SENSEX
NIFTY
GOLD
USD/INR

Weather

... ...View News by News Source

'വാക്കണ്ട'- കരുണാകരന്‍ എഴുതിയ കഥ

മുന്‍പ് ആറു പ്രാവശ്യവും ചെയ്തപോലെ ഇപ്പോഴും അമ്മച്ഛന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ഓര്‍മ്മയിലും മറവിയിലും മുങ്ങിത്താഴുന്ന പുഞ്ചിരി കുറച്ചു നിമിഷം കൂടി തുടര്‍ന്നു In times of crisis the wise build bridges,while the foolish build barriersKing Thalla- movie Black Pantherഇന്ന് ഈ ഒരൊറ്റ ദിവസത്തില്‍ ഇത് ഏഴാമത്തെ തവണയായിരുന്നു അമ്മച്ഛനെ ബാല്‍ക്കണിയില്‍നിന്നും ഇരിപ്പുമുറിയിലേക്കു തന്നെ ഞാന്‍ കൂട്ടിക്കൊണ്ടുവരുന്നത്. ആ ഏഴു തവണയും അമ്മച്ഛന്‍ ബാല്‍ക്കണിയില്‍നിന്നും കാണാന്‍ കിട്ടുന്ന 'വക്കാണ്ട'യെ നോക്കി നില്‍ക്കുകയായിരുന്നു. അങ്ങനെ ഞാനും നോക്കിനില്‍ക്കാറുള്ളതുപോലെ. അമ്മച്ഛനെ ഇരിപ്പുമുറിയിലെ സോഫയില്‍ കൊണ്ടുവന്ന് ഇരുത്തി ഞാന്‍ ടെലിവിഷന്‍ ഓണ്‍ ചെയ്തു.'ഇനി ഇന്ന് അമ്മച്ഛന്‍ അവിടെ ബാല്‍ക്കണിയില്‍ പോയി നില്‍ക്കുന്നില്ല' ഞാന്‍ അമ്മച്ഛനോട് പറഞ്ഞു. 'വക്കാണ്ടയിലിപ്പോള്‍ രാത്രിയുമായി.'മുന്‍പ് ആറു പ്രാവശ്യവും ചെയ്തപോലെ ഇപ്പോഴും അമ്മച്ഛന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ഓര്‍മ്മയിലും മറവിയിലും മുങ്ങിത്താഴുന്ന പുഞ്ചിരി കുറച്ചു നിമിഷം കൂടി തുടര്‍ന്നു, പിന്നെ കുറച്ചു നിമിഷം ടെലിവിഷനിലേക്ക് നോക്കി വെറുതെ ഇരുന്നു, പിന്നെ അമ്മച്ഛന്‍ അതേപോലെ സോഫയില്‍ ടെലിവിഷനിലേക്കും നോക്കി ചെരിഞ്ഞുകിടന്നു.അമ്മച്ഛന് ആദ്യമായി 'വക്കാണ്ട' കാണിച്ചുകൊടുത്തത് ഞാനാണ്. അതു പക്ഷേ, അമേരിക്കന്‍ കോമിക് ബുക്കില്‍ ഉള്ളതായിരുന്നില്ല. ആഫ്രിക്കന്‍ രാജ്യവുമായിരുന്നില്ല. പകരം, ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നാല്‍ കുറച്ചു ദൂരെയായി കാണാന്‍ കിട്ടുന്ന മരങ്ങളുടെ ഇരുട്ടും ഇരുട്ടിനെ ചുറ്റുന്ന പക്ഷികളും പക്ഷികളെ പെരുപ്പിക്കുന്ന അമ്പിളിയമ്മാവനും ഇവയ്‌ക്കൊക്കെയുമായി ഉള്ള ഒരേയൊരു മേഘവുമുള്ള രാജ്യമായിരുന്നു, അത്. അങ്ങനെയാണ് ഞങ്ങളുടെ രണ്ടു പേരുടേയും പ്രിയപ്പെട്ട രാജ്യം ഞങ്ങള് തന്നെ കണ്ടുപിടിച്ചത്.'വക്കാണ്ട ലോകത്തെ ഏറ്റവും ശക്തിയുള്ള രാജ്യമാണ്' ഞാന്‍ അമ്മച്ഛനു പറഞ്ഞുകൊടുത്തിരുന്നു: 'അവിടെ കറുത്തവര്‍ മാത്രമാണ് താമസിക്കുന്നത്. അവരുടെ അതിശക്തനും ബുദ്ധിമാനും പ്രജാവത്സനുമായ രാജാവാണ് ടി ച്ചെല്ല. കറുത്ത് സുന്ദരനായ രാജാവ്, ബ്ലാക്ക് പാന്തര്‍.''ബ്ലാക്ക് പാന്തര്‍' അമ്മച്ഛനും ആ പേര് പറഞ്ഞു.ഇതിനും കുറച്ചു മാസങ്ങള്‍ക്കു മുന്‍പാണ് ടെലിവിഷനില്‍ 'ബ്ലാക്ക് പാന്തര്‍' കാണാന്‍ അമ്മച്ഛനെ ഞാന്‍ കൂടെ ഇരുത്തിയത്. തന്റെ തന്നെ ഓര്‍മ്മകളില്‍ അമ്മച്ഛന്‍ മുങ്ങിപ്പൊന്തുന്ന ദിവസങ്ങളിലെ ഒരു രാത്രി. ഞാനാകട്ടെ, ഇതിനിടെ ആ സിനിമ ഒരു പത്തു പ്രാവശ്യമെങ്കിലും കണ്ടിരുന്നു. ചിലപ്പോള്‍ ഞാന്‍ 'വക്കാണ്ട'യിലെ താമസക്കാരിപോലുമായിരുന്നു. 'വക്കാണ്ട'യിലെ ഓരോ കഥാപാത്രത്തേയും ഞാന്‍ അമ്മച്ഛനു പരിചയപ്പെടുത്തി. ആ രാജ്യത്തിലെ രാജാവിന്റെ അനിയത്തിയുടെ പേര് മാത്രം അമ്മച്ഛന്‍ ഓര്‍മ്മിച്ചു. ചിലപ്പോള്‍ എന്നെ ആ പേരില്‍ തെറ്റി വിളിച്ചു. പക്ഷേ, 'വക്കാണ്ട'യിലെ രാജാവായി അഭിനയിച്ച ചാദ് വിക് ബോസ്മാന്‍, എന്റെ പ്രിയപ്പെട്ട നടന്‍ ഇതിനിടയില്‍ മരിച്ചുപോയത് ഞാന്‍ അമ്മച്ഛനോടു പറഞ്ഞില്ല. അതിനു പകരം 'വക്കാണ്ട'യിലെ മനുഷ്യരേയും അവരുടെ നൃത്തത്തെപ്പറ്റിയും അവിടത്തെ മഹതികളായ വൃക്ഷങ്ങളെപ്പറ്റിയും അവരുടെ ടെക്‌നോളജിയെപ്പറ്റിയും ഉള്ളതും ഇല്ലാത്തതും ഉണ്ടാക്കി വാതോരാതെ ഞാന്‍ അമ്മച്ഛനോടു സംസാരിച്ചു. പക്ഷേ, അന്നും പിന്നെയും അമ്മച്ഛന്‍ ആ സിനിമ മുഴുവന്‍ കണ്ടില്ല. എന്നാല്‍, ഒരു സന്ധ്യയ്ക്ക്, അങ്ങനെ ബാല്‍ക്കണിയില്‍ അമ്മച്ഛനൊപ്പം നില്‍ക്കുമ്പോള്‍, ദൂരെ കാണാന്‍ കിട്ടുന്ന ചെറിയ കാട് പോലുള്ള സ്ഥലവും അതിനു നടുവില്‍ മാനത്തോളം ഉയര്‍ന്നുനില്‍ക്കുന്ന മരവും നോക്കി, 'ആ കാണുന്നതാണ് വക്കാണ്ട' എന്നു ഞാന്‍ അമ്മച്ഛനോട് പറഞ്ഞപ്പോള്‍ അമ്മച്ഛന്‍ കണ്ണിമവെട്ടാതെ കുറച്ചുനേരം അവിടേക്കുതന്നെ നോക്കിനിന്നു. ഭൂമിയില്‍ ഒരിക്കലും ഇല്ലാതിരുന്ന, എന്നാല്‍ ആറു ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന, അഞ്ചു ഭാഷകള്‍ സംസാരിക്കാനറിയുന്ന, അവിടത്തെ ആളുകള്‍ക്കൊപ്പമായിരുന്നു ആ ദിവസങ്ങളില്‍ എന്റെയും പാര്‍പ്പ് എന്നതിനാല്‍ അപ്പോള്‍ ഞങ്ങള്‍ കണ്ടുകൊണ്ടിരുന്ന 'വക്കാണ്ട' എന്റെയും പ്രിയപ്പെട്ട രാജ്യമായി. ഇല്ലാത്ത ഒരു രാജ്യത്തിന്റെ ശരിക്കുമൊരു നിഴല്‍.പിന്നെയുള്ള എല്ലാ സന്ധ്യകളിലും അങ്ങനെ അവിടേയ്ക്കുതന്നെ നോക്കിനില്‍ക്കുക ഞങ്ങളുടെ പതിവായി. അവിടെ പുതിയതായി പ്രത്യക്ഷപ്പെടുന്ന എന്തും ഞാന്‍ 'വക്കാണ്ട'യുടേതാക്കി. അമ്മച്ഛനും 'വക്കാണ്ട' ഇഷ്ടപ്പെട്ടു. എന്നാല്‍, ഇരുപത്തിയൊന്നാം നിലയിലുള്ള ഞങ്ങളുടെ ബാല്‍ക്കണിയില്‍, ഞാനറിയാതെ, അമ്മച്ഛന്‍ അങ്ങനെ ഒറ്റയ്ക്കു വന്നു നില്‍ക്കുന്നത് എന്നെ എപ്പോഴും പേടിപ്പിച്ചു. കാരണം, അമ്മച്ഛന്‍ ചിലപ്പോള്‍ അവിടെനിന്നും താഴേക്കാണ് നോക്കുന്നത്, ഭൂമിക്കടിയിലേക്ക് താണുതാണ് പോകുന്ന ഒരു കുഴിയാണ് കാണുന്നത്...അതുപക്ഷേ, 'വക്കാണ്ട'യായിരുന്നില്ല.ഇന്നാകട്ടെ, ഇതിനൊക്കെ മുന്‍പ്, അമ്മച്ഛന്‍ എന്നോട് പറഞ്ഞത്, അമ്മച്ഛന്റെ പഴയ പൊലീസ് യൂണിഫോം എടുത്ത് കൊടുക്കാനാണ്.ആ സമയം എന്നെ, എന്റെ അമ്മയുടെ പേരാണ് അമ്മച്ഛന്‍ വിളിച്ചത്.അമ്മയുടെ മുറിയില്‍ പഴയ ചില രേഖകളും ഫോട്ടോ ആല്‍ബവും അമ്മയുടെ ആദ്യത്തെ വാച്ചും പഴയ വസ്ത്രങ്ങളും വെച്ചിരുന്ന പെട്ടിക്കടിയില്‍ അമ്മച്ഛന്റെ പൊലീസ് യൂണിഫോം അമ്മ ഭംഗിയായി മടക്കിവെച്ചിരുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു.'എന്തിനാ അമ്മച്ഛാ ഇപ്പോള്‍ അതെടുക്കുന്നത്?' ഞാന്‍ അമ്മച്ഛനോട് ചോദിച്ചു.'സ്‌റ്റേഷനില്‍ പോവാനാണോ?'അതിനു മറുപടിയായി അമ്മച്ഛന്‍ എന്റെ നേരെ തന്റെ കൈകള്‍ രണ്ടും നീട്ടി. എന്നെത്തന്നെ നോക്കി വെറുതെ ഇരുന്നു. എണ്‍പത്തിയെട്ട് വയസ്സുള്ള അമ്മച്ഛന്റെ മെലിഞ്ഞതും ജര വന്നതും ഞരമ്പുകള്‍ എഴുന്നുനില്‍ക്കുന്നതും എപ്പോഴും വിറയ്ക്കുന്നതുമായ കൈകള്‍ ഞാന്‍ പതുക്കെ പിടിച്ചു താഴ്ത്തി. 'യൂണിഫോം അല്ലേ, ഇപ്പോള്‍ കൊണ്ടുവരാം' എന്നു പറഞ്ഞ് അതെടുക്കാനെന്ന ഭാവത്തില്‍ അമ്മയുടെ കിടപ്പുമുറിയിലേക്ക് പോയി. എനിക്കറിയാം, ആ നിമിഷം തന്നെ അങ്ങനെയൊരു യൂണിഫോം എടുക്കാതെ ഞാന്‍ തിരിച്ചുവന്നാലും, അമ്മച്ഛന്‍ താന്‍ ചോദിച്ചത് എന്താണെന്ന് ഇതിനകം മറന്നുകാണുമെന്ന്.ജോലി സംബന്ധമായി മൂന്ന് ആഴ്ചത്തെ ട്രെയിനിംഗിനായി മറ്റൊരു പട്ടണത്തിലേക്ക് അമ്മ പോയ ദിവസം അമ്മച്ഛന്റെ കിടപ്പ് മുറിയിലേക്ക് ഞാനും എന്റെ കട്ടില്‍ മാറ്റി ഇട്ടിരുന്നു. മുറിയിലെ ജനലിനു താഴെ തെക്കോട്ട് തലവെച്ച് അമ്മച്ഛനും അതിനു നേരെ എതിരായി അന്നുമുതല്‍ ഞാനും കിടന്നു. വാസ്തവത്തില്‍, ഏതു രാത്രിയിലും പുറത്തേയ്ക്ക് നടക്കാനാഗ്രഹിക്കുന്ന അമ്മച്ഛന്റെ രാത്രി പൊലീസായി, അമ്മയ്ക്കു ശേഷം ഞാന്‍ മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ അമ്മച്ഛനടക്കം ഈ വീട്ടില്‍ രണ്ടു പൊലീസുകാരാണ് താമസിക്കുന്നത് എന്നു ഞാന്‍ അമ്മയോട് അന്നു രാത്രി കളിയും പറഞ്ഞിരുന്നു.'പുതിയ പൊലീസിനെയാണ് അമ്മച്ഛനു കൂടുതല്‍ ഇഷ്ടം' ഞാന്‍ അമ്മയോട് പറഞ്ഞു.'അതെനിക്കറിയാം' അമ്മ ചിരിച്ചു. 'എങ്കിലും സൂക്ഷിക്കണേ, മുന്തിയ പൊലീസായിരുന്നു ആള്‍. ഏതു രാത്രിയിലേക്കും ഒറ്റക്കിറങ്ങാന്‍ ഒരു മടിയും കാണിക്കില്ല.'അമ്മച്ഛനെ നാട്ടിലെ ഞങ്ങളുടെ വീട്ടില്‍നിന്നും ഇവിടെ പട്ടണത്തിലെ ഫ്‌ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുവന്ന ദിവസം അമ്മ എന്നോട് അമ്മച്ഛന്റെ മുങ്ങിപ്പൊന്തുന്ന ഓര്‍മ്മയെപ്പറ്റിയാണ് ഏറെ സമയവും പറഞ്ഞത്. അതുണ്ടാക്കാന്‍ പോകുന്ന പ്രശ്‌നങ്ങളെപ്പറ്റിയും അമ്മ പറഞ്ഞു.'അച്ഛന്‍ ഇപ്പോള്‍ പലപ്പോഴും തന്റെ ആ പഴയ കഥയിലെ ഹെഡ്‌കോണ്‍സ്റ്റബിളാണ്. ചിലപ്പോള്‍ ഒരേയൊരു കഥയിലെ ജയില്‍പ്പുള്ളിയുടെ പിറകെയുള്ള ഓട്ടത്തിലുമാണ്. ചിലപ്പോള്‍ എനിക്കു സങ്കടം തോന്നും, വായില്‍ വിരലുകളിട്ട് വിസില്‍ വിളിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍.'അമ്മ പതുക്കെ കരയാന്‍ തുടങ്ങിയിരുന്നു.അല്ലെങ്കില്‍ ആ ദിവസം വരെയും അമ്മച്ഛന്‍ നാട്ടിലെ ഞങ്ങളുടെ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. അമ്മച്ഛന്റെ ആഗ്രഹപ്രകാരമായിരുന്നു അത്. അമ്മച്ഛനെ അവിടെനിന്നും കൂട്ടിക്കൊണ്ടുവരാന്‍ അമ്മയും ഞാനും പോയപ്പോള്‍ അവിടത്തെ അയല്‍ക്കാരോട് അമ്മ പറഞ്ഞതും അതാണ്.'എല്ലാം ഓര്‍മ്മയുണ്ടായിരുന്ന സമയത്താണ് ഇങ്ങനെയൊരു തീരുമാനം അച്ഛന്‍ എടുത്തത്. ഞങ്ങള്‍ എതിരൊന്നും പറഞ്ഞില്ല. ഇപ്പോള്‍ അച്ഛന്‍ പതുക്കെ എല്ലാം മറക്കാന്‍ തുടങ്ങിയ സ്ഥിതിക്ക് ഞങ്ങള്‍ കൂട്ടിക്കൊണ്ടുപോവുകയാണ്. ഇനി അച്ഛന്‍ ഞങ്ങളുടെ കൂടെ നില്‍ക്കട്ടെ.'ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്കപക്ഷേ, അമ്മച്ഛന്റെ മറവിയില്‍ അമ്മ പറഞ്ഞ ആ പഴയ കഥ പല വാമൊഴിയിലുമായി എപ്പോഴും പൊന്തിക്കിടന്നു. നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പത്തെ കഥയാണ് അത്. തന്നെ കൊല്ലാമായിരുന്നിട്ടും കൊല്ലാതെ, ജീവിതത്തിലേക്കുതന്നെ പറഞ്ഞുവിടുന്ന ഒരു യുവാവിനെപ്പറ്റിയുള്ള അമ്മച്ഛന്റെ ഓര്‍മ്മയാണ്, ആ കഥ. ഇത്രയും വര്‍ഷങ്ങള്‍കൊണ്ട് ആ യുവാവിനു തന്നെ ഇപ്പോള്‍ എഴുപത് വയസ്സ് കഴിഞ്ഞിരിക്കുന്നു. അമ്മച്ഛന്‍ പക്ഷേ, മിക്ക ദിവസങ്ങളിലും എന്നപോലെ, നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പത്തെ ആ കഥയിലെ പൊലീസുകാരനായിത്തന്നെ വന്നുപെട്ടുകൊണ്ടുമിരുന്നു.അക്കാലത്തൊരിക്കല്‍, നേരം പുലരുന്നതിനും മുന്‍പ്, വളരെ ദൂരെയുള്ള വിചാരണ കോടതിയിലേക്ക് നാല് പൊലീസുകാര്‍ കൊണ്ടുപോയ മൂന്നു തടവുപുള്ളികളില്‍ രണ്ടു പേര്, പൊലീസ് പിടിയില്‍നിന്നും രക്ഷപ്പെടാന്‍ നടത്തിയ ഓട്ടത്തിന്റെ ഓര്‍മ്മയാണ്, അല്ലെങ്കില്‍, ഇപ്പോള്‍ എല്ലാ ദിവസവും എന്നപോലെ അമ്മച്ഛനെ സന്ദര്‍ശിക്കുന്നത്. ആ കഥയാകട്ടെ, ആദ്യം അമ്മയില്‍നിന്നും പിന്നെ എത്രയോ പ്രാവശ്യം അമ്മയില്‍നിന്നും അമ്മച്ഛനില്‍നിന്നും ഞാന്‍ കേട്ടതുമാണ്. ഒരുപക്ഷേ, എനിക്കത് എന്റെ തന്നെ വയസ്സുള്ള ഒരു കഥ പോലുമാണ്. ഒരാള്‍ക്ക് ഒരു ജീവിതത്തില്‍ എന്നുമോര്‍ക്കാന്‍ ഒരു കഥയേ ഉള്ളൂ എന്ന മട്ടില്‍ അതേ കഥ ഞാനും ചിലപ്പോള്‍ ഓര്‍ക്കുന്നുണ്ടായിരുന്നു. മാത്രമല്ല, അന്ന് അമ്മച്ഛനെ കൊല്ലാതെ വിട്ട ആ തടവുപുള്ളിയെ കുറേ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ നേരില്‍ കണ്ടിട്ടുമുണ്ടായിരുന്നു. ഞങ്ങള്‍ പഠിച്ചിരുന്ന കോളേജില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന അയാളെ, അന്നത്തെ ആ സമ്മേളനത്തിനു ശേഷം, ഞാന്‍ നേരിട്ടു പരിചയപ്പെടുകയായിരുന്നു.അന്ന് അതേ കഥയുടെ മറ്റൊരു വരിയില്‍ ഞാനാണ് എത്തിയത് എന്നു പറയണം...'സാറിനെ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെങ്കിലും എനിക്കു നല്ല പരിചയമാണ്', ഞാന്‍ അമ്മച്ഛന്റെ കഥയിലെ തടവുപുള്ളിയോടു പറഞ്ഞു. ഏതാനും വിദ്യാര്‍ത്ഥികള്‍ക്കും ഒന്നോ രണ്ടോ അദ്ധ്യാപകര്‍ക്കും ഇടയില്‍ നില്‍ക്കുകയായിരുന്ന അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. നരച്ചതും ക്ഷീണവുമുള്ള മുഖത്ത് ഇപ്പോഴും ഒരു തടവുപുള്ളി അതേപോലെ കഴിയുന്നുണ്ടാവുമോ എന്ന് ഒരു വേള, ഞാന്‍ അത്ഭുതപ്പെട്ടു. അയാള്‍ പോവാന്‍ ഒരുങ്ങുകയായിരുന്നു, തന്റെ ചുമലിലെ കറുത്ത ക്യാന്‍വാസ് കൊണ്ടുള്ള ബാഗില്‍ ആരോ സമ്മാനിച്ച ഒരു പുസ്തകം എടുത്ത് വെയ്ക്കുകയായിരുന്നു, ഞാന്‍ കുറച്ചു കൂടി ധൃതിയില്‍ വീണ്ടും പറഞ്ഞു:'സാറിനെപ്പറ്റി എന്റെ അമ്മയും അമ്മയുടെ അച്ഛനും കുറെയേറെ പറഞ്ഞിട്ടുണ്ട്.'ഇപ്പോഴും അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.'ഇവിടെ പഠിക്കുകയാണോ?' അയാള്‍ ചോദിച്ചു.ഒരുപക്ഷേ, എന്തെങ്കിലും ചോദിക്കാമെന്നു കരുതിയാവണം അങ്ങനെ ചോദിച്ചത് എന്നു ഞാന്‍ വിചാരിച്ചു. ആ സമയം അയാള്‍ക്ക് ഞാന്‍ എന്നെ പരിചയപ്പെടുത്തി:'സാര്‍ നക്‌സലൈറ്റ് വിപ്ലവകാരിയായിരുന്ന കാലത്ത് ഒരിക്കല്‍ കൊല്ലാതെ വിട്ട ഹെഡ് കോണ്‍സ്റ്റബിള്‍ ചന്ദ്രന്‍ തമ്പിയുടെ മകളുടെ മകളാണ് ഞാന്‍.'എന്നെ കേട്ടുകൊണ്ട് നില്‍ക്കേ അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. ഒരു നിമിഷം എന്നെത്തന്നെ നോക്കിനിന്നു.അയാളും ഇപ്പോള്‍ അതേ കഥയുടെ വേറൊരു വാമൊഴിയില്‍ എത്തിയിരിക്കുന്നു എന്നു ഞാന്‍ വിചാരിച്ചു. അടുത്ത നിമിഷം, എന്റെ പേര് എന്താണെന്നോ എവിടെയാണ് വീടെന്നോ എന്താണ് പഠിക്കുന്നത് എന്നോ ചോദിക്കുമെന്നു ഞാന്‍ വിചാരിച്ചു. എങ്കില്‍, അതിനൊക്കെ മറുപടി പറഞ്ഞുകൊണ്ട്, അതേ കഥയുടെ മറ്റൊരോര്‍മ്മ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാവുകയും ചെയ്തു. അയാള്‍, പക്ഷേ, എന്നെ നോക്കി വീണ്ടും ഒന്നുകൂടി പുഞ്ചിരിക്കുക മാത്രം ചെയ്തു. അവിടെനിന്നും പോകാനായി, തിരിഞ്ഞുനിന്ന് ചുറ്റും ഉണ്ടായിരുന്ന ചിലരോട് യാത്ര പറയാന്‍ തുടങ്ങി. ഞാന്‍ കേട്ട കഥയിലെ ആളേ അല്ല എന്നു തോന്നിക്കുന്നപോലെ. അല്ലെങ്കില്‍ അയാളുടെ തന്നെ മറ്റൊരു ജന്മത്തിലെ ആരെയോ ആണ് ഞാന്‍ അയാളെ ഓര്‍മ്മിപ്പിച്ചത് എന്നപോലെ. എന്നാല്‍, ഹാളില്‍നിന്നും ഇറങ്ങുന്നതിനു തൊട്ടു മുന്‍പ്, ചുറ്റുമുള്ള ആളുകളുടെ ഇടയില്‍നിന്ന്, അയാള്‍ എന്നെ ഒന്നുകൂടി തിരിഞ്ഞുനോക്കി, 'അമ്മച്ഛനോട് ഞാന്‍ അന്വേഷിച്ചതായി പറയണം' എന്നു പറഞ്ഞു. ഇപ്പോഴും അയാള്‍ എന്നെ നോക്കി പുഞ്ചിരിച്ചു. എന്നെ നോക്കി ചെറുതായി കൈ വീശി. അറിയാതെ, രണ്ടോ മൂന്നോ അടി ഞാന്‍ മുമ്പോട്ട് ചെന്നു.ഞങ്ങള്‍ മൂന്നു പേരുള്ള ഈ ഫ്‌ലാറ്റില്‍നിന്ന് അമ്മ മറ്റൊരു പട്ടണത്തിലേക്ക് പോയ ദിവസം രാത്രി അമ്മച്ഛനും ഞാനും മാത്രമായപ്പോള്‍ ഞാനീ തടവുചാട്ടത്തിന്റെ കഥ, ഒരു കഥപോലെ തന്നെ, വീണ്ടും ഓര്‍ത്തു. ഏതോ ഒരു നാട്ടുമ്പുറത്തെ ചരല്‍നിലത്ത്, തന്റെ നെഞ്ചത്ത് കയറി ഇരുന്നുകൊണ്ട്, എല്ലാ ശക്തിയുമുപയോഗിച്ച് കഴുത്തില്‍ കൈകള്‍ അമര്‍ത്തി തന്നെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന യുവാവിനെ, അന്ന് നിലാവില്‍ അമ്മച്ഛന്‍ കണ്ടതുപോലെ കാണാന്‍, ഇപ്പോള്‍ ഞാനും കണ്ണുകള്‍ തുറിച്ചുവെച്ചു. അതിനും മുന്‍പുണ്ടായ തടവുപുള്ളിയുടേയും പൊലീസിന്റേയും ഒരാള്‍ക്ക് പിറകെ ഒരാള്‍ എന്ന ഓട്ടം കണ്ടു. ചുറ്റുമുള്ള ഇരുട്ടിലും വിജനതയിലും വീണുചിതറുന്ന വിസില്‍ വിളികള്‍ കേട്ടു. ഒടുവില്‍, അതേ മല്‍പ്പിടുത്തത്തില്‍, ഒരു പൊലീസുകാരനെ കൊല്ലാനായി തനിക്കു കിട്ടിയ നിയോഗം ഉപേക്ഷിച്ച് താന്‍ കീഴടങ്ങുകയാണ് എന്ന് അതേ പൊലീസുകാരനോട് പറയുന്ന യുവാവിനെ, അമ്മയും അമ്മച്ഛനും പലതവണ പറഞ്ഞുകേട്ട്, കേട്ടുകേട്ടു തിളങ്ങുന്ന അതേ നിലവില്‍, ഇപ്പോള്‍ ഞാനും കണ്ടു... ഇതേ കഥയാണല്ലോ, ഇപ്പോള്‍ നീണ്ടുനില്‍ക്കുന്ന ഒരു ദുഃസ്വപ്നമായി, ഒരുപക്ഷെ, മരണഭയം തന്നെയായി അമ്മച്ഛനെ മറവികളുടെ കാലത്തും വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്നത് എന്നോര്‍ത്തു. തൊട്ടുപിറകെ, ഞങ്ങള്‍ മൂന്നു പേരുടെ കൂടെ ഇപ്പോഴും അമ്മച്ഛന്‍ ഉണ്ടല്ലോ എന്ന സന്തോഷം കൊണ്ടോ അതോ അമ്മ ഇവിടെനിന്നും താമസം മാറ്റിയതുപോലും അമ്മച്ഛന്‍ അറിഞ്ഞിട്ടില്ലല്ലോ എന്ന് ഓര്‍ത്തതുകൊണ്ടോ ആ സമയം എനിക്കു കരച്ചിലാണ് വന്നത്. അമ്മച്ഛനെ കാണാന്‍ ഞാന്‍ ഞങ്ങളുടെ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ, അതേ ദുഃസ്വപ്നത്തില്‍നിന്നും രക്ഷപ്പെടാനാകും, കട്ടിലിന്റെ അടിയില്‍നിന്നും വലിച്ചെടുത്ത പെട്ടി നിലത്ത് തുറന്നുവെച്ച്, വായില്‍ വിരലുകളിട്ട് വിസില്‍ വിളിക്കാന്‍ മറന്നതുപോലെ ഇരിക്കുന്ന അമ്മച്ഛനെ കണ്ടു.ഇപ്പോള്‍ എനിക്ക് കരച്ചിലടക്കാനായില്ല.ഇന്നു സന്ധ്യയ്ക്ക് അമ്മച്ഛനൊപ്പം ബാല്‍ക്കണിയില്‍ ചെന്നുനിന്ന് ഞങ്ങളുടെ രണ്ടു പേരുടേയും സ്വന്തം 'വക്കാണ്ട'യിലെ കാട്ടിലെ ഏറ്റവും ഉയരമുള്ള വൃക്ഷം കണ്ട്, അതിനു ചുറ്റുമുള്ള മഞ്ഞനിറമുള്ള മാനത്തുനിന്നും പുറത്തെ വെളുപ്പിലേക്ക് പറന്നുപോകുന്ന പക്ഷികളെ കണ്ട്, അമ്മച്ഛനെ ഇരിപ്പുമുറിയിലെ സോഫയില്‍ കൊണ്ടുവന്നിരുത്തുമ്പോള്‍, ഇപ്പോള്‍ പാതി ഗൗരവത്തോടേയും പാതി തമാശയായിട്ടും ഞാന്‍ പറഞ്ഞു:'ഇന്ന് ഏഴാമത്തെ തവണയാണ് അമ്മച്ഛന്‍ ഞാനറിയാതെ അവിടെ ബാല്‍ക്കണിയില്‍ പോയി നിന്നത്. അമ്മച്ഛന്‍ കേട്ടോളൂ. ഇനി അമ്മച്ഛനെ ഞാന്‍ അവിടെനിന്നും പിടിച്ചു കൊണ്ടുവരില്ല. അമ്മച്ഛന് എന്താണ് ചെയ്യാന്‍ തോന്നുന്നത് അത് അമ്മച്ഛന്‍ ചെയ്‌തോളൂ. ബാല്‍ക്കണിയില്‍നിന്ന് വക്കാണ്ടയിലേക്ക് പറക്കാനാണ് തോന്നുന്നതെങ്കില്‍ അതും ചെയ്‌തോളൂ. എനിക്കു വയ്യ അമ്മച്ഛന്റെ പിന്നാലെ ഇങ്ങനെ നടക്കാന്‍...'ഇപ്പോള്‍ അമ്മച്ഛന്‍ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പതുക്കെ തല താഴ്ത്തിയപ്പോള്‍, ഒരിക്കല്‍ അമ്മച്ഛനെ കൊല്ലാതെ വിട്ട യുവാവിനെ അയാളുടെ വാര്‍ദ്ധക്യത്തില്‍ ഞാന്‍ കണ്ടുമുട്ടിയപ്പോള്‍ നേരിട്ട അതേ പുഞ്ചിരി എനിക്കു വീണ്ടും ഓര്‍മ്മവന്നു: ഒരേ ഓര്‍മ്മ കനമുരുക്കുന്ന രണ്ടാളുകളുടെ ഒരൊറ്റ പുഞ്ചിരി. ഞാന്‍ വിചാരിച്ചു, അതായിരിക്കും ഇപ്പോള്‍ ഞാന്‍ കാണുന്നത്. എങ്കില്‍ അതൊന്നുകൂടി ഉറപ്പാക്കാന്‍ ഞാന്‍ അമ്മച്ഛന്റെ മുന്‍പില്‍ എന്റെ മുട്ടുകാലില്‍ ഇരുന്നു. പിന്നെ അമ്മച്ഛന്റെ തല പതുക്കെ ഉയര്‍ത്തി.കണ്ണുകള്‍ രണ്ടും മുറുക്കെ അടച്ചുപിടിച്ച അമ്മച്ഛന്റെ മുഖം ഇപ്പോള്‍ എന്നെ കൂടുതല്‍ സങ്കടപ്പെടുത്തി.'അമ്മച്ഛന്‍ കണ്ണ് തുറന്നേ, പ്ലീസ്', ഞാന്‍ പറഞ്ഞു: 'ഞാന്‍ അതൊക്കെ വെറുതെ പറഞ്ഞതല്ലേ. നമ്മുക്ക് അവിടെ ബാല്‍ക്കണിയില്‍ ചെന്നു നില്‍ക്കാം. വക്കാണ്ടയില്‍ ഈ രാത്രി മുതല്‍ ഷൂരിയാണ് രാജ്ഞി. ബ്ലാക്ക് പാന്തറിന്റെ അനിയത്തിയാണ് ഷൂരി. അമ്മച്ഛന് അവളെ അറിയാം. ചിലപ്പോള്‍ അമ്മച്ഛന്‍ ആ പേരാണ് എന്നെ വിളിക്കാറ്. ഓര്‍മ്മയില്ലേ. എഴുന്നേല്‍ക്ക്. അമ്മച്ഛന് അവളെ കാണണ്ടേ...'അമ്മച്ഛന്റെ പൂട്ടിവെച്ച കണ്ണുകള്‍ക്കുള്ളില്‍ പീളക്കലര്‍പ്പുള്ള കൃഷ്ണമണികള്‍ പതുക്കെ ഇളകുമ്പോള്‍, ഞങ്ങളുടെ ബാല്‍ക്കണിയില്‍ നിന്നാല്‍ കുറച്ചു ദൂരെയായി കാണാന്‍ കിട്ടുന്ന മരങ്ങളുടെ ഇരുട്ടും ഇരുട്ടിനെ ചുറ്റുന്ന പക്ഷികളും പക്ഷികളെ പെരുപ്പിക്കുന്ന അമ്പിളിയമ്മാവനും ഇവയ്‌ക്കൊക്കെയുമായി ഉള്ള ഒരേയൊരു മേഘവുമുള്ള രാജ്യം, ഞങ്ങളുടെ രണ്ടു പേരുടേയും വക്കാണ്ട, ഞാന്‍ കാണാന്‍ തുടങ്ങിയിരുന്നു. അതിനു പശ്ചാത്തലമായി, ആ സിനിമയില്‍ എന്നപോലെ ഒരാരവം തന്നെ കേള്‍ക്കുന്നതായും തോന്നാന്‍ തുടങ്ങിയിരുന്നു.പിന്നെയും കുറച്ചു നേരംകൂടി അമ്മച്ഛന്‍ കണ്ണുകള്‍ തുറക്കുന്നതും കാത്ത് ഞാന്‍ അങ്ങനെ അവിടെത്തന്നെ ഇരുന്നു...

സമകാലിക മലയാളം 2 Feb 2023 4:53 pm

നഗരത്തിന്‌ മൊഞ്ചേറ്റി ആതിരയുടെ കൂറ്റൻ ഗ്രഫിറ്റി

കൊച്ചി>മാധവ ഫാർമസി കവലയിലെ പുരാതനകെട്ടിടത്തിന് ബിനാലെ നഗരത്തിനിണങ്ങുന്ന മുഖച്ഛായ സമ്മാനിച്ച കലാകാരി ഇവിടെയുണ്ട്. ആരുടെയും ശ്രദ്ധയാകർഷിക്കുന്ന കൂറ്റൻ ഗ്രഫിറ്റി ഒരുക്കിയത് കളമശേരിക്കാരി ആതിര മോഹനാണ്. ഒരുമാസത്തിലേറെ പണിയെടുത്താണ് 35 അടി ഉയരത്തിൽ 6200 ചതുരശ്ര അടി വിസ്തീർണത്തിൽ ഗ്രഫിറ്റി പൂർത്തിയാക്കിയത്. ബാനർജി റോഡിനും എംജി റോഡിനും അഭിമുഖമായാണ് സംസ്ഥാനത്തെ ഏറ്റവും വലുതെന്നു കരുതുന്ന ചിത്രം പൂർത്തിയാക്കിയത്. മുമ്പ് ഗ്രിൻഡ്ലെയ്സ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, വിമൽ സ്യൂട്ടിങ്സ് എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഗ്രഫിറ്റി. വർഷങ്ങളായി പുതിയ ചായംപോലുമില്ലാതിരുന്ന കെട്ടിടത്തിന് ചിത്രമതിലിന്റെ വരവോടെയുണ്ടായ മുഖച്ഛായമാറ്റവും ശ്രദ്ധേയം. ചിത്രത്തിനുകീഴെ ആതിര മോഹൻ എന്ന കൈയൊപ്പ് കണ്ട് ചിത്രകാരിക്കായുള്ള അന്വേഷണം സമൂഹമാധ്യമങ്ങളിൽ തകൃതിയായി. ആതിര മോഹൻ ആതിരയുടെ കോളേജ് വിദ്യാഭ്യാസം ചെന്നൈ യിലായിരുന്നു. ജോലി ബംഗളൂരുവിലും. ചിത്രകല അഭ്യസിച്ചിട്ടില്ല. കുട്ടിക്കാലംമുതൽ വരച്ചിരുന്നു. മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയശേഷം കുറച്ചുകാലം സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്തു. വരയാണ് വഴിയെന്നു കണ്ട് ജോലി വിട്ടു. ആറുമാസം ഗ്രാഫിക് ഡിസൈൻ കോഴ്സ് ചെയ്തു. ഇപ്പോൾ സുഹൃത്തുമായി ചേർന്ന് ബംഗളൂരുവിൽ എഒഎം സ്റ്റുഡിയോസ് എന്ന മീഡിയ പ്രൊഡക്ഷൻ കമ്പനി നടത്തുന്നു. കൊച്ചിയിൽ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനത്തിനുവേണ്ടി മുമ്പ് ഗ്രഫിറ്റി ചെയ്തിട്ടുണ്ട്. ആ പരിചയമാണ് പുതിയ ദൗത്യത്തിലെത്തിച്ചത്. ഒറ്റനിലക്കെട്ടിടത്തിനുമുകളിൽ 35 അടിയോളം ഉയരത്തിലാണ് ചിത്രമതിൽ സ്ഥാപിക്കേണ്ടിയിരുന്നത്. ഇരുമ്പുതൂണുകൾ ഉയർത്തി സിമന്റ് ബോർഡ് സ്ഥാപിച്ചു. കൊച്ചിയുടെ മെട്രോപോളിറ്റൻ ജീവിതമായിരുന്നു പ്രമേയം. ചീനവലപ്പാലവും മറൈൻഡ്രൈവും കായലും കടലുമൊക്കെ കാഴ്ചകളായി. തിളക്കമുള്ള ജെഎസ്ഡബ്ല്യു എക്സ്റ്റീരിയർ പെയിന്റിലായിരുന്നു വര. കെട്ടിയുയർത്തിയ തട്ടിനുമുകളിൽ സുരക്ഷാ ബെൽറ്റ് ധരിച്ചിരുന്ന് വരയ്ക്കാൻ രണ്ട് സഹായികളുണ്ടായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ റിസോർട്ടിൽ 2000 ചതുരശ്രയടിയിൽ പുതിയ ഗ്രഫിറ്റിയുടെ രചനയിലാണിപ്പോൾ. കൊച്ചിയിലെ ചിത്രം കണ്ട് നിരവധി അന്വേഷണങ്ങളുണ്ടായതായി ആതിര പറഞ്ഞു. വരുംനാളുകളിൽ കൊച്ചിയിൽ കൂടുതൽ രചനകൾക്ക് അവസരമുണ്ടാകുമെന്നും ആതിര പറഞ്ഞു. പരേതരായ പി മോഹന്റെയും ജെമിനിയുടെയും മകളാണ്. സഹോദരി ഡോ. അശ്വതി മോഹൻ (കൊച്ചിൻ ക്യാൻസർ സെന്റർ).

ദേശാഭിമാനി 1 Feb 2023 2:25 am

'അവസാനത്തെ അനുയായി'- എം. നന്ദകുമാര്‍ എഴുതിയ കഥ

പൂമുഖത്തു കിടക്കുന്ന രാജകീയമായ ആ കസേര ശൂന്യമാണെന്നു നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ അദ്ദേഹം അവിടെത്തന്നെയുണ്ട് പൂമുഖത്തു കിടക്കുന്ന രാജകീയമായ ആ കസേര ശൂന്യമാണെന്നു നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ അദ്ദേഹം അവിടെത്തന്നെയുണ്ട്. കാലുകള്‍ കസേരത്തണ്ടുകളില്‍ നീട്ടിവെച്ച് ഇരുകൈകളുടേയും വിരലുകള്‍ മടിയില്‍ കോര്‍ത്തുവെച്ചു തല പുറകോട്ടു ചാരി അദ്ദേഹം ഇരിക്കുന്നു. ചുളിഞ്ഞ പുരികങ്ങളും നെറ്റിയിലെ വരകളും പതിവുപോലെ ഗാഢ ചിന്തയിലാണെന്നു സൂചിപ്പിക്കുന്നു.എന്തായിരിക്കണം അദ്ദേഹം ആലോചിക്കുന്നത്? ഈയിടെയായി ആരും കാണാന്‍ വരുന്നില്ലെന്നോ? ഒരാളും വിളിക്കുന്നുപോലുമില്ലെന്നോ? തെരുവുകളെല്ലാം നന്ദികെട്ട പട്ടികളെക്കൊണ്ടു നിറഞ്ഞുവെന്നോ?തിണ്ണയിലെ തൂണിനു പുറകില്‍ മറഞ്ഞുനിന്നാണെങ്കിലും ഇപ്പോഴാണ് എനിക്ക് അദ്ദേഹത്തെ കണ്ണിമയ്ക്കാതെ നോക്കാനുള്ള ധൈര്യം കൈവരുന്നത്. ഇത്ര അടുത്തുനിന്ന് അദ്ദേഹത്തെ കാണുന്നതുപോലും ആദ്യമാണ്. പക്ഷേ, ഞാന്‍ നോക്കുന്നുണ്ട് എന്നറിഞ്ഞാല്‍ സംഗതി പ്രശ്‌നമാകും. എന്റെ ജീവന്‍ പോകാന്‍ അതുമതി.അദ്ദേഹം നടന്നുനീങ്ങിയ വഴികളെക്കുറിച്ച്, ചവിട്ടിക്കയറിയ പടവുകളെക്കുറിച്ച് എനിക്കും നിങ്ങള്‍ക്കും അറിയാം. നമുക്കുള്ളിലും പുറത്തും പലപല രൂപഭാവങ്ങളില്‍ വാഴുന്ന അധികാരശക്തികളെ ആഴത്തില്‍ അന്വേഷിക്കാനാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചത്. ഓരോ തരം പ്രതാപങ്ങള്‍ക്കു പുറകെ ആളുകളുടെ പരക്കംപാച്ചില്‍, ചിലരുടെ ഉയര്‍ച്ചകള്‍, മത്സരങ്ങള്‍, വീഴ്ചകള്‍, എണ്ണമറ്റ ചോരക്കളങ്ങള്‍... സംഭവങ്ങളുടെ ഉള്ളിലേക്ക് ആണ്ടിറങ്ങി അദ്ദേഹം സര്‍വ്വവും കണ്ടറിഞ്ഞു. നമുക്കുവേണ്ടി ഒട്ടേറെ നേര്‍ക്കാഴ്ചകള്‍ വരച്ചിട്ടു. ജ്വലിക്കുന്ന ചരിത്രലിഖിതങ്ങള്‍ കൊത്തിവെച്ചു. നിശിതവാക്യങ്ങളില്‍ നമ്മുടെ കാലത്തെ കീറിമുറിച്ചു. അതിനാലാണ് ഞാന്‍ പണ്ടുതൊട്ടെ അദ്ദേഹത്തിന്റെ ആരാധകനായി മാറിയത്. ഓരോരുത്തര്‍ക്കും ആരാധിക്കാന്‍ ആരെങ്കിലുമൊക്കെ വേണമല്ലോ. ഞാന്‍ തിരഞ്ഞെടുത്തത് അദ്ദേഹത്തെയാണ്. വിട്ടുവീഴ്ചകള്‍ക്കു വഴങ്ങാത്ത അദ്ദേഹത്തിന്റെ പോരാട്ടത്തെയാണ്.കാര്യങ്ങളില്‍ തീര്‍പ്പുകല്പിക്കുന്നതില്‍ അദ്ദേഹം അങ്ങേയറ്റം കണിശക്കാരനായിരുന്നു. വഴുക്കലില്‍ വടി കുത്തുന്ന ഏര്‍പ്പാടില്ല. വെട്ടൊന്ന്; മുറി രണ്ട്. ഏതോ സന്ദര്‍ഭത്തില്‍ ഇമ്മാതിരി കടുംപിടുത്തം അത്ര നന്നല്ല എന്നു ഗുണദോഷിക്കാന്‍ ശ്രമിച്ച പെണ്ണിനെ ആ നൊടിയില്‍ അദ്ദേഹം വീട്ടില്‍നിന്നും ഇറക്കിവിട്ടു. അവള്‍ കുറച്ചു ദിവസം കരഞ്ഞു നടന്നു. പിന്നെ അദ്ദേഹത്തിന്റെ തൊട്ടടുത്ത അനുചാരിയുടെ കൂടെ പോയി.'എന്റെ നിലപാടാണ് ശരിയെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ?'ആശ്വസിപ്പിക്കാനെത്തിയ മറ്റ് അനുയായികള്‍ക്ക് അദ്ദേഹം സ്വന്തം ദുരന്തത്തെ നിര്‍വ്വികാരമായ ഉദാഹരണമാക്കി ചൂണ്ടിക്കാട്ടി. എന്തൊരു ആത്മശക്തി! ശിഷ്യന്മാരുടെ പിന്‍നിരയില്‍ നിന്നിരുന്ന ഞാന്‍ ഉറക്കെ കയ്യടിച്ചു. അനാവശ്യമായി ശബ്ദമുണ്ടാക്കിയത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായില്ല. അതോടെ മുന്‍പന്തിയില്‍ എത്താനുള്ള സകല വാതിലുകളും എനിക്കു മുന്നില്‍ കൊട്ടിയടക്കപ്പെട്ടു. സാരമില്ല... ദൂരെനിന്നും ഭജിക്കുന്ന ശീലം മനുഷ്യസഹജമായതിനാല്‍ ഇനി അങ്ങനെയാവാം ഉപാസന എന്നു ഞാന്‍ സമാധാനിച്ചു.സ്വേച്ഛാധിപത്യത്തിന്റെ വക്രഗതികള്‍, ചതിക്കുഴികള്‍, ബലിപീഠങ്ങള്‍ എന്നിവയെപ്പറ്റി എത്രയെത്ര ഗൗരവമേറിയ പഠനങ്ങളാണ് അദ്ദേഹം നടത്തിയത്. പൗരാണിക ആചാരങ്ങള്‍, ഗോത്രയുദ്ധങ്ങള്‍, ചക്രവര്‍ത്തിമാരുടെ പടയോട്ടങ്ങള്‍... അങ്ങനെ തുടങ്ങി സമകാലിക ഏകാധിപത്യങ്ങള്‍ വരെയുള്ള സമയരേഖ അദ്ദേഹം ചികഞ്ഞുനോക്കി. വേണ്ടാ... കൂടുതലൊന്നും ഇവിടെ വിസ്തരിക്കേണ്ടതില്ല. കുറെയൊക്കെ നിങ്ങളും കണ്ടിട്ടും കേട്ടിട്ടുമുള്ളതിനാല്‍ ഞാന്‍ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. പ്രപഞ്ചചക്രം തിരിയുന്നത് അധികാരത്തിന്റെ അച്ചുതണ്ടിലാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. ചക്രവും അച്ചുതണ്ടും പഴഞ്ചന്‍ രൂപകങ്ങളല്ലേ എന്നു ഞാന്‍ ശങ്കിച്ചെങ്കിലും ആരോടും പറഞ്ഞില്ല. അദ്ദേഹത്തിന്റെ കാലടികള്‍ പിന്തുടരുന്നവര്‍ എന്നെ വെറുതെ വെച്ചേക്കില്ല.മാറിനിന്നു നോക്കുന്നതിനു ഗുണമുണ്ടായി. അദ്ദേഹത്തിന്റെ പരിണാമദശകള്‍ നിശ്ശബ്ദം കണ്ടറിയാന്‍ എനിക്കു സാധിച്ചു. അദ്ദേഹത്തിനു ചുറ്റും കൂടിനില്‍ക്കുന്ന സ്തുതിപാഠകര്‍ക്കു കിട്ടാത്ത സൗഭാഗ്യം. അദ്ദേഹത്തിന്റെ ചില സ്വഭാവസവിശേഷതകള്‍ എന്നെ പ്രത്യേകം ആകര്‍ഷിച്ചു. ആള്‍ക്കൂട്ടത്തില്‍ അകപ്പെട്ടാല്‍ അദ്ദേഹം അടിമുടി അസ്വസ്ഥനാകും. പുരുഷാരം ഒന്നിനേയും ഗൗനിക്കാത്ത കേന്ദ്രരഹിതമായ പ്രതിഭാസമാണല്ലോ. തിക്കിലും തിരക്കിലും മറ്റുള്ളവരുടെ ശ്രദ്ധയുടെ കേന്ദ്രസ്ഥാനത്തുനിന്ന് ഇത്തിരി പുറത്തായാല്‍ അദ്ദേഹത്തിനു വിറളിയെടുക്കും. പശുവിനെ പൃക്ക കടിച്ച മട്ടില്‍ അവിടെയൊക്കെ പാഞ്ഞുനടക്കും. മുഖം വീര്‍പ്പിച്ചു പിറുപിറുക്കും. അടുത്തുവരുന്നവരോട് കാരണമില്ലാതെ കലഹിക്കും. അങ്ങനെയാണ് കുറേ സഹചാരികള്‍ ആജീവനാന്തവൈരികളായി മാറിയത്. എങ്കിലും അതൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. പകരം വീര്യം വര്‍ദ്ധിപ്പിച്ചു. ആത്യന്തികമായ ഏകാന്തതയാണ്, എല്ലാ ഏകാന്തതകളേയും ഉള്‍ക്കൊള്ളുന്ന ഏകാന്തതയാണ് പരമാധികാരം എന്ന സൂക്ഷ്മസത്യം അക്കാലത്താണ് അദ്ദേഹം കണ്ടെത്തിയത്.ലോകമാകട്ടെ, അതിവേഗം താറുമാറായി ചിതറുന്ന ആഘോഷങ്ങളില്‍ മുങ്ങിപ്പൊങ്ങിക്കൊണ്ടിരിക്കുന്നു. ഏതാനും മണിക്കൂറുകള്‍, എന്നുവേണ്ട ഏതാനും നിമിഷങ്ങളെങ്കിലും ആര്‍ക്കും ആരെയും ശ്രദ്ധിക്കാന്‍ നേരമില്ല. സ്വയം ശ്രദ്ധിച്ചിട്ടുതന്നെ പ്രത്യേകിച്ചൊരു കുന്തവുമില്ല. നിലയ്ക്കാത്ത പേമാരികള്‍, ഉഷ്ണമേറുന്ന ഉള്‍ക്കടലുകള്‍, ദ്രുതഗതിയില്‍ ഉരുകുന്ന ധ്രുവഹിമാനികള്‍... വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, മാരകവ്യാധികള്‍... എവിടെയൊക്കെയോ യുദ്ധങ്ങള്‍... ഇതിനെല്ലാമിടയില്‍ എങ്ങിനെയൊക്കെയോ പൊറുതി തേടുന്ന ഞാനും നിങ്ങളും കുറെ തിന്നുന്നു, കുടിക്കുന്നു. ചിലരെ സ്‌നേഹിക്കുന്നു; വേറെ ചിലരുമായി പിണങ്ങുന്നു, പിരിയുന്നു... എങ്ങോട്ടോ പോകുന്നു. അല്ലാതെന്ത്? എന്ത് സംഭവിച്ചാലും ആര്‍ക്കെന്തു ചേതം? മിക്കവാറും അധികം താമസമില്ലാതെ സകലതും പൊടിതൂളാകുന്ന ലക്ഷണമുണ്ട്. ഇടക്കാലത്തു ഞാന്‍ അദ്ദേഹത്തെ മറക്കാന്‍ ഇടയായതില്‍ കുറ്റം പറയാനൊന്നുമില്ല. ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്കഅലച്ചിലുകള്‍ക്കിടയില്‍ വീണ്ടും ഈ നഗരത്തില്‍ എത്തിപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ ആശ്രിതരില്‍ ഒരുവനെ കണ്ടുമുട്ടി. അപ്പോഴാണ് വിവരങ്ങള്‍ അറിഞ്ഞത്.'ഞാന്‍ കണ്ടിട്ട് ഏറെ നാളായി...' ആശ്രിതന്‍ വിഷാദത്തോടെ പറഞ്ഞു. 'ഇപ്പോള്‍ പിച്ചും പേയും കൂടിയിട്ടുണ്ടത്രെ. കണ്ണാടിക്കു മുന്‍പില്‍ മുഷ്ടി ചുരുട്ടി എല്ലാവരേയും വെല്ലുവിളിക്കും. അദ്ദേഹമാണ് നിലനില്‍ക്കുന്നതില്‍ ഏറ്റവും മുന്തിയതും മഹനീയവുമായ അധികാരം... ഒന്നാമത്തേതും അവസാനത്തേതും... എന്നൊക്കെ വിളിച്ചുപറയുന്നുമുണ്ട്.''പഴയ കൂട്ടാളികളൊന്നും ഒപ്പമില്ലേ?''ആര് വരാന്‍! പോരാത്തതിന് ഗേറ്റ് അകത്തുനിന്നു പൂട്ടിയിട്ടാണ് താമസം. ഒറ്റക്ക് വെപ്പും തീനും... ഉറക്കം തീരെയില്ല. രാപകല്‍ വെരുകിനെപ്പോലെ വീടിനകത്തു ചുറ്റിനടക്കലാണ് പ്രധാന പരിപാടി. ഇതൊക്കെ അയല്‍ക്കാര്‍ പറഞ്ഞു ഞാനറിഞ്ഞതാണേ... വാസ്തവമെന്തെന്ന് ആര്‍ക്കറിയാം?'അതെന്റെ മനസ്സില്‍ തട്ടി. പരാമര്‍ത്ഥത്തില്‍ അദ്ദേഹം എന്തുമാത്രം പാവമാണ്. ഇന്നോളം പറയത്തക്ക നിയന്ത്രണശക്തികളൊന്നും അദ്ദേഹം കയ്യാളിയിട്ടില്ല. ഏകശാസനശിലകളാല്‍ കെട്ടിപ്പൊക്കിയ ഗോപുരങ്ങളുടെ അകത്തളങ്ങളില്‍ അവിരാമം കയറിയിറങ്ങി അവയുടെ പ്രവര്‍ത്തനരീതികളെ ഏകാഗ്രതയോടെ വീക്ഷിച്ച് തീക്ഷ്ണമായി വിമര്‍ശിച്ചു എന്നുമാത്രം. അക്കാര്യത്തിനു നമ്മള്‍ അദ്ദേഹത്തെ വാഴ്ത്തിപ്പാടുകയും ചെയ്തു. മടുത്തപ്പോള്‍ എല്ലാവരും പാട്ട് നിര്‍ത്തി അവരവരുടെ വഴിക്കു പോയി. അത്തരമൊരാള്‍ സമ്രാട്ടുകളുടെ കോമാളിരൂപമാകുന്നതു സ്വാഭാവികമാണോ? അതോ അസ്വാഭാവികമായ ആഭാസമാണോ? എനിക്ക് എത്തും പിടിയും കിട്ടിയില്ല. ചെങ്കിസ്ഖാനും അലക്‌സാണ്ടറും അക്ബര്‍ പാദുഷയും നെപ്പോളിയനും ഒരുമിച്ച് തന്നിലൂടെ പുനര്‍ജ്ജന്മം നേടിയതായി അദ്ദേഹം അവകാശപ്പെടുന്നുണ്ടത്രേ. അതുകൊണ്ടാണ് ഞാന്‍ രണ്ടും കല്പിച്ച് അദ്ദേഹത്തെ ചെന്നുകാണാന്‍ തീരുമാനിച്ചത്.ഗേറ്റ് തുറന്നു കിടന്നിരുന്നു. മുറ്റവും വരാന്തയും നിറയെ പാഴിലകള്‍ അടിഞ്ഞിട്ടുണ്ട്. ഉമ്മറവാതില്‍ പാതി ചാരിയിട്ടുണ്ട്. മുന്‍ഭാഗത്ത് അദ്ദേഹത്തിന്റെ ചാരുകസേരയും കിടക്കുന്നുണ്ട്. വരാന്തയിലെ തൂണിന്റെ മറവില്‍ ഞാന്‍ പരുങ്ങിനിന്നു.'ആരാ?'പിന്നില്‍ നിന്നൊരു ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഒരു തടിമാടന്‍ എന്നെ സംശയത്തോടെ നോക്കുന്നു.'ആരുമല്ല... അദ്ദേഹത്തിന്റെ അനുയായി മാത്രമാണ്...''ഓഹോ... അപ്പൊ വിവരം അറിഞ്ഞില്ലേ?''എന്ത് വിവരം?''കഴിഞ്ഞയാഴ്ച മരിച്ചു.'ഞാന്‍ സ്തബ്ധനായി.അല്പം കഴിഞ്ഞ് ഇടര്‍ച്ചയോടെ ചോദിച്ചു:'നിങ്ങള്‍ ആരാ?''ഞാന്‍ അയല്‍ക്കാരനാണ്... അങ്ങേരുടെ ശത്രു.''മരിക്കുമ്പോള്‍...''ആരുമുണ്ടായിരുന്നില്ല... ഒരു വൈകുന്നേരം എന്നെ കാണാന്‍ വന്നിരുന്നു.''എന്തിന്?''എന്നെ ഒന്ന് തൊട്ടുനോക്കാന്‍...''ങ്ങേ! തൊട്ടുനോക്കാനോ?''ങ്ങാ... എന്റെ കയ്യില്‍ ഒന്ന് തൊട്ടു. ദാ... ഇവിടെ...'അയാള്‍ വലതു കൈത്തണ്ട ഉയര്‍ത്തി കാണിച്ചു.'എന്നിട്ട്?''എത്ര കാലമായി വേറൊരു മനുഷ്യനെ തൊട്ടിട്ട് എന്ന് പറഞ്ഞു വേഗം തിരിച്ചു പോയി.'എന്തു പറയണം എന്നറിയാതെ ഞാന്‍ മിഴിച്ചുനിന്നു.'ഞാനും നിങ്ങളെപ്പോലെ മിഴിച്ചുനിന്നു.' തടിച്ച മനുഷ്യന്‍ തുടര്‍ന്നു: ''നാലഞ്ചു ദിവസം ഒച്ചയും അനക്കവും കേള്‍ക്കാഞ്ഞപ്പോള്‍ എന്തോ പന്തികേട് തോന്നി. വന്നു നോക്കുമ്പോള്‍ അതാ... അവിടെ കസേരയില്‍ മരിച്ചിരിപ്പുണ്ട്. പുഴുവരിച്ചു ചീഞ്ഞ നാറ്റം തുടങ്ങിയിരുന്നു.'അദ്ദേഹത്തിന്റെ അവശേഷിച്ച ദേഹം വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കാന്‍ ഏര്‍പ്പാടാക്കിയത് താനും മൂന്നാലു നാട്ടുകാരും ചേര്‍ന്നായിരുന്നുവെന്ന് അയാള്‍ പറഞ്ഞു. വിവരമറിയിക്കാന്‍ അദ്ദേഹത്തിനു വേണ്ടപ്പെട്ടവരൊന്നുമില്ലല്ലോ. ഒറ്റ തുള്ളി കണ്ണീര്‍പോലും വീഴാത്ത വിടവാങ്ങലായിരുന്നു അത്. 'ഞാന്‍ അല്പനേരം ഇവിടെ നിന്നോട്ടെ?''അതൊക്കെ നിങ്ങളുടെ ഇഷ്ടം...' അയല്‍വാസി തിരിച്ചുപോയി.ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്കപൂമുഖത്തിന്റെ നാലു ചുമരുകളിലും ഉടവാള്‍, ചെങ്കോല്‍, കിരീടം മുതലായ രൂപങ്ങള്‍ കോറിയിട്ടുണ്ട്. അവക്കിടയില്‍ കനത്ത ലിപികളില്‍ 'ഞാന്‍... ഞാന്‍... ഞാന്‍...' എന്ന് എഴുതിവെച്ചിരിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ വിചിത്രമായ പിടിച്ചടക്കല്‍ പ്രസ്താവനകളുമുണ്ട്. അതിലെല്ലാം കണ്ണോടിച്ച് ഈ സന്ധ്യയില്‍ ഞാന്‍ നില്‍ക്കുന്നു. കുമ്മായമടര്‍ന്ന ഭിത്തികളില്‍ വെളിച്ചം മങ്ങുമ്പോള്‍ കസേരയിലേക്ക് നോക്കുന്നു. കസേരയോടു ചേര്‍ന്നുള്ള മൂലയില്‍ പെരുച്ചാഴികള്‍ കുഴിച്ച മാളത്തിലെ ഇരുട്ട് എന്നെ സൂക്ഷിച്ചു നോക്കുന്നു. പൊടുന്നനെ എനിക്ക് എല്ലാം വ്യക്തമാകുന്നു:അദ്ദേഹം അവിടെത്തന്നെയുണ്ട്. ആര്‍ക്കും താങ്ങാനാകാത്ത ഭാരമായി... അളക്കാന്‍ പറ്റാത്ത ഗുരുത്വാകര്‍ഷണമായി... എതിരാളിയായ തടിയനും നിങ്ങള്‍ക്കും തെറ്റുപറ്റി. വൈദ്യുതജ്വലനത്തില്‍ ശ്മശാനത്തിന്റെ പുകക്കുഴലിലൂടെ കറുത്ത ചുരുളുകളായി അദ്ദേഹം ആകാശത്തില്‍ വിലയംപ്രാപിച്ചെന്നു വിചാരിക്കുന്നുവോ? അത് നിങ്ങളുടെ വെറും തോന്നലാണ്. സമസ്തപ്രപഞ്ചങ്ങളേയും തന്നിലേക്കു വലിച്ചടുപ്പിക്കുന്ന തമോദ്വാരമായി അദ്ദേഹം കസേരയില്‍ രാജകീയമായി ചാരിക്കിടപ്പുണ്ട്.ഞാന്‍ ഭയത്തോടെ തൂണിനു പിന്നിലെ നിഴലുകളിലേക്ക് ഒതുങ്ങിയൊളിക്കുന്നു. അരികിലേക്ക് ചെന്നാല്‍ എന്റെ ബഹുമാനക്കുറവ് അദ്ദേഹത്തെ ശുണ്ഠിപിടിപ്പിക്കും... ഉറപ്പാണ്.ഏതായാലും ഞാന്‍ ഇവിടെ നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചിലപ്പോള്‍ അദ്ദേഹം സമസ്ത അധികാരചിന്തകളും അവസാനിപ്പിച്ചു കസേരയില്‍നിന്നും എഴുന്നേറ്റാലോ? മുറ്റവും പാഴിലകളും പടിയും കടന്നു തെരുവുകളേയും നഗരങ്ങളേയും നിങ്ങളേയും എന്നെയും ആള്‍ക്കൂട്ടങ്ങളേയും മറികടന്നു സ്ഥലകാല നൈരന്തര്യത്തിനും അപ്പുറത്തുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഇരിപ്പിടത്തിലേക്ക് എന്നന്നേക്കുമായി മടങ്ങിപ്പോയാലോ?എങ്കില്‍...എങ്കില്‍ ആ കസേരയില്‍ എനിക്കൊന്ന് ചെന്നിരിക്കണം.

സമകാലിക മലയാളം 28 Jan 2023 8:20 pm

അടൂരിനെ വിമർശിക്കുമ്പോൾ...അശോകൻ ചരുവിൽ എഴുതുന്നു

ആരും വിമർശനത്തിന് അതീതരല്ല. അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പടെ. കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്യൂട്ടിലെ ശങ്കർ മോഹൻ എന്ന ജാതിവാദി ഡയറക്ടറെ ന്യായീകരിച്ചതിന്റെ പേരിൽ അദ്ദേഹത്തെ വിമർശിക്കാം. പക്ഷേ ആ വിമർശനത്തെ അദ്ദേഹത്തിന്റെ സിനിമാരംഗത്തെ സംഭാവനകളുമായി ബന്ധിപ്പിക്കാൻ ചിലർ ശ്രമിച്ചു കാണുന്നു. അടൂർ ഗോപാലകൃഷ്ണൻ എന്ന് പറഞ്ഞാൽ മനസ്സിലാവാത്ത; നല്ല സിനിമകൾ കാണാത്ത കുറെ ഫേസ്ബുക്ക് ജീവികളും വ്യാജരും മാത്രമല്ല, കലാസ്വാദകർ എന്നവകാശപ്പെടുന്നവവരിൽ ചിലരും അദ്ദേഹത്തെ ഇമ്മട്ടിൽ വിമർശിക്കുന്നതായി കാണുന്നു. അടൂരിന് ദേശാഭിമാനി പത്രം പുരസ്കാരം നൽകിയതിനെയും വേദിയിൽ അദ്ദേഹത്തിന്റെ സംഭാവനകളെ അഭിനന്ദിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തേയും ചിലർ വിമർശിക്കുന്നതായി കണ്ടു. വിമർശകരുടെ കൂട്ടത്തിൽ കൊടിയ വർഗ്ഗീയ രാഷ്ട്രീയക്കാരും ഉണ്ട്. കലാ സാഹിത്യരംഗത്ത് പ്രത്യേകിച്ച് സിനിമയുടെ മേഖലയിൽ നടക്കുന്ന ആർ.എസ്.എസ്. ഭീകരതയെ ശക്തമായി എതിർത്തയാളാണ് അടൂർ. അക്കാലത്ത് സംഘപരിവാർ പ്രൊഫൈലുകൾ തയ്യാറാക്കിയിറക്കിയ അസഭ്യങ്ങൾ വീണ്ടും ഇപ്പോൾ കോപ്പി പേസ്റ്റായി വന്നു നിറയുന്നുണ്ട്. ശങ്കർ മോഹനെ ന്യായീകരിച്ചു കൊണ്ട് അടൂർ എന്തു തന്നെ പറഞ്ഞാലും സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം തുടങ്ങിയ സിനിമകളും അവയിൽ നിന്ന് കേരളം സ്വീകരിച്ച നവമനുഷ്യത്വവും ഇല്ലാതാവുകയില്ല. ഇന്ദുലേഖ'' നോവലിനും ദുരവസ്ഥകാവ്യത്തിനും ശേഷം എലിപ്പത്തായംഎന്ന സിനിമയാണ് നമ്മുടെ ജാതി ജന്മി നാടുവാഴി പുരുഷമേധാവിത്ത വ്യവസ്ഥക്ക് ഉചിതമായ ചരമോപചാരം ചൊല്ലിയത്. സവർണ്ണ ജാതിപ്രമാണിത്തത്തിന്റെ തകർച്ചയെ സങ്കടത്തോടെ കണ്ട് ഗൃഹാതുര ഈരടികൾ ചമയ്ക്കുന്ന ഒരു കാലത്താണ് ആ തകർച്ചയുടെ അനിവാര്യതയെ പ്രഖ്യാപിച്ചു കൊണ്ട് ഒരു സമുന്നത സിനിമയുണ്ടാകുന്നത് എന്ന കാര്യം ഓർക്കണം. പത്രസമ്മേളനത്തിലെ പ്രതികരണത്തിന്റെ പേരിലല്ല കലാകാരനെ അളക്കേണ്ടത്. എഴുത്തുകാരന്റെ പ്രത്യക്ഷ രാഷ്ട്രീയനിലപാടും അവന്റെ കലയും ഒരു വഴിക്കാകണമെന്നില്ല എന്നും ചിലപ്പോൾ നേർവിപരീതമായേക്കാമെന്നുമുള്ള പരമസത്യം മലയാളിയോട് പറഞ്ഞത് ഇ.എം.എസാണ്. അന്ന് പെരുമ്പാവൂരിൽ നടന്ന പുരോഗമന കലാസാഹിത്യ സമ്മേളനം ആ വിഷയം ഗൗരവത്തിൽ ചർച്ച ചെയ്തു. രേഖ തയ്യാറാക്കി. കൃതികളുടെ വെളിച്ചത്തിലാണ് (മാത്രമാണ്) എഴുത്തു/ കലാപ്രവർത്തകരെ പരിഗണിക്കേണ്ടത്. രണ്ടിടങ്ങഴി, തോട്ടിയുടെ മകൻതുടങ്ങിയ നോവലുകളിലൂടെ അധസ്ഥിത ജനതയുടെ ജീവിതവും സംസ്കാരവും ഉദ്ഘോഷിച്ച എഴുത്തുകാരനാണ് തകഴി ശിവശങ്കരപിള്ള. കുട്ടനാട്ടിലെ കർഷകത്തൊഴിലാളിക്ക് സംഘം ചേർന്ന് ഭൂവുടമയോട് സമരം ചെയ്യാനുള്ള ആത്മബലം നൽകിയത് അദ്ദേഹത്തിന്റെ രചനകളാണ്. എന്നാൽ ജീവിതസായാഹ്നത്തിൽ തൊഴിലാളികളുടെ സംഘടിതശക്തിയേയും സമരത്തേയും തകഴി വിമർശിച്ചു. പലപ്പോഴും ഭരണവർഗ്ഗത്തിന് അനുകൂലമായി നിന്ന് സംസാരിച്ചു. അന്നു ചിലർ പുഷ്പവേലിൽ ശിവശങ്കരപിള്ളഎന്ന് അദ്ദേഹത്തെ വിമർശിച്ചതായി ഓർക്കുന്നു. പക്ഷേ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം അദ്ദേഹത്തെ ആദരിച്ചുകൊണ്ടും ബഹുമാനിച്ചുകൊണ്ടുമാണ് ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞത്. ജീവിതത്തിന്റെ മുക്കാൽ പങ്കും അധികാരപക്ഷത്തോട് ചേർന്നു നിന്ന കവിയാണ് അക്കിത്തം അച്ചുതൻ നമ്പൂതിരി. ജനാധിപത്യത്തെ തുറുങ്കിലടച്ച അടിയന്തിരാവസ്ഥയെ സ്തുതിച്ചു കൊണ്ട് ഇരുപതു നക്ഷത്രങ്ങൾ വിടർന്നു ഇന്ത്യേ നിന്റെ വിഹായസ്സിൽഎന്ന പ്രചരണഗാനം എഴുതിക്കൊടുക്കാൻ അദ്ദേഹത്തിന് മടി തോന്നിയില്ല. (ഇരുപതു കഴുതകൾ കെട്ടി വലിക്കുന്ന പെരുമന്തുകാലിനെ വാഴ്ത്തി വാഴ്ത്തി.....എന്നെഴുതിയ കവി എം.കൃഷ്ണൻകുട്ടി അന്ന് ജയിലിലായി.) പിന്നീട് ഒരു ഘട്ടത്തിൽ അക്കിത്തം ആർ.എസ്.എസ്. അനുയായിയായി. സംഘപരിവാർ സംഘടനയായ തപസ്യ കലാസാഹിത്യവേദിയുടെ പ്രസിഡണ്ടായി. ഗുജറാത്തിൽ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് മുസ്ലീം മതസ്ഥരെ നരേന്ദ്രമോദി കൊന്നൊടുക്കിയപ്പോഴും ബാബറി മസ്ജിദ് തകർത്ത കാലത്തും ആ ബന്ധം നിലനിന്നു. പക്ഷേ അതിന്റെ പേരിൽ അക്കിത്തത്തിന്റെ കവിതകളെ ആരെങ്കിലും വിമർശിച്ചതായി അറിവില്ല. ലോകപ്രശസ്തമായ തന്റെ കൃതികളിലൂടെ കേരളത്തിനും ഇവിടെ ജനിച്ചവരും ജനിക്കാനിരിക്കുന്നവരുമായ ജനതക്കും വിലമതിക്കാനാവാത്ത സമ്പത്താണ് അടൂർ നൽകിയിട്ടുള്ളത്. വീണ്ടും പറയട്ടെ എഴുത്തു/ കലാകാരനെ/ കാരിയെ പരിഗണിക്കേണ്ടത് കൃതികളെ മുൻനിർത്തിയാണ്.

ദേശാഭിമാനി 23 Jan 2023 12:56 pm

കുട്ടനാടും ജോഷിമഠ് പോലെ ഇടിഞ്ഞു താഴുകയാണോ?; മനോരമ വാർത്തയിലെ അബദ്ധം വിശദീകരിച്ച്‌ കുറിപ്പ്‌

മനുഷ്യരെ ഭീതിപ്പെടുത്തി ഇങ്ങനെ ഭ്രാന്താക്കുന്നതിനു ഒരു കുഴപ്പവുമില്ലേ? അതല്ല ഔദ്യോഗികമായി ഇത്തരം ഒരു വിവരമുണ്ടെങ്കിൽ ഉത്തരവാദിത്തത്തോടെ അതു പറയണമല്ലോ? വാസയോഗ്യമായ സ്ഥലമല്ല കുട്ടനാട് എന്നു വരുത്താനുള്ള ഒരു ത്വര എന്തിന്റെ അടിസ്ഥാനത്തിലാണ്? എന്തായാലും ഈ പ്രചരണത്തിലെ വസ്തുത ഔദ്യോഗികമായി വിശദീകരിക്കപ്പെടണം.ഗോപകുമാർ മുകുന്ദന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം. കുട്ടനാടും ജോഷിമഠ് പോലെ ഇടിഞ്ഞു താഴുകയാണോ?. അതേയെന്നാണ് മനോരമയും മറ്റും ഒരു ഗവേഷണ പഠനത്തെ ഉദ്ധരിച്ചു പറയുന്നത്. ചില്ലറയൊന്നുമല്ല. 2018 ലെ വെള്ളപ്പൊക്കത്തിനു ശേഷം 20-30 സെന്റീമീറ്റർ subsidence ഉണ്ടായി എന്നാണ് റിപ്പോർട്ട്. ഉത്തരാഘണ്ടിലെ ചമോലി ജില്ലയിൽപ്പെടുന്ന ജോഷിമഠ് ഡിസംബർ 27 മുതൽ ജനുവരി 8 വരെയുള്ള ഏതാണ്ട് 12 ദിവസങ്ങൾ കൊണ്ട് 5.4 സെന്റീ മീറ്റർ ഇടിഞ്ഞു . ഇവിടെയുണ്ടായ ഈ subsidence അപ്രതീക്ഷിതമല്ല. അര നൂറ്റാണ്ട് മുൻപു തന്നെ ഈ സ്ഥിതിയെ സംബന്ധിച്ച മുന്നറിയിപ്പുകൾ വന്നിരുന്നു. ഉപഗ്രഹ ഡാറ്റാ വിശകലനം വഴി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് പ്രതിവർഷം 8.5 സെന്റീ മീറ്റർ വീതം ജോഷിമഠ് ഇടിഞ്ഞു താഴുന്നു എന്നും കണ്ടെത്തിയിരുന്നു. ഐഐടി യുടെ പഠനങ്ങളും ഇതു പറഞ്ഞിരുന്നു. നാലു കൊല്ലം കൊണ്ട് 30 സെന്റീമീറ്റർ subsidence എന്നു പറഞ്ഞാൽ കുട്ടനാട് ജോഷിമഠ് പോലെ തന്നെ ഇടിയുന്നു എന്നാണല്ലോ? കുട്ടനാട് സമുദ്ര നിരപ്പിൽ നിന്നും ശരാശരി 1.5 മീറ്റർ താഴെ കിടക്കുന്ന നാടാണെന്നും ഓർക്കണം. “Researchers have found that many areas in Kuttanad have subsided by 20 cm to 30 cm after 2018 flood..” എന്നുതന്നെയാണ്online Manorama(English)പറഞ്ഞത്. എന്താണു പരിഹാരമെന്നും പഠനം പറഞ്ഞിട്ടുണ്ടു പോലും. “ What to do? The study recommends that the problem could be solved by strengthening the bunds by raising their height and width. ….the bunds should be raised by 60 cm from their existing height.” ബണ്ടുകളുടെ ഉയരം നിലവിലുള്ളതിൽ നിന്നും 60 cm പൊക്കണം. പ്രശ്നം പരിഹരിക്കാം എന്നു പറഞ്ഞത്രേ! ബണ്ടുകെട്ടി land subsidence ചെറുക്കാമത്രേ! ഈ ഗവേഷകരോടു സംസാരിച്ചു. അവർ പറയുന്നത് subsidence എന്നു പറഞ്ഞിട്ടില്ല, inundation എന്നാണു പറഞ്ഞതെന്നാണ്. വെള്ളപ്പൊക്കം മണ്ണിനെ അമർത്തിയിട്ടുണ്ട് (Consolidation). കട്ട കുത്തി ഉയർത്തുന്നതായിരുന്നു പഴയ രീതി. അതിപ്പോൾ ഇല്ല. അതുകൊണ്ടു വേലിയേറ്റത്തിൽ കയറുന്ന വെള്ളം കെട്ടിക്കിടന്നു താഴ്ന്ന സ്ഥലങ്ങൾ മുങ്ങുന്നു. ഇതാണ് അവർ പറഞ്ഞത്. മനോരമ മാത്രമല്ല, പല ഇംഗ്ലീഷ് ഓൺലൈൻ മാധ്യമങ്ങളും ഈ land subsidence പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. subsidence, consolidation, inundation എന്നതൊക്കെ ഇങ്ങനെ വെച്ചു മാറാവുന്ന സാങ്കേതിക പദങ്ങളാണോ? കുട്ടനാട്ടിലെ subsidence സാധൂകരിക്കുന്ന ഏതെങ്കിലും ഔദ്യോഗിക ഡാറ്റയോ സ്ഥിതിവിവരക്കണക്കുകളോ മറ്റോ ഉണ്ടോ? ഈ സ്ഥലം മനുഷ്യ വാസ യോഗ്യമല്ല എന്നു വരുത്തുന്നതെന്തിനാണ്?. മനുഷ്യരെ ഭീതിപ്പെടുത്തി ഇങ്ങനെ ഭ്രാന്താക്കുന്നതിനു ഒരു കുഴപ്പവുമില്ലേ? അതല്ല ഔദ്യോഗികമായി ഇത്തരം ഒരു വിവരമുണ്ടെങ്കിൽ ഉത്തരവാദിത്തത്തോടെ അതു പറയണമല്ലോ? വാസയോഗ്യമായ സ്ഥലമല്ല കുട്ടനാട് എന്നു വരുത്താനുള്ള ഒരു ത്വര എന്തിന്റെ അടിസ്ഥാനത്തിലാണ്? എന്തായാലും ഈ പ്രചരണത്തിലെ വസ്തുത ഔദ്യോഗികമായി വിശദീകരിക്കപ്പെടണം. എന്തും എഴുതാൻ തങ്ങൾക്ക് അവകാശമുണ്ട് എന്ന സ്ഥിതി മാറിയേമതിയാകൂ.

ദേശാഭിമാനി 18 Jan 2023 5:56 pm

'കിരാതവൃത്തം'- ബി. രവികുമാര്‍ എഴുതിയ കഥ

കളരിയില്‍ മൂന്നാമത് ഒരാളുണ്ടായിരുന്നില്ല.'കൈകുത്തി ഉയര്‍ന്ന്... പുറകില്‍മാറി മെയ് താന്നുവന്ന്... ഇടതുകാലേല്‍ തൂങ്ങിനിന്ന്... വേഗത്തില്‍ മൂന്നുചുവട് മുന്‍പോട്ടുവെച്ച്.' കുട്ടനാട്കളരിയില്‍ മൂന്നാമത് ഒരാളുണ്ടായിരുന്നില്ല.'കൈകുത്തി ഉയര്‍ന്ന്... പുറകില്‍മാറി മെയ് താന്നുവന്ന്... ഇടതുകാലേല്‍ തൂങ്ങിനിന്ന്... വേഗത്തില്‍ മൂന്നുചുവട് മുന്‍പോട്ടുവെച്ച്.''നായ്ക്കരച്ചോ' പരിചിതമായ വിളികേട്ട് ദ്രോണമ്പള്ളി നായ്ക്കന്‍ ചൊല്ലുനിര്‍ത്തി. തോട്ടുവരമ്പിലൂടെ ഉണ്ണിരവിക്കുറുപ്പു നടന്നുവരുന്നു.'ദീപാരാധനയ്ക്കു നേരമായിട്ടും നിര്‍ത്താറായില്ലേ...? തോടിനക്കരെ കൊട്ടാരം അമ്പലത്തിലെ കല്ലുവിളക്കുകളില്‍ തിരി തെളിഞ്ഞു തുടങ്ങി. കളരി നിര്‍ത്തി നായ്ക്കനും പിന്നാലെ ശിഷ്യനും വരമ്പിലേക്കു കയറി.'മിത്രക്കേരിക്കാവിലെ പോറ്റീടെ മകനാ കുറുപ്പേ.''ഇയാക്ക് ശാന്തിയുണ്ടോ...?' ഉണ്ണിരവിക്കുറുപ്പിന്റെ മനസ്സില്‍ തേവാരത്തിന് ആളില്ലാത്ത കണ്ടങ്കേരിക്കാവിലെ ഒഴിവായിരുന്നു.'അസാരം അശാന്തിയുണ്ട്.' അവനില്‍നിന്ന് അങ്ങനൊരു മറുപടി അവര്‍ പ്രതീക്ഷിച്ചില്ല.'ആളറിഞ്ഞുള്ള സംസാരം മതി... കേട്ടോടാ.' കുറുപ്പിന്റെ അനിഷ്ടം പോവാനായി നായ്ക്കന്‍ ഗൗരവം വിടാതെ ചെറുതായൊന്നു ശാസിച്ചു. ഇരുവരും തെങ്ങുന്തടി ചേര്‍ത്തിട്ട പാലത്തിലൂടെ അക്കരയെത്തി. അമ്പലത്തിലേക്ക് നടന്നു. പാലം കേറാതെ തോട്ടുവരമ്പിലൂടെ ശിഷ്യന്‍ തനിയെ കിഴക്കോട്ടും.അവനെക്കുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു അവരുടെ നടത്തം. മെയ്‌വഴക്കം അസാധ്യം. അടവുകളോരോന്നും താളബദ്ധം. ഭാഷയോ സംസ്‌കൃതമോ ഏതാ മെച്ചമെന്നറിയില്ല. ഹിന്ദീം തമിഴും തെലുങ്കും ഇഷ്ടനറിയാം. പിന്നെ കൂസലില്ലായ്മ ഇത്തിരി കൂടുതലാ. നമ്പൂതിരീടെ ഫലിത രസികത്തം അപ്പാടെ പോന്നിട്ടുണ്ട്. അവന്റെ ശ്വാസത്തിനൊരുതാളം മിടിപ്പിനൊരു താളം നടപ്പിനൊരു താളം. കൈമുട്ടാത്ത വാദ്യങ്ങളില്ല. വഴങ്ങാത്ത താളങ്ങളില്ല. എല്ലാം അറിയാനുള്ള വ്യഗ്രത. ഉത്സാഹം. അതിനുള്ള അലയല്‍. അതുതന്നെയാ അവന്റെ അശാന്തി.'അയാളോട് നന്ദിക്കാട്ടേക്ക് വരാന്‍ പറയണം. ചിലതെല്ലാം ഞാനും പറഞ്ഞുകൊടുക്കാം നായ്ക്കരച്ചാ.''അത്രയും പോരാ. മാത്തൂരുകൊണ്ടാക്കണം. പോറ്റി മണികണ്ഠപുരത്തിനു തിരികെ പോകുവാന്ന് കേട്ടു. ഇയാക്കൊട്ടു മടങ്ങണമെന്നുമില്ല. മാത്തൂരാവുമ്പോള്‍ വലിയപുരേല്‍ കൂടാം. ആട്ടോം വേലേമൊക്കെ വേണേല്‍ പഠിക്കേം ചെയ്യാമെല്ലോ കുറുപ്പേ.' ദീപാരാധനയ്ക്ക് നടചാരി.ശിഷ്യന്‍ തോട്ടുവരമ്പിലൂടെ ഏറെ ദൂരം പോകുംമുന്നേ ഇരുട്ടായി. ചീതങ്കത്തറയിലെ വിളക്ക് അകലെ മിന്നുന്നുണ്ട്. കതിരുവീശിക്കിടന്ന പാടത്തിനുമേല്‍ പനമ്പായ നിവര്‍ത്തി മൂടയിട്ട് രാത്രി ഉറങ്ങാന്‍ കിടന്നു. അതുവഴി നേരം തെറ്റിവരുന്ന ആരുടെയുള്ളിലും നിഴലായി ഭയം ഒപ്പം കൂടും. കേട്ട കഥകളൊക്കെ കണ്ടുതുടങ്ങും. അയാളുടെ നെഞ്ചിടിപ്പു കൂടി. ഉള്ളിലൊരു കനം വെച്ചു. മഴയോ കാറ്റോ എന്നറിയാത്ത ഇരമ്പല്‍ വീശിയടിച്ചു. ഇരുട്ടിന്റെ ചുഴി. പറവേലിപ്പാടത്തേക്ക് മടവീണ് വെള്ളം മറിഞ്ഞു. മടകുത്താന്‍ ഇട്ട്യാതിയപ്പനും ചീതങ്കനും പാവോനുമടക്കം ഒന്‍പതുപേര്‍ ഓടിയെത്തി. ചക്രപ്പാട്ടുപാടി ചീതങ്കന്‍ ഉശിരുകൂട്ടി. ഉശിരുള്ളവന്റെ ഉയിരിലേ പശപ്പുള്ളൂ. പശപ്പുള്ള ചേറിലെ മടയുറയ്ക്കൂ. ചീതങ്കന്റെ തൊണ്ടപൊട്ടിയ പാട്ടിനുമേല്‍ ചവിട്ടിനിന്ന് ഇട്ട്യാത്യപ്പന്‍ നെഞ്ചത്തറഞ്ഞ് നിലവിളിച്ചു. പോകപ്പോകെ ഉയിരുപോയ പാട്ട് നേര്‍ത്തുനേര്‍ത്ത് ഞരക്കമായി. പടിഞ്ഞാറ് കടലിളകി. പുറക്കാട് തീരത്ത് തെങ്ങോളം പൊക്കത്തില്‍ തിര കുത്തിമറിഞ്ഞു. ആറ്റിലെ വെള്ളം വലിഞ്ഞു. വെട്ടിക്കോരിയിട്ട ചെളിയിലും ചേറിലും തിട്ട തിടംവെച്ചു കേറി. വെട്ടം വീഴുംമുന്‍പ് മട കുത്തിനിവര്‍ത്തി മടങ്ങുമ്പോള്‍ ഒരാള്‍ കുറവായിരുന്നു. അടുത്ത അമവാസി നാളില്‍ മടകുത്തിയ വരമ്പത്ത് നിലവിളി കേള്‍ക്കാന്‍ തുടങ്ങി. പാലപൂക്കുന്ന നിലാവില്‍ ചക്രപ്പാട്ടും. മുട്ടോളം വെള്ളത്തിനുമേല്‍ വിളഞ്ഞ നൂറുമേനി കാണാന്‍ പറവേലി നായരും തലപ്പുലയനും എത്തിയ നേരത്താണ് തീപിടിച്ച കുരുത്തോല തെക്കൂന്ന് പറന്നുവന്നത്. പാടത്തുവീഴാന്‍ ഒരു മിന്നലിന്റെ സമയം മാത്രം. വെള്ളത്തിനുമേല്‍ നൂറുമേനി ചാമ്പലായൊഴുകിപ്പരന്നു. കോന്നക്കണിയാര് കവിടി നിരത്തി. ചീതങ്കന് കിഴക്കന്‍മല വെട്ടി ചീങ്ക വരുത്തി തറ പണിതു. കുമ്മായംകൊണ്ട് വെങ്കിളിയിട്ടു. അമാവാസിക്ക് കല്ലുവിളക്കില്‍ നെയ്ത്തരിയും വറപൊടിയും. മേടപ്പത്തിന് ഉദിക്കുംമുന്‍പ് കുരുത്തോലതുള്ളല്‍.തറകടന്നു കഴിഞ്ഞതോടെ അയാള്‍ക്ക് ജീവന്‍ വെച്ചു. അകലെയല്ലാതെ കുഞ്ഞപ്പനിട്ട്യാതിയുടെ കുടിമുറ്റത്തു വെട്ടം കണ്ടത് ആശ്വാസമായി. നെഞ്ചിടിപ്പു കുറഞ്ഞു.'അമ്പോറ്റിക്കുഞ്ഞ് വൈകിയോണ്ടാണേ തൊടങ്ങാഞ്ഞെ.' മുറ്റത്ത് തീക്കൂനയുടെ വെട്ടത്തില്‍ ഓലപ്പായിലിരുന്ന കുഞ്ഞപ്പനിട്ട്യാതിയുടെ ശബ്ദം. ഇട്ട്യാതിയോടു ചേര്‍ന്നയാള്‍ ഇരുന്നു. നിലത്തു നിരന്ന് തോല്‍വാദ്യങ്ങള്‍. കരു മരം പറ. കരു ഇട്ട്യാതി എടുത്തു. പുകിലന്‍ വന്നു മരം മുട്ടിത്തുടങ്ങി.'അമ്പോറ്റിക്കുഞ്ഞേ പറ കൊട്ടിത്തുടങ്ങിക്കോ.' ഇട്ട്യാതി നടപ്പുതാളം അടിച്ചുതുടങ്ങി. അരയില്‍ കുരുത്തോലപ്പാവാട ചുറ്റി തലയില്‍ പാളമുടിവെച്ച് കോതുകാലു ചവിട്ടി അംബരന്‍ ചുവടുവെച്ചു. ചീതങ്കന്റെ മകടെ മകന്‍. മേളം മുറുകിയപ്പോള്‍ കുഞ്ഞപ്പനിട്ട്യാതിയുടെ പാട്ട് താളം വിട്ട് ഉന്മാദാവസ്ഥയിലേക്ക് വിറകൊണ്ടു.'ചട്ടിച്ചടന്തിയവനേ കൂഴപ്പന്‍ ചിന്തന്‍... ചിന്തങ്കളി ചിന്തമ്പാട്ടേ കൂഴപ്പന്‍ചിന്തന്‍കണ്ണുകൊണ്ടു ലോകോം വെട്ടി കൂഴപ്പന്‍ ചിന്തന്‍... നെഞ്ചത്തു തപ്പടിച്ചേ കൂഴപ്പന്‍ ചിന്തന്‍'ഉറഞ്ഞ അംബരന്‍ നിലത്ത് വീണുകിടന്നുരുണ്ടു. കൂട്ടം ശേഷക്കാര്‍ മലര്‍ത്തിക്കിടത്തി കാലും കയ്യും മണ്ണിനോട് മുട്ടിച്ചു. പന്തം കുത്തിയ നിലത്ത് ഓതിവെച്ച മണ്‍കുടം. കുടമെടുത്ത് ഇട്ട്യാതി അംബരന്റെ മുഖത്തേക്ക് കമത്തി. പതഞ്ഞൊഴുകിയ പൂക്കുല സത്തില്‍ രണ്ടിറക്ക് ഉള്ളിലേക്കിറങ്ങി. അംബരന്‍ ശാന്തനായി. ഇരുട്ടില്‍ നിലാവുപോലെ അതിന്റെ മണം ഒഴുകി. പോറ്റിക്കുഞ്ഞിന് അന്നത്തെ പാട്ടില്‍ ഒരു സംശയമേ ഉണ്ടായിരുന്നുള്ളൂ.'എന്താ അച്ചാ തപ്പ്...? നെഞ്ചത്തു തപ്പടിച്ചേയവന്‍ കൂഴപ്പന്‍ ചിന്തന്‍.''കൈവെള്ളകൊണ്ടല്ലേ കുഞ്ഞേ നെഞ്ചത്തടിക്കാന്‍ പറ്റൂ. തപ്പിലും അങ്ങനാ... കൈവെള്ള കൊണ്ടാ പെരുമാറ്റം. കെഴക്കത്തെ പടേനീലൊള്ളതാ.' മരത്തിന്റെ മുറുക്കം അയച്ചുകൊണ്ട് ഇട്ട്യാതി പറഞ്ഞു.'മിഴവുകൊട്ടുന്നതും അങ്ങനല്ലേ അച്ചാ?''ഒറ്റത്തലച്ചമ്മാരാ രണ്ടും. അടച്ചൊറപ്പുള്ള ഉരുണ്ടപൂമീടെ കെട്ടിയടച്ച പരുവം ഒന്ന്. വെശന്നുവെശന്നു തൊറന്നുപോയ വായ കെട്ടിയടക്കാത്ത പരന്നപൂമീടെ പരുവം മറ്റേത്. ആകാശം മുട്ടി കൈവെള്ള കീഴോട്ട് പൂമി തട്ടി മേലോട്ട്.'പാതിരാവായിട്ടും നിലാവുദിച്ചില്ല. ചൂട്ടുകറ്റ വീശി അയാള്‍ പാടവരമ്പിലൂടെ മിത്രക്കേരി മഠത്തിലേക്കു നടന്നു. പടിഞ്ഞാറുനിന്ന് തണുത്ത കാറ്റടിച്ചു തുടങ്ങി. നെഞ്ചത്തു തല്ലിയലച്ച് അകലെ എവിടെയോ ചക്രപ്പാട്ടിന്റെ നൊമ്പരം നേര്‍ത്തു വന്നു.'ഇരുപത്തെട്ടെലച്ചക്രം ചവിട്ടിയേ... യേ... യേഈ മഞ്ഞത്ത് മേലാകെ വേര്‍ത്തേ... യേ... യേ.'ചിത്രീകരണം: സചീന്ദ്രന്‍ കാറഡുക്കവിളിച്ചാല്‍ വിളിപ്പുറത്താണ് കണ്ടങ്കേരിപ്പോതി. നന്ദിക്കാട്ടെ കേരളക്കുറുപ്പന്മാര്‍ പീഠത്തില്‍ വാളുചാരി ഭരദേവതയെ കളരിയിലേക്കു വിളിച്ചിറക്കി. വെറ്റപാക്കുവെച്ച് കളരി തുടങ്ങിയ നേരത്ത് മിത്രക്കേരി മഠത്തീന്ന് പോറ്റിയും ആയമ്മയും അനുഗ്രഹിക്കാന്‍ വന്നു. നന്ദിക്കാട്ടെ ഊണും വടക്കിനീലെ വിസ്താരോം കഴിഞ്ഞ് ആയമ്മ പോയതില്‍ പിന്നെയാണ് പോറ്റിക്കുഞ്ഞേന്നുള്ള വിളിനിര്‍ത്തി കുറുപ്പ് അയാളെ നമ്പ്യാരേന്നു വിളിച്ചു തുടങ്ങിയത്.കളരിപരമ്പരയിലെ മൂപ്പിളമ നോക്കി ഉണ്ണിരവിക്കുറുപ്പിനാണ് ഇന്നത്തെ ആശാന്‍ സ്ഥാനം. തുളുനാടന്‍ മുറകളാണ് ദ്രോണമ്പള്ളി നായ്ക്കന്‍ അവന് കൊടുത്തത്. എടനാടന്‍ പറവിദ്യ മുതല്‍ ഒഴുക്കുനീറ്റില്‍ കോല്‍ത്താരിയിട്ട് മുച്ചാണ്‍ വടിപ്പയറ്റുവരെ കുറുപ്പില്‍നിന്ന് കിട്ടി. മര്‍മ്മവും നാടന്‍തല്ലും മനസ്സിനെ അടക്കിനിര്‍ത്താനുള്ള ആത്മവിദ്യയും വരെ അനുഗ്രഹിച്ചു നല്‍കി. ഇളയവനായ വാസവക്കുറുപ്പായിരുന്നു നമ്പ്യാരുടെ തണ്ടി. അടിയൊഴുക്കില്‍ പിടിച്ചുകിടക്കാനും പമ്പയാറ്റില്‍ ഇരുകര നീന്താനും പേടി മാറ്റിയത് അയാളായിരുന്നു. ഇരുട്ടുകുത്തി വള്ളത്തില്‍ പുഴയറിയാതെ മിന്നല്‍വേഗത്തില്‍ തുഴയാനും പഠിപ്പിച്ചു.മാത്തൂര്‍കളരിയിലെ വാസത്തിനിടയില്‍ നമ്പ്യാര്‍ക്ക് ഉണ്ണാനും ഉറങ്ങാനും നേരം കിട്ടിയില്ല.അമ്പലപ്പുഴയില്‍നിന്ന് കൊച്ചുപണിക്കര്‍ മാത്തൂരെത്തിയാല്‍ പിന്നെ വലിയപുരയിലാണ് കൂട്ടം. കൊട്ടുംപാട്ടും തര്‍ക്കവും പിന്നെ ഒഴിവുകിട്ടിയാല്‍ ദേശസഞ്ചാരവും. കളരിയുടെ കിഴക്കേ കെട്ടിനകത്ത് ചൊല്ലിയാട്ടം. മുറ്റത്ത് വേലകളി. ചെമ്പകശ്ശേരിയിലെ പടനായരായ പണിക്കര്‍ കളരിയാശാനായതുകൊണ്ട് തെക്കുംകൂറിലെ ചിറക്കടവുവേലയെക്കാള്‍ മെയ്‌വഴക്കമുള്ള മുറകളും മറിച്ചിലുകളും ഭഗവാന്റെ തിരുമുന്‍പില്‍ അമ്പലപ്പുഴ വേലയായി കച്ചകെട്ടി. നമ്പ്യാര്‍ ചെണ്ടയില്‍ ഗണപതിയും പടിവട്ടവും കൊട്ടി. തിരുമുന്‍പില്‍ വേല അനുഷ്ഠാനമായി. ചെമ്പകശ്ശേരിക്കു പുറത്ത് കായംകുളത്തും വേണാട്ടിലും തെക്കുംകൂറിലും അമ്പലപ്പുഴ വേല അടിയന്തിരങ്ങളില്‍ കളിച്ചു തുടങ്ങി. ആറ്റുമാലിയിലിരിക്കുമ്പോള്‍ അവിടങ്ങളിലൊക്കെ കേട്ട താളക്കെട്ടുകള്‍ ഇടമുറിയാത്ത ജലതരംഗമായി നമ്പ്യാരുടെയുള്ളില്‍ ഓളം വെട്ടി. കണ്ട കാഴ്ചവട്ടങ്ങള്‍ സ്വപ്നങ്ങളായി മനസ്സില്‍ അടുക്കിവെച്ചു. പുഴ അയാളെ പിന്നെയും പിന്നെയും പുതിയ കാഴ്ചകള്‍ കാണാന്‍ വിളിച്ചു.ഉണ്ണിരവിക്കുറുപ്പിന്റെ വളവരവെച്ച ചുരുളന്‍വള്ളം ഉച്ചതിരിഞ്ഞാണ് മാത്തൂര്‍ കളരിയില്‍നിന്നു പുറപ്പെട്ടത്. തെക്കുംകൂറിലേക്ക് കടന്നുള്ള ദൂരയാത്ര. കൂട്ടിന് രണ്ട് തുഴക്കാരും. തെങ്ങിന്‍ തലപ്പുകള്‍ക്ക് പടിഞ്ഞാറേക്ക് സൂര്യന്‍ താണുതുടങ്ങി. ഇടത്തോട്ടില്‍നിന്നു വള്ളം പമ്പായാറ്റിലേക്ക് കടന്നു. നിശ്ചലമെങ്കിലും കണ്ണെത്താദൂരം ഇരുകരയിലും മുട്ടി പരന്നൊഴുകുന്ന പമ്പ. തുഴ വള്ളത്തിലിട്ട് നാരായണച്ചാര് കഴുക്കോലെടുത്തു. ആറിനു കുറുകെ പടിഞ്ഞാറെ അരികിലേക്ക് വള്ളം ഊന്നിവിട്ടു. ശങ്കരച്ചാര് തുഴകൊണ്ട് വള്ളത്തിന്റെ ഗതി ഒഴുക്കിനെതിരെ തെക്കോട്ടേക്കു തിരിച്ചു. തെങ്ങിന്‍തലപ്പും ആറ്റുകൈതയും നിഴല്‍ വീഴ്ത്തി പടിഞ്ഞാറെ അരികു തണുത്ത് കിടന്നു. ഓളപ്പരപ്പില്‍ സൂര്യന്‍ മുങ്ങാംകുഴിയിട്ടു കളിക്കുകയാണ്. കിഴക്കേ തീരം വെയിലില്‍ വെട്ടിത്തിളങ്ങി. കാറ്റ് അനുകൂലമായി വീശിക്കൊണ്ടിരുന്നു. തണല്‍ പറ്റി ചുരുളന്‍വള്ളം അതിവേഗം മുന്നോട്ട് പോയി.'ഇങ്ങനങ്ങോട്ടു പോയാല്‍ ആറുനാഴികകൊണ്ട് പുളിക്കീഴിലെത്തുകേലേ പണിക്കരേ?' നടുപ്പടിയിലിരുന്ന കൊച്ചുപണിക്കരോട് വളവരയ്ക്കകത്തുനിന്ന് വാസവക്കുറുപ്പിന്റെ ചോദ്യം.'എന്താ സംശയം. സന്ധ്യയ്ക്കു മുന്‍പ് മിത്രപ്പുഴക്കടവിലെത്തും. ചെങ്ങന്നൂത്തേവരുടെ ആറാട്ടുകടവ്.'പണിക്കര്‍ തലയില്‍ കൊണ്ടകെട്ടിയിരുന്ന നേര്യത് അഴിച്ചു കുടഞ്ഞ് മടിയിലിട്ടുകൊണ്ട് പറഞ്ഞു.പുഴയോരത്തെ കാഴ്ചകളില്‍ ഉത്സാഹം കൊള്ളുകയായിരുന്നു നമ്പ്യാര്‍. അവരുടെ സംസാരമൊന്നും അയാള്‍ കേട്ടില്ല. ഒഴുകിനടക്കുന്ന താറാക്കൂട്ടങ്ങള്‍. മലഞ്ചരക്കുമായി ആലപ്പുഴയ്ക്കു പോകുന്ന കേവുവള്ളങ്ങള്‍, അലക്കും കുളിയുമൊഴിയാത്ത കല്‍പടവുകള്‍. തുടിച്ചുകുളിക്കുന്ന പെണ്ണുങ്ങള്‍.'എന്താടാ കണ്ണെടുക്കാന്‍ പറ്റുന്നില്ലേ...?' ചോദ്യം കേട്ട് മുന്‍പോട്ടിരുന്ന നമ്പ്യാര്‍ തിരിഞ്ഞിരുന്നു. മുഖത്തൊരു മന്ദഹാസം.താനിതു വല്ലതും കാണുന്നുണ്ടോ..?എന്തോ കണ്ടോന്നാ?'കല്ലോലജാലം കളിക്കുന്ന കണ്ടോ...?അന്നങ്ങളങ്ങു പറക്കുന്ന കണ്ടോ...?കല്യാണിമാരു കുളിക്കുന്ന കണ്ടോ...?ബാലത്തരുണികടെ നീലത്തിരുമുടി കണ്ടോ...?ചേലൊത്ത മുലകണ്ടോ...?'പണിക്കര്‍ കസവുനേര്യത് വടിവിലെടുത്ത് തലയിലെ കൊണ്ട കെട്ടി. കൈകള്‍ ഇടുപ്പിലൂന്നി നെഞ്ചൊന്നു വിരിച്ചു.'ചെമ്പകശ്ശേരീടെ ഭടന്‍ കാണേണ്ടത് കൊള്ള കൊള്ളിവെപ്പ് വ്യഭിചാരം കൊല.''തേങ്ങാക്കൊല.'വളവരയ്ക്കുള്ളില്‍നിന്നും വാസവക്കുറുപ്പ് വെളിയില്‍വന്ന് പണിക്കരോടൊപ്പം നടുപ്പടിയില്‍ ഇരിപ്പുറപ്പിച്ചു.'താന്‍ പറയെടോ നമ്പ്യാരേ, ഒരു പാട്ടു കേക്കുന്ന സുഖം. പറച്ചിലിനുതന്നെ കവിതയുടെ ഇമ്പം.'നമ്പ്യാര്‍ എഴുന്നേറ്റ് ചുറ്റിനുമൊന്നു നോക്കി. മനസ്സില്‍ രസിച്ച കാഴ്ചകള്‍ നാവിലേക്കു താളം തുള്ളി വന്നു. പതിയെയൊന്നു മുരടനക്കി. ശബ്ദം ശുദ്ധമായി.'നാടുകള്‍ കണ്ടു വീടുകള്‍ കണ്ടു, കൂടുകള്‍ കണ്ടു കോടുകള്‍ കണ്ടു ചാടുകള്‍ കണ്ടു പോടുകള്‍ കണ്ടു, ചോടുകള്‍ കണ്ടു മേടകള്‍ കണ്ടു...'നമ്പ്യാരുടെ പാട്ടിനൊത്ത് പണിക്കര്‍ വിരല്‍ ഞൊടിച്ച് തലയാട്ടി. ശങ്കരച്ചാരും നാരായണച്ചാരും താളത്തില്‍ തുഴയെറിഞ്ഞു. ഓളപ്പാത്തികള്‍ കീറി ചുരുളന്‍ പാഞ്ഞു. അകലെനിന്ന് അപ്പോള്‍ ഒരു പട്ടണം അടുത്തടുത്തു വരുന്നു. അതുവഴി പതിവ് തുഴക്കാരനായ നാരായണച്ചാര് പറഞ്ഞു:'ഇടത്തുവാ ദേശമാണ്.'കാഴ്ചകളില്‍നിന്ന് മടങ്ങാനാവാതെ നമ്പ്യാര്‍ പാടിക്കൊണ്ടിരുന്നു.'അരികേ നല്ലൊരു പെരുവഴികണ്ടു, അരയാലുകളും പേരാലുകളുംഅരമന തെരുവുകളങ്ങാടികളും, മരവും നല്ല നടക്കാവുകളുംഉദ്യാനം പല വിദ്യാഭവനം അതിനപ്പുറമൊരു മദ്യാലയവും...'പരിചയും ചുരികയും കയ്യിലുണ്ടെന്ന മട്ടില്‍ പടിയിലിരുന്ന് പണിക്കര്‍ ചില തട്ടും തടവും പയറ്റി. അരങ്ങു കൊഴുത്തു. വളവരവെച്ച ചുരുളനിലെ യാത്രികരെക്കണ്ട് ആറ്റുകടവിലും തീരത്തും ഇരുന്നവര്‍ എഴുന്നേറ്റു. പണിക്കരുടെ പ്രകടനവും നായര്‍ പടയാളിയുടെ തലേക്കെട്ടും കഴുത്തിലണിഞ്ഞ മുദ്രയും മെയ്ക്കരുത്തു കടഞ്ഞ ശരീരവും ഉത്തരീയവും കണ്ട് അവര്‍ കൈകൂപ്പിനിന്നു. ശിരസ്സുനമിച്ച് പണിക്കര്‍ ആദരം ഏറ്റുവാങ്ങുന്നുമുണ്ടായിരുന്നു.പടിഞ്ഞാറന്‍ കാറ്റിന്റെ അനുകൂലമായ ഗതി കുറഞ്ഞു. ഒഴുക്കിനൊപ്പം കാറ്റും എതിര്‍ദിശയിലായി. ശങ്കരച്ചാര് എഴുന്നേറ്റ് കഴുക്കോലെടുത്ത് ഊന്നിത്തുടങ്ങി. പകല്‍വെളിച്ചം കുറഞ്ഞു. ആറിയ പകല്‍ച്ചൂടുള്ള കാറ്റ് ഓളപ്പരപ്പില്‍നിന്നും പൊങ്ങി. അതിന്റെ നനുത്ത മണം വള്ളത്തേയും പൊതിഞ്ഞു. ഇരുട്ടുപടരും മുന്‍പ് നാരായണച്ചാര് റാന്തല്‍വിളക്കു തെളിയിച്ച് വളവരയ്ക്കുള്ളില്‍ തൂക്കിയിട്ടു. ആറിന്റെ കിഴക്കേ ഓരത്ത് പഞ്ചാര മണല്‍ത്തിട്ട തെളിഞ്ഞുവന്നു. വള്ളം പ്ലാച്ചേരിപ്പടി എത്തിയിരിക്കുന്നു. മണല്‍പ്പരപ്പില്‍ യാത്രക്കാരെ കാത്ത് തുറന്നിരിക്കുന്ന കാപ്പിക്കട. ഒരാള്‍ പുറത്തിറങ്ങി കൈകള്‍ ചേര്‍ത്തുകോട്ടി ചുണ്ടോടടുപ്പിച്ച് ഉറക്കെയൊന്നു കൂവി.'പൂ... ഹോയ്...' പിന്നാലെ ഒറ്റശ്വാസത്തില്‍ ഒരു പറച്ചില്‍.'ചൂടു ചുക്കുവെള്ളം, കരിപ്പെട്ടിക്കാപ്പി, അടപുഴുങ്ങിയത്, നേന്ത്രപ്പഴം, പുഴുങ്ങിയ നേന്ത്രക്കായ, പുഴുങ്ങിയ താറാമൊട്ടാ.'നീണ്ട കൂവലോടെ വിളിച്ചുപറച്ചില്‍ അവസാനിച്ചു. കമുകുനാട്ടി പലക നിരത്തി പുഴയില്‍നിന്നു കരയിലേക്ക് കെട്ടിയുണ്ടാക്കിയ പടങ്ങിനോടു ചേര്‍ന്നു വള്ളം നിന്നു. പണിക്കരും കുറുപ്പും നമ്പ്യാരും കാല്‍ നനയാതെ പടങ്ങിലൂടെ വെള്ളമണലിലേക്കിറങ്ങി. വള്ളം കരയിലേക്ക് തള്ളിക്കയറ്റി കുറ്റിയില്‍ കയറുകെട്ടി തുഴച്ചിലുകാരും കടയിലേക്കു നടന്നു. മുളങ്കാലുകളില്‍ ഓലമേഞ്ഞ പന്തലില്‍ ആറേഴു പീഠങ്ങളും കുറേ കൊരണ്ടിപ്പലകകളും നിരത്തിയിട്ടിരുന്നു. വള്ളിക്കൊട്ടകളില്‍ വാഴയിലകൊണ്ടു മൂടി ആവിമണക്കുന്ന ഉപ്പാപ്പങ്ങള്‍. മുറ്റത്തെ രണ്ട് അടുപ്പില്‍ തീ എരിയുന്നുണ്ട്. മണ്‍കലത്തില്‍ കഞ്ഞി തിളയ്ക്കുന്നതിന്റെ മണം കടന്നുവന്നു. ചെമ്പകശ്ശേരി ഭടനോടൊത്ത് കടയിലേക്ക് വരുന്നവരെക്കണ്ട് വാല്യക്കാര്‍ അങ്കലാപ്പിലായി. പീഠങ്ങളെടുത്ത് പുറത്തേക്കിട്ട് വെള്ളം തളിച്ച് തൊഴുതുനിന്നു. പണിക്കര്‍ അടയും കരിപ്പെട്ടിക്കാപ്പിയും പറഞ്ഞു. നമ്പ്യാര്‍ ഒന്നു കൂട്ടിച്ചേര്‍ത്തു.'ഉപ്പു ചേര്‍ത്തിളക്കി ഈരണ്ടു തുടം കഞ്ഞിവെള്ളം കൂടി ആവാം. വെളുപ്പോളം പടേനി കാണേണ്ടേ? ക്ഷീണോമറിയില്യാ വിശപ്പും വരില്യാ.'തുഴച്ചിലുകാര്‍ക്ക് ഓരോ പുഴുങ്ങിയ താറാമൊട്ടകൂടി അയാള്‍ പറഞ്ഞു. ഒഴുക്കുനീറ്റിനെതിരെ വള്ളമൂന്നി ക്ഷീണിച്ച തുഴച്ചിലുകാര്‍ക്ക് ഉത്സാഹമായി. നാലുനാഴികകൂടി തുഴയണം ചെങ്ങന്നൂരെത്താന്‍. നാക്കടയും എറപ്പുഴയും കഴിഞ്ഞാല്‍ മിത്രപ്പുഴക്കടവായി. പിന്നെ കഷ്ടിച്ച് ഒന്നരനാഴിക മതി പുതുക്കുളങ്ങരക്കാവിലേക്ക്. പീടികക്കാരില്‍നിന്ന് നാരായണച്ചാര് ദൂരത്തെക്കുറിച്ചും സമയത്തെക്കറിച്ചും ധാരണയുണ്ടാക്കിയെടുത്തു. നിരണംകാരന്‍ ചാക്കോമാപ്ലയുടേതായിരുന്നു കട. പിള്ളേച്ചന്മാരോട് പണം നിരസിച്ച് തൊഴുതുനിന്നെങ്കിലും കുറുപ്പ് മടിശ്ശീല അഴിച്ച് പണം എണ്ണിക്കൊടുത്തു. വള്ളം കിഴക്കോട്ടു നീങ്ങി.പകല്‍വെളിച്ചം പൂര്‍ണ്ണമായും രാത്രിക്കു വഴിമാറി. അന്ന് വെളുത്തവാവായിരുന്നു. ചന്ദ്രന്‍ നേരത്തെ തന്നെ ആകാശത്തുണ്ട്. വെണ്ണിലാവില്‍ മണല്‍പ്പരപ്പും തെളിഞ്ഞു കിടന്നു. നിലാവിലൂടെ പിന്നീടുള്ള യാത്രയില്‍ വഴിവിളക്കായി പൂര്‍ണ്ണചന്ദ്രന്‍ മുന്‍പില്‍ നീങ്ങി. തീരങ്ങളെല്ലാം ഇരുണ്ടുതന്നെ കിടന്നു. അപൂര്‍വ്വമായി ചില പുരകളില്‍ വിളക്കുകള്‍ മുനിഞ്ഞു കത്തുന്നു. പണിക്കര്‍ പതിവുപോല മുറുക്കാഞ്ചെല്ലം തുറന്നു.'എടോ തകഴി ശാസ്താനടയില്‍ ഞാന്‍ കണ്ടത് പടേനിയായിരുന്നോ...?' പണിക്കര്‍ക്കൊരു സംശയം.'അല്ലെന്നു വിചാരിച്ചോളൂ. പുഴയോരത്തെ ഭഗവതിനടകളിലേ പടേനിയുള്ളൂന്നാ കേട്ടിരിക്കുന്നതേ. വസൂരിവന്ന് പണ്ടാരച്ചാവാവാണ്ടിരിക്കാനുള്ള നേര്‍ച്ചയാണത്രേ. താന്‍ കണ്ടത് ഗണകരെഴുതി നടേല്‍ വെക്കുന്ന പാളക്കോലമായിരിക്കാലോ. അതവിടെ ഞാനും കണ്ടിരിക്കുന്നു.'എടുത്ത മുറുക്കാന്‍ നമ്പ്യാര്‍ വായിലേക്കു വെച്ചു.'പണ്ട് തിരുവല്ലായ്ക്ക് കിഴക്ക് ഓതറമലേലൊരു ശാസ്താവിന്റെ അമ്പലമുണ്ടായിരുന്നു. പേമാരീലും വെള്ളപ്പൊക്കത്തിലും എല്ലാം ഇല്ലാണ്ടായി. ബിംബം ഇളകിയൊഴുകിയങ്ങനെ നടന്നു. അതെടുത്തു വില്വമംഗലത്തു സ്വാമിയാര് പ്രതിഷ്ഠിച്ചതാണ് തകഴീലെ ഇന്നത്തെ ശാസ്താവ്.' സംസാരം അല്പസമയത്തേക്ക് നിര്‍ത്തി അയാള്‍ മൗനത്തിലായി. നിലാവു കൂടുതല്‍ തെളിഞ്ഞു. കാറ്റും അനുകൂലമായതോടെ കഴുക്കോല്‍ കയറ്റിവെച്ച് തുഴച്ചിലുകാര്‍ നയമ്പെടുത്തു. വാസവക്കുറുപ്പ് വെള്ളത്തിലേക്ക് നീട്ടിയൊന്നു തുപ്പി മുഖം തുടച്ച് കഥയുടെ ശേഷം കേള്‍ക്കാനിരുന്നു.'എന്താടാ പകുതീലങ്ങ് നിര്‍ത്തിയത്. ഇത്രേയൊള്ളോ?''പറയാം. അതിരിക്കട്ട് അവിടുത്തെ എണ്ണമരുന്ന് കഴിച്ചിട്ടുണ്ടോ...?' എല്ലാവരും നിശ്ശബ്ദം.'ഇല്ലാലേ..?'ഓതറമലേലെ പച്ചമരുന്നിന്റെ കൂട്ടാണന്നേ. വൈദ്യമുള്ള ഗണകരല്ലേ അവിടുന്ന് അറുപത്തിനാലു കൂട്ടം പച്ചമരുന്നുകള്‍ പറിച്ച് തകഴീലെത്തിക്കുന്നത്. ഓതറ ഭഗവതി അവരുടെ ഭരദേവത. നമ്മളങ്ങോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. ആയിരത്തൊന്ന് പാളയില്‍ മഹാഭൈരവി എഴുന്നെള്ളുന്ന പുതുക്കുളങ്ങരക്കാവ്. അവിടെ കോലം എഴുതാനുള്ള അവകാശം ഈ വൈദ്യകുടുംബങ്ങള്‍ക്കാണ്. കുറുപ്പ് ഒന്നു വിചാരിച്ചുനോക്കിയേ.'നമ്പ്യാര്‍ ഒന്നു നിര്‍ത്തി വായിലിട്ടിരുന്ന മുറുക്കാന്‍ പുറത്തുകളഞ്ഞു.'പച്ചമരുന്നിന്റെ കൂടെ പാളക്കോലങ്ങളും അവരുകൊണ്ടുവന്നതാവാലോ?പടേനിയെക്കുറിച്ച് ഞാനറിഞ്ഞതും അവരില്‍നിന്നുതന്നെ.' നമ്പ്യാരുടെ കഥയ്‌ക്കൊപ്പം വള്ളം നാഴികകള്‍ ഒഴുകി. ചെറുദേശങ്ങള്‍ കടന്നുപോന്നത് ഇരുളില്‍ അറിഞ്ഞതുമില്ല. കീച്ചേരിവാലും എറപ്പുഴയും കഴിഞ്ഞിരിക്കുന്നു. ഇനി മിത്രപ്പുഴക്കടവാണ്. അകലെനിന്ന് അവ്യക്തമെങ്കിലും കൈത്താളവും ഇലത്താളവും ചേര്‍ന്ന ഒരു ശബ്ദം കേട്ടു തുടങ്ങി. മുന്നിലേക്ക് അടുക്കുന്തോറും ശബ്ദത്തിനൊപ്പം അലൗകികമായ കാഴ്ചയും തെളിഞ്ഞുവന്നു. നിലാവിന്റെ പാല്‍ക്കടലില്‍ ഒരു സ്വര്‍ല്ലോകപ്പക്ഷി ഇരുവശത്തേയും പക്ഷങ്ങള്‍ ഇളക്കി നീന്തുകയാണ്. ഉയര്‍ന്നുതാഴുന്ന ചിറകുകളില്‍നിന്നും നദിയിലേക്കു പൊഴിയുന്ന ജലകണങ്ങളില്‍ പൂര്‍ണ്ണചന്ദ്രന്മാര്‍ തുളുമ്പി നില്‍ക്കുന്നു. തലയ്ക്കു മുകളിലേക്ക് കൂപ്പുകൈകളുമായി നമ്പ്യാര്‍ എഴുന്നേറ്റു. തുഴച്ചിലുകാര്‍ സമാന്തരമായി വള്ളം പിടിച്ചു. ഇത്തരമൊരു ജലയാനം അയാള്‍ ആദ്യമായാണ് കാണുന്നത്. ആറാട്ടുകടവിലെ വിളക്കുമാടത്തിനരികില്‍ ആ വഞ്ചി ചെന്നു നിന്നു.'ആറുമ്മുളയപ്പന്റെ പള്ളിയോടമാ. ചെമ്പകശ്ശേരിയുടെ ചുണ്ടന്‍പോലല്ല. കണ്ടോ...? അമരവും അണിയവും അന്തരീക്ഷത്തിലാ.'പണിക്കര്‍ പറഞ്ഞുതുടങ്ങിയതും പള്ളിയോടത്തില്‍നിന്ന് ശിവസ്തുതി ഉയര്‍ന്നു. അറുപത്തിനാലു തുഴകള്‍ മേല്‍പോട്ടുയര്‍ന്ന് തൊഴുകയ്യുകളായി. ഉച്ചസ്ഥായിയില്‍ മുന്‍പാട്ടും പിന്‍പാട്ടും വായ്ത്താരിയുമായി കണ്ഠവാദ്യം മുഴങ്ങി.'അമ്പിളിത്തെല്ലണിയുന്ന തെയ് തെയ് തക, തെയ് തെയ് തോതമ്പുരാനെന്നുടേ ചിത്തേ തിത്തത്താതി തെയ് തെയ്അമ്പിളിത്തെല്ലണിയുന്ന തമ്പുരാനെന്നുടേ ചിത്തേതെയ്ത, തകത തികുതകതോ, തക തീയതിത്തോ, തിത്തോ തികിതോ.'നമ്പ്യാരുടെ മനസ്സിലേക്ക് അതിന്റെ താളം തുഴഞ്ഞുകയറി. അടുത്ത വരിയും കൂടി കേട്ടതോടെ അയാള്‍ മനസ്സില്‍ കുറിച്ചു. സമ ഇടത്തില്‍ ചതുരശ്രനട. ഈരടിയിലെ ആദ്യവരിയില്‍ പതിനാറക്ഷരം. അടുത്തതില്‍ പതിമൂന്ന്. എട്ടക്ഷരം മുറിച്ച് വായ്ത്താരി. പള്ളിയോടത്തില്‍ പാട്ടുപൂര്‍ണ്ണമായി.'തുമ്പമെല്ലാം കളയണേ ചെങ്ങന്നൂരപ്പോതെയ്ത തകത തികുതകതോ, തക തീയതിത്തോ തിത്തോ തികിതോ.'പള്ളിയോടത്തിലെ സ്തുതി അവസാനിച്ച നിമിഷം ആവേശംകൊണ്ട നമ്പ്യാര്‍ ഉറക്കെ പാടിപ്പോയി.'തിങ്കള്‍മൗലി ജഗന്നാഥന്‍' ചെറുവള്ളത്തില്‍ നിന്നുയര്‍ന്ന പാട്ടുകേട്ട് പള്ളിയോടത്തിലെ തുഴച്ചിലുകാര്‍ അത്ഭുതത്തോടെ വായ്ത്താരിയിട്ട് ഒപ്പം കൂടി.'തെയ് തെയ് തക, തെയ് തെയ് തോ.'ആവേശത്തള്ളലില്‍ അയാള്‍ പാട്ടുതുടര്‍ന്നു.'പങ്കജാക്ഷി പാര്‍വ്വതിയും തിത്തത്താതി തെയ് തെയ്തിങ്കള്‍മൗലി ജഗന്നാഥന്‍ പങ്കജാക്ഷി പാര്‍വ്വതീയുംതെയ്ത, തകത തികുതകതോ, തക തീയതിത്തോ, തിത്തോ തികിതോ' പാട്ടും വായ്ത്താരിയും പിന്‍പാട്ടും പാടി പള്ളിയോടം മുമ്പില്‍ നീങ്ങി. നയമ്പുകള്‍ ഒരുപോലെ ഉയര്‍ന്നു താഴ്ന്ന് തുഴയുവാന്‍ എട്ട് അക്ഷരകാലം എടുക്കുന്നതിന്റെ സൗന്ദര്യം കണ്ടറിഞ്ഞ് നമ്പ്യാര്‍ പാടിത്തീര്‍ത്തു.'മുന്‍പില്‍ വന്നു പ്രസാദിച്ചു വരം നല്‍കണേതെയ്ത, തകത തികുതകതോ, തക തീയതിത്തോ, തിത്തോ തികിതോ.'വള്ളപ്പാടുകള്‍ മുന്നിലെത്തിയെങ്കിലും പള്ളിയോടത്തില്‍ പാട്ടുനിലച്ചതേയില്ല. തൊട്ടുപിന്നാലെ അതേ മട്ടില്‍ തുഴയെറിഞ്ഞ് നാരായണച്ചാരും ശങ്കരച്ചാരും ജീവതാളത്തിന്റെ ആനന്ദത്തില്‍ ലയിച്ചു. പുഴയില്‍ നല്ല നിലാവും തീരത്ത് ആറ്റുവഞ്ചികളുടെ നിഴല്‍വീണ ഇരുട്ടും. ഒന്നരനാഴിക നേരം മുന്നോട്ടുചെന്ന് പള്ളിയോടം ഇടത്തോട്ടു തിരിഞ്ഞ് ആദിപമ്പയിലേക്ക് കടന്നു. ചുരുളന്‍വള്ളവും പിന്നാലെ നീങ്ങി. ഇരുളില്‍ തെളിഞ്ഞുകത്തുന്ന ചൂട്ടുകറ്റകള്‍. മേളപ്പെരുക്കത്തിനുമേല്‍ കതിനാവെടികളുടെ മുഴക്കം.പുതുക്കുളങ്ങരക്കാവില്‍ എത്തിയിരിക്കുന്നു. ആദിപമ്പയുടെ പടിഞ്ഞാറെ തീരത്തോടു ചേര്‍ന്നു വള്ളം അടുത്തു.എങ്ങും ദീപാലങ്കാരങ്ങള്‍. തീരംമുതല്‍ കാവുവരെ മരോട്ടിക്കാത്തോടില്‍ തിരിതെളിയിച്ച് തട്ടുതട്ടുകളായി പിണ്ടിവിളക്കുകള്‍ നാട്ടിയിരിക്കുന്നു. ആറ്റുകടവില്‍ പന്ത്രണ്ടടി ചതുരത്തില്‍ കുരുത്തോലപ്പന്തല്‍. ആലില മാവില അരയന്നപ്പൈങ്കിളി ഞാന്നു കളിക്കുന്നു. ചാണകം മെഴുകിയ തറയില്‍ അരിമാവിലെഴുതിയ മംഗളരൂപങ്ങള്‍. വീരമദ്ദളവും ചെണ്ടയും ഇലത്താളവും കൈത്തണ്ടയില്‍ തൂക്കിയിട്ട തപ്പും കൊട്ടിമാറിയ പന്തലിലേക്ക് കരനാഥന്മാര്‍ പാട്ടുമായി കയറിവന്നു. തീപ്പൊരി ചിതറുന്ന ചൂട്ടുകറ്റകള്‍ ഇരുവശത്തും ഉയര്‍ന്നുതാണു. മരത്തൂപ്പുകള്‍ ഇളകിയാടി കുരുത്തോലക്കുടകള്‍ വട്ടം കറങ്ങി. പതിനാറു കതിനാവെടികള്‍ മുഴങ്ങി. ഉയര്‍ത്തിപ്പിടിച്ച തീവെട്ടികളുടെ അഞ്ചുശിഖരങ്ങളിലും പന്തം ആളിക്കത്തി. പള്ളിയോടത്തില്‍ വന്ന ബന്ധുക്കരയെ പന്തലിലേക്കു സ്വീകരിച്ചു. കരനാഥന്മാര്‍ക്കു പിന്നാലെ അവര്‍ പടേനിക്കളത്തിലേക്കു നടന്നു. നമ്പ്യാരും പണിക്കരും കുറുപ്പും ബന്ധുക്കരയുടെ ഭാഗമായി കാവിലേക്ക് നടക്കുമ്പോള്‍ വീണ്ടും പാട്ടുയര്‍ന്നു.'നമുക്കുള്ളോരിവരെന്ന് മനക്കാമ്പില്‍ നിനയ്‌ക്കേണംനമസ്‌കാരം നമസ്‌കാരം നിങ്ങള്‍ക്കേവര്‍ക്കും'അക്ഷരങ്ങള്‍ക്കൊപ്പം നമ്പ്യാരുടെ വിരലുകള്‍ മടങ്ങിനിവര്‍ന്നു. ആദ്യവരിയില്‍ പതിനാറ്. അടുത്തതില്‍ പതിമൂന്ന്. എട്ടക്ഷരത്തില്‍ മുറിച്ച് വായ്ത്താരി. ഏറ്റുപാടിയും വായ്ത്താരിയിട്ടും അയാള്‍ പാട്ടില്‍ ലയിച്ചു. ചൂട്ടുകറ്റകള്‍ പൊഴിച്ച തീമഴയില്‍ അഗ്‌നിസ്‌നാനം ചെയ്തു.ചിരിക്കുന്ന കഥ കേട്ടിരിക്കുന്ന കാഴ്ചക്കാരിലൊരാളായി അയാളും നിലത്ത് കുത്തിയിരുന്നു. വെളിച്ചപ്പാടെത്തി അരുളിയതെല്ലാം പൊരുളുതിരിച്ചു. ചിരി ചിന്തയായി. വേലന്‍ പറകൊട്ടിച്ചാറ്റി. കളം ചുറ്റിക്കടന്നുപോയ അരക്കുതിരകളുടെ കുളമ്പടിയില്‍ കേട്ടത് മര്‍മ്മതാളം. തോളോടുതോള്‍ ചേര്‍ന്നു വട്ടത്തില്‍ പുലനൃത്തം ചവിട്ടിയപ്പോള്‍ കളത്തില്‍ ചേറിന്റെ മണം പൊന്തി.'അല്ലി മുല്ല പിച്ചകവും അതിനരികേ ചെമ്പകോംഅല്ലിന്‍മീതേ വില്ലും ചാരിനിക്കുന്ന ദേവാ'അക്ഷരസംഖ്യയില്‍ പിന്നെയും തനിയാവര്‍ത്തനം. താളം മുറുകി. കനല്‍ച്ചൂടു നല്‍കി കാച്ചിയെടുത്ത തപ്പില്‍ ഉരുളുകൈ വീഴുന്നതുകണ്ട് തരിച്ചുപോയ നമ്പ്യാര്‍ കൈത്തലം നെഞ്ചോടുചേര്‍ത്തു തൊഴുതുപിടിച്ചു. കാറ്റുപെരുത്ത ആറ്റുമണലില്‍നിന്നു പിശാചുക്കള്‍ വന്നു ചൂട്ടുവീശി. പക്ഷികള്‍ ചിറകടിച്ചു കയറി. പാലപ്പൂവിന്റെ ഗന്ധം ഒഴുകിപ്പരന്നു. പാതിരാനിലാവില്‍ ആകാശയക്ഷികള്‍ പറന്നിറങ്ങി. അന്തരയക്ഷിയും സുന്ദരയക്ഷിയും കളം നിറഞ്ഞു. അന്‍പത്തൊന്നക്ഷരങ്ങളും കൈവിട്ടുപോയ കാലന്‍ കാലാരി എറിഞ്ഞ ശൂലത്തിലൊടുങ്ങി. കാലനില്ലാത്ത കാലം അയാള്‍ കണ്ടു. ഭൂമി നിശ്ചലം.ചൂട്ടുകറ്റകള്‍ ഉയര്‍ന്നുതാണു. കതിനാവെടികള്‍ തുടര്‍ന്നു. ആദിപമ്പയുടെ തീരത്ത് ആകാശംമുട്ടെ ആയിരം പാളയില്‍ മഹാഭൈരവി നിവര്‍ന്നു. പത്തിവിടര്‍ത്തിയ സര്‍പ്പമുഖങ്ങളില്‍ ആയിരം പന്തങ്ങള്‍ ജ്വലിച്ചു. കിഴക്ക് ആദികിരണമുദിച്ച് വാനം ചുവന്നു. പിന്നിലെ പുലര്‍വെട്ടമേറ്റ് പുറവടയില്‍ കുത്തിയുടക്കിയ കുരുത്തോലയല്ലികള്‍ വെട്ടിത്തിളങ്ങി. കരനാഥന്മാരുടെ തോളേറിയ ഭൈരവിയൊന്നുലഞ്ഞു. ഓട്ടുമണികള്‍ കിലുങ്ങി. ആര്‍പ്പും കുരവയും ഉയര്‍ന്നു. കളത്തിലേക്ക് മംഗളഭൈരവിയുടെ പുറപ്പാട് തുടങ്ങി. ഉച്ചസ്ഥായിയില്‍ പാട്ടു മുറുകി:'കാളും തീ എരിഞ്ഞ കണ്ണില്‍ കാലകാലന്‍ പെറ്റെടുത്തകാളിയെന്നു പേരമര്‍ന്ന കാമാക്ഷിയമ്മോ'ഒരു ദേശം കണ്ഠം തുറന്ന് വിളിച്ചുചൊല്ലി. ദിക്കുകള്‍ ഞെട്ടിയുണര്‍ന്നു പ്രകാശിച്ചു. ആ മഹാശബ്ദത്തില്‍ ഭൈരവി ഉറഞ്ഞു. തിരുനടയില്‍ കോലം ഇറക്കിവെച്ച് കരവാസികള്‍ മടങ്ങി. ഒരു പടയണിക്കാലം അവസാനിച്ചു.നന്തിക്കാട്ടെ ചുരുളന്‍വള്ളം ഒഴുക്കിനൊപ്പം പടിഞ്ഞാട്ട് നീങ്ങി. വളവരയ്ക്കുള്ളില്‍ മയങ്ങിക്കിടക്കുമ്പോഴും കാതില്‍ മുഴങ്ങിക്കൊണ്ടിരുന്ന ദേവീസ്തവത്തിലെ അക്ഷരസംഖ്യ നമ്പ്യാരുടെ മനസ്സ് എണ്ണിപ്പെറുക്കുകയായിരുന്നു.'വാളുമമ്പും ധരിച്ചുടന്‍ വേതാളത്തിന്‍ ചുമലേറിഘോരനായ ദാരികനേ കൊന്നറുത്തവളേ...'ആദ്യവരിയില്‍ പതിനാറ്. അടുത്തതില്‍ പതിമൂന്ന്. ഓളപ്പാത്തികളില്‍ വീഴുന്ന തുഴയുടെ താളത്തിലും മറ്റൊന്നും കേള്‍ക്കാതെ നിദ്രയുടെ ആഴങ്ങളിലേക്ക് അയാള്‍ ആണ്ടുപോയി.മാത്തൂര്‍കളരിയില്‍ ഒരു വാരം പരിശീലനങ്ങളില്ലായിരുന്നു. ആട്ടക്കാരും പാട്ടുകാരും വീടുകളിലേക്കു മടങ്ങി. വെയിലിറങ്ങാത്ത കളത്തട്ടിലെ തൂണില്‍ചാരി ദിവസങ്ങള്‍ പോകുവതറിയാതെ നമ്പ്യാര്‍ ഓലകളില്‍ നാരായമുന ആഴ്ത്തിയിരുന്നു. നടതുറന്ന് മാത്തൂര്‍ ഭഗവതി കൂട്ടിനെത്തി. ഉള്ളില്‍ തറഞ്ഞ താളപ്പിടച്ചിലില്‍ കുടമാളൂര്‍ മഠത്തിലെ കുലദൈവതത്തിന്റെ വില്ലും ചുരികയുമിളകി. പച്ചപ്പട്ടുടയാട ചാര്‍ത്തി വേട്ടയ്‌ക്കൊരുമകന്‍ കുതിരമേലേറി വന്നു. മഹാദേവന്‍ കിരാതനായി. വേടനായ ഭഗവനെ കണ്ടനേരം ശൈലപുത്രി ശംഖുകൊണ്ടു കടകങ്ങളും മാലകളുമണിഞ്ഞ് വേടത്തിയായി.മാത്തൂര്‍പണിക്കരുടെ വേലക്കുട്ടികള്‍ ഓട്ടുമൊന്തയില്‍ പാലുമായി നേരം നോക്കി കളത്തട്ടില്‍ കയറിച്ചെന്നു. നാരായം ഓലപ്പുറത്തുവെച്ച് അയാള്‍ ചിരിച്ചു. അടുത്തിരുത്തി എഴുതിവന്ന വരികളിലെ കഥ അവരെ പാടിക്കേള്‍പ്പിച്ചു. 'അര്‍ജ്ജുനന്‍ പണ്ടൊരുകാലം ശങ്കരനെ തപം ചെയ്തുഅത്ഭുതമാം പാശുപതം ലഭിപ്പാനായി'അവരെ ചേര്‍ന്നുപാടാനും ഇടമുറിച്ച് വായ്ത്താരിയിടാനും പഠിപ്പിച്ചു. കൈനേരിത്തോട്ടിലെ കടത്തുവഞ്ചിയില്‍ അവര്‍ താളം തെറ്റാതെ തുഴയെറിഞ്ഞു. പണിക്കുറ്റം തീര്‍ന്ന വരികള്‍ വള്ളത്തില്‍ മുഴങ്ങി. വേടന്റെ പരീക്ഷണങ്ങളെ അര്‍ജ്ജുനന്‍ എതിരിട്ടു.'കാട്ടുകള്ളാ വഴിപോലെ കേട്ടുകൊള്‍ക വിജയന്റെനാട്ടിലൊക്കെപ്പരന്നോരു ഭുജവിക്രമം'മഹാമേരുവില്‍നിന്ന് കുത്തിയൊലിച്ചു വന്ന ആരോപണശരങ്ങള്‍ നിഷ്പ്രഭമാകുന്നത് കണ്ടുംകേട്ടും വേലക്കുട്ടികള്‍ നടുത്തളത്തില്‍ തട്ടും തടയും നടത്തി. ഒറ്റയും ഇരട്ടിയും മുക്കണ്ണിയും അവരുടെ ചുവടുകളില്‍ വിടര്‍ന്നപ്പോള്‍ ഡമരുവിന്റെ താളം കേട്ടു. മഹാദേവന്‍ സംപ്രീതനായ പ്രകാശം. അര്‍ജ്ജുനന് പാശുപതം നല്‍കി അനുഗ്രഹിച്ച് ആ പ്രകാശം മങ്ങി മഞ്ഞുകണമായി.'കിരാതം വഞ്ചിപ്പാട്ട് മുഴുമിച്ചിരിക്കുന്നു' വേലക്കുട്ടികളുടെ ആയോധനമുറകളിലെ കൈമെയ് ചലനങ്ങളില്‍ പ്രപഞ്ചനടനം കണ്ടിരുന്ന പണിക്കര്‍ സ്വപ്നം വിട്ടുണര്‍ന്നു. പുതിയൊരു കാവ്യരൂപം എഴുതിയുണ്ടാക്കിയ കൂട്ടുകാരനെ പണിക്കര്‍ കെട്ടിപ്പിടിച്ചു.'വേട്ടയാടിക്കളിക്കുന്ന ശങ്കരന്റെ രൂപമല്ലോവേട്ടയ്‌ക്കൊരുമകനേ ഞാന്‍ സ്മരിച്ചിടുന്നു'ഇളകിയ മണ്ണില്‍ തൊട്ടുവന്ദിച്ച് വേലക്കുട്ടികള്‍ കളി നിര്‍ത്തി. നമ്പ്യാരുടെ പാദത്തില്‍ വീണു നമസ്‌കരിച്ചു.കുടമാളൂര്‍ഏറെക്കാലത്തിനുശേഷമാണ് നമ്പ്യാര്‍ വാസുദേവപുരത്ത് എത്തുന്നത്. എന്നും തുണയായ ഭഗവാന്‍. ഗ്രന്ഥക്കെട്ട് സോപാനത്തില്‍ വെച്ചു വണങ്ങി. അടഞ്ഞുകിടന്ന ശ്രീകോവിലിനു മുന്‍പില്‍ നാലഞ്ചാളുകള്‍ തൊഴുതുനിന്നു.'വാസുദേവപുരം തന്നില്‍ വാണരുളും ജഗന്നാഥന്‍വാസുദേവന്‍ കനിവോടു തുണച്ചിടേണംനിന്‍ പാദങ്ങള്‍ വഴിപോലെ കുമ്പിടുന്നോരടിയന്റെകമ്പമെല്ലാം കളഞ്ഞാശു കാത്തുകൊള്ളേണം'അയാള്‍ പതിയെ പാടിത്തൊഴുത് പുറത്തേക്കിറങ്ങുമ്പോള്‍ പിന്നില്‍നിന്നൊരു പറച്ചില്‍.'ഇങ്ങനെയൊരു സ്തുതി കേട്ടിട്ടില്ല.' ഓലക്കുടയൊന്നു വട്ടം തിരിഞ്ഞു. തിടപ്പള്ളിയുടെ ഇളംതിണ്ണയില്‍ മാല കെട്ടിക്കൊണ്ടിരുന്ന യുവാവ് എഴുന്നേറ്റു. മുടിപ്പിന്നലിന്റെ ചാരുതയാര്‍ന്ന കെട്ടുമുറയില്‍ അയാളുടെ കയ്യില്‍നിന്നു താഴേക്ക് നീളുന്ന വനമാല. തുളസിയുടെ പച്ചയില്‍ പിച്ചകം ചേര്‍ത്തുവരിഞ്ഞ അക്ഷരപ്പൊരുള്‍ നമ്പ്യാരുടെ കണ്ണില്‍പ്പെട്ടു. 'നാരായണായ നമഃ''സ്തുതിപ്പ് അസ്സലായി. കവിയെ കിട്ടിയില്ല' യുവാവ് പറയുന്നതു ക

സമകാലിക മലയാളം 17 Jan 2023 9:24 pm

മുസാഫർ അലിയുടെ കലാസൃഷ്‌ടികളുടെ പ്രദർശനം ഡൽഹിയിൽ തുടങ്ങി

ന്യൂഡൽഹി >വിഖ്യാത സംവിധായകൻ മുസാഫർ അലിയുടെ സിനിമേതര കലാസൃഷ്ടികളുടെ പ്രദർശനം ഡൽഹിയിൽ തുടങ്ങി. അദ്ദേഹത്തിന്റെ ചിത്രങ്ങൾ, വരകൾ, ഡിസൈൻ സൃഷ്ടികൾ എന്നിവയാണ് 21 വരെ നടക്കുന്ന പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യാ ഗേറ്റിനടുത്തുള്ള ബിക്കാനീർ ഹൗസിൽ രാവിലെ 11 മുതൽവൈകീട്ട് ഏഴ് വരെയാണ് പ്രദർശനം. പുരുഷനും പ്രകൃതിയുമെന്ന പ്രമേയമാണ് മുസാഫർ അലിയുടെ കലാസൃഷ്ടികളുടെ തെരഞ്ഞെടുപ്പിന് അടിസ്ഥാനമായതെന്ന് ക്യൂറേറ്റർ ഉമാനായർ പറഞ്ഞു. നീതി ആയോഗ് മുൻ സിഇഒയും ജി 20 ഷെർപയുമായ അമിതാബ് കാന്ത്, ബിക്കാനീർ ഹൗസ് കമ്മീഷണർ സുബ്രത സിങ് , പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവേ, കലാ ചരിത്രകാരൻ അമൻ നാഥ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി 11 Jan 2023 8:35 pm

രാജ്യം ഭരിക്കുന്ന ബ്രാഹ്മണിക് സ്വത്വരാഷ്ട്രീയത്തെ കാണാതിരിക്കരുത്: അശോകൻ ചരുവിൽ

കൊച്ചി>ജാതിയുടേയും മതത്തിൻ്റേയും അടിസ്ഥാനത്തിൽ സംഘടിക്കാൻ മലയാളിക്കു പോലും ഒരു മടിയുമില്ലാതായിരിക്കുയാണെന്നും അതേസമയം ബിജെപി എന്ന പേരിൽ രാജ്യത്ത് അധികാരത്തിൽ വന്നിരിക്കുന്നത് വ്യവസ്ഥാപിത പൗരോഹിത്യ സാംസ്കാരിക സ്വത്വവാദമാണ് എന്ന വസ്തുത പലപ്പാഴും മനസിലാക്കുന്നില്ലെന്നും സാഹിത്യകാരൻ അശോകൻ ചരുവിൽ പറഞ്ഞു. ബ്രാഹ്മണിക് രാഷ്ട്രീയ ഹിന്ദുത്വത്തിൻ്റെ അധികാരലബ്ദി വലിയ മട്ടിലുള്ള ആവേശം യാഥാസ്ഥിതിക മേൽജാതി സമൂഹങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നു. അതിൻ്റെ ഭാഗമായി അവർ സംഘടിക്കുന്നു. ആയുധമെടുക്കുന്നു.അതിന്റെ ഭാഗമായി സംഘർഷങ്ങൾ ണ്ടാക്കുന്നു. എല്ലായിനം സ്വത്വവാദങ്ങളുടേയും ഉറവിടം അധികാരത്തിലിരിക്കുന്ന ബ്രാഹ്മണിക് സ്വത്വവാദമാണ്. സ്വത്വരാഷ്ടീയത്തെ കാടടച്ച് വിമർശിക്കുമ്പോൾ നാം ഇക്കാര്യം മറന്നു പോകരുതെന്നും അശോകൻ ചരുവിൽ എഫ് ബി പോസ്റ്റിൽ പറഞ്ഞു. പോസ്റ്റ് ചുവടെ ഇന്ത്യയിലെ വിവിധ ജാതി, മത, ഭാഷാ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ തങ്ങളുടെ ഭക്ഷണം, വസ്ത്രം, ജീവിതരീതികൾ എന്നിവയെ സംബന്ധിച്ച് മുൻപില്ലാത്ത വിധം ആവേശഭരിതരായി കാണുന്നു. ജാതിയുടേയും മതത്തിൻ്റേയും അടിസ്ഥാനത്തിൽ സംഘടിക്കാൻ മലയാളിക്കു പോലും ഒരു മടിയുമില്ല. മറ്റൊരു ഭാഷയിൽ സ്വത്വവാദവും അതിൻ്റെ അതിർകടന്ന രൂപമായ സ്വത്വരാഷ്ട്രീയവും ശക്തിപ്പെടുന്നു എന്നു പറയാം. അതേ സമയം സ്വത്വരാഷ്ട്രീയത്തിൻ്റെ വളർച്ചക്ക് എന്തു സാഹചര്യമാണ് പുതുതായി രാജ്യത്തുണ്ടായിരിക്കുന്നത് എന്നു പരിശോധിക്കേണ്ടതുണ്ട്. പൊതുവെ ന്യൂനപക്ഷ, പിന്നാക്ക, ദളിത്, ആദിവാസി വിഭാഗങ്ങളിൽ ഉണ്ടാവുന്ന സാംസ്കാരിക കേന്ദ്രീകരണങ്ങളെയാണ് സ്വത്വവാദമായി നാം കാണുക. അവയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്യും. ഭരണവർഗ്ഗത്തിൻ്റേയും വ്യവസ്ഥാപിത സാംസ്കാരിക വിഭാഗങ്ങളുടെയും സ്വത്വരാഷ്ട്രീയനീക്കങ്ങളും സംഘടിതശക്തിയും കേന്ദ്രീകരണവും പലപ്പോഴും ശ്രദ്ധയിൽപ്പെടുന്നില്ല എന്ന അപകടമുണ്ട്. ബി.ജെ.പി. എന്ന പേരിൽ രാജ്യത്ത് അധികാരത്തിൽ വന്നിരിക്കുന്നത് വ്യവസ്ഥാപിത പൗരോഹിത്യ സാംസ്കാരിക സ്വത്വവാദമാണ് എന്ന വസ്തുത പലപ്പാഴും കാഴ്ചയിൽ വരുന്നില്ല. തങ്ങളെ ആക്രമിക്കുന്ന അടിച്ചമർത്തുന്ന ഒരു മേധാവിത്തസ്വത്വത്തിൻ്റെ അധികാരാരോഹണം പിന്നാക്കവിഭാഗങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ചെറുതും വലുതുമായ സാംസ്കാരിക സ്വത്വവാദങ്ങളെ സൃഷ്ടിക്കുന്നതും ശക്തിപ്പെടുത്തുന്നതും ഈ ഭീതിയാണ്. ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് ന്യൂനപക്ഷം ഉണ്ടാവുന്നത്; മറിച്ചല്ലഎന്ന് ഭരണഘടന അസംബ്ലിയിൽ അംബേദ്കർ നടത്തിയ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. ബ്രാഹ്മണിക് രാഷ്ട്രീയ ഹിന്ദുത്വത്തിൻ്റെ അധികാരലബ്ദി വലിയ മട്ടിലുള്ള ആവേശം യാഥാസ്ഥിതിക മേൽജാതി സമൂഹങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നു. അതിൻ്റെ ഭാഗമായി അവർ സംഘടിക്കുന്നു. ആയുധമെടുക്കുന്നു. അതിലൂടെ തങ്ങളുടെ പൗരോഹിത്യമേധാവിത്തത്തെ ഉദ്ഘോഷിക്കുക മാത്രമല്ല; ഉത്തരേന്ത്യയിലും മറ്റും ദളിതനെ തോട്ടിപ്പണിയെടുക്കാൻ നിർബന്ധിക്കുന്നുമുണ്ട്. അതിൻ്റെ ഭാഗമായി അവിടങ്ങളിൽ സംഘർഷമുണ്ടാകുന്നുണ്ട്. ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സവർണ്ണ സ്വത്വരാഷ്ടീയമാണ് കേരളത്തിൽ ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിക്കെതിരെ കലാപമുണ്ടാക്കിയത്. ദളിത് ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കുണ്ടായിരുന്ന നിരവധി സൗജന്യങ്ങളും സ്കോളർഷിപ്പുകളും കഴിഞ്ഞ ഏഴെട്ടു വർഷങ്ങൾക്കിടയിൽ വെട്ടിക്കുറക്കപ്പെട്ടു. നമ്മുടെ കേരളത്തിലേക്കു നോക്കൂ. അടുത്ത കാലത്ത് ഏതു വിഭാഗങ്ങളാണ് ഇവിടെ ജാതിയുടെ പേരിൽ സംഘടിച്ചു കൊണ്ടിരിക്കുന്നത്? ദളിത് പിന്നാക്ക സമുദായ സംഘടനകൾ സാമൂഹ്യമുന്നേറ്റത്തിൻ്റെ ഭാഗമായി സംഘടിക്കപ്പെട്ടത് ചരിത്രമാണ്. നവോത്ഥാനത്തിൻ്റെ ഭാഗമായി നടന്ന ജനാധിപത്യവൽക്കരണം അത്തരം സമൂഹങ്ങളിൽ നിന്ന് ജാതി ബോധത്തെ നിർമ്മാർജനം ചെയ്തു. അതു കൊണ്ടു തന്നെ പിന്നാക്ക സമുദായ സംഘടനകൾ ഇന്ന് ശക്തമല്ല. ദൗത്യം കഴിഞ്ഞ് നിലനിൽക്കുന്ന അവയിൽ പലതും ഇന്ന് ശിഥിലമായിക്കൊണ്ടിരിക്കുന്നു. പുലയ മഹാസഭ തമ്മിലടിച്ച് പിളരുന്ന കാലത്ത് പുഷ്പകസമാജം ശക്തിപ്പെടുന്നു എന്ന വസ്തുത കാണാതിരിക്കരുത്. പത്രമെടുത്തു നോക്കൂ: സവർണ്ണ ജാതി വിഭാഗക്കളുടെ സംഘടിത മുന്നേറ്റത്തിൻ്റെ ആഘോഷമാണ് കാണുന്നത്. വാര്യർ സമാജം, പിഷാരടി സമാജം. നായർ സംഘം. ദളിതനും സംവരണവുമാണ് ജാതിയുണ്ടാക്കുന്നത് എന്ന് പറയുകയും ഒപ്പം തങ്ങളുടെ കുഞ്ഞുങ്ങളെ അനുരാധവർമ്മയായും രാഹുൽ നമ്പീശനായും വാൽകെട്ടിച്ചു വിടുകയും ചെയ്യുന്നു. കുടുമ മുറിച്ച, പൂണൂൽ കരിച്ച, ഘോഷ ബഹിഷ്ക്കരിച്ച വി.ടി.യുടേയും ഇ.എം.എസിൻ്റേയും യോഗക്ഷേമസഭയല്ല ഇന്ന് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്. മനുഷ്യനെ വീണ്ടും ബ്രാഹ്മണനാക്കാനുള്ള ശ്രമങ്ങളാണ് അവരുടെ അജണ്ടയിലുള്ളത്. നാളെ സുരി നമ്പൂതിരിപ്പാടിൻ്റെ പേരിൽ കോളേജ് ആരംഭിച്ചാൽ അത്ഭുതപ്പെടാനില്ല. ഈ സവർണ്ണ പുനരുത്ഥാനം ദളിത്, പിന്നാക്ക, ന്യുനപക്ഷ സമുഹങ്ങളെ അപകടകരമായ സ്വത്വരാഷ്ട്രീയത്തിലേക്ക് നയിച്ചേക്കാം. ന്യൂനപക്ഷ വർഗീയത പോലെ പിന്നാക്ക സത്വരാഷ്ട്രീയവും ആ ജനവിഭാഗങ്ങൾക്കു തന്നെ ആപത്താണ്. എല്ലായിനം സ്വത്വവാദങ്ങളുടേയും ഉറവിടം അധികാരത്തിലിരിക്കുന്ന ബ്രാഹ്മണിക് സ്വത്വവാദമാണ്. സ്വത്വരാഷ്ടീയത്തെ കാടടച്ച് വിമർശിക്കുമ്പോൾ നാം ഇക്കാര്യം മറന്നു പോകരുത്.

ദേശാഭിമാനി 11 Jan 2023 10:28 am

ഒരു മൊബൈലിനു പിന്നാലെ 250 കിലോമീറ്റർ താണ്ടിയ ഡിജിറ്റൽ ചേസിന്റെ കഥ

ബസിൽ മോഷണം പോയ ഫോൺ തേടി യുവാവും സഹോദരിയും സുഹൃത്തായ എഴുത്തുകാരനും ചേർന്ന് നടത്തിയ ഡിജിറ്റൽചേസിന്റെ കഥ. യൂത്ത് ഫ്രണ്ട് ദേവികുളം മണ്ഡലം പ്രസിഡൻറ് അമൽ എസ് ചേലപ്പുറത്തിന്റെ ഫോണാണ് ബസിൽ മോഷണം പോയത്. അമലിന്റെ സഹോദരി അന്നയാണ് ഫോൺ കണ്ടെത്താൻ കെഎസ്ആർടിസി കണ്ടക്ടർ കൂടിയായ ഡിറ്റക്ടീവ് നോവലിസ്റ്റ് രഞ്ജു കിളിമാനൂറിന്റെ സഹായം തേടിയത്. ആ ഡിജിറ്റൽ പിന്തുടരലിന്റെ പാത രഞ്ജു ഫേസ്ബുക്കിൽ പങ്കുവെച്ചത് ചുവടെ: ഇന്ന് രാവിലെ നോക്കിയപ്പോൾ Anna Annamol Shantyയുടെ ഒരു വോയ്സ് മെസ്സേജ് വന്നു കിടക്കുന്നു വാട്സാപ്പിൽ. ഞാനതു പ്ലേ ചെയ്തു: ചേട്ടാ എന്റെ സഹോദരന്റെ ഫോൺ ഇന്നലെ രാത്രി 1 മണിയോടെ കോതമംഗലം ഡിപ്പോയിൽ വെച്ച് മോഷ്ടിക്കപ്പെട്ടു. എടുത്തുവെന്ന് സംശയമുള്ള ആൾ കൊട്ടാരക്കര ദിശയിലേക്കാണ് പോയത്. നമുക്ക് ആ ബസ് കണ്ടു പിടിക്കാൻ എന്തെങ്കിലും ഓപ്ഷനുണ്ടോ? കണ്ടക്ടറെയോ ഡ്രൈവറെയോ വിളിച്ച് നോക്കി ആളിനെ കണ്ടെത്താൻ പറ്റുമോ? ഞാൻ അന്നയെ ഫോണിൽ വിളിച്ചു വിവരങ്ങളന്വേഷിച്ചു. അവനൊന്നു മയങ്ങിപ്പോയപ്പോൾ അടിച്ചു മാറ്റിയതാണ്. കൂടെയുണ്ടായിരുന്ന അവന്റെ ഫ്രണ്ട്സ് പറഞ്ഞത് തൊപ്പിയൊക്കെ വെച്ചഒരാൾ ആ ഡിപ്പോയിൽ കിടന്ന് കറങ്ങുന്നുണ്ടായിരുന്നുവെന്നാണ്. അയാൾക്കൊരു പരുങ്ങലുണ്ടായിരുന്നു. മിക്കവാറും അയാൾ തന്നെയായിരിക്കണം ഫോണെടുത്തത്. ഫോണിപ്പോ സ്വിച്ചോഫ് ആണ്. പക്ഷേ സാംസങ്ങിന്റെ ഫൈൻഡ് മൈ ലോസ്റ്റ് ഫോൺഓപ്ഷൻ ചെയ്തു വെച്ചിരിക്കുന്നത് കൊണ്ട് സ്വിച്ച് ഓഫ് ആണെങ്കിലും ലൈവ് പൊസിഷൻ കിട്ടുന്നുണ്ട്. ഇപ്പോൾ പുള്ളി കൊട്ടാരക്കരയുള്ള എഴുകോൺ ഉണ്ട്. എന്നിലെ അലക്സി (രഞ്ജുവിന്റെ നോവലിലെ ഡിറ്റക്ടീവാണ് അലക്സി) ഉണർന്നു. അന്ന ഒരു കാര്യം ചെയ്.. ഓരോ അഞ്ച് മിനിറ്റിലും കിട്ടുന്ന പൊസിഷന്റെ ഓരോ സ്ക്രീൻ ഷോട്ട് എനിക്ക് അയക്ക്.. ഓക്കേ ചേട്ടാ... ഞാൻ കിളിമാനൂർ ഡിപ്പോ പരിസരത്തു നിൽക്കുകയായിരുന്നു ആ സമയത്ത്. എന്നെ പഠിപ്പിച്ച അദ്ധ്യാപകനും കെഎസ്ആർടിസിയിൽ നിന്ന് റിട്ടയർ ചെയ്ത ആളുമായ രമേശ് സാർ അവിടെ നിൽക്കുന്നുണ്ടായിരുന്നു അപ്പോൾ. ഞാൻ സാറിനോട് സംഭവം വിവരിച്ചു. രഞ്ജു, കോതമംഗലത്ത് നിന്നും എഴുകോണിലേക്ക് അങ്ങനൊരു ബസ് ഇല്ലല്ലോ. ഞാൻ പെട്ടെന്ന് തന്നെ കോതമംഗലം ഡിപ്പോയിൽ ജോലി ചെയ്യുന്ന സുഹൃത്ത് മനോജ് കുമാറിനെ വിളിച്ചു. എടാ, ഇവിടെ നിന്ന് അങ്ങനൊരു ബസ് ഇല്ല. മിക്കവാറും അവൻ കോതമംഗലത്ത് നിന്നും പെരുമ്പാവൂർ ചാടിക്കാണും. അവിടെ നിന്ന് അടുത്ത ബസിൽ കൊട്ടാരക്കര, അവിടെ നിന്നും മറ്റൊരു ബസിൽ എഴുകോൺ. അങ്ങനെ വരാനേ സാധ്യതയുള്ളൂ.. ഓക്കേ ടാ.... ഞാൻ വിളിക്കാം.. അന്ന പറഞ്ഞത് പോലെ തന്നെ കൃത്യമായ ഇടവേളകളിൽ സ്ക്രീൻ ഷോട്ട് അയക്കുന്നുണ്ട്. ഞാൻ ഒരു വോയ്സ് ഇട്ടു: അന്ന, പറ്റുമെങ്കിൽ ആ സ്ഥലങ്ങൾ തമ്മിലുള്ള ദൂരത്തിന്റെ വ്യത്യാസത്തെ സമയത്തിന്റെ വ്യത്യാസം കൊണ്ട് ഹരിച്ച് ചെയ്ത് അവന്റെ സ്പീഡ് കണ്ടെത്താൻ ശ്രമിക്ക്. അവൻ ഓർഡിനറിയിലാണോ ഫാസ്റ്റിലാണോയെന്ന് നോക്കാം നമുക്ക്. ശരി ചേട്ടാ... പക്ഷേ, അപ്പോഴേക്കും അവന്റെ പൊസിഷൻ നിശ്ചലമായിക്കഴിഞ്ഞിരുന്നു. ഏഴുകോണിലുള്ള ഒരു ആലിയ സ്റ്റോറിനും ഗവണ്മെന്റ് ഹോസ്പിറ്റലിനും മുന്നിലാണ് ആളിപ്പോ.. ഞാൻ ഗൂഗിൾ മാപ്പെടുത്ത് ആ സ്ഥലമൊക്കെ ഒന്ന് സെർച്ച് ചെയ്തു നോക്കി. സമീപത്ത് ഏതെങ്കിലും മൊബൈൽ ഫോൺ ഷോപ്പുണ്ടോ എന്നായിരുന്നു നോട്ടം. ഇങ്ങനെയുള്ളവർ ഫോൺ മോഷ്ടിച്ചാൽ ഉടൻ തന്നെ വിൽക്കാൻ സാധ്യതയുണ്ട്. ഞാൻ ആലിയ സ്റ്റോർസിന്റെ നമ്പർ ഗൂഗിളിൽ നിന്ന് കണ്ടെത്തി. അതിൽ വിളിച്ചു കാര്യങ്ങൾ ധരിപ്പിച്ചു. ചേട്ടാ ഒരാൾ ഒരു ഫോണും മോഷ്ടിച്ചു കൊണ്ട് അവിടെ വന്നിട്ടുണ്ട്. നിങ്ങളുടെ കടയുടെ തൊട്ടു മുന്നിൽ മൊബൈൽ ഷോപ്പ് വല്ലതുമുണ്ടോ? ഉണ്ടല്ലോ... എങ്കിൽ അവനവിടെ അത് വിൽക്കാൻ സാധ്യതയുണ്ട്. ചേട്ടൻ ആ കടയിലെ ആരുടെയെങ്കിലും നമ്പർ തരാമോ? ഒരു മിനിറ്റ്... പുള്ളിക്കാരൻ ആ കടയിലെ പയ്യന്റെ നമ്പർ സംഘടിപ്പിച്ചു തന്നു. ഞാൻ ഉടൻ അതിൽ വിളിച്ച് അവനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. അവിടെ അങ്ങനൊരു ഫോൺ വിൽക്കാൻ ആരും ചെന്നിട്ടില്ലെന്ന് ഉറപ്പ് പറഞ്ഞു. IMEI നമ്പർ അയച്ചു കൊടുത്താൽ കൊട്ടാരക്കരയുള്ള എല്ലാ ഷോപ്പും കണക്ട് ചെയ്യുന്ന വാട്സാപ്പ് ഗ്രൂപ്പിൽ അവൻ മെസ്സേജ് ഇടാമെന്നും എവിടെ വിൽക്കാൻ കൊണ്ടു ചെന്നാലും അപ്പോത്തന്നെ ആളിനെ പൊക്കാമെന്നും അവൻ വാക്ക് പറഞ്ഞതോടെ എനിക്കും ആവേശം കയറി. നഷ്ടപ്പെട്ട ഫോണിന്റെ IMEI നമ്പർ അന്നയുടെ കയ്യിൽ നിന്നും വാങ്ങിയിട്ട് ഞാനവന് ഫോർവേർഡ് ചെയ്തു. അവൻ ചെയ്യേണ്ടതെല്ലാം കൃത്യമായി ചെയ്തു തന്നു. അതേസമയം അന്നയും ഞാനും മോഷ്ടാവിനെ കൃത്യമായി വാച്ച് ചെയ്തു കൊണ്ടേയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവന്റെ പൊസിഷൻ വീണ്ടും മൂവ് ചെയ്യാൻ തുടങ്ങി. എഴുകോണിൽ നിന്നും കൊട്ടാരക്കരയിലേക്കയാൾ സഞ്ചരിക്കാൻ തുടങ്ങി. അന്ന വീണ്ടുമെനിക്ക് സ്ക്രീൻ ഷോട്ട്സ് അയച്ചു കൊണ്ടിരുന്നു. ഈ സമയത്തെല്ലാം അന്നയുടെ ബ്രദർ കേസ് കൊടുക്കുന്നതിന്റെ ആവശ്യത്തിനായി പോലീസ് സ്റ്റേഷനിൽ നിൽക്കുകയായിരുന്നു. വൈകാതെ എഴുകോണിൽ നിന്നും ആളിന്റെ പൊസിഷൻ വീണ്ടും മൂവ് ചെയ്യാൻ തുടങ്ങി. 13. 15 ന് അടൂരിലും 13.30 ന് പന്തളത്തും അയാളുടെ പൊസിഷനെത്തി. ആള് ഏതോ ഒരു ബസിൽ കൊട്ടാരക്കര നിന്നും കോട്ടയത്തേക്ക് സഞ്ചരിക്കുകയാണെന്ന് ഞങ്ങൾക്ക് മനസ്സിലായി. നല്ല വേഗതയിൽ മാറുന്ന അയാളുടെ ലൊക്കേഷൻ വെച്ച് അതൊരു ഫാസ്റ്റോ സൂപ്പറോ ആയിരിക്കുമെന്ന് ഞങ്ങൾ കണക്കു കൂട്ടി. അയാൾ അതിരാവിലെ വന്നത് കോതമംഗലത്ത് നിന്നുമാണ്. അയാളിപ്പോൾ കോട്ടയം ഭാഗത്തേക്ക് പോകുകയാണ്. എന്ന് വെച്ചാൽ അയാളുടെ സ്വന്തം സ്ഥലം കോതമംഗലമായിരിക്കണം. എന്തോ ആവശ്യത്തിന് വേണ്ടി എഴുകോൺ വരെ 155 കിലോമീറ്റർ സഞ്ചരിച്ച് വന്നിട്ട് അയാളിപ്പോൾ മടങ്ങിപ്പോകുന്നതാകണം. ആ സമയത്ത് കൊട്ടാരക്കര നിന്നും കോട്ടയം വഴിയുള്ള സൂപ്പർ ഫാസ്റ്റുകൾ ഏതൊക്കെയുണ്ടെന്ന് ഞാൻ മൈ ബസ്എന്ന ആപ്പിൽ കയറി നോക്കി. അവന്റെ ലൈവ് പൊസിഷൻ വെച്ച് ഒരു സൂപ്പർ ഡീലക്സിന്റെ ടൈമിംഗ് മാച്ചായി. അത് തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന ഒന്നാണെന്ന് മനസ്സിലായതോടെ ഞാൻ അവിടെ ജോലി ചെയ്യുന്ന പ്രദീപ് സിയെ വിളിച്ചു. 11 മണിക്ക് തിരുവനന്തപുരത്ത് നിന്നും തുടങ്ങുന്ന ഒരു കോഴിക്കോട് സൂപ്പർ ഉണ്ടെന്നും അത് പോയ കണ്ടക്ടറുടെ നമ്പർ വാട്സാപ്പ് ചെയ്യാമെന്നും പുള്ളി പറഞ്ഞു. കുറച്ചു സമയത്തിനുള്ളിൽ ആ നമ്പർ കിട്ടി. ഞാൻ ഉടൻതന്നെ അതിൽ വിളിച്ചെങ്കിലും ആ ബസ് അടൂർ എത്തിയതേ ഉള്ളൂവെന്ന് മനസ്സിലായി. എന്ന് വെച്ചാൽ ആ ബസ് ലേറ്റ് ആയിരുന്നു. അതിനർത്ഥം മോഷ്ടാവ് ആ ബസിലല്ല എന്നാണ്. ബസ് കൃത്യമായി കണ്ടെത്താൻ സാധിക്കാത്തിരുന്നതിൽ ഞങ്ങൾക്ക് നല്ല നിരാശ തോന്നി. മോഷണം പോയ ഫോണിന്റെ ലൈവ് പൊസിഷൻ ചെങ്ങന്നൂരിനും തിരുവല്ലയ്ക്കുമിടയിൽ പ്രാവിൻകൂട് ആയിരുന്നു അപ്പോൾ. ഞാൻ നേരത്തെ ആപ്പിൽ നിന്ന് കിട്ടിയ ആ സൂപ്പർ ഡീലക്സിന്റെ യഥാർത്ഥ ടൈമിംഗ് നോക്കി. അയാളുടെ പൊസിഷൻ ആ ടൈമിങ്ങിൽ നിന്നും അഞ്ച് മിനിറ്റ് നേരത്തെയാണ്. അതിനർത്ഥം അയാൾ തിരുവല്ലയും ചങ്ങനാശ്ശേരിയും കോട്ടയവും എത്തുന്ന ടൈം നമുക്ക് നേരത്തെ കൂട്ടി കൃത്യമായി അറിയാമെന്നാണ്. ഞാൻ പെട്ടെന്ന് തന്നെ തിരുവല്ലയിലെ പ്രദീപ് നളന്ദ സാറിനെ വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു. സർ അഞ്ച് മിനിറ്റിനുള്ളിൽ ആ ബസ് തിരുവല്ല ഡിപ്പോയിൽ എത്തും. അതേത് ബസാണെന്ന് കണ്ടു പിടിക്കാൻ സാറിന് പറ്റുമോ? രഞ്ജു ഞാനിന്ന് ഡ്യൂട്ടിയിൽ ഇല്ലല്ലോ. വേറെ ആരെങ്കിലും ഉണ്ടോന്ന് നോക്കട്ടെ. സാർ ഈ ടൈമിൽ മൂവാറ്റുപുഴ/ കോതമംഗലം ദിശയിലേക്ക് ഏതെങ്കിലും ബസുകൾ തിരുവല്ല വഴി പാസ്സ് ചെയ്യുമോ? പുള്ളിക്കാരൻ രണ്ടുമൂന്ന് ബസുകൾ സജഷൻ പറഞ്ഞു. ഞാൻ അവയുടെ ടൈമിങ് എല്ലാം ആപ്പിൽ കയറി നോക്കി. അതിലൊന്നും തന്നെ മോഷ്ടാവിന്റെ പൊസിഷൻ വെച്ച് മാച്ച് ആകുന്നില്ല. ഞാൻ അന്നയ്ക്ക് മെസ്സേജ് ചെയ്തു. അന്ന, അവൻ കയറിയ ബസ് ഏതാണെന്നു ലൊക്കേറ്റ് ചെയ്യാൻ ഇതുവരെയും സാധിച്ചിട്ടില്ല. അന്നയുടെ ബ്രദർ ഇപ്പോ എവിടെയാണ്.? അവനിപ്പോ കോട്ടയത്തുണ്ട്. ഏതോ കൂട്ടുകാരുടെ ഫോണുമായി അവൻ വന്നുകൊണ്ടിരിക്കുകയാണ്. ചങ്ങനാശ്ശേരി ഡിപ്പോയിൽച്ചെന്ന് നോക്കാമെന്ന് പറയുന്നു. മോഷ്ടാവിന്റെ പൊസിഷൻ വെച്ച് ബസ് ചങ്ങനാശ്ശേരി എത്തുന്ന ടൈം ഞാൻ നോക്കി. അന്ന, ബസ് 14.24 ന് ചങ്ങനാശേരി എത്തും. ഒരു സെക്കന്റ് പോലും വൈകരുത്. അന്നേരം ഏത് ബസാണോ കോട്ടയം കഴിഞ്ഞുള്ള സ്ഥലത്തേക്ക് ബോർഡും വെച്ച് ഡിപ്പോയിലേക്ക് കയറുന്നത് ആ ബസിൽ കയറിക്കോളാൻ പറ പുള്ളിയോട്. ഓക്കേ ചേട്ടാ.... ഞങ്ങൾ ഫോണിന്റെ പൊസിഷൻ നോക്കിക്കൊണ്ടേയിരുന്നു. കൃത്യം 14.24 ന് ചങ്ങനാശ്ശേരി ഡിപ്പോയിൽ ഒരു കോട്ടയംബോർഡിട്ട ബസ് ചെന്ന് കയറി. അവിടെ നിൽക്കുകയായിരുന്ന അന്നയുടെ ബ്രദർ ടെൻഷനിലായി. പക്ഷേ പെട്ടെന്നാണ് പുള്ളി സൈഡിൽ ഇരുന്ന് ഉറങ്ങുന്ന തൊപ്പിക്കാരനെ ശ്രദ്ധിച്ചത്. കൂട്ടുകാർ പറഞ്ഞ അതേ തൊപ്പിക്കാരൻ തന്നെയാണോ എന്ന് സംശയം തോന്നിയ അവൻ ബസിൽ കയറി. അവന്റെ പൊസിഷനും മോഷ്ടാവിന്റെ പൊസിഷനും ഞങ്ങൾ നോക്കിക്കൊണ്ടേയിരുന്നു. രണ്ടും ഒരേ സമയം മൂവ് ചെയ്യുകയാണിപ്പോൾ. ഹോ രാവിലെ മുതൽ ഇരുന്ന് ടെൻഷനടിക്കുന്നതാണ്. ഒടുവിൽ മോഷ്ടാവിന്റെ കൂടെ ആ പയ്യൻ എത്തിയിരിക്കുന്നു. എനിക്ക് പകുതി സമാധാനമായി. അന്ന അപ്ഡേറ്റ്സ് എന്നെ അറിയിക്കുന്നുണ്ടായിരുന്നു. തൊപ്പിക്കാരനിരിക്കുന്ന സീറ്റിൽ അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആള് ചാടി പോകാത്ത വിധത്തിൽ ആ സീറ്റിൽ കയറിയിരിക്കാൻ ബ്രദറിനോട് പറയാൻ ഞാൻ അന്നയ്ക്ക് മെസ്സേജ് ഇട്ടു. അപ്രകാരം സംഭവിച്ചു. അന്നയുടെ ബ്രദർ അയാളെ വിളിച്ചുണർത്തി. നിങ്ങൾക്ക് കോതമംഗലം വരെ പോകേണ്ടതല്ലേ, ഇങ്ങനെ ഇരുന്നുറങ്ങിയാൽ എങ്ങനെയാണ് എന്ന് ചോദിച്ചു പുള്ളി. പെട്ടെന്ന് ഉറക്കത്തിൽ നിന്നെണീറ്റ ആള് ഞെട്ടി അവനെ നോക്കി. രാവിലെ എന്റെ കയ്യിൽ നിന്നെടുത്തുകൊണ്ടു പോയ ആ സാധനം മര്യാദയ്ക്ക് ഇങ്ങു തരുന്നതാണ് നല്ലത്. എന്നൊരു ഡയലോഗ് കേട്ടതോടെ അയാൾ ബാഗിൽ നിന്നും ഫോണെടുത്ത് അന്നയുടെ ബ്രദറിന് കൊടുത്തു. പിന്നെ ആക്ഷൻ സീൻ ആയിരുന്നുവെന്ന് പറയുന്നു. നാട്ടുകാരിൽ ചിലരൊക്കെ ആക്രമണം നടത്തുകയും പ്രതിയെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. എന്തായാലും രാവിലേ മുതൽ വൈകുന്നേരം വരെയുള്ള ഞങ്ങളുടെ കഷ്ടപ്പാട് ഫലം ചെയ്തു. അയാൾ സഞ്ചരിച്ചത് കെഎസ്ആർടിസി യുടെ പമ്പ സ്പെഷ്യൽ ബസ് ആയിരുന്നത് കൊണ്ടാണ് ബസ് കൃത്യമായി ലോക്കേറ്റ് ചെയ്യാൻ സാധിക്കാതെ പോയതെന്ന് പിന്നീട് മനസ്സിലായി. എന്തായാലും 14 മണിക്കൂറുകൾക്ക് ശേഷം ഉടമസ്ഥന് മോഷ്ടിക്കപ്പെട്ട സ്വന്തം ഫോൺ തിരികെ കിട്ടി. അതും 250 കിലോ മീറ്റർ സഞ്ചരിച്ചതിന് ശേഷം. എല്ലാം കഴിഞ്ഞപ്പോൾ ഒരു ത്രില്ലർ സിനിമ കണ്ട ഫീലിലായിരുന്നു ഞാനും അന്നയും..

ദേശാഭിമാനി 10 Jan 2023 12:02 pm

പാർട്ടി ഏൽപ്പിച്ച ഒരു ചുമതല കൂടെ പൂർത്തിയാക്കി മറ്റൊന്ന് പൂർണമായി ഏറ്റെടുക്കുന്നു; 56 വർഷത്തെ പാർട്ടി ജീവിതത്തെ കുറിച്ച് ആനാവൂർ നാ​ഗപ്പൻ എഴുതുന്നു

ആനാവൂർ ഗ്രാമത്തിൽ പാർട്ടി അംഗമായി ബ്രാഞ്ച് സെക്രട്ടറിയായി എൽസി അംഗമായി എൽ സി സെക്രട്ടറിയായി ഏരിയ കമ്മിറ്റി അംഗമായി ഏരിയാ സെക്രട്ടറിയായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗമായി ഇപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിക്കുന്നു- 56 വർഷക്കാലത്തെ പാർട്ടി ജീവിതത്തെ കുറിച്ച് ആനാവൂർ നാ​ഗപ്പൻ എഴുതുന്നു. ഇന്ന് 2023 ജനുവരി 5, പാർട്ടി ഏൽപ്പിച്ച ഒരു ചുമതല കൂടെ പൂർത്തിയാക്കി മറ്റൊരു ചുമതല പൂർണമായി ഏറ്റെടുക്കുകയാണ്. പാർട്ടി ജില്ലാ സെക്രട്ടറിയായി പ്രിയങ്കരനായ സഖാവ് വി ജോയ് യെ ഇന്ന് തെരഞ്ഞെടുത്തു. ഒരു സുപ്രധാന ഘട്ടത്തിലാണ് ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്. ചില പ്രധാന വെല്ലുവിളികൾ ഈ ഘട്ടത്തിൽ ഉയർന്നുവന്നു. അതിൽ ഏറ്റവും പ്രധാനം വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് ആയിരുന്നു. തൊട്ടുമുൻപ് നടന്ന തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മൂന്നാംസ്ഥാനത്ത് പോയി പരാജയം ഏറ്റ മണ്ഡലത്തിൽ ജയിക്കുക എന്നത് കേവലം ദിവാസ്വപ്നം ആണെന്ന് പലരും പറഞ്ഞു. അതിന് മുൻപ് നടന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലും അത് അടങ്ങുന്ന തിരുവനന്തപുരം പാർലമെൻറ് മണ്ഡലത്തിലും പരാജയപ്പെട്ടു മൂന്നാംസ്ഥാനത്തേക്ക് പോവുകയും ഉണ്ടായി. കയ്യിലുണ്ടായിരുന്ന ആറ്റിങ്ങലിൽ പരാജയപ്പെടുകയും ചെയ്തു. എൽഡിഎഫിന് വലിയ തിരിച്ചടി ഉണ്ടായ സ്ഥിതി ആയിരുന്നു അന്ന്. ഒരിക്കൽ കൂടി മൂന്നാംസ്ഥാനത്ത് ആയാൽ അത് ജില്ലയിലെ പാർട്ടിക്ക് ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് മനസിലാക്കി ജയിച്ചേ തീരൂ എന്ന വാശിയോടെ ജില്ലയിലെ പാർട്ടി സഖാക്കൾ ഒട്ടാകെ ശക്തമായി അണിനിരന്നു. പാർട്ടിയും ഘടകകക്ഷികളും എൽഡിഎഫ് ഒന്നാകെയും ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ പ്രവർത്തിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അകമഴിഞ്ഞ സഹായത്തോടെ ഈ പോരാട്ടത്തിന് നേതൃത്വം നൽകാൻ ഒരുവിധം നന്നായി കഴിഞ്ഞിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. വട്ടിയൂർക്കാവ് വിജയം സംസ്ഥാനത്തൊട്ടാകെ പാർട്ടിക്കും എൽഡിഎഫിനും ആവേശംപകർന്നു. ജില്ലയിലെ പാർട്ടി സഖാക്കൾക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നൽകി. തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭ ശരിക്കും ഒരു വെല്ലുവിളി തന്നെയായിരുന്നു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ തന്നെ ഞങ്ങളുടെ മേയർ നഗരസഭ ഭരിക്കുംഎന്ന് ബിജെപി പരസ്യമായി പ്രഖ്യാപിച്ചു. മുൻ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് ലഭിച്ച 35 വാർഡുകളിലെ വിജയവും, അവർ പരാജയപ്പെട്ട ചില വാർഡുകളിൽ നേടിയ രണ്ടാം സ്ഥാനവും, അതിൽ തന്നെ 200 വോട്ടിൽ താഴെ മാത്രം തോറ്റുപോയ രണ്ട് ഡസനിലേറെ വാർഡുകളും, പല വാർഡുകളിലും എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി കോൺഗ്രസ് ബിജെപിയെ സഹായിക്കാൻ നടത്തിയ ഇടപെടലുകളും. ബിജെപി ചെലവഴിച്ച കോടിക്കണക്കായ രൂപയും, വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ നടത്തിയ കള്ളപ്രചരണങ്ങളും എല്ലാം വോട്ടായി മാറും എന്ന് ശുഭപ്രതീക്ഷയിലാണ് ഈ പ്രഖ്യാപനം ബിജെപി നടത്തിയത്. തന്ത്രപ്രധാനമായ തലസ്ഥാനനഗരം പിടിച്ചു കേരളം പിടിക്കാമെന്ന ബിജെപിയുടെ ലക്ഷ്യത്തിന്റെ ആപത്ത് തിരിച്ചറിഞ്ഞ തലസ്ഥാന നഗരത്തിലെ മഹാഭൂരിപക്ഷം സഖാക്കളും അതിതീക്ഷ്ണമായ ഇടപെടൽ തന്നെ ആ ഘട്ടത്തിൽ നടത്തുകയുണ്ടായി. തദ്ദേശ തെരഞ്ഞെടുപ്പിൽ പൊതുവിൽ എൽഡിഎഫ് വലിയ മുന്നേറ്റം നടത്തി. ബിജെപിക്ക് ജില്ലാ പഞ്ചായത്തിൽ ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി നഷ്ടപ്പെട്ടു. ചുരുക്കം ചില അപവാദങ്ങൾ കണ്ടെത്താൻ കഴിയുമെങ്കിലും പൊതുവിൽ പാർട്ടി സഖാക്കളും എൽഡിഎഫും ജയിച്ചേ തീരൂ എന്ന വാശിയോടെ ഒറ്റക്കെട്ടായി പ്രവർത്തിച്ചു. ബിജെപിയുടെ മോഹം തല്ലിക്കെടുത്തി കോർപ്പറേഷനിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ സീറ്റുകളിൽ എൽഡിഎഫ് വിജയിച്ചു വന്നു. എൽഡിഎഫിന് നഗരത്തിലെ ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷം നൽകി അധികാരത്തിലേറ്റി. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ അധികാരത്തിൽ വന്നു. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് മറ്റൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ആ വെല്ലുവിളിയും ജില്ലയിലെ പാർട്ടി ഒറ്റകെട്ടായി ഏറ്റെടുത്തു. പതിനാലിൽ പതിമൂന്ന് മണ്ഡലങ്ങളും ജയിച്ച് സഖാവ് പിണറായി വിജയൻ സർക്കാരിന്റെ തുടർഭരണത്തിന് കരുത്തുപകരാൻ അഭിമാനകരമായ പങ്ക് വഹിക്കാൻ തിരുവനന്തപുരം ജില്ലക്ക് സാധ്യമായി. നേമം ഞങ്ങളുടെ ഗുജറാത്ത്ആണെന്ന് പ്രഖ്യാപിച്ച ബിജെപിയെ നേമത്ത് പരാജയപ്പെടുത്തി അക്കൗണ്ട് പൂട്ടി. ഈ ഘട്ടങ്ങളിലെല്ലാം പാർട്ടിയെയും എൽഡിഎഫിനെയും ഒറ്റക്കെട്ടായി അണിനിരത്താനും, ഇതിനെല്ലാം രാഷ്ട്രീയമായ നേതൃത്വം നൽകാനും സാധ്യമായി എന്നത് വലിയ ചാരിതാർത്ഥ്യം നൽകുന്ന ഒന്നുതന്നെയാണ്. ജില്ലയിലെ വർഗ്ഗ ബഹുജന സംഘടനകൾ ഒട്ടാകെ കൂടുതൽ ശക്തിപ്പെടാനും, സ്വതന്ത്രമായ പ്രവർത്തനം വളർത്തിയെടുക്കാനും ഈ ഘട്ടത്തിൽ കഴിഞ്ഞിട്ടുണ്ട്. ഈ വർഷം അടക്കം തുടർച്ചയായി മൂന്നു വർഷക്കാലം കൊണ്ട് കേരളത്തിൽ ഏറ്റവും കൂടുതൽ ദേശാഭിമാനി വാർഷിക വരിക്കാരെ ചേർത്ത ജില്ലയാണ് തിരുവനന്തപുരം. ദേശാഭിമാനിയ്ക്ക് ജില്ലയിൽ ഒരു ലക്ഷം വരിക്കാരെ കണ്ടെത്തുക എന്ന ലക്ഷ്യം പൂർത്തിയായി എന്നത് ഇരട്ടി സന്തോഷമാണ്. 2023 ജനുവരിയിൽ പത്രത്തിൻറെ കോപ്പി 1,02,570 ആയിമാറി. ജില്ലാ സെക്രട്ടറി എന്ന നിലയിൽ ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽകാനും, കഴിവിന്റെ പരമാവധി മാത്രമായി പ്രവർത്തിക്കാനും കഴിഞ്ഞു എന്നതിൽ നല്ല സംതൃപ്തി ആണുള്ളത്. ഇതിൻറെയെല്ലാം എല്ലാ ഫലമായി മിത്രങ്ങളുടെ എണ്ണവും ശത്രുക്കളുടെ എണ്ണവും ഒരുപോലെ വർദ്ധിച്ചിട്ടുണ്ട്. ഒരുപാട് പ്രതികൂലസാഹചര്യങ്ങളെ നേരിട്ടുകൊണ്ടാണ് ഞാൻ പാർട്ടിയിൽ പ്രവർത്തിച്ചത്. വളരെ പിന്നോക്കാവസ്ഥയിലുള്ള ഒരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. എല്ലാതരത്തിലുമുള്ള പിന്തിരിപ്പൻ ചിന്തകളും കട്ടപിടിച്ച് നിന്ന തമിഴ്നാടിന്റെ അതിർത്തിയിലുള്ള ഒരു ഗ്രാമം. അവിടെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് ഒരു സ്വാധീനവും അക്കാലത്ത് ഉണ്ടായിരുന്നില്ല. ആനാവൂർ എന്ന കൊച്ചുഗ്രാമത്തിൽ അക്കാലത്തു നിലനിന്നിരുന്ന തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അടക്കമുള്ള പിന്തിരിപ്പൻ സമ്പ്രദായങ്ങൾക്കെതിരെ പ്രതിഷേധിക്കണം എന്ന ഒരു ചിന്തയും ആവേശവും വളരെ ചെറുപ്പത്തിൽ തന്നെ ഉണ്ടായി വന്നിരുന്നു. ആനാവൂരിൽ ജപപ്പിള്ളയും കുഞ്ഞിയമ്മയും ചേർന്ന് ഒരു വനിതാസമാജം ആരംഭിച്ചിരുന്നു അക്കാലത്ത്. ഭാര്യഭർത്താക്കന്മാർ ആയിരുന്ന ഇവർ അധ്യാപകരും കമ്യൂണിസ്റ്റുകാരും ആയിരുന്നു. പുലയസമുദായത്തിൽപ്പെട്ടവർ അല്ലാതെ മറ്റൊരാളും അന്ന് സമാജവുമായി സഹകരിക്കാൻ തയ്യാറായില്ല. അവരുടെ സമുദായം തന്നെയായിരുന്നു പ്രശ്നം. ആദ്യമായി ഉയർന്ന സമുദായത്തിൽപ്പെട്ട രണ്ടു കുട്ടികൾ സമാജത്തിൽ തയ്യൽ പരിശീലനത്തിനായി ചേർന്നു. ഞാനും എന്റെ ഇളയ സഹോദരി രാധയും. അത് സവർണ്ണർക്കിടയിൽ വലിയ ചർച്ചയും പ്രതിഷേധമുയർത്തി. അന്ന് ഞാൻ സ്കൂൾ വിദ്യാർത്ഥിയാണ്. ശനിയും ഞായറും മറ്റൊഴിവ് ദിവസങ്ങളിലുമാണ് സമാജത്തിലെ തയ്യൽ ക്ലാസ്. സമാജത്തിൽ പോകുന്ന ദിവസം ഉച്ചയ്ക്ക് അവിടെ നിന്നുതന്നെ ഭക്ഷണം കഴിക്കും. മിക്കവാറും ദിവസങ്ങളിൽ കഞ്ഞി ആയിരിക്കും. ഇത് എന്റെ ബന്ധുക്കൾക്ക് സഹിച്ചില്ല, പക്ഷേ എൻറെ അപ്പൂപ്പൻ (അച്ഛൻറെ അച്ഛൻ) എനിക്ക് വലിയ പിന്തുണ നൽകിയിരുന്നു. അതുകൊണ്ടുതന്നെ എതിർപ്പുകളെ ഞാൻ അവഗണിച്ചു. അതോടെ തൊട്ടുതീണ്ടുന്നവൻഎന്ന് അവരെന്നെ മുദ്രകുത്തി. വീടിനടുത്ത് ഒരു വീട്ടിൽ സദ്യയുണ്ണാൻ പന്തലിൽ ഇരുന്ന എന്നെ അവർ പിടിച്ചെഴുന്നേൽപ്പിച്ചു പന്തലിന് പുറത്തേക്ക് ഇറക്കി വിട്ടു. അന്ന് എനിക്ക് കുറെയേറെ വിഷമം ഉണ്ടായെങ്കിലും, പിന്നീട് അതിന്റെ കാരണം ഞാൻ മനസിലാക്കിയത്. എന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ടല്ല എന്നും അന്നത്തെ സാമൂഹ്യപൊതുബോധം പുലയസമുദായക്കാർ ഉണ്ടാക്കുന്ന ഭക്ഷണം അവരുമായി ഒരുമിച്ചിരുന്ന് കഴിക്കുന്നത് മഹാപരാധമായി കാണുന്നതായിരുന്നു, എന്റെ ബന്ധുക്കൾക്ക് അന്നത്തെ ചിന്താഗതി അനുസരിച്ച് അത് അംഗീകരിക്കാനും സഹിക്കാനും കഴിയുന്നതായിരുന്നില്ല. ഇപ്പോൾ അവർക്കെല്ലാം എന്നോട് വളരെയേറെ സ്നേഹബഹുമാനങ്ങൾ ഉണ്ട്. സഹോദരി രാധയുടെ വിവാഹം നടന്നത് വീട്ടിൽ പന്തൽ കെട്ടിയാണ്. അന്ന് കല്യാണ മണ്ഡപങ്ങൾ എൻറെ നാട്ടിൽ ഇല്ലായിരുന്നു. എൻറെ നാട്ടിൽ അന്ന് വിവാഹസദ്യക്ക് പുലയ-സാംബവ വിഭാഗത്തിൽപെട്ടവരെ മറ്റു സമുദായക്കാർക്ക് ഒപ്പമിരുന്ന് സദ്യകഴിക്കാൻ അനുവദിക്കില്ലായിരുന്നു. മറ്റെല്ലാവർക്കുമുള്ള സദ്യ കഴിഞ്ഞതിനുശേഷം മാത്രമേ ഈ വിഭാഗക്കാരെ സാദ്യ കഴിക്കാൻ അനുവദിക്കുമായിരുന്നുള്ളു. അതുവരെ ഈ പാവങ്ങൾ കാത്തു നിൽക്കണം. ഈ വൃത്തികെട്ട സമ്പ്രദായം അവസാനിപ്പിക്കാനുള്ള വേദിയായി രാധയുടെ വിവാഹസദ്യ ഉപയോഗിക്കാൻ ഞാൻ തീരുമാനിച്ചു. അച്ഛൻ അതിലുണ്ടാകാവുന്ന വിഷമങ്ങൾ ഓർമിപ്പിച്ചു എങ്കിലും എതിർത്തില്ല. ഞാൻ ഇവരെയെല്ലാം കല്യാണസദ്യയ്ക്ക് ക്ഷണിച്ചു. മിക്കവാറും എല്ലാവരും പാർട്ടി അനുഭാവികൾ ആണ്.എൻറെ ക്ഷണം സ്വീകരിച്ച് കുറെ പേർ സദ്യയ്ക്ക് എത്തി. എല്ലാവരെയും ആദ്യ കളരിയിൽ തന്നെ ഒരുമിച്ച് കയറ്റിയിരുത്തി. അതോടെ പ്രശ്നമായി, എൻറെ ബന്ധുക്കൾ കുറെയേറെപേർ ഇരുന്നിടത്ത് നിന്നു എണീറ്റ് പ്രതിഷേധിച്ചു. പുലയരെയും സാംബവരെയും ഞങ്ങളുടെ ഒപ്പം ഇരുത്തിയാൽ സദ്യ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു. പക്ഷെ ഞാൻ വഴങ്ങിയില്ല. കുറേ പേർ സദ്യ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. പന്തലിൽ എല്ലാവരും ഒരുമിച്ചിരുന്ന് സദ്യ കഴിച്ചു. അതോടെ ആനാവൂരിലെ ഈ അനീതി കുറഞ്ഞു കുറഞ്ഞു വരാൻ തുടങ്ങുകയും, ക്രമേണ ഇല്ലാതാവുകയും ചെയ്തു. 1963 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ആണ് ആദ്യമായി തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. കുന്നത്തുകാൽ പഞ്ചായത്ത് കോൺഗ്രസിന്റെ ശക്തി ദുർഗ്ഗമായിരുന്നു. അക്കാലത്ത് പാർട്ടി പ്രവർത്തകർ വളരെ വിരളമായിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടി സ്ഥാനാർഥികൾ എല്ലാവരും പരാജയപ്പെടുമായിരുന്നു. ഒരു വാർഡിലും അന്ന് പാർട്ടി വിജയിച്ചിരുന്നില്ല. ഞാനന്ന് സ്കൂൾ വിദ്യാർഥിയാണ്. 1965ലെയും 1967ലെയും പൊതുതെരഞ്ഞെടുപ്പുകളിലും അവിടെ പരാജയപ്പെട്ടു. മൂവായിരത്തിന് മുകളിൽ വോട്ടോടെയായിരുന്നു കോൺഗ്രസ് അന്നവിടെ വിജയിച്ചിരുന്നത്. 1967ൽ പാർട്ടി അംഗമായി. കോൺഗ്രസ് ഗുണ്ടായിസവും പിന്തിരിപ്പന്മാരുടെ ഒരുപാട് എതിർപ്പുകളും നേരിട്ട് മുന്നോട്ടുപോയി. പഞ്ചായത്തിലെ ആദ്യത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയി. ആകെ 39 പാർടി അംഗങ്ങളാണ് ലോക്കലിൽ ഉണ്ടായിരുന്നത് എന്നാണ് ഓർമ്മ. 1979ലെ തദ്ദേശതെരഞ്ഞെടുപ്പിൽ കുന്നത്തുകാൽ പഞ്ചായത്തിൽ സിപിഐ എം വിജയിച്ച് അധികാരത്തിൽ വന്നു. അന്നു മുതൽ ഇന്നു വരെ എല്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും വിജയിച്ച്, 44 വർഷമായി തുടർച്ചയായി സിപിഐ എമ്മിന്റെ പ്രസിഡൻറുമാർ പഞ്ചായത്ത് ഭരണം നടത്തുന്നു. എല്ലാ പൊതു തെരഞ്ഞെടുപ്പുകളും സിപിഐ എം ലീഡ് ചെയ്തുകൊണ്ടിരിക്കുന്നു. തോട്ടം തൊഴിലാളികളുടെ കൂലിയ്ക്കും പിരിച്ച് വിടലിനുമെതിരെയും, കർഷക തൊഴിലാളികളുടെ കൂലി വർധനവിനും കുടികിടപ്പവകാശത്തിനും മിച്ചഭൂമിയ്ക്കും പാട്ടഭൂമിയിൽനിന്നുള്ള ഒഴിപ്പിക്കലിന് എതിരായും ആദിവാസികളുടെ അവകാശങ്ങൾക്ക് വേണ്ടിയും മറ്റുമുള്ള നിരവധി സമരങ്ങളിൽ പങ്കെടുത്തു. ഈ സമരങ്ങളുടെയെല്ലാം ഫലമായി നിരവധിയായ കേസുകളിൽ പ്രതിയായി പോലീസിന്റെ ലാത്തിച്ചാർജ്ജിന് പലതവണ ഇരയായിട്ടുണ്ട്. കാരക്കോണത്ത് നടന്ന ഡിവൈഎഫ്ഐ സമരത്തിൽ പോലീസ് നടത്തിയ നരനായാട്ടിന് ഇരയായി. അന്നാണ് സ.എം വിജയകുമാറിനെ പോലീസ് മൂക്കും തലയും അടിച്ചു തകർത്ത് മൃതപ്രായനാക്കിയത്. തോട്ടം തൊഴിലാളി സമരത്തിലും വാഴിച്ചൽ നുള്ളിയോട് കുടിയിറക്കിനെതിരായ സമരത്തിലും ക്ലാമലയിൽ ആദിവാസികളുടെ ഭൂമി പ്രമാണിമാർ കയ്യേറിയതിനെതിരെ നടന്ന സമരത്തിലും പങ്കെടുത്തു. ഏതാണ്ട് ഒരു വർഷത്തോളം ജയിലിൽ കഴിഞ്ഞു. അടിയന്തരാവസ്ഥയിൽ രണ്ടു വർഷത്തോളം ഒളിവിൽ കഴിഞ്ഞു. 1970 മുതൽ കർഷകത്തൊഴിലാളി യൂണിയൻ പ്രവർത്തകനായി. ഇന്നും ആ സംഘടനയിൽ അഭിമാനത്തോടെ പ്രവർത്തിക്കുന്നു. ജില്ലയിലെ മിക്കവാറും എല്ലാ കോളനികളിലും, ലക്ഷംവീട് കോളനികളിലും, നാല് സെൻറ് കോളനികളിലും, പുറമ്പോക്ക് കോളനികളിലും കർഷക തൊഴിലാളി മേഖലയിലെ സമര സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിരവധി തവണ എത്തിച്ചേരാനും അവരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനും സാധ്യമായി. എകെഎസ് രൂപീകരണത്തിന് മുമ്പ് കർഷക തൊഴിലാളി യൂണിയന്റെ ഭാഗമായി ജില്ലയിലെ ആദിവാസികളെ സംഘടിപ്പിക്കാൻ എന്നെ ചുമതലപ്പെടുത്തി. ജില്ലയിലെ ഉൾവനങ്ങളിലടക്കം എല്ലാ ആദിവാസി ഊരുകളിലും എത്തിച്ചേർന്നു. ആദ്യഘട്ടം വളരെ വിഷമം പിടിച്ചതായിരുന്നു. സ്ഥിരമായി ചൂഷണത്തിനും കബളിപ്പിക്കലിനും ഇരയാകുന്ന ആദിവാസികൾ എല്ലാവരെയും സംശയദൃഷ്ടിയോടെയാണ് നോക്കിക്കണ്ടിരുന്നത്. സമുദായ അടിസ്ഥാനത്തിലുള്ള നിരവധി സംഘടനകളും നേതാക്കന്മാരും ചേർന്ന് കബളിപ്പിക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു അവരുടേത്. അവർക്ക് എന്തെങ്കിലും സഹായം കൊടുക്കുന്ന നേതാക്കന്മാരും സഹായം കൈപ്പറ്റുന്നവരായ പാവപ്പെട്ട ആദിവാസികളും, ഇതാണ് അന്നത്തെ അവരുടെ പൊതുബോധം. തങ്ങളുടെ അവകാശമാണ് ഇത് എന്നും, അത് ചോദിച്ച് വാങ്ങേണ്ടതാണെന്നും ഇല്ലെങ്കിൽ അതിനായി സമരം ചെയ്യണമെന്നും ഒക്കെയുള്ള അവകാശ ബോധത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടു വരുവാൻ കഠിനമായി പരിശ്രമിക്കേണ്ടി വന്നു. നിരവധി സമരങ്ങൾ നടത്തി. ഒരുഘട്ടത്തിൽ ആദിവാസികളുടെ കുടിലുകൾ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ പൊളിച്ചുകളയുന്നതിനെതിരെ പാലോട് ഫോറസ്റ്റ് ഓഫീസിൽ ആദിവാസി കുടുംബത്തെ പാർപ്പിച്ച് സമരം നടത്തേണ്ടിവന്നു. ആഴ്ചകളോളം ആദിവാസി കുടുംബം പാലോട് ഫോറസ്റ്റ് ഓഫീസിൽ താമസിച്ചു. ജില്ലയിലെ എല്ലാ പ്രദേശത്തുമുള്ള ആദിവാസികൾ പാലോടേക്ക് ഒഴുകിയെത്തി. ആവേശകരമായിരുന്നു ആ സമരം. അവസാനം 50,000 രൂപ സർക്കാർ ആദിവാസികൾക്ക് നഷ്ടപരിഹാരം കൊടുത്തു. നന്ദിയോട് വച്ച് നടന്ന ആദിവാസി സമ്മേളനത്തിൽ സെറ്റില്മെന്റുകളിൽ താമസിക്കുന്ന ആദിവാസികൾക്ക് താമസിക്കുന്ന ഭൂമിയുടെ പട്ടയവും കൈവശവകാശ രേഖയും നൽകണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരളത്തിൽത്തന്നെ ആദ്യമായി അവതരിപ്പിക്കപ്പെട്ടു. അന്ന് അത് അവതരിപ്പിച്ചപ്പോൾ ഒരുപാട് എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ ഇന്ന് എൽഡിഎഫ് സർക്കാർ കേരളത്തിലെ നിരവധിയായിരം പാവപെട്ട ആദിവാസികൾക്ക് അവരുടെ ഭൂമിയ്ക്ക് കൈവശവകാശ രേഖ നൽകി അന്നുയർത്തിയ മുദ്രവാക്യം സാക്ഷാത്കരിക്കുമ്പോൾ അങ്ങേയറ്റം അഭിമാനവും ആഹ്ളാദവുമുണ്ട്. നിരവധി പ്രചാരണ ജാഥകളും ആദിവാസി യോഗങ്ങളും നടത്തി. ഒരു പ്രധാന ജാഥയുടെ പേര് ആദിവാസി കാൽനട-വാഹന-വള്ള ജാഥ എന്നായിരുന്നു. കുറേദൂരം വാഹനത്തിൽ, കുറേദൂരം നദികളിൽ കൂടി വള്ളങ്ങളിൽ, കൂടുതൽ ദൂരം കാൽനടയായി ഇതായിരുന്നു ജാഥയുടെ രീതി. എല്ലാ ഊരുകളിലും ജാഥ സഞ്ചരിച്ചു. ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തി. അവകാശങ്ങൾ നേടിയെടുക്കുന്നതിന് ആദിവാസികൾ വനങ്ങളിൽ നിന്ന് കാൽനടയായി സെക്രട്ടറിയേറ്റ് പടിക്കലെത്തി. ഇതിനെല്ലാം നേതൃത്വം നൽകാൻ കഴിഞ്ഞതിൽ വലിയ ചാരിതാർത്ഥ്യം ഇന്നുണ്ട്. ആദിവാസികളെ ചേർത്തുപിടിച്ച് അവരോടൊപ്പം നിന്ന് പ്രവർത്തിക്കാനും അവരെ സംഘടിപ്പിക്കാനും അവരുടെ തോളിൽ കയ്യിട്ടു അവരിലൊരാളായി മാറാനും എനിക്ക് കഴിഞ്ഞു. സംസ്ഥാനത്ത് ഈ പ്രവർത്തനങ്ങൾക്കെല്ലാം നേതൃത്വം നൽക്കിയിരുന്ന സഖാവ് എ കണാരൻ എനിക്ക് ഒരു പുതിയ പേരിട്ടു നാഗപ്പൻ കാണി. ആദിവാസികളുടെ കമ്മിറ്റികളിലും പൊതുയോഗങ്ങളിലും സ്നേഹധനനായ കണാരേട്ടൻ നാഗപ്പൻ കാണിയെന്ന് എന്നെ സംബോധന ചെയ്യുമ്പോൾ ഒരാവേശമായിരുന്നു. ആദിവാസികളെ ചേർത്തുപിടിക്കാൻ, അവരിലൊരാളായി മാറാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. അത് ഒരു അനുഭവം തന്നെയായിരുന്നു. ജില്ലയിൽ ഇന്ന് എകെഎസ് എന്ന സംഘടന ശക്തമായ പ്രവർത്തനം കാഴ്ച വയ്ക്കുകയാണ്. നിരവധി പ്രവർത്തകർ ജനപ്രതിനിധികളും കമ്മറ്റികളിലുമായി വളർന്നു. ആദിവാസിമേഖലകളിൽ ഇന്നും എത്തുമ്പോൾ കാണുന്ന സ്നേഹവും ആദരവും അങ്ങേയറ്റം സന്തോഷകരമായ അനുഭവമാണ്. എനിക്ക് സാമ്പത്തികമായ ഒരു കടബാധ്യതയും ഇല്ല. ഒരു രൂപയുടെ സമ്പാദ്യവും ഇല്ല. ഒരു രൂപയുടെ ബാങ്ക് നിക്ഷേപവും ഇല്ല. 1980ൽ വിവാഹിതനായി. ഒരു ചെറിയ വീട് ആ ഘട്ടത്തിൽ നിർമിച്ചു. ഒരുപക്ഷേ ജില്ലാ കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും ചെറിയ വീട് എന്റേതായിരിക്കും. പൈതൃകമായി ലഭിച്ച ഭൂമി കുറെ പല ആവശ്യങ്ങൾക്കായി വിറ്റു. കുറെ പൊതു ആവശ്യങ്ങൾക്ക് വേണ്ടി കൊടുത്തു. ഭാര്യയുടെതായി ഉണ്ടായിരുന്ന ഭൂമി പൂർണമായും വിറ്റു. അവരുടെ എല്ലാ ആഭരണങ്ങളും വിൽക്കേണ്ടി വന്നു. അവർക്കാർക്കും എന്നോട് ഒരു പരിഭവവും ഇല്ല എന്ന് തന്നെയാണ് വിശ്വാസം. 42 വർഷത്തെ കുടുംബജീവിതത്തിൽ ഒരു മണിക്കൂർ പോലും ഞങ്ങൾക്കിടയിൽ പിണക്കം ഉണ്ടായിട്ടില്ല. മുഷിഞ്ഞ് ഒരു വാക്കുപോലും പറയേണ്ടി വന്നിട്ടില്ല. പരിമിതികൾക്ക് അകത്തുനിന്ന് സന്തോഷത്തോടെ മുന്നോട്ടു പോകുന്നു. ആനാവൂർ ഗ്രാമത്തിൽ പാർട്ടി അംഗമായി ബ്രാഞ്ച് സെക്രട്ടറിയായി എൽസി അംഗമായി എൽ സി സെക്രട്ടറിയായി ഏരിയ കമ്മിറ്റി അംഗമായി ഏരിയാ സെക്രട്ടറിയായി തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗമായി ഇപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി പ്രവർത്തിക്കുന്നു. ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വസ്തനായ ഒരു പ്രവർത്തകനായി മുന്നോട്ട് പോകും. 56 വർഷക്കാലത്തെ പാർട്ടി ജീവിതത്തിൽ ഒരുപാട് സംതൃപ്തിയും അതിലേറെ സന്തോഷവും അഭിമാനവുമുണ്ട്.

ദേശാഭിമാനി 5 Jan 2023 6:32 pm

സ്വത്വവാദത്തെ കുറിച്ചുതന്നെ...പ്രഭാവർമ്മ എഴുതുന്നു

ഈ ഐക്യത്തെ ഛിദ്രമാക്കാനുള്ള എളുപ്പവഴി, തൊഴിലാളിയെ ബ്രാഹ്മണനെന്നും ക്ഷത്രിയനെന്നും നായരെന്നും ഈഴവനെന്നും ദളിതനെന്നും പറഞ്ഞ് ഭിന്നിപ്പിക്കലാണ്. മുതലാളിത്തം അതു ചെയ്യും. മുതലാളിത്തം അതു ചെയ്തോട്ടെ. തൊഴിലാളിവർഗ്ഗത്തിനു വേണ്ടി എന്നു പറഞ്ഞു നിലകൊള്ളുന്നവർ അതു ചെയ്യരുത്. എണ്ണത്തിൽ കൂടുതലാണു തൊഴിലാളികൾ. ഇവരുടെ എല്ലാ സമരങ്ങളും ഇതുകൊണ്ടുതന്നെ വിജയിക്കേണ്ടതാണ്. എന്നാൽ വിജയിക്കുന്നില്ല. എന്തുകൊണ്ട്? എണ്ണത്തിൽ കൂടുതലായ തൊഴിലാളികളുടെ ഐക്യത്തെ എണ്ണമറ്റ ആയുധങ്ങൾകൊണ്ട് മുതലാളിത്തം, അതിന്റെ ഉയർന്ന രൂപമായ സാമ്രാജ്യത്വം തകർക്കും. ഇന്ത്യൻ സാഹചര്യത്തിൽ, സാമ്രാജ്യത്വം ആദ്യം ഉപയോഗിക്കാൻ നോക്കിയത് ബൂർഷ്വാ ദേശീയവാദമായിരുന്നു. എന്നാൽ, അതുകൊണ്ട് ഛിദ്രമാവുകയല്ല, മറിച്ച് ആസേതുഹിമാചലം ജനങ്ങൾ ഒരുമിക്കുകയാണുണ്ടാവുന്നത് എന്നു സാമ്രാജ്യത്വം തിരിച്ചറിഞ്ഞു. അപ്പോൾ കണ്ടെത്തിയ ആയുധമാണു വർഗ്ഗീയത. ഹിന്ദുവിനെ മുസ്ലീമിനെതിരെ, മുസ്ലീമിനെ ഹിന്ദുവിനെതിരെ, അങ്ങനെ മതാടിസ്ഥാനത്തിൽ വേർതിരിച്ചു പരസ്പരം തിരിച്ചുവിടുക. ആ തന്ത്രം വിജയിച്ചു. കത്തിക്കാളുന്ന വർഗ്ഗീയ കലാപങ്ങൾ... ഒടുവിൽ രാഷ്ട്രവിഭജനം. ഇതൊക്കെയാണ് അതു സൃഷ്ടിച്ചത്. ഇതേ വിധത്തിൽ, തൊഴിലാളിവർഗ്ഗ ഐക്യം തകർക്കാൻ ജാതികളെയും ശത്രുക്കൾ ഉപയോഗിക്കും. ബ്രാഹ്മണനെന്നും നായരെന്നും ഈഴവനെന്നും ദളിതനെന്നും ചേരിതിരിക്കും. അതിൽപ്പെടുന്നവരുടെ ജാത്യാഭിമാനങ്ങളെ വിജ്രംഭിപ്പിക്കും. ഒപ്പം ഇതരജാതിക്കാർക്കെതിരെ തിരിക്കുകയും ചെയ്യും. ഈ ജാത്യാഭിമാന ജൃംഭണവും ജാതി പറഞ്ഞുള്ള ഭർത്സനവും സ്വത്വരാഷ്ട്രീയത്തിന്റേതാണ്, അഥവാ, ഐഡന്റിറ്റി പൊളിറ്റിക്സിന്റേതാണ്. ഇത് അടിസ്ഥാനപരമായും വർഗ്ഗ രാഷ്ട്രീയത്തിന്, അഥവാ ക്ലാസ് പൊളിറ്റിക്സിന് എതിരാണ്. ഈ തിരിച്ചറിവുള്ളതുകൊണ്ടാണ് സ്വത്വ രാഷ്ട്രീയത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പൂർണ്ണമായും നിരാകരിച്ചത്. ജാതി സ്വത്വരാഷ്ട്രീയം വന്നാൽ വർഗ്ഗരാഷ്ട്രീയമില്ല. അതില്ലാതായാൽ കമ്യൂണിസ്റ്റു പാർട്ടിയുമില്ല. ബ്രാഹ്മണനായ ഒരു മുതലാളിയെ സങ്കൽപ്പിക്കുക. ബ്രാഹ്മണനായ ഒരു തൊഴിലാളിയെയും. ഈ തൊഴിലാളിയോട് ഈ മുതലാളി പറയുമോ, പണി ചെയ്യുന്നതായി അഭിനയിച്ചാൽ മതി, പണിയൊന്നും ചെയ്യണ്ട; കൂടുതൽ കൂലി തരാമെന്ന്? ഇല്ല. ഇതേപോലെയാണ് ദളിത് സമൂഹത്തിൽ നിന്ന് ഒരാൾ മുതലാളിയായാലും സ്ഥിതി. മുതലാളിത്തത്തിന്റെ ലാക്ക് ഒരിക്കലും ജാതിയിലല്ല, മറിച്ച് ലാഭത്തിലാണ്. ഏതു ജാതിയിൽപ്പെട്ട മുതലാളിക്കും ഒരേ താൽപര്യം. അതു മുതലാളിത്ത താൽപര്യം. ഏതു ജാതിയിൽപ്പെട്ട തൊഴിലാളിക്കും ഒരേ താൽപര്യം. അതു തൊഴിലാളിവർഗ്ഗ താൽപര്യം. അവിടെ ജാതിയില്ല. ഇതാണ് തൊഴിലാളിവർഗ്ഗ ഐക്യത്തിന് അടിവരയിടുന്നത്. ഈ ഐക്യത്തെ ഛിദ്രമാക്കാനുള്ള എളുപ്പവഴി, തൊഴിലാളിയെ ബ്രാഹ്മണനെന്നും ക്ഷത്രിയനെന്നും നായരെന്നും ഈഴവനെന്നും ദളിതനെന്നും പറഞ്ഞ് ഭിന്നിപ്പിക്കലാണ്. മുതലാളിത്തം അതു ചെയ്യും. മുതലാളിത്തം അതു ചെയ്തോട്ടെ. തൊഴിലാളിവർഗ്ഗത്തിനു വേണ്ടി എന്നു പറഞ്ഞു നിലകൊള്ളുന്നവർ അതു ചെയ്യരുത്. Agent provocateur എന്ന് ഇംഗ്ലീഷിൽ പറയുമല്ലൊ. ആ റോൾ എടുക്കരുത്. കമ്യൂണിസ്റ്റു പാർടി anti brahmi n അല്ല. anti brahminist ആണ്. ബ്രാഹ്മണനെ ഒടുക്കുക എന്നതല്ല, ബ്രാഹ്മണ്യ വ്യവസ്ഥയെയും അതിന്റെ അവശിഷ്ടങ്ങളെയും ഒടുക്കുക എന്നതാണ്. ബ്രാഹ്മണരിലെയടക്കം പണിയെടുത്തു ജീവിക്കുന്ന മുഴുവനാളുകളുടെയും, വർഗ്ഗ ഐക്യനിര പടത്തുയുർത്തുകയാണ് കമ്യൂണിസ്റ്റുകാർ ചെയ്യുന്നത്. അതിൽ ബ്രാഹ്മണനും ദളിതനുമൊക്കെ തോളോടുതോൾ ചേർന്നുനിൽക്കും. ഇവരെ പരസ്പരം ചേരിതിരിച്ച് ആയുധം കൊടുത്തുവിടലല്ല, കമ്യൂണിസ്റ്റുകാർ ചെയ്യുക. വൈക്കം സത്യഗ്രഹമടക്കം വിജയിച്ചത് ക്ഷേത്ര നടവഴികളിലൂടെ നടക്കാൻ അനുവാദമില്ലാതിരുന്നവരുടെ ഏകപക്ഷീയവും ജാതി അടിസ്ഥാനത്തിലുള്ളതുമായ വേർതിരിവാർന്ന സമരം കൊണ്ടല്ല. ആ സ്വാതന്ത്ര്യമുള്ളവരും ഇല്ലാത്തവരും ചേർന്ന വിവിധ സമുദായങ്ങളിലെ radical elements ഒരുമിച്ചതുകൊണ്ടാണ്. പാലിയം സത്യഗ്രഹത്തിലും ഗുരുവായൂർ സത്യഗ്രഹത്തിലുമൊക്കെ നാം ഇതാണു കണ്ടത്. ആ ഒരുമ ഇല്ലായിരുന്നുവെങ്കിൽ സവർണ ജാതി പ്രമാണിമാർക്ക് അടിച്ചമർത്തൽ എളുപ്പമായേനേ. അന്നുണ്ടായ പുരോഗമന സ്വഭാവമുള്ളവരുടെ പൊതുവായ ആ ഒരുമയുണ്ടല്ലൊ, അതാണ് സമൂഹത്തെ മുമ്പോട്ടുനയിക്കുന്നത്. അതിനെ എന്തു പറഞ്ഞായാലും തകർക്കരുത്. കേരളം ഒട്ടൊക്കെ കൈയൊഴിഞ്ഞ ജീർണതയെ അതു പറഞ്ഞുതന്നെ പരസ്പര സ്പർദ്ധയാക്കി തിരിച്ചുകൊണ്ടുവരരുത്. കേരളത്തിലെ ജാതിവ്യവസ്ഥയുടെ നട്ടെല്ലൊടിച്ചതും വിഷദംഷ്ട്രകൾ പിഴുതു മാറ്റിയതും ഏതെങ്കിലും ഒരു പ്രത്യേക ജാതിയല്ല, 1957 ൽ അധികാരത്തിൽവന്ന കമ്യൂണിസ്റ്റു മന്ത്രിസഭയാണ്. മണ്ണിൽ പണിയെടുക്കുന്നവന് മണ്ണ് സ്വന്തമാണ് എന്നു വ്യവസ്ഥ ചെയ്ത കാർഷികബന്ധ നിയമവും ഭൂപരിഷ്ക്കരണവുമൊക്കെയാണ് ജാതിവ്യവസ്ഥയുടെ വിഷപ്പല്ലു തകർത്തത്. ഭൂപ്രമാണിയുടെ മുമ്പിൽ ഓച്ഛാനിച്ചു നിന്നിരുന്ന പണിയെടുക്കുന്നവന്റെ കൈ മുഷ്ടി ചുരുട്ടിയുയർന്നത് ആ ഭൂപ്രമാണിക്ക് തന്നെ തന്റെ കുടിലിൽ നിന്ന് കുടുംബത്തോടെ പിഴുതെറിയാനുള്ള അധികാരം ആ ഗവൺമെന്റ് എന്നേക്കുമായി തകർത്തുകളഞ്ഞു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. ചെയ്ത ജോലിയ്ക്ക് കൂലി ചോദിച്ചു വാങ്ങാമെന്ന ആത്മാഭിമാനത്തിലേക്ക് തൊഴിലാളിയെ ഉയർത്തിയത് ജാതിപ്രസ്ഥാനമല്ല. ജാതികൾക്കതീതമായ പുരോഗമനപരമായ സമരമുന്നേറ്റങ്ങളുടെ ഫലമായി ഉയർന്നുവന്ന കമ്യൂണിസ്റ്റു പ്രസ്ഥാനവും അതിന്റെ ഗവൺമെന്റുമാണ്. ഇതൊന്നും മനസ്സിലാക്കാതെ, പുരോഗമന പ്രസ്ഥാനങ്ങളെപ്പോലും ജാതി പറഞ്ഞു ഭിന്നിപ്പിക്കാൻ ഇന്നു നോക്കുന്നത് കമ്യൂണിസ്റ്റു വിരുദ്ധമാണ്, കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനു വളരാൻ വളക്കൂറുള്ള മണ്ണൊരുക്കിയ ശ്രീനാരായണ പ്രസ്ഥാനമടക്കമുള്ള നവോത്ഥാന സംരംഭങ്ങൾക്കുപോലും വിരുദ്ധമാണ്. ബൂർഷ്വാ യുക്തിവാദത്തിന്റെ സ്വാധീനത്തിൽപെട്ട് സ്വത്വരാഷ്ട്രീയത്തിലേക്കു പോയാൽ വർഗ്ഗ രാഷ്ട്രീയത്തിന്റെ നിരാകരണമാണു സത്യത്തിൽ സംഭവിക്കുക. മാർക്സിസ്റ്റ് വിചാരരീതി ശരിയായി സ്വാംശീകരിച്ചാൽ തീരുന്ന പ്രശ്നം മാത്രമാണിത്. (ഫേസ്ബുക്കിൽ നിന്ന്)

ദേശാഭിമാനി 5 Jan 2023 2:02 pm

കേരളം കടക്കെണിയിൽ അല്ലെന്ന്‌ ശാസ്‌ത്രം പറയുന്നു; മനോരമയും ഏഷ്യാനെറ്റും സാധാരണ മനുഷ്യരെ വിഭ്രമിപ്പിക്കാനുള്ള ശ്രമത്തിൽ: തോമസ്‌ ഐസക്‌

കേരളം കടംകയറി മുടിഞ്ഞെന്ന തെറ്റായ വാദമുയർത്തി സാധാരണ മനുഷ്യരെ വിഭ്രമിപ്പിക്കാനുള്ള ശ്രമത്തിലാണ് മനോരമയും ഏഷ്യാനെറ്റും പോലുള്ള മാധ്യമങ്ങളെന്ന് ഡോ. തോമസ് ഐസക്. ശാസ്ത്രം പറയുന്നത് കേരളം കടക്കെണിയിൽ അല്ലായെന്നാണ്. മറിച്ചുള്ള വാദങ്ങളെല്ലാം കൂടോത്രം മാത്രമാണെന്നും ഐസക് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കുറിപ്പ് വായിക്കാം: കണക്ക് കസർത്തുകൾകൊണ്ട് സാധാരണ മനുഷ്യരെ വിഭ്രമിപ്പിക്കാനുള്ള ശ്രമത്തിലാണ് മനോരമയും ഏഷ്യാനെറ്റ് പോലുള്ള മാധ്യമങ്ങൾ. കേരളം കടംകയറി മുടിഞ്ഞെന്നാണു വാദം. ആരെയും പരിഭ്രമിപ്പിക്കുന്ന ഒരു ചിത്രകഥ കഴിഞ്ഞ ദിവസം സാമ്പത്തിക സ്ഥിതിയെക്കുറിച്ചു മനോരമ പ്രസിദ്ധീകരിക്കുകയുണ്ടായി. അതിന്റെ ചിത്രമാണ് ഈ പോസ്റ്റിനോടൊപ്പമുള്ളത്. ഈ ചിത്രത്തിൽ നിന്നും മനോരമ എത്തിച്ചേരുന്ന നിഗമനം ഇതാണ്-. ''കഴിഞ്ഞ 25 വർഷംകൊണ്ട് കേരളത്തിന്റെ പൊതുകടത്തിൽ 3 ലക്ഷംകോടി രൂപയുടെ വർധന! അതായത് അഞ്ച് സർക്കാരുകൾ മാറിമാറി കേരളം ഭരിച്ചപ്പോൾ 1996-ലെ കടം 13 ഇരട്ടിയായി പെരുകി. ഇന്നും റിസർവ്വ് ബാങ്കിൽനിന്നും കേരളം കടമെടുക്കുകയാണ്, 2603 കോടി രൂപ. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിന്റെ പൊതുകടം 4 ലക്ഷം കോടിയായി ഉയർന്നേക്കും. ആദ്യത്തെ തെറ്റ് - രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ 4 ലക്ഷം കോടി അല്ല ഏതാണ്ട് 6 ലക്ഷം കോടി രൂപയോളം വരും. അതുകൊണ്ട് ഒരു കെടുതിയും കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല. കാരണം, അപ്പോഴേക്കും കേരള സംസ്ഥാന ജിഡിപി, ഏതാണ്ട് ഇരട്ടിയാകുമെന്നു തീർച്ചയാണ്. 2020-21ൽ കേരള സംസ്ഥാന ജിഡിപി 9 ലക്ഷം കോടി രൂപയാണ്. അത് 18 ലക്ഷം കോടി രൂപയായിട്ടെങ്കിലും 2025-26-ൽ ഉയരും. അപ്പോൾ പിന്നെ എന്താണു പ്രശ്നം? സംസ്ഥാന വരുമാനത്തിന്റെ ശതമാനമായി കണക്കാക്കിയാൽ കടബാധ്യതയിൽ ഒരു വർദ്ധനയും ഉണ്ടാവില്ല. കടബാധ്യതയെ ദേശീയവരുമാനവുമായി ബന്ധപ്പെടുത്താതെ പൊലിപ്പിച്ചു പറഞ്ഞ് ആളുകളെ വിരട്ടാൻ നോക്കുകയാണു മനോരമ. ഉമ്മൻചാണ്ടി - എ.കെ. ആന്റണി ഭരണം 2006-ൽ അവസാനിച്ചപ്പോൾ സംസ്ഥാനകടം ജിഡിപിയുടെ 39 ശതമാനമായി. ഇതു പിന്നീട് കുറഞ്ഞുവന്നു. ഇപ്പോൾ മനോരമ കണക്കു കസർത്തുകൊണ്ട് നമ്മളെയൊക്കെ വിഭ്രമിപ്പിക്കാൻ ശ്രമിക്കുന്നകാലത്ത് 2021-ൽ നമ്മുടെ കടം കോവിഡ് എല്ലാം ഉണ്ടായിട്ടും സംസ്ഥാന ജിഡിപിയുടെ 37 ശതമാനമേ വരൂ. വെറുതേ മനുഷ്യരെ പറഞ്ഞ് ഭ്രാന്ത് പിടിപ്പിക്കല്ലേ മനോരമേ. ഇൻഫോഗ്രാഫിക്കുകൾ ദുരുപയോഗിച്ച് എങ്ങനെ വസ്തുതകളെ വളച്ചൊടിക്കാമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് മനോരമയുടെ ഈ ചിത്രകഥ. സ്ഥിതിവിവര കണക്കുകൾ ഉപയോഗിച്ച് എന്തു ചെയ്യാൻ പാടില്ലായെന്നതു കുട്ടികളെ പഠിപ്പിക്കാൻ എക്കാലത്തും ഇതു നല്ല ഉദാഹരണമായിരിക്കും. ഉദ്ദേശിച്ചിട്ടില്ലെങ്കിലും പിണറായി വിജയൻ സർക്കാരിനെ താറടിക്കാൻ ഉണ്ടാക്കിയിരിക്കുന്ന ചിത്രകഥയിൽ അറിയാതെ പറഞ്ഞു പോകുന്ന ഒരു സത്യമുണ്ട്. കേരള സംസ്ഥാനത്തിന്റെ കടം എല്ലാ 5 വർഷം കൂടുമ്പോഴും ഏതാണ്ട് ഇരട്ടിക്കുന്നു. 2001-ൽ ഇ.കെ. നായനാർ ഭരണം അവസാനിക്കുമ്പോൾ കേരളത്തിന്റെ കടം 25,754 കോടി രൂപയായിരുന്നു. ഇത് 2005-ൽ എ.കെ. ആന്റണി - ഉമ്മൻചാണ്ടി ഭരണം അവസാനിച്ചപ്പോൾ, ഏതാണ്ട് ഇരട്ടിയായി 47,940 കോടി രൂപയായി. വി എസ് അച്യുതാനന്ദൻ സർക്കാറിന്റെ ഭരണം അവസാനിച്ചപ്പോൾ ഏതാണ്ട് ഇരട്ടിയായി വർധിച്ച് 82,486 കോടി രൂപയായി. ഉമ്മൻചാണ്ടി അത് 2016 ആയപ്പോഴേക്കും ഇരട്ടിപ്പിച്ച് 1.60 ലക്ഷം കോടി രൂപയാക്കി. ഇതാണ് ഒന്നാം പിണറായി സർക്കാർ ഭരണം അവസാനിച്ചപ്പോൾ 3.35 ലക്ഷം കോടി രൂപയായത്. പ്രതിപക്ഷത്തിന്റെ ഒരു മുഖ്യആരോപണം 1957 മുതൽ 2016 വരെ എടുത്തു കൂട്ടിയ കടത്തേക്കാൾ കൂടുതൽ ബാധ്യത പിണറായി സർക്കാർ 5 വർഷംകൊണ്ട് ഉണ്ടാക്കിയെന്നാണ്. ഇതാണ് എല്ലാ മാറിമാറിവന്ന സർക്കാരുകളുടെ കാലത്തും സംഭവിച്ചിട്ടുള്ളത് എന്നു ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എന്തോ, അത് ഇതുവരെ ഏശിയില്ല. എന്നാൽ ഉദ്ദേശിച്ചില്ലെങ്കിലും മനോരമ ഒരു ചിത്രകഥയിലൂടെ ആളുകളെ എന്റെ വാദം പറഞ്ഞു മനസിലാക്കികൊടുത്തിട്ടുണ്ട്. ഇങ്ങനെ കടം വാങ്ങിയതിന്റെ ഫലമായി കേരളം കടംകൊണ്ടു മുടിഞ്ഞോ എന്നതാണു സക്തമായ ചോദ്യം. മുടിഞ്ഞില്ലെന്നു മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക വളർച്ച ഈ കാലയളവിൽ കുതിച്ചുയർന്നു. 1961 മുതൽ 1987 വരെയുള്ള കാലയളവിൽ കേരള സമ്പദ്ഘടന വളർന്നതു പ്രതിവർഷം 2.93 ശതമാനം വീതമാണ്. എന്നാൽ 1988 മുതൽ 2018 വരെയുള്ള കാലയളവിൽ കേരളം വളർന്നതു പ്രതിവർഷം 6.71 ശതമാനം വീതമാണ്. പ്രതിശ്രീർഷവരുമാന വളർച്ചയാകട്ടെ 1988 മുൻപ് 0.99 ശതമാനം ആയിരുന്നത് 6.0 ശതമാനമായി ഉയർന്നു. കേരളത്തിന്റെ പ്രതിശ്രീർഷവരുമാനം ദേശീയശരാശരിയുടെ 25 ശതമാനം താഴ്ന്നുനിന്നത് 50 ശതമാനം മുകളിലായി. മനോരമകഥാകാരൻ കടം പറഞ്ഞുപറഞ്ഞ് കേരളം തകർന്നുവെന്നു പറയുന്ന കാലയളവിൽ കേരളം കടുത്ത സാമ്പത്തിക മുരടിപ്പിൽനിന്ന് ഉയർത്തെഴുന്നേൽക്കുകയാണു ചെയ്തത്. എന്തുകൊണ്ടാണ് സർക്കാരുകൾ മാറിമാറിവരുന്നതും, കേരളത്തിന്റെ കടബാധ്യത ഏതാണ്ട് ഒരേവേഗതയിൽ 5 വർഷം കൂടുമ്പോൾ ഏതാണ്ട് ഇരട്ടിയായി വളരുന്നത്? ഇതിനു കാരണം സംസ്ഥാനത്തിനു വായ്പ എടുക്കണമെങ്കിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതിവേണം. കേന്ദ്രമാവട്ടെ സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 3 ശതമാനത്തിന് അപ്പുറം വായ്പ്പയെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുകയും ഇല്ല. അതുകൊണ്ട് ഒരു സംസ്ഥാനവും കടംകയറി മുടിയില്ല. പ്രത്യേകിച്ച് സംസ്ഥാന ജി.ഡി.പി ദേശീയശരാശരിയുടെ വേഗതയിലെങ്കിലും വളർന്നുകൊണ്ടിരുന്നാൽ ഒരിക്കലും അതു സംഭവിക്കില്ല. ഒരു രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ കടം താങ്ങാവുന്നതാണോ അല്ലെങ്കിൽ സുസ്ഥിരമാണോയെന്നു കണക്കാക്കുന്നതിനു സാമ്പത്തികശാസ്ത്രത്തിൽ കൃത്യമായ ഫോർമുലകളുണ്ട്. ഡൊമെർ എന്ന സാമ്പത്തികശാസ്ത്രഞ്ജന്റെ പേരിലാണ് ഈ സൂത്രവാക്യം അറിയപ്പെടുന്നത്. അതുപ്രകാരം, എടുക്കുന്ന വായ്പയുടെ പലിശനിരക്ക് ജിഡിപിയുടെ വളർച്ചാനിരക്കിനേക്കാൾ താഴ്ന്നതാണെങ്കിൽ കടം താങ്ങാവുന്നതാണ്. 1988 മുതലുള്ള കാലയളവ് എടുത്താൽ കോവിഡ് കാലമൊഴികെ ഏതാണ്ട് എല്ലാവർഷവും സാമ്പത്തികവളർച്ച പലിശനിരക്കിനേക്കാൾ എത്രയോ ഉയർന്നതാണ്. ശാസ്ത്രം പറയുന്നത് കേരളം കടക്കെണിയിൽ അല്ലായെന്നാണ്. മറിച്ചുള്ള വാദങ്ങളെല്ലാം കൂടോത്രം മാത്രം.

ദേശാഭിമാനി 5 Jan 2023 10:01 am