന്ത്യക്കാരെല്ലാം ഒന്നാണെന്ന ആശയം പ്രാവർത്തികമാക്കാൻ യത്നിച്ച മഹാത്മാഗാന്ധിയെ ഹിന്ദുത്വശക്തികളുടെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഭാഗമായി ഗോഡ്സെ പകൽവെളിച്ചത്തിൽ നിഷ്ഠുരമായി കൊലപ്പെടുത്തി. ഇതിനുശേഷം രാജ്യത്ത് ബാബ്റി മസ്ജിദ് പൊളിച്ചതിന്റെയും വർഗീയകലാപങ്ങളുടെയും വംശഹത്യയുടെയും പാപക്കറയുള്ള പ്രസ്ഥാനമാണ് ആർഎസ്എസും അതിന്റെ രാഷ്ട്രീയ രൂപമായ ബിജെപിയും. ഇതൊക്കെക്കൊണ്ടാണ് ഹിന്ദുത്വശക്തികളും ഇന്ത്യൻ സ്വാതന്ത്ര്യസമരവും തമ്മിലുള്ള ബന്ധത്തിന്റെ നേർചിത്രം മറച്ചുവയ്ക്കുന്ന കേന്ദ്രഭരണക്കാരുടെയും സംഘപരിവാറിന്റെയും പ്രചണ്ഡപ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടേണ്ടിവരുന്നത്. സ്വാതന്ത്ര്യസമരം ആറ്റിക്കുറുക്കിയെടുത്ത മഹത്തായ ആശയങ്ങളുണ്ട്. മതനിരപേക്ഷത, ഫെഡറലിസം, അഭിപ്രായസ്വാതന്ത്ര്യം, സ്ഥിതിസമത്വം, ലിംഗവിവേചനമില്ലായ്മ തുടങ്ങിയവ. ഇതിനെ അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ഭരണഘടനയ്ക്കുതന്നെ രൂപംനൽകിയത്. ഈ ഭരണഘടനാമൂല്യങ്ങളെ നഗ്നമായി പിച്ചിച്ചീന്തുകയാണ് എട്ടുവർഷത്തെ മോദി ഭരണം. എല്ലാ വീട്ടിലും പതാക ഉയർത്താൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എന്നാൽ, 136 കോടിയിൽ 17 കോടി ജനങ്ങൾക്ക് വീടില്ല. ഹിന്ദുവർഗീയ ശക്തികൾക്ക് പങ്കാളിത്തം നൽകുന്നതും കോർപറേറ്റുകളുമായി ചങ്ങാത്തമുള്ളതുമാണ് മോദി ഭരണനയം. കർഷകരും തൊഴിലാളികളും കൂടുതൽ പാപ്പരീകരിക്കപ്പെട്ടു. തൊഴിലില്ലായ്മ പെരുകി. പട്ടിണിസൂചികയിൽ ഇന്ത്യയുടെ സ്ഥാനം ലോകത്ത് നൂറ്റിഒന്നാമ ത്തേതായി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ പാർലമെന്ററി ജനാധിപത്യവും ജുഡീഷ്യറിയുടെ നിഷ്പക്ഷതയും പൗരസ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യവുമെല്ലാം നിഷേധിക്കുന്ന ഒരു ഭരണമാണ് രാജ്യത്ത് ഇന്നുള്ളത്. ഇക്കാര്യങ്ങൾ നാടിനെ ബോധ്യപ്പെടുത്തുന്നതിനുള്ള അവസരംകൂടിയാണ് സ്വാതന്ത്ര്യത്തിന്റെ ജൂബിലി ആഘോഷം. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് വളരെ വലുതാണ്. 1885ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രൂപീകരണത്തോടെയാണ് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആരംഭമെന്നത് തെറ്റായ ധാരണയാണ്. പ്രഥമ ഇന്ത്യൻ സ്വാതന്ത്ര്യയുദ്ധമെന്ന് കാൾ മാർക്സ് വിശേഷിപ്പിച്ച ലഹള 1857ലാണല്ലോ. വിദേശ സാമ്രാജ്യത്വം ഇന്ത്യയിൽ നേരിട്ട ആദ്യത്തെ ആകസ്മിക പ്രക്ഷോഭമായിരുന്നു അത്. ഇത് കോൺഗ്രസ് ഉടലെടുക്കുന്നതിനുമുമ്പ് ഉണ്ടായതാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനം ഒരു ഒറ്റയടിപ്പാത ആയിരുന്നില്ല. ഗാന്ധിയൻ സത്യഗ്രഹം മാത്രമല്ല, തൊഴിലാളി പ്രക്ഷോഭവും പണിമുടക്കും അടങ്ങുന്ന പന്ഥാവും തോക്കും ബോംബും ഉപയോഗിച്ച് വെള്ളക്കാരെ തുരത്താനുള്ള മാർഗവും ഉണ്ടായിരുന്നു. ഇതിൽ ആദ്യത്തേത് ഒഴികെയുള്ള പാതകളിൽ നിറഞ്ഞുനിന്നത് കമ്യൂണിസ്റ്റുകാരാണ്. ഇത് അഭിമാനത്തോടെ ഞങ്ങൾ പറയുന്നത് ആ സംഭവങ്ങളിലെ ധീരരക്തസാക്ഷികളുടെ ചുടുനിണത്തിൽ തൊട്ടുകൊണ്ടാണ്. തോക്കും ബോംബുമായി സായിപ്പിനെ നേരിടാനിറങ്ങിയ വിപ്ലവകാരികളിൽ ഒട്ടുമിക്കവരും ജയിൽവാസത്തിനിടെ കമ്യൂണിസ്റ്റുകാരായി മാറുകയും ചെയ്തു. അവർ ബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കാൻ വലിയ പങ്കുവഹിച്ചു. തൂക്കുമരത്തിലേക്ക് പോകുന്നതിനുമുമ്പ് ഭഗത് സിങ് ആവശ്യപ്പെട്ടത് ലെനിന്റെ ജീവചരിത്രപുസ്തകമാണ്. ഭഗത് സിങ്ങിന്റെ സഹപ്രവർത്തകരായ കിശോരിലാലും ശിവ് ശർമയും പിന്നീട് കമ്യൂണിസ്റ്റുകാരായി. ഇരുവരെയും ബ്രിട്ടീഷ് ഭരണം ആൻഡമാനിലെ സെല്ലുലാർ ജയിലിൽ അടച്ചു. ഭഗത് സിങ് തൂക്കിലേറ്റപ്പെട്ടിരുന്നില്ലെങ്കിൽ അദ്ദേഹവും കമ്യൂണിസ്റ്റാകുമായിരുന്നു. സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ ഝാൻസിറാണി റെജിമെന്റിന്റെ നായികയായിരുന്ന ധീരവനിത ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ സിപിഐ എം നേതാവായിരുന്നല്ലോ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി ജനങ്ങളെ ഊർജ്വസ്വലമായി അണിനിരത്തുന്നതിന് കമ്യൂണിസ്റ്റുകാർ കാര്യമായ പങ്കുവഹിച്ചതിൽ അരിശംപൂണ്ടാണ് ബ്രിട്ടീഷുകാർ കമ്യൂണിസ്റ്റുകാർക്കെതിരെ 1922–-24ലെ പെഷാവർ ഗൂഢാലോചനക്കേസ്, 1924ലെ കാൺപുർ ഗൂഢാലോചനക്കേസ്, 1929ലെ മീററ്റ് ഗൂഢാലോചനക്കേസ് എന്നിവ ചുമത്തിയത്. ഇന്ത്യയിൽ ആദ്യമായി പൂർണസ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ഉയർത്തിയത് കമ്യൂണിസ്റ്റുകാരാണ്. 1921ൽ അഹമ്മദാബാദിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പൂർണസ്വാതന്ത്ര്യപ്രമേയം (പൂർണസ്വരാജ്) കമ്യൂണിസ്റ്റുകാരായ മൗലാന ഹസ്രത്ത് മൊഹാനിയും സ്വാമി കുമരാനന്ദുമാണ് അവതരിപ്പിച്ചത്. 1920ൽ താഷ്കെന്റിൽ രൂപീകൃതമായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിക്ക്, അതിഭീകരമായ അടിച്ചമർത്തൽ കാരണം തുടക്കത്തിൽ വ്യക്തമായ സംഘടനാരൂപം ഉണ്ടാക്കാനായില്ല. 1920–-30കളിൽ കോൺഗ്രസ് സംഘടനയ്ക്കുള്ളിൽ നിന്നാണ് കമ്യൂണിസ്റ്റുകാർ സ്വാതന്ത്ര്യസമരത്തെ ശക്തിപ്പെടുത്തിയത്. ഇന്ത്യക്കാരെ സ്വാതന്ത്ര്യസമരത്തിൽ അണിനിരത്തുന്നതിൽ ഗാന്ധിജിയും ഗാന്ധിയൻ ചിന്തയും വലിയ പങ്കുവഹിച്ചെങ്കിലും പരിമിതിയുണ്ടായിരുന്നു. വർഗസമരത്തിൽ വിശ്വസിച്ചില്ല, തൊഴിലാളിവർഗത്തിന്റെ മേൽക്കൈ തള്ളി തുടങ്ങിയ പരിമിതികൾ. ഇതെല്ലാം ഉള്ളപ്പോഴും ജനങ്ങളെ വലിയതോതിൽ അണിനിരത്താൻ ഗാന്ധിജിയുടെ നേതൃത്വത്തിനായി. തീവ്രവാദരാഷ്ട്രീയത്തിന്റെ അസ്വസ്ഥത, ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പരാജയം, തൊഴിലാളികളുടെ ദുരിതം ഇതെല്ലാം ചേർന്ന് ജനങ്ങളിൽ ഗണ്യമായ വിഭാഗം നിരാശയിലാഴ്ത്തപ്പെട്ട ഘട്ടത്തിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ രംഗപ്രവേശം. ഇത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് പുത്തൻ ഉണർവ് നൽകി. ഇന്ത്യയിൽ ആദ്യമായി പൂർണസ്വാതന്ത്ര്യമെന്ന മുദ്രാവാക്യം ഉയർത്തിയത് കമ്യൂണിസ്റ്റുകാരാണ്. 1921ൽ അഹമ്മദാബാദിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പൂർണസ്വാതന്ത്ര്യപ്രമേയം (പൂർണസ്വരാജ്) കമ്യൂണിസ്റ്റുകാരായ മൗലാന ഹസ്രത്ത് മൊഹാനിയും സ്വാമി കുമരാനന്ദുമാണ് അവതരിപ്പിച്ചത്. അന്നത് തള്ളി. ആ പ്രമേയത്തിൽ കൃഷിക്കാരന് ഭൂമിയും തൊഴിലാളികൾക്ക് ആഹാരവുമെന്ന മുദ്രാവാക്യവും കമ്യൂണിസ്റ്റുകാർ മുന്നോട്ടുവച്ചു. അന്നത്തെ ആ പ്രമേയത്തിലെ പൂർണസ്വരാജ് ആറു വർഷത്തിനുശേഷം കോൺഗ്രസ് സമ്മേളനം സ്വീകരിക്കാൻ നിർബന്ധിതമായി. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെ ചില കോൺഗ്രസ് നേതാക്കൾ ഇപ്പോഴും നിസ്സാരവൽക്കരിക്കുന്നു. പക്ഷേ, സുഭാഷ് ചന്ദ്രബോസിനെ കോൺഗ്രസ് പ്രസിഡന്റാക്കുന്നതിന് കമ്യൂണിസ്റ്റ് –-ഇടതുപക്ഷവിഭാഗങ്ങൾക്ക് കോൺഗ്രസിനുള്ളിൽ ശക്തിയുണ്ടായിരുന്നു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ വിഭാഗം കോൺഗ്രസുകാർ വിസ്മരിക്കുകയാണ്. രണ്ടാം ലോകയുദ്ധത്തിലെ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ വിജയവും ലോക സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഉയർച്ചയും യുദ്ധാനന്തരം ദേശീയ വിമോചനപ്രസ്ഥാനങ്ങളുടെ വിമോചനത്തിന് വഴിതെളിച്ചു. ഈ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷുകാർക്ക് ഇനി ഇവിടെ വാഴാൻ കഴിയില്ലെന്ന പരിതഃസ്ഥിതി സൃഷ്ടിച്ചത്. ബോംബെയിലെ നാവിക കലാപം, തെലങ്കാന, പുന്നപ്ര–-വയലാർ സമരങ്ങൾ തുടങ്ങിയതെല്ലാം ഈ ചരിത്രഗതിയിലെ തിളങ്ങുന്ന ഏടുകളാണ്. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ സ്വാതന്ത്ര്യപ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ കേരളവും വലിയ പങ്കുവഹിച്ചു. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾക്ക് സാമ്രാജ്യത്വ വിരുദ്ധസമരത്തിൽ നിർണായകമായ സ്ഥാനമുണ്ട്. തൂക്കിലേറേണ്ടിവന്ന കയ്യൂർ രക്തസാക്ഷികൾ ഉൾപ്പെടെ നൂറുകണക്കിന് സഖാക്കൾ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷികളായി. സാമ്രാജ്യത്വത്തിനും ജൻമിത്തത്തിനും മുതലാളിത്തത്തിനും എതിരായ സവിശേഷമായ പോരാട്ടമാണ് കേരളത്തിൽ കമ്യൂണിസ്റ്റുകാർ നടത്തിയത്. അത്തരം പോരാട്ടത്തിന്റെ ഫലംകൂടിയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം. ആദ്യ സ്വാതന്ത്ര്യദിനത്തിൽ പോലും എ കെ ജിയെ പോലുള്ള കമ്യൂണിസ്റ്റുകാർക്ക് ജയിലിൽ കിടക്കേണ്ടിവന്നു. ജയിലിൽ കിടന്നാണെങ്കിലും തടവറയ്ക്കുള്ളിൽ അന്ന് എ കെ ജി ദേശീയപതാക ഉയർത്തി. കമ്യൂണിസ്റ്റ് പാർടി 1920ൽ സ്ഥാപിതമായതുമുതൽ ഇന്നുവരെ ഇന്ത്യൻ രാഷ്ട്രീയത്തിന് ദിശാബോധം പകരുന്നതിൽ നിർണായക പങ്ക് ഈ പ്രസ്ഥാനം വഹിച്ചു. സ്വാതന്ത്ര്യസമരകാലത്ത് വർഗീയസംഘട്ടനങ്ങൾ ഭീകരമായി രൂപംപ്രാപിച്ച ഘട്ടത്തിൽ 1926ൽ ഗുവാഹത്തി കോൺഗ്രസ് സമ്മേളനത്തിൽ മതനിരപേക്ഷതയ്ക്കുവേണ്ടിയുള്ള മാനിഫെസ്റ്റോ കമ്യൂണിസ്റ്റുകാരാണ് അവതരിപ്പിച്ചത്. ഹിന്ദു തൊഴിലാളികളും കർഷകരും മുസ്ലിം തൊഴിലാളികളും കർഷകരും ഒരേ ഫാക്ടറിയിലും മണ്ണിലും വിയർപ്പൊഴുക്കുകയാണ്. മുസ്ലിം തൊഴിലാളിക്ക് തന്റെ അതേ സമുദായക്കാരനായ തൊഴിലുടമയിൽനിന്നോ അതുപോലെ ഹിന്ദുതൊഴിലാളിക്ക് മറിച്ചോ നല്ല കൂലി കിട്ടുന്നില്ല. അതിനാൽ പണിയെടുക്കുന്നവരുടെ വർഗഐക്യം ഊട്ടിയുറപ്പിക്കുകയാണ് വർഗീയതയ്ക്ക് മറുമരുന്നെന്ന് കമ്യൂണിസ്റ്റുകാർ വ്യക്തമാക്കി. സ്വാതന്ത്ര്യസമര ഘട്ടത്തിൽ ഹിന്ദു, ഇസ്ലാം രാഷ്ട്രങ്ങൾക്കുവേണ്ടി നിലകൊണ്ട വർഗീയവാദികളും മതനിരപേക്ഷതയ്ക്കുവേണ്ടി പോരാടിയ ജനാധിപത്യ പുരോഗമനശക്തികളും വ്യത്യസ്ത ഭാഗത്തായി ഉണ്ടായിരുന്നു. ആ പോരാട്ടം ഇന്നും തുടരുകയാണ്. വർഗീയ കോയ്മകളെ തളയ്ക്കാനും മതനിരപേക്ഷ പുരോഗമന വിഭാഗങ്ങളെ ശക്തിപ്പെടുത്താനും കഴിയണം. അതിനുള്ള ആഹ്വാനമാണ് സ്വാതന്ത്ര്യത്തിന്റെ ജൂബിലി ആഘോഷം നൽകുന്നത്.

ദേശാഭിമാനി 11 Aug 2022 1:00 am

ജയകൃഷ്ണന്‌ 
ഇവിടം സ്വർഗമാണ്‌

കൊല്ലം വൈദ്യുതി ഉൽപ്പാദനത്തിലൂടെ മാത്രം ദിവസവും ശരാശരി 1800 രൂപ ലാഭം, ഒരു വർഷത്തെ ലാഭം 6.57 ലക്ഷം രൂപ. മുൻ ബാങ്ക് ജീവനക്കാരൻ പ്രാക്കുളം വലിയഴികം വീട്ടിൽ ജയകൃഷ്ണൻ (52) സംസ്ഥാനത്തെ ഏറ്റവും വലിയ ഹൈടെക് ഫാമായ ചാത്തന്നൂർ ചിറക്കരത്താഴം ക്ഷേത്രത്തിനു സമീപത്തെ ജെ കെ ഫാംസിൽ ജൈവ മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്നത് വൈദ്യുതിയും പാചകവാതകവും വളവും. ഗാർഹികാവശ്യത്തിന് വർഷം ഒമ്പതു മുതൽ -12 എൽപിജി സിലണ്ടർവരെ വാങ്ങുന്ന ചെലവ് നോക്കിയാൽ പാചകവാതക ഉൽപാദനം വഴിയുള്ള നേട്ടം ഏകദേശം 12,000 രൂപ. ആറേക്കർ ഫാമിൽനിന്ന് പാലിനു പുറമെ കൃഷിക്കായി ആദായകരവും ജൈവസമ്പുഷ്ടവുമായ സ്ലറിയും ചാണകപ്പൊടിയും ബ്രാൻഡഡ് നെയിമിൽ വിപണിയിലെത്തിച്ചും വരുമാനം നേടുന്നു. പാൽവിൽപ്പനയിലൂടെയുള്ള വരുമാനം വേറെയും. 200 പശുക്കളുള്ള തൊഴുത്താണെങ്കിലും ചാണകത്തിന്റെയോ ഗോമൂത്രത്തിന്റെയോ ഗന്ധം ഒട്ടുമില്ല. ഈച്ചയുടെയും കൊതുകിന്റെയും ശല്യവുമില്ല. പാലിനു പുറമെ കൃഷിക്കായി ആദായകരവും ജൈവസമ്പുഷ്ടവുമായ സ്ലറിയും ചാണകപ്പൊടിയും ബ്രാൻഡഡ് നെയിമിൽ വിപണിയിലെത്തിച്ചും വരുമാനം നേടുന്നു. ഹോൾസ്റ്റെയിൻ, ജേഴ്സി സങ്കരയിനം കറവപ്പശുക്കളാണ് ഫാമിന്റെ പ്രത്യേകത. ചാണകത്തിൽനിന്ന് അനറോബിക് റിയാക്ഷനിലൂടെ (അന്തരീക്ഷവായുവിന്റെ അഭാവത്തിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്ന രീതി) പ്ലാന്റിൽ ഉൽപ്പാദിപ്പിക്കുന്ന മീഥൈൻ ശുദ്ധീകരിച്ച് ജനറേറ്ററിലൂടെ കടത്തിവിട്ടാണ് വൈദ്യുതി ഉൽപ്പാദനം. ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കുന്ന ഇവിടെ 794 ക്യുബിക് മീറ്റർ അളവിലുള്ള ബയോഗ്യാസ് പ്ലാന്റാണുള്ളത്. ദിവസവും രണ്ടു ടൺ ചാണകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റ് സ്വകാര്യമേഖലയിൽ രാജ്യത്തെ എറ്റവും വലിയ രണ്ടാമത്തെ ബയോഗ്യാസ് പ്ലാന്റു കൂടിയാണ്. 1.25 കോടി രൂപ വിനിയോഗിച്ച് 2017ലാണ് പ്ലാന്റ് സ്ഥാപിച്ചത്. 15ലക്ഷം രൂപ സബ്സിഡി ലഭിച്ചു. പ്ലാന്റിൽ നിന്നുള്ള പാചകവാതകം ഉപയോഗിച്ചാണ് ഫാമിലെ 10 ജീവനക്കാർക്കുള്ള ക്യാന്റീൻ പ്രവർത്തിക്കുന്നതെന്ന് ജയകൃഷ്ണൻ. എസ്ബിടി ജീവനക്കാരനായിരുന്ന ജയകൃഷ്ണൻ ജോലി നേരത്തെ അവസാനിപ്പിച്ചാണ് സ്വപ്ന പദ്ധതിയായ ഹൈടെക് ഫാമിലേക്ക് തിരിഞ്ഞത്.

ദേശാഭിമാനി 10 Aug 2022 1:21 am

ഈ ഓട്ടോയിൽ ഇവർ 
നേപ്പാൾവഴി ഭൂട്ടാനിലേക്ക്‌

കൊച്ചി ഓട്ടോറിക്ഷയിൽ ഇന്ത്യയും അയൽരാജ്യങ്ങളും സന്ദർശിക്കാനിറങ്ങി മൂന്ന് യുവാക്കൾ. ഇന്ത്യ മുഴുവൻ ചുറ്റിയശേഷം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങള് സന്ദർശിക്കുകയാണ് പെരിന്തൽമണ്ണ മേലാറ്റൂർ സ്വദേശികളായ കെ ടി ഫസൽ ബാബു, ടി നിഷാദ്, ടി ഡാനിഷ് എന്നിവരുടെ ലക്ഷ്യം. മുന്നിലും പിറകിലും ‘ഇന്ത്യ–നേപ്പാൾ–-ഭൂട്ടാൻ’ എന്ന് കുറിച്ച ഓട്ടോയുമായി ശനിയാഴ്ച പെരിന്തൽമണ്ണയിൽനിന്ന് ഇവര് സവാരി തുടങ്ങി. ഫസലിന് ഷവർമ കടയിലാണ് ജോലി. നിഷാദ് വാഹനക്കച്ചവടം നടത്തുന്നു. ഡാനിഷ് അക്കൗണ്ടന്റാണ്. കന്യാകുമാരിമുതൽ കശ്മീർവരെ ഓട്ടോയിൽ ചുറ്റിയടിച്ച് പിന്നീട് നേപ്പാളിലേക്കും ഭൂട്ടാനിലേക്കും സവാരി നടത്താനാണ് പദ്ധതി. യാത്ര പൂർത്തിയാക്കാൻ ആറുമാസം വരുമെന്നാണ് കണക്കുകൂട്ടൽ. പാവങ്ങളെ സഹായിക്കുക എന്ന സന്ദേശം പ്രചരിപ്പിക്കലാണ് പ്രധാന ലക്ഷ്യം. ഒരുവര്ഷമായി ഓട്ടോറിക്ഷയിൽ ദീർഘയാത്രയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങിയിട്ട്. പാചകത്തിനും ഉറങ്ങാനും ഓട്ടോയിൽ സൗകര്യമുണ്ട്. ഭക്ഷണം പാകം ചെയ്യുമ്പോൾ അതിലൊരു പങ്ക് പാവപ്പെട്ടവർക്ക് നൽകുമെന്നും ഫസൽ ബാബു പറയുന്നു. വ്യാഴം തിരുവനന്തപുരത്ത് എത്തി രാത്രിയോടെ കേരള അതിർത്തി കടക്കാനാണ് ലക്ഷ്യം. കന്യാകുമാരിയില്നിന്ന് വടക്കോട്ട് യാത്ര തുടങ്ങും.

ദേശാഭിമാനി 10 Aug 2022 1:00 am

സമരായുധമായി ഖാദി - പയ്യന്നൂർ കുഞ്ഞിരാമൻ എഴുതുന്നു

ഖാദി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ആയുധമായിരുന്നു. ചർക്കയുടെ മർമരങ്ങളിലൂടെ ഗാന്ധിജി ഇന്ത്യൻ മനസ്സിൽ സ്വാതന്ത്ര്യത്തിന്റെ ഉണർവും ഉത്സാഹവും സൃഷ്ടിച്ചു. സ്വാതന്ത്ര്യത്തിന് വസ്ത്രത്തിന്റെയും പാർപ്പിടത്തിന്റെയും അർഥവുമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. ലക്ഷോപലക്ഷം വരുന്ന പട്ടിണി പാവങ്ങളുടെ പ്രാണശക്തിയെ ചർക്ക ഉണർത്തിക്കൊണ്ട് വന്നു. ഇന്ത്യ പരാജയപ്പെടുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഗാന്ധിജി ഉത്തരം നൽകുന്നുണ്ട്. ഇംഗ്ലീഷുകാർ ഇന്ത്യ പിടിച്ചടക്കിയതല്ല നാം അവർക്ക് ഏൽപ്പിച്ചുകൊടുത്തതാണ്. ഇംഗ്ലീഷ് കമ്പനിയെ യജമാനൻ ആക്കിയത് ആരാണെന്ന് മറന്നുപോകരുതെന്ന് ഗാന്ധിജി ഓർമിപ്പിച്ചുകൊണ്ടിരുന്നു. ചർക്ക സാധാരണക്കാർക്ക് മാനസികോർജം പ്രദാനംചെയ്തു. ഖാദി ധരിക്കുന്നതും പ്രചരിപ്പിക്കുന്നതും ദേശാഭിമാനത്തിന്റെ ഭാഗമായി. ഒരാൾ ഖാദി കൈയിൽ എടുക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിനെതിരെ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുകയായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ ഗാന്ധിത്തൊപ്പിയിട്ട് ക്ലാസിൽ കയറി സ്വാതന്ത്ര്യം പ്രഖ്യാപിച്ച നേതാക്കൻമാർ നമുക്കുണ്ടായിരുന്നു. യൂണിയൻ ജാക്ക് വലിച്ചുതാഴ്ത്തുകയും ഖാദിയുടെ ത്രിവർണ പതാക ഉയർത്തിക്കെട്ടുകയും ചെയ്ത വിദ്യാർഥികളും ഇവിടെയുണ്ടായിരുന്നു. ഖദർ സ്റ്റോറുകൾ രാഷ്ട്രീയ ചർച്ചാകേന്ദ്രമായിരുന്നു. ദേശീയ നേതാക്കൾ ഖദർ സ്റ്റോറുകളിൽ സമ്മേളിക്കുമായിരുന്നു. കവികൾ ഖാദിയുടെ മഹത്വത്തെക്കുറിച്ച് പാടിയിട്ടുണ്ട്. ഖാദിയും സ്വാതന്ത്ര്യവും തമ്മിലുള്ള ബന്ധം പ്രഘോഷണം ചെയ്തുകൊണ്ടാണ് ത്രിവർണ പതാകയിലെ അടയാളം ചർക്കയായി സ്വീകരിച്ചത്. പിൽക്കാലത്ത് ചർക്ക മാറുകയും തൽസ്ഥാനത്ത് അശോകചക്രം ചേർക്കുകയും ചെയ്തു. ചരിത്രത്തിൽ ചർക്കയും ഖാദിയും ചെലുത്തിയ സ്വാധീനം വലുതാണ്. ദേശീയ നേതാക്കളുടെ ജീവിതത്തിലുടനീളം ചർക്ക അഭിമാനകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.വള്ളത്തോൾ ‘ഖാദി വസനങ്ങൾ കൈക്കൊൾവിൻ’ എന്ന പേരിൽ കവിത എഴുതിയിട്ടുണ്ട്. എ കെ ജി യും ഖാദിയും തമ്മിൽ ഉറ്റബന്ധമുണ്ടായിരുന്നു. ഉപ്പുസമര കാലത്താണ് അദ്ദേഹം ജോലി ഉപേക്ഷിച്ച് നിയമലംഘനത്തിന് ഇറങ്ങിയത്. അദ്ദേഹം ഖാദിപ്രചാരണം ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു. ആത്മകഥയിൽ അദ്ദേഹം എഴുതുന്നു ‘ഭാരത ജനതയെ ഇളക്കിവിടാൻ കഴിവുള്ള ഒരു പദ്ധതി 1920ൽ ആവിഷ്കരിച്ചു. നാടിന്റെ നാനാഭാഗങ്ങളിലും യുവജനസംഘടനകൾ സ്വാതന്ത്ര്യത്തിനുവേണ്ടി സമരം ചെയ്തുകൊണ്ടിരുന്നു. ഞാൻ ഉൾനാടുകളിൽ സ്വദേശി പ്രസ്ഥാനത്തിലും സ്വദേശി വസ്തുക്കൾ പ്രചരിപ്പിക്കുന്നതിലും പങ്കെടുത്തു. ഗ്രാമങ്ങൾ തോറും ചർക്ക പ്രചരിപ്പിച്ചു. അധ്യാപകനെന്ന നിലയിലുള്ള എന്റെ മഹത്തായ സേവനം വിദ്യാർഥികളിൽ രാഷ്ട്രീയബോധം ഉളവാക്കിയതാണ്. ഖദർ വസ്ത്രവും ഖാദിത്തൊപ്പിയും ധരിച്ച് ക്ലാസിൽ വരുന്ന കുട്ടികളോട് എനിക്ക് പ്രത്യേക മമതയുണ്ടായിരുന്നു. ദേശീയ ഗാനം പാടുകയും പത്രം വായിക്കുകയും ചെയ്യുന്ന കുട്ടികൾക്ക് കൈയയച്ചു മാർക്ക് കൊടുക്കും. 1928ലാണ് ഞാൻ ഖാദി പ്രചാരണം തുടങ്ങിയത്. വിദേശവസ്ത്രങ്ങൾ ധരിക്കരുതെന്ന് അഭ്യർഥിച്ചു. ഒഴിവുദിവസങ്ങളിൽ ഖാദിവസ്ത്രങ്ങളുംകൊണ്ട് ഗ്രാമങ്ങളിൽ സഞ്ചരിച്ചു. നാട്ടിലെ ഇടത്തരം കുടുംബങ്ങളിലെല്ലാം ചർക്ക എത്തിച്ചു. അവരെ നൂൽപ്പ് പരിശീലിപ്പിച്ചു. ഖദർ വസ്ത്രം നെയ്യാനുള്ള നൂല് ശേഖരിച്ച് നെയ്ത്തുകാർക്ക് എത്തിച്ചുകൊടുത്തു. പെരളശേരിയിലെ വീടുകളിലെല്ലാം ഞാൻ ചർക്ക പ്രചരിപ്പിച്ചു. ഖാദിനെയ്ത്തും ഏർപ്പെടുത്തി’. മൊയാരത്ത് ശങ്കരന്റെ ആത്മകഥയിലും ഖാദി പ്രചാരണം പ്രധാന ഘടകമായി വരുന്നുണ്ട്. അദ്ദേഹം വീട്ടിൽവച്ച് നൂൽചക്രമുണ്ടാക്കി പ്രചരിപ്പിച്ചിരുന്നു. അദ്ദേഹം താമസിച്ച വീട്ടിൽവച്ച് സ്കൂൾ കുട്ടികൾക്ക് സ്പിന്നിങ് പരിശീലനവും നടത്തിയിരുന്നു. അക്കാലത്ത് പട്ടാളഭരണ നിയമത്തിൽപ്പെട്ട വടകര നഗരത്തിൽവച്ച് അദ്ദേഹം പരസ്യമായി ചക്രം നിർമിക്കുകയും നൂൽ ഉണ്ടാക്കുകയും ചെയ്തിരുന്നു. പി കൃഷ്ണപിള്ളയും സ്വദേശിവസ്ത്രം പ്രചരിപ്പിക്കാനും വിദേശവസ്ത്രം ബഹിഷ്കരിക്കാനും ആഹ്വാനം നടത്തി. പരുപരുത്ത ഖാദി വസ്ത്രമാണ് കൃഷ്ണപിള്ള ധരിച്ചിരുന്നത്. ഹിന്ദി പഠിക്കുന്നതും ഖാദി ധരിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ അടയാളമായിരുന്നു. കേരള ഗാന്ധിയെന്ന് അറിയപ്പെട്ട കെ കേളപ്പൻ ഖാദിപ്രസ്ഥാനത്തെ പരിപോഷിപ്പിച്ച നേതാവാണ്. ചർക്കയിലും ഖാദിയിലും ഗ്രാമ ഭാരതത്തിന്റെ മോചനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർക്ക സംഘത്തിന്റെ ആരംഭംതൊട്ട് അദ്ദേഹം അതിന്റെ പ്രസിഡന്റായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജി അവതരിപ്പിച്ച വിപ്ലവാത്മക ചിന്തയുടെയും ആശയത്തിന്റെയും തത്വസംഹിതയുടെയും പ്രതീകമാണ് ഖാദിയെന്ന് സർവേദയ നേതാവും കവിയുമായ എ വി ശ്രീകണ്ഠ പൊതുവാളും വിവരിക്കുകയുണ്ടായി.

ദേശാഭിമാനി 10 Aug 2022 1:00 am

സ്വാതന്ത്ര്യപോരാട്ടത്തിലെ ധീരവനിതകൾ - ഡോ. ടി ഗീനാകുമാരി എഴുതുന്നു

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഊർജപ്രവാഹമായിരുന്നു സമരമുഖത്തെ സ്ത്രീസാന്നിധ്യം. ഇന്നത്തേതിനേക്കാൾ സഞ്ചാരവിലക്ക് ഉണ്ടായിരുന്നിട്ടും, വൈദേശിക ശക്തികളിൽനിന്ന് ജന്മനാടിനെ സ്വതന്ത്രയാക്കുന്നതിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾ സമരമുഖത്തേക്ക് ഒഴുകി. അതിന് ദേശ, ഭാഷാ വ്യത്യാസങ്ങളില്ലായിരുന്നു. അസമിൽനിന്നും കേരളത്തിൽനിന്നും ബംഗാളിൽനിന്നും ഗുജറാത്തിൽനിന്നും സ്ത്രീകൾ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് നടന്നുവന്നു. 1857ലെ ഒന്നാം ഝാൻസിയിലെ റാണി ലക്ഷ്മിഭായി അടക്കമുള്ള പോരാളികൾ കൊളുത്തിയ വിപ്ലവാഗ്നി ഇന്നും സ്ത്രീവിമോചന പോരാട്ടങ്ങൾക്ക് ആവേശമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലാണ് ഇന്ത്യയിൽ മഹിളാ പ്രസ്ഥാനങ്ങൾ ശക്തിയാർജിച്ചത്. അനാചാരങ്ങളും ലിംഗ, വർഗ വിവേചനങ്ങളും തുടച്ചുമാറ്റുന്നതിനു തുടക്കംകുറിക്കാൻ ദേശീയ പ്രസ്ഥാനത്തിനു കഴിഞ്ഞു. സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, കമലാദേവി ചതോപാധ്യായ, ഹാൻസ മേത്ത, സരളാദേവി ചൗധുരാണി, രാമേശ്വരി നെഹ്റു, കമല നെഹ്റു തുടങ്ങിയ പേരുകൾ പോരാളികൾക്കിടയിൽ ഉയർന്നുകേൾക്കുന്നതാണ്. എന്നാൽ, ബ്രിട്ടീഷുകാരെ എതിരിട്ടതിന്റെ പേരിൽ ജീവൻ ബലിയർപ്പിച്ചവരും ചൂഷണത്തിന് ഇരയായവരും ത്യാഗനിർഭര പോരാട്ടങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവച്ചവരും നിരവധിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് സർവതും സമർപ്പിച്ച്, വെള്ളക്കാരന്റെ വീര്യംകെടുത്താൻ ചുടുനിണംകൊണ്ട് ചരിത്രം രചിച്ച പലരുടെയും പേരുകൾ ചരിത്രത്തിൽ പ്രത്യക്ഷമല്ല. ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ നടന്ന പൊലീസ് വെടിവയ്പിൽ മൂന്നുതവണ വെടിയേറ്റിട്ടും ഇന്ത്യൻ പതാക നെഞ്ചോടു ചേർത്തുപിടിച്ച് ‘വന്ദേമാതരം' ചൊല്ലി ധീര രക്തസാക്ഷിത്വം വരിച്ച മാതംഗിനി ഹസാരയുടെ ചരിത്രം ഏതൊരു ദേശസ്നേഹിക്കും ആവേശം പകരുന്നതാണ്. സ്വാതന്ത്ര്യസമരത്തിലെ ആദ്യ വനിതാ രക്തസാക്ഷിയെന്ന് അറിയപ്പെടുന്ന പ്രീതിലത വടേദ് കർ, അസമിലെ കനകലതാ ബറുവ, അണ്ടർഗ്രൗണ്ട് റേഡിയോ സ്ഥാപിച്ച് സമരവാർത്തകൾ ജനങ്ങളിലെത്തിച്ച ഉഷാമേത്ത, വേഷപ്രച്ഛന്നയായി സഞ്ചരിച്ച് പ്രവർത്തകരെ പ്രോത്സാഹിപ്പിച്ച സുചേത കൃപലാനി, തൊഴിലാളി പണിമുടക്കുകൾക്ക് നേതൃത്വം നൽകിയ ഖുർഷദ്ബെൻ, പഞ്ചാബിലെ ഉൾപ്രദേശങ്ങളിൽ സമരം ശക്തിപ്പെടുത്തിയ പുഷ്പ ഗുജറാൾ, ബോംബെയിലെ ഗൊവാലിയ ടാങ്ക് മൈതാനത്ത് ദേശീയപതാക ഉയർത്തിയശേഷം ഒളിവിലിരുന്ന് സമരം നയിച്ച അരുണ അസഫലി, സിംലയിൽ പ്രതിഷേധപ്രകടനങ്ങൾ നയിച്ച രാജകുമാരി അമൃത് കൗർ തുടങ്ങി എത്രയോ പെൺപോരാളികൾ. ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപത്തിന് നേതൃത്വം നൽകിയ നാഗ ആത്മീയ, രാഷ്ട്രീയ നേതാവായിരുന്നു മണിപ്പുരുകാരിയായ റാണി ഗൈൻദിൻലിയു. 1932ൽ പതിനാറാമത്തെ വയസ്സിൽ ഗൈൻദിൻലിയുവിനെ അറസ്റ്റുചെയ്തു. തുടർന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഗൈൻദിൻലിയുവിന് ‘റാണി' പദവി നൽകിയത് ജവാഹർലാൽ നെഹ്റുവാണ്. ബംഗാളിൽനിന്നുള്ള വിപ്ലവകാരിയായിരുന്നു പ്രീതിലത വഡേദാർ. ‘നായ്ക്കൾക്കും ഇന്ത്യക്കാർക്കും പ്രവേശനം അനുവദിക്കില്ല’ എന്ന് ബോർഡ് എഴുതിവച്ച പഹർതാലി യൂറോപ്യൻ ക്ലബ് 1932ൽ ഇവരടങ്ങിയ സംഘം തീയിട്ടു. അറസ്റ്റ് ഒഴിവാക്കാൻ പ്രീതിലത സൈനയിഡ് കഴിച്ച് രക്തസാക്ഷിത്വം വരിച്ചു. സ്വാതന്ത്ര്യത്തിനായി ആദ്യ പടനീക്കം നടത്തിയവരിൽ പ്രധാനിയാണ് കർണാടകത്തിലെ കിട്ടൂർ ദേശത്തിന്റെ റാണിയായിരുന്ന റാണി ചിന്നമ്മ. അതും 1824ൽ. 34–-ാം വയസ്സിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി റാണിയെ പിടികൂടുകയും തടവിലാക്കുകയും ചെയ്തു. ഒഡിഷയിൽനിന്നുള്ള സ്വാതന്ത്ര്യസമര പ്രവർത്തകയായിരുന്ന പർബതി ഗിരിക്ക് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ മുൻപന്തിയിൽ നിൽക്കുമ്പോൾ 16 വയസ്സായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അനാഥരുടെ ക്ഷേമത്തിനായി ജീവിതം സമർപ്പിച്ച ഗിരി ‘ഒഡിഷയിലെ മദർ തെരേസ’എന്ന് അറിയപ്പെടുന്നു. 1857 നവംബറിൽ നടന്ന സിക്കന്തർ ബാഗ് യുദ്ധത്തിൽ പങ്കെടുത്ത ദളിത് സായുധ പോരാളിയാണ് ഉദാദേവി. ഉയരമുള്ള മരത്തിന്റെ മുകളിൽ ഒളിച്ചിരുന്ന് വെടിയുതിർത്ത ഉദാദേവി മുപ്പതോളം ബ്രിട്ടീഷ് പട്ടാളക്കാരെ കൊന്നു. ബ്രിട്ടീഷ് പട്ടാളം അവരെ വെടിവച്ച് കൊന്നു. ഉദാദേവിയും മറ്റു ദളിത് സ്ത്രീകളും 1857ലെ ഇന്ത്യൻ കലാപത്തിലെ യോദ്ധാക്കളിൽ ‘ദളിത് വീരാംഗനമാർ' എന്ന് അറിയപ്പെടുന്നു. ഇൻഡോർ രാജാവായിരുന്ന യശ്വന്ത് റാവു ഹോൽക്കറിന്റെ മകളായിരുന്ന ഭീമബായി ഹോൽക്കർ 1817ൽ ഗറില്ലാ യുദ്ധത്തിലൂടെ ബ്രിട്ടീഷ് കേണൽ മാൽക്കമിനെതിരെ പോരാടി. 1907ൽ ജർമനിയിൽ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് സമ്മേളനത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയത് മാഡം ഭിക്കാജി ആയിരുന്നു. നാനാ സാഹെബ്, താന്തിയാ തോപ്പെ തുടങ്ങിയവരോടൊപ്പം കലാപത്തിൽ പങ്കെടുത്തയാളാണ് ബീഗം ഹസ്രത്ത് മഹൽ. കോൺഗ്രസിന്റെ ആദ്യ വനിതാ പ്രസിഡന്റായിരുന്ന ആനി ബസന്റാണ് 1916ൽ ഇന്ത്യൻ ഹോം മൂവ്മെന്റ് ആരംഭിച്ചതും ‘ന്യൂ ഇന്ത്യ' എന്ന പത്രം തുടങ്ങിയതും. അസമിൽനിന്ന്, സ്വാതന്ത്ര്യസമര പോരാട്ടത്തിലേക്ക് കടന്നുവന്നയാളാണ് കനകലതാ ബറൂവ. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലൂടെ സമരമുഖത്ത് സജീവമായിരുന്ന കനകലതാ ബറൂവയെ 17–-ാം വയസ്സിലാണ് ബ്രിട്ടീഷ് പൊലീസ് വെടിവച്ചുകൊന്നത്. ഗുജറാത്തിൽനിന്നുള്ള ഉഷാ മെഹ്ത എട്ടാം വയസ്സിൽ ‘സൈമൺ കമീഷൻ ഗോ ബാക്ക്' സമരത്തിൽ പങ്കെടുത്തു. 1942ൽ ആരംഭിച്ച ‘സീക്രട്ട് കോൺഗ്രസ് റേഡിയോ'യുടെ സ്ഥാപകയായിരുന്നു. മഹാരാഷ്ട്രയിൽനിന്നുള്ള സാവിത്രിഭായി ഫൂലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടി. 1848ൽ പുണെയിൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ ‘ഓൾ ഗേൾസ് സ്കൂളി'ലെ ആദ്യ വനിതാ അധ്യാപികയായിരുന്നു അവർ. പഞ്ചാബിലെ കപുർത്തലയിലെ രാജാവായ രാജാഹർനാം സിങ്ങിന്റെ മകളായ അമൃത് കൗർ, ദണ്ഡി മാർച്ചിൽ പങ്കെടുത്തതിന് നാലുവർഷം തടവിൽ കഴിഞ്ഞു. ഭരണഘടനാ അസംബ്ലിയിലെ അംഗമായിരുന്ന അവർ ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രിയുമായിരുന്നു. അസമിൽനിന്നുള്ള സ്വാതന്ത്ര്യസമര പ്രവർത്തകയായിരുന്നു ബോഗേശ്വരി ഫുകനാനി. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ പങ്കാളിയായ അവർ എട്ട് മക്കളോടും ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ആവശ്യപ്പെട്ടു. 1942ൽ ബ്രിട്ടീഷ് സേന അവരെ വെടിവച്ചുകൊന്നു. ക്യാപ്റ്റൻ ലക്ഷ്മി സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ നിർണായക നേതൃത്വമായിരുന്നു. സരോജിനി നായിഡുവിന്റെ സഹോദരിയായ സുഹാസിനി നമ്പ്യാരിൽ (ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയിലെ ആദ്യ വനിതാ അംഗം)നിന്ന് ബോൾഷെവിക് പ്രസ്ഥാനത്തെക്കുറിച്ചു മനസ്സിലാക്കിയ ലക്ഷ്മി ദേശീയ വിമോചനത്തോടൊപ്പം സാമൂഹ്യവിപത്തുകളായ ദാരിദ്ര്യവും അയിത്തവും നിർമാർജനം ചെയ്യപ്പെടണമെന്നും വാദിച്ചു. ഗാന്ധിജിയുടെ അഹിംസാ നയങ്ങളോട് വിയോജിപ്പുണ്ടായിരുന്ന ലക്ഷ്മി, സുഭാഷ് ചന്ദ്ര ബോസിന്റെ ആഹ്വാനത്തിൽ ആകൃഷ്ടയായി എൻഐഎ വനിതാ റെജിമെന്റിനെ നയിച്ചു. മലബാറിലും തിരുവിതാംകൂർ–- കൊച്ചി മേഖലയിലും പ്രാദേശികമായി നിരവധി സ്ത്രീകൾ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി. എ വി കുട്ടിമാളു അമ്മ 1931ൽ സ്വദേശി പ്രസ്ഥാനത്തിലൂടെയാണ് സമരമുഖത്തേക്ക് കടന്നുവന്നത്. കേരളത്തിന്റെ ഝാൻസി റാണിയെന്ന് അറിയപ്പെട്ടിരുന്ന അക്കാമ്മ ചെറിയാൻ സ്ത്രീമുന്നേറ്റ ചരിത്രത്തിലെയും രാഷ്ട്രീയചരിത്രത്തിലെയും ഉജ്വല വ്യക്തിത്വമായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായാണ് റോസമ്മ പുന്നൂസ് 1939ൽ സജീവരാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. മൂന്നു വർഷത്തോളം ജയിൽവാസം അനുഷ്ഠിച്ചിട്ടുണ്ട്. 1948ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. അറിയപ്പെടുന്നവർക്കപ്പുറം ചരിത്രത്തിൽനിന്നു മാഞ്ഞുപോയ നിരവധി സ്ത്രീകൾ പൊരുതിനേടിയതാണ് ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും പരിമിതമായ പൗരാവകാശങ്ങളും. നിരവധിയായ പീഡനങ്ങളും ദുരിതവും സഹിച്ചാണ് സ്ത്രീകൾ പോർമുഖങ്ങളിൽ വീരേതിഹാസം രചിച്ചത്. പ്രകടനത്തിൽ പങ്കെടുത്തതുകൊണ്ടു മാത്രം ജയിലിൽ അടയ്ക്കപ്പെട്ട പെൺകുട്ടികളെ അധികൃതർ നേരിട്ടത് മർദനവും ഭീഷണിയും തെറിവിളിയുമായാണ്. അക്കാലത്ത് സ്ത്രീകളോട് കാട്ടിയ അതിക്രമത്തിന് ഒരുദാഹരണമാണ് ‘കെട്ടുതാലി സംഭവം'. തലശേരിയിലെ സാമൂഹ്യ പ്രവർത്തകയായ കമലഭായ് പ്രഭു നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന് ശിക്ഷ ആറുമാസം തടവും 1000 രൂപ പിഴയുമായിരുന്നു. പിഴയടയ്ക്കാൻ കൂട്ടാക്കാത്തതിന് കെട്ടുതാലി അഴിപ്പിച്ചുവാങ്ങാൻ പൊലീസിനെ നിയോഗിച്ച വെള്ളക്കാരൻ മജിസ്ട്രേട്ടിനോട് ‘വിധവയാകുന്ന സമയത്തു മാത്രമേ അത് മാറ്റൂ' എന്ന അഭ്യർഥനയ്ക്കൊന്നും വിലയുമുണ്ടായില്ല. സ്വാതന്ത്ര്യ സമരചരിത്രംതന്നെ മാറ്റിയെഴുതുന്ന സമകാലീന ഇന്ത്യൻ അവസ്ഥയെ പ്രതിരോധിക്കുന്നതിന് സാമ്രാജ്യത്വ–-ജന്മിത്ത വിരുദ്ധ പോരാട്ടങ്ങളിൽ ധീരോദാത്തമായ നേതൃത്വം വഹിച്ച പതിനായിരക്കണക്കിന് സ്ത്രീകളുടെ ചരിത്രവും പോരാട്ടവീര്യവും പുതുതലമുറയ്ക്ക് കരുത്തും ആവേശവും പകരും.

ദേശാഭിമാനി 10 Aug 2022 1:00 am

നിതീഷിന്റെ ചുവടുമാറ്റം ബിജെപിക്കുള്ള താക്കീത്‌

കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കനത്ത തിരിച്ചടി നൽകി ഐക്യ ജനതാദൾ നേതാവ് നിതീഷ് കുമാർ എൻഡിഎ വിട്ടു. രണ്ടു ദശാബ്ദത്തിലെ ബന്ധത്തിനിടയിൽ ഇത് രണ്ടാം തവണയാണ് നിതീഷ്കുമാർ ബിജെപിയുമായുള്ള ബന്ധം വേർപെടുത്തുന്നത്. ഇതോടെ ഹിന്ദി ഹൃദയഭൂമിയിലെ പ്രധാന സംസ്ഥാനമായ ബിഹാറിൽ ബിജെപിക്ക് ഭരണം നഷ്ടമായി. ആർജെഡിയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ മുന്നണി ബിജെപി ബന്ധം ഉപേക്ഷിച്ച നിതീഷിനെ പിന്തുണയ്ക്കാൻ തയ്യാറായതോടെ ബിജെപിക്ക് സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള സാധ്യത അടഞ്ഞിരിക്കുകയാണ്. ബിജെപിയുടെ കൂടെനിന്നാൽ സ്വന്തം ഭാവി അവതാളത്തിലാകുമെന്ന ഭയം ഐക്യജനതാദളിനെയും വേട്ടയാടിയതാണ് ബിഹാറിലെ ഭരണമാറ്റത്തിന് ഗതിവേഗം വർധിപ്പിച്ചത്. മഹാരാഷ്ട്രയിൽ ശിവസേനയെ പിളർത്തി സർക്കാർ രൂപീകരിച്ച ‘ഷിൻഡെ ഫോർമുല’ ബിഹാറിലും ബിജെപി പുറത്തെടുക്കാൻ അണിയറയിൽ നീക്കം ആരംഭിച്ച ഘട്ടത്തിലാണ് ആ തന്ത്രം തടഞ്ഞുകൊണ്ട് നിതീഷ് ബിജെപിബന്ധം ഉപേക്ഷിച്ചത്. നിതീഷ് കുമാറിന്റെ ജില്ലക്കാരനും ജാതിക്കാരനുമായ രാമചന്ദ്രപ്രസാദ സിങ് എന്ന ആർ സി പി സിങ്ങിനെ മുന്നിൽനിർത്തി 45 അംഗ ഐക്യ ജനതാദളിനെ പിളർത്തി സർക്കാരുണ്ടാക്കാനുള്ള നീക്കമാണ് ബിജെപി അണിയറയിൽ നടത്തിയിരുന്നത്. ഐക്യജനതാദളിന്റെ രാജ്യസഭാംഗവും കേന്ദ്ര ഉരുക്കുമന്ത്രിയുമായിരുന്ന ആർ സി പി സിങ് അടുത്തകാലത്തായി ബിജെപിയുമായി അടുത്ത ബന്ധത്തിലായിരുന്നു. ഇതിനാലാണ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് പുതുക്കി നൽകാൻ നിതീഷ് വിസമ്മതിച്ചത്. രാജ്യസഭാംഗമാകാൻ കഴിയാത്തതുകൊണ്ടുതന്നെ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ ആർ സി പി സിങ് നിർബന്ധിതനായി. കേന്ദ്രമന്ത്രിസ്ഥാനംതന്നെ വേണ്ടെന്നുവയ്ക്കാനും നിതീഷ്കുമാർ തയ്യാറായി. എംപിയായിരിക്കെ നളന്ദ ജില്ലയിൽ അനധികൃതമായി വാങ്ങിക്കൂട്ടിയ സ്വത്ത് സംബന്ധിച്ച് പാർടി വിശദീകരണം തേടിയതിന് തൊട്ടുപുറകെയാണ് ആർ സി പി സിങ് ഐക്യജനതാദളിൽനിന്ന് രാജിവച്ചത്. ഇതോടെയാണ് നിതീഷ് ക്യാമ്പ് ബിജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ച് എൻഡിഎയ്ക്ക് തിരിച്ചടി നൽകാൻ ഉറച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽത്തന്നെ ഐക്യജനതാദളിനെ തളർത്താൻ ബിജെപി ചിരാഗ് പസ്വാന്റെ നേതൃത്വത്തിലുള്ള എൽജെപിയെ രംഗത്തിറക്കിയിരുന്നു. ഒരേ സഖ്യത്തിലെ അംഗമായിട്ടും എൽജെപി ഐക്യജനതാദളിന് അനുവദിച്ച എല്ലാ സീറ്റിലും സ്ഥാനാർഥിയെ നിർത്തി നിതീഷിന്റെ പാർടിയുടെ സീറ്റ് പകുതിയായി കുറച്ചു. ജൂലൈ 31ന് പട്നയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നടത്തിയ പ്രസംഗം ഐക്യജനതാദളിനുള്ള വ്യക്തമായ സന്ദേശമായിരുന്നു. രാജ്യത്ത് നിലനിൽക്കാൻ പോകുന്ന പാർടി ബിജെപി മാത്രമാണെന്നും പ്രാദേശിക കക്ഷികളെല്ലാം നശിച്ചുപോകുമെന്നുമായിരുന്നു നദ്ദയുടെ പ്രസംഗം. കുറച്ചു മാസമായി ബിജെപിയുടെ പല രാഷ്ട്രീയ തീരുമാനങ്ങളെയും നിതീഷ് എതിർക്കുകയായിരുന്നു. ജാതി സെൻസസിന് എതിരായി ബിജെപി നിലപാടെടുത്തപ്പോൾ ബിഹാറിൽ ജാതി സെൻസസ് നടത്തുമെന്നു പറഞ്ഞ നിതീഷ് അതിനായി ആർജെഡിയുമായും ഇടതുപക്ഷവുമായും കൈകോർക്കാൻ തയ്യാറാകുകയും ചെയ്തു. അതുപോലെതന്നെ അഗ്നിപഥ് പദ്ധതിയെ പ്രതിപക്ഷത്തിനൊപ്പം ചേർന്ന് എതിർക്കാനും നിതീഷ് തയ്യാറായി. ഇതിനൊടുവിലാണ് ഇപ്പോൾ എൻഡിഎയുമായി നിതീഷിന്റെ പാർടി ബന്ധം വേർപെടുത്തിയിട്ടുള്ളത്. ഇതിനുമുമ്പ് ബിജെപിയുമായി സമദൂരം പാലിക്കുകയായിരുന്നു നിതീഷ്. എല്ലാ വീട്ടിലും ത്രിവർണ പതാക എന്ന അജൻഡയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽനിന്ന് വിട്ടുനിന്ന നിതീഷ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സത്യപ്രതിജ്ഞാചടങ്ങിലും മുൻ രാഷ്ട്രപതി രംനാഥ് കോവിന്ദിന് പ്രധാനമന്ത്രി നൽകിയ അത്താഴവിരുന്നിലും പങ്കെടുത്തില്ല. ഏറ്റവും അവസാനമായി ഈ മാസം ഏഴിന് പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽനിന്നും വിട്ടുനിന്നു. നിതീഷിന്റെ ചുവടുമാറ്റം ഇന്ത്യൻ രാഷ്ട്രീയത്തിൽ സുപ്രധാന വഴിത്തിരിവാകുമെന്ന പ്രതീക്ഷയാണ് പ്രതിപക്ഷ കക്ഷികൾ പങ്കുവയ്ക്കുന്നത്. ഒന്നിച്ചുനിന്നാൽ ബിജെപിയെ അധികാരത്തിൽനിന്ന് പുറത്തുനിർത്താൻ കഴിയുമെന്ന മഹത്തായ സന്ദേശം ഈ രാഷ്ട്രീയ നീക്കത്തിലുണ്ട്.

ദേശാഭിമാനി 10 Aug 2022 1:00 am

സുസുകി എർട്ടിഗ സിഎൻജി

മാരുതി സുസുകി വാഗൺ ആർനെയും എർട്ടിഗയെയും സംബന്ധിച്ച് പൊതുവായി പറയാവുന്ന ചില കാര്യങ്ങൾ ഉണ്ട്. അതിൽ ഒന്ന് ഈ രണ്ട് വാഹനങ്ങളും പ്രായോഗികതയിൽ മുന്നിൽ നിൽക്കുന്നു എന്നതാണ്. മറ്റൊന്ന്, ഈ വാഹനങ്ങളുടെ ഇന്ധനക്ഷമതയാണ്, പിന്നെ പറയാനുള്ളത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന വാഹനങ്ങളിൽ മുൻപന്തിയിലാണ്! ഈ വാഹനങ്ങൾക്കുനേരെ ആകെയുണ്ടായിരുന്ന ഒരൊറ്റ പരാതി ഇവയുടെ പുറംകാഴ്ചയായിരുന്നു, ഇപ്പോൾ അതും മെച്ചപ്പെടുത്തിയിരിക്കുന്നു. വാഹന നിർമാതാവ് എന്ന നിലയിൽ പരിസ്ഥിതി സംരക്ഷണത്തിൽ മാരുതി സുസുകിയെക്കുറിച്ച് പറയുകയാണെങ്കിൽ വളരെ കരുതലുള്ള ഒരു കമ്പനിയാണത്. ഭൂരിപക്ഷം നിർമാതാക്കളും ഇലക്ട്രിക് വാഹന നിർമാണത്തിലേക്ക് എടുത്തുചാടിയപ്പോൾ, ഉപയോക്താക്കൾക്ക് പെട്ടന്നൊരു ‘റേഞ്ച് ആങ്സൈറ്റി' കൊടുക്കാതെ സിഎൻജി, സ്മാർട്ട് ഹൈബ്രിഡ് മുതലായ പടിപടിയായിട്ടുള്ള മുന്നേറ്റമാണ് മാരുതി സ്വീകരിച്ചത്. ഈ ആഴ്ചയിലെ അതിഥി മാരുതി സുസുകി എർട്ടിഗ സിഎൻജി ആണ്. എംപിവി സെഗ്മെന്റിൽ ആദ്യമായാണ് ഫാക്ടറി ഫിറ്റ് ചെയ്ത സിഎൻജി ലഭിക്കുന്നത്. പുറംകാഴ്ചയിൽ സാധാരണ എർട്ടിഗയുമായി വ്യത്യാസം ഗ്രില്ലിൽ കൊടുത്തിരിക്കുന്ന ക്രോം ഗാർനിഷിങ് ആണ്, ‘വിങ്ഡ്' ഡിസൈൻ എന്നാണ് മാരുതി വിശേഷിപ്പിക്കുന്നത്. ഹാലൊജൻ പ്രൊജെക്റ്റർ ഹെഡ് ലാമ്പിന് മാറ്റം ഒന്നുമില്ല. വശങ്ങളിൽ അലോയ് വീലിന്റെ സൈസ് 15 ഇഞ്ച് തന്നെയാണ് എന്നാൽ ഡിസൈൻ മാറ്റിയിരിക്കുന്നു. പിന്നിൽ ടെയ്ൽ ഗേറ്റിന് കുറുകെ ക്രോം ബാർ കൊടുത്തിരിക്കുന്നു വലിയ സ്പ്ലിറ്റ് ടെയ്ൽ ലാമ്പിന് ക്രോം ഗാർനിഷിങ് കാണാം. സാധാരണ എർട്ടിഗയിൽനിന്ന് ഇത്രയും മാറ്റങ്ങളാണ് പുറംമോടിയിൽ കാണാൻ കഴിയുന്നത്. കീ ലെസ്സ് എൻട്രിയാണ് അകത്ത് കയറുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് കൂടാതെ എൻജിൻ സ്റ്റാർട്ട് സ്റ്റോപ് ബട്ടണും ഉണ്ട്. ഡ്യുവൽ ടോൺ ഡാഷ് ബോർഡിന്റെ ഒരു തലത്തിൽ കൊടുത്തിരിക്കുന്ന കൃത്രിമ വുഡ് ഫീനിഷ് ഒഴിച്ച് ഡാഷ് ബോർഡിന് മാറ്റമൊന്നുമില്ല. ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റത്തിൽ ആപ്പിൾ കാർ പ്ലേ, അൻഡ്രോയിഡ് ഓട്ടോ എന്നിവയും ടിഎഫ്ടി സ്ക്രീൻ ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ സിഎൻജി ലെവൽ ഡിസ്പ്ലേ ചെയ്യുന്നു. മൂന്നുപേർക്ക് സുഖമായി ഇരിക്കാവുന്ന ബെഞ്ച് സീറ്റ് ആണ് രണ്ടാംനിരയിൽ, മൂന്നാംനിരയിലെ യാത്രക്കാർക്കും ആവശ്യത്തിനുള്ള സ്ഥലസൗകര്യം ഉണ്ട്. എന്നാൽ, സിഎൻജി ടാങ്കിന്റെ സ്ഥലവുംകഴിഞ്ഞ് ലഗ്ഗേജിന് സ്ഥലം കുറവാണ്. സിഎൻജി ടാങ്ക് ഭംഗിയായി കവർ ചെയ്തിരിക്കുന്നു. എർട്ടിഗ സിഎൻജിയുടെ ശക്തിക്കുറവിടം 1.5 ലിറ്റർ കെ15സി ഡ്യുവൽജെറ്റ് പെട്രോൾ എൻജിനാണ്. ഇതിനെ 5 സ്പീഡ് മാന്വൽ ഗീയർ ബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്നു. എൻജിൻ സ്റ്റാർട്ട് ആകുന്നത് പെട്രോൾ മോഡിലും ആവശ്യമുള്ള താപനില എത്തുമ്പോൾ സിഎൻജിയിലേക്കും മാറുന്നു. സുഗമമായ ഈ മാറ്റം കമ്പനി ഫിറ്റ് ചെയ്ത സിഎൻജിയിലാണ് ലഭിക്കുന്നത്. പെട്രോൾ മോഡിൽ 100എച്ച്പിയും സിഎൻജിയിൽ 87എച്ച്പിയും ആണ് ഈ എൻജിൻ ഉൽപ്പാദിപ്പിക്കുന്നത്. 100 കിലോമീറ്ററിന് മുകളിൽ സഞ്ചരിക്കുമ്പോൾ കാർ വളരെ സ്റ്റേബിൾ ആണ്. പെട്ടെന്നുള്ള ആക്സലറേഷൻ മാറ്റങ്ങൾ ഇല്ലാതെ സുഖപ്രദമായ നീണ്ടയാത്രയും ഇന്ധനക്ഷമതയും ലക്ഷ്യംവച്ചാണ് എർട്ടിഗയുടെ എൻജിൻ ട്യൂൺ ചെയ്തിരിക്കുന്നത്. എൻജിൻ സിഎൻജിയിലാണോ പെട്രോളിലാണോ പ്രവർത്തിക്കുന്നത് എന്ന് ഇൻസ്ട്രമെന്റ് ക്ലസ്റ്ററിൽ നോക്കാതെ പറയാൻ സാധിക്കില്ല. അത്രയ്ക്ക് സുഗമമായാണ് ഈ വാഹനത്തിന്റെ പ്രവർത്തനം. 26.11 കിലോമീറ്റർ പ്രതി കിലോഗ്രാം സിഎൻജി ആണ് എർടിഗയുടെ ഇന്ധനക്ഷമതയെന്ന് മാരുതി അവകാശപ്പെടുന്നു. ഫാക്ടറി ഫിറ്റ് ചെയ്ത ഏക സിഎൻജി എംപിവി ആണ് എർടിഗ. 10.44 ലക്ഷം രൂപമുതലാണ് എർടിഗ സിഎൻജിയുടെ എക്സ് ഷോറൂം വില തുടങ്ങുന്നത്.

ദേശാഭിമാനി 10 Aug 2022 1:00 am

തൂക്കുമരത്തെ വിറപ്പിച്ച ഇങ്ക്വിലാബ്

സ്വാതന്ത്ര്യസമര പോരാട്ടചരിത്രത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരിയാണ് ഭഗത് സിങ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരജീവിതം 23–-ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ചത് ലക്ഷങ്ങൾക്ക് പോരാട്ടത്തിനുള്ള ഊർജം പകർന്നാണ്. ഭഗത് സിങ്ങിലെ വിപ്ലവകാരിക്ക് വഴികാട്ടിയത് മാർക്സിയൻ ആശയങ്ങളായിരുന്നു. ‘ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നതെന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ, ഞാനൊരു തീവ്രവാദിയല്ല വിപ്ലവകാരിയാണ്' എന്നാണ് ഭഗത് സിങ് സ്വയം അടയാളപ്പെടുത്തിയത്. പഞ്ചാബ് സിന്ധിലെ ബങ്കാ ഗ്രാമത്തിൽ1907 സെപ്തംബർ 28നായിരുന്നു ജനനം. 12 വയസ്സുള്ളപ്പോഴാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. പിറ്റേദിവസം ജാലിയൻ വാലാബാഗിൽ എത്തി രക്തസാക്ഷികളുടെ ചോരയിൽ കുതിർന്ന മണ്ണ് ശേഖരിച്ച് വീട്ടിൽ കൊണ്ടുവന്നു. 1920ൽ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി. ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ച് ലാലാ ലജ്പത് റായ് സ്ഥാപിച്ച നാഷണൽ കോളേജിൽ ചേർന്നു. യശ്പാൽ, സുഖ്ദേവ്, ഭഗവതി ചരൺ വോഹ്റ എന്നിവരെ ഇവിടെ കണ്ടുമുട്ടി. 1924-ൽ വിവാഹാലോചന നിരാകരിച്ചുകൊണ്ട് പറഞ്ഞത് ‘ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും’ എന്നാണ്. ഗാന്ധിജിയുടെ അക്രമരഹിത സമരരീതി ഉപേക്ഷിച്ച് വിപ്ലവപാതയിലേക്ക് നീങ്ങി. സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷനിൽ 1924ൽ അംഗമായി. 1928ൽ സംഘടനയുടെ നേതൃത്വം ഭഗത് സിങ്ങും ചന്ദ്രശേഖർ ആസാദും ഏറ്റെടുത്തു. പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നാക്കി. 1926ൽ ദസറ ദിനത്തിൽ ലാഹോറിലുണ്ടായ ബോംബുസ്ഫോടനക്കേസിൽ അറസ്റ്റിലായി. വർക്കേഴ്സ് ആൻഡ് പെസന്റ്സ് പാർടിയിൽ പ്രവർത്തിച്ചു. 1927ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട് വന്ന ലേഖനത്തിന്റെ പേരിൽ വീണ്ടും അറസ്റ്റിലായി. സൈമൻ കമീഷനെതിരായ പ്രക്ഷോഭത്തിനിടെ ലാലാ ലജ്പത് റായ് കൊല്ലപ്പെട്ടു. മരണത്തിന് ഉത്തരവാദിയായ പൊലീസ് മേധാവി സ്കോട്ടിനെ ലക്ഷ്യമിട്ട് ഭഗത് സിങ്ങിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തി. ജോൺ സാൻഡേഴ്സ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ലാഹോറിലെ ജില്ലാ പൊലീസ് ആസ്ഥാനത്തിനടുത്തുവച്ച് കൊല്ലപ്പെട്ടു. 1929 ഏപ്രിൽ എട്ടിന് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ഭഗത് സിങ്ങും ബി കെ ദത്തും ബോംബെറിഞ്ഞു. സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനായി സർക്കാർ പൊതുസുരക്ഷ ഭേദഗതി ബിൽ അവതരിപ്പിക്കവെയായിരുന്നു ഇത്. ഇങ്ക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം മൂർദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ‘ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനംതന്നെ വേണ’ മെന്ന ലഘുലേഖനം വിതരണംചെയ്ത് അറസ്റ്റിനു വഴങ്ങി. 1930 ഒക്ടോബർ ഏഴിന് ബോംബെറിഞ്ഞ കേസിൽ പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിങ്, രാജ്ഗുരു എന്നിവരെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1931 മാർച്ച് 24ന് വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്. എന്നാൽ, മാർച്ച് 23നു രാത്രി 7.30ന് ഇവരെ തൂക്കിലേറ്റി. ഹിന്ദുത്വ ആശയങ്ങളോട് ശക്തമായ എതിർപ്പ് ഉയർത്തിയ ആളാണ് ഭഗത് സിങ്. ഹിന്ദുമഹാസഭയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നു. ‘മതപരമായ അന്ധവിശ്വാസവും മതഭ്രാന്തും നമ്മുടെ പുരോഗതിക്ക് വലിയ തടസ്സമാണ്. തടസ്സമാണെന്ന് തെളിഞ്ഞാൽ അവയെ നമുക്ക് ഇല്ലാതാക്കണം’ എന്നാണ് പ്രഖ്യാപിച്ചത്. ആ ഭഗത് സിങ്ങിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ സംഘപരിവാർ. ലഭിക്കാതെ പോയ സ്റ്റാലിന്റെ സന്ദേശം 1928ൽ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് സോവിയറ്റ് കമ്യൂണിസ്റ്റ് പാർടി നേതാവ് ജോസഫ് സ്റ്റാലിൻ ഭഗത് സിങ്ങിന് ഒരു സന്ദേശം അയച്ചിരുന്നു. ‘ഭഗത് സിങ്ങിനോട് മോസ്കോയിലേക്ക് വരാൻ പറയൂ’ എന്ന ഒറ്റവരി സന്ദേശമാണ് മോസ്കോയിൽ നടന്ന മൂന്നാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസിൽ പങ്കെടുത്തു മടങ്ങുമ്പോൾ കമ്യൂണിസ്റ്റ് നേതാവായ ഷൗക്കത്ത് ഉസ്മാനിയുടെ കൈവശം നൽകിയത്. ഇന്ത്യയിൽ എത്തിയ ഉസ്മാനി മീററ്റ് ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി. ലാഹോർ ഗൂഢാലോചനക്കേസിൽ ഭഗത് സിങ്ങും ആ സമയം ജയിലിലായിരുന്നു. ഭഗത് സിങ്ങിനെ തൂക്കിക്കൊന്ന് രണ്ടു വർഷത്തിനുശേഷമാണ് ഉസ്മാനി ജയിൽ മോചിതനായത്. ആ സന്ദേശം കൈമാറാൻ കഴിയാതെ പോയതിനാൽ ചരിത്രപരമായ ഒരു കൂടിക്കാഴ്ചയാണ് യാഥാർഥ്യമാകാതെ പോയത്.

ദേശാഭിമാനി 10 Aug 2022 1:00 am

മഞ്ഞുരുക്കിയ ഇഫ്‌താർ വിരുന്ന്‌

ന്യൂഡൽഹി നിതീഷ് കുമാറും ലാലു കുടുംബവുമായുള്ള മഞ്ഞുരുകലിന് വേദിയായത് മെയ് മാസത്തിലെ രണ്ട് ഇഫ്താർ വിരുന്നുകൾ. ലാലു കുടുംബാംഗങ്ങൾ നിലവിൽ താമസിക്കുന്ന പട്നയിലെ 10 സർക്കുലർ റോഡ് ബംഗ്ലാവിൽ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഒരുക്കിയ ഇഫ്താർ വിരുന്നിലേക്ക് മുഖ്യമന്ത്രിയായ നിതീഷ് കുമാർ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് നടന്നെത്തി. ദിവസങ്ങൾക്കകം മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താറിലേക്ക് തേജസ്വിയുമെത്തി. ഭക്ഷണത്തിനുശേഷം മടങ്ങിയ തേജസ്വിയെ ഗേറ്റുവരെ നിതീഷ് അനുഗമിച്ചു. ജെഡിയു മഹാസഖ്യം ഉപേക്ഷിച്ചുപോയ 2017 മുതൽ കടുത്ത ശത്രുതയിലായിരുന്ന തേജസ്വിയുടെയും നിതീഷിന്റെയും ‘ഇഫ്താർ സൗഹൃദമാണ്’ ബിഹാർ രാഷ്ട്രീയത്തിലെ നാടകീയമാറ്റങ്ങൾക്ക് തുടക്കമിട്ടത്. അഗ്നിപഥ്, വിലക്കയറ്റം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കേന്ദ്രത്തിനെതിരായി ആർജെഡി പട്നയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് സുരക്ഷയടക്കം എല്ലാ സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കി. ലാലുപ്രസാദ് യാദവുമായി പതിറ്റാണ്ടുകളുടെ ബന്ധമാണ് നിതീഷിനുള്ളത്. എഴുപതുകളിൽ ബിഹാറിൽ വീശിയടിച്ച ജെപി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു വിദ്യാർഥി നേതാക്കളായ ലാലുവും നിതീഷും. ലാലുവിനെ ബഡേ ഭായ് എന്നാണ് നിതീഷ് വിളിക്കുന്നത്. 1990ൽ ലാലുവിനെ ബിഹാർ മുഖ്യമന്ത്രിയാക്കുന്നതിൽ നിതീഷ് നിർണായക പങ്ക് വഹിച്ചു. എന്നാൽ, ബിഹാറിലെ ജനതാദൾ ഘടകത്തിൽ ലാലു കുടുംബാംഗങ്ങൾ പിടിമുറുക്കുന്നതിൽ പ്രതിഷേധിച്ച് ജോർജ് ഫെർണാണ്ടസുമൊത്ത് 1994ൽ സമതാ പാർടി രൂപീകരിച്ചു. ഇതോടെ ഇരുവരും ശത്രുചേരിയിലായി. 1998ൽ സമതാ പാർടി വാജ്പേയി നയിക്കുന്ന എൻഡിഎയിലെത്തി. 2003ൽ സമതാ പാർടി ശരത് യാദവിന്റെ ജെഡിയുവിൽ ലയിച്ചു. 2005ൽ നിതീഷ് ബിജെപി പിന്തുണയിൽ മുഖ്യമന്ത്രിയായി. 2013ൽ ബിജെപി സഖ്യം ഉപേക്ഷിച്ച് ആർജെഡിയുമായി കൈകോർത്തു. 2015ൽ വലിയ ഭൂരിപക്ഷത്തിൽ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും 2017ൽ ലാലു കുടുംബാംഗങ്ങളുടെ ‘അഴിമതി’ ചൂണ്ടിക്കാട്ടി സഖ്യം വിട്ടു. ജെഡിയുവിനെ പിളർത്താൻ ബിജെപി കരുനീക്കം തുടങ്ങിയതോടെയാണ് വീണ്ടും ലാലു കുടുംബവുമായി നിതീഷ് അടുത്തുതുടങ്ങിയത്.

ദേശാഭിമാനി 9 Aug 2022 11:36 pm

സ്വർണ തൂവൽ ; ബാഡ്മിന്റണിൽ ഇന്ത്യക്ക് പൊൻനേട്ടം

ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യക്ക് പൊൻനേട്ടം. സിംഗിൾസിൽ പി വി സിന്ധുവും ലക്ഷ്യ സെന്നും ഡബിൾസിൽ ചിരാഗ് ഷെട്ടി–സാത്വിക് സായ്-രാജ് രങ്കിറെഡ്ഡി സഖ്യവും പൊന്നണിഞ്ഞു. വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി–ഗായത്രി ഗോപീചന്ദ് സഖ്യവും പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തും വെങ്കലം സ്വന്തമാക്കി. ഗെയിംസിൽ മൂന്ന് സ്വർണം നേടുന്നത് ആദ്യമായാണ്. കോമൺവെൽത്ത് ഗെയിംസിൽ കഴിഞ്ഞ രണ്ടുതവണയും പൊന്നിലേക്ക് എത്താൻ കഴിയാത്ത സിന്ധു, ബർമിങ്ഹാമിൽ ആ സ്വപ്നം പൂർത്തിയാക്കി. വനിതാ സിംഗിൾസ് ഫൈനലിൽ ക്യാനഡക്കാരി മിച്ചെല്ലെ ലീയെ നേരിട്ടുള്ള ഗെയിമുകളിൽ തകർത്തായിരുന്നു കിരീടം (21–15, 21–13). നീണ്ട റാലികളിലൂടെ കളിപിടിക്കാൻ ലീ ശ്രമിച്ചെങ്കിലും സിന്ധു വിട്ടുകൊടുത്തില്ല. തകർപ്പനൊരു ക്രോസ് കോർട്ട് ഷോട്ടിലൂടെ ജയം പൂർത്തിയാക്കി. കഴിഞ്ഞ ഗെയിംസിൽ വെള്ളിയായിരുന്നു. 2014ൽ വെങ്കലവും. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ 200–ാംസ്വർണമാണ് സിന്ധുവിലൂടെ കിട്ടിയത്. രണ്ടുതവണ ഒളിമ്പിക് മെഡൽ ജേത്രിയായ ഹെെദരാബാദുകാരി ഒരുതവണ ലോകചാമ്പ്യനുമായി. രണ്ടുതവണവീതം വെള്ളിയും വെങ്കലവും. പുരുഷ സിംഗിൾസിൽ ലക്ഷ്യയുടെ നേട്ടം അനുപമമായിരുന്നു. മലേഷ്യയുടെ സെ യോങ്ങിനെ മൂന്ന് ഗെയിം പോരാട്ടത്തിൽ കീഴടക്കിയാണ് ഇരുപതുകാരൻ ചാമ്പ്യനായത്. ആദ്യ ഗെയിം നഷ്ടമായശേഷം ശക്തമായി തിരിച്ചുവന്നു (19–21, 21–9, 21–16). കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ നാലാംസ്വർണമാണിത്. പ്രകാശ് പദുക്കോൺ (1978), സയ്യദ് മോഡി (1982), പി കശ്യപ് (2014) എന്നിവരാണ് ഇതിനുമുമ്പ് സ്വർണം നേടിയത്. ഡബിൾസിൽ ചരിത്രനേട്ടമായിരുന്നു. സാത്വികും ചിരാഗും നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ തകർത്തു. ബെൻ ലെയ്ൻ–സീൻ വെൻഡി സഖ്യത്തെ നേരിട്ടുള്ള ഗെയിമുകളിലാണ് ഇരുവരും കീഴടക്കിയത് (21–15, 21–13).

ദേശാഭിമാനി 9 Aug 2022 1:51 am

‍‍ബ്ലിറ്റ്സിലെ ബർലിൻ

ബാലസംഘം സ്ഥാപക നേതാവ് . കമ്യൂണിസ്റ്റ് പാർടി ഒന്നാം കോൺഗ്രസിലെ പ്രായംകുറഞ്ഞ പ്രതിനിധി . കരഞ്ചിയയുടെ ബ്ലിറ്റ്സ് വാരികയിലെ പത്രപ്രവർത്തകൻ . പിന്നെ യൂറോപ്യൻ പ്രതിനിധി . കുഗ്രാമത്തിൽനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളർന്ന രാഷ്ട്രീയ ‐ പത്രപ്രവർത്തന രംഗത്തെ സാഹസികൻ . പി കൃഷ്ണപിള്ള പാർടി അംഗത്വം നൽകിയ കുഞ്ഞനന്തൻനായർ ഒരു കാലഘട്ടത്തിന്റെ ചരിത്ര സാക്ഷിയാണ് . ആദ്യകാല പാർടി നേതൃത്വവുമായി അഭേദ്യബന്ധമുണ്ടായ അദ്ദേഹം പിന്നീട് ലോക പ്രസ്ഥാനത്തിലെ മഹാരഥന്മാരുമായി ഇടപഴകി . മുംബെെയിലെയും കോഴിക്കോട്ടെയും കമ്യൂണുകളിലെ സജീവാംഗവുമായി . തറവാട്ടിന്റെ മച്ചിൻപുറത്ത് കൃഷ്ണപിള്ളയെ കൃഷ്ണമണിപോലെ കാത്തതിന്റെ അനുഭവത്തിൽനിന്നാണ് ആ ജാഗ്രത വളർന്നതും . ഒളിവിലായ ഇ എം എസിന്റെ പ്രധാന സഹായി കുഞ്ഞനന്തൻനായരായിരുന്നു . ബോട്ടുകളിലും തീവണ്ടികളിലും സാഹസികമായാണ് കൊണ്ടുപോയത് . ഇ എം എസിന്റെ വിക്ക് വലിയ തടസ്സമായി . ആളുകൾ എന്തെങ്കിലും ചോദിച്ചാൽ , മൂകനാണെന്നു പറഞ്ഞ് ഒഴിവാക്കും . അങ്ങനെ കുറേ അനുഭവങ്ങൾ . മീശവച്ച ഇ എം എസിന്റെ ഒളിവുകാല ചിത്രത്തെക്കുറിച്ച് കുഞ്ഞനന്തൻനായർ , എൺപതു തികഞ്ഞ ഇഎംഎസി ’ ൽ എഴുതി . പി സുന്ദരയ്യയുമായി കേരളത്തിൽ അഗാധമായ അടുപ്പമുണ്ടായിരുന്നവരിൽ പ്രധാനിയാണ് കുഞ്ഞനന്തൻ നായർ . പാർടിനിരോധനം നീക്കിയപ്പോൾ മുഴുവൻ സമയ പ്രവർത്തകനായി . പിന്നീട് ബെർലിനിൽപോയി ജർമൻ പഠിച്ച് പത്രപ്രവർത്തകനായി . ബ്ലിറ്റ്സിൽ സാർവദേശീയ സ്ഥിതി എഴുതി . സുന്ദരയ്യയെയും ഇ എം എസിനെയുംപോലുള്ളവരുടെ നിർദേശത്താലാണ് കുഞ്ഞനന്തൻനായർ പത്രപ്രവർത്തനം തൊഴിലാക്കിയത് . ബ്ലിറ്റ്സ് തുടക്കകാലത്ത് മുംബെെയിലെ ഇടതുപക്ഷ കോൺഗ്രസുകാരുടെ താവളങ്ങളിലൊന്ന് . 1941 ഫെബ്രുവരിയിൽ ആദ്യ ലക്കം പുറത്തിറങ്ങിയ ബ്ലിറ്റ്സിലേക്ക് കുഞ്ഞന്തൻ നായരുടെ പ്രവേശനവും ആ പരിഗണനയിൽ . മൊറാഴ ചെറുത്തുനിൽപ്പിനെ തുടർന്ന് വധശിക്ഷ വിധിക്കപ്പെട്ട കെ പി ആറിന് അനുകൂലമായി കരഞ്ചിയ കുറിപ്പെഴുതി . ബ്ലിറ്റ്സിനെ പ്രശസ്തമാക്കിയ അന്വേഷണാത്മക റിപ്പോർട്ടുകളിൽ അദ്ദേഹം വലിയ സംഭാവന നൽകി . അമേരിക്കൻ പിന്തുണയോടെ മൂന്നാം ലോകത്ത്നടന്ന സാമ്രാജ്യത്വാനുകൂല ആശയ പ്രചാരണമായിരുന്നു മറ്റൊരു അന്വേഷണം . ബെർലിനിൽനിന്ന് കുഞ്ഞനന്തൻ നായർ എന്ന പേരിൽ ആദ്യകാലത്ത് ചില മലയാളം പ്രസിദ്ധീകരണങ്ങളിൽ ലേഖനം എഴുതിയതോടെയാണ് പുളിയാങ്കോടൻ കല്യാട്ട് കുഞ്ഞനന്തൻനായരുടെ പേരിനൊപ്പം ബർലിൻ അഭേദ്യഭാഗമായത് . ന്യൂഏജ് , ദേശാഭിമാനി , നവയുഗം , നവജീവൻ , ജനയുഗം തുടങ്ങിയവയിലും എഴുതി . 1958 ൽ റഷ്യയിലെത്തിയ അദ്ദേഹം മോസ്കോ വഴിയാണ് ബർലിനിൽ പോയത് . ആ വർഷം റഷ്യൻ പാർടി സ്കൂളിൽനിന്ന് രാഷ്ട്രമീമാംസയിലും മാർക്സിസം ‐ ലെനിനിസത്തിലും ബിരുദവും നേടി . 1959 ൽ സോവിയറ്റ് കോൺഗ്രസിലും പങ്കെടുത്തു . 1986 ൽ പ്രസിദ്ധീകരിച്ച ഡെവിൽ ആൻഡ് ഹിസ് ഡാർട് ' കുഞ്ഞനന്തൻ നായരെ അന്താരാഷ്ട്ര പ്രശസ്തനാക്കി . പുസ്തകം ഹമീദ് ചേന്നമംഗലൂർ പരിഭാഷപ്പെടുത്തി പിശാചും അവന്റെ ചാട്ടുളിയും ' എന്ന ശീർഷകത്തിൽ ദേശാഭിമാനി വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചു . വിൻസ്റ്റൺ ചർച്ചിൽ , ക്രൂഷ്ച്ചേവ് , ചൗഎൻ ലായി , കാസ്ട്രോ , അറാഫത്ത് , നാസർ തുടങ്ങിയവരെയെല്ലാം അഭിമുഖം നടത്തിയിരുന്നു കരഞ്ചിയ . അതിന്റെ തുടർച്ചയുണ്ടാക്കിയത് കുഞ്ഞനന്തൻ നായർ . കാസ്ട്രോയുമായി നടത്തിയ കൂടിക്കാഴ്ച കുറേക്കാലം ചർച്ചയായി .

ദേശാഭിമാനി 9 Aug 2022 1:24 am

കുഞ്ഞനന്തൻ നായർ ; സാർവദേശീയ 
 കമ്യൂണിസ്റ്റ്

കുഞ്ഞനന്തൻനായരുടെ ജീവിതകഥയുടെപേര് ‘പൊളിച്ചെഴുത്തെ’ന്നാണ്. നാടുവാഴിത്തം അരങ്ങുവാണ കാലത്ത് കുടിയാന്മാരെ ദ്രോഹിക്കാനും ഭൂമി പിടിച്ചെടുക്കാനും ആവിഷ്കരിച്ച അന്യായ ഏർപ്പാടിനെ, ആ സാമൂഹ്യഘടനയെ പൊളിച്ചെഴുതാൻ നിസ്തുല സംഭാവന നൽകിയ വ്യക്തിത്വമെന്ന നിലയിലാകും അദ്ദേഹം ചരിത്രത്തിൽ ഇടംനേടുക. കേരളത്തിന്റെ പെരുമ ലോകത്തോളമുയർത്തിയ മാധ്യമപ്രവർത്തകനപ്പുറം നാടിന്റെ കുതിപ്പിന് ഊർജംപകർന്ന കമ്യൂണിസ്റ്റായിരുന്നു കുഞ്ഞനന്തൻ നായർ. കുഞ്ഞനന്തനെ വക്കീലോ ജഡ്ജിയോ ആക്കാനായിരുന്നു അച്ഛനമ്മമാരുടെ ആഗ്രഹം. അവനാകട്ടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുമാണ് നടന്നുകയറിയത്. 1942ൽ ചിറക്കൽ രാജാസിൽ പഠിക്കവെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് പുറത്താക്കപ്പെട്ടു. പി കൃഷ്ണപിള്ളയുമായുള്ള അടുപ്പം ജീവിതം മാറ്റിമറിച്ചു. സോവിയറ്റ് യൂണിയനിലെ ബാലസംഘടന, ‘യങ് പയനിറി'ന്റെ പ്രവർത്തനം വിവരിച്ച് സ്വാതന്ത്ര്യസമരത്തിൽ കുട്ടികൾ ചേരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ബോധ്യപ്പെടുത്തി. 1938 ഡിസംബർ 28ന് കല്യാശേരിയിൽ ബാലഭാരതസംഘത്തിന്റെ പിറവിയിലേക്ക്നയിച്ചത് ആ ഇടപെടലാണ്. കുഞ്ഞനന്തൻ സെക്രട്ടറി. നായനാർ പ്രസിഡന്റും. 1939ൽ ബക്കളത്തുചേർന്ന പത്താം കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിൽ വളന്റിയറായി. 1942ൽ പാർടി അംഗത്വം. അടുത്ത വർഷം മുംബൈയിൽ നടന്ന ഒന്നാംകോൺഗ്രസിലെ പ്രായംകുറഞ്ഞ പ്രതിനിധിയായി. ബാലഭാരതസംഘത്തെക്കുറിച്ച് റിപ്പോർട്ടും അവതരിപ്പിച്ചു. കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം പട്ടാളത്തിൽ ചേർന്നെങ്കിലും കമ്യൂണിസ്റ്റാണെന്ന് കണ്ടെത്തിയതോടെ പുറത്ത്. രണ്ടുവർഷത്തോളം മുംബൈ കമ്യൂണിൽ. നാട്ടിലെത്തിയശേഷം പാർടി നിർദേശപ്രകാരം കേന്ദ്ര ഓഫീസിലേക്ക്. മുഖപത്രമായ ന്യൂ ഏജ് പത്രാധിപസമിതി അംഗമായി. ഇന്ത്യയിലെയും ലോകത്തിലെയും കമ്യൂണിസ്റ്റ് നേതാക്കളുമായി ഇത്ര ആത്മബന്ധംപുലർത്തിയ മറ്റൊരാൾ കേരളത്തിലില്ല. കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും എം എൻ ഗോവിന്ദൻ നായരും മുതൽ അജയഘോഷും സുന്ദരയ്യയും വരെയുള്ളവരുമായി ഉണ്ടായ അടുപ്പം ബ്രഷ്നേവും ഹോനേക്കറും ഉൾപ്പെടെയുള്ളവരുമായും ഉണ്ടായി.‘കമ്യൂണിസത്തിനും പാർടിക്കും സമർപ്പിച്ചതാണ് എന്റെ ജീവിതം. കമ്യൂണിസ്റ്റായി മരിക്കണം''‐ അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു.

ദേശാഭിമാനി 9 Aug 2022 1:23 am

സാമൂഹ്യ പ്രതിബദ്ധത ജനകീയാംഗീകാരം - സഹകരണമന്ത്രി വി എൻ വാസവൻ
 എഴുതുന്നു

സമൂഹത്തോടുള്ള പ്രതിബദ്ധത എന്ന തത്വത്തിലധിഷ്ഠിതമാണ് കേരളത്തിലെ സഹകരണമേഖലയിലെ പ്രവർത്തനങ്ങൾ. സാധാരണക്കാരുടെ ഏത് ആപത്ഘട്ടത്തിലും സഹായഹസ്തവുമായി ആദ്യം ഓടിയെത്തുന്നത് സഹകരണമേഖലയാണ്. അത് നാം പ്രളയകാലത്തും മഹാമാരിക്കാലത്തും കണ്ടു. സാമൂഹ്യ സുരക്ഷയുടെ ഉജ്വല മാതൃകകളാണ് സഹകരണ പ്രസ്ഥാനം നടപ്പാക്കുന്നത്. വീടുകളിലെത്തുന്ന സാമൂഹ്യ പെൻഷനും കെഎസ്ആർടിസി പെൻഷൻ വിതരണവും ഇതിനൊരുദാഹരണമാണ്. നാൽപ്പത്തൊന്നായിരത്തിലധികം പേർക്ക് പെൻഷൻ സഹകരണ സംഘങ്ങളിലൂടെ നടപ്പാക്കുന്നു. 2018ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി എത്തിയ കെയർഹോം 2091 വീട് ആദ്യഘട്ടത്തിൽ നിർമിച്ചു നൽകി. രണ്ടാം ഘട്ടത്തിൽ ഭവനരഹിത ഭൂരഹിതർക്കായുള്ള ഫ്ലാറ്റ് നിർമാണ പദ്ധതി നടന്നുവരുന്നു. കോവിഡ്കാലത്ത് ഏറ്റവും മാതൃകാപരമായ പ്രവർത്തനമാണ് സഹകരണ സംഘങ്ങൾ നടത്തിയത്. അതിജീവനപാതയിൽ സർക്കാരിനൊപ്പം ശക്തമായി നിലകൊണ്ടു. കമ്യൂണിറ്റി കിച്ചനുകൾക്ക് സഹായം നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘട്ടത്തിലായി 266 കോടി രൂപ സംഭാവന ചെയ്തു. മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ, നബാർഡു വഴിയുള്ള സ്പെഷ്യൽ ലിക്വിഡിറ്റി വായ്പ തുടങ്ങിയ പദ്ധതികളും ഫലപ്രദമായി നടപ്പാക്കി. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങാനായി പലിശരഹിത വായ്പ നൽകുന്ന വിദ്യാതരംഗിണി പദ്ധതി നടപ്പാക്കി. കോവിഡ്കാലത്ത് മൊറട്ടോറിയം പ്രഖ്യാപിച്ച് വായ്പാ തിരിച്ചടവിന് സാവകാശം നൽകി. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തുടരുന്നു. സഹകരണ സംഘങ്ങൾ വഴി നടപ്പാക്കുന്ന ‘മുറ്റത്തെ മുല്ലയും സ്നേഹതീരം വായ്പാ പദ്ധതി’യും ഗ്രാമീണ ജനതയെ കൊള്ളപ്പലിശക്കാരിൽനിന്നും സ്വകാര്യ മൈക്രോ ധനസ്ഥാപനങ്ങളിൽനിന്നും രക്ഷിക്കുന്നു. പട്ടികജാതി–- വർഗക്കാർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിഭാഗങ്ങളുടെ ഉന്നമനത്തിനായും പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു. ഭിന്നശേഷിക്കാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി 500 പേർക്ക് നാലു കോടി വായ്പ നൽകി. ആശുപത്രി സംഘങ്ങളുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ പദ്ധതിക്ക് തുടക്കംകുറിച്ചു. നെല്ലിന്റെയും അരിയുടെയും സംഭരണം, സംസ്കരണം, വിപണനം എന്നിവയ്ക്കായി സഹകരണ കൂട്ടായ്മയിലൂടെ (കോ–- -ഓപ്പറേറ്റീവ് കൺസോർഷ്യം) കുട്ടനാട്, അപ്പർ കുട്ടനാട് കേന്ദ്രീകരിച്ച് കാപ് കോസ്, പാലക്കാട് ജില്ല കേന്ദ്രീകരിച്ച് പാപ്കോസ് എന്നീ രണ്ടു സംഘം രൂപീകരിച്ചു. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് പദ്ധതി നടപ്പാക്കുന്നു. സഹകരണമേഖലമാത്രം ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്നു. അതോടൊപ്പംതന്നെ പരോക്ഷ തൊഴിലുകളും സൃഷ്ടിക്കുന്നു. സർക്കാരിന്റെ രണ്ട് 100 ദിന കർമപദ്ധതിയിലുമായി 56,279 തൊഴിലവസരം സൃഷ്ടിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സഹകരണ സംഘങ്ങളുടെ മുഖ്യ അജൻഡയായി മാറി. ആരോഗ്യരംഗത്ത് ശക്തമായ സാന്നിധ്യമായി മാറുകയാണ് സഹകരണമേഖല. മുപ്പത് യുവജന സംഘം സഹകരണമേഖലയ്ക്ക് പുത്തനുണർവാണ് നൽകുന്നത്. ഇതിനു പുറമെ പട്ടികജാതി–- വർഗ വിഭാഗങ്ങളിലെ യുവതയെ ഉൾപ്പെടുത്തി 14 ജില്ലയിലും ഓരോ പട്ടികജാതി, പട്ടികവർഗ യുവജന സഹകരണ സംഘം ആരംഭിച്ചു. -ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും ഊന്നൽ നൽകി കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം നടപ്പാക്കുന്ന പദ്ധതിയാണ് കോട്ടയം നാട്ടകത്തെ അക്ഷരം മ്യൂസിയം. കലാകാരന്മാരുടെ സാമ്പത്തിക ഉന്നമനത്തിനായി കലാകാരന്മാരുടെ സഹകരണ സംഘം രൂപീകരിച്ചു. കായികമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇടപെടുന്നു. സഹകരണമേഖല രണ്ടു മൂന്നു വർഷമായി വലിയ പ്രതിസന്ധിയാണ് നേരിട്ടത്. അത് അതിജീവിക്കാനായി. നിക്ഷേപ സമാഹരണത്തിൽ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. 6000 കോടി രൂപയാണ് സമാഹരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, 9967.43 കോടി രൂപ സമാഹരിച്ചു. എറണാകുളത്ത് നടന്ന സഹകരണ എക്സ്പോ മേഖലയുടെ സംഘശക്തി വിളിച്ചറിയിച്ചു. സഹകരണമേഖലയെ തകർക്കാൻ കേന്ദ്ര ഒത്താശയോടെ റിസർവ് ബാങ്ക് നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്ന കാലത്താണ് ഈ നേട്ടങ്ങൾ. അപവാദ പ്രചാരണങ്ങൾക്കും നവലിബറൽ സാമ്പത്തിക, ബാങ്കിങ് പരിഷ്കാരങ്ങൾക്കും കേരളത്തിലെ സഹകരണ വായ്പാ മേഖലയെ തകർക്കാനാകില്ല. കരുവന്നൂരിലെ നിക്ഷേപകർക്ക് 42.76 കോടി തിരികെ നൽകിയതിനു പുറമേ 35 കോടിയുടെ പ്രത്യേക പാക്കേജ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൻെറ ഭാഗമായാണ് കഴിഞ്ഞ ദിവസം പരേതയായ നിക്ഷേപകയുടെ കുടുംബത്തിന് 23 ലക്ഷം രൂപ തിരിച്ചുകൊടുത്തത്. മാത്രമല്ല പ്രതിസന്ധിയിലായി നിക്ഷേപം തിരിച്ചു നല്കുവാന് ബുദ്ധിമുട്ട് നേരിടുന്ന സഹകരണ ബാങ്കുകളെ സഹായിക്കുന്നതിനായി 500 കോടി രൂപ സഞ്ചിതനിധിയും രൂപീകരിക്കും. കരുവന്നൂർ ബാങ്കിലെ സംഭവത്തെ സാമാന്യവൽക്കരിച്ച് കേരളത്തിലെ സഹകരണമേഖലയാകെ ഇങ്ങനെയാണ് എന്ന പ്രതീതി പരത്താനാണ് തൽപ്പരകക്ഷികളും ചില മാധ്യമങ്ങളും ശ്രമിക്കുന്നത്. രാജ്യത്തെ സ്വകാര്യ കുത്തക കോർപറേറ്റ് ബാങ്കുകൾക്ക് ബദലാണ് സഹകരണ ബാങ്കുകൾ. അവ എന്നും ഇവർക്ക് ഭീഷണിയാണ്. ഇത്തരം കുത്തകകളെ സഹായിക്കുന്ന സമീപനമാണ് അസത്യ വാർത്തകൾ ചമയ്ക്കുന്നവർ ചെയ്യുന്നത്. (അവസാനിച്ചു)

ദേശാഭിമാനി 9 Aug 2022 1:00 am

തദ്ദേശീയ ജനതയ്ക്കൊപ്പം - മന്ത്രി കെ രാധാകൃഷ്ണൻ‌ എഴുതുന്നു

മികച്ച വിദ്യാഭ്യാസം മെച്ചപ്പെട്ട ആരോഗ്യം' എന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഈ വർഷത്തെ തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം ആചരിക്കുന്നത്. ആഗസ്ത് ഒമ്പതുമുതൽ സ്വാതന്ത്ര്യദിനംവരെ ഒരാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ തദ്ദേശീയ ജനതയെ ലോകത്തിനൊപ്പം കേരളവും ചേർത്തുപിടിക്കുകയാണ്. തനത് സംസ്കാരം, പാരമ്പര്യം, ഭാഷ അറിവുകൾ തുടങ്ങി വ്യത്യസ്തമായ കഴിവുകളുടെ അക്ഷയഖനിയാണ് കേരളത്തിലെ തദ്ദേശീയരായ പട്ടികവർഗ ജനസമൂഹം. പൊതു സമൂഹത്തിന്റെ പുരോഗതിക്കൊപ്പം ഇവരെയും ചേർത്തുനിർത്തുക എന്നതാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. 1994 ഡിസംബർ 23-ന് ഐക്യരാഷ്ട്ര സംഘടന നടത്തിയ പ്രഖ്യാപനത്തിലൂടെയാണ് തദ്ദേശീയ ജനതയ്ക്കായി ഒരു ദിനം പിറക്കുന്നത്. കേരളത്തിലിന്ന് 1,07,965 കുടുംബത്തിലായി 4,84,839 പട്ടികവർഗത്തിൽപ്പെട്ടവരാണുള്ളത്. കേരള ജനതയുടെ 1.44 ശതമാനം വരുമിത്. സാമൂഹ്യ സാമ്പത്തിക സഹകരണം, പങ്കാളിത്തം, പാർപ്പിടം, വിദ്യാഭ്യാസം, തൊഴിൽ, മനുഷ്യാവകാശം, വികസനം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ തദ്ദേശീയ ജനതയെക്കൂടി ഉൾപ്പെടുത്തിയുള്ള വികസനമാണ് ഉണ്ടാക്കേണ്ടത്. എന്നാൽ, ദശാബ്ദങ്ങളായി വികസന വിഷയങ്ങളിൽ ഈ സമൂഹം പിൻനിരയിൽ ആയിരുന്നു. മുതലാളിത്ത അധിനിവേശമുണ്ടായ എല്ലാ രാജ്യങ്ങളിൽനിന്നും സ്ഥലങ്ങളിൽനിന്നും തദ്ദേശീയ ജനത ആട്ടിയോടിക്കപ്പെടുകയാണുണ്ടായത്. തങ്ങളുടെ മുൻഗാമികൾ നടത്തിയ ക്രൂരമായ അടിച്ചമർത്തലുകൾക്കും പീഡനങ്ങൾക്കും പിന്മുറക്കാർ പരിഹാരംചെയ്ത് മാപ്പ് പറയുന്ന കാഴ്ചകളാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ കാണുന്നത്. അടിച്ചമർത്തപ്പെട്ടവർ അനുഭവിച്ച വേദനകൾക്കും യാതനകൾക്കും കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ലെന്നത് നമുക്ക് മറക്കാനാകില്ല. സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ഇന്ത്യയിലെ പട്ടികജാതി –വർഗ- ജനസമൂഹം ദുരിതങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ കപട വികസനത്തിൽ പിടിച്ചുനിൽക്കാനാകാതെ മണ്ണും കിടപ്പാടവുമൊക്കെ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വരുന്നവരുടെ ദുരന്തകഥകൾ ഇന്ത്യയിലെ പല ആദിവാസിമേഖലകളിൽനിന്നും വരുന്നുണ്ട്. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതിയായി പട്ടികവർഗ വനിത എത്തിയത് അഭിമാനകരമാണെങ്കിലും യഥാർഥ ആദിവാസികളുടെ ജീവിതനിലവാരം വളരെ ദുരിതപൂർണമാണെന്ന വസ്തുത നിലനിൽക്കുകയാണ്. എന്നാൽ, ഇന്ത്യൻ പൊതു അവസ്ഥയിൽനിന്ന് ഏറെ വ്യത്യസ്തമാണ് കേരളം. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നതി വിദ്യാഭ്യാസത്തിലൂടെ കൈവരിക്കാനാണ് ഈ സർക്കാർ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി പ്രീപ്രൈമറി മുതൽ പിഎച്ച്ഡി -വരെയുള്ള പഠനത്തിനും വിദേശ പഠനത്തിനും സിവിൽ സർവീസ് പരിശീലനത്തിനുംവരെ സൗകര്യങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. വൈജ്ഞാനിക സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന എൽഡിഎഫ് നയത്തിൽ പട്ടികജാതി–-പട്ടികവർഗ വിഭാഗക്കാർ പിന്തള്ളപ്പെടുന്നില്ലെന്നും സർക്കാർ ഉറപ്പാക്കുന്നു. പട്ടികവർഗക്കാരായ ബിരുദധാരികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 പേർക്ക് ഇന്ത്യയിലെവിടെയും ഐഎഎസ് പരീക്ഷാ പരിശീലനത്തിന് വിവിധ സിവിൽ സർവീസ് അക്കാദമികളിൽ സൗകര്യമൊരുക്കി. ഈ സർക്കാർ 185 പട്ടികജാതി-–- പട്ടിക വർഗ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ അവസരം നൽകിയെന്നതും കേരളത്തിനാകെ അഭിമാനിക്കാവുന്ന ഇടപെടലാണ്. ഇതുവഴി ആ കുട്ടികൾ മാത്രമല്ല, അവരുടെ കുടുംബങ്ങളുടെ ജീവിതനിലവാരം കൂടിയാണ് ഉയരുന്നത്. ഒരുകാലത്ത് അറിവും അക്ഷരവും നിഷേധിക്കപ്പെട്ട ഒരു ജനതയ്ക്ക് എല്ലാവിധ പിന്തുണയും നൽകി അവരുടെ സോഷ്യൽ ക്യാപിറ്റൽ ഉയർത്തുകയാണ് എൽഡിഎഫ് സർക്കാർ. ഇ–-ഗ്രാന്റ് സ്കോളർഷിപ്പിലൂടെ പട്ടികജാതി–-പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ പത്തു ലക്ഷത്തിലധികം വരുന്ന വിദ്യാർഥികളാണ് പഠിക്കുന്നത്. പാർപ്പിടപ്രശ്നം പരിഹരിക്കുന്നതിന് മുഴുവൻ പട്ടിക ജാതി-–-പട്ടികവർഗക്കാർക്കും നാലു വർഷത്തിനുള്ളിൽ ഭൂമിയും വീടും ലഭ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഭവനപൂർത്തീകരണ പദ്ധതി കൂടുതൽ ജനകീയമാക്കി, സമഗ്ര ഭവനമാക്കുന്നതും രണ്ടാം പിണറായി സർക്കാരിന്റെ നയമാണ്. സ്ഥിരവരുമാനദായകമായ മാന്യമായ തൊഴിലവസരങ്ങളുടെ കുറവാണ് ഈ സമൂഹം അഭിമുഖീകരിക്കുന്ന മറ്റൊരു പ്രധാന പ്രശ്നം. പട്ടികജാതി–- പട്ടികവർഗ വകുപ്പിന്റെ ഐടിഐകൾ നവീകരിച്ച് എല്ലായിടത്തും നിലവിലുള്ള ട്രേഡുകളിൽ കോഴ്സുകൾ കൂട്ടിച്ചേർത്ത് ഈ അധ്യയനവർഷംതന്നെ ആരംഭിക്കും. പ്രൊഫഷണൽ കോഴ്സുകൾ പാസായവർക്ക് സർക്കാർ സംവിധാനത്തിലുള്ള തൊഴിലവസരവും പരിശീലനം നൽകുന്നതിനും അവസരമൊരുക്കുന്നു. അക്രഡിറ്റഡ് എൻജിനിയർമാർ, പാരാമെഡിക്കൽ ജീവനക്കാർ, സോഷ്യൽ വർക്കർമാർ, അധ്യാപകർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ആയിരങ്ങൾക്ക് തൊഴിലവസരം ലഭ്യമാക്കി. ഇതിനുപുറമേ എസ്സി പ്രൊമോട്ടർമാരായി 1231 പേരെയും പട്ടികവർഗ പ്രൊമോട്ടർമാരായി 1182 പേരെയും നിയമിച്ചു. സർക്കാരിന്റെ വികസന പദ്ധതികൾ ഗുണഭോക്താക്കളിൽ എത്തിക്കുന്ന വകുപ്പിന്റെ തേരാളികളാകുകയാണ് ഈ പ്രൊമോട്ടർമാർ. മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യം എന്ന സന്ദേശമുയർത്തി ആഗസ്ത് 15-വരെ മറ്റ് വകുപ്പുകളുടെയും സഹകരണത്തോടെ 140 മണ്ഡലത്തിലും തദ്ദേശീയ ദിനാചരണ പരിപാടികൾ നടത്തും. വികസന പദ്ധതികൾ ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ സാമൂഹ്യമൂലധനം ഉയർത്തണം. ദാരിദ്ര്യവും അവഗണനയും അസമത്വവും സാമ്പത്തിക അരക്ഷിതാവസ്ഥകളും അനുഭവിച്ച ഇവരെക്കൂടി സമഭാവനയോടെ പൊതുസമൂഹത്തിനൊപ്പം ചേർത്തുനിർത്താനാണ് എൽഡിഎഫ് സർക്കാരിന്റെ പരിശ്രമം. അതിനുള്ള പ്രചോദനവുമാകുകയാണ് തദ്ദേശീയ ദിനാചരണ പരിപാടികൾ.

ദേശാഭിമാനി 9 Aug 2022 1:00 am

3 ചാട്ടക്കാർ 3 മാതൃക

കേരളത്തിന്റെ അഭിമാനമായി മൂന്ന് ചാട്ടക്കാർ. എൽദോസ് പോളും എം ശ്രീശങ്കറും അബ്ദുള്ള അബൂബക്കറും. ഒളിമ്പ്യൻ സുരേഷ് ബാബുവും ടി സി യോഹന്നാനും അഞ്ജുബോബി ജോർജുമൊക്ക വന്നവഴികളിൽ വെളിച്ചം വീശാൻ പുതുതലമുറയ്ക്ക് സാധിക്കുന്നത് സന്തോഷകരമാണ്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ കൊടിയിറങ്ങിയ കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾജമ്പിൽ എൽദോസ് പോൾ സ്വർണം നേടിയപ്പോൾ അബ്ദുള്ള അബൂബക്കർ വെള്ളി സ്വന്തമാക്കി. വിജയപീഠത്തിൽ രണ്ട് മലയാളികൾ മെഡലുകളുമായി പുഞ്ചിരിച്ചുനിൽക്കുന്ന കാഴ്ച രോമാഞ്ചജനകംതന്നെ. ഇവരുടെ മെഡൽ നേട്ടം എളുപ്പമായിരുന്നില്ല. ഒറ്റ രാത്രികൊണ്ട് നേടിയതുമല്ല. കഠിനാധ്വാനവും അർപ്പണബോധവുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന വലിയ സന്ദേശമാണ് ഈ ചെറുപ്പക്കാർ നൽകുന്നത്. വിപണിയുടെയും മായക്കാഴ്ചകളുടെയും കാലത്ത് പുതിയ തലമുറയ്ക്ക് മാതൃകയാക്കാവുന്നതും പിന്തുടരാവുന്നതുമാണ് ഇവരുടെ സമർപ്പണം. പരിമിതമായ സൗകര്യങ്ങളിൽനിന്ന് വലിയ സ്വപ്നം കണ്ടുവെന്നതാണ് സവിശേഷത. നാട്ടിൻപുറത്തെ സാധാരണ സാഹചര്യങ്ങളിൽ ജനിച്ചുവളർന്നവർ. എൽദോസ് പോൾ എറണാകുളം ജില്ലയിലെ രാമമംഗലം പാലയ്ക്കാമറ്റം ഗ്രാമത്തിന്റെ സന്തതിയാണ്. നാലരവയസ്സിൽ അമ്മയെ നഷ്ടമായ ബാല്യം. പിന്നെ അമ്മൂമ്മയായ മറിയാമ്മയുടെ തണലിലാണ് വളർന്നത്. കടുത്ത സാമ്പത്തിക പരാധീനതയിലായിരുന്നു വിദ്യാഭ്യാസകാലം. പരിശീലനത്തിന് രാമമംഗലം പുഴയുടെ തീരത്തെ മണൽപ്പരപ്പായിരുന്നു ആശ്രയം. അബ്ദുള്ള അബൂബക്കറിന്റെ വഴികളും എളുപ്പമായിരുന്നില്ല. കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്ത് ചെക്യാട് മാമുണ്ടേരി ഗ്രാമത്തിലാണ് വീട്. പരിശീലനത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലായിരുന്നു. കോതമംഗലം എംഎ കോളേജിലേക്കുള്ള മാറ്റമാണ് ഇരുവരുടെയും കായികജീവിതത്തിൽ വഴിത്തിരിവായത്. പതിമൂന്നാം വയസ്സിൽ ഒളിമ്പ്യൻ ശ്രീശങ്കർ എന്ന് ഇ -മെയിൽ വിലാസമുണ്ടാക്കി സ്വപ്നം കണ്ട ചെറുപ്പക്കാരനാണ് എം ശ്രീശങ്കർ. ട്രിപ്പിൾജമ്പ് താരമായിരുന്ന എസ് മുരളിയുടെയും ഓട്ടക്കാരിയായിരുന്ന കെ എസ് ബിജിമോളുടെയും മകന് കായികാഭിരുചി ഇല്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നാൽ, മകൻ ഡോക്ടറോ എൻജിനിയറോ ആകണമെന്ന് നിർബന്ധം പിടിക്കാതെ ജമ്പിങ്പിറ്റിൽ ഇറങ്ങാൻ അനുവദിച്ച രക്ഷിതാക്കൾ അഭിനന്ദനമർഹിക്കുന്നു. ശ്രീശങ്കർ മെഡിക്കൽ എൻട്രൻസ് എഴുതി. സ്പോർട്സ് ക്വോട്ടയിൽ സീറ്റും ഉറപ്പിച്ചു. എന്നാൽ, പോയില്ല. പിന്നീട് എൻജിനിയറിങ്ങിന് ചേർന്നു. പരിശീലനത്തിന് സമയം കിട്ടാതെവന്നപ്പോൾ അതും അവസാനിപ്പിച്ച് പാലക്കാട് വിക്ടോറിയ കോളേജിൽ ചേർന്നു. 90 ശതമാനം മാർക്കോടെ ബിഎസ്സി മാത്സ് പൂർത്തിയാക്കി. ഇപ്പോൾ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് പഠിക്കുന്നു. ടോക്യോയിൽ നടന്ന ഒളിമ്പിക്സിൽ നിരാശയായിരുന്നു ഫലം. ലോങ്ജമ്പിൽ ഇരുപത്തഞ്ചാം സ്ഥാനത്തായി. എന്നാൽ, നിരാശപ്പെടാതെ പരിശീലനം തുടർന്നു. അച്ഛനും പരിശീലകനുമായ മുരളിയുടെ പിന്തുണ കരുത്തായി. ഈ സീസണിൽ 8.36 മീറ്റർ ചാടി ദേശീയ റെക്കോഡിട്ടായിരുന്നു വിമർശകർക്കുള്ള മറുപടി. ഇപ്പോൾ വെള്ളിപ്പതക്കവും. മലയാളികളായ പി ആർ ശ്രീജേഷിനും ട്രീസ ജോളിക്കും മെഡൽ നേട്ടമുണ്ട്. ഇന്ത്യൻ ഹോക്കിയുടെ കാവൽക്കാരനായ ശ്രീജേഷിന്റെ നേട്ടങ്ങൾ അവസാനിക്കുന്നില്ല. ബാഡ്മിന്റണിലെ പുതിയ താരോദയമാണ് കണ്ണൂർ പെരിങ്ങോം ഗ്രാമത്തിലെ ട്രീസ ജോളി. മിക്സഡ് ടീം ഇനത്തിൽ വെള്ളിയും വനിതാ ഡബിൾസിൽ വെങ്കലവും സ്വന്തമാക്കി. സന്തോഷത്തിനിടയിലും ചർച്ച ചെയ്യേണ്ട ചില കണക്കുകളുണ്ട്. കിട്ടേണ്ട അംഗീകാരമുണ്ട്. കായികരംഗത്ത് പശ്ചാത്തല വികസനമൊരുക്കാൻ കേന്ദ്ര സർക്കാർ പണം അനുവദിച്ച സംസ്ഥാനങ്ങളുടെ ആദ്യ പത്തിൽപ്പോലും കേരളമില്ല. മറ്റ് സംസ്ഥാനങ്ങൾക്ക് നൽകുന്നതിനെക്കുറിച്ച് പരാതിയില്ല, സന്തോഷമേയുള്ളൂ. പക്ഷേ, ഇവിടെയും കളിയുണ്ട്, കളിക്കാരുണ്ട് എന്ന തിരിച്ചറിവുണ്ടാകണം. ഈ അവഗണനയിലും കേരളം സ്വന്തം വഴി തേടുകയാണ്. അതിനെ ബദലെന്നോ പ്രതിരോധമെന്നോ എന്ത് പേരിട്ടും വിളിക്കാം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കിഫ്ബി വഴി ആയിരം കോടിയുടെ പദ്ധതികളാണ് സംസ്ഥാന സർക്കാർ കായികരംഗത്ത് ആസൂത്രണം ചെയ്തത്. ബജറ്റ്വഴി 500 കോടിയുടെ പദ്ധതികളും. ഇക്കാലയളവിൽ കേന്ദ്രം തന്നത് രണ്ട് സിന്തറ്റിക് ട്രാക്കിന് 14 കോടിമാത്രം. സ്റ്റേഡിയങ്ങൾ അടക്കമുള്ള അടിസ്ഥാനസൗകര്യവികസനത്തിന് നിരന്തരം ആവശ്യപ്പെട്ടാലും അനുകൂല മറുപടിയില്ല. ഈ സമീപനം മാറിയാലേ എല്ലാ സംസ്ഥാനങ്ങളിൽനിന്നും കായികതാരങ്ങൾ വളർന്നുവരൂ. അല്ലെങ്കിൽ ഇന്ത്യയെന്ന മഹാരാജ്യത്ത് സ്പോർട്സ് തുരുത്തുകളിൽ ഒതുങ്ങും.

ദേശാഭിമാനി 9 Aug 2022 1:00 am

‘എനിക്ക്‌ രക്തം തരൂ, ഞാൻ നിങ്ങൾക്ക്‌ സ്വാതന്ത്ര്യം നൽകാം’

സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ജനലക്ഷങ്ങളെ ത്രസിപ്പിച്ച ജീവിതമാണ് സുഭാഷ് ചന്ദ്രബോസിന്റേത്. ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം നൽകാം’ എന്ന ബോസിന്റെ പ്രസംഗം സമരവീഥിയിൽ കരുത്തായി ജ്വലിച്ചു. ആർക്ക് മുന്നിലും കീഴടങ്ങാത്ത ആദർശം ഉയർത്തി ബ്രിട്ടീഷ് സാമ്രാജ്വത്വത്തിന് മുന്നിൽ മുട്ടുമടക്കാതെ നിവർന്നുനിന്ന് എതിർക്കാൻ ഇന്ത്യൻ ജനതയെ പ്രാപ്തമാക്കിയ നേതാജിയായി. ഇന്ത്യൻ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് ബോസ് സ്വാതന്ത്ര്യസമരത്തിന് ഇറങ്ങിയത്. ബംഗാളി സ്വാതന്ത്ര്യസമര സേനാനി ചിത്തരഞ്ജൻ ദാസിനൊപ്പമുള്ള പ്രവർത്തനം വഴിത്തിരിവായി. 1921-ൽ വെയിൽസിലെ രാജകുമാരൻ ഇന്ത്യ സന്ദർശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന് അറസ്റ്റിലായി. ചിത്തരഞ്ജൻ ദാസിന്റെ പത്രമായ ഫോർവേഡിന്റെ എഡിറ്ററായിരുന്നു. ബോസ് 1923ൽ സ്വരാജ് പത്രം തുടങ്ങി. തീവ്രവിപ്ലവ നീക്കങ്ങളുമായി സഹകരിച്ചുവെന്നാരോപിച്ച് ബർമയിലേക്ക് നാടുകടത്തി. 1930കളുടെ മധ്യത്തിൽ യൂറോപ്പിൽ പര്യടനം നടത്തി അവിടെ പഠിച്ചിരുന്ന ഇന്ത്യൻ വിദ്യാർഥികളുമായും മുസോളിനി ഉൾപ്പെടെയുള്ള നേതാക്കളുമായും ചർച്ച നടത്തി. 1938-ൽ നടന്ന ഹരിപുര സമ്മേളനത്തിൽ കോൺഗ്രസ് പ്രസിഡന്റായി. 1939ൽ ത്രിപുര കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചു. ഗാന്ധിജിയുടെ പിന്തുണയിൽ മത്സരിച്ച പട്ടാഭി സീതാരാമയ്യരായിരുന്നു എതിരാളി. ഗാന്ധിജിയുമായുള്ള ആശയഭിന്നതയിൽ 1939ൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച് അഖിലേന്ത്യാ ഫോർവേഡ് ബ്ലോക്കിനു രൂപം നൽകി. ബ്രിട്ടീഷുകാർക്കെതിരെ സായുധ വിപ്ലവത്തിനുവേണ്ടി ബോസ് വാദിച്ചപ്പോൾ, അഹിംസാത്മകമായ വഴികൾ മാത്രമേ പാടുള്ളൂ എന്ന നിലപാടിൽ ഗാന്ധിജി ഉറച്ച് നിന്നു. രണ്ടാം ലോകയുദ്ധത്തോടെ ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിയെടുക്കണമെന്നായിരുന്നു ബോസിന്റെ നിലപാട്. ഇതിനായി മറ്റു രാജ്യങ്ങളിൽനിന്നുള്ള രാഷ്ട്രീയവും സൈനികവും നയതന്ത്രപരവുമായുള്ള പിന്തുണ ആവശ്യമാണെന്നും വിശ്വസിച്ചു. ജർമനി, ജപ്പാനടക്കമുള്ള അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇതിനായി പ്രവർത്തനം ആരംഭിച്ചു. യുദ്ധം തുടങ്ങിയപ്പോൾ കോൺഗ്രസ് നേതൃത്വത്തിനോട് ആലോചിക്കാതെ ബ്രിട്ടീഷ് സർക്കാർ ഇന്ത്യയെയും യുദ്ധപങ്കാളിയാക്കിയതിനെതിരെ അദ്ദേഹം സമരാഹ്വാനം നടത്തിയതിന് ജയിലിലായി. 1941 ജനുവരി 19ന് അനന്തരവനായ ശിശിർ കെ ബോസിനോടൊപ്പം നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് ബോസ് രക്ഷപ്പെട്ട് ജർമനിയിലെത്തി. ആസാദി സർക്കാർ ജർമൻ വിദേശകാര്യവകുപ്പിലെ പ്രചാരണ വിഭാഗത്തിൽ ബോസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ ഓഫീസും സൗകര്യങ്ങളും ജർമൻ സർക്കാർ അനുവദിച്ചു. പ്രവാസി ഇന്ത്യക്കാരുടെയും ഉത്തരാഫ്രിക്കയിൽ തടവിലായ ഇന്ത്യൻ സൈനികരെയും സംഘടിപ്പിച്ച് ‘ഇന്ത്യൻ ലീജിയൺ’ എന്ന സേനാഘടകം രൂപീകരിച്ചു. 1941 അവസാനത്തോടെ ബർലിനിൽ ഒരു ‘സ്വതന്ത്രഭാരതകേന്ദ്രം’ സ്ഥാപിച്ചു. നാസികളുടെ സഹായത്തോടെ ഇന്ത്യാ ആക്രമണവും അതുവഴി സ്വാതന്ത്ര്യവുമായിരുന്നു ലക്ഷ്യം. പക്ഷേ, ഹിറ്റ്ലറുടെ പല പ്രവൃത്തികളോടും വിയോജിച്ച് 1943 ഏപ്രിലിൽ ജർമനി വിട്ടു. ജൂലൈ നാലിന് സിംഗപ്പൂരിൽവച്ച് റാഷ് ബിഹാരി ബോസ് ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ നേതൃത്വം സുഭാസ് ചന്ദ്ര ബോസിനു കൈമാറി. ജൂലൈ അഞ്ചിന് ആസാദ് ഹിന്ദ് ഫൗജ് അഥവാ ഇന്ത്യൻ നാഷണൽ ആർമി രൂപീകരിച്ചു. 1943 ഒക്ടോബർ 21-ന് താൽക്കാലിക സ്വതന്ത്രഭാരത സർക്കാരിന്റെ പ്രഖ്യാപനം. രണ്ടാം ലോകയുദ്ധത്തോടെ 
ബ്രിട്ടനിലുണ്ടായ രാഷ്ട്രീയ അസ്ഥിരത 
മുതലെടുത്ത് ഇന്ത്യക്ക് സ്വാതന്ത്ര്യം 
നേടിയെടുക്കണമെന്നായിരുന്നു 
സുഭാഷ് ചന്ദ്രബോസിന്റെ നിലപാട് രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. 1944 ജനുവരിയിൽ ബർമയിൽനിന്ന് ഇന്ത്യൻ അതിർത്തി ലംഘിച്ചുള്ള ആക്രമണം നടത്താൻ ജപ്പാൻ തീരുമാനിച്ചു. ഐഎൻഎയിലെ സുഭാസ് റെജിമെന്റ് ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് ബോസ് തീരുമാനിച്ചു. മാർച്ചിൽ ഐഎൻഎ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു. ഏപ്രിൽ ആദ്യവാരം സംയുക്തസേന കൊഹിമയിൽ പ്രവേശിച്ചു. പിന്നാലെ ഇംഫാലിനെ വളഞ്ഞു. മറ്റ് പ്രദേശങ്ങളിൽ അച്ചുതണ്ട് ശക്തികൾക്ക് തിരിച്ചടി നേരിട്ടതും ജപ്പാനിലെ ഭരണമാറ്റവും ബർമ വിട്ടൊഴിയാൻ ജപ്പാൻ സേനയെ നിർബന്ധിതമാക്കി. അങ്ങനെ ആസാദ് ഹിന്ദ് സർക്കാർ ബർമയിൽനിന്ന് പിന്മാറി. 1945 ആഗസ്ത് 18-ന് ബോസ് തയ്വാനിലെ തെയ്ഹോകുവിൽ വിമാനാപകടത്തിൽ മരിച്ചു എന്നാണ് ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക ഭാഷ്യം.

ദേശാഭിമാനി 9 Aug 2022 1:00 am

കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ-കെ എന്‍ ബാലഗോപാല്‍ എഴുതുന്നു

കേരളത്തിന്റെ വികസനത്തെയും പുരോഗതിയെയും അട്ടിമറിക്കുന്ന തരത്തില് കഴിഞ്ഞ കുറേനാളുകളായി കേന്ദ്ര സര്ക്കാര് നിരന്തരമായ ഇടപെടലുകള് വിവിധ രൂപത്തില് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല് രാഷ്ട്രീയ സാമ്പത്തിക സംവിധാനങ്ങളെയാകെ ചോദ്യംചെയ്യുന്ന തരത്തിലാണ് കേന്ദ്ര സര്ക്കാരിന്റെ ഈ ഇടപെടലുകള്. ഭരണഘടനാ വ്യവസ്ഥകളെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിന്റെ എന്നല്ല, എല്ലാ സംസ്ഥാനങ്ങളുടെയും താല്പര്യങ്ങളെ ഹനിക്കുന്ന നിലപാടാണ് കേന്ദ്ര സര്ക്കാര് എടുത്തുകൊണ്ടിരിക്കുന്നത്. ധനകാര്യ കമ്മീഷന്റെ ധനകൈമാറ്റ അനുപാതത്തില് കേരളത്തിന് പ്രതികൂലമായ വിധത്തില് കുറവും വരുത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ഏജന്സികളായ കംപ്ട്രോളര് ആന്റ് ഓഡിറ്റര് ജനറല് ഓഫ് ഇന്ത്യ, എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ്, റിസര്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെയാകെ ഉപയോഗിച്ച് സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക കാര്യങ്ങളില് കേന്ദ്രസര്ക്കാര് അനാവശ്യ ഇടപെടല് നടത്തിക്കൊണ്ടിരിക്കുകയാണ്. ധനകാര്യ കമ്മീഷന്റെ വിഹിതത്തിലെ കുറവ് ധനകാര്യ കമ്മീഷന്റെ മാര്ഗരേഖപ്രകാരം സംസ്ഥാനങ്ങള്ക്ക് വിതരണം ചെയ്യേണ്ട പണത്തിന്റെ കാര്യത്തില് കാര്യമായ വ്യതിയാനം ക്രമാനുഗതമായി വന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങള് കേരളത്തിന്റെ താല്പര്യങ്ങള്ക്ക് തികച്ചും വിരുദ്ധമാണ്. പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് ഡിവിസിബിള് പൂളില് നിന്നും ലഭിച്ചിരുന്ന കേരളത്തിന്റെ വിഹിതം 3.875 ശതമാനമായിരുന്നു. എന്നാല് പതിനഞ്ചാം ധനകാര്യകമ്മീഷന്റെ കാലമായപ്പോള് അത് 1.925 ശതമാനത്തിലേക്ക് ഇടിഞ്ഞു. കേന്ദ്ര സര്ക്കാര് വിഭവങ്ങള് സംസ്ഥാന സര്ക്കാരുകള്ക്ക് പങ്കുവെയ്ക്കുന്നത് ദേശീയ സമ്പത്തിന്റെ വിതരണം എന്ന നിലയിലാണ്. കേന്ദ്രത്തിന് വിഭവം ലഭിക്കുന്നത് അടിസ്ഥാനപരമായി സംസ്ഥാനങ്ങളില് നിന്നാണ്. അത് സംസ്ഥാനങ്ങള്ക്ക് ന്യായമായ രീതിയില് വിതരണം ചെയ്യേണ്ടത് കേന്ദ്ര സര്ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ധനകാര്യ കമ്മീഷനുകള് രൂപീകരിക്കുമ്പോള് കേന്ദ്രസര്ക്കാര് സംസ്ഥാനങ്ങളുമായി ഒരു വിധത്തിലുള്ള ചര്ച്ചയും നടത്താറില്ല. ഇത് ഭരണഘടനയുടെ ഫെഡറല് തത്ത്വങ്ങള്ക്കു തന്നെ എതിരാണ്. കംപ്ട്രോളര് ആന്റ് ഓഡിറ്റര് ജനറല് ഓഫ് ഇന്ത്യയുടെ ഓഡിറ്റ് റിപ്പോര്ട്ടുകള് സി &എജി അടുത്തകാലത്തായി കേരളത്തിന്റെ ധനകാര്യ വിഷയങ്ങള് സംബന്ധിച്ച ഓഡിറ്റ് റിപ്പോര്ട്ടുകളിലൂടെ ശരിയല്ലാത്ത ചില ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബി, കേരള സോഷ്യല് സെക്യൂരിറ്റി പെന്ഷന് കമ്പനി ലിമിറ്റഡ് (KSSPL) തുടങ്ങിയ ഏജന്സികള് എടുക്കുന്ന വായ്പകള് ബജറ്റില് ഉള്പ്പെടുത്തി സംസ്ഥാനത്തിന്റെ മൊത്തം കടത്തിന്റെ കണക്കില് പെടുത്തണം എന്നാണ് സി &എ ജിയുടെ നിര്ദ്ദേശം. ഈ നിര്ദ്ദേശം സംസ്ഥാനത്തിന്റെ താല്പ്പര്യങ്ങള്ക്ക് വിരുദ്ധമാണ്. കിഫ്ബി നടത്തിവരുന്ന വികസന പ്രവര്ത്തനങ്ങളെയും 60 ലക്ഷത്തോളം പേര്ക്ക് ക്ഷേമ പെന്ഷന് വിതരണം ചെയ്യുന്ന കെ.എസ്.എസ്.പി.എല് ന്റെ പ്രവര്ത്തനത്തെയും തടസസപ്പെടുത്തുക എന്നതാണ് സി &എ ജിയുടെ ലക്ഷ്യം എന്ന് കണക്കാക്കേണ്ടിവരും. കംപ്ട്രോളര് ആന്റ് ഓഡിറ്റര് ജനറലിന്റെ റിപ്പോര്ട്ട് നിയമസഭയില് വയ്ക്കുകയും നിയമപരമായും ഭരണഘടനാപരമായും നിലനില്ക്കാത്തതും സാങ്കേതികമായി തെറ്റായതുമായ പരാമര്ശങ്ങള് സ്വീകരിക്കേണ്ടതില്ലെന്ന് സഭ തീരുമാനിക്കുകയും ആ മാറ്റങ്ങളോടെ സി &എജിയുടെ 2018-19 വര്ഷത്തെ റിപ്പോര്ട്ട് അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും ഇതൊന്നും മാനിക്കാതെ ധനകാര്യ റിപ്പോര്ട്ടിലെ സി &എ ജിയുടെ തെറ്റായതും അടിസ്ഥാനരഹിതവുമായ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില് കിഫ്ബി, കേരള സോഷ്യല് സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡ് പോലുള്ള ഏജന്സികളുടെ വായ്പകള് എഫ്.ആര്.ബി.എം ആക്ടിന്റെ പരിധിയില് പെടുത്തി സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസര്ക്കാര് ചെയ്യുന്നത്. ഈ സ്ഥിതി ഭാവിയില് ലൈഫ് മിഷന് ഉള്പ്പെടെയുള്ള ഭവന പദ്ധതികളെയും ഇതര ക്ഷേമ പ്രവര്ത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന നിലയിലേക്ക് എത്തും. കേരള സര്ക്കാര് കിഫ്ബിയുടെ സി &എ ജി ഓഡിറ്റിനെ എതിര്ക്കുന്നു, അനുവദിക്കുന്നില്ല തുടങ്ങിയ പ്രചരണങ്ങളും ഒരു ഘട്ടത്തില് ഉണ്ടായി. എന്നാല് സംസ്ഥാന ബജറ്റില് നിന്ന് ഗ്രാന്റ്ല ലഭിക്കുന്ന ഏതൊരു സ്ഥാപനത്തെയും ഓഡിറ്റ് ചെയ്യാന് സി &എ ജി ക്ക് പൂര്ണമായ അവകാശമുണ്ടെന്ന് കേരള സര്ക്കാര് തുടക്കം മുതല് തന്നെ വ്യക്തമായ നിലപാടാണ് സ്വീകരിച്ചത്. യഥാര്ത്ഥത്തില് സി &എ ജി നടത്തുന്ന കിഫ്ബി ഓഡിറ്റിനെ സംസ്ഥാന സര്ക്കാര് സ്വാഗതം ചെയ്തിരുന്നു. സി &എ ജി ഓഡിറ്റ് സുഗമമാക്കുന്നതിന് കിഫ്ബി എല്ലാ പിന്തുണയും നല്കിയിരുന്നു. എന്നാല് തികച്ചും വിരുദ്ധമായ ധാരണയാണ് മാധ്യമങ്ങളില് പ്രചരിച്ചത്. ഈ കുപ്രചരണങ്ങളെ എതിര്ക്കാതെ നിശബ്ദത പാലിക്കുകയാണ് സി &എജി ചെയ്തത്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണങ്ങള് കിഫ്ബി ഇന്ത്യയില് നിലനില്ക്കുന്ന എല്ലാ നിയമങ്ങളും നിബന്ധനകളും പാലിച്ച് എടുക്കുന്ന ദേശീയവും വിദേശീയവുമായ വായ്പകളെക്കുറിച്ച് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിരന്തരമായ അന്വേഷണങ്ങള് നടത്തിക്കൊണ്ടിരിക്കുകയാണ്. 2019 മാര്ച്ചില് പുറത്തിറക്കിയ മസാല ബോണ്ടിലൂടെ വിദേശ വാണിജ്യ വായ്പകളായി 2150 കോടി രൂപ വിജയകരമായി കിഫ്ബി സമാഹരിച്ചിരുന്നു. 1999ലെ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് നിഷ്കര്ഷിച്ച എല്ലാ അനുമതികളും നേടിയ ശേഷമാണ് മസാല ബോണ്ടുകള്വഴി കിഫ്ബി പണം സമാഹരിച്ചത്. ഈ ബോണ്ടുകള് ലണ്ടന് സ്റ്റോക്ക് എക്സ്ചേഞ്ചിലും സിംഗപ്പൂര് സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. എന്നാല് കിഫ്ബിയുടെ വിദേശ വായ്പകള് നിയമവിരുദ്ധമാണെന്ന നിലപാടെടുത്ത് 2021 ഫെബ്രുവരി 3ന് 1999ലെ ഫെമ ആക്ട് പ്രകാരം കിഫ്ബിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്ക്ക് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്സ് അയക്കുകയുണ്ടായി. സമന്സിന്റെ കാരണമോ അന്വേഷണ വിഷയമോ വ്യക്തമാക്കിയിരുന്നില്ല. കിഫ്ബിയെ പ്രതിനിധീകരിച്ച് കിഫ്ബിയുടെ ജോയിന്റ് ഫണ്ട് മാനേജര് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ആവശ്യമായ എല്ലാ രേഖകളും സമര്പ്പിക്കുകയും നാലു തവണ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില് ചോദ്യം ചെയ്യലിനായി ഹാജരാകുകയും ചെയ്തു. ഇതു കൂടാതെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലേക്ക് വിളിപ്പിച്ചു. കിഫ്ബിയിലെ മറ്റ് ഉദ്യോഗസ്ഥരെയും പലതവണ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. എന്ഫോഴ്സ്മെന്റ് ആവശ്യപ്പെട്ട എല്ലാ രേഖകളും അവര്ക്ക് നല്കുകയുണ്ടായി. ഇതിനെല്ലാം പുറമേയാണ് മുന് ധനകാര്യ മന്ത്രിയും കിഫ്ബി വൈസ് ചെയര്മാനുമായിരുന്ന ഡോ.ടി.എം.തോമസ് ഐസക്കിന് സമന്സ് അയച്ചത്. ജൂലൈ 18നാണ് അദ്ദേഹത്തിന് സമന്സ് ലഭിച്ചത്. എന്നാല് ഇതിന്റെ വാര്ത്തകള് കാലേകൂട്ടി തന്നെ മാധ്യമങ്ങള്ക്ക് ചോര്ത്തി നല്കി സംസ്ഥാന സര്ക്കാരിനെ അപകീര്ത്തിപ്പെടുത്താനും അതിന്റെ വികസന പ്രവര്ത്തനങ്ങളും പുരോഗതിയും തടയാനുമുള്ള ഗൂഢമായ ശ്രമത്തിന്റെ ഭാഗമാണിതും. ആദായനികുതി വകുപ്പിന്റെ നടപടികള് കിഫ്ബിക്കെതിരായി ആദായ നികുതി വകുപ്പിനെയും കേന്ദ്രസര്ക്കാര് ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. കിഫ്ബിയുടെ കരാറുകാര്ക്കുള്ള ബില്ലുകളുടെ പേമെന്റിന്റെ Tax Deducted at Source (TDS) ഇന്കം ടാക്സ് ആക്ട് 1960ന്റെ പരിധിയില്പ്പെടുത്തിയാണ് ആദായനികുതി വകുപ്പ് നടപടി എടുക്കാന് ശ്രമിക്കുന്നത്. കിഫ്ബി അംഗീകരിച്ച ഓരോ പ്രോജക്റ്റിനെയും നിയന്ത്രിക്കുന്ന ഒരു കരാര് ഉണ്ട്. ബന്ധപ്പെട്ട സര്ക്കാര് വകുപ്പിന്റെ സെക്രട്ടറി, സ്പെഷ്യല് പര്പ്പസ് വെഹിക്കിളിന്റെ (SPV) മേധാവി, കിഫ്ബിയുടെ സി.ഇ.ഒ എന്നിവര് തമ്മിലാണ് ഈ ത്രികക്ഷി കരാര്. ഈ ത്രികക്ഷി കരാറിന്റെ നിബന്ധനകള് പ്രകാരം, പ്രോജക്ടുകളുടെ നിര്മ്മാണം ഏറ്റെടുക്കുന്ന കരാറുകാരനുമായിട്ടുള്ള ഉടമ്പടിയുടെ പൂര്ണ ഉത്തരവാദിത്തം എസ്പിവിക്ക് മാത്രമായിരിക്കും. കൂടാതെ, ടി.ഡി.എസ് ഉള്പ്പെടെയുള്ള എല്ലാ നികുതി ബാധ്യതകളും അവര്ക്ക് നല്കുന്ന ബില് തുകയില് നിന്ന് കിഴിവ് ചെയ്ത് ആദായനികുതി വകുപ്പിന് അടക്കേണ്ടത് എസ്പിവിയുടെ ചുമതലയാണ്. ഈ ക്രമീകരണം കിഫ്ബി ആദായനികുതി വകുപ്പിന്റെ അന്വേഷണവേളയില് പലതവണ ശ്രദ്ധയില്പ്പെടുത്തിയിരുന്നു. എന്നാല് ഇതൊന്നും കണക്കിലെടുക്കാതെ കൊച്ചിയിലെ ആദായനികുതി കമ്മീഷണറുടെ നേതൃത്വത്തിലുള്ള പതിനഞ്ചോളം ഉദ്യോഗസ്ഥര് അടങ്ങുന്ന സംഘം 2021 മാര്ച്ച് 25 ന് കിഫ്ബിയുടെ ഓഫീസില് കടന്നുവരികയും അന്വേഷണത്തിന്റെ പേരില് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറേയും കിഫ്ബിയിലെ മുതിര്ന്ന ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുകയും ചെയ്തു. സാധാരണ രീതിയില്, നികുതിദായകര് അെസെസ്സുമെന്റ് അതോറിറ്റി/ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നേരിട്ടോ പ്രതിനിധി വഴിയോ നല്കുകയാണ് ചെയ്യാറുള്ളത്. 2021 ഏപ്രിലിലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പാണ് ഇന്കം ടാക്സ് വകുപ്പ് ഈ നടപടികള് സ്വീകരിച്ചത്. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നത് വ്യക്തമാണ്. ഈ വിഷയം പിന്നീട് ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മുമ്പാകെ എത്തുകയും, കോടതി അത് സ്റ്റേ ചെയ്യുകയുമുണ്ടായി. റിസര്വ് ബാങ്കിന്റെ ഇടപെടലുകള് റിസര്വ് ബാങ്ക് അതിന്റെ നിയമപരമായ അധികാര സീമകള് മറികടന്നുകൊണ്ട് സംസ്ഥാനങ്ങള് തങ്ങളുടെ ഏജന്സികള്, കോര്പ്പറേഷനുകള്, നിയമാനുസൃത സ്ഥാപനങ്ങള്, യൂട്ടിലിറ്റികള് എന്നിവ മുഖേന വികസന സംരംഭങ്ങള്ക്ക് ധനസഹായം നല്കുന്നതില് ബാങ്കുകളെ നിയമവിരുദ്ധമായി നിയന്ത്രിക്കാനുള്ള നടപടികളാണ് സമീപകാലത്തായി എടുത്തുവരുന്നത്.റിസര്വ്വ് ബാങ്ക് ജൂണ് 14ന് പുറപ്പെടുവിച്ച ഒരു സര്ക്കുലര് പ്രകാരം വികസന പദ്ധതികള്ക്കായി സംസ്ഥാന സര്ക്കാര് ഏജന്സികള്ക്ക് ധനസഹായം നല്കുന്നതില്നിന്ന് എല്ലാ ബാങ്കുകളെയും തടഞ്ഞിരിക്കുകയാണ്. സ്വന്തമായി വായ്പ തിരിച്ചടയ്ക്കാന് കഴിയാത്ത ഒരു സംസ്ഥാന സര്ക്കാര് ഏജന്സിക്കും ഇതര സ്ഥാപനങ്ങള്ക്കും ഇനി ബാങ്കുകള്ക്ക് കടം നല്കാന് കഴിയില്ല. ലൈഫ് മിഷന് വഴി നടന്നുകൊണ്ടിരിക്കുന്ന ഭവന പദ്ധതികള്ക്കായി വായ്പ സമാഹരിക്കുന്നതുപോലും തടയപ്പെടും. വിഴിഞ്ഞം തുറമുഖം പോലെ സംസ്ഥാന ബജറ്റില് നിന്നുള്ള വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (VGP) പിന്തുണയുള്ള ഒരു പദ്ധതിയും ഇനി കേരള സര്ക്കാരിന് ഏറ്റെടുക്കാനാകില്ല. ബാങ്കുകളുടെ മേലുള്ള ആര്ബിഐയുടെ ഈ നിയന്ത്രണങ്ങള് സംസ്ഥാന സര്ക്കാരുകളുടെ പദ്ധതികള്ക്കുവേണ്ടി മാത്രമുള്ളതാണ്. കേന്ദ്രസര്ക്കാര്, അതിന്റെ പൊതുമേഖലാ ഏജന്സികളും കോര്പ്പറേഷനുകളും മുഖേന ഏറ്റെടുക്കുന്ന പദ്ധതികള്ക്ക്, ഈ നിയന്ത്രണങ്ങള് ബാധകമാക്കുന്നില്ല എന്നതാണ് വിരോധാഭാസം. ഇന്ത്യന് ഭരണഘടനയിലെ വ്യവസ്ഥകളുടെ തെറ്റായ വ്യാഖ്യാനം കേന്ദ്ര ധനകാര്യ എക്സ്പെന്ഡിച്ചര് വകുപ്പിന്റെ 2022 മാര്ച്ച് 31ലെ കത്തനുസരിച്ച് ഒരു സംസ്ഥാനത്തിന് അതത് സാമ്പത്തികവര്ഷം എടുക്കാന് കഴിയുന്ന അറ്റ വായ്പാ പരിധിയെക്കുറിച്ചുള്ള പുതുക്കിയ നിര്ദ്ദേശങ്ങളാണ് അടങ്ങിയിരിക്കുന്നത്. ഇന്ത്യന് ഭരണഘടനയുടെ ആര്ട്ടിക്കിള് 293 (3) പ്രകാരം കേന്ദ്ര സര്ക്കാര് സംസ്ഥാന സര്ക്കാരുകള്ക്ക് വായ്പ എടുക്കാന് അനുമതി നല്കുമ്പോള് സംസ്ഥാന ബജറ്റില് നിന്നോ സംസ്ഥാനത്തിന്റെ നികുതി സെസ്സുകള് എന്നിവയില് നിന്നോ മുതലോ പലിശയോ അടയ്ക്കേണ്ട സംസ്ഥാന പൊതുമേഖലാ കമ്പനികള്, കോര്പ്പറേഷനുകള്, എസ്.പി.വികള് സമാനമായ മറ്റ് സ്ഥാപനങ്ങള് എന്നിവയെടുക്കുന്ന ഏത് കടവും സംസ്ഥാനത്തിന്റെ കടമായി കണക്കാക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതുമൂലം സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള സാധ്യത വളരെയധികം ചുരുങ്ങിയിരിക്കുകയാണ്. കിഫ്ബി, കെ.എസ്.എസ്.പി.എല് എന്നീ സ്ഥാപനങ്ങളുടെ പ്രവര്ത്തനത്തിനായി സര്ക്കാര് ഗ്യാരന്റിയോടെ എടുത്ത പതിനാലായിരം കോടി രൂപ സര്ക്കാരിന്റെ നേരിട്ടുള്ള കടമായി ഇതുമൂലം കണക്കാക്കപ്പെടും. ഈ സമീപനത്തിന്റെ അടിസ്ഥാനത്തില് 2022 ഡിസംബര് 31 വരെ കേരളത്തിന് എടുക്കാന് കഴിയുന്ന കടം 17,936 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്ഷം ഇതേ കാലയളവില് അനുവദിച്ച വായ്പാ പരിധിയെക്കാല് 5656 കോടി രൂപ കുറവാണ്. കേന്ദ്ര ധനകാര്യ എക്സ്പെന്ഡിച്ചര് വകുപ്പിന്റെ മേല്പറഞ്ഞ പുതുക്കിയ നിര്ദ്ദേശങ്ങള് ഇന്ത്യന് ഭരണഘടനയുടെ ആര്ട്ടിക്കിള് 293(3), 293(4) എന്നീ വകുപ്പുകളുടെ ലംഘനം തന്നെയാണ്. ഭരണഘടനയുടെ ആര്ട്ടിക്കിള് 293 (3) വായ്പാ സമാഹരണത്തിനുള്ള അധികാരത്തിന് കടിഞ്ഞാണിടുന്നുണ്ട് എന്നതില് സംശയമില്ല. ഈ വ്യവസ്ഥ യഥാര്ത്ഥത്തില് സംസ്ഥാന സര്ക്കാരുകളുടെ കടമെടുക്കലിന് മാത്രം ബാധകമായിട്ടുള്ളതാണ്. സംസ്ഥാന സര്ക്കാരിന്റെ പ്രത്യേക ലക്ഷ്യങ്ങള്ക്കായി രൂപീകരിച്ചിട്ടുള്ള ഏജന്സികള്ക്കും സ്ഥാപനങ്ങള്ക്കും ഇവ ബാധകമല്ല. സ്റ്റാറ്റ്യൂട്ടറി ബോഡികളും കമ്പനികളും പോലെയുള്ള സംസ്ഥാന സര്ക്കാരിന്റെ മറ്റ് സ്ഥാപന സംവിധാനങ്ങളുടെ ബാധ്യതകള് ഭരണഘടനയുടെ പ്രസ്തുത അധ്യായത്തില് വിഭാവനം ചെയ്യുന്ന കടത്തിന്റെ നിര്വചനത്തില് വരുന്നില്ല. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമാണെന്നും ഒരു നിയമവും ഈ ഫെഡറല് സ്വഭാവത്തെ ഹനിക്കുന്നതാകരുതെന്നും എസ്.ആര് ബൊമ്മെ Vs യൂണിയന് ഓഫ് ഇന്ത്യ 1994ലെ വിധിയില് സുപ്രീംകോടതി പ്രസ്താവിച്ചിട്ടുണ്ട്. ഭരണഘടനയുടെ ഫെഡറല് സ്വഭാവത്തെ മറികടക്കുന്ന തരത്തില് ആര്ട്ടിക്കിള് 293ന്റെ ഒരു വ്യാഖ്യാനവും അനുവദനീയമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ കടമെടുക്കലിന് കേന്ദ്രസര്ക്കാര് കടുത്ത നിയന്ത്രണങ്ങള് ഏര്പ്പെടുത്തി. കേന്ദ്ര സര്ക്കാരിന് കടമെടുക്കാന് ഈ നിബന്ധനകള് ഒന്നും ബാധകമല്ല. ഇതില് കേന്ദ്രത്തിന്റെ കടമെടുക്കലും സംസ്ഥാനത്തിന്റെ കടമെടുക്കലും സംബന്ധിച്ചുള്ള നിബന്ധനകളില് കൃത്യമായ വിവേചനം കാണാന്കഴിയും. കേന്ദ്ര സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് നിറവേറ്റുന്നതിനായി കേന്ദ്ര പൊതുമേഖലാ കോര്പ്പറേഷനുകള്ക്കും സ്ഥാപനങ്ങള്ക്കും ഇഷ്ടംപോലെ കടമെടുക്കാം. നാഷണല് ഹൈവേ അതോറിറ്റിക്ക് 2020-21ല് 41,000 കോടി രൂപ ആന്യുറ്റി നല്കാന് ബാധ്യതയുണ്ട്. അയ്യായിരത്തില്പരം കോടി രൂപയുടെ മസാല ബോണ്ടുകള് നാഷണല് ഹൈവേ അതോറിറ്റി എടുത്തിട്ടുണ്ട്. ഇതര കേന്ദ്ര സര്ക്കാര് ഏജന്സികളും ലക്ഷക്കണക്കിന് കോടി രൂപയുടെ വായ്പകള് എടുത്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ പൊതു അക്കൗണ്ടിലെ നിയന്ത്രണങ്ങള് 2017 ആഗസ്ത് 28ന് ധനമന്ത്രാലയം ഭരണഘടന അനുശാസിക്കുന്ന എഴുപത് വര്ഷം പാരമ്പര്യമുള്ള ഫെഡറല് ധനഘടനയെയും അതുവരെ നിലനിന്നിരുന്ന കീഴ്വഴക്ക്കങ്ങളെയും കാറ്റില് പറത്തിക്കൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. അതിലൂടെ സംസ്ഥാനത്തിന്റെ മൊത്തം കടമെടുപ്പ് പരിധി കണക്കാക്കുന്നതിന് പബ്ലിക് അക്കൗണ്ടില് ബാക്കിയുള്ള തുക കൂടി ഉള്പ്പെടുത്താന് തീരുമാനിച്ചു. ഒരു സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ട് എന്നത് ഇന്ത്യന് ഭരണഘടനയുടെ ആര്ട്ടിക്കിള് 266 പ്രകാരമുള്ള സൃഷ്ടിയാണ്. ഭരണഘടനയുടെ ആര്ട്ടിക്കിള് 283 സംസ്ഥാന നിയമസഭ പാസ്സാക്കുന്ന നിയമപ്രകാരം സംസ്ഥാനങ്ങള്ക്ക് അതിന്റെ പൊതു അക്കൗണ്ട് നിയന്ത്രിക്കുന്നതിനുള്ള അധികാരങ്ങള് നല്കുന്നു. സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ട് അതിന്റെ ആഭ്യന്തര സാമ്പത്തിക ഇടപാടുകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഭരണഘടനാപരമായി സംസ്ഥാനം ഇക്കാര്യത്തില് ഒരു ബാങ്കറുടെ പങ്കാണ് നിര്വഹിക്കുന്നത്. സംസ്ഥാന പുനഃസംഘടനാ വ്യവസ്ഥകള് പ്രകാരം, സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിന് കീഴിലുള്ള കേരളത്തിന്റെ ട്രഷറി സേവിംഗ്സ് ബാങ്കിന്റെ പ്രവര്ത്തനം അനുവദനീയമാണ്. കഴിഞ്ഞ 75 വര്ഷമായി, കേരളത്തില് മാറിമാറി വന്ന സര്ക്കാരുകള് സംസ്ഥാനത്തിന്റെ പബ്ലിക് അക്കൗണ്ടിനുള്ളില് നിന്നുകൊണ്ട് സുസ്ഥിരമായി ട്രഷറി സേവിംഗ്സ് ബാങ്ക് പ്രവര്ത്തനങ്ങള് നടത്തിവരുന്നു. പബ്ലിക് അക്കൗണ്ടിന്റെ പ്രവര്ത്തനങ്ങള് പരിമിതപ്പെടുത്തുന്ന കേന്ദ്ര സര്ക്കാരിന്റെ ഇപ്പോഴത്തെ നടപടികള് ഭരണഘടനാ വ്യവസ്ഥകളുടെ ലംഘനവും ഇന്ത്യന് യൂണിയനില് അംഗത്വമെടുത്ത കാലം മുതല് സംസ്ഥാനം അനുഭവിച്ചുവന്നിരുന്ന പ്രത്യേകാവകാശങ്ങള് ഹനിക്കുന്നതുമാണ്. ഇത്തരത്തില് സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കി രാഷ്ട്രീയമായി ബുദ്ധിമുട്ടിലേക്ക് തള്ളിവിടുക എന്ന സമീപനമാണ് കേന്ദ്ര സര്ക്കാര് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഇതിനായി കേന്ദ്ര സര്ക്കാരിന്റെ എല്ലാ ഏജന്സികളെയും എല്ലാ പരിധികളും ലംഘിച്ചുകൊണ്ട് നിരന്തരമായി ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടിലൊരിക്കല് മാത്രം സംഭവിക്കാറുള്ള വെള്ളപ്പൊക്കവും കോവിഡ് മഹാമാരിയും മൂലം കേരളം വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില് അതിനെ വീണ്ടും കൂടുതല് പ്രതിസന്ധിയിലേക്ക് തള്ളിവിടുക എന്നതാണ് കേന്ദ്ര ബിജെപി സര്ക്കാര് ചെയ്യുന്നത്. ഇതിനോട് ചേര്ന്നു നില്ക്കുന്ന സമീപനമാണ് കേരളത്തിലെ കോണ്ഗ്ര ിന്റെ നേതൃത്വത്തിലുള്ള യുഡിഎഫും സ്വീകരിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്താണ് നേരിട്ട് ആക്രമണമെങ്കിലും ലക്ഷ്യം രാഷ്ട്രീയമാണ്. ഇത് നാം കൃത്യമായി മനസ്സിലാക്കി കേന്ദ്രസര്ക്കാര് നടപടികളെ രാഷ്ട്രീയമായിത്തന്നെ നേരിടേണ്ടതുണ്ട്. (ചിന്ത വാരികയിൽ നിന്ന്)

ദേശാഭിമാനി 8 Aug 2022 4:13 pm

കേരളത്തിന്റെ കരുത്ത്‌

കേരളീയ മനസ്സുകളിലെ മായാത്ത മുദ്രയാണ് സഹകരണപ്രസ്ഥാനം. ഒരു നൂറ്റാണ്ടിന്റെ മികവാർന്ന പ്രവർത്തനങ്ങളിലൂടെയാണ് ഈ പ്രസ്ഥാനം ജനമനസ്സുകളിൽ സ്വാധീനമുറപ്പിച്ചത്. വിപുലവും വിശാലവുമാണ് കേരളത്തിലെ സഹകരണമേഖല. അത് കടന്നുചെല്ലാത്ത ഇടങ്ങളോ മേഖലകളോ ഇല്ല. അതിന്റെ ഗുണഭോക്താക്കളാകാത്ത ഒരു കേരളീയനും ഉണ്ടാകില്ല. കേരളം സൃഷ്ടിച്ച ഓരോ വികസനമാതൃകയ്ക്കു പിന്നിലും ഈ പ്രസ്ഥാനത്തിന്റെ കൈയൊപ്പുണ്ട്. വികസനപ്രക്രിയയിൽ അവ നൽകുന്ന സംഭാവന അന്തർദേശീയതലത്തിൽവരെ പ്രശംസ പിടിച്ചുപറ്റി. വളരെയധികം ജനകീയ ഇടപെടലുകൾ നടത്തുന്ന സഹകരണപ്രസ്ഥാനത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെ കുറെക്കാലമായി തുടർച്ചയായ നീക്കങ്ങളാണ് ഉണ്ടാകുന്നത്. അതിൽ അവസാനത്തേതാണ് കരുവന്നൂർ ബാങ്കിലെ ക്രമക്കേടിനെ മറയാക്കി സ്ഥാപിത താൽപ്പര്യക്കാരും ചില മാധ്യമങ്ങളും ചേർന്നുള്ള അപവാദപ്രചാരണം. ഒരു ക്രമക്കേടിനെ സാമാന്യവൽക്കരിച്ച് സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമമാണിത്. ഒറ്റപ്പെട്ട ക്രമക്കേടുകളെ പർവതീകരിച്ച് ഈ പ്രസ്ഥാനം ആർജിച്ച വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കാനുള്ള ശ്രമം തിരിച്ചറിയേണ്ടതുണ്ട്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കരുവന്നൂർ സഹകരണബാങ്കിലുണ്ടായ സംഭവം ഈ മേഖലയിലെ ഏറ്റവും മോശപ്പെട്ട പ്രവർത്തനംതന്നെയാണ്. അവിടെ നടന്ന അഴിമതിയും ക്രമക്കേടുകളും ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. ഒരു രാഷ്ട്രീയ പരിഗണനയുമില്ലാതെയാണ് ആ സംഭവവികാസങ്ങളെ സർക്കാർ നേരിട്ടത്. നിഷ്പക്ഷമായി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചു. ഭരണസമിതി പിരിച്ചുവിട്ടു. ക്രമക്കേടുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കുറ്റവാളികൾക്കെതിരെ ക്രിമിനൽ കേസ് എടുത്തു. കുറ്റക്കാരുടെ വസ്തുവകകൾ കണ്ടെടുക്കാൻ നടപടി തുടങ്ങി. നിക്ഷേപകർക്ക് അവരുടെ നിക്ഷേപത്തുക നഷ്ടമാകില്ലെന്ന് സർക്കാർ ഉറപ്പുനൽകി. നിക്ഷേപങ്ങൾ തിരികെ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിത്തുടങ്ങി. 42.76 കോടി ഇതിനകംതന്നെ ഇടപാടുകാർക്ക് തിരികെ നൽകി. ഇത്തരം പ്രവണതകൾ തുടച്ചു മാറ്റുന്നതിനുള്ള നടപടികളും കൈക്കൊണ്ടു. സഹകരണ ഓഡിറ്റിൽ സമഗ്രമായ പരിഷ്കാരങ്ങളാണ് വരുത്തിയത്. ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽനിന്ന് ഒരു ഉദ്യോഗസ്ഥയെ ഡെപ്യൂട്ടേഷനിൽ ഓഡിറ്റ് ഡയറക്ടറുടെ ചുമതല നൽകി നിയമിച്ച് ഓഡിറ്റ് വിഭാഗം ശക്തിപ്പെടുത്തി. സംഘങ്ങളിൽ ടീം ഓഡിറ്റ് സംവിധാനം കൊണ്ടുവന്നു. സഹകരണമേഖലയിൽ സമഗ്രനിയമ ഭേദഗതി കൊണ്ടുവരുന്നു. അതിന്റെ കരട് ബിൽ തയ്യാറായി. അടുത്ത നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളെ ക്രിമിനൽ കുറ്റകൃത്യങ്ങളുടെ പട്ടികയിലാക്കി പൊലീസ് കേസ് എടുക്കുന്നു എന്നതുൾപ്പെടെയുള്ള കർക്കശമായ നിയമവ്യവസ്ഥകൾക്കാണ് രൂപം നൽകിയിരിക്കുന്നത്. നിക്ഷേപ ഗ്യാരന്റി ബോർഡിന്റെ വ്യവസ്ഥകളിൽ മാറ്റംവരുത്തി. കേരള സഹകരണ നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിൽ അംഗത്വമുള്ള സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങൾക്കുള്ള പരിരക്ഷ രണ്ട് ലക്ഷം രൂപയിൽനിന്ന് അഞ്ച് ലക്ഷം രൂപയായി വർധിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. നിക്ഷേപങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കരുവന്നൂർ ബാങ്ക് പതുക്കെപ്പതുക്കെ സാധാരണ നിലയിലേക്കു വന്നുതുടങ്ങി. ഈ ഘട്ടത്തിലാണ് ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപകർക്ക് ഒരു രൂപയും മടക്കിക്കൊടുത്തില്ലെന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നത്. ഇത് വസ്തുതാപരമല്ല എന്നുമാത്രമല്ല, ഏറെ തെറ്റിദ്ധാരണ പരത്തുന്നതുമാണ്. അന്വേഷണ റിപ്പോർട്ട് പ്രകാരം കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് 104 കോടി രൂപയാണ് മടക്കി നൽകാനുള്ളത്. കൂടാതെ നിക്ഷേപത്തിനുള്ള പലിശയും. 104 കോടിയിൽ 42.76 കോടി മടക്കി നൽകി. ബാക്കി തുക നൽകുന്നതിന് പാക്കേജും തയാറാക്കി. നൂറിലധികം സംഘങ്ങളെ ചേർത്ത് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കി ഒരു കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനിച്ചു. എന്നാൽ, റിസർവ് ബാങ്ക് കേരള ബാങ്കിനെ ലീഡ് ബാങ്കാക്കാൻ അനുമതി നൽകിയില്ല. ഈ ഘട്ടത്തിൽ ആലോചിച്ച ബദൽമാർഗമാണ് കേരളബാങ്കിൽനിന്ന് സ്പെഷ്യൽ ഒഡിയും റിസ്ക് ഫണ്ടിന്റെ സഹായത്തോടെ ബാക്കി തുക നൽകുന്ന പാക്കേജും. അതിന്റെ നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിക്കും. അതോടുകൂടി നിക്ഷേപകരിൽ ഇന്ന് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കപ്പെടും. സഹകരണ ബാങ്കുകളിൽ ഉണ്ടായതിലും വലിയ തട്ടിപ്പുകൾ ദേശസാൽകൃത വാണിജ്യ ബാങ്കുകളിലും ഉണ്ടായിട്ടുണ്ടെങ്കിലും ഏറെ ചർച്ച ചെയ്യപ്പെടുന്നത് സഹകരണ സ്ഥാപനങ്ങളിലേതാണ്. അതിനുകാരണം അതതു പ്രദേശത്തെ സാധാരണക്കാരുടെ പണമാണ് ഈ സ്ഥാപനങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത് എന്നതാണ്. അതുകൊണ്ടുതന്നെയാണ് ഈ സ്ഥാപനങ്ങളുടെ പ്രശ്നങ്ങളെ കൂടുതൽ ഗൗരവത്തോടെ വകുപ്പ് സമീപിക്കുന്നത്. അതുതന്നെയാണ് കരുവന്നൂരിന്റെ കാര്യത്തിലും കൈക്കൊണ്ടത്. വൈവിധ്യമാർന്ന സഹകരണ സംഘങ്ങളുടെ നാടാണ് കേരളം. വ്യത്യസ്ത വിഭാഗങ്ങളിൽപ്പെട്ട 16,112 സഹകരണസംഘം പ്രവർത്തിക്കുന്നു. ഇതിനുപുറമെ കയർ, ക്ഷീരം, മത്സ്യം, കൈത്തറി തുടങ്ങി ഇതരമേഖലകളിലെ ഏഴായിരത്തിലധികം സംഘങ്ങളുമുണ്ട്. ഇവയിൽ സഹകരണവായ്പാ മേഖലയാണ് ഒരുപടി മുന്നിൽ നിൽക്കുന്നത്. പ്രാദേശിക സമൂഹവുമായി നിരന്തരം ബന്ധം പുലർത്തുന്ന ധനസ്ഥാപനങ്ങളാണിവ. ഹ്രസ്വകാല, ഇടത്തരം, ദീർഘകാല വായ്പാവിതരണത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നു. ദരിദ്രരുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാൻ ഏറ്റവും ഫലപ്രദമായത് സഹകരണബാങ്കുകളാണെന്ന് റിസർവ് ബാങ്ക് പഠനംതന്നെ സൂചിപ്പിക്കുന്നു. കേരളബാങ്ക് ശാഖകൾ, അർബൻ, എംപ്ലോയീസ്, കാർഷിക ഗ്രാമ വികസന ബാങ്കുകൾ, റൂറൽ ബാങ്കുകൾ എന്നിവയും ബ്രാഞ്ചുകൾ ഉൾപ്പെടെ 7000 കേന്ദ്രം കേരളത്തിൽ പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തിലെ ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി സഹകരണമേഖല പ്രവർത്തിക്കുന്നു എന്ന് പറയുന്നത്. യൂണിവേഴ്സൽ ബാങ്കിങ് എന്ന ആശയം ഇനിയും പൂർണമായി ഇന്ത്യയിൽ നടപ്പാക്കാനായിട്ടില്ല. അതേസമയം, കേരളം ഈ രംഗത്ത് മാതൃകയാണ്. വായ്പാ മേഖലയിൽത്തന്നെ പാക്സ് എന്നറിയപ്പെടുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളാണ് മുന്നിൽ. സാമ്പത്തിക സുസ്ഥിരതയുടെ പര്യായമാണ് ഈ കാർഷിക വായ്പാ സഹകരണ സംഘങ്ങൾ. ഇന്ത്യയിൽ ആകെ പാക്സുകളുടെ എണ്ണം 97,961. അതിൽ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത് 64,483. കേരളത്തിലാണെങ്കിൽ ആകെ 1644 എണ്ണമാണ്. അതായത്, ഇന്ത്യയിലെ മൊത്തം പാക്സുകളുടെ ഏകദേശം ആറ് ശതമാനം. ഇവിടെയാണ് ഇന്ത്യയിലെ മൊത്തം നിക്ഷേപത്തിന്റെ 60 ശതമാനം എന്നത് ഈ മേഖലയുടെ വിശ്വാസ്യതയുടെ ഏറ്റവും വലിയ തെളിവാണ്. ഇതിനുപുറമെ നോൺബാങ്കിങ് പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് മാതൃകയാണിവ. പതിനഞ്ചിലധികം ബാങ്കിങ് ഇതര പ്രവർത്തനങ്ങളിൽ വളരെ സജീവമാണ് കേരളത്തിലെ പാക്സ് എന്നു കാണാം. വായ്പക്കാർക്ക് പരിരക്ഷയും നൽകുന്നു. ഇത് കേരളത്തിലെ സഹകരണവായ്പാ മേഖലയുടെമാത്രം പ്രത്യേകതയാണ്. മെമ്പർ റിലീഫ് ഫണ്ട് പദ്ധതിയിൽ 22,254 പേർക്ക് 46.87 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വായ്പക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. (അവസാനിക്കുന്നില്ല)

ദേശാഭിമാനി 8 Aug 2022 1:00 am

തൊഴിൽരഹിതരുടെ രാജ്യം

മോദിസർക്കാർ ഏറ്റവും വിനാശകരമായ നയങ്ങൾ നടപ്പാക്കിയത് തൊഴിൽമേഖലയിലാണ്. തൊഴിൽസുരക്ഷ എന്നത് സ്വപ്നം മാത്രമായി മാറുന്ന അവസ്ഥയിലേക്ക് രാജ്യം എത്തുകയാണ്. വർഷം രണ്ട് കോടി പേർക്ക് തൊഴിൽ വാഗ്ദാനംചെയ്ത് അധികാരത്തിൽവന്ന ബിജെപിയുടെ സർക്കാർ എട്ട് വർഷം പിന്നിടുമ്പോൾ രാജ്യത്തെ ജനങ്ങൾ തൊഴിലന്വേഷണംതന്നെ അവസാനിപ്പിക്കുകയാണ്. തൊഴിലെടുക്കാൻ ശേഷിയുള്ള പ്രായപരിധിയിൽവരുന്ന 90 കോടി പേരിൽ 61.2 ശതമാനവും തൊഴിൽ തേടുന്നത് നിർത്തി. കേന്ദ്രസർവീസിൽ 10 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുമ്പോൾ കഴിഞ്ഞ എട്ട് വർഷം അപേക്ഷിച്ചവരിൽ 0.33 ശതമാനം പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. അതായത്, 22.05 കോടി പേർ അപേക്ഷിച്ചപ്പോൾ ജോലി ലഭിച്ചത് 7.22 ലക്ഷം പേർക്ക്. സാധാരണക്കാർക്ക് ഏറ്റവും കൂടുതൽ നിയമനം കിട്ടുന്ന ഗ്രൂപ്പ് ‘സി’ വിഭാഗത്തിൽ 8.36 ലക്ഷം തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. അഞ്ച് വർഷത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണത്തിൽ 2.68 ലക്ഷത്തിന്റെ ഇടിവുണ്ടായി. 2016–--17ൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ 11.29 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2021ൽ ഇത് 8.61 ലക്ഷമായി ചുരുങ്ങിയെന്ന് രാജ്യസഭയിൽ തൊഴിൽമന്ത്രി രാമേശ്വർ തേലി സമ്മതിച്ചു. 2017-–-18ൽ രാജ്യത്ത് 19.2 ശതമാനം തൊഴിലാളികൾ സംഘടിതമേഖലയിൽ പണിയെടുത്തിരുന്നു. 2019–--20ൽ ഇത് 17.8 ശതമാനമായി കുത്തനെ കുറഞ്ഞു. സംഘടിത തൊഴിൽമേഖലകളിൽനിന്ന് പുറംതള്ളപ്പെട്ടവർ അസംഘടിത മേഖലയിലെ അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 82 ശതമാനം പേരും തൊഴിൽസുരക്ഷയോ ആനുകൂല്യങ്ങളോ ഇല്ലാതെ അസംഘടിത മേഖലയിലാണ് തൊഴിലെടുക്കുന്നത്. തൊഴിൽ പങ്കാളിത്തനിരക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ്–-38.8 ശതമാനംമാത്രം. തൊഴിൽനശീകരണനയമാണ് മോദിസർക്കാർ നടപ്പാക്കുന്നത് എന്നതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ് അഗ്നിപഥ്. ഈ പദ്ധതിവഴി ലക്ഷക്കണക്കിന് യുവാക്കളെ നാല് വർഷത്തിനുശേഷം അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടും. 20–-24 പ്രായപരിധിയിലുള്ള 42 ശതമാനം പേരും തൊഴിൽരഹിതരായ രാജ്യത്താണ് വീണ്ടുവിചാരമില്ലാതെ ഈ പദ്ധതി നടപ്പാക്കുന്നത്. നാല് പതിറ്റാണ്ടിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യം അനുഭവിക്കുന്നത്. സ്വകാര്യവൽക്കരണവും കരാർവൽക്കരണവും വഴി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിച്ച് കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്നാണ് സർക്കാർ വാദം. എന്നാൽ കഴിഞ്ഞ ജൂൺ, ജൂലൈ മാസങ്ങളിൽ വ്യവസായ, സേവന മേഖലകളിൽ 80 ലക്ഷം തൊഴിലാണ് നഷ്ടപ്പെട്ടതെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയുടെ റിപ്പോർട്ടിൽ പറയുന്നു. തൊഴിൽവളർച്ച സൃഷ്ടിക്കുന്ന വിധത്തിൽ മൂലധനനിക്ഷേപങ്ങൾ നടത്താൻ സ്വകാര്യകോർപറേറ്റുകൾ തയ്യാറല്ല. അവർ ഓഹരിക്കമ്പോളത്തിലെ കൊള്ളലാഭത്തിനു പിന്നാലെ പായുകയാണ്. അംബാനിയുടെയും അദാനിയുടെയും ആസ്തിമൂല്യം പെരുകുമ്പോഴും രാജ്യത്ത് തൊഴിൽവളർച്ച ഇടിയുന്നതിനു കാരണം ഇതാണ്. പെൻഷൻകാരോടും കാരുണ്യമില്ല പെൻഷൻകാരോടും മോദി സർക്കാരിന് കാരുണ്യമില്ല. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി ഇപിഎഫ് പെൻഷൻ നൽകണമെന്ന കേരള, രാജസ്ഥാൻ, ഡൽഹി ഹൈക്കോടതികളുടെ വിധിക്കെതിരെ കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചതും ഈ കേസിൽ കേന്ദ്രം ഉയർത്തുന്ന വാദങ്ങളും ബിജെപി സർക്കാരിന്റെ ഈ സമീപനത്തിനു തെളിവാണ്. ആരോഗ്യമുള്ള കാലമത്രയും അധ്വാനിക്കുകയും വേതനത്തിന്റെ വിഹിതം ഇപിഎഫ് ഫണ്ടിലേക്ക് സംഭാവന നൽകുകയും ചെയ്തവരോടാണ് സർക്കാരിന്റെ ക്രൂരത. ഉയർന്ന പെൻഷൻ നൽകിയാൽ 16 ലക്ഷം കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്ന വാദമാണ് കേന്ദ്രം സുപ്രീംകോടതിയിൽ അവതരിപ്പിച്ചത്. ഇതിനു പിൻബലം നൽകുന്ന റിപ്പോർട്ടോ കണക്കോ മുന്നോട്ടുവയ്ക്കാൻ സർക്കാർ തയ്യാറായില്ല. 16 ലക്ഷം കോടി രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന വാദത്തിന് എന്താണ് അടിസ്ഥാനമെന്ന് കോടതി ആരാഞ്ഞതോടെ റിപ്പോർട്ട് തയ്യാറാക്കാൻ സമയം തേടിയിരിക്കുകയാണ് കേന്ദ്രം. പെൻഷൻ ഫണ്ടിൽ ഓരോ വർഷവും വൻതോതിൽ തുക വർധിക്കുകയാണ്. 2017 മാർച്ച് 31ന് 3.18 ലക്ഷം കോടി രൂപയായിരുന്നത് 2019 മാർച്ചിൽ 4.37 ലക്ഷം കോടിയായി ഉയർന്നു. 2012–-13ൽ ഇത് 1.83 ലക്ഷം കോടിയായിരുന്നു. ആറ് വർഷത്തിൽ 130 ശതമാനത്തിന്റെ വർധനയാണ്. 2012–-13ൽ ഫണ്ടിന്റെ പലിശവരുമാനം 14,354 കോടി രൂപയായിരുന്നെങ്കിൽ 2018–-19ൽ ഇത് 32, 982 കോടി രൂപയായി. 2018–-19ൽ പെൻഷൻ ഇനത്തിൽ വിതരണം ചെയ്തത് 18,843 കോടി രൂപയാണ്. ലഭിച്ച പലിശയുടെ 55 ശതമാനംമാത്രം. സഞ്ചിതനിധിയെ പെൻഷൻവിതരണം ബാധിക്കുന്നില്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. ഇപിഎഫ് കേസ് ഇത്രയും നീണ്ടുപോകാനും കാരണം കേന്ദ്രനിലപാടാണ്. കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ നീക്കാൻ കള്ളക്കളികളുണ്ടായി. ഇതിന്റെ ഫലമായി കേസ് നീണ്ടുപോയി. ഇപ്പോൾ കേസിൽ വാദം കേൾക്കാൻ കൃത്യമായ ബെഞ്ചില്ലാത്ത സ്ഥിതിയാണ്. ഇപിഎഫ് നിയമത്തിൽ 2014ൽ വരുത്തിയ ഭേദഗതികളും അത്യന്തം തൊഴിലാളിവിരുദ്ധമായി. പെൻഷൻ കണക്കാക്കാൻ ഒടുവിലത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി പരിഗണിക്കുന്നതിനു പകരം 60 മാസത്തെ ശമ്പളത്തിന്റെ ശരാശരി എടുക്കാൻ തുടങ്ങിയത് പെൻഷൻ തുക കുറയാൻ കാരണമായി. പെൻഷൻ ഫണ്ടിലേക്ക് ഉയർന്ന വിഹിതം നൽകാൻ 2004നുശേഷം ചേർന്നവർക്ക് കഴിയില്ലെന്ന കട്ട് ഓഫ് ഡേറ്റ് സംവിധാനവും തൊഴിലാളികൾക്ക് തിരിച്ചടിയാണ്. വൺ റാങ്ക് വൺ പെൻഷൻ വാഗ്ദാനം ചെയ്തവരാണ് തൊഴിലാളികൾ രാഷ്ട്രനിർമാണത്തിന് നൽകുന്ന സംഭാവന വിലകുറച്ച് കാണുന്നത്. വൈദ്യുതി ബിൽ ഉപേക്ഷിച്ചിട്ടില്ല വൈദ്യുതിമേഖല സ്വകാര്യകോർപറേറ്റുകൾക്ക് തളികയിൽവച്ച് നൽകാനുള്ള ശ്രമം കേന്ദ്രം ഉപേക്ഷിച്ചിട്ടില്ല. വൈദ്യുതിമേഖലയുടെ സ്വകാര്യവൽക്കരണത്തിനുള്ള നിയമഭേദഗതി ബില്ലുമായി മുന്നോട്ടുപോകില്ലെന്ന് സംയുക്ത കിസാൻമോർച്ചയ്ക്ക് കേന്ദ്രം വാക്ക് നൽകിയിരുന്നു. മാസങ്ങൾ കഴിഞ്ഞപ്പോൾ കോർപറേറ്റുകളുടെ സമ്മർദത്തിനു വഴങ്ങി വൈദ്യുതി നിയമഭേദഗതി ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രം. സബ്സിഡികൾ പൂർണമായും നിർത്തലാക്കാൻ വ്യവസ്ഥചെയ്യുന്ന നിർദിഷ്ട ബില്ലിന്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവരിക കർഷകരും സാധാരണക്കാരുമാണ്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് കെട്ടിപ്പടുത്ത വൈദ്യുതിവിതരണശൃംഖലകൾ സ്വകാര്യകമ്പനികൾക്ക് കൈമാറും. പ്രവർത്തനലക്ഷ്യം കൊള്ളലാഭം മാത്രമാകും.

ദേശാഭിമാനി 8 Aug 2022 1:00 am

മാറേണ്ടത് കാഴ്‌ചപ്പാടാണ്, വസ്‌ത്രമല്ല

സമൂഹം മുന്നോട്ടു കുതിക്കുമ്പോൾ പിന്തിരിഞ്ഞു നടക്കാൻ പ്രേരിപ്പിക്കുന്ന പ്രസ്ഥാനങ്ങളും നേതാക്കളും ജനമനസ്സുകളിൽനിന്ന് തിരസ്കരിക്കപ്പെടുമെന്നുള്ളത് ചരിത്രസത്യമാണ്. ജാതീയവും മതപരവുമായ ഭിന്നിപ്പ് ഉണ്ടാക്കാനും ലിംഗനീതി നടപ്പാക്കാതിരിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്തു പരാജയപ്പെടുത്തിയാണ് നാട് മുന്നേറിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ മഹത്തായ ഭരണഘടന പൗരൻമാരുടെ സ്വാതന്ത്ര്യവും സമത്വവും വിഭാവനം ചെയ്യുന്നതാണ്. ഭരണഘടന കേവലം ഒരു നിയമപുസ്തകമല്ല, അത് ജീവിതത്തിന്റെതന്നെ ചാലകശക്തിയാണ് എന്നാണ് ഭരണഘടനാ ശിൽപ്പിയായ ഡോ. അംബേദ്കർ അഭിപ്രായപ്പെട്ടത്. ഭരണഘടനയിൽ തുടിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ആത്മാവാണ് എന്നുകൂടി അദ്ദേഹം പറഞ്ഞുവച്ചിട്ടുണ്ട്. ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണരീതികളുടെയും പേരുപറഞ്ഞ് വെള്ളം കടക്കാത്ത അറകളായി മനുഷ്യരെ വേർതിരിച്ചു നിർത്തുന്നതിന് പിന്തിരിപ്പൻ ശക്തികൾ നടത്തിയ ശ്രമങ്ങളെ ചെറുത്തു പരാജയപ്പെടുത്തുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ച പാരമ്പര്യം കേരളത്തിനുണ്ട്. ഐക്യകേരളപ്പിറവിക്കുമുമ്പ് അടിമസമാനമായ ജീവിതം നയിച്ചിരുന്ന ജനതയെ പ്രാകൃതമായ ആചാരങ്ങളിൽനിന്നും വിശ്വാസപ്രമാണങ്ങളിൽനിന്നും മോചിപ്പിച്ചെടുക്കാൻ നടത്തിയ എണ്ണമറ്റ പ്രവർത്തനങ്ങളിലൂടെയാണ് നാട്ടിൽ മാറ്റമുണ്ടായത്. കീഴാളരുടെയും സ്ത്രീകളുടെയും ജീവിതം നരകതുല്യമായ അവസ്ഥയിലേക്ക് തള്ളിവിട്ടിരുന്നത് ജാതി–-ജൻമി–-നാടുവാഴിത്ത പ്രഭുത്വമായിരുന്നു. പുരുഷ മേധാവിത്വപരമായ മത–-ജാതി ചട്ടക്കൂടുകൾ വേർതിരിച്ചു നിർത്താൻ ശ്രമിച്ച ഒരു സാമൂഹ്യക്രമത്തിന് മാറ്റമുണ്ടാക്കിയത് നവോത്ഥാന നായകർ നടത്തിയ ശ്രമങ്ങളിലൂടെയാണ്. അരയ്ക്ക് മേൽപ്പോട്ട് വസ്ത്രം ധരിക്കാനും മുട്ടിനു കീഴ്പോട്ട് മുണ്ട് ഇറക്കിയുടുക്കാനും തലയിൽ തോർത്തുമുണ്ട് കെട്ടാനും വിദ്യാഭ്യാസം ചെയ്യാനും കീഴാളർക്ക് അവകാശമില്ലെന്ന് പ്രഖ്യാപിച്ചിരുന്ന കാലത്ത് സ്വതന്ത്ര ചിന്തയുടെയും അവകാശബോധത്തിന്റെയും വിത്ത് വീണുവെന്നതിനാലാണ് പടിപടിയായ മാറ്റങ്ങൾ സമൂഹത്തിലുണ്ടായത്. സ്വന്തം ശരീരത്തിനുമേൽ തനിക്ക് മാത്രമാണ് അവകാശമെന്ന തിരിച്ചറിവ് സ്ത്രീകൾക്ക് ഉണ്ടാക്കിക്കൊടുക്കാൻ ശ്രമകരമായ പ്രവർത്തനങ്ങൾ ആ കാലയളവിൽ നടന്നതിലൂടെയാണ് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ആഭരണങ്ങൾ അണിയാനും കഴിഞ്ഞത്. ആത്മാഭിമാനത്തോടെ ഏതൊരാൾക്കും ജീവിക്കാൻ കഴിയുന്ന നാടായി കേരളം മുന്നോട്ട് കുതിക്കുമ്പോൾ പിന്തിരിപ്പൻ ആശയഗതിക്കാർക്ക് ഹാലിളകുന്നത് സ്വാഭാവികമാണ്. കേരളത്തിന്റെ സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്തുകൊണ്ട് ദീർഘകാലം അധികാരത്തിലിരുന്ന മെഡിക്കൽ ബിരുദധാരികൂടിയായ നേതാവ് സ്കൂൾ കുട്ടികളുടെ വസ്ത്രധാരണം മതനിരാസത്തിന് വഴിവയ്ക്കുമോയെന്ന് ആശങ്കപ്പെടുക മാത്രമല്ല, കേരളത്തിന്റെ മുഖ്യമന്ത്രി സാരിയുടുത്ത് നടക്കുമോയെന്ന് ചോദിക്കുകകൂടി ചെയ്തു. അദ്ദേഹം അഭിസംബോധന ചെയ്തത് വിദ്യാർഥി സമൂഹത്തെയാണെന്നത് എത്രമാത്രം അരോചകമാണ്. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും ശരീരഭാഗങ്ങൾ മറയ്ക്കുന്നതിനുവേണ്ടി മാത്രമല്ല, അത് സഞ്ചാരസ്വാതന്ത്ര്യത്തിനും കാലാവസ്ഥയ്ക്കും ഉതകുന്നതും ധരിക്കുന്നവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്നതിനുള്ളതുമാകണം. അതുകൊണ്ടുതന്നെയാണ് കേരളത്തിന്റെ നാനാഭാഗത്തും കുട്ടികൾതന്നെ ജെൻഡർ ന്യൂട്രൽ യൂണിഫോമിനെ സർവാത്മനാ ആഹ്ലാദത്തോടെ സ്വാഗതം ചെയ്തിട്ടുള്ളത്. ലിംഗനീതി കൈവരിക്കുക എന്നത് വസ്ത്രധാരണത്തിലൂടെ സാധ്യമാകുന്നതല്ല. മാറേണ്ടത് സമൂഹത്തിന്റെ വീക്ഷണഗതിയാണ്. ലിംഗനീതി എന്നത് ഇന്ത്യൻ ഭരണഘടന എല്ലാ പൗരർക്കും ഉറപ്പ് നൽകുന്നതാണ്. ഭരണഘടന നിർമാണ ഘട്ടത്തിൽ ആൺ–-പെൺ തുല്യതയെന്ന കാഴ്ചപ്പാടാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ലിംഗഭേദം എന്നത് വിശാലമായ തലത്തിലേക്ക് ചർച്ച ചെയ്യപ്പെടേണ്ട ഒന്നായി മാറി. വിവിധ ലിംഗസ്വത്വങ്ങളുടെയും സ്വന്തം ലിംഗസ്വത്വം വെളിപ്പെടുത്താനുള്ള പൗരാവകാശങ്ങളുടെയും പ്രശ്നംകൂടി ഉൾച്ചേർന്ന ലിംഗനീതിയെക്കുറിച്ചാകണം ഭരണസംവിധാനവും രാഷ്ട്രീയനേതൃത്വവും ചർച്ച ചെയ്യേണ്ടത്. വസ്ത്രത്തിന്റെ തുമ്പുപിടിച്ച് കേൾവിക്കാരുടെ കൈയടി വാങ്ങി ആളാകാൻ നോക്കുന്ന പ്രവണതയാണ് ഇല്ലാതാകേണ്ടത്. പുതിയ തലമുറയ്ക്ക് നല്ല ദിശാബോധം ഉണ്ടാക്കാൻ ഉതകുന്ന തരത്തിൽ നമ്മുടെ വിദ്യാഭ്യാസമേഖലയുടെ കാര്യക്ഷമമായ ഇടപെടലാണ് അനിവാര്യം. അക്കാദമിക മേഖലകളിലെ പാഠപുസ്തക–- സിലബസ് നവീകരണം, തൊഴിൽ മേഖലകളിലെ സ്ത്രീകളുടെ സുരക്ഷിതത്വവും അവകാശ പരിരക്ഷയും ജെൻഡർ ബോർഡ് രൂപീകരണം, വനിതാ ശിശു വകുപ്പ് രൂപീകരണം എന്നിവയെല്ലാം കേരള സർക്കാരിന്റെ ലിംഗനീതി കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതാണ്. ലോകത്തെമ്പാടുമുള്ള ഭൂരിപക്ഷം മത പൗരോഹിത്യ വിഭാഗങ്ങൾ എന്നും ആണധികാരഘടന നിലനിർത്തുന്നതിന് ശ്രമിച്ച ചരിത്രമാണ് ഉള്ളത്. അവർ സ്വയം പരിഹാസ്യരായി മാറുകയും ചെയ്തിട്ടുണ്ട്. അത്തരക്കാർ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനങ്ങൾക്കകത്തും യുവതലമുറ പ്രതികരിക്കാനും പ്രതിഷേധിച്ച് രംഗത്തുവരാനും തയ്യാറാകുന്നുണ്ടെന്നത് പ്രതീക്ഷ ഉണ്ടാക്കുന്നുണ്ട്. പൊതുവേദികളിൽ ജീൻസ് ധരിക്കുന്നതിനെയും കാലിൽ കാലുകയറ്റിയിരിക്കുന്നതിനെയും പൊതു ഇടങ്ങളിൽ ഒത്തുചേരുന്നതിനെയുമൊക്കെ തടയാൻ ശ്രമിക്കുന്നവർക്കെതിരെ പുതിയ തലമുറ പ്രതികരണങ്ങളുമായി മുന്നോട്ട് വരുന്നത് ഏറെ പ്രതീക്ഷാനിർഭരമാണ്.

ദേശാഭിമാനി 8 Aug 2022 1:00 am

‘ഇന്ത്യ എന്ന ആശയം'

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള ഐതിഹാസികമായ ജനകീയ സമരകാലത്താണ് ‘ഇന്ത്യ എന്ന ആശയം' ഉയർന്നുവന്നത്. ബഹുവിധമായ സങ്കീർണ തലങ്ങളെക്കുറിച്ച് അവബോധമുള്ളപ്പോഴും ഒരു രാജ്യമെന്നനിലയിൽ അതിലെ ജനങ്ങളുടെ ഗണ്യമായ വിഭാഗത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള ഐക്യത്തിന് അനുകൂലമായി വൈവിധ്യങ്ങൾക്ക് അതീതമായി മുന്നേറിക്കൊണ്ടിരിക്കുന്നു’ എന്നതാണ് അന്ന് ഇന്ത്യ അർഥമാക്കിയത്. സ്വാതന്ത്ര്യസമരമാണ് ഈ വൈവിധ്യത്തെ കൂട്ടിയോജിപ്പിക്കുകയും അറുന്നൂറിലധികം വരുന്ന ഫ്യൂഡൽ നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുകയും ചെയ്ത് ഒരു അഖിലേന്ത്യാബോധത്തിന് രൂപം നൽകിയത്. ഇന്ത്യൻ നേഷൻഹുഡ് (ഇന്ത്യ എന്ന ആശയം) സംബന്ധിച്ച് പ്രശസ്ത തത്വചിന്തകനായ അകീൽ ബിൽഗ്രാമി ഇങ്ങനെ പറയുന്നു: ‘‘സ്വാതന്ത്ര്യസമരത്തിന്റെ നിർണായകമായ അവസാനത്തെ മൂന്ന് ദശകത്തിൽ ഇന്ത്യ സാക്ഷ്യംവഹിച്ച ബൃഹത്തും ഈടുറ്റതുമായ ബഹുജന മുന്നേറ്റം, ജനങ്ങളെയാകെ ആവേശംകൊള്ളിക്കുന്ന തരത്തിലുള്ള എല്ലാത്തിനെയും ഉൾക്കൊള്ളുന്നതും ബദലുമായ ഒരു ആശയത്തിന്റെ അഭാവത്തിൽ സാധ്യമാകുമായിരുന്നില്ല’’ (സോഷ്യൽ സയന്റിസ്റ്റ്, വോള്യം 39, 2011, നവംബർ 1, 2).ഭാഷാപരവും മതപരവും വംശീയവും സാംസ്കാരികവും മറ്റുമായ ഇന്ത്യയുടെ വൈവിധ്യങ്ങൾ മറ്റൊരു രാജ്യത്തും കണ്ടിട്ടില്ലാത്തത്ര വ്യത്യസ്തമാണ്. ഈ വിപുലമായ വൈവിധ്യത്തെ കൂട്ടിച്ചേർത്തത് ബ്രിട്ടീഷുകാരാണെന്ന് വാദിക്കുന്നവർ അവഗണിക്കുന്ന ഒരു വസ്തുതയുണ്ട്. ഇതേ ബ്രിട്ടീഷുകാരാണ് ലക്ഷക്കണക്കിനാളുകളുടെ മരണത്തിനും വർഗീയമായി ചേരിതിരിഞ്ഞുള്ള കൂട്ടപ്പലായനത്തിനും ഇടയാക്കിയ വിഭജനം നടത്തിയത്. മതനിരപേക്ഷ ജനാധിപത്യ ആധുനിക ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാനത്ത് ആർഎസ്എസും ബിജെപിയും ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പനത്തെ പ്രതിഷ്ഠിക്കുകയാണിപ്പോൾ. ഇന്ത്യ എന്ന ആശയത്തിനെതിരെ ഹിന്ദുദേശീയത'യെ പരിപോഷിപ്പിക്കുകയാണ്. കമ്യൂണിസ്റ്റുകാരുടെ പങ്ക് ‘ഇന്ത്യ എന്ന ആശയ'ത്തിന്റെ ഉരുത്തിരിയൽ പ്രക്രിയയിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർ പ്രധാനപ്പെട്ട പങ്കുവഹിച്ചു. ‘ഇന്ത്യ എന്ന ആശയ'ത്തിന്റെ അന്തഃസത്തയായി ഇന്നും തുടരുന്നത് മൂന്ന് വിഷയമാണ്. രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ കമ്യൂണിസ്റ്റുകാർ ഭൂപ്രശ്നത്തിൽ നടത്തിയ സമരങ്ങൾ (കേരളത്തിലെ പുന്നപ്ര വയലാർ, ബംഗാളിലെ തേഭാഗ പ്രസ്ഥാനം, അസമിലെ സുർമവാലി സമരം, മഹാരാഷ്ട്രയിലെ വർളി കലാപം മുതലായവ). ഭൂപരിഷ്കരണത്തിന്റെ പ്രാധാന്യം കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവന്ന് ‘ഇന്ത്യ എന്ന ആശയം' കെട്ടിപ്പടുക്കുന്നതിലേക്ക് മഹാഭൂരിപക്ഷംവരുന്ന ഇന്ത്യയിലെ കർഷക ജനസാമാന്യത്തെ അണിനിരത്തി. കമ്യൂണിസ്റ്റുകാർ സ്വതന്ത്ര ഇന്ത്യയിൽ സംസ്ഥാനങ്ങളുടെ ഭാഷാടിസ്ഥാനത്തിലുള്ള പുനഃസംഘടനയ്ക്കുവേണ്ടിയുള്ള വമ്പിച്ച ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകി. അങ്ങനെ അവർ യുക്തിസഹമാംവിധം ശാസ്ത്രീയവും ജനാധിപത്യപരവുമായ അടിസ്ഥാനത്തിൽ ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം സൃഷ്ടിക്കുന്ന കാര്യത്തിൽ മറ്റു പലർക്കുമൊപ്പം പ്രധാന പങ്കുവഹിച്ചു. വിശാല ആന്ധ്രയ്ക്കും ഐക്യ കേരളത്തിനും സംയുക്ത മഹാരാഷ്ട്രയ്ക്കും വേണ്ടിയുള്ള സമരങ്ങൾ നയിച്ചത്, മറ്റു പലർക്കുമൊപ്പം രാജ്യത്തെ അതികായരായ കമ്യൂണിസ്റ്റുകാരായി ഉയർന്ന ആളുകളായിരുന്നു. മതനിരപേക്ഷതയോടുള്ള കമ്യൂണിസ്റ്റുകാരുടെ അചഞ്ചലമായ പ്രതിബദ്ധത ഇന്ത്യയിലെ യാഥാർഥ്യങ്ങൾ അംഗീകരിക്കുന്നതിനെ ആധാരമാക്കിയാണ്. ഇന്ത്യയിൽ ഇന്ന് നിലനിൽക്കുന്ന ഐക്യത്തിലെ അളവറ്റ വൈവിധ്യം നിലനിർത്തണമെങ്കിൽ ഈ ബഹുസ്വരതയിലെ സമാനതകളുടെ കണ്ണികൾ ശാക്തീകരിച്ചുകൊണ്ടുമാത്രമേ സാധ്യമാകൂ എന്ന് പാർടി തുടക്കംമുതൽതന്നെ പറഞ്ഞതാണ്. ഇന്ത്യയുടെ വിഭജനവും തുടർന്നുണ്ടായ ഭീകരമായ വർഗീയ ചേരിതിരിവും അനന്തര ഫലങ്ങളുംമൂലം ‘ഇന്ത്യ എന്ന ആശയ'ത്തിന്റെ സാക്ഷാൽക്കരണത്തിന് മതനിരപേക്ഷത അവിഭാജ്യഭാഗമായി. ഗ്രാമീണ ഇന്ത്യയിലെ ചൂഷിതരായ മഹാഭൂരിപക്ഷത്തെയും ഒന്നിച്ചു കൊണ്ടുവരിക; സാമൂഹ്യമായി അടിച്ചമർത്തപ്പെടുന്ന ജനതയെയാകെ, വിശിഷ്യാ നിന്ദ്യവും നീചവുമായ ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകൾക്കും അതിക്രമങ്ങൾക്കും ഇപ്പോഴും വിധേയരായിക്കൊണ്ടിരിക്കുന്നവരെയാകെ കൂട്ടിയോജിപ്പിക്കുക; നിരവധി ഭാഷാ ദേശീയ ജനവിഭാഗങ്ങളെയാകെ ഒന്നിപ്പിക്കുക; നാനാ മതവിഭാഗങ്ങളിൽപ്പെടുന്ന ഇന്ത്യൻ ജനതയെയാകെ ഒരുമിപ്പിക്കുക; സർവോപരി, എല്ലാ ഇന്ത്യക്കാരെയും സാമ്പത്തികവും സാമൂഹ്യവുമായ നീതിയിൽ യോജിപ്പിച്ചണിനിരത്തുകയെന്നതാണ് ഇന്ന് സിപിഐ എം മുന്നോട്ടുവയ്ക്കുന്ന ‘ഇന്ത്യ എന്ന ആശയ'ത്തിന്റെ പിന്നിൽ.

ദേശാഭിമാനി 8 Aug 2022 1:00 am

മായില്ല‌, മനസ്സിൽ 
ഗാന്ധിജിയുടെ പുഞ്ചിരി

കൊച്ചി ഗാന്ധിജി സമ്മാനിച്ച ചെറുപുഞ്ചിരി ഇന്നും നാരായണൻ നായരുടെ മനസ്സിലുണ്ട്. അയൽവാസി പുതിയേടം കോവിലകത്തെ കൊച്ചുണ്ണി തമ്പുരാനുമൊത്ത് 1937ൽ ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് 13–-ാം വയസ്സിലാണ് ഗാന്ധിജിയെ കണ്ടത്. ട്രെയിനിൽനിന്ന് മഹാത്മാഗാന്ധി ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്തത് മറക്കാനാകാത്ത കാഴ്ചയാണെന്ന് തൊണ്ണൂറ്റിയെട്ടുകാരൻ കാഞ്ഞൂർ പുതിയേടം വാരനാട്ട് വീട്ടിൽ നാരായണൻ പറയുന്നു. ആ ഓർമകളുടെ കരുത്തിൽ വീടിനുസമീപത്തെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ഇന്നും ഇദ്ദേഹം ദിനചര്യകൾ ആരംഭിക്കുന്നത്. 1926 ജൂൺ 26ന് വാരനാട്ട് ഇച്ചിക്കുട്ടിയമ്മയുടെയും മംഗലത്ത് ശങ്കുണ്ണി നായരുടെയും മകനായി ജനനം. 1931ൽ സ്കൂളിൽ ചേർത്തു. 1944ൽ പെരുമ്പാവൂർ മുടിക്കലിലെ തീപ്പെട്ടിക്കമ്പനിയിൽ ദിവസം 10 അണ കൂലിക്ക് ജോലി ലഭിച്ചു. സ്വാതന്ത്ര്യസമരാവേശം നാടെങ്ങും അലയടിച്ചപ്പോൾ നാരായണൻനായരും അതിന്റെ ഭാഗമായതോടെ ജോലി പോയി. 1946 ജൂലൈയിൽ നിയമലംഘന പ്രസ്ഥാനത്തിൽ അണിചേർന്നു. നിരോധനാജ്ഞ ലംഘിച്ചതോടെ ഒളിവിൽപ്പോയി. കൊച്ചി രാജ്യപ്രജാമണ്ഡലം പ്രവർത്തകരായ കെ പി മാധവൻനായർ, ചൊവ്വര പരമേശ്വരൻ, കെ സി മായംകുട്ടി മേത്തർ, പി കെ കൃഷ്ണൻകുട്ടി മേനോൻ, വെണ്മണി നാരായണൻ നമ്പൂതിരിപ്പാട് എന്നിവർക്കൊപ്പം 1948 മുതൽ 1951 വരെ പ്രവർത്തിച്ചു. 1952ൽ പുതിയേടത്തുകാർക്ക് പൊതുവഴി നിർമിക്കാൻ മുന്നിൽനിന്നു. 1956ൽ ഖാദി പ്രസ്ഥാനത്തിനൊപ്പം ചേർന്നു. ബുദ്ധിവികാസമെത്താത്ത കുഞ്ഞുങ്ങളുടെ പഠനത്തിനായി ബഡ്സ് സ്കൂൾ സ്ഥാപിക്കാൻ അഞ്ച് സെന്റ് വീടിനോടുചേർന്ന് സൗജന്യമായി വിട്ടുകൊടുത്തു. ദീപം ബഡ്സ് സ്കൂൾ പിറന്നത് ഇങ്ങനെ. സ്കൂളിന് മുന്നിലൂടെ പോകുന്ന വഴിക്ക് ഗാന്ധി ജന്മശതാബ്ദി റോഡ് എന്ന് പേരിട്ടു. സ്കൂളിൽ ഗാന്ധിപ്രതിമയും സ്ഥാപിച്ചു.ശ്രീമൂലനഗരം, ചൊവ്വര ഭാഗങ്ങളിൽ പതിമൂന്നോളം ചാരായഷാപ്പുകൾ അടച്ചുപൂട്ടിക്കാനുള്ള സമരത്തിന് നേതൃത്വം നൽകി. കൂവപ്പാടത്ത് അംഗീകൃത ചാരായഷാപ്പിനുമുന്നിൽ നടന്ന ആദ്യത്തെ സത്യഗ്രഹത്തിൽ എം പി മന്മഥനും ഗാന്ധി പീസ് ഫെഡറേഷൻ പ്രവർത്തകർക്കുമൊപ്പം പങ്കെടുത്തു. തുടർന്ന് നാലുദിവസം മട്ടാഞ്ചേരി പൊലീസ് ലോക്കപ്പിലായി. 1995ൽ മലയാറ്റൂർ മലയടിവാരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പത്തുപേരടങ്ങിയ മദ്യനിരോധന പദയാത്രയ്ക്ക് നേതൃത്വം നൽകി. 1982ൽ വനവൽക്കരണത്തിന്റെ ഭാഗമായി പാറപ്പുറം വല്ലംകടവുമുതൽ ശ്രീമൂലം സർക്കാർ ആശുപത്രിവരെ വൃക്ഷത്തൈകൾ നട്ടു. ചൊവ്വര പരമേശ്വരൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇളയമകൻ സുരേഷിനൊപ്പം വിശ്രമജീവിതം നയിക്കുന്നു. ഭാര്യ: ദേവകിയമ്മ. നന്ദകുമാർ, പ്രസാദ്, ഗീത, രാധാകൃഷ്ണൻ എന്നിവരാണ് മറ്റുമക്കൾ.

ദേശാഭിമാനി 7 Aug 2022 7:21 am

ആഞ്ഞു വീശുന്ന ‘മാന്ദ്യക്കാറ്റ്'

പ്രവചനങ്ങൾ തിരുത്തുന്ന തിരക്കിലാണ് അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്). ജനുവരിയിൽ പറഞ്ഞത് ഏപ്രിലിൽ തിരുത്തി. ഏപ്രിലിൽ പറഞ്ഞത് ജൂലൈയിൽ തിരുത്തി. ആഗോള സാമ്പത്തിക സാഹചര്യങ്ങൾ ഓരോ ദിവസം പിന്നിടുമ്പോഴും വീണ്ടും വീണ്ടും വഷളായി വരുന്നുവെന്നാണ് , ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ഐഎംഎഫ് ഏറ്റവും ഒടുവിൽ പറഞ്ഞുവച്ചത്. എവിടെയും ‘മാന്ദ്യക്കാറ്റ്' ആഞ്ഞു വീശുന്നതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ആഗോള മുതലാളിത്തത്തിന്റെ ആസ്ഥാനമായ അമേരിക്കയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലുമെല്ലാം സാമ്പത്തിക മാന്ദ്യം പടർന്നുകയറുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കുകളും ഇക്കൊല്ലവും അടുത്ത കൊല്ലവും വീണ്ടും കുറയും. കോവിഡ് മഹാമാരിയിൽ തളർന്നു വീണ ലോക സമ്പദ്വ്യവസ്ഥ 2021 ൽ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും വീഴുകയാണെന്ന് ജൂലൈ 26 ന് പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ടിൽ പറയുന്നു. രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണ ജനങ്ങളുടെയും ഇടത്തരക്കാരുടെയും ജീവിതം തകർത്തെറിയുകയാണ്. കോവിഡ്, റഷ്യ–- -ഉക്രയിൻ യുദ്ധം, ഇന്ധന വിലവർധന എന്നിവയാണ് സാമ്പത്തികത്തകർച്ചയ്ക്കും പ്രതിസന്ധികൾക്കും കാരണമായി ഐഎംഎഫ് വിലയിരുത്തുന്നത്. എന്നാൽ, 2008ൽ അമേരിക്കയിൽ ആരംഭിച്ച് മറ്റു രാജ്യങ്ങളിലേക്ക് പടർന്ന സാമ്പത്തിക തകർച്ചയിൽനിന്ന് മുതലാളിത്ത ലോകം കര കയറിയിട്ടില്ലെന്നതാണ് യാഥാർഥ്യം. കോവിഡും യുദ്ധവും സ്ഥിതിഗതികൾ വഷളാക്കി. പ്രവചനങ്ങൾക്ക് അപ്പുറം ഐഎംഎഫിന്റെ ജൂലൈയിലെ റിപ്പോർട്ടു പ്രകാരം ഇക്കൊല്ലം പ്രതീക്ഷിക്കുന്ന ആഗോള മൊത്തം ആഭ്യന്തരോൽപ്പാദന വളർച്ച 3.2 ശതമാനവും 2023 ൽ 2.9 ശതമാനവുമാണ്. ഏപ്രിലിൽ പറഞ്ഞിരുന്നത് ഇക്കൊല്ലവും അടുത്തകൊല്ലവും 3.6 ശതമാനം വളർച്ച നേടുമെന്നായിരുന്നു. ജനുവരിയിലെ പ്രവചനം തിരുത്തിയാണ് ഏപ്രിലിൽ അങ്ങനെ പറഞ്ഞത്. ഇപ്പോൾ , അത് വീണ്ടും തിരുത്തിയിരിക്കുന്നു. 2021 ലെ 6.1 ശതമാനത്തിൽനിന്ന് 2022ൽ 3.2 ശതമാനമായി കുറയും. 2021 ൽ ആഗോള വളർച്ച 6.1 ശതമാനമായി കണക്കാക്കിയത് 2020ലെ വൻ പിന്നോട്ടടിയുമായി താരതമ്യം ചെയ്താണ് എന്നറിയുമ്പോൾ 2021 ലെ വലിയ നിരക്കിന്റെ പൊള്ളത്തരവും വെളിപ്പെടുന്നുണ്ട്. (ലോ ബേസ് ഇഫക്ട് എന്നൊക്കെ സാമ്പത്തിക ശാസ്ത്രത്തിൽ പറയും).2020 ൽ 3.1 ശതമാനം തകർച്ചയാണ് (നെഗറ്റീവ് ഗ്രോത്ത്) രേഖപ്പെടുത്തിയിരുന്നത്. മൊത്തം ആഭ്യന്തരോൽപ്പാദന (ജിഡിപി) വളർച്ചാ നിരക്കിന്റെ കണക്കുവച്ചുള്ള കളിയല്ല യഥാർഥ സാമ്പത്തിക പുരോഗതിയെന്ന് ഇതിൽ നിന്നൊക്കെ വെളിപ്പെടുന്നുണ്ട്. ജനങ്ങളുടെ ജീവിത നിലവാരത്തിലുണ്ടാകുന്ന പുരോഗതിയാണ്, പട്ടിണിയിലും ദാരിദ്ര്യത്തിലുമുണ്ടാകുന്ന മാറ്റമാണ് ശരിയായ സാമ്പത്തിക പുരോഗതി. ജനകോടികൾ പട്ടിണിയിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ എന്തു പുരോഗതി? ആരുടെ പുരോഗതി? നിയോ ലിബറൽ നയത്തിന് കീഴിൽ പുരോഗതി കോർപറേറ്റുകൾക്ക് മാത്രം. ലോകത്ത് പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും വർധിച്ചതായി ഐഎംഎഫ് തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാസ്തവത്തിൽ, നിയോ ലിബറൽ സാമ്പത്തിക നയങ്ങളുടെ പരാജയം മറച്ചു വയ്ക്കാനുള്ള സൂത്രക്കളിയായി മാറുന്നുണ്ട് ജിഡിപി കണക്കുകൾ. അടിസ്ഥാന വർഷം അടിക്കടി മാറ്റി ഇന്ത്യ പ്രസിദ്ധീകരിക്കുന്ന കണക്ക് സമ്പദ്വ്യവസ്ഥയുടെ യഥാർഥ ചിത്രമല്ലെന്ന് ഓരോ ഇന്ത്യക്കാരന്റെയും അനുഭവം. വായ്പാ പാക്കേജുകൾ 2008-ൽ ആരംഭിച്ച ആഗോള സാമ്പത്തിക മാന്ദ്യം വീണ്ടും രൂക്ഷമാകുന്നുവെന്നും മാന്ദ്യം പരിഹരിക്കാൻ നവ ലിബറൽ സാമ്പത്തിക നയങ്ങൾക്ക് കഴിയില്ലെന്നും ഐഎംഎഫ് റിപ്പോർട്ടിൽനിന്ന് മനസ്സിലാക്കാം. കോവിഡ് കാലത്ത് സമ്പദ്വ്യവസ്ഥകളെ ഉത്തേജിപ്പിക്കാനെന്ന പേരിൽ പല രാജ്യങ്ങളും പ്രഖ്യാപിച്ച പാക്കേജുകൾ പലതും കോർപറേറ്റുകളുടെ ലാഭം വർധിപ്പിക്കുന്ന നവ ലിബറൽ പാതയിൽ തന്നെയായിരുന്നു. അമേരിക്ക 1. 9 ലക്ഷം കോടി ഡോളറിന്റെയും യൂറോപ്യൻ യൂണിയൻ 2.2 ലക്ഷം കോടി ഡോളറിന്റെയും പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. ആഗോളതലത്തിൽ വിവിധ മേഖലകളിലായി ഏതാണ്ട് 16.9 ലക്ഷം കോടി ഡോളറിന്റെ പാക്കേജുകൾ പ്രഖ്യാപിച്ചതായാണ് ഐഎംഎഫ് കണക്കാക്കിയിട്ടുള്ളത്. ഇതിന്റെ 86 ശതമാനവും വൻകിട മുതലാളിത്ത രാജ്യങ്ങളിലായിരുന്നു. പലതും വായ്പാ പാക്കേജുകൾ. സാധാരണ ജനങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്താൻ ഇത് സഹായമായില്ല. ഈ പാക്കേജുകളുടെ കാര്യത്തിലും ധന മൂലധനത്തിന്റെ ഊഹക്കച്ചവട ലാഭത്തിനാണ് ഊന്നൽ. ലാഭാർത്തിയോടെ, ഭ്രാന്തവേഗത്തിൽ പരക്കം പായുന്ന ധന മൂലധനത്തിന്റെ വരവും പോക്കും ഓഹരി - പണക്കമ്പോളങ്ങളെ നിയന്ത്രിക്കുന്നു. ഓഹരി സൂചികകളുടെ കുതിപ്പും കിതപ്പും കറൻസികളുടെ തകർച്ചയും മുന്നേറ്റവുമെല്ലാം ഇതിന്റെ കളികൾ. അതുകൊണ്ടുതന്നെ സമ്പദ്വ്യവസ്ഥയുടെ ഉൽപ്പാദന മേഖലകൾ പിന്നോട്ടടിക്കുന്നു. തൊഴിലും വരുമാനവും ഇടിയുന്നു. സാമ്പത്തിക മാന്ദ്യം തുടർക്കഥയാകുന്നു. ഇന്ത്യയിൽ മാന്ദ്യമൊന്നും ഇന്ത്യയിൽ ഇല്ലെന്നും സമ്പദ്വ്യവസ്ഥ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണെന്നുമൊക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി നിർമലാ സീതാരാമനും തുടർച്ചയായി അവകാശപ്പെടുന്നത്. മഹാമാരിക്കാലത്ത് സമ്പദ്വ്യവസ്ഥയ്ക്കുണ്ടായ നഷ്ടങ്ങൾ നികത്താൻ 2034-–-35 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് റിസർവ് ബാങ്ക് അടുത്തിടെ പറഞ്ഞത് ഇരുവരും മറച്ചുപിടിക്കുന്നു. യഥാർഥത്തിൽ കോവിഡിന് മുന്നേതന്നെ ഇന്ത്യ മാന്ദ്യത്തിന്റെ പിടിയിൽ പെട്ടിരുന്നു. റിസർവ് ബാങ്കിന്റെ മുൻ ഗവർണർ ഡോ. രഘുറാം രാജൻ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞത് പ്രസക്തമാണ്. അത് ഇങ്ങനെയാണ്: ‘ആറു ശതമാനം, ഏഴു ശതമാനം വളർച്ച എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അത് തൊഴിൽരഹിത വളർച്ചയാണ്. തൊഴിൽ ലഭ്യമാക്കുക എന്നത് സമ്പദ്വ്യവസ്ഥയുടെ ഏറ്റവും പ്രധാന ദൗത്യമാണ്. എല്ലാവരും സോഫ്റ്റ്വെയർ എൻജിനിയർമാരോ കൺസൽട്ടന്റുമാരോ ആകണം എന്നൊന്നുമില്ല. പക്ഷേ, എല്ലാവർക്കും തൊഴിൽ വേണം’

ദേശാഭിമാനി 7 Aug 2022 1:00 am

പ്രണയത്തിന്റെ നിറം മഞ്ഞ ; ജീവിതത്തോടും സ്ത്രീയോടും

പ്രകൃതിയെ വർണാനുഭവമാക്കി ഉദാത്ത അനുഭൂതികൾ ആസ്വാദകർക്ക് പകർന്നുനൽകിയ ചിത്രകാരനായിരുന്നു വിൻസന്റ് വാൻഗോഗ്. കലാകാരന്റെ വിഭ്രമങ്ങളും ഒറ്റപ്പെടലുകളും പീഡിത ജീവിതസാഹചര്യങ്ങളുമൊക്കെ ചേരുന്ന വർണലോകത്തിലേക്കാണ് മഞ്ഞനിറത്തിന്റെ ധാരാളിത്തമായി വാൻഗോഗ് ചിത്രങ്ങൾ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത്. വർണത്തേപ്പുകളുടെ വൈവിധ്യലോകം അനുഭവിച്ചറിഞ്ഞ വാൻഗോഗ് മഞ്ഞനിറത്തിന്റെ സൗന്ദര്യബോധത്തെ മനുഷ്യമനസ്സുമായി, പ്രത്യേകിച്ച് സ്ത്രീമനസ്സുമായി ഇഴചേർത്തുകൊണ്ടാണ് തന്റെ ചിത്രതലങ്ങൾ സൃഷ്ടിച്ചത്. മഞ്ഞയുടെ തെളിമയിൽ സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പ്രതീകമായി സൂര്യനെയും സൂര്യകാന്തിപ്പൂക്കളെയും വരച്ചുകാട്ടി. ഹൃദയവികാരങ്ങളെ വർണങ്ങളിലാവാഹിച്ച ഈ ഇംപ്രഷണിസ്റ്റ് ചിത്രകാരൻ (നിയോ ഇംപ്രഷണിസമായും പോസ്റ്റ് ഇംപ്രഷണിസമായും വിശേഷിപ്പിക്കാം) ജീവിതത്തെയും കലയെയും വേർതിരിക്കാനാകാത്ത വിധം സർഗാത്മകമാക്കുകയായിരുന്നു. മഞ്ഞയുടെ പ്രകാശത്തിലേക്ക് പ്രകൃതിയുടെ നിഴൽവീണ ഗോതമ്പുവയലുകളും നിറഭേദങ്ങളുള്ള പലതരം സൂര്യകാന്തിപ്പൂക്കളും നക്ഷത്രരാത്രികളും മഞ്ഞയും നീലയും ചാലിച്ച പ്രകൃതിയുമൊക്കെ നമ്മെ മറ്റൊരു സ്വപ്നലോകത്തേക്ക് കൊണ്ടുപോകുന്നു. സൂര്യകാന്തിപ്പാടങ്ങളും തൊഴിലാളികളുടെ ദൈന്യതയാർന്ന പകലുകളും വിവിധ വികാരഭാവങ്ങൾ തെളിയുന്ന സ്വന്തം ഛായാചിത്രങ്ങളുമൊക്കെ യാഥാർഥ്യബോധത്തോടെയാണ് ആസ്വാദകർ വിലയിരുത്തുന്നത്. പൂക്കളുടെ തനിമ നഷ്ടപ്പെടാതെ വാടുന്നതിനുമുമ്പ് വേഗത്തിൽ വരച്ച് പൂർത്തിയാക്കിയവയാണെന്ന് കലാനിരൂപകർ അടയാളപ്പെടുത്തിയിട്ടുണ്ട്. വാൻഗോഗിന് പ്രണയത്തിന്റെ നിറവും മഞ്ഞയായിരുന്നു. ജീവശാസ്ത്രപരവും ചരിത്രപരവുമായ നിറങ്ങളുടെ അർഥതലങ്ങൾക്കപ്പുറം മഞ്ഞനിറത്തോടുള്ള പ്രണയത്തെക്കുറിച്ചും പഠനങ്ങളുണ്ടായിട്ടുണ്ട്. വാൻഗോഗ് താമസിച്ച വീടുകൾ, മുറികൾ, കഫേകൾ, അനന്തമായ കാഴ്ചകളിലെ രൂപങ്ങൾ, ഏകാന്തതയും ഉന്മാദവും വേട്ടയാടിയ മഞ്ഞവീട്ടിലെ മുറിയിലുള്ള വസ്തുക്കൾ എന്നിവയൊക്കെ ചിത്രങ്ങളിൽ വിഷയമായിട്ടുണ്ട്. മുറിയിലെ മഞ്ഞത്തലയണ, ചെരുപ്പുകൾ, ഭിത്തിയിലെ ഛായാചിത്രങ്ങൾ അങ്ങനെ പച്ചയും മഞ്ഞയും ചിത്രങ്ങൾ നിരവധി. ശക്തിയുടെ നിറമായ ചുവപ്പും പരിശുദ്ധിയുടെയും തെളിമയുടെയും പ്രകാശത്തിന്റെയും നിറമായ മഞ്ഞയും സ്ത്രീകളുമായി ബന്ധപ്പെട്ട ചില അടയാളപ്പെടുത്തലുകളാക്കി. മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ മനോഹരമായ കലയില്ലെന്ന് സൂചിപ്പിച്ച് അതനുസരിച്ച് ജീവിച്ച ജീനിയസ്സായിരുന്നു അദ്ദേഹം. ധാരാളം സ്ത്രീസൗഹൃദങ്ങൾ തന്റെ അടുക്കും ചിട്ടയുമില്ലാത്ത ജീവിതത്തിനിടയിൽ ഉണ്ടായിട്ടുണ്ട്. മുറപ്പെണ്ണായിരുന്ന കേലോ, വീട്ടുടമയുടെ മകൾ ഉർസു, ആർസിലയിലെ മഞ്ഞ വീടിനടുത്ത് മദ്യപാനവും ചൂതാട്ടവും നടക്കുന്ന തെരുവിലെ പതിനാറുകാരി റേച്ചൽ (സ്നേഹവും വാത്സല്യവും മൂത്ത് സ്വന്തം ചെവി മുറിച്ചുനൽകിയത് ഈ പെൺകുട്ടിക്കായിരുന്നു) ഇങ്ങനെ പലരും. പെൺസൗഹൃദങ്ങൾ പ്രകാശമാനമാകുന്നതിനപ്പുറം അവതരിപ്പിച്ച ചിത്രമാണ് Sorrow (1882). അദ്ദേഹം ശീലിച്ചുവന്ന കലയുടെ അതിരുകൾക്കുള്ളിൽനിന്ന് മാറി സ്വതന്ത്രമായ കലയുടെ രൂപപരിണാമം ഇവിടെ കാണാം. തെരുവിലിരിക്കുന്ന നഗ്നയായ സ്ത്രീരൂപത്തിന്റെ ദൈന്യതയും നിസ്സഹായതയും നിരാലംബതയും ആസ്വാദകമനസ്സിനെ നോവിച്ചുകൊണ്ടേയിരിക്കുന്നു. വെളിച്ചത്തിലുണ്ടാകുന്ന തിളക്കംപോലെ നിഴലിനും പ്രകാശംപരത്തുന്ന രചനാരീതി അദ്ദേഹത്തിന്റെ രചനകളിൽ സജീവമല്ലെങ്കിലും ഖനിത്തൊഴിലാളികളുടെ നിറമില്ലാത്ത ജീവിതാവസ്ഥകളിൽ വീഴുന്ന വെളിച്ചത്തിന്റെ വർണത്തേപ്പുകളെ വികാരതീവ്രമാക്കി അവതരിപ്പിച്ചു. ആർലസിലെ മഞ്ഞഗൃഹത്തിൽനിന്നുള്ള ഒഴിവാക്കപ്പെടലും പുലരുവോളം തുടരുന്ന കഫേകളിലെ മദ്യസേവയും അന്തിയുറക്കവുമൊക്കെ ചേർന്ന അരാജകജീവിതം ആഘോഷമാക്കിയ വിൻസന്റ് വാൻഗോഗ് കടുത്ത മാനസിക വിഭ്രാന്തിയിലേക്ക് എടുത്തെറിയപ്പെട്ടു. പീഡിതമനസ്സിലെ ഉന്മാദങ്ങളൊക്കെ ക്യാൻവാസിൽ നൃത്തമാടിക്കൊണ്ടിരിക്കെ തന്റെ 37–-ാം വയസ്സിൽ (1890 ജൂലൈ 27) ഒരു വെടിയൊച്ചയോടെ ജീവിതം അവസാനിപ്പിച്ചു, നെഞ്ചിൻകൂട്ടിൽ ശേഷിച്ചിരുന്ന മഞ്ഞയുടെയും പച്ചയുടെയും നീലയുടെയും കടുംവർണങ്ങൾ പുറത്തേക്ക് പൊട്ടിയൊലിപ്പിച്ചുകൊണ്ട്. prabhavamtvm@gmail.com

ദേശാഭിമാനി 7 Aug 2022 1:00 am

'കണ്ണാടികണ്ണുകള്‍'- പി.ടി. നരേന്ദ്രമേനോന്‍ എഴുതിയ കവിത

അടുക്കുംതോറുംഅതിരുകള്‍ കണ്‍മറയുന്നുഎന്നറിഞ്ഞപ്പോള്‍ഒരു അകലക്കാണി വാങ്ങിച്ചു.ആടിക്കിഴിവിനു പകരംചില കീഴ്ക്കാണികളും കിട്ടി

സമകാലിക മലയാളം 6 Aug 2022 3:31 pm

'ദൂരങ്ങള്‍'- സച്ചിദാനന്ദന്‍ എഴുതിയ കവിത 

എനിക്ക് വായനമുറിയില്‍ പോകാന്‍ഒരു കടല്‍ മുറിച്ചുകടക്കണംകിടപ്പുമുറിയിലേക്ക് ഒരു കാട്അതിഥിമുറിയിലേക്ക് ഒരു പര്‍വ്വതംതീന്‍മേശയിലേക്ക് മൂന്നു ഭൂഖണ്ഡങ്ങള്‍

സമകാലിക മലയാളം 6 Aug 2022 3:04 pm

ലഫ്റ്റനന്റ്‌ കെ സി ഏബ്രഹാമിന്റെ ജീവിതം; ഉമ്മൻ പി ഏബ്രഹാം രചിച്ച ചരിത്ര ഗ്രന്ഥം

നമ്മുടെ മാതൃരാജ്യം വീരോജിതവും ത്യാഗോജ്വലവുമായ നീണ്ട പോരാട്ടങ്ങൾക്കു ശേഷം സ്വതന്ത്രമായിട്ട് 75 വർഷങ്ങൾ പിന്നിടുകയാണ്. ബ്രിട്ടീഷ് കൊടിയും പടയും കടൽ കടന്നുവെങ്കിലും പുത്തൻ കൊളോണിയലിസത്തിന്റെ നൂറു നൂറു ചങ്ങലകൾ നമ്മുടെ മാതൃരാജ്യത്തെ വരിഞ്ഞു മുറുക്കുകയാണ്. മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും വീര രക്തസാക്ഷികളുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടുമില്ല. ഇതിന്റെയൊക്കെ ഉപോൽപ്പന്നമാകാം പുത്തൻ തലമുറയിലെ ബഹുഭൂരിപക്ഷവും ചരിത്ര വിഷയങ്ങളിൽ കാണിക്കുന്ന അലംഭാവവും ആശങ്കയുളവാക്കുന്നതാണ്. ആയതിനാൽ പുനർവിചിന്തിനത്തിന് വിധേയമാക്കേണ്ട വിഷയമാണ് നമ്മുടെ ചരിത്ര പഠനം . ഈ സാഹചര്യത്തിൽ നമ്മുടെ സ്വതന്ത്ര്യ സമര ത്തിൽ പങ്കെടുക്കുകയും ആ കാലഘട്ടത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും, എന്നാൽ വിസ്മൃതിയിലാണ്ടു പോകുകയും ചെയ്ത നിരവധി ദേശാഭിമാനികൾ കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഉണ്ട് . അവരുടെ ധീരോദാത്തമായ പ്രവർത്തനങ്ങൾ ഇന്നത്തെ തലമുറയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ഏതൊരു ശ്രമങ്ങളും ശ്ലാഘനീയമാണ്. വിദ്യാർത്ഥിയായിരിക്കെ, സി പി രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിൽ പ്രതിഷേധിച്ച് തിരുവതാംകൂറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് മുംബൈലെത്തി, സുബാഷ് ചന്ദ്രബോസിന്റെ നിർദ്ദേശാനുസരണം ഐഎൻഎയിൽ ചേരുകയും സിംഗപ്പുരിൽ ജയിൽവാസം അനുഭവിക്കുകയും ചെയ്ത ധീര ദേശാഭിമാനിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ലഫ്റ്റനന്റെ കെ സി ഏബ്രഹാം ഐഎൻഎയുടെ സമരഗാഥയാണ് സിഎസ്എസ്, തിരുവല്ല വിതരണ ചുമതല നിർവഹിക്കുന്ന ധീര ദേശാഭിമാനി ലെഫ്റ്റനന്റെ കെ സി ഏബ്രഹാം' എന്ന ചരിത്ര ഗ്രന്ഥം. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മാവേലിക്കരയും പ്രാന്തപ്രദേശങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. 1937 ജനുവരി 17 ന് തിരുവനന്തപുരവും വർക്കലയും സന്ദർശിച്ചതിനു ശേഷം വൈക്കത്തേക്കുള്ള സഞ്ചാര മദ്ധ്യേ മഹാത്മഗാന്ധി മാവേലിക്കര തട്ടാരമ്പലത്തിൽ എത്തിയതായി രേഖകളുണ്ട്. മഹാത്മഗാന്ധിയുടെ സന്ദർശനാനന്തരം ടി കെ മാധവൻ, ടി എം വർഗീസ്, കൊച്ചിക്കൽ ബാലകൃഷ്ണൻ തമ്പി , ശങ്കരനാരായണൻ തമ്പി , എൻ . അലക്സാണ്ടർ , സി.എം. സ്റ്റീഫൻ തുടങ്ങിയ പ്രമുഖരുടെ പേരുകളോടൊപ്പം എഴുതിച്ചേർക്കേണ്ട നാമമാണ് ലഫ്റ്റനന്റ കെ.സി. ഏബ്രഹാമിന്റേത്. ഇനിയും അറിയപ്പെടാത്ത എത്രയോ സ്വാതന്ത്ര്യ സമര സേനാനികൾ ലോകത്തിൽ നിന്നും മൺമറഞ്ഞു കാണും?സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎ.യിൽ പ്രവർത്തിച്ച കെ സി ഏബ്രഹാം ദേശീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര തോനക്കാട് പാലമൂട്ടിൽ പോളക്കുന്നിലാണ് ജനനം. സർ സി പി രാമസ്വാമി അയ്യരുടെ സേഛാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു കൊണ്ടാണ് കെ സി ഏബ്രഹാമിന്റെ സമരഗാഥ ആരംഭിക്കുന്നത്. തഴക്കര എംഎസ്എസിലായിരുന്നു മിഡിൽ സ്കൂൾ പഠനം. തുടർന്ന് മാവേലിക്കര ബിഎച്ച്എസിൽ ഹൈസ്കൂൾ പഠനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി ആർട്ട്സ് കോളജിൽ നിന്നും ബിരുദം. ബിരുദാനന്തരം മുംബൈയിലേക്ക് ചേക്കേറി ഉദ്യോഗാർത്ഥം. കാൾട്ടക്സ് ഓയിൽ കമ്പനിയിൽ മെച്ചപ്പെട്ട ജോലി. മുംബൈയിലായിരിക്കുമ്പോഴും ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ ദൗത്യത്തിലായിരുന്നു കെ സി ഏബ്രഹാമിന്റെ ശ്രദ്ധ. രാജ്യത്തിന്റെ സ്വാതന്ത്ര്യ വാഞ്ചയുമായി കെ സി ഏബ്രഹാം ഡെൽഹി വൈസ്രോയി കമ്മീഷൻ ഓഫിസിലെത്തി. തുടർന്ന് സിംഗപ്പൂരിലും. രണ്ടാം ലോക മഹായുദ്ധസമയത്ത് ബിട്ടീഷ് സേനയുടെ ഭാഗമായിരുന്ന ഏബ്രഹാം ജപ്പാൻ പട്ടാളക്കാരുടെ പിടിയിൽപെട്ടു. സിംഗപ്പൂരിൽ നരകയാതനയാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത്. ജയിൽ മോചിതനായ ഏബ്രഹാം 1943 ൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ ചേർന്നു. ഷാനവാസ് ഖാന്റെ റെജിമെന്റിലായിരുന്നു. അവിടെ നിന്നും കെ സി ഏബ്രഹാമിന് ലഫ്റ്റ്നന്റെ പദവി ലഭിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടു. 1945 ആഗസ്റ്റ് 15 ന് ജപ്പാൻ ആയുധം വെച്ചു കീഴടങ്ങി. ആഗസ്റ്റ് 16 ന് സിംഗപ്പൂരിലെ പ്രൊവിഷണൽ ഗവൺമെന്റിന്റെ ചുമതല മേജർ ജനറൽ കിയാനിയെ ഏൽപ്പിച്ചിട്ട് സുഭാഷ് ചന്ദ്രബോസ് ബാങ്കോക്കിലേക്ക് പോയി. അടുത്ത ദിവസം തായ് വാനിലേക്കും. വിമാനം പറന്നിറങ്ങുമ്പോൾ പ്രൊപ്പല്ലറിന് തീ പിടിച്ചിരുന്നതായി ലെഫ്റ്റനെന്റെ കെ.സി. ഏബ്രഹാം വെളിപ്പെടുത്തുന്നു. പൊള്ളലേറ്റ സുഭാഷിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഹബീബ് റഹ്മാനോട് ഇന്ത്യക്കു വേണ്ടി അവസാന നിമിഷം വരെ പോരാടി എന്ന് ഇന്ത്യൻ ജനതയോട് പറയണം. നേതാജി അഭ്യർത്ഥിച്ചു. ഹബീബ് റഹ്മാൻ രേഖപ്പെടുത്തിയിട്ടുള്ളതായി ധീരദേശാഭിനി സാക്ഷ്യപ്പെടുത്തുന്നു. 1945 ൽ കെ.സി. ഏബ്രഹാം പദവികളെല്ലാം ഉപേക്ഷിച്ച് ജന്മനാട്ടിലെത്തി. 1972 - 1975 കാലഘട്ടങ്ങളിൽ പല പ്രാവശ്യം ഞാൻ കെ സി ഏബഹാമിന്റെ തോനക്കാട് പോളക്കുന്നു ഭവനം സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ സജീവ് ഏബ്രഹാമും മകൾ ലൗലി സൂസനും തഴക്കര എംഎസ്എസ് ഹൈസ്കൂളിൽ സഹപാഠികളായിരുന്നു. കെ സി ഏബ്രഹാം എറണാകുളത്ത് ഉദ്യോഗസ്ഥനയാരുന്നു. ഭാര്യ ചിന്നമ്മ ഏബ്രഹാമിന്റെ സ്വീകരണം ഓർമ്മയിലുണ്ട്. 1980 മുതൽ പ്രവാസ ലോകത്ത് ഞാൻ എത്തിയതോടെ ഈ കുടുംബവുമായുള്ള സൗഹൃദം നഷ്ടപ്പെട്ടിരുന്നു. 2022 ജൂൺ മാസത്തിൽ യുഎസ്എയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ കെ സി ഏബ്രഹാമിന്റെ രണ്ടാമത്തെ മകൻ ഉമ്മൻ പി ഏബ്രഹാമിനെ (രാജൻ ) പരിചയപ്പെട്ടതോടുകൂടിയാണ് ധീരദേശാഭിമാനി ലഫ്റ്റനന്റെ കെ സി ഏബ്രഹാമിന്റെ മക്കളായിരുന്നു സജീവും ലൗലിയും എന്നത് തിരിച്ചറിയാൻ കഴിഞ്ഞത്. പിതാവിന്റെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിൽ ഒരു മാവേലിക്കരക്കാരൻ എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു. 1917 ഒക്ടോബർ 23ന് ജനിച്ച കെ സി ഏബ്രഹാം 1978 ഏപ്രിൽ 21 ന് ഈ ലോകത്തിൽ നിന്നും യാത്രയായി. തോനക്കാട് സെന്റെ ജോർജ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ അന്ത്യവിശ്രമം. ആറു മക്കൾ. അഞ്ച് ആണും ഒരു പെണ്ണും. എല്ലാവരും യുഎസ് എയിൽ! നമ്മുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാജി സുഭാഷ് ചന്ദ്രബോസിനോടെപ്പം ഐ .എൻ .എ . യിൽ കെ സി ഏബ്രഹാമിന്റെ സംഭാവനകൾ തിരിച്ചറിയുന്നതും അടയാളപ്പെടുത്തേണ്ടതും അംഗീകരിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്. ലഫ്റ്റനന്റെ കെ സി ഏബ്രഹാമിന്റെ ജീവിതവും ദർശനവും ദൗത്യവും വരുംതലമുറകൾക്കും അറിയാൻ സഹായകരമാണ് ഉമ്മൻ പി ഏബ്രഹാം രചിച്ച ധീരദേശാഭിമാനി ലഫ്റ്റനന്റെ കെ സി ഏബ്രഹാം എന്ന ചരിത്ര ഗ്രന്ഥം. ധീരദേശാഭിമാനി ലഫ്റ്റനന്റെ കെ സി ഏബ്രഹാമിന് സ്മരണാഞ്ജലി.

ദേശാഭിമാനി 6 Aug 2022 10:28 am

ഓർമയുടെ റൺവേയിൽ നടുക്കം മാറാതെ... കരിപ്പൂർ വിമാന ദുരന്തത്തിന്‌ 2 വർഷം

കരിപ്പൂർ >രണ്ടുവർഷംമുമ്പത്തെ വെള്ളിയാഴ്ചയിലെ സന്ധ്യ. കോരിച്ചൊരിയുന്ന മഴ. കരിപ്പൂരിന്റെ ആകാശത്ത് മേഘം ഇരുട്ടുമൂടിയിരുന്നു. പെട്ടെന്നാണ് ഘോരശബ്ദത്തോടെ വിമാനം റൺവേയും കടന്ന് താഴേക്ക് പതിക്കുന്നത്. പത്തൊമ്പത് യാത്രക്കാരുടെ മരണത്തിനിടയാക്കിയ കരിപ്പൂർ വിമാനദുരന്തത്തിന് ഞായറാഴ്ച രണ്ടുവർഷം പൂർത്തിയാകും. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ 2020 ആഗസ്ത് ഏഴിനാണ് എയർഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനം അപകടത്തിൽപ്പെട്ടത്. ഓപറേഷൻ ഏരിയക്ക് പുറത്ത് ഇടിച്ചുനിന്ന വിമാനം നെടുകെ പിളർന്നു. 184 യാത്രക്കാരാണുണ്ടായിരുന്നത്. 169 പേർക്ക് പരിക്കേറ്റു. നഷ്ടപരിഹാരം *കിട്ടാനുള്ളത് ഒരാൾക്ക് എയർ ഇന്ത്യക്ക് ഇൻഷൂറൻസ് തുകയായി 640 കോടി ലഭിച്ചു. മരിച്ചവരുടെ ആശ്രിതർക്ക് രണ്ടുകോടിമുതൽ ആറുകോടിവരെ എയർഇന്ത്യ നൽകി. പരിക്കേറ്റവർക്ക് 12 ലക്ഷംമുതൽ ഏഴുകോടിവരെ വിതരണംചെയ്തു. താനൂർ സ്വദേശിയായ യാത്രക്കാരനുമാത്രമാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. രേഖകൾ സമർപ്പിച്ചതിലെ സാങ്കേതിക തകരാറാണ് കാരണമെന്നും തുക ഉടൻ കൊടുക്കുമെന്നും എയർഇന്ത്യ അധികൃതർ പറഞ്ഞു. കാരണം അവ്യക്തം വിമാനം ഇറക്കിയത് റൺവേയുടെ ഏതാണ്ട് മധ്യഭാഗത്താണ്–-ടച്ച്ലൈനിൽനിന്നും 1000 മീറ്റർ കടന്ന്. പിന്നീട് റൺവേയിൽനിന്ന് തെന്നിനീങ്ങുകയായിരുന്നു. വൈമാനികന് അശ്രദ്ധ പറ്റിയെന്നായിരുന്നു ആദ്യ കണക്കുകൂട്ടൽ. അപകടത്തിന് കാരണം ടേബിൾ ടോപ്പ് ഭൂപ്രകൃതിയല്ലെന്നും കണ്ടെത്തി. ബ്ലാക്ക് ബോക്സും കോക്പിറ്റ് റെക്കോഡറുമടക്കം പരിശോധിച്ചെങ്കിലും യഥാർഥ കാരണം അവ്യക്തമാണ്. രക്ഷകർക്ക് ആദരം; *ആശുപത്രിക്ക് കെട്ടിടം കോവിഡ് മഹാമാരിയുടെ വിലക്കുണ്ടായിട്ടും രക്ഷകരായി നാട്ടുകാർ കുതിച്ചെത്തി. പുറത്തുള്ളവർക്ക് പ്രവേശനമില്ലാത്ത വിമാനത്താവള വളപ്പിനുള്ളിലെത്തി അവർ രക്ഷാദൗത്യമേറ്റെടുത്തു. ആംബുലൻസിനെ കാത്തുനിൽക്കാതെ സ്വന്തം വാഹനത്തിൽ പരിക്കേറ്റവരുമായി ആശുപത്രിയിയിലേക്ക് കുതിച്ചു. ത്യാഗപൂർവം പ്രവർത്തിച്ച സംസ്ഥാന പൊലീസും അഗ്നിരക്ഷാസേനയും രാജ്യത്തിന്റെ അഭിനന്ദനം ഏറ്റുവാങ്ങി. ഈ രക്ഷകരെ ചേർത്തുപിടിക്കുകയാണ് അന്നത്തെ യാത്രക്കാർ. വിമാനത്താവളത്തിനുസമീപം ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം ഒരുക്കിയാണ് അവർ രക്ഷകരെ ആദരിക്കുക. മലബാർ ഡെവലപ്മെന്റ് ഫോറം കരിപ്പൂർ വിമാനപകട ചാരിറ്റി ഫൗണ്ടേഷനാണ് കെട്ടിടം നിർമിക്കുക. ഇതിന്റെ ധാരണാപത്രം ഞായർ രാവിലെ 10ന് മന്ത്രി വി അബ്ദുറഹ്മാൻ ഡിഎംഒ ആർ രേണുകയ്ക്ക് കൈമാറും. വേണം, വിപുല സൗകര്യം വിമാനത്താവളം കൂടുതൽ സുരക്ഷിതമായി പ്രവർത്തിക്കാൻ റൺവേയുടെ നീളം13,000 അടിയായി വർധിപ്പിക്കണം. നിലവിൽ കുറഞ്ഞ സ്ഥലത്താണ് സുരക്ഷാ ക്രമീകരണം മുഴുവനായി ഒരുക്കുന്നത്. 9600 അടിയാണ് കരിപ്പൂരിലെ റൺവേയുടെ നീളം. ഇതിൽ 600 അടി കുറച്ച് 9000 അടിയാണ് ഉപയോഗിക്കുന്നത്. വിമാനത്താവള വികസനത്തിന് സ്ഥലം ഏറ്റെടുത്തുനൽകാൻ സംസ്ഥാന സർക്കാർ തയ്യാറാണ്. വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും വേണ്ടത്ര താൽപ്പര്യംകാണിക്കാത്തതാണ് വികസനത്തിന് തടസം.

ദേശാഭിമാനി 6 Aug 2022 1:17 am

ശാസ്‌ത്രം തോറ്റ ആഗസ്‌ത്‌ ദിനങ്ങൾ - ഡോ. സംഗീത ചേനംപുല്ലി

എത്ര ദശാബ്ദങ്ങൾ കഴിഞ്ഞാലും നടുക്കത്തോടെയല്ലാതെ ലോകത്തിന് ഓർക്കാൻ പറ്റാത്ത ചില ദിവസങ്ങളുണ്ട് ചരിത്രത്തിൽ. മനുഷ്യരുടെ അധികാരക്കൊതി പ്രതിക്കൂട്ടിൽ നിൽക്കുന്ന ചരിത്രസന്ദർഭങ്ങൾ. അത്തരം ദിവസങ്ങൾ ചരിത്രത്തിലേക്ക് ആഴത്തിലും വിമർശാത്മകമായും തിരിഞ്ഞു നോക്കേണ്ട സന്ദർഭങ്ങൾകൂടിയാണ്. ഹിരോഷിമ–- നാഗസാക്കി ദിനങ്ങൾ ഇതിൽ പ്രഥമ സ്ഥാനത്താണ്. അപ്രമാദിത്വം തെളിയിക്കാൻ, തങ്ങളുണ്ടാക്കിയ കൊലക്കോപ്പുകൾ എങ്ങനെ പ്രവർത്തിക്കും എന്നറിയാൻ പതിനായിരങ്ങളെ കൊന്നൊടുക്കിയ അധികാര ഭ്രാന്തിന്റെ വിസ്ഫോടനമായിരുന്നു 1945 ആഗസ്ത് ആറിന് ഹിരോഷിമയിലും മൂന്ന് ദിവസത്തിനുശേഷം ഒമ്പതിന് നാഗസാക്കിയിലും സംഭവിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനെ പരാജയപ്പെടുത്താനുള്ള എളുപ്പമാർഗമെന്ന നിലയിൽ അമേരിക്ക ജാപ്പനീസ് നഗരങ്ങൾക്കുമേൽ അണുബോംബുകൾ വർഷിച്ചു. മൂന്നര ലക്ഷത്തോളം പേരെ കൊന്നൊടുക്കുകയും അതിലും എത്രയോ ഇരട്ടി പേരുടെ ദുരിതജീവിതത്തിന് കാരണമാകുകയും ചെയ്തു ആ വിസ്ഫോടനങ്ങൾ. ആണവ വികിരണമേറ്റ് അർബുദവും മറ്റ് രോഗങ്ങളും ബാധിച്ച മനുഷ്യർ ജാപ്പനീസ് ഭാഷയിൽ ഹിബാക്കുഷ എന്നാണ് അറിയപ്പെട്ടത്. വെള്ളത്തിലും ഭക്ഷണത്തിലും മുലപ്പാലിൽവരെയും കലർന്ന അണുവികിരണങ്ങൾ അനന്തര തലമുറകളെപ്പോലും രോഗികളാക്കി. ശാസ്ത്രലോകത്തെ സുപ്രധാനമായ ഒരു കണ്ടെത്തൽ മനുഷ്യക്കുരുതിക്ക് ഉപയോഗിക്കപ്പെട്ട കഥയാണ് അണുബോംബിന്റേത്. ഗവേഷണത്തിൽ ഏർപ്പെടുന്നവർ അതുണ്ടാക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ് ഹിരോഷിമയും നാഗസാക്കിയും നൽകുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി ശാസ്ത്രലോകത്തെ ഒരുപാട് പുതിയ കണ്ടുപിടിത്തങ്ങൾക്ക് വിത്തുപാകി. അടിസ്ഥാന കണികയായ ആറ്റത്തിന്റെ ഘടനയുടെ ചുരുളഴിഞ്ഞത് ഇക്കാലത്താണ്. ദ്രവ്യവും ഊർജവും സമാനമാണെന്നും ഇവയെ തമ്മിൽ പരസ്പരം രൂപമാറ്റം വരുത്താനാകും എന്നുമുള്ള കണ്ടെത്തൽ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കി. അണുകേന്ദ്രത്തെ വിഭജിച്ച് ഊർജം ഉൽപ്പാദിപ്പിക്കാൻ കഴിയുമെന്നത് ശാസ്ത്രചരിത്രത്തിലെ നിർണായക കണ്ടെത്തലായിരുന്നു. ഓട്ടോഹാനും ഫ്രിസ് സ്ട്രാസ്മാനും ചേർന്ന് ന്യൂക്ലിയർ ഫിഷൻ കണ്ടെത്തുകയും ലിസ് മൈറ്റ്നറും ഓട്ടോ ഫ്രിഷും ചേർന്ന് സൈദ്ധാന്തികമായ വിശദീകരണം നൽകുകയും ചെയ്തു. ഊർജോൽപ്പാദനം എന്ന ക്രിയാത്മക ഉപയോഗത്തിനായി അണുശക്തി ഉപയോഗിച്ചു തുടങ്ങുംമുമ്പേ നശീകരണത്തിന് ഉപയോഗിക്കപ്പെട്ടു എന്നതാണ് ദുഃഖകരം. സ്വേച്ഛാധിപതിയായ ഹിറ്റ്ലർ അണുബോംബ് നിർമിക്കുമോയെന്ന ഭയത്താൽ ഐൻസ്റ്റീൻ ഉൾപ്പെടെയുള്ള മുതിർന്ന ശാസ്ത്രജ്ഞർപോലും അണുബോംബ് നിർമിക്കാനുള്ള പരീക്ഷണങ്ങൾ നടത്താൻ അമേരിക്കയെ പ്രേരിപ്പിച്ചു. റോബർട്ട് ഓപ്പൺഹൈമർ എന്ന കവികൂടിയായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ മാൻഹാട്ടൻ പ്രോജക്ട് എന്ന പരീക്ഷണ പദ്ധതിയിലൂടെ രണ്ടിനം ബോംബ് നിർമിക്കപ്പെട്ടു. സമ്പുഷ്ട യുറേനിയം ഉപയോഗിച്ച് താരതമ്യേന ലളിതമായി പ്രവർത്തിപ്പിക്കാവുന്ന ബോംബിന് ലിറ്റിൽ ബോയ് എന്നും പ്ലൂട്ടോണിയം ഇന്ധനമായുള്ളതിന് ഫാറ്റ്മാൻ എന്നും പേര് നൽകി. ഇവയാണ് യഥാക്രമം ഹിരോഷിമയിലും നാഗസാക്കിയിലും ഉപയോഗിക്കപ്പെട്ടത്. പ്രോജക്ട് കാലയളവിൽത്തന്നെ ഒന്നര വർഷത്തിനിടെ 62 മരണത്തിനും നാലായിരത്തോളം പേർക്ക് പരിക്കേൽക്കാനും ഇടയായി. തങ്ങൾ ചെയ്യുന്നത് എന്തെന്നുപോലും അറിയാതെയാണ് ആയിരക്കണക്കിന് ശാസ്ത്രജ്ഞരും തൊഴിലാളികളും വികിരണമേൽക്കാവുന്ന സാഹചര്യങ്ങളിൽ തൊഴിൽ ചെയ്തത്. പ്രോജക്ട് കേന്ദ്രത്തിലെ ലോൺട്രി ജോലിക്കാരി ഓരോ വസ്ത്രവും ബീപ് ശബ്ദമുണ്ടാക്കുന്ന ഒരുപകരണംകൊണ്ട് പരിശോധിച്ചിരുന്നതായി ഓർക്കുന്നു, ആണവ വികിരണം തിരിച്ചറിയാനുള്ള ഗീഗർ മുള്ളർ കൗണ്ടർ ആയിരുന്നു അത്. രണ്ടാം ലോകയുദ്ധകാലത്ത് ഫാസിസ്റ്റ് ചേരിയിൽ നിലയുറപ്പിച്ച ജപ്പാൻ സമാനതകളില്ലാത്ത ക്രൂരതകൾ യുദ്ധത്തടവുകാരോടും സാധാരണക്കാരോടും കാണിച്ചു. അതേസമയം, അമേരിക്ക ബോംബാക്രമണം നടത്തുന്ന സമയത്ത് ജർമനി കീഴടങ്ങുകയും ജപ്പാൻ പരാജയത്തിന്റെ വക്കിൽ എത്തുകയും ചെയ്തു. എന്നിട്ടും അണുബോംബുകൾ വർഷിക്കാൻ ഇടയാക്കിയത് സോവിയറ്റ് യൂണിയന് താക്കീത് നൽകാനും ലോകത്തിനുമുന്നിൽ അപ്രമാദിത്വം തെളിയിക്കാനുള്ള അമേരിക്കയുടെ ദുരയായിരുന്നു. മാത്രമല്ല, പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കാനുള്ള ത്വരയും ഒരു സ്ഫോടനത്തിന്റെ ഫലങ്ങൾ കണ്ട ശേഷവും അടുത്തത് നടത്താൻ പ്രേരണയായി. അധികാര പ്രമത്തതയുടെ രക്തസാക്ഷികളായതാകട്ടെ സാധാരണക്കാരും. ന്യൂക്ലിയർ ഫിഷനെ സൈദ്ധാന്തികമായി വിശദീകരിച്ച ലിസ് മൈറ്റ്നർ മാൻഹട്ടൻ പ്രോജക്ടിന്റെ ബ്രിട്ടീഷ് വിഭാഗത്തിൽ ചേരാനുള്ള ക്ഷണം നിരസിച്ചു. പ്രോജക്ടിന്റെ ഭാഗമായിരുന്ന ഭൗതിക ശാസ്ത്രജ്ഞൻ ജോസഫ് റോട്ബ്ലാറ്റ് പദ്ധതിയിൽനിന്ന് പിന്മാറുകയും ചെയ്തു. ഐൻസ്റ്റീനെപ്പോലെ മറ്റ് പല ശാസ്ത്രജ്ഞരും ആദ്യ ഘട്ടത്തിൽ നൽകിയ പിന്തുണയിൽ പിന്നീട് പശ്ചാത്തപിച്ചു. ഹിരോഷിമയും നാഗസാക്കിയും പിൽക്കാലത്ത് ലോകരാഷ്ട്രീയത്തിലും ശാസ്ത്രരംഗത്തുമെല്ലാം വലിയ സ്വാധീനം ചെലുത്തി. ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിനും ആണവായുധങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികൾക്കുമെല്ലാം കാരണമായി. ശാസ്ത്രം എങ്ങനെയാണ് സമൂഹത്തിൽ ഇടപെടേണ്ടതെന്നും എന്താണ് ശാസ്ത്രജ്ഞന്റെ ധർമം എന്നുമുള്ള ചോദ്യങ്ങൾ ഉയർന്നു. 1955ലെ റസൽ –ഐൻസ്റ്റീൻ മാനിഫെസ്റ്റോ അന്താരാഷ്ട്ര സമാധാനത്തിനായി ആഹ്വാനം ചെയ്തു. തുടർന്ന്, ലോകസമാധാനത്തിനായുള്ള ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ പഗ്വാഷ് കോൺഫറൻസ് ബർട്രൻഡ് റസലിന്റെയും ജോസഫ് റോട്ബ്ലാറ്റിന്റെയും നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു. 2017ൽ 120 ലേറെ രാജ്യങ്ങൾ ആണവായുധ നിർവ്യാപന കരാറിൽ ഒപ്പുവച്ചു. ജപ്പാൻ ഒപ്പുവച്ചിട്ടുമില്ല. ഹിരോഷിമ സൃഷ്ടിച്ച നടുക്കവും നിലവിളികളും ഇന്നും ഒടുങ്ങുന്നില്ല. ഹിബാക്കുഷകൾ ഇല്ലാത്ത ഭൂമിക്കായുള്ള ഓർമപ്പെടുത്തലാകണം ഹിരോഷിമ–-നാഗസാക്കി ദിനങ്ങൾ. (പട്ടാമ്പി ഗവ. കോളേജിൽ രസതന്ത്രം അസി. പ്രൊഫസറാണ് ലേഖിക)

ദേശാഭിമാനി 6 Aug 2022 1:00 am

ഭരണഘടനയും നവോത്ഥാനമൂല്യങ്ങളും സംരക്ഷിക്കുക

സമൂഹത്തെ ഇരുട്ടിന്റെ ഗർത്തങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകാൻ പ്രതിലോമകാരികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. അതിനായുള്ള ഗൂഢപ്രവർത്തനങ്ങൾ അടിത്തട്ടുവരെ വ്യാപകവുമായിട്ടുണ്ട്. അധികാരം എന്ന ഒറ്റ അജൻഡ ലാക്കാക്കി ചരിത്രത്തെയും സംസ്കാരത്തെയും പുരോഗതിയെയും അട്ടിമറിക്കാൻ പല മാർഗവും ആ ശക്തികൾ പയറ്റുകയുമാണ്. ജാതി‐ മത ഭിന്നിപ്പുകൾ ഇളക്കിവിടാനും ലിംഗസമത്വം തകിടംമറിക്കാനുമാണ് തുടർച്ചയായ ശ്രമം. വർഗീയ കലാപങ്ങൾക്ക് കോപ്പുകൂട്ടുന്നവരും വിരളമല്ല. ആർഎസ് എസ് ‐ എസ്ഡിപിഐ ആയുധപ്പോരും കൊലപാതകങ്ങളും കേരളത്തിന്റെ വടക്കേയറ്റത്തെയും ചോരയിൽ കുതിർത്തു. ഉത്തരവാദിത്വ ത്തോടെ പെരുമാറുന്നുവെന്ന് അവകാശപ്പെടാറുള്ള രാഷ്ട്രീയ നേതാക്കൾതന്നെ സങ്കുചിത താൽപ്പര്യങ്ങൾ ഇളക്കിവിടാൻ എല്ലാ തന്ത്രങ്ങളും പയറ്റുകയുമാണ്. സ്ത്രീവിരുദ്ധത സമർഥമായി കെട്ടിയേൽപ്പിക്കുന്നു. ചില മാധ്യമങ്ങളാകട്ടെ, കൊട്ടുംകുരവയുമായി പിന്നാലെയുണ്ട്. ഇത്തരം അപകടങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിരോധിച്ചാലേ ശാന്തവും സമാധാനപൂർണവുമായ സാമൂഹ്യജീവിതവും മനുഷ്യർ തമ്മിലുള്ള ഐക്യവും ഉറപ്പുവരുത്താനാകൂ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പു നൽകിയത്. നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തെ വീണ്ടെടുക്കാൻ ഒറ്റക്കെട്ടായി അണിചേരണമെന്ന ആഹ്വാനവുമായി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം 2018 ഡിസംബർ ഒന്നിന് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയുണ്ടായി. അതിന്റെ തുടർച്ചയും ഇടപെടലുകളും വീണ്ടും അനിവാര്യമായിരിക്കുകയാണ്. നിയമം ഉറപ്പുനൽകുന്ന സ്ത്രീ-–-പുരുഷ സമത്വം നിഷേധിക്കാനുള്ള ജാതി‐മത‐ വർഗീയ കൗശലങ്ങളാണ് ഇപ്പോൾ കാണാനാകുന്നത്. നാടിനെ പുറകോട്ടു നയിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ബഹുജനപ്രസ്ഥാനം ഉയർന്നുവരണം. ഭരണഘടനാ സംരക്ഷണമാണ് നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ കേന്ദ്രമുദ്രാവാക്യം. എല്ലാത്തരം വർഗീയതയുടെ പിന്നിലും ഏച്ചുകെട്ടി ഭിന്നിപ്പിക്കൽ ശ്രമം നടക്കുന്നു. വർഗീയമായ കണ്ണോടെ അടിമുടി പിന്തിരിപ്പനായ അഭിപ്രായപ്രകടനങ്ങൾ മുറുകെ പിടിക്കുകയും അതു മുൻനിർത്തിയുള്ള പ്രചാരണം അതിരുവിടുന്നുമുണ്ട്. അത് അപകടകരവും ദൂരവ്യാപക പ്രത്യാഘാതം തീർക്കുന്നതുമാണ്. സമൂഹത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പലവിധത്തിലാണ് ചങ്ങലയാകുന്നത്. അന്ധവിശ്വാസവും സ്ത്രീധനവും ഗാർഹികപീഡനവും അവരെ നിസ്സഹായരാക്കുന്നു. കുട്ടികളെ വഴിതെറ്റിക്കുന്ന ക്രൂരതകളും പലതാണ്. അത്തരം മനോഭാവങ്ങളെ ചെറുക്കാൻ പാഠപുസ്തക നവീകരണത്തിനും തീരുമാനമായിട്ടുണ്ട്. അസമത്വങ്ങൾക്കും വേർതിരിവുകൾക്കുമെതിരെ വ്യക്തമായ നിലപാടുള്ള ഇന്ത്യൻ ഭരണഘടനയ്ക്കെതിരെ രാജ്യത്ത് വളരെ ആസൂത്രിതമായ നീക്കം നടക്കുന്നു; പ്രത്യേകിച്ച് ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണാനുകൂല സംഘടനകളുടെ ഭാഗത്തുനിന്ന്. അത് പൗരാവകാശവും സ്വാതന്ത്ര്യവും പോരാട്ടവീറും പ്രതിഷേധവും ഹനിക്കാനാണെന്ന് വ്യക്തം. എല്ലാ വിഷയത്തെയും ശാസ്ത്രീയതയുടെയും യുക്തിയുടെയും മാനവികതയുടെയും മാനദണ്ഡത്തിൽ അഭിമുഖീകരിക്കാൻ സാധിക്കുന്ന സാഹചര്യം നിലനിൽക്കണം. എങ്കിലേ, ശിഥിലീകരണ‐ വിഭജന ശ്രമങ്ങൾക്ക് തടയിടാനാകൂ. അതിന്റെ അനുബന്ധമായി നവോത്ഥാനമൂല്യ സംരക്ഷണസമിതി രജിസ്റ്റേർഡ് സംഘടനയാക്കി പ്രവർത്തിക്കാനും തീരുമാനമായി. അംഗങ്ങൾക്ക് കൈമാറിയ കരട് നിയമാവലി മുൻനിർത്തിയുള്ള അഭിപ്രായങ്ങൾ പരിശോധിക്കാനും ക്രോഡീകരിക്കാനും സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായും മുൻ രാജ്യസഭാംഗം കെ സോമപ്രസാദ് കൺവീനറായും സബ് കമ്മിറ്റിയും രൂപീകരിച്ചു. നിർദേശങ്ങൾ നൽകാവുന്ന അവസാന ദിവസമായ 15ന് യോഗം ചേർന്ന് തുടർനടപടി കൈക്കൊള്ളും. രാജ്യ സ്വാതന്ത്ര്യത്തിന്റെ ഏഴര ദശാബ്ദം അതിവിപുലമായി ആഘോഷിക്കാനും യോഗം തീരുമാനിച്ചു. അതിന്റെ ഭാഗമായി 13, 14, 15 തീയതികളിൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ ആഹ്വാനം നൽകിയിട്ടുമുണ്ട്. നവോത്ഥാനത്തെയും ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാനുള്ള ആഹ്വാനം ജനാധിപത്യവാദികൾ ഏറ്റെടുക്കുമെന്നുറപ്പ്.

ദേശാഭിമാനി 6 Aug 2022 1:00 am

സ്വകാര്യവൽക്കരണം തപാൽമേഖലയിലും

പൊതു ഉടമസ്ഥതയിൽ നിലനിൽക്കുന്നതും പൊതുജനങ്ങൾക്ക് ഉപയുക്തമായതുമായ സ്ഥാപനങ്ങളെയും സേവനങ്ങളെയും ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുകയാണ് കേന്ദ്രസർക്കാർ. സർക്കാർ–-പൊതുമേഖലാ സ്ഥാപനങ്ങളെ അന്യാധീനപ്പെടുത്താൻ ബഹുവിധങ്ങളിലുള്ള ആസൂത്രണങ്ങളും പ്രവർത്തനപദ്ധതികളും ചമയ്ക്കുക എന്നതുമാത്രമായി കേന്ദ്രത്തിന്റെ സാമ്പത്തികപ്രവർത്തനം ചുരുങ്ങി. ബാങ്കിങ്, -ഇൻഷുറൻസ് മേഖലകളോടൊപ്പം സ്വകാര്യവൽക്കരിക്കാൻ പുതുതായി ലക്ഷ്യമിട്ടിരിക്കുന്നത് ഭാരതീയതപാൽ വകുപ്പിനെയാണ്. ഏറെക്കാലമായി ഒളിഞ്ഞും തെളിഞ്ഞും തപാൽ വകുപ്പിനെ സ്വകാര്യവൽക്കരണത്തിന് സജ്ജമാക്കി വരികയായിരുന്നു. എന്നാൽ, നിലവിൽ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന ഡാക് മിത്ര' എന്ന പേരിലെ ഫ്രാഞ്ചൈസി സർവീസ് പദ്ധതിയും അനുബന്ധനീക്കങ്ങളും വകുപ്പിന്റെ സമ്പൂർണ സ്വകാര്യവൽക്കരണമാണ് കേന്ദ്ര ലക്ഷ്യമെന്ന് പ്രത്യക്ഷത്തിൽത്തന്നെ വെളിവാക്കുന്നതാണ്. തപാലുരുപ്പടികളുടെ സംഭരണത്തിനും വിതരണത്തിനും പുറമേ ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങി വകുപ്പിന്റെ സേവനങ്ങളുടെ പ്രത്യക്ഷഗുണഭോക്താക്കൾ സാധാരണക്കാരാണ്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ബഹുവിധങ്ങളായ സമ്പാദ്യമാണ് തപാൽ വകുപ്പിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഈ സ്വത്തിനെ വിഭജിക്കാനും വിറ്റുതുലയ്ക്കാനുമുള്ള ഏത് നീക്കവും കോടിക്കണക്കിനു ജനങ്ങളുടെ അടിസ്ഥാന സമ്പാദ്യത്തെയും ജീവിതോപാധികളെയും ബാധിക്കും. രണ്ടര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മെയിൽ സർവീസാണ് കമ്പിത്തപാൽ വകുപ്പായി മാറിയത്. ടെലികോം വകുപ്പിനെ ഇതിൽ നിന്നടർത്തിമാറ്റി കമ്പനിവൽക്കരിച്ചു. തുടർന്ന് രൂപീകരിക്കപ്പെട്ട ബിഎസ്എൻഎൽ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ തപാൽവകുപ്പ് നാളെ നേരിടാവുന്ന ദുര്യോഗത്തിന്റെ നിദർശനമാണ്. കഴിഞ്ഞ ഒക്ടോബറിൽ പുറത്തിറക്കിയ ‘ഡാക് മിത്ര' പദ്ധതിയുടെ മാർഗനിർദേശങ്ങളിലാണ് തപാൽ സേവനങ്ങളാകെ സ്വകാര്യ ഏജൻസികൾക്ക് നൽകുന്ന നീക്കം മറനീക്കിയത്. സ്വകാര്യ ഏജൻസികൾക്ക് പോസ്റ്റൽ സർവീസുകളുടെ ഫ്രാഞ്ചൈസികൾ സമാന്തരമായി ആരംഭിക്കാനും ബാങ്കിങ്, ഇൻഷുറൻസ് പ്രവർത്തനങ്ങൾ നടത്താനും ഇത് അനുമതി നൽകുന്നു. അതീവ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഉത്തരവാദിത്വപൂർവം പ്രവർത്തിക്കേണ്ട മേഖലകളാണിതെന്ന് പറയേണ്ടതില്ലല്ലോ. ഇവയാണ് ഒരു മാനദണ്ഡവുമില്ലാതെ സ്വകാര്യവ്യക്തികൾക്ക് തുറന്നു കൊടുക്കുന്നത്. വിവിധങ്ങളായ പദ്ധതികളുടെയും സേവനങ്ങളുടെയും സമന്വയമാണ് തപാൽവകുപ്പിലൂടെ നടപ്പാക്കപ്പെടുന്നത്. ആസൂത്രിതവും ബഹുമുഖവുമായ നീക്കങ്ങളിലൂടെ മാത്രമേ സമ്പൂർണ സ്വകാര്യവൽക്കരണം സാധ്യമാക്കാൻ കഴിയൂ. 2014ൽ അധികാരമേറ്റയുടൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഗവൺമെന്റ് തപാൽമേഖലയുടെ പരിഷ്കരണത്തിനെന്ന പേരിൽ കമ്മിറ്റിക്ക് രൂപം നൽകി. ടി എസ് ആർ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ടിൽ സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് വകുപ്പിനെ വിഭജിച്ച് വിൽക്കാനുള്ള രൂപരേഖയും സമർപ്പിച്ചു. തപാൽവകുപ്പ് ചെയ്തുപോരുന്ന സേവനങ്ങളായ ബാങ്കിങ്, ഇൻഷുറൻസ്, പാഴ്സൽ, പാക്കറ്റിങ് സർവീസുകൾ, സർക്കാർ സേവനങ്ങൾ, സ്വകാര്യ സർവീസുകൾ, മറ്റു സേവനങ്ങൾ എന്നിവയെ ആറാക്കി വിഭജിക്കാനും ആദ്യത്തെ അഞ്ച് യൂണിറ്റിനെ കമ്പനികളാക്കി മാറ്റാനുമായിരുന്നു റിപ്പോർട്ടിലെ നിർദേശം. അപകടം തിരിച്ചറിഞ്ഞ് ജീവനക്കാരുടെ സംഘടനകളും പൊതുജനങ്ങളും നടത്തിയ ശക്തമായ പ്രക്ഷോഭത്തിന്റെ ഫലമായി സർക്കാരിന് പിന്തിരിയേണ്ടിവന്നു. രാജ്യത്തെ മറ്റു ബാങ്കുകളുടെ ആകെ ശാഖകളുടെ ഇരട്ടിയോളം വരും ഒന്നര ലക്ഷത്തോളം തപാൽ ഓഫീസുകൾ. 40 കോടിയോളം അക്കൗണ്ടിലൂടെ ദേശീയസമ്പാദ്യ പദ്ധതിയിൽ മിച്ചനിക്ഷേപമായി സമാഹരിക്കപ്പെട്ടിരിക്കുന്നത് ഏകദേശം പത്ത് ലക്ഷം കോടി രൂപയാണ്. ശക്തമായ ഈ സംവിധാനം നിൽക്കുമ്പോൾത്തന്നെയാണ് തപാൽവകുപ്പിന് സ്വന്തമായി ഒരു ബാങ്ക് ആവശ്യമാണെന്ന ന്യായത്തിൽ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്ന സംവിധാനം 2018ൽ ആരംഭിച്ചത്. എന്നാൽ, ഇതാകട്ടെ ഒരു സ്വയം നിയന്ത്രിത സംവിധാനമായ വകുപ്പിന്റെ ജീവനക്കാരെയും ആഭ്യന്തര സൗകര്യങ്ങളും ഉപയോഗിച്ച് നിക്ഷേപങ്ങൾ അതിനു കീഴിലേക്ക് മാറ്റുകയാണ്. ഈ സംവിധാനത്തെ തപാൽ വകുപ്പിനു കീഴിലാക്കണമെന്ന ആവശ്യത്തെ നിരാകരിക്കുകയും അതിനുപകരം തപാൽ ബാങ്കിങ് സേവനത്തെയാകെ വിഴുങ്ങാനുള്ള സൗകര്യമൊരുക്കുകയുമാണ് ചെയ്യുന്നത്. ഇതുതന്നെയാണ് ഇൻഷുറൻസ് പദ്ധതികളായ പിഎൽഐ, ആർപിഎൽഐ എന്നിവയിലും ചെയ്യാനുദ്ദേശിക്കുന്നത്. മെയിൽ സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള പദ്ധതികളും ഓരോന്നായി നടപ്പിൽ വരുത്തുകയാണ്. മികച്ച നിലയിൽ പ്രവർത്തിക്കുന്ന സ്പീഡ് പോസ്റ്റ് പാഴ്സൽ സംവിധാനങ്ങളെയും വേർപെടുത്തി പ്രത്യേകം കമ്പനിയാക്കാനും പദ്ധതിയുണ്ട്. തപാൽ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായകമായി വർത്തിച്ച റെയിൽവേ മെയിൽ സർവീസ് ഇല്ലാതാക്കുകയാണ്. കേരളത്തിൽ 13 ആർഎംഎസ് യൂണിറ്റാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. നൂറുകണക്കിന് തസ്തികയാണ് ഇല്ലാതാകുക.ഏറ്റവും ദുഷ്കരമായ തൊഴിൽ സാഹചര്യങ്ങളിലൂടെയാണ് വകുപ്പിലെ ജീവനക്കാർ കടന്നുപോകുന്നത്. ഗ്രാമീൺ ഡാക് സേവക് ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കാനോ അർഹമായ മാന്യമായ വേതനം നൽകാനോ തയ്യാറായിട്ടില്ല. സ്വകാര്യവൽക്കരണ നീക്കംവഴി തപാൽമേഖലയുടെ നട്ടെല്ലൊടിച്ചാൽ അന്യാധീനപ്പെടുന്നത് സാധാരണക്കാരന്റെ സഞ്ചിതസമ്പാദ്യമാണ്. അത് കോർപറേറ്റുകൾക്ക് ചൂതാട്ടത്തിനായി തുറന്നു കൊടുക്കാനുള്ള നീക്കം ബഹുജന പ്രക്ഷോഭങ്ങളിലൂടെ ചെറുക്കപ്പെടണം. അതിശക്തമായ പ്രക്ഷോഭ പരിപാടികൾക്കാണ് ദേശീയതലത്തിൽത്തന്നെ സംയുക്ത സമരസമിതി തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 10ന് നടക്കുന്ന സൂചനാ പണിമുടക്കിൽ രാജ്യത്തെ മുഴുവൻ തപാൽ ആർഎംഎസ് ഓഫീസുകളും സ്തംഭിക്കും. തപാൽമേഖലയെ സംരക്ഷിക്കുന്നതിനായി നടത്തുന്ന പണിമുടക്കിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും എല്ലാ തൊഴിലാളി സംഘടനകളുടെയും പൊതുജനങ്ങളുടെയും പിന്തുണവും സഹായവും ഉണ്ടാകണം. (എൻഎഫ്പിഇ സംസ്ഥാന കമ്മിറ്റി ചെയർമാനാണ് ലേഖകൻ)

ദേശാഭിമാനി 6 Aug 2022 1:00 am

ബിർസ മുണ്ഡ ; ഗോത്ര പ്രതിരോധത്തിന്റെ പെരുമ

ബിർസ മുണ്ഡയുടെ 
പോരാട്ടമാണ് 
ആദിവാസികളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്ന 
നിയമനിർമാണത്തിന് 
വഴിതെളിച്ചത് ബ്രിട്ടീഷുകാരുടെ അധികാരവാഴ്ചയ്ക്കെതിരെ ഗോത്രവിഭാഗങ്ങൾ നടത്തിയ ഏറ്റവും ശക്തമായ സമരങ്ങളിലൊന്നാണ് മുണ്ഡ പ്രക്ഷോഭം. തങ്ങളുടെ ജീവിതം ദുസ്സഹമാക്കിയ ബ്രിട്ടീഷ് കടന്നുകയറ്റത്തിനെതിരെ ആയുധമെടുക്കാൻ ഇന്നത്തെ ജാർഖണ്ഡ് ഉൾപ്പെടുന്ന അന്നത്തെ ബംഗാൾ പ്രവിശ്യയിലെ ആദിവാസി ജനതയായ മുണ്ഡവിഭാഗം തീരുമാനിച്ചു. ഇവരുടെ നായകനായിരുന്നു ബിർസ മുണ്ഡ. മുണ്ഡ, ഒറോൺ ഗോത്രവിഭാഗങ്ങളെ അണിനിരത്തി ഗറില്ലാ യുദ്ധരീതി പിൻപറ്റിയായിരുന്നു പോരാട്ടം. ആദിവാസിമേഖലയിൽ നടപ്പാക്കിയ ഫ്യൂഡൽ ജമീന്ദാരി സമ്പ്രദായമടക്കമുള്ളവ ആദിവാസികളുടെ ജീവിതം തകർക്കുന്നവയായിരുന്നു. കുടിയേറ്റക്കാരും സെമീന്ദാർമാരും പണമിടപാടുകാരും മിഷണറിമാരും ബ്രിട്ടീഷുകാർക്കു പിന്നിൽ അണിനിരന്നു. വനവിഭവങ്ങളും അവിടങ്ങളിലെ ഖനിജങ്ങളുമായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യം. മതപരിവർത്തനത്തിനായാണ് മിഷണറിമാർ എത്തിയത്. ജാർഖണ്ഡിലെ ഗോത്രവിഭാഗക്കാരെ മതംമാറ്റത്തിന് പ്രേരിപ്പിച്ചു. ചെറുപ്രായത്തിൽ ബിർസ മുണ്ഡയും ക്രിസ്തുമതം സ്വീകരിച്ചു. എന്നാൽ, മതംമാറ്റം ആദിവാസികളുടെ സ്വത്വവും പൈതൃകവും നശിപ്പിക്കുമെന്ന തിരിച്ചറിവിൽ ബിർസ മുണ്ഡ ക്രിസ്തുമതം ഉപേക്ഷിച്ചു. മുണ്ഡ വിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതിയും വിശ്വാസപ്രമാണങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു. 1886-–-1890ൽ ജാർഖണ്ഡിലെ ചൈബാസ കേന്ദ്രീകരിച്ച് ആദിവാസികൾക്കുനേരെയുള്ള നീക്കങ്ങളെ പ്രതിരോധിച്ചു. ഒപ്പം ഗോത്രവിഭാഗങ്ങളുടെ ആഭ്യന്തര നവീകരണത്തിനും തുടക്കമിട്ടു. ‘ബ്രിട്ടീഷ് രാജ്ഞിയുടെ സാമ്രാജ്യം തകരട്ടെ, നമ്മുടെ സാമ്രാജ്യം ഉയരട്ടെ' എന്ന ബിർസ മുണ്ടയുടെ ആഹ്വാനം മേഖലയാകെ അലയടിച്ചു. ഉൽഗുലാൻ എന്ന പേരിൽ അറിയപ്പെട്ട ബിർസയുടെ പോരാട്ടം കരുത്താർജിച്ചു. അമ്പും വില്ലും ഉപയോഗിച്ചായിരുന്നു പോരാട്ടം. ബ്രിട്ടീഷുകാരെ വിറളിപിടിപ്പിച്ച പോരാട്ടം നയിച്ച ബിർസ 25–-ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ചു. 1900 മാർച്ച് മൂന്നി-ന് അറസ്റ്റിലായി. തുടർന്ന് റാഞ്ചി ജയിലിലടച്ചു. ജൂൺ ഒമ്പതി-ന് ജയിലിൽ മരിച്ചു. മുണ്ഡയുടെ മരണശേഷം പ്രക്ഷോഭത്തിന്റെ കരുത്ത് കുറഞ്ഞു. സമരത്തെ ബ്രിട്ടീഷുകാർ അടിച്ചമർത്തി. ബിർസ മുണ്ഡയുടെ പോരാട്ടം വെറുതയായില്ലെന്ന് കാലം തെളിയിച്ചു. ആദിവാസികളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്ന നിയമനിർമാണം പിന്നീട് നടന്നു. 1908ൽ നിലവിൽ വന്ന ഛോട്ടാനാഗ്പുർ കുടിയാൻ നിയമമായിരുന്നു പ്രധാനം. ഇതു പ്രകാരം ആദിവാസികളുടെ ഭൂമി ആദിവാസികളല്ലാത്തവർക്ക് കൈമാറ്റം ചെയ്യാനാകില്ല. അതിനു പിന്നാലെ ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നാഴികക്കല്ലുകളായി തീർന്ന നിരവധി നിയമനിർമാണങ്ങളും ഉണ്ടായി. ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അദ്ദേഹത്തിന്റെ ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ ആദരിക്കപ്പെട്ട ഒരേയൊരു ആദിവാസി നേതാവും ബിർസയാണ്. ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്ത ആരണ്യേ അധികാർ’ എന്ന നോവലിലെ കേന്ദ്ര കഥാപാത്രവും ബിർസ മുണ്ഡയാണ്. അതേസമയം, ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച് ആദിവാസികൾക്കുവേണ്ടി ബിർസ മുണ്ഡ നേടിയെടുത്ത അവകാശങ്ങൾ സ്വാതന്ത്ര്യത്തിന്റെ 75–-ാം വർഷികവേളയിൽ വൻകിട കോർപറേറ്റുകൾക്ക് തീറെഴുതുകയാണ് കേന്ദ്ര സർക്കാർ.

ദേശാഭിമാനി 6 Aug 2022 1:00 am

പൊരുതിനേടിയ അക്ഷരങ്ങളാൽ തീർത്ത പ്രതിരോധം

തലശേരി വിദ്യാഭ്യാസത്തിനായി മാളിയേക്കൽ മറിയുമ്മയോളം ത്യാഗം സഹിച്ചവർ ഏറെയുണ്ടാകില്ല. പൊരുതിനേടിയ അക്ഷരങ്ങളിൽ ജീവിതാന്ത്യംവരെ ആഹ്ലാദം കണ്ടെത്തി. വടക്കേമലബാറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്ലിം പെൺകുട്ടികളുടെ ആദ്യതലമുറയിലെ കണ്ണിയാണ് ചരിത്രമായത്. തലശേരി സേക്രഡ് ഹാർട്ട് കോൺവെന്റ് സ്കൂളിൽ 1938- കാലത്തെ ഏക മുസ്ലിം പെൺകുട്ടിയായിരുന്നു. സ്കൂളിലേക്കുള്ള യാത്രക്കിടെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവും കണ്ടും കേട്ടും കണ്ണീരൊഴുക്കിയതായിരുന്നു ബാല്യം. അതേക്കുറിച്ച് പറയുമ്പോൾ വാക്കുകളിൽ നോവ് നിറയും. ബുർഖയും ധരിച്ച് റിക്ഷയിലാണ് സ്കൂളിൽ പോവുക. ഒ വി റോഡിലെത്തിയാൽ പ്രമാണിമാർ കാർക്കിച്ച് തുപ്പും. ഉപ്പയും ഉമ്മയുമാണ് പഠിക്കാൻ പ്രോത്സാഹിപ്പിച്ചത്. വിവാഹശേഷം ഭർത്താവിന്റെ പിന്തുണയുമുണ്ടായി. ‘ഹിന്ദു’ പത്രം വായിച്ചും സന്ദർശകരോട് ഇംഗ്ലീഷിൽ സംസാരിച്ചുമാണ് യാഥാസ്ഥിതികരോട് മറിയുമ്മ കണക്കുതീർത്തത്. വിവാഹശേഷം ഉമ്മാമ്മ സ്ഥാപിച്ച മഹിളാസമാജം പ്രവർത്തനത്തിൽ മുഴുകി. സ്ത്രീധനമടക്കമുള്ള അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു. സ്ത്രീകൾക്കുവേണ്ടി തയ്യൽ, സാക്ഷരതാ ക്ലാസും നടത്തി. പുതുതലമുറയിലെ പെൺകുട്ടികളോട് എന്നും പറഞ്ഞത് ‘പഠിച്ച് ജോലി നേടുക, എന്നിട്ടാകാം വിവാഹം’ എന്നായിരുന്നു. ‘‘ പുലർച്ചെ രണ്ടിന് എഴുന്നേൽക്കും. നിസ്കാരത്തിനുശേഷം ഖുർആൻ പാരായണം, രാവിലെ ഏഴിന് ബിസ്കറ്റും ചായയും. അപ്പോഴേക്കും‘ഹിന്ദു’ പത്രം വരും. പിന്നെ വിശദ വായന. ഒമ്പതിന് ബ്രേക്ക്ഫാസ്റ്റ്, ഉച്ചക്ക് ഒന്നിന് ഒരുപിടി ചോറ്’’ –- -ഇതാണ് ആരോഗ്യരഹസ്യമെന്നായിരുന്നു മറിയുമ്മ പറയാറ്. ചരിത്രം സൃഷ്ടിച്ച 
മാനാഞ്ചിറ പ്രസംഗം കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റി സമ്മേളനത്തിൽ മറിയുമ്മ ഇംഗ്ലീഷിൽ നടത്തിയ പ്രസംഗം ചരിത്രമാണ്. ഷേക്ക് അബ്ദുള്ളയുടെ സാന്നിധ്യത്തിലുള്ള പ്രസംഗം തീരുംവരെ കൈയടിയായിരുന്നു. മുസ്ലിം പെൺകുട്ടിയുടെ ഇംഗ്ലീഷ് പ്രസംഗം മൈതാനം ശരിക്കും ആഘോഷിച്ചു. അത്രയും ഉജ്വലമായിരുന്നു വാക്കുകൾ. എംഇഎസ് യോഗത്തിന് പോയപ്പോൾ മുസ്ലിംലീഗുകാരുടെ ആക്രമണത്തിനിരയായതും മറ്റൊരനുഭവം.

ദേശാഭിമാനി 6 Aug 2022 12:34 am

ചെല്ലാനം ചൊല്ലണ്‌ ടെട്രാപോഡ് സൂപ്പറെന്ന്‌

കൊച്ചി കാറ്റും കോളും കാണുമ്പോഴെ തെക്കേ ചെല്ലാനത്തുകാരുടെ ഉള്ളിൽ തീയായിരുന്നു. കലിതുള്ളിയടുക്കുന്ന കടൽ ഏത് നിമിഷവും കിടപ്പാടം കൊണ്ടുപോകുമെന്ന ഭീതി. എന്നാലിപ്പോൾ മഴ കടുത്തിട്ടും ഇവർക്ക് ആശങ്കയൊഴിഞ്ഞ കാലവർഷമാണ്. ടെട്രാപോഡ് ഉപയോഗിച്ച് കടൽഭിത്തി നിർമിച്ച പുത്തൻതോടുമുതൽ ചെല്ലാനം ഹാർബർവരെ ഒരിടത്തും തീരം കടൽ കവർന്നില്ല. ജൂണിന്റെ തുടക്കത്തിൽ കടൽ പ്രക്ഷുബ്ധമായപ്പോഴും ഇവിടെ സുരക്ഷിതമായിരുന്നു. ചെല്ലാനം ഹാർബർമുതൽ പുത്തൻതോടുവരെ 344 കോടിയുടെ കടൽഭിത്തി നിർമാണമാണ് പുരോഗമിക്കുന്നത്. അടുത്തഘട്ടത്തിൽ കണ്ണമാലി ഭാഗത്തുകൂടി സ്ഥാപിക്കുന്നതോടെ ചെല്ലാനം പൂർണമായും സുരക്ഷിതമാക്കും. സമുദ്രനിരപ്പിൽനിന്ന് 6.10 മീറ്റർ ഉയരത്തിലാണ് കടൽഭിത്തി കെട്ടുന്നത്. ഇതിനുമുകളിൽ മൂന്നുമീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. രണ്ടരമീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിനുമുകളിലാണ് കോൺക്രീറ്റുകൊണ്ടുനിർമിച്ച ടെട്രാപോഡ് സ്ഥാപിക്കുക. രണ്ടുമുതൽ അഞ്ചുടൺവരെ ഭാരമുണ്ടാകും ഇവയ്ക്ക്. 20,235 എണ്ണം നിർമിച്ചു. കടൽഭിത്തിക്കായി 3,50,323 മെട്രിക് ടൺ കല്ലും ഉപയോഗിച്ചു. ചെല്ലാനം ബസാറിൽ ആറ് പുലിമുട്ട് ശൃംഖലയും ഒരുക്കും. 2023 ഏപ്രിലിനുമുമ്പ് 7.32 കിലോമീറ്റർ പൂർത്തിയാക്കും. ചെന്നൈ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് തയ്യാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ സഹകരണസ്ഥാപനമായ ഊരാളുങ്കലിനാണ് ചുമതല. രണ്ടാം ഘട്ടംകൂടി കഴിയുന്നതോടെ 10 കിലോമീറ്റർ ദൂരത്ത് സംരക്ഷണമൊരുങ്ങുന്നു. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ഉടനെയാണ് ചെല്ലാനം തീരസംരക്ഷണത്തിനുള്ള ശാസ്ത്രീയപദ്ധതിക്ക് തുടക്കമിട്ടത്. 2021 ജൂണിലെ കടലാക്രമണസമയത്ത് ചെല്ലാനം സന്ദർശിച്ച മന്ത്രിമാരായ പി രാജീവും സജി ചെറിയാനും റോഷി അഗസ്റ്റിനും പദ്ധതിക്ക് രൂപംനൽകാൻ തുടർനടപടികൾ സ്വീകരിച്ചു.

ദേശാഭിമാനി 6 Aug 2022 12:18 am

ഈ മാറ്റം ആഗ്രഹിച്ചത്‌, കഷ്‌ടപ്പെടുന്നതിന്റെ ഫലം ലഭിച്ചുകൊണ്ടിരിക്കുന്നു; കുഞ്ചാക്കോ ബോബനുമായി അഭിമുഖം

ചോ ക്ലേറ്റ് കാമുകൻ പരിവേഷത്തിൽനിന്ന് കുഞ്ചാക്കോ ബോബനെന്ന മലയാളിയുടെ സ്വന്തം ചാക്കോച്ചൻ പകർന്നാടിയപ്പോൾ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ വേഷങ്ങൾ നിരവധി. സ്വയം മിനുക്കലുകളിലൂടെ സ്വന്തം സ്ഥാനം എന്നും ഉറപ്പിച്ച നടൻ. ഒരോ വേഷവും മറ്റൊന്നിനോട് സാദൃശ്യമില്ലാത്തത്. ഏറ്റവുമൊടുവിൽ ഉത്സവപ്പറമ്പിലെ നൃത്തത്തിലൂടെ വീണ്ടും പാട്ടിലൂടെ മാനറിസങ്ങളുടെ മായികലോകം കൊണ്ട് സിനിമാ പ്രേമികളുടെ പ്രശംസക്ക് ഇടംപിടിച്ചു. അഭ്രപാളികളിലെ വേഷപ്പകർച്ചകൾകൊണ്ട് എന്നും വിസ്മയം തീർക്കുന്ന ചാക്കോച്ചൻ മനസുതുറക്കുന്നു ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കുള്ള യാത്ര ആഗ്രഹിച്ചൊരു മാറ്റമായിരുന്നു അത്. അതിന് വേണ്ടി കഷ്ടപ്പെടുന്നതിന്റെ ഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നായാട്ടിലെ കഥാപാത്രം ഞാൻ ചോദിച്ചു വാങ്ങിയതാണ്. പക്ഷെ പടയിലെ കഥാപാത്രം എന്റെ അടുത്തേക്ക് വന്നതാണ്. ഞാൻ ആഗ്രഹിച്ചിരുന്ന കഥാപാത്രങ്ങൾ എന്നെ തേടി എത്തുന്നുണ്ട് ഇപ്പോൾ. ഒരു കാലഘട്ടത്തിൽ ചെയ്തിരുന്ന സിനിമകളിൽ നിന്നും നേരെ വിപരീതമായ സിനിമകളുടെ ഭാഗമാകാൻ കഴിയുന്നത് ഏറെ സന്തോഷമുണ്ട്. ഉദയാ സ്റ്റുഡിയോ? ഒരു ഇടവേളയ്ക്ക് ശേഷം അറിയിപ്പ്' എന്ന സിനിമയിലൂടെയാണ് ഉദയയുടെ ബാനർ വീണ്ടും പ്രൊഡക്ഷനിലേക്ക് എത്തുന്നത്. മഹേഷ് നാരായണൻ, ഷെബിൻ ബക്കർ പിന്നെ ഞാനും ചേർന്നാണ് അറിയിപ്പിന്റെ പ്രൊഡക്ഷൻ. 75ാമത് ലൊക്കാർണോ ചലച്ചിത്രമേളയിൽ അറിയിപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ നിന്നൊരു സിനിമ ലൊക്കാർണോ ചലച്ചിത്ര മേളയിൽ കോമ്പറ്റിറ്റീവ് സെഗ്മെന്റിൽ മത്സരിക്കുന്നത്. അറിയിപ്പി'ന് അഞ്ച് മത്സര വിഭാഗത്തിൽ നോമിനേഷനുണ്ട്. ഏറ്റവും സന്തോഷം നൽകുന്ന നിമിഷമാണ് ഇത്. ജീവിതത്തിലെ ആദ്യത്തെ അനുഭവം. സിനിമ വേണ്ട എന്നു പറഞ്ഞ സിനിമാ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ അച്ഛനും മുത്തച്ഛനും നൽകാൻ കഴിയുന്ന സമ്മാനങ്ങളിൽ ഒന്നാണ് അത്. ന്നാ താൻ കേസ് കൊട്' സിനിമയുടെ കോ പ്രൊഡക്ഷനിലും ഉദയ ഉണ്ട്. എന്റെ മനസിനോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ് ന്നാ താൻ കേസ് കൊട്'. ഇങ്ങനെ വ്യത്യസ്തമായ സിനിമയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഉദയ. സിനിമ മേഖലയിൽ ഉദയ ഇനി ഉണ്ടാകും. അടുത്ത വർഷം വലിയ ഒരു ബിഗ് ബജറ്റ് സിനിമ ഉദയയുടെ ബാനറിൽ വരും. റിയലിസ്റ്റിക്ക് സിനിമകൾക്ക് ആയുസ് ഇല്ലേ? സിനിമയിലൂടെ ആളുകളെ എന്റർടെയിൻചെയിക്കുകയാണ് പ്രധാനം. ഞാൻ എല്ലാത്തരം സിനിമകളുടെയും ഭാഗമായിട്ടുണ്ട്. ഞാൻ ചെയ്ത സിനിമകളുടെ ട്രാക്ക് നോക്കുകയാണെങ്കിൽ ആദ്യ സിനിമ അനിയത്തിപ്രാവ് ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു. കൂടാതെ ക്യാമ്പസ് സിനിമകൾക്കും തുടക്കം കുറിച്ചു. വർഷങ്ങൾക്ക് ശേഷം ട്രാഫിക്ക് എന്ന സിനിമയിലൂടെ ന്യൂജൻ സിനിമകൾക്ക് വേറെ ഒരു ഡയറക്ഷൻ നൽകി. ഹൗ ഓൾഡ് ആർ യു, ടേക്ക് ഓഫ് പോലെയുള്ള സ്ത്രീ പ്രാധാന്യമുള്ള സിനിമകളുടെ ഭാഗമായി. ക്രൈം ത്രില്ലർ പാതയിലേക്ക് കൊണ്ടു പോകുന്ന അഞ്ചാം പാതിരയുടെ ഭാഗമായി. അത്തരത്തിൽ ഓരോ കാലഘട്ടത്തിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവന്ന സിനിമകളുടെ ഭാഗമായിട്ടുണ്ട്. ആത്യന്തികമായി എന്റർടെയിനിങ് ആണോ എന്നുള്ളതാണ് പ്രധാനം. കമേർഷ്യൽ അല്ലെങ്കിൽ റിയലിസ്റ്റിക്ക് സിനിമ എന്നുള്ളതിനുപരി എത്രത്തോളം ആളുകളുടെ മനസിൽ പതിഞ്ഞിരിക്കുന്നുണ്ട് എന്നുള്ളത് പ്രധാനമാണ്. ഈ രണ്ടു വിഭാഗവും അത് ചെയ്യുന്നുണ്ട് എന്നാണ് വിശ്വാസം. പ്രേക്ഷകരുടെ അഭിരുചികളും ഒത്തിരി അധികം മാറിയിട്ടുണ്ട്. ന്നാ താൻ കേസ് കൊട്' രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയാണ് ന്നാ താൻ കേസ് കൊട്'. കള്ളനായിരുന്ന ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമ്മുടെ നാട്ടിൻ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയാണ്. കൂടുതലും പുതുമുഖങ്ങളാണ് സിനിമയിൽ ഉള്ളത്. പിന്നെ കാസർഗോഡുള്ള സാധാരണക്കാരായ നാട്ടുകാരും. ദേവദൂതർ പാടി'യത് പ്രതീക്ഷ കൂട്ടിയോ ഈ പാട്ടിനോട് ആളുകൾക്ക് സ്നേഹമുണ്ട്. അത്രയും നൊസ്റ്റാൾജിക്ക് ആയ മനോഹരമായ ഒരു പാട്ടാണ്. ആ പാട്ടിനെ വേറെ ഒരു തലത്തിൽ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അത് ജനങ്ങൾ ഏറ്റെടുത്തു. സിനിമ കാണാൻ ആളുകളെ പ്രേരിപ്പിക്കാൻ ഈ പാട്ടുകൊണ്ട് സഹായിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം. കഥാപാത്രങ്ങളിലേക്കുള്ള മാറ്റം കഥാപാത്രത്തിലേക്ക് എത്താനായി ശാരാരികമായും മാനസികമായുമുള്ള തയ്യാറെടുപ്പാണ് പ്രധാനം.ന്നാ താൻ കേസ് കൊട്' സിനിമയ്ക്ക് കാസർഗോഡ് ഭാഷ പഠിക്കാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. കൂടുതലും കാസർഗോഡ്, കണ്ണൂർ ഭാഗത്തുള്ള ആളുകളുമായി ഇടപഴകിയത് കൊണ്ട് സ്ലാങ് പഠനം എളുപ്പമായി. ദേവ ദൂതർ പാടി'എന്ന പാട്ടിൽ ആ ഡാൻസ് ചെയ്തത് കൊണ്ട് മാത്രമാണ് നായകനെ തിരിച്ചറിഞ്ഞത്. അല്ലായിരുന്നെങ്കിൽ ആൾക്കൂട്ടത്തിനിടയിലെ ഒരു സാധാരണക്കാരനായി തന്നെ തോന്നുമായിരുന്നു. അതിന് വേണ്ടിയുള്ള കൃത്യമായ രൂപമാറ്റം വരുത്തിയിട്ടുണ്ട്. മുമ്പ് നായാട്ട്' സിനിമയ്ക്ക് വേണ്ടി പ്രൊഫഷണൽ വടം വലിക്കരുടെ കൂടെ പരിശീലനം നടത്തിയിട്ടുണ്ട്. കൃത്യമായ ട്രെയിനിങ്ങാണ് അതിന് വേണ്ടി ചെയ്തിട്ടുള്ളത്. വരാനിരിക്കുന്ന അറിയിപ്പ് എന്ന സിനിമയ്ക്ക് വേണ്ടി ഉറക്കം നാല് മണിക്കൂറാക്കി ചുരുക്കിയായിരുന്നു. കഥാപാത്രം ആവശ്യപ്പെടുന്നതാണ് അത്. സ്വയം അറിഞ്ഞും സംവിധായകരുടെ നിർദേശ പ്രകാരവും സിനിമയ്ക്ക് വേണ്ടി ഭാഷാപഠനവും ശാരീരിക മാറ്റവും എല്ലാം വരുത്താറുണ്ട്. സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നസ് വേണ്ടേ ? നമ്മുടെ സമൂഹത്തിൽ ക്ഷമ എന്നത് കുറഞ്ഞു വരുന്ന അവസ്ഥയാണ് ഉള്ളത്. ക്രിയേറ്റർ വിചാരിക്കാത്തരീതിയിൽ പോലും കാര്യങ്ങളെ വളച്ചൊടിക്കുന്ന സാഹചര്യമുണ്ട്. ഇതിൽ എന്ത് ആനന്ദമാണ് കണ്ടെത്തുന്നത് എന്ന് മാത്രം മനസിലാകുന്നില്ല. പൊളിറ്റിക്കൽ കറക്ട്നസ് എന്നതിലുപരി നമ്മൾ നമ്മളെ തന്നെ തിരുത്തുകയാണ് ആത്യന്തികമായി വേണ്ടത്. സിനിമയിലും ഇവ പ്രതിഫലിക്കണം.

ദേശാഭിമാനി 5 Aug 2022 2:31 pm

ദേശാഭിമാനിയുടെ 80 വർഷം ; വാർഷികാഘോഷ പരിപാടികൾക്ക്‌ 
 സെപ്തംബർ ആറിന് തുടക്കം

തിരുവനന്തപുരം അക്ഷരവും ആശയവും പടവാളാക്കി ജനങ്ങളുടെ അവകാശത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി പോരാടിയ ദേശാഭിമാനി 80–-ാം വാർഷികത്തിലേക്ക്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പത്രം എന്ന ഖ്യാതിയോടെയാണ് പത്രം ചുവടുവയ്ക്കുന്നത്. 1942 സെപ്തംബർ ആറിന് വാരികയായാണ് ദേശാഭിമാനി ആദ്യലക്കം കോഴിക്കോട്ടുനിന്ന് പുറത്തിറങ്ങിയത്. 1946 ജനുവരി 18ന് ദിനപത്രമായി പ്രസിദ്ധീകരണം തുടങ്ങി. 1946ൽ മലബാർ കലാപത്തിന്റെ 25-–ാം വർഷത്തിൽ ഇ എം എസ് എഴുതിയ ‘1921ന്റെ ആഹ്വാനവും താക്കീതും’ എന്ന ലേഖനത്തിന്റെ പേരിൽ നിരോധിക്കപ്പെട്ടു. പൊതുരക്ഷാ നിയമപ്രകാരം 1948 ഏപ്രിൽ 12ന് വീണ്ടും നിരോധനം. അടിയന്തരാവസ്ഥക്കാലത്തും തുടർച്ചയായ ആക്രമണമുണ്ടായി. എല്ലാ കടന്നാക്രമണങ്ങളും പ്രതിരോധിച്ചുള്ള യാത്ര. കോഴിക്കോടിന്റെ മണ്ണിൽ സെപ്തംബർ ആറിനാണ് വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലായി ഒരു വർഷം നീളുന്ന പരിപാടികൾ അരങ്ങേറും. പുസ്തകമേള, സെമിനാർ, ചലച്ചിത്രോത്സവം, കലാ –- കായിക മേള, പ്രഭാഷണം, ഭക്ഷ്യമേള തുടങ്ങിയവയുണ്ടാകും. ആശയപ്രചാരണത്തോടൊപ്പം വാർത്തകളെ സത്യസന്ധമായി വായനക്കാരിൽ എത്തിച്ചും വഴിതെറ്റിക്കുന്ന പ്രചാരവേലകളെ തുറന്നുകാണിച്ചും ബഹുവിധമായ ധർമമാണ് ദേശാഭിമാനി നിർവഹിക്കുന്നത്. കാലം ആവശ്യപ്പെടുന്ന പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ട് സ്വയം നവീകരിക്കുകയും ചെയ്യുന്നു. ഏഴുലക്ഷത്തിലധികം കോപ്പിയും പത്ത് എഡിഷനുമായി കേരളക്കരയിലാകെ ദേശാഭിമാനി വിപുല മാധ്യമ സംവിധാനമായി ഇന്ന് പടർന്നു നിൽക്കുകയാണ്. സംഘാടകസമിതി 7ന് ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷത്തിന്റെ വിജയത്തിനായി ഏഴിന് സംഘാടകസമിതി രൂപീകരിക്കും. ഞായർ പകൽ 3.30ന് കോഴിക്കോട്ട് ടാഗോർ ഹാളിലാണ് യോഗം. സംസ്ഥാന വ്യാപകമായി ഒരു വർഷത്തെ പരിപാടിയുണ്ടാകും. 1942ൽ വാരികയായി പ്രവർത്തനം തുടങ്ങിയ കോഴിക്കോട്ട് സെപ്തംബർ ആറിന് ആഘോഷത്തിന് തുടക്കമാവും. സിപിഐ എം മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ള സംഘാടകസമിതി ഉദ്ഘാടനം ചെയ്യും. ശേഷം‘മാധ്യമങ്ങളും ജനാധിപത്യവ്യവസ്ഥയും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പരിപാടിക്ക് മുന്നോടിയായി ഭാനുപ്രകാശും ബെൻസീറയും നയിക്കുന്ന കോഴിക്കോടൻ സംഗീത സ്മൃതി അരങ്ങേറും. കോഴിക്കോട്ടുകാരായ എം എസ് ബാബുരാജ്, കെ ടി മുഹമ്മദ്, കോഴിക്കോട് അബ്ദുൾ ഖാദർ, കെ രാഘവൻ മാസ്റ്റർ, വി ടി മുരളി തുടങ്ങിയവരുടെ ഗാനങ്ങൾ കോർത്തിണക്കിയാണ് അവതരണം. യോഗത്തിൽ എല്ലാവരും പങ്കാളിയാകണമെന്ന് ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനും ജനറൽ മാനേജർ കെ ജെ തോമസും അഭ്യർഥിച്ചു.

ദേശാഭിമാനി 5 Aug 2022 1:23 am

റിപ്പോനിരക്ക് വർധന ; വായ്പകളുടെ 
പലിശ കൂടും

കൊച്ചി വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശനിരക്കായ റിപ്പോനിരക്ക് വീണ്ടും വർധിപ്പിച്ചു. 50 ബേസിസ് പോയിന്റാണ് (0.50 ശതമാനം) കൂട്ടിയത്. ഇതോടെ റിപ്പോനിരക്ക് 4.90 ശതമാനത്തിൽനിന്ന് 5.40 ശതമാനമായി. 2019 മുതലുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ കോവിഡിനുമുമ്പുള്ള നിരക്കും മറികടന്നു. കോവിഡ് വ്യാപനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് 5.15 ശതമാനമായിരുന്നു റിപ്പോനിരക്ക്. ഈ വർഷം മൂന്നാംതവണയാണ് കൂട്ടുന്നത്. മൂന്നുതവണയായി 1.40 ശതമാനമാണ് കൂട്ടിയത്. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള ആറംഗ പണനയസമിതി (എംസിപി) ഒറ്റക്കെട്ടായാണ് നിരക്ക് ഉയർത്താൻ തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് വാർത്താക്കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാനാണിതെന്ന് റിസർവ് ബാങ്ക് പറയുന്നു. മെയ് നാലിന് അപ്രതീക്ഷിതമായി 40 പോയിന്റും ജൂണിൽ വീണ്ടും 50 പോയിന്റും കൂട്ടിയിരുന്നു. വായ്പകളുടെ 
പലിശ കൂടും റിപ്പോനിരക്ക് വീണ്ടും ഉയർത്തിയത് വായ്പകളുടെ പലിശഭാരം വർധിപ്പിക്കും. റിസർവ് ബാങ്കിൽനിന്നുള്ള വായ്പയ്ക്ക് കൂടുതൽ പലിശ നൽകേണ്ടിവരുന്നതിനാൽ വാണിജ്യ ബാങ്കുകൾ ഇടപാടുകാർക്ക് നൽകുന്ന ഭവന, വാഹന, വ്യക്തിഗത, വസ്തു തുടങ്ങിയ എല്ലാ വ്യക്തിഗത വായ്പകളുടെയും പലിശനിരക്ക് ഉയർത്തും. റിപ്പോനിരക്ക് വർധനയുടെ തോതിൽത്തന്നെ (0.50 ശതമാനം) ബാങ്ക് വായ്പകളുടെ പലിശനിരക്ക് കൂടും. അതിനനുസരിച്ച് മാസംതോറുമുള്ള വായ്പ തിരിച്ചടവ് തുക (ഇഎംഐ) വർധിക്കുകയോ വായ്പയുടെ കാലാവധി നീട്ടുകയോ ചെയ്യേണ്ടിവരും. വായ്പത്തുകയോ കാലാവധിയോ വർധിക്കുന്നതിനനുസരിച്ച് അധികഭാരത്തിന്റെ തോതും ഉയരും.

ദേശാഭിമാനി 5 Aug 2022 1:00 am

സേവനം സമാനതകളില്ലാതെ

ലാഭക്കണ്ണുകൾക്കപ്പുറം വിഷരഹിതമായ ഭക്ഷണസാധനങ്ങളും 
തൊഴിലുമായി സമൂഹസേവനത്തിന്റെ ഉദാത്ത മാതൃകയാണ് ദിനേശും റെയ്ഡ്കോയും പോലുള്ള സംഘങ്ങൾ മായമില്ലാതെ ദിനേശ്| പല സ്വകാര്യ കമ്പനി കറിപ്പൊടികളിലും മസാലകളിലും മായം കണ്ടെത്തുമ്പോൾ, മായമില്ലാ സർട്ടിഫിക്കറ്റ് നേടി ദിനേശ് ഫുഡ്സ്. സർക്കാരിന്റെ കോന്നിയിലെ കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലാബിലെ പരിശോധനയിലാണ് മായമില്ലെന്ന് തെളിഞ്ഞത്. ‘ദിനേശി’ന്റെ കറിപ്പൊടികളിലും മസാലകളിലും രാസപദാർഥങ്ങളൊന്നും ഉപയോഗിക്കുന്നില്ല. അഗ്മാർക്ക്, എഫ്എസ്എസ്എഐ തുടങ്ങിയ ഗുണമേന്മാ അംഗീകാരങ്ങളുമുണ്ട്. ബീഡി വ്യവസായം പ്രതിസന്ധിയിലായപ്പോഴാണ് വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി 1997ൽ ദിനേശ് ഫുഡ്സ് ആരംഭിച്ചത്. മുളക്, മല്ലി, മഞ്ഞൾ പൊടികളും സാമ്പാർ, രസം മിക്സ്, അച്ചാർ, ചിക്കൻ, ഇറച്ചി, മീൻ മസാലപ്പൊടികളാണ് വിപണിയിലെത്തിക്കുന്നത്. പത്ത് രൂപയുടെ കറിപ്പൊടി പായ്ക്കറ്റും ഇറക്കിയിട്ടുണ്ട്. നാളികേരാധിഷ്ഠിത ഉൽപ്പന്നങ്ങളും ജാം, സ്ക്വാഷ്, നന്നാറി സിറപ്പ്, മാംഗോ ഡ്രിങ്സ് എന്നിവയും നിർമിക്കുന്നു. തേങ്ങാപ്പാലിനും വെർജിൻ കോക്കനട്ട് ഓയിലിനും ആവശ്യക്കാർ ഏറെ. അപ്പാരൽസ്, കുടനിർമാണ മേഖലയിലും ‘ദിനേശു’ണ്ട്. ദിനേശ് ഐടി, കഫെ ദിനേശ് എന്നിവയും പ്രവർത്തിക്കുന്നു. സൂക്ഷ്മ സംരംഭങ്ങൾക്ക് കേന്ദ്ര വ്യവസായവകുപ്പിന്റെ അസോച്ചം പുരസ്കാരം ഏഴു തവണ നേടി. ചാലക്കുടിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് വീട്ടിൽ വെള്ളം കയറിയ കുട്ടാടൻ പ്രദേശത്ത് ഒരു കുടുംബം വീട്ടുസാമഗ്രികൾ വലിയ കുട്ടകത്തിൽ കയറ്റി സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നു എല്ലാമുണ്ട് കഞ്ഞിക്കുഴിയിൽ പണമിടപാട് മാത്രമല്ല ഈ ബാങ്കിൽ. വീട്ടുജോലിക്കും ആളുവരും. വനിതാ സെൽഫി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുമുണ്ട്. കാർഷിക ഓപ്പൺ സ്കൂൾ, കാർഷിക ആശുപത്രി, ന്യായവില കുടിവെള്ള പാർലർ – ക-ണ്ടും കേട്ടും പഠിക്കാൻ ഇവയടക്കം മുപ്പതോളം വ്യത്യസ്ത പദ്ധതികൾ. കൂട്ടിന് വിവിധ വായ്പാ–-നിക്ഷേപ പദ്ധതികളും. ജനങ്ങൾക്ക് വേണ്ടതറിഞ്ഞ് നൽകിയാണ് കഞ്ഞിക്കുഴി സർവീസ് സഹകരണബാങ്കിന്റെ പ്രവർത്തനം. ജനകീയ പച്ചക്കറികൃഷിയിലൂടെ കഞ്ഞിക്കുഴിയുടെ പെരുമ ദേശാന്തരങ്ങൾ പിന്നിട്ടതാണ്. സഹകരണമേഖലയിലെ ആദ്യവനിതാ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ 140 സ്ത്രീകളടങ്ങിയ ‘വനിതാ സെൽഫി’യിൽ വിവാഹാലോചനമുതൽ പന്തൽ, പാചകം, ഡെക്കറേഷൻവരെ ഏറ്റെടുക്കുന്നു. കലാസംരംഭവുമുണ്ട്. വനിതാ ചെണ്ടമേള ഗ്രൂപ്പും പ്രവർത്തിക്കുന്നു. കാർഷിക ഉൽപ്പന്നങ്ങൾ സംസ്കരിച്ച് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന പദ്ധതിയും കാപ്പിക്കടയുമുണ്ട്. മുറ്റമടിമുതൽ മുറി തുടയ്ക്കൽവരെയുള്ള വീട്ടുജോലി നടത്തുന്ന ‘ഷീ ഫ്രണ്ട്ലി ഹോം സർവീസി’ൽ 12 വനിതകളുണ്ട്. വിശ്വാസത്തോടെ വീട്ടുജോലി ഏൽപ്പിക്കാം. പരമ്പരാഗത കർഷകരായ ഒമ്പതുപേർ ഉപദേശകസമിതി അംഗങ്ങളായ കാർഷിക ഓപ്പൺ സ്കൂളിൽ കൃഷി പഠിക്കാൻ ആർക്കും ചേരാം. കാർഷിക ആശുപത്രിയിലെ ഡോക്ടർമാർ പരമ്പരാഗത കർഷകരും വിരമിച്ച കൃഷി ഉദ്യോഗസ്ഥരുമാണ്. ദിവസവും രാവിലെ ബാങ്കിനോട് ചേർന്നുള്ള ഒപിയിലെത്തിയാൽ എല്ലാത്തിനും ഉത്തരം കിട്ടും. പച്ചക്കറിത്തോട്ടങ്ങൾ നിർമിച്ചുനൽകുന്ന ഗ്രൂപ്പ്, കാർഷിക ഔഷധശാല, ശുദ്ധജലം മിതമായ നിരക്കിൽ ലഭ്യമാകുന്ന ന്യായവില കുടിവെള്ള പാർലർ കഞ്ഞിക്കുഴിയുടെ സ്വന്തം ബാങ്കിന്റെ പട്ടിക നീളുകയാണ്. മറ്റത്തൂരിലെ 
‘മരുന്ന് വിപ്ലവം’ മറ്റത്തൂരിലെ തരിശുനിലത്തിൽ ഒരു ഔഷധവനം തളിരിട്ടു, മണ്ണിനെ വീണ്ടെടുത്ത ഗ്രാമീണ കർഷകരുടെ ജീവിതത്തിനൊപ്പം. പുതുക്കാട് മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് വരുമാനവുംവിപണിയും ഉറപ്പുവരുത്തി വൈവിധ്യ കാർഷിക പദ്ധതിയായ ‘ബൈബാക്കു’മായി മുന്നേറുന്നത്. ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കദളിപ്പഴം ഉൽപ്പാദിപ്പിച്ചാണ് ഇവർ മണ്ണിലേക്കിറങ്ങിയത്. തുടർന്ന് ഔഷധിക്ക് ആവശ്യമായ പാവയ്ക്ക 2013 മുതൽ 60 ഏക്കറിൽ കൃഷിചെയ്തു. 40 കർഷകർ ചേർന്നുള്ള കൃഷിയിൽ ആഴ്ചയിൽ 5,000 കിലോ വിളയിച്ചു. തുടർന്നാണ്, ഔഷധ സസ്യകൃഷിയുടെ സാധ്യത പ്രയോജനപ്പെടുത്തുന്നത്. 2016 മുതൽ കുറുന്തോട്ടി, കച്ചോലം, ആടലോടകം, കൊടുവേലി, ശതാവരി, ഓരില, മൂവില തുടങ്ങിയ 15-ൽപ്പരം ഔഷധസസ്യങ്ങൾ നട്ടു. കർഷകരുടെ ക്ലസ്റ്റർ രൂപീകരിച്ചായിരുന്നു പ്രവർത്തനം. വിത്തും വളവും സാങ്കേതിക സഹായവും സംഘം നൽകി. 100 ഏക്കറിൽ പടരുന്ന ഔഷധ ഗന്ധം അഞ്ഞൂറ് ഏക്കറിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിൽ ഔഷധസസ്യ വിപണനവുമുണ്ട്. കേരളത്തിലെ 10 ആയുർവേദ മരുന്ന് നിർമാതാക്കളുമായി ധാരണയിലെത്തിയിട്ടുണ്ട്. 600- കർഷകർ പദ്ധതിയിൽ അംഗങ്ങളാണ്. ഇടത്തട്ടുകാരുടെ ചൂഷണം ഒഴിവാക്കി ആദിവാസി വിഭാഗത്തിലുള്ള 450പേർ കാട്ടിൽനിന്നും ശേഖരിക്കുന്നുണ്ട്. 2023 ൽ മറ്റത്തൂരിൽ ഔഷധസസ്യ അർധ സംസ്കരണ കേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.

ദേശാഭിമാനി 5 Aug 2022 1:00 am

ആഗസ്‌ത്‌ അഞ്ചിന്റേത്‌ ആരുടെ ‘നേട്ടം’

ആഗസ്ത് അഞ്ചിന് സംഘപരിവാറും ബിജെപിയും നൽകിയിരിക്കുന്ന നിർവചനം ‘നേട്ടങ്ങളുടെ ദിന’മെന്നാണ്. കഴിഞ്ഞ വർഷം ഉത്തർപ്രദേശ് സർക്കാരിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേട്ടങ്ങളുടെ ദിനമെന്ന് ഈ ദിവസത്തെ ആദ്യം വിശേഷിപ്പിച്ചത്. 2019ലെ ആഗസ്ത് അഞ്ചിനാണ് 1954മുതൽ കശ്മീരിന് നൽകിയ എല്ലാ പ്രത്യേകാവകാശങ്ങളും ബിജെപി സർക്കാർ റദ്ദാക്കിയത്. അവിടെയും നിർത്താതെ കശ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കി ലഡാക്കെന്നും കശ്മീരെന്നും രണ്ട് കേന്ദ്രഭരണ പ്രദേശമായി വെട്ടിമുറിച്ചു. ഫലത്തിൽ സാമുദായികവും ജനസംഖ്യാപരവുമായ വിഭജനം. എല്ലാ പ്രതിപക്ഷ നേതാക്കളെയും തടവിലിട്ട്, ജനാധിപത്യത്തെ ചവിട്ടിയരച്ച് നേടിയ ആദ്യ ‘നേട്ട’മായിരുന്നു ഇത്. തൊട്ടടുത്ത വർഷം കോൺഗ്രസ് ഒരുക്കിക്കൊടുത്ത പാതയിലൂടെ ബാബ്റി മസ്ജിദ് തകർത്ത് മതനിരപേക്ഷ ഇന്ത്യയുടെ മാർത്തട്ടിലെ ഇറ്റുവീണ ചോരകുടിച്ച് വീർത്ത ബിജെപി, അയോധ്യ ക്ഷേത്രത്തിന് വെള്ളിശില പാകി. ആർഎസ്എസുകാരനായ പ്രധാനമന്ത്രിതന്നെ തീവ്രഹിന്ദുത്വത്തിന്റെ ശിലാന്യാസം നടത്തി വരാനിരിക്കുന്ന ദിനങ്ങളെപ്പറ്റി രാജ്യത്തിന് വ്യക്തമായ സന്ദേശവും നൽകി. പിന്നീടുള്ള രണ്ടുവർഷത്തിൽ കോവിഡ് വ്യാപനംമൂലം ആഗസ്ത് അഞ്ചിലെ ‘നേട്ടങ്ങൾ’ ഹിന്ദുത്വശക്തികൾക്ക് ആവർത്തിക്കാനായില്ല എന്നു മാത്രമാണ് ആശ്വാസം. ഒരുപക്ഷേ, ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ കാലഘട്ടത്തിലൂടെ കടന്നുപോകവേയാണ് ജമ്മു കശ്മീർ സംസ്ഥാനത്തെ അതിന്റെ എല്ലാ സവിശേഷതകളോടുമൊപ്പം ബിജെപി സർക്കാർ കുഴിച്ചുമൂടിയത്. കശ്മീരിന്റെ സമാധാനം പുനഃസ്ഥാപിക്കാനായിരുന്നു നീക്കമെന്ന് ന്യായീകരിച്ച ബിജെപിക്ക് പിന്നീട് കൈപൊള്ളുന്നതാണ് കണ്ടത്. നാൾക്കുനാൾ ഭീകരാക്രമണങ്ങൾ വർധിച്ചു. 2021 ഫെബ്രുവരി മുതൽ തന്ത്രംമാറ്റിയ ഭീകരസംഘടനകൾ ന്യൂനപക്ഷവിഭാഗങ്ങളായ കശ്മീരി പണ്ഡിറ്റുകളെയും ഡോഗ്രകളെയും ദളിത് ഹിന്ദുക്കളെയും തിരഞ്ഞുപിടിച്ച് വധിക്കാനാരംഭിച്ചു. പക്ഷേ, ആകെ കണക്കുകളിൽ കൂടുതൽ കൊല്ലപ്പെട്ടത് കശ്മീരി മുസ്ലിങ്ങൾ തന്നെയാണ്. ഈ വർഷം മെയ് 12ന് ബുദ്ഗാം ജില്ലയിലെ ചദൂര വില്ലേജ് ഓഫീസിൽ രാഹുൽ ഭട്ട് എന്ന പണ്ഡിറ്റ് യുവാവിനെ വെടിവച്ചുകൊന്നതോടെ ബിജെപിക്കെതിരെ ന്യൂനപക്ഷങ്ങൾ തെരുവിലിറങ്ങി. കേന്ദ്രസർക്കാർ നൽകിയ ജോലി ഭൂരിഭാഗം പേരും രാജിവച്ച് സുരക്ഷിതസ്ഥാനമായ ജമ്മുവിലേക്ക് പലായനം ചെയ്തു. 1990നു ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പലായനത്തിനാണ് കേന്ദ്രസർക്കാരിന്റെ വികലനയങ്ങൾ വഴിവച്ചത്. രാഷ്ട്രീയ പരിഹാരം വേണ്ടിടത്ത് പ്രതിപക്ഷ നേതാക്കളെ തുറുങ്കിലിട്ടും മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തിയും അപരിഹാര്യമായ തീച്ചൂളയാക്കി കശ്മീരിനെ ബിജെപി മാറ്റുകയാണ്. ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് കരുതപ്പെടുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻതൂക്കം നേടാൻ ബിജെപിക്ക് അനുകൂലമായി ജമ്മുമേഖലയിൽ കൂടുതൽ സീറ്റനുവദിച്ച് മണ്ഡല പുനർനിർണയവും നടത്തിക്കഴിഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി കൺവീനറായിട്ടുള്ള പ്രതിപക്ഷപാർടികളുടെ കൂട്ടായ്മയായ ഗുപ്കാർ സഖ്യം ബിജെപിയെ പ്രതിരോധിക്കാൻ തക്ക ശക്തിയുള്ളതാണ്. 2020ൽ നടന്ന ജമ്മു കശ്മീർ ജില്ലാ വികസന (ഡിഡിസി) തെരഞ്ഞെടുപ്പിൽ 112 സീറ്റ് സ്വന്തമാക്കി ഗുപ്കാർ സഖ്യം ബിജെപിയെ തറപറ്റിച്ചിരുന്നു. പ്രത്യേകപദവി റദ്ദാക്കിയ മോദി സർക്കാരിനുള്ള വ്യക്തമായ മറുപടിയായി അത് മാറി. ഹിന്ദുത്വശക്തികളുടെ ലബോറട്ടറിയായി ഉത്തർപ്രദേശിനെയും ബാബ്റിയെയും മാറ്റിയതിൽ മതനിരപേക്ഷമെന്ന് മേനിനടിക്കുന്ന കോൺഗ്രസിന്റെ പങ്ക് ചരിത്രത്തിൽ അവിതർക്കിതമാണ്. 1992 ഡിസംബർ ആറിനാണ് മതനിരപേക്ഷ ഇന്ത്യയുടെ മിനാരങ്ങൾ നിലംപരിശാക്കാൻ നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കർസേവകർക്ക് എല്ലാ സഹായവും നൽകിയത്. അതിന്റെ രാഷ്ട്രീയനേട്ടം തങ്ങൾക്ക് കൊയ്യാമെന്ന് കണക്കുകൂട്ടിയ കോൺഗ്രസ് ദേശീയതലത്തിൽ നിലനിൽപ്പിനുവേണ്ടി പോരാടുന്നു. നെഹ്റു തുടങ്ങിയ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഓഫീസിനു വരെ ബിജെപി സർക്കാർ താഴിട്ടു. രാജ്യത്തെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്നതിൽ അയോധ്യയിൽ ക്ഷേത്രനിർമാണമെന്ന പ്രചാരണം ബിജെപിക്ക് നൽകിയ ഊർജം ചെറുതല്ല. രണ്ട് ലോക്സഭാംഗങ്ങൾ മാത്രമുള്ള 1984ൽനിന്ന് 2019ൽ 303 എംപിമാരിലേക്ക് വളർന്ന വിഭജന രാഷ്ട്രീയത്തെ അതേപടി പിന്തുടരുകയാണ് ബിജെപി ഇപ്പോഴും. അയോധ്യയിൽ ക്ഷേത്രനിർമാണം തുടങ്ങിയതോടെ അടുത്ത ദേശീയപ്രചാരണമായി സംഘപരിവാറുകാർ കാണുന്നത് കാശിയെയും മധുരയെയുമാണ്. വാരാണസിയിൽത്തന്നെയുള്ള ജ്ഞാൻവാപി പള്ളിയും സംഘപരിവാറിന്റെ ഹിറ്റ്ലിസ്റ്റിൽ ഇടംപിടിച്ചു കഴിഞ്ഞു. അയോധ്യ തോ ജാങ്കി ഹേ, കാശി–--മഥുര ബാകി ഹേ (അയോധ്യ തുടക്കംമാത്രം, കാശിയും മഥുരയും ബാക്കിയാണ് ) എന്നാണ് പുതിയ കാലത്തെ സംഘപരിവാർ മുദ്രാവാക്യം. ആർഎസ്എസിന് നൂറുവർഷം പൂർത്തിയാകുന്ന 2025ൽ സമ്പൂർണ ഹിന്ദുത്വരാഷ്ട്രമെന്ന സംഘപരിവാർ ലക്ഷ്യത്തെ ചെറുക്കാൻ രാജ്യത്ത് മതനിരപേക്ഷ–-ജനാധിപത്യ ചേരി ശക്തിപ്പെടുത്തുക മാത്രമേ പരിഹാരമുള്ളൂ. എഐസിസി ഓഫീസിന്റെ പടിവാതിൽവരെ ബിജെപി എത്തിയ സമയത്തെങ്കിലും തീവ്രഹിന്ദുത്വത്തെ ചെറുക്കാൻ മൃദുഹിന്ദുത്വമെന്ന തുരുമ്പിച്ച ആയുധം ഉപേക്ഷിച്ച് കോൺഗ്രസ് ഈ ചേരിക്കൊപ്പം നിലയുറപ്പിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

ദേശാഭിമാനി 5 Aug 2022 1:00 am

തയ്‌വാനിൽ യുഎസ്‌ കുതന്ത്രം

അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തയ്വാനിൽ നടത്തിയ സന്ദർശനം ഏഷ്യ പസഫിക് മേഖലയിൽ സംഘർഷത്തിന് വഴി തുറന്നിരിക്കുകയാണ്. ചൈനയുടെ എതിർപ്പും മുന്നറിയിപ്പും അവഗണിച്ചാണ് അവർ തയ്വാനിലെത്തിയത്. തയ്വാനിൽ ജനാധിപത്യം സംരക്ഷിക്കാനും മേഖലയിൽ സമാധാനം ഉറപ്പാക്കാനുമാണ് സന്ദർശനം എന്നാണ് അവർ അവകാശപ്പെട്ടത്. തയ്വാൻ വിഷയത്തിൽ അമേരിക്ക നാലു പതിറ്റാണ്ടിലധികമായി തുടരുന്ന ‘തന്ത്രപരമായ ദുരൂഹത’ ഈ സന്ദർശനവിഷയത്തിലും ആവർത്തിച്ചു. അമേരിക്കൻ സർക്കാരിന്റെ രണ്ടു ശാഖയിൽ ഒന്നായ കോൺഗ്രസിന്റെ ഭാഗമാണ് സ്പീക്കർ. അതിനാൽ, പ്രസിഡന്റിന് ഇടപെടാനാകില്ല എന്നാണ് വൈറ്റ്ഹൗസ് നിലപാടെടുത്തത്. എന്നാൽ, സ്പീക്കറുടെ തയ്വാൻ സന്ദർശനം ഈ ഘട്ടത്തിൽ അനുചിതമാണെന്ന് വൈറ്റ്ഹൗസും അമേരിക്കൻ സൈന്യവും പറഞ്ഞിരുന്നു. 25 വർഷംമുമ്പ് അന്നത്തെ റിപ്പബ്ലിക്കൻ സ്പീക്കർ ന്യൂട്ട് ഗാങ്ഗ്രിച്ചാണ് ഇതിനുമുമ്പ് തയ്വാൻ സന്ദർശിച്ച ഉന്നത യുഎസ് നേതാവ്. തയ്വാൻ ചൈനയുടെ ഭാഗമാണെന്ന് അമേരിക്കയും ഇന്ത്യയുമടക്കം ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളും അംഗീകരിക്കുന്നുണ്ട്. തയ്വാന്റെ ഔദ്യോഗികനാമം ഇപ്പോഴും ‘റിപ്പബ്ലിക് ഓഫ് ചൈന’ എന്നാണ്. തയ്വാൻ ജനസംഖ്യയിൽ 85 ശതമാനം ചൈനീസ് ഹാൻ വംശജരാണ്. 1949ൽ ആഭ്യന്തരയുദ്ധത്തിൽ കമ്യൂണിസ്റ്റുകാരോട് പരാജയപ്പെട്ട് കുമിന്താങ്ങുകൾ തയ്വാനാണ് ചൈനീസ് സർക്കാരിന്റെ ആസ്ഥാനം എന്നവകാശപ്പെട്ടാണ് അവിടം ഭരിച്ചത്. പോയപോക്കിൽ ചൈനയുടെ അന്നത്തെ മുഴുവൻ കരുതൽ സ്വർണശേഖരവും കുമിന്താങ്ങുകൾ തയ്വാനിലേക്ക് കടത്തിയിരുന്നു. യുഎന്നിലും രക്ഷാസമിതിയിലും ചൈന എന്ന പേരിൽ തയ്വാനായിരുന്നു അംഗത്വം. രണ്ടു പതിറ്റാണ്ടിനുശേഷമാണ് ജനകീയ ചൈനയാണ് യഥാർഥ ചൈന എന്ന് അമേരിക്കയും കൂട്ടാളികളും അംഗീകരിച്ചത്. 1971ൽ ചൈന യുഎന്നിലും രക്ഷാസമിതിയിലും അംഗമായി. ചൈന ഒന്നേയുള്ളൂ, അത് ജനകീയ ചൈനയാണ് എന്ന ഏകചൈനാ നയമാണ് അമേരിക്കയുടേതെന്നാണ് ബൈഡൻ സർക്കാരും പറയുന്നത്. പിന്നെ എന്തിനാണ് ചൈനയുടെ അനുമതിയില്ലാതെ യുഎസ് ഡെമോക്രാറ്റിക് സ്പീക്കർ തയ്വാൻ സന്ദർശിച്ച് പ്രകോപനമുണ്ടാക്കിയത് എന്നാണ് ഉയരുന്ന ചോദ്യം. ഇതിനുത്തരം അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിലും അവരുടെ സാമ്രാജ്യത്വ അതിമോഹത്തിലുമാണ് കാണാനാവുക. മൂന്നു മാസം കഴിഞ്ഞ് അമേരിക്കൻ കോൺഗ്രസിലേക്ക് ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയാണ്. നാൻസി അധ്യക്ഷയായ പ്രതിനിധിസഭയിലേക്കും നൂറംഗ സെനറ്റിലെ മൂന്നിലൊന്ന് സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 435 സീറ്റുള്ള പ്രതിനിധിസഭയിൽ ബൈഡന്റെയും നാൻസി പെലോസിയുടെയും മറ്റും ഡെമോക്രാറ്റിക് പാർടിയുടെ കാര്യം പരുങ്ങലിലാണ്. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം കാര്യമായി കുറഞ്ഞിരുന്നു. അതിനിയും കുറഞ്ഞാൽ നാൻസി പെലോസിക്ക് സ്പീക്കറായി തുടരാനാകില്ല. സെനറ്റിൽ ഇരുപക്ഷത്തിനും നിലവിൽ ഒപ്പത്തിനൊപ്പമാണ് ബലം. വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടിലും രണ്ടു സ്വതന്ത്രരുടെ പിന്തുണയിലുമാണ് സെനറ്റിൽ ഡെമോക്രാറ്റിക് പാർടി പിടിച്ചുനിൽക്കുന്നത്. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് ഏഴു കോടിയിലധികം വോട്ട് നേടിയിരുന്നു. ഇതിനുമുമ്പ് ഒരിക്കലും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു വിജയിക്കുപോലും അത്ര വോട്ട് ലഭിച്ചിട്ടില്ല. അമേരിക്കയിൽ തീവ്ര വലതുപക്ഷം എത്ര ശക്തമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു 2020ലെ ഫലം. രണ്ടു വർഷത്തിനിടയിൽ അതിൽ എന്തെങ്കിലും കുറവുണ്ടായതായി സൂചനയില്ല. എന്നാൽ, ഡെമോക്രാറ്റുകൾക്ക് ഭരണപരാജയം കാരണം ശോഷണത്തിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചൈനാവിരോധം വളർത്തി തീവ്രവലതുപക്ഷത്തിൽ ഒരുവിഭാഗത്തെ ആകർഷിക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് കളിച്ച കളിയുടെ ആവർത്തനം. തയ്വാനെ അമേരിക്ക ഒരിക്കലും ഉപേക്ഷിക്കില്ലെന്നാണ് ബുധനാഴ്ച അവിടെനിന്ന് മടങ്ങുംമുമ്പ് നാൻസി പെലോസി പ്രഖ്യാപിച്ചത്. താലിബാനെ അഫ്ഗാൻ ഭരണമേൽപ്പിച്ച് തടിയൂരിയതിന്റെ ഒന്നാം വാർഷികത്തിന്റെ പിറ്റേന്നാണ് ഈ പ്രഖ്യാപനം നടത്താൻ യുഎസ് സ്പീക്കർ തയ്വാനിൽ എത്തിയത്. ചൈനയുമായി പുനരേകീകരണത്തിന് വാദിക്കുന്ന വലിയവിഭാഗം തയ്വാനിലുണ്ട്. 2015ൽ ഷീ ജിൻ പിങ്ങും അന്നത്തെ തയ്വാൻ ഭരണാധികാരി മാ യിങ് ജൂവും തമ്മിൽ സിംഗപ്പുരിൽ കൂടിക്കാഴ്ച നടത്തി സാമ്പത്തിക സഹകരണ കരാർ ഒപ്പിട്ടിരുന്നു. ചൈനയെ അനുകൂലിക്കുന്നവരുടെ പ്രതിഷേധത്തിനിടെയാണ് നാൻസി പെലോസി വന്നുപോയത്.

ദേശാഭിമാനി 5 Aug 2022 1:00 am

മാനവികതയുടെ പ്രവാചകൻ - കെ ജെ തോമസ്‌ എഴുതുന്നു

‘‘മാർക്സിനെയും എംഗൽസിനെയും ഒരിക്കലും രണ്ടായി കാണാനാകില്ല. രണ്ടുപേരുടെയും ജീവിതവും പ്രവൃത്തിയും വളരെയേറെ പരസ്പരബന്ധിതമായിരുന്നു. അവരിൽ ഒരൊറ്റ ജീവനാണ് കുടികൊള്ളുന്നതെന്നു തോന്നുമാറ് അവരുടെ ജീവിതങ്ങൾ അത്ര ഗാഢമായി പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു. സോഷ്യലിസം ‘ഒരു സങ്കൽപ്പസ്വർഗമെന്ന നിലയിൽനിന്ന് ശാസ്ത്രമായി’ വളർന്നതിന്റെ ചരിത്രം എഴുതിയതുകൊണ്ടു മാത്രമായില്ല, മുഴുവൻ തൊഴിലാളി പ്രസ്ഥാനത്തിന്റെയും അരനൂറ്റാണ്ടിന്റെ ചരിത്രംകൂടി എഴുതേണ്ടിവരും. കാരണം അവർ കേവലം ആശയരംഗത്തെ നേതാക്കന്മാരും മീമാംസകരും മാത്രമായിരുന്നില്ല, ദൈനംദിന ജീവിതത്തിൽനിന്നെല്ലാം അകന്നുമാറി ഏകാന്തതയിൽ കഴിഞ്ഞുകൂടിയ ദാർശനികരുമായിരുന്നില്ല അവർ. എപ്പോഴും പോരാട്ടത്തിന്റെ മുൻനിരയിൽത്തന്നെ നിലയുറപ്പിച്ച പടയാളികളായിരുന്നു. ഒരേസമയത്ത് വിപ്ലവത്തിന്റെ പട്ടാളക്കാരും സൈന്യാധിപന്മാരുമായിരുന്നു അവർ’’ എംഗൽസിനെക്കുറിച്ചുള്ള കുറിപ്പിൽ മാർക്സിന്റെ മകൾ എലിയനോർ മാർക്സിന്റെ വാക്കുകളാണിത്. യവനപുരാണത്തിൽ ദമോനും പിഥിയാസും തമ്മിലുണ്ടായിരുന്ന സൗഹൃദംപോലെതന്നെ ഐതിഹാസികമായിരുന്നു മാർക്സും എംഗൽസും തമ്മിലുള്ള ബന്ധം. മാനവരാശി-യുടെ ചരിത്രത്തിലെ ഏറ്റവും വലിയ മനുഷ്യമോചന പ്രത്യയശാസ്ത്രത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖനായ ഫ്രഡറിക് എംഗൽസിന്റെ 127–-ാം ചരമവാർഷികദിനമാണ് ഇന്ന്. മാർക്സ് എംഗൽസ് ദ്വയം വളർത്തിയെടു-ത്ത ശാസ്ത്രീയ സോഷ്യലിസമെന്ന സിദ്ധാന്തമാണ് എല്ലാ പ്രതിസന്ധികൾക്കുമുള്ള ഉത്തരമെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ഇത്തവണ എംഗൽസിന്റെ ചരമദിനം കടന്നുവരുന്നത്. സോഷ്യലിസ്റ്റ് പാതയിലൂടെയുള്ള മുന്നേറ്റമാണ് അടുത്തിടെ കൊളംബിയ, ചിലി, അർജന്റീന, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ നാം കണ്ടത് എന്നത് ഈ വേളയിൽ പ്രത്യേകം ഓർക്കണം. പഴയ പ്രഷ്യയിലെ റൈൻ സംസ്ഥാനത്തിൽ ബാർമൻ എന്ന തുണിവ്യാപാര കേന്ദ്രത്തിൽ വ്യവസായികളുടെ കുടുംബത്തിലാണ് 1820 നവംബർ 28ന് ഫ്രഡറിക് എംഗൽസിന്റെ ജനനം. വലിയ ബൂർഷ്വയും കടുത്ത മതവിശ്വാസിയുമായിരുന്ന പിതാവിന്റെ പേരും ഫ്രഡറിക് എംഗൽസ് എന്നായിരുന്നു. അമ്മ എലിസബത്ത് പുസ്തകവായനയിൽ അതീവതൽപ്പരയായിരുന്നു. ബാർമനിലെ നഗരവിദ്യാലയത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പഠനംസംബന്ധിച്ച് മകനെപ്പറ്റി പരാതികളൊന്നും പിതാവ് ഫ്രഡറിക്കിനുണ്ടായിരുന്നില്ലെങ്കിലും അയാളുടെ ചോദ്യങ്ങൾ മതവിശ്വാസത്തെയും അനുഷ്ഠാനങ്ങളെയും ലക്ഷ്യംവയ്ക്കുന്നുവെന്നത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. തന്റെ നാട്ടിലെ വ്യവസായികൾ അനുദിനം തടിച്ചുകൊഴുക്കുന്നതും അവിടെ പണിയെടുക്കുന്ന ബാലവേലക്കാർ ഉൾപ്പെടെയുള്ളവരുടെ ദുരിതാവസ്ഥയും സമ്പന്നകുടുംബത്തിൽ പിറന്ന ഹൃദയാലുവായ ബാലനെ അലട്ടാൻ തുടങ്ങി. ഇത് എഴുത്തുകളിലൂടെയും കുറിപ്പുകളിലൂടെയും പുറത്തുവന്നു. 18 വയസ്സുള്ള എംഗൽസ് ഫാക്ടറി തൊഴിലാളികൾ ജീവിക്കുന്നതെങ്ങനെയെന്നു പഠിച്ചു. തൊഴിലാളികൾക്കിടയിൽ കടുത്ത ദാരിദ്ര്യമായിരുന്നു. പലതരം രോഗങ്ങളും അവരെ ബാധിച്ചിരുന്നു. ചെറുപ്പത്തിൽത്തന്നെ ‘ജർമൻ ടെലിഗ്രാഫ്' പത്രത്തിൽ മൂർച്ചയുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന ലേഖനപരമ്പര എഴുതി. ബിസിനസ് പഠനത്തിനുശേഷം 1844ൽ ജർമനിയിലേക്കുള്ള യാത്രയിൽ പാരീസിൽ മാർക്സിന്റെകൂടെ 10 ദിവസം താമസിച്ചു. ഈ കൂടിക്കാഴ്ചയെപ്പറ്റി ലെനിൻ ഇപ്രകാരം എഴുതി. ‘‘സൗഹൃദത്തിന്റെ ഹൃദയസ്പർശകമായ ദൃഷ്ടാന്തങ്ങൾ വിവരിക്കുന്ന പല ഐതിഹ്യങ്ങളുമുണ്ട്. അവയെ എല്ലാം അതിശയിപ്പിക്കുന്ന തരത്തിൽ അന്യോന്യം ബന്ധം പുലർത്തിപ്പോന്ന രണ്ട് പണ്ഡിതന്മാരും പോരാളികളുമാണ് തങ്ങളുടെ ശാസ്ത്രം സൃഷ്ടിച്ചതെന്ന് ലോകതൊഴിലാളിവർഗത്തിന് പറയാൻ കഴിയും.'' 1845-–-46ൽ മാർക്സും എംഗൽസും ചേർന്ന് ‘വിശുദ്ധ കുടുംബം', ‘ജർമൻ പ്രത്യയശാസ്ത്രം' എന്നീ കൃതികൾ രചിച്ചു.1847ൽ പുരോഗമനവാദികളായ ലീഗ് ഓഫ് ദ ജസ്റ്റി' (നീതിമാന്മാരുടെ സഖ്യം)ന്റെ ലണ്ടനിൽ നടന്ന കോൺഗ്രസിൽ പങ്കെടുത്തു. ‘നീതിമാന്മാരുടെ സഖ്യ'മാണ് പിന്നീട് കമ്യൂണിസ്റ്റ് ലീഗ്'ആയി മാറിയത്. 1847ൽ ലണ്ടനിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ രണ്ടാം കോൺഗ്രസ് മാർക്സിനെയും എംഗൽസിനെയും അതിന്റെ പരിപാടി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തി. അവർ പരിപാടി തയ്യാറാക്കി. അതാണ് വിശ്വവിഖ്യാതമായ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. മാർക്സിന്റെ പിതാവിന്റെ സ്വത്ത് വിറ്റുകിട്ടിയ പണംകൊണ്ട് പാർടിയുടെ മുഖപത്രം തുടങ്ങി. ഈ പത്രത്തിന്റെ സഹപത്രാധിപരായിരുന്നു എംഗൽസ്. ഇരുപത് ഭാഷ വശമായിരുന്നു എംഗൽസിന്. ‘‘എംഗൽസ് ഒരിക്കലും പൊറുക്കാത്ത ഒന്നുണ്ട്: വഞ്ചന. അവനവനോടും വിശേഷിച്ച് പാർടിയോടും വഞ്ചന കാട്ടുന്നവർ എംഗൽസിൽനിന്ന് ഒരു ദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ല. അവ അക്ഷന്തവ്യമായ അപരാധമായിട്ടാണ് അദ്ദേഹം കണ്ടിരുന്നത്’’–- എലിയനോർ തുടർന്നെഴുതി. തന്റെ കൃത്യാന്തര ബാഹുല്യത്തിനിടയിലും സുഹൃത്തുക്കൾക്കുവേണ്ടി എംഗൽസ് എപ്പോഴും സമയം കണ്ടെത്തിയിരുന്നുവെന്നും വേണ്ടപ്പോഴെല്ലാം അവർക്ക് ഉപദേശവും സഹായവും നൽകി. അപാരമായ പാണ്ഡിത്യവും സ്വാധീനശക്തിയും അദ്ദേഹത്തെ ഒരിക്കലും ഗർവിഷ്ഠനാക്കിയില്ല. മാർക്സിനെയും കുടുംബത്തെയും സഹായിക്കുന്നതിൽ എംഗൽസ് ജാഗരൂകനായിരുന്നു. മാർക്സും സഹധർമിണിയും മക്കളും പട്ടിണികൊണ്ടും രോഗംകൊണ്ടും കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴൊക്കെ എംഗൽസിന്റെ സഹായം എത്തി. 1883 മാർച്ച് 14ന് മാർക്സ് നിര്യാതനായി. മാർച്ച് 17ന് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ സംസ്കാരം നടന്നു. ആ വേളയിൽ എംഗൽസായിരുന്നു ചരമപ്രസംഗം നടത്തിയത്. ‘മൂലധന'ത്തിന്റെ ഒന്നാം വാല്യം’ മാർക്സിന്റെ ജീവിതകാലത്തുതന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞെങ്കിലും രണ്ടും മൂന്നും വാല്യം മാർക്സിന്റെ മരണശേഷം എംഗൽസാണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്. 1895 ആഗസ്ത് അഞ്ചിന് എംഗൽസ് അന്തരിച്ചു. ‘‘മാർക്സിന്റെ ജീവിതകാലത്ത് ഞാനൊരു രണ്ടാം ഫിഡിൽ ആയിരുന്നു. ഞാനതിൽ പ്രാഗൽഭ്യം നേടിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. മാർക്സിനെപ്പോലൊരു ഒന്നാം ഫിഡിൽ കിട്ടിയതിൽ ഞാൻ അതീവ സന്തുഷ്ടനാണ്’’ എന്ന് എംഗൽസ് കുറിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ ‘‘രണ്ടാം ഫിഡിൽ’’ ആണെന്നു തോന്നുമാറ് അതേ വിനയവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ മുഖമുദ്ര. ഈ പ്രത്യയശാസ്ത്രം യുഗയുഗാന്തരങ്ങളോളം നിലനിൽക്കുമെന്ന എംഗൽസിന്റെ പ്രവചനം അസ്ഥാനത്തല്ല. 125 വർഷത്തിനിടയ്ക്ക് മാർക്സിസം എന്ന ചലനാത്മകമായ പ്രത്യയശാസ്ത്രം സ്വാധീനിക്കാത്ത ഒരു മേഖലയുമില്ല. സാമ്രാജ്യത്വ ഭരണകൂടങ്ങളും കോർപറേറ്റ് കോടീശ്വരന്മാരും പ്രചാരകരും കൂടുതൽ കുഴപ്പങ്ങളിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. തങ്ങളെ ബാധിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മുതലാളിത്തം പിടിവള്ളി തേടി അലയുന്നതും എംഗൽസ് ദിനത്തിൽ നമുക്ക് വിസ്മരിക്കാനാകില്ല. മാർക്സ് എംഗൽസ് ആശയങ്ങൾക്ക് ലഭിച്ച പ്രശസ്തി ലോകത്തിൽ മറ്റൊരു പ്രത്യയശാസ്ത്രത്തിനും ലഭിച്ചിട്ടില്ല. ഇത്രയും വിമർശമേറ്റുവാങ്ങിയിട്ടുള്ള തത്വശാസ്ത്രവുമില്ല. ദരിദ്രനോടും പാവങ്ങളോടുമുള്ള പ്രതിബദ്ധതയാണ് ഈ ആശയങ്ങളുടെ കാതൽ. എതിരാളികൾ ഈ തത്വശാസ്ത്രത്തെയും അതിന്റെ പ്രോദ്ഘാടകരെയും അപഹസിച്ചിട്ടുള്ളത് വിവരണാതീതമാണ്. ആ ജനുസിൽപ്പെട്ട ഒരാളിന്റെ ജൽപ്പനമാണ് കഴിഞ്ഞദിവസവും നാം കേട്ടത്. മഹാമനീഷികളായ മാർക്സിനെയും എംഗൽസിനെയും അപഹസിക്കുകവഴി ഈ വിമർശകരുടെ സ്ഥാനം കൂപമണ്ഡൂകങ്ങൾക്കൊപ്പമാണെന്ന് അവർ തന്നെ തെളിയിച്ചിരിക്കുന്നു.

ദേശാഭിമാനി 5 Aug 2022 1:00 am

വിഭജനതന്ത്രം ; ബംഗാളിനേറ്റ മുറിവ്‌

സ്വാതന്ത്ര്യസമരം ശക്തിപ്പെട്ടതോടെ വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രം ബ്രിട്ടീഷുകാർ പരീക്ഷിച്ചു തുടങ്ങി. ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലുതും ജന​സം​ഖ്യ കൂ​ടിയ പ്ര​വി​ശ്യ​യു​മാ​യി​രു​ന്ന ബം​ഗാളിനെ വിഭജിക്കാനായിരുന്നു ആദ്യ നീക്കം. ഭ​ര​ണം സുഗ​മ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാനെന്നായിരുന്നു ഭാഷ്യം. 1904 ജനുവരിയിൽ വിഭജനം ഔദ്യോഗികമായി വിളംബരംചെയ്തു. ബം​ഗാ​ൾ അങ്ങനെ കി​ഴക്കൻ ബം​ഗാളും പ​ടി​ഞ്ഞാ​റൻ ബം​ഗാളുമായി. ഇ​ന്ന​ത്തെ പശ്ചിമബം​ഗാൾ, ബിഹാർ, ഒ​ഡി​ഷ എ​ന്നിവ ഉൾപ്പെട്ടതാ​യി​രു​ന്നു പ​ടി​ഞ്ഞാ​റൻ ബംഗാൾ. ഇ​പ്പോ​ഴ​ത്തെ അ​സം, ബം​ഗ്ലാ​ദേ​ശ് തുടങ്ങിയവ കി​ഴ​ക്കൻ ബം​ഗാളിലും. വിഭജനകാലത്തെ ജനസംഖ്യ 7.85 കോടി. 1905 ഒ​ക്ടോ​ബർ 16​ന് വി​ഭജനം നി​ല​വിൽ വ​ന്നു. ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തെ മതധ്രുവീകരണത്തിലൂടെ ദുർബലമാക്കുകയെന്ന ഗൂ​ഢ​ത​ന്ത്രം ഇ​തി​നു പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. ബി​പിൻ ച​ന്ദ്ര​പാൽ, സു​രേ​ന്ദ്ര​നാഥ ബാ​നർ​ജി, അ​ര​ബി​ന്ദ്ഘോ​ഷ് എ​ന്നി​വരുടെ നേതൃത്വത്തിൽ ജനങ്ങൾ പ്ര​ക്ഷോ​ഭത്തിനിറങ്ങി. 1905 ആ​ഗ​സ്ത് ഏഴിന് കൽ​ക്ക​ട്ട ടൗൺ ഹാ​ളിൽ വൻ സ​മ്മേ​ള​ന​ത്തോ​ടെ ബം​ഗാൾവി​ഭ​ജനവി​രു​ദ്ധ പ്ര​ക്ഷോ​ഭത്തിന് തുടക്കമിട്ടു. സ്വ​ദേ​ശി​ പ്ര​സ്ഥാ​ന​ത്തിന്റെ തുടക്കവും ഈ പ്രക്ഷോഭത്തിലായിരുന്നു. പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന ലാ​ലാ ല​ജ്പ​ത് റാ​യി​യെ നാ​ടു​ക​ടത്തി, ബാല ഗംഗാധര തി​ല​കി​നെ ബർ​മ​യി​ലെ ജ​യി​ലി​ല​ട​ച്ചു. അ​മർ സോ​ണാർ ബം​ഗ്ല ടാ​ഗോർ ഗീതം ആ​ല​പി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങൾ കൊൽ​ക്ക​ത്ത തെ​രു​വി​ലൂ​ടെ നീ​ങ്ങി. പി​ന്നീ​ട​ത് ബംഗ്ലാ​ദേ​ശി​ന്റെ ദേ​ശീയ ഗാ​ന​മാ​യി. പ്രക്ഷോഭഫലമായി ബംഗാളിനെ 1911-ൽ വീണ്ടും സംയോജിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വിഭജനത്തിനു പകരം ഭാഷാടിസ്ഥാനത്തിലാക്കി വിഭജനം. ഹിന്ദി, ഒറിയ, ആസാമീസ് മേഖലകൾ പ്രത്യേക ഭരണപ്രദേശങ്ങളായി. ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽനിന്ന് ഡൽഹിയിലേക്ക് മാറ്റി.

ദേശാഭിമാനി 5 Aug 2022 12:19 am

രക്തസാക്ഷി മാതംഗിനി ഹസ്റ

മഹാത്മാഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്താണ് മാതംഗിനി ഹസ്റ എന്ന ബംഗാൾ സ്വദേശി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി പ്രക്ഷോഭം നയിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് വീഴുമ്പോൾ മാതംഗിനിയുടെ വയസ്സ് എഴുപത്തിരണ്ടായിരുന്നു. 1870 ഒക്ടോബർ 19ന് ബംഗാളിലെ മിഡ്നാപുരിനു സമീപമുള്ള ഹൂഗ്ലിയിലായിരുന്നു ജനനം. സ്ത്രീകളെ സ്വാതന്ത്ര്യസമരത്തിൽ അണിനിരത്തുന്നതിൽ വലിയ പങ്കുവഹിച്ചു. നിസ്സഹകരണ സമരത്തിൽ ഭാഗമായി ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ചൗക്കിദാരി നികുതിക്കെതിരായുള്ള സമരത്തിൽ ആറു മാസം തടവിന് ശിക്ഷിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആഹ്വാനപ്രകാരം 1942 സെപ്തംബർ 29ന് മിഡ്നാപുരിലെ താംലൂക്ക് പൊലീസ് സ്റ്റേഷനിലേക്ക് വൻതോതിൽ സ്ത്രീകളെ അണിനിരത്തി മാതംഗിനിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഇതിനുനേരെ പൊലീസ് വെടിയുതിർത്തു. വെടിയേറ്റിട്ടും ജനങ്ങളെ വെടിവയ്ക്കരുതെന്ന അഭ്യർഥനയുമായി മുന്നോട്ട് നീങ്ങിയ മാതംഗിനിയുടെ ശരീരത്തിൽ വീണ്ടും വെടിയുണ്ടകൾ തുളഞ്ഞു കയറി. ത്രിവർണപതാക കൈയിൽ പിടിച്ച് വന്ദേമാതരം പാടിയാണ് ആ വീര വനിത സമരഭൂമിയിൽ മരിച്ചു വീണത്.

ദേശാഭിമാനി 5 Aug 2022 12:18 am

കാരുണ്യത്തിന്റെ കൈയൊപ്പ്‌ ; കെയർഹോം

കനത്ത മഴയിലും കാറ്റിലും വീട് അപ്പാടെ നിലംപൊത്തിയതോടെ തകർന്നുപോയതായിരുന്നു കുമാരപുരം സ്വദേശി സിദ്ധാർഥനും ഭാര്യ കുമാരി തങ്കവും. മണ്ണോട്ചേർന്ന ആ വീടിന് പകരം അതുപോലൊന്ന് കെട്ടിപ്പടുക്കാനാകുമോ എന്ന ചിന്ത വല്ലാതെ അസ്വസ്ഥരാക്കി. എന്നാൽ, അതേപോലൊരുമഴയിൽ നാടിനെയാകെ സാക്ഷിയാക്കി 2020 ജൂലൈയിൽ അന്നത്തെ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സിദ്ധാർഥനും തങ്കത്തിനുമായി മറ്റൊരു താക്കോൽ കൈമാറി. സഹകരണ വകുപ്പ് ആവിഷ്കരിച്ച ‘കെയർ ഹോം’ പദ്ധതിയിൽ പൂർത്തിയാക്കിയ രണ്ടായിരാമത്തെ വീടിന്റെ താക്കോലായിരുന്നു അത്. നാടാകെ പകച്ചുപോയ 2018ലെ മഹാപ്രളയം സംസ്ഥാനത്ത് ആയിരങ്ങളുടെ കിടപ്പാടം ഇല്ലാതാക്കി. എന്നാൽ, പതറിനിൽക്കാതെ കേരളത്തിലെ സഹകരണ മേഖല ഉണർന്നുപ്രവർത്തിച്ചു. ജനങ്ങൾക്ക് തണലൊരുക്കാൻ മുന്നോട്ടുവന്നു. 1500 വീട് നിർമിച്ചു നൽകാനാണ് ലക്ഷ്യമിട്ടതെങ്കിലും കൂടുതൽ സഹകരണ സംഘങ്ങൾ ദൗത്യം ഏറ്റെടുത്തതോടെ 2092 വീടാണ് ആദ്യഘട്ടത്തിൽ നിർമിച്ചു കൈമാറിയത്. രണ്ടാംഘട്ടത്തിലാകട്ടെ, എല്ലാ ജില്ലയിലും മുപ്പതും നാൽപ്പതും വീടുകൾ ഉൾക്കൊള്ളുന്ന ഭവന സമുച്ചയങ്ങൾ നിർമിക്കുന്ന പദ്ധതിക്കും തുടക്കമായി. തൃശൂർ ജില്ലയിലെ പഴയന്നൂർ പഞ്ചായത്തിൽ 40 കുടുംബത്തിനുള്ള ഭവന സമുച്ചയം നിർമിച്ച് കൈമാറി. സഹകരണ സംഘങ്ങളുടെ ലാഭവിഹിതം, ഡയറക്ടർമാരുടെ സിറ്റിങ് ഫീസ്, ഓണറേറിയം എന്നിവയും ജീവനക്കാരുടെ ശമ്പളത്തിലെ ഓഹരിയും നീക്കിവച്ചാണ് ‘കെയർ ഹോം’ പദ്ധതിക്കായി ഫണ്ട് സ്വരൂപിച്ചത്. സംസ്ഥാനത്തെ ആയിരത്തോളം സംഘങ്ങൾ പദ്ധതി ഏറ്റെടുത്തു. 500 ചതുരശ്രയടിയിൽ കുറയാത്ത മനോഹര വീടുകളാണ് നിർമിച്ചു നൽകിയതെല്ലാം. അഞ്ചുലക്ഷം രൂപയുടെ വീടാണ് ലക്ഷ്യമിട്ടതെങ്കിലും ആറും ഏഴും പത്തും ലക്ഷംവരെ ചെലവഴിച്ചുള്ള വീടുകളാണ് കൈമാറിയവയിൽ പലതും. രണ്ടാംഘട്ട ഭവനസമുച്ചയത്തിൽ ഓരോന്നിലും 450 മുതൽ 500 വരെ ചതുരശ്രയടിവരെയുള്ള 30 മുതൽ 40വരെ ഭവനങ്ങളാണ് ഉണ്ടാകുക. പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് കുട്ടികളുടെ കളിസ്ഥലം, അങ്കണവാടി, മീറ്റിങ് ഹാൾ, വായനശാല, മാലിന്യസംസ്കരണ സൗകര്യം, പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കും. കരുതലും സാന്ത്വനവുമേകി ‘ഇ എം എസ് ’ നവകേരള ശിൽപ്പിയുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ആതുരാലയമൊരുങ്ങുമ്പോൾ, അതിൽ സാന്ത്വനവും കരുതലുമല്ലാതെ മറ്റൊരു ലക്ഷ്യമില്ല. സഹകരണ മേഖലയിലെ ഏറ്റവും വലിയ മൾട്ടി ഡിസിപ്ലിനറി സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രിയായി മലബാറിൽ തലയുയർത്തി നിൽക്കുന്ന പെരിന്തൽമണ്ണ ഇ എം എസ് സ്മാരക സഹകരണ ആശുപത്രിതേടി വിദേശത്തുനിന്നുപോലും ചികിത്സയ്ക്ക് ആളുകളെത്തുന്നു. ഇന്ത്യയിൽ എൻഎബിഎച്ച് അക്രഡിറ്റേഷൻ ലഭിച്ച ആദ്യ സഹകരണ ആശുപത്രിയുമാണിത്. 1998 നവംബർ ഒന്നിന് അഞ്ച് മെഡിക്കൽ വിഭാഗവും 50 കിടക്കയുമായി 50 ലക്ഷം രൂപ ഓഹരി മൂലധനത്തോടെയായിരുന്നു തുടക്കം. ഇന്ന് 30,000ൽ അധികം അംഗങ്ങളും 100 കോടിയിലധികം ഓഹരിമൂലധനവുമുണ്ട്. രണ്ടരലക്ഷം ചതുരശ്രയടി വിസ്താരത്തിലുള്ള ആശുപത്രി കെട്ടിടത്തിൽ 500 കിടക്കയുണ്ട്. 100 കോടി രൂപ മുടക്കിൽ 10 നിലയിലായുള്ള കെട്ടിടം ഒരുങ്ങുന്നുണ്ട്. 30 ചികിത്സാവിഭാഗവുമുണ്ട്. അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറയ്ക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിച്ചപ്പോൾ പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രി മുഖാന്തരമാണ് നടപ്പാക്കിയത്. ശിശുമരണനിരക്ക് കുറയ്ക്കാൻ ഈ ഇടപെടലുകളിലൂടെയായി. നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലെ മാനേജ്മെന്റ് സീറ്റിൽ പ്രവേശനത്തിന് സ്വകാര്യ സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ സംഭാവന വാങ്ങുമ്പോൾ പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയുടെ നഴ്സിങ് കോളേജിൽ ഗവ. നിശ്ചയിച്ച ഫീസു മതി. മെറിറ്റുമാത്രമാണ് മാനദണ്ഡം. ആശുപത്രിയോടനുബന്ധിച്ചുള്ള ഇ എം എസ് മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറിലേറെ വൃക്ക രോഗികൾക്ക് സ്ഥിരമായി ഡയാലിസിസ് ചെയ്തുനൽകുന്നു. 2008ൽ ട്രസ്റ്റ് നടപ്പാക്കിയ ഹാർട്ട് ഫൗണ്ടേഷൻ മുഖേന നിർധനരായ നൂറോളം രോഗികളെ സൗജന്യമായി ഹൃദയശസ്ത്രക്രിയക്കു വിധേയരാക്കി. എൻ എസ് അന്നും ഇന്നും എന്നും സഹകരണമേഖലയിൽ രാജ്യത്തെ ആദ്യ ‘ഹെൽത്ത് സിറ്റി’യാണ് കൊല്ലം എൻ എസ് ആശുപത്രി. അതിനൊപ്പം എൻ എസ് ആയുർവേദ ആശുപത്രി, എൻ എസ് നഴ്സിങ് കോളേജ്, എൻ എസ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്, എൻ എസ് ഡ്രഗ്സ് ആൻഡ് സർജിക്കൽസ് എന്നീ അനുബന്ധസ്ഥാപനങ്ങളുമുണ്ട്. എൻ എസ് ജെറിയാട്രിക് സെന്റർ, എൻ എസ് അപ്പാർട്ട്മെന്റ്സ്, എൻ എസ് ക്യാൻസർ സെന്റർ എന്നിവകൂടി യാഥാർഥ്യമാകുന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ ഹബ്ബായി മാറും എൻ എസ്. 2006ലാണ് ആശുപത്രി ആരംഭിച്ചത്. ചേർത്തുപറയേണ്ടതാണ് പത്തനാപുരത്തിന്റെ ഇ എം എസ് സഹകരണ ആശുപത്രി. 2019 ജൂണിൽ പ്രവർത്തനം തുടങ്ങിയ ആശുപത്രി വികസനം തുടരുകയാണ്. കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് മലയോരമേഖലയിലെ ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ 52 കോടി രൂപ മുതൽമുടക്കിൽ യാഥാർഥ്യമാക്കുന്ന കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (കിംസാറ്റ്) മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിർമാണവും പൂർത്തീകരണഘട്ടത്തിലാണ്. കടയ്ക്കലിനെയും കുമ്മിളിനെയും തരിശുരഹിതമാക്കാനുള്ള കനക കതിർ, ഗുരുതര രോഗബാധിതരെ സഹായിക്കുന്ന കനിവ് ചികിത്സാ ധനസഹായം, വിഷരഹിത പച്ചക്കറി ഉറപ്പാക്കുന്ന നാട്ടുപച്ച, ക്ഷീര കർഷകർക്കായുള്ള ക്ഷീരസാഗരം, ഗൃഹോപകരണ വിൽപ്പനശാല ഗൃഹലക്ഷ്മി ഷോറൂം എന്നിവയും ബാങ്കിന്റെ സേവനങ്ങളിലുണ്ട്.

ദേശാഭിമാനി 4 Aug 2022 1:00 am

മോദിക്കെതിരെ ഉയരുമോ കോൺഗ്രസിന്റെ കരിങ്കൊടി - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

കരിങ്കൊടി മറവിലെ കോൺഗ്രസിന്റെ അക്രമസംഭവങ്ങൾ കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. കരിങ്കൊടി പ്രകടനം ജനാധിപത്യത്തിലെ ഒരു സമരമുറയാണെന്നാണ് അതിന്റെ നേതാക്കൾ പറയുന്നത്. എന്നാൽ, അത് ജനാധിപത്യപരമോ ജനാധിപത്യാഭാസപരമോ ആകാം. അതിന് ചരിത്രത്തിൽത്തന്നെ നിരവധി തെളിവുണ്ട്. ‘സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കരിങ്കൊടി പ്രകടനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ, സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ അവഹേളിക്കാനുള്ള കരിങ്കൊടി പരിപാടികളുമുണ്ടായിട്ടുണ്ട്. ബ്രിട്ടീഷുകാർക്കും അവരുടെ ശിങ്കിടി രാജഭരണക്കാർക്കും വേണ്ടി ‘കരിങ്കൊടി സമരങ്ങൾ’ നടന്നിട്ടുണ്ട്. അതിന് തിരുവനന്തപുരവും സാക്ഷിയാണ്. സ്വാതന്ത്ര്യസമരം ശക്തിപ്പെടുത്താൻ ഉത്തരവാദിത്വ ഭരണ പ്രക്ഷോഭം ആവശ്യമാണെന്ന നിലപാട് എഴുത്തുകാരനും പോരാളിയുമായ എ നാരായണപിള്ള സ്വീകരിച്ചു. അതിനുവേണ്ടി പത്രങ്ങളിൽ ലേഖനം എഴുതിയ അദ്ദേഹത്തെ തുറുങ്കിലടയ്ക്കാൻ പ്രോസിക്യൂഷൻ നടപടിക്ക് തിരുവിതാംകൂർ സർക്കാരും സർ സി പിയും തയ്യാറായി. അപ്പോൾ നാരായണപിള്ളയ്ക്ക് കോടതിയിൽ കേസ് വാദിക്കാൻ പുറംനാട്ടിലെ പ്രഗത്ഭ വക്കീലായ കെ എഫ് നരിമാനെ കൊണ്ടുവരാൻ സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിൽ ഡിഫൻസ് കമ്മിറ്റി നടപടിയെടുത്തു. അതിൽ അരിശംപൂണ്ട സർ സി പി കൂലിക്ക് ആളെ ഇറക്കിയും ചോറ്റുപട്ടാളത്തെ ഇറക്കിയും വിമാനത്താവളത്തിൽ നരിമാനെതിരെ കരിങ്കൊടി പ്രകടനം സംഘടിപ്പിച്ചു. പക്ഷേ, പിന്നീട് കമ്യൂണിസ്റ്റ് നേതാവായി മാറിയ അന്നത്തെ സ്റ്റേറ്റ് കോൺഗ്രസ് നേതാവ് പി ടി പുന്നൂസിന്റെ നേതൃത്വത്തിലുള്ള ജനകീയ സമരക്കാർ ശക്തമായ പ്രതിഷേധവും പ്രതിരോധവും തീർത്തപ്പോൾ കൂലിപ്പട പമ്പകടന്നു. ഇതേപ്പറ്റി ചരിത്രകാരനായ മാധ്യമപ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ മാതൃഭൂമിയിൽ കഴിഞ്ഞൊരുദിവസം എഴുതിയിട്ടുണ്ട്. സ്വതന്ത്ര്യത്തിനും ജനാധിപത്യത്തിനും ചില കരിങ്കൊടി പ്രകടനങ്ങൾ എങ്ങനെ അവഹേളനമാകുന്നു എന്നതിന് ഉദാഹരണമാണ് സർ സി പിയുടെ ചോറ്റുപട്ടാളത്തിന്റെ ആഭാസസമരം. അതിന്റെ അഭിനവരൂപമാണ് ജനാധിപത്യ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന കോൺഗ്രസിന്റെ അക്രമാസക്തമായ പ്രാകൃത കരിങ്കൊടി സമരാഭാസം. ജൂലൈ 29ന് കാക്കനാട്ട് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് പൊലീസ് വലയം ഭേദിച്ച് ചാടിവീണ് മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹം ഇരുന്ന ഭാഗത്തെ ഗ്ലാസ് അടിച്ചുപൊട്ടിക്കാൻ തുനിഞ്ഞ ക്രിമിനൽ നടപടിയെ ജനാധിപത്യസമരം എന്ന് ആർക്കാണ് വിശേഷിപ്പിക്കാനാകുക. ‘അതിരുകടന്ന്’ എന്ന ക്യാച്ച് വേഡ് നൽകിയെങ്കിലും ‘മനോരമ’ കൗശലപൂർവമാണ് ചിത്രം കൊടുത്തത്. മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ല് തകർക്കാൻ ശ്രമിക്കുന്ന ഫോട്ടോ അല്ല കരിങ്കൊടി പിടിച്ചിരിക്കുന്നതിന്റെ ദൃശ്യമാണ് നൽകിയത്. എന്നാൽ, കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ കാറിലിടിച്ച് പ്രതിഷേധം എന്ന തലക്കെട്ടിൽ ചിത്രങ്ങളുമായി ‘മാതൃഭൂമി’ സമീപസമയത്തെ പതിവിനു വിരുദ്ധമായി വാർത്ത നൽകി. മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് ചില്ല് അടിച്ചുപൊട്ടിക്കാൻ ശ്രമിച്ച അക്രമി പോക്സോ അടക്കം ഇരുപതോളം കേസിലെ പ്രതിയാണ്. സോണി ജോർജ് എന്ന ഇയാളുടെ മേലങ്കി യൂത്ത് കോൺഗ്രസ് നേതാവ് എന്നതാണ്. ഇതുപോലെ ഒരു സംഭവം പ്രധാനമന്ത്രിക്കോ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കോ എതിരെ ആയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഭരണനടപടിയും തുടർനടപടിയും എന്താകുമായിരുന്നെന്ന് ഊഹിക്കുക. കാക്കനാട് സംഭവത്തിന്റെ അടുത്തനാൾ മുഖ്യമന്ത്രി മനോരമ ന്യൂസിന്റെ കോൺക്ലേവ് തൃശൂരിൽ എത്തി ഉദ്ഘാടനം ചെയ്തിരുന്നു. അതിൽ ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമായി ഉയർന്നു. അതിനെ ആസ്പദമാക്കി ‘മനോരമ’ പത്രം അടുത്തദിവസം മുഖപ്രസംഗം എഴുതിയത് ഉചിതമായ കാര്യം. ഭരണഘടനാമൂല്യ സംരക്ഷണത്തിൽ ജനാധിപത്യമൂല്യ സംരക്ഷണം ഉൾച്ചേർന്നിട്ടുണ്ട്. ഭരണഘടന വ്യവസ്ഥപ്രകാരം അഞ്ചുവർഷത്തിലൊരിക്കൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നൽകി ജനങ്ങൾ അധികാരത്തിലേറ്റിയതാണ് എൽഡിഎഫ് പ്രതിനിധിയായ മുഖ്യമന്ത്രി പിണറായി വിജയനെ. അദ്ദേഹം ഒരു മുന്നണിയുടെയും കക്ഷിയുടെയും നേതാവാണെങ്കിലും കേരളത്തിന്റെയാകെ മുഖ്യമന്ത്രിയാണ്. ആ ഭരണാധികാരിയെ കാറിലാകട്ടെ, വിമാനത്തിലാകട്ടെ സഞ്ചരിക്കാൻ സമ്മതിക്കില്ലെന്നും ആക്രമിക്കുമെന്നും വന്നാൽ അത് ജനാധിപത്യത്തിന്റെ ‘ലക്ഷ്മണരേഖ’ ലംഘിക്കലാണ്. ഇത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കലാണ്. അതിൽ പ്രതികരിച്ച് ,മുഖ്യമന്ത്രിക്കെതിരായ അക്രമസമര പേക്കൂത്ത് അവസാനിപ്പിക്കാൻ എന്തേ, ‘മനോരമാദി’കൾക്ക് മുഖപ്രസംഗം എഴുതാനാകുന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നെഹ്റുവിന്റെ ഭരണകാലംമുതൽ കരിങ്കൊടി പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാഷാ സംസ്ഥാന പ്രക്ഷോഭത്തിന്റെ സമയത്ത്, മദിരാശിയിൽ നെഹ്റു എത്തിയപ്പോൾ നേതാക്കൾ ഉൾപ്പെടെയുള്ള സമരക്കാർ മൈതാനത്ത് കൂട്ടംകൂടി കരിങ്കൊടി ഉയർത്തിപ്പിടിച്ചു. നെഹ്റുവിനെ ആക്രമിക്കാൻ ചെന്നില്ല. അത്തരം സമരരീതിയല്ല ഇവിടെ കാണുന്നത്. ഒരുവശത്ത് കോൺഗ്രസും കൂട്ടരും അരാജകസമരം നടത്തുമ്പോൾ മറുപുറത്ത് കേന്ദ്രഭരണവും സംഘപരിവാറും കേരള സർക്കാരിനെ പ്രവർത്തിക്കാൻ സമ്മതിക്കില്ല എന്ന ദൃഢനിശ്ചയത്തിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് കിഫ്ബിയെയും വിവിധ ക്ഷേമപദ്ധതികളെയും വരിഞ്ഞുമുറുക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെയും മറ്റു ഭരണസംവിധാനങ്ങളെയും ഇറക്കിവിട്ടിരിക്കുന്നത്. ഇങ്ങനെ കേരളം നശിച്ചാലും വേണ്ടില്ല, കേരളീയർ കഷ്ടപ്പെട്ടാലും വേണ്ടില്ല പിണറായി ഭരണം പോയാൽ മതി എന്ന ചിന്തയിലാണ് കോൺഗ്രസും ബിജെപിയും നയിക്കുന്ന പ്രതിപക്ഷങ്ങൾ. ഇത് ‘മകൻ ചത്തിട്ടാണേലും മരുമകളുടെ കണ്ണീര് കണ്ടാൽ മതി’ എന്ന ചീത്ത ചിന്തയാണ്. എൽഡിഎഫ് സർക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കിൽ അതിൽ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എൽഡിഎഫ് സർക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ല. പത്രപ്രവർത്തകനെ കാറിടിച്ചുകൊന്ന കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിർബന്ധിച്ചതിനാലാണ് സർവീസിൽ തിരിച്ചെടുത്തത്. പിന്നീട് സർവീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ കലക്ടറാക്കി. എന്നാൽ, അതിൽ പൗരസമൂഹത്തിൽ എതിർപ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സർക്കാർ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എൽഡിഎഫ് സർക്കാരിന് ഇല്ലെന്നതാണ്. എന്നാൽ, രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങൾക്കു മുന്നിൽ ഈ സർക്കാർ മുട്ടുമടക്കുകയുമില്ല.കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്ക് എതിരെകോൺഗ്രസ് നടത്തുന്ന സമരത്തിൽ ഒരു ന്യായവുമില്ല. രണ്ടു കാര്യങ്ങൾ കൊണ്ട് ഇക്കാര്യം വ്യക്തമാണ്. (ഒന്ന്) കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന സമരരീതി തികച്ചും ജനാധിപത്യവിരുദ്ധമാണ്. മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ മൂന്ന് ക്രിമിനലുകളെ കോൺഗ്രസ്– യൂത്ത് കോൺഗ്രസ് നേതൃത്വം ഗൂഢാലോചന നടത്തി ‘അക്രമസംഭവം’ സൃഷ്ടിക്കാൻ നിയോഗിച്ചതുമുതൽ കാക്കനാട് സംഭവംവരെ ഏറ്റവും പ്രാകൃതമായ സമരമുറകളാണ്. വിമാനത്തിൽ കയറിയവർ ഇരിപ്പിടത്തിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നില്ല. മുഖ്യമന്ത്രിയെ ലക്ഷ്യംവച്ച് പാഞ്ഞു ചെല്ലുകയായിരുന്നില്ലേ. ഉദ്ദേശ്യം സമാധാനപരമായിരുന്നെങ്കിൽ ആ രീതി അവലംബിക്കില്ലായിരുന്നു. ഇത്തരം അരാജകത്വ സമരമുറകൾ ജനാധിപത്യം നിലനിൽക്കുന്ന ഒരു നാടിന് യോജിച്ചതല്ല. (രണ്ട്) കരിങ്കൊടി സമരത്തിന് ഉയർത്തുന്ന മുദ്രാവാക്യത്തിന്റെ അർഥശൂന്യതയാണ് മറ്റൊരു ഘടകം. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറ്റുപിടിച്ച് മുഖ്യമന്ത്രിക്കും മറ്റും എതിരെ കരിങ്കൊടി കാട്ടുന്നത് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്ന അംഗീകൃത സമരമാർഗമാണോ? അങ്ങനെയെങ്കിൽ എന്തേ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ ഈ കറുത്തകൊടി ഉയരുന്നില്ല. മുഖ്യമന്ത്രി വ്യക്തിപരമായോ പദവി ഉപയോഗിച്ചോ ഒരു അഴിമതിയും നടത്തിയിട്ടില്ല. നിയമസഭ– തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷവും അവരെ പിന്തുണച്ച മാധ്യമങ്ങളും പ്രചരിപ്പിച്ച എൽഡിഎഫ് സർക്കാർ വിരുദ്ധ ആക്ഷേപങ്ങൾ ജനങ്ങൾ തള്ളി. എന്നാൽ, മോദിക്കും കേന്ദ്ര മന്ത്രിമാർക്കും എതിരെ റഫേൽ വിമാന ഇടപാടുമുതൽ പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ ക്രമക്കേടും പെഗാസസുംവരെ പലവിധ ആക്ഷേപങ്ങൾ നിലനിൽക്കുന്നു. ചിലതെല്ലാം കോടതിയുടെ പരിഗണനയിലുമാണ്. അതുപോലെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരെ ഉൾപ്പെടെ ഇഡിയെ ദുരുപയോഗിച്ച് മോദി ഭരണം പീഡിപ്പിക്കുന്നു എന്ന് കോൺഗ്രസുതന്നെ പരാതിപ്പെടുന്നു. എന്നിട്ടും മോദിക്കെതിരെ കോൺഗ്രസ് എന്തേ കരിങ്കൊടി കാട്ടാത്തത്. കരിങ്കൊടി മറവിൽ കുഴപ്പമുണ്ടാക്കൽ ജനാധിപത്യ സമരരീതിയാണെങ്കിൽ മോദിക്ക് എതിരെയല്ലേ കോൺഗ്രസ് നേതാക്കളേ നിങ്ങൾ ആദ്യം പ്രതിഷേധിക്കേണ്ടത്. മോദിക്കുനേരെ ഉയർത്താത്ത കരിങ്കൊടിയാണ് പിണറായിക്കുനേരെ പിടിക്കുന്നത്. അതിൽ തെളിയുന്നത് കോൺഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയും ജനാധിപത്യനിഷേധവുമാണ്. അതിനൊപ്പം എൽഡിഎഫ് വിരുദ്ധതയിൽ കേരളത്തിലെ കോൺഗ്രസും മോദിഭരണക്കാരും തമ്മിലുള്ള ഒക്കച്ചങ്ങാതി നയവും.

ദേശാഭിമാനി 4 Aug 2022 1:00 am

ഇന്ത്യക്കാരില്ലാത്ത സൈമൺ കമീഷൻ

1919ൽ നടപ്പാക്കിയ ​മൊ​ണ്ടേ​ഗു ചെംസ്ഫോ​ർ​ഡ് പ​രി​ഷ്കാ​ര​ങ്ങളെ​ക്കു​റി​ച്ച് പഠിക്കാൻ ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ നി​യ​മി​ച്ച ഏ​ഴം​ഗ കമീ​ഷ​നാ​ണ് സൈ​മ​ൺ കമീ​ഷൻ. മൊ​ണ്ടേ​ഗു ചെം​സ്ഫോ​ർ​ഡ് പരിഷ്കാരം നടപ്പാക്കിയത് ഇന്ത്യൻ ജനതയെ തൃപ്തിപ്പെടുത്തിയില്ല. ഗാന്ധിജിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അയഞ്ഞ സമീപനം സ്വീകരിച്ചപ്പോൾ, വിപ്ലവപ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടു. പ്രക്ഷോഭങ്ങളെ തണുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1927ൽ ​സൈമൺ കമീഷനെ നിയമിക്കുന്നത്. ജോ​ൺ സൈമൺ നേതൃത്വം നൽകിയ കമീഷനിൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ക്ലെമ​ന്റ് ആറ്റ്ലിയും അം​ഗ​മാ​യി​രു​ന്നു. എ​ന്നാ​ൽ, കമീഷനിൽ ഒരു ഇന്ത്യക്കാരനെപ്പോലും ഉൾപ്പെടുത്തിയില്ല. ഇ​ത് ഇ​ന്ത്യ​ക്കാ​രെ പ്ര​കോ​പി​ത​രാ​ക്കി. ബഹിഷ്കരണം 1927 ഡിസംബറിൽ മദ്രാസിൽ ചേർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യോഗം കമീഷനെ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. മുസ്ലിംലീഗും കമീഷൻ ബഹിഷ്കരിക്കാൻ തീരുമാനിച്ചു. ക​മീഷ​ൻ 1928 ഫെ​ബ്രു​വ​രി മൂ​ന്നിന് ഇ​ന്ത്യ​യി​ലെ​ത്തി. കമീഷൻ ബോംബെയിൽ എത്തിയ നാലി-ന് അ​ഖി​ലേ​ന്ത്യ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. യൂ​സ​ഫ് മെ​ഹ്ലി ​രൂ​പം കൊ​ടുത്ത ‘സൈ​മ​ൺ ഗോ ​ബാ​ക്ക്’ എ​ന്ന മു​ദ്രാവാ​ക്യം ഉ​യ​ർ​ത്തി​യായിരുന്നു ജന​കീ​യ പ്ര​ക്ഷോ​ഭം. പൊലീസ് കൊടിയ മർദനം അഴിച്ചുവിട്ടു. 1928 ഒക്ടോബർ 30ന് ലാഹോറിലെത്തിയ കമീഷനെ എതിരേറ്റത് ലാ​ലാ​ ല​ജ്പ​ത് റാ​യിയുടെ നേതൃത്വത്തിലുള്ള വലിയ പ്രതിഷേധമാണ്. കമീഷന് വഴിയൊരുക്കാൻ സൂപ്രണ്ട് ജെയിംസ് സ്കോട്ടിന്റെ നേതൃത്വത്തിൽ ലാത്തിച്ചാർജ് നടത്തി. തന്റെ ശരീരത്തിൽ പതിച്ച ഓരോ അടിയും ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണികളാണെന്ന് റാ​യ് പ്രഖ്യാപിച്ചു. മർദനത്തിൽ തലയ്ക്ക് പരിക്കേറ്റ റാ​യ് രണ്ടാഴ്ചയ്ക്കുശേഷം നവംബർ 17ന് മരിച്ചു. നെഹ്റു കമ്മിറ്റി റിപ്പോർട്ട് ‘ഇന്ത്യയിലെ ജനങ്ങൾ പൊതുവെ അംഗീകരിക്കുന്ന ഭരണഘടനയ്ക്ക് രൂപം നൽകാൻ ഇന്ത്യക്കാർക്ക് കഴിയുമെന്ന് തെളിയിക്കട്ടെ' എന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് സെക്രട്ടറിയായിരുന്ന ബെർക്കർ ഹെഡ് പരിഹസിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്ത് കോൺഗ്രസ് സമ്മേളനം റിപ്പോർട്ട് തയ്യാറാക്കാൻ തീരുമാനിച്ചു. മോത്തിലാൽ നെഹ്റു ചെയർമാനും ജവാഹർലാൽ നെഹ്റു സെക്രട്ടറിയും സർ അലി ഇമാം, തേജ് ബഹാദൂർ സപ്രു, സുഭാഷ്ചന്ദ്ര ബോസ്, എം ആർ ജയ്കർ, ആനി ബെസന്റ് എന്നിവർ അംഗങ്ങളുമായി കമ്മിറ്റിയെ ചുമതലപ്പെടുത്തി. സൈമൺ കമീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമുമ്പേ നെഹ്റു കമ്മിറ്റി റിപ്പോർട്ട് നൽകി. പൂർണ സ്വാതന്ത്ര്യമോ റിപ്പബ്ലിക്കോ ഈ റിപ്പോർട്ടിന്റെ ഭാഗമായില്ല. സൈമൺ ക​മീ​ഷ​ൻ 1929 മാ​ർ​ച്ച് മൂ​ന്നി​ന് തി​രി​ച്ചുപോ​യി. 1929 ഡിസംബറിൽ ലാഹോറിലെ കോൺഗ്രസ് സമ്മേളനത്തിൽവച്ച് പൂർണ സ്വരാജ് പ്രമേയം പാസാക്കി.1930 ജനുവരി 26ന് പൂർണ സ്വരാജ് പ്രഖ്യാപിച്ചു. ഇതിനുശേഷമാണ് സൈമൺ കമീഷൻ രണ്ടു ഭാഗമുള്ള റിപ്പോർട്ട് 1930 മേയിൽ പ്രസിദ്ധീകരിച്ചത്. പ്രവിശ്യകളിൽ രാജാധിപത്യം നിർത്തലാക്കാനും പ്രതിനിധി സർക്കാർ സ്ഥാപിക്കാനും അത് നിർദേശിച്ചു. സൈമൺ കമീഷന്റെ ഫലമാണ് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്. അത് ഇന്ത്യയിൽ പ്രവിശ്യാ തലത്തിൽ ഉത്തരവാദിത്വമുള്ള’ സർക്കാരിനുവേണ്ടി ആഹ്വാനം ചെയ്തു. കമീഷൻ അംഗങ്ങൾ ജോൺ സൈമൺ ക്ലെമന്റ് ആറ്റ്ലി ഹാരി ലെവി-ലോസൺ എഡ്വേർഡ് കാഡോഗൻ വെർനോൺ ഹാർട്ട്ഷോൺ ജോർജ് ലെയ്ൻ-ഫോക്സ് ഡൊണാൾഡ് ഹോവാർഡ്

ദേശാഭിമാനി 4 Aug 2022 1:00 am

ഹെൽഫയർ മിസൈൽ 
‘നിശബ്‌ദ കൊലയാളി’

കാബൂൾ അൽ ഖായ്ദ മേധാവി അയ്മൻ അൽ സവാഹിരിയെ വധിക്കാൻ അമേരിക്ക ഉപയോഗിച്ചത് ‘ഹെൽഫയർ ആർ 9 എക്സ്’ മിസൈലെന്ന് റിപ്പോർട്ട്. 2017ൽ അൽ ഖായ്ദ ഉന്നതൻ അഹമ്മദ് ഹസൻ അബു ഖയ്മർ അൽ മസ്രിയെയും ഇതേ മിസൈൽ ഉപയോഗിച്ച് വധിച്ചിരുന്നു. ഹെൽഫയർ മിസൈലുകളിൽ ബ്ലേഡ് ഘടിപ്പിച്ച് പരിഷ്കരിച്ച പതിപ്പാണ് ആർ 9 എക്സ്. ആറ് ബ്ലേഡുകളാണ് ഘടിപ്പിക്കുക. ഡ്രോണുകളിൽനിന്നോ ഹെലികോപ്ടറുകളിൽനിന്നോ വിക്ഷേപിക്കാം. ലക്ഷ്യത്തിന് തൊട്ടടുത്തെത്തുമ്പോൾ മാത്രം ബ്ലേഡ് വിടർത്തും. പരിസരത്തുള്ളവരെ അപായപ്പെടുത്താതെ ലക്ഷ്യമിട്ടയാളെ മാത്രം അരിഞ്ഞുവീഴ്ത്തും. അഞ്ചടി നീളവും 47 കിലോ ഭാരവുമുള്ള മിസൈലുകൾ നിൻജ ബോംബ്, പറക്കും ഗിൻസു എന്നീ പേരുകളിലും അറിയപ്പെടുന്നു. സവാഹിരിക്കൊപ്പം വീട്ടിലുണ്ടായിരുന്ന മറ്റാർക്കും പരിക്കേറ്റിരുന്നില്ല. കെട്ടിടത്തിൽ ഒരു ജനലിനൊഴികെ കേടുപാടും ഉണ്ടായില്ല.

ദേശാഭിമാനി 3 Aug 2022 11:36 pm

കഥയുടെ രാഷ്ട്രീയം...; എം സ്വരാജ് എഴുതുന്നു

കഥയുടെ രാഷ്ട്രീയം എന്ന വിഷയത്തെ സമീപിക്കുമ്പോൾ തന്നെ ‘എന്താണ് രാഷ്ട്രീയം?' എന്ന ചോദ്യം ഉയരുന്നുണ്ട്. ‘രാഷ്ട്രീയം' എന്ന വാക്കിന് പൊതുവിൽ എല്ലാവരും ഉപയോഗിച്ച് കാണുന്ന ഒരു നിർവചനം ഒറ്റവാക്കിൽ ‘രാഷ്ട്രസംബന്ധിയായത്' എന്നൊക്കെയാണ്. രാഷ്ട്രത്തിന്റെയോ ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ടത് എന്നൊക്കെയുളള നിർവചനം ആധികാരികമെന്നതുപോലെ പലയിടത്തുനിന്നും വായിച്ചെടുക്കാനാകും. പക്ഷേ, അതൊരു സാമ്പ്രദായിക നിർവചനമാണ്. ഡിക്ഷണറികൾ നമുക്കെപ്പോഴും നൽകുക അത്തരം നിർവചനങ്ങളാണ്. എന്നാൽ സാമ്പ്രദായികമായ നിർവചനങ്ങൾക്ക്, വാക്കുകളുടെ അർഥങ്ങൾക്ക് എല്ലായ്പ്പോഴും ഒരേ പ്രസക്തിയുണ്ടാകും എന്ന് കരുതുക വയ്യ. ഒരർഥത്തിൽ ജീവിതമെന്താണോ അത്രതന്നെ വ്യാപ്തി രാഷ്ട്രീയമെന്ന വാക്കിനും ഉണ്ട്. ഏതെങ്കിലും പരമ്പരാഗതമായ ഒരു നിർവചനത്തിന്റെ തടവറയിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വാക്കല്ല ‘രാഷ്ട്രീയം'. രാഷ്ട്രീയമില്ലാത്ത ഒരു കഥയോ കവിതയോ മനുഷ്യനോ ഉണ്ടാവുക അത്ര എളുപ്പമല്ല, അഥവാ സാധ്യമല്ല. എല്ലാ കഥകൾക്കും രാഷ്ട്രീയമുണ്ട്. എല്ലാ കവിതകൾക്കും രാഷ്ട്രീയമുണ്ട്. എല്ലാ മനുഷ്യർക്കും രാഷ്ട്രീയമുണ്ട്. അത് ശരിയായി തിരിച്ചറിയപ്പെടുന്നുണ്ടോ എന്നത് മറ്റൊരു പ്രശ്നമാണ്. അതുകൊണ്ടുതന്നെ ‘കഥയുടെ രാഷ്ട്രീയം' ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയം ഉള്ള കഥകൾ രാഷ്ട്രീയം ഇല്ലാത്ത കഥകൾ എന്നിങ്ങനെ വേർതിരിക്കാനാവില്ല. തസ്രാക്ക് രാഷ്ട്രീയം പ്രധാനമായും രണ്ട് തരത്തിലുണ്ട്. ആദ്യത്തേത് സൃഷ്ടിപരമായ രാഷ്ട്രീയമാണ്. അതിനെ പുരോഗമനപരമായ രാഷ്ട്രീയമെന്നും നമുക്ക് വിളിക്കാൻ പറ്റും. രണ്ടാമത്തേത് നിഷേധാത്മകമായ രാഷ്ട്രീയവും. ഈ രണ്ട് ആശയധാരകളെ ഏതെങ്കിലുമൊക്കെ തരത്തിൽ പ്രതിഫലിപ്പിക്കുന്നതാണ് ഇന്നോളമുള്ള എല്ലാ കഥകളും കവിതകളും മനുഷ്യരും. എന്നാൽ അത് സംബന്ധിച്ച ചില അന്ധവിശ്വാസങ്ങൾ എല്ലായിടത്തുമുണ്ട്. ഒരു കഥ അതിന്റെ രാഷ്ട്രീയസത്തയെ എങ്ങനെയാണ് പ്രതിഫലിപ്പിക്കുക? കഥയിലെ ഏതെങ്കിലും കഥാപാത്രമോ, അല്ലെങ്കിൽ കഥാപാത്രങ്ങളാകെയോ വിപ്ലവകരമായ മുദ്രാവാക്യം വിളിച്ചാൽ ആ കഥ രാഷ്ട്രീയപരമോ പുരോഗമനപരമോ ആയ ഉള്ളടക്കമുള്ള കഥയായി മാറുമോ? അങ്ങനെയുള്ള രാഷ്ട്രീയസൂചകങ്ങളോ മുദ്രാവാക്യങ്ങളോ പതാകയോ പ്രകടമായി ഇല്ല എന്നതുകൊണ്ട് ഒരു കഥ രാഷ്ട്രീയസത്ത ഇല്ലാത്ത കഥയാണെന്ന് പറയാമോ? ഇത് തർക്കവിതർക്കങ്ങൾ ഉള്ള വിഷയമാണ്. സാമൂഹിക പ്രതിബദ്ധതയെക്കുറിച്ചും ഒട്ടേറെ തർക്കങ്ങൾ നടന്നിട്ടുണ്ട്. പല കാലഘട്ടങ്ങളിൽ, പല ദേശങ്ങളിൽ, പല സ്വഭാവങ്ങളോടു കൂടിയ ചർച്ചകൾ നടന്നിട്ടുണ്ട്. ഇപ്പോഴും അത് പല അളവിൽ തുടരുന്നുമുണ്ടാകും. സാമൂഹികപ്രതിബദ്ധതയുടെ മാനദണ്ഡങ്ങൾ സംബന്ധിച്ചും ഇത്തരമൊരു തർക്കത്തിന്റെ അന്തരീക്ഷമുണ്ട്. യെവ്ജിൻ യെവ്തുഷങ്കോ നമ്മൾ ഒരുകഥ വായിക്കുമ്പോൾ നമുക്കിനിയും ജീവിക്കണം എന്ന് തോന്നിയാൽ, ജീവിതത്തോട് ഒരു അഭിനിവേശം തോന്നിയാൽ, സഹജാതരായ ഈ ലോകത്തെ സകല മനുഷ്യരോടും അനല്പമായ സ്നേഹം തോന്നിയാൽ, എല്ലാ മനുഷ്യരോടും സഹാനുഭൂതി തോന്നിയാൽ, ഈ പ്രപഞ്ചത്തിലെ ഓരോ കണികയോടും നമുക്ക് എന്തെന്നില്ലാത്ത ഒരു അഭിവാഞ്ഛ തോന്നിയാൽ, ദയയുടെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും നീരുറവകൾ നമ്മുടെ മനസ്സിനെ ആർദ്രമാക്കുന്നുണ്ടെങ്കിൽ അതെല്ലാം പുരോഗമനപരമാണ്. അതെല്ലാം സാമൂഹികപ്രതിബദ്ധത ഉള്ളതാണ്. മനുഷ്യത്വത്തിന്റെ ഉപ്പു നിറയ്ക്കാൻ ഉതകുന്ന ഏതൊരു അക്ഷരവും വരയും ആവിഷ്കാരവും പുരോഗമനപരമായ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നുണ്ട്. തന്റെ വാർധക്യത്തിലാണ് റോബർട്ട് ഫ്രോസ്റ്റ് സോവിയറ്റ് യൂണിയൻ സന്ദർശിക്കുന്നത്. മഹാനായ കവിക്ക് സോവിയറ്റ് യൂണിയൻ അവിസ്മരണീയമായ സ്വീകരണമാണ് നൽകിയത്. റോബർട്ട് ഫ്രോസ്റ്റ് അവിടെ എലീഷ്യ യൂത്ത് കഫെയിൽ വെച്ച് സോവിയറ്റ് യൂണിയനിലെ പ്രശസ്തരായ എഴുത്തുകാരുടെ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യുന്നുണ്ട്. യെവ്ജിൻ യെവ്തുഷങ്കോ ഫ്രോസ്റ്റിന്റെ പ്രസംഗത്തെക്കുറിച്ച് പറഞ്ഞത് 'നാം കേട്ട വാക്കുകൾ ദന്തഗോപുരത്തിൽ നിന്നുള്ള കരുത്തിന്റെ ശബ്ദമായിരുന്നില്ല, മറിച്ച് അനന്തമായ ആകാശത്തിന്റെയും ഹരിതാഭമായ ഭൂമിയുടെയുമിടയിൽ നിന്നുള്ള മനുഷ്യത്വത്തിന്റെ ശബ്ദമായിരുന്നു’ എന്നാണ്. ആ യോഗത്തിനുശേഷം അദ്ദേഹം ഹാളിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ സദസ്സ് ഒന്നടങ്കം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. അങ്ങനെ നടന്നുപോകുമ്പോൾ വഴിയോരത്തുനിൽക്കുന്ന ചെറിയ ചെടിയിലെ ഒരു കുഞ്ഞുപൂവ് കണ്ട് ലോകപ്രശസ്തനായ കവി റോബർട്ട് ഫ്രോസ്റ്റ് അവിടെ നിൽക്കുകയും ഒരു കൊച്ചുകുട്ടിയെപ്പോലെ അവിടെ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കൗതുകത്തോടെ ആ പൂവിനെ നോക്കുകയും സ്നേഹാതുരമായി തലോടുകയും ചെയ്തുവത്രെ. നിത്യചൈതന്യയതി ഇതിനെക്കുറിച്ച് ഹൃദയസ്പർശിയായി എഴുതിയിട്ടുണ്ട്. ആ മഹാകവിയുടെ ഹൃദയത്തെ ആ നിമിഷത്തിൽ ആർദ്രമാക്കിയത് ഒരു കൊച്ചുപൂവാണ്. ആ അർഥത്തിൽ അതൊരു പുരോഗമനകാരിയായ പൂവാണ്. അല്ലെങ്കിൽ ഒരു വിപ്ലവകാരിയായ പൂവാണ്. കാരണം, ഒരു മനുഷ്യന്റെയുള്ളിൽ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഒക്കെ ഉറവകൾ സൃഷ്ടിക്കാൻ ആ പൂവിന് കഴിഞ്ഞിട്ടുണ്ട്. ആ പൂവിനും ഒരു രാഷ്ട്രീയമുണ്ട്. നിത്യചൈതന്യയതി അത് ഒരു മനുഷ്യനെ കൂടുതൽ മനുഷ്യനാക്കി മാറ്റുന്ന രാഷ്ട്രീയമാണ്. അങ്ങനെയുള്ള ഒരു പ്രതലത്തിൽ നിന്നുകൊണ്ട് നമുക്ക് എല്ലാ കലാസൃഷ്ടിയെയും സമീപിക്കാൻ കഴിയും. ഒ വി വിജയന്റെ ഓർമകൾ തുടിച്ചുനിൽക്കുന്ന തസ്രാക്കിലാണ് ‘വെക്കാനം' എന്ന ഈ ക്യാമ്പിൽ നമ്മൾ ഒത്തുകൂടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ സംബന്ധിച്ചും അദ്ദേഹത്തിന്റെ കൃതികളിലെ രാഷ്ട്രീയത്തെ സംബന്ധിച്ചും പലതരത്തിലുള്ള ചർച്ചകളും പഠനങ്ങളും നടന്നിട്ടുണ്ട്. ഒ വി വിജയൻ രാഷ്ട്രീയമില്ലാത്ത ആളാണെന്ന് ആരും പറയുകയുമില്ല. ‘ധർമ്മപുരാണം' എഴുതുന്നത് അടിയന്തരാവസ്ഥയുടെ നാളുകളിലാണ്. അധികാരത്തെ ദയാരഹിതമായി വസ്ത്രാക്ഷേപം ചെയ്യുന്ന അത്തരത്തിലൊരു കൃതി മലയാളത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. ആ കൃതിയെ സംബന്ധിച്ച് നിരൂപകർക്കിടയിലും നമുക്കിടയിലും പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകാം. അതെല്ലാം നിലനിൽക്കുമ്പോൾ തന്നെ ഒരു കാലഘട്ടത്തോടുള്ള സവിശേഷമായ പ്രതികരണമാണത്; അടിമുടി രാഷ്ട്രീയം തന്നെയാണ്. ഒ വി വിജയന്റെ കൃതികളിലെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തന്റെ രാഷ്ട്രീയത്തെക്കുറിച്ച് ഒരിക്കൽ അദ്ദേഹം തന്നെ ഒരുപ്രഖ്യാപനം നടത്തിയിട്ടുള്ളത് പരിശോധിക്കുന്നത് ഉചിതമായിരിക്കും. സക്കറിയയ്ക്ക് നൽകിയ മറുപടിയിലായിരുന്നു അത്. സക്കറിയ ഒരു ഘട്ടത്തിൽ ഒ വി വിജയനെ കഠിനമായി വിമർശിക്കുന്നുണ്ട്. ആ വിമർശനം അസ്ഥാനത്തായിരുന്നുവെന്ന് അതിനുള്ള ഒ വി വിജയന്റെ മറുപടി വായിച്ചാൽ നമുക്ക് മനസ്സിലാവും. വളരെ അടുപ്പമുള്ളവർ അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴുള്ള ദുഃഖം അദ്ദേഹത്തിന്റെ മറുപടിയിൽ വളരെ പ്രകടമായിട്ടുണ്ട്. ഒ വി വിജയന്റെ മറുപടി ഇങ്ങനെയായിരുന്നു: 'നിങ്ങൾ ഇടതുപക്ഷം എന്ന് പരാമർശിക്കുന്ന കൂട്ടത്തിന്റെ ഭാഗം തന്നെയായിരുന്നു ഞാനും. സക്കറിയ പിന്നീട് പല കാരണങ്ങളാൽ ഞാൻ അകന്ന് നിന്നിട്ടുണ്ട്, പക്ഷേ, അപ്പോഴും അവർ പ്രധാനമായി കണക്കാക്കുന്ന മൂല്യങ്ങളെ ഞാൻ പവിത്രങ്ങളായി കാണുന്നു. ഞാൻ ഇടതുപക്ഷത്തെ അക്രമിക്കുന്നു എന്ന് പറയുന്നതിൽ അർധസത്യമേയുള്ളൂ. എന്റെ ഏത് അക്രമമെടുത്താലും അതിൽ ഒരുപകുതി പിന്തുണയും മറുപകുതി സൃഷ്ടിപരമായ വിമർശനവുമാണ്.’ ഇത് കഥയിലോ നോവലിലോ അല്ലാതെ അദ്ദേഹം ലോകത്തോട് നടത്തിയിട്ടുള്ള പ്രഖ്യാപനമാണ്. താൻ പവിത്രങ്ങളായി കാണുന്ന ഇടതുപക്ഷ മൂല്യങ്ങൾ പിന്തുടരുന്നത് സംബന്ധിച്ചുള്ളതാണ് ഞങ്ങളുടെ തർക്കം എന്നാണദ്ദേഹം പറഞ്ഞത്. ആ തർക്കത്തിന്റെ ഭാഗമായി ഇടതുപക്ഷം അദ്ദേഹത്തെ ശക്തമായി ആക്രമിച്ചിട്ടുമുണ്ട്. ഒ വി വിജയൻ ഒരിത്തിരി വിഷമത്തോടെ ആ ആക്രമണങ്ങളെക്കുറിച്ചും അതിൽ അദ്ദേഹം പറയുന്നുണ്ട്. തിരിച്ചുള്ള ആക്രമണത്തെക്കുറിച്ചും നമുക്ക് ഓർത്തെടുക്കാൻ കഴിയും. അതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്, അതെല്ലാം അർധവിമർശനവും അർധപിന്തുണയും ആണെന്ന്. ഒ വി വിജയന്റെ അധികം കൊട്ടിഘോഷിക്കപ്പെട്ടിട്ടില്ലാത്ത കഥയാണ് ‘അരക്ഷിതാവസ്ഥ'. മലയാളത്തിലെ ആക്ഷേപഹാസ്യ കഥകളിൽ ആദ്യസ്ഥാനം അലങ്കരിക്കേണ്ട ഒന്നാണത്. ഒരു സവിശേഷ രാഷ്ട്രീയ സന്ദർഭത്തെ പ്രത്യേകമായി അടയാളപ്പെടുത്തുന്ന കഥയാണത്. 1957 ലാണ് കേരളത്തിൽ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് ആദ്യത്തെ കമ്യൂണിസ്റ്റ് ഗവൺമെന്റ് അധികാരത്തിൽ വന്നത്. ആ ഗവൺമെന്റിനെ വിമോചനസമരത്തെത്തുടർന്ന് 1959 ൽ നെഹ്റുവിന്റെ നേതൃത്വത്തിലുളള കേന്ദ്ര ഗവൺമെന്റ് പിരിച്ചുവിട്ടു. ഇന്ദിരാഗാന്ധിയുടെ ഒരു കുട്ടിയുടേതെന്നപോലെയുള്ള വാശി അതിനുപിന്നിൽ പ്രവർത്തിച്ചു എന്ന് പല ചരിത്രകാരന്മാരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അന്നൊരിക്കൽ നെഹ്റു കേരളം സന്ദർശിക്കാനായി വന്നു. അപ്പോൾ കേരളത്തിലെമ്പാടും അരക്ഷിതാവസ്ഥയാണ് എന്ന് നെഹ്റുവിനെ ബോധ്യപ്പെടുത്താൻ ഇന്നത്തെപ്പോലെ ഒരൽപ്പവും വെള്ളം ചേർക്കാത്ത പ്രത്യേക രാഷ്ട്രീയം അന്നും സ്വീകരിച്ചിരുന്ന മലയാള മനോരമ മുൻപന്തിയിൽ തന്നെ നിന്നു. അന്ന് മനോരമ ഇംഗ്ലീഷിൽ മുഖപ്രസംഗം എഴുതി. ചരിത്രത്തിൽ പിന്നീടെപ്പോഴെങ്കിലും മനോരമ ഇംഗ്ലീഷിൽ മുഖപ്രസംഗം എഴുതിയിട്ടുണ്ടോ എന്ന് സംശയമാണ്. തർജമയുടെ ആവശ്യമില്ലാതെ നെഹ്റുവിന് വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് മുഖപ്രസംഗം ഇംഗ്ലീഷിലാക്കിയത്. ഇവിടെ വലിയ അരക്ഷിതാവസ്ഥയാണെന്നും ‘ഇന്നലെത്തന്നെ പിരിച്ചുവിടേണ്ട ഗവൺമെന്റാണിത്!' എന്നുമുള്ള തോന്നൽ ഉളവാക്കുകയായിരുന്നു ലക്ഷ്യം. ഇന്ദിരാ ഗാന്ധിയും ജവഹർലാൽ നെഹ്റുവും ഒ വി വിജയന്റെ ‘അരക്ഷിതാവസ്ഥ' എന്ന കഥ ആരംഭിക്കുന്നത് '1957 ഏപ്രിൽ മാസം 5ാം തീയതി ഉച്ചയ്ക്ക് 12 മണിക്ക് എന്റെ ഗ്രാമത്തിൽ അരക്ഷിതാവസ്ഥ ആരംഭിച്ചു’ എന്നാണ്. കഥ തുടരുന്നു... 'ഞാൻ ഒരുപാട് കമ്യൂണിസ്റ്റുകാരോട് ഈ അരക്ഷിതാവസ്ഥയെക്കുറിച്ച് സംസാരിച്ചു. പക്ഷേ അവരിൽ ആരുംതന്നെ സ്ഥിതികൾ ഭദ്രമായി പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ഒരുചെറുവിരൽ ഉയർത്തുകപോലും ചെയ്തില്ല. ഇനി അതൊക്കെ പറഞ്ഞിട്ട് എന്തുകാര്യം!’ കഥയുടെ രത്നച്ചുരുക്കം ഇങ്ങനെയാണ്: കൃമിശങ്കരൻ സൈക്കിളിൽ പോയപ്പോൾ സൈക്കിളിന്റെ പിറകിൽ ഒരുവാല് വെച്ചുകെട്ടി. പത്തുവാര നീളമുള്ള വാല്. കോതറാമിയുടെ മകൻ നങ്കേലി എന്ന മറ്റൊരുത്തൻ ഈ വാലിൽ കേറിപ്പിടിച്ചു. അതോടെ നാട്ടിൽ വലിയ അരക്ഷിതാവസ്ഥ ഉണ്ടായി! വലിയ സംഘർഷം ഉണ്ടായി. നാട്ടുകാരൊക്കെ അതിൽ പങ്കാളികളായി. ആ സംഘർഷാവസ്ഥ തുടരുന്നതിനിടയിൽ കൃമിശങ്കരൻ സൈക്കിളും എടുത്തുകൊണ്ട് പോയി. നാങ്കേലിയും പോയി. ‘ഈ കമ്യൂണിസ്റ്റുകാരുടെ ഭരണത്തിനു കീഴിൽ ജീവൻ അപകടത്തിലാണ് എന്നൊരു മുദ്രാവാക്യം നിങ്ങൾക്ക് നൽകുന്നു' എന്നുപറഞ്ഞുകൊണ്ടാണ് കഥ അവസാനിക്കുന്നത്. ഇങ്ങനെ ആക്ഷേപഹാസ്യത്തിന്റെ മൂർച്ചയേറിയ വാക്കുകൾകൊണ്ട് ആ കാലഘട്ടത്തെ അടയാളപ്പെടുത്തിയ മറ്റൊരു കഥ ഒരുപക്ഷേ ഉണ്ടാവില്ല. അടിയന്തരാവസ്ഥക്കാലത്ത് രചിക്കപ്പെട്ട ‘ധർമ്മപുരാണ'വും പ്രത്യേകമായിത്തന്നെ പല കാലങ്ങളിൽ വായിക്കാൻ കഴിയുന്നതാണ്. ഇങ്ങനെയുള്ള പ്രകടമായ സൂചനകൾ ആണോ കഥയുടെ രാഷ്ട്രീയത്തെ നിർണയിക്കുക? അത് നാം പരിശോധിക്കേണ്ട ഒരു കാര്യമാണ്. വിജയന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ ‘കടൽത്തീരത്ത്' ആണ്. കടൽത്തീരത്തുമായി താരതമ്യപ്പെടുത്തി പലരും പരിശോധിച്ചിട്ടുള്ളതാണ് ദക്ഷിണാഫ്രിക്കൻ എഴുത്തുകാരനായ അലൻ പേറ്റന്റെ ‘CRY THE BELOVED COUNTRY ' എന്ന 1948 ൽ പുറത്തിറങ്ങിയ നോവൽ. അതിൽ ‘കടൽത്തീര’ത്തിലേതിന് ഏറെക്കുറെ സമാനമെന്ന പറയാവുന്ന ചില മുഹൂർത്തങ്ങളും കഥാപാത്രങ്ങളും ഉണ്ട്. അവിടെ ദോത്ഷെനി എന്ന ഗ്രാമത്തിൽനിന്നും ജോഹന്നാസ്ബർഗിലേക്ക് സ്റ്റീഫൻ കോമാലോ എന്ന ഒരുപുരോഹിതൻ തന്റെ മകനെ തിരഞ്ഞുപോകുന്നുണ്ട്. ആ മകൻ ഒരു കൊലപാതകം ചെയ്ത ആളാണ്. അദ്ദേഹം വധശിക്ഷക്ക് വിധിക്കപ്പെടുകയും അതിന് വിധേയമാവുകയും ചെയ്യുന്നുണ്ട്. ആ നോവൽ വളരെ പ്രകടമായ ഒരു രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നുണ്ട്. തന്റെ മകനെ സ്റ്റീഫൻ കോമാലോ കാണുമ്പോൾ അവനോട് ചോദിക്കുന്നു 'മകനെ, നീയെന്തിനാണ് ആദ്യം ആയുധം ഉപയോഗിച്ചത്? ആദ്യം തോക്കേന്തിയത് എന്തിനാണ്?’ അതിനു മകൻ അബ്സലോം കൊമാലോ പറയുന്ന മറുപടി, 'ഞാൻ ഭയന്നുപോയിരുന്നു അതുകൊണ്ടാണ്’ എന്നാണ്. കോടതിയിലും അതാണ് ആവർത്തിക്കുന്നത്. താൻ ഭയന്നുപോയി, കൊല്ലപ്പെടും എന്ന് കരുതി, അതുകൊണ്ടാണ് തോക്കുപയോഗിച്ചത്. ആർതർ ജാർവിസ് എന്ന വെള്ളക്കാരനാണ് കൊല്ലപ്പെടുന്നത്. ആ വെള്ളക്കാരനെ കണ്ട മാത്രയിൽ കറുത്തവർഗക്കാരനായ അബ്സലോം കൊമാലോക്ക് താൻ വധിക്കപ്പെടും എന്ന് തോന്നിയതു കൊണ്ടാണ്, പേടിച്ചുപോയതുകൊണ്ടാണ് നിറയൊഴിച്ചത്. ഭയം ഗ്രസിച്ചുനിൽക്കുന്ന ഒരു അന്തരീക്ഷത്തിൽ പ്രാണരക്ഷാർഥം അയാൾ ആയുധം ഉപയോഗിക്കുകയാണ്. അയാൾക്കു വേണമെങ്കിൽ തോക്കുപയോഗിച്ചപ്പോൾ അബദ്ധത്തിൽ വെടിപൊട്ടിയതാണെന്ന് പറയാം. പക്ഷേ, അങ്ങനെ പറയുന്നില്ല. വധിക്കപ്പെടും എന്നറിയുമ്പോഴും സത്യത്തെ മുറുകെപ്പിടിക്കാൻ അബ്സലോം കൊമാലോ തയ്യാറാവുന്നുണ്ട്. അയാൾ തന്റെ സത്യസന്ധതയെ ഉയർത്തിപ്പിടിക്കുന്നുണ്ട്. ആ നോവലിൽ അലൻ പേറ്റൻ ആഫ്രിക്കയുടെ രാഷ്ട്രീയത്തെ വരച്ചിടാൻ ശ്രമിക്കുകയാണ്. ഭംഗിയായത് നിർവഹിക്കുന്നുമുണ്ട്. ആഫ്രിക്കയിലെ ഏതൊരു കറുത്തവർഗക്കാരനും ഏത് നിമിഷത്തിലും കൊല്ലപ്പെട്ടേക്കാമെന്ന ഭയത്തിലാണ് ജീവിക്കുന്നത്. അങ്ങനെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയത്തെയാണ് അലൻ പേറ്റൻ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നത്. കറുത്തവർഗക്കാരെയെല്ലാം ഭയത്തിലേക്കും നിരാശയിലേക്കും അതുവഴി ഒരുവേള കുറ്റകൃത്യങ്ങളിലേക്കുപോലും നയിക്കുന്ന ഒരു കാലഘട്ടത്തെയാണ് ആ കൃതി അടയാളപ്പെടുത്തുന്നത്. ‘കടൽത്തീര’ത്തിൽ വെള്ളായിയപ്പൻ പാഴുതറയിൽനിന്ന് കണ്ണൂരിലേക്ക് യാത്രയാവുന്നു. കണ്ണൂരിൽ വെച്ച് മകനെ കാണുന്നു. 'മകനേ...’ എന്ന് ഹൃദയം പൊട്ടി വെള്ളായിയപ്പൻ വിളിക്കുന്നു. 'അപ്പാ...’ എന്ന് മകനും... 'നീ എന്ത് ചെയ്തു?’ എന്ന ചോദ്യത്തിന് 'എനിക്ക് ഓർമയില്ല...’ എന്നു മറുപടി. 'മകനേ, നീ കൊലപാതകം നടത്തിയോ?’ എന്ന് ചോദിക്കുമ്പോഴും 'എനിക്കോർമയില്ലപ്പാ...’ എന്നാണ് പറയുന്നത്. ചെയ്തിട്ടുണ്ടാവാം എങ്കിലും കണ്ടുണ്ണി എന്ന മകൻ അത് ഓർക്കുന്നില്ല. അതൊരു പ്രത്യേക മാനസികാവസ്ഥയാണ്. അതിൽ കൂടുതലൊന്നും ഒ വി വിജയൻ ആ കുറ്റകൃത്യത്തെക്കുറിച്ചു പറയുന്നതേയില്ല. അലൻ പേറ്റന്റെ നോവലിൽ ആഫ്രിക്കയുടെ രാഷ്ട്രീയത്തെ പ്രകടമായി പ്രതിഫലിപ്പിക്കുന്നുണ്ട്. എന്നാൽ കടൽത്തീരത്തിൽ ഒ വി വിജയൻ അത്ര പ്രകടമായി രാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നില്ല. അപ്പോൾ ‘കടൽത്തീരത്ത്’ രാഷ്ട്രീയമില്ലാത്ത ഒരു കഥയാണോ എന്ന ചോദ്യം നമുക്കുമുന്നിൽ ഉയർന്നുവരും. അലൻ പേറ്റന്റെ ഇഞഥ CRY THE BELOVED COUNTRYഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയത്തെ ഹൃദയത്തിൽ ആഴത്തിൽ വരച്ചിടുമ്പോൾ അതുമായി താരതമ്യപ്പെടുത്തികൊണ്ട് പല നിരൂപകരും ചൂണ്ടിക്കാണിച്ചിട്ടുള്ള ഒ വി വിജയന്റെ ‘കടൽത്തീരത്ത്’ പ്രകടമായ രാഷ്ട്രീയ സൂചനകളൊന്നുമില്ലാത്ത, ഒരു മുദ്രാവാക്യത്തിന്റെ മാറ്റൊലി പോലുമില്ലാത്ത, ഒരു പതാകയുടെ വിദൂരദൃശ്യം പോലുമില്ലാത്ത, ഒരു രാഷ്ട്രീയമൂല്യ പ്രഘോഷണത്തിന്റെ ശബ്ദംപോലുമില്ലാത്ത ഒരു കഥയാണ് എന്ന് തോന്നാം. എന്നാൽ അങ്ങനെയല്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആ കഥ തുടങ്ങുമ്പോൾ മുതൽ അതിലെ ഓരോ വരിയും നമ്മളോട് വിളിച്ചുപറയുന്ന ഒരു രാഷ്ട്രീയമുണ്ട്. 'വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽനിന്നും കൂട്ടനിലവിളി ഉയർന്നു. അപ്പുറത്ത് അമ്മിണിയുടെ വീട്ടിലും അതിനുമപ്പുറത്ത് മുത്തു റാവുത്തറിന്റെ വീട്ടിലും ആളുകൾ ശ്രദ്ധാലുക്കളായി, വിഷാദവാന്മാരായി’. വിഷാദവാന്മാരായി എന്ന ഒറ്റവാക്കിലൂടെ കഥയുടെ രാഷ്ട്രീയം വെളിപ്പെടുന്നുണ്ട്. ആ നാടുമുഴുവൻ ആ കൂട്ടക്കരച്ചിലിനൊപ്പം നിശ്ശബ്ദമായെങ്കിലും പങ്കുചേരുകയാണ്. ആ ദുഃഖം തങ്ങളുടെ കൂടി ദുഃഖമാണെന്ന് ആ അയൽവീട്ടുകാർ തിരിച്ചറിയുന്നുണ്ട്, പങ്കുവെയ്ക്കുന്നുണ്ട്. വീട്ടുകാർ മാത്രമല്ല, ആ വീടുകൾക്കപ്പുറത്ത് പാഴുതറയിലെ അമ്പതിൽ ചില്വാനം കുടിലുകളിലത്രയും ഈ വിഷമവും സഹാനുഭൂതിയും നിറഞ്ഞുനിൽക്കുകയാണ്. ഒരാളുടെ ദുഃഖത്തെ ഒരു ഗ്രാമം മുഴുവൻ പങ്കുവെക്കുന്നുണ്ട്. ആ പങ്കുവെക്കലിന്റെ മനുഷ്യത്വം ആ വരികളിൽ നിറഞ്ഞുനിൽക്കുന്നുമുണ്ട്. മാത്രമല്ല വെള്ളായിയപ്പൻ കണ്ണൂര് പോകുമ്പോൾ വെള്ളായിയപ്പന്റെ കൂടെ തീവണ്ടി കയറാൻ ‘കൈയിൽ പണമുണ്ടായിരുന്നെങ്കിൽ' അമ്മിണിയേടത്തിയും മുത്തുവണ്ണനും നാകേലച്ചനും കോമ്പിപ്പൂശാരിയും പിന്നെ പാഴുതറയിലുള്ളവർ അത്രയുംതന്നെ കണ്ണൂരിലേക്ക് പോകുമായിരുന്നു എന്ന് പറയുന്നു. പോയിട്ടില്ല. പോകാൻ തടസ്സമായി നിൽക്കുന്നത് കാശില്ലാത്തതുകൊണ്ടാണ്, ദരിദ്രരായതുകൊണ്ടാണ്, പാവങ്ങളായതുകൊണ്ടാണ്. ഇതേ ദാരിദ്ര്യത്തിന്റെ ക്രൗര്യം കഥയുടെ അവസാനഭാഗത്തും ഹൃദയസ്പർശിയായി കടന്നുവരുന്നുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തൂക്കിലേറ്റിയ തന്റെ മകന്റെ മൃതദേഹത്തെ ഒരു പേറ്റിച്ചിയെപ്പോലെ പാറാവുകാരിൽ നിന്ന് ഏറ്റുവാങ്ങുന്ന വെള്ളായിയപ്പൻ. ആ സമയത്ത് പാറാവുകാരൻ അദ്ദേഹത്തോട് പറയുന്നുണ്ട് 'കാരണവർക്ക് താൽപ്പര്യമുള്ളതുപോലെ ശവം സംസ്കരിക്കാം’. അതിന് വെള്ളായിയപ്പന്റെ മറുപടി 'യജമാനന്മാരെ, എന്റെ കൈയിൽ പണമില്ല’ എന്നാണ്. സ്വന്തം മകന്റെ ശവം സംസ്കരിക്കാൻ പണമില്ലാതെ നിസ്സഹായനായി നിൽക്കുന്ന വെള്ളായിയപ്പൻ പൊള്ളിക്കുന്ന ഒരു രാഷ്ട്രീയ ചോദ്യമാണ്. അതുപോലെ കണ്ണൂരിലേക്ക് പോകുന്ന വഴിയിൽ വെള്ളായിയപ്പൻ കണ്ടുമുട്ടുന്ന ചിലരുണ്ട്. അതിലൊന്ന് കുട്ട്യസ്സൻ മാപ്പിളയാണ്. 'വെള്ളായിയെ...’ മാപ്പിള പറഞ്ഞു. 'മരയ്ക്കാരെ...’ വെള്ളായിയപ്പൻ പ്രതിവചിച്ചു. അത്രമാത്രം. രണ്ടു വാക്കുകൾ. എന്നാൽ ആ വാക്കുകളിൽ ദീർഘങ്ങളും സമ്പന്നവുമായ സംഭാഷണ പരമ്പരകൾ അടങ്ങിയത് വെള്ളായിയപ്പനും കുട്ട്യസ്സൻ മാപ്പിളയും അറിഞ്ഞു. ആ സംഭാഷണം ഇങ്ങനെയാണ്: 'മരയ്ക്കാരെ, നിങ്ങൾക്ക് ഞാൻ പതിനഞ്ച് ഉറുപ്പിക കടം വീട്ടാനുണ്ട്. അല്ല, പതിനഞ്ചുറുപ്പികയും നാലണയും’. കൃത്യമായി അദ്ദേഹം ആ കടം ഓർത്തുവെക്കുന്നുണ്ട്. കുട്ട്യസ്സൻ മാപ്പിളയുടെ മറുപടി 'വെള്ളായി, ഈ യാത്രയിൽ അതിനെക്കുറിച്ചൊന്നും ഓർക്കേണ്ടതില്ല’. അതിനോട് വെള്ളായിയപ്പന്റെ പ്രതികരണം: 'മരയ്ക്കാരെ ഇനിയൊരിക്കലും എനിക്കാ കടം വീട്ടാൻ കഴിഞ്ഞെന്ന് വരില്ല’ എന്നാണ്. അതിന് മാപ്പിള മറുപടി പറയുന്നത് 'വീട്ടാത്ത കടങ്ങൾ പടച്ചവന്റെ സൂക്ഷിപ്പുകളാണ്. അത് അങ്ങനെതന്നെ ഇരിക്കട്ടെ’ എന്നും. 'എന്റെ ഉള്ളുപൊട്ടുന്നു. പ്രാണൻ പറിയുന്നു’ എന്ന വെള്ളായിയപ്പന്റെ വിലാപത്തിന് കുട്ട്യസ്സൻ മാപ്പിള പറയുന്നത് 'പടച്ചവൻ തുണയ്ക്കട്ടെ. മുത്തുനബി തുണയ്ക്കട്ടെ. എന്റെയും നിന്റെയും ദൈവങ്ങൾ തുണയ്ക്കട്ടെ’ എന്നാണ്. യാത്ര പോകുന്നത് വെള്ളായിയപ്പനും കണ്ടുമുട്ടുന്നത് കുട്ട്യസ്സൻ മാപ്പിളയുമാണ്. വെള്ളായിയപ്പന് ചങ്കുപറിയുന്ന വേദന വരുമ്പോൾ കുട്ട്യസ്സൻ മാപ്പിള പറയുന്നത് നാം കണ്ടു. ഒരുപക്ഷേ ഒ വി വിജയൻ എഴുതുമ്പോൾ ഈ വരികൾക്ക് ഇല്ലാതിരുന്ന രാഷ്ട്രീയം 2022 ൽ ഉണ്ട്. എന്റെയും നിന്റെയും ദൈവങ്ങൾ തുണയ്ക്കട്ടെ എന്നുപറയാൻ ഈ കാലത്ത് രണ്ടുകഥാപാത്രങ്ങൾക്ക് കഴിയുന്നുണ്ടോ എന്നും ഉണ്ടെങ്കിൽത്തന്നെ എത്രമാത്രം കഴിയുന്നുണ്ട് എന്നുമൊക്കെയുള്ള രാഷ്ട്രീയ ആലോചനയ്ക്ക് നമുക്കിത് വിടാവുന്നതാണ്. പുതിയകാലത്ത് പഴയ വരികൾക്ക് പുതിയ അർഥം വരും എന്ന് സൂചിപ്പിക്കുന്നതിനുവേണ്ടി ഓർമിപ്പിച്ചു എന്നുമാത്രം. പറഞ്ഞുവന്നത് കടൽത്തീരത്ത് മുന്നോട്ടുവെക്കുന്നത് ഒരു ദരിദ്രന്റെ ദൗർഭാഗ്യകരമായ വിധിയെക്കുറിച്ചുള്ള ചില വിചാരങ്ങൾ കൂടിയാണ്. ദാരിദ്ര്യം എന്നത് ലോകത്തെ ഏറ്റവും കനമുള്ള രാഷ്ട്രീയമാണ്. നിങ്ങൾ ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരെക്കുറിച്ചും സംസാരിക്കുന്നു എന്നുപറഞ്ഞാൽ അതാണ് ലോകത്തെ ഏറ്റവും കഴമ്പുള്ള രാഷ്ട്രീയം. ഈ വ്യവസ്ഥിതി എങ്ങനെയാണ് ഒരു ദരിദ്രനോട് പെരുമാറുന്നത്? ഒരുപക്ഷേ വെള്ളായിയപ്പൻ ഒരു സമ്പന്നനായിരുന്നെങ്കിൽ കണ്ടുണ്ണി കൊല്ലപ്പെടുമായിരുന്നോ എന്നത് ഒരു ചോദ്യമാണ്. അതിന് ഒറ്റവാക്കിൽ ഉത്തരം പറയാൻ നമുക്ക് സാധിച്ചേക്കില്ല. ഏത് കുറ്റകൃത്യത്തിനും ചിലപ്പോൾ കോടതിസമയം കഴിഞ്ഞാലും ജാമ്യം കിട്ടുന്ന വർത്തമാനകാല പരിസരത്തുനിന്നുകൊണ്ട് നിങ്ങൾക്ക് കൂടുതൽ പണം ചിലവഴിക്കാനും കൂടുതൽ നല്ല വക്കീലിനെ നിയോഗിക്കാനും വിധിപറയാൻ നിയോഗിക്കപ്പെട്ടയാളെ സ്വാധീനിക്കാനും കഴിയുമെങ്കിൽ വധശിക്ഷ ജീവപര്യന്തമായി മാറിയേക്കുമെന്ന് ഊഹിക്കാവുന്നതാണ്. ചിലപ്പോൾ വിട്ടയച്ചു എന്നും വന്നേക്കാം. ഇത് വർത്തമാനകാല സാമൂഹിക രാഷ്ട്രീയ പരിസരത്തുനിന്നുകൊണ്ട് തന്നെ നമുക്ക് വായിച്ചെടുക്കാൻ കഴിയുന്ന ചില അനുഭവങ്ങളാണ്. ആ അനുഭവങ്ങളുടെ മുന്നിൽ നിൽക്കുമ്പോഴാണ് ‘കടൽത്തീരത്ത്' ഒരു ദരിദ്രന്റെ വിലാപം കൂടിയായി മാറുന്നത്. ഒരു നിർഭാഗ്യവാനായ മനുഷ്യനെ അനുഗമിക്കാൻ ഒരു സമൂഹത്തിനാകെ കാശില്ലാതെ പോകുന്നതിന്റെ വിലാപങ്ങൾ. സ്വന്തം മകന്റെ മൃതശരീരം വേണ്ടവിധം സംസ്കരിക്കാൻ പോലും പണമില്ലാത്തതിനാൽ കഴിയാതെപോകുന്ന ഒരു പിതാവിന്റെ വിലാപം. ഈ ദാരിദ്ര്യത്തിന്റെ രാഷ്ട്രീയത്തെ കൂടി ‘കടൽത്തീരത്ത്' മുന്നോട്ടുവെക്കുന്നുണ്ട്. ഒരു പക്ഷേ, കണ്ടുണ്ണിയെ കഴുമരത്തിലെത്തിച്ചതിന്റെ മൂലകാരണവും ദാരിദ്ര്യമാകാം. അലൻ പേറ്റന്റെ കൃതിയിൽ വർണവിവേചനത്തിനെതിരായ പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെ പ്രകടനപരമായി തന്നെ സന്നിവേശിപ്പിക്കുമ്പോൾ കടൽത്തീരത്തിൽ വർഗപ്രശ്നത്തെ, വർഗരാഷ്ട്രീയത്തിന്റെ ഏറ്റവും തീക്ഷ്ണമായ പ്രശ്നത്തെ പ്രകടമായ ഒരു അലങ്കാരങ്ങളുമില്ലാതെ അടയാളപ്പെടുത്താനും ഭംഗിയായി സന്നിവേശിപ്പിക്കാനും ഒ വി വിജയന് സാധിക്കുന്നുണ്ട്. ഇത് ഒ വി വിജയന്റെ ഒരു കഥയുടെ കാര്യം മാത്രമല്ല, വേണ്ടത്ര രാഷ്ട്രീയ ഉള്ളടക്കം ഇല്ലാത്ത കഥകളാണ് ടി പത്മനാഭന്റേത് എന്ന് പലരും പറയാറുണ്ട്. ടി പത്മനാഭൻ ഫോട്ടോ: ജഗത്ലാൽ മറിച്ച് അഭിപ്രായമുള്ളവരും ഉണ്ട്. അദ്ദേഹത്തിന്റെ ഏത് കഥയിലും മുമ്പ് ‘കടൽത്തീരത്തി’ന്റെ കാര്യത്തിൽ പറഞ്ഞതുപോലെ വളരെ കൃത്യമായ രാഷ്ട്രീയമുണ്ട് എന്ന് സൂക്ഷ്മമായി വായിച്ചാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ‘മഖൻസിങ്ങിന്റെ മരണ'ത്തിൽ ശ്രീനഗറിലേക്ക് പോകുന്ന വണ്ടിയിൽ ഇടയ്ക്ക് ഇൻസ്പെക്ടർ വന്ന് യാത്രക്കാരുടെ ടിക്കറ്റ് പരിശോധിക്കുമ്പോൾ പാവപ്പെട്ട ഒരു അമ്മയ്ക്കും അവരുടെ മരുമകൾക്കും ടിക്കറ്റില്ല. അവർ പിടിക്കപ്പെടും. അപ്പോൾ സർദാർജി മഖൻസിങ്ങ് ഇൻസ്പെക്ടറോട് അവർക്കു വേണ്ടി സംസാരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു, 'ഇവർക്ക് ശ്രീനഗറിൽ എത്തേണ്ടതാണ്. ഈ സ്ത്രീയുടെ മകൻ അവിടെ രോഗിയായി കിടപ്പുണ്ട്’. അപ്പോൾ ഇൻസ്പെക്ടർ പുച്ഛത്തോടുകൂടി ചോദിക്കുന്നു, 'അതുകൊണ്ട്?’ മഖൻസിങ്ങ് ക്ഷോഭിക്കുന്നു: 'അതുകൊണ്ടെന്നോ? അവരെ യാത്രചെയ്യാൻ അനുവദിക്കണം. അവരുടെ കൈയിൽ പണമില്ല. അവർ പാവങ്ങളാണ്. അവരെന്തുകൊണ്ട് പാവങ്ങളായി എന്നതുപോകട്ടെ, എന്റെ കൈയിൽ പണമുണ്ടായിരുന്നെങ്കിൽ ഞാൻ സഹായിക്കുമായിരുന്നു. പക്ഷേ എന്റെ കൈയിലും പണമില്ല’. ആശുപത്രിയിൽ കിടക്കുന്ന മകനെ സന്ദർശിക്കാനുള്ള യാത്ര പണമില്ലാത്തതിനാൽ തടയപ്പെടുന്ന ഒരു അമ്മയുടെ വിലാപങ്ങൾ തന്നെയാണ് ‘മഖൻസിങ്ങിന്റെ മരണ'ത്തിൽ മുഴങ്ങിക്കേൾക്കുന്നത്. ഒടുവിൽ മഖൻസിങ്ങ് രാംലാലിന്റെ നിലവിളികൾക്ക് ചെവികൊടുക്കാതെ മരിച്ചുപോകുന്നു. ആ മരണം ഒരു വിശുദ്ധമരണമാണ്. അതൊരു രക്തസാക്ഷിത്വമാണ്. ആ മരണത്തിലേക്ക് മഖൻസിങ്ങിനെ നയിക്കുന്നത് തീക്ഷ്ണമായ വർഗപ്രശ്നമാണ്. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ചൂഷണത്തിന്റെയും ആഘാതമത്രയും അനുഭവിക്കുന്ന സകല മനുഷ്യരുടെയും വേദനകൾ ഏറ്റുവാങ്ങിയിട്ടാണ് മഖൻസിങ്ങ് വിടപറയുന്നത്. ഓരോ കഥയിലും പ്രകടമായും ആഘോഷത്തോടെയും ബഹളങ്ങളോടെയും മുദ്രാവാക്യങ്ങൾ മുഴക്കുന്നതിനുപകരം അതിനെ ഏറ്റവും സർഗാത്മകമായി, തീക്ഷ്ണമായി, അത്രമേൽ അനുഭവവേദ്യമായി സന്നിവേശിപ്പിച്ചിട്ടുള്ള കഥകൾ നമുക്ക് ചുറ്റുമുണ്ട്. ആ കഥകളൊക്കെയും രാഷ്ട്രീയമില്ലാത്ത കഥകളാണ് എന്ന് പറഞ്ഞാൽ അതിനർഥം ആ കഥകളുടെ രാഷ്ട്രീയത്തെ കണ്ടെടുക്കാൻ നമ്മുടെ വായനയ്ക്ക് സാധിച്ചില്ല എന്നുമാത്രമാണ്. അതുപോലെ നിഷേധാത്മകമായ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന കഥകളും ഉണ്ട്. അതും രാഷ്ട്രീയ നിരപേക്ഷമായ കഥകളല്ല. കഥയ്ക്കുള്ളിലെ കാര്യത്തെ വായിച്ചെടുക്കാൻ, കഥയുടെയും കവിതയുടെയും സിനിമയുടെയുമൊക്കെ ഉള്ളിലെ കാര്യത്തെക്കൂടി വായിച്ചെടുക്കാൻ കഴിയുംവിധം നമ്മുടെ വായന കരുത്തു നേടുമ്പോഴാണ് യഥാർഥ കഥയെ കണ്ടെടുക്കാനാവുക. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രീയമില്ലാതെ ഒരു കഥപോയിട്ട് ഒരു വാചകം പോലും എഴുതി പൂർത്തിയാക്കാൻ ആർക്കും കഴിഞ്ഞേക്കില്ല; എത്രതന്നെ ശ്രമിച്ചാലും. അത് വായിക്കുന്നവർക്ക് എല്ലാവർക്കും ഒരുപോലെ മനസ്സിലായിക്കൊള്ളണമെന്നില്ല എന്നുമാത്രം. ഇടശ്ശേരി കേരളത്തിൽ പരിസ്ഥിതിയെക്കുറിച്ച് ആദ്യകാലത്ത് ഏറ്റവും കൂടുതൽ ആകുലപ്പെട്ടത് ഇവിടത്തെ പരിസ്ഥിതി പ്രവർത്തകരായിരുന്നില്ല. മറിച്ച് എഴുത്തുകാരായിരുന്നു. ഇടശ്ശേരി ‘കുറ്റിപ്പുറം പാലം' എഴുതുമ്പോൾ കേരളത്തിലെ നദികളുടെ നിലനിൽപ്പിനെക്കുറിച്ച് ഏതെങ്കിലും പരിസ്ഥിതിപ്രവർത്തകർ ഉൽക്കണ്ഠപ്പെടുകയോ ശബ്ദമുയർത്തുകയോ ചെയ്തതായി അറിയില്ല. റെയ്ച്ചൽ കാഴ്സൻ ‘സൈലന്റ് സ്പ്രിങ്' എഴുതുന്നതിനും മുൻപാണ് ഇടശ്ശേരി ‘കുറ്റിപ്പുറം പാലം' എഴുതുന്നത്. അന്ന് നിറഞ്ഞൊഴുകുന്ന സമൃദ്ധമായ നിളയുടെ കാലമാണ്. അന്നദ്ദേഹം 'അമ്പ പേരാറേ നീ മാറിപ്പോമോ ആകുലയാ,മൊരഴുക്കുചാലായ്!’ എന്ന് ഭാരതപ്പുഴയെ നോക്കി ആകുലപ്പെടുന്നുണ്ട്. പതിറ്റാണ്ടുകൾക്ക് മുമ്പ് അങ്ങനെ ആകുലപ്പെടണമെങ്കിൽ എത്രമാത്രം ആഴത്തിൽ പരിസ്ഥിതിയുടെ രാഷ്ട്രീയം ആ കവിയെ സ്വാധീനിച്ചിട്ടുണ്ടാവും? അത് ഒരുകവിയുടെ മാത്രം ഒറ്റപ്പെട്ട അനുഭവമല്ല. റെയ്ച്ചൽ കാഴ്സൻ കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി പ്രമേയമായ കഥ എന്ന് 1969 ൽ പുറത്തിറങ്ങിയ ടി പത്മനാഭന്റെ ‘സാക്ഷി'യെ അടയാളപ്പെടുത്തുന്നുണ്ട്. കുന്നുകൾ ഇടിച്ചുകളയുന്നതിനെക്കുറിച്ചും കാണെക്കാണെ ജനപദങ്ങൾ മാഞ്ഞുപോകുന്നതിനെക്കുറിച്ചും അങ്ങനെ പരിസ്ഥിതിക്കേൽക്കുന്ന ഓരോ പോറലുകളും ഒരു മനുഷ്യന്റെ ഹൃദയത്തിലുണ്ടാകുന്ന വലിയ മുറിവുകളെക്കുറിച്ച് ആ കഥ വാചാലമാകുന്നുണ്ട്. പരിസ്ഥിതിയുടെ രാഷ്ട്രീയത്തെക്കുറിച്ച്, പാരിസ്ഥിതികമായ പ്രശ്നങ്ങളെക്കുറിച്ച് കേരളത്തിൽ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ കഥാരൂപത്തിലുള്ള പ്രബന്ധം ഒരുപക്ഷേ അതായിരിക്കും. ആ അർഥത്തിൽ ഏറ്റവും കരുത്തുറ്റ രാഷ്ട്രീയത്തെ മുമ്പോട്ടുവെച്ച കഥകളാണ് ടി പത്മനാഭന്റെ കഥകളുമെന്ന് കാണാം. അതറിയാൻ സൂക്ഷ്മവായന പോലും വേണമെന്നില്ല, ഒരു രണ്ടാം വായനയിൽ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന രാഷ്ട്രീയമാണ് മിക്ക സാഹിത്യ ആവിഷ്കാരങ്ങളിലും ഉള്ളത്. ഒ വി വിജയൻ ഉൾപ്പെടെയുള്ളവരുടെ കൃതികൾ രാഷ്ട്രീയ രചനകളുടെ മനോഹരമായ ഉദാഹരണങ്ങളുമാണ് . (ഒ വി വിജയൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ തസ്രാക്കിൽ സംഘടിപ്പിച്ച ‘വെക്കാനം' യുവകഥാശിൽപ്പശാല സമാപന ചടങ്ങിലെ പ്രഭാഷണം) (ദേശാഭിമാനി വാരികയിൽ നിന്ന്)

ദേശാഭിമാനി 3 Aug 2022 12:58 pm

ആതുരസേവനം ഉപേക്ഷിച്ച്‌ ഭീകരവാദത്തിലേക്ക്‌

കാബൂൾ ഭീകരസംഘടനയായ അൽ ഖായ്ദയുടെ ‘താത്വികാചാര്യൻ’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നയാളാണ് അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അയ്മൻ അൽ സവാഹിരി. നേത്രശസ്ത്രക്രിയാ വിദഗ്ധനായിരിക്കുമ്പോൾത്തന്നെ ഭീകരപ്രവർത്തനം തുടങ്ങി പിന്നീട് മുഴുവൻ സമയം അതിലേക്ക് തിരിഞ്ഞു. 1951 ജൂൺ 19ന് കെയ്റോയിൽ ജനിച്ചു. മുത്തച്ഛൻ റാബിയ അൽ സവാഹിരി അൽ അസർ സർവകലാശാലയിൽ ഇമാമായിരുന്നു. അറബ് ലീഗിന്റെ ആദ്യ സെക്രട്ടറിയായിരുന്ന അബ്ദേൽ റഹ്മാൻ അസ്സാം അടുത്ത ബന്ധു. നിരോധിക്കപ്പെട്ട മുസ്ലിം ബ്രദർഹുഡുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന് പതിനഞ്ചാം വയസ്സിൽ ആദ്യമായി അറസ്റ്റിലായി. 1973ൽ ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദ് രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ ഭാഗമായി. 1981ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിന്റെ വധത്തെ തുടർന്ന് ജയിലിലായി. തുടർന്നുള്ള വിചാരണയിലാണ് ഇസ്ലാമിക സ്റ്റേറ്റും സമൂഹവും സൃഷ്ടിക്കുക എന്ന ലക്ഷ്യം പരസ്യമാക്കിയത്. 1985ൽ ജയിൽമോചിതനായശേഷം സൗദി അറേബ്യയിലേക്കും പിന്നീട് പെഷാവർ വഴി അഫ്ഗാനിലേക്കും പോയി. അവിടെവച്ചാണ് ഒസാമ ബിൻ ലാദനുമായി പരിചയപ്പെടുന്നത്. 1998ൽ ഈജിപ്ഷ്യൻ ഇസ്ലാമിക് ജിഹാദിനെ അൽ ഖായ്ദയിൽ ലയിപ്പിച്ചു. ലാദന്റെ വലംകൈയായി.അതിനിടെ, പ്രധാനമന്ത്രി ആതിഫ് സിദ്ഖിക്കുനേരെ ഉൾപ്പെടെ ഈജിപ്തിൽ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കി. 1990കളിൽ സർക്കാരിനെ അട്ടിമറിക്കാൻ നടത്തിയ തുടർ ആക്രമണങ്ങളിൽ ആയിരത്തിഇരുനൂറിലധികംപേർ കൊല്ലപ്പെട്ടു. 1998ൽ താൻസാനിയയിലെയും കെനിയയിലെയും യുഎസ് എംബസികളിലും നടത്തിയ ആക്രമണങ്ങളിൽ 223 പേർ കൊല്ലപ്പെട്ടു. 9/11 ആക്രമണത്തിനുശേഷം അമേരിക്ക ഇദ്ദേഹത്തിന്റെ സഹായികളിൽ ഓരോരുത്തരെയായി വധിച്ചു. അമേരിക്ക പുറത്തുവിട്ട 22 കൊടുംഭീകരരുടെ പട്ടികയിൽ ലാദനുശേഷം രണ്ടാം സ്ഥാനത്തായിരുന്നു. അമേരിക്കയുടെ തുടർ ആക്രമണങ്ങൾ നടക്കുമ്പോൾത്തന്നെ ഇറാഖ്, ഏഷ്യ, യമൻ, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവിടങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ സവാഹിരി വിജയിച്ചു. 2020 നവംബറിലടക്കം ഒന്നിലേറെ തവണ സവാഹിരി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ 2021 സെപ്തംബർ 11ന് സവാഹിരിയുടെ വീഡിയോദൃശ്യം പുറത്തുവന്നു. ആദേൽ 
അടുത്ത മേധാവി അൽ ഖായ്ദയുടെ സ്ഥാപകനേതാക്കളിൽ ഒരാളും മുൻ ഈജിപ്ഷ്യൻ സൈനിക ഓഫീസറുമായ സെയ്ഫ് അൽ ആദേൽ ഭീകരസംഘടനയുടെ പുതിയ മേധാവിയായേക്കും. കൊടുംഭീകരരുടെ പട്ടികയിൽപ്പെടുത്തിയിട്ടുള്ള ആദേലിനെപ്പറ്റി വിവരം നൽകുന്നവർക്ക് എഫ്ബിഐ ഒരു കോടി ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിൽ 11നാണ് ജന്മദിനമെങ്കിലും ജനിച്ച വർഷം 1960ആണോ 1963ആണോ എന്നതിൽ വ്യക്തതയില്ല. 1980കളിൽ മക്തബ് അൽ ഖിദാമത് എന്ന സംഘടനയുടെ ഭാഗമായി ഭീകരപ്രവർത്തനം തുടങ്ങി. കൊല്ലപ്പെട്ട മേധാവി സവാഹിരിക്കൊപ്പമാണ് അൽ ഖായ്ദയുടെ ഭാഗമായത്. മുഹമ്മദ് ഇബ്രാഹിം മക്കവി, ഇബ്രാഹിം അൽ മദനി തുടങ്ങി വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്നു. ജാഗ്രത കെെവിടാതെ ഇന്ത്യ ഇന്ത്യക്കെതിരെ തുടർച്ചയായി ഭീഷണി മുഴക്കിവന്ന അൽ ഖായ്ദ തലവൻ അയ്മൻ അൽ സവാഹിരിയുടെ വധത്തെതുടർന്നുള്ള സാഹചര്യം കേന്ദ്ര സർക്കാരും സുരക്ഷാ ഏജൻസികളും ജാഗ്രതയോടെ നിരീക്ഷിക്കുന്നു. സവാഹിരി വധിക്കപ്പെട്ടെങ്കിലും അൽ ഖായ്ദയുടെ പ്രവർത്തനം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അവസാനിക്കാൻ സാധ്യതയില്ലെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. സവാഹിരിയാണ് 2014ൽ അൽ ഖായ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ശാഖയ്ക്ക് രൂപം നൽകിയത്. തുടർന്ന് പുറത്തുവിട്ട 56 മിനിറ്റ് പ്രസംഗത്തിൽ ദക്ഷിണേഷ്യയിലാകെ സംഘടനയുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സവാഹിരി അവകാശപ്പെട്ടു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖായ്ദ നേതാവായി സവാഹിരി നിയോഗിച്ച മൗലാന അസീം ഒമർ 2019ൽ അഫ്ഗാനിൽ കൊല്ലപ്പെട്ടു. ഇന്ത്യക്കു പുറമെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാന്മർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംഘടനാ പ്രവർത്തനം തുടർന്നു. കശ്മീരിൽ ഭീകരർക്ക് സവാഹിരി പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീരിൽ സൈന്യത്തിനും സർക്കാരിനും കടുത്ത പ്രഹരമേൽപ്പിക്കുമെന്ന് വീഡിയോ സന്ദേശത്തിൽ പ്രഖ്യാപിച്ചു. ജാർഖണ്ഡിൽ അൽ ഖായ്ദ പരിശീലനക്യാമ്പ് സ്ഥാപിക്കാൻ പദ്ധതിയിട്ടവർ ഏതാനും വർഷംമുമ്പ് ഡൽഹിയിൽ പിടിയിലായി. കർണാടകത്തിൽ ഹിജാബ് വിവാദം കത്തിപ്പടർന്നപ്പോഴും നൂപുർ ശർമയുടെ പ്രവാചകനിന്ദ പരാമർശത്തിനുശേഷവും സവാഹിരിയിൽനിന്ന് ഭീഷണിയുണ്ടായി. പ്രവാചകനെ നിന്ദിച്ചതിനുള്ള മറുപടിയായി ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ചാവേർ ആക്രമണങ്ങൾ ഉണ്ടാകുമെന്നായിരുന്നു ഭീഷണി.അസമിൽ അൽ ഖായ്ദ ഘടകങ്ങൾ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുണ്ട്.

ദേശാഭിമാനി 3 Aug 2022 1:42 am

ആവേശംനിറഞ്ഞ തപാൽ പണിമുടക്ക്‌

സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആവേശംനിറഞ്ഞ അധ്യായമാണ് 1946 ജൂലൈയിലെ കമ്പി–- തപാൽ ജീവനക്കാരുടെ പണിമുടക്ക്. റോയൽ ഇന്ത്യൻ നേവി കലാപത്തിന്റെ കേന്ദ്രമായ ബോംബെയിൽനിന്നുതന്നെയാണ് പണിമുടക്കിന്റെ തുടക്കം. നാവിക കലാപത്തെപ്പോലെ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയിൽനിന്ന് കെട്ടുകെട്ടിക്കുന്നതിന് ഈ പണിമുടക്കും ശക്തിപകർന്നു. രണ്ടാം ലോകയുദ്ധത്തെതുടർന്ന് രൂക്ഷമായ ഭക്ഷ്യക്ഷാമവും അടിമത്ത സമാനമായ തൊഴിൽസാഹചര്യങ്ങളും ബ്രിട്ടീഷുകാരായ ഉയർന്ന ജീവനക്കാരിൽനിന്നുള്ള കടുത്ത വിവേചനവുമായിരുന്നു പണിമുടക്കിലേക്ക് നയിച്ചത്. 1931 മുതൽ വെട്ടിച്ചുരുക്കിയ ശമ്പളം പുനഃസ്ഥാപിക്കണമെന്നതുൾപ്പെടെ 12 ആവശ്യമാണ് ഉയർത്തിയത്. അഖിലേന്ത്യ പോസ്റ്റ്മെൻ ആൻഡ് ലോവർ ട്രേഡ് യൂണിയന്റെ ആഹ്വാനമനുസരിച്ച് ജൂലൈ 11ന് ആരംഭിച്ച പണിമുടക്ക് ദേശവ്യാപകമായി ആഗസ്ത് മൂന്നുവരെ തുടർന്നു. എല്ലാ ജീവനക്കാരും പണിമുടക്കിയതോടെ വാർത്ത–- വിനിമയ സർവീസ് നിശ്ചലമായി. ഇത് ഭരണസംവിധാനത്തെ ഉലച്ചു. അന്നത്തെ ഏക ട്രേഡ് യൂണിയനായ എഐടിയുസി പൂർണ പിന്തുണ നൽകി. കമ്യൂണിസ്റ്റ് പാർടിയും കോൺഗ്രസ്, സോഷ്യലിസ്റ്റ് പാർടികളും പിന്തുണച്ചു. ജവാഹർലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ തുടങ്ങിയവർ പണിമുടക്ക് ഒത്തുതീർപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജൂലൈ 22ന് ബോംബെയിലും 23ന് മദിരാശിയിലും പൊതുപണിമുടക്ക് നടത്തി. ജൂലൈ 29ന് കൽക്കട്ടയിലെ തൊഴിലാളികൾ പണിമുടക്കി ഐക്യദാർഢ്യമറിയിച്ചു. ഒത്തോൾ ലോണി സ്മാരകത്തിനടുത്ത് സംഘടിപ്പിച്ച റാലിയിൽ ലക്ഷങ്ങളാണ് പങ്കെടുത്തത്. റാലിയെക്കുറിച്ച് പിന്നീട് ബംഗാൾ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ ജ്യോതിബസു രേഖപ്പെടുത്തിയത് ഇങ്ങനെയാണ് ‘പണിമുടക്ക് പൊതുവിൽ ബംഗാളിൽ, പ്രത്യേകിച്ച് കൽക്കട്ടയിൽ വൻ വിജയമായി. അതോടനുബന്ധിച്ച് നടന്ന വമ്പിച്ച ഘോഷയാത്രയും പൊതുയോഗവും തൊഴിലാളികളുടെയും ജീവനക്കാരുടെയും സമരങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ചു.’ ബംഗാൾ ലെജിസ്ലേറ്റീവ് അസംബ്ലി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. മുസ്ലിംലീഗ് നേതാവ് ഹമിദുൾ ഹക്ക് ചൗധരി അവതരിപ്പിച്ച പ്രമേയം ഐകകണ്ഠ്യേന പാസാക്കി. പണിമുടക്ക് മലബാർ മേഖലയിലും ശക്തമായിരുന്നു. നാട്ടുരാജ്യങ്ങളായ തിരുവിതാംകൂറിലും കൊച്ചിയിലും പണിമുടക്ക് പ്രഖ്യാപിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പാർടിയും കോൺഗ്രസും എഐടിയുസിയും പണിമുടക്കിനെ പിന്തുണച്ചു. പി കൃഷ്ണപിള്ള, എൻ സി ശേഖർ, അഴീക്കോടൻ രാഘവൻ, കെ പി ഗോപാലൻ തുടങ്ങിയ കമ്യൂണിസ്റ്റ് പാർടിയുടെ നേതാക്കൾ സമരയോഗങ്ങളിൽ പങ്കെടുത്തു. ജൂലൈ 25ന് കമ്പി–- തപാൽ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് മലബാറിൽ പൊതുപണിമുടക്കും സംഘടിപ്പിച്ചു. രൂക്ഷമായ പ്രതികാര നടപടികളും പിരിച്ചുവിടലുകളും നേരിട്ടാണ് പണിമുടക്ക് 23 ദിവസം തുടർന്നത്. മൗലനാ അബ്ദുൾ കലാം ആസാദ്, ബോംബെ പ്രവിശ്യ മുഖ്യമന്ത്രി ബി ജി ഖേർ, ലെജിസ്ലേറ്റീവ് അസംബ്ലി അധ്യക്ഷൻ മംഗൾദാസ് പക്വാമ്പ എന്നിവരുടെ മധ്യസ്ഥതയിൽ പി ആൻഡ് ടി ഡയറക്ടറും യൂണിയൻ നേതാക്കളും നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ആഗസ്ത് മൂന്നിന് പണിമുടക്ക് ഒത്തുതീർപ്പാക്കി.

ദേശാഭിമാനി 3 Aug 2022 1:34 am

അതിജീവനത്തിന്റെ വിജയഗാഥ

ചവിട്ടിയരയ്ക്കാൻ നിൽക്കുന്നവരുടെ മുന്നിലേക്ക് വിജയിച്ച് കയറിവരുന്നവരാണ് എന്നും കഥകളിലെ നായകന്മാർ. മാധ്യമങ്ങളുടെയും പ്രതിപക്ഷ പാർടികളുടെയും കേന്ദ്രസർക്കാരിന്റെയും ഒറ്റക്കെട്ടായുള്ള നുണപ്രചാരണങ്ങളും കള്ളക്കേസുകളും കുതന്ത്രങ്ങളും മറികടന്നാണ് കേരളത്തിലെ സഹകരണമേഖല അതിജീവനത്തിന്റെ വിജയഗാഥ രചിക്കുന്നത്. ഇവർ നാടിന് തണലേകുമ്പോൾ, നാടിന്റെ ഉപജീവന മാർഗമാകുമ്പോൾ, പ്രതീക്ഷകളാകുമ്പോൾ ഉണരുന്നത്, ഉയരുന്നത് ജനങ്ങളുടെ കൂട്ടായ്മയാണ്. ജയിക്കുന്നത് ഇവിടത്തെ ഓരോ സാധാരണക്കാരനുമാണ്... ഇതാ ചില വിജയമാതൃകകൾ കടലേഴും താണ്ടുന്ന വാരപ്പെട്ടി നാളികേരത്തിന്റെ നാട്ടിൽനിന്ന് വെളിച്ചെണ്ണ കയറ്റുമതിചെയ്ത് വിജയക്കുതിപ്പ് തുടരുകയാണ് വാരപ്പെട്ടി സഹകരണ ബാങ്ക്. വിദേശമാർക്കറ്റിൽ വാരപ്പെട്ടി ബ്രാൻഡഡ് സാധനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. വെളിച്ചെണ്ണ, ചക്ക, കപ്പ, ഏത്തപ്പഴം തുടങ്ങിയവയാണ് വിഭവങ്ങളാക്കി വാരപ്പെട്ടി ബ്രാൻഡിൽ കടൽകടക്കുന്നത്. ഇതോടെ ലക്ഷങ്ങളുടെ ബാധ്യത മറികടന്ന് നൂറുകോടി രൂപ നിക്ഷേപമുള്ളതായി ബാങ്ക്. 85 കോടിയുടെ വായ്പയും നൽകി. മൂന്ന് ശാഖകളും ആരംഭിച്ചു. ആർടിജിഎസ്, എൻഇഎഫ്ടി, എടിഎം സൗകര്യവും ബാങ്കിനുണ്ട്. വിവിധ സ്റ്റോറുകൾ, മെഡിക്കൽ ലാബ്, കാർഷികവിപണി, കാർഷിക നഴ്സറി എന്നിവയുമുണ്ട്. 1100 രൂപ വിലയുള്ള പതിനേഴിനം പലചരക്കുകൾ ഡിസ്കൗണ്ട് കാർഡ് വഴി 500 രൂപയ്ക്ക് സഹകാരികൾക്ക് നൽകുന്നു. 10,000 രൂപ പലിശരഹിത സ്വർണപ്പണയവായ്പയുമുണ്ട്. ദേശീയ പുരസ്കാരവും 2019–-20, 2020–-21 വർഷത്തെ മികച്ച സംഘത്തിനുള്ള അവാർഡും സഹകരണമന്ത്രിയുടെ ഇന്നൊവേഷൻ അവാർഡും നേടിയിട്ടുണ്ട്. അന്നമൂട്ടുന്ന സഹകരണം കയറിവരുന്നർക്കെല്ലാം രുചികരമായി ഭക്ഷണം വിളമ്പുന്നതിനൊപ്പം ചേർന്നുനിൽക്കുന്ന കുറേ കുടുംബങ്ങളെ കൂടി അന്നമൂട്ടുകയാണ് പാറക്കോട് സഹകരണബാങ്ക്. സർക്കാരിന്റെ നൂറുദിന കർമപരിപാടിയിലാണ് മത്സ്യഫെഡിന്റെ സഹകരണത്തോടെ അടൂരിൽ സീഫുഡ് എസി റെസ്റ്റോറന്റ് ആരംഭിച്ചത്. ബാങ്കിന്റെ കോപ്മാർട്ട് സൂപ്പർ മാർക്കറ്റും വൻവിജയമാണ്. മത്സ്യഫെഡിന്റെ സ്റ്റാൾ, മിൽമ, ഹോർട്ടികോർപ്പ്, മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യാ, കെപ്കോ ചിക്കൻ, റബ്ക്കോ, കാഷ്യു കോർപറേഷൻ, കാപ്പക്സ് എന്നിവയുടെ സ്റ്റാളും വിവിധ സഹകരണ ബാങ്കുകൾ ഉല്പാദിപ്പിക്കുന്നതും മറ്റ് അംഗീകൃത ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ലഭ്യമാണ്. എൽഡിഎഫ് ഭരണസമിതി 2018ൽ അധികാരമേറ്റപ്പോൾ 104 കോടി നിക്ഷേപവും 84 കോടി വായ്പയും 52 ലക്ഷം രൂപയുടെ ചിട്ടിയുമുണ്ടായിരുന്നത് നിലവിൽ 110 കോടി നിക്ഷേപവും 85 കോടി വായ്പയും ഒരു കോടി 10 ലക്ഷം രൂപയുടെ ചിട്ടയുമാക്കി. 23 ജീവനക്കാരെന്നത് 73പേരായി. ഊരാളുങ്കലെന്ന 
നവരത്ന വിസ്മയം കേരളത്തിന്റെ ഊരാളുങ്കലിനുപകരം ലോകത്തിനു മുന്നിൽ മറ്റൊന്നില്ല. വികസിത രാഷ്ട്രങ്ങളിൽനിന്നുപോലും ഊരാളുങ്കൽ ലേബർ കോ–-ഓപ്പറേറ്റീവ് കോൺട്രാക്ട് സൊസൈറ്റി എന്ന ഈ സഹകരണ വിസ്മയത്തിന് ബദൽ ചൂണ്ടിക്കാട്ടാനുമില്ല. നിർമാണം പൂർത്തിയാക്കിയ ഒരുലക്ഷത്തിലധികം പ്രോജക്ടുകളുണ്ട് ഈ പെരുമയിൽ. 300 പദ്ധതി നിർമാണത്തിലുള്ളതിൽ ദേശീയ, സംസ്ഥാന ഹൈവേകൾ അടക്കം 700 കിലോമീറ്ററിലേറെ പൊതുനിരത്തുകൾ. 250 കിലോമീറ്ററിലേറെ ഗ്രാമറോഡുകൾ. പാലങ്ങളും മേൽപ്പാലങ്ങളും അഞ്ഞൂറ് കവിയും. നവരത്ന സ്ഥാപനമായ ഊരാളുങ്കൽ സഹകരണമേഖലയുടെ ബഹുമുഖ ഇടപെടലിന്റെ എക്കാലത്തെയും മാതൃകയാണ്. ഏറ്റവും പ്രധാനം നോൺക്രെഡിറ്റ് മാതൃകയാണ്. തൊഴിൽസൃഷ്ടി, രാഷ്ട്രനിർമാണം, ഉൽപ്പാദനം, വിപണനം, സോഫ്റ്റ്വെയർ വികസനം, ഐടി, പാർപ്പിടനിർമാണം, നൈപുണ്യവികസനം, ടൂറിസം, നിർമാണരംഗത്തെ ഗുണമേന്മാപരിശോധന, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നിങ്ങനെയെല്ലാം ഇതിലുണ്ട്. കാർഷിക, മൃഗപരിപാലന, ഭക്ഷ്യസംസ്കരണ രംഗങ്ങളിലേക്കും ചുവടുവയ്ക്കുന്നു. നിർമാണരംഗത്തെ അത്യാധുനിക സങ്കേതങ്ങളും യന്ത്രോപകരണങ്ങളും ആർജിച്ച് തൊഴിലാളികൾക്ക് നൈപുണ്യം പകരുന്നതാണ് ഊരാളുങ്കലിന്റെ വിജയമാതൃക. 13,000 തൊഴിലാളികൾ, ആയിരത്തിൽപ്പരം ടെക്നീഷ്യന്മാർ, 1500- എൻജിനിയർമാരും സാങ്കേതികവിദഗ്ധരും മാനേജർമാരും അടങ്ങിയ മനുഷ്യവിഭവ സമ്പത്താണ് കരുത്ത്. ഐടി സ്ഥാപനമായ യുഎൽ ടെക്നോളജി സൊല്യൂഷൻസിലും ക്രാഫ്റ്റ് വില്ലേജുകളിലും ഐഐഐസിയിലും ഒക്കെയായി രണ്ടായിരംപേർ വേറെയുമുണ്ട്. യുഎൽ സൈബർപാർക്കിൽ ടാറ്റ എലെക്സിയുടെ ആയിരത്തോളം പ്രൊഫഷണലുകൾ കൂടിയാകുമ്പോൾ മൂവായിരത്തിൽപ്പരമാണ്. ഇത്രയേറെ കുടുംബങ്ങൾക്ക് അത്താണിയായ മറ്റൊരു സഹകരണസംഘം ലോകത്തിലില്ല. ഈയിടെ ‘ഭാരത്മാല’യിൽ ദേശീയപാത 66-ലെ തലപ്പാടി–-ചെങ്കള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാത കരാർ രാജ്യാന്തര ടെൻഡറിലൂടെ ഊരാളുങ്കൽ സ്വന്തമാക്കിയത് അദാനി ഗ്രൂപ്പ്, ഹൈദരാബാദ് കേന്ദ്രമായ മേഘ, കെഎൻആർ ഗ്രൂപ്പുകൾ എന്നിവയോട് മത്സരിച്ചാണ്. ഗുണമേന്മയും സമയബന്ധിത നിർമാണവും അഴിമതിയില്ലായ്മയും ഊരാളുങ്കലിന്റെ ഗ്യാരന്റി. മിച്ചം വരുന്ന തുക തിരികെ നൽകുന്ന മറ്റേത് സ്ഥാപനമുണ്ട് കരാർ നിർമാണരംഗത്ത് എന്നുമോർക്കണം.

ദേശാഭിമാനി 3 Aug 2022 1:00 am

മ്യാൻമറിലെ പട്ടാള തേർവാഴ്‌ച

പട്ടാള ഭരണത്തിന്റെ ഉരുക്കുമുഷ്ടിക്കുള്ളിൽ കഴിയുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് മ്യാന്മർ. മ്യാൻമറിലെ സൈനികഭരണകൂടം ജനാധിപത്യവാദികളായ നാല് രാഷ്ട്രീയ തടവുകാരെ കഴിഞ്ഞദിവസം തൂക്കിലേറ്റി. പട്ടാളക്കോടതിയുടെ രഹസ്യവിചാരണയ്ക്കു ശേഷമായിരുന്നു വധശിക്ഷ. മ്യാൻമർ സൈന്യത്തിനെതിരെ പോരാടാൻ വിമതരെ സഹായിച്ചെന്നാണ് ഇവർക്കെതിരെ ചുമത്തിയ ‘കുറ്റം’. ജനാധിപത്യ പ്രചാരകൻ, കോ ജിമ്മി എന്നറിയപ്പെടുന്ന ക്യാവ് മിൻ യു, മുൻ നിയമനിർമാതാവും ഹിപ്-ഹോപ്പ് കലാകാരനുമായ ഫിയോ സിയ താവ് എന്നിവർ വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. അന്താരാഷ്ട്രതലത്തിലുള്ള എല്ലാ അഭ്യർഥനകളും തള്ളിക്കളഞ്ഞാണ് നാലുപേരെയും കൊന്നുതള്ളിയത്. മ്യാൻമറിന്റെ ക്രൂരമായ മനുഷ്യാവകാശ ധ്വംസനത്തിന്റെ മറ്റൊരേട്’ എന്നാണ് ആംനസ്റ്റി ഇന്റർനാഷണൽ ഇതിനെ വിശേഷിപ്പിച്ചത്. സമാനമായ ‘കുറ്റങ്ങൾക്ക്’ ശിക്ഷിക്കപ്പെട്ട് 100 പേർകൂടി വധശിക്ഷ കാത്ത് കിടക്കുന്നുവത്രെ. മ്യാൻമർ ഇന്ന് അരക്ഷിതാവസ്ഥയുടെ പരകോടിയിലാണ്. തെരുവുകളിലെല്ലാം പട്ടാളം റോന്തുചുറ്റുന്നു. സ്വതന്ത്രയാത്ര തടയപ്പെടുന്നു. പോകുന്ന വഴികളിലെല്ലാം പട്ടാളം തടയും. യാത്രോദ്ദേശ്യം വ്യക്തമാക്കുന്ന തെളിവുകൾ നൽകിയാലേ മുന്നോട്ടുപോകാനാകൂ. എന്നാൽ, ഭരണകൂടത്തിനെതിരായ പ്രക്ഷോഭങ്ങൾക്കും സംഘർഷങ്ങൾക്കും ഒട്ടും കുറവില്ല. വെറും സംഘർഷമല്ല, ആഭ്യന്തരയുദ്ധമാണ് മ്യാൻമറിൽ നടക്കുന്നതെന്നാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കുന്നത്. വധശിക്ഷയ്ക്കെതിരെ പ്രതിപക്ഷം നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച് തെരുവിലിറങ്ങി പ്രതിഷേധിച്ചെങ്കിലും ഭരണകൂടം ക്രൂരമായി അടിച്ചമർത്തുകയായിരുന്നു. ഓങ് സാൻ സൂചിയുടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ പുറത്താക്കി അധികാരം പിടിച്ചെടുത്ത സൈന്യം അടിച്ചമർത്തൽ തുടരുകയാണ്. ഈ വർഷം ജനുവരി മുതൽ ജൂൺ 29 വരെ, പ്രതിഷേധങ്ങളിലും സംഘർഷങ്ങളിലും 2030 സിവിലിയന്മാരും 2200 സൈനികരും കൊല്ലപ്പെട്ടതായാണ് കണക്കാക്കുന്നത്. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുക്കുന്നവരുടെ മൃതദേഹമാണ് പിന്നീട് കാണാൻ കഴിയുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നു. ഇതിലും ഭീദിതമായ കണക്കാണ് എസിഎൽഇഡി (The Armed Conflict Location & Event Data Project) എന്ന സംഘടന പുറത്തുവിടുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലെ അട്ടിമറിയെ തുടർന്നുണ്ടായ അക്രമങ്ങളിൽ മൊത്തം 21,000 പേർ കൊല്ലപ്പെട്ടതായി അവർ വ്യക്തമാക്കുന്നു. പീപ്പിൾസ് ഡിഫൻസ് ഫോഴ്സ് (പിഡിഎഫ്) എന്ന പ്രാദേശിക പൗരസേനകൾ സൈനിക വാഹനവ്യൂഹങ്ങളെ ആക്രമിച്ച് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നത് നിത്യസംഭവമായി. 2021 ഫെബ്രുവരിക്കുശേഷം ഏതാണ്ട് 14,000 രാഷ്ട്രീയത്തടവുകാരെ അറസ്റ്റ് ചെയ്തു. അതിൽ 11,000-ത്തിലധികം പേർ ജയിലിലാണ്. ആയിരക്കണക്കിന് വീടുകൾ കത്തിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്തു. രഹസ്യവിചാരണ നടത്തി ഇല്ലാത്ത കുറ്റങ്ങൾ ചുമത്തിയാണ് സൂചിയെ 11 വർഷത്തെ തടവിന് ശിക്ഷിച്ചത്. രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചെന്നും നിയമവിരുദ്ധമായി വാക്കി-ടോക്കികൾ കൈവശം വച്ചെന്നുമായിരുന്നു സൈനിക കോടതി കണ്ടെത്തിയ കുറ്റം. നിയമം അനുശാസിക്കുന്ന നിലയിലല്ല പട്ടാള ജനറൽമാരുടെ കംഗാരു കോടതികളിൽ നിന്നുള്ള ശിക്ഷാവിധി എന്നതാണ് പരിഹാസ്യം. ഇപ്പോൾ സൂചിയെ മരണംവരെ ജയിലിലിടാനുള്ള വകുപ്പുകളാണ് പട്ടാളക്കോടതി തിരയുന്നത്. സൂചിയുടെ ഭരണകാലത്ത് മ്യാൻമർ സ്ഥിരതയുടെയും സാമ്പത്തിക വളർച്ചയുടെയും അപൂർവ മുന്നേറ്റമാണ് നടത്തിയത്. ഇത് സൂചിയുടെ ജനപിന്തുണ വർധിക്കുന്നതിനു കാരണമായി. ഇതിൽ അസ്വസ്ഥരായ പട്ടാളം അട്ടിമറി നടത്തി വീണ്ടും സൈനിക സർക്കാരിനെ അവരോധിക്കുകയായിരുന്നു. ഇന്ന് മ്യാൻമറിലെ ആരോഗ്യപരിപാലന സംവിധാനം പാടേതകർന്നു. രോഗം വന്നാൽ, അടിയന്തര വൈദ്യസഹായം ലഭ്യമാക്കാൻപോലും കഴിയുന്നില്ല. ബഹുഭൂരിപക്ഷമാളുകളും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ വൻ തകർച്ചയിലാണ്.- 2019നെ അപേക്ഷിച്ച് 2022ൽ എത്തുമ്പോൾ ജിഡിപി 13 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് ലോക ബാങ്ക് പറയുന്നു. 2022 മാർച്ചിലെ കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 5,41,83,947 ആണ്. ഇതിൽ 89 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. 6.3 ശതമാനം ക്രിസ്തുമത വിശ്വാസികളും 2.1 ശതമാനം ഇസ്ലാമിസ്റ്റുകളുമുണ്ട്. 0.5 ശതമാനം മാത്രമാണ് ഹിന്ദുമതത്തിൽപ്പെട്ടവർ. സമാധാനപ്രിയരാണ് ബുദ്ധമതവിശ്വാസികളെങ്കിലും മ്യാൻമറിലെ അവസ്ഥ നേരെമറിച്ചാണ്. ഇന്ത്യ, ചൈന, ലാവോസ്, തായ്ലൻഡ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളാണ് മ്യാൻമറിന്റെ അതിർത്തി പങ്കിടുന്നത്. ആൻഡമാൻ കടലും ബംഗാൾ ഉൾക്കടലുമാണ് മറ്റതിർത്തികൾ. വലിപ്പംകൊണ്ട് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായ മ്യാൻമറിൽ 1962 മുതൽ പട്ടാള ഭരണമാണ്. മ്യാൻമറിലെ ജനാധിപത്യ അഭിലാഷങ്ങളുടെ പ്രതീകമാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടിയ ഓങ് സാൻ സൂചി. മ്യാൻമറിന്റെ സ്വാതന്ത്ര്യ ശിൽപ്പിയായ ജനറൽ ഓങ് സാന്റെ പുത്രിയായ സൂചി മഹാത്മജിയുടെ അക്രമരഹിത സിദ്ധാന്തത്തെ മുറുകെപ്പിടിച്ചാണ് ജനാധിപത്യ പുനഃസ്ഥാപനത്തിനായി പ്രവർത്തിക്കുന്നത്. ഓങ് സാൻ മ്യാന്മറിന്റെ (ബർമ) സ്വാതന്ത്ര്യ സമരനായകനും രക്തസാക്ഷിയും രാഷ്ട്രപിതാവുമാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയ്ക്കെതിരെ പോരാടിയ അച്ഛന്റെ സമരവീര്യം ഒട്ടും കുറയാതെ തന്നെ സൂചിക്കുമുണ്ടായിരുന്നു. 1962 മുതൽ അട്ടിമറിയിലൂടെ അധികാരം കൈവശപ്പെടുത്തിയ പട്ടാളഭരണകൂടത്തിനെതിരെ 1988ൽ സമരമുഖത്തെത്തിയതോടെയാണ് സൂചി ലോകശ്രദ്ധ ആകർഷിച്ചു തുടങ്ങിയത്. 1960കളിൽ സൂചിയുടെ അമ്മ മാ കിൻ ചി ഇന്ത്യയിൽ അംബാസഡർ ആയിരുന്നു. ചരിത്രനിയോഗംപോലെയായിരുന്നു ബുദ്ധമത വിശ്വാസിയായ സൂചിയുടെ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്. രോഗബാധിതയായ അമ്മയെ പരിചരിക്കാനായി മ്യാന്മറിലേക്ക് 1985-ൽ തിരിച്ചെത്തിയതായിരുന്നു അവർ. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ അവരൈ വീട്ടുതടങ്കലിലാക്കി. 1990ൽ ബഹുകക്ഷി പൊതുതെരഞ്ഞെടുപ്പ് നടത്താൻ പട്ടാള ഭരണകൂടം നിർബന്ധിതമായി. സൂചിയുടെ നാഷണൽ ലീഗ് മഹാഭൂരിപക്ഷം നേടിയെങ്കിലും അധികാരം കൈമാറാൻ സൈന്യം തയ്യാറായില്ല. എന്നാൽ, വലിയ സമ്മർദത്തിനൊടുവിൽ 1995 ജൂലൈയിൽ സൂചിയെ മോചിപ്പിച്ചു. 2015-ൽ, 25 വർഷത്തിനിടെ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ ലീഗ് ഫോർ ഡെമോക്രസിയെ (എൻഎൽഡി) അവർ വിജയത്തിലേക്ക് നയിച്ചു. അതോടെയാണ് സൈന്യവും സൂചിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മറനീക്കിയത്. 476 സീറ്റിൽ നടന്ന മൽസരത്തിൽ 396 സീറ്റും സൂചിയുടെ പാർടി കരസ്ഥമാക്കി. 2021 ഫെബ്രുവരിയിലെ അട്ടിമറിയിൽ സൈന്യം അവരെ പുറത്താക്കുകയും വീട്ടുതടങ്കലിൽ വയ്ക്കുകയും ചെയ്തു. മ്യാൻമറിലെ എക്കാലത്തെയും ജനപിന്തുണയുള്ള നേതാവാണ് സൂചി. തെരഞ്ഞെടുപ്പ് വിജയത്തിളക്കത്തിനിടയിലും മ്യാൻമറിലെ രോഹിൻഗ്യൻ ന്യൂനപക്ഷത്തെ സൈന്യം പീഡിപ്പിക്കുന്നതിനെ കണ്ടില്ലെന്നു നടിക്കുന്നു എന്ന ആരോപണം അന്താരാഷ്ട്രതലത്തിൽ നിലനിൽക്കുമ്പോഴാണ് പട്ടാളം സൂചിയെ അട്ടിമറിക്കുന്നതും അധികാരം പിടിച്ചെടുക്കുന്നതും. സൈനിക ഭരണകൂടം സമ്പന്നർക്കനുകൂലവും സാധാരണക്കാരനെ അടിച്ചമർത്തുന്നതുമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനെതിരായ കടുത്ത പോരാട്ടമാണ് അവിടെ നടക്കുന്നത്. ഒപ്പം ജനാധിപത്യപുനഃസ്ഥാപനത്തിനുവേണ്ടിയുള്ള സമരങ്ങളും മ്യാൻമറിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു.

ദേശാഭിമാനി 3 Aug 2022 1:00 am

സവാഹിരിവധം യുഎസിന്റെ ഇരട്ടമുഖം

അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ അൽ ഖായ്ദയുടെ മേധാവി അയ്മൻ അൽ സവാഹിരി കൊല്ലപ്പെട്ടെന്ന വാർത്ത ചൊവ്വാഴ്ച രാവിലെയാണ് ലോകം അറിഞ്ഞത്. അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട വേളയിലാണ് സവാഹിരിയെ വധിച്ചതെന്ന് അമേരിക്കൻ അധികൃതർ വ്യക്തമാക്കി. 11 വർഷംമുമ്പ് അൽ ഖായ്ദ മേധാവിയായിരുന്ന ബിൻ ലാദനെ അമേരിക്കൻ സേന പാകിസ്ഥാനിൽവച്ച് വധിച്ചശേഷം സംഘടനയുടെ ചുമതലയേറ്റ സവാഹിരിയെയും ഇപ്പോൾ അമേരിക്ക വധിച്ചിരിക്കുകയാണ്. സിഐഎ വർഷങ്ങളായി നടത്തിയ നിരീക്ഷണത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമാണ് ഇതെന്ന് അമേരിക്കൻ പ്രസിഡന്റുതന്നെ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. അഫ്ഗാനിൽ ഭരണം നടത്തുന്ന താലിബാനാണ് സവാഹിരിക്ക് എല്ലാവിധ സംരക്ഷണവും നൽകിയതെന്ന കാര്യത്തിൽ സംശയമില്ല. ആഭ്യന്തരമന്ത്രി സിറാജുദ്ദീൻ ഹഖാനിയാണ് സവാഹിരിക്ക് താമസിക്കാൻ വീട് ഒരുക്കിയതെന്ന വെളിപ്പെടുത്തൽ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. മാത്രമല്ല, അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും ദോഹ കരാറിന്റെയും ലംഘനമാണെന്നും താലിബാൻ പ്രതികരിച്ചിട്ടുമുണ്ട്. അമേരിക്കയും താലിബാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകാൻ ഇത് വഴിവയ്ക്കുമെന്ന് ന്യായമായും സംശയിക്കാം. സവാഹിരിയുടെ വധത്തോടെ നീതി നടപ്പാക്കിയിരിക്കുന്നെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിച്ചത്. 2001 സെപ്തംബർ 11ന് അമേരിക്കയിലെ ലോകവ്യാപാര കേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ 3000 പേർ കൊല്ലപ്പെട്ടിരുന്നു. ആ ഭീകരാക്രമണത്തിന്റെ ഇരകൾക്ക് നീതി ലഭ്യമാക്കിയെന്നാണ് ബൈഡന്റെ അവകാശവാദം. ഈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് അൽ ഖായ്ദയുടെ തലവനായിരുന്ന ബിൻ ലാദനും അദ്ദേഹത്തിന്റെ പിൻഗാമി സവാഹിരിയുമായിരുന്നു. ഇരുവരെയും വധിച്ചതോടെ ഇരകൾക്ക് നീതി ലഭിച്ചെന്നാണ് ബൈഡന്റെ വാദം. എന്നാൽ, സോവിയറ്റ് സേനയെ അഫ്ഗാനിസ്ഥാനിൽ പരാജയപ്പെടുത്താൻ അൽ ഖായ്ദയെ പണവും ആയുധവും നൽകി വളർത്തി വലുതാക്കിയത് ഇതേ അമേരിക്കയാണെന്ന കാര്യം മറക്കാറായിട്ടില്ല. സവാഹിരിയെ വധിക്കാൻ അമേരിക്ക ഇപ്പോൾ തയ്യാറായതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്? അഫ്ഗാനിസ്ഥാനിൽ ഭീകരവാദപ്രസ്ഥാനമായ താലിബാനെ ഭരണാധികാരികളായി അവരോധിച്ച് അമേരിക്കൻ സേന നടത്തിയ പിന്മാറ്റം പരക്കെ വിമർശിക്കപ്പെട്ടിരുന്നു. ‘ഭീകരവാദത്തിനെതിരെ യുദ്ധം’ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാനിലേക്ക് പടനയിച്ച അമേരിക്ക ഭീകരവാദികളെ ഭരണമേൽപ്പിച്ച് പിൻവാങ്ങി എന്നതായിരുന്നു ആ വിമർശത്തിന്റെ ഉള്ളടക്കം. ഈ നാണക്കേടിൽനിന്ന് മുഖം രക്ഷിക്കാൻ സവാഹിരിയുടെ ആസൂത്രിതമായ കൊലപാതകം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ജോ ബൈഡനും അമേരിക്കയും. ട്രംപിന്റെ കാലത്ത് നഷ്ടമായ ആഗോള മേധാവിത്വം തിരിച്ചുപിടിക്കുന്നെന്ന സന്ദേശമാണ് ഇതുവഴി ബൈഡൻ നൽകുന്നത്. അമേരിക്കൻ പാർലമെന്റിലേക്ക് നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബൈഡന്റെ ഡെമോക്രാറ്റിക് പാർടിക്ക് ഇരുസഭയിലും പരാജയം പ്രവചിക്കപ്പെടുന്ന ഘട്ടത്തിലാണ് അൽ ഖായ്ദ മേധാവിയുടെ വധം നടന്നത്. അതോടൊപ്പംതന്നെ അമേരിക്കയിലെ രൂക്ഷമായ വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കിയിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് ഇരട്ട സഖ്യയിലേക്ക് ഉയർന്നത് ബൈഡൻ ഭരണത്തിനെതിരെ ശക്തമായ ജനവികാരം ഉയരാൻ കാരണമായിട്ടുണ്ട്. ഇതിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നതും ബൈഡന്റെ ലക്ഷ്യമാണ്. എന്നാൽ, സവാഹിരിയുടെ കൊലപാതകംകൊണ്ട് അൽ ഖായ്ദയെ പൂർണമായും പരാജയപ്പെടുത്താൻ കഴിഞ്ഞെന്ന ആഖ്യാനം ആരും മുന്നോട്ടുവയ്ക്കുമെന്ന് തോന്നുന്നില്ല. കാരണം, ബിൻ ലാദനെ വധിച്ചശേഷവും അൽ ഖായ്ദ സജീവമായിത്തന്നെ ഈ ഭൂമുഖത്തുണ്ടായിരുന്നു. ഐഎസിന്റെ ഉയർച്ചയ്ക്കിടെ അൽപ്പം നിറം മങ്ങിയെങ്കിലും സബ്സഹാറൻ ആഫ്രിക്കയിലും തെക്കൻ ഏഷ്യയിലും പശ്ചിമേഷ്യയിലും അവർ സാന്നിധ്യമുറപ്പിച്ചു. സവാഹിരിക്കു പകരം പുതിയ നേതാവിനെ തെരഞ്ഞെടുത്ത് അൽ ഖായ്ദ ഭീകരവാദ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് സാധ്യത. ഭീകരവാദത്തിന് തടയിടണമെന്നത് അമേരിക്കയുടെ അജൻഡയല്ല. ജമാൽ ഖഷോഗിയുടെ വധത്തിന് ഉത്തരവാദിയെന്ന് അമേരിക്കതന്നെ ആരോപിച്ച സൗദി കിരീടാവകാശിയുമായി കഴിഞ്ഞ മാസമാണ് ബൈഡൻ കൂടിക്കാഴ്ച നടത്തിയത് എന്നതിൽനിന്ന് ഇത് വ്യക്തമാകും.

ദേശാഭിമാനി 3 Aug 2022 1:00 am

ബജാജ് പൾസർ എൻ 160

ഏതാനും മാസങ്ങൾക്കുമുമ്പ് ഇറങ്ങിയ ബജാജ് പൾസർ എൻ 250യുടെ അതേ മുഖച്ഛായയോടെ കുറഞ്ഞ എൻജിൻ കപ്പാസിറ്റിയിൽ ബജാജ് പുറത്തിറക്കുന്ന ബൈക്ക് ആണ് പൾസർ എൻ 160. ഏറ്റവും കൂടുതൽ മത്സരം ഉള്ള 160 സിസി സെഗ്മെന്റിൽ ബജാജിനുവേണ്ടി കളത്തിലിറങ്ങുന്നത് പൾസർ എൻ 160 ആയിരിക്കും! ആകർഷകമായ പുതിയ തലമുറ മോട്ടോർ സൈക്കിളുകൾ ഡിസൈൻ ചെയ്യുന്നതിൽ ബജാജ് മുൻപന്തിയിലാണ്. എൻ 160യുടെ കാര്യത്തിൽ എൻ 250യോട് സാദൃശ്യം ഉണ്ടെങ്കിലും അതൊരു കുറവായി കണക്കാക്കാൻ പറ്റില്ല. പ്രൊജക്റ്റർ എൽഇഡി ഹെഡ് ലാമ്പ്, എൽഇഡി ഡിആർഎൽ എന്നിവ എൻ 250യിൽനിന്ന് മാറ്റമില്ലാതെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരുവിധത്തിൽ നോക്കിയാൽ എൻ 160യുടെ ഡിസൈൻ കോൺസെപ്റ്റ് എൻ 250യുടേതാണ് എന്നു പറയാം. അതുകൊണ്ടുതന്നെ ഈ ബൈക്ക് 250 സിസി ആണോ എന്ന സംശയം ഉണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല. ഈ രണ്ടു ബൈക്കുകളും ഏതാണ്ട് ഒരേസമയത്തുതന്നെയാണ് വികസിപ്പിച്ചത്. എൻ 250യുടെ അതേ അനലോഗ് -ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്ടറാണ് 160യിലും ഉപയോഗിച്ചിരിക്കുന്നത്. സൈഡ് പാനലുകളും ഇന്ധന ടാങ്കിന്റെ എക്സ്റ്റെൻഷനും ബ്ലാക്ക് ക്രോം പൾസർ ലോഗോയും, ഫ്രോസ്റ്റ് എഫെക്ട് കൊടുത്തിരിക്കുന്ന ടെയ്ൽ ലാമ്പും അൺഡർ ബെല്ലി എക്സ്സോസ്റ്റ് പൈപ്പും എൻ 160യെ ആകർഷകമാക്കുന്ന ഘടകങ്ങളാണ്. ബ്ലൂ ടൂത്ത് കണക്റ്റിവിറ്റി ഇല്ല എന്നത് ഒരു പോരായ്മതന്നെയാണ്. എന്നിരുന്നാലും പൾസർ എൻ160 സ്പോർട്ടിയും ഭംഗിയുള്ളതും ആണെന്നതിന് രണ്ടഭിപ്രായം ഉണ്ടാകില്ല. റോഡ് പ്രസൻസുപോലെതന്നെയാണ് എൻ 160യുടെ പ്രകടനവും, 16 ഹോഴ്സ് പവറും 14.7 ന്യൂട്ടൻ മീറ്റർ ടോർക്കും ഉള്ള 164.82 സിസി ഓയിൽ എയർ കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ് എൻ 160യുടെ ഊർജത്തിനുറവിടം. ഇപ്പോൾ വിപണിയിലുള്ള എൻഎസ് 160യുമായി ഈ എൻജിന് യാതൊരു ബന്ധവും ഇല്ല. രണ്ടു വേരിയന്റുകളിലാണ് എൻ160 ലഭിക്കുന്നത്. ടോപ് വേരിയന്റിൽ ഡ്യുവൽ ചാനൽ എബിഎസ് ആണുള്ളത്, ബേസ് വേരിയന്റിൽ സിംഗിൾ ചാനലും. വളരെ റിഫൈൻ ചെയ്ത എൻജിനാണിത്, ടോപ് ഗീയറുകളിൽ മോശമല്ലാത്തതും മിഡ് റേഞ്ചിൽ ഉഗ്രൻ പ്രകടനവുമാണ് എൻ160 കാഴ്ചവയ്ക്കുന്നത്. ടോപ് ഗീയറിൽ 30 കിലോമീറ്റർവരെ കുറഞ്ഞ സ്പീഡിൽ ഓടിക്കാൻ സാധിക്കും എന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ്. അതിവേഗത്തിലും വളവുകളിലും ബൈക്ക് വളരെ സ്റ്റേബിളാണ്, അതുപോലെതന്നെ ഈ ബൈക്കിൽ ഉപയോഗിച്ചിരിക്കുന്ന ഗ്രിമെകാ ബ്രേക് വളരെ എഫക്റ്റീവാണ്. ഈ സെഗ്മെന്റിലെ ടിവിഎസ് അപ്പാചേ ആർടിആർ 160 4വി, ഹീറോ എക്സ്ട്രീം 160ആർ, സുസുകി ജിക്സർ എന്നീ ബൈക്കുകളെ നേരിടാൻ ബജാജ് നിരത്തിയിരിക്കുന്നത് പഴയ പൾസർ 150, പൾസർ എൻഎസ്160 പിന്നെ ഇപ്പോൾ എൻ160 എന്നിങ്ങനെ മൂന്ന് തലമുറയിലെ ബൈക്കുകളാണ്. ഡ്യുവൽ ചാനൽ എബിഎസ് ഉള്ള ടോപ് വേരിയന്റ് ബ്രൂക്ലിൻ ബ്ലാക് എന്ന ഒറ്റ നിറത്തിലും സിംഗിൾ ചാനൽ എബിഎസ് ഉള്ള ബേസ് വേരിയന്റ് മൂന്ന് നിറങ്ങളിലുമാണ് ലഭിക്കുന്നത്. ടോപ് വേരിയന്റിന് 1.27 ലക്ഷം രൂപയും ബേസ് വേരിയന്റിന് 1.22 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

ദേശാഭിമാനി 3 Aug 2022 1:00 am

കോൺക്ലേവ്‌ ജാള്യം മറയ്ക്കാൻ ‘ധൂർത്ത്‌’ തള്ള്‌

തിരുവനന്തപുരം തൃശൂരിൽ സംഘടിപ്പിച്ച കോൺക്ലേവിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫ് സർക്കാരിനും ലഭിച്ച അംഗീകാരത്തിൽ വിറളിപിടിച്ച് മനോരമ. വടികൊടുത്ത് അടി മേടിച്ചതിന്റെ ജാള്യം മറയ്ക്കാനാണ് സർക്കാരിനെതിരെ ധൂർത്ത് തള്ളുമായി രംഗത്തെത്തിയത്. സിൽവർ ലൈൻ, ദേശീയപാത, കെ–- ഫോൺ തുടങ്ങി സർക്കാരിന്റെ സുപ്രധാന വികസന പദ്ധതികളെയെല്ലാം തുരങ്കംവയ്ക്കുന്ന യുഡിഎഫ് അനുകൂല പത്രമാണ് പൂർത്തിയായ പദ്ധതികളെ ‘ധൂർത്ത്’ എന്ന് വിശേഷിപ്പിക്കുന്നത്. പ്രകൃതിക്ഷോഭസമയത്ത് ‘രക്ഷാസംവിധാനങ്ങൾ എവിടെ?’ എന്ന് ചോദിച്ച് പരമ്പര ചെയ്തവർതന്നെ രക്ഷാഹെലികോപ്റ്റർ ധൂർത്താക്കി. ഹെലികോപ്റ്റർ ചുമ്മാ ഓടിച്ച് ചെലവ് വർധിപ്പിക്കാത്തതിലും കണ്ണീർവാർക്കുന്നു. മനോരമയുടെ ‘പിടിവിട്ട’ അവസ്ഥ ഇതിൽ വ്യക്തം. സർക്കാരിനെതിരെ നിരന്തരം നിരത്തിയ ഇല്ലാക്കഥകളും നുണക്കണക്കുമാണ് സ്വന്തം കോൺക്ലേവിൽ കുമിളകൾപോലെ പൊട്ടിപ്പോയത്. താൻ മാതൃകയാക്കുന്ന, ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പിണറായിയെ വിശേഷിപ്പിച്ചത്. എന്നാൽ, സ്വന്തം ചടങ്ങിലെ ആ പ്രസംഗഭാഗം മനോരമ റിപ്പോർട്ട് ചെയ്തില്ല. കോൺക്ലേവുണ്ടാക്കിയ ക്ഷീണം മറയ്ക്കാൻ സർക്കാരിനെതിരായ വാർത്തയും പരമ്പരയും കുത്തിനിറച്ച് തിങ്കളാഴ്ച ഈ യുഡിഎഫ് അനുകൂല പത്രം ഇറങ്ങിയത്. അതിലാവട്ടെ വിരോധാഭാസങ്ങളുടെ പ്രളയവും. സാമ്പത്തിക പ്രതിസന്ധിയാൽ ഏതെങ്കിലും സാമൂഹ്യ പദ്ധതികളോ ക്ഷേമപ്രവർത്തനങ്ങളോ വികസനമോ നിർത്തിവയ്ക്കുമെന്ന് സർക്കാർ പറഞ്ഞിട്ടില്ല. പ്രഖ്യാപിച്ച ഒട്ടനവധി വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിലെ പ്രയാസങ്ങളാണ് സർക്കാർ പറയുന്നത്. അത് അർഹമായ വിഹിതവും സഹായവും കേന്ദ്ര സർക്കാർ നിഷേധിക്കുന്നതുകൊണ്ടാണെന്നും വ്യക്തം. ധൂർത്തായി വിശേഷിപ്പിക്കുന്ന നീന്തൽക്കുളമുൾപ്പെടെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയ വികസനപദ്ധതികളാണെല്ലാം. ഉമ്മൻചാണ്ടിക്കാലത്ത് പ്രഖ്യാപിച്ച നീന്തൽ‘ക്കുള’ങ്ങളുടെ അവസ്ഥ മറന്നു.

ദേശാഭിമാനി 2 Aug 2022 1:36 am

സഹകരണമേഖലയെന്ന തണൽ

മുൻ യുഡിഎഫ് സർക്കാർകാലത്ത് നാൽപ്പത്തിനാലായിരത്തിലധികം കെഎസ്ആർടിസി പെൻഷൻകാർക്ക് മാസങ്ങളോളം പെൻഷൻ മുടങ്ങി. മരുന്നും നിത്യനിദാനവും മുടങ്ങിയ അവരിൽ ചിലർ ആത്മഹത്യയിൽ അഭയംതേടി. അവിടെ കൈപിടിക്കാനെത്തിയത് സഹകരണമേഖലയായിരുന്നു. സഹകരണ ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് പെൻഷൻ നൽകാൻ സംവിധാനമുണ്ടാക്കി. അതോടെ മുടങ്ങാതെ പെൻഷൻ എത്തി. ആപത്ഘട്ടത്തിൽ ജനങ്ങളെ ചേർത്തുപിടിച്ച സഹകരണമേഖലയുടെ ഇടപെടലുകളിൽ ഒന്നുമാത്രമാണിത്.ഒന്നിനു പുറകെ ഒന്നായി കേരളത്തെ ദുരിതങ്ങൾ വേട്ടയാടിയപ്പോഴും താങ്ങും തണലുമായി സഹകരണരംഗം ഒന്നാകെ മുന്നോട്ടുവന്നു. ‘കെയർ ഹോമി’ലൂടെ രണ്ടായിരത്തിലധികം പേർക്കാണ് വീട് കൈമാറിയത്. ദിനേശ്ബീഡി, ഇന്ത്യൻ കോഫിഹൗസ്, ഊരാളുങ്കൽ... നാടറിയുന്ന എത്രയെത്ര നന്മകൾ. ഒടുവിൽ കേരളബാങ്കെന്ന മഹാവിജയത്തിലേക്ക് നാം നടന്നുകയറി. സഹകരണമേഖലയ്ക്ക് കേരളീയരുടെ സാമ്പത്തിക–- സാമൂഹ്യ ജീവിതവുമായുള്ള ബന്ധത്തിന് ആഴമേറെ. ഏതെങ്കിലും സഹകരണസ്ഥാപനത്തിൽ അംഗമല്ലാത്ത ഒരു കുടുംബംപോലും സംസ്ഥാനത്തുണ്ടാകില്ല. മൂന്നരക്കോടിയാണ് കേരളത്തിലെ ജനസംഖ്യയെങ്കിൽ 5.88 കോടിയിലധികമാണ് സഹകരണ സ്ഥാപനങ്ങളിലെ അംഗത്വം. ബഹുഭൂരിപക്ഷവും രണ്ടോ അതിലേറെയോ സഹകരണ സംഘങ്ങളിൽ അംഗങ്ങളാണെന്നർഥം. ഏകദേശം 17,500 സഹകരണ സംഘം പ്രവർത്തിക്കുന്നു. 1,40,705.77 കോടി രൂപയാണ് സഹകരണമേഖലയിലെ നിക്ഷേപം. 1.16 ലക്ഷം കോടി രൂപ വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. വാണിജ്യബാങ്കുകൾ കോർപറേറ്റുകൾക്കും വൻകിടക്കാർക്കും മാത്രമായി വായ്പ ഒതുക്കുമ്പോൾ സാധാരണക്കാർക്ക് ആശ്രയം സഹകരണ സ്ഥാപനങ്ങളാണ്. വിവാഹം, ചികിത്സ; ആവശ്യം എന്തായാലും സാധാരണക്കാരൻ ഓടിയെത്തുക ഈ പൂമുഖത്തേക്കാണ്. നിക്ഷേപത്തിന്റെ 80 ശതമാനവും അതതു പ്രദേശങ്ങളിലാണ് വായ്പയായി നൽകുന്നത്. സംസ്ഥാനത്താകെയുള്ള കാർഷികവായ്പയുടെ 15 ശതമാനവും നൽകുന്നതും സഹകരണ സ്ഥാപനങ്ങൾതന്നെ. കേരളത്തിൽ ദരിദ്രർ സാമ്പത്തിക ആവശ്യങ്ങൾക്ക് വാണിജ്യബാങ്കുകളേക്കാൾ ആശ്രയിക്കുന്നത് സഹകരണ സ്ഥാപനങ്ങളെയാണെന്ന് റിസർവ് ബാങ്കിന്റെ പഠനം പറയുന്നു. സ്വാതന്ത്ര്യം ലഭിക്കുംമുമ്പുതന്നെ പിറവികൊണ്ട സഹകരണമേഖലയ്ക്ക് കേരളത്തിന്റെ വളർച്ചയിൽ നിർണായക പങ്കുണ്ട്. ഭൂപരിഷ്കരണത്തിന്റെ ഫലമായി കുടിയാന്റെ കൈവശം ഭൂമി എത്തിയപ്പോൾ കൃഷിയിറക്കാൻ മൂലധനമുണ്ടായിരുന്നില്ല. ഈ നിസ്സഹായാവസ്ഥ ചൂഷണംചെയ്യാൻ ഒരുങ്ങിയവരുടെ കഴുത്തറുപ്പൻ ഇടപാടുകളിൽനിന്ന് ജനങ്ങളെ രക്ഷിച്ച് ആവശ്യമായ വിഭവം ഒരുക്കിയത് സഹകരണമേഖലയായിരുന്നു. അവിടെനിന്ന് കേരളത്തിനാകെ തണലേകുന്ന വടവൃക്ഷമായി സഹകരണമേഖല വളർന്നുപന്തലിച്ചു. ഇതാകെ കൈപ്പിടിയിലൊതുക്കാൻ കേന്ദ്ര സർക്കാർ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സഹകരണ സ്ഥാപനങ്ങളിലെ കോടികളുടെ നിക്ഷേപത്തിലാണ് കണ്ണ്. നോട്ടുനിരോധന വേളയിലും തുടർന്നും ഈ മഹത്തായ പ്രസ്ഥാനത്തെ നോട്ടമിട്ടു. കൈക്കലാക്കാൻ കഴിഞ്ഞില്ലെങ്കിൽ തച്ചുതകർക്കുക എന്നതാണ് പുതിയ അജൻഡ. വിരലിലെണ്ണാവുന്ന പുഴുക്കുത്തുകളെ ഊതിവീർപ്പിക്കുന്നവർ, കേരളത്തിനാകെ തണലേകുന്ന വടവൃക്ഷത്തിനു നേർക്കാണ് കോടാലിക്കൈകളാകുന്നത്.

ദേശാഭിമാനി 2 Aug 2022 1:23 am

മങ്കി പോക്‌സ്‌
 : ആശങ്ക വേണ്ട; അതിജാഗ്രത വേണം

ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ മങ്കി പോക്സ് മരണം സ്ഥിരീകരിച്ചിരിക്കുന്നു. ദുബായിൽനിന്നെത്തിയ ഇരുപത്തിരണ്ടുകാരനാണ് തൃശൂരിൽ മരിച്ചത്. അദ്ദേഹത്തിന് മങ്കി പോക്സ് ലക്ഷണങ്ങളേക്കാൾ കൂടുതൽ ക്ഷീണവും എൻസെഫലൈറ്റിസ് (തലച്ചോറിലെ അണുബാധ) ലക്ഷണങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. ദുബായിൽ നടത്തിയ രക്തപരിശോധനയിൽ അദ്ദേഹത്തിന് രോഗം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് മരണം സംഭവിച്ചതെന്ന് വിദഗ്ധസമിതി പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 14ന് കേരളത്തിലാണ് രാജ്യത്ത് ആദ്യമായി മങ്കി പോക്സ് കണ്ടെത്തിയത്. വിദേശത്തുനിന്ന് തിരുവനന്തപുരത്തെത്തിയ ഒരാളിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. ആകെ നാല് പേർക്ക് ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കണ്ടെത്തിയ മൂന്ന് രോഗികൾ വിദേശത്തുനിന്ന് വന്നവരായിരുന്നു. രോഗപ്പകർച്ച വിദേശത്തുനിന്നാണ് എന്നാണിത് സൂചിപ്പിക്കുന്നത്. എന്നാൽ, ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത രോഗി വിദേശസന്ദർശനം നടത്തിയിട്ടില്ല. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 1-2 ആഴ്ചയ്ക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. ചിലരിൽ മൂന്ന് ആഴ്ചയും ആകാം. അതുകൊണ്ടുതന്നെ 21 ദിവസമാണ് രോഗിയുമായി സമ്പർക്കമുള്ളവരെ നിരീക്ഷിക്കുന്നത്. മുമ്പ് മാരകമായി പടർന്ന വസൂരിയുടെ അതേകുടുംബത്തിലെ ഇളംതലമുറ വൈറസാണ് മങ്കി പോക്സിന് കാരണം. ആഫ്രിക്കയിൽ 1958-ൽത്തന്നെ കുരങ്ങുകളിൽ ഈ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. 1970-ൽ ആഫ്രിക്കയിൽത്തന്നെ കോംഗോയിൽ ആദ്യമായി മനുഷ്യരിൽ കണ്ടെത്തി. ഏഴുമാസം പ്രായമുള്ള കുഞ്ഞിലാണ് ആദ്യം രോഗലക്ഷണം സ്ഥിരീകരിച്ചത്. ആഫ്രിക്കൻ വൻകരയ്ക്ക് പുറത്ത് ആദ്യമായി 2003-ലാണ് കണ്ടെത്തുന്നത്. അമേരിക്കയിൽ -എഴുപതിലധികം പേർക്ക് സ്ഥിരീകരിച്ചു. ആഫ്രിക്കയിൽനിന്ന് കൊണ്ടുവന്ന പിയറി ഡോഗ്സ് എന്ന വളർത്തുജീവികളിൽനിന്നാണ് അമേരിക്കയിൽ പടർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. എലിയെയും അണ്ണാനെയുംപോലെ കരണ്ടുതിന്നുന്ന ചെറുജീവികളിലാണ് ഈ വൈറസുകൾ സാധാരണ ജീവിക്കുന്നത്. ഈ ജീവികളിൽനിന്ന് കുരങ്ങുകളിലേക്കും മനുഷ്യരിലേക്കും പകരാം. ആഫ്രിക്കയ്ക്ക് പുറത്ത് മൃഗങ്ങളിൽ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സാധാരണയായി ആഫ്രിക്കയിൽ പോയ സഞ്ചാരികൾക്കോ അവരുമായി അടുത്തിടപഴകിയവർക്കോ ആഫ്രിക്കയിൽനിന്ന് ഇറക്കുമതി ചെയ്ത മൃഗങ്ങളെ നേരിട്ട് കൈകാര്യം ചെയ്തവർക്കോ ആയിരുന്നു രോഗബാധ. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഏതാണ്ട് ഇരുപതിനായിരത്തോളം പേർക്ക് മങ്കി പോക്സ് ബാധിച്ചിട്ടുണ്ട്. ഇതിൽ 70 ശതമാനവും യൂറോപ്യൻ രാജ്യങ്ങളിലാണ്. ബാക്കി പ്രധാനമായും ദുബായ് ഉൾപ്പെടെയുള്ള ഗൾഫ്, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലായിരുന്നു. എന്നാൽ, ഈ രോഗികളിൽ മരണനിരക്ക് താരതമ്യേന വളരെ കുറവായിരുന്നു. ലക്ഷണം പനി, ശരീരവേദന, തലവേദന, വിയർപ്പ്, തൊണ്ടവേദന, കഴലവീക്കം, ശരീരത്തിൽ ചുവന്നുതടിച്ച പാടുകൾ, ഈ പാടുകൾ വലുതായി കുമിളകൾ രൂപപ്പെടുക, കുമിളകൾ പഴുത്ത് കരിഞ്ഞു കൊഴിഞ്ഞുപോകൽ തുടങ്ങിയവയാണ് മങ്കി പോക്സ് ലക്ഷണങ്ങളായി പൊതുവെ കാണുന്നത്. ചിക്കൻ പോക്സിലും സമാനലക്ഷണം കാണാം. എന്നാൽ, മങ്കി പോക്സ് ബാധയിൽ കുമിളകൾ ഒരേസമയത്തു തന്നെയാണ് രൂപപ്പെടുന്നതും പഴുക്കുന്നതും. വായ്ക്കകത്തും ലൈംഗിക അവയവങ്ങളിലെ മൃദുവായ തൊലിയിലും കുമിളകൾ കാണപ്പെടുന്നു എന്നതും ഇതിന്റെ പ്രത്യേകതയാണ്. വളരെ അടുത്ത് ഇടപഴകുമ്പോൾ മാത്രമേ പകരുകയുള്ളൂ. മാസ്കില്ലാതെ അടുത്തിരുന്നു കുറേനേരം സംസാരിക്കുക, രോഗി ഉപയോഗിച്ച കർച്ചീഫ്, തുണികൾ എന്നിവ കൈകാര്യം ചെയ്യുക, ലൈംഗികബന്ധം ഇതൊക്കെ രോഗപ്പകർച്ചയ്ക്ക് ഇടയാക്കാം. അകലെനിന്ന് സംസാരിച്ചാൽ പിടിപെടാൻ സാധ്യതയില്ല. വായുവിലൂടെ പകരുന്ന രോഗമല്ല. എന്നാലും രോഗസംശയമുള്ളവരുമായി ഇടപഴകുമ്പോൾ മാസ്ക് ഉപയോഗിക്കുകയും കൈകൾ സോപ്പിട്ട് കഴുകുകയും ചെയ്യുന്നത് സംരക്ഷണം നൽകും. ഇത്തരം രോഗങ്ങൾ വർധിക്കുന്നത് ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. മങ്കി പോക്സ് മരണനിരക്ക് വളരെ കുറവാണ്. എന്നാലും വസൂരിക്കുള്ള പ്രതിരോധ കുത്തിവയ്പുകൾ അവസാനിപ്പിച്ചതുകൊണ്ട് ചെറുപ്പക്കാർക്ക് ഇത്തരം വൈറസുകൾക്കെതിരെ പ്രതിരോധം കുറഞ്ഞിരിക്കും. കേരളത്തിൽ ആരോഗ്യരക്ഷാ സംവിധാനവും ജനങ്ങളുടെ പൊതുആരോഗ്യ അറിവും ജാഗ്രതയും ഉയർന്നുനിൽക്കുന്നതുകൊണ്ട് രോഗികളെയും സമ്പർക്കസാധ്യതയുള്ളവരെയും കണ്ടെത്താനും നിരീക്ഷിക്കാനും കഴിയുന്നുണ്ട്. ഇത് രോഗപ്പകർച്ച തടയാൻ പര്യാപ്തമാണ്. എന്നാൽ, ഇന്ത്യയിൽ പല സ്ഥലത്തും വേണ്ടത്ര ഫലപ്രദമായ നിരീക്ഷണമില്ലെങ്കിൽ സാമൂഹ്യവ്യാപനം നടക്കും. വസൂരിക്കെതിരെ ഫലപ്രദമായ വാക്സിനും മരുന്നുകളും ഈ രോഗത്തിനെതിരെയും ഫലപ്രദമാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. ആശങ്ക വേണ്ടെങ്കിലും നല്ല ജാഗ്രത ആവശ്യമുണ്ടെന്ന് മങ്കി പോക്സും നമ്മെ ഓർമിപ്പിക്കുന്നു. (പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറാണ് ലേഖകൻ)

ദേശാഭിമാനി 2 Aug 2022 1:00 am

തൊഴിലുറപ്പിലെ കൊടുംചതി

ഇടതുപക്ഷത്തിന്റെ മുൻകൈയിൽ ഒന്നാം യുപിഎ സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പുപദ്ധതിക്ക് ആദ്യപ്രഹരം ഏറ്റത് രണ്ടാം യുപിഎ സർക്കാരിന്റെ കാലത്താണ്. എന്നാലിപ്പോൾ പദ്ധതിയുടെ കടയ്ക്കൽത്തന്നെ കത്തിവയ്ക്കുകയാണ് രണ്ടാം മോദി സർക്കാർ. ഒരു പഞ്ചായത്തിൽ ഇരുപതിൽ കൂടുതൽ പ്രവൃത്തി ഒരുസമയം ഏറ്റെടുക്കരുതെന്ന കേന്ദ്രതീരുമാനം തൊഴിൽദിനങ്ങൾ വൻതോതിൽ കുറയാൻ കാരണമാകും. ലോകത്തിനുമുന്നിൽ ഇന്ത്യയുടെ പട്ടിണിമുഖം മറച്ചുനിർത്തിയ തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് മോദി സർക്കാർ നൽകുന്നത്. കിട്ടാക്കടവും നികുതി ഇളവുകളുമായി സഹസ്രകോടികൾ കോർപറേറ്റുകൾക്ക് തീറെഴുതുമ്പോഴാണ് പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടുന്നത്. ഇന്ത്യയിലെ 200 ജില്ലയിൽ 2006 ഫെബ്രുവരിയിൽ തൊഴിലുറപ്പുപദ്ധതി ആരംഭിക്കുമ്പോൾ രാജ്യത്തെ ജനസംഖ്യയിൽ പകുതിയോളം പേർ പട്ടിണിക്കാരായിരുന്നു. സക്സേന കമ്മിറ്റി റിപ്പോർട്ടിൽ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനാവശ്യമായ വരുമാനം 50 ശതമാനം പേർക്കാണുണ്ടായിരുന്നത്. ആസൂത്രണ കമീഷൻ രേഖകൾപ്രകാരം ഇത് 39 ശതമാനവും. 2008ൽ തൊഴിലുറപ്പുപദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിച്ചതോടെ ചിത്രം മാറി. 2012ലെ റിസർവ് ബാങ്ക് റിപ്പോർട്ടിൽ ഇന്ത്യയിലെ ദാരിദ്ര്യനിരക്ക് 21.92 ശതമാനമായി കുറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും പാവങ്ങളുടെ ജീവിതത്തെ ഇതുപോലെ തൊട്ടറിഞ്ഞ മറ്റൊരു പദ്ധതിയില്ല. എന്നാൽ, രണ്ടാം യുപിഎ സർക്കാർതന്നെ പദ്ധതിവിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. വർഷം 100 പ്രവൃത്തിദിനമെന്ന ലക്ഷ്യം പൂർത്തീകരിക്കാൻ പാകത്തിൽ സംസ്ഥാനങ്ങൾക്ക് തുക അനുവദിക്കാനോ യഥാസമയം വേതനം പുനർനിർണയിക്കാനോ കേന്ദ്രം തയ്യാറായില്ല. മോദി സർക്കാർ 2014ൽ അധികാരമേറ്റതോടെ തൊഴിലുറപ്പുപദ്ധതിയുടെ നില ഒന്നുകൂടി പരുങ്ങലിലായി. പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിനേക്കാളും 26 ശതമാനം കുറച്ചാണ് നടപ്പുവർഷത്തെ ബജറ്റിൽ തുക വകയിരുത്തിയത്. തുടർച്ചയായി പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്നതോടൊപ്പം കുടിശ്ശികയും വരുത്തുന്നു. 200 കോടി രൂപ നിലവിൽ കേരളത്തിന് ലഭിക്കാനുണ്ട്. പുതിയ നിർദേശം നടപ്പാകുന്നതോടെ കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഒരു പ്രവൃത്തിപോലും ഏറ്റെടുക്കാനാകാത്ത പഞ്ചായത്ത് വാർഡുകളും ഉണ്ടാകും. ഇതു ബാധിക്കുന്നത് തൊഴിൽരഹിതരുടെ വരുമാനത്തെ മാത്രമല്ല. തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഉൽപ്പാദന, ആസ്തിവികസന പ്രവൃത്തികളെയും വികേന്ദ്രീകൃത വികസനത്തെയുംകൂടിയാണ്. ഏറ്റവും കാര്യക്ഷമമായി തൊഴിലുറപ്പ് നടപ്പാക്കുന്ന കേരളത്തിൽ കഴിഞ്ഞവർഷം 10.60 കോടി തൊഴിൽദിനമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതേനിലയിൽ മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിനിടയിലാണ് കടുത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്. ആറുകോടി തൊഴിൽദിനത്തിനാണ് നിലവിൽ അനുമതി. ബാക്കി പിന്നീട് ലഭിച്ചാലും പുതിയ നിബന്ധന വിനയാകും. കഴിഞ്ഞവർഷം 100 തൊഴിൽദിനം ലഭിച്ച 5. 12 ലക്ഷം കുടുംബം കേരളത്തിലുണ്ട്. ശരാശരി തൊഴിൽദിനം 65ഉം. 18,000 രൂപ കുറഞ്ഞ വേതനമായി നിജപ്പെടുത്തണമെന്ന് ട്രേഡ് യൂണിയനുകൾ ഡിമാൻഡ് വയ്ക്കുന്ന കാലത്താണ് തൊഴിലുറപ്പുപദ്ധതിയിൽ അതിന്റെ പകുതിമാത്രം വരുന്ന 310 രൂപ പ്രതിദിന വേതനമായി ലഭിക്കുന്നത്. അതും പരമാവധി 100 ദിവസംമാത്രം. ഈ ആശ്വാസംപോലും ഇല്ലാതാക്കുന്ന ദ്രോഹമാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നത്. രാജ്യത്തെ 16 കോടിയിലേറെ അതിദരിദ്ര കുടുംബത്തെ കണ്ണീരു കുടിപ്പിക്കുന്ന തീരുമാനത്തിൽനിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന ശക്തമായ ആവശ്യമാണ് കേരളസർക്കാർ മുന്നോട്ടുവച്ചിട്ടുള്ളത്. ഇതേ ആവശ്യമുന്നയിച്ച് തൊഴിലാളി സംഘടനകളും പ്രക്ഷോഭരംഗത്താണ്. പ്രത്യേകസാഹചര്യം പരിഗണിച്ച് കൂടുതൽ ഉദാരസമീപനം സ്വീകരിക്കുന്നതിനുപകരം എല്ലാരംഗത്തും കേരളത്തെ കൂടുതൽ വരിഞ്ഞുമുറുക്കുകയാണ് കേന്ദ്രം. തൊഴിലുറപ്പിലെ പരിഷ്കാരവും ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കേരളത്തെയാണ്. പാർശ്വവൽക്കരിക്കപ്പെട്ടവരും അസംഘടിതരുമായ തൊഴിലാളികളെയാണ് നേരിട്ടു ബാധിക്കുന്നതെങ്കിലും ഇത് തിരുത്തിക്കാനാവശ്യമായ പോരാട്ടം കൂട്ടായി ഏറ്റെടുക്കേണ്ടതുണ്ട്.

ദേശാഭിമാനി 2 Aug 2022 1:00 am

സ്വാതന്ത്ര്യസമരവും കേരളവും - ഡോ. കെ എൻ ഗണേശ് എഴുതുന്നു

ബ്രിട്ടീഷ് ആധിപത്യം കേരളത്തിൽ ആരംഭിച്ചത് 18–-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്. അപ്പോൾ തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് ആധിപത്യത്തിൻകീഴിൽ പുത്രികാരാജ്യപദവി കൈവരിക്കുകയും മലബാറിലെ നാടുവാഴികൾ പൂർണമായി കീഴടങ്ങുകയും ചെയ്തു. പഴശ്ശിരാജയും കോഴിക്കോട് പടിഞ്ഞാറെ കോവിലകം രവിവർമയുംപോലുള്ള ചിലർ മലബാറിലും വേലുത്തമ്പിയും പാലിയത്തച്ചനും പുത്രികാരാജ്യങ്ങളിലും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി. അവർക്ക് ചില ഭൂവുടമ–-കർഷക വിഭാഗങ്ങളുടെ പിന്തുണയും ലഭിച്ചു. ഇവയെ ബ്രിട്ടീഷ് വിരുദ്ധ നാടുവാഴിത്ത കലാപങ്ങളായാണ് കരുതപ്പെടുന്നത്. 18–-ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ആധിപത്യം കേരളത്തിൽ വേരൂന്നി. പുതിയ ഭൂവുടമബന്ധങ്ങൾ വളർന്നുവന്നു. വ്യവസായങ്ങളും വളരാനാരംഭിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും ആശയസംഹിതകൾ ഉൾക്കൊള്ളുകയും ചെയ്ത ഒരു മധ്യവർഗം വളർന്നു. അതേസമയം, കർഷകരിൽനിന്ന് ബ്രിട്ടീഷ്വിരുദ്ധ, ജന്മിവിരുദ്ധ കലാപങ്ങൾ വളർന്നു. മലബാറിലെ മാപ്പിളമാർ തുടർച്ചയായി നടത്തിയ കലാപങ്ങൾ ഉദാഹരണമാണ്. 1921ലെ കലാപം ഇവരുടെ പ്രതിരോധത്തിന്റെ ജ്വലിക്കുന്ന തെളിവാണ്. കലാപം നിഷ്ഠുരമായി അടിച്ചമർത്തപ്പെട്ടു. അവസാനഘട്ടത്തിൽ അതിൽ വർഗീയപ്രവണതകൾ കടന്നുവരികയും ചെയ്തു. കേരളത്തിലെ ജാതി–-ജന്മി നാടുവാഴിത്തത്തിനെതിരായ ആശയപരവും പ്രായോഗികവുമായ സമരത്തെയാണ് നവോത്ഥാനം എന്നു പൊതുവിൽ വിളിക്കുന്നത്. ജാതിബദ്ധമായ സാമൂഹ്യനീതിക്കെതിരായ പോരാട്ടവും നാടുവാഴിത്തത്തിനെതിരായ പോരാട്ടവും ഇന്ത്യയിൽ പൊതുവിൽ വളർന്നുവന്ന ദേശീയ ബോധവുമായി ബന്ധപ്പെടുത്താൻ സാധിച്ചതാണ് കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ സവിശേഷത. 1921ലെ മലബാർ കലാപത്തിന്റെ നേതൃത്വം ഖിലാഫത് പ്രസ്ഥാനത്തിനായിരുന്നു. അതേസമയം, അതൊരു കർഷകസമരവുമായിരുന്നു.1920ൽ മഞ്ചേരിയിലെ കെപിസിസി സമ്മേളനത്തിൽ കുടിയാൻമാരുടെ അവകാശങ്ങളെ സംബന്ധിച്ച പ്രമേയം പാസായി. 1923ൽ കാക്കിനാഡയിൽ നടന്ന എഐസിസി സമ്മേളനത്തിൽ ടി കെ മാധവൻ അവതരിപ്പിച്ച അയിത്തോച്ചാടനത്തെ സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. അതു നടപ്പാക്കുന്നതിന് ഒരു സമിതിയെയും നിയോഗിച്ചു. 1924-–-25ലെ വൈക്കം സത്യഗ്രഹം ഈ സമിതിയുടെ നേതൃത്വത്തിലാണ് നടന്നത്. പിന്നീട് നടന്ന തിരുവാർപ്പ് സത്യഗ്രഹവും ഗുരുവായൂർ സത്യഗ്രഹവും സാമൂഹ്യനീതിക്ക് വേണ്ടിയുള്ള പ്രസ്ഥാനങ്ങളും ദേശീയബോധവും തമ്മിലുള്ള ബന്ധം പ്രകടമാക്കി. കോൺഗ്രസിന്റെ പ്രവർത്തനത്തിലേക്ക് ആദ്യം ആകൃഷ്ടരായത് കേരളത്തിലെ മധ്യവർഗമായിരുന്നു. 1897ൽ കോൺഗ്രസ് അധ്യക്ഷനായ സർ സി ശങ്കരൻ നായർ ഉദാഹരണമാണ്. ഏറെ വൈകിയാണ് കോൺഗ്രസിന് ഒരു സംഘടനാരൂപം ഉണ്ടായത്. കുടിയാൻമാരുടെയും അവർണ സമുദായങ്ങളുടെയും പ്രശ്നങ്ങൾ കോൺഗ്രസ് ഏറ്റെടുക്കാൻ തുടങ്ങിയതിനു ശേഷമായിരുന്നു ഈ മാറ്റം. 1921ലെ നിസ്സഹകരണ പ്രസ്ഥാനത്തിന് കേരളത്തിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. ഉപ്പു സത്യഗ്രഹത്തിലാണ് വൻതോതിലുള്ള ജനപങ്കാളിത്തം ഉണ്ടായത്. തിരുവിതാംകൂറിൽനിന്നും കൊച്ചിയിൽനിന്നുമടക്കം കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും നിരവധി വളന്റിയർമാർ സത്യഗ്രഹത്തിൽ പങ്കെടുത്തു. തമിഴ്നാട്ടിലെ വേദാരണ്യത്തിൽ കേരളത്തിലെ വളന്റിയർമാർ പങ്കെടുക്കണമെന്നാണ് കോൺഗ്രസ് നേതൃത്വം നിശ്ചയിച്ചത്. മോയാരത്ത് ശങ്കരന്റെ നേതൃത്വത്തിൽ സ്വീകരിച്ച ശക്തമായ നിലപാടുകളാണ് കേരളത്തിൽ സത്യഗ്രഹം നടക്കാൻ കാരണമായത്. ഇന്ത്യൻ പതാകയ്ക്കുവേണ്ടി പി കൃഷ്ണപിള്ളയും ആർ വി ശർമയും കോഴിക്കോട് കടപ്പുറത്ത് വച്ച് ബ്രിട്ടീഷ് പൊലീസുമായി ഏറ്റുമുട്ടിയത് ഏറെ പ്രശസ്തമാണ്. പിന്നീട് കേരളത്തിലെ സ്വാതന്ത്ര്യസമരം രണ്ട് കൈവഴിയിലൂടെ പോകുന്നതു കാണാം. മലബാറിൽ ദേശീയ നേതൃത്വത്തിന്റെ നിലപാടുകൾ അനുസരിച്ചുള്ള സമരങ്ങളാണ് നടന്നത്. കോൺഗ്രസ് പ്രവർത്തനം നേരിട്ടു നടക്കാത്ത തിരുവിതാംകൂറിലും കൊച്ചിയിലും നാടുവാഴിത്തവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഊന്നൽ നൽകി. എല്ലാ പ്രദേശത്തും വളർന്നുവന്ന തൊഴിലാളിസമരങ്ങൾ, കർഷകസമരങ്ങൾ, വിദ്യാർഥി യുവജന പ്രക്ഷോഭങ്ങൾ, സ്ത്രീകളുടെ മുന്നേറ്റങ്ങൾ, ഭാഷാപരമായ ഏകോപനവും കലാ സാംസ്കാരിക മുന്നേറ്റവും തുടങ്ങിയ ബഹുജനസമരങ്ങളാണ് സ്വാതന്ത്ര്യസമരത്തിന്റെ നട്ടെല്ലായത്. ഇതിനെല്ലാം നേതൃത്വം നൽകിയത് കമ്യൂണിസ്റ്റ് പാർടിക്ക് സ്വാധീനമുള്ള കോൺഗ്രസ് –-സോഷ്യലിസ്റ്റുകളായിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് പാർടി സമരങ്ങൾക്ക് നേതൃത്വം നൽകാനാരംഭിച്ചു. തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസും കൊച്ചിയിൽ പ്രജാമണ്ഡലും സമരങ്ങൾക്ക് നേതൃത്വം നൽകി. അവിടെയും റാഡിക്കൽ വിഭാഗങ്ങളും കമ്യൂണിസ്റ്റുകാരും പിന്നീട് സമരനേതാക്കളായി. 1940ൽ കെപിസിസി ആഹ്വാനം ചെയ്ത സാമ്രാജ്യത്വവിരുദ്ധ ദിനത്തിന് വൻതോതിൽ ജനപിന്തുണ ലഭിച്ചു. എന്നാൽ, ഇതേ പിന്തുണ 1942ലെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന് നേടാനായില്ല. കൊച്ചിയിൽ പ്രജാമണ്ഡലിന്റെ നേതൃത്വത്തിലാണ് ഏറ്റവും ശക്തമായ പ്രക്ഷോഭം നടന്നത്. തിരുവനന്തപുരത്തും മറ്റുചില ഭാഗങ്ങളിലും സമരങ്ങൾ നടന്നു. മലബാറിലെ സമരം കീഴരിയൂർ ബോംബ് കേസ് പോലുള്ള ചില സംഭവങ്ങളിൽ ഒതുങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തെക്കുറിച്ചുള്ള അഭിപ്രായഭിന്നതകൾ ഇതിനു പ്രധാനകാരണമായിരുന്നു. അതേസമയം, നാടുവാഴിത്തവിരുദ്ധ പ്രക്ഷോഭവും വർഗബഹുജന മുന്നേറ്റങ്ങളും ശക്തമായി തുടർന്നു. ഐക്യകേരളത്തിനു വേണ്ടിയുള്ള സമരവും ആരംഭിക്കുന്നത് ഇതേ കാലത്താണ്. രണ്ടാം ലോകയുദ്ധത്തിനുശേഷമുണ്ടായ ബഹുജന മുന്നേറ്റങ്ങളിൽ ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെന്നപോലെ കേരളത്തിലും നേതൃത്വം നൽകിയത് കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഇടതുപക്ഷമായിരുന്നു. വടക്കെ മലബാറിലെ നിരവധി കർഷക സമരങ്ങൾ, പുന്നപ്ര–- വയലാർ സമരം, അന്തിക്കാട് ചെത്തുതൊഴിലാളിസമരം തുടങ്ങിയവ ഉദാഹരണമാണ്. സ്വാതന്ത്ര്യം മുന്നിൽക്കണ്ട് കോൺഗ്രസുകാർ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് മാറിയിരുന്നു. ഇത്തരം ജനകീയസമരങ്ങളിൽനിന്ന് പുറംതിരിഞ്ഞു നിൽക്കുകയും ചെയ്തു. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ എ കെ ജിയടക്കം നിരവധി സ്വാതന്ത്ര്യപ്പോരാളികൾ ജയിലിലാണ് സ്വാതന്ത്ര്യം ആഘോഷിച്ചത്. തിരുവിതാംകൂറിലും മലബാറിലും അത്തരം പോരാളികൾക്കെതിരായ നരനായാട്ട് സ്വാതന്ത്ര്യത്തിനുശേഷവും നിർബാധം തുടരുകയായിരുന്നു. കാരണം, സ്വാതന്ത്ര്യം എന്നതുകൊണ്ട് അവർ അർഥമാക്കിയത് കേവലം ഭരണക്കൈമാറ്റമല്ല. ജനങ്ങൾക്ക് മൊത്തത്തിൽ അതിജീവനത്തിനും ഉപജീവനത്തിനും ചിന്തയ്ക്കും പ്രവർത്തനത്തിനുമുള്ള പരമാധികാരമായിരുന്നു. ഈ പോരാട്ടം ഇനിയും തുടരേണ്ടി വരുമെന്ന് അവർക്കറിയാമായിരുന്നു. ഈ വികാരമാണ് പിന്നീട് കേരളത്തിൽ കമ്യൂണിസ്റ്റ് ഇടതുപക്ഷത്തെ വളർത്തിക്കൊണ്ടുവന്നത്.

ദേശാഭിമാനി 2 Aug 2022 1:00 am

വിമോചനസമരത്തിന്റെ 
ബാക്കിപത്രം - എം എ ബേബി എഴുതുന്നു

കമ്യൂണിസ്റ്റ് പാർടി നേതൃത്വം കൊടുത്ത കേരളത്തിലെ ആദ്യ സർക്കാരിനെ പിരിച്ചുവിട്ടതിന്റെ അറുപത്തിമൂന്നാം വാർഷിക വേളയാണിത്. വിമോചനസമരമെന്നു വിളിക്കപ്പെട്ട കുപ്രസിദ്ധമായ അക്രമസമരത്തെതുടർന്ന് 1959 ജൂലൈ 31നാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ നെഹ്റു സർക്കാർ പിരിച്ചുവിട്ടത്. കേരള സമൂഹത്തെ ഇത്രയേറെ പിന്നോട്ടടിപ്പിച്ച മറ്റൊരു സംഭവം ഇല്ല. കേരള സമൂഹത്തെ ആധുനീകരിച്ച, ഫ്യൂഡൽ സാമൂഹ്യബന്ധങ്ങളുടെ സാമ്പത്തിക അടിത്തറ തകർത്ത ഭൂപരിഷ്കരണവും വിദ്യാഭ്യാസരംഗത്തെ നവീനമാക്കിയ വിദ്യാഭ്യാസബില്ലും ആ സർക്കാർ നടത്തിയ ഐതിഹാസിക പ്രവർത്തനങ്ങളിൽ രണ്ടെണ്ണം മാത്രമാണ്. കേരളത്തിന്റെ വ്യവസായവൽക്കരണം, അധികാരവികേന്ദ്രീകരണം, ജനപക്ഷ ഭരണപരിഷ്കാരം ഇവയ്ക്കൊക്കെ തുടക്കംകുറിച്ച് നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് അടിത്തറ പാകിയത് 848 ദിവസംമാത്രം നീണ്ടുനിന്ന അന്നത്തെ സർക്കാരായിരുന്നു. പക്ഷേ, ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവുമടക്കമുള്ള കാര്യങ്ങളിൽ തുടർന്നുവന്ന കോൺഗ്രസ് സർക്കാരുകളുടെ ഭാഗത്തുനിന്ന് ഇടങ്കോലിടൽ തടസ്സങ്ങളുണ്ടായത് കേരള സമൂഹത്തെ വലിയതോതിൽ പിന്നോട്ടടിച്ചു. ഇന്നും കേരളത്തിൽ ഭൂരഹിതരും പുറമ്പോക്കിൽ താമസിക്കുന്നവരുമുണ്ടാകാൻ പ്രധാനകാരണം വിമോചന സമരമാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടെങ്കിലും നമ്മുടെ വിദ്യാഭ്യാസരംഗത്തെ പരിമിതികൾക്കും വ്യവസ്ഥയില്ലായ്മയ്ക്കും നിലവാരമില്ലായ്മയ്ക്കുമുള്ള കാരണങ്ങൾ വിതയ്ക്കപ്പെട്ടത് വിമോചന സമരത്താലാണ്. മാത്രമല്ല, കേരളം കണ്ട ഏറ്റവും അക്രമാസക്തമായ അട്ടിമറി സമരമായിരുന്നു അത്. കള്ള പ്രചാരവേലകളിലൂടെ വിദ്യാർഥികളെ അക്രമത്തിനിറക്കുക എന്ന രീതി കോൺഗ്രസ് തുടങ്ങിയത് ഈ സമരത്തിലാണ്. മത വർഗീയശക്തികൾ രാഷ്ട്രീയത്തിൽ നേരിട്ടിടപെടാൻ തുടങ്ങി എന്നതായിരുന്നു വിമോചനസമരത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. ഈ സമരത്തിൽ യുഎസ്എ എന്ന വിദേശരാജ്യവും അവരുടെ ചാരസംഘടനയായ സിഐഎയും ഡോളറും നടത്തിയ നേരിട്ടുള്ള ഇടപെടലുകളും നമ്മുടെ രാജ്യത്തിന്റെ സ്വതന്ത്രാസ്തിത്വത്തിനു വെല്ലുവിളിയായി. ഈ സമരത്തിൽ കത്തോലിക്കാ സഭ വഹിച്ച പങ്ക് നേതൃത്വപരമായിരുന്നു. സഭ അങ്ങനെ ഒരിക്കലും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലായിരുന്നു. വിമോചനസമരം കാരണം കേരളം നേരിട്ട എല്ലാ പിന്നോട്ടടികൾക്കും ഒരുപരിധിവരെ അങ്ങനെ സഭ നേരിട്ടുത്തരവാദിയായി. സർക്കാരിനെ പിരിച്ചുവിട്ടതിന്റെ വാർഷികംപോലുള്ള സന്ദർഭങ്ങൾ ഇത്തരം കാര്യങ്ങളിലുള്ള പുനർവിചിന്തനത്തിനുള്ള വേളയാകണം. വിമോചനസമരത്തിലെ പങ്ക് ശരിയായിരുന്നോയെന്ന് കേരളത്തിലെ കത്തോലിക്കാസഭ പുനരാലോചിക്കുമോ? കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയം സമൂഹത്തിന് നൽകുന്ന സംഭാവന അംഗീകരിക്കാതിരിക്കാനാകില്ല എന്ന ബോധം എല്ലാവരിലും ഉണ്ട്. സഭയ്ക്കുള്ളിൽത്തന്നെ ഉയർന്നുവന്ന വിമോചന ദൈവശാസ്ത്ര ചിന്തകളും ഇതിൽ ഒരു പങ്കുവഹിച്ചു കേരളത്തിലെ കത്തോലിക്കാ സഭ ഇന്ന് ‘വിമോചന' സമരകാലത്തുനിന്ന് ഒരുപാട് മാറിയിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷരാഷ്ട്രീയം സമൂഹത്തിന് നൽകുന്ന സംഭാവന അംഗീകരിക്കാതിരിക്കാനാകില്ല എന്ന ബോധം എല്ലാവരിലും ഉണ്ട്. സഭയ്ക്കുള്ളിൽത്തന്നെ ഉയർന്നുവന്ന വിമോചന ദൈവശാസ്ത്ര ചിന്തകളും ഇതിൽ ഒരു പങ്കുവഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ നടത്തുന്ന ജനക്ഷേമകരമായ പരിപാടികളോട് സഹകരിക്കുന്ന നിലപാട് ഇന്ന് കത്തോലിക്കാ സഭയും ഇതര ക്രിസ്തീയ സഭാവിഭാഗങ്ങളും സ്വീകരിക്കുന്നുമുണ്ട്. ഇതെല്ലാം, ഫ്രാൻസിസ് മാർപാപ്പയുടെ ഈ കാലത്ത് വിമോചനസമരത്തെക്കുറിച്ച് ഒരു പുനർവിചിന്തനത്തിന് കാരണമാകണം. ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ക്യാനഡ സന്ദർശനം പൂർത്തിയാക്കി റോമിലേക്ക് മടങ്ങി. അനാരോഗ്യം അദ്ദേഹത്തെ വേട്ടയാടുന്നു. ക്യാനഡയിലേക്ക് ഒരു യാത്രയ്ക്കുള്ള അവസ്ഥയിലായിരുന്നില്ല അദ്ദേഹം. എന്നിട്ടും ആ പീഡ അദ്ദേഹം ഏറ്റെടുത്തു. കാൽമുട്ടിലെ വേദനസഹിച്ചും അദ്ദേഹംപോയത് അവിടത്തെ തദ്ദേശീയ ജനതയുടെമേൽ സഭ നടത്തിയ അക്രമങ്ങളിൽ മാപ്പ് പറയാനാണ്. വാക്കുകൾക്ക് ഒരു ലോഭവുമില്ലാതെയാണദ്ദേഹം മാപ്പ് പറഞ്ഞതും. ക്യാനഡയിൽ പത്തൊമ്പതാം നൂറ്റാണ്ടുമുതൽ 1970കൾവരെ തദ്ദേശജനവിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്കായി സഭ നടത്തിയ സ്കൂളുകളിൽ നടന്ന \നിന്ദിക്കപ്പെടേണ്ട പ്രവർത്തനങ്ങളിൽ ഞാൻ മാപ്പു പറയുന്നു, ക്ഷമ യാചിക്കുന്നു''–- എന്നാണദ്ദേഹം പറഞ്ഞത്. തദ്ദേശീയ ജനതയിലെ കുട്ടികളെ അവരുടെ അച്ഛനമ്മമാരിൽനിന്ന് പിടിച്ചുകൊണ്ടുവന്ന് ഈ റസിഡൻഷ്യൽ സ്കൂളുകളിൽ പാർപ്പിച്ചിരുന്നു. അവരുടെ സംസ്കാരത്തിൽനിന്ന് അകറ്റി അവരെ വളർത്താനാണ് ഇങ്ങനെ ചെയ്തത്. ഈ കുട്ടികളുടെ കാര്യത്തിൽ മഹത്തായ കാര്യമാണ് സഭ ചെയ്യുന്നത് എന്നാണ് 1970കൾവരെ സഭയും ക്യാനഡ സർക്കാരും കരുതിയിരുന്നത്. പക്ഷേ, ശാരീരികപീഡനവും ലൈംഗികചൂഷണവും ഈ സ്കൂളുകളിൽ അഴിഞ്ഞാടിയെന്ന് ഇന്ന് വ്യക്തമായി. കുട്ടികളെ കൂട്ടമായി മറവുചെയ്ത നിരവധി കുഴിമാടങ്ങൾകൂടെ കണ്ടെത്തിയതോടെയാണ് പോപ്പ് ഫ്രാൻസിസ് ‘പേപ്പൽ അപ്പോളജി’ നടത്തിയിരിക്കുന്നത്. വിമോചനസമരത്തിന്റെ കാര്യത്തിൽ ഒരു പുനരാലോചനയ്ക്ക് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമോ. സകല പ്രതിലോമ- വർഗീയ- ജനാധിപത്യവിരുദ്ധ ശക്തികളെയും അണിനിരത്തി രണ്ടാം വിമോചനസമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോൺഗ്രസ്, ചരിത്രത്തിൽനിന്ന് ഇനിയും ഒന്നും പഠിക്കില്ലെന്നുവേണമോ കരുതാൻ.

ദേശാഭിമാനി 2 Aug 2022 1:00 am

ദാരിദ്ര്യ നിർമ്മാർജനത്തിനായി ചൈന ചെയ്‌ത ഞെട്ടിപ്പിക്കുന്ന കഥകൾ; വായിച്ചിരിക്കേണ്ട ബുക്ക്‌ലെറ്റ്... ദീപക് പച്ച എഴുതുന്നു

നമ്മുടെ രാജ്യവും ചൈനയും ഏതാണ്ട് ഒരേ സമയത്ത് സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങളാണ്. അന്ന് ചൈനയുടെ സ്ഥിതി നമ്മുടെതിനെക്കാൾ വളരെ മോശമായിരുന്നു. എന്നാൽ ഇന്ന് ചൈന നമ്മുടെ രാജ്യത്തെക്കാൾ ഏതാണ്ട് എല്ലാ സൂചികകളിലും മുന്നിലാണ്. മുന്നിലെന്ന് പറഞ്ഞാൽ ഒരുപാട് മുന്നിൽ. ചൈനയ്ക്കെതിരെയുള്ള ‘ഇൻഫോർമേഷൻ വാർ’ ൽ അകപെട്ടതും കൊണ്ടും അല്ലാതെയും നിങ്ങൾക്ക് ചൈനയോട്, അതിൻറെ രാഷ്ട്രീയത്തോട് പലവിധ വിമർശനങ്ങളുണ്ടാകും. പക്ഷേ ദാരിദ്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും തങ്ങളുടെ ജനതയെ കൈപിടിച്ചുയർത്താനുള്ള ചൈനയുടെ വിജയകരമായ ശ്രമങ്ങളിൽ അത്ഭുതപ്പെടാതിരക്കാനും അഭിനന്ദിക്കതിരിക്കാനും ആർക്കും കഴിയില്ല. 140 കോടി ജനങ്ങളുള്ള ചൈനയിൽ ദാരിദ്ര്യം നിർമ്മാർജനം ചെയ്തെന്ന് അവർ പ്രഖ്യാപിച്ചത് 2021 ഫെബ്രുവരിയിലാണ്. ഇത് ചൈനീസ് ഏജൻസികൾ മാത്രം പറയുന്ന ഒന്നല്ല. ചൈനയെക്കുറിച്ച് പഠിക്കുന്ന പുറത്തുള്ള ഏജൻസികളും ചൈനയുടെ ഈ നേട്ടത്തെ അംഗീകരിക്കുന്നുണ്ട്. 1949 ലെ വിപ്ലവത്തിന് ശേഷം ഏതാണ്ട് 85 കോടി ജനങ്ങളെയാണ് ചൈന ദാരിദ്ര്യത്തിൽ നിന്ൻ കരകയറ്റിയത്. ജനസംഖ്യയുടെ മൂന്നിൽ രണ്ടു ജനങ്ങളും ദാരിദ്ര്യത്തിൽ ജീവിക്കുന്ന നമ്മുടെ ഇന്ത്യ ചൈനയുടെ ദാരിദ്ര്യ നിർമ്മാർജന പരിപാടികൾ സത്യത്തിൽ കണ്ടു പഠിക്കേണ്ടതാണ്. ചൈന എങ്ങനെയാണ് ഈ ലക്ഷ്യം കൈവരിച്ചത് എന്ൻ ചുരുക്കി വിശദീകരിക്കുന്ന ബുക്ക്ലെറ്റ് ആണ്“Serve the People: The Eradication of Extreme Poverty in China” എന്ന പേരിൽ Tricontinental: Institute for Social Research 2021 ജൂണിൽ പ്രസിദ്ധീകരിച്ചത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ദാരിദ്ര്യ നിർമ്മാർജന പദ്ധതിയുടെ സിദ്ധാന്തവും പ്രയോഗവും എല്ലാം കൃത്യമായി ബുക്കിൽ വിശദീകരിക്കുന്നുണ്ട്. 1950 ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിതമായി ഒരു മാസങ്ങൾക്ക് ശേഷമുള്ള കണക്കുകൾ പ്രകാരം ആളോഹരി വരുമാനത്തിൽ ചൈനയ്ക്കും പിറകിലായി രണ്ട് ഏഷ്യൻ രാജ്യങ്ങളും എട്ട് ആഫ്രിക്കൻ രാജ്യങ്ങളും (Myanmar, Mongolia, Botswana, Burundi, Ethiopia, Guinea, Guinea Bissau, Lesotho, Malawi, and Tanzania) മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് ചൈന ലോകത്ത് 11 മാതെ ദാരിദ്ര്യ രാഷ്ട്രമായിരുന്നു. അവിടെ നിന്നാണ് ചൈന ഇന്നത്തെ നിലയിലേക്ക് വളർന്നത് എന്നോർക്കണം. 1978 നും 2011 നും ഇടയിൽ ചിഅനയിൽ സമ്പൂർണ്ണ ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾ 770 ദശലക്ഷത്തിൽ നിന്ന് (ജനസംഖ്യയുടെ 80% ) 122 ദശലക്ഷം (9.1 ശതമാനം) മായി കുറഞ്ഞു എന്നാണ് കണക്ക്. അതും ദാരിദ്ര്യ ദാരിദ്ര്യരേഖ പ്രതിവർഷം 2,300 യുവാൻ എന്ന പരിധിയിൽ കണക്കാക്കുമ്പോൾ (അതായത് ഏതാണ്ട് 27000 രൂപ) ആണെന്ന് കൂടി ഓർക്കണം. നമ്മുടെ രാജ്യത്ത് ദാരിദ്ര്യം കണക്കാക്കുന്നത് പ്രതിവർഷം വരുമാനം ഗ്രാമീണ മേഖലയിൽ 11664 രൂപയ്ക്കും നഗരമേഖലയിൽ 16884 രൂപയ്ക്കും താഴെ ഉള്ളവരെയാണ് . ഈ 9.1 % കൂടി പട്ടിണിയിൽ നിന്നും കരകയറ്റാൻ 2014 ൽ ഷി ജിംഗ് പിങ്ങിന്റെ നേതൃത്വത്തിലാണ് ദാരിദ്ര്യം പൂർണമായും നിർമ്മാർജനം ചെയ്യാനുള്ള Targeted Poverty Alleviation (TPA) നു ചൈന തുടക്കം കുറിക്കുന്നത്. TPA യുടെ മുദ്രവാക്യമെന്നത് ഇതാണ് one income, two assurances, and three guarantees. അതായത് എല്ലാ കുടുംബത്തിനും ഒരു നിശ്ചിത വരുമാനത്തിനുള്ള വഴി കണ്ടെത്തി ക്കൊടുക്കുന്നതോടൊപ്പം അഞ്ചു മറ്റ് സൗകര്യങ്ങൾ കൂടി ഉറപ്പ് വരുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ‘ Two assurances’- ഭക്ഷണവും വസ്ത്രവും, ‘three guarantees’- പ്രാഥമിക ആരോഗ്യവും പാർപ്പിടവും, കുടിവെള്ളവും വൈദ്യുതിയും, സൌജന്യ വിദ്യാഭ്യാസം (9 വർഷം). ഇതാണ് ദാരിദ്യ നിർമ്മാർജനതിന്റെ ചൈനീസ് മോഡൽ. വരുമാന വിതരണം മാത്രം പരിഗണിച്ചാൽ ദാരിദ്ര്യ നിർമ്മാർജനം ചെയ്യാൻ കഴിയില്ലെന്നു മനസ്സിലാക്കി പദ്ധതികൾ ആവിഷ്ക്കരിച്ചു എന്നതാണ് TPA യുടെ ഏറ്റവും വലിയ പ്രത്യേകത. നോബൽ സമ്മാന ജേതാവ് അമർത്യസെൻ വികസിപ്പിച്ചെടുത്ത ദാരിദ്ര്യവുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളെ പരിഗണിക്കുന്ന multidimensional poverty എന്ന ആശയവും അതിനെ പിൻപറ്റി ഐക്യ രാഷ്ട്ര സഭയും ഒക്സ്ഫോർഡും ചേർന്ൻ രൂപപ്പെടുത്തിയ Multidimensional Poverty Index (MPI) എന്ന സൂചികയാണ് ചൈന അതിൻറെ ദാരിദ്ര്യ നിർമ്മാർജനത്തിനായി സ്വീകരിച്ചത്. TPA വിജയകരമായി പൂർത്തിയാക്കാൻ ചൈനയ്ക്ക് കഴിഞ്ഞത് അതിലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടി പ്രവർത്തകരുടെ സേവന സന്നദ്ധത കൊണ്ടാണ്. 2014ൽ 800,000 പാർട്ടി കേഡർമാരെ സംഘടിപ്പിച്ചു രാജ്യത്തുടനീളമുള്ള എല്ലാ വീടുകളും സന്ദർശിച്ച് സർവേ നടത്തി 128,000 ഗ്രാമങ്ങളിലായി 29.48 ദശലക്ഷം വീടുകളിൽ 89.62 ദശലക്ഷം ദരിദ്രരുണ്ട് എന്ന് കണ്ടെത്തിയതായിരുന്നു TPA യുടെ ആദ്യ പടി. സംഘാടകർ ഇല്ലാതെ ഒരു സംഘടനയുമില്ല. 2021 ലെ കണക്കുകൾ പ്രകാരം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർടിയിൽ 9.51 കോടി അംഗങ്ങളുണ്ട്. ഇതിൽ 2.7 കോടി സ്ത്രീകളാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് ഒരു രാജ്യം ആയി പരിഗണിച്ചാൽ ജാനസംഖ്യയിൽ ലോകത്ത് അതിനു പതിനാറാം സ്ഥാനമുള്ള രാജ്യമാകും. ഈ പാർടി അംഗങ്ങളാണ് ചൈനയുടെ കരുത്ത്. 30 ലക്ഷം പാർടി അംഗങ്ങളെ 255 ,000 ടീമാക്കി ദാരിദ്ര്യമുള്ള വില്ലേജുകളിൽ പോയി താമസിച്ചു ദാരിദ്ര്യ നിർമ്മാർജന പ്രവർത്തനങ്ങൾക്ക് സന്നദ്ധരാക്കാൻ പാർടിക്ക് കഴിഞ്ഞു. മോശം കാലാവസ്ഥ കാരണവും മറ്റും ഈ പ്രവർത്തനത്തിനിടയിൽ 1800 പാർടി അംഗങ്ങൾക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത്. ഈ പദ്ധതിയുടെ വലിപ്പം മനസിലാക്കാനുള്ള കൂടുതൽ വിശദാംശങ്ങൾ ഞാൻ ഇവിടെ എഴുതുന്നില്ല. അത് ബുക്ക് ലെറ്റ് വായിച്ച് തന്നെ മനസ്സിലാക്കുന്നത് ആകും നല്ലത്. അഞ്ചു സുപ്രധാന വഴികളിലൂടെയാണ് ഈ ദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യം കണ്ടത് industry, relocation, ecological compensation, education, and social assistance. ഇവ കേന്ദ്രീകരിച്ചു ഗ്രാമങ്ങളിൽ വരുമാനം ഉറപ്പാക്കാൻ ചൈന നടത്തിയ പ്രത്യേക പദ്ധതികളും എല്ലാം പുസ്തകത്തിൽ ചെറുതായി വിശദീകരിക്കുന്നുണ്ട്. തലമുറകൾ ആയുള്ള ദാരിദ്യം നിർമ്മാർജനം ചെയ്യാൻ ഏറ്റവും പ്രാധാന്യം വഹിച്ചത് വിദ്യാഭ്യാസമാണ്. ദാരിദ്ര്യം കാരണം വിദ്യഭാസ്യം ഉപേക്ഷിച്ച 200,000 കുട്ടികൾക്ക് (2013 പ്രകാരം) സ്കൂളിലേക്ക് തിരിച്ചു വരാനുള്ള സൗകര്യം സർക്കാർ ഒരുക്കി. സ്കൂൾ സൗകര്യം മെച്ചപ്പെടുത്താൻ കൂടുതൽ നിക്ഷേപം ആ മേഖലയിൽ നടത്തി. 2020 പ്രകാരം ചൈനയിലെ 95.3 % സ്കൂളുകൾക്കും ഇന്റർനെറ്റ് സൌകര്യമുണ്ട്. 2019-20 ലെ കണക്ക് പ്രകാരം നമ്മുടെ ഇന്ത്യയിൽ ഇത് 22% ആണെന്ന് മനസിലായാൽ മാത്രമേ ഈ നേട്ടത്തിന്റെ വലിപ്പം ബോധ്യമാകൂ. മറ്റൊരു പ്രധാന ഘടകം സാമൂഹ്യ സുരക്ഷ സഹായ പദ്ധതിയാണ്. ഇതാണ് സുപ്രസിദ്ധമായ dibao പദ്ധതി. ഏതെങ്കിലും കുടുംബത്തിന്റെ ആളോഹരി വരുമാനം ദാരിദ്ര്യ രേഖയ്ക്കും താഴെ ആണെങ്കിൽ അവരെ ഉയർത്തുന്നത് വരെ അവർക്ക് ഈ സഹായം ലഭിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനസഹായ പദ്ധതികളിൽ ഒന്നാണ് ഇത്. ഈ വിധത്തിൽ ഈ പ