SENSEX
NIFTY
GOLD
USD/INR

Weather

28    C
... ...View News by News Source

'പാർട്ടി അവരെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു; ആ തെറ്റിൽ നിന്ന് കൈ കഴുകാനാവില്ല'

കമ്യൂണിസ്റ്റുപാർട്ടി കേരളത്തിലെ ജനജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പഠിക്കുക എനിക്കേറ്റവും കൗതുകവും താല്പര്യവുമുള്ള കാര്യമാണ്. സമ്പദ്ഘടനയിലും സാമൂഹികബന്ധങ്ങളിലും പാർട്ടി ചെലുത്തിയ സ്വാധീനം പഠിക്കാൻ പല തരത്തിലുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ സ്ത്രീപുരുഷബന്ധത്തെക്കുറിച്ചുള്ള പാർട്ടിയുടെ കാഴ്ചപ്പാട് കാര്യമായ അന്വേഷണങ്ങൾക്ക് വിധേയമായിട്ടുണ്ടെന്ന് തോന്നുന്നില്ല. അഡോളസെന്‍സ് കാണരുത്; നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ മാര്‍ക്കിട്ടു പോവും, ആവറേജ് പോലും കിട്ടാതെ നിങ്ങള്‍ തോറ്റുപോവും കമ്യൂണിസ്റ്റുപാർട്ടിയുടെ പഴയകാലത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായി പഴയ രഹസ്യരേഖകൾ, പൊലീസ് റെക്കോഡുകൾ, പ്രവർത്തകരുടെയും നേതാക്കളുടെയും കത്തുകൾ, ഡയറികൾ, പഴയ പത്രങ്ങൾ, ആനുകാലികങ്ങൾ, ലഘുലേഖകൾ തുടങ്ങിയവ പരിശോധിക്കുമ്പോഴും പാർട്ടി പ്രവർത്തകർ, നേതാക്കൾ, അനുഭാവികൾ, പാർട്ടിയുടെ വിമർശകർ, ശത്രുക്കൾ തുടങ്ങിയവരുമായി സംസാരിക്കുമ്പോഴും, പാർട്ടിക്കുള്ളിൽ പ്രവർത്തകർ തമ്മിൽ മനുഷ്യവ്യക്തികൾ എന്ന നിലയിൽ നിലനിന്ന ബന്ധങ്ങളെക്കുറിച്ച്, സ്ത്രീപുരുഷ ബന്ധത്തെയും സദാചാരത്തെയും കുറിച്ചുള്ള വ്യവസ്ഥാപിത ധാരണകളെ പാർട്ടി എങ്ങനെ സമീപിച്ചു എന്നതിനെക്കുറിച്ചൊക്കെ അറിയാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീപുരുഷബന്ധങ്ങളെ കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ അഴിച്ചുപണിയാൻ പാർട്ടിക്ക് കഴിഞ്ഞില്ല. പ്രണയത്തെ പ്രോത്സാഹിപ്പിക്കുന്ന, അല്ലെങ്കിൽ നിരുത്സാഹപ്പെടുത്താത്ത സമീപനമായിരുന്നു പാർട്ടിയുടേതെങ്കിലും അത് വിവാഹവുമായി ബന്ധപ്പെടുത്തിയുള്ളതാകണമെന്ന വ്യവസ്ഥാപിത ധാരണ തന്നെയായിരുന്നു കമ്യൂണിസ്റ്റു പാർട്ടിക്കും ഉണ്ടായിരുന്നത്. അതിൻ്റെ ഇരകളായ ദുരന്തനായകരായിരുന്നു ടി.വി തോമസും ഗൗരിയമ്മയും. ടി.വി തോമസും ഗൗരിയമ്മയും തമ്മിലുള്ള ബന്ധത്തെ മുൻനിർത്തി, കമ്യൂണിസ്റ്റ് പാർട്ടിയും ലൈംഗിക സദാചാരവും എന്ന വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള സമഗ്രമായ ഒരു പഠനത്തിന് സാധ്യതയുണ്ട്. ടി വി തോമസ് കെ ആര്‍ ഗൗരിയമ്മ എന്നിവരുടെ വിവാഹ ക്ഷണപത്രിക വിവാഹം നടക്കുമ്പോൾ ടി.വിയ്ക്ക് 47 വയസ്സുണ്ട്. ഗൗരിയമ്മയ്ക്ക് 38. ഏതാണ്ട് 1949 മുതൽ ഗൗരിയമ്മയും ടിവിയും തമ്മിൽ ബന്ധമുണ്ട്. വിവാഹം എന്ന താല്പര്യമുണ്ടായിരുന്നെങ്കിൽ ഒളിവു ജീവിതത്തിൻ്റെ അനിശ്ചിതത്വങ്ങൾ ഒഴിഞ്ഞ 52 മുതൽ എന്നു വേണമെങ്കിലും അതാകാമായിരുന്നതേയുള്ളൂ. 57 ൽ രണ്ടു പേരും മന്ത്രിമാരായതിനു ശേഷം പാർട്ടിയിൽ നിന്നുള്ള സമ്മർദ്ദം മൂലമാണ് ടി.വിയും ഗൗരിയമ്മയും വിവാഹിതരായത്. ടിവിയും ഗൗരിയമ്മയും വിവാഹം കഴിക്കണമെന്ന കാര്യത്തിൽ പാർട്ടി നേതാക്കളിൽ പലർക്കും, പ്രത്യേകിച്ച് ആലപ്പുഴയിൽ നിന്നുള്ളവർക്ക് നിർബ്ബന്ധമുണ്ടായിരുന്നു. ടി.വി പങ്കെടുക്കാത്ത സംസ്ഥാന കൗൺസിൽ യോഗങ്ങളിൽ വിഎസ് അച്ചുതാനന്ദൻ ഇക്കാര്യം സ്ഥിരമായി ഉന്നയിക്കാറുണ്ടായിരുന്നു. പ്രധാനപ്പെട്ട രണ്ട് പാർട്ടിനേതാക്കൾ തമ്മിലുള്ള ബന്ധം വലിയ ഒരു സദാചാരപ്രശ്നമായാണ് ഒരു വിഭാഗം പാർട്ടി നേതാക്കളെങ്കിലും കണ്ടത്. ഗൗരിയമ്മയുടെ വീട്ടിൽപോയി വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ പാർട്ടി സംസ്ഥാനകൗൺസിൽ അച്ചുതമേനോനെ നിയോഗിക്കുകയായിരുന്നു. വിവാഹം എന്ന ചങ്ങലയിൽ ബന്ധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ ടിവിയും ഗൗരിയമ്മയും തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടരുകയും രണ്ടുപേരുടെയും ജീവിതത്തിൽ അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാകുകയും ചെയ്യുമായിരുന്നു എന്നാണ് എൻ്റെ വിശ്വാസം. യാഥാസ്ഥിതിക സമൂഹത്തിൻ്റെ സദാചാര ശാസനകളെ കമ്യൂണിസ്റ്റ് പാർട്ടി ശിരസാ വഹിച്ചതിൻ്റെ ദുരന്തഫലമാണ് ടി.വി തോമസിൻ്റെയും ഗൗരിയമ്മയുടെയും വ്യക്തിജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ. മറ്റുള്ളവർ എന്തു പറയും എന്ന് ഭയന്നു ജീവിച്ചവരല്ല ടിവിയും ഗൗരിയമ്മയും. കള്ളു കുടിക്കുന്നത് ഒളിച്ചുവയ്ക്കുകയും സദാചാരത്തിൻ്റെ വിശുദ്ധളോഹ അണിഞ്ഞു നടക്കുകയും ചെയ്ത കാപട്യക്കാരനായിരുന്നില്ല ടി വി സദാചാരഭീതിയും ഉത്കണ്യുഠയുമുള്ള ആളായിരുന്നില്ല ഗൗരിയമ്മയും. അത്തരത്തിൽ ധീരരായിരുന്ന രണ്ടു വിപ്ലവകാരികളെപ്പോലും യാഥാസ്ഥിതികത്വത്തിൻ്റെ കൂട്ടിലടച്ചു എന്ന തെറ്റിൽനിന്ന് കൈ കഴുകി രക്ഷപ്പെടാൻ കമ്യൂണിസ്റ്റുപാർട്ടിക്ക് കഴിയില്ല. ഇന്ന് ( മാർച്ച് 26) സ. ടി വിയുടെ ഓർമ്മദിനം. (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം 26 Mar 2025 9:41 pm

തൊഴിലിടങ്ങളില്‍ സ്ത്രീക്ക് സുരക്ഷയും വേണം

ഭ രണ, പ്രതിപക്ഷ വ്യത്യാസവും സ്ത്രീ, പുരുഷ, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യത്യാസങ്ങളുമില്ലാതെ ഏതെങ്കിലുമൊരു വിഷയത്തില്‍ കേരളത്തിന് സത്യസന്ധമായ ഉത്കണ്ഠ ഉണ്ടാകേണ്ടതുണ്ടെങ്കില്‍, അത് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയുടെ കാര്യത്തിലാണ്. നിയമം മൂലം നിര്‍ബന്ധമാക്കിയ, തൊഴിലിടങ്ങളിലെ പരാതി പരിഹാര സമിതികള്‍, അതായത് ആഭ്യന്തര സമിതിയും (ഇന്റേണല്‍ കമ്മിറ്റി ഐസി) പ്രാദേശിക സമിതിയും (ലോക്കല്‍ കമ്മിറ്റി എല്‍സി) കേരളത്തില്‍പ്പോലും പേരിനേയുള്ളു. എന്നുവച്ചാല്‍ സ്ത്രീപക്ഷ നവകേരളത്തിലും സ്ത്രീകള്‍ക്ക് ജോലി സ്ഥലത്തൊരു പ്രശ്‌നമുണ്ടായാല്‍ നീതി ഉറപ്പാകുമെന്നുറപ്പില്ല. അവര്‍, ഇരയും വാദിയും മുഖ്യസാക്ഷിയുമാണ് പേരിന്. പക്ഷേ, ഇര അതിവേഗം ശല്യക്കാരിയാകും, വാദി പ്രതിയാകും, മുഖ്യസാക്ഷി പലരുടെയും മുഖ്യ ഉന്നവുമാകും. നടക്കുന്ന കാര്യമാണ്, നടന്നുകൊണ്ടിരിക്കുകയാണ്, പെണ്‍പരാതികളുടെ ശവപ്പറമ്പുകളായി മാറിയ കേന്ദ്ര, സംസ്ഥാന സര്‍ക്കാരോഫീസുകളുടെയും വന്‍കിട സ്വകാര്യ സ്ഥാപനങ്ങളുടെയും പട്ടിക നീണ്ടതാണ്. പരാതികളുടെ പകര്‍പ്പുള്‍പ്പെടെ എല്ലാ വിശദാംശങ്ങളോടെയും എത്രയെത്ര സംഭവങ്ങള്‍ വേണം? തരാന്‍ കഴിയും. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8നു മുമ്പ് സംസ്ഥാന സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഐസി ഉറപ്പായും രൂപീകരിച്ചിരിക്കും എന്ന് ഇത്തവണയും വനിതാ ശിശുക്ഷേമ മന്ത്രി പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ ഇതിപ്പോള്‍ മാര്‍ച്ച് ഇത്രയുമായില്ലേ? എന്താണു സ്ഥിതി എന്ന് സര്‍ക്കാര്‍ പറയേണ്ടേ. ഈ സര്‍ക്കാരിനെയോ ഈ മന്ത്രിയെയോ മാത്രമായി കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഐസിയും എല്‍സിയും രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ഒരിടത്തുമെത്താതെ നിസ്സഹായരായിത്തന്നെയാണ് മാറി വന്ന എല്ലാ സര്‍ക്കാരുകളുടെയും നില. അതൊരു പൊളിറ്റക്കല്‍ ക്യാംപെയ്‌നായി കേരളത്തിലെ സ്ത്രീകള്‍ക്ക് ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിയില്ലേ എന്ന ചോദ്യത്തിന് പ്രസക്തി കുറയുന്നുമില്ല. സര്‍ക്കുലറിലെ സുരക്ഷ രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സുപ്രീംകോടതിയുടെയും പിന്നീട് പാര്‍ലമെന്റിന്റെയും ഇടപെടലിനു കാരണക്കാരിയായ രാജസ്ഥാനിലെ അംഗനവാടി അധ്യാപിക ഭന്‍വാരി ദേവി 2015 മാര്‍ച്ച് 8ന്, കേരളത്തിന്റെ അതിഥിയായി എത്തിയിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം (പ്രതിരോധവും നിരോധനവും പരാതിപരിഹാരവും) സംബന്ധിച്ച നിയമം 2013 ഏപ്രിലില്‍ പാര്‍ലമെന്റ് നിര്‍മിച്ചിട്ടു രണ്ടു വര്‍ഷം കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളു. 'പോഷ്'( പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം സെക്ഷ്വല്‍ ഹരാസ്‌മെന്റ് ആക്റ്റ്) എന്നു ചുരുക്കപ്പേരുള്ള ഈ നിയമമനുസരിച്ചു രാജ്യമാകെ മുഴുവന്‍ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരാതി പരിഹാര സമിതി (ഇന്റേണല്‍ കംപ്ലെയിന്റ്‌സ് കമ്മിറ്റി ഐസിസി, പിന്നീട് ഐസി ആയി) എന്ന സ്ത്രീപക്ഷ സമിതി നിര്‍ബന്ധം. കേരളത്തില്‍ ഐസിസികള്‍ ഒരു സമ്പൂര്‍ണ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആ വനിതാ ദിനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അന്ന് വനിതാ ശിശുക്ഷേമത്തിന് പ്രത്യേക വകുപ്പ് ഇല്ല. അതുകൊണ്ട് സാമൂഹികനീതി വകുപ്പ് കൈപ്പുസ്തകം തയ്യാറാക്കി തയാറായി. കുറഞ്ഞതു പത്തു പേരെങ്കിലും ജോലി ചെയ്യുന്ന സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഐസിസി രൂപീകരിച്ച് അറിയിക്കാന്‍ ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിര്‍ദേശങ്ങള്‍ പോയി. പക്ഷേ, കുറച്ചിടത്ത് തട്ടിക്കൂട്ടി എന്നതിനപ്പുറം കാര്യമായ ഒന്നും സംഭവിച്ചില്ല. ''തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയെച്ചൊല്ലി ഏറ്റവും കൂടുതല്‍ വാചാലരാകുന്ന അഭിഭാഷകര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി അഭിഭാഷകര്‍ ശ്രമം തുടങ്ങിയതും സിനിമാ നിര്‍മാണ ഇടങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന് സിനിമാ സംഘടനകള്‍ നല്‍കിയ ഉറപ്പും ആ വര്‍ഷമാണ് സംഭവിച്ചത്. രണ്ടിന്റെയും സ്ഥിതി ഇപ്പോഴും മേശമാണ്, പരിതാപകരമാണ്. വനിതാ അഭിഭാഷകര്‍ക്ക് പ്രശ്‌നങ്ങളുണ്ട്, പരിഹാരങ്ങള്‍ അകലെയാണ് എന്നത് അവരിലെത്തന്നെ കാര്യങ്ങള്‍ സുതാര്യമായി പറയുന്നവര്‍ മറച്ചു വയ്ക്കുന്നില്ല. അനുഭവങ്ങളുമുണ്ട്; കൊല്ലത്തെ എപിപി അനീഷ്യയുടെ ദുരനുഭവങ്ങളും ആത്മഹത്യയും ഉള്‍പ്പെടെ. 1997ല്‍ ആണ് തൊഴിലിടങ്ങളിലെ സ്്ത്രീസുരക്ഷയ്ക്കു സുപ്രീംകോടതി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മൂന്നു വര്‍ഷം കഴിഞ്ഞ്, രണ്ടായിരത്തില്‍ ആഭ്യന്തര പരാതി പരിഹാര അതോറിറ്റികള്‍ എല്ലാ തൊഴിലിടങ്ങളിലും രൂപീകരിക്കാന്‍ സുപ്രീംകോടതി വിധിച്ചു. ഇതു രണ്ടിന്റെയും അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് 2013ല്‍ പാര്‍ലമെന്റ് നിയമം നിര്‍മിച്ചത്. ഇതൊക്കെ ഔപചാരിക, സംഘടിത മേഖലയിലെ മാത്രം കാര്യങ്ങളായിരുന്നതുകൊണ്ട് അസംഘടിത മേഖലയ്ക്കായി കാലക്രമേണ പ്രാദേശിക പരാതി പരിഹാര സമിതികള്‍ കൂടി (എല്‍സിസി) രൂപീകരിച്ച നിയമത്തില്‍ ഭേദഗതി വന്നു. ഐസിസി രണ്ടു വര്‍ഷം മുമ്പ് ഐസി ആയി ഭേദഗതി ചെയ്തു. എല്‍സിസി എല്‍ സി ആയും ചുരുക്കി. പരാതി എന്ന പരാമര്‍ശം പോലും ആവശ്യമില്ലാത്ത വിധം വ്യക്തമാണ് ഉദ്ദേശലക്ഷ്യം എന്നും അതുകൊണ്ട് ആഭ്യന്തര (പ്രാദേശിക) സമിതി എന്നു മതി എന്നുമാണ് മാറ്റത്തിനു പിന്നിലെ സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും. തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കാന്‍ രാജ്യത്ത് ഇപ്പോള്‍ ഐസിയും എല്‍സിയുമുണ്ട്. കേരളത്തില്‍ ഇതു രണ്ടും ഉറപ്പായുമുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ടാകേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍ മറ്റേതു സംസ്ഥാനത്തെക്കാള്‍ കേരളം സ്ത്രീപക്ഷമാണ്. പക്ഷേ, ഒരിക്കല്‍പ്പോലും കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങളിലോ അസംഘടിത മേഖലയിലോ പരാതി പരിഹാര സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ ഉണ്ടായിട്ടില്ല. ഉള്ളവയില്‍ ബഹുഭൂരിപക്ഷവും വേണ്ടത്ര ശക്തമോ ഫലപ്രദമോ അല്ല; പരാതിക്കാരിക്ക് നീതിയും നിര്‍ഭയത്വവും നല്‍കുന്നുമില്ല. പെണ്‍യുദ്ധങ്ങള്‍ കാണാനിരിക്കുന്നു 1997നു ശേഷം ആറു സര്‍ക്കാരുകളും 2013നു ശേഷം മൂന്നു സര്‍ക്കാരുകളും കേരളം ഭരിച്ചു. പക്ഷേ, സ്ഥിതിക്കു മാറ്റമില്ല. നിയമനിര്‍മാണം നടത്തിയ യുപിഎ സര്‍ക്കാരിന്റെ ഭാഗമായ യുഡിഎഫ് ഭരിച്ചിട്ടും സ്ത്രീപക്ഷ നയങ്ങളിലും നടപടികളിലും കൂടുതല്‍ പ്രതിബദ്ധത അവകാശപ്പെടുന്ന എല്‍ഡിഎഫ് ഭരിച്ചിട്ടും അങ്ങനെതന്നെ. ഭന്‍വാരി ദേവിയോടും മുഴുവന്‍ സ്ത്രീകളോടും നീതി പുലര്‍ത്താന്‍ കേരളം മാതൃക കാട്ടിയില്ലെങ്കില്‍ പിന്നെയാര് എന്ന ചോദ്യം കൂടി ഉയരുന്നുണ്ട്, ഇതില്‍. സ്വന്തം തൊഴിലിടത്ത് നാട്ടുപ്രമാണിമാരും അവരുടെ ഗൂണ്ടകളും കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയാണ് ഭന്‍വാരി ദേവി, അവരും അവര്‍ക്കു പിന്തുണ നല്‍കിയ വിശാഖ എന്ന പെണ്‍കൂട്ടായ്മയും അഡ്വക്കേറ്റ് കവിതാ ശ്രീവാസ്തവ മുഖേന നടത്തിയ നിരന്തര പോരാട്ടമാണ് 'വിശാഖയും രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള നിയമയുദ്ധം' എന്ന പേരില്‍ കീര്‍ത്തി കേട്ടത്. പ്രതികളെ രാജസ്ഥാന്‍ ഹൈക്കോടതി ആദ്യം വെറുതേ വിട്ടു. അതിനെതിരേ ഭന്‍വാരി ദേവിയും വിശാഖയും സുപ്രീംകോടതിയില്‍ പോയി വിജയിച്ചു. പ്രതികളെല്ലാം ജയിലിലാവുക മാത്രമല്ല, രാജ്യചരിത്രത്തില്‍ സ്ത്രീസുരക്ഷാ ഇടപെടലുകളുടെ പുതിയ അധ്യായങ്ങള്‍ തുറക്കുകയും ചെയ്തു. ഭന്‍വാരി ദേവിയെയും കവിതാ ശ്രീവാസ്തവയെയും വിശാഖയെയും അറിയാത്ത സ്ത്രീകള്‍ നിരവധിയുണ്ടാകാം. പക്ഷേ, ഇപ്പോഴും സ്വന്തം തൊഴിലിടത്ത് തങ്ങളെ സുരക്ഷിതരാക്കുന്ന, നിയമപരമായി നിര്‍ബന്ധമുള്ള സംവിധാനമുണ്ടെന്ന് അറിയാത്തവരും നിരവധി. അവരെ അത് അറിയിക്കാതിരിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നവരുമുണ്ട് അതേ തൊഴിലിടങ്ങളില്‍. 2016 മെയ് 26നു സാമൂഹികനീതി വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലര്‍ (നമ്പര്‍ 1556/ബി3/2016), മെയ് 23നു സാമൂഹികനീതി വകുപ്പ് ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ തുടര്‍ച്ചയായിരുന്നു. 2017 ഒക്ടോബര്‍ 13ന് ഈ സര്‍ക്കുലര്‍ വീണ്ടും എല്ലാ വകുപ്പു മേധാവികള്‍ക്കും അയച്ചു. ''പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലെ 23ാം വകുപ്പില്‍ നിയമം നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിന് തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച കേസുകളുടെ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം (പ്രതിരോധവും നിരോധനവും പരാതിപരിഹാരവും) സംബന്ധിച്ച നിയമം 2013 നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്തിയിരിക്കുന്നത് സാമൂഹികനീതി ഡയറക്ടറേറ്റിനെയാണ്' സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇതനുസരിച്ച് സമിതി രൂപീകരിച്ചതിന്റെ വിശദാംശങ്ങള്‍ നിശ്ചിത പ്രഫോര്‍മയില്‍ തയാറാക്കി സാമൂഹികനീതി ഡയറക്ടര്‍ക്കു നല്‍കണമെന്നും സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. ഐസിസി രൂപീകരണവും പ്രവര്‍ത്തനവും സംബന്ധിച്ച് 2013 ഡിസംബറില്‍ത്തന്നെ സംസ്ഥാന പൊലീസ് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ പൊലീസ് ആസ്ഥാനം ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ മാത്രമാണ് രൂപീകരിച്ചത്. മാത്രമല്ല പരാതികളില്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടു സമര്‍പ്പിക്കുന്ന കാര്യത്തിലും കാര്യമായ ശ്രദ്ധ ഉണ്ടായില്ല. ഇതേത്തുടര്‍ന്നാണ് 2015 ജൂലൈയില്‍ പുറപ്പെടുവിച്ച സര്‍ക്കുലറിലൂടെ സംസ്ഥാന പൊലീസ് മേധാവി ശക്തമായ ഇടപെടല്‍ നടത്തിയത്. നിയമത്തിലെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു. നിയമത്തിലെ നാലാം വകുപ്പില്‍ ഉള്‍പ്പെടുന്ന വ്യവസ്ഥകള്‍പ്രകാരം എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റുകളിലെയും പരാതി പരിഹാര സമിതികള്‍ പുനസ്സംഘടിപ്പിക്കണം. മാത്രമല്ല, ചെറിയ യൂണിറ്റുകളില്‍പ്പോലും ഐസിസി ഉണ്ടായിരിക്കുകയും വേണം. പക്ഷേ, ഇപ്പോഴും മിക്ക പൊലീസ് സ്‌റ്റേഷനുകളിലും സമിതി ഇല്ല. തൊഴിലിടത്തെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആദ്യമായി ചീഫ് സെക്രട്ടറിയുടെ സര്‍്ക്കുലര്‍ വരുന്നത് നളിനി നെറ്റോ ഐഎഎസ്സിനുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ടാണ്. പി ഇ ഉഷയെ ബസ് യാത്രക്കിടയില്‍ അപമാനിച്ച സംഭവമാണ് ആദ്യം കോടതിയില്‍ എത്തിയത്. 2000ല്‍ ആയിരുന്നു സംഭവം. നളിനി നെറ്റോയുടെയും പി ഇ ഉഷയുടെയും കേസുകളില്‍ കോടതി വളരെ ശക്തമായ നിലപാടെടുത്തു. അതുകൊണ്ട് തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ ഇടയ്ക്കിടെ വിലയിരുത്തിയിരുന്നു. പരാതി കൊടുത്താല്‍ പരിക്ക് പരാതി കൊടുക്കുന്ന സ്ത്രീ വേട്ടയാടപ്പെടുന്ന സംഭവങ്ങള്‍ നിരവധിയാണ്. പരാതി പരിഹാരത്തേക്കാള്‍ അവരെ വ്യക്തിപരമായും തൊഴില്‍പരമായും സാമൂഹികജീവിതത്തിലും നശിപ്പിക്കാനുള്ള ശ്രമങ്ങളാണ് കൂടുതല്‍. 2013ലെ നിയമനിര്‍മാണത്തിനു മുമ്പ് അപൂര്‍വമായാണെങ്കിലും തൊഴിലിടങ്ങളിലെ സ്ത്രീപീഡനം പൊലീസ് കേസും വിവാദവുമായിട്ടുണ്ട്. കേസാവുകയും ഒതുക്കപ്പെടുകയും ചെയ്ത അനുഭവങ്ങളുമുണ്ട്; താക്കീതോ സ്ഥലം മാറ്റമോ ഒക്കെ ആയി പരാതിക്കു പരിഹാരമായ സംഭവങ്ങളുമുണ്ട്. ഏതായാലും തൊഴിലിടങ്ങളില്‍ നിന്നുള്ള പൊലീസ് കേസുകള്‍ കുറവായിരുന്നു. എന്നാല്‍ ആഭ്യന്തര സമിതികള്‍ വന്നതോടെ പരാതി കൊടുക്കാന്‍ കിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചു. അങ്ങനെ പരാതിപ്പെട്ട സ്ത്രീകളില്‍ ബഹുഭൂരിപക്ഷത്തിനും പിന്നീട് അതേ സ്ഥാപനത്തില്‍ സ്വസ്ഥമായി ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് പൊലീസിനു കൈമാറേണ്ട സന്ദര്‍ഭങ്ങളില്‍ അതു ചെയ്യാതെ നിസ്സാരമാക്കുക, പരാതിക്കാരിക്കെതിരേ കള്ളക്കേസുണ്ടാക്കുക, ജോലിയില്‍ കാര്യക്ഷമത ഇല്ലെന്നു വരുത്താന്‍ ശ്രമിക്കുക, ഒറ്റപ്പെടുത്തുക തുടങ്ങി നിരവധി പീഡാനുഭവങ്ങളുടെ തുടക്കമാണ് ഓരോ പരാതിയും. വിരോധമുള്ള ആരെയും നശിപ്പിക്കാനുതകുന്ന ഏറ്റവും മാരകശേഷിയുള്ള ആയുധമായ അപവാദപ്രചരണവും പുറത്തെടുക്കുന്നു. സമിതി രൂപീകരിക്കുമ്പോഴാകട്ടെ, ആരോപണ വിധേയന്‍ സ്ഥാപന മേധാവിയോ തുല്യപദവിയിലുള്ള ആളോ ആണെങ്കില്‍ അവരുടെ വരുതിയില്‍ നില്‍ക്കുന്നവരായിരിക്കും അതില്‍ ഉണ്ടാവുക. അങ്ങനെയുള്ളവരെ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുന്ന നിരവധി അനുഭവങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു പറയാനുണ്ട്. അതേസമയം, ശരിയായ അന്വേഷണം നടക്കുകയും ആരോപണ വിധേയര്‍ക്കു ശിക്ഷയും പരാതിക്കാരിക്ക് നീതിയും ലഭിക്കുന്ന നിരവധി സംഭവങ്ങളുമുണ്ട്. പരാതിക്കാരിക്കു നീതി ഉറപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശക്തമായി കൂടെ നിന്നിടങ്ങളില്‍ നീതി കിട്ടിയിട്ടുമുണ്ട്. പിസി ജോര്‍ജ്ജിന്റെ വര്‍ത്തമാനത്തിനു ഭാവിയെന്ത്? ഓരോ തൊഴിലുടമയും രേഖാമൂലമുള്ള ഉത്തരവിലൂടെ സ്ഥാപനത്തില്‍ ആഭ്യന്തര സമിതി രൂപീകരിക്കാന്‍ ബാധ്യസ്ഥരാണ്. സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ ആയിരിക്കണം അധ്യക്ഷ. അവരെ ലഭ്യമല്ലെങ്കില്‍ അതേ തൊഴിലുടമയുടെ മറ്റ് ഓഫീസിലോ യൂണിറ്റിലോ വകുപ്പിലോ ജോലിസ്ഥലത്തോ നിന്ന് അധ്യക്ഷയെ നാമനിര്‍ദ്ദേശം ചെയ്യണം. സമിതിയില്‍ കുറഞ്ഞത് രണ്ട് അംഗങ്ങള്‍ എങ്കിലും ഉണ്ടായിരിക്കണം. അവരിലൊരാള്‍ സ്ത്രീകള്‍ക്കു വേണ്ടി പ്രതിജ്ഞാബദ്ധരായി നിലകൊള്ളുന്ന ജീവനക്കാര്‍ക്കിടയില്‍ നിന്നുള്ള ആളാകാം, അല്ലെങ്കില്‍ സാമൂഹിക പ്രവര്‍ത്തനത്തിലോ നിയമപരമായോ അറിവും പരിചയവുമുള്ള ആള്‍ ആകാം; രണ്ടാമത്തെ അംഗം ഏതെങ്കിലും സാമൂഹിക സംഘടനയിലോ സര്‍ക്കാരിതര സന്നദ്ധ സംഘടനയിലോ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആള്‍, അല്ലെങ്കില്‍ ലൈംഗിക പീഡനക്കേസുകളില്‍ സ്ത്രീപക്ഷത്തു നിന്ന് ഇടപെട്ട് പരിചയമുള്ള ആള്‍. ലൈംഗിക പീഡനത്തില്‍ നിന്ന് അസംഘടിത മേഖലയിലെയും ചെറിയ സ്ഥാപനങ്ങളിലെയും സ്ത്രീജീവനക്കാരെ രക്ഷിക്കാന്‍ ഓരോ ജില്ലയിലും ജില്ലാ വനിതാ ശിശുക്ഷേമ ഓഫീസര്‍ എല്‍സി രൂപീകരിക്കണം. പരാതികള്‍ സ്വീകരിക്കാവുന്നത്: പത്ത് തൊഴിലാളികളില്‍ കുറവുള്ള സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നിന്ന്; പരാതി തൊഴിലുടമയ്ക്ക് എതിരേ തന്നെ ആയിരിക്കുമ്പോള്‍; വീട്ടുജോലിക്കാരില്‍ നിന്ന്. സാമൂഹിക പ്രവര്‍ത്തന പരിചയവും സ്ത്രീകളുടെ കാര്യത്തില്‍ പ്രതിബദ്ധതയുമുള്ള അധ്യക്ഷയ്ക്കു പുറമേ രണ്ട് അംഗങ്ങളും ഒരു എക്‌സ് ഒഫീഷ്യോ അംഗവും ഉണ്ടാകാം. അംഗങ്ങള്‍: ജില്ലയിലെ പ്രാദേശിക ജനപ്രതിനിധി അല്ലെങ്കില്‍ സാമൂഹിക സംഘടനയില്‍ നിന്നോ സര്‍ക്കാരിതര സന്നദ്ധ സംഘടനയില്‍ നിന്നോ നാമനിര്‍ദേശം ചെയ്യുന്ന സ്ത്രീപക്ഷ പ്രവര്‍ത്തന പശ്ചാത്തലമുള്ള ആള്‍; നിയമപരിജ്ഞാനം ഉള്ളയാള്‍; അല്ലെങ്കില്‍ ലെംഗി പീഡനക്കേസുകളില്‍ സ്ത്രീപക്ഷത്തു പ്രവര്‍ത്തിച്ച പരിചയമുള്ള ആള്‍. ഇവരില്‍ ഒരാളെങ്കിലും സ്ത്രീ ആയിരിക്കണം. ജില്ലയിലെ സാമൂഹിക നീതി, അല്ലെങ്കില്‍ സ്ത്രീകളും കുട്ടികളുടെയും ക്ഷേമവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കണം എക്്‌സ് ഒഫീഷ്യോ അംഗം. നിയമത്തിന്റെ വിശദാശങ്ങള്‍ അറിയാത്തതല്ല, അതിനോടുള്ള പ്രതിബദ്ധതക്കുറവാണ് പ്രശ്‌നം. ഒന്നാമതായി ഉണ്ടാകേണ്ടത് അതിശക്തമായ രാഷ്ട്രീയ തീരുമാനമാണ്. ഞങ്ങളിതു ചെയ്തിരിക്കും എന്ന് തീരുമാനിച്ചുറപ്പിച്ച് കേരളത്തിലെ ഭരണ രാഷ്ട്രീയനേതൃത്വം ഇറങ്ങിത്തിരിച്ചാല്‍ നിയമത്തിനു പല്ലും നഖവും മുളയ്ക്കുക തന്നെ ചെയ്യും.

സമകാലിക മലയാളം 24 Mar 2025 5:16 pm

ആത്മാഭിമാനം നഷ്ടപ്പെട്ടപ്പോള്‍ പൊലീസുകാര്‍ ചെയ്തത്

കു റച്ചുനാളായി കണ്ണൂര്‍-തലശേരി മേഖലകളില്‍ നിന്ന് രാഷ്ട്രീയ അക്രമങ്ങളുടെ വാര്‍ത്തകള്‍ കുറവായിരുന്നു. തീരെ ഇല്ല എന്നു പറഞ്ഞുകൂടാ. എന്നാലും ഉത്സവച്ചൂടുകൂടുന്ന ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ എപ്പോഴും കുറച്ച് ഉരസലുകള്‍ പതിവാണ്. തെയ്യത്തിന്റെയോ കളിയാട്ടത്തിന്റെയോ കാവുകളില്‍ എത്തുന്ന സംഘങ്ങള്‍ പരസ്പരം കൊമ്പുകോര്‍ക്കുന്നതും കയ്യാങ്കളിയിലേക്കു നയിക്കുന്നതുമെല്ലാം പതിവാണ്. കുറച്ചുദിവസം മുമ്പ് കൂത്തുപറമ്പിനടുത്തെ കൊളവല്ലൂരില്‍ ഉത്സവസ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. അവിടെ വടക്കേ പൊയിലൂരിലെ മുത്തപ്പന്‍ മടപ്പുരയിലെ ഉത്സവത്തിനിടെ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അത് അടിപിടിയും വെട്ടുംകുത്തുമായി. ഒരു ബി.ജെ.പി. പ്രവര്‍ത്തകന്‍ വെട്ടേറ്റ് ഗുരുതരനിലയിലായി. നിരവധി പേര്‍ക്ക് മര്‍ദ്ദനത്തില്‍ പരിക്കേറ്റു. തലശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ മേഖലകളിലെ പൊലീസുകാര്‍ക്ക് ഇതൊരു പൊല്ലാപ്പാണ്. ഇത്തരം സംഘര്‍ഷങ്ങളില്‍ ഒരു വശത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണെങ്കില്‍ പറയുകയും വേണ്ട. ഇലയ്ക്കും മുള്ളിനും കേടില്ലാതെ, തീര്‍ക്കേണ്ടിവരും പ്രശ്‌നം. ഇതിനിടയില്‍ കാക്കി യൂണിഫോമിന്റെ വില, ചെയ്യുന്ന ജോലിയുടെ ആത്മാര്‍ഥത, തുടങ്ങിയ അസ്‌കിതകളൊക്കെയുള്ളവര്‍ക്ക് ചിലപ്പോള്‍ തട്ടുകിട്ടിയേക്കും. ഇതെല്ലാം ചുരുട്ടിക്കെട്ടി പെട്ടിയിലാക്കി, എന്തുനടന്നാലും കണ്ടില്ല, കേട്ടില്ല എന്നൊക്കെയുള്ള ഭാവത്തില്‍ പോയാല്‍ കച്ചറ പുരളാതെ പോകാം. അടിപിടികളില്‍ മാത്രമല്ല, പലപ്പോഴും കൊലപാതകക്കേസുകളില്‍ വരെ പൊലീസുകാര്‍ ഈ നയതന്ത്രമാണ് സ്വീകരിക്കാറ്. നമുക്ക് ഇതിലൊന്നും അഭിപ്രായം പറയാനില്ല, ആര്‍ക്കെങ്കിലും കുറ്റവാളികളെ പിടിക്കണമെന്നുണ്ടെങ്കില്‍ പിടിക്കട്ടെ. പാര്‍ട്ടിക്കാര്‍ക്ക് ദയതോന്നി കുറച്ച് ആളുകളെയൊക്കെ കൊണ്ടുതന്നാല്‍ അന്വേഷിച്ചുതരാം എന്ന മട്ട്. കഴിഞ്ഞമാസം, തലശ്ശേരി തിരുവങ്ങാട് മണോളിക്കാവില്‍ ഇതുപോലൊരു സംഭവമുണ്ടായി. മണോളിക്കാവില്‍ രാത്രി തമ്പുരാട്ടിയെയും ചോമപ്പനെയും കാവില്‍ കയറ്റുന്ന ചടങ്ങ് നടക്കുകയായിരുന്നു. ഇതിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചതാണ് വേറൊരു വിഭാഗത്തെ ചൊടിപ്പിച്ചത്. ബി.ജെ.പി. പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തത് വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തി. അവിടത്തെ ഉത്സവത്തിനിടയിലെ സംഘര്‍ഷം കുറച്ചു നീണ്ടുപോയി. സംഘര്‍ഷത്തിനിടയില്‍ പൊലീസ് സംയമനം പാലിച്ചുനിന്നുവെങ്കിലും കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോള്‍ ഇടപെടാതിരിക്കാന്‍ പറ്റിയില്ല. എന്തുചെയ്യാം, കാക്കിയിട്ടുപോയില്ലെ? വലിയ ജനത്തിരക്കുള്ള ഉത്സവ സ്ഥലത്ത് സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ തലശ്ശേരി എസ്.ഐ. ടി.കെ.അഖിലും സംഘവും ഇരുകൂട്ടരെയും പിടിച്ചുമാറ്റി. ഇതിനിടെ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമം പൊലീസിന് നേരെയാക്കി. ഒരുസംഘം സി.പി.എം. പ്രവര്‍ത്തകര്‍ എസ്.ഐ. അഖിലിനെ കോളറില്‍ പിടിച്ചുവലിച്ച് കഴുത്തിന് കുത്തിപിടിച്ച് കൈപിടിച്ച് തിരിച്ച് മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും കിട്ടി കുറച്ച് തല്ല്. സംഘര്‍ഷരംഗത്തേക്കിറങ്ങിയ പൊലീസുകാരെ അവിടെയുള്ളവര്‍ തടഞ്ഞു. 'ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത്, കളിച്ചാല്‍ ഒറ്റയെണ്ണം സ്റ്റേഷനില്‍ ഉണ്ടാവില്ല' എന്ന് അക്രമിസംഘം പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചു. പിറ്റേന്ന് ഉച്ചയ്ക്ക് ഘണ്ടാകര്‍ണ്ണന്‍ തെയ്യം നടക്കുന്നതിനിടയില്‍ ഇതേ ആളുകള്‍ തന്നെ സ്ത്രീകളെ ശല്യം ചെയ്യുന്നത് കണ്ടതിനെതുടര്‍ന്ന് മാറി നില്‍ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതാണ് അടുത്ത സംഭവം. എന്നാല്‍ പൊലീസിനോട് ഇവര്‍, മാറ്റാന്‍ പറ്റുമെങ്കില്‍ മാറ്റിക്കോ എന്നാണ് പറഞ്ഞത് എന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവസ്ഥലത്തുനിന്ന് തലേന്ന് രാത്രിയിലെ കേസിലെ പ്രതിതന്നെയാണ് ഇതിലും എന്ന് തിരിച്ചറിഞ്ഞതോടെ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ. വി.വി ദീപ്തി ഇയാളെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റി. അപ്പോഴേക്കും സി.പി.എം പ്രവര്‍ത്തകര്‍ വീണ്ടും സംഘടിതരായി എത്തുകയും പ്രതിയെ ബലമായി ജീപ്പില്‍ നിന്ന് ഇറക്കുകയും ചെയ്തു. എസ്.ഐ. ദീപ്തിയെ അസഭ്യം പറയുകയും തള്ളിയിടുകയും ചെയ്തു. ക്ഷേത്രത്തിന്റെ ഗേറ്റ് പൂട്ടി 'ഒരുത്തനും (ഇതിനിടയില്‍ ഒരു അസഭ്യം) പുറത്ത് പോകേണ്ട' എന്ന് ആക്രോശിക്കുകയും ചെയ്തു. ഇതിനിടയില്‍ കൂടെയുണ്ടായിരുന്ന പൊലീസുകാര്‍ക്കും പരിക്കേറ്റു. എസ്.ഐ.മാരായ അഖിലും ദീപ്തിയും നല്‍കിയ പരാതിയില്‍ 87 സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. പക്ഷേ, പൊലീസിറങ്ങിയത് പാര്‍ട്ടിക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. പാര്‍ട്ടിഭരിക്കുമ്പോള്‍ പാര്‍ട്ടിഗ്രാമത്തില്‍ പൊലീസ് ഇടപെടുകയോ? അപ്പോള്‍ ഇവിടെ ഞങ്ങളെന്തിനാണ് എന്ന നിലപാട്. പഞ്ചായത്തിനായി വന്യജീവിയെ കൊന്നാല്‍ ആരാണ് ഉത്തരവാദി? 'ഞങ്ങളാണ് കേരളം ഭരിക്കുന്നത്' എന്നത് കേരളത്തിലെ ക്രമസമാധാനപാലകര്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന മുന്നറിയിപ്പാണ്. 'കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവിലെ കാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളുണ്ട്. കളിക്കാന്‍ നിന്നാല്‍ ഒരൊറ്റെയെണ്ണം തലശ്ശേരി സ്‌റ്റേഷനില്‍ ഉണ്ടാവില്ല' എന്നത് ഇപ്പോള്‍ തലശ്ശേരിയിലെ ഓരോ പൊലീസുകാരന്റെയും കാതില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടാകും. പൊതുസ്ഥലത്ത് സിനിമയിലെ പോലെ പൊലീസിനെ കയ്യേറ്റം ചെയ്യാന്‍ അക്രമികള്‍ക്ക് ധൈര്യം കൊടുത്തതും ഈ പ്രസ്താവനയ്ക്ക് പിറകിലെ ആത്മവിശ്വാസമാണ്. എന്നാല്‍ അതല്ല സംഭവത്തിലെ സസ്‌പെന്‍സ്. പൊലീസിന്റെ കൃത്യം തടസപ്പെടുത്തിയ പാര്‍ട്ടി അക്രമികളെ ഭരണകൂടമോ രാഷ്ട്രീയനേതൃത്വമോ ശാസിക്കുമെന്നാവും നീതിബോധമുള്ളവരും സമാധാനകാംക്ഷികളുമൊക്കെ പ്രതീക്ഷിച്ചിട്ടുണ്ടാവുക. എന്നാല്‍ അതല്ല പിന്നീട് കാണുന്ന സീന്‍. മാനം നഷ്ടപ്പെട്ട് അഭിമാനത്തില്‍ മുറിവേറ്റ് നില്‍ക്കുന്ന പൊലീസുകാര്‍ക്ക് വീണ്ടുമതാ മറ്റൊരു തട്ട്. സംഭവത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മറ്റു സ്‌റ്റേഷനുകളിലേക്ക് സ്ഥലംമാറ്റം. പാര്‍ട്ടിക്കാര്‍ക്ക് സന്തോഷമുണ്ടാകുന്ന കാര്യങ്ങള്‍ ചെയ്യുകയാണല്ലോ സര്‍ക്കാര്‍ ചെയ്യേണ്ടത്. അക്രമികളുടെ ഭീഷണിയെ ശരിവെക്കുന്ന രീതിയില്‍ പൊലീസുകാര്‍ക്ക് അര്‍ഹമായ ശിക്ഷ. രണ്ടാഴ്ചയ്ക്ക് ശേഷം എസ്.ഐ. അഖിലിനെയും എസ്.ഐ. ദീപ്തിയെയും തലശ്ശേരി സ്റ്റേഷനില്‍ നിന്ന് സ്ഥലം മാറ്റി ഉത്തരവ് വന്നു. കളിക്കാന്‍ നിന്നാല്‍ ഒറ്റയെണ്ണെം തലശേരി സ്റ്റേഷനില്‍ ഉണ്ടാവില്ല എന്ന, അക്രമം നടത്തിയ സി.പി.എം. പ്രവര്‍ത്തകന്റെ പരസ്യവെല്ലുവിളി ആഭ്യന്തരവകുപ്പ് നടപ്പാക്കി കൊടുക്കുന്നതാണ് കണ്ടത്. സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഇത് ആത്മരോഷവും അഭിമാനക്ഷതവും ഉണ്ടാക്കിയെങ്കിലും പൊലീസ് സേനയായതിനാല്‍ പരസ്യമായി പറയാന്‍ കഴിയില്ലല്ലോ എന്ന നിസഹായതയും. പക്ഷേ, എല്ലാറ്റിനുമപ്പുറം ആത്മാഭിമാനമാണല്ലോ വലുത് എന്ന് വിശ്വസിക്കുന്ന പൊലീസിലെ സഹപ്രവര്‍ത്തകര്‍, എസ്.ഐമാര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ സമ്മാനിച്ച സ്‌നേഹോപഹാരത്തില്‍ ഇങ്ങനെ എഴുതി: 'ചെറുത്ത്‌നില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്ത് കാട്ടിയ പ്രിയ സബ്ഇന്‍സ്‌പെക്ടര്‍ക്ക് തലശ്ശേരി പൊലീസ് സ്‌റ്റേഷന്റെ സ്‌നേഹാദരം'.

സമകാലിക മലയാളം 22 Mar 2025 12:44 pm

'എന്റെ വിവരക്കേടും ഔദ്ധത്യവും; മാപ്പ് തരിക'

ആധുനിക കേരളത്തിന്‍റെ രൂപീകരണത്തില്‍ മുഖ്യപങ്കുവഹിച്ച ഇഎംഎസ് വിടപറഞ്ഞിട്ട് ഇന്ന് 27 വര്‍ഷം എ ന്റെ വാക്കുകള്‍ ഉറങ്ങുന്നു. എന്റെ കലാപം അവസാനിച്ചു. നാമൊക്കെ ചെന്നുചേരേണ്ട ആ സൗമ്യമണ്ഡലത്തില്‍ താങ്കള്‍ എന്റെ മുന്‍പേ പോകുന്നത് ഞാന്‍ അറിവുകളില്ലാതെ അറിയുന്നു. ഞാന്‍ ആവര്‍ത്തിക്കട്ടേ, അറിവുകള്‍ ഇല്ലാത്ത അറിവ്. മറിച്ചു പറഞ്ഞാല്‍ അറിവില്ലാത്ത അറിവുകള്‍. ഈ അറിവുകളുടെ മൗഢ്യത്തില്‍ തളയ്ക്കപ്പെട്ട നാം നമ്മുടെ ദുര്‍ഗതിയെന്താണെന്ന് അറിയാന്‍ കഴിയാഞ്ഞ് നമ്മുടെ പരിസരത്തോടും നമ്മോടു തന്നേയും കലഹിച്ചു. ക്രമേണ, കലഹം മടുത്ത്, നമ്മുടെ വിവേചനശക്തിയെ മായികമായ ഔന്നത്യത്തില്‍ മറഞ്ഞിരുന്ന ആ മഹാനേതാവില്‍- ജോസഫ് സ്റ്റാലിനില്‍- അര്‍പ്പിച്ചു. അത് ദാസ്യമായിരുന്നു എന്ന് നാം മനസ്സിലാക്കിയില്ല. ഈ ഒറ്റ മനുഷ്യന്‍ വിപ്ലവത്തിന്റെ മിഥോളജിയില്‍ ഒളിഞ്ഞുപാര്‍ത്ത് അതിന്റെ ഉപകഥാപാത്രങ്ങളെ സാഹസങ്ങളിലേക്കും മരണത്തിലേക്കും അയച്ചു. റോസന്‍ബെര്‍ഗ് ദമ്പതികള്‍ ആസന്നമായ വിമോചനത്തിന്റെ ഹര്‍ഷാരവം അനുഭവിച്ചുകൊണ്ട്, ഇലക്ട്രിക് ചെയറിലേക്ക് നടന്നു. ജ്യൂലിയസ് ഫ്യൂച്ചിക്ക് അതേ ധര്‍മ ദര്‍ശനത്തിന്റെ സുഖജ്വരത്തില്‍ തന്റെ ജീവന്‍ നടന്നുതീര്‍ത്തു. കേരളത്തിന്റെ മൂലകളില്‍ രക്തസാക്ഷിത്വം ആവശ്യമില്ലാതെ മുള പൊട്ടി. അങ്ങ് ഈ മുളപൊട്ടലിന്റെ താത്ത്വികാചാര്യനായിരുന്നു. ഈ വ്യര്‍ത്ഥതയുടെ ഭാരം താങ്കളില്‍ ചാരാന്‍ എന്റെ എഴുത്തില്‍ ഞാന്‍ ശ്രമിച്ചിരുന്നു. എന്റെ വിവരക്കേടും ഔദ്ധത്യവും; മാപ്പ് തരിക. താങ്കളുടെ ജീവിതത്തിന്റെ ഈ അതിരോളം ഒരു സഹയാത്രികനായി വീണ്ടും അതിനെ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നു. താങ്കള്‍ ഒരു സന്ദേഹിയല്ലാതിരിക്കാന്‍ തരമില്ല. സന്ദേഹമാണല്ലോ പരമമായ സാഹസം. ആരാണതിനെ തടയുന്നത്? സ്റ്റാലിനിസം വരുത്തിവെച്ച കെടുതികളിലേക്ക് നമ്മുടെ ഓര്‍മ്മകള്‍ മടങ്ങുന്നു. ചരിത്രത്തിന്റെ തെളിവില്‍ ചോദ്യവും ഉത്തരവും നമ്മെ വലംവെച്ചു പറന്ന വര്‍ഷങ്ങളില്‍ താങ്കള്‍ ഒരാള്‍ ഒരു കടുംപിടിത്തത്തിനുവേണ്ടി പാഴ്‍ച്ചെലവിട്ടിരിക്കാന്‍ ഇടയില്ല. എന്നാല്‍, ഈ പ്രസ്ഥാനത്തിന്റെ പുതുമയില്‍ അടങ്ങിയ നിരവധി വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യാനുള്ള കെല്പ് താങ്കള്‍ക്ക് ഉണ്ടായിരുന്നു എന്നതാണ് സത്യം. പ്രസ്ഥാനത്തിന്റെ കാലാള്‍പ്പട ഈ കെല്‍പിനെ ഉപയോഗിക്കുകയും ചെയ്തു. അങ്ങ് ഗ്രന്ഥശേഖരങ്ങള്‍ക്കിടയിലേക്ക് പതുക്കെപ്പതുക്കേ നീക്കപ്പെട്ടു. താങ്കളുടെ സായന്തനവര്‍ഷങ്ങള്‍ക്ക് യോജിച്ചതായിരുന്നു ഈ നിര്‍ബന്ധവിശ്രമം എന്നു വേണമെങ്കില്‍ പറയാം. ക്ഷീണിതമായ ഉടലിനകത്ത് തീവ്രമായ കൗതുകങ്ങള്‍ കത്തിയെരിഞ്ഞു. ബുദ്ധിയുടെ ഈ മഹാസിദ്ധികളെ പാഴ്ച്ചെലവിട്ടതില്‍ നമുക്കും ഒരു പങ്കുണ്ട്. സഖാവിന്റെ പ്രതിഭയ്ക്ക് തുല്യമായ ഒരു വെല്ലുവിളി വന്നത്, (ഉചിതമായ എന്നുപറയട്ടേ) ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയിലൂടെയായിരുന്നു. ഈ തകര്‍ച്ച ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടനമായിരുന്നില്ല. കക്ഷിരാഷ്ട്രീയത്തിനും മുകളിലുള്ള ക്രാന്തദര്‍ശിത്വം. സിപിഐ: സമരങ്ങളുടേയും സഹനങ്ങളുടേയും നൂറ്റാണ്ട് ഒരു സംസ്‍ക്കാരവലയത്തിന്റെ അവസാനമാണ് നാമിന്നു കാണുന്നത്. സഖാവിന്റെ അന്വേഷണത്തിന് വിധേയമാകേണ്ടതായിരുന്നത്. അന്ത്യയാത്രയില്‍ താങ്കളെ ഒരു മഹാതരംഗം അനുഗമിച്ചു- സാധാരണ കേരളീയന്റെ സ്നേഹം. ആ തരംഗത്തെ അപഗ്രഥിക്കാനാവില്ല. ഒരായുഷ്‍ക്കാലത്തെ സാധനയുടെ ഉറവയാണ് ഈ സ്നേഹം. (1998 ഏപ്രില്‍ മൂന്ന് ലക്കത്തില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം 19 Mar 2025 2:09 pm

ഒരു കമ്യൂണിസ്റ്റിന്റെ രാമരാജ്യം

ഹി ന്ദു ഏകതയാണ് സംഘ് പരിവാര്‍ മുദ്രാവാക്യം. ഐക്യം എന്നതല്ല എന്ന് ശ്രദ്ധിക്കുക. കേരളത്തില്‍ ഒരു ഹിന്ദു ഐക്യവേദി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളനവോത്ഥാനം ഹൈന്ദവരുടെ ഐക്യത്തിലൂടെ എന്നതാണ് അവരുടെ മുദ്രാവാക്യം. സത്യാനന്ദസരസ്വതിയുടേയും കുമ്മനം രാജശേഖരന്റേയും നേതൃത്വത്തില്‍ രൂപംകൊണ്ട നിരവധി ഹിന്ദു സംഘടനകളുടെ ഒരു വിശാലവേദിയാണ് അത്. ഐക്യമെന്ന വാക്കാണ് അവര്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ഹിന്ദു ഏകത എന്ന ആശയത്തെയല്ല പിന്താങ്ങുന്നത് എന്ന് വിചാരിക്കരുത്. വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുംവിധം ഉപയോഗിക്കുക എന്നത് ഫാഷിസ്റ്റുകളുടെ രീതിയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഫാഷിസ്റ്റ് പാര്‍ട്ടിയായ ജര്‍മന്‍ നാഷണല്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പേരില്‍ സോഷ്യലിസവും തൊഴിലാളിയുമൊക്കെ ഉണ്ടായിരുന്നു. നവോത്ഥാനം Reformation എന്ന് അവര്‍ പറയുമ്പോഴൊക്കെ പുനരുത്ഥാനം Revivalism ആണ് ഉദ്ദേശിക്കുന്നത് എന്നത് മറ്റൊരു ഉദാഹരണം. ഏകത എന്ന പദത്തിനെന്താണ് കുഴപ്പം? ഏകത എന്നത് ഏകീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന ഒന്നാണ് എന്നതാണ് കുഴപ്പം. ഐക്യം വൈവിദ്ധ്യത്തെ അംഗീകരിക്കുമ്പോള്‍ ഏകത വ്യത്യസ്തതകളെ ഇല്ലാതാക്കുന്നു. നല്ലതല്ലേ എന്ന് ചോദിച്ചേക്കാം. എപ്പോഴും അല്ല എന്നാണ് ഉത്തരം. ഇന്ത്യയില്‍ നിലനിന്നുപോരുന്നതും എന്നാല്‍ ആധുനികതയുടെ മൂല്യങ്ങളുടെ വരവോടെ ചോദ്യംചെയ്യപ്പെട്ടതുമായ ഒരു ശ്രേണീബദ്ധവ്യവസ്ഥയുണ്ട് ഇന്ത്യന്‍ സമൂഹത്തില്‍. ബ്രാഹ്മണനാണ് അതിന്റെ നേതൃത്വം. അത് മാറിയ കാലത്തിന് അനുസരിച്ച് പുതിയതാക്കിത്തീര്‍ക്കുക എന്നതാണ് ഏകത കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്നുവട്ടം തുടര്‍ച്ചയായി അവര്‍ രാജ്യഭരണം പിടിച്ചെടുത്തു എന്നതുകൊണ്ടുമാത്രം ഹിന്ദു ഏകത സാദ്ധ്യമായി എന്ന നിഗമനത്തിലെത്താനാകില്ല. ഹിന്ദു ഏകതയ്ക്ക് തടസ്സമേതാണ് എന്നു ചോദിച്ചാല്‍ അതിനുത്തരം ഹിന്ദുയിസമെന്നു വിളിക്കുന്ന മതത്തിന്റെ അയഞ്ഞഘടനയും നിഷ്‌കര്‍ഷതകളില്ലായ്മയുമാണ്. ഈ അയഞ്ഞ ഘടനയേയും കാര്‍ക്കശ്യമില്ലായ്മയേയും മനസ്സിലാക്കുന്നതില്‍ അതിഹൈന്ദവികതയെ എതിര്‍ക്കുന്നവരും ഒരുപോലെ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് കൗതുകകരം. മാംസം കഴിക്കുന്ന കശ്മീരി ബ്രാഹ്മണനും മാംസം കഴിക്കാത്ത ദലിത് വിഭാഗങ്ങളും ഹിന്ദുക്കളിലുണ്ട്. മത്സ്യം ഭക്ഷിക്കുന്ന ബ്രാഹ്മണനും മത്സ്യം ഭക്ഷിക്കാത്ത ബ്രാഹ്മണനും അതിനുള്ളില്‍ തന്നെയുണ്ട്. രാമനെന്ന പോലെ രാവണനും ഹിന്ദുമതവിശ്വാസികള്‍ക്കിടയില്‍ സ്ഥാനമുണ്ട്. കൊല്ലം ജില്ലയിലെ മലനടയിലാണ് സുയോധനന് ക്ഷേത്രമുള്ളത്. ഹിന്ദുമത സങ്കല്പങ്ങളില്‍ നായകനും പ്രതിയോഗിയുമെല്ലാം ഏതോ അലംഘനീയ വിധിയുടെ ചരടുകളാല്‍ ബന്ധിക്കപ്പെട്ട് ഒരു പാവനാടകത്തിലെന്ന പോലെ ചലിക്കുന്നു. കര്‍മപാശം എന്നതാണ് ഈ ചരടിനു വിളിപ്പേര്. അബ്രഹാമിക മതങ്ങളില്‍ സമത്വം എന്ന സങ്കല്പമുണ്ട്. ദൈവത്തിന്റെ സൃഷ്ടികള്‍ക്കിടയില്‍ ഉച്ചനീചത്വങ്ങളുണ്ടാകരുതെന്നാണ്. മനുഷ്യനെ ദൈവം തന്റെ രൂപത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ബൈബിള്‍. ആയതിനാല്‍ ഓരോ മനുഷ്യനിലും ദൈവത്തിനെ കാണാനുള്ള ഒരു പഴുതുണ്ട്. ആ പഴുതിലൂടെ ഒരുപരിധിവരെ സമത്വം എന്ന രാഷ്ട്രീയ സങ്കല്പത്തെ വീക്ഷിക്കാനാകും. എന്നാല്‍ ഹിന്ദുമതത്തില്‍ സമത ഇല്ല. മറിച്ച് സെമിറ്റിക് മതങ്ങളിലൊക്കെയുള്ള സമത എന്ന ആശയത്തില്‍ നിന്നും ഒരുപടി കൂടി കടന്ന് ഭേദാഭേദചിന്തകളില്ലാത്ത അദൈ്വതദര്‍ശനമുണ്ട്. 'ഒന്നിനേയും കൊല്ലരുതെന്ന്' പറയുന്നത് വാച്യാര്‍ത്ഥത്തിലെടുത്ത് പ്രായോഗികമാക്കാന്‍ ശ്രമിക്കുന്നതുപോലെ ഒട്ടും എളുപ്പമല്ലാത്ത ഒന്നാണ് ഈ ദര്‍ശനമനുസരിച്ച് ജീവിക്കുന്നത്. പ്രയാസകരമായ ഈ സംഗതിയെ മറയാക്കിയാണ് സമൂഹത്തില്‍ ഉച്ചനീചത്വം വളര്‍ത്തിയെടുത്തത്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് മിഥോളജിസ്റ്റും എഴുത്തുകാരനുമായ ദേവ്ദത്ത് പട്ടനായിക് വിശദീകരിക്കുന്നുണ്ട്. അബ്രഹാമിക മതങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഹിന്ദുമതം. പട്ടനായിക് ചൂണ്ടിക്കാണിക്കുന്നത് വൈവിധ്യത്തിലാണ് ഹിന്ദുമതം തെഴുത്തത് എന്നാണ്. വിവിധങ്ങളായ സമൂഹങ്ങളുടെ ഒരു സഞ്ചയമാണത്. ഓരോ സമൂഹത്തിനും അതിന്റേതായ ദൈവങ്ങളുണ്ട്. സ്വന്തം നിയോഗങ്ങള്‍, സവിശേഷവിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവയൊക്കെ ഉണ്ട്. ഓരോന്നും അതുല്യമാണ്. വിഭവങ്ങള്‍ക്കായുള്ള മത്സരവും ഈ സമൂഹത്തിലുണ്ട്. അതുകൊണ്ടുള്ള പിരിമുറുക്കവുമുണ്ട്. തന്‍മൂലം അസ്ഥിരസ്വഭാവമുള്ള ശ്രേണീബദ്ധത (Hierarchy) നിലനില്‍ക്കുന്ന ഒരു വലിയ ജനസഞ്ചയമാകുന്നു ഹിന്ദുമതം. അതുകൊണ്ടുതന്നെ ഈ ജനസഞ്ചയത്തിലെ ചില സമൂഹങ്ങളും അവരുടെ ചില ദൈവങ്ങളും മറ്റുള്ളവയേക്കാള്‍ പ്രാധാന്യം നേടുന്നുണ്ട്. എന്നാല്‍ അത് എന്നെന്നേക്കുമായി അങ്ങനെയല്ല എന്നും പട്ടനായിക് പറയുന്നു. ഏതെങ്കിലും ഒരു സമൂഹമോ അവരുടെ ദൈവമോ എപ്പോഴും അതിന്റെ കേന്ദ്രത്തിലുണ്ടാകും. ഒരു തൊഴിലിടത്തില്‍ മേല്‍നോട്ടത്തിനു അധികാരമുള്ളയാള്‍ മാറിമാറിവരുംപോലെ അവര്‍ മാറിമാറി വരും. തൊഴിലിടത്തിലെ കഴിവുള്ള ഏതു തൊഴിലാളിക്കും മേല്‍നോട്ടത്തിനു അധികാരിയാകാമല്ലോ. ഒരു നിലയ്ക്കുള്ള ചലനാത്മകത ആ വ്യവസ്ഥക്കുണ്ട്. എന്നാല്‍ ഈ ചലനാത്മകത നഷ്ടമാകുമ്പോള്‍ ഒരാള്‍ എല്ലാകാലത്തും അധികാരിയായിരിക്കുന്നതാണ് ഫലം. അന്നേരം നടക്കുന്നത് അസമത്വത്തിന്റെ സ്ഥാപനവല്‍ക്കരണമാണ്. വൈവിധ്യമാര്‍ന്ന സമൂഹങ്ങളുടെ ഒരു സഞ്ചയമായ ഹിന്ദുമതത്തില്‍ ആയിരക്കണക്കിന് ജാതികള്‍ എല്ലാകാലത്തും ഈ മേലധികാരത്തിനായി മത്സരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഓരോ ജാതികളും താന്താങ്ങളെ സൈദ്ധാന്തികമായി ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് നിര്‍ബന്ധിതമായി സംയോജിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചരിത്രത്തിന്റെ ചില ഘട്ടങ്ങളില്‍ ഈ മത്സരം നിലയ്ക്കുന്നു. അതോടെ ചലനാത്മകത നഷ്ടമാകുന്നു. അസമത്വം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. അപ്പോഴാണ് ചണ്ഡാലനായി പിറക്കുന്നതും ഭൂസുരനായി പിറക്കുന്നതും കര്‍മഫലം കൊണ്ടെന്ന ന്യായീകരണം ഉണ്ടാകുന്നത്. ഒ.വി.വിജയന്റെ 'ഗുരുസാഗര'ത്തില്‍ കുഞ്ഞുണ്ണി തന്റെ അച്ഛനോട് എന്തുകൊണ്ടാണ് വലംകയ്യനായ കര്‍ഷകന്റെ പ്രഹരം മുഴുവന്‍ എന്നും വലതുവശത്ത് നില്‍ക്കുന്ന പോത്തിന് എന്നു ചോദിക്കുന്നുണ്ട്. 'അത് അതിന്റെ കര്‍മഫലമാണ്' എന്നാണ് മറുപടി. അനന്തകാലങ്ങളുടേയും നൈരന്തര്യങ്ങളുടേയും നാല്‍ക്കവലയില്‍ മനുഷ്യരെ പ്രതിഷ്ഠിച്ച് വിധിഹിതമേവനും തടുത്തുകൂടാ എന്ന് ഉറക്കെ കരയാനാണ് എന്നും ഔപചാരികമതം ഭാരതീയരെ പഠിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഈ ചലനാത്മകതയും ജാതിസമൂഹങ്ങളുടെ അതുല്യതയും മുന്‍നിര്‍ത്തി നിരവധി പോരാട്ടങ്ങള്‍ ഹിന്ദുമതത്തിനുള്ളില്‍ തന്നെ ഉണ്ടായിട്ടുണ്ട്. ഭക്തിപ്രസ്ഥാനം മുതല്‍ നവീനാദ്വൈതികള്‍ നയിച്ച സാമൂഹികപരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ വരെ അതിന്റെ ഭാഗമാണ്. പ്രവാചകനില്ലാത്ത ഹിന്ദുമതം വൈവിദ്ധ്യത്തിനു ഹിന്ദുമതം നല്‍കിയ ഊന്നല്‍ സാദ്ധ്യമാക്കിയതാണ് ഈ പ്രസ്ഥാനങ്ങളെ ഏറേയും. എല്ലാ പൗരന്മാരെയും തുല്യരായി കാണുകയും അവര്‍ക്ക് തുല്യ അവകാശങ്ങളും വിഭവങ്ങളില്‍ തുല്യ ഉടമസ്ഥതയും നല്‍കുന്ന 'പത്തുകല്‍പ്പനകളുടെ' ഒരു കൂട്ടമായിട്ടാണ് ഒരു നല്ല ഭരണഘടനയെ ശരിയ്ക്കും വിശേഷിപ്പിക്കേണ്ടത്. ലോകത്തെവിടേയും അബ്രഹാമിക മതങ്ങളുടെ കൂടി സംഭാവനയായ സമത്വസങ്കല്പങ്ങളാല്‍ പ്രചോദിതമായിട്ടു സൃഷ്ടിക്കപ്പെട്ട തുല്യ അവകാശങ്ങളെക്കുറിച്ചുള്ള ഭരണഘടനാസിദ്ധാന്തങ്ങളുടെ ഒരു പരിമിതി അതിനു വൈവിധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല എന്നതാണ്. പട്ടനായിക് ചോദിക്കുന്നതുപോലെ സമത്വം ഉദ്‌ഘോഷിക്കുന്ന ഒരു ഭരണഘടനയ്ക്ക് എങ്ങനെയാണ് സ്ത്രീപുരുഷ സമത്വം എന്ന തത്ത്വമോ ഭിന്നലൈംഗികതയേയോ അംഗീകരിക്കാത്ത മതങ്ങളോട് സമത്വപൂര്‍ണമായ പെരുമാറ്റം സുസാദ്ധ്യമാകുക? മനുഷ്യാന്തസ്സിനെ കൂട്ടാക്കാത്ത ജാത്യാചാരങ്ങളെ വിശ്വാസത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന മതത്തെ അംഗീകരിക്കാനാകുക? ഇന്ത്യയെന്ന ആശയം തന്നെ സമത്വസങ്കല്‍പത്തെ ആസ്പദമാക്കി പരിണമിച്ചുവന്ന ഒന്നാണ്. ഇന്ത്യപോലുള്ള ഒരു ജനാധിപത്യസമൂഹത്തില്‍ മത,വംശീയ,ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന സവിശേഷപരിഗണന കൂടിയാകുമ്പോള്‍ ഈ പ്രതിസന്ധി രൂക്ഷമാകുന്നു. സവിശേഷ പരിഗണന സമഭാവനയോടുള്ള സമീപനത്തിനു എതിരാണെന്ന ലളിതപാഠത്തില്‍ ഇന്ത്യക്കാര്‍ കുടുങ്ങിപ്പോകുന്നു. ന്യൂനപക്ഷ പ്രീണനം എന്ന മുദ്രാവാക്യം അങ്ങനെ വളരെ എളുപ്പത്തില്‍ ഭൂരിപക്ഷ മതസ്ഥര്‍ക്കിടയില്‍ വിലപ്പോകുന്നു. ഈ പ്രചാരണം അഴിച്ചുവിടുന്ന ഹിന്ദുത്വരാഷ്ട്രീയക്കാരെ നേരിടുന്നതില്‍ കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടുന്ന മതനിരപേക്ഷ ചേരി പരാജയപ്പെടുന്നത് വൈവിദ്ധ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാത്തതുകൊണ്ടു കൂടിയാണ്. ഹിന്ദുമതത്തിന്റെ വൈവിദ്ധ്യത, ചലനാത്മക നിലച്ചുപോകുമ്പോഴൊക്കെ അതിനുള്ളില്‍ വളരുന്ന ചെറുത്തുനില്‍പ്പുകള്‍ എന്നിവ മനസ്സിലാക്കുന്നതില്‍ സാര്‍വദേശീയമായ ഒരു മതനിരപേക്ഷ സങ്കല്പം കൊണ്ടുനടക്കുന്ന ഉദാരവാദികളെപ്പോലെ കമ്യൂണിസ്റ്റുകാരും പരാജയപ്പെട്ടിരിക്കുന്നു. ഒരു മര്‍ദ്ദനവ്യവസ്ഥയുടെ എല്ലാക്കാലത്തേക്കുമുള്ള സിദ്ധാന്തപരമായ ന്യായീകരണവും അതിന്റെ പ്രയോഗവുമല്ല ഹിന്ദുമതം എന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഹിന്ദുമതവും നിരന്തരപരിണാമസാദ്ധ്യത ഉള്ള ഒന്നാണ്. സത്യയുഗത്തിലേക്കുള്ള വാമമാര്‍ഗ്ഗം ഇന്ത്യയുടെ ആത്മാവെന്ത് എന്നറിഞ്ഞയാളായിരുന്നു ഗാന്ധിജി, അദ്ദേഹം സംസാരിച്ചത് ശരാശരി ഇന്ത്യക്കാരന്റെ 'ഇഡിയം' ഉപയോഗിച്ചായിരുന്നു. ഗാന്ധിജി ആവര്‍ത്തിച്ചുപയോഗിച്ചിരുന്ന രാമരാജ്യം എന്ന പ്രയോഗത്തിന്റെ സൂക്ഷ്മാര്‍ത്ഥമൊന്നും ഇന്ത്യയുടെ പൊതുബോധത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല ഇന്നോളം. ഒരു ആദര്‍ശാത്മകസമൂഹം എന്ന നിലയിലാണ് ഇന്ത്യക്കാര്‍ അതു മനസ്സിലാക്കിയിട്ടുള്ളത്. കാലഹരണപ്പെട്ടൊരു നീതിസംഹിത പ്രയോഗത്തിലിരിക്കുന്ന സമൂഹമാണ് രാമരാജ്യത്തിലേത് എന്ന് കമ്യൂണിസ്റ്റുകാര്‍ പറയും. എന്നാല്‍ 'ഭൂമിയില്‍ ഒരു രാമരാജ്യം സൃഷ്ടിക്കുക എന്നതാണ് കമ്യൂണിസത്തിന്റെ ലക്ഷ്യം' എന്ന് പണ്ട് ഒരു കമ്യൂണിസ്റ്റുകാരന്‍ പറഞ്ഞിട്ടുണ്ട്. സത്യ ഭക്ത. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നുവീണ കാണ്‍പൂര്‍ യോഗത്തിന് മുന്‍കൈയെടുത്ത കമ്യൂണിസ്റ്റായിരുന്നു രാജസ്ഥാനിലെ ഭരത്പൂരില്‍ ജനിച്ച ചഖന്‍ ലാല്‍ എന്ന സത്യ ഭക്ത. മറ്റൊന്നു കൂടി അദ്ദേഹം പറഞ്ഞു. വൈകാതെ പ്രളയം വരും, സത്യയുഗം പിറക്കും. മുതലാളിത്തത്തിന്റേയും കൊളോണിയല്‍ വാഴ്ചയുടേയും അന്ത്യം കുറിക്കപ്പെടുമെന്നും കമ്യൂണിസം വരുമെന്നൊക്കെയായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത മാവേലിനാട് എന്ന് മലയാളി പറയുന്നതുപോലെ. ഇന്ത്യയില്‍, വിശേഷിച്ചും ഉത്തരേന്ത്യയില്‍ മദ്ധ്യകാലഘട്ടത്തില്‍ പ്രബലമായ ഭക്തിപ്രസ്ഥാനവും കബീര്‍ദാസും തുളസീദാസുമെല്ലാം വാല്‍മീകി രാമായണത്തില്‍ നിന്നും വ്യത്യസ്തനായ ഒരു രാമനെയാണ് ജനമനസ്സുകളില്‍ പ്രതിഷ്ഠിച്ചത്. അല്ലാഹു എന്നതിനു പകരം രാമന്‍ എന്നോ രാമന്‍ എന്നതിനു പകരം അല്ലാഹ് എന്നോ പറയാമായിരുന്നു. അയോദ്ധ്യ എന്നാല്‍ യുദ്ധമില്ലാത്ത ഭൂമി എന്നുതന്നെയായിരുന്നു. വ്യവസ്ഥയുടെ മര്യാദകള്‍ പാലിച്ച പുരുഷോത്തമനെന്നതിലുപരി ഭക്തിപ്രസ്ഥാനത്തിന്റെ രാമന്‍ സാധാരണമനുഷ്യര്‍ക്ക് സങ്കടമോചകനായിരുന്നു. ഇന്ത്യന്‍ ജനമനസ്സുകളില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ഒരു വിമോചകനാണ് ഭക്തിപ്രസ്ഥാനത്തിന്റെ രാമനും കൃഷ്ണനുമെല്ലാം. കുടിയേറുന്നവരെല്ലാം ഭീകരവാദികളല്ല; ഉപരാഷ്ട്രപതി ട്രംപിനെ പ്രതിദ്ധ്വനിപ്പിക്കരുത് കമ്യൂണിസം നിരീശ്വരവാദപരമാണ്. അതുകൊണ്ട് രാമരാജ്യമെന്ന പ്രയോഗവും കമ്യൂണിസവും മോരും മുതിരയും പോലെ ചേരാത്തവയാണ്. എങ്കിലും ഹിന്ദുതീവ്രവാദികള്‍ ബ്രാഹ്മണ മതത്തെ നിശിതവിമര്‍ശനത്തിനിരയാക്കിയ എം.എന്‍. റോയിയേക്കാള്‍, ബി.ആര്‍.അംബേദ്കറേക്കാള്‍ ഭയന്നത് രാമമന്ത്രം സദാ ചുണ്ടില്‍ കൊണ്ടുനടന്ന സനാതനഹിന്ദുവായ ഗാന്ധിജിയെയാണ്. സ്വാതന്ത്ര്യത്തിന്റെ പ്രഭാതമുഹൂര്‍ത്തത്തില്‍ സ്വയം ബലിയായ അദ്ദേഹം മരിച്ചുവീഴുന്നത് രാമനാമം ഉച്ചരിച്ചുകൊണ്ടാണെന്ന വസ്തുത അവര്‍ക്ക് മറക്കാനാകില്ല. ഇന്ത്യന്‍ ജനതയ്ക്കും. ഹിന്ദുതീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ മതേതരത്വത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടതുണ്ടോ എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. കമ്യൂണിസം തന്നെയും എല്ലായ്‌പോഴും നിരീശ്വരവാദനിയമങ്ങളാല്‍ നിബന്ധിതമാണെന്ന് ഉറപ്പിച്ചുപറയാന്‍ പറ്റുമോ? ലാറ്റിന്‍ അമേരിക്കയില്‍ വിമോചനദൈവശാസ്ത്രം സ്വേച്ഛാധിപതികളെ കടപുഴക്കിയെറിയുന്നതില്‍ വലിയൊരു പങ്ക് വഹിച്ചിട്ടില്ലേ? കാമിലോ തോറെയെ പോലുള്ള മതപുരോഹിതര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം പോരാടി രക്തസാക്ഷിത്വം വഹിച്ചിട്ടില്ലേ? ഇറാനില്‍ ആദ്യം ഷാ പഹ്ലവിയ്‌ക്കെതിരേയും പിന്നീട് പുരോഹിത വാഴ്ചയ്‌ക്കെതിരേയും പോരാടിയ മുജാഹിദീന്‍ ഇ കല്‍ഖിനെ പോലുള്ള ഇസ്‌ലാമിസ്റ്റ് മാര്‍ക്‌സിസ്റ്റ് വിമോചനസംഘടനകളുണ്ടായിട്ടില്ലേ? ഒരു ഹിന്ദു വിമോചനദൈവശാസ്ത്രം എന്തുകൊണ്ട് ആലോചനയില്‍ വരുന്നില്ല. സത്യ ഭക്ത എന്ന മരണം വരെ വിശ്വാസിയല്ലാതെ തുടര്‍ന്ന കമ്യൂണിസ്റ്റുകാരന്റെ ജീവിതവും രാഷ്ട്രീയവും ഇക്കാര്യത്തില്‍ പരിഗണനയ്ക്കു വരേണ്ട സംഗതിയാണ്.

സമകാലിക മലയാളം 18 Mar 2025 2:32 pm

എന്തൊക്കെയാണ് കേരളത്തിലെ ഏറ്റവും നല്ല കാര്യങ്ങള്‍? ഈ പട്ടിക നോക്കൂ

പൊതുവെ കേരള സമൂഹത്തില്‍ വളരുന്ന അപചയങ്ങളെകുറിച്ചാണ് പലപ്പോഴും ചര്‍ച്ചകള്‍, മീഡിയ ചര്‍ച്ചകള്‍ കൂടുതല്‍. അതു കൊണ്ടു ചിലര്‍ കരുതും കേരളം ഏറ്റവും മോശം സ്ഥലമാണന്ന്. ലോകം മുഴുവന്‍ സഞ്ചരിച്ച, ഇപ്പോഴും സഞ്ചരിക്കുന്ന എനിക്ക് ഏറ്റവും മനോഹരമെന്നു പണ്ടും ഇന്നും തോന്നുന്ന ഇടം കേരളമാണ്. ഇവിടുത്തെ പച്ചപ്പ് എല്ലായിടത്തും കാണില്ല കേരളത്തിനു പുറത്ത്, ഇന്ത്യയില്‍ എല്ലായിടത്തും, ലോകത്തു മിക്കവാറും രാജ്യങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ എന്തൊക്കെയാണ് കേരളത്തിലെ നല്ല കാര്യങ്ങള്‍? കഴിഞ്ഞ മാസം ഞാന്‍ കുഭമേളയും യൂ പിയും സന്ദര്‍ശിച്ചു. അപ്പോഴാണ് കേരളത്തിന്റെ മഹത്വത്തെ കുറിച്ച് ചിന്തിച്ചത്. 1. കേരളത്തിലെ സോഷ്യല്‍ സോളിഡാരിറ്റി കേരളത്തില്‍ എന്തെങ്കിലും ഒരു വാഹന അപകടമോ അല്ലെങ്കില്‍ പ്രകൃതി ദുരന്തമോ ഉണ്ടായാല്‍ ജാതി മത ഭേദമന്യേ ആളുകള്‍ സഹായിക്കാന്‍ സന്നദ്ധരാണ്. അപകടത്തില്‍ പെട്ട മനുഷ്യരുടെ ജാതിയോ മതമോ നോക്കാതെ എല്ലാവരും സഹായിക്കും. കേരളത്തില്‍ പ്രളയകാലത്തും ഉരുള്‍ പൊട്ടല്‍ ദുരന്തത്തിലും സഹായിക്കാന്‍ ഏറ്റവും മുന്നിട്ട് നിന്നത് യുവാക്കളാണ്. 2. കേരളത്തില്‍ എന്തൊക്ക പറഞ്ഞാലും മറ്റു പല സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഫ്യൂഡല്‍ മനോഭാവങ്ങള്‍ കുറഞ്ഞു. പലര്‍ക്കും ജാതി മത വിചാരങ്ങള്‍ ഉണ്ടെങ്കിലും മറ്റു പലയിടത്തും പോലെ അതു വെളിയില്‍ റൂഡായി കാണിക്കില്ല. വടക്കെ ഇന്ത്യയില്‍ പലയിടത്തും ഒരു മടിയും ഇല്ലാതെ നിങ്ങളുടെ ജാതി ചോദിക്കും. മതം മനസ്സില്‍ വച്ചു പെരുമാറും. പലയിടത്തും തൊട്ട് കൂട്ടായ്മകള്‍ ഇപ്പോഴുമുണ്ട്. 3. കേരളത്തില്‍ ഗ്രാസ് റൂട്ട്‌സിലും അല്ലാതെയും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം സാമൂഹിക പ്രവര്‍ത്തനം നടത്തുന്നവരാണ്. പലര്‍ക്കും അസുഖം വന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകുന്നതും പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുവാനും വീടില്ലാത്തവര്‍ക്ക് വീട് വാക്കാനുമൊക്കെ രാഷ്ട്രീയപാര്‍ട്ടികളിലെ സാമൂഹിക പ്രവര്‍ത്തകരും പഞ്ചായത്ത് അംഗങ്ങളോ ക്കെ മുന്നില്‍ കാണും 4. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഏത് കുഗ്രാമങ്ങളിലും റോഡ് ഉണ്ട്, വൈദ്യുതി ഉണ്ട്, മിക്കവാറും ഇടത്തു പൊതു ഗതാ ഗതമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. മിക്കവാറും ഇടത്തു കുടിവെള്ളമുണ്ട്. കേരളത്തില്‍ വണ്ടി ചെല്ലാത്ത ഇടങ്ങള്‍ വളരെ കുറവാണ്. മറ്റു പലയിടത്തും വലിയ നല്ല ഒന്നാന്തരം ഹൈവേ കാണാം. പക്ഷെ ഹൈവെ വിട്ട് രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ ഏറ്റവും മോശമായ റോഡുകള്‍. 5. കേരളത്തിലെ കണക്റ്റിവിറ്റി വളരെ നല്ല ഗുണ മേന്മയുള്ളത്. കേരളത്തില്‍ ഞാന്‍ ജീവിക്കുന്നത് ഗ്രാമത്തിലാണ്. പക്ഷെ ഇന്റര്‍നെറ്റ് ബ്രോഡ് ബാന്‍ഡ് വളരെ നല്ല ക്വാളിറ്റി. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഇരുന്നു ലോകത്തു തൊണ്ണൂറ് രാജ്യങ്ങളില്‍ അധികം പ്രവര്‍ത്തനം നടത്തുന്ന അന്താരാഷ്ട്ര സംഘടനക്ക് നേതൃത്വം നല്‍കാന്‍ സാധിക്കും. ഒരു ദിവസം ഞാന്‍ ശരാശരി 5-6 മണിക്കൂര്‍ ഓന്‍ലൈന്‍ മീറ്റിങ്ങില്‍ ആയിരിക്കും. രാവിലെ പത്തു മണിക്ക് ലോകത്തിന്റെ വിവിധ ടീമകളുമായി കേരളത്തിലെ ഒരു ഗ്രാമത്തില്‍ ഇരുന്നു മീറ്റിങ് കൂടാം. ഇന്ത്യയില്‍ പലയിടത്തും ഇത് സാധ്യമല്ല. ലോകത്തു മിക്കയിടത്തും ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി കുറവാണ്. 6. കേരളത്തിലെ ആരോഗ്യ പരിപാലനം. കേരളത്തില്‍ ഇന്ന് ടെര്‍ഷറി ഹൈ സ്‌പെഷ്യല്‍ ഹെല്‍ത് കെയര്‍ ഏതാണ്ട് 25 കിലോമീറ്ററില്‍ അവൈലബിളാണ്. അടൂരില്‍ ഇപ്പോള്‍ ഹൈ സ്‌പെഷ്യലിറ്റി ലൈഫ് ലൈന്‍ ഉണ്ടായത് കൊണ്ടു ഇവിടെ നിന്നും പതിനഞ്ച് ഇരുപത് മിനിറ്റില്‍ എത്താം. പത്തനംതിട്ട ജില്ലയില്‍ മാത്രം നാലു മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍സ്. തിരുവല്ലയില്‍ മാത്രം മൂന്നു ഹൈ സ്‌പെഷ്യല്‍ ഹോസ്പിറ്റല്‍. കേരളത്തില്‍ എന്തൊക്കെ പറഞ്ഞാലും മറ്റു സംസ്ഥാങ്ങളെക്കാള്‍ മെച്ചപ്പെട്ട പ്രാഥമിക ആരോഗ്യം രംഗമുണ്ട്. സര്‍ക്കാര്‍ ആശുപത്രി സംവിധാനങ്ങള്‍ ലോക നിലവാരത്തിലേക്ക് വളരണം. ഇപ്പോള്‍ സാമാന്യ സൗകര്യമുള്ളത് ചില മെഡിക്കല്‍ കോളേജുകള്‍ മാത്രം. ആ അവസ്ഥ മെച്ചപ്പെടണം. 7. കേരളത്തിലെ വിദ്യാഭ്യാസത്തെ കുറിച്ച് നമ്മള്‍ നിരന്തരം വിമര്‍ശിക്കും എങ്കിലും കേരളത്തില്‍ സര്‍വത്രിക വിദ്യാഭ്യാസം ഉണ്ട്. എല്ലായിടത്തും സ്‌കൂളകളും കോളജുകളും യൂണിവേഴ്‌സിറ്റികളും ഉണ്ടായത് കൊണ്ടു ഇന്ന് ആര്‍ക്കും കേരളത്തില്‍ വലിയ ചെലവ് ഇല്ലാതെ ഉന്നത വിദ്യാഭ്യാസം നടത്താം. 8. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ക്ക് ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ വിദ്യാഭ്യാസവും ഉള്ളത് കേരളത്തിലാണ്. ഇന്ന് സര്‍ക്കാരിലും പ്രൊഫഷണല്‍ മേഖലയിലും സ്ത്രീകള്‍ ഏറ്റവും തിളങ്ങുന്നത് കേരളത്തിലാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ ഉള്ളത് കേരളത്തില്‍ നിന്നും ഫിലിപ്പിന്‍സില്‍ നിന്നുമാണ്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയ്ക്കു ഒരു പ്രധാന കാരണം കേരളത്തിലെ നഴ്‌സുമാര്‍ അയക്കുന്ന പൈസയാണ്. മധ്യകേരളത്തില്‍ അമേരിക്ക, ജര്‍മ്മനി, യൂ കെ ഉള്‍പ്പെടെയുള്ള മലയാളി കുടിയേറ്റത്തിന്റ പുറകില്‍ ഒരു നഴ്‌സ് ആയിരിക്കും. 9. കേരളത്തെ മറക്കാത്ത മലയാളികള്‍. കേരളത്തിനും ഇന്ത്യക്കും പുറത്തു എല്ലാം കൂടി ഏതാണ്ട് 20% മലയാളികള്‍ ഉണ്ട്. അവരൊക്കെ കേരളത്തെകുറിച്ച് കരുതല്‍ ഉള്ളവരാണ്. കഴിഞ്ഞ വര്‍ഷം റെമിട്ടന്‍സ് വന്നത് രണ്ടു ലക്ഷം കോടിയില്‍ അധികം. വിദേശ റെമിട്ടന്‍സ് ഇല്ലായിരുന്നു എങ്കില്‍ കേരളത്തിന്റെ അവസ്ഥ ഇതായിരിക്കില്ല. ഇന്ന് പേര്‍ ക്യാപിറ്റ വരുമാനത്തില്‍ കേരളം ഇന്ത്യയില്‍ ആറാം സ്ഥാനത്തായത് റെമിട്ടന്‍സ് ഇക്കൊണമി കൊണ്ടാണ്. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിന്‍ 1987 മുതല്‍ റെമിറ്റന്‍സാണ്. കേരളത്തില്‍ വന്ന കൂടുതല്‍ വിദേശ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയത് മലയാളികളാണ്. കേരളത്തില്‍ പ്രളയ സമയത്തും ദുരന്തസമയത്തും ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് വിദേശ മലയാളികളാണ്. 10. കേരളത്തിലെ അര്‍ബനൈസെഷന്‍ ഇന്ന് തിരുവനന്തപുരത്തോ കൊച്ചിയിലോ കിട്ടുന്ന ഏത് സര്‍വീസും അടൂരില്‍ കിട്ടും. മിക്കവാറും എല്ലാ സാധാരണ കാറുകളും ബൈക്കും അടൂരില്‍ വാങ്ങാം. കെഎഫ്‌സി,/പിസ്സ ഹറ്റ് ഉള്‍പ്പെടെ ആഗോള ചെയിന്‍ വരെ അടൂരില്‍ ഉണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവിടെ ഉണ്ട് ഞാന്‍ താമസിക്കുന്ന അടൂരിന് അടുത്ത തുവയൂര്‍ ഗ്രാമത്തില്‍ മിക്കവാറും എല്ലാം കിട്ടും. പണ്ട് അഞ്ചു ഓല മേഞ്ഞ മാടക്കടയും ഒരു കാപ്പി കടയും ഒരു പലചരക്ക് കടയും ഉണ്ടായിരുന്നിടത്തു ഇന്ന് മൂന്നും നാലൂം നില കെട്ടിടങ്ങള്‍. നിരവധി റെസ്‌റ്റോറന്റ്, സൂപ്പര്‍ മാര്‍ക്കറ്റ്, ജ്യുവലറി ഷോപ്പ്. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ബോധിഗ്രാമില്‍ വരുന്നവര്‍ക്ക് ഇതൊരു ഗ്രാമമാണ് എന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല. അവരുടെ ധാരണയില്‍ ഇത് ഒരു താലൂക് ആസ്ഥാന പട്ടണം പോലെയാണ്. അവര്‍ സ്ത്രീകളെ നോക്കി ശരീര ഭാഗങ്ങളെ ഉച്ചത്തില്‍ വര്‍ണിക്കുകയാണ്! അതുപോലെ കേരളത്തില്‍ അഴിമതിയുടെ ഡിഗ്രി കുറവാണ്. റോഡ് ഉണ്ടാകുമ്പോള്‍ കമ്മീഷന്‍ വാങ്ങുന്ന ഏര്‍പ്പാട് ഇവിടെ ഉണ്ട്. പക്ഷെ റോഡും പാലവും മുഴുവന്‍ വിഴുങ്ങില്ല. അതു മാത്രം അല്ല മീഡിയ ജാഗ്രത കൂടുതല്‍ ഉള്ളത് കൊണ്ടു ഉദ്യോഗസ്ഥക്ക് കൈക്കൂലി വാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. കേരളത്തില്‍ ഒരുപാടു നല്ല കാര്യങ്ങള്‍ ഉണ്ട് അതു കാണാതെ പോകരുത്. അതു കഴിഞ്ഞ നൂറു വര്‍ഷത്തില്‍ ഉണ്ടായ മാറ്റങ്ങള്‍. അല്ലാതെ ഏതെങ്കിലും അധികാര പാര്‍ട്ടികളുടെ കൃപ കൊണ്ടു മാത്രം അല്ല. കേരളത്തിന്റെ ആവാസ വ്യവസ്ഥ, കേരളത്തിലെ വിവിധ മതങ്ങളുടെ ചരിത്രം, വിദ്യാഭ്യാസ അവസരങ്ങള്‍, കേരളത്തിനു പുറത്തു ജോലി നേടി കാശ് അയച്ചു കൊടുക്കുന്നത് അങ്ങനെ ഒരുപാടു ഘടകങ്ങളാണ് കേരളത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ഇനിയും കേരള സമൂഹത്തെയും പരിസ്ഥിതിയേയും രാഷ്ട്രീയത്തെയും സാമ്പത്തിക അവസ്ഥയേയും സര്‍ക്കാരിനെയും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം നമുക്ക് എല്ലാവര്‍ക്കുമുണ്ട്. കേരളത്തെകുറിച്ച് പോസിറ്റീവായി കണ്ട് പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ നമ്മള്‍ എല്ലാവരുകൂടി ശ്രമിച്ചാല്‍ നടക്കും. (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം 17 Mar 2025 12:25 pm

പഞ്ചായത്തിനായി വന്യജീവിയെ കൊന്നാല്‍ ആരാണ് ഉത്തരവാദി?

നിലവിലുള്ള നിയമങ്ങളെ അവഗണിച്ചുകൊണ്ട്, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ച് കൊല്ലും എന്ന തീരുമാനം ജനപ്രതിനിധിസഭകള്‍ എടുത്താല്‍ എന്തു ചെയ്യും? അത്തരം പ്രസ്താവനകള്‍ പലയിടങ്ങളില്‍ നിന്നായി അടുത്തിടെ ഉണ്ടായിരുന്നുവെങ്കിലും നിയമസംരക്ഷണ ബാധ്യതയുള്ള ജനപ്രതിനിധിസഭകള്‍ക്ക് അത് ചെയ്യുന്നതില്‍ പരിമിതിയുണ്ട്. എന്നാല്‍ അടുത്തിടെ കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതി അങ്ങനെയൊരു തീരുമാനം എടുത്തു. സംഭവം നടപ്പാക്കാന്‍ വേണ്ടി ഇരുപതംഗ ഷൂട്ടര്‍മാരുടെ പാനലും ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്ത് ഉണ്ടാക്കി. ഭരണസമിതിയുടെ തീരുമാനം വന്നതുമുതല്‍ ഇതിന്റെ നിയമപ്രശ്‌നങ്ങളും ഭരണഘടനാപരമായ പ്രശ്‌നങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും ചര്‍ച്ചയായി. എങ്കിലും പഞ്ചായത്തും പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലും പിന്മാറാതെ തീരുമാനം നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോയി. വനംമന്ത്രിയും വനംവകുപ്പും ഇതിലെ നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും പഞ്ചായത്ത് ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്ത് വരുന്നിടത്ത് വെച്ച് കാണാം എന്ന നിലപാടിലാണ്. പേരാമ്പ്ര ബ്ലോക്കിന് കീഴില്‍ വരുന്ന ചക്കിട്ടപ്പാറ വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്താണ്. വനവുമായി ചേര്‍ന്നുകിടക്കുന്ന പ്രദേശം. വന്യജീവി ആക്രമണത്തിന്റെ പ്രശ്‌നം രൂക്ഷമാണ്. പതിനഞ്ച് വാര്‍ഡില്‍ പത്തും വനഭൂമിയോട് ചേര്‍ന്നാണുള്ളത്. ഇവിടെ സി.പി.എമ്മാണ് ഭരണകക്ഷി. മൃഗങ്ങളെ വെടിവെച്ച് കൊല്ലുക എന്ന തീരുമാനം ആദ്യമായല്ല പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. മുമ്പ് തെരുവുനായ ശല്യം രൂക്ഷമായ സമയത്തും നായ്ക്കളെ വെടിവെച്ച് കൊല്ലുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന്റെ പ്രഖ്യാപനം ഉണ്ടായിരുന്നു. ഇത്തവണ അതില്‍ ആനയും പുലിയും കടുവയും കാട്ടുപോത്തും തുടങ്ങി എല്ലാ ജീവികളെയും ഉള്‍പ്പെടുത്തി. നിലവില്‍ അക്രമകാരികളായ കാട്ടുപന്നികളെ വെടിവെക്കാന്‍ മാത്രമാണ് പഞ്ചായത്തിന് അനുമതിയുള്ളത്. വിവാദ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കിയ ഓണററി വെല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി എടുത്തുമാറ്റാന്‍ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത് വെടിവെച്ച് കൊല്ലാനുള്ള തീരുമാനം വൈകാരികമല്ല എന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം. തീരുമാനത്തില്‍ നിയമവിരുദ്ധതയുണ്ടെങ്കിലും ജനങ്ങളുടെ താത്പര്യത്തിനാണ് മുന്‍ഗണനയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഓണററി പദവി എടുത്ത് മാറ്റാനുള്ള വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധവും മാര്‍ച്ചും നടത്താനാണ് പരിപാടി. ഒരു ഭരണഘടനാസ്ഥാപനത്തിന് എങ്ങനെയാണ് നിയമത്തെ വെല്ലുവിളിക്കാന്‍ കഴിയുന്ന ഒരു തീരുമാനം പാസാക്കാന്‍ കഴിയുന്നത് എന്നാണ് ഇതിലെ പ്രശ്‌നം. ഇങ്ങനെയൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വന്യമൃഗത്തെ വെടിവെച്ച് കൊന്നാല്‍ ആരായിരിക്കും ഉത്തരവാദി, ആരായിരിക്കും നിയമനടപടി നേരിടേണ്ടിവരിക? ഇറങ്ങിപ്പുറപ്പെടുന്ന ഷൂട്ടര്‍മാരെങ്കിലും ഇത് ചിന്തിക്കേണ്ടേ? 1972 ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന് കേരളസര്‍ക്കാരും ആവശ്യപ്പെടുന്നുണ്ട്. കൂടുതല്‍ അധികാരം സംസ്ഥാന സര്‍ക്കാറിനും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും വേണം എന്നാണ് നിയമത്തിനെതിരെ വാദിക്കുന്നവരുടെ പക്ഷം. വെടിവെച്ച് കൊല്ലലാണ് ഏറ്റവും നല്ല പരിഹാര മാര്‍ഗം എന്ന് ചിന്തിക്കുന്നത് തെറ്റാണ്. മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ആഴത്തിലുള്ള പഠനങ്ങളും ശാസ്ത്രീയമായ രീതികളും അതിനായി പ്രത്യേകമായ വകുപ്പുകളും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതിനാണ് ഭരണകൂടങ്ങള്‍ ഊന്നല്‍ നല്‍കേണ്ടത്. വൈകാരികവും ജനങ്ങളെ കൈയ്യിലെടുക്കുന്നതുമായ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും സംഘര്‍ഷങ്ങളെ ഒഴിവാക്കാന്‍ പര്യാപ്തമല്ല. ദീര്‍ഘവീക്ഷണത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിയതിന് ശേഷം അയ്യായിരത്തോളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ട് കാട്ടുപന്നിശല്യം കുറഞ്ഞതായി കേരളത്തില്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാന്‍ അധികാരം നല്‍കിയതിന് ശേഷം അയ്യായിരത്തോളം കാട്ടുപന്നികളെ വെടിവെച്ചുകൊന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നിട്ട് കാട്ടുപന്നിശല്യം കുറഞ്ഞതായി കേരളത്തില്‍ എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ? ചക്കിട്ടപ്പാറ പഞ്ചായത്തിന്റെ തീരുമാനം ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്താനും പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്താനുമുള്ള ആലോചനകള്‍ക്ക് കളമൊരുക്കട്ടെ.

സമകാലിക മലയാളം 14 Mar 2025 2:58 pm

കുടുംബവും സോഷ്യല്‍ മീഡിയയും മുതല്‍ ലഹരി വരെ; എന്തുകൊണ്ട് കൗമാരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു?

കൗ മാരക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ഒരു പ്രധാന കാരണം കുടുംബഘടനയുടെ തകര്‍ച്ചയാണ്. ഇന്ന് നിരവധി കുട്ടികള്‍ അകന്നു കഴിയുന്ന മാതാപിതാക്കളോടാപ്പമോ മറ്റു സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കുടുംബങ്ങളിലോ ആണ് വളരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ രക്ഷിതാക്കളില്‍ നിന്നുള്ള അവഗണന, വൈകാരിക പിന്തുണയുടെ അഭാവം, ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ കുറവ് തുടങ്ങിയ ഘടകങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയെ ദുര്‍ബലമാക്കുന്നു. ഇന്നത്തെക്കാലത്ത് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ മാത്രം നിറവേറ്റിക്കൊടുത്താല്‍ തീരുന്നതല്ല മാതാപിതാക്കളുടെ ഉത്തരവാദിത്തം. കുഞ്ഞുങ്ങളുടെ വിചാരങ്ങളും വികാരങ്ങളും മനസ്സിലാക്കി, പരിഗണിക്കേണ്ടതും അത്യാവശ്യമാണ്. സോഷ്യല്‍ മീഡിയയുടെ അമിതോപയോഗം സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാര്‍ക്ക് മേല്‍ വലിയ സ്വാധീനം ചെലുത്തുന്ന പ്രധാന ഘടകമായി മാറിയിരിക്കുന്നു. അക്രമം പ്രവര്‍ത്തിക്കാനുള്ള പ്രവണതയും പരോക്ഷമായ സ്വാധീനങ്ങളും അതിലൂടെ വര്‍ദ്ധിച്ചുവരുന്നു. മുന്‍കാലങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ക്ക് വ്യക്തമായ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും, ഇന്ന് ജനിച്ച് വീഴുന്ന കുട്ടികള്‍ക്ക് പോലും മാതാപിതാക്കള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടാക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. പണ്ടത്തെ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജെന്‍സി എന്നുവിളിക്കപ്പെടുന്ന ഇന്നത്തെ യുവതലമുറയ്ക്ക് സോഷ്യല്‍ മീഡിയ, ഗെയിമുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിക്കാനുള്ള അവസരങ്ങള്‍ സുലഭമാണ്. അക്രമസ്വഭാവമുള്ള പല വിഷയങ്ങളും ഇതില്‍ സാധാരണമായി തോന്നിപ്പിക്കുന്നത് അതിശയകരമാണ്. സിനിമകളും സോഷ്യല്‍ മീഡിയയും സൈബര്‍ ബുള്ളിയിങ്, പലവിധമായ അതിക്രമങ്ങള്‍, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെ കൗതുകകരമായും ആവേശകരമായും ചിത്രീകരിക്കുകയും, കുറ്റകരമല്ലാത്ത രീതിയില്‍ കാണിക്കുകയും ചെയ്യുന്നു. ഈ സ്വാധീനം കുട്ടികളെ അപകടകരമായ പ്രവൃത്തികളിലേക്ക് നയിക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ധാര്‍മ്മിക വിദ്യാഭ്യാസത്തിന്റെ കുറവ് ഇന്നത്തെ കുട്ടികള്‍ക്ക് ശക്തമായ ധാര്‍മ്മിക വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നത് ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നായി മാറിയിരിക്കുന്നു. നിലവില്‍, പല സ്‌കൂളുകളും പ്രധാനമായും അവരുടെ വിജയനിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനപ്പുറം, ഒരു കുട്ടിയുടെ മെച്ചപ്പെട്ട സ്വഭാവരൂപീകരണത്തിലോ, സാമൂഹിക ഉത്തരവാദിത്തം രൂപപ്പെടുത്തുന്നതിലോ, അച്ചടക്കം പരിശീലിപ്പിക്കുന്നതിലോ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല. മുന്‍കാല തലമുറയില്‍, അധ്യാപകരോടുള്ള ബഹുമാനം, അച്ചടക്കം, സമൂഹത്തില്‍ നല്ല പൗരന്മാരായി വളരാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ സ്‌കൂളുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നു കാണാം. വിജയനിരക്ക് മാത്രം നോക്കാതെ, കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനും ചെറിയ ശിക്ഷണങ്ങളിലൂടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ മുന്‍കാലത്ത് ശ്രമിച്ചിരുന്നു. എന്നാല്‍, ഇന്നത്തെ വിദ്യാഭ്യാസസംവിധാനത്തില്‍ ഇത്തരം രീതികള്‍ കാണാനാകുന്നില്ല. കുട്ടികളുടെ വ്യക്തിത്വവികസനം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ കുറയുന്നതും അവഗണിക്കപ്പെടുന്നതുമായിരിക്കുകയാണ്. സമപ്രായക്കാരുടെ സമ്മര്‍ദവും തല്‍ക്ഷണ സംതൃപ്തി സംസ്‌ക്കാരവും സമപ്രായക്കാരുടെ സമ്മര്‍ദം (പിയര്‍ പ്രഷര്‍) ഒരു പ്രധാന ഘടകമായി കാണപ്പെടുന്നു. സമപ്രായക്കാര്‍ക്കിടയില്‍ ആരെങ്കിലും എന്തെങ്കിലും പ്രത്യേകമായി ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അനുയോജ്യമായോ അല്ലാത്തതോ ആയ രീതിയില്‍ അവരെ പിന്തുടരാനുള്ള പ്രേരണ കൂടുതലായി കണ്ടുവരുന്നു. ഇന്നത്തെ കാലഘട്ടത്തില്‍ തല്‍ക്ഷണ സംതൃപ്തി (ഇന്‍സ്റ്റന്റ് ഗ്രാറ്റിഫിക്കേഷന്‍) സംസ്‌കാരം വര്‍ധിച്ചുവരികയാണ്. സമപ്രായക്കാരുടെയോ കൂട്ടുകാരുടെയോ സ്വാധീനത്തിന്റെ ഫലമായി, നീതിനിഷ്ഠമോ അധാര്‍മ്മികമോ ആയ പ്രവര്‍ത്തനങ്ങള്‍ക്കും യുവാക്കള്‍ ആകര്‍ഷിക്കപ്പെടുന്നു. ഇത് അവരുടെ തീരുമാനം എടുക്കുന്ന രീതിയെ പ്രതികൂലമായി ബാധിക്കുകയും അപകടങ്ങളില്‍ ഏര്‍പ്പെടാന്‍ കാരണമാകുകയും ചെയ്യുന്നു. ലഹരി ഉപയോഗം മറ്റൊരു പ്രധാന കാരണം ലഹരിവസ്തുക്കളുടെ ദുരുപയോഗമാണ്. മുന്‍കാലത്ത് കൗമാരക്കാര്‍ക്കിടയില്‍ ലഹരി ഉപയോഗം തീരെ കുറവായിരുന്നു. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക് ലഹരിവസ്തുക്കള്‍ അടുത്തറിയാനുള്ള അവസരങ്ങള്‍ കൂടുതലാണ്. മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ലഭ്യതയും പണ്ടത്തെ അപേക്ഷിച്ച് കൂടുതലാണ്. എന്തിനെയും 'കൂള്‍' ആയി കാണുന്ന പ്രവണത ഇപ്പോഴത്തെ കുട്ടികള്‍ക്കിടയില്‍ വിഷാദം, ഉത്ക്കണ്ഠ, ഒ.സി.ഡി എന്നീ മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ ചിലര്‍ അത് വളരെ സാധാരണയായി (കൂളായി) കാണുന്ന പ്രവണതയുണ്ട്. ഉദാഹരണത്തിന്, ഒബ്‌സസീവ്കംപള്‍സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി) എന്നത് പരിപൂര്‍ണമായും ഒരു പെരുമാറ്റ വൈകല്യമാണ്, പക്ഷേ പലരും എല്ലാ സാധനങ്ങളും അടുക്കിപ്പെറുക്കിവയ്ക്കുന്ന അല്ലെങ്കില്‍ വൃത്തിയായി നടക്കുന്നതിനെയാണ് ഒ.സി.ഡി എന്ന തെറ്റായ ധാരണ വെച്ചുപുലര്‍ത്തുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് തെറാപ്പി ലഭിക്കുക എന്നത് പോസിറ്റീവ് കാര്യമാണ്, എന്നാല്‍ ചിലര്‍ അതിനെ ഒരു പ്രിവിലേജ് എന്നോ, ട്രെന്‍ഡിന്റെ ഭാഗമാകല്‍ എന്നോ ആയി കാണുന്നു. ഈ അവബോധക്കുറവ് അതിന്റെ ഗൗരവം നഷ്ടപ്പെടാന്‍ ഇടയാക്കുന്നു. സമപ്രായക്കാരാല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം, അക്കാദമിക സമ്മര്‍ദ്ദം, സാമൂഹിക സമ്മര്‍ദ്ദങ്ങള്‍, സോഷ്യല്‍ മീഡിയയുടെ സ്വാധീനം എന്നിവയൊക്കെ മനസികാരോഗ്യ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു. കൂടാതെ, ഡിവോഴ്‌സ് നിരക്ക് കൂടുന്നത്, കുടുംബ തര്‍ക്കങ്ങള്‍, ഒറ്റപ്പെട്ട ജീവിതശൈലി എന്നിവയും കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ സാഹചര്യങ്ങളില്‍, ലഹരിവസ്തുക്കളും മദ്യം ഉപയോഗിക്കുന്നതും ഒരു സമരസപ്പെടല്‍ (കോപ്പിംഗ് മെക്കാനിസം) ആയി മാറുന്നു. നീതിന്യായ വ്യവസ്ഥയെ കൂസലില്ലാതെ കാണുന്നു കൂടാതെ കുട്ടികള്‍ നീതിന്യായ വ്യവസ്ഥയെ കൂസലില്ലാതെ കാണുന്നതിനെ ഒരു പ്രധാന പ്രശ്‌നമായി കാണേണ്ടതുണ്ട്. ഉദാഹരണത്തിന്, പതിനെട്ട് വയസ്സിന് താഴെയുള്ളവരായ കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, അവരെ ജുവനൈല്‍ നീതിന്യായ വ്യവസ്ഥയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നു. ഇതിന്റെ ഫലമായി, അവര്‍ക്ക് കര്‍ശനമായ ശിക്ഷയേല്‍ക്കേണ്ടതില്ലെന്നൊരു ധാരണയും, നിയമപരമായ പ്രത്യാഘാതങ്ങളേക്കുറിച്ചുള്ള ഭയക്കുറവും കുട്ടികളില്‍ ഉണ്ടാകുന്നു. അടുത്തകാലത്ത് നടന്ന ഇരട്ട കൊലപാതകങ്ങള്‍, അധ്യാപകരെ മര്‍ദിക്കല്‍, റാഗിങ്ങ്, സഹപാഠിയെ സംഘം ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തല്‍ , തുടങ്ങി നിരവധി ആക്രോശം ഉണര്‍ത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഈ പ്രവണത ഒരു 'ട്രെന്‍ഡായി' മാറുകയാണ്. അതായത്, 'എന്ത് സംഭവിച്ചാലും അപ്പോള്‍ നോക്കാം' എന്ന അവഗണനയോടെയുള്ള മനോഭാവം കുട്ടികളില്‍ വ്യാപകമായി കാണപ്പെടുന്നു. പെരുമാറ്റത്തില്‍ പ്രതിഫലിക്കുന്ന ഈ മാറ്റം, കുട്ടികളുടെ മാനസികാവസ്ഥയിലും, നിയമബോധത്തിലും വലിയ അപാകതകള്‍ ഉണ്ടാക്കുന്നു. പണ്ടുള്ള തലമുറയെ അപേക്ഷിച്ച്, ഇന്നത്തെ തലമുറക്ക് കുറ്റകൃത്യങ്ങള്‍ പണത്തിനോ പ്രതികാരത്തിനോ മാത്രമല്ല, അതില്‍നിന്നും ആനന്ദം കണ്ടെത്തുന്നതിനുവേണ്ടിയുമാണ് നടക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീരിയല്‍ കില്ലര്‍ എന്നറിയപ്പെട്ടത് വെറും ഏഴ് വയസ്സുകാരനായ ഒരു ഇന്ത്യക്കാരന്‍ ആയിരുന്നു. ആ പ്രായത്തില്‍ തന്നെ മൂന്നു കൊലപാതകങ്ങള്‍ അവന്‍ നടത്തിയിരുന്നു. ഇത്തരത്തില്‍, കൊലപാതകങ്ങള്‍ ആവേശം കൊള്ളുന്ന സംഭവങ്ങളായി മാറുകയാണ്. കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ നല്‍കുന്ന പൈസയ്ക്കപ്പുറം കൂടുതല്‍ ആഗ്രഹങ്ങള്‍ ഉണ്ടാകുന്നു. അതിനായി, പതിയെ ലഹരിയിലേക്കും കുറ്റകൃത്യങ്ങളിലേക്കും വഴുതിവീഴുന്നു. അടിക്കടി സംഭവിക്കുന്ന കൊലപാതകങ്ങളും അക്രമങ്ങളും സമൂഹത്തില്‍ നിയമപാലനത്തിന്റെ ദൗര്‍ബല്യവും യുവതലമുറയുടെ വളര്‍ച്ചാ രീതിയിലുള്ള പ്രശ്‌നങ്ങളും തുറന്നുകാട്ടുന്നു. പ്രതിരോധ മാര്‍ഗങ്ങള്‍ ഇതിനെ, ശക്തമായ രക്ഷാകര്‍തൃ നിയന്ത്രണം (പാരന്റല്‍ സൂപ്പര്‍വിഷന്‍) അല്ലെങ്കില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടുകൂടിയ ഒരു നിയന്ത്രിത ഇടപെടല്‍ ഉണ്ടാകണം. രക്ഷിതാക്കള്‍ സജീവമായ ഇമോഷണല്‍ സപ്പോര്‍ട്ട് നല്‍കുമ്പോള്‍, പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയും. ഇപ്പോഴത്തെ തലമുറയിലെ കുട്ടികള്‍ അവര്‍ ചെയ്യുന്നതെന്തും 'കൂള്‍' ആണെന്ന സമീപനമാണ് വച്ച് പുലര്‍ത്തുന്നത്. ഇവരുടെ പല തീരുമാനങ്ങളും സ്വന്തം ജീവിതത്തിനോ അതിന്റെ ദീര്‍ഘകാലപരിണിതഫലങ്ങളോ ചിന്തിച്ചിട്ടല്ല, ചിലപ്പോള്‍ പാശ്ചാത്യ ജീവിതശൈലി അനുകരിക്കാനായി കാഴ്ചവയ്ക്കുന്നവയാണ്. (പാശ്ചാത്യ രീതികള്‍ എല്ലാം തന്നെ മോശമല്ല, എന്നാല്‍ ഓരോ സമൂഹത്തിനും അതിന്റെ തനതായ മൂല്യങ്ങള്‍, സാമൂഹിക ബാധ്യതകള്‍, വ്യക്തിത്വ രൂപീകരണ രീതികള്‍ എന്നിവയുണ്ട്.) മനശാസ്ത്രപരമായി നോക്കുമ്പോള്‍, കുടുംബം, വിദ്യാഭ്യാസം, സാമൂഹികപരിസരം എന്നിവ ഒരാളുടെ സ്വഭാവരൂപീകരണത്തില്‍ നിര്‍ണായകമാണ്. എന്നാല്‍ ഇന്ന് ഇവയെ ചിലര്‍ അത്ര പ്രാധാന്യമുള്ളതെന്ന് കരുതുന്നില്ല. ഇതിനെ മറികടക്കാന്‍, രക്ഷിതാക്കള്‍ ശക്തമായ ഇടപെടലുകള്‍ നടത്തുകയും കുട്ടികളുമായി കൂടുതല്‍ നേരം ചെലവഴിക്കുകയും അവരുടെ വികാരങ്ങള്‍ മനസിലാക്കുകയും ചെയ്യണം. മിക്ക കുട്ടികള്‍ക്കും തോല്‍വികള്‍ നേരിടേണ്ട സാഹചര്യമില്ല. എന്നാല്‍, തോല്‍വികളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനും തിരിച്ചറിയാനും കഴിവുണ്ടാകേണ്ടതുണ്ട്. അങ്ങനെയുള്ള ഒരു മാനസികവികാസവും വിദ്യാഭ്യാസരീതിയും കുട്ടികള്‍ക്കില്ലെങ്കില്‍, അവര്‍ ജീവിതസാഹചര്യങ്ങളെ അതീവ പ്രയാസത്തോടെ നേരിടേണ്ടിവരും. വിദ്യാഭ്യാസ നിലവാരത്തിലും മാറ്റം കൊണ്ടുവരേണ്ടതുണ്ട്. സ്‌കൂളുകളില്‍ കൗണ്‍സലിങ് ഉണ്ടെങ്കിലും, അതില്‍ വലിയ പ്രായോഗികതയില്ല. സാമൂഹിക സ്ഥാപനങ്ങളില്‍ മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ഇമോഷണല്‍ സപ്പോര്‍ട്ട് സിസ്റ്റങ്ങള്‍ ഉണ്ടെങ്കിലും, അവ പ്രായോഗികമായി കുട്ടികള്‍ക്കു പ്രയോജനപ്പെടേണ്ടതാണ്. നൈതികപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രായോഗിക പരിശീലനം കുട്ടികള്‍ക്കു നല്‍കേണ്ടതുണ്ട്. മുന്‍പുള്ളതുപോലെ കുട്ടികള്‍ക്ക് വേണ്ടത്ര ശിക്ഷണം നല്‍കിയാല്‍ മാത്രമേ അവര്‍ക്കു മൂല്യബോധമുള്ള വിദ്യാഭാസം ലഭിക്കുകയുള്ളു. അത് അവരുടെ വ്യക്തിത്വവും സമീപനശൈലിയും രൂപപ്പെടുത്തും. രക്ഷിതാക്കള്‍ കുട്ടികളുടെ സോഷ്യല്‍ മീഡിയ അല്ലെങ്കില്‍ ഓണ്‍ലൈന്‍ ഉള്ളടക്കം നിരീക്ഷിക്കേണ്ടത് അനിവാര്യമാണ്. അനാവശ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് അവരെ സംരക്ഷിക്കാനും സഹായിക്കാനുമാകും. സൈബര്‍ ബുള്ളിയിങ്, ഹാനികരമായ ഉള്ളടക്കം, അപായകരമായ വെബ്‌സൈറ്റുകള്‍ എന്നിവയെ നേരിടാന്‍ രക്ഷിതാക്കളുടെ നിരീക്ഷണം അനിവാര്യമാണെന്ന് വ്യക്തമാക്കാം. ഇതേപോലെയുള്ള ആശങ്കാജനകമായ പ്രവണതകളെ (അലാമിങ് ട്രെന്‍ഡ്‌സ്) മുന്‍കൂട്ടി തിരിച്ചറിയാനും അത്യാവശ്യമുള്ള ഇടപെടലുകള്‍ നടത്താനും ഇത് സഹായിക്കും. അതോടൊപ്പം, സമൂഹത്തില്‍ മികച്ച നിയമ നിര്‍വഹണവും (ലോ എന്‍ഫോഴ്‌സ്‌മെന്റ്) അതിലൂടെ ഒരാളുടെ വ്യക്തിത്വ വികസനവും ഉറപ്പാക്കാന്‍ കഴിയും. ഇത് പ്രതിരോധിക്കാന്‍ ഉത്തരവാദിത്വമുള്ള രക്ഷാകര്‍ത്തൃത്വം (റെസ്‌പോണ്‌സിബിള്‍ പാരന്റിംഗ്), നൈതിക പാഠങ്ങള്‍ (മോറല്‍ ഫൗണ്ടേഷന്‍), മാനസിക പിന്തുണ (ഇമോഷണല്‍ സപ്പോര്‍ട്ട്) എന്നിവ പ്രധാനമാണെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. ഈ ഘടകങ്ങള്‍ വഴി കുട്ടികളെ ക്രിമിനല്‍ പ്രവണതകളില്‍ നിന്ന് അകറ്റിയും സുരക്ഷിതരാക്കിയും വളര്‍ത്താന്‍ കഴിയും. ജെന്‍സി തലമുറയ്ക്ക് അവരുടേതായ പ്രത്യേക ശക്തികളും ബലഹീനതകളും ഉണ്ട്. ഈ തലമുറയുടെ ഒരു പ്രധാന സവിശേഷത തുറന്ന മനസ്സും ഡിജിറ്റല്‍ ബോധവുമാണ്. ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കൊപ്പം വളര്‍ന്ന ഇവര്‍ സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടിയവരാണ്. കൂടാതെ, സാമൂഹികരാഷ്ട്രീയ വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നുപറയാനും അവര്‍ സന്നദ്ധരാണ്. മുന്‍ തലമുറയെ അപേക്ഷിച്ച് കൂടുതല്‍ സ്വതന്ത്രമായ ചിന്താഗതി, സംരംഭക മനോഭാവം എന്നിവയും ജെന്‍സി യുടെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. പ്രത്യേകിച്ച്, മാനസികാരോഗ്യത്തെപ്പറ്റിയുള്ള അവബോധം ഈ തലമുറയില്‍ വളരെ ശക്തമാണ്. എന്നിരുന്നാലും, ഈ സവിശേഷതകള്‍ ചില വെല്ലുവിളികള്‍ക്കും കാരണമാകുന്നു. ക്ഷമയില്ലായ്മയും തല്‍ക്ഷണ സംതൃപ്തിയുടെയും മനോഭാവവുമാണ് ജെന്‍സിയുടെ പ്രധാന മാനസിക സ്വഭാവങ്ങള്‍. ബുദ്ധിമുട്ടുകള്‍ അതിജീവിക്കാനുള്ള കഴിവിലും വൈകാരിക പ്രതിരോധശേഷിയിലും ഇവര്‍ക്ക് കുറവുണ്ട്. ദീര്‍ഘകാല പരിശ്രമം ആവശ്യമായ ജോലികളിലും, തോല്‍വിയെ അംഗീകരിക്കേണ്ട സാഹചര്യങ്ങളിലും, നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ട് പോകുന്നതിലും ഇവര്‍ക്ക് ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഡിജിറ്റല്‍ ലോകത്തെ അംഗീകാരം, സമപ്രായക്കാരുടെ അംഗീകാരം, സാമൂഹിക സ്വീകാര്യത എന്നിവയുമായി ഈ തലമുറ വളരെ കൂടുതല്‍ ആശ്രയിച്ചിരിക്കുന്നു. ടെക്‌നോളജിജെന്‍സിയുടെ പ്രധാന ശക്തിയാണെങ്കിലും അതിന്റെ അതിരില്ലാത്ത ഉപയോഗം പുതിയ വെല്ലുവിളികള്‍ക്കും വഴിവെക്കുന്നു. അമിത സ്‌ക്രീന്‍ ടൈം, വെര്‍ച്വല്‍ ലോകത്തില്‍ കൂടുതല്‍ സമയമിടപെടല്‍, യഥാര്‍ത്ഥ ജീവിതത്തിലെ സാമൂഹികബന്ധങ്ങളുടെ കുറവ് എന്നിവ ജെന്‍സിയുടെ മാനസികാരോഗ്യത്തെ നേരത്തേതിനെക്കാള്‍ കൂടുതല്‍ ബാധിക്കുന്നു. ഉത്കണ്ഠ, വിഷാദം, സാമൂഹിക താരതമ്യം, പിയര്‍ പ്രഷര്‍, അക്കാദമിക സമ്മര്‍ദ്ദം എന്നിവയും കൂടുതലായി അനുഭവപ്പെടുന്നു. ഈ വെല്ലുവിളികളെ മറികടക്കാന്‍ വ്യക്തിപരമായും സമൂഹതലത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഡിജിറ്റല്‍ ഉപഭോഗത്തിന് പരിധി വരുത്തല്‍, യഥാര്‍ത്ഥ ലോകത്തോടുള്ള ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കല്‍, കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തല്‍, മനോവിജ്ഞാനപരമായ ഇടപെടലുകള്‍ ഉപയോഗപ്പെടുത്തല്‍ എന്നിവ ജെന്‍സിയെ കൂടുതല്‍ മനോപ്രാപ്തിയുള്ള തലമുറയാക്കാന്‍ സഹായിക്കും. (പ്രയത്‌ന കൊച്ചി സ്ഥാപകനാണ് ലേഖകന്‍)

സമകാലിക മലയാളം 13 Mar 2025 3:39 pm

പിസി ജോര്‍ജ്ജിന്റെ വര്‍ത്തമാനത്തിനു ഭാവിയെന്ത്?

നാ ളെയൊരു ദിവസം പി സി ജോര്‍ജ്ജ് ബിജെപി സംസ്ഥാന അധ്യക്ഷനായി മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് വര്‍ത്തമാനം പറയുമ്പോള്‍ കിട്ടാന്‍ പോകുന്ന ആധികാരികതയുടെ പരീക്ഷണപ്പറക്കലാണോ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്? സംസ്ഥാന അധ്യക്ഷനായില്ലെങ്കിലും ദേശീയ സെക്രട്ടറിയോ രാജ്യസഭാംഗമോ ആകാന്‍ യോഗ്യത തെളിയിക്കുകയാണോ ജോര്‍ജ്ജ്. നവംബറില്‍ വരാനിരിക്കുന്ന രാജ്യസഭാ ഒഴിവുകളിലൊന്നില്‍ പി സി ജോര്‍ജ്ജിന്റെ പേരാകുമോ ബിജെപി പരിഗണിക്കുക? പി സി ജോര്‍ജ്ജ് മുന്‍ എംഎല്‍എയും യുഡിഎഫ് ഭരിക്കുമ്പോള്‍ ഗവണ്‍മെന്റ് ചീഫ് വിപ്പായിരുന്ന ആളുമാണ്. എംഎല്‍എ എന്ന നിലയില്‍ നിയമസഭയുടെ വിവിധ സമിതികളില്‍ അംഗവും പലതിലും പലവട്ടം അധ്യക്ഷനുമൊക്കെയായിരുന്നു. ഒരു ഘട്ടത്തില്‍, സാമൂഹികപ്രതിബദ്ധതയോടുള്ള ജോര്‍ജ്ജിന്റെ പ്രതിബദ്ധത വി എസ് അച്യുതാനന്ദന്‍ പോലും വിശ്വസിച്ചുപോയിട്ടുണ്ട്. പക്ഷേ, ജോര്‍ജ്ജ് ഇപ്പോള്‍ തികഞ്ഞ വര്‍ഗ്ഗീയവാദിയും മുസ്്‌ലിം സമുദായത്തിനെതിരേ നിരന്തരം വിഷം ചീറ്റുന്നയാളുമായി മാറിയിരിക്കുന്നു. അങ്ങനെയല്ലാതിരുന്നപ്പോഴും, അതല്ലെങ്കില്‍ ഈ ഉള്ളിലിരിപ്പ് പുറത്തു വരുന്നതിനു മുമ്പും സ്ത്രീകളെയും ഇരകളെയും ജാതിയില്‍ 'താഴ്ന്ന'വരെയും പദവിയില്‍ 'കുറഞ്ഞവരെയു'മൊക്കെ വളരെ മോശമായി വിശേഷിപ്പിക്കുന്ന സാമൂഹികവിരുദ്ധ മനസ്സ് പലവട്ടം പലവിധത്തില്‍ പ്രകടിപ്പിച്ചിട്ടുള്ളയാളാണ്. അതിന് തെളിവുകളുമുണ്ട്. അതിന്റെ പേരില്‍ പരാതിയും കേസും കോടതിയും പൊലീസ് സ്റ്റേഷനുമൊക്കെയായി ജോര്‍ജ്ജ് കയറിയിറങ്ങിയിട്ടുമുണ്ട്. ജനം ടിവിയിലെ ചര്‍ച്ചയില്‍ മുസ്്‌ലീങ്ങളെയാകെ അതിനീചമായി അധിക്ഷേപിച്ചതിനാണ് ജോര്‍ജ്ജിനെതിരേ ഒടുവില്‍ കേസെടുത്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി, രാഷ്ട്രീയ പ്രവര്‍ത്തനം തുടരാന്‍ പോലും ജോര്‍ജ്ജ് അര്‍ഹനല്ല എന്നും പറഞ്ഞു. അറസ്റ്റും റിമാന്‍ഡുമുണ്ടായെങ്കിലും ജയിലില്‍ കിടന്നില്ല. നെഞ്ചുവേദന കാരണം ആശുപത്രിയിലാക്കി. അവിടുന്നു തന്നെ ജാമ്യത്തിലുമിറങ്ങി. എന്നിട്ട് കഴിഞ്ഞ ദിവസം ജോര്‍ജ്ജ് പറഞ്ഞത് കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ ക്രൈസ്തവ സമുദായത്തിനു നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെയാണ് എന്നാണ്. ക്രിസ്ത്യാനികള്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം ചെയ്തയയ്ക്കണം എന്നും പറഞ്ഞു. പലവിധത്തില്‍ അന്വേഷിച്ചും പലരെയും ബുദ്ധിമുട്ടിക്കുകയും ചെയ്ത ശേഷമാണെങ്കിലും പൊലീസും കോടതിയും കണ്ടെത്തിയത് ലൗ ജിഹാദ് എന്ന ഒരു സംഗതിയേ ഇല്ല എന്നായിരുന്നല്ലോ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ അത് പാര്‍ലമെന്റില്‍ സമ്മതിക്കുകയും ചെയ്തു. അതേ കാര്യമാണ് ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ പി സി ജോര്‍ജ്ജ്് എന്ന മുന്‍ നിയമസഭാംഗം വിളിച്ചു പറയുന്നത്. അതിന് മകന്റെ പിന്തുണ കിട്ടുന്നതു സ്വാഭാവികം. പക്ഷേ, കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലും പിന്തുണച്ചിരിക്കുന്നു. കേരള സമൂഹത്തെ വര്‍ഗ്ഗീയമായി വേര്‍തിരിക്കുന്നതിന് വര്‍ഗ്ഗീയ മനോഭാവമുള്ള സാമൂഹിക വിരുദ്ധരും രാഷ്ട്രീയ ദുരുദ്ദേശ്യങ്ങളുള്ള വര്‍ഗ്ഗീയവാദികളും ചേര്‍ന്നുണ്ടാക്കിയ കള്ളക്കഥ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും റിലീസ് ചെയ്തിരിക്കുന്നു. പരമാവധി കാണികളെയും കേള്‍വിക്കാരെയും വായനക്കാരെയുമുണ്ടാക്കാന്‍ ജോര്‍ജ്ജിനെ പിന്തുണയ്ക്കുന്ന വര്‍ഗ്ഗീയശക്തികള്‍ ശ്രമിക്കുകയും ചെയ്യുന്നു. അവര്‍ക്ക് പി സി ജോര്‍ജ്ജ് ഇപ്പോള്‍ പ്രതീക്ഷയുടെ ഗോപുരമാണ്, നാളെയുടെ നേതാവാണ്. ജോര്‍ജ്ജിനെ പരമാവധി പിന്തുണയ്ക്കാനും കൊണ്ടു നടക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. ക്രിസ്ത്യാനികളെ വര്‍ഗ്ഗീയവല്‍കരിക്കാന്‍ ശ്രമിക്കുന്ന ആ സമുദായത്തിലെ ചില കൂട്ടായ്മകള്‍ക്ക് ജോര്‍ജ്ജാണ് ഇപ്പോള്‍ വഴിയും വെളിച്ചവും. കേരളത്തിലെ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും സാധാരണ ബിജെപിക്കാരുള്‍പ്പെടെ ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ടവരും അറപ്പോടെ അകറ്റി നിര്‍ത്താന്‍ ആഗ്രഹിക്കുന്ന വര്‍ഗ്ഗീയവിഷമാണ് ജോര്‍ജ്ജിന്റെ അടയാളം. അതുതന്നെയാണ് ജോര്‍ജ്ജിനെ വര്‍ഗ്ഗീയ ശക്തികള്‍ക്ക് സ്വീകാര്യനാക്കുന്നതും. മുമ്പ് ജോര്‍ജ്ജിനെ കൊണ്ടു നടന്ന് ജയിപ്പിച്ച മുസ്ലിം സമുദായത്തിലെ വര്‍ഗ്ഗീയ ശക്തികള്‍ക്ക്, എസ്ഡിപിഐയ്ക്കും കൂട്ടാളികള്‍ക്കും തങ്ങള്‍ ഈ നാടിനോടു ചെയ്ത ദ്രോഹത്തിന്റെ തോത് ഇപ്പോഴെങ്കിലും പിടികിട്ടിയിട്ടുണ്ടാകും. യുഡിഎഫും എല്‍ഡിഎഫും നിരാകരിച്ച ജോര്‍ജ്ജ് സ്വതന്ത്രനായി മല്‍സരിച്ച ഘട്ടത്തിലാണ് അവര്‍ ഏറ്റെടുത്തതും ജയിപ്പിക്കാന്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ടതും. ജോര്‍ജ്ജ് ഏതെങ്കിലും സമുദായത്തിനു മാത്രമല്ല കേരളത്തിനാകെ ഇന്ന്് ഭീഷണിയായി മാറിയതില്‍ ആ ജയത്തിനൊരു പങ്കുണ്ട്. അന്ന് തോറ്റിരുന്നെങ്കില്‍ പത്തി മടങ്ങുമായിരുന്നു. ഇപ്പോള്‍ ജോര്‍ജ്ജിന്റെ തനി നിറം തുറന്നു കാട്ടാന്‍ അവര്‍ തന്നെ മല്‍സരിക്കുകയാണ്. ആ ദേഷ്യം കൂടിയാണ് സമുദായത്തിനും മതേതര കേരളത്തിനാകെയുമെതിരേ വിഷം ചീറ്റാന്‍ ജോര്‍ജ്ജിനു പ്രകോപനം. ഇനിയും കേസെടുക്കുമോ അറസ്റ്റ് ഉണ്ടാകുമോ ആശുപത്രിയില്‍ പോകുമോ എന്നതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. ജോര്‍ജ്ജിനെ സാമൂഹികമായി ബഹിഷ്‌കരിക്കാന്‍ കേരളം തയാറാകേണ്ടതല്ലേ എന്നതാണ്. ജോര്‍ജ്ജ് എന്നും എപ്പോഴും 2018 സെപ്റ്റംബറില്‍ നടന്ന ഒരു സമൂഹമാധ്യമ ക്യാംപെയ്‌നേക്കുറിച്ച് ഓര്‍ക്കുകയാണ്. പി സി ജോര്‍ജിനോട് വായടയ്ക്കാന്‍ നിര്‍ദ്ദേശിക്കുന്നതായിരുന്നു ആ ക്യാംപെയ്ന്‍. അതിലേക്ക് എത്തിയ വിഷം നിറഞ്ഞ വര്‍ത്തമാനങ്ങളില്‍ ചിലത് താഴെ ചേര്‍ക്കുന്നു: ഇതാണ് അന്നുമിന്നും എന്നും ജോര്‍ജ്ജ്. സമകാലിക മലയാളം വാരിക 2018 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച സമഗ്ര റിപ്പോര്‍ട്ടില്‍ നിന്നാണ് ഇപ്പോഴും പ്രസക്തമായ ഈ വിവരങ്ങള്‍. - 2018 സെപ്റ്റംബര്‍ 9: കന്യാസ്ത്രീ പ്രോസ്റ്റിറ്റിയൂട്ട് എന്ന് പി സി ജോര്‍ജ്ജ്. 'ആ കന്യാസ്ത്രീ ഏതായാലും ഒരു പ്രോസ്റ്റിറ്റിയൂട്ട് ആണെന്ന കാര്യത്തില്‍ സംശയമില്ല. അവര്‍ക്ക് വെര്‍ജിനിറ്റി ടെസ്റ്റ് നടത്തേണ്ടി വരും. പന്ത്രണ്ട് പ്രാവശ്യം ഒരുതരി സുഖം. പതിമൂന്നാം തവണ എങ്ങനെയാണത് ബലാല്‍സംഗമാകുന്നത്. അവരെവിടെയായിരുന്നു പന്ത്രണ്ട് തവണ നടന്നപ്പോള്‍. ആരോടാ ഇത് പറയുന്നത്? ഒന്നാമത്തെ പ്രാവശ്യം എന്തുകൊണ്ട് പരാതി കൊടുത്തില്ല. പറയാതിരിക്കാന്‍ പറ്റ്വോ. പലരുമായും ശാരീരികമായി ബന്ധം പുലര്‍ത്തുന്ന സ്ത്രീ പ്രോസ്റ്റിറ്റിയൂട്ടാണെന്ന് പറയേണ്ടി വരും. - 2018 ഫെബ്രുവരി: എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരന്റ കരണത്ത്. എംഎല്‍എ ഹോസ്റ്റലിലെ കന്റീന്‍ ജീവനക്കാരന്‍ മനുവിനെ തല്ലിയെന്ന പരാതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞെങ്കിലും കേസ് നിലനില്‍ക്കുന്നു. ഉച്ചഭക്ഷണം ലഭിക്കാന്‍ വൈകി എന്നതായിരുന്നു മര്‍ദനത്തിനു കാരണം. 'ഞാന്‍ എംഎല്‍എയുടെ മുറിയില്‍ എത്തിയപ്പോള്‍ അദ്ദേഹം ഒരു സ്ത്രീയോടു കയര്‍ത്തു സംസാരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോള്‍ എന്നെയും ചീത്ത വിളിച്ചു. എന്നെ ചീത്ത വിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞതും എന്റെ മുഖത്തടിക്കുകയായിരുന്നു. മനു അന്ന് മാധ്യമങ്ങളോടു പറഞ്ഞതിങ്ങനെ. മനു പറഞ്ഞത് നുണയാണെന്നാണ് ജോര്‍ജ്ജ് പ്രതികരിച്ചത്. 'ഞാന്‍ ഊണു പറഞ്ഞത് ഒന്നരയ്ക്കാണ്. 2.05 ആയിട്ടും കാണാതെ വന്നപ്പോള്‍ കാന്റീന്‍ സൂപ്പര്‍വൈസറെ ഫോണില്‍ വിളിച്ചു ചോദിച്ചു. ഊണ് പയ്യന്റെ കൈയില്‍ കൊടുത്തുവിട്ടിട്ടുണ്ടല്ലോ എന്നാണ് അവര്‍ പറഞ്ഞത്. ഇങ്ങനെയുള്ളവമ്മാരെയൊന്നും ജോലിക്ക് വക്കരുതെന്ന് ഞാന്‍ പറഞ്ഞു. അതു കേട്ടുകൊണ്ടാണ് അവന്‍ വന്നത്. ഇറങ്ങിപ്പോകാന്‍ ഞാന്‍ പറഞ്ഞതേയുള്ളു, തല്ലിയൊന്നുമില്ല.' എന്ന് ജോര്‍ജ്ജ്. - 2018 ജൂലൈ 17: ടോള്‍ പ്ലാസയില്‍ പി സി ജോര്‍ജ്ജിന്റെ പരാക്രമം. കാത്തു കിടക്കേണ്ടി വന്നതില്‍ പ്രതിഷേധിച്ച് തൃശൂരിലെ ടോള്‍ പ്ലാസയുടെ ബാരിക്കേഡ് തകര്‍ത്തു. കാറില്‍ നിന്ന് ഇറങ്ങി ജോര്‍ജ്ജ് ഓട്ടോമാറ്റിക് ബാരിക്കേഡ് തകര്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളിലൂടെ ലോകം കണ്ടു. ജീവനക്കാരോട് കയര്‍ത്തുകൊണ്ടായിരുന്നു ഇത്. ഡ്രൈവറും സഹായിയും വേണ്ട സഹായവും ചെയ്തു. പിന്നീട് കാര്‍ ഓടിച്ചു പോയി. ''ട്രെയിന്‍ പോകുന്നതിനു മുമ്പ് എത്താന്‍ തിരക്കിട്ടു വരികയായിരുന്നു ഞാന്‍. എന്റെ കാറിലെ എംഎല്‍എ സ്റ്റിക്കര്‍ ടോള്‍ പ്ലാസ ജീവനക്കാരന്‍ കണ്ടതുമാണ്. എന്നിട്ടും നിര്‍ത്തിച്ചു. ഞങ്ങള്‍ കാത്തുകിടന്നിട്ടും അയാള്‍ വന്നില്ല. പിറകേയുള്ളവര്‍ ഹോണടിച്ചുകൊണ്ടിരിക്കുകാരുന്നു. കുറച്ചു നേരം ഞങ്ങള്‍ കാത്തു. പിന്നെ അങ്ങനെ ചെയ്യുകയല്ലാതെ വെറേ നിര്‍വാഹമില്ലായിരുന്നു. '' പി സി ജോര്‍ജ്ജിന്റെ പ്രതികരണം. - 2017 ജൂണ്‍ 29: നാക്കും തോക്കുമെടുത്തു ജോര്‍ജ്ജ് ' എനിക്ക് തോക്ക് ലൈസന്‍സുണ്ട്. നിരപരാധികളായ ആളുകളെ രക്ഷിക്കാനാണ് ഞാന്‍ അതുപയോഗിക്കുന്നത്.' പി സി ജോര്‍ജ്ജിന്റെ വാക്കുകള്‍. സമരം ചെയ്ത തൊഴിലാളികള്‍ക്കു നേരേ തോക്കു ചൂണ്ടിയത് ദൃശ്യങ്ങളുള്‍പ്പെടെ പുറത്തു വന്നപ്പോഴായിരുന്നു ഇത്. മുണ്ടക്കയത്തെ തോട്ടംതൊഴിലാളി സമരത്തിലേക്കാണ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്ക് ജോര്‍ജ്ജ് തോക്കേന്തി വന്നത്. ആദ്യം കണ്ടപ്പോള്‍ നാക്കു മാത്രമേ ഉണ്ടായിരുള്ളു. പിന്നെയാണ് മട്ടുമാറിയതും തോക്കെടുത്തതും. തൊഴിലാളികള്‍ മുദ്രാവാക്യം വിളികളോടെയാണ് നേരിട്ടത്. അവരെ ജോര്‍ജ്ജ് വിളിച്ചത് ഗൂണ്ടകളെന്നാണ്. 'രാത്രിയിലെത്തി മോശമായി ആരെങ്കിലും പെരുമാറുന്നുണ്ടെങ്കില്‍ ആസിഡ് മുഖത്തൊഴിച്ചേക്കണം എന്ന് ഞാന്‍ അവിടുത്തെ സ്ത്രീകളോടു പറഞ്ഞപ്പോള്‍ ഗൂണ്ടകള്‍ എന്നോട് മോശമായി സംസാരിച്ചു. അവരെന്നെ ചുണയുണ്ടെങ്കില്‍ തോക്കെടുക്കാന്‍ വെല്ലുവിളിച്ചു. എന്റെ കൈയിലുണ്ടായിരുന്ന ചെക് നിര്‍മിത പിസ്റ്റളെടുത്ത് കാണിച്ചുകൊടുത്തു. അത്രേയുണ്ടായുള്ളു. അതിനാ ഞാന്‍ തോക്കു ചൂണ്ടീന്നൊക്കെ ഇവമ്മാര് പറഞ്ഞുണ്ടാക്കുന്നത്' എന്ന് ജോര്‍ജ്ജ്. എന്നാല്‍ തങ്ങളുമായി വാക്കേറ്റത്തിനു വന്ന എംഎല്‍എ മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തി തോക്കെടുത്തു ചൂണ്ടുകയുമാണ് ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. ദൃശ്യങ്ങള്‍ സാക്ഷി. - 2017 ജൂലൈ 31: നടി പിറ്റേന്ന് അഭിനയിക്കാന്‍ പോയതെങ്ങനെ -'പെണ്‍കുട്ടീടെ പേരുപറഞ്ഞുകൂടാ. എരാന്നു പറഞ്ഞു പറഞ്ഞാ രാജ്യത്തു മുഴുവന്‍ ഇതു നടക്കുന്നത്. നാണംകെട്ട പരിപാടി. ആ പെണ്‍കുട്ടി, ഡല്‍ഹീലെ പെങ്കൊച്ചൊണ്ടല്ലോ നിര്‍ഭയ, അതിനേക്കാള്‍ ക്രൂരമായ പീഡനമായിരുന്നെന്നാണ് ഈ പൊലീസ് കോടതിയില്‍ പറഞ്ഞത്. പൊലീസ് പറഞ്ഞത് വിശ്വസിച്ചേക്കാം. പക്ഷേ, പിറ്റേന്നിന്റെ പിറ്റേന്ന് എങ്ങനെയാണ് ഈ കൊച്ച് സിനിമ അഭിനയിക്കാന്‍ പോയെ? ഇത്ര ക്രൂരമായ പീഡനമേറ്റ കൊച്ചെങ്ങനെയാ സിനിമ അഭിനയിക്കാന്‍ പോയത്? ഏതാശുപത്രീലാ പോയത്? നിങ്ങള്‍ പത്രക്കാര് പറഞ്ഞാമതി, ഞാന്‍ സമ്മതിച്ചേക്കാം. ഇത്രേം വലിയ പീഡനത്തിന് ഇരയായ കുട്ടി നേരേ പോയി സിനിമാ അഭിനയിക്കുക; അതെന്നാ പീഡനമാ? - 2017 സെപ്റ്റംബര്‍ 2: നമ്പി നാരായണന്റെ നഷ്ടരപരിഹാരത്തില്‍ നുണ പൊളിഞ്ഞ് ജോര്‍ജ്ജ്. ' ലോകംകണ്ട പ്രശസ്തനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ഈ തെണ്ടികള്‍, നാണംകെട്ട കേരള പൊലീസ് നാലുവര്‍ഷം പിടിച്ച് അകത്തിട്ടു. നിങ്ങള്‍ക്കറിയാമോ. തെണ്ടികള്‍ സിഐഎ ചാരന്മാരുടെ കാശും വാങ്ങിച്ചോണ്ട് ചെയ്തതാ. സുപ്രീംകോടതി പറഞ്ഞു കാശ് കൊടെടാന്ന്. ഒരുകോടി രൂപ നഷ്ടപരിഹാരം. ആ മനുഷ്യന്റെ കണ്ണീന്നു കണ്ണീര് കണ്ടവന്‍ ഞാനാ. കേരള സര്‍ക്കാരിന്റെ പത്തു ലക്ഷം രൂപ വീട്ടില്‍ക്കൊണ്ടുക്കൊടുത്തത് ഞാനാണ്. അങ്ങേര് ഒരുകോടി വേണ്ടാന്നു പറഞ്ഞു. പത്തു ലക്ഷം മതി. കോടതി വിധിച്ചാല്‍ വാങ്ങിക്കണമല്ലോ ഞാന്‍. അതുകൊണ്ട് പി സീ പത്തു ലക്ഷം മതി എന്ന് പറഞ്ഞു. വാങ്ങിച്ചില്ലെങ്കില്‍ ചരിത്രത്തില്‍ ഞാന്‍ കള്ളനാണെന്ന് പറയില്ലേന്നു പറഞ്ഞു. ഞാന്‍ ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞു, ചേട്ടാ ചേട്ടന്‍ കൊണ്ടുപോടി കാശ് കൊടുക്കണം. ഉമ്മന്‍ ചാണ്ടിയോടു ചോദിച്ചോ. പത്തു മിനിറ്റ് കഴിഞ്ഞ് ഉമ്മന്‍ ചാണ്ടി എന്നെ വിളിച്ചു പറഞ്ഞു, പി സീ പി സിതന്നെ കൊണ്ടുക്കൊടുക്കണം. പിറ്റേ ദിവസം ഈ പത്ത് ലക്ഷം രൂപാടെ ചെക്ക് എടുത്തോണ്ട് അങ്ങേരുടെ വീട്ടില്‍ കൊണ്ടുപോടി കൊടുത്തത് ഞാനാ. ചോയീര്, നമ്പി നാരായണന്‍ ജീവിച്ചിരിപ്പുണ്ടല്ലോ.' എന്ന് ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ജോര്‍ജ്ജ് പറഞ്ഞത്. നടിയെ ജോര്ജ്ജ് അധിക്ഷേപിച്ചു സംസാരിച്ചതിനേക്കുറിച്ചുള്ള ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റ് ന്യൂസ് പി സി ജോര്‍ജ്ജിന്റെ സാന്നിധ്യത്തില്‍ ഇത് പുനസംപ്രേഷണം ചെയ്തു. നമ്പി നാരായണനോട് ഫോണില്‍ പ്രതികരണം തേടി. നമ്പി നാരായണന്റെ വാക്കുകള്‍: ' ഈ പറയുന്നതില്‍ പലതും വാസ്തവമല്ല. ഞാന്‍ ജയിലില്‍ കിടന്നത് അമ്പത് ദിവസമാണ്. നവംബര്‍ 30 മുതല്‍ ജനുവരി 19 വരെ. സുപ്രീംകോടതി ഒരുകോടിയൊന്നും വിധിച്ചിട്ടില്ല. ഞാനുള്‍പ്പെടെ ആറുപേര്‍ക്കും കൂടി കോടതിച്ചെലവിന് ഒരു ലക്ഷം രൂപ തരാനാണ് വിധിച്ചത്. അത് നഷ്ടപരിഹാരമല്ല. ഒരുകോടി നഷ്ടപരിഹാരത്തിന് ഞാന്‍ തിരുവനന്തപുരം സബ്കോടതിയെ സമീപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എനിക്ക് പത്തുലക്ഷം രൂപ അടിയന്തര ഇടക്കാലാശ്വാസമായി നല്‍കാന്‍ വിധിച്ചു. 2001 മാര്‍ച്ചില്‍. അന്ന് അത് ഗവണ്‍മെന്റ് തരാതെ സ്റ്റേ വാങ്ങി. പിന്നെ എന്റെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണന്റെ അധ്വാനം കൊണ്ട് പതിനൊന്ന് വര്‍ഷം കഴിഞ്ഞിട്ട് 2012ല്‍ ആ പത്ത് ലക്ഷം എനിക്കു കിട്ടി.' ചോദ്യം: പി സി ജോര്‍ജ്ജ് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച് പത്ത് ലക്ഷം രൂപ വാങ്ങിത്തന്നുവെന്നാണ് പറയുന്നത്. അങ്ങനെയുണ്ടായോ? മറുപടി: ഇല്ല, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. ഹൈക്കോടതിയില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഈ പത്ത് ലക്ഷം അനുവദിച്ചുതന്നത്. ആര്‍ക്കെങ്കിലും ഞാന്‍ നന്ദി പറയണമെങ്കില്‍ അത് എന്റെ അഭിഭാഷകന്‍ ഉണ്ണികൃഷ്ണനാണ്. അതു കഴിഞ്ഞിട്ട് ആ പണം ഡിജിപി വഴി, അന്ന് കെ എസ് ബാലസുബ്രഹ്മണ്യനാണ് ഡിജിപി, ഒരു പൊലീസ് കോണ്‍സ്റ്റബിളാണ് എന്റെ വീട്ടിലെത്തിച്ചത്. ഇതാണുണ്ടായത്.' - 2017 സെപ്റ്റംബര്‍ 14: കേസെടുത്താല്‍ തപാലില്‍ വിസര്‍ജ്ജ്യം 'നടിയെ അപകീര്‍ത്തിപ്പെടുത്തിയതിനു പി സി ജോര്‍ജ്ജിനെതിരേ കേസെടുത്തതിനു തുടര്‍ച്ചയായി തനിക്ക് വളരെ മോശം ഭാഷയിലുള്ള കത്തുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. രണ്ടുവട്ടം മനുഷ്യവിസര്‍ജ്ജ്യം തപാലില്‍ ലഭിച്ചു. ഓണത്തിനു തൊട്ടുമുമ്പായിരുന്നു രണ്ടാമത്തേത്. ചിലരുടെ മനോഭാവം പ്രകടമാക്കുന്ന നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. - 2016, ജൂണ്‍ 6: ജെസ്നയയുടെ തിരോധാനത്തില്‍ അച്ഛനെതിരേ 'ഞാന്‍ ആ പെങ്കൊച്ചിന്റെ വീട്ടില്‍ പോയി. അപ്പനും ആങ്ങളയുമൊക്കെ എന്തു സന്തോഷത്തോടെയാ എന്നെ വന്നു കണ്ടത്. എന്നെ സ്വീകരിക്കുകയാ, ഉമ്മന്‍ ചാണ്ടിയെ സ്വീകരിക്കാന്‍ ന്ില്‍ക്കുകയാ. കൊച്ച് പോയത് ഒരു വലിയ നേട്ടമായി, ഉമ്മന്‍ ചാണ്ടി വീട്ടീച്ചെല്ലുന്നത് ഒരു വലിയ നേട്ടമായി വച്ചിരിക്കുവാ. യാതൊരു ദുഃഖവും ആ അപ്പന്റെയോ സഹോദരന്റെയോ മുഖത്തു ഞാന്‍ കണ്ടില്ല. ഞാനിറങ്ങിവന്ന് അവിടെ നാട്ടുകാരോടു മുഴുവനും അന്വേഷിച്ചപ്പോ ആ അപ്പനെപ്പറ്റി നല്ല അഭിപ്രായമല്ല ഉള്ളത്. ഭാര്യയുടെ മരണത്തിനു രോഗമാണ് കാരണമെന്നതു പോലും സംശയാസ്പദമാണെന്നും രണ്ടാമത് ഒരു കീപ്പുണ്ടെന്നുമൊക്കെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഈ കുട്ടിയുടെ തിരോധാനം സംബന്ധിച്ച് ആ അപ്പനെ ചോദ്യം ചെയ്യണമെന്ന് അന്നുതന്നെ ഞാന്‍ ആവശ്യപ്പെട്ട ആളാ. പൊലീസ് എന്തുകൊണ്ടോ അന്വേഷിച്ചില്ല. അതിലെന്തോ മറിമായം നടക്കുന്നുണ്ട്. ജെസ്നയ്ക്കു വേണ്ടി പൊലീസ് വെറുതേ പ്ലെയിനേക്കേറി കാശും മുടക്കി നടക്കുകയാ. ആ അപ്പനെ ചോദ്യം ചെയ്താല്‍ കാര്യങ്ങള്‍ മണിമണിപോലെ പുറത്തുവരും.'' - മാന്യതയുള്ള പെണ്‍കുട്ടികള്‍ക്ക് രാത്രി പുറത്തിറങ്ങേണ്ടി വരില്ല. (സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോടുള്ള മറുപടി) - 2015 ജനുവരി 19: ചാനലില്‍ തന്തയ്ക്കു വിളി മാതൃഭൂമി ന്യൂസ് ചാനലിലെ ചര്‍ച്ചയില്‍ ബിജു രമേശിനെതിരേ. അഛന്റെ മൂല്യമറിയാവുന്നവര്‍ മറ്റുള്ളവരുടെ അച്ഛനു വിളിക്കില്ലെന്നു ബിജു രമേശ് പറഞ്ഞതിനു നല്‍കിയ മറുപടി; ' ഇവനെപ്പോലുള്ളവരുടെ തന്തയില്ലായ്ക കേള്‍ക്കാന്‍ എനിക്ക് മനസ്സില്ല. നീ കള്ളുകച്ചവടക്കാരനല്ലേടാ തെണ്ടീ. നീ പോടാ തെണ്ടീ, പരമ തെണ്ടീ....' എന്ന്. - 2013 മാര്‍ച്ച് 3: ഗണേഷിന്റെ തല്ലുകേസില്‍ എതിരേ ജോര്‍ജ്ജ്; പിന്നെ കൂടെയും യുഡിഎഫ് സര്‍ക്കാരില്‍ വനം മന്ത്രിയായിരുന്ന കെബി ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പി സി ജോര്‍ജ്ജ് അന്ന് വാര്‍ത്തയിലെത്തിയത്. ഗണേഷ് കുമാറിനെ 'കാമുകിയുടെ ഭര്‍ത്താവ്' വീട്ടില്‍ കയറി തല്ലി. ആ വിവരം പുറത്തുവിട്ടുകൊണ്ടായിരുന്നു ജോര്‍ജ്ജിന്റെ രംഗപ്രവേശം. ഇഷ്ടവിഷയങ്ങളായ സ്ത്രീ, സ്റ്റണ്ട്, സെക്സ് എല്ലാം ഒത്തുചേര്‍ന്ന കേസ്. 'ഫെബ്രുവരി 22നാണ് സംഭവം. ഒരു പത്രം ഇന്ന് അതിനേക്കുറിച്ചു വിശദമായി എഴുതി. പക്ഷേ, മന്ത്രിയുടെ പേര് പറഞ്ഞിട്ടില്ല. ആ മന്ത്രി ഗണേഷ് കുമാറാണ്. മറ്റു 19 മന്ത്രിമാരെയും പുകമറയില്‍ നിര്‍ത്താതിരിക്കാനാണ് ഞാന്‍ ഈ പേരു വെളിപ്പെടുത്തുന്നത്.' എന്ന് ജോര്‍ജ്ജ്. ഏതായാലും ഗണേഷ് കുമാറിന്റെ രാജിയിലും വിവാഹ മോചനത്തിലുമാണ് ആ വിവാദം അവസാനിച്ചത്. പക്ഷേ, ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഗണേഷ് കുമാര്‍ മറ്റൊരു തല്ലുകേസില്‍ പെട്ടപ്പോള്‍ പിന്തുണയുമായാണ് ജോര്‍ജ്ജ് എത്തിയത്. സ്വന്തം മണ്ഡലമായ പത്തനാപുരത്തു വച്ച് കാറിനു സൈഡ് കൊടുക്കാതിരുന്ന തര്‍ക്കത്തിനിടെ ഗണേഷ് മകനെ അടിക്കുകയും തന്നോട് മോശമായി സംസാരിക്കുകയും ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ പരാതി. ആ വിഷയത്തില്‍ ജോര്‍ജ്ജ് സംസാരിച്ചത് ഗണേഷ് കുമാറിന്റെ പക്ഷത്തു നിന്നുകൊണ്ടാണ്. പിന്നീട് ഈ കേസ് ഒത്തുതീര്‍ത്ത് ഗണേഷ് ഖേദം പ്രകടിപ്പിച്ചു. ജോര്‍ജ്ജിന് മിണ്ടാട്ടം മുട്ടി. - ഈഴവത്തെണ്ടികള്‍ എന്ന് വിളിച്ച് എസ്എന്‍ഡിപി നേതാക്കളെ അധിക്ഷേപിച്ചതും പട്ടികജാതിക്കാര്‍ ഒരു നിലയിലായിക്കഴിഞ്ഞാല്‍ വെളുത്ത പെങ്കൊച്ചുങ്ങളെ കെട്ടാന്‍ നടക്കും എന്നു പറഞ്ഞതും വന്‍ പ്രതിഷേധത്തിന് ഇടയാക്കി. പി സി ജോര്‍ജ്ജിന്റെ പൂഞ്ഞാറിലെ വീട്ടിലേക്ക് എസ്എന്‍ഡിപി യോഗവും ദളിത് സംഘടനകളും മാര്‍ച്ച് നടത്തി. കന്യാസ്ത്രീക്കെതിരായ പരാമര്‍ശങ്ങളേത്തുടര്‍ന്ന് ഒറ്റ ദിവസംതന്നെ അഞ്ച് സംഘടനകളാണ് ജോര്‍ജ്ജിന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയത്. ഒരു മിനി സമരം പൊതുസമരമായി മാറുന്നത് ഇങ്ങനെയൊക്കെയാണ് ഇതാണ് ജോര്‍ജ്ജ്, ഇതിനപ്പുറമാണ് ജോര്‍ജ്ജ് എന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയും സിപിഎം നേതാവുമായിരുന്ന എം സി ജോസഫൈന്‍ കൃത്യമായി പറഞ്ഞിരുന്നു. അതിന്റെ അടുത്ത ദിവസമാണ് തിരുവനന്തപുരത്തെ വനിതാ കമ്മീഷന്‍ ആസ്ഥാനത്തേക്ക് മനുഷ്യവിസര്‍ജ്യം തപാലില്‍ ചെന്നത്. അത് ജോര്‍ജ്ജാണോ അയച്ചത് എന്നതിനു തെളിവില്ല. പക്ഷേ, മുകളില്‍ പറഞ്ഞ ഓരോ വാക്കിനും വരിക്കും തെളിവുകളുണ്ട്; കേള്‍ക്കാനും കാണാനും കഴിയുന്ന തെളിവുകള്‍. ഇനിയും ജോര്‍ജ്ജിനെ കേരളം സഹിക്കാതിരിക്കാന്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റാതെ കേരള പൊലീസ് മറ്റെന്തു നന്മകള്‍ ചെയ്താലും പി സി ജോര്‍ജ്ജിന്റെ കാര്യത്തിലെ ചോദ്യം അവിടെത്തന്നെ നില്‍ക്കും; കൂടുതല്‍ മിഴിവോടെ.

സമകാലിക മലയാളം 13 Mar 2025 12:49 pm

സിപിഎം സൈദ്ധാന്തിക കാര്‍ക്കശ്യത്തില്‍നിന്നു മാറുന്നത് കേരളത്തിനു നല്ലത്

ചൈനീസ് നേതാവ് ഡെങ് സിയാവോപിങ് ഒരിക്കല്‍ പറഞ്ഞു, ''പൂച്ച കറുത്തതോ വെളുത്തതോ ആയിക്കോട്ടെ, അത് എലിയെ പിടിച്ചാല്‍ മതിയല്ലോ.'' കമ്യൂണിസ്റ്റ് ചൈനയുടെ മുതലാളിത്ത സാമ്പത്തിക പരിഷ്‌കരണങ്ങളെ വിശദീകരിക്കാന്‍ പലപ്പോഴും ഉപയോഗിക്കാറുള്ളതാണ്, ഡെങ്ങിന്റെ ഈ വാക്കുകള്‍. ചൈനീസ് പാര്‍ട്ടിയെ പ്രചോദനമായി കാണുന്ന കേരളത്തിലെ സിപിഎമ്മിന്റെ പുതിയ നയരേഖ പരിശോധിച്ചാല്‍, ഡെങ്ങിന്റെ പുസ്തകത്തില്‍നിന്ന് ഒരേട് കീറിയെടുത്തതാണെന്നു തോന്നും. ഉദാരീകരണത്തോടും സ്വകാര്യവത്കരണത്തോടും മൂന്നു പതിറ്റാണ്ടോളം നീണ്ട കടുത്ത എതിര്‍പ്പിനൊടുവില്‍, മൂലധനത്തോടും നിക്ഷേപത്തോടുമുള്ള സിപിഎമ്മിന്റെ സമീപനത്തില്‍ സമൂലമായ മാറ്റമാണ് കൊല്ലം സമ്മേളനത്തിലുണ്ടായത്. വിഭവ സമാഹരണത്തെ ത്വരിതപ്പെടുത്തുക, പൊതുമേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കുക, വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഫീസും സര്‍ചാര്‍ജും വര്‍ധിപ്പിക്കുക തുടങ്ങി, മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവകേരളത്തിനുള്ള പുതു വഴികള്‍ എന്ന നയരേഖയില്‍ നിക്ഷേപം ആകര്‍ഷിക്കാനുതകുന്ന ഒരുപിടി നിര്‍ദേശങ്ങളുണ്ട്. സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളിയെ നേരിടുന്നതിന് സ്വകാര്യ നിക്ഷേപം വേണമെന്നാണ് രേഖ പറയുന്നത്. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് ഉന്നത വിദ്യാഭ്യാസം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അിവാര്യമാണെന്ന് അത് അടിവരയിട്ടു പറയുന്നു. കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത് പുതിയ വെല്ലുവിളികളെ നേരിടുന്നതിന്, ദീര്‍ഘകാലമായി തുടരുന്ന നിലപാടില്‍ മാറ്റം വരുത്താനുള്ള സിപിഎമ്മിന്റെ തീരുമാനം തീര്‍ത്തും സ്വാഗതാര്‍ഹമാണ്. പ്രായോഗികം എന്നു ഭൂരിപക്ഷവും കരുതുന്ന ഈ മാറ്റം പക്ഷേ, സിപിഐ ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്കു ദഹിച്ചിട്ടില്ല. പൊതുമേഖലാ സ്ഥാപനങ്ങളെ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ നടത്താനുള്ള നിര്‍ദേശത്തിനെതിരെ അവര്‍ രംഗത്തുവന്നു കഴിഞ്ഞു. അപകടകരമായ പ്രവണതയെന്നും പ്രശ്‌നഭരിതമായ സമീപനമെന്നുമൊക്കെയാണ് അവരുടെ വാദങ്ങള്‍. സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്കു നിരക്കാത്ത വ്യവസ്ഥകളോടെ നിക്ഷേപം സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നവ ഉദാരീകരണ സാമ്പത്തിക ചട്ടക്കൂടില്‍നിന്നു തന്നെയാണ് ഈ പുതിയ നയം രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്; അതിന് ഒരു സോഷ്യലിസ്റ്റ് തലയണ വച്ചു കൊടുത്തിട്ടുണ്ടെന്നു മാത്രം. കുറെ നാളായി സിപിഎം അടക്കിപ്പിടിച്ചുകൊണ്ടു മൂളുന്ന പാട്ടു തന്നെയാണിത്. അത് ഉറക്കെപ്പാടാനുള്ള ധൈര്യം ഇപ്പോള്‍ അവര്‍ കാണിച്ചിരിക്കുന്നു. പശ്ചിമ ബംഗാളിലും ത്രിപുരയിലും ഉണ്ടായ തിരിച്ചടിയില്‍നിന്നു കേരളത്തിലെ സിപിഎം ചില പാഠങ്ങള്‍ പഠിച്ചിരിക്കുന്നു. ഏതു പാര്‍ട്ടിയും ചരിത്രത്തില്‍നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മികച്ച ലക്ഷ്യങ്ങളോടെ മുന്നോട്ടു പോവുന്നത് നല്ലതു തന്നെയാണ്.

സമകാലിക മലയാളം 13 Mar 2025 12:17 pm

കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാര്‍ക്ക് ആശ്വാസം; മനുഷ്യത്വപരം ഈ ഹൈക്കോടതി വിധി

''കുട്ടികളായില്ലേ?'' കല്യാണം കഴിഞ്ഞാലുടന്‍ കേള്‍ക്കുന്ന ചോദ്യം. ഇല്ലെന്നാണെങ്കില്‍, സഹതപിക്കലായി, സങ്കടപ്പെടലായി; ''അയ്യോ.... എനിക്കറിയില്ലാട്ടോ.... ആരുടെയാ കുഴപ്പം?'' കുട്ടികളില്ലാത്തവര്‍ കേട്ടു തഴമ്പിച്ച ചോദ്യവും സഹതാപവും. പ്രായമായവരാണ് കുട്ടികളില്ല എന്നു പറയുന്നതെങ്കില്‍ ഈ സഹതാപത്തിന്റെ ആഴം കൂടും. ''പ്രായമാകുന്തോറും ബുദ്ധിമുട്ടാ കെട്ടോ...'' ഇപ്പറഞ്ഞതില്‍ പാതിസത്യവുമുണ്ട്. അപ്പോഴാണ് കൃത്രിമ ഗര്‍ഭധാരണത്തിന് പ്രാധാന്യം ഏറി വരുന്നത്. ഹൈക്കോടതിയുടെ ഒരു ഉത്തരവിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാനാവും എന്നതാണ് പുതിയ സാഹചര്യം വ്യക്തമാക്കുന്നത്. നിയമം പറയുന്നത്: അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി ആക്ട് (Assisted Reproductive Technology (Regulation) Act, 2021) പ്രകാരം കൃത്രിമ ഗര്‍ഭധാരണ ചികിത്സയ്ക്ക് നിയമാനുസൃത പ്രായപരിധി പുരുഷന് 55 വയസ്സും സ്ത്രീക്ക് 50 വയസ്സുമാണ്. അതായതു 21 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീക്കും 21 നും 55 നും ഇടയില്‍ പ്രായമുള്ള പുരുഷനും മാത്രമേ എആര്‍ടി സേവനങ്ങള്‍ നല്‍കാന്‍ പാടുള്ളൂ എന്ന് നിയമത്തിലെ സെക്ഷന്‍ 21(ജി)(ഐ) വ്യവസ്ഥ ചെയ്യുന്നു. ദമ്പതികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഭര്‍ത്താവിന് 55 വയസ്സ് തികഞ്ഞു എന്ന ഒറ്റ കാരണത്താല്‍ വിവാഹിതയായ സ്ത്രീക്ക് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ആര്‍ടി) നടപടിക്രമത്തിന് വിധേയയാകാന്‍ അനുമതി നിഷേധിക്കുന്ന സാഹചര്യം ഏറി വരുന്നുണ്ട്. ഇതിന്റെ പേരില്‍ പലരും കുട്ടികള്‍ വേണമെന്ന സ്വപ്നം ഉപേക്ഷിച്ചിട്ടുണ്ട്. കോടതിയിലെ കേസ് മലപ്പുറം സ്വദേശികളായ 46 വയസായ ഭാര്യയും 57 വയസായ ഭര്‍ത്താവും മുമ്പ് ഐവിഎഫ് ചികിത്സകള്‍ക്ക് വിധേയരായിരുന്നു. എന്നാല്‍ അത് വിജയകരമായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഡോക്ടര്‍മാര്‍ വീണ്ടും ചികിത്സക്ക് വിധേയമാക്കാന്‍ നിര്‍ദ്ദേശിച്ചു. അവരില്‍ പ്രതീക്ഷയേറി. ആശുപത്രിയിലെത്തി, എന്നാല്‍ പ്രായപരിധി ഒരു തടസമായി. നിയമത്തിലെ പ്രായപരിധി ചൂണ്ടിക്കാട്ടി ആശുപത്രി അവരുടെ ആവശ്യം നിരസിച്ചു. ദമ്പതികള്‍ ഇത് ചോദ്യം ചെയ്തു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചികിത്സ നല്‍കാന്‍ ആശുപത്രി വിസമ്മതിക്കുന്നത് അവരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് എന്ന് ദമ്പതികള്‍ വാദിച്ചു. നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള പ്രായപരിധി പുരുഷനും സ്ത്രീയും അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്‌നോളജി (ART ) നടപടിക്രമത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ മാത്രമേ ബാധകമാകൂ എന്നതായിരുന്നു മറ്റൊരു വാദം. കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്: ജനിക്കാന്‍ പോകുന്ന കുട്ടിയുടെ ക്ഷേമവും ഭാവിയും പരിഗണിച്ച ശേഷമാണ് പ്രായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ദമ്പതികളുടെ ആവശ്യത്തെ എതിര്‍ത്ത, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ അറിയിച്ചത്. ദമ്പതികളുടെ മാതാപിതാക്കളാകാനുള്ള ആഗ്രഹം നിറവേറ്റുന്നതിനൊപ്പം, ജനിക്കാത്ത കുട്ടിയുടെ അവകാശങ്ങളും ക്ഷേമവും പരമപ്രധാനമായി തുടരണമെന്ന് മന്ത്രാലയം വാദിച്ചു. നിയമത്തില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തുന്നത് ന്യായമായ ഒരു നിയന്ത്രണം മാത്രമാണ്, അത് വ്യക്തികളുടെ/ദമ്പതികളുടെ അവകാശങ്ങളുടെ ലംഘനമാണെന്ന് പറയാനാവില്ല. ചേർത്തുനിർത്താമെന്ന് രണ്ടാനച്ഛൻ, വിട്ടുകൊടുക്കാതെ അച്ഛൻ; പെരുവഴിയിലാകുന്ന 'ബാല്യം' കോടതിയുടെ മനുഷ്യത്വപരമായ തീരുമാനം കുട്ടികളില്ലായ്മയുടെ അനുഭവം ആ വഴിയിലൂടെ നടക്കുന്നവര്‍ക്ക് മാത്രം അറിയാവുന്ന ഒരു നിശബ്ദ വേദനയാണ്. അതിനാല്‍ ഭര്‍ത്താവിന്റെ അനുമതി വാങ്ങിയ ശേഷം ഭാര്യക്ക് ART ചികിത്സ നല്കാന്‍ കോടതി ആശുപത്രിയോട് നിര്‍ദേശിച്ചു. ഭര്‍ത്താവിന്റെ പ്രായത്തെ അടിസ്ഥാനമാക്കി ART സേവനങ്ങള്‍ നിഷേധിക്കുന്നത്, വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ക്കിടയില്‍ അന്യായമായ വേര്‍തിരിവ് സൃഷ്ടിക്കുമെന്ന് കോടതി ഊന്നിപ്പറഞ്ഞു, കാരണം ഭര്‍ത്താവിന്റെ പ്രായവുമായി ബന്ധപ്പെട്ട യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ART നടപടിക്രമങ്ങള്‍ക്ക് വിധേയരാകാന്‍ അവര്‍ക്ക് അനുവാദമുണ്ട്. സിംഗിള്‍ വുമണ്‍ ART നടപടികള്‍ക്ക് വിധേയരാകുമ്പോള്‍ നിയമം നിശ്ചയിച്ച പ്രായപരിധിക്കകത്തു ആണെങ്കില്‍ മറ്റു തടസങ്ങള്‍ ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. കുഞ്ഞിക്കാല്‍ കാണാനുള്ള മോഹത്തിന് പ്രായപരിധിയില്ലെന്നര്‍ത്ഥം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അയക്കാം. ramdaspnr@gmail.com

സമകാലിക മലയാളം 10 Mar 2025 1:05 pm

രണ്ടു ജീവനുകള്‍ വച്ചു കൊണ്ടുള്ള ആ കളിയില്‍ ഒരുപാട് പേര്‍ തോറ്റിട്ടുണ്ട്

പെ ട്ടെന്നൊരു ദിവസം ഏതെങ്കിലും ദമ്പതികള്‍ ഒരു കുട്ടിയെ കൊണ്ട് വന്ന് കാണിച്ചിട്ട് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞാല്‍ കൊടുക്കാന്‍ പറ്റുമോ? ആരോഗ്യകരമായ പ്രസവം, വാക്‌സിനേഷന്‍, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം ഒക്കെ കുട്ടികള്‍ക്കുണ്ട്. അതൊക്കെ വേറെ വിഷയമാണ്. അത് മാറ്റി വച്ച് ചിന്തിച്ചാലും നിലവില്‍ കണ്ണുമടച്ച് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ സാധിക്കില്ലല്ലോ. അതിന് കുട്ടി അവരുടേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാലല്ലേ പറ്റൂ. DNA പരിശോധനകള്‍ നടത്തി അത് തെളിയിക്കട്ടെ. വീട്ടിലെ സുഖപ്രസവം എന്നത് ലോട്ടറി അടിക്കുന്നത് പോലെയാണ്. രണ്ടു ജീവനുകള്‍ വച്ചു കൊണ്ടുള്ള ഒരു ഞാണിന്മേല്‍ കളി. ആ കളിയില്‍ പണ്ട് ഒരുപാട് പേര്‍ തോറ്റിട്ടുണ്ട്. ഇന്ന് മാതൃശിശു മരണ നിരക്കുകള്‍ ഇത്രയും കുറഞ്ഞതിന് കാരണം ഗര്‍ഭകാലം മുതല്‍ എല്ലാ പരിചരണങ്ങളും ആശുപത്രികളില്‍ നടക്കുന്നത് കൊണ്ടാണ്. ജനിക്കുന്ന കുഞ്ഞ് കരയാന്‍ 5 മിനിട്ട് വൈകിയാല്‍, അതിനിടയില്‍ കൃത്യമായ മെഡിക്കല്‍ സപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ കുട്ടി ജീവിച്ചാല്‍ പോലും തലച്ചോര്‍ വളര്‍ച്ചയില്ലാതെ ജീവിതകാലം മുഴുവന്‍ കുടുംബത്തിന് തന്നെ ഒരു സങ്കടക്കാഴ്ചയായി ജീവിക്കും. തലച്ചോറിലേക്ക് കുറച്ചു നേരത്തേക്ക് ആവശ്യത്തിന് ഓക്‌സിജന്‍ കിട്ടാതെ വരുന്ന ഹൈപ്പോക്‌സിക് ഇസ്‌കീമിക് എന്‍സെഫലോപതി എന്ന അവസ്ഥ കാരണമാണത്. മിനിട്ടുകളും സെക്കന്റുകളും ഒരാളുടെ വിധി നിര്‍ണയിക്കുന്നത് ഇങ്ങനെയൊക്കെയാണ്. അല്ലാതെ മതപുസ്തകങ്ങളും ജാതകങ്ങളും നോക്കിയിട്ടല്ല. ഇതൊരു ഒറ്റ ഉദാഹരണം പറഞ്ഞു എന്നേയുള്ളു. ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ വേറെ ഉണ്ടാവാം. കേണമംഗലം, രാമവില്യം കഴകങ്ങള്‍ ഓര്‍മിപ്പിക്കുന്നത് ഗര്‍ഭവും പ്രസവവും ഒക്കെ ഒന്നല്ല, രണ്ട് ജീവന്‍ കൈയില്‍ പിടിച്ചുള്ള വലിയ ഗെയിമാണ്. സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടത്. വീട്ടിലെ പ്രസവം ഒരിക്കലും മാതൃകയാക്കരുത്. എടുക്കുന്ന എല്ലാവര്‍ക്കും ലോട്ടറി അടിക്കില്ലാ എന്ന തത്വം ഓര്‍ക്കുന്നത് ഇവിടെ വളരെ അനുയോജ്യമാണ്.

സമകാലിക മലയാളം 8 Mar 2025 11:17 am

നമുക്കൊന്ന് മുംബൈ വരെ പോയാലോ എന്ന് ഏതോ അപരിചിതന്‍ ചോദിക്കും മുന്‍പ്...

ആശങ്കകള്‍ എല്ലാം ഒഴിഞ്ഞു, കുട്ടികളെ കണ്ടു കിട്ടി. വലിയ സന്തോഷത്തില്‍ ആണ് എല്ലാവരും. സന്തോഷത്തില്‍ പങ്കുചേരുന്നു. എങ്കിലും കുറെ ഏറെ ചോദ്യങ്ങള്‍ ബാക്കിയാണ്. കേട്ടറിവുമാത്രമുള്ള ഒരു മഹാ നഗരത്തിലേക്ക് ട്രെയിന്‍ കേറിപ്പോവാനുള്ള ധൈര്യം ഈ കുട്ടികള്‍ക്ക് എങ്ങനെ കിട്ടി? വീടിനെയും വീട്ടുകാരെയും ഉപേക്ഷിച്ചു കളഞ്ഞേക്കാം എന്ന ചിന്ത ഇവരില്‍ എങ്ങനെ ഉണ്ടായി? കൈനിറയെ പണം ഉണ്ടായിരുന്നു അവരുടെ പക്കല്‍ എന്നറിയുന്നു. അയ്യായിരം രൂപ വീതം കൊടുത്തു രണ്ടുപേരും ഹെയര്‍ ട്രീറ്റ്‌മെന്റ് എടുത്തിരുന്നു എന്നും കണ്ടു. അതൊക്കെ വേണ്ടത് തന്നെയാണ്, പക്ഷെ ആ സാഹചര്യമാണ് അത്ഭുതപ്പെടുത്തുന്നത്. കുട്ടികള്‍ തിരിച്ചു വീട്ടിലെത്തട്ടെ, വീട്ടുകാര്‍ക്കൊപ്പം സന്തോഷമായിരിക്കട്ടെ. പക്ഷെ അവരുടെ ഈ യാത്രക്ക് പിന്നില്‍ അജ്ഞാതരായ ആരുടെ എങ്കിലും ഇടപെടലുകള്‍ ഉണ്ടെങ്കില്‍ അതു ഗൗരവമായി അന്വേഷിച്ചു കണ്ടുപിടിച്ചു നടപടി സ്വീകരിക്കണം. മാതാപിതാക്കളും മാറേണ്ടതുണ്ട്. നല്ല ആഹാരവും വസ്ത്രവും വിദ്യാഭ്യാസവും സ്‌നേഹവും വാത്സല്യവും മാത്രം പോരാ ഇപ്പോഴത്തെ കുട്ടികള്‍ക്ക്, അവര്‍ക്കു മാതാപിതാക്കളുടെ സൗഹൃദവും വേണം. അതിന് അവര്‍ക്കൊപ്പം നമ്മളും അപ്‌ഡേറ്റഡ് ആയികൊണ്ടിരിക്കണം, അവരോട് സംസാരിക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളെ പറ്റി നമുക്കും ഗ്രാഹ്യമുണ്ടായിരിക്കണം, നമ്മുടെ മക്കള്‍ നമ്മളോട് സംസാരിക്കാതെയാവുന്നത് അവരുടെ ചോദ്യങ്ങള്‍ക്ക് നമ്മുടെ കയ്യില്‍ ഉത്തരം ഇല്ലാതെ ആവുമ്പോഴും അവര്‍ പറയുന്നത് നമുക്കു മനസിലാവാതെ ആവുമ്പോഴുമാണ്. അദ്ധ്യാപകരുടെ കയ്യിലോട്ട് വടി വെച്ചു കൊടുത്തു ഭാഗ്യം പരീക്ഷിക്കാന്‍ ഒന്നും ഇനി സമയമില്ല. അവര്‍ സ്ത്രീകളെ നോക്കി ശരീര ഭാഗങ്ങളെ ഉച്ചത്തില്‍ വര്‍ണിക്കുകയാണ്! കുട്ടികള്‍ക്കൊപ്പം പഠിക്കുക, അപ്‌ഡേറ്റഡ് ആവുക. അവരുടെ ഗൈഡും ഗാഡിയനും ഫിലോസഫറും ബെസ്റ്റ് ഫ്രണ്ടും ആവുക. ഇടത്തരക്കാരായ മാതാപിതാക്കള്‍ക്ക് ഇതൊന്നും എളുപ്പത്തില്‍ കഴിഞ്ഞു എന്നുവരില്ല, പക്ഷെ കഴിഞ്ഞാല്‍ അതു ചരിത്രമാകും നമുക്കൊന്ന് മുംബൈ വരെ പോയാലോ എന്നു ഏതോ അപരിചിതന്‍ ചോദിക്കും മുന്‍പ് അവരുടെ മനസറിഞ്ഞു നമുക്കു ചോദിക്കാന്‍ പറ്റുന്ന ഘട്ടം എത്തിയാല്‍ ജയിച്ചു.

സമകാലിക മലയാളം 7 Mar 2025 3:01 pm

അവര്‍ സ്ത്രീകളെ നോക്കി ശരീര ഭാഗങ്ങളെ ഉച്ചത്തില്‍ വര്‍ണിക്കുകയാണ്!

വി ദേശത്തു പഠനത്തിനു കേരളത്തില്‍നിന്ന് പോകുന്നവര്‍ അഡ്മിഷന്‍ കിട്ടാന്‍ വേണ്ടി അവിടുത്തെ ഭാഷ പ്രാവീണ്യ പരീക്ഷക്കു മിനിമം സ്‌ക്കോര്‍ എങ്കിലും വേണം. ഐ ഇ ല്‍ ടി എസ്, ജര്‍മന്‍ഭാഷയൊക്കെ പഠിച്ചായിരിക്കും പോകുന്നത്. പക്ഷേ അവര്‍ക്കു ഒരു പരിശീലനമോ ഒറിയെന്റെഷനോ ഇല്ലാത്തത് വിവിധ രാജ്യങ്ങളില്‍ എങ്ങനെ പെരുമാറണം, എന്ത് സാമൂഹിക സാംസ്‌കാരിക അവബോധം വേണമെന്നതാണ്. കേരളത്തില്‍ നിന്നും നേരെ ലണ്ടനില്‍ അല്ലെങ്കില്‍ ബര്‍ളിനില്‍ ചെന്നാല്‍ എങ്ങനെ പെരുമാറണമെന്നാണ്. 'വിദേശത്തു പഠിക്കാന്‍ പോവാനും ചില മിനിമം പുരോഗതി വേണം; യുപിയൊക്കെ അതിലേക്ക് എന്ന് വളരും?' യൂറോപ്പില്‍ ചൂട് സമയത്ത് പലരുടെയും ഡ്രെസ് കോഡ് മാറും. പക്ഷേ ആരും പരസ്പരം തുറിച്ചു നോക്കില്ല. ട്രെയിനില്‍ ആരും ശബ്ദമുണ്ടാക്കാറില്ല ഇത് പറയാന്‍ കാരണം ഇപ്പോള്‍ ബര്‍ലിന്‍ അടക്കം ജര്‍മ്മനിയില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ട്. പലര്‍ക്കും സമൂഹത്തില്‍ എങ്ങനെ വര്‍ത്തിക്കണമെന്നു ഒരു പരീശീലമോ സെന്‍സിബിലിറ്റിയൊ ഇല്ല. കേരളത്തില്‍ നിന്ന് നേരെ ഏജന്‍സി വഴി എത്തുന്നവര്‍. നേരത്തെ കാനഡയിലേക്കുള്ള ഒഴുക്ക് കുറഞ്ഞു. യൂ കെയില്‍ പഠനം കഴിഞ്ഞു സ്‌റ്റേ ബാക്ക് ഒക്കെയുണ്ടെങ്കിലും പലരും ഓള്‍ഡ് ഏജ് ഹോമിലും റെസ്‌റ്റോറന്റുകളിലും മിനിമം വേജ് മാത്രം വാങ്ങി കഷ്ട്ടിച്ചു പിടിച്ചു നിന്നാലും നല്ല ശമ്പളം വാങ്ങുന്ന പ്രൊഫഷണല്‍ ജോലി അവസരം കുറഞ്ഞതിനാല്‍ യൂ കെ ഒഴുക്കും കുറഞ്ഞപ്പോള്‍ പുതിയ കയറ്റുമതി സ്ഥലം ജര്‍മ്മനിയാണ്. കഴിഞ്ഞദിവസം ബര്‍ലില്‍ ജോലി ചെയ്യുന്ന എന്റെ മകനോട് സംസാരിച്ചപ്പോള്‍ അവിടെ ഇപ്പോള്‍ ട്രയിനിലും പലയിടത്തും മലയാളം കേള്‍ക്കാമെന്നു പറഞ്ഞു. ട്രെയിനില്‍ ഉച്ചത്തില്‍ മലയാളം സംസാരിക്കുന്ന പതിനെട്ടു ഇരുപതും വയസ്സുള്ളവര്‍ ഉറച്ചു മലയാളത്തില്‍ സംസാരിക്കുന്നത് പല ജര്‍മന്‍കരെയും അസ്വസ്ഥതപെടുത്തുന്നത് കൊണ്ടാണ് ദൂരെ ഒരു സീറ്റില്‍ ഇരുന്ന അയാള്‍ ശ്രദ്ധിച്ചത്. അവര്‍ അടുത്ത സീറ്റില്‍ ഇരുന്ന സ്ത്രീകളെ നോക്കി മലയാളത്തില്‍ പരസ്പരം പറയുന്നത് കേട്ട് ഞെട്ടി. ഹോ, എന്ത് തുടയാടാ '!! എന്ന് തുടങ്ങി അടുത്ത് ഇരുന്ന സ്ത്രീകളെ വായിനോക്കി അവരുടെ ശരീര ഭാഗങ്ങളെ വര്‍ണിക്കുന്നു!!! സംസാരം ഉറക്കെ. ഭാഷ അവര്‍ക്ക് മനസ്സിലായില്ല എങ്കിലും ഇവര്‍ ഉറച്ചു വായി നോക്കി സംസാരിക്കുന്നത് കെട്ട് ഒരാള്‍ എഴുനേറ്റ് ചെന്ന് ജര്‍മന്‍ ഭാഷയില്‍ മറ്റുള്ളവരെ ശല്യപെടുത്തരുത് എന്ന് താക്കീത് നല്‍കി. ഇപ്പോള്‍ തന്നെ ജര്‍മ്മനിയില്‍ വരുത്തന്‍മാരോട് പലര്‍ക്കും നീരസമുണ്ട്. ഇന്ത്യയില്‍ പലയിടത്തും നിന്നും ഇപ്പോള്‍ വിവിധ ഏജന്‍സി വഴി വരുന്ന വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും അടിസ്ഥാന കള്‍ച്ചറല്‍ സെന്‍സിബിലിറ്റി ഇല്ലന്നത് മുന്‍വിധികള്‍ കൂട്ടും. ജര്‍മ്മനിയില്‍ ഇപ്പോള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കു വളരെ തുച്ഛമായ ഫീസ് ഉള്ളതിനാല്‍ ഇപ്പോള്‍ ജര്‍മ്മനി ഒരു ഡെസ്റ്റിനേഷനാണ്. എന്നാല്‍ അവിടെ തീവ്ര വലതു പക്ഷ നിയോ നാസി പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വംശീയ മനോഭാവം കൂടുതല്‍. അങ്ങനെയുള്ളയിടത്തു ഇത് പോലെ കള്‍ച്ചറല്‍ സെന്‍സിബിലിറ്റി ഇല്ലാതെ പെരുമാറിയാല്‍ പലപ്പോഴും അപകടം വിളിച്ചു വരുത്തുന്ന ഏര്‍പ്പാടാണ്. വലിയ ഐ ടി കമ്പനികള്‍ മള്‍ട്ടി നാഷണല്‍ കമ്പനികള്‍/ഓര്‍ഗനൈസെഷന്‍സ് എല്ലാം ഇന്‍ഡക്ഷന്റെ ഭാഗമായി മള്‍ട്ടികള്‍ച്ചര്‍ സെന്‍സിബിലിറ്റി, വാല്യു ഒറിയന്റെഷനോക്കെ കൊടുക്കും. അതു പോലെ social etiquette. ഇതൊന്നും ഇല്ലാതെ ഏജന്‍സികള്‍ അഡ്മിഷന്‍ ശരിയാക്കി അവരുടെ കമ്മീഷന്‍ വാങ്ങിയാല്‍ അവരുടെ റോള്‍ കഴിഞ്ഞു. കുടിയേറുന്നവരെല്ലാം ഭീകരവാദികളല്ല; ഉപരാഷ്ട്രപതി ട്രംപിനെ പ്രതിദ്ധ്വനിപ്പിക്കരുത് ഇവിടെ നിന്ന് നേരെ പോയി അവിടെ ചെന്ന് അവിടുത്തെ സംസ്‌കാര പരിസരം മനസ്സിലാക്കാതെ ഉച്ചത്തില്‍ സംസാരിച്ച ബഹളമുണ്ടാക്കിയാല്‍ അതിനു ചിലയിടത്തു പ്രതികരണമുണ്ടാകും ഒരിക്കല്‍ ബ്രാട്ടിസ്ലാവായില്‍ ഡിന്നര്‍ കഴിഞ്ഞു ഹോട്ടലിലേക്ക് വരുമ്പോള്‍ മലയാളത്തില്‍ പച്ച തെറികള്‍ ഉറക്കെ പറഞ്ഞു ബഹളമുണ്ടാക്കി ഒരു സെറ്റ് മുന്നില്‍ പോകുന്നു. ഞാന്‍ അടുത്ത് ചെന്ന് മലയാളത്തില്‍ തന്നെ പതിയെ പറഞ്ഞു ഒരു മയത്തില്‍ തെറി പറ. വെള്ളമടിച്ചു കോണ്‍ തെറ്റിയ പിള്ളേര്‍. അവര്‍ എവിടെയൊ മെഡിസിന്‍ പഠിക്കാന്‍ വന്നിട്ട് ഒന്ന് കറങ്ങാന്‍ വന്നതാണ്. എന്തായാലും ഞാന്‍ പറഞ്ഞപ്പോള്‍ ' സോറി, ചേട്ട' എന്ന് പറഞ്ഞു വേഗത്തില്‍ നടന്നു മറഞ്ഞു. (സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പ് അനുമതിയോടെ പ്രസിദ്ധീകരിക്കുന്നു)

സമകാലിക മലയാളം 6 Mar 2025 1:20 pm

'വിദേശത്തു പഠിക്കാന്‍ പോവാനും ചില മിനിമം പുരോഗതി വേണം; യുപിയൊക്കെ അതിലേക്ക് എന്ന് വളരും?'

സം സ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വിദ്യാഭ്യാസം കോര്‍പ്പറേറ്റുകളുടെ കൈപ്പിടിയിലേക്കു പോവുമെന്ന്, പുതിയ നീക്കത്തെ എതിര്‍ക്കുന്നവര്‍ വാദിക്കുമ്പോള്‍ സംസ്ഥാനത്തു നിന്നു വിദേശ സര്‍വകലാശാലകളില്‍ പഠിക്കാന്‍ പോവുന്ന വിദ്യാര്‍ഥികളെയാണ് മറുപക്ഷം ചൂണ്ടിക്കാട്ടുന്നത്. വിദേശ സര്‍വകലാശലകള്‍ ഇവിടെയുണ്ടെങ്കില്‍ പിന്നെ ഈ കുട്ടികള്‍ക്ക് അങ്ങോട്ടു പോവേണ്ടി വരുമോയെന്ന് അവര്‍ ചോദിക്കുന്നു. ഇതിനിടയിലാണ് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ എസ് ശ്യാംസുന്ദര്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ ചില അഭിപ്രായ പ്രകടനങ്ങള്‍ വീണ്ടും വൈറല്‍ ആയി മാറിയത്. ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകളെ താരതമ്യം ചെയ്തുകൊണ്ടാണ് ശ്യാം സുന്ദര്‍ സംസാരിച്ചത്. ഈ ചര്‍ച്ചകള്‍ക്കിടയില്‍ ഒരു വര്‍ഷം മുമ്പ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഒരിക്കല്‍ക്കൂടി പങ്കു വയ്ക്കുകയാണ്, മാധ്യമ പ്രവര്‍ത്തകനായ ഷിജു ആച്ചാണ്ടി. നാട്ടിലെ ദുരിതം കൊണ്ടാണ് കുട്ടികള്‍ നാടു വിടുന്നതെങ്കില്‍ പട്ടിണിയും പരിവട്ടവുമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരല്ലേ കുടുതലായും പോവേണ്ടതെന്ന് ചോദിക്കുന്നു, അദ്ദേഹം. വിദേശത്തു പഠിക്കാന്‍ പോവാനും ഒരു മിനിമം പുരോഗതി വേണമെന്നും അതു കേരളത്തിന് ഉള്ളതുകൊണ്ടാണ് കുട്ടികള്‍ ധാരാളമായി നാടു വിടുന്നതെന്നും ഷിജു ആച്ചാണ്ടി പറയുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട് എന്നതിനാല്‍ ഷിജു ആച്ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുനപ്രസിദ്ധീകരിക്കുകയാണ്, ഇവിടെ. കുറിപ്പ് ഇങ്ങനെ: 200 രൂപ ദിവസക്കൂലിയും പട്ടിണിയും ഉള്ള ഉത്തരേന്ത്യന്‍ ഗ്രാമാന്തരങ്ങളില്‍ നിന്ന് എന്തുകൊണ്ടാണ് ഇതു പോലെ കാനഡയിലേക്കും യൂറോപ്പിലേക്കും കുട്ടികള്‍ ഒഴുകാത്തത്? നാട്ടിലെ ദുരിതം കൊണ്ടാണെങ്കില്‍ അവരല്ലേ ആദ്യം പോകേണ്ടത്? അതായത്, വിദേശത്തു പഠിക്കാന്‍ പോകാനും ഒരു മിനിമം പുരോഗതി വേണം. അതു കേരളത്തിലുണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ ഉടുത്ത തുണിയുമായി, ഓട്ട വീണ പഴഞ്ചന്‍ ബോട്ടുകളില്‍ ഇടിച്ചു കയറി, അലറുന്ന കടലുകള്‍ താണ്ടി, ജീവന്‍ പണയം വച്ച്, ചെന്നിറങ്ങുന്നിടത്തു ജയിലോ ജോലിയോ എന്നറിയാതെയല്ല പോകുന്നത്. വിസയും പാസ്‌പോര്‍ട്ടും ഭാഷാ യോഗ്യതകളുമായി, മാന്യമായി വിമാനം കയറി നിയമവിധേയമായി പോകുകയാണ്. (അതിന്റെ ഗുണദോഷങ്ങള്‍ മറ്റൊരു വിഷയമാണ്.) ആരാണ് കാടിന്റെ നിയമങ്ങള്‍ ലംഘിച്ചത്, മനുഷ്യനോ മൃഗങ്ങളോ?; രണ്ടു മാസത്തിനിടെ കാട്ടാനക്കലിയില്‍ പൊലിഞ്ഞത് 13 ജീവന്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സില്‍ (2017) ഇന്ത്യയില്‍ യു പി 24 –ാമതാണ്. ബീഹാര്‍ 25 ഉം മധ്യപ്രദേശ് 23 ഉം ഒഡിഷ 22 ഉം ആണ്. പഞ്ചാബ് മൂന്നാം സ്ഥാനത്തും ഗോവ രണ്ടാം സ്ഥാനത്തുമാണ്. ഒന്നാം സ്ഥാനത്ത് കേരളമാണ്. കേരളത്തിലും പഞ്ചാബിലും നിന്നാണ് വിദേശത്തേക്കുള്ള കുടിയേറ്റം കൂടുതല്‍. കാരണം വികസനമില്ലായ്മയേക്കാള്‍ വികസനമാണ് എന്നര്‍ത്ഥം. ആയിരങ്ങളെ വികസിത വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി അയക്കാന്‍ കഴിയുന്ന ഒരവസ്ഥ കേരളത്തിനുണ്ടായിട്ടുണ്ട്. അതുണ്ടാക്കിയതില്‍ ഇയാളീ പറയുന്ന രാഷ്ട്രീയക്കാര്‍ക്കും പങ്കുണ്ട്. കേരളത്തെ പോലെ കുട്ടികളെ വിദേശത്തേക്ക് അയക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് യു പി യും ഉത്തരേന്ത്യയും എന്നു വളരും? അവര്‍ എല്ലാവരും ആ അവസ്ഥയിലേക്കു വളരുമ്പോള്‍ ലോകത്തിലെ 130 –ാം റാങ്കില്‍ നിന്ന് ഇന്ത്യയും വളരും. അപ്പോള്‍ ചിലപ്പോള്‍ കുടിയേറ്റപ്രവണത കുറയുകയും ചെയ്‌തേക്കാം. അതൊക്കെ സംഭവിക്കട്ടെ. അതല്ലാതെ, കേരളം മാത്രമായി നശിച്ചു പണ്ടാരടങ്ങിയിരിക്കുവാണ് എന്ന കരച്ചില്‍ അനാവശ്യമാണ്.

സമകാലിക മലയാളം 1 Mar 2025 2:46 pm

'ചരമവാര്‍ത്തയില്‍ ആ പേരും ആ ഗ്രാമത്തിന്റെ പേരും കണ്ടു, കൂടെയുള്ള ചിത്രത്തില്‍ ആ വലിയ കണ്ണുകളും '

അ ര നൂറ്റാണ്ടുമുമ്പ് വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെട്ട ഒരു സാഹിത്യശില്പശാലയില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയെ ഓര്‍ത്ത് ഇന്നു കരയേണ്ടിവരുമെന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ വിചാരിച്ചതേയില്ല. ഒരു ക്രൈസ്തവ സ്ഥാപനത്തില്‍ വെച്ചായിരുന്നു ആ ശില്പശാല. നിറയെ വൃക്ഷങ്ങളുള്ള വിശാലമായ സ്ഥലം. ഇരുപതോളം ആണ്‍കുട്ടികളും പത്തോളം പെണ്‍കുട്ടികളും. ക്രൈസ്തവ പുരോഹിതന്മാരുടെയും കന്യാസ്ത്രീകളുടെയും മേല്‍നോട്ടം. അതിഥിമന്ദിരത്തില്‍ ധാരാളം മുറികള്‍. നല്ല താമസവും ഭക്ഷണവും. പകല്‍ വലിയ എഴുത്തുകാരുടെ ക്ലാസ്സുകള്‍. ചര്‍ച്ചകള്‍. കഥകവിതവായനകള്‍. ആശയസംഘട്ടനങ്ങള്‍. രാത്രി മുറികളില്‍ ഉറങ്ങാതെ കവിതചൊല്ലല്‍. സാഹിത്യചര്‍ച്ച. നാടും വീടുമായുള്ള ബന്ധങ്ങള്‍ അറ്റുപോയതിന്റെ അന്ധാളിപ്പുമായി, സുഹൃത്തുക്കളുടെ ഔദാര്യത്തില്‍ ജീവിച്ചിരുന്ന എനിക്ക് ആ ദിവസങ്ങള്‍ എല്ലാ വേദനകളും മറന്നുള്ള ആഘോഷമായിരുന്നു. പുതിയ ലോകങ്ങള്‍. പുതിയ ആശയങ്ങള്‍. പുതിയ ആവേശങ്ങള്‍. പുതിയ സൗഹൃദങ്ങള്‍. പുതിയ ആത്മബന്ധങ്ങള്‍. നാലാംദിവസം രാത്രി ശില്പശാല സമാപിക്കുന്നു. അടുത്ത ദിവസം രാവിലെ എല്ലാവരും പിരിയുകയാണ്. ഭക്ഷണശേഷം എല്ലാവരും ഹാളില്‍ ഒത്തുകൂടി. ഓരോരുത്തരും ആ ദിവസങ്ങളുടെ അനുഭവം പങ്കിടുകയാണ്. ഏതാണ്ടു പതിനെട്ടുവര്‍ഷം മാത്രം പഴക്കമുള്ള എന്റെ ഹൃദയം ഭാരിച്ചു. ഉല്‍സവം തീരുമ്പോഴെന്നപോലെ ഒരു വിഷാദം എന്നെ ഗ്രസിച്ചു. നാളെ വീണ്ടും അനിശ്ചിതമായ ജീവിതത്തിലേക്ക്. ഞാന്‍ പുറത്തിറങ്ങി. നിലാവുള്ള രാത്രി. വൃക്ഷങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ നിലാവു ചോര്‍ന്നൊലിക്കുന്നു. ഒരു മരത്തിനു കീഴിലെ സിമന്റുബെഞ്ചില്‍ ഞാന്‍ ഇരുന്നു. എന്തിനെന്നറിയാതെ സങ്കടം വരുന്നു. 'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്' 'താനെന്താടോ ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കുന്നെ?' ഒരു പെണ്‍കുട്ടിയാണ്. കഥാകാരി. ക്രിസ്ത്യന്‍ പ്രസിദ്ധീകരണങ്ങളില്‍ എഴുതുന്നു. വടക്കുള്ള ഏതോ കുടിയേറ്റപ്രദേശത്തെ കലാലയത്തില്‍നിന്നാണ്. അവളുടെ പേരിനോടൊപ്പം ഗ്രാമത്തിന്റെ പേരുമുണ്ട്. അത്രയേ അറിയൂ. പരിചയപ്പെടുകയോ സംസാരിക്കയോ ചെയ്തിട്ടില്ല. എങ്കിലും മഷിയെഴുതാത്ത ആ വലിയ കണ്ണുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. 'ഒന്നുമില്ല' വരണ്ട ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു. 'താന്‍ കവിത ചൊല്ലീത് എനിക്കിഷ്ടമായി. അതു കേട്ടപ്പൊ എനിക്കെന്തോ ഒരു വിഷമം തോന്നി.' പേരറിയാത്ത ഏതോ ഒരു പൂവിന്റെ മണം അവളുടെ സാന്നിദ്ധ്യത്തിനുണ്ടെന്നു തോന്നി. ഞാന്‍ ഒന്നും മിണ്ടിയില്ല. അവള്‍ കഥവായിച്ചപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. കൂട്ടുകാരനോട് സംസാരിക്കുകയായിരുന്നു. 'നാളെ കാലത്തേ നമ്മളെല്ലാം പിരിയും.' അവളുടെ ശബ്ദത്തിലും സങ്കടമുണ്ട്. മൂകമായ നിമിഷങ്ങള്‍. കാറ്റില്‍ ഇലകളുലയുന്ന ശബ്ദം. 'അഡ്രസ്സു തരാവോ' അവള്‍ ചോദിച്ചു. 'അങ്ങനെ കൃത്യമായ അഡ്രസ്സില്ല. ഇപ്പോള്‍ ഒരു കൂട്ടുകാരന്റെ മുറിയിലാണ് താമസം.' ഞാന്‍ പറഞ്ഞു. പെട്ടെന്ന് ദൂരെ വെളിച്ചത്തിലേക്കുനോക്കി അവള്‍ പറഞ്ഞു: 'പോട്ടെ. അവരൊക്കെ പോകുന്നു.' അവള്‍ ഓടിപ്പോയി. പിന്നീടിന്നേവരെ അവളെ കണ്ടിട്ടില്ല. അവളെപ്പറ്റി ഒന്നും കേട്ടിട്ടില്ല. എങ്കിലും പ്രത്യേകതയുള്ള ആ ഗ്രാമത്തിന്റെ പേരിനൊപ്പം അവളുടെ പേരും മഷിയെഴുതാത്ത ആ വലിയ കണ്ണുകളും ഓര്‍മ്മയില്‍നിന്നു മാഞ്ഞുപോയില്ല. ഇന്ന് ഒരു പത്രക്കടലാസ്സില്‍, ചരമവാര്‍ത്തയില്‍, ആ പേരും ആ ഗ്രാമത്തിന്റെ പേരും കണ്ടു. കൂടെയുള്ള വൃദ്ധയുടെ ചിത്രത്തില്‍ മഷിയെഴുതാത്ത ആ വലിയ കണ്ണുകളും. ഇനി ആ ഓര്‍മ്മ അനാഥമായി.

സമകാലിക മലയാളം 31 Jan 2025 10:56 am

'ഇതു മാത്രമാണ് നീ എനിക്കു നൽകേണ്ട ഗുരുദക്ഷിണ'

ഒരിക്കൽ ഗയയിൽവെച്ച് ബുദ്ധഭിക്ഷുവിനോടു ഞാൻ ചോദിച്ചു: എന്തു ഗുരുദക്ഷിണയാണ് ഞാൻ നൽകേണ്ടത്? ബുദ്ധനെയും അദ്ദേഹത്തിന്റെ ദർശനത്തെയും പലരും അധിക്ഷേപിച്ചെന്നുവരും. അപ്പോൾ വിഡ്ഢിയായ നീ പ്രകോപിതനാകരുത്. തർക്കിക്കാനോ പ്രതിരോധിക്കാനോ പാടില്ല. പൂർണ്ണമായും മൗനം പാലിക്കണം. ഇതു മാത്രമാണ് നീ എനിക്കു നൽകേണ്ട ഗുരുദക്ഷിണ. നിന്റെ പ്രതിരോധം ഇല്ലാതെതന്നെ രണ്ടായിരത്തഞ്ഞൂറു വർഷം ബുദ്ധദർശനം ലോകത്തിൽ നിലനിന്നിട്ടുണ്ടെന്ന കാര്യം മറക്കരുത്. എന്താണ് ഞാൻ ദൈനംദിനം അനുഷ്ഠിക്കേണ്ടത്? 'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്' ഞാൻ വീണ്ടും ചോദിച്ചു. ഒന്നു ചിന്തിച്ച ശേഷം അദ്ദേഹം പറഞ്ഞു: രാവിലെ ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിനുമുമ്പും ഒരു കാര്യം വിഭാവനം ചെയ്യുക. നിന്റെ ജനനത്തിനു മുമ്പുള്ള പതിനായിരം വർഷങ്ങളും നിന്റെ മരണശേഷമുള്ള പതിനായിരം വർഷങ്ങളും സങ്കൽപിക്കാൻ ശ്രമിക്കുക. കുറച്ചുനാൾ അതു ചെയ്യുമ്പോൾ ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള നിന്റെ തെറ്റിദ്ധാരണകൾ മാറും. നീതന്നെ നിന്റെ ഗുരുവായിമാറും. ''പരമനാറി'; ബോബി ചെമ്മണൂരിന് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ്' ( വീഡിയോ) രണ്ടായിരത്തിയഞ്ഞൂറു വർഷം മുമ്പ് ശ്രീബുദ്ധനെ നേരിട്ടുകണ്ടിട്ടുള്ള സൂര്യൻ അപ്പോൾ ഞങ്ങളുടെ തലയ്ക്കുമുകളിൽ കത്തിയെരിയുകയായിരുന്നു.

സമകാലിക മലയാളം 9 Jan 2025 4:46 pm

'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്'

'തെറ്റിന്റെ തേനും മധുരമാണോ' എന്ന് വിസ്മയാനന്ദത്തോടെ ജീവിതത്തോടു ചോദിച്ചതു ചങ്ങമ്പുഴയാണ്. ചങ്ങമ്പുഴയുടെ കവിതയേക്കാള്‍ അദ്ദേഹത്തിന്റെ പ്രകോപനകരമായ ജീവിതമാണ് എന്നെ സ്വാധീനിച്ചത്. ജി.ശങ്കരക്കുറുപ്പിന്റെ കവിതകളെ ഇഷ്ടപ്പെടുമ്പോഴും അലക്കിത്തേച്ച ആ ജീവിതം അഭികാമ്യമായി എനിക്കു തോന്നിയില്ല. ചെറുപ്പത്തില്‍ സഹിക്കേണ്ടിവന്ന മനോവേദനകളോട് രണ്ടുരീതിയില്‍ പ്രതികാരം ചെയ്യാന്‍ ഞാന്‍ ആഗ്രഹിച്ചു. ചങ്ങമ്പുഴയേക്കാള്‍ രൂക്ഷമായ കവിതകള്‍ എഴുതുക. ചങ്ങമ്പുഴയേക്കാള്‍ വിനാശകരമായ ജീവിതം നയിക്കുക. രണ്ടിനും എനിക്കു കഴിഞ്ഞില്ല. എങ്കിലും തെറ്റുകള്‍ പരസ്യമായി ചെയ്യുക, രഹസ്യമായി ചെയ്ത തെറ്റുകള്‍ പരസ്യമാക്കുക, ചെയ്യാത്ത തെറ്റുകള്‍ ഏറ്റെടുത്ത്, അതിനുകൂടി സമൂഹത്തിന്റെ പഴി കേട്ടു രസിക്കുക, സമൂഹം വിലമതിക്കുന്നതിനെയെല്ലാം അവജ്ഞയോടെ അവഗണിക്കുക തുടങ്ങി ചങ്ങമ്പുഴ വൈദഗ്ദ്ധ്യം നേടിയ കലകള്‍ അല്പമെങ്കിലും സ്വായത്തമാക്കാന്‍ ചെറുപ്പകാലത്ത് കഴിവുപോലെ ഞാന്‍ പരിശ്രമിച്ചുപോന്നു. വേണ്ടത്ര വിജയിച്ചില്ലെങ്കിലും. ആ പരിശ്രമത്തിന്റെ സാഫല്യങ്ങള്‍ ഇന്നും സമൂഹമാദ്ധ്യമങ്ങളില്‍ എന്നോടുള്ള വിദ്വേഷവും വെറുപ്പുമായി പതഞ്ഞുപൊങ്ങുന്നതു കാണുമ്പോള്‍ ഒരുള്‍ക്കുളിരു തോന്നാറുണ്ട്. ചങ്ങമ്പുഴയോളം സാധിച്ചില്ലെങ്കിലും ഇത്തിരിയൊക്കെ വഴിതെറ്റാന്‍ എനിക്കും സാധിച്ചല്ലോ എന്നൊരഭിമാനവും തോന്നാറുണ്ട്. ഇന്നിപ്പോള്‍ അലക്കിത്തേച്ച ജീവിതം നയിക്കുന്ന എന്നോട് എനിക്കല്‍പം പുച്ഛവും തോന്നാറുണ്ട്. ഭീരു എന്നു ഞാന്‍ സ്വയം പറയും. ഏകാന്തതയുടെ മഹാതീരത്തില്‍; ബഷീറിനെ അനുസ്മരിച്ച് എംടി നടത്തിയ പ്രസംഗം പണ്ടു ലഭിച്ച ഒരു ബഹുമതിയെക്കുറിച്ച് ഓര്‍ക്കുന്നു. മദ്യപാനകാലം. എറണാകുളം നോര്‍ത്തിലെ എലൈറ്റ് ഹോട്ടലിന്റെ (ഇപ്പോഴത്തെ ലൂമിനാര) ബാറിലാണ് അക്കാലത്ത് എനിക്കു പറ്റുപടി. നിത്യവും കുടിക്കാന്‍ പണമില്ല. അതിനാല്‍ ശമ്പളം കിട്ടുമ്പോള്‍ പറ്റു തീര്‍ത്തുപോന്നു. ചിലപ്പോള്‍ പറ്റുതീര്‍ക്കാന്‍ സര്‍ക്കാര്‍ തരുന്ന ശമ്പളം തികയില്ല. അപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിയായ ഭാര്യ അവരുടെ സൊസൈറ്റിയില്‍നിന്ന് ലോണെടുത്തു തരും. അതായിരുന്നു അന്നത്തെ ജീവിതം. ഒരു രാത്രി എലൈറ്റ് ബാറില്‍ ഞാന്‍ കുടിച്ചുകൊണ്ടിരിക്കെ നന്നായി മദ്യപിച്ച ഒരാള്‍ എന്റെ മുമ്പില്‍ വന്നുനിന്നു. മങ്ങിയ വെളിച്ചത്തില്‍ മുഖം വ്യക്തമായില്ല. അയാള്‍ ഉറക്കെ ചോദിച്ചു: 'നീയാണോടാ ബാലചന്ദ്രന്‍ ചുള്ളിക്കാട്' ഞാനും പരുഷമായി പ്രതികരിച്ചു: 'ആണെങ്കില്‍?' അയാള്‍ എന്നെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് അനായാസം പൊക്കിയെടുത്ത് അലറി: 'പരമദ്രോഹീ. ഇന്നു നിന്നെ ഞാന്‍ തീര്‍ക്കും.' ആരൊക്കെയോ കൂടി അയാളെ പിടിച്ചു മാറ്റി. പൊട്ടിക്കരഞ്ഞുകൊണ്ട് അയാള്‍ പറഞ്ഞു: 'ഈ ദ്രോഹീടെ കവിത വായിച്ചാ എന്റെ അനിയന്‍ തൂങ്ങി മരിച്ചത്. അവന്റെ പോക്കറ്റിലൊണ്ടായിരുന്നു.' വിടവാങ്ങും നേരം; മാധവിക്കുട്ടിയെക്കുറിച്ച് എംടി എഴുതിയത് പുരസ്‌കാരങ്ങളല്ല, തിരസ്‌കാരങ്ങളാണ് എന്നെ കവിയാക്കിയത് എന്നു കൃതജ്ഞതാപൂര്‍വ്വം ഓര്‍ക്കുന്നു. മറ്റു കവികള്‍ അവര്‍ നേടിയ പുരസ്‌കാരങ്ങളോര്‍ത്ത് വാര്‍ദ്ധക്യകാലത്ത് അഭിമാനിക്കുമ്പോള്‍, എനിക്ക് ഓര്‍മ്മിക്കാന്‍ ഇത്തരം വിനാശകരമായ സന്ദര്‍ഭങ്ങള്‍ മാത്രം. തെറ്റിന്റെ തേനും മധുരമാണെന്ന് എന്നെ പഠിപ്പിച്ച അമ്ലസന്ദര്‍ഭങ്ങള്‍.

സമകാലിക മലയാളം 7 Jan 2025 10:57 am

സൈലന്റ് വാലിയിലെ ആ നാനൂറ് രാത്രികള്‍

കോഴിക്കോട് നഗരത്തിലെ ജവഹര്‍നഗര്‍ ഹൗസിങ് കോളനിയില്‍ പ്രായത്തിന്റെ അവശതകളുമായി കഴിയുകയായിരുന്ന ഡോ. മണിലാലിനെ കാണുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്വേഷണ തല്‍പ്പരരായ മൂന്നു ശിഷ്യന്മാര്‍ക്കൊപ്പം സാഹസികമായി നടത്തിയ സൈലന്റ് വാലി യാത്രകളെ ആവേശത്തോടെയാണ് അദ്ദേഹം ഓര്‍ത്തെടുത്തത്. ഇന്നത്തെയത്ര സൗകര്യങ്ങളോ വിനിമയ ബന്ധങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഏതാണ്ട് നാനൂറ് രാത്രികളാണ് ഡോ. മണിലാലും സംഘവും സൈലന്റ് വാലിയില്‍ ചെലവിട്ടത്. കണ്ടത്തിയതാകട്ടെ ലോകത്തുതന്നെ ശാസ്ത്ര വിസ്മയമായി മാറിയ ആയിരത്തിലധികം സ്പീഷിസ് സസ്യങ്ങളെയും. എഴുപതുകളുടെ തുടക്കത്തിലാണ് സൈലന്റ് വാലിയില്‍ കുന്തിപ്പുഴയ്ക്കു കുറുകെ വലിയ ഡാം നിര്‍മ്മിച്ചു വൈദ്യുതി ഉല്പാദിപ്പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്നത്. അതിനായി കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിനു ചുമതല നല്‍കുകയും ചെയ്തു. പദ്ധതി പ്രഖ്യാപനവും തുടര്‍നടപടികളും വന്‍പ്രതിഷേധത്തിനിടയാക്കി. ആ പ്രതിഷേധങ്ങളില്‍ കേരളത്തിലെ ശാസ്ത്രസമൂഹവും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്നു. ഇതിന് മറുമരുന്ന് എന്ന നിലയിലാണ് കെഎസ്ഇബി അന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സസ്യശാസ്ത്രവിഭാഗം തലവനായ ബി.കെ. നായരുടെ നേതൃത്വത്തില്‍ പഠനസംഘത്തെ നിയോഗിച്ചത്. ബി.കെ. നായര്‍ കമ്മിറ്റി ഗവണ്‍മെന്റ് തീരുമാനത്തെ പൂര്‍ണമായും സാധൂകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കി. ഡോ. കെ.എസ്. മണിലാല്‍ അന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഇതേ വിഭാഗത്തില്‍ ബി.കെ. നായരുടെ സഹഅദ്ധ്യാപകനായിരുന്നു. ഉഷ്ണമേഖല ആര്‍ദ്രമഴക്കാടായ സൈലന്റ് വാലിയില്‍ ഇരുനൂറ്റി നാല്പത് സ്പീഷിസ് സസ്യങ്ങള്‍ മാത്രമേയുള്ളൂ എന്ന ബി.കെ. നായര്‍ കമ്മറ്റിയുടെ കണ്ടെത്തല്‍ ശാസ്ത്ര സമൂഹത്തിനിടയില്‍ പൊതുവെ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ഈ സന്ദര്‍ഭത്തിലാണ് സൈലന്റ് വാലിയില്‍ പോയി പഠനം നടത്താന്‍ ഒരു പ്രോജക്ട് ഡോ. മണിലാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിനു നല്‍കുന്നത്. പ്രോജക്ടിനൊപ്പം ഒരു സാധ്യതാപഠനം കൂടി നല്‍കിയിരുന്നു. സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു സൈലന്റ് വാലി വിവാദമായ സന്ദര്‍ഭത്തില്‍ ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ നാല്പതോളം ഗവേഷകരെ വച്ചുകൊണ്ട് വന്‍ സന്നാഹങ്ങളോടെ ഒരു പഠനം ഇതിനിടയില്‍ നടത്തുന്നുണ്ടായിരുന്നു. ആ പഠനം എങ്ങുമെത്താതെ നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. അപ്പോഴാണ് മണിലാലിന്റെ പഠനത്തിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അനുവാദം നല്‍കിയത്. സൈലന്റ് വാലിയുടെ പാരിസ്ഥിതിക നില എന്താണെന്നുള്ള അന്വേഷണം നടത്തുക എന്നതായിരുന്നു ഡോ. മണിലാലിനെ ഏല്പിച്ച ദൗത്യം. 1980-ല്‍ മണിലാല്‍ സൈലന്റ് വാലി പഠനം ആരംഭിച്ചു. മണിലാലിനെ സഹായിക്കാന്‍ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളായിരുന്ന സി.ആര്‍. സുരേഷും സി. സതീഷ്‌കുമാര്‍, ടി.സാബു എന്നിവരുമായിരുന്നു ഉണ്ടായിരുന്നത്. ക്‌ളേശങ്ങള്‍ നിറഞ്ഞ വനജീവിതം മണിലാല്‍ പറഞ്ഞതിങ്ങനെ: ''അങ്ങോട്ടേക്കുള്ള യാത്ര വളരെ ബുദ്ധിമുട്ടാണ്. വനത്തിന്റെ അതിര്‍ത്തിയില്‍ എത്തണമെങ്കില്‍ ജീപ്പ് വേണം. പഠനത്തിന് ജീപ്പ് വേണമെന്നാവശ്യപ്പെട്ടാല്‍ ഒരുവര്‍ഷം വീണ്ടും വൈകും. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് അത് അപ്പോള്‍ത്തന്നെ തുടങ്ങാനായിരുന്നു ഞങ്ങള്‍ക്ക് തിടുക്കം. ആദ്യം സര്‍വ്വകലാശാലയുടെ ജീപ്പെടുത്ത് ഞങ്ങള്‍ പോയി. അട്ടപ്പാടി വഴിയായിരുന്നു വനത്തില്‍ക്കയറിയത്. വഴികാണിക്കാന്‍ അന്ന് സൈലന്റ് വാലിയിലെ വഴികാട്ടിയായ ഹംസയും ഉണ്ടായിരുന്നു. ആദ്യമൊക്കെ വഴികാട്ടികളെ കൂടെ കൂട്ടിയിരുന്നെങ്കിലും പിന്നെപ്പിന്നെ അവരെ ഒഴിവാക്കി. സമയമെടുത്തുള്ള അന്വേഷണങ്ങള്‍ക്ക് അവര്‍ ബാധ്യതയായി മാറിയിരുന്നു. ആനകളും കരടികളുമുള്‍പ്പെടെ വന്യജന്തുക്കള്‍ ധാരാളമായുള്ളതാണവിടെ. അട്ടശല്യം അസഹനീയമായിരുന്നു. ആദ്യമൊക്കെ നായ്ക്കുരണപോലെയുള്ള വിഷച്ചെടികള്‍ ഞങ്ങളുടെ ശരീരത്തില്‍ ഉരഞ്ഞ് കടുത്ത ചൊറിച്ചിലും പനിയുമുണ്ടാകും. അങ്ങനെ നിരവധി പ്രാവശ്യം ഞങ്ങളില്‍ പലരും ആശുപത്രിയിലായി. ഈ ചെടികളെ തിരിച്ചറിഞ്ഞു കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ഉപദ്രവം ഒഴിവായി.'' 'നാനൂറ് രാത്രികളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സൈലന്റ് വാലിയില്‍ ഗവേഷണത്തിനായി ചിലവഴിച്ചത്. ''സൈലന്റ് വാലിയില്‍ വര്‍ഷത്തില്‍ മുക്കാല്‍ പങ്കും ദിവസങ്ങളില്‍ മഴയായിരിക്കും. ഇന്നത്തെപ്പോലെ അന്ന് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്‌ളീപ്പിങ് ബാഗ് ഒന്നുമില്ലല്ലോ? ഏതെങ്കിലും മരത്തിനു കീഴില്‍ ചുറ്റുമായി മരത്തിനോട് ചേര്‍ന്നിരിക്കും. തലമൂടി പ്‌ളാസ്റ്റിക്ക് ഷീറ്റ് ഇടും. അങ്ങനെ ഇരുന്നു നേരം വെളുപ്പിക്കും. രാത്രി താമസിക്കുന്നതിനു ചുറ്റും രണ്ടടി താഴ്ചയില്‍ ട്രഞ്ച് കുഴിക്കണം. എന്നിട്ട് അതില്‍ മരക്കൊമ്പുകളും ഉണക്കയിലയുമൊക്കെ ഇട്ടു കത്തിക്കണം. ആദ്യമൊക്കെ അത് ചെയ്തു. പിന്നീടത് ബുദ്ധിമുട്ടായി. മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്ന കാട്ടില്‍ എവിടെ നിന്നാണ് കത്തുന്ന വിറകു കിട്ടുക? പച്ചയ്ക്കു കത്തുന്ന വിറകും കാട്ടിലുണ്ട്. അത് ദുര്‍ലഭം. പിന്നെപ്പിന്നെ ട്രഞ്ച് കുഴിക്കാതെയായി. രാത്രികളില്‍ വിഷപ്പാമ്പുകളും ആനയും കരടിയും ഭീതിപരത്തി അരികിലൂടെ കടന്നുപോയിട്ടുണ്ട്.' ഡോ. മണിലാല്‍ പറഞ്ഞു. ''സൈലന്റ് വാലിയില്‍ വര്‍ഷത്തില്‍ മുക്കാല്‍ പങ്കും ദിവസങ്ങളില്‍ മഴയായിരിക്കും. ഇന്നത്തെപ്പോലെ അന്ന് ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സ്‌ളീപ്പിങ് ബാഗ് ഒന്നുമില്ലല്ലോ? ഏതെങ്കിലും മരത്തിനു കീഴില്‍ ചുറ്റുമായി മരത്തിനോട് ചേര്‍ന്നിരിക്കും. തലമൂടി പ്‌ളാസ്റ്റിക്ക് ഷീറ്റ് ഇടും. അങ്ങനെ ഇരുന്നു നേരം വെളുപ്പിക്കും. നാലുവര്‍ഷം നീണ്ട ദിനരാത്രങ്ങളില്‍ മണിലാലും ശിഷ്യന്മാരും കണ്ടെത്തിയത് ആയിരത്തിലധികം സ്പീഷിസ് പുഷ്പിത സസ്യങ്ങളെയാണ്. അതില്‍ പുതുതായി കണ്ടെത്തിയ ഏഴിനം സസ്യശാസ്ത്രത്തിന് മുതല്‍ക്കൂട്ടായി. ശ്രീലങ്കയിലും ഫിലിപ്പീന്‍സിലും മാത്രം കണ്ടിരുന്നു എന്ന് വിശ്വസിച്ചിരുന്ന പല സസ്യങ്ങളും സൈലന്റ് വാലിയില്‍ ഈ അന്വേഷണസംഘം കണ്ടെത്തി.1850-ല്‍ തോമസ് സി. ജേര്‍ഡണ്‍ നീലഗിരി താഴ്‌വാരങ്ങളില്‍ കണ്ടെത്തുകയും പിന്നീട് വിസ്മൃതിയിലായിപ്പോവുകയും ചെയ്ത മലബാര്‍ ഡാഫോഡില്‍ എന്ന സവിശേഷതരം ഓര്‍ക്കിഡ് ചെടി സൈലന്റ് വാലിയില്‍ കണ്ടെത്തിയതാണ് ഈ അന്വേഷണത്തിലെ പ്രധാനപ്പെട്ട മറ്റൊരു നേട്ടം. ഫിലിപ്പീന്‍സ് ദ്വീപുകളില്‍ മാത്രമേ വളരുകയുള്ളു എന്നു വിശ്വസിച്ചിരുന്ന മരുന്നുചെടികള്‍ പലതും സൈലന്റ് വാലിയില്‍നിന്ന് അന്ന് കണ്ടെടുക്കുകയുണ്ടായി. ഡോ. മണിലാലിന്റെയും സംഘത്തിന്റെയും കണ്ടെത്തലുകള്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. സാമൂഹിക-പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ടാക്‌സോണമിസ്റ്റിന്റെ സ്ഥാനം അടയാളപ്പെടുത്തിയതാണ് മറ്റൊരു നേട്ടം. 1984-ല്‍ ഇന്ദിരാഗാന്ധി സൈലന്റ് വാലിയെ ദേശീയ പര്‍ക്കായി പ്രഖ്യാപിക്കുന്നതില്‍ മണിലാലിന്റെ നിരീക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ബൊട്ടാണിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് ഡയറക്ടറും സസ്യശാസ്ത്രജ്ഞരില്‍ പ്രമുഖനുമായിരുന്ന എന്‍.സി. നായര്‍ മണിലാലുമായി ഇതിനെപ്പറ്റി നിരന്തരം സംസാരിക്കുകയും തീരുമാനമെടുക്കേണ്ടിവന്ന നിര്‍ണായക നിമിഷത്തില്‍ ഇന്ദിരാഗാന്ധിയുമായി ഈ അറിവുകള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സൈലന്റ് വാലി സംരക്ഷിക്കാന്‍ തീരുമാനമെടുത്തശേഷം മണിലാലിനും സംഘത്തിനും സൈലന്റ് വാലിയില്‍നിന്നും പുതുതായി കണ്ടെത്താന്‍ കഴിഞ്ഞ ഓര്‍ക്കിഡ് ചെടിക്ക് 'ഫെലേറിയ ഇന്ദരേ' എന്ന പേരുനല്‍കിയത് ഈ ഗവേഷണത്തിലെ കൗതുകം നിറഞ്ഞ ഒന്നായി. സൈലന്റ് വാലി അന്വേഷണ പഠനങ്ങള്‍ക്കുശേഷം നാല്പതു ഗവേഷണ പ്രബന്ധങ്ങളാണ് മണിലാലും സഹായികളും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. ഇതില്‍ പലതും അന്തര്‍ദ്ദേശീയ തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. യൂറോപ്പില്‍നിന്നും ആഫ്രിക്കയില്‍ നിന്നും നിരവധി ഗവേഷകര്‍ ഈ പഠനങ്ങളുടെ ചുവടുപിടിച്ച് സൈലന്റ് വാലിയിലെത്തി. അങ്ങനെ സൈലന്റ് വാലി ആഗോളതലത്തില്‍ ശാസ്ത്ര ഗവേഷണത്തിന്റെ ലബോറട്ടറിയായി മാറി എന്നു പറയാം. സൈലന്റ് വാലി സംരക്ഷിക്കാന്‍ തീരുമാനമെടുത്തശേഷം മണിലാലിനും സംഘത്തിനും സൈലന്റ് വാലിയില്‍നിന്നും പുതുതായി കണ്ടെത്താന്‍ കഴിഞ്ഞ ഓര്‍ക്കിഡ് ചെടിക്ക് 'ഫെലേറിയ ഇന്ദരേ' എന്ന പേരുനല്‍കിയത് ഈ ഗവേഷണത്തിലെ കൗതുകം നിറഞ്ഞ ഒന്നായി 1938-ല്‍ എറണാകുളത്ത് ജനിച്ച ഡോ. കെ.എസ്. മണിലാല്‍ സാഗര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് എടുക്കുന്നത്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 1964-ല്‍ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1986-99 കാലത്ത് സീനിയര്‍ പ്രൊഫസറായി. 200 ഗവേഷണ പ്രബന്ധങ്ങളുടെയും പതിനൊന്നു പുസ്തകങ്ങളുടെയും രചയിതാവായ മണിലാല്‍ വാന്‍ റീഡിന്റെ ഹോര്‍ത്തുസ് മലബാറിക്കൂസിന്റെ പന്ത്രണ്ടു വാല്യം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തു. മുപ്പത്തിയഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന ഫലമായിരുന്നു ആ വിവര്‍ത്തനം. ദേശീയതലത്തില്‍ ഡോ. ഇ.കെ. ജാനകിയമ്മാള്‍ പുരസ്‌കാരമുള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. (സൈലന്റ് വാലി സമരത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ആഘോഷക്കാര്‍ മറന്ന ഒരാള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം മാറ്റങ്ങളോടെ)

സമകാലിക മലയാളം 1 Jan 2025 11:17 am

അംബേദ്‌കർ അവഹേളനം ; അമിത്‌ ഷാ രാജിവയ്‌ക്കണം , രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി ഭരണഘടനാ ശിൽപി ബി ആർ അംബേദ്കറെ അവഹേളിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ അഖിലേന്ത്യാവ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. ഇന്ത്യൻ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരായ ഹിന്ദുത്വവാദികളുടെ കടന്നാക്രമണത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പരാമർശങ്ങളെന്ന് പ്രതിഷേധപരിപാടികളിൽ ചൂണ്ടിക്കാട്ടി. അമിത് ഷായെ സംരക്ഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിലും പ്രതിഷേധം അലയടിച്ചു. സിപിഐ എം, സിപിഐ, സിപിഐ എംഎൽ–-ലിബറേഷൻ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർടികളാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയത്. ഡൽഹിയിൽ ജന്തർ മന്തറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി അനുരാഗ് സക്സേന, സിദ്ധേശ്വർ ശുക്ല, അമർജീത് കൗർ, സുചേതാ ഡേ, ആർ എസ് ഡാഗർ, ധർമേന്ദ്ര കുമാർ എന്നിവർ സംസാരിച്ചു. ഒഡിഷയിൽ ഭുവനേശ്വർ, കട്ടക്ക്, ബെർഹാംപുർ, ജാജ്പുർ എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധപരിപാടികളിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. ഹരിയാനയിലും രാജസ്ഥാനിലും ജില്ലാകേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തി. ത്രിപുരയിൽ അഗർത്തല, ബലോണിയ, ഉദയ്പുർ, കമലാപുർ എന്നിവിടങ്ങളിൽ വൻപ്രതിഷേധ റാലികൾ നടന്നു. ബംഗാളിൽ റായ്ഗഞ്ചിൽ ഇടതുമുന്നണി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ആന്ധ്രാപ്രദേശിൽ നിയമസഭാ മണ്ഡലം തലത്തിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. വിജയവാഡയിൽ നടന്ന പ്രകടനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസ റാവു, സിപിഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ എന്നിവർ പങ്കെടുത്തു. തെലങ്കാനയിൽ ഹൈദരാബാദിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികൾ നടത്തി.

ദേശാഭിമാനി 31 Dec 2024 1:55 am

ഹരിയാനയിലുണ്ട്‌ കാർട്ടർപുരി ; ജിമ്മി കാർട്ടറിന്റെ പേരില്‍ ഒരു ​ഗ്രാമം

വാഷിങ്ടൺ ജിമ്മി കാർട്ടറിന്റെ പേരില് ഹരിയാനയില് ഒരു ​ഗ്രാമമുണ്ട്; കാര്ട്ടര് പുരി. ദൗലത്പുർ നസിറാബാദ് എന്ന ഹരിയാനയിലെ ഗ്രാമമാണ് ജിമ്മി കാർട്ടറുടെ സന്ദർശനശേഷം കാർട്ടർപുരി എന്ന് പേര് മാറ്റിയത്. ഒരിക്കല് മാത്രമാണ് ജിമ്മി കാർട്ടർ ഇന്ത്യയിലെത്തിയത്, 1978ൽ. രാജ്യം സന്ദർശിച്ച മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റ്. അടിയന്തരാവസ്ഥയ്ക്കുശേഷം രാജ്യത്തെത്തിയ ആദ്യ അമേരിക്കൻ നേതാവായിരുന്നു അദ്ദേഹം. 1978 ജനുവരി മൂന്നിനാണ് അദ്ദേഹം ഭാര്യ റോസലിനൊപ്പം ദൗലത്പുർ നസിറാബാദിൽ എത്തിയത്. അതിനുമുമ്പേതന്നെ സന്നദ്ധസേവനത്തിന് എത്തിയ അമ്മയിൽനിന്ന് അദ്ദേഹം ഗ്രാമത്തെക്കുറിച്ച് കേട്ടിരുന്നു. ധനസഹായവും ടി വി സെറ്റും വാഗ്ദാനം ചെയ്ത അദ്ദേഹത്തിന് ഗ്രാമീണരുമായി വലിയ ഹൃദയബന്ധം ഉണ്ടായിരുന്നതായി ജിമ്മി കാർട്ടറുടെ സന്നദ്ധ സംഘടന കാർട്ടർ സെന്റർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ ഓർമയ്ക്കായി കാർട്ടർപുരിയിൽ ഇപ്പോഴും ജനുവരി മൂന്ന് പ്രാദേശിക അവധിയാണ്. അദ്ദേഹത്തിന്റെ നൊബേൽ പുരസ്കാരനേട്ടവും ഗ്രാമത്തിൽ വലിയതോതിൽ ആഘോഷിക്കപ്പെട്ടു.

ദേശാഭിമാനി 31 Dec 2024 1:38 am

പല പല ഉത്തരങ്ങളുടെ കേരളം

മത്സരപ്പരീക്ഷകളുടെയും കാലമാണല്ലോ ഇത്. ചില ചോദ്യങ്ങളിതാ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളുള്ള സംസ്ഥാനമേതാണ്. ഉത്തരം കേരളം എന്നായിരിക്കും; പക്ഷേ, അത് കാശുകാരുടെയും അതിസമ്പന്നരുടെയും മാത്രം കാര്യമല്ലേ എന്റിഷ്ടാ. അതൊക്കെ വച്ച് കേരളത്തെ അളക്കാനാകുമോ... ശരി, എന്നാൽ അടുത്ത ചോദ്യമിതാ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് (64 ലക്ഷം) ഉയർന്ന ക്ഷേമപെൻഷൻ നൽകുന്ന സംസ്ഥാനമേതാണ്. അതും കേരളമാണോ. ക്ഷേമപെൻഷനൊക്കെ പണ്ടേയുള്ളതല്ലെ, അതൊക്കെ നവകേരളത്തിന്റെമാത്രം പ്രത്യേകതയായി പറയാമോ. ശരി; എട്ടുവർഷം മുമ്പ് എത്രയായിരുന്നു ക്ഷേമ പെൻഷൻ. അറുന്നൂറ് ഓകെ; അന്നെത്രയായിരുന്നു കുടിശ്ശിക. 18 മാസം! അതായത്, 18 മാസത്തെ കുടിശ്ശിക പെൻഷൻ കൊടുത്തുതീർത്ത്, മാസം 1600 രൂപ വീതം സാർവത്രികമായി പെൻഷൻ കൊടുത്തുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം! ഇപ്പോഴാണ് ഉത്തരം കറക്ടായത്. അതായത്, 1600 രൂപ പെൻഷൻ വാങ്ങുന്ന ലക്ഷ്മിക്കുട്ടി വല്യമ്മയുടെ കണ്ണിൽ തുടങ്ങുന്നു നവകേരളമെന്ന ഉത്തരത്തിന്റെ പഞ്ചനക്ഷത്രത്തിളക്കം. അത്, നവകേരളത്തിൽമാത്രം സാധ്യമായ ഒന്നാണ്. ആ നക്ഷത്രത്തിളക്കം 25 ശതമാനം ചെലവ്, സംസ്ഥാനവുംകൂടി പങ്കിടുന്ന ദേശീയപാത വികസനത്തിലുണ്ട്, ആ തിളക്കം ഗെയിലിൽ കണക്ഷനിട്ട് വീട്ടിൽ കത്തിക്കുന്ന ഗ്യാസ് വെളിച്ചത്തിലുണ്ട്, ആ തിളക്കം ഇടമൺ കൊച്ചി പവർ ഹൈവേയിലുണ്ട്; ആ തിളക്കം എന്തായാലും അഞ്ചുലക്ഷത്തിനടുത്ത് ലൈഫ് വീടുകളിലുണ്ട്. അരലക്ഷം സ്മാർട്ട് ക്ലാസ് മുറികളിലും പുതിയ പുതിയ ആശുപത്രികളിലും 100 പുതിയ റെയിൽവേ മേൽപ്പാലത്തിലും 95 ശതമാനം നിർമാണം പൂർത്തിയായ മലയോര ഹൈവേയിലും 75 ശതമാനം നിർമാണം കഴിഞ്ഞ തീരദേശ പാതയിലും 65 ശതമാനംവരെ എത്തിനിൽക്കുന്ന ബേക്കൽ –-കോവളം ജലപാതയിലും തീർച്ചയായും ഉണ്ട്. നവകേരളത്തെക്കുറിച്ച് നമ്മുടെ മാധ്യമങ്ങൾ പൊതുവെ അങ്ങനെ പറഞ്ഞുകേട്ടിട്ടില്ലാത്ത ഇത്തരം മാറ്റം, വെറുതെ സംഭവിച്ച ഒന്നല്ല. ഒരുകാറ്റടിച്ചപ്പോൾ വെറുതെയങ്ങനെ മാറിയതല്ല; മാറ്റിയതാണ്. ബോധപൂർവം ഒരു സർക്കാർ ഇടപെട്ട് മാറ്റിച്ചതാണ്. ഏതായിരുന്നു കേരളം... 10 വർഷം മുമ്പുവരെ ചിന്തനീയമല്ലാത്ത പലതരം കെട്ട കാലങ്ങളിലൂടെ തിരയടിച്ച് മല്ലിട്ട് ഉയർന്നുവന്ന കേരളം. ചിലർ പരിഹാസ്യമായി പറയുന്ന ‘ഖേരളം’; ഓഖിയിൽ പറന്ന്, രണ്ടുപ്രളയത്തിൽ മുങ്ങി, കോവിഡിൽ വിറങ്ങലിച്ച്, പലതരം മണ്ണിടിച്ചിലിൽ നിരങ്ങി, ജീവനും ചുരുട്ടിപ്പിടിച്ച് കര കയറിയതാണ്. ഒരു ഭരണാധികാരിയുടെ വാക്കിനായി, നാട്ടുകാർ അത്രമേൽ ശ്വാസമടക്കി പിടിച്ചു നിന്ന കാലം കേരളത്തിൽ മുമ്പില്ല. (കൃത്യമായി ഓർക്കാം: പ്രളയം, കോവിഡ് കാലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങൾ). ‘ഈ കപ്പലിനൊരു കപ്പിത്താനുണ്ട്, അങ്ങനെയൊന്നും ആടിയുലയില്ല’ എന്ന വാക്കുകൾ കേരളത്തിന്റെ ഭാവികാലപ്രപഞ്ചത്തിലേക്കാണ് പരാവർത്തനം ചെയ്യുന്നത്; ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെതന്നെ ആദ്യത്തെ ഡിജിറ്റൽ സർവകലാശാല, ആദ്യ വാട്ടർ മെട്രോ, കെ ഫോൺ, ഏറ്റെടുത്ത എച്ച്എൻഎൽ, ചെല്ലാനത്തെ കടൽഭിത്തി, എറണാകുളം ജനറൽ ആശുപത്രി അർബുദ വാർഡ്, 7200 കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ, മനുഷ്യജീവനെ കാത്ത പാതയിലെ എഐ കാമറകൾ, വിഴിഞ്ഞം തുറമുഖം, കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി... ചോദിക്കുന്ന ചോദ്യങ്ങൾക്കായി 2025ലേക്ക് പലതരം ഉത്തരങ്ങൾ, കേരളം കടത്തിക്കൊണ്ടുപോകുന്നു. എത്രയെത്ര അംഗീകാരങ്ങളുടെ ഷീൽഡുമായാണ് കേരളം ഇക്കാലം താണ്ടുന്നത്. സംരംഭങ്ങൾ അധികൃതർ മുടക്കുന്ന കഥയാണ് വരവേൽപ്പ്, വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകൾ പറഞ്ഞത്. പുതിയ കാലത്ത് അങ്ങനെയൊരു സിനിമ സാധ്യമേയല്ല! ഈസ് ഓഫ് ഡൂയിങ്ങിൽ, ഗുജറാത്തിനെയും പിന്നിലാക്കിയാണ് വ്യവസായ നവകേരളം നിവർന്നുനിൽക്കുന്നത്. സദ്ഭരണ മികവിൽ (പബ്ലിക് അഫയേഴ്സ് ഇൻഡക്സ്), മികച്ച ചികിത്സയിൽ (കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ഥൻ 2023), ആതിഥ്യ മര്യാദയിൽ (ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം), ക്ലാസ് മുറിയിൽ (കേന്ദ്രസർക്കാരിന്റെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സ്), ക്രമസമാധാന ജീവിതത്തിൽ (ഇന്ത്യാടുഡെ), അഴിമതി കുറഞ്ഞതിൽ (സെന്റർ ഫോർ മീഡിയ സ്റ്റഡീസ്), അതിദരിദ്രർ ഏറ്റവും കുറഞ്ഞതിൽ (എംപിഐ–- നിതി ആയോഗ്), കേരളമെന്ന ഉത്തരം, ഉത്തരോത്തരം 2025ലേക്ക് നടന്നടുക്കുന്നു. വാക്കുകളിൽ, പെരുമാറ്റങ്ങളിൽ, ജീവിത രീതികളിൽ, ആസ്വാദനങ്ങളിൽ, മികച്ചൊരു ഭക്ഷണത്തിൽപ്പോലും ‘ഖേരളമൊഴിച്ചുള്ളവർക്ക്’ കേരളം തേജസ്സാർന്ന ഇടംതന്നെയാണ്. അങ്ങനെയെങ്കിൽ, നവകേരളം ശബ്ദതാരാവലിക്ക് നൽകിയ ഏറ്റവും മികച്ച വാക്കേതെന്ന ചോദ്യംകൂടി ചോദിച്ച് ഈ കുറിപ്പ് 2025ന്റെ കടവിലേക്ക് അടുപ്പിക്കാം. അതിന്റെ ഉത്തരം ഇതാണ്: ‘അതിഥിത്തൊഴിലാളി’. ഈ വാക്ക് ഉച്ചരിക്കുമ്പോൾ വൈലോപ്പിള്ളിയുടെ അസം പണിക്കാരെ ഓർക്കണം; ‘കുടവയറിന്നു കുളുർചോർ പാടുപെടുന്ന വായകൾക്കുഴക്കരിക്കഞ്ഞി’ എന്ന വരികളോർക്കണം. അതിൽനിന്ന് മാറ്റിമാറ്റിപ്പണിഞ്ഞാണ് നവകേരളത്തിലെ അതിഥിത്തൊഴിലാളിയിലേക്കെത്തിയത്. കേരളത്തിന്റെ എക്കാലത്തെയും വലിയ നഷ്ടത്തിലൊന്ന് ഈ ഡിസംബറിലുണ്ടായല്ലോ. എം ടിയെന്ന മഹാമനീഷി നവതിക്കാലത്ത് പറഞ്ഞതിൽത്തന്നെ നിർത്താം: ‘‘ഇന്ത്യൻ അവസ്ഥയെക്കുറിച്ച് ഭയമുണ്ട്. എന്നാൽ, കേരളം മനുഷ്യർ പാർക്കുന്ന ഇടമായി തുടരുമെന്ന പ്രതീക്ഷയുമുണ്ട്’’.

ദേശാഭിമാനി 31 Dec 2024 1:00 am

രാഷ്‌ട്രീയ അബദ്ധങ്ങൾ ആവർത്തിക്കുന്ന 
കോൺഗ്രസ്‌

രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനും ജനാധിപത്യവും ഭരണഘടനയും തകർക്കാനും ബിജെപി– -ആർഎസ്എസ് സർക്കാർ എല്ലാ ശ്രമവും നടത്തിയപ്പോഴാണ് അതിനെതിരായി ഇന്ത്യ കൂട്ടായ്മ രൂപംകൊണ്ടത്. പരസ്പരമുള്ള അഭിപ്രായവ്യത്യാസങ്ങൾക്കും ആശയഭിന്നതകൾക്കും അതീതമായി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ അണിനിരക്കുകയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിരോധകവചം തീർക്കുകയും ചെയ്തു. ബിജെപിക്ക് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടതിലും ‘ഇന്ത്യ കൂട്ടായ്മ’ക്ക് പ്രധാന പങ്കുണ്ട്. എന്നാൽ, ഏറ്റവും വലിയ പ്രതിപക്ഷ രാഷ്ട്രീയ പാർടിയായ കോൺഗ്രസ് പലപ്പോഴും ഈ രാഷ്ട്രീയ യാഥാർഥ്യം ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾ ഇന്ത്യ കൂട്ടായ്മയിൽ അസ്ഥിരത സൃഷ്ടിക്കുന്നതാണ്. ദീർഘകാലം രാജ്യം അടക്കിവാണ കോൺഗ്രസിന് ഇപ്പോൾ മൂന്ന് സംസ്ഥാനത്തു മാത്രമാണ് ഭരണം. അധികാരം നഷ്ടമാകുമ്പോൾ കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്ന വിഭ്രാന്തി കുപ്രസിദ്ധമാണ്. പല സംസ്ഥാനങ്ങളിലും ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളായി കോൺഗ്രസിന്റെ ചെയ്തികളുടെ ഫലം തുടരുന്നു. ഡൽഹിയിൽ എഎപി സർക്കാരിനെതിരെ ചില കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കങ്ങൾ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. അധികാരം പിടിക്കാൻ ഏതു വൃത്തികെട്ട നീക്കം നടത്താനും മടിയില്ലാത്ത ബിജെപിക്ക്, എഎപിക്കെതിരായി പ്രയോഗിക്കാൻ ആയുധങ്ങൾ നൽകുകയാണ് കോൺഗ്രസ്. എഎപി സർക്കാരിന്റെ ക്ഷേമപദ്ധതികൾക്കെതിരെ കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ലഫ്. ഗവർണർ വി കെ സക്സേന. വെവ്വേറെ അന്വേഷണങ്ങൾ നടത്താൻ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ലഫ്. ഗവർണർ നിർദേശം നൽകി. ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങൾക്ക് എതിരാണ് ഈ നടപടിയെന്നതിൽ സംശയമില്ല. അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ വീതം നൽകാനുള്ള മഹിള സമ്മാൻ യോജനയുടെ പേരിൽ വ്യക്തിഗത വിവരങ്ങൾ സർക്കാർ ശേഖരിക്കുന്നു, പഞ്ചാബിൽനിന്ന് ഡൽഹിയിലേക്ക് പണം കൊണ്ടുവരുന്നു തുടങ്ങിയ ആക്ഷേപങ്ങളാണ് സന്ദീപ് ദീക്ഷിത് പരാതിയിൽ ഉന്നയിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളുടെ വീടുകളുടെ പരിസരത്ത് പഞ്ചാബ് പൊലീസിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കണ്ടെത്തിയെന്നും സന്ദീപ് ആരോപിക്കുന്നു. കോൺഗ്രസും ബിജെപിയും ചേർന്ന് സർക്കാരിന്റെ ക്ഷേമപദ്ധതികൾ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുൻമുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ തിരിച്ചടിച്ചു. എഎപിയുടെ തെരഞ്ഞെടുപ്പ് വിജയസാധ്യതകൾ അട്ടിമറിക്കാൻ ലഫ്. ഗവർണറുടെ ഓഫീസിനെ ദുരുപയോഗിക്കുകയാണെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. അന്വേഷണ ഉത്തരവ് വന്നത് യഥാർഥത്തിൽ അമിത് ഷായുടെ ഓഫീസിൽനിന്നാണെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ എതിരായി മത്സരിക്കേണ്ടി വന്നപ്പോഴും കോൺഗ്രസിനെതിരെ ഒരുവാക്കുപോലും പറഞ്ഞിട്ടില്ലെന്ന് എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് എംപി ഓർമിപ്പിച്ചു. ‘ഇന്ത്യ കൂട്ടായ്മ’യെ തളർത്തി കോൺഗ്രസ് ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിയുടെ വിജയത്തിന് വഴിയൊരുക്കിയെന്നും എഎപി നേതാക്കൾ ആരോപിക്കുന്നു. ഏതാനും ദിവസം മുമ്പ് കെജ്രിവാളിനെ കോൺഗ്രസ് നേതാവ് അജയ് മാക്കൻ ‘രാജ്യദ്രോഹി’ എന്ന് ആക്ഷേപിച്ചിരുന്നു. മാക്കനെതിരെ നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസിനെ ‘ഇന്ത്യ കൂട്ടായ്മ’യിൽനിന്ന് പുറത്താക്കണമെന്നാണ് എഎപി പ്രതികരിച്ചത്. നേരത്തേ, ഡൽഹി സർക്കാരിന്റെ മദ്യനയത്തിനെതിരെ കോൺഗ്രസ് നൽകിയ പരാതിയാണ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് വിഷയം എത്തിച്ചത്. ഇതിനുശേഷമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എഎപിയും തമ്മിൽ ഡൽഹിയിലടക്കം സീറ്റ് ധാരണയിൽ എത്തിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുതവണ ഒറ്റ സീറ്റിൽപ്പോലും ജയിക്കാൻ കഴിയാതിരുന്ന കോൺഗ്രസ് സ്വന്തം പരിമിതികൾ തിരിച്ചറിയുന്നില്ല. ‘‘വണ്ടേ നീ തുലയുന്നു, പണ്ടേ വീണയി വിളക്കും നീ കെടുക്കുന്നിതേ’’എന്ന് കവി പാടിയപോലെയാണ് കോൺഗ്രസിന്റെ നിലപാടുകൾ.

ദേശാഭിമാനി 31 Dec 2024 1:00 am

ചൂരൽമലയുടെ കിനാവുകൾക്കൊപ്പം 
കലോത്സവത്തിന് അരങ്ങുണരും

കൽപ്പറ്റ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇത്തവണ തിരശ്ശീല ഉയരുക ചൂരൽമലയിലെ വിദ്യാർഥികൾ ഒരുക്കുന്ന നൃത്തശിൽപ്പത്തോടെ. ദുരന്തബാധിതരുടെ അതിജീവന കിനാവുകൾ കൗമാര കലോത്സവത്തിന്റെ വേദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് വെള്ളാർമല ജിവിഎച്ച്എസ്എസിലെ കുട്ടികൾ. ഉരുൾപൊട്ടി പിളർന്ന മുണ്ടക്കൈ താഴ്വാരത്തെ സ്കൂളും നഷ്ടമായ ഉറ്റവരും അതിജീവനപാതയുമെല്ലാം വിഷയമാക്കിയാണ് നൃത്തശിൽപ്പം ഒരുങ്ങുന്നത്. ജനുവരി നാലിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾക്കൊപ്പം നൃത്തശിൽപ്പം അരങ്ങേറും. കലോത്സവ സ്വാഗതഗാനത്തിനും കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്കാരത്തിനും പുറമെയാണ് അതിജീവന സന്ദേശം ഉയർത്തിയുള്ള വെള്ളാർമലയുടെ നൃത്തശിൽപ്പം വേദിയിലെത്തുക. ‘വെള്ളരിമലയുടെ താഴ്വാരത്തൊരു വിദ്യാലയമുണ്ടേ, പുന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കൂടമുണ്ടേ’ എന്ന വരികളിൽ സ്കൂളിന്റെ ഇന്നലെകളെ പറഞ്ഞുതുടങ്ങിയാണ് നൃത്തശിൽപ്പത്തിനുള്ള ഗാനം ചിട്ടപ്പെടുത്തിയത്. ഉരുളൊഴുക്കും രക്ഷാപ്രവർത്തനവും പുതിയ പ്രതീക്ഷകളുമെല്ലാം പങ്കുവച്ച് വരികൾ പുരോഗമിക്കും. ഉരുളിൽ നഷ്ടമായ 33 സഹപാഠികളുടെയും ബന്ധുക്കളും നാട്ടുകാരുമായ മുന്നൂറോളം പേരുടെയും ഓർമകൾ നെഞ്ചേറ്റി ഹൈസ്കൂൾ വിദ്യാർഥികളായ ഏഴുപേരാണ് വേദിയിലെത്തുക. ജില്ലാ കലോത്സവത്തിൽ സ്കൂളിനായി സംഘനൃത്തം അവതരിപ്പിച്ച കുരുന്നുകൾ തന്നെയാണ് നൃത്തശിൽപ്പവുമായി എത്തുക. നൃത്തസംവിധായകനായ അനിൽ വെട്ടിക്കാട്ടിരിയാണ് പരിശീലനം നൽകിയത്. തകഴിയുടെ വെള്ളപ്പൊക്കത്തിന്റെ കഥ പറഞ്ഞെത്തുന്ന നാടകവും സ്കൂളിൽനിന്ന് കലോത്സവത്തിലെത്തും.

ദേശാഭിമാനി 30 Dec 2024 1:00 am

മനുഷ്യ ജീവനെടുക്കുന്ന അഴിമതി നേതൃത്വം

കോൺഗ്രസ് നേതാക്കളുടെ പണത്തോടുള്ള ആർത്തിയിൽ മനുഷ്യ ജീവനുകൾ നഷ്ടമാകുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞ ദിവസം വയനാട് ഡിസിസി ട്രഷററും മകനും ജീവനൊടുക്കിയതാണ് ഒടുവിലുണ്ടായ സംഭവം. കോൺഗ്രസ് നേതൃത്വത്തിന്റെ അഴിമതിക്ക് കൂട്ടുനിന്ന് ഒടുവിൽ എല്ലാം തങ്ങളുടെ തലയിലാകുമെന്ന് പേടിച്ചാണ് ഡിസിസി ട്രഷറർ എൻ എം വിജയനും മകൻ ജിജേഷും വിഷം കഴിച്ച് ജീവനൊടുക്കിയത്. ഇതിനുള്ള തെളിവുകളാണ് ഇതിനകം പുറത്തു വന്നിട്ടുള്ളത്. ബത്തേരി അർബൻ ബാങ്കിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി പലരിൽനിന്നും ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയിരുന്നുവെന്നാണ് പ്രചരിക്കുന്നത്. വിജയൻ ഇതിന്റെ ഇടനിലക്കാരനായിരുന്നുവെന്നാണ് വയനാട്ടിലെ കോൺഗ്രസുകാർതന്നെ പറയുന്നത്. മൂന്നുവർഷം മുമ്പേ ഉടലെടുത്ത പ്രശ്നമാണ്. ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉള്ളതായി ഇപ്പോൾ ഡിസിസി പ്രസിഡന്റും സമ്മതിക്കുന്നുണ്ട്. കോൺഗ്രസ് അന്വേഷണ കമീഷനെ നിയോഗിച്ചിരുന്നെങ്കിലും എന്തെങ്കിലും നടപടി എടുത്തതായി ആർക്കും അറിയില്ല. ജോലിക്ക് പണം കൊടുത്തവരുടെ പട്ടികയും പ്രചരിക്കുന്നുണ്ട്. ഏഴ് പേരിൽനിന്ന് 1.18 കോടി വാങ്ങിയതാണ് ഇതു പ്രകാരം മനസ്സിലാകുന്നത്. എന്നാൽ, രണ്ടര കോടിയോളം വാങ്ങിയതായി കോൺഗ്രസ് പ്രവർത്തകർതന്നെ ആരോപിക്കുന്നുണ്ട്. പണം നൽകിയവർ തിരികെ ചോദിക്കുന്നുണ്ടെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ ഉൾപ്പെടെയുള്ള നേതാക്കളെ ഏൽപ്പിച്ച ലക്ഷക്കണക്കിന് രൂപ തിരികെ വാങ്ങിത്തരാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വിജയൻ 2021ൽ കെപിസിസി പ്രസിഡന്റിന് അയച്ച കത്തും പുറത്തു വന്നിട്ടുണ്ട്. എന്നാൽ, മൂന്നു വർഷമായിട്ടും ഡിസിസി ട്രഷററുടെ പരാതിയിൽ നടപടിയൊന്നും ഉണ്ടായില്ല. ജോലി കിട്ടില്ലെന്ന് ഉറപ്പായതോടെ പണം നൽകിയവർ അത് തിരിച്ചു ചോദിച്ചുതുടങ്ങി. ചിലരുമായി കരാർ ഉണ്ടാക്കിയെങ്കിലും പറഞ്ഞ സമയത്തിനുള്ളിൽ പണം മടക്കിക്കൊടുക്കാൻ കഴിയാത്തതിനാലാകണം അച്ഛനും മകനും മാനക്കേട് സഹിക്കാനാകാതെ ജീവനൊടുക്കിയത്. കോൺഗ്രസ് നേതൃത്വം ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പറയുന്നതാണ് ശരി. പ്രശ്നപരിഹാരത്തിന് നേതാക്കളെ പലതവണ സമീപിച്ചിട്ടും അഴിമതിക്കാരെ സംരക്ഷിക്കുന്ന കോൺഗ്രസിന്റെ നിലപാടാണ് അവരെ മരണത്തിലേക്ക് നയിച്ചത്. സംഭവശേഷം വിജയന്റെ വീട്ടിലെത്തിയ കോൺഗ്രസ് നേതാക്കൾ ആത്മഹത്യാക്കുറിപ്പും മുക്കിയതായി സംശയിക്കുന്നു. കോൺഗ്രസിലെ അഴിമതി നിത്യസംഭവമാണ്. നേതാക്കൾ മുഖേന എന്തെങ്കിലും സാധിക്കണമെങ്കിൽ പണം നൽകണമെന്നത് പരക്കെയുള്ള സംസാരമാണ്. ഭരണമുള്ളപ്പോൾ മന്ത്രിമാർമുതൽ പ്രാദേശിക നേതാക്കന്മാർവരെ നടത്തിയ അഴിമതികളുടെ കഥകൾ നാട്ടിൽ പാട്ടാണ്. സംസ്ഥാനഭരണം പോയപ്പോൾ അധികാരമുള്ള തദ്ദേശ, സഹകരണ സ്ഥാപനങ്ങളെ ഉപയോഗിച്ചായി ഇവരുടെ അഴിമതി. വയനാട്ടിൽത്തന്നെ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം മാസങ്ങളോളം ജയിലിൽ കിടന്നത് പുൽപ്പള്ളി സഹകരണ ബാങ്കിൽ നടത്തിയ അഴിമതിയെത്തുടർന്നാണ്. വ്യക്തികളറിയാതെ അവരുടെ പേരിൽ ബാങ്കിന്റെ പ്രസിഡന്റായിരുന്ന അബ്രഹാമും കൂട്ടരും ലക്ഷക്കണക്കിന് രൂപ വായ്പയായി എഴുതിയെടുത്തു. ഇതിൽ ഒരു കർഷകനായ രാമചന്ദ്രൻനായർ ജപ്തി നോട്ടീസ് വന്നപ്പോൾ താനെടുക്കാത്ത വായ്പയ്ക്ക് ലക്ഷക്കണക്കിന് രൂപ അടയ്ക്കേണ്ടി വരുമെന്ന മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതോടെയാണ് നേതൃത്വത്തിന്റെ അഴിമതി പുറത്തുവന്നത്. നേതാക്കളെ കണ്ട് പലതവണ പരാതി പറഞ്ഞെങ്കിലും ഫലം ഇല്ലാതെ വന്നപ്പോഴാണ് പാവം കർഷകന് ജീവനൊടുക്കേണ്ടി വന്നത്. നേതാക്കളുടെ വഞ്ചനയിൽ മനംമടുത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി വി ജോൺ പുതുതായി നിർമിച്ച പാർടി ഓഫീസിൽ തൂങ്ങിമരിച്ചതും വയനാട്ടിലാണ്. അങ്കമാലിയിൽ ബാങ്ക് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് ആത്മഹത്യ ചെയ്ത സംഭവവും അടുത്തിടെയുണ്ടായി. എഐസിസി പ്രസിഡന്റിന്റെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയുടെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും പേരെഴുതിവച്ച് കരാറുകാരൻ ആത്മഹത്യ ചെയ്തതും കഴിഞ്ഞ ദിവസമാണ്. പണം ആവശ്യപ്പെട്ടുള്ള നിരന്തര സമ്മർദത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അധികാരം പണം ഉണ്ടാക്കാനുള്ള കുറുക്കുവഴിയാണെന്നത് കോൺഗ്രസിന്റെ സംസ്കാരമായി മാറിയിട്ട് വർഷങ്ങളായി. സ്വന്തം പാർടിക്കാരെ ബലിയാടാക്കി പണം സമ്പാദിക്കുന്ന നേതാക്കളും അവർക്ക് എല്ലാവിധ സംരക്ഷണം ഒരുക്കുന്ന ദേശീയ, സംസ്ഥാന നേതൃത്വവും നിരവധി കുടുംബങ്ങളെയാണ് അനാഥമാക്കുന്നത്. ഡിസിസി ട്രഷററുടെയും മകന്റെയും മരണത്തിന് ആര് ഉത്തരം പറയും. കെപിസിസി ഇതുവരെ പ്രതികരിച്ചിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഇവിടത്തെ എംപി. അവരും ഇതുവരെ പ്രതികരിച്ച് കണ്ടില്ല. കോൺഗ്രസിനെ താങ്ങുന്ന മാധ്യമങ്ങൾ ഇതൊക്കെ മൂടിവയ്ക്കാൻ എത്ര ശ്രമിച്ചാലും സത്യം പുറത്തു വരുകതന്നെ ചെയ്യും. വിജയന്റെയും മകന്റെയും മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി മുഴുവൻ കുറ്റക്കാരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.

ദേശാഭിമാനി 30 Dec 2024 1:00 am

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ചിതാഭസ്മം യമുനയിലൊഴുക്കി

ഡൽഹി >മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്മം യമുനഘാട്ടിയിൽ ഒഴുക്കി. ​ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്തി ഒഴുക്കിയത്. ചിതാഭസ്മം ഞായറാഴ്ച ഗുരുദ്വാര മജ്നു കാ തില സാഹിബിൽ എത്തിച്ചിരുന്നു. ഗുരുദ്വാരയിൽ ശബാദ് കീർത്തനം, പാത്ത്, അർദാസ് എന്നീ ആചാരങ്ങൾ നടത്താനൊരുങ്ങുകയാണ് മൻമോഹൻ സിങിന്റെ കുടുംബം. യമുനയിലെ നിമഞ്ജനത്തിനു ശേഷം പ്രർത്ഥനകൾക്കായി കുടുംബാംഗങ്ങൾ ഗുരുദ്വാരയിൽ എത്തുമെന്നും രാജ്യസഭാ എംപി വിക്രംജിത് സിംഗ് സാഹ്നി പറഞ്ഞു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ സംസ്കാരം ശനിയാഴ്ച ഡൽഹിയിലെ കശ്മീരി ഗേറ്റിലെ നിഗംബോധ് ഘട്ടിലാണ് നടന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.

ദേശാഭിമാനി 29 Dec 2024 5:47 pm

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു

ഇടുക്കി >കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി(22)യാണ് മരിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന ആൾ കാട്ടാന ആക്രമിക്കുവാൻ വന്നപ്പോൾ ഓടിയതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.

ദേശാഭിമാനി 29 Dec 2024 5:33 pm

11 ഖനികളുടെ ലേലം റദ്ദാക്കി കേന്ദ്രം

ഡൽഹി >കേന്ദ്ര സർക്കാർ 11 പ്രധാനപ്പെട്ട ധാതു ഖനികളുടെ ലേലം റദ്ദാക്കി. ലേലം കൊള്ളാൻ ആളില്ലാത്തതും ലേല തുക കുറവായതുമാണ് നാലാം റൗണ്ടിലെ റദ്ദാക്കലിനു കാരണം. നാല് റൗണ്ടിലുമായി 24 തന്ത്ര പ്രധാനമായ ബ്ലോക്കുകൾ വിറ്റു പോയി. ലേലത്തിനായി ആകെ 48 ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. മൂന്ന് നിർണായക മിനറൽ ബ്ലോക്കുകളുടെയും ലേലം കേന്ദ്രം ഒഴിവാക്കി. ജമ്മു കശ്മീരിലെ സലാൽ-ഹൈംന ലിഥിയം, ടൈറ്റാനിയം, ബോക്സൈറ്റ് (അലൂമിനസ് ലാറ്ററൈറ്റ്) ബ്ലോക്ക്, ജാർഖണ്ഡിലെ മുസ്കനിയ-ഗരേരിയാത്തോള-ബർവാരി പൊട്ടാഷ് ബ്ലോക്ക്, തമിഴ്നാട്ടിലെ കുരുഞ്ചകുളം ഗ്രാഫൈറ്റ് ബ്ലോക്ക് എന്നിവയാണ് മൂന്ന് ബ്ലോക്കുകൾ. ഖനികളുടെ മൂന്നാം ഘട്ട വിൽപനയ്ക്ക് കീഴിൽ ലേലം വിളിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതിനാൽ ഒഴിവാക്കിയെന്നാണ് കേന്ദ്ര വാദം.

ദേശാഭിമാനി 29 Dec 2024 3:11 pm

മധ്യപ്രദേശിലെ കുഴൽക്കിണർ അപകടം: 10 വയസുകാരൻ മരിച്ചു

ഭോപ്പാൽ >മധ്യപ്രദേശിലെ ഗുണ ജില്ലയിൽ കുഴൽക്കിണറിൽ വീണ 10 വയസുകാരൻ മരിച്ചു. കുഴൽക്കിണറിൽ വീണ് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ രാഘോഗറിലെ ജഞ്ജലി പ്രദേശത്താണ് സംഭവം. ഇന്ന് രാവിലെ 9.30 ഓടെയാണ് കുട്ടിയെ കുഴൽക്കിണറിൽ നിന്ന് പുറത്തെടുത്തത്. 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), ലോക്കൽ പൊലീസ് എന്നിവരുടെ പ്രവർത്തനത്തിന്റെ ഫലമായാണ് കുട്ടിയെ പുറത്തെടുത്തത്. ശനി പകൽ 3.30 ഓടെയാണ് സുമിത് കുഴൽക്കിണറിൽ വീണത്. വൈകുന്നേരം 6 മണിയോടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചു. കുട്ടിയെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തകർ 40 അടി വരെ സമാന്തരമായി കുഴിയെടുത്തതായി ഗുണ കളക്ടർ സത്യേന്ദ്ര സിംഗ് എഎൻഐയോട് പറഞ്ഞു. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ ഓക്സിജൻ സപ്പോർട്ടും നൽകിയിരുന്നു. ഡോക്ടർമാരുടെ സംഘവും സ്ഥലത്തുണ്ടായിരുന്നു. രാജസ്ഥാനിലെ കോട്പുത്ലിയിൽ 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 3 വയസുകാരി വീണു 150 അടി താഴ്ചയിൽ കുടുങ്ങിയതിന് ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ സംഭവം. ഈ കുട്ടി ഇപ്പോഴും കുഴൽക്കിണറിൽ കുടുങ്ങിക്കിടക്കുകയാണ്. രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയs;ള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു. 55 മണിക്കൂറിലധികം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.

ദേശാഭിമാനി 29 Dec 2024 12:54 pm

കൊല്ലാൻ അവൻ ശ്രമിക്കും , ചാവാതിരിക്കാൻ ഞാനും

ഗദ്യത്തിലെ കാവ്യമധുരിമയാണ് എം ടി. കവിതയെഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടെന്ന് തുറന്നു പറഞ്ഞ എഴുത്തുകാരൻ. കൂർത്തു മൂർത്ത വാക്കുകളുടെയും സംഭാഷണങ്ങളുടെയും ഒരു ഇടശ്ശേരി കവിതാ പാരമ്പര്യം എപ്പോഴും എം ടി പിന്തുടർന്നിരുന്നു. കഥകളിലും നോവലുകളിലും അത്തരം പ്രയോഗങ്ങൾ അനുവാചകരെ ത്രസിപ്പിച്ചു. എം ടി തിരക്കഥാകൃത്തും സംവിധായകനുമായപ്പോൾ മലയാള സിനിമയിലെ വലിയ അഭിനേതാക്കൾ ആ പ്രയോഗങ്ങളെ ശബ്ദത്തിലും ഭാവത്തിലും പൊലിപ്പിച്ചു, ശതഗുണീഭവിപ്പിച്ചു. താഴ്വാരം എന്ന സിനിമയിൽ നാലു പ്രധാന കഥാപാത്രങ്ങളേയുള്ളൂ. മലയാളത്തിൽ വന്ന ലക്ഷണമൊത്ത പ്രതികാരകഥകളിൽ ഒന്നാണത്. അതിലെ സംഭാഷണമാണ് – “കൊല്ലാൻ ഇനിയും അവൻ നോക്കും, ചാകാതിരിക്കാൻ ഞാനും” എന്നത്. ആര് ആരെ കൊല്ലാൻ നോക്കുന്നു എന്ന കാര്യം അറിയാവുന്നത് കൊല്ലാൻ ശ്രമിക്കുന്ന രാജു എന്ന രാഘവനും മരണത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ബാലനും മാത്രമാണ്. സിനിമയിലെ മറ്റൊരു കഥാപാത്രത്തിനും അതറിയില്ല. ബാലൻ ഇക്കാര്യം പറയുന്ന കൊച്ചൂട്ടി എന്ന പെൺകുട്ടിക്കും. പക്ഷേ, സിനിമ കാണുന്നവരോട് എം ടി ആദ്യമേതന്നെ അക്കാര്യം പറയുന്നുണ്ട്. ഒരാൾ മറ്റൊരാളെ കൊല്ലും എന്നത് ഉറപ്പാണ്. കഥയിൽ അതു നേരത്തേ പറയുകയെന്ന ധൈര്യം ഒരു വെസ്റ്റേൺ മനസ്സുള്ളവർക്കേ പറ്റൂ. സിനിമകളിൽ പലപ്പോഴും എം ടി പിന്തുടർന്നത് ഈ പാശ്ചാത്യ മനോഭാവമായിരുന്നു. എം ടിയുടെ തിരക്കഥകളുടെ സൗന്ദര്യം ഇത്തരം സബ് ടെക്സ്റ്റുകളിൽ ആയിരുന്നു. എം ടിയുടെ തിരക്കഥകളിൽ ഏറിയ പങ്കും തിരശ്ശീലയിൽ എത്തിച്ചത് ഐ വി ശശി ആണ്. ഒന്നും എഴുതാനായിരുന്നില്ല, വെറുതെ ഒന്നു കാണാൻമാത്രം തിരുവനന്തപുരത്തെ ഒരു ഹോട്ടൽ മുറിയിൽ ശശിയേട്ടനെ സന്ദർശിച്ചു. കുറച്ചു വർഷങ്ങൾ മുമ്പാണ്.പത്മരാജൻ അടക്കമുള്ള പലരുടെയും തിരക്കഥകൾ സിനിമയാക്കിക്കഴിഞ്ഞതിനു ശേഷമാണ് എം ടിയുടെ ഒരു തിരക്കഥ വേണമെന്ന് ഐ വി ശശിക്ക് മോഹമുണ്ടായത്. ഇരുവരും കോഴിക്കോട്ടുകാർ. എം ടി താമസമാക്കിയ നഗരം. ശശിയുടെ സുഹൃത്ത് ഹരിഹരൻ അപ്പോഴേയ്ക്കും എം ടിയുടെ തിരക്കഥയിൽ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച അടക്കമുള്ള സിനിമകൾ ചെയ്തു കഴിഞ്ഞിരുന്നു. ഐ വി ശശി തന്റെ ആഗ്രഹം ഹരിഹരനോടു പറഞ്ഞു. ഹരിഹരൻ പറഞ്ഞു– “അങ്ങേര് വളരെ സീരിയസായ മനുഷ്യനാണ്. നിന്റെ കുട്ടിക്കളിയൊന്നും എടുത്തേക്കരുത്.” കൂടിക്കാഴ്ച നടന്നു. “ശശിയുടെ സിനിമകൾ കണ്ടിട്ടുണ്ട്. ഊട്ടി പശ്ചാത്തലമായ ഒരു സബ്ജക്ട് ഉണ്ട്. അവിടെയിരുന്ന് എഴുതാം” എന്ന് എം ടി പറഞ്ഞു. ഊട്ടിയിലെ തടാകത്തിനരികിലുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. എന്താണ് എം ടി എഴുതിയതെന്നു ചോദിക്കാനുള്ള ധൈര്യമൊന്നും സംവിധായകനില്ല. ചോദിച്ചതുമില്ല. എന്നും വൈകുന്നേരങ്ങളിൽ തടാകത്തിനു ചുറ്റും ഇരുവരും നടക്കാനിറങ്ങും. സിനിമയൊഴികെ മറ്റെന്തിനെക്കുറിച്ചും സംസാരിക്കും. ഏഴാം ദിവസം എം ടി ഒന്നു നിന്നു. സ്വതസിദ്ധമായ ശൈലിയിൽ ബീഡി പുകച്ച് ചുണ്ടു കോട്ടി ഒന്നു ചിരിച്ച് പറഞ്ഞു, “ശശി നാളെ മദ്രാസിലേക്ക് പൊയ്ക്കോളൂ. ഞാൻ രാവിലെ കോഴിക്കോട്ടേയ്ക്കു പോകും. സ്ക്രിപ്റ്റ് അടുത്തയാഴ്ച മദ്രാസിലെത്തും” കൃത്യമായി വന്നു, തിരക്കഥ. തൃഷ്ണ എന്ന സിനിമയായിരുന്നു അത്. അതിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം ഒരു കോൾ ഗേളുമായി വന്ന് ബന്ധുക്കളോടൊപ്പം താമസിക്കുന്നുണ്ട്. ഊട്ടിയിലാണത്. അവധൂതസ്വഭാവമുള്ള ഒരാൾ. ഒരു ദിവസം അയാൾക്ക് ഒരു രജിസ്റ്റേഡ് കത്ത് കിട്ടുന്നു. അയാൾക്ക് ഭാര്യ അയച്ച ഡിവോഴ്സ് നോട്ടീസ് ആയിരുന്നു അത്. വായിച്ചു തീരുമ്പോൾ അയാളുടെ മുഖത്ത് ഒരു കോട്ടിച്ചിരി വരുന്നു. തിരുവനന്തപുരത്തെ ആ ഹോട്ടൽ മുറിയിൽ ഉലാത്തിക്കൊണ്ട് ഐ വി ശശി പറഞ്ഞു – “ആ ചിരിയാണ് എം ടി അന്ന് ലേക്കിന്റെ കരയിൽനിന്നു ചിരിച്ചത്.” ജീവിതമുഹൂർത്തങ്ങളുടെ അപൂർവതകളാണ് എം ടിയെ വ്യത്യസ്തനാക്കിയത്, എന്നും.കോഴിക്കോട്ട് ഇൻഡ്യൻ എക്സ്പ്രസിൽ ജോലി ചെയ്യുന്ന കാലം. 1998ലാണ്. എം ടി സംവിധാനം ചെയ്ത നിർമാല്യം എന്ന സിനിമയുടെ സിൽവർ ജൂബിലി. സഹപ്രവർത്തകനായിരുന്ന ശശികുമാർ ചോദിച്ചു, “ഒന്നു പോയി കണ്ടാലോ” വിളിച്ചു. രാവിലെതന്നെ മാതൃഭൂമി ഓഫീസിൽ വന്നോളാൻ പറഞ്ഞു. എസി മുറിയിൽ ബീഡി വലിച്ച് ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഒരു ചോദ്യം ആദ്യമേ ഞങ്ങളോടു ചോദിച്ചു. “വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്തു തുപ്പുന്ന സീൻ ഇന്ന് കാണിച്ചാൽ എന്തായിരിക്കും സ്ഥിതി” കൂടുതൽ സംസാരിക്കുന്നതിനു മുമ്പ് ഞങ്ങൾക്ക് ഹെഡ് ലൈൻ കിട്ടി. കാലം അതായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ പ്രത്യക്ഷമായി രാഷ്ട്രീയം പറയാതെതന്നെ പൊളിറ്റിക്കലാകുക എന്നത് നല്ല എഴുത്തുകാർക്കുണ്ടാകുന്ന സവിശേഷതയാണ്. ദൈവത്തെ നിങ്ങൾക്ക് ആരാധിക്കാം. പക്ഷേ, തെറി പറയാൻ പറ്റും, വേണ്ടി വന്നാൽ മുഖത്തു തുപ്പാനും. അത്തരമൊരു രാഷ്ട്രീയ ബോധമായിരുന്നു അത്. കൊല്ലാൻ ശ്രമിക്കുന്ന വിധിയെ തോൽപ്പിക്കാൻ വേണ്ടി പൊരുതുന്ന കഥാപാത്രങ്ങളെ അനുവാചകർക്കും പ്രേക്ഷകർക്കും ബോധ്യമാകുംവിധം എം ടി അവതരിപ്പിച്ചുകൊണ്ടേയിരുന്നു. ഫ്യൂഡലിസത്തെ തിരശ്ശീലയിൽ ആദ്യമായി പൊളിച്ചടുക്കിയതും എം ടി ആയിരുന്നു. നിർമാല്യം എന്ന സിനിമയിൽ. ആ ത്രിസന്ധ്യയിൽ നാരായണിയുടെ അറയിൽനിന്ന് ഇറങ്ങിപ്പോകുന്ന മൈമുണ്ണിയെ കാണുമ്പോൾ വെളിച്ചപ്പാട് ചോദിക്കുന്നു. “എന്റെ നാലു മക്കളെ പ്രസവിച്ച നീയോ നാരായണീ...” “എന്റെ മക്കള് വെശന്നു തളർന്നു കിടന്നപ്പോ ഭഗവതി അരീം കാശും കൊണ്ടുത്തന്നില്ല.” അതിലപ്പുറം എന്തു വിഗ്രഹ ഭഞ്ജനം.

ദേശാഭിമാനി 29 Dec 2024 1:59 am

ആദരമർപ്പിച്ച്‌ രാഷ്‌ട്രം ; അനുശോചിച്ച്‌ ലോകനേതാക്കൾ

അപൂർവ വ്യക്തിത്വം: രാഷ്ട്രപതി അപൂർവ രാഷ്ട്രീയ വ്യക്തിത്വമായിരുന്നു ഡോ.മൻമോഹന് സിങ്ങിന്റേതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്മു. സമ്പദ്വ്യവസ്ഥയെ പരിഷ്കരിക്കുന്നതിൽ നിർണായക സംഭാവന നൽകി. രാഷ്ട്രത്തിന് നൽകിയ സേവനങ്ങളുടെയും കളങ്കരഹിതമായ രാഷ്ട്രീയ ജീവിതത്തിന്റെയും പുലർത്തിയ വിനയത്തിന്റെയും ഔന്നിത്യത്തിൽ അദ്ദേഹം എക്കാലവും ഓർമിക്കപ്പെടും. സത്യസന്ധനായ 
നേതാവ് : പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിന് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ധനമന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ദിശ നൽകി. നഷ്ടപ്പെട്ടത് 
വഴികാട്ടിയെ: രാഹുൽ മൻമോഹൻ സിങ്ങിന്റെ വിയോഗത്തോടെ വഴികാട്ടിയെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അപാരമായ വിവേകത്തോടെയും സ്വഭാവഗുണത്തോടെയുമാണ് അദ്ദേഹം രാജ്യത്തെ നയിച്ചത്. രാഷ്ട്രതന്ത്രജ്ഞൻ: ഖാര്​ഗെ ഇന്ത്യക്ക് നഷ്ടമായത് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെയും സമാനതകളില്ലാത്ത സാമ്പത്തിക വിദഗ്ധനെയുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വാക്കിനേക്കാൾ പ്രവൃത്തിക്ക് മുൻതൂക്കം നൽകിയ മൻമോഹൻ സിങ് രാഷ്ട്രനിർമാണത്തിൽ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. സിപിഐ 
അനുശോചിച്ചു ജനാധിപത്യമൂല്യങ്ങളോടും മതനിരപേക്ഷത, സംവാദം എന്നിവയോടും ബഹുമാനം പുലർത്തിയ നേതാവായിരുന്നു മൻമോഹൻസിങ് എന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ്. നയപരമായും ആശയപരമായുമുള്ള വിയോജിപ്പുകളോട് അദ്ദേഹം അന്തസ്സോടെയും പരിഷ്കൃത മനോഭാവത്തോടെയും പ്രതികരിച്ചുവെന്നും അനുശോചനസന്ദേശത്തിൽ പറഞ്ഞു. അനുശോചിച്ച് ലോകനേതാക്കൾ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ആദരമർപ്പിച്ച് ലോകനേതാക്കൾ. ഇന്ത്യ–- ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഗുണപരമായ പങ്ക് വഹിച്ചയാളാണ് മൻമോഹൻ സിങ്ങെന്ന് ചൈന വിദേശ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായതെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ഇബ്സ, ബ്രിക്സ് കൂട്ടായ്മകൾ രൂപീകരിക്കുന്നതിലും ശക്തമാക്കുന്നതിലും മൻമോഹന്റെ പങ്കും അനുസ്മരിച്ചു. ഇന്ത്യ–- അമേരിക്ക നയതന്ത്ര പങ്കാളിത്തത്തിനുവേണ്ടി എന്നും വാദിച്ച നേതാവായിരുന്നു മൻമോഹനെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുസ്മരിച്ചു. 
രണ്ട് ദശാബ്ദത്തിൽ ഇരുരാജ്യവും ചേർന്നുണ്ടാക്കിയ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനം മൻമോഹന്റെ ശ്രമങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യക്ക് മഹാനായ വ്യക്തിയെയും ഫ്രാൻസിന് യഥാർഥ സുഹൃത്തിനെയുമാണ് നഷ്ടമായതെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ദീർഘദർശിയായ നേതാവായിരുന്നു മൻമോഹനെന്ന് ശ്രീലങ്ക പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. വിലപ്പെട്ട സുഹൃത്തിനെ നഷ്ടമായെന്ന് മലേഷ്യ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സമൂഹമാധ്യമത്തിൽ കുറിച്ചു. കാനഡ മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപർ, നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡ, മാലദ്വീപ് മുൻ പ്രസിഡന്റ് മൊഹമ്മദ് നഷീദ്, ശ്രീലങ്ക മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെ, അഫ്ഗാനിസ്ഥാൻ മുൻ പ്രസിഡന്റ് ഹമീദ് കർസായി എന്നിവരും അനുശോചിച്ചു.

ദേശാഭിമാനി 28 Dec 2024 3:12 am

മടക്കം രാജ്‌ഭവനെ 
സംഘകാര്യാലയമാക്കി

തിരുവനന്തപുരം ആരിഫ് മൊഹമ്മദ് ഖാൻ കേരളം വിടുന്നത് രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കിയും ഭരണഘടനയെ അവഗണിച്ചുള്ള തീരുമാനങ്ങൾ അടിച്ചേൽപ്പിച്ചും. ഗവർണർമാരെ ഉപയോഗിച്ച് എൻഡിഎ ഇതര സർക്കാരുകളെ ദ്രോഹിക്കുകയെന്ന കേന്ദ്ര, ബിജെപി നയം തെരുവിലേക്കുകൊണ്ടുവന്ന്, സ്വയം പരിഹാസ്യനായ മറ്റൊരാളില്ല. സംസ്ഥാനവിരുദ്ധ തീരുമാനങ്ങളെടുക്കാൻ ഗവർണറെ പ്രതിപക്ഷവും മാധ്യമങ്ങളും ഇതുപോലെ പ്രോത്സാഹിപ്പിച്ച ചരിത്രവും അത്യപൂർവം. മന്ത്രി കെ എൻ ബാലഗോപാലിനെ നീക്കാൻ കത്തയച്ചതടക്കം ഗവർണർ പദവിക്ക് നാണക്കേടുണ്ടാക്കിയ പ്രഖ്യാപനങ്ങളാണ് അഞ്ചുവർഷത്തിനിടെ നടത്തിയത്. ഇല്ലാത്ത അധികാരം പ്രയോഗിച്ച്, ഏതാനും ആഴ്ചകൾമുമ്പ് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉടൻ രാജ്ഭവനിലെത്തണമെന്ന് തീട്ടൂരമിറക്കി. നിയമസഭ പാസാക്കിയ ബില്ലുകൾ കാരണം കൂടാതെ തടഞ്ഞുവയ്ക്കുന്നതും ശീലമാക്കി. ഒടുവിൽ സുപ്രീംകോടതിയുടെ രൂക്ഷവിമർശം ഏറ്റുവാങ്ങി. നിയമസഭയുടെ അധികാരത്തിൽ കൈകടത്തുന്നതിനും ഭരണഘടനാ തത്വങ്ങൾ ലംഘിക്കുന്നതിനും ഗവർണറെ കോടതി ചോദ്യംചെയ്തു. പുതിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ച് പ്രമേയം പാസാക്കാനുള്ള തീരുമാനം തള്ളിയതുവഴി സംസ്ഥാനത്തിന്റെ അവകാശം നിഷേധിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനം ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിനെതിരെയും രംഗത്തുവന്നു. സർവകലാശാലകളിൽ ചട്ടവിരുദ്ധമായി നിരന്തരമായി ഇടപെട്ട ചാൻസലർ പലയിടത്തും ആർഎസ്എസുകാരെ നിയമിച്ചു. ഈ തീരുമാനങ്ങൾ കോടതികൾ തള്ളിയിട്ടും വഴിവിട്ട നടപടികൾ തുടർന്നു. കാവിവൽക്കരണ അജൻഡകളിൽ പ്രതിഷേധിച്ച വിദ്യാർഥികളെ നേരിടാൻ, തെരുവിൽ കസേരയിട്ട് നാടകം കളിച്ചതും കേരളം കണ്ടു. യജമാനന്മാരോടുള്ള കൂറ് തെളിയിക്കലാണ് ഇക്കാലമത്രയും ആരിഫ് മൊഹമ്മദ് ഖാൻ ചെയ്തത്. ആ കൂറിനുള്ള സമ്മാനമാണ് അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലേക്ക് പറിച്ചുനടൽ. ​ഗവര്ണര് ഇന്ന് 
ഡല്ഹിക്ക് ബിഹാർ ഗവർണറായി പോകുന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന് സംസ്ഥാന സർക്കാരിന്റെ ഉപഹാരം ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സമ്മാനിച്ചു. ശനിയാഴ്ച രാജ്ഭവനിലെത്തിയാണ് സർക്കാരിന്റെ ഉപഹാരമായി പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അനന്തശയന ശിൽപ്പം സമ്മാനിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. ദേവേന്ദ്ര കുമാർ ഡോദാവദ്, കെ ആർ ജ്യോതിലാൽ, സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികുമാർ എന്നിവരും പങ്കെടുത്തു. ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യാത്രയയപ്പ് ചടങ്ങ് ഔദ്യോ​ഗിക ദുഃഖാചരണത്തിന്റെ ഭാ​ഗമായി ഒഴിവാക്കിയിരുന്നു. അതേസമയം സർവകലാശാലകളിൽ ​​ഗവർണർ നേരിട്ട് നിയമിച്ച വൈസ് ചാൻസലർമാരായ ഡോ. സിസ തോമസ്, ഡോ. മോഹനൻ കുന്നുമ്മൽ, എം ജുനൈദ് ബുഷരി, പ്രൊഫ. സി ടി അരവിന്ദകുമാർ, ഡോ. കെ ശിവപ്രസാദ്, ഡോ. വി പി ​ജ​ഗതിരാജ് എന്നിവർ രാജ്ഭവനിൽ ഒന്നിച്ചെത്തിയിരുന്നു. സ്ഥാനമൊഴിഞ്ഞ ​ആരിഫ് മൊഹമ്മദ് ഖാൻ ഞായർ വൈകിട്ട് കൊച്ചിയിൽനിന്ന് ഡൽഹിയിലേക്ക് തിരിക്കും. പുതിയ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ ജനുവരി ഒന്നിന് കേരളത്തിലെത്തും. രണ്ടിന് ചുമതലയേൽക്കും.

ദേശാഭിമാനി 28 Dec 2024 1:00 am

അലങ്കാരം അമിതഭാരമാകുമ്പോൾ - എം സ്വരാജ് എഴുതുന്നു

ഒരു ആലങ്കാരിക പദവി ജനാധിപത്യത്തിന് അമിതഭാരമായി മാറുന്നത് എങ്ങനെയെന്ന് തെളിയിച്ച ശേഷമാണ് കേരള രാജ്ഭവനിൽനിന്ന് ആരിഫ് മൊഹമ്മദ് ഖാൻ പടിയിറങ്ങുന്നത്. ഒരു സവിശേഷ അധികാരങ്ങളുമില്ലാത്ത പദവിയാണ് ഗവർണറുടേതെന്ന് സ്ഥിരീകരിച്ചത് ഡോ. ബി ആർ അംബേദ്കറാണ്. ഗവർണർക്കുള്ളത് ചില ചുമതലകൾ മാത്രമാണെന്നും ഭരണഘടനാ നിർമാണസഭയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അധികാരങ്ങളൊന്നുമില്ലാത്ത അലങ്കാരപദവി ആയതിനാൽ ഗവർണറെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഭരണഘടനാ നിർമാണസഭ കൈക്കൊണ്ടത്. ഭരണത്തിന്റെ തലപ്പത്തുള്ള പാർടിയുടെ ഒരു രണ്ടാംകിട നേതാവിനെ ഇത്തരം ഒരു സ്ഥാനത്തിരുത്തുന്നതിന് തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന് കെ എം മുൻഷിയും പറഞ്ഞുവച്ചു. സവിശേഷ അധികാരങ്ങളോ കാര്യമായ ജോലിഭാരമോ ഇല്ലാത്തതിനാൽ ഒരാൾക്കുതന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവർണറായി പ്രവർത്തിക്കുന്നതിന് തടസ്സവുമില്ല. മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഇത് ഭരണഘടനാപരമായ പൊതുതത്വമാണ്. നിയമനിർമാണ സഭയിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഗവർണറാകട്ടെ കേന്ദ്രം നിയമിക്കുന്നയാളും. ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭകൾക്കാണ് പ്രാമുഖ്യമെന്നത് പ്രത്യേകം പറയേണ്ടതില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ഗവർണർമാരെ ഉപയോഗിക്കുകയെന്ന ഹീനതന്ത്രമാണ് ആർഎസ്എസ് പയറ്റുന്നത്. ഭരണഘടനയെയും ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെയും മാനിക്കാത്തവരാണ് തങ്ങളെന്ന് ആർഎസ്എസ് മുമ്പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആജ്ഞാനുവർത്തികളെ ഗവർണർപദവിയിൽ കുടിയിരുത്തി രാഷ്ട്രീയവിയോജിപ്പുള്ള സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന അൽപ്പത്തമാണ് സംഘപരിവാർ തുടരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഗവർണർരാജ് നടപ്പാക്കാനുള്ള ആർഎസ്എസ് നീക്കം നിയമനിർമാണ സഭകളുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കി. നിയമസഭ ചർച്ചചെയ്ത് അംഗീകരിച്ച ബില്ലുകളിൽ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ പൂഴ്ത്തി വയ്ക്കുന്ന നെറികേടിനെതിരെ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. ആർഎസ്എസ് ചട്ടുകമായ ഗവർണർമാർക്ക് ഉന്നതനീതിപീഠത്തിൽനിന്ന് പ്രഹരമേറ്റു. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ശ്രമിച്ച് ഇളിഭ്യനായ കേരള ഗവർണർ പക്ഷേ ആർഎസ്എസിന്റെ ദാസ്യവേല തുടർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ തവണ കാലുമാറിയ രാഷ്ട്രീയക്കാരനെന്ന ദുഷ്പേരുള്ള ആരിഫ് മൊഹമ്മദ് ഖാൻ ഒടുവിൽ ചെന്നുചേർന്ന കൂടാരമാണ് ഇപ്പോഴത്തേത്. ഒടുവിലെത്തിയ കാലുമാറ്റക്കാരന് വിശ്വാസം നേടിയെടുക്കാൻ അമിതവിധേയത്വം പ്രകടിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതിനാൽ സംഘപരിവാറിന്റെ ദത്തുപുത്രനായി സ്വയം മാറിയ ആരിഫ് മൊഹമ്മദ് ഖാൻ കേരള ഗവർണറായിരുന്ന കാലമത്രയും രാഷ്ട്രീയ യജമാനന്മാർക്കായി ദാസ്യവേല ചെയ്തു. വിനീതവിധേയനായ സംഘപരിവാർ ഭൃത്യനായി ഓച്ചാനിച്ചുനിന്നു. പൊതുമര്യാദകളുടെയും കീഴ്വഴക്കങ്ങളുടെയും നല്ലപാഠങ്ങൾ മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾവരെ ലംഘിക്കപ്പെട്ടു. താനൊരു മഹാമേരുവാണെന്ന ഭാവത്തിൽ സദാ ആക്രോശിച്ചുകൊണ്ട് ഉറുമ്പിനേക്കാൾ ചെറുതായി. ഗവർണറുടെ പരിമിതാധികാരത്തെയും ചുമതലകളെയും കുറിച്ചുള്ള അജ്ഞത അദ്ദേഹത്തെ നിരന്തരം പരിഹാസ്യനാക്കി. ഒരിക്കൽ ധനമന്ത്രി കെ എൻ ബാലഗോപാലിൽ തനിക്ക് ‘പ്രീതി നഷ്ടപ്പെട്ടു' വെന്നും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്നും പരസ്യമായി ആവശ്യം ഉന്നയിച്ചു. വാശിപിടിച്ചു. ഒരു മന്ത്രിയെ തനിക്ക് ഇഷ്ടമില്ലെങ്കിൽ ഉടനടി പുറത്താക്കാമെന്ന അബദ്ധധാരണ ഒട്ടൊന്നുമല്ല അദ്ദേഹത്തെ അപഹാസ്യനാക്കിയത്. മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഗവർണറാണ്. എന്നാൽ, ഗവർണറുടെ താൽപ്പര്യമനുസരിച്ചല്ല, മറിച്ച് മുഖ്യമന്ത്രി കൊടുക്കുന്ന പട്ടികപ്രകാരമുള്ള നിയമസഭാംഗങ്ങൾക്കാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. അതായത് മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് ആ ജോലി ചെയ്യാനാണ് ഗവർണറെ നിയോഗിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ആരിഫ് മൊഹമ്മദ് ഖാന്റെ അന്ധമായ ആർഎസ്എസ് വിധേയത്വം ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളുടെ തടവുകാരനായി അദ്ദേഹത്തെ മാറ്റി. സംഘപരിവാറിന്റെ വർഗീയ വിഭജനരാഷ്ട്രീയത്തെ അതിർത്തിക്കപ്പുറത്ത് നിർത്തിയ കേരളത്തോടും ഇടതുപക്ഷത്തോടുമുള്ള പക ഗവർണറുടെ ഓരോ വാക്കിലും തുളുമ്പി. സിപിഐ എമ്മിനെ എതിർത്ത് ഒരിക്കൽ അദ്ദേഹം ഉയർത്തിയ വിമർശം ‘വൈദേശിക ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ' എന്നായിരുന്നു. കമ്യൂണിസവും സോഷ്യലിസവുമൊക്കെ വൈദേശികമാണെന്നും തനി ഭാരതീയമല്ലാത്തതിനാൽ കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യണമെന്നും ആദ്യം പറഞ്ഞത് ആർഎസ്എസ് ആണ്. ഗവർണർ ആർഎസ്എസിന്റെ നാവായപ്പോൾ മറന്നത് ഭരണഘടനയെത്തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഇന്ത്യയുടേതാണ്. ലോകംകണ്ട ഭരണഘടനാ വിദഗ്ധനായ ഐവർ ജെന്നിങ്സ് ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശമുന്നയിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന വലുതായതിന്റെ ഒരുകാരണം മറ്റുരാജ്യങ്ങളുടെ ഭരണഘടനകളിൽനിന്ന് നമുക്ക് സ്വീകാര്യമായതെല്ലാം സ്വാംശീകരിച്ചതുകൊണ്ടുകൂടിയാണ്. യുഎസ്എസ്ആർ, അമേരിക്ക, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളുടെ ഭരണഘടനകളും ബ്രിട്ടനിലെ കീഴ്വഴക്കങ്ങളും ഇന്ത്യൻ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻ ഭരണഘടന ആ അർഥത്തിൽ ഭാരതീയമല്ല എന്ന് സാരം! ആദാനപ്രദാനങ്ങളുടെ സാർവദേശീയ സംസ്കാരം ആർഎസ്എസിന് അന്യമായതിനാൽ ഭരണഘടനയെയും അവർക്ക് അംഗീകരിക്കാനായില്ല. ജനാധിപത്യം എന്ന ആശയംപോലും വൈദേശികമാണെന്ന് അബദ്ധങ്ങൾ തട്ടിവിടുമ്പോൾ ഗവർണർ ഓർത്തില്ല. എന്തിന് ഗവർണർ എന്ന പദവിയും ആ പദവും വൈദേശികമാണെന്നു ചിന്തിക്കാനുള്ള വിവേകവും അദ്ദേഹത്തിനുണ്ടായില്ല. ആർഎസ്എസ് മനുഷ്യത്വത്തെ മാത്രമല്ല വിവേകത്തെയും ഇല്ലാതാക്കും. ഉന്നതമായ കാഴ്ചപ്പാടിന്റെ ഭാഗമായി കേരള നിയമസഭ സൗമനസ്യത്തോടെ നൽകിയ സർവകലാശാലാ ചാൻസലർ പദവിയും നീചമായി ദുരുപയോഗിക്കാൻ ഗവർണർ മടിച്ചില്ല. നാളിതുവരെ സംസ്ഥാനത്തെ ഒരു സർവകലാശാലാ സെനറ്റിലും വിദ്യാർഥികൾ സംഘപരിവാറിനെ തെരഞ്ഞെടുത്തിട്ടില്ല. ആദ്യമായി സർവകലാശാലാ സെനറ്റിലെ വിദ്യാർഥിപ്രതിനിധികൾക്കിടയിൽ ആർഎസ്എസ് പട്ടികയിലുള്ളവരെ തിരുകിക്കയറ്റാനാണ് ഗവർണർ ശ്രമിച്ചത്. വിദ്യാഭ്യാസ, കലാ–-കായിക രംഗങ്ങളിലെ സവിശേഷപ്രതിഭകളെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ അവകാശമാണ് ആർഎസ്എസ് ശാഖയിൽ അടിയറവച്ചത്. കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെയാണ് ഇത്തരത്തിൽ പിൻവാതിലിലൂടെ തിരുകിക്കയറ്റാൻ ഗവർണർ നിർദേശിച്ചത്.

ദേശാഭിമാനി 28 Dec 2024 1:00 am

അംബേദ്കർവിരോധവും 
മതരാഷ്ട്രവാദികളും - പുത്തലത്ത് ദിനേശൻ എഴുതുന്നു

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകൾക്കെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ഭരണഘടനാശിൽപ്പിയെന്ന് വിശേഷിപ്പിക്കുന്ന അംബേദ്കറിനെതിരെയും ഉയർന്നുവന്നിരിക്കുകയാണ്. സംഘപരിവാറിന്റെ ഈ നിലപാടിന്റെ അടിസ്ഥാനം ഭരണഘടന രൂപപ്പെടുന്ന കാലത്തെ രാഷ്ട്രീയവും സാമൂഹ്യവുമായ ചലനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. 1947 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലി നടത്തിയ പ്രഖ്യാപനം 1948 ജൂണിന് മുമ്പായി അധികാരം ഇന്ത്യക്കാർക്ക് കൈമാറുമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കി. രണ്ടാം ലോകയുദ്ധത്തിൽ തകർന്നുപോയ ബ്രിട്ടന് ഇന്ത്യയിലെ കർഷക –-തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുൾപ്പെടെയുള്ള ജനകീയ മുന്നേറ്റങ്ങളെ തടുത്തുനിർത്താനാകില്ലെന്നുള്ള തിരിച്ചറിവിലാണ് ഈ തീരുമാനം രൂപപ്പെടുന്നത്. സ്വാതന്ത്ര്യ നിയമത്തിന്റെ തുടർച്ചയിൽ ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്ന പ്രദേശങ്ങളെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ട് രാഷ്ട്രമായി തിരിച്ചു. അവശേഷിക്കുന്ന 555 ഓളം വരുന്ന നാട്ടുരാജ്യങ്ങൾക്ക് ഈ രണ്ട് രാഷ്ട്രങ്ങളിൽ ഏതിലെങ്കിലും ചേരാമെന്ന നിർദേശവും മുന്നോട്ടുവച്ചു. ഇന്ത്യയിലും പാകിസ്ഥാനിലും ചേരാൻ താൽപ്പര്യമില്ലാത്തവർക്ക് സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കാമെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് സ്വതന്ത്ര തിരുവിതാംകൂർ സർ. സി പി പ്രഖ്യാപിക്കുകയും അതിനെതിരെ ഐതിഹാസികമായ പുന്നപ്ര–-വയലാർ സമരം ഉയർന്നുവരികയും ചെയ്തത്. ഇന്ത്യയിൽ ഉയർന്നുവന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തണുപ്പിച്ചെടുക്കാൻ അധികാരങ്ങൾ കൈമാറാൻ പോകുന്നുവെന്ന സ്ഥിതി സൃഷ്ടിക്കേണ്ടത് അനിവാര്യമായിരുന്നു. അങ്ങനെയാണ് 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നത്. പ്രവിശ്യകളിൽ സ്വയംഭരണവും കേന്ദ്രത്തിൽ ദ്വിഭരണവും എന്ന രീതിയാണ് അത് മുന്നോട്ടുവച്ചത്. പ്രവിശ്യകളിൽ തെരഞ്ഞെടുപ്പ് നടന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള മന്ത്രിസഭ അധികാരത്തിലേക്ക് വന്നു. ബ്രിട്ടൻ ആലോചിക്കാതെ രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിന്റെ പേരിൽ ആ മന്ത്രിസഭകൾ രാജിവച്ചു. 1945 ൽ വീണ്ടും പ്രവിശ്യ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസിന്റെയും ലീഗിന്റെയും നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിൽ വന്നു. 1946 സെപ്തംബർ ആകുമ്പോഴേക്കും നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭ കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. എന്നാൽ, കേന്ദ്രത്തിൽ ഒരു പാർലമെന്റ് തെരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തിൽ പാർലമെന്റ് രൂപീകരിക്കേണ്ട ആവശ്യം ഉയർന്നുവന്നു. 1941ൽ സെൻസസ് പ്രകാരമുള്ള ജനസംഖ്യ കണക്കിലെടുത്തുകൊണ്ട് പ്രവിശ്യനിയമസഭകളിൽനിന്ന് അംഗങ്ങളെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തു. രാജ്യസഭയിലേക്ക് ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുപോലെയാണ് അതുണ്ടായത്. ഇന്ത്യാവിഭജനത്തിനുശേഷം പാകിസ്ഥാൻ പ്രവിശ്യയിൽപ്പെട്ടവർ ഒഴിവായി. 15 വനിതാ അംഗങ്ങളുൾപ്പെടെ 272 അംഗങ്ങളുടെ പാർലമെന്റ് നിലവിൽ വന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ പാർലമെന്റായും ഭരണഘടനാ സമിതിയായും ഇത് പ്രവർത്തിച്ചു. ആദ്യ യോഗം 1946 ഡിസംബർ 6ന് ചേർന്നു. 1949 നവംബർ 26ന് ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടു. അങ്ങനെ നവംബർ 26 ഭരണഘടനാ ദിനമായി. ഭരണഘടനാ സമിതി തയ്യാറാക്കിയ കരട് പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് പുറമെ പ്രവിശ്യ നിയമസഭകൾക്കും പൊതുസമൂഹത്തിനും ഭേദഗതികൾ നിർദേശിക്കാനുള്ള അനുവാദവും നൽകി. 7,635 ഭേദഗതികൾ കരടിന് വന്നു. അതിൽ 2,437 ഭേദഗതികൾ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഭരണഘടന 1950 ജനുവരി 26ന് നിലവിൽവന്നു. ഭരണഘടനയുടെ ഈ രൂപീകരണ ചരിത്രം വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഭരണഘടനാ നിർമാണ സഭയിലുണ്ടായിരുന്നത്. അതായത്, ഫെഡറൽ രീതി ഭരണഘടന രൂപീകരണത്തിനു തന്നെ അടിസ്ഥാനമായി എന്നർഥം. ഫെഡറലിസം എന്നത് ഭരണഘടനയുടെ അടിസ്ഥാന ആശയവും അതിന്റെ രൂപീകരണത്തിന്റെ അടിത്തറയുമായിരുന്നുവെന്നും വ്യക്തം. ഭരണഘടനാ സമിതിയിലെ അംഗങ്ങൾ പൊതുവിൽ ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ സ്വാംശീകരിച്ച നിലപാടുള്ളവരായിരുന്നു. അതിനാൽ, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപപ്പെട്ട വിവിധ ധാരകൾ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായി മാറുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച സമത്വത്തിന്റെയും മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും കാഴ്ചപ്പാടുകൾ ഭരണഘടനയുടെ ഭാഗമായിത്തീരുന്നതിനിടയായത് അങ്ങനെയാണ്. അതായത് ഭരണഘടന ദേശീയ സ്വാതന്ത്ര്യ സമരത്തിലെ വിവിധ ധാരകൾ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഒന്നാണ്. ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകൾ പരിശോധിച്ചാൽ ഭരണഘടനയിലെ ഈ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ അംബേദ്കർ സ്വീകരിച്ച ശക്തമായ നിലപാടുകൾ കാണാനാകും. എല്ലാവിധ മതരാഷ്ട്രവാദത്തിനുമെതിരെ ശക്തമായ നിലപാടാണ് അംബേദ്കർ സ്വീകരിച്ചത്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ അതിനെ തകർക്കാൻ ശ്രമിച്ച ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച ആശയങ്ങളെ അംഗീകരിക്കാൻ പറ്റുമായിരുന്നില്ല. ഭരണഘടനയ്ക്കെതിരായ തുടർച്ചയായ ഇടപെടലിന്റെ അടിസ്ഥാനമിതാണ്. അതിന്റെ ഭാഗമായാണ് അംബേദ്കർ വിമർശം നടത്തിയിട്ടുള്ളത്. ഒപ്പം മതനിരപേക്ഷ സമൂഹത്തെ തകർത്ത് മതരാഷ്ട്രവാദത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും അവർ മുന്നോട്ടുവയ്ക്കുന്നു. മതനിരപേക്ഷ സമൂഹത്തിനും സാമൂഹ്യനീതിക്കും നിലകൊണ്ട അംബേദ്കറിനെതിരായ ആക്രമണത്തിന്റെ രാഷ്ട്രീയ അടിത്തറ ഇതാണ്. രാജ്യത്തെ മതരാഷ്ട്രമാക്കാനും ചാതുർവർണ്യ വ്യവസ്ഥയുടെ കാഴ്ചപ്പാടുകളെ പിൻപറ്റുകയും ചെയ്യുന്ന ബിജെപിയുടെ നേതാക്കൾക്ക് അബേദ്കറെ അംഗീകരിക്കാനാകില്ല. ഗോൾവാൾക്കറുടെ വിചാരധാര മനുഷ്യരായി പട്ടികജാതി –-പട്ടിക വർഗത്തെ കാണുന്നില്ല. അതുകൊണ്ട് അംബേദ്കർ പ്രധാന വിമർശകേന്ദ്രമായി മാറുന്നു. അമിത്ഷായുടെ പ്രസ്താവന ഇതിന്റെ ഭാഗമായുള്ളതാണ്. തൃശൂരിലെ ബിജെപി എംപി പറഞ്ഞത് തന്റെ അടുത്ത ജന്മം ബ്രാഹ്മണനാകണമെന്നതാണ്. എല്ലാവിഭാഗങ്ങളും സ്നേഹത്തോടും സാഹോദര്യത്തോടും സമഭാവനയോടും കഴിയുന്ന ലോകമാണ് നമുക്കു ചുറ്റുമുള്ളത്. അവിടെയാണ് ചാതുർവർണ്യത്തിന്റെ മേലാളബോധവുമായി മറ്റ് വിഭാഗങ്ങളെ രണ്ടാംകിടയായി കാണുന്ന സമീപനവുമായി ബിജെപി എംപി രംഗത്തിറങ്ങിയിരിക്കുന്നത്.

ദേശാഭിമാനി 28 Dec 2024 1:00 am

നവ ഉദാര നയത്തിന്റെ സൂത്രധാരൻ

പ്രതീക്ഷിക്കാത്തത് പ്രതീക്ഷിക്കുക എന്നൊരു ചൊല്ലുണ്ട്. ഡോ. മൻമോഹൻ സിങ്ങിനെക്കുറിച്ച് ഇത് നൂറുശതമാനവും ശരിയായിരുന്നു. മൻമോഹൻ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായതും ധനമന്ത്രിയായതും തീർത്തും അപ്രതീക്ഷിതമാണ്. അപ്രതീക്ഷിത പ്രധാനമന്ത്രിയെന്ന് മൻമോഹൻസിങ് തന്നെ ഇടയ്ക്കിടെ പറഞ്ഞിരുന്നതായി അദ്ദേഹം പ്രധാനമന്ത്രിയായിരിക്കെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ ബാരു എഴുതിയ ആൻ ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. നെഹ്റുവിനുശേഷം, കോൺഗ്രസിൽനിന്ന് ഒരാൾ, അഞ്ചുവർഷം കാലാവധി പൂർത്തിയാക്കി തുടർന്നും പ്രധാനമന്ത്രിയായത് മൻമോഹൻസിങ്ങാണെന്ന പ്രത്യേകതയുമുണ്ട്. രാഷ്ട്രീയമായിരുന്നില്ല മൻമോഹൻ സിങ്ങിന്റെ മേഖല. വിദ്യാർഥി സംഘടനയിലോ യുവജന സംഘടനയിലോ പ്രവർത്തിച്ചതായി അറിവില്ല. സാമ്പത്തിക ശാസ്ത്രമായിരുന്നു എന്നും ഇഷ്ടമേഖല. ആ വഴിയിലൂടെയായിരുന്നു സഞ്ചാരം. ആ നിലയിൽ വിവിധ ഔദ്യോഗിക പദവികളിലെത്തിയിട്ടുമുണ്ട്. 1991ൽ നരസിംഹ റാവു മന്ത്രിസഭയിൽ ധനമന്ത്രിയായ മൻമോഹൻ സിങ്ങാണ് ഇന്ത്യയിൽ നവ ഉദാര സാമ്പത്തികനയത്തിന് തുടക്കം കുറിച്ചത്. വിദേശനാണ്യ ഞെരുക്കത്തിന്റെ മറവിൽ, രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്ന് വ്യാഖ്യാനിച്ച് തുടങ്ങിയ ആ നയം ഒടുവിൽ ഇന്ത്യയെ എവിടെക്കൊണ്ടെത്തിച്ചെന്ന് അദ്ദേഹംതന്നെ മനസ്സിലാക്കിയിട്ടുണ്ടാകണം. 1991 ജൂലൈ 24ന് മൻമോഹൻ സിങ് അവതരിപ്പിച്ച കന്നി ബജറ്റ് നവലിബറൽ നയങ്ങളുടെ കേളികൊട്ടായിരുന്നു. ഒരു ആശയം രൂപംകൊണ്ടാൽ അത് പുഷ്പിക്കുന്നത് തടയാൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല' എന്ന വിക്ടർ ഹ്യൂഗോയുടെ വാക്കുകളെ കൂട്ടുപിടിച്ചാണ് നയംമാറ്റത്തിന് തുടക്കമിട്ടത്. ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും ഉപാധികൾക്ക് വഴങ്ങിത്തുടങ്ങിയ നവഉദാര സാമ്പത്തികനയം പട്ടിണി, ദാരിദ്ര്യം, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നളൊന്നും പരിഹരിച്ചില്ല. അതൊക്കെ രൂക്ഷമാക്കി. മാത്രമല്ല, കുറച്ചൊക്കെ സോഷ്യലിസ്റ്റ് ചായ്വുണ്ടായിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പൂർണമായും മുതലാളിത്ത കമ്പോളത്തിന് എറിഞ്ഞു കൊടുക്കുകയും ചെയ്തു. നാടിന്റെ ആസ്തിയായ പൊതു മേഖലാസ്ഥാപനങ്ങളുടെ വിറ്റഴിക്കലും സ്വകാര്യവൽക്കരണവും തുടർ പരിപാടിയായി. രാജ്യത്തിന്റെ വിഭവങ്ങൾ കോർപറേറ്റുകൾ കൊള്ളയടിച്ചു. ഇന്ത്യ അസമത്വത്തിന്റെ കൂടാരമായി. ധനമൂലധനത്തിന്റെ ലാഭം തേടിയുള്ള പരക്കംപാച്ചിലിൽ ഊന്നിയുള്ള നയം ഇന്ത്യയെ ബഹുമുഖ പ്രതിസന്ധിയിലെത്തിച്ചു. കയറ്റുമതി വർധിക്കുമെന്നും അതുവഴി നേട്ടമുണ്ടാകുമെന്നും മൻമോഹൻ വാദിച്ചിരുന്നു. പക്ഷേ, കയറ്റുമതി വർധിക്കുന്നതിനു പകരം ഇറക്കുമതി കൂടി. വ്യാപാര കമ്മി പെരുകി. ചിലപ്പോഴൊക്കെ ഉയർന്ന വളർച്ച നിരക്ക് ഉണ്ടായെങ്കിലും അത് തൊഴിൽരഹിത വളർച്ചയായിരുന്നെന്നതും സാധാരണ ജനങ്ങളുടെ വരുമാനം വർധിച്ചില്ലെന്നതും വസ്തുത. ഇപ്പോൾ, ബിജെപി ഭരണം ഇതേനയം തീവ്രമായി നടപ്പാക്കുമ്പോൾ കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തികനയം ഒന്നുതന്നെയെന്നും വ്യക്തമാകുന്നുണ്ട്. 2004ൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഐക്യ പുരോഗമന സഖ്യം (യുപിഎ) സർക്കാർ രൂപീകരിച്ചപ്പോഴാണ് മൻമോഹൻ പ്രധാനമന്ത്രിയായത്. സോണിയ ഗാന്ധി ഇന്ത്യക്കാരിയല്ലെന്ന് വിമർശം ഉയർന്നതിനെ തുടർന്ന് അവർ പിൻമാറിയതോടെ മൻമോഹന് നറുക്ക് വീഴുകയായിരുന്നു. സോണിയയുടെ വിശ്വസ്തൻ എന്ന നിലയിലാണ്, സോണിയതന്നെ മൻമോഹനെ നിർദേശിച്ചത്. ആ വിശ്വസ്തവിധേയത്വം മൻമോഹൻ എക്കാലവും കാത്തു എന്നതും ചരിത്രം. പ്രധാനമന്ത്രിപദം മോഹിച്ച പലരെയും തള്ളിയാണ് സോണിയ മൻമോഹനെ പ്രധാനമന്ത്രിയാക്കിയത്. അതുകൊണ്ടുതന്നെ മന്ത്രിസഭയിലെ പലർക്കും അദ്ദേഹത്തോട് ഉള്ളിൽ ശത്രുതയുണ്ടായിരുന്നു എന്നതും പരസ്യമായ രഹസ്യം. ഇടതുപക്ഷത്തിന്റെ മുൻകൈയോടെ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരുന്നു 2004ലെ യുപിഎ സർക്കാർ ഭരണം നടത്തിയത് എന്നതിനാൽ ആ കാലയളവിൽ രാജ്യത്തിന് ചില നേട്ടങ്ങളുണ്ടായി. തൊഴിലുറപ്പ് പദ്ധതിയടക്കം ഒട്ടേറെ ക്ഷേമ, പുരോഗമന നടപടികൾ ആ സർക്കാർ നടപ്പാക്കി. വനാവകാശ നിയമം, വിവരാവകാശ നിയമം തുടങ്ങിയ സുപ്രധാന നിയമനിർമാണങ്ങളും ഈ ഭരണത്തിലാണ്. സാമ്പത്തിക നയത്തിനെതിരെ ഇടതുപക്ഷത്തിന്റെ ചെറുത്തുനിൽപ്പുമുണ്ടായി. ഹർകിഷൻ സിങ് സുർജിത്, സീതാറാം യെച്ചൂരി തുടങ്ങിയ ഇടതുപക്ഷ നേതാക്കളോട് മൻമോഹന് വലിയ അടുപ്പമുണ്ടായിരുന്നു. എന്നാൽ, ചേരിചേരാനയത്തിൽനിന്ന് പിൻവാങ്ങി വിദേശനയത്തിൽ കാര്യമായ മാറ്റം വരുത്തിയതും അമേരിക്കൻ വിധേയത്വം ശക്തമാക്കിയതും ഇടതുപക്ഷത്തെ ആ സർക്കാരിൽനിന്ന് അകറ്റി. 2008ൽ അമേരിക്കയുമായി ആണവ കരാർ ഒപ്പിടുകകൂടി ചെയ്തതോടെ പിന്തുണ പിൻവലിക്കാൻ ഇടതുപക്ഷം നിർബന്ധിതമായി. അമേരിക്കൻ വിധേയത്വവും സാമ്പത്തികനയവും അദ്ദേഹത്തിന്റെമാത്രം വ്യക്തിപരമായ ശാഠ്യമായിരുന്നെന്നു കരുതാൻ വയ്യ. അത് കോൺഗ്രസ് നയമായിരുന്നു. 2009ൽ രണ്ടാം യുപിഎ സർക്കാരിൽ മൻമോഹൻ വീണ്ടും പ്രധാനമന്ത്രിയായി. പുതിയ സാമ്പത്തികനയവും അമേരിക്കൻ വിധേയത്വവും കൂടുതൽ ശക്തമായി തുടർന്നു. 2ജി സ്പെക്ട്രം അഴിമതി, കൽക്കരി കുംഭകോണം തുടങ്ങി ആരോപണങ്ങളുടെ പരമ്പരതന്നെ ഈ ഭരണത്തിന് നേരിടേണ്ടി വന്നു. നയങ്ങളുടെ ദോഷം എന്തുതന്നെയായാലും ഇന്ത്യയിൽ നവ ഉദാര സാമ്പത്തികനയത്തിന്റെ ശിൽപ്പിയായി മൻമോഹൻ സിങ്ങിനെ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു. ബഹുതലങ്ങളിൽ പ്രവർത്തിച്ച് പത്തുവർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിനെ ഇന്ത്യ എക്കാലവും ഓർമിക്കുമെന്നത് തീർച്ച. അദ്ദേഹത്തിന്റെ വേർപാടിൽ ഞങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു. ആ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലികൾ.

ദേശാഭിമാനി 28 Dec 2024 1:00 am

‘സിതാര’യിൽ 
ആ രചന ബാക്കി ; കൂടല്ലൂരിനെക്കുറിച്ച്‌ നോവൽ

കോഴിക്കോട് ജന്മദേശമായ കൂടല്ലൂരിനെ കേന്ദ്രപ്രമേയമാക്കി ഒരു നോവൽ–- മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായർ യാത്രയായപ്പോൾ ബാക്കിയായത് ആ സ്വപ്നം. എഴുത്തിന്റെ പണിപ്പുര മനസ്സിൽ ഒരുങ്ങവെയാണ് രോഗബാധിതനായത്. മരണം ആ സർഗജീവിതം കവർന്നപ്പോൾ മലയാളിക്ക് നഷ്ടമായത് ഗ്രാമസൗകുമാര്യവും പുതുകാലവും സംഘർഷ സൗന്ദര്യങ്ങളും ഇഴചേരുന്ന സൃഷ്ടി. കൂടല്ലൂർ കേന്ദ്രമായി നോവൽ മനസ്സിലുണ്ടെന്ന് കഴിഞ്ഞവർഷം തൊണ്ണൂറാം ജന്മദിനവേളയിൽ എം ടി ‘ദേശാഭിമാനിയോട്’ വെളിപ്പെടുത്തിയിരുന്നു. അത് പൂർത്തിയാക്കാൻ കാലവും സമയവും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂചിപ്പിച്ചു. തുടക്കം എം ടി എഴുതിത്തുടങ്ങിയിരുന്നതായി സഹോദരപുത്രനും സന്തതസഹചാരിയുമായിരുന്ന ടി സതീശൻ പറഞ്ഞു. അച്യുതൻ നായർ എന്ന കൃഷിക്കാരനാണ് പ്രധാന കഥാപാത്രം. അച്യുതൻ നായർ കാട് വളച്ചുകെട്ടി, അധ്വാനിച്ച് വീടുണ്ടാക്കി കിണറൊക്കെ കുഴിക്കുന്നതാണ് തുടക്കം. നോവലിന്റെ ചില പേജുകൾ എഴുതി. തൃപ്തിവരാതിരുന്നതിനാൽ കീറിക്കളഞ്ഞു–- സതീശൻ പറഞ്ഞു. കൊട്ടാരം റോഡിലെ ശോകമൂകമായ ‘സിതാര’ വീട്ടിലേക്ക് എഴുത്തിനെ സ്നേഹിച്ചവർ വെള്ളിയാഴ്ചയും വന്നുകൊണ്ടിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്, എം ടി ഇരിക്കുമായിരുന്ന ചാരുകസേരയും എഴുത്തുമേശയും നോക്കി, വിങ്ങുന്ന മനസുമായി അവർ മടങ്ങി.


ദേശാഭിമാനി 27 Dec 2024 11:48 pm

നാടകത്തിലും കൈയൊപ്പ്‌ ; സമ്പന്നമായി കോഴിക്കോടൻ നാടകവേദിയും

കോഴിക്കോട് ‘ ഗോപുര നടയിൽ’ എന്ന ഒരൊറ്റ നാടകം എം ടി അരങ്ങിന് സമ്മാനിച്ചപ്പോൾ അത് ദേശാതിർത്തി കടക്കുകയായിരുന്നു. എഴുത്തുകാരനും ചലച്ചിത്രകാരനുമായാണ് എം ടി അറിയപ്പെടുന്നത്. എന്നാൽ നാടകപ്രവർത്തകനും നാടകാസ്വാദകനുമായ എം ടിയെ അറിയുന്നവർ ചുരുക്കം. നാടകരചന, സംവിധാനം, സംഘാടനം, അഭിനയം തുടങ്ങിയ മേഖലകളിലെല്ലാം എംടി കൈയൊപ്പ് ചാർത്തിയപ്പോൾ കോഴിക്കോടൻ നാടകവേദിയും സമ്പന്നമായി. ആ നാടകത്തിൽ ഭാഗവാക്കാവാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കോഴിക്കോടിന്റെ മുൻനിര നാടകപ്രവർത്തകനായ ബാബു പറശേരി. തന്റെ കന്നി അരങ്ങിന് നിമിത്തമായത് എം ടിയുടെ ആദ്യ നാടകസൃഷ്ടിയാണ്. തെരുവുപോക്കിരിയുടെ ചെറുവേഷത്തിൽ അരങ്ങിലെത്തിയ ബാബുവിന് വേദികൾ പിന്നിട്ടതോടെ ഇബ്രാഹിം വെങ്ങര അവതരിപ്പിച്ച മുതലാളി എന്ന കഥാപാത്രത്തിന് വേഷപ്പകർച്ച നൽകാനായി. ഇത് തന്മയത്വത്തോടെ അവതരിപ്പിക്കുമ്പോഴാണ് വിക്രമൻ നായർ സംഗമം വിട്ട് സ്റ്റേജ് ഇന്ത്യ രൂപീകരിക്കുന്നത്. തുടർന്ന് നരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായതായി -ബാബു പറശ്ശേരി പറഞ്ഞു. യാദൃച്ഛികമായാണ് എം ടി നാടകകൃത്താവുന്നത്. അതിന് നിമിത്തമായതാകട്ടെ, സംഗമം തിയറ്റേഴ്സും. 1971ൽ കെ ടി ചെയർമാനും വിത്സൺ സാമുവൽ, വിക്രമൻ നായർ, അനന്തകൃഷ്ണൻ, ആലിക്കോയ, പി പി ആലിക്കോയ, എ എം കോയ എന്നിവർ ഡയറക്ടർമാരുമായി തുടങ്ങിയ സംഗമം കെ ടിയുടെ ‘സകാര നാടകങ്ങളി' ലൂടെ അരങ്ങ് തകർക്കുകയായിരുന്നു. ഇതിനിടയിൽ കെ ടി സംഗമം വിട്ട് ‘കലിംഗ’ രൂപീകരിച്ചതോടെ സംഗമത്തിന്റെ സാരഥ്യം വിൽസൺ സാമുവലിലും വിക്രമൻ നായരിലുമായി. സംഗമത്തിന്റെ നാടക റിഹേഴ്സൽ ക്യാമ്പുകളിൽ സ്ഥിരം സാന്നിധ്യമായിരുന്ന എം ടിയെക്കൊണ്ട് നാടകമെഴുതിക്കാൻ ഇരുവരും ശ്രമം നടത്തി. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും സ്നേഹനിർബന്ധത്തിന് വഴങ്ങി ‘ഗോപുരനടയിൽ’ എന്ന നാടകമെഴുതി. സംവിധാനം നിർവഹിച്ചതും എം ടി തന്നെ. 1978-ൽ അരങ്ങിലെത്തിയ നാടകത്തിന് സംസ്ഥാന നാടകമത്സരത്തിൽ രചനയ്ക്കുള്ള ഒന്നാംസ്ഥാനവും അവതരണത്തിനുള്ള രണ്ടാം സ്ഥാനവും കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. മലയാളത്തിൽ അപൂർവത അവകാശപ്പെടാവുന്ന നാടകങ്ങളിലൊന്നാണ് ‘വഴിയമ്പലം'. ആഹ്വാൻ സെബാസ്റ്റ്യന്റെ മ്യൂസിക്കൽ തിയറ്റേഴ്സിനുവേണ്ടിയാണ് എം ടിയോട് നാടകമെഴുതിത്തരാൻ ടി ദാമോദരൻ മുഖേന അഭ്യർഥിച്ചത്. അദ്ദേഹം ഒഴിഞ്ഞുമാറി. ഒടുവിൽ എം ടിയുടെ ‘മുസാവരി ബംഗ്ലാവ്' എന്ന കഥ ദാമോദരൻ നാടകരൂപത്തിലാക്കി. ഒരു വാച്ച്മാനെ കേന്ദ്രീകരിച്ചുള്ള കഥ ഒന്നുപൊലിപ്പിക്കണമെന്നായി. എം ടിക്കുപുറമെ തിക്കോടിയൻ, ടി ദാമോദരൻ, കെ ടി എന്നിവരുംകഥ നാടകരൂപത്തിലാക്കി. ഒടുവിൽ അവയെല്ലാം ചേർത്ത് ഒറ്റ നാടകമാക്കി. ഇതോടെ നാലുപേർ ചേർന്ന് രചിച്ച നാടകമെന്ന ഖ്യാതി ‘വഴിയമ്പല'ത്തിന് ലഭിച്ചു.

ദേശാഭിമാനി 27 Dec 2024 1:00 am

മലയാളത്തിന്റെ ദുഃഖം - ടി പത്മനാഭൻ എഴുതുന്നു

വളരെ ചെറുപ്പം മുതൽക്കേ എം ടി വാസുദേവൻ നായരെ എനിക്ക് പരിചയമുണ്ട്. പരിചയം തുടങ്ങുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എംടിഎൻ നായരിലൂടെയാണ്. ഞാൻ മംഗലാപുരം ഗവ. കോളേജിൽ പഠിക്കുമ്പോൾ എന്റെ സീനിയറായിരുന്നു എം ടി എൻ. അങ്ങനെ ഒരു തവണ 1950ൽ പാലക്കാട്ട് വീട്ടിലേക്ക് ചെന്നപ്പോൾ എന്റെ ആതിഥേയൻ വാസുദേവൻ നായരായിരുന്നു. അന്ന് അദ്ദേഹം പാലക്കാട് വിക്ടോറിയ കോളേജ് വിദ്യാർഥിയായിരുന്നു. ഞങ്ങൾ സെക്കൻഡ് ഷോ സിനിമയ്ക്ക് പോയി. രാത്രി ഒരേ കട്ടിലിൽ കിടന്നുറങ്ങി. ആ സ്നേഹം പിന്നെയും തുടർന്നിരുന്നു. വേണമെങ്കിൽ പറയാം, ആദ്യം കഥയെഴുതാൻ തുടങ്ങിയത് ഞാനാണെന്ന്. പക്ഷേ വളരെ വേഗം വാസുദേവൻ നായരും ഈ രംഗത്തെത്തി. അദ്ദേഹത്തിന്റെ വളർച്ച അത്ഭുതാവഹമായിരുന്നു. അദ്ദേഹം കഥയിൽ മാത്രം ഒതുങ്ങി നിന്നില്ല. നോവലും ഓർമക്കുറിപ്പും യാത്രാവിവരണവും നാടകങ്ങളും സിനിമയ്ക്ക് തിരക്കഥയും എഴുതി. സിനിമ സംവിധാനം ചെയ്തു. പത്രപ്രവർത്തനരംഗത്തേക്ക് വന്നു. അങ്ങനെ.. അങ്ങനെ... ആരാരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന തുഞ്ചൻ പറമ്പിന്റെ ഭരണാധികാരം ഏറ്റെടുത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ ആ സ്ഥലത്തെ ലോകപ്രശസ്ത സാംസ്കാരിക കേന്ദ്രമാക്കി. ഞാനാണെങ്കിൽ എന്റെ ചെറിയ കർമഭൂമിയിൽ ജീവിതം മുഴുവനും ഒതുങ്ങിനിന്നു. എനിക്ക് ഇപ്പോൾ 96 വയസാണ്. ഞാൻ എന്റെ ഈ ചെറിയ മണ്ഡലത്തിൽ ഒതുങ്ങിക്കൂടിയത് എന്റെ കഴിവുകേടുകൊണ്ടാണ്. എനിക്ക് അതിൽ ഖേദമൊന്നുമില്ല. മറ്റുള്ളവരുടെ കഴിവ് അംഗീകരിക്കാനും വിഷമമില്ല. ഒടുവിൽ ഞാൻ അദ്ദേഹത്തെ കണ്ടത് രണ്ട് വർഷം മുമ്പ് തിരുവനന്തപുരത്ത് നടന്ന മാതൃഭൂമി അക്ഷരോത്സവത്തിലാണ്. അന്ന് അദ്ദേഹം ഏറെ അവശനായിരുന്നതിനാൽ കാര്യമായൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം സമീപകാലത്ത് ഏറെ രോഗാതുരനായി കിടക്കുകയായിരുന്നെങ്കിലും അന്ത്യം ഇത്ര വേഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. മലയാളത്തിന്റെ ദു:ഖത്തോടൊപ്പം ഞാനും പങ്കുചേരുന്നു.

ദേശാഭിമാനി 27 Dec 2024 1:00 am

എം ടി പാഠപുസ്‌തകം - പിണറായി വിജയൻ എഴുതുന്നു

സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം ടി. പള്ളിവാളും കാൽച്ചിലമ്പും എന്ന കൃതി മാത്രം മതി ഇത് തിരിച്ചറിയാൻ. പിന്നീടത് ചലച്ചിത്രമായപ്പോൾ ഉൽപതിഷ്ണുത്വം നിറഞ്ഞ കാഴ്ചപ്പാടുകൾ സധൈര്യം അദ്ദേഹം മുന്നോട്ടുവെച്ചു. ‘ഇന്നാണെങ്കിൽ നിർമാല്യം പോലൊരു ചിത്രം എടുക്കാൻ എനിക്ക് കഴിഞ്ഞേക്കില്ല' എന്ന പ്രസ്താവന മാറിവരുന്ന ഇന്ത്യൻ സാഹചര്യങ്ങൾക്കുനേരേ പിടിച്ച കണ്ണാടിയായിരുന്നു. സമൂഹത്തിന്റെ ഉത്കർഷത്തിന് മതവേർതിരിവില്ലാത്ത മനുഷ്യസ്നേഹവും ഐക്യവും പുരോഗമനചിന്തയും അനിവാര്യമാണെന്ന ആശയം എഴുത്തുകളിൽ സർഗാത്മകമായി ചേർത്തു. ഒപ്പം, ഓരോ കാലഘട്ടത്തിലെയും സാമൂഹിക-–-സാംസ്കാരിക മൂല്യച്യുതിക്കെതിരെ രംഗത്തുവന്നു. എഴുത്തച്ഛന് എം ടിയുടെ മുൻകൈയിൽ നൽകപ്പെട്ട ആദരമാണ് തുഞ്ചൻപറമ്പിന്റെ നവീകരണം. തുഞ്ചൻപറമ്പിനെ വർഗീയ പ്രചാരണത്തിനുള്ള വേദിയാക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ ചെറുത്തു. എം ടി എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. ആ മൂല്യം മുറുകെപ്പിടിക്കുന്നതിലും അതിനായി നിലകൊള്ളുന്നതിലും ശ്രദ്ധ ചെലുത്തി. പലപ്പോഴുമത് പ്രതിലോമ ആശയങ്ങളുടെ പ്രചാരകർക്ക് അലോസരമുണ്ടാക്കി. അത് ഭീഷണിയിലെത്തിയപ്പോഴും കുലുങ്ങിയില്ല. ഉറച്ച മനസ്സോടെ നിന്നു. നാലുകെട്ടിലും അസുരവിത്തിലും ഒക്കെ മതാതീതമായ മനുഷ്യസ്നേഹത്തിന്റെ മഹത്തായ മുഹൂർത്തങ്ങൾ ഉൾച്ചേർത്ത എം ടി സ്വജീവിതത്തിൽ മതനിരപേക്ഷ നിലപാടു വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിച്ചത് സ്വാഭാവികം. ഏതെങ്കിലുമൊരു വാക്കോ പ്രവൃത്തിയോ ഇടതുപക്ഷത്തിന് പോറലേൽപ്പിക്കുന്നതാവരുത് എന്ന കാര്യത്തിൽ പ്രത്യേക നിഷ്ക്കർഷ പുലർത്തി. പ്രഗത്ഭനായ ചലച്ചിത്രകാരൻ, മികച്ച പത്രാധിപർ എന്നീ നിലകളിലും അദ്ദേഹം തനതായ മുദ്ര പതിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യം ഇഷ്ടപ്പെടുന്നവർ ഷേക്സ്പിയറിനെയും ഫ്രഞ്ച് സാഹിത്യം ഇഷ്ടപ്പെടുന്നവർ വിക്ടർ യൂഗോയെയും വായിക്കും, സൂക്ഷിച്ചുവയ്ക്കും. മലയാളത്തിന്റെ കാര്യമെടുത്താൽ ആ സ്ഥാനം എം ടിക്കു കൂടി അവകാശപ്പെട്ടതാണ്. എം ടി ഒരു പാഠപുസ്തകമാണ്. എഴുതേണ്ടതെങ്ങനെ, അതിനുള്ള നിലമൊരുക്കേണ്ടതെങ്ങനെ, എഴുത്തിന്റെ സാമൂഹിക കടമയെന്ത് എന്നെല്ലാം ആ ജീവിതത്തിൽനിന്ന് പഠിച്ചെടുക്കാനാവും. സാഹിത്യരംഗത്തേക്കു കടന്നുവരുന്നവർ വായിച്ചിരിക്കേണ്ട പുസ്തകമാണ് 'കാഥികന്റെ പണിപ്പുര'. സാഹിത്യത്തെക്കുറിച്ച് ഇഴകീറി പരിശോധിക്കാൻ ഞാനാളല്ല. എന്നാൽ, എം ടിയുടെ ചില സവിശേഷതകൾ പൊതുപ്രവർത്തകനെന്ന നിലയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നാടിന്റെ ചരിത്രപരമായ എല്ലാ അംശങ്ങളെയും സ്വാംശീകരിക്കാൻ രചനകൾക്കായിട്ടുണ്ട്. മിത്തുകളുടെ പുനർവായന, ഫ്യൂഡലിസത്തിന്റെ തകർച്ച, പുരോഗമന ചിന്തകളുടെ വരവ്, ആഗോളവൽക്കരണം, പ്രവാസം എന്നിവയെല്ലാം രചനകൾക്ക് വിഷയമായി. ഈ നാടിന്റെ രാഷ്ഽ്രടീയവും ചരിത്രപരവുമായ പുരാവൃത്തം കൂടിയാണ് ആ സൃഷ്ടികൾ. മിത്തുകളെ അധികരിച്ച് രചനകളുണ്ടാവുമ്പോൾ അവ വ്യാഖ്യാനങ്ങളായി മാറുകയാണ് പതിവ്. അതിൽനിന്ന് വഴിമാറി സഞ്ചരിച്ച അപൂർവം കൃതികളേയുള്ളൂ. മിത്തുകളുടെ കഥാസന്ദർഭത്തോടൊപ്പം അവ വർത്തമാനകാല സമൂഹത്തെ പ്രതിഫലിപ്പിക്കുക കൂടി ചെയ്യുന്നതുകൊണ്ടാണ് അവ കാലാതിവർത്തിയാകുന്നത്. അതുതന്നെയാണ് രണ്ടാമൂഴത്തിന്റെ സവിശേഷത. മാറ്റിനിർത്തപ്പെടുന്നതിന്റെ, എന്നും രണ്ടാംമൂഴക്കാരനായി പോകേണ്ടി വരുന്നതിന്റെ വ്യഥ ഭീമന്റെ മനസ്സിൽനിന്ന് എം ടി പകർന്നു നൽകുന്നു. എന്നും പുരോഗമനപക്ഷം ചേർന്നു സഞ്ചരിച്ചു എം ടി. നാലുകെട്ട് എന്ന കൃതി അവസാനിക്കുന്നത് പുതിയ കാറ്റും വെളിച്ചവും കയറുന്ന വീടു പണിയണമെന്ന പരാമർശത്തോടു കൂടിയാണ്. ഫ്യൂഡലിസം തകർന്നു, പുതിയൊരു സമൂഹമായി പരിണമിക്കാൻ മലയാളി ഒരുങ്ങുന്നു എന്നുകൂടി അതിനർഥമുണ്ട്. കഥയുടെ കൈയടക്കത്തെക്കുറിച്ച് പഠിക്കുന്ന ഓരോരുത്തർക്കുമുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ രചനകൾ. സ്ത്രീസമൂഹത്തിന്റെ ദുഃഖങ്ങളും പരിദേവനങ്ങളും വിഷയമാക്കിയ ‘ഓപ്പോൾ,' ആഗോളവൽക്കരണ കാലത്തെ വിപണിസംസ്കാരത്തെ പ്രതിഫലിപ്പിച്ച ‘വിൽപ്പന', സാമ്രാജ്യത്വത്തിന്റെ കടന്നുവരവിനെ വരച്ചുകാട്ടിയ ‘ഷെർലക്,' തുടങ്ങി ‘കാഴ്ച' വരെയുള്ള ഓരോ കഥയിലും ഈ കൈയടക്കമുണ്ട്. കഥനത്തിന്റെ ഒരു പാളി മുകളിൽ സ്ഥാപിച്ചുകൊണ്ട് അതിനടിയിൽ അനേകം സാമൂഹികയാഥാർഥ്യങ്ങളെ പ്രതിഫലിപ്പിച്ചു. കലാസൃഷ്ടികളെ കേരളസമൂഹത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ഉപാധിയായി ഉപയോഗിക്കപ്പെടുന്ന കാലമാണിത്. പ്രൊപ്പഗാൻഡ സിനിമകൾ തത്വദീക്ഷയേതുമില്ലാതെ നുണ പ്രചരിപ്പിക്കുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അവ പ്രചരിപ്പിക്കുന്നു. ഈ ഘട്ടത്തിലാണ് 'നിർമ്മാല്യ'വും 'ഓളവും തീരവും' പോലെയുള്ള സിനിമകളും അവയുടെ ആശയങ്ങളും പ്രാധാന്യമർഹിക്കുന്നത്. മികച്ച വായനക്കാരൻ കൂടിയായിരുന്നു അദ്ദേഹം. ലോകസാഹിത്യത്തിലെ വിഖ്യാതമായ കൃതികളെ വായനാനുഭവത്തിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തി. ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ രചനകളിലൂടെ ലോകസാഹിത്യ വിഹായസ്സിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും കൈപിടിച്ചാനയിച്ചു എം ടി. വിവിധ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം ടി നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.

ദേശാഭിമാനി 27 Dec 2024 1:00 am

വിശ്വസാഹിത്യകാരൻ

മലയാള സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും സുകൃതമായിരുന്നു എം ടി വാസുദേവൻ നായർ. കഥയിലൂടെ അനശ്വരവും അനിർവചനീയവുമായ സർഗാത്മകത സമ്മാനിച്ച മലയാളത്തിന്റെ എക്കാലത്തെയും പ്രതിഭാശാലിയായ എഴുത്തുകാരൻ. അക്ഷരങ്ങളിലൂടെ വാക്കുകളല്ല നക്ഷത്ര പുഷ്പങ്ങൾ വിരിയിച്ച മഹാ സാഹിത്യകാരനായിരുന്നു എം ടി. വിശ്വമാകെ ആദരിക്കുന്ന സാഹിത്യനായകരാണ് ഷേക്സ്പിയറും മാക്സിം ഗോർക്കിയും മാർക്വേസുമെല്ലാം. മലയാളികൾക്ക് ഇതെല്ലാമായിരുന്നു എം ടി എന്നുപറഞ്ഞാൽ അധികപ്പറ്റാകില്ല. ലോക സാഹിത്യഭൂപടത്തിൽ കേരളത്തിന്റെ വിലാസം രേഖപ്പെടുത്തിയ എഴുത്തുകാരനെന്ന് എം ടിയെ വിശേഷിപ്പിക്കാം. കാൽപ്പനികതയുടെ ഹിമകണ സ്പർശമുള്ള, ആവിഷ്കാരചാരുതയുടെ അനുഭൂതി ചൊരിയുന്ന കഥകളും നോവലുകളും സിനിമകളും സമ്മാനിച്ചു. കാലവും നാലുകെട്ടും മഞ്ഞും രണ്ടാമൂഴവുമായി ഭാഷയുടെയും രചനയുടെയും അഴകാൽ മോഹിപ്പിച്ച കൃതികളുടെ ഉടമ. അവഗണിക്കപ്പെട്ട രണ്ടാമൂഴക്കാരൻ ഭീമനെ നായകനാക്കി, അവഗണിക്കപ്പെട്ടതും അവഹേളിതവുമായത് വിളംബരപ്പെടുത്തി എം ടി. നിസ്സഹായമായ ജീവിതങ്ങൾക്കുമേൽ കണ്ണുതുറക്കാത്ത ദൈവബിംബങ്ങൾക്കുമേൽ കാറിത്തുപ്പുന്ന വെളിച്ചപ്പാടിനെ സൃഷ്ടിച്ച ധീരതയുമായാണ് എം ടി ചലച്ചിത്രജീവിതത്തിൽ ശ്രദ്ധേയനായത്. രാജ്യം ബഹുമതികൾ നൽകി അംഗീകരിച്ച നിർമാല്യംപോലൊരു സിനിമ സാധ്യമല്ലാത്ത വർത്തമാന സാമൂഹ്യസന്ദർഭത്തിലാണ് എം ടിയുടെ സർഗധീരതയും പ്രമേയത്തിന്റെ സാർവകാലികപ്രസക്തിയും തിരിച്ചറിയാനാകുക. തിരക്കഥയെ സാഹിത്യരൂപമാക്കി വികസിപ്പിച്ചു എം ടി. ആ തൂലികാസ്പർശത്തിൽ പിറന്ന സൃഷ്ടികൾ നമ്മുടെ ചലച്ചിത്രചരിത്രത്തിലെ സുവർണരേഖകളായാണ് അറിയപ്പെടുന്നത്. ചതിയനും വഞ്ചകനുമായി അധികാരിവർഗം ചിത്രീകരിക്കുന്ന ചന്തുമാരുടെ പ്രചരിത ജീവിതചിത്രത്തിനപ്പുറം മറച്ചുവയ്ക്കപ്പെട്ട വീരഗാഥകൾ ആവിഷ്കരിച്ച് മനുഷ്യജീവിതാവസ്ഥയിലേക്ക് എം ടി വിളക്ക് തെളിച്ചു. നിളയെ മണൽപ്പുഴയാക്കുന്ന പാരിസ്ഥിതിക ചൂഷണത്തിനോടും ആദിവാസിയെ വെടിയുണ്ടയ്ക്കിരയാക്കിയ ഭരണനേതൃത്വ ഭീകരതയോടും ആ കലാകാരൻ മറയില്ലാതെ ക്ഷോഭിച്ചു. നോട്ടുനിരോധനം തുഗ്ലക്ക് പരിഷ്കാരമെന്ന് തുറന്നുപറഞ്ഞതിന് സംഘപരിവാർ വേട്ടയാടിയിട്ടും നിലപാടുകളിൽ പതറിയില്ല. തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനെന്ന നിലയിൽ ഭാഷയ്ക്കും ഭാഷാപിതാവിനും ആദരം ലഭിക്കാൻ ഇടപെട്ടു. തുഞ്ചൻ സ്മാരകം വർഗീയവാദികൾ കൈയടക്കാതിരിക്കാൻ കാട്ടിയ ജാഗ്രതയും കരുതലുമടക്കമുള്ള എം ടിയുടെ മതനിരപേക്ഷ സമീപനം സംസ്കാരത്തിന്റെ ശത്രുക്കളെ അകറ്റാനും തിരിച്ചറിയാനും എന്നും സാഹിത്യലോകത്തെ സഹായിച്ചിരുന്നു. ‘‘ഇന്ത്യൻ അവസ്ഥയെക്കുറിച്ച് ഭയമുണ്ട്. എന്നാൽ, കേരളം മനുഷ്യർ പാർക്കുന്ന ഇടമായി തുടരുമെന്ന’ പ്രതീക്ഷ നവതിവേളയിലും എം ടി ദേശാഭിമാനിയിലൂടെ പ്രകടിപ്പിക്കുകയുണ്ടായെന്നതും സ്മരിക്കേണ്ട വസ്തുതയാണ്. കുമരനെല്ലൂർ ഹൈസ്കൂളിൽ പത്താംക്ലാസ് വിദ്യാർഥിയായിരിക്കേ പ്രാചീനഭാരതത്തിലെ രത്നവ്യവസായത്തെക്കുറിച്ച് ‘കേരളക്ഷേമ’ത്തിൽ ലേഖനം എഴുതിയാണ് സാഹിത്യജീവിതത്തിലേക്കുള്ള അരങ്ങേറ്റം. ആദ്യകഥ ‘വിഷുവാഘോഷം’ പ്രസിദ്ധീകരിക്കുന്നത്–-1948ൽ. രക്തംപുരണ്ട മണൽത്തരികളിൽ തുടങ്ങി ഹൃദയഹാരിയായ ഭാഷയാൽ അനുവാചകനെ ആകർഷിച്ച നൂറിലധികം രചനകൾ. കൂടല്ലൂർ എന്ന ഗ്രാമ്യഭംഗിക്ക് ഭാവനയുടെ വർണക്കൂടിലൂടെ കാന്തി ചൊരിഞ്ഞ മനോഹരഭാഷയിൽ ഒരുകാലവും കാലഘട്ടവും ലയിച്ചു. ബഷീറും പൊറ്റെക്കാട്ടും തകഴിയും നിറഞ്ഞാടിയ മലയാളത്തിൽ ഒച്ചയുണ്ടാക്കാതെ ഓജസ്സും തേജസ്സുമാർന്ന നിളപോലെ എം ടി ഒഴുകി. പത്രാധിപരായി ആധുനികതയടക്കമുള്ള സാഹിത്യത്തിലെ നവീനതകളെ പ്രോത്സാഹിപ്പിച്ചു. തന്റേതല്ലാത്ത ലാവണ്യബോധത്തിനും അഭിരുചികൾക്കും മഷി പകർന്ന പുതുതലമുറയെ പരിചയപ്പെടുത്തി സാഹിത്യ പത്രാധിപരെന്ന ഇരിപ്പിടത്തിലും ശോഭിച്ചു. ആ സർഗസ്പർശമേൽക്കാത്ത ഇടം ചുരുക്കം. ജ്ഞാനപീഠവും കേന്ദ്ര–- കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളുമടക്കം ലഭിച്ച അംഗീകാരങ്ങളെല്ലാം ആ പ്രതിഭാമഹത്വത്തിനുള്ള ആദരമായിരുന്നു. കല–- സാംസ്കാരിക പ്രതിഭകൾക്കുള്ള പ്രഥമ കേരള ജ്യോതി പുരസ്കാരവും എഴുത്തച്ഛൻ പുരസ്കാരവുമെല്ലാം നൽകി സർക്കാരും എം ടിയുടെ പ്രതിഭയെ ആദരിക്കുകയുണ്ടായി. ദേശാഭിമാനിയുമായി അടുത്തബന്ധമാണ് എന്നും എംടി പുലർത്തിയിരുന്നത്. ദേശാഭിമാനി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പ്രഥമസാഹിത്യപുരസ്കാരം എംടിക്കായിരുന്നു. അവാർഡ് ദാന ചടങ്ങിനോടുനുബന്ധിച്ച് ഒരാഴ്ച നീണ്ട ‘ദേശാഭിമാനി എംടി ഫെസ്റ്റിവലി’ൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ദേശാഭിമാനി വാരിക വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ആദ്യ സാഹിത്യക്യാമ്പ് ഉദ്ഘാടനം ചെയ്തതും എംടിയായിരുന്നു. ദേശാഭിമാനി എൺപതാം വാർഷികാഘോഷ ഉദ്ഘാടനത്തിൽ മുഖ്യാതിഥിയായ എംടി ‘ മനുഷ്യരുടെ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന ജിഹ്വയായി ദേശാഭിമാനി വളരണ’മെന്ന് പറഞ്ഞു. ‘80 വർഷം ചെറിയ കാലയളവല്ല. എല്ലാ പ്രശ്നങ്ങളെയും മറികടന്ന് നിലനിൽക്കാൻ നമുക്ക് ബാധ്യതയുള്ള കാലഘട്ടമാണിത്. അങ്ങനെയാണ് നാം ചരിത്രത്തിന്റെ ഭാഗമാകേണ്ടതെ’ന്നും എംടി ഓർമിപ്പിച്ചു. തന്റെ പ്രിയപ്പെട്ട ഒമ്പത് രചനകൾ സിനിമയായത് വിളംബരം ചെയ്യുന്ന ചടങ്ങിലായിരുന്നു അവസാനമായി എം ടി പങ്കാളിയായത്. രചനയാൽ, സൃഷ്ടികളാൽ, കലയിലൂടെ ‘കാല’ത്തിനപ്പുറവും ദേശത്തിന്റെ ‘നാലുകെട്ടി’നപ്പുറവും മലയാളഭാഷയെ അടയാളപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു എം ടി. മലയാളത്തിന്റെ നാലുകെട്ട് കടന്ന് ജ്ഞാനപീഠമേറി എം ടി. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപർ, പ്രഭാഷകൻ, സംവിധായകൻ, തിരക്കഥാകൃത്ത് തുടങ്ങി സർഗവൃത്തിയുടെ സകലതുറകളിലും എം ടി ഉണ്ടായിരുന്നു. സിനിമയിലും സാഹിത്യത്തിലും വേറിട്ട മുദ്ര രേഖപ്പെടുത്തിയ എം ടിക്ക് പകരമായി നമ്മുടെ സാഹിത്യലോകത്തിൽ മറ്റൊരു രണ്ടാമൂഴക്കാരനില്ല. മൗനത്തിന് ഭാഷയും സംഗീതവുമുണ്ടെന്നും അതൊരു സാംസ്കാരിക വ്യവഹാരമാണെന്നും ബോധ്യപ്പെടുത്തിയ എഴുത്തുജീവിതമായിരുന്നു എം ടിയുടേത്. മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം ടി വിടപറയുമ്പോൾ കൈരളിയുടെ സാഹിത്യ–- സാംസ്കാരിക മണ്ഡലത്തിലെ പ്രകാശഭരിതമായ ഒരേടാണ് മറയുന്നത്. താൻ ഏറെ ആദരിച്ചിരുന്ന കമ്യൂണിസ്റ്റ് ആചാര്യൻ ഇ എം എസിന്റെ വേർപാടിനെ എം ടി വിശേഷിപ്പിച്ചത് ‘നമ്മുടെ രാഷ്ട്രീയത്തിലെ നികത്താനാകാത്ത ശൂന്യത’ എന്നായിരുന്നു. എം ടി യാത്രയായ ഈ സന്ദർഭത്തെ ഞങ്ങൾ കാണുന്നതും അങ്ങനെയാണ്. മലയാളിയുടെ വായനയെ, ചിന്തയെ, കാഴ്ചകളെയും കാഴ്ചപ്പാടിനെയും അത്രമേൽ സ്വാധീനിച്ച രണ്ടക്ഷരം മറയുമ്പോൾ നമ്മുടെ സാംസ്കാരിക സാഹിത്യജീവിതം എത്രമേൽ ദരിദ്രമാകുന്നുവെന്നത് ഞങ്ങൾ തിരിച്ചറിയുന്നു. ആ മഹാപ്രതിഭയ്ക്ക് ദേശാഭിമാനിയുടെ അക്ഷരാഭിവാദനം.

ദേശാഭിമാനി 27 Dec 2024 1:00 am

കഥകളുടെ പെരുന്തച്ചൻ ; എഴുത്തിന്റെ മാന്ത്രികൻ ഓർമകളിലേക്ക്‌ ചേക്കേറി

കോഴിക്കോട് വാക്കുകൾ ഇടറി...ഇടനെഞ്ചിലെ വിങ്ങൽ കണ്ണുകളിൽ പടർന്നു...സർഗലോകത്ത് എം ടി തീർത്ത ഹൃദയസ്പന്ദനം പോലും നിശ്ശബ്ദമായ നിമിഷങ്ങൾ... ദശാബ്ദങ്ങളോളം അക്ഷരവെട്ടം നിറച്ച എഴുത്തിന്റെ മാന്ത്രികൻ വാതകച്ചൂളയിൽ അഗ്നിനാളമായി ഓർമകളിലേക്ക് ചേക്കേറി. അണപൊട്ടിയ നൊമ്പരത്തോടെ കേരളം എം ടി എന്ന മഹാപ്രതിഭക്ക് വിടചൊല്ലി. വ്യാഴം വൈകിട്ട് 5.23ന് മാവൂർ റോഡിലെ ‘സ്മൃതിപഥം’ ശ്മശാനത്തിലായിരുന്നു സംസ്കാരം. ഒരു നോക്കുകാണാനായി ആയിരങ്ങളാണ് ശ്മശാനത്തിലും ഒഴുകിയെത്തിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം. വൈകിട്ട് 4.35ന് കൊട്ടാരം റോഡിലെ ‘സിതാര’യിൽനിന്ന് മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസ് 4.45ന് ‘സ്മൃതിപഥ’ത്തിലെത്തി. ശ്മശാന മുറ്റത്ത് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകിയശേഷം മൃതദേഹം അന്ത്യകർമങ്ങൾക്കായി ഉള്ളിലേക്ക് മാറ്റി. എം ടിയുടെ മൂത്ത സഹോദരൻ പരേതനായ ഗോവിന്ദൻകുട്ടി നായരുടെ മകൻ സതീശൻ എം ടിയുടെ ചിതയ്ക്ക് തീ പകർന്നു. മകൾ അശ്വതി, ബന്ധുക്കളായ എം ടി രാജീവ്, എം ടി രാമകൃഷ്ണൻ, മോഹനൻ നായർ, ദീപു മോഹൻ എന്നിവരും വലംവച്ചു. മന്ത്രിമാരായ എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ബീന ഫിലിപ്പ്, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, എംപിമാരായ എം കെ രാഘവൻ, എ എ റഹീം, ഷാഫി പറമ്പിൽ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, പി ടി എ റഹീം, ടി സിദ്ദിഖ്, അൻവർ സാദത്ത്, രാഹുൽ മാങ്കൂട്ടത്തിൽ, എ പി അനിൽകുമാർ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സംവിധായകരായ ലാൽ ജോസ്, ജയരാജ്, എഴുത്തുകാരായ ബെന്യാമിൻ, ഡോ. എം എം ബഷീർ, സുഭാഷ് ചന്ദ്രൻ തുടങ്ങി നിരവധിപേർ സ്മൃതിപഥത്തിലെത്തി ആദരമർപ്പിച്ചു.

ദേശാഭിമാനി 26 Dec 2024 11:51 pm

വിലാസിനിക്ക്‌ 
വിലാസം കൊടുത്ത്

കോഴിക്കോട് അഭിനയിച്ച സിനിമയുടെ പേര് സ്വന്തം പേരായി മാറിയ അസുലഭ ഭാഗ്യത്തിന് ഉടമയാണ് കുട്ട്യേടത്തി വിലാസിനി. ഈ മേൽവിലാസത്തിന് താൻ കടപ്പെട്ടിരിക്കുന്നത് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടിയോടാണെന്ന് വിലാസിനി പറയുന്നു. ‘‘ഒരുദിവസം ടൗൺഹാളിൽ കെ ടി രവിയുടെ ‘എംഎൽഎ’ എന്ന നാടകത്തിൽ അഭിനയിക്കെ മേക്കപ്പ് തുടയ്ക്കാൻ ഗ്രീൻ റൂമിലെത്തിയപ്പോൾ മേക്കപ്പ്മാനും കുടുംബ സുഹൃത്തുമായ രാഘവേട്ടൻ പറഞ്ഞു, മോളെ കാണാൻ രണ്ടുപേർ വന്നിട്ടുണ്ടെന്ന്. ഞാൻ നോക്കിയപ്പോൾ എം ടി വാസുദേവൻ നായരും സംവിധായകൻ പി എൻ മേനോനും. രണ്ടാഴ്ച കഴിഞ്ഞുകാണും ഭർത്താവ് ജോലിചെയ്യുന്നിടത്തേക്ക് രാഘവേട്ടൻ വിളിച്ചു. എന്നോടും ഭർത്താവിനോടും വാസ്വേട്ടന്റെ ‘സിതാര’ വീട്ടിലെത്താൻ പറഞ്ഞു. അവിടെയെത്തിയപ്പോൾ ‘കുട്ട്യേടത്തി’ എന്ന കഥ സിനിമയാക്കുകയാണെന്നുംനായികയായി എന്നെ തെരഞ്ഞെടുത്തുവെന്നും പറഞ്ഞു. ഞാനാകെ ഞെട്ടി’’. എം ടിയുടെ തിരക്കഥയിൽ 1971ൽ പി എൻ മേനോൻ സംവിധാനംചെയ്ത ‘കുട്ട്യേടത്തി' എന്ന ചിത്രത്തിലെ നായികയെ അവതരിപ്പിച്ച കോഴിക്കോട് വിലാസിനി പിന്നീട് അറിയപ്പെട്ടത് കുട്ട്യേടത്തി വിലാസിനി എന്നാണ്. ബ്രോണി എന്നായിരുന്നു യഥാർഥ പേര്. നാടകം പഠിപ്പിച്ച കൊച്ചുകുട്ടൻ ആശാൻ നിർദേശിച്ചതനുസരിച്ച് പേര് വിലാസിനിയെന്നാക്കി. അതിനിടെ ഇഗ്നേഷ്യസുമായി വിവാഹം. താമസിയാതെ അമ്മയും ബ്രോണിയും ഇഗ്നേഷ്യസും കോഴിക്കോട്ടേക്ക് മാറി. ഇഗ്നേഷ്യസിന് ചെറുവണ്ണൂരിൽ തീപ്പെട്ടി കമ്പനിയിൽ റൈറ്ററായി ജോലികിട്ടി. നാടകത്തിൽ സജീവമായ കാലത്താണ് സിനിമയിൽ നായികയുടെ റോൾ ലഭിക്കുന്നത്. ‘‘കുട്ട്യേടത്തിയിലെ മാളൂട്ടിക്ക് ആണുങ്ങളുടെ സ്വഭാവമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ചെകിട്ടത്തടിക്കും. സിനിമയിൽ അങ്ങനെയൊരു രംഗം ചിത്രീകരിക്കുകയാണ്. മരത്തിൽ കയറി മാങ്ങ പറിക്കുന്നതിനിടെ കുതിരവട്ടം പപ്പുവിന്റെ കുട്ടിശങ്കരൻ എന്ന കഥാപാത്രം അതുവഴി വരുന്നു. പെണ്ണ് മരം കേറിയെന്ന് പപ്പു വിളിച്ചുപറയുമ്പോൾ താഴെയിറങ്ങി മുഖത്ത് അടിക്കണം. നാടകത്തിലും സിനിമയിലും ഗുരുസ്ഥാനത്തുള്ള പപ്പുവേട്ടനെ എങ്ങനെ അടിക്കും. ഏതായാലും നാടകശൈലിയിൽ അടിച്ചു. പി എൻ മേനോന് അത് മതിയായില്ല. രണ്ടാമത് അടിച്ചതും പിടിച്ചില്ല. മൂന്നാംതവണ നല്ല അടിതന്നെ കൊടുത്തു. പപ്പുവേട്ടന്റെ കവിൾ ചുവന്നു. ചിത്രത്തിൽ മറ്റൊരു രംഗത്തും റീ ടേക്ക് വേണ്ടിവന്നില്ല. സിനിമയ്ക്ക് അഡ്വാൻസായി 110 രൂപ വാസ്വേട്ടൻ തന്നു. ആ പണമെടുത്ത് അന്നത്തെ ഫാഷൻ സാരി വാങ്ങി. അതിപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. എന്റെ പേരക്കുട്ടികളോട് ഇടയ്ക്കിടെ ഞാൻ പറയും. മരിച്ചുകഴിഞ്ഞാൽ അതെടുത്ത് പുതപ്പിക്കണമെന്ന്’’–- കുട്ട്യേടത്തി വിലാസിനി പറഞ്ഞു.

ദേശാഭിമാനി 26 Dec 2024 11:45 pm

‘എന്റെ വാസുവേട്ടാ’ ; കണ്ണീരണിഞ്ഞ് കുട്ട്യപ്പ , എം ടിയുടെ പ്രിയ ആരാധകൻ

കോഴിക്കോട് എം ടിയുടെ പ്രിയ ആരാധകൻ കുട്ട്യപ്പ നമ്പ്യാർ ഹൃദയംപൊട്ടുന്ന വേദനയോടെ ‘എന്റെ വാസുവേട്ടാ’ എന്ന് വിളിച്ച് പ്രണാമമർപ്പിച്ചത് സിതാരയിൽ കൂടിയവരെ കണ്ണീരണിയിച്ചു. കണ്ണൂർ പുന്നാട് സ്വദേശി പി വി കുട്ട്യപ്പ നമ്പ്യാർ എംടിയുമായി ഏറെ ആത്മബന്ധമുള്ള വായനക്കാരനാണ്. എം ടിയുടെ പിറന്നാൾദിനമായ ജൂലൈ 15ന് വർഷങ്ങളായി നമ്പ്യാർ വീട്ടിലെത്തും. എം ടിയുടെ കൈയിൽനിന്ന് പുസ്തകവും കോടിമുണ്ടും ഏറ്റുവാങ്ങി മടങ്ങും. 78കാരനായ കുട്ട്യപ്പ നമ്പ്യാർക്ക് രണ്ടാമൂഴമടക്കം എല്ലാ കൃതികളും എം ടി കൈയൊപ്പ് ചാർത്തി സമ്മാനിച്ചിട്ടുണ്ട്. എം ടി ആശുപത്രിയിലാണെന്നറിഞ്ഞ് കോഴിക്കോട്ടെത്തി. ‘‘എം ടി വിടപറഞ്ഞതോടെ ജീവിതവും ലോകവും നഷ്ടമായി. ഞാൻ അനാഥനായി’’–- നമ്പ്യാർ പറഞ്ഞു.

ദേശാഭിമാനി 26 Dec 2024 11:36 pm

കണ്ണാന്തളിപ്പൂക്കളും പുന്നെല്ലരിയുടെ ചോറും

എം ടി വാസുദേവൻനായരുടെ രചനാഭംഗി തികഞ്ഞ ലേഖനങ്ങളിലൊന്ന് എന്ന നിലയിൽ ആവർത്തിച്ചുള്ള വായനയ്ക്ക് പ്രേരിപ്പിക്കാറുണ്ട് ‘കണ്ണാന്തളിപ്പൂക്കളുടെ കാലം'. എന്താണ് ആ ലേഖനത്തിന്റെ അഥവാ ഉപന്യാസത്തിന്റെ ഉള്ളടക്കം? മനോഹരമായ ആ ശീർഷകം സൂചിപ്പിക്കുംപോലെ കണ്ണാന്തളിപ്പൂക്കളെപ്പറ്റിയും അവയുടെ തിരോധാനത്തെപ്പറ്റിയും മാത്രമാണോ അത്? അല്ലേയല്ല. ബാല്യം, ബാല്യത്തിലെ ഓണം എന്നിങ്ങനെ ചില ഇളംനിറങ്ങളുടെ ഗൃഹാതുരശോഭ കലർത്തിയാണ് എം ടി കണ്ണാന്തളിപ്പൂക്കളുടെ ചിത്രം വരയുന്നത്. എന്നാൽ, അതൊന്നുമല്ല ആ ഗദ്യശിൽപ്പം നിവേദിക്കുന്ന പ്രധാനാശയവും അനുഭവവും. അത് വിശപ്പാണ്. വേണമെങ്കിൽ ഒന്നുകൂടി ഇതിനോട് കൂട്ടിച്ചേർക്കാം, അത് കുഞ്ഞമ്മാമ എന്ന സ്നേഹോദാരനായ മനുഷ്യന്റെ, ‘നാളികേരപാകം' എന്നു പറയാവുന്ന വ്യക്തിചിത്രമാണ്. കുഞ്ഞമ്മാമയുടെ കഥയിലും ‘വിശപ്പ്' ഒരു കഥാപാത്രമായതിനാൽ ആ അദൃശ്യനായകനെയോ പ്രതിനായകനെയോ ചുറ്റിപ്പറ്റിയാണ് ‘കണ്ണാന്തളിപ്പൂക്കൾ' വികസിക്കുന്നത് എന്നു പറയാം. ഒരു ചെറുകഥയുടെ കാര്യത്തിലാണെങ്കിൽ അതിന്റെ ക്രാഫ്റ്റിന്റെ ഭാഗമാണ് ഇതെല്ലാമെന്ന് വിചാരിക്കാം. ഒരു ലേഖനത്തിലോ ഉപന്യാസത്തിലോ ഇത്തരം ശിൽപ്പപ്പെടുത്തൽ അസാധാരണമായതുകൊണ്ടുകൂടിയാണ് ഈ എം ടി ലേഖനം അത്രമേൽ ശ്രദ്ധേയമാകുന്നത്.കണ്ണാന്തളിപ്പൂക്കളെക്കുറിച്ചും കുട്ടിക്കാലത്തെ ഓണത്തെക്കുറിച്ചുമുള്ള കാൽപ്പനികഗദ്യം വിശപ്പിന്റെ ദാരുണകഥനമായും ജീവിതകഥനമായും മാറുന്ന സന്ധിയിലാണ് എം ടി തന്റെ ഉപന്യാസത്തെ, അതിനിപുണനായ ഒരു കാഥികന്റെ ചാതുരിയോടെ, മറ്റൊരു വിതാനത്തിലേക്ക് ഉയർത്തുന്നത്. ആ ലേഖനഭാഗം ഇവിടെ എടുത്തെഴുതാം. ‘‘വടക്കേപ്പാടത്തെ നെല്ല് പാലുറയ്ക്കാൻ തുടങ്ങുമ്പോൾ താന്നിക്കുന്നുതൊട്ട് പറക്കുളം മേച്ചിൽപ്പുറംവരെ കണ്ണാന്തളിച്ചെടികൾ തഴച്ചുവളർന്നുകഴിയും. ഇളംറോസ് നിറത്തിലുള്ള പൂക്കൾ തലകാട്ടിത്തുടങ്ങും. ആ പൂക്കളുടെ നിറവും ഗന്ധവുംതന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും, പൂക്കളുടെയും ചോറിന്റെയും സമൃദ്ധിക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ മാസമാണ് ഞങ്ങൾക്കു കർക്കടകം’. ഇങ്ങനെ, പൂവിനെയും ചോറിനെയും ചേർത്തുനിർത്തുന്ന മറ്റൊരു സന്ദർഭമുണ്ടാകില്ല മലയാളസാഹിത്യത്തിലെന്നാണ് എന്റെ തോന്നൽ. അസാധാരണമായ ഒരു ഭാവനാവ്യാപാരത്തിന്റെയോ മാനസികവ്യാപാരത്തിന്റെയോ ഫലമായി അവ സമീകരിക്കപ്പെടുന്നു. കണ്ണാന്തളിപ്പൂക്കളുടെ കാൽപ്പനികയാഥാർഥ്യം, പുന്നെല്ലരിയുടെ ചോറ് എന്ന ജീവിതയാഥാർഥ്യവുമായി അന്വയിക്കപ്പെടുന്നു. അങ്ങനെ കാൽപ്പനികതയെന്ന ത്രാസിന്റെ മറ്റേത്തട്ട് ചോറിന്റെയും വിശപ്പിന്റെയും കനത്താൽ പുതിയൊരു സന്തുലനം കൈവരിക്കുകയും ഒരു തട്ടിൽ പൂവും മറുതട്ടിൽ പുന്നെല്ലരിയുടെ ചോറും വച്ചുകൊണ്ടുള്ള ഒരപൂർവ തുലാഭാരമായി അത് മാറുകയും ചെയ്യുന്നു. ഇതിന് ‘കാൽപ്പനികറിയലിസം' എന്നു പേരിടാമോ എന്നെനിക്കറിയില്ല. അതെന്തായാലും, ‘അസ്സൽ ചൊറിത്തവളകളുള്ള ഭാവനോദ്യാനങ്ങളാ'യി (imaginary gardens with real toads in them) കവിതയെ നിർവചിച്ച മരിയൻ മൂറിനുകൂടി സമ്മതമാകാനിടയുള്ള ഒരു കലാനിർവചനമായും അതിന്റെ രൂപകമായും മാറുന്നുണ്ട്. ഏകാകികളുടെ ലോകമായും കാത്തിരിപ്പിന്റെ ലോലവിഷാദമായുംമറ്റും എം ടിയുടെ കലയെ വിവരിക്കുമ്പോൾ അതിലെ വിശപ്പിന്റെയും പട്ടിണിയുടെയും പണച്ചുരുക്കത്തിന്റെയും ദാരുണമുദ്രകളെ നമ്മൾ കാണാതെ പോവുകയോ കണ്ടില്ലെന്നു നടിക്കുകയോ ആണ് ചെയ്യുന്നത്. എം ടി തന്റെ ഓർമക്കുറിപ്പുകളുടെ (memoirs) ആധാരമായി സ്വീകരിച്ചത് നാല് അടിസ്ഥാന ജീവിതാവശ്യങ്ങളെയായിരുന്നു. കഞ്ഞി, കാശ്, കുപ്പായം, കാമം എന്നിങ്ങനെ (ഇതിൽ ‘കാമം' എം ടി എഴുതുകയുണ്ടായില്ല. മറ്റു മൂന്നും എഴുതുകയും ആ ഒന്നുമാത്രം കുസൃതി നിറഞ്ഞ കൗശലത്തോടെ തന്റെ വായനക്കാരിൽ നിന്നൊളിപ്പിക്കുകയും ചെയ്തു!) എം ടിയുടെ കഥനഭാവനയുടെയും ആധാരശിലകളാണ് ഇപ്പറഞ്ഞവ മൂന്നും. ‘കർക്കിടകം' എന്ന ഏറെ പ്രസിദ്ധമായ കഥ ഓർക്കാം; അതിലെ പ്രാരംഭവാക്യങ്ങളിലൊന്നിൽത്തന്നെ ‘വിശപ്പ്' കടന്നുവരുന്നുണ്ട് എന്നും. ‘വാനപ്രസ്ഥ'ത്തിലുമുണ്ട് പ്രാരബ്ധത്തിന്റെ ഒട്ടേറെ പരാമർശങ്ങൾ; ജീപ്പുകൂലിയും ശമ്പളക്കണക്കുംതൊട്ട് പൂജയുടെ ചെലവുവരെ. മൂകാംബികാദേവിയെപ്പറ്റിയുള്ള ഒരു പുസ്തകം, അവിടെ കണ്ടത്, വിലക്കൂടുതൽമൂലം താൻ വാങ്ങിയില്ല എന്നും കരുണൻ മാഷ്. പക്ഷേ, ഇതൊന്നുമല്ല ആദ്യവായനയ്ക്കുശേഷം വർഷങ്ങൾ പിന്നിട്ടിട്ടും എന്റെയുള്ളിൽ ശേഷിക്കുന്നത്. അത് ഈ വാക്യമാണ് ‘വിനോദിനി തുണിസഞ്ചിയും മാസ്റ്ററുടെ തോൽബാഗും എടുത്തുകൊണ്ട് ഇറങ്ങാൻ തുടങ്ങി. ചവിട്ടുപടിമേൽ കാലുറപ്പിക്കാൻ സാരിത്തുമ്പ് ഒതുക്കിപ്പിടിച്ചപ്പോൾ അടിപ്പാവാടയുടെ അറ്റത്തെ കീറിയ ലെയ്സിന്റെ ചിതറിയ അറ്റങ്ങൾ കണ്ടു’. ‘രണ്ടാമൂഴം' എന്ന നോവൽശീർഷകത്തിനുതന്നെ വമ്പിച്ച ധ്വനിമൂല്യമുണ്ട്. മഹാബലനും പാണ്ഡവരുടെ യുദ്ധവിജയത്തിനുപിന്നിലെ കരുത്തിന്റെ വറ്റാത്ത ഉറവിടവുമായിരുന്നിട്ടും എന്നും എവിടെയും രണ്ടാമനാക്കപ്പെടുന്ന ഭീമസേനന്റെ തിരസ്കൃതപൗരുഷത്തിന്റെ ഗാഥയാണ് ആ നോവൽ. താൻ വായുപുത്രനല്ല, മറിച്ച് ചങ്ങലയഴിച്ച ചണ്ഡമാരുതനെപ്പോലെ കരുത്തനായ ഒരു കാട്ടാളന്റെ മകനാണെന്ന അന്തിമമായ വെളിപ്പെടൽ ഇക്കാര്യത്തിൽ നിർണായകമാണ്. ജീവിതത്തിൽ ഭീമനേറ്റ തിരിച്ചടികളും തിരസ്കാരങ്ങളും ആ ബലശാലിയുടെ നിഷാദ പിതൃത്വത്തിനേറ്റ പ്രഹരങ്ങൾകൂടിയായിരുന്നു. ആ അർഥത്തിൽ കാടും കറുപ്പും കരുത്തും പൈതൃകമായവരുടെ രണ്ടാമൂഴത്തിന്റെ കഥകൂടിയാകുന്നു ‘രണ്ടാമൂഴം'. ‘പള്ളിവാളും കാൽച്ചിലമ്പും' എന്ന ചെറുകഥ, അതിന്റെ ചലച്ചിത്രരൂപമായ ‘നിർമാല്യ'വും ഒരേയൊരു കഥനസന്ധിയുടെ അക്രാമകമായ വിധ്വംസകവീര്യത്താലാണ് ഇന്നും ഓർമിക്കപ്പെടുന്നത്. ആജീവനാന്തം സ്വന്തം ചോരകൊണ്ട് തർപ്പണം ചെയ്തിരുന്ന ഭഗവതിയുടെ മുഖത്ത് ആഞ്ഞുതുപ്പുന്ന വെളിച്ചപ്പാടിന്റെ ദൈവധ്വംസകമായ മനുഷ്യക്രോധമാണത്. മനുഷ്യനെയും അവന്റെ യാതനയെയും ശിലാബിംബത്തിന്റെ മൂകനിസ്സംഗതയ്ക്കുമുകളിൽ പ്രതിഷ്ഠിക്കുന്ന നവോത്ഥാനവീറിന്റെ പെരുംചുവടായിരുന്നു അത്; നോവും പട്ടിണിയും തിന്ന് അസ്ഥിക്കരുത്താർജിച്ച മനുഷ്യന്റെ അന്തിമപ്രതികാരവും!

ദേശാഭിമാനി 26 Dec 2024 11:30 pm

ജ്ഞാന വൃക്ഷം

അത്ഭുതകരമായ ഒരു പിറവിയായിരുന്നു, എം ടി എന്ന സ്നേഹാക്ഷരങ്ങളിൽ ആബാലവൃദ്ധം മലയാളികൾ വിളിച്ച ആ ജ്ഞാനവൃക്ഷത്തിന്റേത്. കൂടല്ലൂർ മാടത്ത് തെക്കേപ്പാട്ട് കുടുംബത്തിൽ അമ്മാളുഅമ്മയുടെ നാലു മക്കളിൽ ഇളയവനെ ജനിക്കുംമുമ്പേ ഇല്ലാതാക്കാനാണ് വൈദ്യന്മാർ വിധിച്ചത്. അമ്മയുടെ അനാരോഗ്യമായിരുന്നു കാരണം. എന്നാൽ, വൈദ്യന്മാർ പറഞ്ഞതനുസരിച്ച് അമ്മ കഴിച്ച ഉന്മൂലന ഔഷധങ്ങളെ അതിജീവിച്ച് 1108ലെ പഞ്ഞക്കർക്കടകത്തിൽ ആ കുഞ്ഞ് പിറന്നു. കടുപ്പമേറിയ ഔഷധപ്രയോഗങ്ങളുടെ ഫലമായി കുട്ടിക്കാലത്ത് അനാരോഗ്യവാനായിരുന്നു. എങ്കിലും മലയാളസാഹിത്യത്തെ ഹിമവാനോളം ഉയർത്തി, നവതിയും പിന്നിട്ട്, ഭാഷയുടെയും രാജ്യത്തിന്റെയും അതിരുകൾക്കപ്പുറത്തും അക്ഷരങ്ങളെയും കലകളെയും സ്നേഹിക്കുന്നവരുടെയെല്ലാം ആദരം ഏറ്റുവാങ്ങിയാണ് ആ സർഗജീവിതം വിടവാങ്ങുന്നത്. ഇക്കാലത്തിനിടെ ഒരു ഇന്ത്യൻ സാഹിത്യകാരനും ചലച്ചിത്രകാരനും ലഭിക്കാവുന്ന മിക്കവാറും എല്ലാ ബഹുമതികളും പേനത്തഴമ്പുള്ള ആ കൈകൾ ഏറ്റുവാങ്ങി. എം ടി വാസുദേവൻനായർ ജനിക്കുമ്പോൾ പുന്നയൂർക്കുളം സ്വദേശിയായ അച്ഛൻ ടി നാരായണൻനായർക്ക് അന്ന് സിലോൺ എന്നറിയപ്പെട്ടിരുന്ന ശ്രീലങ്കയിലായിരുന്നു ജോലി. അക്കാലത്തെ മരുമക്കത്തായമനുസരിച്ച് അമ്മയുടെ തറവാടടങ്ങുന്ന കൂടല്ലൂരാണ് ബാല്യകൗമാരങ്ങളിൽ കഴിഞ്ഞത്. തറവാട്ടുഭാഗത്തിൽ വീടില്ലാതിരുന്നതിനാൽ ഒരു വല്യമ്മയുടെ വീട്ടുവളപ്പിലെ കൊട്ടിലിലായിരുന്നു ജീവിതം. പഠിക്കാൻ മിടുക്കനായിരുന്ന വാസുവിന് എസ്എസ്എൽസിക്ക് അക്കാലത്തെ അപൂർവനേട്ടമായ ഫസ്റ്റ്ക്ലാസ് ഉണ്ടായിരുന്നിട്ടും വീട്ടിലെ സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാൽ ഒരുവർഷം കോളേജിൽ ചേരാൻ കഴിഞ്ഞിരുന്നില്ല. വീട്ടിൽ ഏകനായിരുന്ന ആ ഒരുവർഷം കൂട്ടുകൂടിയ പുസ്തകങ്ങളാണ് തന്നെ പുതിയ ലോകങ്ങൾ പരിചയപ്പെടുത്തിയതെന്ന് എം ടി പലവുരു പറഞ്ഞിട്ടുണ്ട്. ആ വായനയുടെ അടിത്തറ ജീവിതത്തിൽ എന്നും വെളിച്ചമായി. പ്രായമായിക്കഴിഞ്ഞും കണ്ണിന് ആരോഗ്യമുണ്ടായിരുന്ന കാലത്തോളം ദിവസം 300 പേജിലധികം ആ വായനക്കാരൻ വായിച്ചിരുന്നു. സ്കൂൾവിദ്യാർഥി ആയിരിക്കുമ്പോൾ എഴുതിത്തുടങ്ങിയ എം ടി രചനാലോകത്തേക്ക് കടക്കുന്ന ആരെയുംപോലെ കവിതയിലാണ് ആരംഭിച്ചത്. എന്നാൽ, വൈകാതെ കഥകളിലേക്ക് കടന്നു. 15 വയസ്സ് തികയുംമുമ്പേ, പത്താംക്ലാസിൽ പഠിക്കുമ്പോൾ ആദ്യകഥ പ്രസിദ്ധീകരിച്ചു. അതിന് മാസങ്ങൾക്കുമുമ്പ് ഗുരുവായൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളക്ഷേമം ദ്വൈവാരികയിൽ വന്ന ലേഖനമാണ് വെളിച്ചംകണ്ട ആദ്യരചന. ‘പ്രാചീനഭാരതത്തിലെ വൈരവ്യവസായം’ എന്ന ആ ലേഖനം മതി അക്കാലത്തുതന്നെ എം ടി ആർജിച്ചിരുന്ന അറിവിന്റെ വലിപ്പമറിയാൻ. ഒമ്പതു നോവലുകളടക്കം (ഒന്ന് കൂട്ടുകാരൻ എൻ പി മുഹമ്മദുമൊത്ത് എഴുതിയത്) അമ്പതോളം പുസ്തകങ്ങളെഴുതിയ എം ടി 60 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതി. എം ടിയുടെ ബീഡിവലി പ്രസിദ്ധമാണ്. എഴുതുമ്പോൾപ്പോലും ചുണ്ടിൽ എരിയുന്ന ബീഡിയുണ്ടാകുമായിരുന്നു. അതുപോലെ പ്രസിദ്ധമാണ് എം ടിയുടെ മൗനവും. ഉറ്റവരോടും അടുപ്പക്കാരോടുംപോലും പലപ്പോഴും ഒരു മൂളലിലൊതുക്കും പറയാനുള്ളത്. എഴുത്തിലും ഒരു വാക്കുപോലും അധികാമാകാതെ ജാഗ്രത പുലർത്തി. നിറകുടം തുളുമ്പില്ല എന്ന ചൊല്ലുപോലെ അറിവ് ആ മഹാമനീഷിയെ വിനീതനാക്കി.

ദേശാഭിമാനി 26 Dec 2024 11:26 pm

സിപിഐ: സമരങ്ങളുടേയും സഹനങ്ങളുടേയും നൂറ്റാണ്ട്

2024 ഡിസംബര്‍ 26. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നൂറു വയസ്സ്. സോവ്യറ്റ് യൂണിയനിലെ താഷ്‌കെന്റില്‍ ആദ്യരൂപം കൈക്കൊള്ളുകയും ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സംഘടിത രൂപം പ്രാപിക്കുകയും ചെയ്ത പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം കേരളമുള്‍പ്പെടെ പ്രസ്ഥാനത്തിന് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ വിപുലമായി ആചരിക്കപ്പെടുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് കേരളത്തില്‍ ആഘോഷപരിപാടിയും തിരുവനന്തപുരത്തെ പുതിയ പാര്‍ട്ടി ആസ്ഥാനമായ, പുതുക്കിപ്പണിത എം.എന്‍ സ്മാരകത്തിന്റെ ഉദ്ഘാടനവും മാറ്റി വെച്ചിരിക്കുകയാണ്. ഇന്ത്യയിലെ തൊഴിലാളികളുടേയും ബഹുജനങ്ങളുടേയും യുവജന വിദ്യാര്‍ഥികളുടേയും ഹൃദയങ്ങളില്‍ വിപ്ലവത്തിന്റെ സ്വപ്‌നങ്ങള്‍ ജ്വലിപ്പിച്ചു നിര്‍ത്തിയ സി.പി.ഐയുടെ രാഷ്ടീയ സന്ദേശത്തിന്റെ പ്രസക്തി ഏറ്റവുമധികം വര്‍ധിച്ച ഒരു കാലഘട്ടത്തിലാണ് ത്യാഗത്തിന്റേയും പോരാട്ടങ്ങളുടേയും ഓര്‍മപ്പെടുത്തലുകളുമായി ശതവാര്‍ഷികത്തിന്റെ ആരവങ്ങള്‍ ഇന്ത്യയുടെ രാഷ്ട്രീയഭൂമികയെ മുഖരിതമാക്കുന്നത്. രാഷ്ട്രീയമായ ഒട്ടേറെ ത്യാഗങ്ങളും വെല്ലുവിളികളും നേരിട്ട പാര്‍ട്ടി കഴിഞ്ഞ ഒരു നൂറ്റാണ്ട്കാലത്തിന്റെ സംഭവബഹുലമായ ചരിത്രത്തില്‍ ആധുനിക ഇന്ത്യയ്ക്ക് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. രാഷ്ടീയവും സംഘടനാപരവുമായ ശൈഥില്യങ്ങള്‍, തിരിച്ചടികള്‍, നയപരമായ പാളിച്ചകള്‍, പരാജയങ്ങള്‍.. ഇതൊക്കെ നേരിടുമ്പോഴും സി.പി.ഐ ഇന്ത്യക്ക് നല്‍കിയ പ്രൗഢമായ സംഭാവനകള്‍, തേജസ്സുറ്റ നേതാക്കള്‍, കരുത്തുറ്റ നേതൃത്വം.. ഇവയൊന്നും മറക്കാനാവില്ല. എ.ഐ.ടി.യു.സി എന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സി.പി.ഐ നേതാക്കളാണ് പില്‍ക്കാലത്ത് റെയില്‍വെ പണിമുടക്ക് പോലെ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി പൊരുതിയവരില്‍ ഐക്യത്തിന്റേയും ഒരുമിച്ചുനില്‍ക്കലിന്റേയും അഗാധമായ വര്‍ഗബോധം സൃഷിച്ചത്. ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് മേഖലകളിലും മറ്റ് സര്‍വീസ് സംഘടനാ രംഗങ്ങളിലും സമരസന്ദേശത്തിന്റെ വിത്ത് പാകുന്നതില്‍ സി.പി.ഐ നേതാക്കള്‍ വഹിച്ച പങ്ക് സുപ്രധാനമാണ്.ഇന്ത്യയിലെ ആദ്യത്തെ വിദ്യാര്‍ഥി സംഘടന എ.ഐ.എസ്.എഫ് സി.പി.ഐയുടെ ബഹുജനസംഘടനയായി സമരപഥങ്ങളെ ചുവപ്പിച്ചതും ചരിത്രം. 1936 ലായിരുന്നു ഇത്. വിദ്യാര്‍ഥി സംഘടന ഉദ്ഘാടനം ചെയ്തത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. അച്യുതമേനോന്റെ സഹയാത്രികനായി തൃശൂര്‍ മുതല്‍ ലക്കിടി വരെ ഇന്തോ സോവ്യറ്റ് ബന്ധത്തിന്റെ രാസത്വരകം കൂടിയായിരുന്നു റഷ്യന്‍ ബ്ലോക്കിനകത്തെ സി.പി.ഐ എന്ന സഹോദര കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇസ്‌കസ് (ഇന്തോ സോവ്യറ്റ് കള്‍ച്ചറല്‍ സൊസൈറ്റി), യുദ്ധങ്ങള്‍ക്കെതിരായ ലോകസമാധാന പ്രസ്ഥാനം (ഇപ്‌സോ) എന്നിവയെല്ലാം അന്നത്തെ ഇന്ത്യന്‍ പുരോഗമന വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടുംപാവും നല്‍കി. നാടക കലാരംഗത്ത് ഇപ്റ്റ നല്‍കിയ സംഭാവനകള്‍, ഹിന്ദി സിനിമാരംഗത്തെ പുരോഗമന വീക്ഷണം പുലര്‍ത്തുന്നവരുടെ കൂട്ടായ്മ എന്നിവയൊക്കെ സി.പി.ഐയ്ക്ക് അവകാശപ്പെടാനുള്ളതാണ്. എസ്.വി ഘാട്ടെ എന്ന മംഗലാപുരത്തുകാരനായിരുന്നു സി.പി.ഐയുടെ പ്രഥമസെക്രട്ടറി. 1970 ല്‍ അന്തരിച്ച ഇദ്ദേഹം അവസാനകാലം വരെ സി.പി.ഐയുടെ മുന്നണിപ്പോരാളിയായിരുന്നു. ഘാട്ടെയോടൊപ്പം എം.എന്‍. റോയ്, ശിങ്കാരവേലു ചെട്ടിയാര്‍, ഇവാലിന്‍ ട്രെന്റ് റോയ്, അബനി മുഖര്‍ജി, റോസാ ഫിറ്റിംഗോവ്, മുഹമ്മദ് ഷെഫീഖ്, മുഹമ്മദലി. എം.പി.ടി ആചാര്യ, എസ്.എ ഡാങ്കെ, മുസഫര്‍ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, നളിനി ഗുപ്ത എന്നിവരായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി കാണ്‍പൂരില്‍ പിറവിയെടുക്കുമ്പോള്‍ നേതൃനിരയില്‍. 1933 ലായിരുന്നു സി.പി.ഐയുടെ കൊല്‍ക്കത്താ സമ്മേളനം. പിറ്റേ വര്‍ഷം പാര്‍ട്ടിയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. കേരളത്തില്‍ പാര്‍ട്ടി രൂപീകരണം 1937 ലായിരുന്നു. പി. കൃഷ്ണപിള്ള, എ.കെ.ജി, ഇ.എം.എസ്, എന്‍.സി ശേഖര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കണ്ണൂരിലെ പാറപ്പുറത്തായിരുന്നു പാര്‍ട്ടി രൂപീകരണയോഗം. രണ്ടാം ലോകമഹായുദ്ധത്തിനെതിരെ മുംബൈയില്‍ നടന്ന കൂറ്റന്‍ തൊഴിലാളി പണിമുടക്കില്‍ ഒരു ലക്ഷത്തിലധികമാളുകള്‍ പങ്കെടുത്തത് സി.പി.ഐയുടെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമായി രേഖപ്പെടുത്തപ്പെട്ടു. ഇതിനിടെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടും അഭിപ്രായ വ്യത്യാസവും നേതാക്കളുടെ അറസ്റ്റുമെല്ലാം പ്രസ്ഥാനത്തെ ശൈഥില്യത്തിലെത്തിച്ചു. 1957ല്‍ ഇ.എം.എസിന്റൈ നേതൃത്വത്തില്‍ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍. ആ മന്ത്രിസഭയ്‌ക്കെതിരെ വിമോചനസമരം. 1959 ജൂലൈ 31. വിമോചനസമരത്തിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടു. ഇത് സംബന്ധിച്ച് രാഷ്ട്രപതിയുടെ വിളംബരം വന്നതോടെ പ്രതിവിപ്ലവശക്തികള്‍ സംസ്ഥാനമെങ്ങും അഴിഞ്ഞാടുകയായിരുന്നു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കും സ്വത്തുക്കള്‍ക്കും നേരെ കൈയേറ്റങ്ങള്‍. വിരുദ്ധരുടെ തേര്‍വാഴ്ച ഏറ്റവും കൂടുതല്‍ നടന്നത് മധ്യകേരളത്തിലായിരുന്നു. തൃശൂര്‍ മാളയ്ക്കടുത്ത് ഒരു ചെത്ത് തൊഴിലാളിയെ വിമോചന സമരക്കാര്‍ കൊലപ്പെടുത്തി. പിരിച്ചുവിടപ്പെട്ട മന്ത്രിസഭയിലെ അംഗം പി.കെ. ചാത്തന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ തൃശൂരിലും പരിസരത്തും വന്‍പ്രതിഷേധ മാര്‍ച്ച് നടന്നു. ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതിന്റെ മൂന്നാമത്തെ വര്‍ഷം ചൈനീസ് യുദ്ധം, പാര്‍ട്ടി നയത്തിലെ വൈരുധ്യം പ്രകടമായി. കോണ്‍ഗ്രസിനോടുള്ള സമീപനം, സോവ്യറ്റ് നിലപാട് തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തില്‍ ആഭ്യന്തര സംഘര്‍ഷം കനത്തു. പാര്‍ട്ടി രണ്ടായി സി.പി.ഐ, സി.പി.ഐ (എം). ആത്മബലിയുടെ ആറു പതിറ്റാണ്ട് ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് കടന്നാക്രമണത്തിനെതിരെ സി.പി.ഐ ചെയര്‍മാന്‍ എസ്.എ. ഡാംഗെയുടെ നേതൃത്വത്തിലുള്ള നേതൃത്വം അതിശക്തമായ നിലപാട് സ്വീകരിക്കുകയും പ്രധാനമന്ത്രി നെഹ്‌റുവിന് പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്തു. ഇന്ത്യാ-ചീന അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ ഉരുള്‍ പൊട്ടുന്നതിനു മുമ്പ് ചൈനീസ് പ്രധാനമന്ത്രി ചൗ എന്‍ ലായിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി അജയ്‌ഘോഷ് അദ്ദേഹത്തെ സന്ദര്‍ശിച്ചു. ചൈനയുടെ ധിക്കാരപരമായ നിലപാടിനെതിരെയുള്ള ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്പൂര്‍ണ വികാരമാണ് അദ്ദേഹം ചൗഎന്‍ലായിയെ അറിയിച്ചത്. ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവത്തില്‍ ഇന്ത്യയിലെ പാര്‍ട്ടിക്കകത്ത് ചൈനയോട് കടുത്ത അമര്‍ഷമുണ്ടെന്നും അതിര്‍ത്തി സംഘര്‍ഷം പാര്‍ട്ടിയെ ദേശീയ മുഖ്യധാരയില്‍ നിന്നു ഒറ്റപ്പെടുത്തുമെന്നും അജയ്‌ഘോഷ് ധരിപ്പിച്ചു. രാഷ്ട്രപതി ഭവനിലായിരുന്നു ഈ കൂടിക്കാഴ്ച. ചൈനയുടെ ഇന്ത്യന്‍ നയത്തില്‍ തിരുത്ത് അനിവാര്യമാണെന്നായിരുന്നു പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. ഇക്കാര്യമാണ് ചൈനയെ അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിന് സാര്‍വദേശീയ വീക്ഷണത്തിന്റെ പോരായ്മയുണ്ടെന്നും സങ്കുചിത വികാരം വെടിഞ്ഞ് സി.പി.ഐ ചൈനയെ പിന്തുണക്കണമെന്നുമായിരുന്നു ചൈനീസ് പ്രധാനമന്ത്രി അജയ്‌ഘോഷിനോട് ആവശ്യപ്പെട്ടത്. ഡാംഗെ, അജയ്‌ഘോഷ്, പി.സി.ജോഷി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചൈനയ്‌ക്കെതിരെ സി.പി.ഐ ആഞ്ഞടിച്ചു. അതേസമയം തൊഴിലാളി വര്‍ഗ സര്‍വാധിപത്യം എന്ന പേര് നല്‍കി മാവോയുടെ വിപ്ലവ രാഷ്ട്രീയത്തിന്റെ അടവും തന്ത്രവുമായി ഔദ്യോഗിക നേതൃത്വത്തെ നിരാകരിച്ച് മറുവിഭാഗവും മുന്നോട്ടു പോയി. സുന്ദരയ്യ, എ.വി. കുഞ്ഞമ്പു, സി.എച്ച്.കണാരന്‍, ഇ.കെ. നായനാര്‍, വി.എസ്. അച്യുതാനന്ദന്‍, ഇ.കെ. ഇമ്പിച്ചിബാവ, ടി. നാഗിറെഡ്ഡി, എം. ഹനുമന്തറാവു, പ്രമോദ് ദാസ്ഗുപ്ത, മുസഫര്‍ അഹമ്മദ്, പി. രാമമൂര്‍ത്തി, ഭൂപേഷ് ഗുപ്ത തുടങ്ങി 32 പേരാണ് അവിഭക്ത സി.പി.ഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതോടെ പിളര്‍പ്പ് യാഥാര്‍ഥ്യമാവുകയായിരുന്നു. രണ്ടു ഗ്രൂപ്പിലും ഉള്‍പ്പെടാതെ മധ്യവര്‍ത്തി നിലപാട് സ്വീകരിച്ചിരുന്ന ഇ.എം.എസ് പിന്നീട് സി.പി.ഐഎമ്മിലേക്കു പോവുകയും ഭൂപേഷ് ഗുപ്ത ഔദ്യോഗിക ലൈന്‍ സ്വീകരിച്ച് സി.പി.ഐയിലേക്ക് തന്നെ മടങ്ങുകയും ചെയ്തു. 'കുടിലുകളില്‍, കൂരകളില്‍ കണ്‍മണി പോല്‍ സൂക്ഷിച്ച ജനനേതാക്കള്‍' വ്യക്തമായും രണ്ടു ചേരിയായി പോരടിക്കുകയും തെലങ്കാനയുടേയും പുന്നപ്രവയലാറിന്റേയും രക്തപങ്കിലമായ രണശിലയില്‍ പടുത്തുയര്‍ത്തിയ വിപ്ലവപ്രസ്ഥാനം രണ്ടു തുണ്ടമായി മുറിഞ്ഞുവീഴുകയും ചെയ്ത കറുത്ത മുഹൂര്‍ത്തങ്ങളായിരുന്നു അത്. ദേശീയ ജനാധിപത്യ വിപ്ലവമെന്ന മുദ്രാവാക്യമുയര്‍ത്തി കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളുമായി ചേര്‍ന്ന് മുഖ്യശത്രുവായ അന്നത്തെ മഹാസഖ്യത്തെ പരാജയപ്പെടുത്തുകയെന്നതായിരുന്നു പാര്‍ട്ടി ലൈന്‍. സി. അച്യുതമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയും എം.എന്‍, ടി.വി തുടങ്ങിയ മന്ത്രിമാരുടെ ദീര്‍ഘദൃഷ്ടിയും കേരളത്തിന്റെ അധികാരഘടനയില്‍ മറ്റൊരു പാര്‍ട്ടിക്കും അവകാശപ്പെടാനാവില്ല. ഏറ്റവും കാലിബര്‍ ഉള്ള നേതാക്കളെയാണ് ആ പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്‍കിയത്. ജീര്‍ണിച്ചു തുടങ്ങിയ ഇന്ത്യന്‍ നേതൃനിരയെ കണ്ടു മടുക്കുന്നവര്‍ക്ക് ഏറെ നല്ല കാര്യങ്ങള്‍ പഠിക്കാനുണ്ട്, ഗതകാല സി.പി.ഐ നേതാക്കളില്‍ നിന്ന്. പാര്‍ട്ടിയുടെ ശത്രുക്കള്‍ പോലും അക്കാര്യം സമ്മതിക്കും. 1979 ആയപ്പോഴേക്ക് ഇടതുപക്ഷ ഐക്യത്തിന് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യോജിച്ചു പ്രവര്‍ത്തിക്കുകയെന്ന സ്ട്രാറ്റജി അംഗീകരിക്കപ്പെട്ടു. ഭട്ടിന്‍ഡയില്‍ ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അംഗീകാരത്തോടെയായിരുന്നു ഇത്. മുഖ്യമന്ത്രി പി.കെ.വിയുടെ രാജിയും തുടര്‍ന്നുള്ള സി.പി.ഐ സി.പി.എം ഐക്യവുമെല്ലാം ഇതിന്റെ തുടര്‍ച്ചയാണ്. 1996 ല്‍ കേന്ദ്രമന്ത്രിസഭയില്‍ സി.പി.ഐ നേതാക്കളായ ഇന്ദ്രജിത് ഗുപ്തയും ചതുരാനന്‍ മിശ്രയും മന്ത്രിമാരായതും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി. 1952 ലെ പ്രഥമ ഇന്ത്യന്‍ ലോക്‌സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായിരുന്നു എ.കെ.ജി അനൗദ്യോഗിക നേതാവായ സി.പി.ഐ എന്നതും ചരിത്രം. യു.പി.എയുടെ സുവര്‍ണകാലത്തും അതിനു മുമ്പും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ശോഭായമാനമായ സാന്നിധ്യമറിയിച്ച പാര്‍ട്ടി ഇന്ന് അതിന്റെ ഏറ്റവും ക്ഷീണിതമായ പാര്‍ലമെന്ററി അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ലോക്‌സഭയിലും രാജ്യസഭയിലും ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച നിരവധി നേതാക്കളെ സംഭാവന ചെയ്ത ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് 2023 ആയതോടെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്നതും ആ പാര്‍ട്ടി നേരിടുന്ന രാഷ്ട്രീയവും സംഘടനാപരവുമായ ഏറ്റവും വലിയ പ്രതിസന്ധിയായി. പ്രതിസന്ധിയുടെ കടല്‍ മുറിച്ചുനീന്താന്‍ എന്ത് പോംവഴിയെന്ന് കണ്ടെത്തേണ്ടത് വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റേ കൂടി ചുമതലയായിരിക്കും. നൂറ് വര്‍ഷത്തെ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ജീര്‍ണതയും സൈദ്ധാന്തിക ശൂന്യതയും സംഘടനാദൗര്‍ബല്യവും കനത്ത വെല്ലുവിളികളായി സി.പി.ഐയെ സദാ ചൂഴ്ന്നു നില്‍ക്കുന്നുവെന്ന സത്യം നേതൃത്വത്തിന് തിരിച്ചറിവുണ്ടാകാതെ ഭൂതകാലപ്രതാപം തിരിച്ചുപിടിക്കാനാവുകയില്ല.

സമകാലിക മലയാളം 26 Dec 2024 2:38 pm

എംടി: സമതലങ്ങള്‍ക്കു മീതെ ഉദിച്ച നക്ഷത്രം

ആ ധുനികപൂര്‍വ്വമായ ഒരു ഘട്ടം മുതല്‍ ഉത്തരാധുനികതയുടെ വര്‍ത്തമാനകാലം വരെയും നീണ്ടുനില്‍ക്കുന്ന വിസ്തൃതമായ ഒരു രചനാപരിധിയാണ് എം.ടി. വാസുദേവന്‍ നായരുടേത്. രചനയുടെ വസന്തങ്ങളും ഋതുമൗനങ്ങളുമൊക്കെ പിന്നിട്ട്, പ്രസ്ഥാനങ്ങളുടെ അരനൂറ്റാണ്ട് നീണ്ടുനിന്ന വൈവിദ്ധ്യങ്ങള്‍ക്കു മീതെ അദ്ദേഹം വേരുകള്‍ പടര്‍ത്തിയ ആരാധനയായി നിലകൊള്ളുന്നു. നിരന്തരമായ സ്വയംപരിഷ്‌കാരങ്ങളിലൂടെ അദ്ദേഹം നേടിയെടുത്ത ഒരു വിശേഷമാണോ ഇതെന്ന് പ്രതിരോധിക്കേണ്ടതുണ്ട്. സാങ്കേതികമായ നവീനതകളുടെ കൃതഹസ്തയിലൂടെ പ്രവണതകളെ മെരുക്കുന്ന, പ്രസ്ഥാനങ്ങളുടെ ചക്രവര്‍ത്തിമാര്‍ക്ക് പിടികൊടുക്കാത്ത ഒരു അനന്യത എം.ടിയുടെ രചനകളില്‍ നാമെപ്പോഴും അറിയുന്നുണ്ട്. ഈ മൗലികതയാകട്ടെ അചരമായ എന്തിനെയോ സംബന്ധിച്ച ഒരു താത്ത്വികബോധമല്ല നമ്മില്‍ ജനിപ്പിക്കുന്നത്. മറിച്ച് പുഴയുടെ, നിമിഷങ്ങളിലുള്ള പുനര്‍ജ്ജനി എന്നതുപോലെ കൂടുതല്‍ സൂക്ഷ്മതരമായ ചലനാത്മകതയും അതിനെ മറച്ചുവയ്ക്കുന്ന പ്രത്യക്ഷബോധത്തിന്റെ സൃഷ്ടിയുമാണ് അത് ലക്ഷ്യം വയ്ക്കുന്നത്. പ്രസ്ഥാനങ്ങളുടെ പാര്‍ശ്വസ്ഥലികളില്‍ എവിടെയും (എപ്പോഴും) തന്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് സമതലങ്ങള്‍ക്കു മീതെ ഉദിച്ച നക്ഷത്രമെന്നതുപോലെ അദ്ദേഹം നിലകൊള്ളുന്നു. പുരോഗമനസാഹിത്യകാരിലും, ആധുനികരിലും ഇന്ന് ഉത്തരാധുനികരിലും എവിടെയും ഒരു എം.ടി. ഉണ്ടെന്ന മുകുന്ദന്റെ നിരീക്ഷണം എം.ടിയുടെ വ്യക്തിത്വത്തെ ഒരുതരത്തില്‍ സത്താപരമായ ഏകതാനതയിലേക്ക് ചുരുക്കുന്നതാണെങ്കിലും പരോക്ഷമായി ഈ സത്യത്തെയാണ് തെളിച്ചുകാട്ടുന്നത്. (എം. മുകുന്ദന്‍, നമ്മിലെ എം.ടി, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഫെബ്രുവരി 10, 1996, പുറം 40) പ്രവാഹസ്വഭാവമുള്ള ഈ മൗലികത തന്നെയാണ് എം.ടിയെ ഈ സഹസ്രാബ്ദത്തിന്റെ ആസന്നമരണ ചിന്തകളിലേക്ക് ആനയിക്കുന്നതും - വരുന്ന നൂറ്റാണ്ടിനെ സംബന്ധിച്ച പ്രതീക്ഷാനിര്‍ഭരമായ ചിന്തകളിലേക്കും കഥ എന്ന പ്രതിഭാസത്തിന്റെ നിത്യതയിലുള്ള ഏകാഗ്രമായ വിശ്വാസമാണ് എം.ടിയെ കാലത്തിലൂടെ ഉയിര്‍ക്കുവാന്‍ സഹായിക്കുന്നതെന്നു പറയാം. എങ്കില്‍ അത്തരം അനുഭവങ്ങള്‍ - സങ്കല്പങ്ങള്‍ - വിശ്വാസങ്ങള്‍ - ഇവയാണ് അന്വേഷിക്കുവാനുള്ളത്. എം.ടിയുടെ കഥാപാത്രങ്ങളേയും അനുഭവക്കുറിപ്പുകളെയും മുന്‍നിര്‍ത്തി കഥ എന്ന പ്രതിഭാസത്തെ മനസ്സിലാക്കുവാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. അങ്ങനെയുള്ള ഒരു ശ്രമം ആദ്യം തന്നെ നേരിടുന്ന പ്രശ്‌നം അത്തരം ആവിഷ്‌കാരങ്ങളൊക്കെയും അപൂര്‍ണ്ണങ്ങളും ആദര്‍ശാത്മകങ്ങളും ആയ പ്രകാശനങ്ങളുടെ ഗണത്തിലാണ് പെടുക എന്നതാണ്. അതുകൊണ്ട് രചനയുടെ വര്‍ത്തമാനത്തെ മുന്‍നിര്‍ത്തി ''എം.ടി. എഴുതുമ്പോള്‍...'' എന്ന പ്രശ്‌നം അന്വേഷണത്തിന്റെ ലക്ഷ്യമാകുന്നു. ആഖ്യാനം, അപരവീക്ഷണം ''വാസ്തവത്തില്‍ അനേകം വാതിലുകളും ജാലകങ്ങളുമുള്ള മഹാസൗധങ്ങളായിരിക്കണം നോവലുകള്‍. ഇരുണ്ട ഇടനാഴികളും വെളിച്ചം നിറഞ്ഞ തളങ്ങളും കൂറ്റന്‍തൂണുകളും പട്ടുവിരികളും വിഴിപ്പുഭാണ്ഡങ്ങളും അതിലവിടവിടെയായി കണ്ടെന്നുവരും... ആ സൗധത്തിന്റെ ജാലകപ്പഴുതുകളിലൂടെ അതിന് പശ്ചാത്തലമായി നില്‍ക്കുന്ന കാലത്തിന്റെയും ജീവിതത്തിന്റെയും വിശാലഭൂമികകള്‍ നമുക്ക് കാണാന്‍ കഴിയണം...'' (എം.ടി. കാഥികന്റെ പണിപ്പുര, കറന്റ് ബുക്സ് തൃശൂര്‍, പുറം 34) എം.ടിയുടെ കഥാലോകത്തേക്ക് പ്രവേശിക്കും മുന്‍പ് ഒരു മുന്നുരയെന്നോളം ഈ വാക്യങ്ങള്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നോവല്‍ നിര്‍മ്മിതിയെ വാസ്തുവിദ്യാപരമായ ഒരു ഘടനയായി അദ്ദേഹം കാണുന്നു എന്നതാണ് ഇവിടെ ശ്രദ്ധേയമായ വസ്തുത. രണ്ടാമതായി അദ്ദേഹം, തന്നെ ആ ഘടനയ്ക്കുള്ളില്‍ സ്വയം പ്രതിഷ്ഠിക്കുന്നു എന്നതും അതിന്റെ ജാലകങ്ങളിലൂടെയുള്ള ഒരു ബാഹ്യവീക്ഷണം സങ്കല്പിക്കുന്നു എന്നുള്ളതും പ്രധാനമാകുന്നു. എം.ടി. എഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ സങ്കല്പത്തിലെ നോവലിനെക്കുറിച്ചാണ് ഇതു സംസാരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇവിടെ ആഖ്യാനം എന്ന സങ്കല്പത്തിനു പകരം ഉപയോഗിച്ചിരിക്കുന്നത് വീക്ഷണം എന്ന പ്രക്രിയയാണ് എന്നതും ഓര്‍ക്കുക. (നിര്‍മ്മിതിയെ സംബന്ധിച്ച സങ്കല്പങ്ങള്‍... കണ്ടെന്നുവരും, കാണാന്‍ കഴിയണം എന്ന പ്രയോഗങ്ങള്‍; ഇക്കാര്യം കഥാപാഠത്തെ മുന്‍നിര്‍ത്തി ഇനിയും ചര്‍ച്ച ചെയ്യുന്നതാണ്). മലയാള വിമര്‍ശകര്‍ ഒട്ടേറെ ചര്‍ച്ച ചെയ്തുകഴിഞ്ഞ വ്യര്‍ത്ഥമായ ഒരു ചിരിയുടെ പ്രതിദ്ധ്വനിയിലവസാനിക്കുന്ന നാലുകെട്ടിനെ സംബന്ധിച്ച അപ്പുണ്ണിയുടെ ആ വാക്യങ്ങള്‍ ഇവിടെ ചേര്‍ത്തുവച്ചു വായിക്കാം. ''അമ്മ പേടിക്കേണ്ട, ഈ നാലുകെട്ട് പൊളിക്കാന്‍ ഏര്‍പ്പാടു ചെയ്യണം. ഇവിടെ കാറ്റും വെളിച്ചവും കടക്കുന്ന ഒരു ചെറിയ വീടുമതി.'' (എം.ടി. നാലുകെട്ട്, കറന്റ് ബുക്സ് തൃശൂര്‍, 1999, പുറം 191). അപ്പുണ്ണി നാലുകെട്ടിനുള്ളിലാണെന്ന ബോധം നമ്മെ ഓര്‍മ്മിപ്പിക്കുന്നതാണ് തുടര്‍ന്നുള്ള വിവരണം: ''അയാള്‍ ഉറക്കെ ചിരിച്ചു. ആ ചിരിയുടെ ശബ്ദം പൊട്ടിയ ഭിത്തികളില്‍ തുരുമ്പിച്ച തൂണുകളില്‍ ഇരുണ്ട മൂലകളില്‍ തട്ടിത്തിരിച്ചുവന്നു...'' (പുറം 191). ഒരു ഉപരിപ്ലവവീക്ഷണത്തില്‍ ഈ കൂട്ടിവായന കാല്പനികവിമര്‍ശനത്തിന്റെ അടിസ്ഥാനമായ എഴുത്തുകാരന്റെ ആത്മനിഷ്ഠത എന്ന ഘടകത്തെയാണ് ലക്ഷ്യംവയ്ക്കുന്നത് എന്നുതോന്നാം. പക്ഷേ, അപ്പുണ്ണിയുടെ പ്രസ്താവം അത്തരം സിദ്ധാന്തങ്ങളുടെ സാദ്ധ്യതയെപ്പോലും തുടച്ചുനീക്കുന്നു എന്നുള്ളതാണ് വാസ്തവം. അപ്പുണ്ണി താനിരിക്കുന്ന നാലുകെട്ട് കാറ്റും വെളിച്ചവും കടക്കുന്നതല്ലെന്നും അത് തുറന്ന ഘടനയല്ലെന്നും മറിച്ച് അടഞ്ഞ, വീര്‍പ്പുമുട്ടിക്കുന്ന ഒന്നാണെന്നുമാണ് അഭിപ്രായപ്പെടുന്നത്. അപ്പുണ്ണിയുടെ അനുഭവങ്ങള്‍ നമ്മെ അങ്ങനെ ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുക കൂടി ചെയ്യുന്നു. സൗധം വാസ്തുവിദ്യാപരമായ ഘടന നാലുകെട്ട് എന്നിവയെ കഥാത്മക സ്ഥലത്തെ സംബന്ധിച്ച രൂപകം എന്നു വികസിപ്പിച്ചാല്‍ അപ്പുണ്ണിയുടെ ലോകം എം.ടിയുടെ നോവല്‍ സങ്കല്പത്തിനെതിരാണ്. അഥവാ അപ്പുണ്ണി സ്വയം നോവലിനുള്ളില്‍ സ്ഥിതീകരിച്ചുകൊണ്ട് അനുഭവങ്ങളുടെ അടഞ്ഞ ഘടനയ്ക്കുള്ളില്‍നിന്നും എം.ടിയുടെ ആദര്‍ശാത്മക നോവല്‍ സങ്കല്പത്തെ നിരാകരിക്കുകയോ, നശിപ്പിക്കുകയോ ചെയ്യുകയായിരുന്നുവെന്നും പറയേണ്ടിവരും. അപ്പുണ്ണിയുടെ ചിരി ഈ അര്‍ത്ഥത്തില്‍ മുന്‍വര്‍ത്തിക്കുന്ന എഴുത്തുകാരനെതിരെയുള്ള മൂര്‍ത്തമായ പരിഹാസവുമാണ്. എന്നാല്‍, പൊളിയുന്ന നാലുകെട്ട് എന്ന ഒരു പ്രതീക്ഷ അയാളുടെ ഭാഷണം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു. ഒരുപക്ഷേ, നോവലിന്റെ പൂര്‍ണ്ണതയില്‍നിന്നും വീണ്ടും കാറ്റും വെളിച്ചവും കടക്കുന്ന ഒരു ഘടന എന്ന രീതിയിലെ ഒരു സങ്കല്പം ആരംഭിക്കുന്നു എന്നു പറയേണ്ടിവരുന്നു. മാനസനിര്‍മ്മിതി എന്നു വിശേഷിപ്പിക്കാവുന്ന ഇത്തരത്തിലെ ഒരു രചനാസങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് എം.ടി. കാല്പനികനാവുന്നത്; എഴുതിയ നോവല്‍ - എഴുതപ്പെടാത്ത ഒരു നോവലിനെ ഓര്‍മ്മിപ്പിക്കുമ്പോള്‍ 'നാലുകെട്ടി'ല്‍ മാത്രമല്ല, 'അസുരവിത്തി'ലും ഇങ്ങനെ പൂര്‍ണ്ണതയില്‍ നിന്നാരംഭിക്കുന്ന മറ്റൊന്നിനെക്കുറിച്ചുള്ള സങ്കല്പം കാണാം: '...നടുവില്‍, കടന്നുപോയവരുടെയെല്ലാം കാല്‍പ്പാടുകളില്‍ കരിഞ്ഞ പുല്ലുകള്‍ നിര്‍മ്മിച്ച ഒറ്റയടിപ്പാത നീണ്ടുകിടക്കുന്നു - പ്രിയപ്പെട്ടവരേ... തിരിച്ചുവരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്...'' (എം.ടി. അസുരവിത്ത്, ഡി.സി. ബുക്സ്, 1999. പുറം 248) നോവല്‍ അവസാനിക്കുമ്പോള്‍ ഗോവിന്ദന്‍കുട്ടിയുടെ മുന്‍പില്‍ ''പുതിയ മേച്ചില്‍സ്ഥലങ്ങള്‍ ആരംഭിക്കുന്നു.'' മാത്രവുമല്ല കിഴക്കുംമുറിക്കാരെ ഗോവിന്ദന്‍കുട്ടി സംബോധന ചെയ്യുന്നത് പ്രിയപ്പെട്ടവരേ എന്നാണ്. തന്നെ വേട്ടയാടിയവരെ കൊലചെയ്യാന്‍ മങ്കൊമ്പിന്റെ പിടിയുള്ള പീശാംകത്തി കരുതിയ ഒരാള്‍ - പ്രിയപ്പെട്ടവരേ എന്നു സംബോധന ചെയ്യുക ഇത് അനുഭവങ്ങളുടെ അടഞ്ഞ ഘടനയില്‍നിന്നും പുറത്തേക്കുള്ള ഗോവിന്ദന്‍കുട്ടിയുടെ വീക്ഷണത്തെ സംബന്ധിച്ച സൂചനയാണ്. അഥവാ, എഴുതപ്പെടാത്ത ഒരു പുതിയ നോവലിലെ ചിത്രീകരിക്കപ്പെടാനിരിക്കുന്ന കിഴക്കുംമുറിയെ സംബന്ധിക്കുന്ന സൂചനയത്രെ. 'കാല'ത്തിന്റെ അവസാനം സേതുവിനൊപ്പമെത്താന്‍ വലിഞ്ഞിഴയുന്ന അയാളുടെ നിഴല്‍ നാം കാണുന്നു. അയാളാകട്ടെ താനെഴുതിയ കവിത പഴയ മുറിക്കുള്ളില്‍ കോറിയിട്ടത് മറന്നുപോയിരിക്കുന്നു. (എം.ടി: കാലം, കറന്റ് ബുക്സ്, തൃശൂര്‍, 1996, പുറം, 277) അനുഭവങ്ങളുടെ മറവിയില്‍നിന്നും ഒരു വാതില്‍പ്പുറവീക്ഷണത്തിന്റെ സൂചനയിലൂടെ ഇവിടെയും എഴുതപ്പെടാനുള്ള ഒന്ന് വ്യഞ്ജിപ്പിക്കപ്പെടുന്നു. (അനുഭവങ്ങളെ മറവിയിലാഴ്ത്തുന്ന അനുഭവങ്ങളുടെ അടഞ്ഞ ഘടനയില്‍ നിന്നുമുള്ള മുക്തിയെ സംബന്ധിച്ച ധ്യാനത്തിലെ അജ്ഞാതമായ അനുഭവം - അതുതന്നെയാണ് കാലം). എഴുതപ്പെട്ട കഥ/എഴുതപ്പെടാനുള്ള കഥ എന്ന യുഗ്മം കഥാപ്രപഞ്ചത്തെ മുന്‍നിര്‍ത്തി താത്വികമായ പാരായണം (കാഴ്ച) എന്ന ഘടകത്തിനെയാണ് പ്രസക്തവല്‍കരിക്കുന്നത്. ആഖ്യാനത്തെ വീക്ഷണം എന്ന സങ്കല്പം കൊണ്ട് സൂചിപ്പിക്കുമ്പോള്‍ വായന എന്നത് അപരവീക്ഷണം എന്നാകുന്നു. എന്താണ് ഈ അപരവീക്ഷണം? എം.ടിയുടെ വ്യക്തിത്വത്തിലെ ഈ അനേകതകളെ വ്യുത്പാദിപ്പിക്കുന്നതില്‍ ഇതിന് എന്തുപങ്കാണുള്ളത്? എന്നിങ്ങനെയുള്ള വസ്തുതകളാണ് ഇനിയും അന്വേഷിക്കുവാനുള്ളത്. എം.ടിയുടെ കഥാപ്രപഞ്ചത്തില്‍ ആവര്‍ത്തിച്ച് കാണപ്പെടുന്ന പാഠാന്തരത ഇവിടെ ശ്രദ്ധേയമാണ്. രണ്ടാമൂഴം പോലെയുള്ള രചനകളില്‍ പ്രഥിതമായ ഒരു പൂര്‍വ്വപാഠം കണ്ടെത്താനാവും. മറ്റു പല കഥകളും മുന്‍കാല കഥകളുടെ പാഠഭേദങ്ങള്‍ എന്ന രീതിയില്‍ നിലകൊള്ളുകയും ചെയ്യുന്നു. എം.ടി തന്റെ കൃതികളില്‍ പലപ്പോഴും സംരചനാത്മകമായ ഒരു പൂര്‍വ്വനിര്‍മ്മിതിയെ വീക്ഷണവിധേയമാക്കുന്നുണ്ട്. നോവലുകളെ മുന്‍നിര്‍ത്തിയുള്ള ഒരു പിന്‍അവലോകനത്തില്‍ കൂടുതല്‍ കൂടുതല്‍ മുന്‍കാലങ്ങളിലേക്ക് ഈ രചിതപാഠം നീട്ടിവയ്ക്കപ്പെടുന്നതു കാണാം. (നോവലിനെക്കുറിച്ചുള്ള ആദര്‍ശാത്മക വീക്ഷണത്തിലെ വാസ്തുവിദ്യാപരമായ നിര്‍മ്മിതിയും കാഴ്ച എന്ന സങ്കല്പവും ഇവിടെ ഓര്‍മ്മിക്കാം). എഴുതപ്പെട്ട പാഠം പാരായണത്തിന് വിധേയമാകുമ്പോഴാണ് എഴുതപ്പെടാനുള്ള കഥ എന്ന സങ്കല്പം സംജാതമാകുന്നത്. കഥാത്മകസ്ഥലത്തെ അനുഭവങ്ങളെ ആത്മനിഷ്ഠമായി സമീപിക്കുകയും കഥാപാത്രത്തിന്റെ അനുഭവവൃത്തത്തില്‍ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് ഇത്തരം അപരവീക്ഷണത്തിന്റെ സ്വഭാവം എന്ന് പ്രാഥമികമായി പറയാം. പാത്രബോധത്തെ ആശ്രയിച്ചുകൊണ്ടുള്ള ഇത്തരം ഘടനാപരമായ പാരായണങ്ങള്‍ ബാഹ്യമായ ഒരു ഉപപാഠത്തിന്റെ ഗ്രഹണത്തിലൂടെ പാത്രാധിഷ്ഠിതമായ ബോധത്തില്‍ ജീവിക്കുന്നതിന് നിദാനമായിത്തീരുന്നത് കാണാനാവും. നടന്റെ കഥാപാത്രവത്കരണം എന്ന പ്രശ്‌നത്തെ സമീപിക്കുമ്പോള്‍ നാടകശാസ്ത്രകാരന്മാര്‍ ഇത്തരമൊരു പാരായണത്തെ സൂചിപ്പിക്കുന്നത് ഇക്കാര്യം മനസ്സിലാക്കുവാന്‍ കൂടുതല്‍ സഹായിക്കുന്നതാണ്. (സ്റ്റാനിസ്ലാവ്‌സ്‌കിയുടെ 'ക്രിയേറ്റിങ് എ റോള്‍' എന്ന ഗ്രന്ഥം കാണുക) മാനസികയാഥാര്‍ത്ഥ്യത്തിന്റെ (വൈകാരികവത്കരണത്തിന്റെ) ഒരു ഉപാധിയായി ഇത്തരം പാരായണം കഥാത്മകസ്ഥലത്തിനു പുറത്ത് ഒരു വീക്ഷണകേന്ദ്രത്തെ സങ്കല്പിക്കുന്നുണ്ട്. എന്തുതന്നെയായാലും അരചിതമായ ഒരു പാഠം എന്ന സങ്കല്പം അത്തരം പാരായണം ഉല്പാദിപ്പിക്കുന്നു എന്നതാണ് ഇവിടെ പ്രധാനമായ സംഗതി. സംഭവങ്ങളുടെ ഒരു വിധത്തിലെ വീക്ഷണത്തിനു നേരെയുള്ള ഒരു അപരവീക്ഷണമാണ് ഇത്തരത്തിലെ ധ്വന്യാത്മകത സൃഷ്ടിക്കുന്നത് എന്നു പറയുമ്പോള്‍ കഥ എന്ന സങ്കല്പത്തിലേക്ക് രചനാപരമായ ചില സൂചനകള്‍ ലഭിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു രചിതപാഠത്തെ മുന്‍നിര്‍ത്തി ഇത് വിശദീകരിക്കേണ്ടതുണ്ട്. ഉദാഹരണമായി നാലുകെട്ടുതന്നെ വീണ്ടുമെടുക്കാം. നാലുകെട്ടിലെ സംഭവപരമ്പരകള്‍ വിവരിക്കപ്പെടുന്നത് സവിശേഷമായ ഒരു രീതിയിലാണ്. കഥാപാത്രങ്ങളുടെ ആന്തരികവും ബാഹ്യവുമായ ഇടപാടുകളെ ചിത്രീകരിക്കുന്നതിലൂടെയാണ് ഇത് സാധിതമാകുന്നത്. അതായത് കഥാപാത്രങ്ങളുടെ മാനസികവും ഭൗതികവുമായ പരിസരങ്ങളെ വ്യക്തമാക്കിക്കൊണ്ടുള്ള ഒരുതരം സുതാര്യവത്കരണം ഈ ആഖ്യാനത്തിന് (കാഴ്ചയ്ക്ക്) ഉണ്ട് എന്നു സാരം. അങ്ങനെ കഥാത്മകസ്ഥലം ചിന്തകളുടേയും ക്രിയകളുടേയും സമ്മിശ്രതകളിലൂടെയാണ് നിര്‍മ്മിതമാകുന്നത്. അപ്പുണ്ണി-പാറുക്കുട്ടി ശങ്കരന്‍ നായര്‍-മാളു അച്ചമ്മ-കുട്ടന്‍ നായര്‍ എന്നീ പാത്രങ്ങളെ കേന്ദ്രമാക്കിയാണ് ഈ ആഖ്യാനരീതി പുരോഗമിക്കുന്നത് നോവലില്‍ അവതീര്‍ണ്ണമാകുന്ന കഥയാകമാനം മുന്‍പ് സൂചിപ്പിച്ച കഥാപാത്രങ്ങളെ 'കേന്ദ്രീകരിച്ചുകൊണ്ട്' (focalize ഇതു ഫിലിം നരേറ്റോളജിയില്‍നിന്നും - എം.ടി മുന്നോട്ടുവയ്ക്കുന്ന കാഴ്ച എന്ന സങ്കല്പത്തിനനുപൂരകമായി - കടംകൊണ്ട സംജ്ഞയത്രെ) അവരുടെ കാഴ്ചകള്‍, മാനസികാനുഭവങ്ങള്‍, ക്രിയകള്‍, വിചാരങ്ങള്‍ എന്നിവയിലേക്കുള്ള കാഴ്ച എന്ന നിലയിലാണ് ചുരുള്‍ നിവരുന്നത്. വലിയമ്മാമ്മ-കുഞ്ചുക്കുട്ടി-ഭാസ്‌കരന്‍-തങ്കം-അമ്മിണി എന്നീ കഥാപാത്രങ്ങളെ ആഖ്യാനത്തില്‍ നാം നേരിട്ട് പരിചയപ്പെടുന്നില്ല. അവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളുടെ കാഴ്ചകളിലൂടെയും വിചാരങ്ങളിലൂടെയും അവതരിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. ആഖ്യാനത്തില്‍ ആന്തരികകേന്ദ്രീകരണത്തില്‍ വിധേയമാകുന്ന കഥാപാത്രങ്ങള്‍ കഥാപ്രപഞ്ചത്തില്‍ ഒരു പ്രത്യേക അധികാരതലത്തിലാണ് അധിവസിക്കുന്നത് എന്നതും ശ്രദ്ധേയമാണിവിടെ. വലിയമ്മാമ്മയുടെ ഭരണത്തിന്‍കീഴിലെ നാലുകെട്ടില്‍ അവര്‍ വിധേയരാണ്. അതായത് നാലുകെട്ടിന്റെ ചിത്രം ഇവിടെ തിക്താനുഭവങ്ങളുടെ സ്ഥലരാശിയായ വിധേയഭൂപടമാണ് - പിന്നാമ്പുറത്തുനിന്നോ ഇരുളടഞ്ഞ ഇടനാഴിയില്‍ നിന്നോ പൂമുഖത്തേക്കുള്ള ഒരു പാളിനോട്ടം എന്നതുപോലെ. ഈ കഥാപാത്രങ്ങള്‍ക്കൊക്കെയും അനുഭവാത്മകവും പ്രതികരണപരവുമായ വ്യതിരിക്തതകള്‍ ഉണ്ടെന്നിരിക്കലും അവയെ ഏകീകരിക്കുന്ന ഒരു ഘടകമത്രെ ഈ വീക്ഷണത്തിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഇനിയും സൂക്ഷ്മമായാല്‍ അപ്പുണ്ണിയെ കേന്ദ്രമാക്കി പരസ്പരമുള്ള ബന്ധശ്രേണികളുടെ വിവരണം എന്ന നിലയിലേക്ക് ആഖ്യാനം പരിവര്‍ത്തിക്കപ്പെടുന്നതും കാണാനാവും. അപ്പുണ്ണിയുടെ വീക്ഷണത്തിലെ അഭിനിവേശങ്ങളും അയാളെ ചുറ്റിപ്പറ്റിയുള്ള കേന്ദ്രീകൃതപാത്രങ്ങളുടെ ബന്ധവിചിന്തനങ്ങളും തമ്മിലുള്ള പൂരകതയും വൈരുദ്ധ്യവും ഈവിധം വെളിവാകുകയും ചെയ്യുന്നു. തനിക്കിഷ്ടമില്ലാത്ത വലിയമ്മാമയുടെ മകളോട് അപ്പുണ്ണി പ്രകടിപ്പിക്കുന്ന അഭിനിവേശവും, മാളുവിനോടുള്ള താല്പര്യരാഹിത്യവും - ഒടുവില്‍ മാളുവിന്, അപ്പുണ്ണിയെന്നാല്‍ ജീവനാണ് എന്നു പറയുന്ന കുട്ടമ്മാമ്മയും - ഒക്കെ കേന്ദ്രീകരണത്തിന് മനശ്ശാസ്ത്രപരവും പ്രത്യയശാസ്ത്രപരവും വീക്ഷണാത്മകവുമായ തലങ്ങള്‍ ഉണ്ടെന്ന വസ്തുതയെയാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. അപ്പുണ്ണിയുടെ അനുഭവങ്ങളിലൂടെ രൂപപ്പെടുന്ന നാലുകെട്ട് എന്ന ഇടം അങ്ങനെ ഒരേസമയം മനശ്ശാസ്ത്രപരവും രാഷ്ട്രീയവിവക്ഷകളുള്ളതും ഒക്കെയായിത്തീരുന്നു. അത് അപ്പുണ്ണിയുടെ ബോധമണ്ഡലത്തില്‍ മാത്രം നിലനില്‍ക്കുന്ന വാസ്തുശില്പനിര്‍മ്മിതിയാണെന്നും മറന്നുകൂടാ. (കുട്ടന്‍നായര്‍ക്ക് അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തില്‍ ഭാഗിച്ചെടുക്കേണ്ട ഒരു അവകാശസ്ഥലമായിരുന്നു അതെന്ന് ഓര്‍ക്കുക) മാത്രവുമല്ല അത് ഒരേസമയം അനുഭവാത്മകവും സ്വപ്നാത്മകവും (അഭിലാഷങ്ങളെ മുന്‍നിര്‍ത്തി: ആഖ്യായികയുടെ ആദ്യവാചകം തന്നെ അങ്ങനെയൊരു സൂചനയും സമ്മാനിക്കാന്‍ പര്യാപ്തമാണല്ലോ) ആയ സ്ഥലങ്ങളുമായിരിക്കും. അപ്പുണ്ണിയുടെ പൊള്ളയായ ചിരി തട്ടി പ്രതിദ്ധ്വനിക്കുന്നത് തന്നെ വലയം ചെയ്യുന്ന ഈ ബോധപരമായ വാസ്തുരൂപത്തിലാണ്. എന്നാല്‍, വായനക്കാരനെ സംബന്ധിച്ച് ഇത് അപ്പുണ്ണിയുടെ സ്വകാര്യലോകം മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. അത് മനസ്സിലാക്കണമെങ്കില്‍ നാലുകെട്ടിന്റെ ആഖ്യാനരീതിയെ കുറച്ചുകൂടി അടുത്തുനിന്ന് വീക്ഷിക്കേണ്ടിയിരിക്കുന്നു. കഥാപാത്രങ്ങളെ സുതാര്യവത്കരിച്ചുകൊണ്ടുള്ള ആന്തരികകേന്ദ്രീകരണത്തിന്റെ ഒരു ചലനാത്മകമാതൃക സ്വയം തന്നെ മറ്റൊരു വീക്ഷകനെ സംബന്ധിച്ച സങ്കല്പവും ഉന്നയിക്കുന്നുണ്ട്. കഥാപാത്രങ്ങളെയും അവയെ കേന്ദ്രീകരിച്ച് രൂപമെടുക്കുന്ന ബാഹ്യവും ആന്തരികവുമായ ക്രിയകളെയും 'വീക്ഷിക്കുന്ന ഒരാള്‍' അഥവാ ഒരു 'അപരവീക്ഷകന്‍' വിവരണകലയില്‍ മനശ്ശാസ്ത്രപരവും വീക്ഷണപരവുമായ റിയലിസത്തിന്റെ ക്രാഫ്റ്റുകൊണ്ട് മറയ്ക്കപ്പെടുന്ന ഒരു വീക്ഷണകേന്ദ്രമാണിത്. നോവലിന്റെ മുഴുവന്‍ ആഖ്യാനഘടനയില്‍നിന്നും വ്യത്യസ്തത പുലര്‍ത്തുന്നതായി തോന്നുന്ന അവസാന അദ്ധ്യായത്തില്‍ അത്തരം ഒരു ആഖ്യാതാവ് പ്രത്യക്ഷമാവുന്നത് കാണാം. നിരന്തരമുള്ള മറയ്ക്കപ്പെട്ട സാന്നിദ്ധ്യത്തോടെ കുടിയിരിക്കുന്ന ഈ വീക്ഷണസ്ഥാനം കഥാപാത്രങ്ങളുടെ അനുഭവവൃത്തങ്ങളെ നിരീക്ഷിക്കുക മാത്രമല്ല ചെയ്യുന്നത്. (രാഷ്ട്രീയാഭിമുഖ്യമുള്ള ചില കഥകളില്‍ കാണുംപോലെ അവതീര്‍ണ്ണമായ അനുഭവവൃത്തത്തെ അപഗ്രഥിക്കുവാനോ വിലയിരുത്തുവാനോ ഉള്ള ഒരു സാദ്ധ്യത എന്ന നിലയില്‍ ഈ വീക്ഷണസ്ഥാനം പരിവര്‍ത്തിക്കപ്പെടുന്നുമില്ല). അത് കഥാപ്രപഞ്ചത്തെ കാല്പനികവത്കരിക്കുക കൂടി ചെയ്യുന്നു. അനുഭവങ്ങളുടെ ഘടനയില്‍നിന്നും പുറത്തുകടക്കുന്ന എഴുതപ്പെടാത്ത ഒരു പാഠത്തെ ഈ ആഖ്യാതാവ് ധ്വനിപ്പിക്കുകയാണ് അവസാന അദ്ധ്യായത്തില്‍. അതിനായി ഈ വീക്ഷണസ്ഥാനം അപ്പുണ്ണിയുമായി മുന്‍പ് സൂചിപ്പിച്ച രീതിയിലെ ബോധാത്മകമായ ആമഗ്‌നതയുടെ അടിസ്ഥാനത്തിലെ ഒരു ആത്മനിഷ്ഠമായ പാരായണത്തില്‍ ഏര്‍പ്പെടുന്നു. നാലുകെട്ടില്‍ എന്നല്ല ഈ അപരവീക്ഷണം അസുരവിത്തിലും കാലത്തിലുമെല്ലാം അനുഭവവൃത്തങ്ങളെ മറ്റൊന്നിനെ ധ്വനിപ്പിച്ചുകൊണ്ട് കാല്പനികവത്കരിക്കുന്നത് നാം കാണുന്നു. നാലുകെട്ടിനെ അപേക്ഷിച്ച് ഈ രണ്ടു നോവലിലും ഈ അപരസ്ഥാനം കുറെക്കൂടി സുവ്യക്തവുമാണ്. അസുരവിത്തില്‍ കഥാപാത്രങ്ങളില്‍ കേന്ദ്രീകരിക്കപ്പെടാത്ത ചില സംഭവങ്ങളുടെ വിവരണത്തിലൂടെ ഈ വീക്ഷകന്‍ ഇടയ്ക്കിടെ പ്രത്യക്ഷമാവുന്നുണ്ട്. കാലത്തിലാകട്ടെ ജീവിതത്തെ സംബന്ധിച്ച കാല്പനികമായ ഒരു സാദ്ധ്യതാബോധത്തിന്റെ അടിസ്ഥാനത്തില്‍ ഈ കാര്യം കുറെക്കൂടി മൂര്‍ത്തമായി അവതരിപ്പിക്കപ്പെടുന്നു. തിരിച്ചുവരവിനുശേഷം സേതു നാട്ടിലെ അമ്പലത്തിന്റെ നടയ്ക്കല്‍ നിന്നു പ്രാര്‍ത്ഥിക്കുന്നത് ഒരിക്കല്‍കൂടി ഒരു അവസരം തരൂ എന്നാണ്. ''...കിട്ടാത്ത അവസരങ്ങള്‍ ഉരുവിട്ട് അടഞ്ഞ കോവിലുകള്‍ക്ക് പുറത്തുനില്‍ക്കുന്നു. എന്നും നാം നില്‍ക്കുന്നു. ഒരിക്കല്‍ കൂടി! ഒരിക്കല്‍ കൂടി!...'' (പുറം 273) മനുഷ്യാവസ്ഥയെന്ന നിലയിലെ ഒരു സാമാന്യവത്കരണത്തിലൂടെ കാല്പനികമായ ആ സാദ്ധ്യത അപ്പുണ്ണിയെപ്പോലെ സേതുവും തിരിച്ചറിയുകയാണിവിടെ. മഞ്ഞിലാകട്ടെ ഈ കാല്പനികനയങ്ങളോട് വീക്ഷണം പങ്കുവയ്ക്കാന്‍ വിമലയ്ക്കുള്ള സാദ്ധ്യത അല്പംകൂടി വിപുലമാകുന്നു. ഓര്‍മ്മകളിലൂടെയുള്ള തിരിച്ചുപോക്കിനും ഭാവിയെ സംബന്ധിച്ച വിചിന്തനങ്ങള്‍ക്കും സാദ്ധ്യതയേറിയ ഒരു വര്‍ത്തമാനസന്ധിയിലാണല്ലോ വിമല നിലനില്‍ക്കുന്നത്. വരും വരുമെന്ന വിമലയുടെ പ്രതീക്ഷ ഒരു ആദര്‍ശാത്മകപാഠത്തെ ഇവിടെയും അനുസ്മരിപ്പിക്കുന്നു. എം.ടിയുടെ ആഖ്യായികാന്വേഷണങ്ങള്‍ പിന്നീടും ജീവിതസാദ്ധ്യതകളുടെ അതിസങ്കീര്‍ണ്ണമായ കൊടുമുടികളില്‍നിന്നും കാഴ്ചയില്‍ മാത്രം ജീവിക്കുന്ന താഴ്വരയിലെ വനങ്ങളിലേക്ക് സഞ്ചരിക്കുന്നത് കാണാനാകും. രണ്ടാമൂഴത്തില്‍ ഈ അപരവീക്ഷണം ശബ്ദരൂപത്തില്‍ അവതരിക്കുന്നു: ''മഹാപ്രസ്ഥാനത്തിനൊരുങ്ങിയ നാല്‍വരും ഉറങ്ങിക്കഴിഞ്ഞു. ദ്രൗപതിയും. ഭീമസേനന്റെ കഥ ഇവിടെ അവസാനിക്കുന്നില്ല. കഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ലെന്ന്. സൂതരേ, നിങ്ങള്‍ പറയാറുള്ളതുപോലെ...'' (എം.ടി. രണ്ടാമൂഴം, ഡി.സി. ബുക്സ്, 1999, പുറം 285) ഇതിഹാസങ്ങളില്‍നിന്നും വൈയക്തികതയുടെ താഴ്വരകളിലേക്ക് ഇറങ്ങിവന്ന ഭീമന്റെ പാത്രസൃഷ്ടി സംഭവധാരകളുടെ വിവരണത്തിലൂടെ ജീവിതത്തിന്റെ ഒരു സാദ്ധ്യതയെ കണ്ടെത്തിയശേഷം അനുഭവാതീതമായ ഒരു ജീവിതത്തെ ധ്വനിപ്പിക്കുകയാണ് ഇവിടെയും. രണ്ടാമൂഴം ഈ വിധം ചിന്തിക്കുമ്പോള്‍ ജീവിതത്തിന്റെ സാദ്ധ്യതയ്ക്കുമേല്‍ രണ്ടാംതവണയുള്ള കാല്പനികവത്കരണമാണ്. എം.ടിയുടെ കഥാത്മകലോകം കഥ എന്ന സങ്കല്പത്തിന് സവിശേഷമായ ഒരര്‍ത്ഥമാണ് നല്‍കുന്നത് എന്നതാണ് ഈ അവലോകനങ്ങള്‍ വ്യക്തമാക്കുന്നത്. രചിതവും അരചിതവുമായ പാഠങ്ങള്‍ എന്ന ദ്വന്ദ്വത്തിന്റെ ബലരേഖകളിലൂടെയാണ് ഇവിടെ കഥാത്മകത എന്ന ഘടകം രൂപീകൃതമാകുന്നത്. മാത്രവുമല്ല, ആഖ്യാനമെന്നത് ഒരു ദൃശ്യാത്മകസംജ്ഞയായി വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. കാഴ്ചയുടെ സംജ്ഞാവലികളിലൂടെ നിലനില്പു കണ്ടെത്തുന്ന ആഖ്യാതാവ് ഈ വിധം, വീക്ഷണപരമായ ഒരു രണ്ടാമൂഴം മാത്രമല്ല, മറിച്ച് രണ്ടാംതവണയില്‍നിന്നും അനന്തതയിലേക്കുള്ള ദൃശ്യസാദ്ധ്യതയെയാണ് പിന്നീടും സൃഷ്ടിക്കുന്നത്. വീക്ഷകന്റെ ദ്വന്ദ്വവ്യക്തിത്വം അവസാന അദ്ധ്യായത്തില്‍ സാന്നിദ്ധ്യം വെളിവാക്കുന്നു എന്ന് മുന്‍പ് സൂചിപ്പിച്ച അപരവീക്ഷകന്‍ പ്രത്യക്ഷത്തില്‍ കാണുംപോലെ ഏകതാനതയുള്ള ഒരു തൃതീയപുരുഷ വീക്ഷണകേന്ദ്രം മാത്രമല്ല, ദ്വന്ദ്വാത്മകത പ്രകടിപ്പിക്കുന്ന സവിശേഷമായ ഒരു വര്‍ത്തനതയാണ് അതിനുള്ളത്. അനുഭവങ്ങളുടെ ഘടനയ്ക്കുള്ളില്‍ സ്വയം പ്രതിഷ്ഠിച്ചുകൊണ്ടുള്ള - പാത്രബോധത്തിലേക്ക് ആവാഹിക്കപ്പെട്ടുകൊണ്ടുള്ള (കാല്പനികമായ) കാഴ്ച ആദര്‍ശാത്മകമായ, ഒരു ഉപപാഠത്തിന്റെ സൂചനകള്‍ നല്‍കുന്നു എന്നുപറയുമ്പോള്‍, ഈ അപരവീക്ഷകന്‍ യഥാര്‍ത്ഥത്തില്‍ ഒരു ഇരട്ടക്കെട്ടിലകപ്പെടുകയാണ്. ആദര്‍ശാത്മകമായ ഒരു അനന്തരപാഠത്തെ തള്ളിക്കളയുകയാണെങ്കില്‍ അയാള്‍ കഥാപാത്രത്തിന്റെ ആത്മവൃത്തത്തില്‍ സ്ഥിതീകൃതമാകും. അങ്ങനെയല്ലെങ്കില്‍ സങ്കല്പസ്ഥലിയില്‍ നിന്നുകൊണ്ട് ദുരന്തബോധത്തിന്റെ ആഴമുള്ള നയനങ്ങളില്‍ അയാള്‍ കഥാപാത്രത്തെ വീക്ഷിക്കുകയാവും ചെയ്യുക. (അപ്പുണ്ണി അങ്ങനെയായത് അതിനാലാണ് എന്നതുപോലെയുള്ള ഒരു വീക്ഷണം) കഥാത്മലോകത്തിലെ കാലം ആ നിമിഷങ്ങളില്‍ അളയിട്ട സര്‍പ്പത്തെപ്പോലെ അയാള്‍ക്കു മുന്‍പില്‍ ചലനം വെടിയും. വരണ്ടുപോയ പുഴപോലെ അയാള്‍ കാലത്തിന്റെ ശൂന്യതയെ സംബന്ധിച്ച ആശയം അപരിഹാര്യമായ ചോദ്യമായോ നിമിത്തമായോ മഹാമാരിയുടെ വിത്തുകള്‍ പോലെ കഥാപാത്രത്തിന്റെ ബോധത്തില്‍ വിതറും. കഥാപാത്രങ്ങളെ സംബന്ധിച്ച് ഇത് പ്രത്യഭിജ്ഞയുടെ മുഹൂര്‍ത്തമാണ്. പള്ളിവാളും അരമണിയും അണിഞ്ഞ അത്തരം വെളിപാടിന്റെ മുഹൂര്‍ത്തങ്ങളില്‍ അവര്‍ - സേതുവിനെപ്പോലെ ഇനിയുമൊരു ജന്മത്തിനായി പ്രാര്‍ത്ഥിക്കുന്നു - അപ്പുണ്ണിയെപ്പോലെ ചിരിക്കുന്നു - ഗോവിന്ദന്‍കുട്ടിയെപ്പോലെ പ്രവാസം ആരംഭിക്കുന്നു. താനൊരു മനുഷ്യനാണോ എന്ന ചോദ്യം മൊയ്തീനെപ്പോലെ സ്വയം ആത്മാവിലേറ്റുവാങ്ങുന്നു. (എം.ടി. പാതിരാവും പകല്‍വെളിച്ചവും, കറന്റ് ബുക്സ് 1984, പുറം 187) അല്ലെങ്കില്‍ വിമലയെപ്പോലെ നിഷ്‌ക്രിയത്വത്തിന്റെ തടാകത്തില്‍ ഉയര്‍ന്നുനില്‍ക്കുന്നു. ഈ വിവരണങ്ങള്‍ വീക്ഷകന്റെ ദ്വന്ദ്വവ്യക്തിത്വമാണ് കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി നമുക്ക് വെളിവാക്കിത്തരുന്നത്. എന്തെന്നാല്‍ അയാള്‍ ഒരേസമയം കഥാപാത്രത്തിന്റെ ആത്മസത്ത സൃഷ്ടിക്കുന്ന സൗകാര്യ ലോകത്തെയും അനുഭവങ്ങളുടെ അടഞ്ഞലോകത്തിന് അനന്തരമുള്ള ഒരു സാദ്ധ്യതയേയും പാഠത്തില്‍ പ്രതിഷ്ഠിക്കുന്നു എന്നത് നാം കണ്ടുകഴിഞ്ഞതാണ്. എഴുത്ത് എന്ന പ്രക്രിയ വീക്ഷകന്‍ എന്ന വ്യക്തിത്വത്തിലെ ഈ വിമുഖത യഥാര്‍ത്ഥത്തില്‍ സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ടു വ്യക്തികളെത്തന്നെയാണ് നിര്‍മ്മിച്ചെടുക്കുന്നത്. ഒരേസമയത്ത് രണ്ടിടങ്ങളില്‍... രണ്ടു വീക്ഷണസ്ഥാനങ്ങളില്‍ ആയിരിക്കുക എന്നതാണ് ഇവിടെ അന്തര്‍ഭവിക്കുന്ന പ്രശ്‌നം. അതായത് കഥാപാത്രവുമായുള്ള സ്വത്വസംബന്ധത്തിന്റെ ഇടവും, അയാളുടെ ജീവിതത്തെ ദുരന്തപൂര്‍ണ്ണമായി വീക്ഷിക്കുന്ന ഒരു അതീതസ്ഥാനവും രൂപപ്പെടുത്തുന്ന വ്യത്യസ്തമായ രണ്ടു വീക്ഷണങ്ങള്‍. കഥാപാത്രാധിഷ്ഠിതമായ സ്വത്വസംബന്ധം എന്നത് സന്ദേഹങ്ങള്‍ ജനിപ്പിക്കാനിടയുണ്ട്. ആന്തരിക കേന്ദ്രീകരണത്തിന്റെ ഒരു വീക്ഷണസ്ഥാനം ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ നാം തെളിച്ചുകാട്ടുകയുണ്ടായി. അതില്‍നിന്നും വ്യത്യസ്തമാണ് ഈ വീക്ഷണകേന്ദ്രം. ആദിയില്‍ നാം കണ്ട വീക്ഷണകേന്ദ്രത്തിന്റെ മുഖ്യസ്വഭാവം അത് കാഴ്ചയില്‍ സൃഷ്ടിക്കുന്ന പരിമിതത്വമായിരുന്നു. അതായത് കഥാപാത്രങ്ങള്‍ക്ക് തങ്ങളുടെ അനുഭവലോകത്തിന് പുറത്തേക്ക് ഇവിടെ കാഴ്ച അസാദ്ധ്യമായിരുന്നു എന്നു സാരം. അത്തരം അജ്ഞതകള്‍ സൃഷ്ടിക്കുന്ന അന്ധബിന്ദുക്കളിലൂടെ അവരുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണായകമായി നിയന്ത്രിക്കപ്പെടുകയായിരുന്നു. മൂല്യവിചാരങ്ങളുടെ, സദാചാരത്തിന്റെ, വിശ്വാസസംഹിതകളുടെ, അനുഭവാസ്പദമായ ഭവിഷ്യത്ജ്ഞാനത്തിന്റെ ഒക്കെ പ്രശ്‌നങ്ങള്‍ ഈ കാഴ്ചയെ നിയന്ത്രിച്ചിരിക്കാം. ചരിത്രപരമായ കാലത്തിന്റെ (അപ്പുണ്ണിയുടെ കാലത്തിന്റെ) പ്രതിനിധാനമായിരുന്നു ഈ വീക്ഷണകേന്ദ്രം. ഇതില്‍നിന്നും ഭിന്നമായ ഒന്നാണ് ഇവിടെ വിവരിച്ച ആത്മകേന്ദ്രിതമായ വീക്ഷണസ്ഥാനം. ഇത് പാത്രത്തിന്റെ പ്രത്യക്ഷനയനങ്ങളില്‍നിന്നും ഭിന്നമായി അന്തര്‍നേത്രങ്ങളില്‍ സ്ഥിതീകരിക്കുന്നു. കഥാപാത്രത്തിന് തന്റെ പരിമിതലോകത്തിന് പുറത്തേക്കുള്ള കാഴ്ചയാണ് ഇതിലൂടെ ലഭ്യമാകുക. തൃതീയ പുരുഷാഖ്യാനത്തിന്റെ മുന്‍പ് സൂചിപ്പിച്ച കഥാപ്രകൃതങ്ങളെ സൂക്ഷ്മമായി വീക്ഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. തന്റെ ജീവിതത്തിന്റെ സാദ്ധ്യതകളെ സംബന്ധിച്ച ആദര്‍ശാത്മകചിന്തകള്‍ അയാളുടെ ബോധത്തില്‍ മനുഷ്യജീവിതത്തെ സംബന്ധിച്ച ദുരന്തബോധത്തെ സൃഷ്ടിക്കുന്നു. ഇത് നോവലില്‍ അപ്പുണ്ണിയുടെ മാത്രം പ്രശ്‌നമാണ് എന്നതോര്‍ക്കുക. അഥവാ മറ്റു പാത്രങ്ങള്‍ അതേസംബന്ധിച്ച് അജ്ഞരായിരുന്നു. പാതിരാവും പകല്‍വെളിച്ചവും എന്ന നോവലില്‍ മൊയ്തീന്‍ മനുഷ്യാവസ്ഥയെ സംബന്ധിച്ച തിരിച്ചറിവിലേക്കുണരുന്ന രംഗം ഇവിടെ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. താനൊരു മനുഷ്യനാണോ എന്ന ചോദ്യം അയാള്‍ തനിക്കു ചുറ്റുമുള്ള കട്ടപിടിച്ച ഇരുളില്‍ നിന്നാണ് ചോദിക്കുന്നത്. ''മൊയ്തീന്‍ ചിമ്മിനി കത്തിച്ച് പായയില്‍ എഴുന്നേറ്റിരുന്നു'' (പുറം 187) എന്ന പ്രസ്താവം മുന്‍പുള്ള അവസ്ഥയുമായി ചേര്‍ന്ന് ആന്ധ്യത്തെയും കാഴ്ചയേയും സംബന്ധിച്ച ഒരു അര്‍ത്ഥം ഉല്പാദിപ്പിക്കുന്നുണ്ട്. ഇരുളിലാണ്ട ലോകത്തില്‍ മൊയ്തീന്‍ മാത്രം നേടുന്ന സ്വകാര്യമായ ഒരു കാഴ്ചയാണിത്. (എം.ടി. വ്യക്തികളെ വീടിന്റെ പശ്ചാത്തലത്തില്‍ ഒറ്റപ്പെടുത്തുകയാണ് ചെയ്തത് എന്ന കെ.പി. അപ്പന്റെ അഭിപ്രായം ഇവിടെ ഓര്‍ക്കുക: 'മാറുന്ന മലയാള നോവല്‍') എഴുതപ്പെട്ടിട്ടില്ലാത്ത ഒരു പാഠത്തെ വ്യഞ്ജിപ്പിക്കുന്ന ഈ കാഴ്ചയില്‍നിന്നും വിഭിന്നമായി പരിമിതമായ കാഴ്ചവട്ടത്തിലേക്ക് ഒന്നുകൂടി പിന്‍തിരിഞ്ഞുനോക്കാം. കഥാപാത്രവാസ്തവികതയുടെ കാഴ്ചാപരമായ പരിമിതത്വം എന്ന ആശയം പാത്രനിഷ്ഠമായ ഒരു വീക്ഷണത്തില്‍നിന്നും വ്യക്തമാകുകയില്ല എന്നത് ഇവിടെ ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ പാത്രത്തിന്റെ നയനങ്ങളെ കവിഞ്ഞുനില്‍ക്കുന്ന ഒരു വീക്ഷണസ്ഥാനത്തിന്റെ അസ്തിത്വം - ഒരു അതിവീക്ഷണം - നാം അറിയുകയാണ്. ഈ വീക്ഷണസ്ഥാനം പാഠത്തില്‍ കുടികൊള്ളുന്നത് ചരിത്രപരമായ കാലത്തിന്റെ കഥാത്മകസ്ഥലത്തിന് പുറത്താണ്. എന്നാല്‍, സ്ഥലകാലങ്ങളുടെ അടിസ്ഥാനത്തില്‍ അതിനെ മൂര്‍ത്തമായി വിവരിക്കുക സുസാദ്ധ്യവുമല്ല. യഥാര്‍ത്ഥത്തില്‍ സ്വപ്നാത്മകമായ ഒരു അജ്ഞത അയാളെ തമസ്്കരിക്കുകയാണ്. പാരായണത്തിന്റെ മുഹൂര്‍ത്തത്തില്‍ വായനക്കാരന് സ്വയംസ്ഥിതീകരണത്തിനുള്ള സാദ്ധ്യതയെ വാഗ്ദ്ധാനം ചെയ്യുന്ന ഒരു ശൂന്യസ്ഥലമത്രെ ഇത്. വ്യത്യസ്തങ്ങളായ ഇടങ്ങളില്‍ നിലകൊള്ളുന്ന ഈ വീക്ഷണങ്ങളെ സംശ്ലേഷിപ്പിക്കുകയാണ് എഴുത്ത് എന്ന പ്രക്രിയ ചെയ്യുന്നത്. ഭാഷയുടെ പ്രവാഹത്തില്‍ ഈ അര്‍ത്ഥവൈവിദ്ധ്യങ്ങള്‍ ഉത്പ്ലവനം ചെയ്യുന്നു. അങ്ങനെയെങ്കില്‍ - ''എം.ടി. എഴുതുമ്പോള്‍...'' ചരിത്രപരമായ കാലം സ്ഥലരൂപം പൂണ്ട് നമുക്കു മുന്നില്‍ അവതരിക്കുന്നു. നാമാകട്ടെ സ്വപ്നാത്മകമായ ഒരു വീക്ഷണകേന്ദ്രത്തിലേക്ക് ദത്തെടുക്കപ്പെടുകയും ചരിത്രത്തിലെ സ്ഥലദൃശ്യങ്ങളെ നമ്മുടെ കാലത്തിന്റെ പ്രതലത്തില്‍ ആലേഖനം ചെയ്യപ്പെടുകയും ചെയ്യുന്നു. അഥവാ നാം നമ്മുടെ കാലത്തെ ചരിത്രത്തിന്റെ തിരിച്ചറിവുകളിലൂടെ കൂടുതല്‍ അടുത്തറിയുന്നു. (2000 ജനുവരി 7ലെ മലയാളം വാരിക പ്രത്യേക പതിപ്പില്‍ എംടി എഴുതുമ്പോള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം 26 Dec 2024 6:11 am

ഏകാന്തതയുടെ മഹാതീരത്തില്‍; ബഷീറിനെ അനുസ്മരിച്ച് എംടി നടത്തിയ പ്രസംഗം

ബഷീറിനെ അനുസ്മരിച്ച് എംടി നടത്തിയ പ്രസംഗം

സമകാലിക മലയാളം 26 Dec 2024 6:04 am

ജീവിതംപോലെ കവിതയും അവസാനിക്കുന്നില്ല

കവിതയുടെ സര്‍ഗാത്മകതലങ്ങളെക്കുറിച്ച് പഠനംനടത്തിയിട്ടുള്ള ഒരാളല്ല ഞാന്‍. എന്നാല്‍, കവിതയുടെ വികാസ പരിണാമങ്ങളെക്കുറിച്ച് എന്റെ വായനയിലൂടെ ഞാന്‍ മനസ്‌സിലാക്കിയിട്ടുണ്ട്. കവിത എനിക്ക് ഇഷ്ടമാണ്. കവിത വായിക്കാറുണ്ട്. ഏത് തരത്തിലുള്ള ഭാവനയുടെയും ആത്മാവിന്റെയുള്ളില്‍ നിലകൊള്ളുന്നത് കവിതയാണ്. എല്ലാ സാഹിത്യരൂപങ്ങളിലും മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കവിതയിലും കാലോചിതമായ മാറ്റങ്ങള്‍സംഭവിച്ചുകൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഞാനടക്കമുള്ള ആളുകള്‍ എഴുതിത്തുടങ്ങിയത് കവിതകളാണ്. പിന്നീടാണ് ഓരോരുത്തരും അവരവരുടെ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോയത്. അന്നൊക്കെ ഉദയത്തെക്കുറിച്ച്, ചന്ദ്രോദയത്തെക്കുറിച്ച്, അസ്തമനത്തെക്കുറിച്ച്, ചിലപ്പോള്‍ ഒരു താമരക്കുളത്തെപ്പറ്റി, ഉദ്യാനങ്ങളെപ്പറ്റി, പൂക്കളെപ്പറ്റി കവിതകള്‍എഴുതപ്പെട്ടിട്ടുണ്ട്. ഉദ്യാനത്തെക്കുറിച്ച്മലയാളിക്ക് ഒരു സങ്കല്പമുണ്ടാകുന്നത്തന്നെ ബ്രിട്ടീഷ് ഭരണത്തിനുശേഷമാണ്. എന്നാല്‍, പ്രകൃതിയിലെ ചില ഭാവങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ളകവിതകള്‍ക്കുശേഷം, അതില്‍നിന്നുംമാറി ആഖ്യാന പ്രധാനമായ കവിതകള്‍നിലവില്‍വന്നു. ചുറ്റുമുള്ള സുന്ദരവസ്തുക്കളെക്കുറിച്ച് മാത്രമല്ല കവിതകളുണ്ടായത്. മനസ്‌സിനെ ആഹ്‌ളാദിപ്പിക്കുന്ന, മധുരമായ അസ്വാസ്ഥ്യമുണ്ടാക്കുന്ന പ്രകൃതിദൃശ്യങ്ങള്‍തന്നെ മാഞ്ഞുപോയപ്പോള്‍ ഇനിയെങ്ങനെ കവിതയെഴുതുമെന്നായിരുന്നു കവികള്‍ ചിന്തിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് യൂറോപ്പിലുണ്ടായിട്ടുള്ള കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ചവര്‍ അനവധിയാണ്. ധാരാളം കവികളുമുണ്ടായിരുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ ഇനിയെങ്ങനെ കവിതയെഴുതുമെന്ന് പലകവികളും ചോദിക്കുകയുണ്ടായി. ലക്ഷക്കണക്കിനു ആളുകളെ ഗ്യാസ്‌ചേമ്പറില്‍ അടച്ചുകൊന്ന സ്ഥലംഞാന്‍ കണ്ടിട്ടുണ്ട്. നമ്മളെങ്ങനെ നിലനില്‍ക്കുന്നുവെന്ന് നമ്മെ അദ്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അവിടെ. കൃത്യമായ ഒരു സ്ഥലത്തുനിന്ന് ശവശരീരങ്ങള്‍ വരുന്നു. മറ്റൊരിടത്തുനിന്ന് അതിന് ജീവനുണ്ടോയെന്ന് തട്ടിനോക്കുന്നു. സ്വര്‍ണപ്പല്ലുകളുണ്ടോയെന്ന് പരിശോധിക്കുന്നു. അവിടെനിന്ന് ഒരു കണ്‍വേയര്‍ ബല്‍റ്റിലൂടെ സഞ്ചരിച്ച് അവസാനം വെറുംഭസ്മമായി മാറ്റപ്പെടുന്നു. കൊടും തണുപ്പുള്ള സമയത്ത് ഈകോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍എത്തിപ്പെട്ട ആളുകള്‍ക്ക് ശരിക്കുള്ള പാദരക്ഷകള്‍പോലും ഉണ്ടായിരുന്നില്ല. മരത്തില്‍ കുഴിച്ചുണ്ടാക്കിയ പാദരക്ഷകളായിരുന്നു അവര്‍ ഉപയോഗിച്ചത്. ഇത്തിരിപ്പോന്ന ഷൂസുകളുടെ മാതൃക. കുട്ടികള്‍ക്കായുള്ളത്. അതൊക്കെ അവിടെ കൂട്ടിയിട്ടത് കാണുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഭക്ഷണം കഴിക്കാനോ കൂടെയുള്ള ആളുകളോട് സംസാരിക്കുവാനോ എനിക്ക് കഴിഞ്ഞില്ല. ഇങ്ങനെയൊരു മാനസികാവസ്ഥയില്‍പ്പെട്ടുപോയത് കൊണ്ടായിരിക്കാം പില്‍ക്കാലത്ത് പല കവികളും ഇനിയെങ്ങനെ കവിതയെഴുതുമെന്ന് ചോദിച്ചുപോയത്. ചില കവികളെയൊക്കെ സച്ചിദാനന്ദന്‍ ഇവിടെ ഉദ്ധരിച്ചിട്ടുണ്ട്. എന്തുതന്നെയായാലും കവിത എഴുതിക്കൊണ്ടിരിക്കും. നമ്മുടെ അച്ചടിഭാഷയില്‍, അറിയപ്പെടുന്ന ഭാഷയില്‍ കവിതകള്‍ എഴുതപ്പെട്ടതുപോലെതന്നെപല ഭാഷകളിലും വാമൊഴിയായി മാത്രം നിലനില്‍ക്കുന്ന കവിതകളും ഉണ്ടായിട്ടുണ്ട്. കര്‍ണാടകത്തില്‍ വാമൊഴിയായി പല രാമായണങ്ങളുമുണ്ടായിരുന്നുവെന്ന് കവിയും വിമര്‍ശകനും വിവര്‍ത്തകനുമായ എ.കെ. രാമാനുജം പറഞ്ഞിട്ടുണ്ട്. അവരാരും തന്നെ വാത്മീകി രാമായണം വായിച്ചവരുമായിരുന്നില്ല. വാത്മീകിരാമായണത്തെ അവലംബമാക്കിയുള്ള പല രാമായണങ്ങളും കര്‍ണാടകത്തില്‍ നിലനിന്നിരുന്നു. അവയിലൊന്ന് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. രാമന്‍ കാട്ടില്‍ പോകുമ്പോള്‍ സീതയോട് പറയുകയാണ്. 'കാട് വളരെമോശമാണ്. നീ മൃദുവായ ജീവിത സാഹചര്യങ്ങളില്‍ വളര്‍ന്നവളാണ്. ഒരിക്കലും വരരുത്. അച്ഛനെ പരിചരിച്ച് ഇവിടെയിരിക്കുക.' അവസാനം സീത പറയുകയാണ് ഞാന്‍ കേട്ട രാമായണത്തിലൊന്നും ഇങ്ങനെയല്ലല്ലോ. സീത കാട്ടില്‍ പോകുന്നുണ്ടല്ലോ. നിങ്ങളെന്താ എന്നോട് വരരുത് എന്നു പറയുന്നത്?' ഇങ്ങനെയുള്ള വാമൊഴി രൂപങ്ങള്‍ പലയിടത്തും ധാരാളമായുണ്ട്. മരുഭൂമിയിലൂടെ ഒറ്റയ്ക്ക് ഒട്ടകത്തെ നയിച്ചുകൊണ്ടുപോകുന്ന ഇടയന്മാര്‍ (കുട്ടികളടക്കം) അപ്പപ്പോള്‍ പാട്ടുകളുണ്ടാക്കിചൊല്ലിയിരുന്നു. ബര്‍ഗ്മാന്റെ കാമുകി ലിവ് ഉള്‍വാന്‍ അവരുടെ ആത്മകഥയില്‍ ഈ പാട്ടുകളെക്കുറിച്ചു പറയുന്നുണ്ട്. ആരാണ് ഈ പാട്ടെഴുതിയതെന്നു ചോദിച്ചപ്പോള്‍ ഇടയന്മാരാണെന്നും സ്വരം മാറ്റിപ്പാടുന്നവരികള്‍ ഒട്ടകങ്ങളുടേതാണെന്നും അവര്‍ പറയുന്നു. ഇനിയെങ്ങനെ കവിതയെഴുതും എന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോള്‍പോലും കവിത നമ്മളില്‍നിന്ന് അകന്നുപോകുന്നില്ല. കവിത നമ്മുടെകൂടെത്തന്നെ നില്‍ക്കുന്നു. രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്നുമാത്രം .ജീവിതത്തിലെ കാര്‍ക്കശ്യങ്ങള്‍, കാലുഷ്യങ്ങള്‍, തിക്താനുഭവങ്ങള്‍... കവിതയെഴുതിയാല്‍ ഇതിനൊക്കെ ഒരു പരിഹാരമാകുമോ എന്നു ചോദിച്ചാല്‍ നമുക്ക് ഉത്തരമില്ല. പക്ഷേ, ഈ കാര്‍ക്കശ്യങ്ങളും ക്രൂരതകളുമൊക്കെയുണ്ടാവുന്നത് മനുഷ്യമനസ്സിലാണ്. അതിനുള്ളപ്രതിരോധമുണ്ടാകേണ്ടതും ഈ മനസ്സില്‍ തന്നെയാണ്. ആ പ്രതിരോധം വാക്കുകളിലൂടെയാണ് രൂപംകൊള്ളുന്നത്. ആ വാക്കുകളാണ് നമ്മുടെ മുന്നിലേക്ക് കവിതയായി എത്തിക്കൊണ്ടിരിക്കുന്നത്. 'കണ്‍കെട്ടുകളിലൂടെയുള്ള യാത്ര സാഹിത്യത്തെ എവിടെയും എത്തിക്കില്ല' കവിതയെപ്പറ്റിയുള്ള ചര്‍ച്ചയ്‌ക്കൊന്നും ഞാനില്ലെന്നും കവിത സ്വയം സംസാരിക്കുമെന്നും ഈ സമാഹാരത്തിലെ ആദ്യ കവിതയില്‍തന്നെ ശിവദാസ് പറയുന്നുണ്ട്. ചില ആത്യന്തികമായ സത്യങ്ങള്‍- ഇവയൊക്കെ നമുക്ക് മറ്റൊരുതരത്തില്‍ തോന്നിയതാണെങ്കിലും-വളരെ ഒതുക്കിയ രൂപത്തില്‍ ശിവദാസ് നമുക്ക് മുന്നിലേക്ക് കൊണ്ടുവരുന്നു. 'ചരിത്രത്തില്‍ അഥവാ പുസ്തകമുറിയില്‍ സംഭവിക്കുന്നത്' എന്ന കവിതനോക്കുക. വായനശാലയില്‍, വായനാമുറിയില്‍ പുസ്തകങ്ങള്‍ തലതിരിഞ്ഞുവരുന്നു. ഇതില്‍ തിരഞ്ഞപ്പോള്‍ പണ്ടുവായിച്ച ചരിത്രത്തിലെ പലതും മാഞ്ഞുപോയിരിക്കുന്നു. എല്ലാം തലതിരിഞ്ഞിരിക്കുന്നു. ഇത് ഒരു ഫലിതമായി കരുതേണ്ടതല്ല. ഈ വരികള്‍ തീരുമ്പോള്‍ നമ്മുടെ ചരിത്രത്തില്‍, രാഷ്ട്രങ്ങളുടെ ചരിത്രത്തില്‍, ഭാഷയുടെ ചരിത്രത്തില്‍, തത്ത്വശാസ്ത്രങ്ങളുടെ ചരിത്രത്തില്‍ സംഭവിച്ചിട്ടുള്ള പല മാറ്റങ്ങളെയും പറ്റിഒന്നുകൂടി ആലോചിക്കാനുള്ള പ്രേരണനല്‍കുന്നു. ഇതുവരെ നാം കണ്ടിട്ടുള്ളതിനുമപ്പുറത്തേക്ക് കാണുന്നവയാണ് ശിവദാസിന്റെ മിക്ക കവിതകളും. കടല്‍ക്കരയില്‍ ഒരു ശവം കണ്ടു. അത് അവളല്ലാതിരിക്കട്ടെ. റയില്‍ പാളത്തിലും മോര്‍ച്ചറിയിലുമൊക്കെ അന്വേഷിക്കുമ്പോള്‍ അത് അവളല്ലാതിരിക്കട്ടെ എന്നുതന്നെയാണ് പ്രാര്‍ത്ഥന. പക്ഷേ, ഇതു പറയുമ്പോള്‍ എങ്ങനെയെങ്കിലും അത് അവള്‍തന്നെയാകട്ടെയെന്ന നിഗൂഢമായ ഒരു പ്രാര്‍ത്ഥന ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതാണ് ഈകാലഘട്ടത്തിന്റെ ക്രൗര്യം. ആ ക്രൗര്യമാണ് ശിവദാസ് പുറമേരി കവിതകളില്‍കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. നമ്മുടെ പഴയ സങ്കല്പങ്ങളെല്ലാംമാറി. മധുരങ്ങളായ പദാവലികളും മാറി. കാരണം, ജീവിതത്തിന്റെ എല്ലാ മാധുര്യങ്ങളും നമുക്ക് നഷ്ടമായിരിക്കുന്നു. നമ്മള്‍ കാണുന്നത് തിക്തതകളും കയ്പുകളും മാത്രമാണ്. ക്രൗര്യങ്ങള്‍ മനുഷ്യമനസ്‌സിലുണ്ടാവുന്നു. അതിനെതിരെയുള്ള പ്രതിരോധങ്ങള്‍ മനസ്‌സുകളിലുണ്ടാവണമെന്ന് നിശ്ശബ്ദമായി ഓര്‍മ്മപ്പെടുത്തുകയാണ് കവി എന്നും ചെയ്യുന്നത്. വെറും രസിപ്പിക്കലല്ല. ചിന്തകളെ തത്ത്വചിന്താപരമായി ഉണര്‍ത്തലുമല്ല. അതിനുമപ്പുറത്ത് പരുഷമായ ജീവിതസത്യങ്ങളെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുവാനുള്ള ശ്രമമാണ് ശിവദാസിന്റെ കവിതകളില്‍ ഞാന്‍ കാണുന്നത്. അവ നമ്മെ നടുക്കുന്നു. ചിലപ്പോള്‍ ഞെട്ടിപ്പിക്കുന്നു. നമ്മുടെ നിസ്സഹായാവസ്ഥയെപ്പറ്റി ബോധ്യപ്പെടുത്തുന്നു. ഇതിനെല്ലാം ഉത്തരവാദിയായ മനുഷ്യന്‍. ആമനുഷ്യന്റെ ഉള്ളിലേക്കാണ് തന്റേതായപ്രതിരോധം എന്ന നിലയ്ക്ക് കവിതയിലെ ഓരോ വാക്കും കവി സന്നിവേശിപ്പിക്കുന്നത്. ഇത് വളരെ പ്രാധാന്യമുള്ള ഒരു കവിതാ സമാഹാരമാണ്. അനേകം കവിതകളും സമാഹാരങ്ങളുംപുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പക്ഷേ, അവയില്‍ ചിലത് നമ്മെ പിടിച്ചിരുത്തുന്നു. ഇതെങ്കിലും ചെയ്യണമേയെന്ന് തോന്നിപ്പിക്കുന്ന കവിതകള്‍. ഇതാണ് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം. (2000 ജനുവരി ലക്കത്തില്‍ മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം 26 Dec 2024 5:58 am

മനോരഥങ്ങളിൽ ; മഹാമാന്ത്രികന്‌ ഓർമകളുടെ കടവിൽ നിത്യവിശ്രമം

കോഴിക്കോട് ഉള്ളുലഞ്ഞ് ഇരമ്പിയ മനുഷ്യസാഗരം മൗനംപൂണ്ട സായന്തനത്തിൽ അക്ഷരങ്ങളുടെ മഹാമാന്ത്രികന് ഓർമകളുടെ കടവിൽ നിത്യവിശ്രമം. വേദനകളുടെ വജ്രസൂചി കൊണ്ടെഴുതിയ വാക്കുകളുടെ ഖനി ഇനി തലമുറകളുടെ സമ്പാദ്യം. മൗനത്തിന് സർഗമുദ്ര പതിപ്പിച്ച് സഹൃദയരെ നവഭാവുകത്വത്തിലേക്ക് നയിച്ച വിഖ്യാത എഴുത്തുകാരൻ എം ടി വാസുദേവൻ നായർ (91) ബുധൻ രാത്രി പത്തിനാണ് മഹാമൗനത്തിൽ വിലയിച്ചത്. കോഴിക്കോട്ടെ സ്മൃതിപഥം വാതക ശ്മശാനത്തിൽ വ്യാഴാഴ്ച വൈകിട്ട് 5.23ന് ആ ശരീരം തീനാളങ്ങളേറ്റുവാങ്ങി. ‘ചിതയണഞ്ഞു, മനസ്സിൽ അണയാത്ത ചിത എരിയുന്നുണ്ടായിരുന്നു ’എന്ന് രേഖപ്പെടുത്തിയ എഴുത്തുകാരന്റെ അന്ത്യയാത്ര അക്ഷരാർഥത്തിൽ സങ്കടക്കടലായി. ഏഴുപതിറ്റാണ്ടായി മലയാളിയുടെ സാഹിത്യാഭിരുചിയെ നിർണയിച്ച എം ടിയോടുള്ള സ്നേഹാദരവുമായെത്തിയവരെ സാക്ഷിയാക്കിയായിരുന്നു യാത്രാമൊഴി. ‘വിലാപയാത്ര’എന്ന നോവലിൽ എം ടി കുറിച്ചതുപോലെ ‘കണ്ണീർച്ചാലുകൾ അടക്കി, കാണാത്ത അകലങ്ങളിൽ നോക്കിയിരുന്ന’ ജനസാഗരമായി ബുധൻ രാത്രി മുതൽ കോഴിക്കോട് മാറി. കൊട്ടാരംറോഡിലെ സിതാര വീട്ടിലും മാവൂർറോഡ് ശ്മശാനത്തിലുമായി ആയിരങ്ങളാണ് കണ്ണീർപ്രണാമമർപ്പിച്ചത്. സാധാരണ വായനക്കാർ മുതൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജനനായകരും സാഹിത്യകാരന്മാരും ചലച്ചിത്രകാരന്മാരും ആസ്വാദകരുമുൾപ്പെടെ ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. എം ടിയോടുള്ള ആദരമായി ഉദ്ഘാടനത്തിന് മുന്നേ കോർപറേഷന്റെ മാവൂർറോഡ് ശ്മശാനം തുറന്നു നൽകിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാരച്ചടങ്ങിൽ സഹോദരപുത്രൻ സതീശൻ ചിതയിൽ തീ പകർന്നു. ശ്വാസതടസ്സംമൂലം 15ന് രാത്രിമുതൽ ചികിത്സയിലായിരുന്നു. ഭാര്യ കലാമണ്ഡലം സരസ്വതി, മകൾ അശ്വതി (നൃത്യാലയ, ചാലപ്പുറം, കോഴിക്കോട്), അടുത്ത ബന്ധുക്കൾ എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്തമകൾ സിതാരയും (വൈസ് പ്രസിഡന്റ്, ജോൺസൺ ആൻഡ് ജോൺസൺ ഗ്ലോബൽ വൈസ്പ്രസിഡന്റ് , എൻഡ് യൂസർ സർവീസസ് അമേരിക്ക)കഴിഞ്ഞമാസം വീട്ടിലെത്തി എം ടിയെ കണ്ടിരുന്നു. മരുമക്കൾ: സഞ്ജയ് ഗിർമെ (അമേരിക്ക). ശ്രീകാന്ത് (നർത്തകൻ, ചെന്നൈ). ആദ്യ ഭാര്യ: പരേതയായ പ്രമീളാനായർ. പാലക്കാടൻ ഗ്രാമമായ കൂടല്ലൂരിൽ 1933 ജൂലൈ 15നാണ് ജനനം. അച്ഛൻ: പരേതനായ പുന്നയൂർക്കുളം ടി നാരായണൻ നായർ. അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: പരേതരായ എം ടി ഗോവിന്ദൻനായർ, നാരായണൻ നായർ, ബാലൻ നായർ. എം ടിയെ അവസാനമായി കാണാൻ ബുധൻ രാത്രി പത്തര മുതൽ വ്യാഴം വൈകിട്ട് നാലുവരെ കൊട്ടാരം റോഡിലെ വീട്ടിൽ ജനസഞ്ചയമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ആദരാഞ്ജലിയർപ്പിച്ചു. സ്പീക്കർ എ എൻ ഷംസീർ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, നടൻ മോഹൻലാൽ, എഴുത്തുകാരൻ എം മുകുന്ദൻ, സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മന്ത്രിമാർ തുടങ്ങി സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലുമുള്ളവർ യാത്രാമൊഴിയേകി.

ദേശാഭിമാനി 26 Dec 2024 1:00 am

മനോരഥങ്ങൾക്ക് വിട

1965 ൽ പുറത്തിറങ്ങിയ 'മുറപ്പെണ്ണ്’ എന്ന ചിത്രത്തിലൂടെയാണ് വള്ളുവനാടൻ ഭാഷയും സംസ്കാരവും മലയാളിക്ക് കാഴ്ചാനുഭവമായി മാറുന്നത്. എംടി യുടെ തന്നെ 'സ്നേഹത്തിൻ്റെ മുഖങ്ങൾ' എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരമായിരുന്നു മുറപ്പെണ്ണ്. മുറപ്പെണ്ണിനുശേഷം അറുപതോളം സിനിമകൾക്ക് എംടി തിരക്കഥയെഴുതുകയും ആറുചിത്രങ്ങൾ സംവിധാനം ചെയ്യുകയുമുണ്ടായി. പഞ്ചാഗ്നി, ആൾക്കൂട്ടത്തിൽ തനിയെ, നഖക്ഷതങ്ങൾ, സുകൃതം, എന്ന് സ്വന്തം ജാനകിക്കുട്ടി, അടിയൊഴുക്കുകൾ, ഓളവും തീരവും, കടവ്, സദയം, പരിണയം, താഴ്വാരം, ആരണ്യകം, നിഴലാട്ടം, നീലത്താമര, പഴശ്ശിരാജ എന്നിങ്ങനെ എംടിയിൽ നിന്ന് പിറന്ന തിരക്കഥകൾ ഏറെയാണ്. എം ടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് നിർമ്മാല്യം. ‘പള്ളിവാളും കാൽചിലമ്പും’ എന്ന എംടിയുടെ തന്നെ കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു നിർമ്മാല്യം. അതിനുശേഷം വാരിക്കുഴി (1982), മഞ്ഞ് (1983), ബന്ധനം (1978), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) തുടങ്ങിയ സിനിമകൾ അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങി. ആദ്യകാല കഥകളെയും നോവലുകളെയും പോലെ തന്നെ എംടിയുടെ സിനിമകളും മരുമക്കത്തായ വ്യവസ്ഥിതിയുടെ തിക്താനുഭവങ്ങളും തകരുന്ന കുടുംബവ്യവസ്ഥിതിയും പ്രമേയമാക്കി. വള്ളുവനാടിൻ്റെ ഉത്സവങ്ങൾ, ആചാരങ്ങൾ, വിശ്വാസങ്ങൾ എന്നിവയെ എംടി തൻ്റെ സിനിമകളിലൂടെ സാർവലൗകീകമാക്കി. എന്നാൽ എംടി യുടെ സിനിമകൾ ഈ പ്രദേശികതയിൽ മാത്രം നിൽക്കുന്നവയായിരുന്നില്ല. പുരാണങ്ങൾക്കും ഐതിഹ്യങ്ങൾക്കും നാടോടിക്കഥകൾക്കും അദ്ദേഹം സിനിമാഭാഷ്യം രചിച്ചു. കേട്ടുപതിഞ്ഞ കഥകളിലെ ഗന്ധർവനെ അദ്ദേഹം ഭൂമിയിലേക്കിറക്കി. ഒരു പെൺകുട്ടിയുടെ പകൽസ്വപ്നം പോലെ ഗന്ധർവൻ മേഘലോകത്ത് നിന്ന് ഭൂമിയിലേക്കിറങ്ങി വന്നപ്പോൾ 'ഞാൻ ഗന്ധർവൻ’ എന്ന ചിത്രമാണ് ചലച്ചിത്രലോകത്തിന് ലഭിച്ചത്. അവഗണനയും തെറ്റിദ്ധാരണയും നിറഞ്ഞ പ്രതിനായക സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട കഥാപാത്രങ്ങൾ എംടിയിലൂടെ അഭ്രപാളിയിൽ എത്തിയപ്പോൾ വ്യത്യസ്ത മാനം കൈവരിച്ചു. വൈശാലിയും വടക്കൻ വീരഗാഥയും പെരുന്തച്ചനുമെല്ലാം അങ്ങനെയാണ് പിറവികൊള്ളുന്നത്. ഈ സിനിമകളിലൂടെ പുനഃസൃഷ്ടിക്കപ്പെട്ട പുതിയ പുരാവൃത്തങ്ങൾ എക്കാലവും പ്രേക്ഷകരിൽ നിറഞ്ഞുനിന്നു. വെറുതെ ഒരു കഥ പറഞ്ഞ് പോകാതെ പ്രേക്ഷകരെ അത് അനുഭവിക്കുകയായിരുന്നു എം ടിയുടെ തിരക്കഥകൾ. മനുഷ്യൻ നേരിടുന്ന വൈകാരികവും സാമൂഹികവുമായ വിഷയങ്ങളാണ് അദ്ദേഹത്തിൻ്റെ തിരക്കഥകൾക്ക് പ്രമേയമായത്.

ദേശാഭിമാനി 25 Dec 2024 11:51 pm

മഹാ 'കാല'ത്തിന്റെ മൗനം

പാടത്തിന്റെ കരയിലുള്ള തകർന്ന തറവാടിന്റെ മുകളിലെ അരണ്ടവെളിച്ചത്തിൽ എഴുതി, എഴുതിയവ വീണ്ടും അയവിറക്കി, എഴുതാനുദ്ദേശിക്കുന്നവയെ സ്വപ്നം കണ്ട് ജീവിച്ച ഒരു കുട്ടിക്കാലമായിരുന്നു എംടിയുടേത്. സാഹിത്യം തൊഴിലാക്കാമെന്നോ എഴുത്തിനു പ്രതിഫലമുണ്ടെന്നോ അറിവില്ലായിരുന്ന ബാല്യം. ആരും കാണാതെ, നോട്ടുപുസ്തകങ്ങളിൽ നിന്നു കീറിയെടുത്ത താളുകളിൽ എഴുതിക്കൂട്ടി. സാഹിത്യത്തിലും എഴുത്തിലുമൊന്നും പിന്തുടരാവുന്ന കുടുംബ പശ്ചാത്തലമില്ലായിരുന്നു. ഓരോ വായനയിലും സ്വന്തം ലോകത്തെ വിപുലമാക്കിക്കൊണ്ട് സർഗവേദനയറിഞ്ഞ ബാല്യം ആ കാഥികനെ പുതിയതായി രൂപപ്പെടുത്തി. വളർത്തുമൃഗങ്ങൾ എന്ന ചെറുകഥയിലൂടെ മലയാള സാഹിത്യത്തിലേക്ക് കടന്നുവന്നു. എന്തുകൊണ്ട് എഴുത്തുകാരനായി എന്ന ചോദ്യത്തിന് എംടിക്ക് പറയാനുള്ളത് ബൈബിളിലെ കൃഷിക്കാരൻ എറിയുന്ന വിത്തുകളെ ഓർക്കാം. പലേടത്തും വീണ വിത്തുകളുലെ വിധി പല തരത്തിലാണ്. ചിലർ പട്ടാളക്കാരും കച്ചവടക്കാരും ഒക്കെ ആവുന്നതുപോലെ മറ്റു ചിലർ എഴുത്തുകാരും ആവുന്നു, ആദ്യം മുതൽക്കേ ഞാൻ മറ്റൊന്നുമായിരുന്നില്ല'. 'ഇതൊരു പ്രകൃതി നിയമമായിരിക്കാം' എന്നാണ്. ഇത് എം ടിയുടെ കഥാ ലോകത്തെയും കഥാപാത്രങ്ങളുടെ സാമൂഹിക സ്വഭാവത്തെയും കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയും ആയിത്തീരുന്നുണ്ട്. എംടി യുടെ ആദ്യ കഥയായ വളർത്തുമൃഗങ്ങൾമുതലേ തിരസ്കൃതരും പീഡിതരുമായ കഥാപാത്രങ്ങളെ കാണാം. പല വിധത്തിൽ ചൂഷണം ചെയ്യപ്പെടുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്ന നിരവധി മനുഷ്യരുടെ പ്രതിനിധികളാണ് എംടിയുടെ ഓരോ കഥാപാത്രങ്ങളും. ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ഓപ്പോളിലെ ഓപ്പോളും നാലുകെട്ടിലെ അപ്പുണ്ണിയുമെല്ലാം ഇങ്ങനെ സാമൂഹ്യ വ്യവസ്ഥിതി ചൂഷണം ചെയ്തിട്ടുള്ള മനുഷ്യരുടെ പ്രതിരൂപങ്ങളാണ്. വിശപ്പിന്റെ പലരൂപങ്ങൾ മലയാള സാഹിത്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. കാരൂരിന്റെയും ബഷീറിന്റെയും കഥകളിൽ വിശപ്പിന്റെ കഠിനതയുണ്ട്. എംടി കഥകളിലേക്കെത്തുമ്പോൾ വിശപ്പ് ഒരു തീക്ഷ്ണമായ വികാരമായി മാറുകയാണ്. പാരമ്പര്യവും യാഥാർഥ്യവും തമ്മിലുള്ള സംഘർഷമായും വിശപ്പ് എഴുത്തിൽ പടരുന്നു. കുറുക്കന്റെ കല്യാണത്തിലെ കുട്ടിയും സ്വർഗം തുറക്കുന്ന സമയത്തിലെ കുട്ടി നാരായണനും കർക്കിടകത്തിലെ ഉണ്ണിയും പള്ളിവാളിലെ കോമരവുംഇത്തരത്തിൽ വിശപ്പിനെ അനുഭവിച്ചറിഞ്ഞവരാണ്. അപകർഷതയും അപമാനവും നിറഞ്ഞതാണ് എംടിയുടെ കഥാപാത്രങ്ങളിലെ വിശപ്പ്. ഇത് തന്റെ ജീവിതത്തിൽ നിന്നും പകർത്തിയെടുത്തതാണ്. എംടിയുടെ കഥകൾ വള്ളുവനാടിനെയും വള്ളുവനാട്ടിന്റെ സവർണ മധ്യവർഗ ജീവിതത്തെയുമാണ് പ്രതിനിധീകരിക്കുന്നത് എന്ന് വിമർശിക്കപ്പെട്ടു. തനിക്കറിയാവുന്ന പ്രദേശത്തെയും മനുഷ്യരെയും പറ്റി താൻ എഴുതിക്കൊണ്ടിരിക്കുന്നു എന്ന മറുപടിയിലൂടെയാണ് കണ്ണാന്തളിപ്പൂക്കളുടെ കഥാകാരൻ ആ വിമർശനങ്ങളെ നേരിട്ടത്. ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും കഥാതന്തുക്കൾ കണ്ടെത്തുമ്പോഴും നാടൻ പാട്ടുകളിൽ നിന്നുവരെ കലയുടെ ഭാഷ്യങ്ങൾ ചമയ്ക്കുമ്പോഴും എം ടി അവയെ സ്വാനുഭവമാക്കുന്നു. അമേരിക്കയുടെയും വാരണാസിയുടെയും പശ്ചാത്തലത്തിൽ കഥകളെഴുതുമ്പോഴും എംടിയുടെ ആരൂഢം നിളാ തീരത്തെ കൂടല്ലൂർ എന്ന വള്ളുവനാടൻ ഗ്രാമമായി ചമഞ്ഞ് നിൽക്കുന്നു.

ദേശാഭിമാനി 25 Dec 2024 10:40 pm

വർക്കലയിൽ സിപിഐ എം പ്രവർത്തകനെ ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം >വർക്കല താഴെവെട്ടൂരിൽ വെട്ടിക്കൊലപ്പെടുത്തി. വെട്ടൂർ പെരുമം സിപിഐ എം ബ്രാഞ്ച് അംഗം ചരുവിളവീട്ടിൽ ഷാജഹാനെ(60)യാണ് ലഹരി മാഫിയ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തിൽ താഴെവെട്ടൂർ സ്വദേശി ഷാക്കിറിനെ പൊലീസ് പിടികൂടി. താഴെവെട്ടുർ പള്ളിക്ക് സമീപമാണ് സംഭവം ഉണ്ടായത്. ലഹരി ഉപയോഗിച്ചതിന് യുവാക്കൾക്കെതിരെ പൊലീസിൽ പരാതി നൽകിയതിനാണ് ഷാജഹാനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മറ്റ് പ്രതികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

ദേശാഭിമാനി 25 Dec 2024 4:31 pm

വയനാട്ടില്‍ വൻ മയക്കുമരുന്ന്‌ വേട്ട; പിടികൂടിയത്‌ 50 ലക്ഷം വില വരുന്ന എംഡിഎംഎ

കൽപ്പറ്റ >വയനാട്ടില് വൻ എംഡിഎംഎ വേട്ട. 50 ലക്ഷം രൂപയോളം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്. സംഭവത്തില് മലപ്പുറം സ്വദേശികളായ അഖില്, സലാഹുദ്ദീന് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ പക്കൽ നിന്ന് 380 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തോല്പ്പെട്ടി ചെക്ക് പോസ്റ്റില് കാര് പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. ഇരുവരും ബംഗളൂരുവില് നിന്ന് മലപ്പുറത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥര് പറഞ്ഞു.

ദേശാഭിമാനി 25 Dec 2024 2:57 pm

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം; 15 പേർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് താലിബാൻ

കാബൂൾ >അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ താലിബാന്റെ പ്രതിരോധ മന്ത്രാലയം അപലപിച്ചു. ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള പക്തിക പ്രവിശ്യയിലെ പർവതപ്രദേശത്താണ് ആക്രമണം ഉണ്ടായതെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. താലിബാനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ് ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്ഗാനിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ആക്രമണത്തിൽ താലിബാന്റെ ചില പരിശീലന കേന്ദ്രങ്ങൾ തകർത്തതായും ചില ഭീകരരും കൊല്ലപ്പെട്ടതായും ഉദ്യോഗസ്ഥർ അറിയിച്ചു. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നു പാക്കിസ്ഥാന്റെ ആക്രമണമെന്നും ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർഥികളാണെന്നും താലിബാൻ പറഞ്ഞു. വ്യോമാക്രമണത്തെ ഭീരുത്വംഎന്നാണ് പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാൻ പ്രതിനിധി മുഹമ്മദ് സാദിഖ് കാബൂളിൽ താലിബാൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം ഉണ്ടായത്. മുഹമ്മദ് സാദിഖ് അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ദേശാഭിമാനി 25 Dec 2024 9:45 am

സ്വപ്‌നത്തിന്റെ പേരിലും അടിയോടടി

ഒരു കരണത്തടിച്ചാൽ മറുകരണംകൂടി കാണിച്ചുകൊടുക്കണമെന്ന് പഠിപ്പിച്ച യേശുക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുന്ന ക്രിസ്മസ് മാസത്തിൽ പ്രതിപക്ഷ നേതാവിന് അടിയോടടിയാണ്. ഓണത്തല്ലുപോലെ കണ്ട് രസിക്കാനും വിഷുപ്പടക്കംപോലെ കേട്ടാനന്ദിക്കാനും ക്രിസ്മസിനും വേണ്ടേ ഒരു രസമൊക്കെയെന്നാണ് കോൺഗ്രസുകാർക്കിടയിലെ ടോക്ക്. അച്ചാലും മുച്ചാലും അടിയാണെങ്കിലും തടുക്കാനാണായി പിറന്നവരൊന്നും പിസിസിയിലില്ലേ എന്നൊരു സന്ദേഹവും ഉടലെടുത്തിട്ടുണ്ട്. പുനഃസംഘടന എന്നൊരവഖ്യാതി നാട്ടിലാകെ പടർന്നതാണ് കൂട്ടയടിക്ക് കാരണമെന്നും സ്വന്തം തടിയിലാണ് എല്ലാവർക്കും നോട്ടമെന്ന് അറിയുന്നവർക്കൊന്നും സന്ദേഹത്തിനിടയില്ലെന്നും സംസാരമുണ്ട്. കൈയിലിരുപ്പുകൊണ്ട് കിട്ടുന്ന താഡനമല്ലേ കിട്ടട്ടങ്ങനെ കിട്ടട്ടെ എന്ന് പറയുന്നവരും ഉണ്ട്. ഹൈക്കമാൻഡ് നിയമിച്ചവരെ ഹൈക്കമാൻഡ് രക്ഷിക്കുമെന്ന ചിന്ത വേണ്ടെന്ന് ഹൈക്കമാൻഡ് കാര്യക്കാരൻ അസന്ദിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. പ്രധാനസ്ഥാനം സ്വപ്നംകണ്ട് നാളെണ്ണി കഴിയുന്നതിനിടയിൽ തലങ്ങും വിലങ്ങും അടി വീഴുമെന്ന് വീഡി ഒട്ടും നിനച്ചില്ലെന്നും കൂടെനിന്നവർ അടക്കം പറയുന്നുണ്ട്. മുമ്പേ വന്നവന്റെ ചെരുപ്പിന്റെ വാറഴിക്കാൻപോലും യോഗ്യനല്ലെന്ന അശരീരി നായർ സൊസൈറ്റിയിൽനിന്ന് മുഴങ്ങിയതോടെ അടി തുടങ്ങിയതാണ്. തറവാടിന്റെ തിണ്ണ നിരങ്ങിയതിന്റെ ചൂടാറുംമുമ്പ് തള്ളിപ്പറഞ്ഞ നീചനാണെന്ന് അങ്ങ് പറവൂരിൽ പോയി മുമ്പേ പറഞ്ഞിട്ടുണ്ട്. തറവാടിന്റെ പടി കയറ്റില്ലെന്ന് ഉറപ്പിച്ചിട്ടുള്ളതിനാൽ മുഖ്യ ഭാഷണത്തിന് യോഗ്യൻ മുൻ നേതാവാണെന്നും തീരുമാനിച്ചുകഴിഞ്ഞു. കണിച്ചുക്കുളങ്ങരയിൽനിന്ന് കിട്ടിയ അടിയുടെ ആഘാതം എണ്ണത്തോണിയിൽ കിടന്നാലും മാറില്ലെന്നാണ് കൂട്ടിരുപ്പുകാരുടെ സാക്ഷ്യപ്പെടുത്തൽ. തറയാണോ അഹങ്കാരിയാണോ അല്ല ഇത് രണ്ടും ചേർന്നതാണോ എന്ന സന്ദേഹമാണ് അവിടെനിന്ന് ഉയർന്നത്. അനുഭവസ്ഥർക്കാണല്ലോ ആളുകളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുക. ഭൈമി കാമുകരഞ്ചു പേരുണ്ടെന്നും അവരിൽ തീരെ യോഗ്യനല്ലാത്തവനാണെന്നുമുള്ള കണ്ടെത്തൽ നന്നായി ഉരച്ചുനോക്കിത്തന്നെയാണെന്നാണ് ജനസംസാരം. എന്തായാലും മോഹം ഉള്ളിലൊതുക്കി കഴിയുന്ന മറ്റുള്ളവരുടെ മനസ്സിൽ ലഡുപ്പൊട്ടിയെന്നാണ് കേൾക്കുന്നത്. അതുകൊണ്ടുതന്നെ അടിയെല്ലാം ഒറ്റയ്ക്ക് വാങ്ങിയാൽ മതിയെന്ന് അവരെല്ലാം തീരുമാനിച്ചെന്ന് മാത്രമല്ല, ആവുംപോലെ തള്ളാനും ശ്രമിക്കുന്നുണ്ടത്രേ. ഞാൻ ഞാനെന്ന ഭാവത്തിൽ കാര്യങ്ങൾ നീക്കുമ്പോഴാണ് സ്വന്തം പാളയത്തിലുള്ളവർ പുറത്തുള്ളവരുടെ സഹായത്തോടെ വളഞ്ഞിട്ടാക്രമിക്കുന്നത്. ഞാനല്ലാതെ മറ്റൊരു നേതാവും നിങ്ങൾക്കുണ്ടാകരുതെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം ഉരിവിടുന്നതിനിടയിൽ പടം ഊരി പതുങ്ങി ഇരിക്കുന്നവർ സടകുടഞ്ഞെണീക്കുമെന്ന് പ്രതീക്ഷിച്ചില്ല. അളമുട്ടിയാൽ ചേരയും കടിക്കുമെന്ന ചൊല്ലിനെ അന്വർഥമാക്കുന്നതാണ് സ്ഥാനം പോയ നേതാവിന്റെ പുതിയ ചെയ്തികൾ. പാർടിയിലും പാർലമെന്ററി പാർടിയിലും മാറ്റം വരുത്താതെ വിശ്രമമില്ലെന്ന് അയ്യപ്പ സന്നിധിയിലെത്തി ഉഗ്രശപഥം എടുത്തതോടെ പ്രസിഡന്റും ചില ചാഞ്ചാട്ടങ്ങൾ കാണിച്ചുതുടങ്ങി. മറ്റവനേക്കാൾ എന്തുകൊണ്ടും യോഗ്യൻ ഇവനാണെന്നാണ് വാർത്താസമ്മേളനം വിളിച്ച് പറഞ്ഞത്. ഹൈക്കമാൻഡിലെ ഉപപ്രധാനിയും മുമ്പ് പറ്റിയ അബദ്ധം തിരുത്തുന്നതാണ് നല്ലതെന്ന് ചിന്തിച്ചുതുടങ്ങി. മോഹം ഉള്ളിലൊതുക്കി, കൊക്കെത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ നടക്കാത്ത സ്വപ്നത്തിന് എന്തിന് അടിയെന്ന് പഴേ പ്രസിഡന്റും മൊഴിഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ കൂട്ടാൻ കൊള്ളാത്തവനാണെന്ന് കുഞ്ഞായിട്ടാണെങ്കിലും കുടപ്പനക്കുന്നിൽനിന്ന് കുറുക്കുന്നുണ്ട്. എന്തിനധികം പറയുന്നു അടി കൊടുക്കാത്തവരായി ആരുമില്ല ഗുരുക്കന്മാരിൽ എന്ന് പറഞ്ഞ അവസ്ഥയായി. കൂട്ടത്തിൽ 20 പേരുണ്ടായിട്ടും ആരുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ മോങ്ങാനാകാതെ മൂലയ്ക്കായെന്നാണ് നാട്ടിലെ ടോക്ക്. സ്വയംകൃതാനർഥം എന്നല്ലാതെ എന്ത് പറയേണ്ടൂ. സ്വർഗത്തിലേക്കുള്ള കുറുക്കുവഴി തനിക്കാക്കാൻ പോയി വെടക്കാക്കി വന്നതിന്റെ അഹങ്കാരമൊന്നും ഷായിക്കില്ലെങ്കിലും ഭാഗവത്തിനും കൂട്ടർക്കും അത്ര രസിച്ചിട്ടില്ലെന്നാണ് കേൾക്കുന്നത്. അംബേദ്കറെ സ്വയം സേവകനാക്കി മുന്നേറുന്ന സംഘപരിവാറിന്റെ ഉള്ളിലിരുപ്പ് ഇത്രവേഗം പൊളിച്ചതിന്റെ കെറുവ് ശാഖകളിൽ പ്രകടിപ്പിക്കുന്നുണ്ടത്രേ. പട്ടേലിനെയും വിവേകാനന്ദനെയും ഭഗത് സിങ്ങിനെയും അംബേദ്കറെയും സ്വയം സേവകരാക്കാനുള്ള തത്രപ്പാടിനിടയിലാണ് രാജ്യസഭയിൽ ഷായുടെ അമിട്ട് പൊട്ടിക്കൽ. ഭരണഘടനാ ചർച്ചയ്ക്കുള്ള മറുപടിക്കാണ് മോദി പ്രതിപുരുഷനെ സഭയിലേക്ക് അയച്ചത്. അവിടെ ചെല്ലുമ്പോൾ പ്രതിപക്ഷക്കാരെല്ലാം അംബേദ്കർ, അംബേദ്കർ എന്നു പറയുന്നത് കേട്ടപ്പോൾ ഷായുടെ ആർഷ സംസ്കാരം ഉണർന്നതിൽ തെറ്റ് പറയാൻ പറ്റില്ലെന്ന് വാദിക്കുന്നവരുമുണ്ട്. അല്ലെങ്കിൽത്തന്നെ ഈ ഭരണഘടനതന്നെ അനാവശ്യ വസ്തുവാണെന്ന് പണ്ടേ അറിയുന്നയാളാണ് ഷാ. പിന്നെ അതുണ്ടാക്കിയ ആളുടെ ആവശ്യമെന്തെന്നും ചിന്തിച്ചിരിക്കാം. ഭാരതത്തിന് മനുസ്മൃതി ഉള്ളപ്പോൾ എന്തിന് കൊളോണിയൽ ഭരണഘടന എന്ന് കുട്ടിക്കാലംമുതൽ ശാഖയിൽ കേൾക്കുന്നതാണ്. പൂർവികർ ഭരണഘടന കത്തിച്ച് പ്രതിഷേധിച്ചതിന്റെ ആവേശ ചരിത്രവും പഠിച്ചതാണ്. മനുഷ്യരായി നാലു കൂട്ടരെയുള്ളൂവെന്ന് മനു വ്യക്തമാക്കിയിട്ടുമുണ്ട്. ഭഗവാന്റെ തലയിൽനിന്നും കൈയിൽനിന്നും കാലിൽനിന്നും പാദത്തിൽനിന്നും ജനിച്ചവരാണവർ. ഇതിലൊന്നും പെടാത്ത, മനുഷ്യനായിപ്പോലും കാണാനാകാത്ത അംബേദ്കറെ 75 കൊല്ലമായി പുകഴ്ത്തുന്നത് ആർഷഭാരതം എങ്ങനെ സഹിക്കും. അതുകൊണ്ട് അംബേദ്കർ എന്ന് ഉരുവിടുന്ന സമയത്ത് മനുഭഗവാനെ സ്മരിച്ചാൽ എളുപ്പത്തിൽ സ്വർഗം പൂകാം എന്ന ഉപദേശമാണ് രാജ്യസഭയിൽ ആഭ്യന്തരൻ നൽകിയത്. ഇനിയും ഭരണഘടനയ്ക്ക് വാദിച്ചാൽ എളുപ്പത്തിൽ സ്വർഗത്തിലേക്ക് അയക്കുമെന്ന ഭീഷണിയും അതിലില്ലേ എന്ന് സംശയിച്ചാൽ തെറ്റ് പറയാനും പറ്റില്ല.

ദേശാഭിമാനി 25 Dec 2024 1:00 am

സമാധാനത്തിന്റെയും
 സമത്വത്തിന്റെയും 
ക്രിസ്‌മസ്

‘ഭൂമിയിൽ മനുഷ്യർക്ക് സമാധാനം' എന്ന ആശംസാവചനങ്ങളോടെയാണ് യേശുക്രിസ്തുവിന്റെ പിറവി ദൈവദൂതർ ലോകത്തെ അറിയിച്ചതെന്ന് ബൈബിൾ ആലങ്കാരിക ഭംഗിയിൽ വിവരിക്കുന്നു. ചെല്ലുന്നിടത്തെല്ലാം സമാധാനം നേരുവിൻ എന്ന ദൗത്യവുമായാണ് യേശു, ശിഷ്യരെ സുവിശേഷം അറിയിക്കാൻ അയക്കുന്നത്. യേശു അറിയിച്ച സുവിശേഷം ലോക സമാധാനം ആയിരുന്നു. അതിനായി ആക്രമണോത്സുകതയിൽനിന്ന് മാനവികതയിലേക്ക് മാനസാന്തരപ്പെടുക എന്നതായിരുന്നു യേശുവിന്റെ പ്രബോധനം. യേശുവിന്റെ ജന്മ നഗരമായി ബൈബിൾ വിവരിക്കുന്ന ബത്ലഹേം ഉൾപ്പെടെ ഇസ്രയേൽ ആക്രമണത്തിൽ ശവക്കൂനകൾ മാത്രം അവശേഷിക്കുന്ന വിജനഭൂമി ആയിക്കൊണ്ടിരിക്കെയാണ് വീണ്ടുമൊരു ക്രിസ്മസ് എത്തുന്നത്. മധ്യ വെസ്റ്റ് ബാങ്കിലെ ബത്ലഹേമിലെ നേറ്റിവിറ്റി (തിരുപ്പിറവി) പള്ളിയിൽ ഇക്കുറിയും ക്രിസ്മസ് ആഘോഷങ്ങളില്ല. 14 മാസം പിന്നിട്ട ഇസ്രയേൽ ആക്രമണം, ഒത്തുതീർപ്പു ചർച്ചകൾക്കിടയിലും ആശുപത്രികളിലും സ്കൂളുകളിലും മിസൈലുകൾ വർഷിച്ചുകൊണ്ട് തുടരുകയാണ്. ഗാസയിൽ ഇതുവരെ 45,000ൽ അധികം ആളുകൾ കൊല്ലപ്പെട്ടു. അതിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണോത്സുക മത രാഷ്ട്രീയം അതിന്റെ കാർക്കശ്യത്തിൽ പിന്തുടരുന്ന ഇസ്രയേലിന് ക്രിസ്മസിന്റെ സമാധാന സന്ദേശം ഉൾക്കൊള്ളാൻ ബാധ്യതയില്ല. എന്നാൽ, ക്രൈസ്തവികം എന്നു സ്വയം വിശേഷിപ്പിക്കുന്ന യുഎസ് ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഇസ്രയേലിനു നൽകുന്ന ഏകപക്ഷീയ പിന്തുണയെക്കുറിച്ച് പുനർവിചിന്തനം നടത്താനുള്ള ബാധ്യത യേശുവിന്റെ പിറവിത്തിരുന്നാൾ ഓർമിപ്പിക്കുന്നുണ്ട്. മതവും രാഷ്ട്രീയവും അഭേദ്യമാംവിധം കെട്ടുപിണഞ്ഞു കിടക്കുന്ന യഹൂദ ചരിത്രത്തിൽ യേശു ‘ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും’ എന്ന പ്രയോഗത്തിലൂടെ മത രാഷ്ട്രീയത്തെ തള്ളി യഹൂദചരിത്രത്തെ വഴിതിരിച്ചുവിടുകയായിരുന്നു. മതരാഷ്ട്രമല്ല സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും സമാധാനവും നീതിയും സത്യവും നിലനിൽക്കുന്ന ‘ദൈവരാജ്യ’മായിരുന്നു യേശുവിന്റെ പ്രബോധനങ്ങളുടെ കാതൽ. ദരിദ്രർ ഭാഗ്യവാന്മാർ എന്നു തുടങ്ങുന്ന പുതിയ നിയമഭാഗം, യേശു വിഭാവനം ചെയ്യുന്ന ഭൂമിയിലെ സ്വർഗരാജ്യത്തെക്കുറിച്ചുള്ള ദൃശ്യവൽക്കരണമാണ്. ഒരുവശത്ത് സമ്പത്ത് ചിലരിൽ കുന്നുകൂടുന്ന ലോകത്ത് മറുവശത്ത് ദാരിദ്ര്യവും അതിന്റെ ഉൽപ്പന്നങ്ങളായ അസമത്വവും അനീതിയും അടിമത്തവും അരങ്ങു വാഴുമ്പോൾ ക്രിസ്മസ് മനസ്സിലുണർത്തേണ്ടത് സമതയുടെ സന്ദേശമാണ്. തീവ്ര യഹൂദ മതരാഷ്ട്ര ആശയമായ സയണിസത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഹിന്ദുത്വ രാഷ്ട്രീയം ഭരണം കെെയാളുന്ന ഇന്ത്യയിൽ ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷത്തിന്റെ അരക്ഷിത ബോധം അനുദിനം വർധിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്മസ് കടന്നുവരുന്നത്. രാജ്യത്ത് പലയിടത്തും ക്രൈസ്തവർക്കെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങളും വർധിച്ചു വരികയാണ്. കാത്തലിക് ബിഷപ്പ്സ് കോൺഫറൻസിന്റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് യേശുവിന്റെ സമാധാന സാഹോദര്യ പ്രബോധനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാചാലനായി. എന്നാൽ, മണിപ്പുരിൽ തുടരുന്ന ക്രൈസ്തവ വേട്ടയെക്കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ പ്രവൃത്തിയും സംസാരവും ആത്മാർഥത ലേശമില്ലാത്ത, രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയ പ്രകടനപരത മാത്രമാണെന്ന് വ്യക്തമാക്കുന്നു. കേരളത്തിൽ ക്രൈസ്തവ ജനവിഭാഗത്തിൽ മുസ്ലിങ്ങളോടുള്ള അപരത്വ ഭീതി നട്ടുവളർത്തി കൂടെ കൂട്ടാൻ ഏറ്റവും ഒടുവിൽ മുനമ്പം പ്രശ്നംവരെ കരുവാക്കുന്ന സംഘപരിവാർ, ബിഷപ്പുമാരുടെ അരമനകളിലേക്കും ക്രൈസ്തവ ഭവനങ്ങളിലേക്കും ക്രിസ്മസ് കാലത്ത് സ്നേഹ സന്ദേശ യാത്ര നടത്തുന്ന സമയത്തുതന്നെയാണ് പാലക്കാട് നല്ലേപ്പള്ളിയിൽ സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ച അധ്യാപകരെയും വിദ്യാർഥികളെയും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തണൽ പറ്റി സുരക്ഷ ഉറപ്പിക്കാമെന്ന വ്യാമോഹം ഏതെങ്കിലും ന്യൂനപക്ഷ വിഭാഗങ്ങൾക്കുണ്ടെങ്കിൽ അവർക്കുള്ള മുന്നറിയിപ്പായി ഈ സംഭവത്തെ കാണേണ്ടതുണ്ട്. യേശുവിനെ പരമേശ പവിത്ര പുത്രൻ എന്നു വിശേഷിപ്പിച്ച ശ്രീനാരായണഗുരു ആലുവയിൽ വിളിച്ചു ചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് വത്തിക്കാനിൽ അടുത്തിടെ സംഘടിപ്പിച്ച ലോകസർവമത സമ്മേളനം ക്രിസ്മസിന്റെ അവസരത്തിൽ മലയാളികൾക്ക് അഭിമാനം പകരുന്നു. ഫ്രാൻസിസ് മാർപാപ്പയടക്കം മത നേതാക്കൾ പങ്കെടുത്ത സമ്മേളനം ലോക സമാധാനത്തിനായി നടത്തിയ ആഹ്വാനം തന്നെയാണ് ഈ ക്രിസ്മസിന്റെയും സന്ദേശം.

ദേശാഭിമാനി 25 Dec 2024 1:00 am

പുൽക്കൂട്‌ ഒരു 
കലാസൃഷ്ടി - വിനോയ് തോമസ് എഴുതുന്നു

ക്രിസ്മസ് ആഘോഷങ്ങളിൽ ഏറ്റവും പ്രധാനം വിവിധങ്ങളായ പുൽക്കൂടുകളുടെ കാഴ്ചയാണ്. പല വർഷങ്ങളിലും വീട്ടിൽ വിവിധ തരം പുൽക്കൂടുകൾ ഉണ്ടാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുപോയ ഒരാളായതുകൊണ്ടായിരിക്കും ഇപ്പോൾ മറ്റുള്ളവർ ഉണ്ടാക്കിയ പുൽക്കൂടുകൾ കണ്ട് നിർവൃതികൊള്ളുന്നു. വേദപാഠക്ലാസുകളിൽ പുൽക്കൂടിന്റെ ചരിത്രവും ഒരു കലാരൂപം എന്ന നിലയിലുള്ള അതിന്റെ പ്രാധാന്യവുമൊക്കെ പഠിപ്പിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. സുഹൃത്തായ ചിത്രകാരൻ പ്രേംകുമാർ കണ്ണോമുമായി ചിത്രകലയേക്കുറിച്ചും ശിൽപ്പകലയേക്കുറിച്ചുമൊക്കെ സംസാരിക്കുന്നതിനിടയിൽ പലപ്പോഴും പുൽക്കൂടുനിർമാണം കടന്നുവരാറുണ്ട്. ക്രിബ്, നേറ്റിവിറ്റിസീൻ എന്നൊക്കെ അറിയപ്പെടുന്ന പുൽക്കൂടിന് കലാരൂപങ്ങളുടെ ചരിത്രത്തിൽ പ്രധാനമായ സ്ഥാനമുണ്ടത്രേ. ഇറ്റലിയിൽ ഗ്രെസിയോയിലെ ഗുഹയിൽ 1223ൽ അസീസിയിലെ ഫ്രാൻസിസ് സൃഷ്ടിച്ചതാണ് ആദ്യത്തെ പുൽക്കൂട്. ഇറ്റലിയിലെ ലിഗൂറിയയിലെ മനരോലയിൽ 300ൽ അധികം വൈദ്യുത പ്രകാശപ്രതിമകൾകൊണ്ട് നിർമിച്ചിരിക്കുന്ന നേറ്റിവിറ്റിസീനാണ് ലോകത്തിലെ ഏറ്റവും വലിയ പുൽക്കൂടായി കണക്കാക്കുന്നത്. സാൻഡ്രോ ബോട്ടിസെല്ലിയുടെ അഡോറേഷൻ ഓഫ് ദ മാഗി (1475), മിസ്റ്റിക്കൽ നേറ്റിവിറ്റി (1501), റെംബ്രാൻഡിനേപ്പോലുള്ള അതിപ്രശസ്തരടക്കം നിരവധി ചിത്രകലാ പ്രതിഭകൾവരച്ചിട്ടുള്ള ‘ദ അഡോറേഷൻ ഓഫ് ദ ഷെപ്പേർഡ്സ്’, എൽ ഗ്രീക്കോയുടെ ‘ദ നേറ്റിവിറ്റി’ എന്നിങ്ങനെ ലോകകലയുടെ നീക്കിയിരിപ്പുകളായ പല ചിത്രങ്ങളും പുൽക്കൂടിന്റെ പ്രചോദനത്തിൽനിന്ന് ഉണ്ടായിട്ടുള്ളതാണ്. ഈ പറഞ്ഞ ചിത്രങ്ങളോ ശിൽപ്പങ്ങളോ നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. കണ്ടിതിൽവച്ച് ഏറ്റവും മനോഹരമായ ഒരു പുൽക്കൂടിനേപ്പറ്റിയാണ് ഇവിടെ പറയുന്നത്. ഒരു ക്രിസ്മസിന് നാട്ടിലെ വായനശാലയുടെ നേതൃത്വത്തിലുണ്ടാക്കിയ പുൽക്കൂടായിരുന്നു അത്. ശ്രീനിയേട്ടൻ എന്ന ശിൽപ്പിയുടെ മേൽനോട്ടത്തിൽ ക്രിസ്മസിന് ഒരാഴ്ച മുമ്പേ നിർമാണം ആരംഭിച്ചു. വായനശാലയുടെ മുറ്റം അടച്ചുകെട്ടിയാണ് പുൽക്കൂട് പണിതത്. ക്രിസ്മസിന്റെ തലേന്ന് രാത്രി ഏഴോടെ പുൽക്കൂട് കാഴ്ചക്കാർക്കായി തുറന്നുകൊടുത്തു. മറച്ചുകെട്ടിയ തുണിയുടെ ഒരു ഭാഗം ചെറുതായി മാറ്റി നാടകം കാണാൻ ആളെ കയറ്റുന്നതുപോലെ ഓരോരുത്തരെയായി അകത്തേക്ക് വിടുകയാണ് ചെയ്തത്. തുറന്നസ്ഥലത്തുണ്ടാക്കുന്ന പുൽക്കൂടുകൾ മാത്രം കണ്ടുശീലിച്ച ഞങ്ങളുടെ നാട്ടുകാർക്ക് ഈ പരീക്ഷണം പുതിയൊരു അനുഭവമായിരുന്നു. പുൽക്കൂട് കണ്ടിറങ്ങിയവർ അനുഭവം പറഞ്ഞതോടെ ആളുകൾ ക്ഷമയോടെ വരിനിന്ന് പുൽക്കൂട് കാണാൻ തുടങ്ങി. ശ്രീനിയേട്ടൻ പുൽക്കൂട് പണിയുന്ന സമയത്ത് ഞാൻ സഹായി ആയിരുന്നതിനാൽ അകത്ത് എന്തൊക്കെയാണുള്ളതെന്ന് നന്നായി അറിയാമായിരുന്നു. എങ്കിലും വരിനിന്ന് കാണുമ്പോൾ എന്താണ് പ്രത്യേകതയെന്നറിയാൻ ചെറുകവാടത്തിലൂടെ അകത്തേക്ക് കയറി. ഒരു കലാസൃഷ്ടിയുടെ കാഴ്ചയിൽ കാണി നിൽക്കുന്ന സ്ഥലത്തിന് ഇത്രമാത്രം പ്രാധാന്യമുണ്ടെന്ന് ആദ്യമായി മനസ്സിലാക്കുകയായിരുന്നു. പുറത്തെ ലോകത്തുനിന്ന് കവാടത്തിലെ കർട്ടൻ മാറ്റുമ്പോൾ ഇരുണ്ട ഒരു ചെറുഗുഹയിലേക്കാണ് നമ്മൾ കടക്കുന്നത്. ഗുഹയുടെ മുന്നിലുള്ള നേർത്ത തിരശ്ശീല മാറ്റുന്നതോടെ മറ്റൊരു സ്ഥലരാശിയിൽ പെട്ടുപോകും. ആ വായനശാലയുടെ മുറ്റത്ത് അറക്കപ്പൊടിയും കടലാസും തെർമോകോളും കൊണ്ട് സൃഷ്ടിച്ച ജെറുസലേം നഗരം കണ്ട് അതിനു മുമ്പ് മറ്റൊരു കലാസൃഷ്ടിക്കും എന്നിലുണ്ടാക്കാൻ കഴിയാത്തത്ര അത്ഭുതത്തോടെ ഞാൻ മതിമറന്നുനിന്നു. അതുപോലൊരു അനുഭവം പിന്നീടുണ്ടായത് ഗൾഫിൽ പോയപ്പോഴാണ്. ഡെസേർട്ട് സഫാരി കഴിഞ്ഞ് രാത്രി വാഹനത്തിൽ തിരികെ വരുമ്പോൾ മണൽക്കുന്നിനെ ചുറ്റി വളയുന്ന സമയത്ത് പെട്ടെന്ന് മുസ്ലിംപള്ളി മുന്നിൽപ്പെട്ടു. നിലാവിലെന്ന പോലെ പ്രകാശിച്ചു നിൽക്കുന്ന ആ ദേവാലയം അസാധാരണമായ ഒരു കലാരൂപമായിരുന്നു. ഏത് ശ്രീനിയേട്ടനായിരിക്കും അത് നിർമിച്ചിട്ടുണ്ടാകുക. സുന്ദരമായ കലാസൃഷ്ടി നോക്കി എത്രയോ നേരം നിന്നുപോയി. ഞാനാദ്യം കണ്ട, ശ്രീനിയേട്ടന്റെ പുൽക്കൂടിന് മറ്റൊരിടത്തും കാണാത്ത ഒരു പ്രത്യേകതയുണ്ടായിരുന്നു. യേശു പിറന്നുവീണ കാലിത്തൊഴുത്തിനു മുകളിലായി മാലാഖമാരുടെ കൈയിലുണ്ടായിരുന്ന ഫലകത്തിൽ തത്ത്വമസി എന്നായിരുന്നു എഴുതിയിരുന്നത്. അതെന്താണ് അങ്ങനെ എഴുതിയതെന്ന് ശ്രീനിയേട്ടനോട് ചോദിച്ചു. ഉത്തരം വലിയൊരു വിവരണമായിരുന്നു. ഒരു കലാശിൽപ്പത്തിന്റെ ദർശനം അദ്ദേഹത്തിന് ഏറ്റവും നന്നായിട്ട് കിട്ടിയത് രണ്ടുസ്ഥലങ്ങളിൽ വച്ചാണത്രെ. ഒന്നാമത്തെ സ്ഥലം ശബരിമല. കുത്തനെയുള്ള പതിനെട്ടാംപടി കയറി മുകളിലെത്തുമ്പോൾ നമ്മെ അതിശയിപ്പിച്ചുകൊണ്ട് പെട്ടെന്ന് കൺമുന്നിൽപ്പെടുന്ന കാഴ്ചയാണ് തത്ത്വമസി എന്നെഴുതിയ ശ്രീകോവിലും അയ്യപ്പദർശനവും. പതിനെട്ടാംപടി അത്രയ്ക്ക് കുത്തനെ അല്ലായിരുന്നെങ്കിൽ ഒരിക്കലും അതുപോലൊരത്ഭുതം നമ്മിലുണ്ടാക്കാൻ ആ ദർശനത്തിന് സാധിക്കില്ലായിരുന്നത്രേ. മറ്റൊന്ന് ആഗ്രയിലെ അത്ഭുതവാസ്തുശിൽപ്പമായ താജ്മഹലിന്റെ കാഴ്ചയാണ്. ഇടുങ്ങിയ കവാടം കടന്നുചെല്ലുമ്പോൾ ശബരിമലയിലെന്ന പോലെ മറ്റൊരു വിസ്മയം. ശ്രീനിയേട്ടന്റെ പുൽക്കൂടിന്റെ കവാടം അത്രമാത്രം ഇടുങ്ങിപ്പോയതെന്തുകൊണ്ടാണെന്ന് എനിക്കു മനസ്സിലായി. ഏതൊരു കലാശിൽപ്പത്തിന്റെയും പെട്ടെന്നുള്ള കാഴ്ചയാണ് നമ്മെ വിസ്മയിപ്പിക്കുക. കലാസൃഷ്ടി ആസ്വദിക്കുന്ന കാണി അതിനായി എവിടെ നിൽക്കണമെന്നതിനേക്കുറിച്ച് ഓരോ കലാകാരനും കൃത്യമായ നിശ്ചയമുണ്ടായിരിക്കണം. ഈ ക്രിസ്മസ് കാലത്ത് അത്തരം കാര്യങ്ങളേക്കുറിച്ച് നമ്മളൊക്കെ ആലോചിക്കുമല്ലോ. ആഘോഷങ്ങളെല്ലാംതന്നെ മനോഹരമായി ഒരുക്കുന്ന കലാസൃഷ്ടികളാണ്. അത് നന്നായി ആസ്വദിക്കണമെങ്കിൽ നിൽക്കേണ്ട സ്ഥലത്തുതന്നെ പോയി നിൽക്കേണ്ടി വരും. അതിന് തയ്യാറാകാതെ ഏത് ആഘോഷത്തേയും വിലയിരുത്തുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നത് ഭയാനകമാണ്. താജ്മഹൽ പണിയിപ്പിച്ചത് ആരെന്ന് നോക്കി ആ വാസ്തു ശിൽപ്പ സൗന്ദര്യം കാണേണ്ടതില്ലെന്ന് തീരുമാനിച്ചാൽ ഉണ്ടാകുന്ന നഷ്ടം എത്ര വലുതായിരിക്കും. അടുത്തകാലത്ത് ചില പൊതുവിടങ്ങളിൽ നടക്കുന്ന പല സംഗതികളും നേരിട്ടുകണ്ട ഒരാളെന്ന നിലയിൽ സമൂഹം എത്തിനിൽക്കുന്ന അവസ്ഥയെ ഓർത്ത് നല്ല പേടിയുണ്ട്. സമൂഹത്തെ വർഗീയമായി വിഭജിക്കാൻ വലിയ ശ്രമമാണ് നടക്കുന്നത്. ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾ മറ്റൊരു വിഭാഗത്തിന് വിലക്കപ്പെട്ടതാണെന്നും നിഷിദ്ധമാണെന്നും പഠിപ്പിക്കുന്നവർ വിദ്വേഷം വളർത്തുകയാണ് ചെയ്യുന്നത്. നിങ്ങളുടെ മതം മറ്റുള്ളവർക്കുകൂടി പ്രിയപ്പെട്ടതാകുകയാണ് ലക്ഷ്യമെങ്കിൽ ചെയ്യേണ്ടത് എല്ലാ ആഘോഷങ്ങളിലെയും കലാസൃഷ്ടികളെ കൃത്യമായ ഇടത്തു പോയിനിന്ന് കണ്ട് ആസ്വദിക്കുക എന്നതാണ്. (നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് 
ലേഖകൻ)

ദേശാഭിമാനി 25 Dec 2024 1:00 am

സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം - ഫാ. ബോബി ജോസ് 
കട്ടികാട് എഴുതുന്നു

വീണ്ടുമൊരു ക്രിസ്മസ് എത്തുമ്പോൾ അന്ന് തെരുവിൽ മുഴങ്ങിയ ശബ്ദം വീണ്ടും ഉയരേണ്ടതുണ്ട്; ‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’. വാസ്തവത്തിൽ പള്ളിയിൽനിന്ന് മുഴങ്ങേണ്ട പദങ്ങളായിരുന്നു അത്. ചരിത്രപരമായ ധർമം കാലഗതിയിൽ പള്ളി അവഗണിക്കുകയോ മറന്നുപോകുകയോ ചെയ്തതുകൊണ്ടാണ് തെരുവുകളിൽനിന്ന് ഉയർന്നു കേട്ട ആ വാക്കുകൾ പള്ളിയുടെ മേലുള്ള ആക്രോശമായും അപമാനമായും അനുഭവപ്പെട്ടതും വല്ലാതെ പരിഭ്രമിച്ചുപോയതും. ഇപ്പോൾ ഒരു ജയിലായി മാറിയിട്ടുള്ള പഴയകോട്ടയിൽ നിന്നാണ് അവർ ഇരമ്പിയാർത്ത് നഗരത്തിലേക്ക് എത്തിയിരിക്കുന്നത്. തകർത്ത കോട്ടയിൽനിന്ന് അടർന്നുവീണ ശിലാപാളികൾ അവർ ഇതിനകം ചന്തയിൽ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ടായിരുന്നു. അടർന്നുപോകുന്ന പഴയകാലത്തിന്റെ സ്മാരകശിലയെന്ന നിലയിൽ അതിനും ആവശ്യക്കാരുണ്ടായിരുന്നു. ഭരണകൂടം, അതിനോട് മമത പുലർത്തുന്ന പള്ളി ഇവയൊക്കെ തകർക്കപ്പെടേണ്ട കോട്ടകളാണെന്നൊരു സങ്കൽപ്പം അന്തരീക്ഷത്തിലുണ്ടായിരുന്നു. പഴയനിയമത്തിലെ ജെറീക്കോ കോട്ടപോലെയാണത്. നിരായുധരായ മനുഷ്യർ ആരവം മുഴക്കി അതിനെ വലം ചുറ്റിയപ്പോൾ അത് നിലംപൊത്തിയെന്ന രൂപകകഥപോലെ. പുറത്തിപ്പോൾ ബാസ്റ്റീൽ കോട്ടയിൽ നിന്നെത്തിയ ആ മനുഷ്യർ സായുധരാണെന്ന വ്യത്യാസമുണ്ട്. 1789 ജൂലൈ 14 ആയിരുന്നു അന്ന്. അവർ മുഴക്കിയ പദങ്ങൾ ഏറ്റവും പുരാതനവും അതുപോലെ സദാ നൂതനവുമായ വിചാരമായിരുന്നു.‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’. ആ പദങ്ങളുടെ കുഴലൂത്തുകാരാകുമെന്ന് ഒരിക്കൽ കരുതിയ മനുഷ്യരാണ് ഇപ്പോൾ അതിന്റെ ശത്രുക്കളായി ഗണിക്കപ്പെടുന്നത്. ചരിത്രത്തിലെ ഏറ്റവും കഠിനമായ, ക്രൂരമായ വിരോധാഭാസമായി ആ ദിനം ഓർമിക്കപ്പെടും. അതിലെ ശരിതെറ്റുകളല്ല നമ്മുടെ പ്രശ്നം. ശാസ്ത്രപുസ്തകം പോലെ വൈകാരികതയില്ലാതെ വായിക്കപ്പെടേണ്ട ഒന്നാണ് ചരിത്രപുസ്തകവും. ഓഷ്വിറ്റസിന്റെ ഭിത്തിയിൽ എഴുതിവച്ചിരിക്കുന്നതുപോലെ നമ്മൾ ചരിത്രം പഠിക്കേണ്ടത് കയ്പ്പുള്ളവരായി മാറാനല്ല, ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനാണെന്നാണ്. അതാണ് അതിന്റെ ശരി. തെരുവിൽനിന്ന് ഉയർന്നുകേട്ട ആ പദങ്ങളെ ഇത്ര ഋജുവായും പ്രായോഗികമായും അഭിമുഖീകരിച്ച മറ്റൊരു പുരാതന ധർമമില്ല. പിന്നീട് കമ്യൂൺ എന്ന പേരിൽ നാം പരിചയപ്പെടുന്ന സഹജീവിതത്തിന്റെയും സമതയുടെയും വേരുകൾ ആ തടിച്ച കറുത്ത തുകൽ ബൈൻഡിട്ട പുസ്തകത്തിന്റെ ഒടുവിലുണ്ട്: വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു. സകലതും പൊതുവക എന്നെണ്ണുകയും ജന്മഭൂമിയിൽ വസ്തുക്കളും വിറ്റ് അവനവന് ആവശ്യമുള്ളതു പോലെ എല്ലാവർക്കുമിടയിൽ പങ്കിടുകയും ചെയ്തു. ഇടതുപക്ഷ ഭാവന ലോകത്തിന് സമ്മാനിച്ച സഖാവ്, ‘Comrade’ എന്ന പദം പോലെ ക്രിസ്റ്റ്യാനിറ്റി കണ്ടെത്തി, കൈമാറണം എന്ന് ആഗ്രഹിച്ച വാക്ക് അതായിരുന്നു ബ്രദർ/ സിസ്റ്റർ. അതിനുള്ളിൽ നേരത്തെ പറഞ്ഞ ആ മൂന്ന് പദങ്ങളും വിത്തിനുള്ളിലെന്ന പോലെ ഒരു ജൈവിക സാധ്യതയായി അടക്കം ചെയ്തിട്ടുണ്ട്. ഭൂമിയുടെ വിമോചന പ്രക്രിയകളോട് നിങ്ങൾ എത്ര അടുത്ത് നിൽക്കുന്നുവെന്നതാണ് എത്ര ആന്തരിക മനുഷ്യനാണ് നിങ്ങളെന്ന് അളന്നെടുക്കുവാൻ ഉപയോഗിക്കേണ്ട ഏക ഏകകം. വേദപുസ്തകത്തിലെ ഒടുവിലത്തെ താളുകൾ നാടുകടത്തപ്പെട്ട ദ്വീപിലിരുന്ന് പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും കുറിച്ചുള്ള ഒരാളുടെ കാഴ്ചയും ആത്മഗതങ്ങളുമാണ്. യേശുമൊഴികളിൽ പരക്കെ ഉപയോഗിക്കപ്പെടുകയും അത്രയുംതന്നെ തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത വാക്യമാണ് ‘സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന്.' അനുദിനജീവിതത്തിന്റെ ഉൽക്കണ്ഠകളിൽനിന്നും പാർക്കുന്ന ദേശത്തിന്റെ വ്യാകുലതകളിൽനിന്നും വഴുതിമാറാനുള്ള സമവായമായിട്ടാണ് ആ പദം ഇക്കണ്ട കാലമെല്ലാം ഉപയോഗിക്കപ്പെട്ടത്. അതിന്റെ പശ്ചാത്തലം അപഗ്രഥിക്കുമ്പോൾ അതങ്ങനെയല്ല എന്നു വെളിപ്പെട്ടുകിട്ടും. റോമ കീഴ്പ്പെടുത്തിയ ഒരു നാട്ടുരാജ്യത്തിലെ പൗരനായിരുന്നു യേശു. വൈദേശികനുകത്തിന്റെ അനവധിയായ സമ്മർദങ്ങൾക്ക് വിധേയപ്പെട്ടു ജീവിക്കണമോ വേണ്ടയോ എന്നതായിരുന്നു നികുതിയെക്കുറിച്ചുള്ള സംവാദങ്ങൾക്കു പിന്നിൽ. ഇതിനകം നിരവധി നികുതിപ്രക്ഷോഭങ്ങൾ ആ ദേശത്തു നടന്നിട്ടുണ്ട്. ‘Taxation was No Better Than Introduction to Slavery' എന്നാണ് ‘ജൂഡസ് ദ ഗലീലിയൻ' എന്നു കേൾവി കേട്ട വിപ്ലവകാരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നത്. അടിമത്തത്തിന്റെ ഉമ്മറമാണ് നികുതിയെന്ന്. യേശു ചോദിച്ചു, നിങ്ങൾ കപ്പം കൊടുക്കുന്ന നാണയം കാണിച്ചുതരിക. അതിൽ ആരുടെ മുദ്രയാണുള്ളത്’. സീസറുടേത്’ അവർ ഉത്തരം നൽകി. അങ്ങനെയെങ്കിൽ, സീസറിന് അവകാശപ്പെട്ടത് സീസറിനു നൽകുക. ഈശ്വരന് അർഹതപ്പെട്ടത് ഈശ്വരനും.’ എന്താണ് ഇതിന്റെ അർഥം. നാണയത്തിനു മീതെ അതു കമ്മട്ടത്തിൽ അടിച്ച സീസറിന്റെ മുദ്രയുണ്ട്. എന്നാൽ, നാണയം കൈവെള്ളയിലെടുത്തു നിൽക്കുന്ന നിങ്ങളിൽ ആരുടെ മുദ്രയാണുള്ളത്. യഹൂദർക്ക് ഏറ്റവും പരിചിതമായ വേദഭാഗത്തിന്റെ ഓർമപ്പെടുത്തലായിരുന്നു അത്; നരനെ ദൈവികഛായയിലും സാദൃശ്യത്തിലുമാണ് അവിടുന്ന് സൃഷ്ടിച്ചതെന്ന്. നാണയത്തിൽ അത് കമ്മട്ടത്തിൽ അടിച്ച സീസറിന്റേതെന്നതുപോലെ, നിങ്ങളുടെ നെഞ്ചിൽ പതിഞ്ഞുകിടക്കുന്ന ആ ഒരേയൊരാളുടെ മുദ്രയ്ക്കു നിരക്കുന്നവരായി, അയാൾക്കു മാത്രം വിധേയപ്പെട്ടവരായി ജീവിക്കുക. വലിയ സ്വാതന്ത്ര്യത്തിലേക്കുള്ള ആ ശംഖനാദമാണ് മത -രാഷ്ട്രീയങ്ങൾക്കിടയിലെ അവിശുദ്ധബാന്ധവങ്ങളെ നീതീകരിക്കാൻ പല ദേശങ്ങളിലും പല കാലങ്ങളായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ‘Take Your Bible and Take Your Newspaper, and Read Both. But Interpret Newspapers from Your Bible.’ എന്ന കാൾ ബാർത്തിന്റെ വിചാരം ഒരിക്കൽ വേദശാസ്ത്രക്ലാസുകളിൽ നന്നായി മുഴങ്ങിയിരുന്നു. വേദപുസ്തകത്തിന്റെ കണ്ണിലൂടെ വർത്തമാനകാലം കാണാനുള്ള ക്ഷണമാണത്. ഭൂമിയുടെ സ്വാതന്ത്ര്യദാഹത്തിലേക്ക് അവനെയും അവന്റെ പരിഗണനകളെയും തിരിച്ചു വിളിക്കുമ്പോഴാണ്, വാക്ക് ശരീരമായി നമുക്കിടയിൽ വസിച്ചു എന്ന തിരുവചനത്തിന് കാലികമായ മുഴക്കമുണ്ടാകുന്നത്. പുൽക്കൂട് ഒരു രാഷ്ട്രീയ രൂപകം കൂടിയാകുന്നത്.

ദേശാഭിമാനി 25 Dec 2024 1:00 am

ജോഷിതയ്‌ക്ക്‌ 
ക്രിസ്‌മസ്‌ സമ്മാനം ; അണ്ടർ 19 ലോകകപ്പിനുള്ള 
ഇന്ത്യൻ ടീമിലെ ഏക മലയാളി

കൽപ്പറ്റ ഏറ്റവും മനോഹരമായ ക്രിസ്മസ് സമ്മാനത്തിനുമുന്നിൽ ആ പതിനെട്ടുകാരി മനംനിറഞ്ഞ് ചിരിച്ചു–-വി ജെ ജോഷിത. പതിനൊന്നാംവയസ്സിൽ കൃഷ്ണഗിരി പിച്ചിൽ ക്രിക്കറ്റിലെ ആദ്യപാഠങ്ങൾ പഠിച്ച വയനാട്ടുകാരി. ഇന്ന്, ക്രിസ്മസ് ദിനത്തിൽ ജോഷിതയ്ക്ക് ലോകകപ്പിലേക്കുള്ള ഇന്ത്യൻ കുപ്പായമാണ് സമ്മാനമായി കിട്ടിയത്. കളിജീവിതത്തിലെ ഏറ്റവും അവിസ്മരണീയ നിമിഷമായി അതുമാറി. കഴിഞ്ഞ ഒരുമാസമായി ഈ പേസ് ബൗളർ സ്വപ്നലോകത്താണ്. അണ്ടർ 19 ചലഞ്ചർ ട്രോഫിയിലൂടെ ഇന്ത്യൻ കുപ്പായമണിഞ്ഞു. ഡിസംബർ ആദ്യം നടന്ന അണ്ടർ–-19 ത്രിരാഷ്ട്ര കപ്പിനുള്ള ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചു. പിന്നാലെ അണ്ടർ -19 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ. വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റ് താരലേലത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ജോഷിതയെ കൂടാരത്തിലെത്തിച്ചു. ഏഷ്യാകപ്പ് ഫൈനലിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ ജേതാക്കളായപ്പോൾ ബംഗ്ലാദേശിന്റെ തകർച്ചയ്ക്ക് തുടക്കംകുറിച്ച് ആദ്യ വിക്കറ്റ്. ഒടുവിൽ ക്രിസ്മസ്, പുതുവർഷ സമ്മാനമായി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ. കഠിന പ്രയ്തനത്തിന്റെയും അർപ്പണ മനോഭാവത്തിന്റെയും മധുരമാണ് ജോഷിത ഇപ്പോൾ നുണയുന്നത്. സജന ചേച്ചിയും മിന്നു ചേച്ചിയുമെല്ലാം കളിച്ച് മുന്നേറുന്നത് കാണുമ്പോൾ അതുപോലെയാകാൻ കൊതിച്ചിരുന്നു. അവർ ഇന്ത്യക്കായി തിളങ്ങുന്നത് കണ്ടപ്പോൾ ആഹ്ലാദിച്ചു. ഇപ്പോൾ എനിക്കും അവസരം കിട്ടിയിരിക്കുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം' –- ജോഷിത പറഞ്ഞു. സജനയും മിന്നുമണിയും വലിയ പ്രചോദനമായിരുന്നു. ഒപ്പം കേരളക്രിക്കറ്റ് അസോസിയേഷന്റെയും കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയുടെയും ദീപ്തി, ജസ്റ്റിൻ എന്നിവരുൾപ്പെടെയുള്ള പരിശീലകരുടെയും അകമഴിഞ്ഞ പിന്തുണയുമാണ് നേട്ടത്തിന് പിന്നിൽ. ഇനിയുള്ള ലക്ഷ്യം സീനിയർ ടീമിനായി ഇന്ത്യൻ കുപ്പായമണിയുക എന്നതാണ്–- ജോഷിത വ്യക്തമാക്കി. ആറാംക്ലാസ് പഠനത്തിനിടെയാണ് കേരള ക്രിക്കറ്റ് അക്കാദമിക്ക് കീഴിലുള്ള കൃഷ്ണഗിരി വയനാട് ക്രിക്കറ്റ് അക്കാദമിയിൽ എത്തുന്നത്. കെസിഎ അണ്ടർ 16 ടീമിലും അണ്ടർ 19 ടീമിലും കേരളത്തിനായി മികച്ച പ്രകടനം നടത്തി. അണ്ടർ 23 ടീമിലും കേരളത്തിന്റെ സീനിയർ ടീമിലും ഇടംകണ്ടെത്തിയ ജോഷിത ഓൾറൗണ്ട് മികവിലൂടെയാണ് ഇന്ത്യൻ കുപ്പായമണിഞ്ഞത് കൽപ്പറ്റ അമ്പിലേരിയിലെ ജോഷിയുടെയും ശ്രീജയുടെയും മകളാണ്. ബത്തേരി സെന്റ് മേരീസ് കോളേജ് രണ്ടാംവർഷ ബിരുദവിദ്യാർഥിയാണ്. നിക്കി പ്രസാദ് ക്യാപ്റ്റൻ അണ്ടർ 19 വനിതാ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നിക്കി പ്രസാദ് നയിക്കും. ഏഷ്യാ കപ്പിലും നിക്കിയായിരുന്നു ക്യാപ്റ്റൻ. ജനുവരി 18ന് മലേഷ്യയിലെ കോലാലംപുരിൽ ലോകകപ്പ് തുടങ്ങും. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യക്ക് മലേഷ്യ, വെസ്റ്റിൻഡീസ്, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിലെ എതിരാളികൾ. ജനുവരി 19ന് വിൻഡീസുമായാണ് ആദ്യകളി. ആകെ നാലു ഗ്രൂപ്പുകളാണ്. 31നാണ് ഫൈനൽ. ഇന്ത്യൻ ടീം: നിക്കി പ്രസാദ് (ക്യാപ്റ്റൻ), സനിക ചൽക്കെ, ജി തൃഷ, ജി കമാലിനി, ഭാവിക അഹിരെ, ഈശ്വരി അവസരെ, മിതില വിനോദ്, വി ജെ ജോഷിത, സോനം യാദവ്, പരുണിക സിസോദിയ, കേസരി ധൃതി, ആയുഷി ശുക്ല, ആനന്ദിത കിഷോർ, എം ഡി ശബ്നം, എസ് വൈഷ്ണവി.

ദേശാഭിമാനി 25 Dec 2024 1:00 am

അനങ്ങിയില്ല, ട്രാക്ക്‌ വിടാതെ പവിത്രന്റെ ജീവൻ

കണ്ണൂർ ‘‘ഫോണിൽ സംസാരിച്ച് പാളത്തിലൂടെ നടക്കുകയായിരുന്നു. പെട്ടെന്നാണ് വേഗത്തിൽ ട്രെയിൻ വരുന്നതുകണ്ടത്. ഒഴിഞ്ഞുമാറാൻ സമയമില്ല. വേഗം ട്രാക്കിൽ കിടന്നു’’–- ട്രെയിൻ കടന്നുപോയ ട്രാക്കിൽനിന്ന് രക്ഷപ്പെട്ട സംഭവം വിവരിക്കുമ്പോൾ പവിത്രന് മരണം മുന്നിൽ കണ്ടതിന്റെ ഭീതിയും വിറയലും. മംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിവാൻഡം എക്സ്പ്രസാണ് തിങ്കൾ വൈകിട്ട് കണ്ണൂർ പന്നേൻപാറയിലെ ട്രാക്കിൽവച്ച് കുന്നാവ് പാറവയലിനുസമീപത്തെ പവിത്രനു മുകളിലൂടെ കടന്നുപോയത്. പന്നേൻപാറയിലെ ശ്രീജിത്ത് പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പവിത്രനും താരമായി. വൈകുന്നേരങ്ങളിൽ പാളത്തിലൂടെ കണ്ണൂരിലേക്ക് നടന്നുപോകാറുള്ള പവിത്രൻ ശ്രീജിത്തിനും പ്രദേശവാസികൾക്കുമെല്ലാം ചിരപരിചിതനാണ്. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ ബസിലെ ക്ലീനറായ ഇദ്ദേഹം ജോലികഴിഞ്ഞ് വീട്ടിലെത്തിയശേഷം പതിവുപോലെ കണ്ണൂരിലേക്ക് പോകുകയായിരുന്നു. ഇതിനിടെ സ്കൂൾ ബസിലുണ്ടായിരുന്ന കുട്ടിയുടെ രക്ഷിതാവ് ഫോണിൽ വിളിച്ചു. അദ്ദേഹത്തോട് സംസാരിക്കുന്നതിനിടയിൽ ട്രെയിൻ വരുന്നത് ശ്രദ്ധിച്ചിരുന്നില്ല. ട്രെയിൻ കടന്നുപോയതിനുശേഷം പാളത്തിൽനിന്നെഴുന്നേറ്റ പവിത്രൻ വീട്ടിലേക്കുപോയി. സമൂഹമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെ ആർപിഎഫും റെയിൽവേ പൊലീസും നടത്തിയ അന്വേഷണത്തിലാണ് പവിത്രനെ തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച ഇവർ മൊഴി രേഖപ്പെടുത്താൻ വിളിച്ചപ്പോഴും പവിത്രൻ പാളം വഴി നടന്നാണ് കണ്ണൂരിലെത്തിയത്. ട്രെയിൻ കടന്നുപോകുമ്പോൾ അനങ്ങാതെ കിടന്നതിനാലാണ് രക്ഷപ്പെട്ടതെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പാളത്തിലൂടെ അപകടകരമാംവിധത്തിൽ നടന്നതിന് പവിത്രനെതിരെ കേസെടുത്തിട്ടുണ്ട്.

ദേശാഭിമാനി 25 Dec 2024 1:00 am

ചൂരൽമലയിൽ തിളങ്ങുന്നു, 
ഉറ്റവരുടെ ഓർമനക്ഷത്രങ്ങൾ

ചൂരൽമല നക്ഷത്രങ്ങളാലും ദീപാലങ്കാരങ്ങളാലും തിളങ്ങിയിരുന്ന ചൂരൽമല മുതൽ പുഞ്ചിരിമട്ടം വരെയുള്ള പാതയോരങ്ങൾ ശൂന്യമാണ്. മുണ്ടക്കൈയിലെ ആഘോഷരാവുകളിലെ കാരളുകൾ, ക്രിസ്മസ് രാവുകൾ, ഒരു കുടുംബമായി ഒത്തുകൂടിയ പാതിരകൾ... എല്ലാം ഓർമകളിൽ നിറഞ്ഞു. ഉരുൾകൊണ്ടുപോയ ദുരന്തഭൂമിയിൽ ആഘോഷങ്ങളുണ്ടായില്ലെങ്കിലും പലദിക്കുകളിലെ വാടകവീടുകളിലേക്ക് ചിന്നിച്ചിതറിയ നാട്ടുകാർ ക്രിസ്മസ് രാവിൽ ഒത്തുകൂടി. ചൂരൽമല സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ ചൊവ്വ രാത്രി ഏഴിന് നടന്ന പ്രാർഥനയിൽ ഉറ്റവരുടെ സ്മരണ നിറഞ്ഞു. തൃശൂരിൽനിന്നെത്തിയ സന്നദ്ധ പ്രവർത്തക അറക്കൽ ജോസഫൈൻ ചൂരൽമല അങ്ങാടിയിൽ പുൽക്കൂടും ഒരുക്കി. ദുരന്തത്തിൽ ജീവൻ വാരിപ്പിടിച്ചോടിയവർ അതിജീവിച്ച ജനതയായാണ് ആഘോഷദിനങ്ങളിൽ ഈ മണ്ണിലേക്ക് തിരിച്ചെത്തുന്നത്. ഉറ്റവരുടെ ഓർമകളിലവർ വിങ്ങി. ദുരന്തംപെയ്ത രാത്രി പിന്നിട്ട് അഞ്ചുമാസത്തിലേക്ക് എത്തുമ്പോൾ ഓണവും നബിദിനവും കടന്നുപോയി. ആഘോഷങ്ങളില്ലെങ്കിലും പരസ്പരം സ്നേഹം പങ്കുവച്ച് ക്രിസ്മസിനും അവർ ഒന്നിച്ചിരിക്കും. ജാതിയുടെയോ മതത്തിന്റെയോ കള്ളിയിൽ ഒതുങ്ങിയതായിരുന്നില്ല ചൂരൽമലയിലെ ആഘോഷങ്ങൾ. ഓണവും വിഷുവും ക്രിസ്മസും പെരുന്നാളുമെല്ലാം ഒന്നിച്ചുള്ള ഉത്സവമായിരുന്നു. സെന്റ് സെബാസ്റ്റ്യൻ പള്ളിയിലും ഓർത്തഡോക്സ് പള്ളിയിലും ആകെ 56 ക്രിസ്ത്യൻ കുടുംബങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും ആഘോഷങ്ങൾക്ക് നാടാകെ ഒത്തുകൂടുകയായിരുന്നു പതിവ്. പ്രാർഥനാശേഷമുള്ള കലാസന്ധ്യ ചൂരൽമലയിലെ ഉത്സവങ്ങളിൽ ഒന്നായിരുന്നു. ദുരന്ത പശ്ചാത്തലത്തിൽ ആഘോഷങ്ങളെല്ലാം മാറ്റിവച്ചാണ് പള്ളികളിലെ പ്രാർഥന. പുത്തുമലയിലെ പൊതുശ്മശാനത്തിൽ കുഞ്ഞുങ്ങളുടെ കുഴിമാടങ്ങൾക്ക് മുമ്പിൽ കുടുംബാംഗങ്ങൾ ഒരുക്കിയ കുഞ്ഞുപുൽക്കൂടും അലങ്കാരങ്ങളുമാണ് ആഘോഷദിനത്തിലും നൊമ്പരം തീർക്കുന്നത്.

ദേശാഭിമാനി 25 Dec 2024 1:00 am

കലാപത്തീയിൽ മണിപ്പുർ ; ക്രിസ്‌മസിലും തോരാകണ്ണീര്‍...

ഇംഫാൽ/ന്യൂഡൽഹി കലാപവും ദുരിതങ്ങളും വിട്ടൊഴിയാതെ മണിപ്പുരിൽ വീണ്ടും ക്രിസ്മസ്. കഴിഞ്ഞ വർഷം മെയ് മൂന്നിന് തുടങ്ങിയ കലാപത്തെ തുടർന്ന് പതിനായിരങ്ങൾ ഇപ്പോഴും ഭവനരഹിതരാണ്. വീടുകളിൽ കഴിയുന്നവർക്കും ജോലിയും കൂലിയും പരിമിതം. സഞ്ചാരസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവർക്ക് കാർഷികവിളകൾ വിറ്റ് വരുമാനമുണ്ടാക്കാനും കഴിയുന്നില്ല. എല്ലാ നവംബറിലും നടന്നുവന്ന പ്രശസ്തമായ സാങ്ഹായി മേള മുടങ്ങി. പതിനായിരക്കണക്കിന് സുരക്ഷാഭടന്മാരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമില്ല. ബിജെപി നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാർ നിഷ്ക്രിയം. കേന്ദ്രം ഇടപെടാനോ രാഷ്ട്രീയപരിഹാരം കാണാനോ തയ്യാറാകുന്നില്ല. കലാപം പൊട്ടിപുറപ്പെട്ടശേഷം പ്രധാനമന്ത്രി ഇതുവരെ മണിപ്പുർ സന്ദർശിച്ചിട്ടില്ല. 250ൽ ഏറെപേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്. ഇതിലേറെ പേർ ജീവച്ഛവമായി കഴിയുന്നു. മതിയായ ചികിത്സ ഉറപ്പാക്കാൻ കഴിയുന്നില്ല. ആയിരക്കണക്കിനുപേർ മറ്റ് സംസ്ഥാനങ്ങളിൽ കുടിയേറുകയോ താൽക്കാലിക അഭയം കണ്ടെത്തുകയോ ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലായി. ഏതാനും ദുരിതാശ്വാസ ക്യാമ്പുകളിൽ സൈനികരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്രിസ്മസ് ആഘോഷം നടത്തി. ഇതിനിടെ, ഡൽഹി ഗോൾഡ ഖാനയിലെ സിബിസിഐ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. 2023 ഏപ്രിൽ ഒൻപതിന്, ഈസ്റ്റർ പ്രമാണിച്ച് ഗോൾഡ ഖാന സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ മോദി സന്ദർശനം നടത്തിയിരുന്നു. ജർമനി, ശ്രീലങ്ക ആക്രമണങ്ങൾ 
ദുഃഖകരം: മോദി ജർമനിയിലും ശ്രീലങ്കയിലും ക്രൈസ്തവർക്കുനേരെ ഉണ്ടായ ആക്രമണങ്ങളിൽ ആശങ്കയും ദുഃഖവും പ്രകടിപ്പിച്ച പ്രസംഗത്തിൽ മണിപ്പുർ കലാപം പരാമർശിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. സിബിസിഐയുടെ ക്രിസ്മസ് ആഘോഷത്തിൽ സംസാരിക്കവെയാണ് മോദിയുടെ ഇരട്ടത്താപ്പ്. ജർമനിയിൽ ക്രിസ്മസ് ചന്തയിൽ ഉണ്ടായ ആക്രമണവും ശ്രീലങ്കയിൽ 2019ൽ പള്ളികൾക്കുനേരെ നടന്ന ബോംബാക്രമണവും മോദി എടുത്തുപറഞ്ഞു. എന്നാൽ മണിപ്പുരിൽ 2023 മെയ് മാസത്തിൽ ഇരുന്നൂറിൽപരം പള്ളികൾ തകർക്കപ്പെട്ടതിൽ അദ്ദേഹം നിശബ്ദത പാലിച്ചു. ഗോൾഡഖാനയിലെ വേദിയിൽ കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് പ്രധാനമന്ത്രി എത്തിയത്. വിവിധ ക്രൈസ്തവ സഭകളുടെ കർദിനാൾമാരും ബിഷപ്പുമാരും പങ്കെടുത്തു.

ദേശാഭിമാനി 24 Dec 2024 2:31 am

തലശേരി മൈസൂർ റെയിൽവേ ; കാത്തിരിപ്പിന്റെ 100 വർഷം

തലശേരി–- -വയനാട്–- -മൈസൂർ റെയിൽപ്പാതയുടെ വിശദമായ പദ്ധതിരേഖ സമർപ്പിച്ചിട്ട് 100 വർഷം തികയുകയാണ്. 1924ൽ എഫ് എസ് ബോണ്ട് എന്ന എൻജിനിയറുടെ നേതൃത്വത്തിൽ ഒരുവർഷം നീണ്ട സർവേയിലൂടെ രൂപപ്പെടുത്തിയ പ്രസ്തുത പദ്ധതിയുടെ വിന്യാസവും നിർമാണ ചെലവുകളും പിന്നീട് പലതവണ പുനർനിശ്ചയിച്ചുകൊണ്ട് പ്രാവർത്തികമാക്കാൻ ശ്രമം നടത്തിയെങ്കിലും പൂർത്തിയാകാതെ തന്നെ അവശേഷിച്ചു. 20–-ാം നൂറ്റാണ്ടിന്റെ ആരംഭദശയിൽ പദ്ധതിക്കുണ്ടായിരുന്ന രാഷ്ട്രീയവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ ഇന്നു പൂർണമായും മാറി മറിഞ്ഞിട്ടുണ്ട്. ദുർഘടമായ പശ്ചിമഘട്ടത്തിലൂടെ ചുരം പാതയായി വിഭാവനം ചെയ്ത പദ്ധതി, നിർമാണത്തിൽ അടങ്ങിയിട്ടുള്ള വിഷമതകളും ഭീമമായ ചെലവും കാരണം ആരംഭം തൊട്ടുതന്നെ വലിയ പ്രതിസന്ധികളെ നേരിട്ടിരുന്നു. എങ്കിലും സമാന്തര പാതകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവിൽ പൂർത്തീകരിക്കാവുന്നത് എന്നതിനാലും വയനാടിനെയും കുടകിനെയും റെയിൽവേ ഭൂപടത്തിൽ ഇണക്കിച്ചേർക്കാൻ പര്യാപ്തമാണെന്ന നിലയിലും പുതിയ പാത തത്വത്തിൽ സ്വീകാര്യമായി ത്തീർന്നു. തലശേരി–- മൈസൂർ റെയിൽ എന്തുകൊണ്ട് ബ്രിട്ടീഷ് കോളോണിയൽ സർക്കാരിന്റെ സവിശേഷ പരിഗണനയ്ക്ക് വിഷയമായിത്തീർന്നുവെന്നത് ശ്രദ്ധേയമാണ്. മദ്രാസ് പ്രവിശ്യയിലെ ജില്ല മാത്രമായ മലബാറിന്റെ ഭരണ സിരാകേന്ദ്രം കോഴിക്കോട് ആയിരുന്നുവെങ്കിലും ബ്രിട്ടീഷുകാരുടെ ആദ്യകാല സങ്കേതമെന്ന നിലയിലും ജില്ലയുടെ രണ്ടാമത്തെ ആസ്ഥാനമെന്ന നിലയിലും തലശേരിക്ക് വലിയ പ്രാധാന്യമുണ്ടായിരുന്നു. തലശേരിയെ കുടകുമായും വയനാടുമായും ബന്ധിപ്പിക്കാൻ സഹായിക്കുന്ന ചുരം പാതകൾ നേരത്തേതന്നെ നിർമിക്കപ്പെട്ടിരുന്നു. കോഴിക്കോടിനെക്കാളും കണ്ണൂരിനെക്കാളും മെച്ചപ്പെട്ട, ആഴമുള്ള കടലും മൺസൂൺ കാലത്തുപോലും പ്രവർത്തനക്ഷമമായ തുറമുഖവുമുള്ള, പശ്ചിമഘട്ട പ്രദേശങ്ങളിൽനിന്നുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളും സുലഭമായ മര ഉരുപ്പടികളും എളുപ്പത്തിൽ കയറ്റുമതി ചെയ്യാൻ പറ്റുന്ന, കച്ചവടകേന്ദ്രമെന്ന നിലയ്ക്ക് തലശേരിക്ക് വലിയ സാധ്യതയുണ്ടായിരുന്നു. വയനാട്ടിൽനിന്നുള്ള തേയിലയും സുഗന്ധദ്രവ്യങ്ങളും താമരശേരി ചുരമിറങ്ങി റോഡ് മാർഗം കോഴിക്കോട്ടേക്കാണ് മുഖ്യമായും എത്തിച്ചിരുന്നത്. എങ്കിലും പുതിയൊരു റെയിൽപ്പാത നിലവിൽ വന്നാൽ താരതമ്യേന വേഗത്തിലും ചെലവ് കുറഞ്ഞും അവയുടെ കയറ്റുമതി സാധ്യമാകുമെന്ന് അധികൃതർ കണക്കുകൂട്ടി. തേക്കുമരങ്ങളുടെ വ്യാപാരം ലക്ഷ്യമിട്ട് ഏതാണ്ട് ഇതേ കാലത്ത് തുടങ്ങിവച്ച ഷൊർണൂർ-–- നിലമ്പൂർ റെയിൽപ്പാതയുടെ നിർമാണ പ്രവർത്തനം 1927ൽ പൂർത്തീകരിച്ചിരുന്നു. നിലമ്പൂരിൽനിന്ന് നാടുകാണിച്ചുരം വഴി മേപ്പാടി എത്തി വയനാട്ടിലേക്ക് നീണ്ടുപോകുന്ന ഒരു പാതയെക്കുറിച്ച് ആലോചന ഉണ്ടായിരുന്നെങ്കിലും ഷൊർണൂരിൽനിന്ന് കോഴിക്കോട്ടേക്കോ കൊച്ചിയിലേക്കോ ദീർഘദൂരം സഞ്ചരിച്ച് മാത്രമേ ചരക്കുകൾ എത്തിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കൂ എന്നത് തലശേരി പാതയുടെ പ്രസക്തി വർധിപ്പിച്ചു. മദ്രാസ്–- ഷൊർണുർ–- -മംഗലാപുരം പാതയിൽ തലശേരി സ്റ്റേഷനിൽനിന്ന് ആരംഭിച്ച്, നിലവിലുള്ള നഗര സംവിധാനത്തെ ബാധിക്കാത്ത വിധം ഒരു കിലോമീറ്ററോളം വടക്കോട്ട് സഞ്ചരിച്ച്, എരഞ്ഞോളി പുഴയുടെ കരയിലൂടെ കിഴക്കോട്ടു മുന്നേറുന്ന രൂപത്തിലായിരുന്നു പാത വിഭാവനം ചെയ്തത്. കൂത്തുപറമ്പ്, കണ്ണവം, പേരാവൂർ, കേളകം, കൊട്ടിയൂർ വഴി, ബ്രിട്ടീഷുകാർ ‘Smugglers Pass’ എന്നുവിളിച്ച, ഇന്നത്തെ പാൽചുരം ചുറ്റി തലപ്പുഴ എത്തുന്നതായിരുന്നു പ്രസ്തുത തീവണ്ടിപ്പാത. ദൂരവും ഉയരവും അധികമാണെന്നതിനാൽ പേരിയ ചുരം ഒഴിവാക്കപ്പെട്ടു. മാനന്തവാടിയിൽനിന്ന് കുറച്ചു മുന്നോട്ടു മാറിയുള്ള വയനാട് സൗത്ത് ജങ്ഷനിൽനിന്ന് ഒരു പാത കിഴക്കോട്ടു നീങ്ങി ബാവലിവരെ ചെന്ന്, കുട്ട വഴി വീരാജ്പേട്ടയിൽ അവസാനിക്കുമ്പോൾ മറ്റൊരു പാത തെക്കോട്ടു നീണ്ട് മേപ്പാടിവരെ എത്തിനിൽക്കും. മേപ്പാടിയിൽനിന്ന് നാടുകാണി വഴി നിലമ്പൂർവരെയും വീരാജ്പേട്ടയിൽനിന്ന് മെർകാറ വഴി തലക്കാവേരിവരെയോ വടക്കോട്ട് അർശനക്കരെ അല്ലെങ്കിൽ ഹാസൻവരെയോ ഭാവിയിൽ ദീർഘിപ്പിക്കുകയെന്ന ആശയവും ബാവലിയിൽനിന്ന് നഞ്ചൻകോടുവരെ പാത നീട്ടിക്കൊണ്ട് തലശേരി–- മൈസൂർ പാതയായി ഭാവിയിൽ ഉയർത്താനുള്ള ആലോചനയും റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്. മൂന്നു കോടിയോളം രൂപയുടെ അടങ്കൽ തുകയാണ് 1924ൽ പദ്ധതിക്ക് പ്രതീക്ഷിച്ചത്. മൂന്നു യൂണിറ്റാക്കി തിരിച്ച് അഞ്ചുവർഷംകൊണ്ട് പ്രവൃത്തി പൂർത്തീകരിക്കുകയായിരുന്നു ലക്ഷ്യം. ചുരം ഭാഗത്ത് തീവണ്ടിപ്പാതയ്ക്ക് സമാന്തരമായി റോഡും പുഴകൾക്കും തോടുകൾക്കും കുറുകെ വലുതും ചെറുതുമായി അനേകം പാലങ്ങളും ആവശ്യമായിരുന്നു. മീറ്റർഗേജ് ആയും നാരോഗേജ് ആയും വ്യത്യസ്ത എസ്റ്റിമേറ്റുകൾ സമർപ്പിക്കപ്പെട്ടിരുന്നു. തലശേരിക്കും മാനന്തവാടിക്കുമിടയിൽ പന്യന്നൂർ, പാട്യം, ചെറുവഞ്ചേരി, കൂത്തുപറമ്പ്, കണ്ണവം, കോളയാട്, പേരാവൂർ, മണത്തണ, കേളകം, ബംഗ്ലാമല, കൊട്ടിയൂർ, ചപ്പമല, പാൽചുരം, തിണ്ടുമ്മൽ, തലപ്പുഴ, മാനന്തവാടി എന്നിങ്ങനെ സ്റ്റേഷനുകൾ വിഭാവനം ചെയ്യപ്പെട്ടു. മുഖ്യമായും ചരക്കുകടത്ത് ലക്ഷ്യംവച്ചുകൊണ്ടാണ് പുതിയൊരു റെയിൽപ്പാത ബ്രിട്ടീഷ് സർക്കാർ സങ്കൽപ്പിച്ചത്. ഉത്സവകാലത്ത് കൊട്ടിയൂരിലേക്കും ദിനേന തലക്കാവേരിയിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്കുവേണ്ടിയും കുടകിലെയും വയനാട്ടിലെയും തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ കടത്തിനുവേണ്ടിയും യാത്രാവണ്ടികൾ ഓടിക്കാനുള്ള സാധ്യത പ്രസ്തുത റിപ്പോർട്ട് ചർച്ച ചെയ്യുന്നുണ്ടെങ്കിലും കാര്യമായ പരിഗണന അതിന് നൽകികാണുന്നില്ല. കുടകിൽനിന്നുള്ള അരി, മലബാറിൽ വിപണനം ചെയ്യുകയെന്നതായിരുന്നു മുഖ്യലക്ഷ്യം. താരതമ്യേന ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശമെന്ന നിലയിലും ഭക്ഷ്യോൽപ്പാദനം കുറഞ്ഞ നാടെന്ന നിലയിലും വലിയ ക്ഷാമം അനുഭവിക്കുന്ന മലബാർ തീരത്തെ നഗരങ്ങൾക്ക് കുടകിലെ അരി എത്തിച്ചു നൽകുക വഴി ഭരണപരമായ ഉത്തരവാദിത്വം നിർവഹിക്കുന്നതോടൊപ്പം വിപുലമായ കച്ചവട മാർഗം തുറന്നു കിട്ടുമെന്നും കണക്കാക്കപ്പെട്ടു. മംഗലാപുരത്തേക്കോ കോഴിക്കോട്ടേക്കോ റോഡ് മാർഗം എത്തിച്ചു വിതരണം ചെയ്യുന്നതിനേക്കാൾ ലാഭകരമാകും എന്നുള്ളതായിരുന്നു തലശേരിക്കുള്ള റെയിൽപ്പാതയുടെ ആകർഷണം. വയനാട്ടിലെയും കുടകിലെയും സുഗന്ധദ്രവ്യങ്ങളും തേയിലയും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും ഇതേ പാത തന്നെയായിരുന്നു ഏറ്റവും ഉചിതം. മൈസൂരിൽനിന്ന് ഹാസൻ വഴി മംഗലാപുരത്തേക്ക് പുതിയ മീറ്റർഗേജ് പാതക്കുള്ള സർവേക്ക് മദ്രാസ് സർക്കാർ 1915ൽ അനുവാദം നൽകിയെങ്കിലും ചുരത്തിലൂടെ നിർമിക്കേണ്ടുന്ന പാതയുടെ സാമ്പത്തികമായ ബാധ്യതയും സാങ്കേതികമായ പരിജ്ഞാനക്കുറവും കാരണം അത് ഹാസൻവരെ എത്തിച്ചു അവസാനിപ്പിക്കുകയാണുണ്ടായത്. 1979ൽ ആണ് പിന്നീട് ഈ പാത മംഗലാപുരത്തേക്ക് നീട്ടിയത് എന്നത് അക്കാലത്തു ചുരം പാതകൾ നിർമിക്കുന്നതിനുണ്ടായിരുന്ന പരിമിതിയെ സൂചിപ്പിക്കുന്നു. ഹാസനിൽനിന്ന് കുടകിലേക്ക് ഒരു ശാഖ സാധ്യമായിരുന്നെങ്കിലും വയനാടിന്റെ വിഭവസമ്പത്ത് വേണ്ടും വിധം ഉപയോഗപ്പെടുത്താൻ സാധിക്കില്ലെന്നത് തലശേരി റെയിൽവേ പദ്ധതിക്ക് ഊർജം നൽകാൻ കാരണമായി. 1924ന് ശേഷം പല ഘട്ടങ്ങളിലായി ബ്രിട്ടീഷ് സർക്കാർ പദ്ധതിയുടെ സാധ്യതകൾ പുനരവലോകനം ചെയ്തെങ്കിലും വിജയം കണ്ടില്ല. തോൽപ്പെട്ടി, മുത്തങ്ങ, നാഗർഹോളെ തുടങ്ങിയ ദേശീയ വന്യജീവി സങ്കേതങ്ങളെ സ്പർശിച്ചുകൊണ്ട് കടന്നുപോകുന്ന പാത വലിയ തോതിലുള്ള വനനശീകരണത്തിന് കാരണമാകുകയും വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിനു തടസ്സമാകുകയും ചെയ്യും എന്ന വാദം പൊതുസ്വീകാര്യത നേടി. എങ്കിലും 2014ന് ശേഷം പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം വിവിധ സർക്കാരുകളും രാഷ്ട്രീയ പാർടികളും സന്നദ്ധ സംഘടനകളും പദ്ധതിക്കുവേണ്ടി നിരന്തരം പരിശ്രമിച്ചു കൊണ്ടിരുന്നു. സർവേകളും സമരങ്ങളും അനേകം നടന്നു. മലയാളികൾ റെയിൽവേ മന്ത്രിമാരായി വന്നപ്പോഴൊക്കെ അതിനുള്ള സാധ്യത കൂടുതലായി തെളിഞ്ഞുവന്നു. എന്നാൽ, കുടകിലെ പരിസ്ഥിതി സംഘടനകൾ വലിയ തോതിൽ എതിർപ്പുമായി രംഗത്തുവന്നതോടെ പ്രതീക്ഷകൾ വീണ്ടും മങ്ങി. തോൽപ്പെട്ടി, മുത്തങ്ങ, നാഗർഹോളെ തുടങ്ങിയ ദേശീയ വന്യജീവി സങ്കേതങ്ങളെ സ്പർശിച്ചുകൊണ്ട് കടന്നുപോകുന്ന പാത വലിയ തോതിലുള്ള വനനശീകരണത്തിന് കാരണമാകുകയും വന്യമൃഗങ്ങളുടെ സ്വൈര്യവിഹാരത്തിനു തടസ്സമാകുകയും ചെയ്യും എന്ന വാദം പൊതുസ്വീകാര്യത നേടി. എങ്കിലും 2014ന് ശേഷം പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിട്ടുണ്ട്. കൊങ്കൻ റെയിൽവേ കോർപറേഷൻ 2017ൽ പുതിയ സർവേ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ പരിസ്ഥിതി പ്രശ്നം മറികടക്കാനുള്ള ഉപാധിയായി വനമേഖലയിൽ തുരങ്കപാത നിർദേശിച്ചു. പുതിയ അടങ്കൽ തുക 5000 കോടി രൂപയായി പുനർനിശ്ചയിക്കുകയും ചെയ്തു. തലശേരി–- നഞ്ചൻകോട് പാത എന്നത് കണ്ണൂരിൽനിന്നോ കൊയിലാണ്ടിയിൽനിന്നോ ആരംഭിക്കുന്ന രീതിയിൽ ബദൽ പാതകളും നിർദേശിക്കപ്പെട്ടു. ഇങ്ങനെയൊക്കെ ആണെങ്കിലും ചുരം പാതയെന്ന രീതിയിൽ പദ്ധതിയുടെ ഭീമമായ ചെലവും പരിസ്ഥിതി നാശവും ലാഭസാധ്യതകളെ കുറിച്ചുള്ള ആശങ്കളും ഇപ്പോഴും പദ്ധതിയുടെ മേൽ കരിനിഴൽ വീഴ്ത്തുകയും നിർമാണ സാധ്യതകളെ അട്ടിമറിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ബ്രിട്ടീഷുകാർ വിഭാവനം ചെയ്ത വ്യാപാരപരവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾ ഇന്ന് മിക്കവാറും അപ്രസക്തമായി പോയിട്ടുണ്ടെങ്കിലും പദ്ധതിയുടെ പ്രസക്തിക്ക് കോട്ടമൊന്നും തട്ടിയിട്ടില്ല. ഉത്തര മലബാറിൽനിന്നും മൈസൂർ, ബംഗളുരു എന്നിവിടങ്ങളിലേക്കുള്ള ഏറ്റവും അടുത്ത യാത്രാമാർഗമാണത്. വലിയ തോതിൽ ചരക്കുനീക്കം നടക്കുന്ന പാതയായും ഇന്നും തുടരുന്നു. അതോടൊപ്പം ടൂറിസത്തിന്റെ പുതിയ ഹബ്ബായി വയനാട് മാറിക്കൊണ്ടിരിക്കുന്നുവെന്നതും വലിയ സാധ്യതയാണ്. നീലഗിരി ഹെറിറ്റേജ് റെയിൽവേ പോലെ ടൂറിസത്തിന്റെ വിപുലമായ സാധ്യതകളാണ് ഈ പാത തുറന്നുതരുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ വേണ്ടും വിധം പരിഹരിച്ചുകൊണ്ട് നടപ്പിലാക്കിയാൽ കേരളത്തിനുമാത്രമല്ല ഇന്ത്യൻ റെയിൽവേക്കും എക്കാലത്തും വിലപ്പെട്ട സമ്പത്തായിരിക്കും പ്രസ്തുത പദ്ധതിയെന്ന കാര്യത്തിൽ സംശയമില്ല. (അവലംബം: പ്രസ്തുത പദ്ധതി റിപ്പോർട്ടുകൾ, R/307, R/307A, Regional Archives, Kozhikode) (കലിക്കറ്റ് സർവകലാശാല ചരിത്ര വിഭാഗം അസോസിയറ്റ് പ്രൊഫസറാണ് ലേഖകൻ)

ദേശാഭിമാനി 24 Dec 2024 1:00 am

ഗാമയുടെ വരവും
 കോളനി വാഴ്‌ചയും

പശ്ചിമ യൂറോപ്പിൽനിന്ന് ആഫ്രിക്കയുടെ തെക്കൻ തീരത്തുള്ള ശുഭപ്രതീക്ഷ മുനമ്പുചുറ്റി ഇന്ത്യയിൽ എത്തിച്ചേർന്ന ആദ്യ നാവികനാണ് വാസ്കോ ഡ ഗാമ (1460–- 1524). ഏഷ്യൻ ഭൂഖണ്ഡത്തിൽ യൂറോപ്യൻ കോളനീകരണത്തിന് തുടക്കം കുറിച്ചത് ഗാമയാണ്. കോളനി വാഴ്ചയുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ അധീശയുക്തി ഇപ്പോഴും ഏഷ്യൻ ജനതയുടെ ജീവിതങ്ങളെ നിർണയിക്കുകയും നിശ്ചയിക്കുകയും ചെയ്യുന്ന പരിതോവസ്ഥയിലാണ് ഗാമയുടെ മരണത്തിന്റെ 500–-ാം വാർഷികം കടന്നുവരുന്നത്. ഇന്ത്യയിലെത്തിയ ആദ്യ കോളനിശക്തി പോർച്ചുഗീസുകാരാണ്. ഇന്ത്യയിൽനിന്ന് അവസാനം പോയതും അവർതന്നെ. 1498 മുതൽ 1961 വരെ ദീർഘമായ 463 വർഷം പോർച്ചുഗീസുകാർ ഇന്ത്യയിലുണ്ടായിരുന്നു. ഏഷ്യയുടെ കോളനീകരണത്തിന് തുടക്കംകുറിച്ച പോർച്ചുഗീസുകാർക്കെതിരെയാണ് ആദ്യത്തെ സംഘടിതവും ദീർഘവുമായ കോളനി വിരുദ്ധ സമരവും അരങ്ങേറുന്നത്. കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിലുള്ള സാമൂതിരിയുടെ നാവികപ്പട ഒരു നൂറ്റാണ്ടുകാലം കടലിൽ പോർച്ചുഗീസ് അധിനിവേശത്തെ ചെറുത്തുനിന്നു. 1599ൽ കുഞ്ഞാലി നാലാമനെ ഗോവയിലേക്ക് കടത്തിക്കൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തുന്നതുവരെ നീണ്ട മലബാറിന്റെ സായുധ പ്രതിരോധം കോളനി വിരുദ്ധ സമരത്തിന്റെ പ്രോജ്വലമായ അധ്യായമാണ്. ഗാമയുടെ വരവ് സമുദ്രമാർഗം ഇന്ത്യയിലേക്കുള്ള പ്രയാണത്തിന് ഗാമ തുടക്കം കുറിക്കുന്നത് 1497 മെയ് എട്ടിന് പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നിന്നാണ്. 1498 മെയ് 17ന് അദ്ദേഹം കാപ്പാട്ട് നങ്കൂരമിട്ടു. മെയ് 12 മുതൽ 20 വരെയുള്ള ദിവസങ്ങൾ ഗാമയുടെ വരവുമായി ബന്ധപ്പെട്ട് എഴുതി കാണിക്കുന്നുണ്ട്. ചരിത്രകാരന്മാർക്ക് ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ല. ലിസ്ബണിൽനിന്ന് ആഫ്രിക്കയുടെ തെക്കേ തീരത്ത് എത്തി ശുഭപ്രതീക്ഷ മുനമ്പുചുറ്റി മൊസാംബിക്കിലും മൊംബാസയിലും മെലിന്ദയിലും നിർത്തി, കാപ്പാടും പിന്നീട് പന്തലായനി കൊല്ലത്തും നങ്കൂരമിട്ട് സാമൂതിരിയുടെ കൊട്ടാരത്തിലെത്തിയപ്പോൾ ഗാമയുടെ യാത്ര ഏഷ്യ–- യൂറോപ്പ് ബന്ധങ്ങളിൽ പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ചു. ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ദൗത്യം മാനുവൽ രാജാവ് ആദ്യം ഏൽപ്പിച്ചത് ഗാമയുടെ അച്ഛൻ എസ്തവാപോ ഡ ഗാമയെ ആയിരുന്നു. അച്ഛന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ വാസ്കോ ഡ ഗാമ ദൗത്യം ഏറ്റെടുത്തു. 1498 മേയിൽ അറബിക്കടലലകളെ തഴുകി ഗാമയുടെ സാവോ ഗബ്രിയേൽ, സാവോ റഫായേൽ, ബെറിയോ എന്നീ കപ്പലുകൾ കോഴിക്കോടിന്റെ തീരമണഞ്ഞപ്പോൾ ചരിത്രം തിരുത്തിയ ഐതിഹാസിക സംഭവ പരമ്പരകൾക്ക് തുടക്കമായി. പോർച്ചുഗലിന്റെ നൂറ്റാണ്ടുകൾ നീണ്ടുനിന്ന സമുദ്രാധിപത്യത്തിലും ഇന്ത്യയുടെ കോളനീകരണത്തിനും ഗാമയുടെ വരവ് കാരണമായി. മറ്റ് യൂറോപ്യൻ ശക്തികളിൽനിന്ന് വ്യത്യസ്തമായി കുരിശുയുദ്ധത്തിന്റെ മനോഭാവം പേറുന്നവരായിരുന്നു പോർച്ചുഗീസുകാർ. ‘ക്രിസ്ത്യാനികളെയും സുഗന്ധദ്രവ്യങ്ങളെയും’ അന്വേഷിച്ചായിരുന്നു അവരുടെ വരവ്. 11–-ാം നൂറ്റാണ്ടിൽ യൂറോപ്പിൽനിന്ന് കുരിശു യുദ്ധത്തിനായി വിശുദ്ധ ഭൂമിയിലേക്ക് (പലസ്തീൻ) പുറപ്പെട്ട ഒരു സംഘം യോദ്ധാക്കൾ അവിടെനിന്ന് കിഴക്കോട്ട് സഞ്ചരിച്ച് പൂർവ ദേശത്ത് ഇന്ത്യയിൽ ഒരു ക്രിസ്ത്യൻ രാജ്യം സ്ഥാപിച്ചെന്നും അവരുടെ പിൻഗാമിയായ പ്രസ്ലർ ജോൺ എന്ന അതിശക്തനായ രാജാവാണ് ഇപ്പോൾ ആ രാജ്യം ഭരിക്കുന്നതെന്നുമുള്ള കഥകൾ ഗാമയുടെ കാലത്ത് യൂറോപ്പിലുടനീളം പ്രചരിച്ചിരുന്നു. പ്രസ്ലർ ജോണിനെ കണ്ടെത്തി അദ്ദേഹവുമായി സഖ്യം സ്ഥാപിച്ച് ഓട്ടോമൻ തുർക്കികളെ പരാജയപ്പെടുത്തുകയെന്ന ആശയം യൂറോപ്യൻ നാവികരെയും സഞ്ചാരികളെയും പ്രചോദിപ്പിച്ചിരുന്നു. ഒരുവേള സാമൂതിരി ഒരു ക്രിസ്ത്യൻ രാജാവാണെന്ന് ഗാമ തെറ്റിദ്ധരിക്കുക പോലുമുണ്ടായി. കഠിനമായ മുസ്ലിം വിദ്വേഷം ഗാമയുടെ നയമായിരുന്നു. കോഴിക്കോടുമായി നൂറ്റാണ്ടുകളായി കച്ചവട ബന്ധമുണ്ടായിരുന്ന മൂറുകളെ (അറബി വ്യാപാരികൾ) കോഴിക്കോട് തുറമുഖത്തുനിന്ന് പുറത്താക്കണമെന്ന് ധിക്കാരപൂർവം ഗാമ സാമൂതിരിയോട് ആവശ്യപ്പെട്ടു. നികുതിയടച്ച് വ്യാപാരം ചെയ്യാൻ സാമൂതിരി അനുമതി നൽകി. ഒപ്പം മൂറുകളെ പുറത്താക്കണമെന്ന ആവശ്യം നിരാകരിക്കുകയും ചെയ്തു. സാമൂതിരിയും പോർച്ചുഗീസുകാരുമായുള്ള സുദീർഘ സംഘർഷത്തിന്റെ തുടക്കം ഇവിടെ വച്ചായിരുന്നു. കോഴിക്കോട്ടുണ്ടായിരുന്ന ഈജിപ്തുകാരും (മൂറുകൾ) പേർഷ്യക്കാരുമായ വ്യാപാരികളെ ചൊല്ലിയുണ്ടായ തർക്കം മൂലം ഗാമ–- സാമൂതിരി കൂടിക്കാഴ്ച വേണ്ടത്ര വിജയമായില്ല. സാമൂതിരിയുടെ ശത്രുവായ കോലത്തിരിയെ കാണാൻ ഗാമ കണ്ണൂരിലേക്ക് പുറപ്പെട്ടു. കോലത്തിരി എല്ലാ വ്യാപാരസൗകര്യങ്ങളും അനുവദിച്ചു. 1498 ഒക്ടോബറിൽ സ്വദേശത്തേക്ക് മടങ്ങിയ ഗാമയ്ക്ക് സ്വന്തം നാട്ടിൽ വീരോചിതമായ സ്വീകരണം ലഭിച്ചു. യാത്രയ്ക്ക് ചെലവായതിന്റെ 60 ഇരട്ടിയോളം വിലവരുന്ന ചരക്കുകളുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. 1502 ജനുവരി 10ന് രണ്ടാം ദൗത്യവുമായി ഗാമ ഇന്ത്യയിലേക്ക് തിരിച്ചു. പേർഷ്യൻ കടൽ, അറബിക്കടൽ, ഇന്ത്യാസമുദ്രം എന്നിവയുടെ അഡ്മിറലായി മാനുവൽ രാജാവ് ഗാമയെ നിയമിച്ചു. പുതിയ അധികാരവും 15 കപ്പലുകളും എണ്ണൂറിലധികം സൈനികരടങ്ങിയ ശക്തമായ നാവികവ്യൂഹവും ഗാമയെ ക്രൂരനും അധികാരപ്രമത്തനുമാക്കി. ആദ്യവരവിൽ ഗാമയെ എതിർത്ത അറബികളെയും മുസ്ലിം കച്ചവടക്കാരെയും അദ്ദേഹം നിഷ്കരുണം കൊന്നൊടുക്കി. കോഴിക്കോട്ടുനിന്ന് പുറപ്പെട്ട നിരവധി കപ്പലുകൾ കൊള്ളയടിച്ചശേഷം അഗ്നിക്കിരയാക്കി. മക്കയിലേക്ക് തീർഥാടനത്തിനു പോയവരെയും ഗാമ ക്രൂരമായി ആക്രമിച്ചു. കേരളതീരത്ത് ക്രൂരതയുടെയും അധികാര ഗർവിന്റെയും പ്രതീകമായി ഗാമ മാറി. മൂന്നാം വരവ് 1524 സെപ്തംബർ 15ന് ഗാമ മൂന്നാം തവണ ഇന്ത്യയിലെത്തി. ഇവിടത്തെ പോർച്ചുഗീസ് വൈസ്രോയിയായി ചുമതലയേറ്റ ഗാമയ്ക്ക് കണ്ണൂർ (എയ്ഞ്ചലോ കോട്ട) കോട്ടയിൽ ഗംഭീര സ്വീകരണം ലഭിച്ചു. 1524 ഡിസംബറിൽ അസുഖബാധിതനായി അദ്ദേഹം കിടപ്പിലായി. 1524 ഡിസംബർ 24ന് പുലർച്ചെ ഗാമ മരണപ്പെട്ടു. കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിൽ അദ്ദേഹത്തെ അടക്കം ചെയ്തു. 1539ൽ ഗാമയുടെ ശരീരാവശിഷ്ടങ്ങൾ പോർച്ചുഗലിലേക്ക് കൊണ്ടുപോയി. ജന്മനാട്ടിലും യൂറോപ്പിലും ഗാമയ്ക്ക് വീര പരിവേഷം ചാർത്തിക്കിട്ടി. ‘മുസ്ലിങ്ങളുടെ സമുദ്രാധിപത്യം തകർത്ത ധീരൻ’ എന്ന നിലയിൽ യൂറോപ്പ് പൊതുവിലും കത്തോലിക്കർ വിശേഷിച്ചും ഗാമയുടെ നേട്ടങ്ങളെ പുകഴ്ത്തി. പോർച്ചുഗലിന്റെ ദേശീയ ഇതിഹാസമായ ലൂസിയദസ്, ഗാമയുടെ സമുദ്ര യാത്രകളുടെ ഉജ്വലമായ വിവരങ്ങളാൽ സമ്പന്നമാണ്. ഭാരതീയർക്ക് പക്ഷേ, ഗാമ ക്രൂരതയുടെയും കോളനിവാഴ്ചയുടെയും പര്യായമാണ്. അദ്ദേഹത്തിന്റെ പരമതവിദ്വേഷവും അസഹിഷ്ണുതയും തദ്ദേശീയരിൽ കഠിനമായ ഭീതിയും രോഷവും വളർത്തി. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന കുഞ്ഞാലി മരയ്ക്കാർമാരുടെ നേതൃത്വത്തിലുള്ള പോർച്ചുഗീസ് വിരുദ്ധ സമരം ഇതിന്റെ ഫലമായിരുന്നു. സാംസ്കാരിക രംഗത്ത് പോർച്ചുഗീസ് വാഴ്ച വമ്പിച്ച മാറ്റങ്ങൾ കൊണ്ടുവന്നു. യൂറോപ്യൻ ആധുനികതയും ക്രിസ്തുമതവും (കത്തോലിക്ക മതം) കേരളത്തിൽ വ്യാപിക്കാൻ ഗാമയുടെ വരവ് കാരണമായി. മധ്യകേരളം, തെക്കൻ കേരളം എന്നീ തീര മേഖലകളിൽ ക്രിസ്തുമതം പ്രചരിച്ചു. പരമ്പരാഗത ക്രിസ്തു വിശ്വാസികളിൽ വലിയ ഒരു വിഭാഗത്തെ 1959ലെ ഉദയംപേരൂർ സുന്നഹദോസ് വഴി കത്തോലിക്ക വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തു. അലമാര, ഇസ്തിരി, മേസ്തിരി, മേശ, ജനാല, ബെഞ്ച്, ഡെസ്ക്, കുരിശ്, കോപ്പ, വീഞ്ഞ്, കടലാസ്, വസ്ത്രം, കശുമാവ്, കശുവണ്ടി, ചാവി, കുമ്പസാരം തുടങ്ങി നൂറുകണക്കിന് പോർച്ചുഗീസ് പദങ്ങൾ മലയാളത്തിലുണ്ട്. പറങ്കിമാങ്ങ, പൈനാപ്പിളടക്കം നിരവധി വിളകൾ പോർച്ചുഗീസുകാർ കേരളത്തിൽ പ്രചരിപ്പിച്ചു. ഇന്ത്യക്കാരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു. ഇൻഡോ–- പോർച്ചുഗീസ് പരമ്പരകൾ ‘ലൂസാദോസ്’ എന്നാണ് അറിയപ്പെടുന്നത്. രാഷ്ട്രീയവും സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തിൽ അതീവ പ്രാധാന്യമുള്ള നിരവധി പരിവർത്തനങ്ങൾക്ക് പോർച്ചുഗീസുകാർ കാരണമായി. ഗാമയുടെ മതവിദ്വേഷത്തെയും അധിനിവേശ യുക്തിയെയും നഖശിഖാന്തം എതിർക്കുമ്പോഴും പോർച്ചുഗീസുകാരുടെ സാമൂഹ്യ, സാംസ്കാരിക വിനിമയം സൃഷ്ടിച്ച സദ്ഫലങ്ങൾ വിമർശ ബുദ്ധ്യാ വിലയിരുത്താതെ വാസ്കോ ഡ ഗാമയുടെ മരണത്തിന്റെ 500–-ാം വാർഷികം കടന്നുപോകരുത്. (കോഴിക്കോട് മീഞ്ചന്ത ഗവ. കോളേജിൽ ചരിത്ര 
വിഭാഗം മേധാവിയാണ് ലേഖകൻ)

ദേശാഭിമാനി 24 Dec 2024 1:00 am

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി
 ജനാധിപത്യത്തിന്റെ വേരറുക്കാൻ

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മതാധിഷ്ഠിത ഏകാധിപത്യ രാജ്യമാക്കി മാറ്റാനുള്ള സംഘപരിവാർ നീക്കത്തിന് ആക്കംകൂട്ടുന്ന തീരുമാനങ്ങളാണ് കേന്ദ്ര ബിജെപി സർക്കാരിൽനിന്ന് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വലിയ സവിശേഷത അഞ്ചുവർഷം കൂടുമ്പോൾ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുകളാണ്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനാണ് തെരഞ്ഞെടുപ്പുകളുടെ ചുമതല. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സർക്കാരുകൾക്ക് നേരിട്ട് ഇടപെടാനുള്ള അവകാശമില്ല. സ്വതന്ത്രമായി തീരുമാനം എടുക്കാൻ അധികാരമുള്ള സ്ഥാപനമാണ് കമീഷൻ. കോടതികൾക്കുപോലും കമീഷൻ തീരുമാനങ്ങളിൽ ഇടപെടാൻ പരിമിതികളുണ്ട്. ഇങ്ങനെ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമീഷനെപ്പോലും നോക്കുകുത്തിയാക്കി തങ്ങളുടെ വരുതിയിലാക്കിയതാണ് ബിജെപി സർക്കാരിന്റെ 10 വർഷത്തെ നേട്ടം. തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് രേഖകൾ പരസ്യപ്പെടുത്തേണ്ടതില്ലെന്ന ചട്ട ഭേദഗതി ജനാധിപത്യ സംവിധാനത്തിന്റെ സുതാര്യത ഇല്ലാതാക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമീഷൻ മുഴുവൻ രാഷ്ട്രീയ പാർടികളുമായി ആലോചിച്ച് നടപ്പാക്കിയതാണ് വെബ് കാസ്റ്റിങ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സംവിധാനം. പോളിങ് ബൂത്തിലെ വോട്ടർമാരുടെ നിര, സ്ഥാനാർഥികളുടെ പോക്ക്, വരവ്, ബൂത്തിലുണ്ടാകുന്ന മറ്റ് പ്രശ്നങ്ങളെല്ലാം റെക്കോഡ് ചെയ്യപ്പെടും. ഇത് സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർടികൾക്കും വോട്ടർമാർക്കും ലഭ്യമാകുന്ന രേഖകളാണ്. എന്നാൽ, ഇതൊന്നും ഇനി പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവരുന്ന ഭേദഗതി. കമീഷനുമായി ആലോചിച്ചാണ് ചട്ട ഭേദഗതിയെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. വീഡിയോ ചിത്രീകരണം അടക്കമുള്ള ഡിജിറ്റൽ സംവിധാനങ്ങൾ നടപ്പാക്കിയത് മുഴുവൻ രാഷ്ട്രീയ പാർടികളുടെയും അഭിപ്രായം സ്വീകരിച്ചാണ്. ഇത് മാറ്റം വരുത്തുമ്പോഴും രാഷ്ട്രീയ പാർടികളുമായി ആലോചിക്കാനുള്ള സാമാന്യ മര്യാദ കമീഷൻ കാണിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ രാഷ്ട്രീയ പാർടികൾക്കുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കുന്നതാണ് പുതിയ നിലപാട്. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർടികൾക്ക് സുപ്രധാന സ്ഥാനം ഉണ്ടെന്നിരിക്കെ അവരെ പൂർണമായും അവഗണിക്കുന്നത് ഏകാധിപത്യത്തിലേക്കുള്ള ചുവടുവയ്പ്പായേ കാണാൻ കഴിയൂ. കേന്ദ്രം ഭരിക്കുന്നവരാണ് തങ്ങളുടെ യജമാനൻമാരെന്ന ചിന്തയിലേക്ക് കമീഷൻ പോകുന്നത് ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിന് തുല്യമാണ്. കമീഷനെ സർക്കാരിന്റെ വരുതിയിലാക്കാനുള്ള ശ്രമം ബിജെപി മുമ്പേ തുടങ്ങിയതാണ്. തെരഞ്ഞെടുപ്പ് കമീഷനിലെ അംഗങ്ങളെ തീരുമാനിക്കുന്ന സമിതിയിൽനിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് ഇപ്പോൾ സമിതിയിലുള്ളത്. പ്രതിപക്ഷ നേതാവുണ്ടെങ്കിലും ഭൂരിപക്ഷം ഭരണക്കാർക്കായതിനാൽ അവരുടെ തീരുമാനമേ നടപ്പാകൂ. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സാങ്കേതികവിദ്യ അവിഭാജ്യ ഘടകമായിരിക്കെ സർക്കാരിന്റെ നീക്കം പിന്തിരിപ്പനാണ്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നപ്പോൾ ബൂത്തുകളിലെ വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാണ് സിപിഐ എം പരാതി നൽകിയതും നിരവധി ബൂത്തുകളിൽ റീ പോളിങ് നടത്തിയതും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുപരിശോധനയ്ക്ക് വിധേയമാണെന്ന 1961 ലെ തെരഞ്ഞെടുപ്പ് ചട്ടമാണ് കേന്ദ്ര സർക്കാർ ധൃതിപിടിച്ച് ഭേദഗതി ചെയ്തത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ എല്ലാ രേഖകളും സിസിടിവി ദൃശ്യങ്ങളും വിവരാവകാശ പ്രവർത്തകൻ മെഹ്മൂദ് പ്രാചയ്ക്ക് നൽകണമെന്ന് പഞ്ചാബ് - ഹരിയാന ഹൈക്കോടതി ഉത്തരവിട്ട് ദിവസങ്ങൾക്കുള്ളിലാണ് ചട്ട ഭേദഗതിയെന്നതും ശ്രദ്ധേയമാണ്. ഭേദഗതി പ്രകാരം പേപ്പർ രേഖകൾ മാത്രമേ പരസ്യപ്പെടുത്തൂ. ഇലക്ട്രോണിക് രേഖകൾ പൂർണമായും ഒഴിവാക്കപ്പെട്ടു. ബൂത്തുകളിൽ അട്ടിമറി നടന്നാൽ അത് കണ്ടെത്താനുള്ള പ്രധാന മാർഗമാണ് വെബ്കാസ്റ്റിങ്. ഇനി അതാർക്കും ലഭിക്കില്ല. തെരഞ്ഞെടുപ്പിന്റെ സുതാര്യത നഷ്ടപ്പെടുത്തുന്ന ചട്ട ഭേദഗതി ഉടൻ പിൻവലിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടത് ഇതുകൊണ്ടാണ്. ഭരണഘടനയ്ക്ക് നേരെയുള്ള മോദി സർക്കാരിന്റെ കടന്നാക്രമണത്തിന്റെ ഭാഗം തന്നെയാണ് തെരഞ്ഞെടുപ്പ് ചട്ട ഭേദഗതിയും. ഭരണഘടനാ ശിൽപ്പിയായ ബി ആർ അംബേദ്കറെ ഉൾപ്പെടെ ഇകഴ്ത്തികാണിക്കുന്ന ബിജെപി മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ഭരണഘടനയാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. രാജ്യമാകെ ഒറ്റ തെരഞ്ഞെടുപ്പും ഏക സിവിൽ കോഡും ഒരു രാജ്യം ഒരു ഭാഷയുമെല്ലാം ആർഎസ്എസിന്റെ മതരാഷ്ട്ര സ്ഥാപനത്തിനു വേണ്ടിയാണ്. ഇതിനെതിരെ ജനങ്ങളാകെ ഉണർന്നെണീറ്റില്ലെങ്കിൽ വൻ വിപത്താണ് രാജ്യം നേരിടാൻ പോകുന്നത്.

ദേശാഭിമാനി 24 Dec 2024 1:00 am

അടൂർ ചിത്രങ്ങളുടെ 
ആരാധകൻ

അങ്കുർ എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്യാം ബെനഗൽ ഹിന്ദി സിനിമയിലെ ഏകാന്ത പഥികനായിരുന്നു. അങ്കുറിന് ശേഷം വന്ന നിശാന്ത്, മന്ഥൻ, ഭൂമിക തുടങ്ങിയവയും അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തു. സത്യജിത് റേയെപോലെ ബെനഗലും പരസ്യരംഗത്തുനിന്നാണ് സിനിമയിലെത്തിയത്. പുതിയ അഭിനേതാക്കളെ പരിചയപ്പെടുത്തുന്നതിൽ എന്നും ദത്തശ്രദ്ധൻ. ഷബാനാ ആസ്മി, സ്മിതാ പാട്ടീൽ തുടങ്ങിയവർ ഉദാഹരണം. പുണെ ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ പഠനം കഴിഞ്ഞെത്തിയ ഷബാനയും മറാത്തി ടെലിവിഷൻ ന്യൂസ് റീഡറായ സ്മിതയും പ്രഗൽഭ അഭിനേത്രികളായി മാറുകയും ചെയ്തു. ഗ്രാമീണ ഇന്ത്യയിലെ അസമത്വത്തിന്റെയും അടിമത്തത്തിന്റെയും നേർക്കാഴ്ചയായി അങ്കുർ. നിശാന്തി'ൽ ജമീന്ദാർമാരുടെ ചൂഷണത്തിനെതിരെ ഗ്രാമീണർ ആയുധമേന്തുന്നു. രാത്രിയുടെ അന്ത്യം എന്ന ശീർഷകം അന്വർഥമാക്കുംവിധം ജമീന്ദാർമാരുടെ പീഡനത്തിന് സാധാരണക്കാർ അന്ത്യംകുറിച്ചു. ഗ്രാമീണർ ജമീന്ദാർമാരെയും പിണിയാളുകളെയും തുരത്തുന്ന നീണ്ട സീക്വൻസ് നിശാന്തിന്റെ പ്രത്യേകതയാണ്. ബെനഗലിന്റെ രചനകളിൽ വേറിട്ടു നിൽക്കുന്നതാണ് തൃകാൽ. ഗോവ പശ്ചാത്തലമായ തൃകാലിലെ കഥാകഥനവും രൂപഘടനയും സർ റിയലിസ്റ്റിക് മാതൃകയിലാണ്. നായകൻ നസിറുദ്ദീൻ ഷാ. നിശാന്തിൽ തുടങ്ങിയ ഷാ‐ ബെനഗൽ ബന്ധം ഏറെക്കാലം തുടർന്നു. അടൂർ ചിത്രങ്ങൾ ബെനഗലിന് ഏറെ ഇഷ്ടമായിരുന്നു. സത്യജിത് റേയെകുറിച്ചുള്ള അദ്ദേഹത്തിന്റെ ഡോക്യുമെന്ററി വ്യത്യസ്തമാണ്. ബെനഗലിന്റെ ആദ്യകാല ചിത്രങ്ങളുടെയെല്ലാം ഛായാഗ്രാഹകൻ ഗോവിന്ദ് നിഹലാനിയായിരുന്നു. അദ്ദേഹത്തിന്റെ മൾട്ടി സ്റ്റാർ പടമാണ് മണ്ഡി. അതിൽ നസ്റുദ്ദീൻ ഷായും ഓംപുരിയും സ്മിതപാട്ടീലും ഷബാന ആസ്മിയുമടക്കമുണ്ട്. ബ്രിട്ടീഷ് കാലത്തെയും സ്വാതന്ത്ര്യ സമരത്തെയും പശ്ചാലമാക്കിയതാണ് ജുനൂൺ. ശശികപൂർ നിർമിച്ച് അഭിനയിച്ച പടം. സിനിമക്കുള്ളിലെ സിനിമയാണ് ഭൂമിക'ക്ക് ആധാരം. സിനിമാ നടിയായി സ്മിതപാട്ടീൽ. സർദാറി ബീഗം, സൂരജ് കാ സാത്വവാ ഗോഡ, മാമോ, ദ മെയ്ക്കിങ്ങ് ഓഫ് മഹാത്മാ, കലിയുഗ്, സുസ്മൻ തുടങ്ങിയവയാണ് മറ്റ് പ്രധാന രചനകൾ.

ദേശാഭിമാനി 23 Dec 2024 11:39 pm

വാണിജ്യ കലാ സിനിമകൾക്കിടയിലെ തന്റേടം

നേർരേഖാ കഥാകഥനത്തിന്റെയും പരമ്പരാഗത പരിചരണത്തിന്റെയും ഔചിത്യങ്ങൾ കുടഞ്ഞെറിഞ്ഞു ശ്യാംബെനഗൽ . വാണിജ്യ ‐ കലാ ചിത്രങ്ങൾക്കിടയിലെ തന്റേടം . ജനപ്രിയ ഫോർമുലാ ചലച്ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായ വഴിതേടിയ സംവിധായകർക്കിടയിലാണ് ബെനഗൽ സ്വയം സ്ഥാനപ്പെടുത്തിയത് . സിനിമയെടുക്കുമ്പോൾ മാത്രമാണ് താൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നതെന്നും പറഞ്ഞു . ഇന്ത്യൻ സിനിമയുടെ ഉൽപ്രേരകം , 1970 കളിലെ സമാന്തര ധാരയുടെ ആദ്യ പഥികരിലൊരാൾ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം പ്രേക്ഷകരെയും കമ്പോളത്തെയും വേർതിരിച്ചു കണ്ടു . അഭിരുചികൾ മനസ്സിലാക്കാതെ ഒരു ഇടപെടലും ഫലപ്രദമാകില്ലെന്നും പ്രഖ്യാപിച്ചു . അത്തരമൊരു തിരിച്ചറിവിലൂടെ മാത്രമേ യഥാർഥ പ്രേക്ഷകരിലേക്ക് എത്താനാകൂവെന്നും പറഞ്ഞു . ആദ്യചിത്രം അങ്കുറി ' ന് വിതരണക്കാരെ കിട്ടാതെ 13 വർഷം അലയേണ്ടിവന്നു . പിന്നീട് ഒരു കമ്പനി ഏറ്റെടുത്തതിനെ , ഫലിതം പുരട്ടി ചരിത്രപരമായ അത്യാഹിതം ' എന്നാണ് പറഞ്ഞത് . ചരിത്രവും സമകാലികാനുഭവങ്ങളും ആ അന്വേഷണങ്ങളുടെ ഹൃദയമായി . പ്രശസ്തമായ നിരവധി ഡോക്യുമെന്ററികൾ അതിന്റെ സാഫല്യവും . സ്വാതന്ത്ര്യത്തിന്റെ നിരർഥകതയും ഗ്രാമീണ ദാരിദ്ര്യത്തിന്റെ ദൈന്യതയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തിമർത്താടലും ലൈംഗിക ചൂഷണത്തിന്റെ മീശവെപ്പുമെല്ലാം ഫീച്ചർ സംരംഭങ്ങൾക്ക് പ്രചോദനമായി . അമിതനഗരവൽക്കരണത്തിൽ ഞെരിഞ്ഞമരുന്നവർ എപ്പോഴും അവയുടെ കേന്ദ്രത്തിലുണ്ടായി . 60 ശതമാനം ജനങ്ങളും ദാരിദ്ര്യക്കയത്തിൽ വെന്തുരുകുകയാണെന്ന് പറഞ്ഞ ബെനഗൽ ഇന്ത്യയുടെ ഹൃദയമെന്ന് ഗാന്ധിവിശേഷിപ്പിച്ച ഗ്രാമങ്ങളുടെ ദുർഗതി ഓർമിപ്പിച്ചു . ജീവിതം താറുമാറായ സാധാരണക്കാരുടെ സൂക്ഷ്മ പ്രതിഫലനങ്ങളായി ആ ക്യാമറക്കാഴ്ചകൾ . സത്യജിത് റേ ഇക്കാര്യത്തിൽ പ്രേരണയും ഉത്സാഹവുമായി . വിദ്യാർഥിയായിരിക്കെ റേയുടെ സിനിമകൾ കണ്ടതും ഓർമക്കുറിപ്പിൽ എഴുതി . 1973 നും 76 നുമിടയിൽ അങ്കുർ , നിശാന്ത് , മന്ഥൻ എന്നിവയുമായി ബെനഗൽ ശക്തമായ സാന്നിധ്യമറിയിച്ചു . ഗ്രാമീണ ഇന്ത്യയും സ്ത്രീകൾക്കെതിരായ അക്രമങ്ങളും മൂന്നിലും പ്രമേയം . അങ്കുറിലും നിശാന്തിലും അത് പ്രാധാന്യത്തോടെ വന്നു . സമ്പന്നഭൂവുടമയുടെ മകൻ സ്ത്രീയെ ഇരയാക്കുന്നതാണ് ആദ്യത്തേതിന്റെ കേന്ദ്രമെങ്കിൽ രണ്ടാമത്തേതിൽ ഭർതൃമതി കൂട്ടബലാത്സംഗത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നു . ഭരണകൂട സംവിധാനങ്ങളും അക്രമികൾക്കൊപ്പം . ഭർത്താവിന്റെ പരാതി ബധിര കർണങ്ങളിലാണ് പതിച്ചത് . നിശാന്തിന് എ ' സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നതു സംബന്ധിച്ച് വിവാദമുയർന്നു . പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിനിമ കണ്ട് വിലയിരുത്താൻ എത്തിയത് വാർത്തയുമായി . 1976 ൽ പൂർത്തിയായ മന്ഥന് തുല്യമായ ജനകീയ സംരംഭം ലോക സിനിമാ ചരിത്രത്തിൽ അപൂർവം . ക്ഷീര കർഷകരുടെ കണ്ണീരിൽ വേവിച്ച ചിത്രത്തിന് അഞ്ച് ലക്ഷംപേർ രണ്ടു രൂപ വീതം സംഭാവന നൽകി . ആളുകൾ കൂട്ടമായി ലോറികളിലാണത്രെ തിയറ്ററിൽ ചിത്രം കാണാനെത്തിയത് . സ്വന്തം സിനിമയായി സാധാരണക്കാർ അതിനെ നെഞ്ചേറ്റി . 1987 ൽ നിർമിച്ച സുസ്മനും സമാന പശ്ചാത്തലം . നെയ്ത്തുകാരുടെ സഹകരണ സംഘമാണ് സാമ്പത്തിക സഹായം നൽകിയത് . മഹാദേവ് കാ സജ്ജൻപുർ ', നിന്ദാസ്തുതിയും ഫലിതവും കോർത്തിണക്കിയ കഥ . വിദ്യാസമ്പന്നൻ ഗ്രാമീണ പോസ്റ്റോഫീസിൽ കത്തെഴുത്തുകാരനായി ജോലി കണ്ടെത്തുന്നതാണ് കഥാതന്തു . നിരക്ഷരതയുടെ ഇരുട്ടിലേക്ക് ക്യാമറ തിരിച്ച അതിൽ അമൃതറാവുവും ശ്രേയസ് തൽപഡേയും പ്രധാന വേഷങ്ങളിലെത്തി . ഫീച്ചറുകളിലേക്ക് തിരിയുംമുമ്പ് ബെനഗൽ ഡോക്യുമെന്ററികളിലൂടെയാണ് പ്രതിഭ തെളിയിച്ചത് . ആദ്യ പരീക്ഷണം ഗുജറാത്തിയിൽ ‐ ഖേർ ബേത്താ ഗംഗാ . തുടർന്ന് ചൈൽഡ് ഓഫ് ദി സ്ട്രീറ്റ്സ് , നേച്വർ സിംഫണി തുടങ്ങിയവക്കൊപ്പം ഗാന്ധി , നെഹറു , സുഭാഷ് ചന്ദ്രബോസ് , സത്യജിത് റേ തുടങ്ങിയവരെക്കുറിച്ചും ഡോക്യുമെന്ററികളും സീരിയലുകളും ഒരുക്കി . ഗാന്ധിജിയുടെ ആദ്യകാല ദക്ഷിണാഫ്രിക്കൻ ജീവിതം മുൻനിർത്തി മെയ്ക്കിങ് ഓഫ് ദി മഹാത്മ , നെഹറുവിന്റെ ഇന്ത്യയെ കണ്ടെത്തൽ അടിസ്ഥാനമാക്കിയ ഭാരത് ഏക് ഘോജ് , നേതാജിയെക്കുറിച്ചുള്ള ദി ഫൊർഗോട്ടൺ ഹീറോ എല്ലാം വലിയ അംഗീകരം നേടി . ഭരണഘടനയുടെ ഉദയവും വളർച്ചയും രൂപപരിണാമങ്ങളും കോർത്തിണക്കിയ സംവിധാൻ ' മറ്റൊരു സംഭാവന . 1947 ഡിസംബർ മുതൽ 49 വരെയുള്ള ചുരുങ്ങിയ കാലമാണ് പ്രതിപാദ്യമെങ്കിലും വിഭജനവും തുടർന്നുള്ള സംഘർഷങ്ങളുമെല്ലാം കടന്നുവന്നു . അഭിനേതാക്കളുടെ കൃത്യമായ തെരഞ്ഞെടുപ്പും ശ്രദ്ധേയം . ഗാന്ധിജിയായി നീരജ് കബിയും നെഹറുവായി ദലീപ് താഹിലും അംബേദ്കറായി സച്ചിൻ ഖെദേകറും എത്തി . പഴയ കാലത്തെക്കുറിച്ചുള്ള സിനിമാ രൂപങ്ങൾക്ക് ഏറെ ഗൃഹപാഠവും ഗവേഷണവും വായനയും ബെനഗലിന് നിർബന്ധമായിരുന്നു . സംവിധാനുവേണ്ടി 22 ചരിത്രകാരന്മാർ അടങ്ങുന്ന പണ്ഡിത സംഘവുമായി ചർച്ച നടത്തി . വസ്ത്രാലങ്കാര വിഭാഗത്തെ ആർക്കിയോളജിക്കൽ സർവേയിലേക്ക്അയച്ച് കാര്യങ്ങൾ ഗ്രഹിപ്പിച്ചു . ഭൂമിക ' ഡോക്യുഫിക്ഷന്റെ സ്വഭാവമുള്ളത് . 1930 കളിലും 40 കളിലും വെള്ളിത്തിരയിൽ സാന്നിധ്യമറിയിച്ച നടി ഹൻസാ വാദ്കറിന്റെ ജീവിതത്തിന്റെ വിദൂരാനുകരണമാണത് . മികച്ച സിനിമയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം നേടിയ അതിലെ അഭിനയത്തിന് സ്മിതാ പാട്ടീലിന് നടിക്കുള്ള ദേശീയ അവാർഡും ലഭിച്ചു . വിഭജനത്തിൽ വേരറുക്കപ്പെട്ടവരുടെ ധർമസങ്കടങ്ങൾ അന്വേഷിച്ച മാമ്മോ , അവസാന ചിത്രമായ മുജീബ് : ദ മെയ് ക്കിങ് ഓഫ് എ നേഷൻ എന്നിവയും എടുത്തുപറയേണ്ടത് .

ദേശാഭിമാനി 23 Dec 2024 11:35 pm

ബെനഗൽ; ഇന്ത്യൻ സിനിമയിലെ നവതരംഗ വിപ്ലവകാരി

ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. മെയിൻ സ്ട്രീം ബോളിവുഡ് സിനിമകളുടെ തനത് ശൈലിയിൽ നിന്ന് മാറി നടന്ന് മനുഷ്യന്റെ ജീവിതത്തെ അഭ്രപാളിയിലെത്തിച്ച ശ്യാം ബെനഗൽ. അങ്കുറും നിശാന്തും മന്തനും ഭൂമികയും മമ്മോയുമൊക്കെ നവതരംഗ സിനിമകളുടെ മുഖമായപ്പോൾ അതിനെല്ലാം ചുക്കാൻ പിടിച്ചത് ശ്യാം ബെനഗലെന്ന സംവിധായകനായിരുന്നു. 1970ൽ തുടക്കമായ ഇന്ത്യൻ സിനിമയിലെ നവതരംഗ വിപ്ലവത്തിന്റെ പ്രധാന കണ്ണി ബെനഗലായിരുന്നു. ഇന്ത്യൻ ഗ്രാമീണ ജീവിതവും ചരിത്രവും ജാതി വിവേചനവുമെല്ലാം പശ്ചാത്തലമാക്കി മനുഷ്യാവസ്ഥകളുടെ ഭിന്ന ഭാവങ്ങൾ ആവിഷ്കരിച്ച ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. റിയലിസവും സാമൂഹ്യ വിമർശനവും സംസാരിച്ച് ആഗോള തലത്തിൽ തന്നെ സിനിമാ മേഖലയിൽ ചലനങ്ങളുണ്ടാക്കിയ ഫ്രഞ്ച് നവതരംഗ സിനിമകളും ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് സിനിമകളുമായിരുന്നു ശ്യാം ബെനഗലെന്ന സംവിധായകനെ രൂപപ്പെടുത്തിയത്. അങ്കുർ (1974), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977) എന്നീ ചിത്രങ്ങളാണ് ബെനഗലിന്റെ ചിത്രങ്ങളിൽ മുൻപന്തിയിൽ നിൽക്കുക. ഫ്യൂഡലിസവും വർഗ രാഷ്ട്രീയവും സംസാരിച്ച അങ്കുർ ആയിരുന്നു ഇന്ത്യൻ സിനിമയുടെ മുഖങ്ങളിലൊന്നായി ശ്യാം ബെനഗലിനെ അടയാളപ്പെടുത്തിയത്. ശബാന ആസ്മി എന്ന അഭിനേത്രിയെ ബെനഗൽ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചതും അങ്കുറിലൂടെ തന്നെയായിരുന്നു. ശബാന ആസ്മിയെ മാത്രമല്ല നസറുദ്ധീൻ ഷാ, സ്മിത പാട്ടീൽ, ഓം പുരി, കുൽഭൂഷൻ കർബന്ദ, അമരീഷ് പുരി തുടങ്ങി പിൽക്കാലത്ത് മുഖ്യധാര സിനിമയിലും തിളങ്ങിയ അഭിനേതാക്കളെ സമാന്തര സിനിമയിലൂടെ പരിചയപ്പെടുത്തിയ സംവിധായകരുടെ നിരയിലായിരുന്നു ബെനഗലിന്റെ സ്ഥാനം. ഗുജറാത്തിലെ ഒരു ഗ്രാമീണ ക്ഷീര സഹകരണ സംഘത്തിന്റെ കഥയായ മന്തനിൽ, ബെനഗൽ ശാക്തീകരണത്തിന്റെയും സമൂഹത്തിന്റെയും കഥ പറഞ്ഞു. ക്ഷീര സഹകരണ സംഘം തന്നെ സിനിമ നിർമിച്ചപ്പോൾ ചിത്രം കൂടുതൽ കയ്യടി നേടുകയും ചെയ്തു. സിനിമയ്ക്കുള്ളിലെ സിനിമയെ അടയാളപ്പെടുത്തിയ ബെനഗലിന്റെ ഭൂമികയും പ്രേക്ഷകർക്ക് പുതിയൊരു അനുഭവമായിരുന്നു. വ്യക്തിപരമായ ആഗ്രഹങ്ങൾക്കും സാമൂഹിക പ്രതീക്ഷകൾക്കും ഇടയിൽ അകപ്പെട്ട ഒരു സ്ത്രീയുടെ ആന്തരിക അസ്വസ്ഥതയും ശക്തിയും ഉജ്ജ്വലമായി സ്മിത പാട്ടീൽ എന്ന അഭിനേത്രിയിലൂടെ ഭൂമികയിൽ ബെനഗൽ ചിത്രീകരിച്ചു. ഭൂമികയിൽ സ്മിത പാട്ടീൽ യാഥാർഥ്യത്തിൽ നിന്ന് മാറി നടക്കുകയും ഒരേ രീതിയിൽ മാത്രം കഥ പറയുന്നതുമായ അക്കാലത്തെ വാണിജ്യ സിനിമകളിൽ നിന്ന് ബെനഗലിന്റെ ചിത്രങ്ങൾ വേറിട്ട് നിന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലെ വ്യക്തികളുടെ യഥാർത്ഥ ജീവിത പോരാട്ടങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആഖ്യാനങ്ങൾക്ക് ആഴവും സങ്കീർണ്ണതയും കൊണ്ടുവരികയായിരുന്നു. സിനിമയിലെ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം സ്ത്രീ സ്വാതന്ത്രം, അഴിമതി, യാഥാസ്ഥികത്വവും ആധുനികതയും തമ്മിലുള്ള അനിശ്ചിതത്വങ്ങൾ എന്നീ പ്രശ്നങ്ങളും ശ്യാം ബെനഗൽ തന്റെ സൃഷ്ടികളിലൂടെ അന്വേഷിച്ചു. സിനിമകൾക്കുമപ്പുറം, നിരവധി ചലച്ചിത്രകാരൻമാരെ സ്വാധീനിച്ചു എന്നതാണ് ശ്യാം ബെനഗലിനെ വേറിട്ടുനിർത്തുന്നത്. സമൂഹത്തോടുള്ള പ്രതിബദ്ധതയും ചിന്തോദ്ദീപകമായ സിനിമകളും ഇന്ത്യൻ ചലച്ചിത്ര നിർമാണത്തിന്റെ ഭൂപ്രകൃതിയെ പുനർനിർമിച്ചപ്പോൾ നമ്മുടെ സിനിമാറ്റിക് ഐഡന്റിറ്റിയുടെ സുപ്രധാന ഭാഗമായി സമാന്തര സിനിമാ പ്രസ്ഥാനത്തെ മാറ്റാൻ ബെനഗലിനായി. ഇന്ത്യയുടെ ചലച്ചിത്രരംഗത്തെ രൂപപ്പെടുത്തുകയും നവീകരിക്കുകയും ചെയ്ത ഒരു സംവിധായകനായി ആയിരിക്കും ശ്യാം ബെനഗലിനെ വരുന്ന തലമുറ ഓർക്കുക. അദ്ദേഹത്തിന്റെ സംഭാവനകൾ ചലച്ചിത്ര നിർമാണത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന വരും തലമുറയെ തീർച്ചയായും പ്രചോദിപ്പിക്കും.

ദേശാഭിമാനി 23 Dec 2024 10:42 pm

5,096 കോടിയുടെ കല്യാണം; ആമസോൺ മേധാവി ജെഫ് ബെസോസിന്റെ വിവാഹം 28ന്

വാഷിങ്ടൺ >ആമസോൺ മേധാവി ജെഫ് ബെസോസിന്റെ വിവാഹം ഡിസംബർ 28ന്. അമേരിക്കയിലെ കൊളാറാഡോയിൽ വെച്ച് നടക്കാനിരിക്കുന്ന വിവാഹത്തിനായി ഏകദേശം 600 ദശലക്ഷം ഡോളർ(5096 കോടി രൂപ) ചെലവാക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും ബ്ലാക്ക് ഒപ്സ് ഏവിയേഷൻ എന്ന പേരിലെ കമ്പനിയുടെ മേധാവിയുമായ ലോറൻ സാഞ്ചെസാണ് വധു. 2018 ൽ ഡേറ്റിം​ഗ് ആരംഭിച്ച ഇവരുടെ വിവാഹ വിശ്ചയം 2023 ൽ നടന്നതാണ്. ആസ്പനിലെ പ്രമുഖ റെസ്റ്റോറന്റിലാണ് വിവാഹ സൽക്കാരം. അടുത്ത ബന്ധുകളും സുഹ്യത്തുകളും ഉൾപ്പടെ 180 പേർക്കാണ് വിവാഹ വിരുന്ന്. വിവിധ രാജ്യങ്ങളിലെ ഏറ്റവും മികച്ച അലങ്കാരങ്ങളാണ് വിവാഹത്തിനായി ആസ്പെനിലെത്തിച്ചിരിക്കുന്നത്. ആസ്പെനിലെ വെഡ്ഡിങ് ബില് ഗേറ്റ്സ്, ലിയനാര്ഡോ ഡികാപ്രിയോ, ജോര്ദാന് രാജ്ഞി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുക്കും. വിന്റര് വണ്ടര്ലാന്റ് തീമിലായിരിക്കും വിവാഹച്ചടങ്ങുകള് നടക്കുകയെന്ന് ന്യൂയോര്ക്ക് പോസ്റ്റ് റിപ്പോര്ട്ട് ചെയ്തു.

ദേശാഭിമാനി 23 Dec 2024 11:51 am

കാലം മറക്കാത്ത നാദം 
ഒരേയൊരു റഫി ; നൂറാം ജന്മവാർഷികം നാളെ

തിരുവനന്തപുരം ഭാവഗാനങ്ങൾ, ക്ലാസിക്കൽ, ഗസൽ, തട്ടുപൊളിപ്പൻ... എല്ലാ സംഗീത ആസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന ഗായകൻ. ശ്രുതിശുദ്ധിയോടെ അനായാസമായി സമസ്തഭാവങ്ങളും ശബ്ദത്തിൽ ആവാഹിക്കുന്ന മാജിക്. തലമുറവ്യത്യാസമില്ലാതെ ആരാധകർ. മരണത്തിന് നാൽപ്പത്തിനാലു വർഷത്തിനിപ്പുറവും രാജ്യത്തെ ഏറ്റവും ജനപ്രിയനായ ഗായകനായി തുടരുന്ന പ്രതിഭ. ഒരേയൊരു മുഹമ്മദ് റഫി. വിഖ്യാത ഗായകൻ മുഹമ്മദ് റഫിയുടെ ജന്മശതാബ്ദി ആണ് ചൊവ്വാഴ്ച.1924 ഡിസംബർ 24ന് അമൃത്സറിലെ കോട്ല സുൽത്താൻസിങ് ഗ്രാമത്തിലായിരുന്നു ജനനം.1935–--36ൽ അച്ഛൻ ഹാജി അലിമുഹമ്മദ് ലാഹോറിലേക്ക് സ്ഥലം മാറിയപ്പോൾ റഫിയും കുടുംബവും അങ്ങോട്ടു കുടിയേറി. റഫിയുടെ മൂത്തസഹോദരീ ഭർത്താവാണ് സംഗീതത്തിലുള്ള വാസന കണ്ടെത്തിയത്. ഉസ്താദ് ബഡേ ഗുലാം അലി ഖാൻ, ഉസ്താദ് അബ്ദുൾ വാഹിദ് ഖാൻ, പണ്ഡിത് ജീവൻലാൽ മട്ടോ, ഫിറോസ് നിസാമി എന്നിവരിൽ നിന്നുമായി റഫി ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. 1949ൽ റിലീസ് ചെയ്ത ജൂഗ്നു എന്ന എന്ന ചിത്രത്തിലെ ‘യഹാംബദ്ല’ എന്ന ഗാനത്തോടെയാണു റഫി സംഗീതരംഗത്തു വേരുറപ്പിക്കുന്നത്. 1952ൽ റിലീസ് ആയ ‘ബൈജു ബാവ്ര’ യിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ ഓ ദുനിയ കെ രഖ്വാലെ..., തൂ ഗംഗാ കി മോജ്..., മൻ തര്പത് ഹരി ദർശൻ, ഇൻസാന് ബനോ തുടങ്ങിയ ഗാനങ്ങൾ ആസ്വാദകർ ഏറ്റെടുത്തു. 35 വർഷം നീണ്ടു നിന്ന സംഗീതജീവിതത്തിൽ 14 ഇന്ത്യൻ ഭാഷയിലും നാലു വിദേശ ഭാഷയിലും പാടി. 26,000 ത്തോളം പാട്ടുകൾ റഫി പാടിയിട്ടുണ്ടെന്നാണ് കരുതുന്നത്. എന്നാൽ ഗവേഷകർ പറയുന്നത് ആറായിരത്തിനും ഏഴായിരത്തിനും ഇടയിലെന്നാണ്. 1980- ജൂലൈ 31ന് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. 1967-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഒരു മലയാളം ചിത്രത്തിലേ മുഹമ്മദ് റഫി പാടിയിട്ടുള്ളൂ. തളിരിട്ട കിനാക്കൾ എന്ന ചിത്രത്തിലെ ഒരു ഹിന്ദി ഗാനമായിരുന്നു അത്. എങ്കിലും റഫിക്കു മലയാളത്തിൽ ആരാധകർ ഏറെയാണ്. ഒരുപക്ഷേ ജന്മസ്ഥലമായ പഞ്ചാബിലേക്കാളും.1953 ഏപ്രിൽ 18ന് കൊച്ചിയിലെ പട്ടേൽ ടാക്കീസിലാണ് കേരളത്തിൽ ആദ്യമായി മുഹമ്മദ് റഫിയുടെ ഗാനമേള അരങ്ങേറുന്നത്. പിന്നീട് കൊല്ലവും തിരുവനന്തപുരവും തലശ്ശേരിയും കോഴിക്കോടും പാലായുമെല്ലാം അദ്ദേഹത്തിന്റെ സ്വരമാധുര്യത്തിനായി കാതോർത്തു. ആസ്വാദകരുടെ മനസിൽ മുഹമ്മദ് റഫിയുടെ പാട്ടുകൾ ഇന്നും മൂളിക്കൊണ്ടിരിക്കുന്നു.

ദേശാഭിമാനി 23 Dec 2024 1:46 am

ഉന്നതവിദ്യാഭ്യാസത്തിന്‌ തുരങ്കംവയ്‌ക്കുന്ന ​ഗവര്‍ണർ

തിരുവനന്തപുരം സംസ്ഥാനത്തെ സർവകലാശാലകൾ മികവിന്റെ പാതയിൽ മുന്നേറുമ്പോൾ തകർക്കാൻ വഴിതേടി ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. നാക് അക്രഡിറ്റേഷൻ, എൻഐആർഎഫ് റാങ്കിങ്, ടൈംസ് റാങ്കിങ് എന്നിവയിൽ ഉൾപ്പെടുന്ന സർവകലാശാലകളും കോളേജുകളുമാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റം പ്രകടമാക്കുന്നത്. രാജ്യത്തെ സ്വകാര്യ സർവകലാശാലകളെയടക്കം പിന്നിലാക്കിയാണ് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലുള്ള സർവകലാശാലകളുടെ മുന്നേറ്റം. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മികവിന് ലഭ്യമായ അംഗീകാരമാണ് പി എം ഉഷ പദ്ധതിയിലൂടെ കേരളം നേടിയ സമഗ്ര ധനസഹായ പാക്കേജ്. എന്നാൽ, ഇവയെല്ലാം വിസ്മരിച്ച് സംഘപരിവാരത്തിനൊപ്പം ചേർന്ന് കേരളത്തെ ഇകഴ്-ത്തിക്കാണിക്കുകയാണ് ​ഗവർണർ. സംസ്ഥാനത്തെ ഏഴു പ്രധാന സർവകലാശാലകളിൽ ചാൻസലറുടെ അധികാരം പ്രയോ​ഗിച്ച് ആർഎസ്എസിന്റെ ഇഷ്ടക്കാരെയാണ് വൈസ് ചാൻസലർ സ്ഥാനത്ത് ​​നിയമിച്ചത്. സംഘപരിവാർ അനുകൂല സംഘടനയായ ഉന്നതവിദ്യാഭ്യാസ അധ്യാപകസംഘം പ്രസിഡന്റായിരുന്ന ഡോ. ശിവപ്രസാദിനെ സാങ്കേതിക സർവകലാശാല താൽക്കാലിക വിസിയായി നിയമിച്ചതാകട്ടെ സർവകലാശാല ചട്ടങ്ങളെയും ഹൈക്കോടതി വിധികളെയും വെല്ലുവിളിച്ചും. കലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ തന്റെ താത്പര്യങ്ങളെ പിന്താങ്ങുമെന്ന ഉറപ്പിന്മേൽ യുഡിഎഫ് അനുകൂലികളെയാണ് വിസിയുടെ ചുമതലയേൽപ്പിച്ചത്. ആരോഗ്യ സർവകലാശാലയിൽ ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനവും നൽകി. കേരള, കലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലടക്കം ബിജെപി പ്രതിനിധികളെയാണ് ​ചാൻസലറുടെ നോമിനികളായി നിയമിച്ചത്. സ്ഥിരം വിസി നിയമനത്തിനുള്ള സർക്കാർ ശ്രമങ്ങളെയും ​ഗവർണർ തടസപ്പെടുത്തി. സെപ്തംബറിൽ കാലാവധി കഴിഞ്ഞിട്ടും ​ഗവർണർ സ്ഥാനത്ത് തുടരുന്നതും ആർഎസ്എസിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാ
നാണ്.

ദേശാഭിമാനി 23 Dec 2024 1:45 am

ശകാരവാക്കുകളിൽ പിറന്ന 
‘ഫെമിനിച്ചി ഫാത്തിമ’

പൊന്നാനി കിടക്കയിൽ മൂത്രമൊഴിച്ച കുട്ടിയെ ശാസിച്ച സഹോദരിയുടെ വാക്കുകളിൽ ഒരുസിനിമ പിറക്കുന്നു. കേൾക്കുന്നവർക്ക് കൗതുകമെങ്കിലും തിരുവനന്തപുരത്ത് നടന്ന ഐഎഫ്എഫ്കെയിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഫെമിനിച്ചി ഫാത്തിമ' ഒരുപൊന്നാനിക്കാരന്റെ നേരനുഭവം ബിഗ് സ്ക്രീനിലേക്ക് പകർത്തിയതാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ പൊന്നാനി സ്വദേശി മുഹമ്മദ് ഫാസിൽ വീടിന്റെ ഉമ്മറത്തിരിക്കുമ്പോഴാണ് സഹോദരി കുട്ടിയെ ശകാരിക്കുന്നത് കേൾക്കുന്നത്. കിടക്കയിൽ മൂത്രം തട്ടിക്കാതെ കൊണ്ടുനടന്നതാണ്. ഇനിയിതിന്റെ മണം പോവില്ല...' ഇതായിരുന്നു സഹോദരിയുടെ വാക്കുകള്. ഫാസിലിന്റെ ചിന്തയില് ഇത് ഒരു കഥയ്ക്ക് വിത്തുപാകി. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ജീവിക്കുന്ന ഫാത്തിമയെന്ന കഥാപാത്രവും പിറന്നു. മൂത്തകുട്ടി കിടക്കയില് മൂത്രമൊഴിക്കുന്നതോടെ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രയാസങ്ങളാണ് ചിത്രത്തില് അവതരിപ്പിക്കുന്നത്. രണ്ടുമാസംകൊണ്ടാണ് ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമ ചിത്രീകരിച്ചത്. ചിത്രത്തിന്റെ എഡിറ്റിങ് നടത്തിയത് ഫാസിലാണ്. ചെറിയ വേഷത്തിൽ അഭിനയിക്കുകയുംചെയ്തു. മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം, പ്രേക്ഷകപ്രീതി നേടിയ ചിത്രം, അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച തിരക്കഥയ്ക്കുള്ള ജൂറി പുരസ്കാരം, കെ ആർ മോഹനൻ പുരസ്കാരം എന്നിവയാണ് ഐഎഫ്എഫ്കെയില് നേടിയത്. മുമ്പ് രണ്ട് ഹൃസ്വചിത്രങ്ങള് ഒരുക്കിയ ഫാസില് ചില സിനിമകളില് സ്പോട്ട് എഡിറ്ററായും പ്രവര്ത്തിച്ചി
ട്ടുണ്ട്.

ദേശാഭിമാനി 23 Dec 2024 1:43 am

ആര്യാമൃതത്തിൽ 
നക്ഷത്രങ്ങൾ മിഴിതുറന്നു

കടയ്ക്കൽ (കൊല്ലം) കടയ്ക്കൽ കോട്ടപ്പുറം ആര്യാമൃതത്തിൽ തിങ്കൾ പകൽ 11ന് ഗൃഹപ്രവേശമായിരുന്നു. കടയ്ക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ ആര്യയ്ക്കും അമൃതയ്ക്കും അമ്മ അജിതയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടിൽ സുരക്ഷിതമായുറങ്ങാം. വീടിന്റെ പാലുകാച്ചൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിക്കൊപ്പം അതിഥികളായി ഭാര്യ കമലയും ചെറുമകൻ ഇഷാൻ വിജയും. തിളച്ച പാൽ മുഖ്യമന്ത്രി പകർന്നപ്പോൾ ആര്യയുടെയും അമൃതയുടെയും കണ്ണുകളിൽ നക്ഷത്രത്തിളക്കം. അജിതയ്ക്കു പറയാൻ ഒന്നു മാത്രം... എല്ലാവർക്കും നന്ദി. ശുചിമുറിപോലും ഇല്ലാത്ത ടർപ്പായ കെട്ടിയ കൂരയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഇനി എല്ലാ സൗകര്യങ്ങളുമുള്ള മനോഹരമായ വീട്ടിലാണ് താമസം. കടയ്ക്കൽ പള്ളിയമ്പലം സ്വദേശി ജയചന്ദ്രൻപിള്ള സൗജന്യമായി നൽകിയ എട്ടേകാൽ സെന്റിൽ മുഖ്യമന്ത്രിയുടെ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വീട് നിർമിച്ചത്. രണ്ടുവർഷം മുമ്പ് ഗൃഹനാഥൻ സുനിൽകുമാർ മരിച്ചതോടെയാണ് കുടുംബം ദുരിതത്തിലായത്. അമ്മ അജിത കൂലിപ്പണിയെടുത്താണ് കുടുംബം പുലർത്തുന്നത്. കുട്ടികളുടെ ദുരിതമറിഞ്ഞ സ്കൂൾ അധികൃതർ തണലൊരുക്കാൻ മുന്നിട്ടിറങ്ങി. ആര്യ പത്താം ക്ലാസ്സിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു. ആര്യയുടെ നേട്ടം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധയിടങ്ങളിൽനിന്ന് സഹായം ലഭിച്ചു. എന്നാൽ, കിട്ടിയ സമ്മാനങ്ങൾപോലും സൂക്ഷിക്കാൻ ഇടമില്ലാത്ത അവസ്ഥയായിരുന്നു. നിർധന കുടുംബത്തിന് വീട് നിർമിച്ചു നൽകാൻ മുഖ്യമന്ത്രിയുടെ സുരക്ഷാസേന രംഗത്തിറങ്ങുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്കു പുറമെ മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് വി എം സുനീഷ് ഉൾപ്പെടെ 67 പേർ ശമ്പളത്തിൽനിന്നു നിശ്ചിത തുക മാറ്റിവച്ച് സ്വരൂപിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് വീട് നിർമിച്ചു. വീട്ടുപകരണങ്ങൾ മുതൽ മുറ്റത്തെ ചെടികളും മരങ്ങളുംവരെ അഭ്യുദയകാംക്ഷികൾ നൽകി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് രാജേന്ദ്രൻ, കെ വരദരാജൻ തുടങ്ങി നിരവധിപേർ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തു.

ദേശാഭിമാനി 23 Dec 2024 1:00 am

അരങ്ങിൽ കൂടൊരുക്കാൻ 'നീലക്കുയിൽ' ; നാടകഭാഷ്യത്തിന്റെ ആദ്യാവതരണം 29ന്‌

തിരുവനന്തപുരം ‘16–-ാം വയസിൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോളാണ് ഞാൻ തിയറ്ററിൽ നീലക്കുയിൽ' കണ്ടത്. ഇന്ന് 86–-ാം വയസിൽ നീലക്കുയിലിന്റെ നാടകാവിഷ്കാരം രചിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. അത് അരങ്ങിലെത്തുന്നതും കാത്തിരിക്കുകയാണ്'’–-റിലീസിന്റെ എഴുപതാം വർഷം ആഘോഷിക്കുന്ന നീലക്കുയിലിനെ നാടകരൂപത്തിലാക്കിയ ആർ എസ് മധു പറയുന്നു. ഉറൂബിന്റെ രചനയിൽ 1954ലാണ് പി ഭാസ്കരനും രാമു കാര്യാട്ടും നീലക്കുയിൽ സംവിധാനം ചെയ്തതത്. രാഷ്ട്രപതിയുടെ രജതകമലം സ്വന്തമാക്കിയ ആദ്യ മലയാള സിനിമയുമായി. 1954 ഒക്ടോബര് പത്തിനായിരുന്നു റിലീസ്. അധ്യാപകനും സവര്ണനുമായ നായകനാല് ദളിത്പെണ്കുട്ടി ഗര്ഭിണിയാകുകയും അവള് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന നീലക്കുയിലിന്റെ പ്രമേയം അക്കാലത്തെ് സിനിമയെന്ന ആഭിജാത മാധ്യമത്തിന് ചേരുന്നതായിരുന്നില്ല. അയിത്താചാരത്തെയും ജാതിഭ്രമത്തെയും ചോദ്യംചെയ്ത സിനിമ, നായര്തറവാടുകളിലെ ശൈഥില്യവും ബന്ധങ്ങളിലെ കാപട്യവും തുറന്നുകാണിച്ചു. പ്രതിപാദനത്തിലെ ധീരതയും സാമൂഹ്യവിമര്ശനവും എഴുപതുവര്ഷങ്ങള്ക്കിപ്പുറവും നീലക്കുയിലിനെ വേറിട്ടുനിര്ത്തുന്നു. ആർ എസ് മധുവിന്റെ രംഗരചനയിൽ ചലച്ചിത്ര സംവിധായകൻ സി വി പ്രേംകുമാറാണ് നാടകം സംവിധാനം ചെയ്തത്. ‘സിനിമ നാടകമാക്കുമ്പോഴുള്ള പരിമിതിയുണ്ട്. കാഴ്ചക്കാർക്ക് മടുപ്പുണ്ടാകാത്ത അവതരണമാണ് ലക്ഷ്യം. പ്രധാന കഥാപാത്രമായ നീലിയെ നർത്തകി സിതാര ബാലകൃഷ്ണനാണ് അവതരിപ്പിക്കുന്നത്’'–- സി വി പ്രേംകുമാർ പറഞ്ഞു. സിനിമയ്ക്കായി പി ഭാസ്കരൻ രചിച്ച് കെ രാഘവൻ മാസ്റ്റർ ഈണമിട്ട ‘കായലരികത്ത്’, ‘കുയിലിനെത്തേടി’, ‘എല്ലാരും ചൊല്ലണ്’ തുടങ്ങിയ പ്രധാന പാട്ടുകളും നാടകത്തിന്റെ ഭാഗമാണ്. നടൻ സത്യൻ അവതരിപ്പിച്ച ശ്രീധരൻ മാഷിനെ നാടകത്തിൽ ജിതേഷ് ദാമോദറാണ് അവതരിപ്പിക്കുന്നത്. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരൻ കാശിനാഥാണ് കുട്ടിക്കഥാപാത്രമായ മോഹനെ അവതരിപ്പിക്കുന്നത്. വഞ്ചിയൂർ പ്രവീൺകുമാർ, സജന ചന്ദ്രൻ, മൻജിത്ത്, റജുല മോഹൻ, ശ്രീലക്ഷ്മി, ശങ്കരൻകുട്ടി നായർ എന്നിവരും കഥാപാത്രങ്ങളായി അരങ്ങിലെത്തും. നാടകം ഞായർ വൈകിട്ട് 5.30ന് ടാഗോർ തിയറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കും. പ്രവേശനം പാസുമൂലം. ഫോൺ: 9847917661, 9447027033.

ദേശാഭിമാനി 23 Dec 2024 1:00 am

ഭരണഘടനയുടെ 75 വർഷം ; രാജ്യത്ത് പട്ടിക വിഭാഗക്കാർ അരക്ഷിതർ

നമ്മുടെ രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75–-ാം വാർഷികം ആഘോഷിക്കുകയാണ്. ഭരണഘടനയുടെ ഭാഗമായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒരേയൊരു വിഭാഗമാണ് ഇന്ത്യയിലെ പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങൾ. ഇന്ത്യൻ പാർലമെന്റ് പാസാക്കിയ പ്രധാനപ്പെട്ട നിയമങ്ങളിൽ പട്ടികജാതി–- പട്ടികവർഗ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ ‘മാഗ്നാകാർട്ട'യെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് 1989ലെ പട്ടികജാതി–- പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം. പട്ടിക വിഭാഗങ്ങളുടെ നേരെയുള്ള അതിക്രമങ്ങൾ, നിയമലംഘനങ്ങൾ, വിവേചനങ്ങൾ എന്നിവ തടയുകയും അത്തരം അതിക്രമങ്ങൾക്ക് വിധേയരാകുന്നവർക്ക് മതിയായ സുരക്ഷിതത്വവും പുനരധിവാസവും നടപ്പാക്കി കുറ്റവാളികൾക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യം. നമ്മുടെ നിയമനിർമാണത്തിലെ ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന ഈ നിയമം പ്രാബല്യത്തിൽ വന്ന് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും പട്ടിക വിഭാഗങ്ങൾക്ക് നേർക്കുള്ള അതിക്രമങ്ങൾക്ക് ഒട്ടും കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളം, ഗോവ, സിക്കിം, ത്രിപുര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ വേറിട്ടു നിൽക്കുന്നത്. 2018 മുതൽ 2022 വരെയുള്ള കാലയളവിലെ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് പട്ടികജാതി–- പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളെ സംബന്ധിച്ച വിവരങ്ങൾ ഈയിടെ പാർലമെന്റിൽ സമർപ്പിക്കുകയുണ്ടായി. രാജ്യസഭയിലെ ചോദ്യത്തിന് ആഭ്യന്തരമന്ത്രാലയം നൽകിയ മറുപടി പ്രകാരം കേസുകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനയുണ്ടാകുന്നുവെന്ന ആശങ്കാജനകമായ വസ്തുതയാണ് പുറത്തുവന്നിട്ടുള്ളത്. 24 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്രഭരണ പ്രദേശത്തെയും കണക്കുകളാണ് പാർലമെന്റിൽ സമർപ്പിക്കപ്പെട്ടത്. മണിപ്പുർ, മിസോറം, നാഗാലാൻഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളുടെയും ആൻഡമാൻ–- നിക്കോബാർ, ജമ്മു- കശ്മീർ, ലഡാക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും അഞ്ചുവർഷത്തെ കണക്കുകൾകൂടി വരുമ്പോൾ കേസുകളുടെ എണ്ണത്തിൽ വീണ്ടും വർധനയുണ്ടാകും. 2018ൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 42,539 ആയിരുന്നെങ്കിൽ 2022ൽ അത് 57,420 ആയി വർധിച്ചു. 14,881 കേസുകളുടെ വർധന. അതായത് വാർഷിക ശരാശരി 2900 കേസുകൾ. എന്നാൽ, കേസുകൾ രജിസ്റ്റർ ചെയ്യുന്ന അതേ ശുഷ്കാന്തി കേസ് അന്വേഷണത്തിലും വിചാരണ കോടതികളിൽ സമയബന്ധിതമായി കുറ്റപത്രം നൽകുന്ന കാര്യത്തിലും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിലും ഉത്തരവാദിത്വപ്പെട്ടവർ കാണിക്കുന്നില്ല എന്നതാണ് വസ്തുത. 2018ൽ 42,539 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ കോടതിയിൽ ചാർജ് ഷീറ്റ് നൽകിയതാകട്ടെ 34,585 എണ്ണം മാത്രം. ശിക്ഷിക്കപ്പെട്ട കേസുകളുടെ എണ്ണം വെറും 3420 ആണ്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ രജിസ്റ്റർ ചെയ്ത ആകെ കേസുകൾ 2,47,203 ഉം കോടതിയിൽ കുറ്റപത്രം നൽകിയത് 1,95,957 ഉം ശിക്ഷിക്കപ്പെട്ടത് 19,937ഉം ആണ്. അതായത് വെറും എട്ട് ശതമാനംമാത്രം. 2022ലെ കണക്കുകൾ പരിശോധിച്ചാൽ ആകെയുള്ള കേസുകളുടെ 97.7 ശതമാനം കേസും റിപ്പോർട്ട് ചെയ്യപ്പെട്ടത് 13 സംസ്ഥാനങ്ങളിൽ നിന്നാണ്. അതിൽത്തന്നെ ഉത്തർപ്രദേശ് (23.7 ശതമാനം), രാജസ്ഥാൻ (16.75 ശതമാനം), മധ്യപ്രദേശ് (14.97 ശതമാനം), ബിഹാർ (13.16 ശതമാനം), ഒഡിഷ (6.93 ശതമാനം), മഹാരാഷ്ട്ര (5.24 ശതമാനം) എന്നീ ആറു സംസ്ഥാനങ്ങളാണ് 81 ശതമാനം കേസുകളുടെയും ഉറവിടം. പട്ടികവർഗ വിഭാഗത്തിന്റെ നേർക്കുള്ള അതിക്രമങ്ങളുടെമാത്രം കേസ് പരിശോധിച്ചാൽ മധ്യപ്രദേശ് (30.61 ശതമാനം), രാജസ്ഥാൻ (25.66 ശതമാനം), ഒഡിഷ (7.94 ശതമാനം), മഹാരാഷ്ട്ര (7.10 ശതമാനം), ആന്ധ്രപ്രദേശ് (5.13 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് മുമ്പിൽ നിൽക്കുന്നത്. അതേസമയം, 2018നും 2022നും ഇടയിൽ കേരളത്തിൽ ആകെ രജിസ്റ്റർ ചെയ്ത കേസുകൾ 4589 ഉം കുറ്റപത്രം നൽകിയത് 3665 എണ്ണവുമാണ്. അതായത് രജിസ്റ്റർ ചെയ്യുന്ന ആകെ കേസുകളുടെ ദേശീയ ശരാശരിയുടെയും (9155) കുറ്റപത്രം നൽകിയ കേസുകളുടെ ദേശീയ ശരാശരിയുടെയും (7330) പകുതി മാത്രം. പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്ന് കണ്ടെത്തിയ രാജ്യത്തെ 498 ജില്ലകളിൽ 194 ഇടങ്ങളിൽ മാത്രമാണ് പ്രത്യേക കോടതികൾ സ്ഥാപിച്ചിട്ടുള്ളത്. കേസുകൾ കുന്നുകൂടുന്നതിനും വിചാരണ കാലയളവ് നീളുന്നതിനും ഇതും ഒരു കാരണമാണ്. കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് ഈ നിയമപ്രകാരമുള്ള പ്രത്യേക പൊലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിൽ പ്രത്യേക പൊലീസ് സ്റ്റേഷനുകളും തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, മലപ്പുറം എന്നിവിടങ്ങളിൽ പ്രത്യേക കോടതികളും സ്ഥാപിച്ചിട്ടുണ്ട്. പട്ടികജാതി–- പട്ടികവർഗ വിഭാഗങ്ങളുടെ ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ പട്ടിക വിഭാഗങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ തീരെയില്ലെന്നുതന്നെ പറയാം. നവോത്ഥാന ആശയങ്ങളുടെ പാത പിൻപറ്റി ജനാധിപത്യം, പൗരബോധം, വിദ്യാഭ്യാസം, തുല്യത, നീതി തുടങ്ങിയ കാര്യങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിതാന്ത ജാഗ്രതയാണ് മലയാളികളുടെ മാതൃഭൂമിയെ വേറിട്ടൊരു ഭൂമികയായി നിലനിർത്തുന്നത്. (പികെഎസ് 
സംസ്ഥാന കമ്മിറ്റി 
അംഗമാണ് ലേഖകൻ)

ദേശാഭിമാനി 23 Dec 2024 1:00 am

അടുക്കളകളിലേക്ക് സൂര്യവെളിച്ചം

ഭാരതമെന്ന് കേട്ടാൽ അഭിമാനം തോന്നണമെന്നും കേരളമെന്ന് കേട്ടാൽ ചോര തിളയ്ക്കണമെന്നും പാടിയ കവിയുടെ ജന്മനാടാണിത്. സമൂഹത്തിന്റെ അടിത്തട്ടിൽ കിടന്ന സാമാന്യജനത ചരിത്രത്തിലേക്ക് കടന്നുവന്ന നാട്. അതായത്, ചരിത്രമില്ലാത്ത ജനത ചരിത്രം സൃഷ്ടിക്കുന്ന ജനതയായി ഉയർന്നുവന്ന ദേശം. പുരോഗമന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ വളർച്ച പുതിയ ചലനങ്ങൾക്കും മുന്നേറ്റങ്ങൾക്കും വഴിയൊരുക്കി. തൊഴിലാളികളും കൃഷിക്കാരും സംഘടിത ശക്തിയായി. ജന്മിത്വത്തിന്റെ അടിത്തറ തകർത്തു. നാടിന്റെ ചരിത്രത്തിലെ ഉജ്വലമായ നിമിഷങ്ങൾ പിറന്നുവീണു. അങ്ങനെ 1957ലെ ഒന്നാം ഇ എം എസ് സർക്കാരിന്റെ കാലംമുതൽ മൗലികമായ പരിവർത്തനങ്ങൾക്കും ഉയിർത്തെഴുന്നേൽപ്പുകൾക്കും തുടക്കമായി. ഇപ്പോഴിതാ, പിണറായി സർക്കാരിന്റെ ഭരണത്തിൽ സകല രംഗത്തും മാറ്റങ്ങൾ സംഭവിക്കുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ നാഡീസ്പന്ദനങ്ങളും തൊട്ടറിഞ്ഞുള്ള ചുവടുവയ്പുകളാണ് സർക്കാർ നടത്തുന്നത്. അത്തരത്തിലൊരു പദ്ധതിയാണ് കഴിഞ്ഞ ദിവസം വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ–--ഓർഡിനേഷൻ കമ്മിറ്റി അംഗീകരിച്ച ‘ഈസി കിച്ചൺ'. സ്ത്രീകളെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് കൊണ്ടുവന്ന നാട്ടിൽ അടുക്കളയിൽ മറ്റൊരു വിപ്ലവത്തിന് തുടക്കമാകുകയാണ്. വീടില്ലാത്ത എല്ലാവർക്കും വീട് എന്ന സർക്കാരിന്റെ പ്രഖ്യാപനം ലക്ഷ്യത്തോടടുക്കവെ, ഇനി സൗകര്യങ്ങളില്ലാത്ത അടുക്കളകൾ നവീകരിക്കാനുള്ള പദ്ധതി സർക്കാരിന്റെ സ്ത്രീപക്ഷ ചിന്ത വെളിപ്പെടുത്തുന്നു. ജനങ്ങൾക്ക് ഏറ്റവും അത്യാവശ്യമായ കാര്യം ഏതെന്ന് സർക്കാർ തിരിച്ചറിയുന്നുവെന്നാണ് പ്രധാനമായി കാണേണ്ട സംഗതി. തദ്ദേശമന്ത്രി എം ബി രാജേഷ് പറഞ്ഞതുപോലെ, അടുക്കള സ്ത്രീകൾക്ക് മാത്രമുള്ളതല്ല. പക്ഷേ, അടുക്കളയിൽ ജോലിയെടുക്കുന്നത് ഭൂരിപക്ഷവും സ്ത്രീകളാണെന്നത് യാഥാർഥ്യമാണ്. അവരുടെ അധ്വാനം കുറച്ച്, ആരോഗ്യം സംരക്ഷിക്കാനുള്ള പുതിയൊരു ആശയമാണ് നടപ്പാക്കുന്നത്. സൗകര്യങ്ങളില്ലാത്തതും അനാരോഗ്യകരവുമായ അടുക്കളകൾ നവീകരിച്ച് സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്ന ‘ഈസി കിച്ചൺ' രാജ്യത്തിനാകെ മാതൃകയാണ്. തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതിയിൽ അടുക്കള നവീകരണത്തിന് 75,000 രൂപ വരെയും ഇലക്ട്രിക്കൽ ജോലികൾക്ക് 6000 രൂപയും ലഭിക്കും. അർഹതയുള്ളവരുടെ മുൻഗണനാ പട്ടിക തയ്യാറാക്കിയാകും സാധാരണ വീടുകളിലുള്ളവർക്ക് ഏറെ ആശ്വാസകരമാകുന്ന പദ്ധതി നടപ്പാക്കുക. നേരം വെളുത്താലുടൻ അടുക്കളപ്പണിയും പിന്നെ മറ്റ് വീട്ടുജോലികളും ചെറിയ വരുമാന സമ്പാദനവും വൈകിട്ട് കടയിൽ പോക്കും കണക്കു നോക്കലും പിന്നെ അത്താഴം വയ്ക്കലുമായി കഷ്ടപ്പെടുന്നവരാണ് നമ്മുടെ നാട്ടിലെ സ്ത്രീകൾ ഏറെയും. സാധാരണ വീടുകളിലെ അടുക്കളകൾ പലതും ഇരുട്ടറകളുമാണ്. അവിടേക്ക് സൂര്യവെളിച്ചം എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒപ്പം, അടുക്കളപ്പണി എടുക്കേണ്ടത് സ്ത്രീകൾ മാത്രമല്ല, വീട്ടിലുള്ള എല്ലാവരും ചേർന്നാണെന്ന ബോധവും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. 1912ൽ അമേരിക്കയിലെ ലോറൻസ് എന്ന പട്ടണത്തിലെ നെയ്ത്ത് തൊഴിലാളി സ്ത്രീകൾ നടത്തിയ ഐതിഹാസികമായ പണിമുടക്കിന്റെ പേര് ‘റൊട്ടിയും റോസാ പുഷ്പങ്ങളും' (Bread and Roses) എന്നായിരുന്നു. റൊട്ടിയും വേണം റോസാ പുഷ്പങ്ങളും വേണം എന്നു ചുരുക്കം. സ്ത്രീവിമോചനം യാഥാർഥ്യമാകണമെങ്കിൽ അന്നംമാത്രം പോരാ, ജീവിതത്തെ സർഗാത്മക പ്രവൃത്തിയാക്കിത്തീർക്കുന്ന റോസാ പുഷ്പങ്ങളും അവയ്ക്കൊപ്പം വിരിയണമെന്ന് സൂചിപ്പിക്കുന്ന ഒരു സോവിയറ്റ് വിപ്ലവ ഗാനത്തിൽനിന്നാണ് പണിമുടക്കിന് റൊട്ടിയും റോസും എന്ന പേര് അവർ സ്വീകരിച്ചത്. അടുക്കള സുന്ദരമാകുന്നതിന് അങ്ങനെയൊരു സർഗാത്മകതയുടെ തലംകൂടിയുണ്ട്. കേരളത്തിൽ സ്ത്രീ ശബ്ദം എവിടെയും കേൾക്കാം. സ്ത്രീ ശാക്തീകരണവും സ്വാതന്ത്ര്യവും തദ്ദേശ ജനാധിപത്യത്തിന്റെ മുഖ്യ ലക്ഷ്യമായി ഇടതുപക്ഷ സർക്കാരുകൾ ഉയർത്തിപ്പിടിച്ചതിന്റെ ഒരു നേട്ടമാണത്. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് അമ്പതു ശതമാനം സംവരണം നടപ്പാക്കിയത് കേരളത്തിൽ മാത്രമാണ്. ജനകീയാസൂത്രണവും കുടുംബശ്രീയുമെല്ലാം സ്ത്രീ സ്വാതന്ത്ര്യത്തെ ശക്തമാക്കി. ഇതെല്ലാം ഇടതുപക്ഷ സർക്കാരുകളുടെ മുഖ്യ അജൻഡയായിരുന്നു. അതുപോലെതന്നെ പ്രാധാന്യമുള്ള പദ്ധതിയാണ് അടുക്കളകളിലേക്ക് എത്തുന്ന ഈസി കിച്ചൺ. ഒട്ടും നിസ്സാരമല്ല ഇത്. അടുക്കളയെ പരമപ്രധാനമായി കണ്ടു എന്നത് എൽഡിഎഫ് സർക്കാരിനെ മറ്റു സർക്കാരുകളിൽനിന്ന് വ്യത്യസ്തമാക്കുന്നു.

ദേശാഭിമാനി 23 Dec 2024 1:00 am

അംബേദ്കറെ ആക്ഷേപിക്കൽ ; പ്രതിഷേധാഗ്നി പടർന്ന് പാർലമെന്റ്‌

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ ചേർന്നു. പതിനെട്ടാം ലോക്സഭയുടെ മൂന്നാം സമ്മേളനമായിരുന്നു ഇത്. അദാനി അഴിമതിക്കേസ് വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇരു സഭയും ആദ്യ അഞ്ചുനാൾ പൂർണമായും സ്തംഭിച്ചു. ഭരണഘടനയുടെ 75–-ാം വാർഷികം പ്രമാണിച്ച് പ്രത്യേക ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം ആദ്യം അംഗീകരിക്കാൻ തയ്യാറാകാതിരുന്ന സർക്കാർ പിന്നീട് വഴങ്ങി. മതനിരപേക്ഷ, ജനാധിപത്യ, ഫെഡറൽ തത്വങ്ങളിൽ ഊന്നിയ ഭരണഘടനയോട് ബിജെപി പുലർത്തുന്ന അസഹിഷ്ണുതയുടെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഓരോ വിഷയത്തിലുമുള്ള സർക്കാർ സമീപനം. അദാനിക്കെതിരായ അഴിമതിക്കേസ് വിഷയത്തിൽ ചർച്ച അനുവദിക്കാത്തത്, ‘ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബിൽ', രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശം ഇതെല്ലാം ഉദാഹരണങ്ങൾ. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം നേരിടാൻ കഴിയാതെ വന്നപ്പോൾ അടിക്കടി സഭാ നടപടികൾ നിർത്തിവച്ച് രക്ഷപ്പെടാൻ സർക്കാർ നടത്തിയ ശ്രമവും പ്രകടമായി. 20 ദിവസം നീണ്ട സമ്മേളനത്തിൽ നിശ്ചിത സമയത്തിന്റെ 52 ശതമാനം മാത്രമാണ് ലോക്സഭ സമ്മേളിച്ചത്; രാജ്യസഭയാകട്ടെ 39 ശതമാനം സമയം മാത്രവും. ലോക്സഭയിൽ റെയിൽവേ ഭേദഗതി ബിൽ, ഡിസാസ്റ്റർ മാനേജ്മെന്റ് ബിൽ, ബാങ്കിങ് ഭേദഗതി ബിൽ, അധിക ധനാഭ്യർഥന എന്നിവയാണ് പാസാക്കിയത്. ലോക്സഭയിൽ ആകെ 20 ദിവസത്തിൽ 10 മിനിറ്റിലേറെ ചോദ്യോത്തരവേള നീണ്ടുപോയത് 12 ദിവസം മാത്രമാണ്. ഭരണഘടനയുടെ 75–-ാം വാർഷികം പ്രമാണിച്ച് ലോക്സഭയിൽ ഡിസംബർ 13നും 14നും രാജ്യസഭയിൽ 16നും 17നും ആണ് ചർച്ച നടന്നത്. ഈ ചർച്ചയുടെ ദിവസങ്ങളിൽ മാത്രമാണ് നടപടികൾ തടസ്സപ്പെടാതിരുന്നത്. എന്നാൽ, രാജ്യസഭയിൽ ചർച്ചയ്ക്ക് മറുപടി പറയവെ ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പരാമർശം ചരിത്രത്തിൽ ഇതുവരെയില്ലാത്ത സംഭവവികാസങ്ങൾക്കും വഴിയൊരുങ്ങി. ‘അംബേദ്കറെക്കുറിച്ച് സംസാരിക്കുന്നത് പ്രതിപക്ഷം ഫാഷൻ ആക്കി മാറ്റിയെന്നും ദൈവത്തിന്റെ പേര് ഇത്രയും തവണ ആവർത്തിച്ചാൽ ഏഴ് ജന്മം സ്വർഗത്തിൽ പോകാൻ കഴിയും' എന്നുമാണ് അമിത് ഷാ പരിഹസിച്ചത്. ഭരണഘടനാ ശിൽപ്പിയെ ആക്ഷേപിച്ച അമിത് ഷാ രാജിവയ്ക്കണമെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ അവസാന രണ്ടുനാൾ പൂർണമായും സഭാ നടപടികൾ തടസ്സപ്പെട്ടു. പാർലമെന്റ് വളപ്പിൽ പ്രകടനം നടത്തിയ പ്രതിപക്ഷ എംപിമാരെ കവാടത്തിൽ ബിജെപി അംഗങ്ങൾ തടയാൻ ശ്രമിച്ചതോടെ സംഘർഷവും ഉണ്ടായി. ഇതിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസ് അടക്കം എടുത്തിരിക്കുകയാണ്. ഗൗതം അദാനി സോളാർ ഇടപാടിൽ ഇന്ത്യയിൽ കോഴ നൽകാൻ പണം ചെലവിട്ട വിവരം മറച്ചുവച്ച് അമേരിക്കയിലെ നിക്ഷേപകരെ കബളിപ്പിച്ചുവെന്ന് ആരോപിച്ച് അവിടെ കോടതിയിൽ നിയമനടപടികൾ ആരംഭിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നത് ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാന വൈദ്യുതി ബോർഡുകളുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതി എന്നതിനാൽ ഇക്കാര്യത്തിൽ സമഗ്ര ചർച്ച ആവശ്യപ്പെട്ട് നൽകിയ നോട്ടീസുകൾക്ക് ഇരുസഭയിലും അനുമതി നിഷേധിക്കപ്പെട്ടു. മണിപ്പുർ കലാപം, വിലക്കയറ്റം, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം നേരിടാൻ കേരളത്തിന് കേന്ദ്രസഹായം നിഷേധിച്ച വിഷയം എന്നിവയിലും പ്രതിപക്ഷ അംഗങ്ങൾ അടിയന്തര നോട്ടീസ് നൽകിയിരുന്നു. ഇതെല്ലാം അവഗണിക്കപ്പെട്ടു. എന്നാൽ, ലഭിച്ച അവസരങ്ങളിലെല്ലാം കേരളത്തിനോടുള്ള അവഗണന സഭയുടെയും രാജ്യത്തിന്റെയും ശ്രദ്ധയിൽപ്പെടുത്താൻ പ്രതിപക്ഷ അംഗങ്ങൾക്ക് കഴിഞ്ഞു. ചോദ്യോത്തരവേള പരമാവധി പ്രയോജനപ്പെടുത്തി മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടാനും പ്രതിപക്ഷത്തിന് സാധിച്ചു. വയനാടിന് കേന്ദ്ര സഹായം ആവശ്യപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ഒറ്റക്കെട്ടായി ആഭ്യന്തര മന്ത്രിക്ക് നിവേദനം നൽകി. ഭരണഘടനയുടെ 75–-ാം വാർഷിക ചർച്ചയിലും പ്രതിപക്ഷം ബിജെപിയുടെയും നരേന്ദ്ര മോദി സർക്കാരിന്റെയും ജനാധിപത്യവിരുദ്ധത തുറന്നുകാട്ടി. ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും അപകടകരമായ തെരഞ്ഞെടുപ്പ് പരിഷ്കാരം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതാണ് മറ്റൊരു പ്രധാന സംഭവം. ബിൽ അവതരണത്തെ പ്രതിപക്ഷം ശക്തിയുക്തം എതിർത്തു. ബില്ലിന്റെ അവതരണത്തെ 269 പേർ അനുകൂലിച്ചപ്പോൾ 198 പേർ എതിർത്തു. വിപ്പ് നൽകിയിട്ടും ബിജെപിയുടെ ഇരുപതോളം എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഇത് പാസാക്കുക എളുപ്പമല്ലെന്ന തിരിച്ചറിവിൽ ബിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി)ക്ക് വിടാമെന്ന തീരുമാനത്തിൽ സർക്കാർ എത്തി. ജെപിസിയിൽ ആദ്യം 31 പേരെയാണ് ഉൾപ്പെടുത്തിയതെങ്കിലും പിന്നീട് 39 ആയി ഉയർത്തി. സിപിഐ എമ്മിനെ ഒഴിച്ചുനിർത്താൻ ശ്രമിച്ചെങ്കിലും ഇതിന്റെ അനൗചിത്യം ചൂണ്ടിക്കാണിച്ചപ്പോൾ സിപിഐ എം പ്രതിനിധിയെയും ജെപിസിയിൽ ഉൾപ്പെടുത്തി. പുതിയ സംവിധാനം നിലവിൽ വരുമ്പോൾ വർഷങ്ങളുടെ കാലാവധി ശേഷിക്കുന്ന പല നിയമസഭകളും പിരിച്ചുവിടേണ്ടിയും വരും. അഞ്ചു വർഷത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുകയെന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ് ഈ ബിൽ. നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകുന്നത് ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണമാണ് ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുക വഴി ഭരണകാര്യങ്ങൾക്ക് കൂടുതൽ സമയം ലഭ്യമാക്കാനും സാമ്പത്തികച്ചെലവ് കുറയ്ക്കാനും കഴിയുമെന്ന് അവകാശപ്പെട്ടാണ് ബിൽ കൊണ്ടുവന്നത്. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ പ്രചാരണ അജൻഡ തങ്ങൾക്ക് നിശ്ചയിക്കാൻ കഴിയുമെന്ന ബിജെപിയുടെ രാഷ്ട്രീയവ്യാമോഹമാണ് ബില്ലിന് പിന്നിൽ. ഇതുവഴി അധികാര കേന്ദ്രീകരണമാണ് ലക്ഷ്യം. എന്നാൽ, എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുക പ്രായോഗികമല്ലെന്ന് ബില്ലിൽ സമ്മതിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ കഴിയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ കരുതുന്നുണ്ടെങ്കിൽ ആ നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള അധികാരം കമീഷന് നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. പുതിയ സംവിധാനം നിലവിൽ വരുമ്പോൾ വർഷങ്ങളുടെ കാലാവധി ശേഷിക്കുന്ന പല നിയമസഭകളും പിരിച്ചുവിടേണ്ടിയും വരും. അഞ്ചു വർഷത്തേക്ക് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുകയെന്ന ഭരണഘടനാപരമായ അവകാശം നിഷേധിക്കുന്നതാണ് ഈ ബിൽ. നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടാൻ തെരഞ്ഞെടുപ്പ് കമീഷന് അധികാരം നൽകുന്നത് ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണമാണ്. 1967 വരെ ലോക്സഭ–- നിയമസഭ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാണ് നടന്നത്. 1969–- 70 കാലത്ത് പല സംസ്ഥാന സർക്കാരുകളും നിലംപതിച്ചതോടെയാണ് ക്രമം തെറ്റിയത്. അതിനാൽ ഒരേസമയം തെരഞ്ഞെടുപ്പ് എന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. വ്യോമയാന മേഖലയെ സംബന്ധിച്ച ഭാരതീയ വായുയാൻ വിധേയക് ബില്ലാണ് രാജ്യസഭ പാസാക്കിയത്. ഈ ബില്ലിന്റെ പേരുതന്നെ കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിന്റെ ഭാഗമാണെന്ന് പല പ്രതിപക്ഷ അംഗങ്ങളും ചൂണ്ടിക്കാട്ടി. ആഗോള വ്യവസായി ജോർജ് സോറോസ് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പണം ഒഴുക്കുന്നുവെന്നും ഇദ്ദേഹത്തിന് കോൺഗ്രസുമായി ബന്ധമുണ്ടെന്നും ആരോപിച്ച് സഭയിൽ അലങ്കോലം സൃഷ്ടിക്കാൻ ബിജെപി തയ്യാറായി. ഭരണഘടന ചർച്ച നടന്നപ്പോൾപ്പോലും സഭയിൽ ഹാജരാകാൻ പ്രധാനമന്ത്രി തയ്യാറാകാതിരുന്നതും വിമർശവിധേയമായി. ലോക്സഭയിൽ മോദി മറുപടി പറയാൻ എത്തിയെങ്കിലും രാജ്യസഭയിൽ അതിനുപോലും അദ്ദേഹം തയ്യാറായില്ല. ഭരണഘടന രൂപീകരണ കാലത്തുതന്നെ അംബേദ്കറോട് സംഘപരിവാറിന് അസഹിഷ്ണുതയായിരുന്നു. ഹിന്ദുത്വവാദത്തെയും മനുവാദത്തെയും അംബേദ്കർ എതിർത്തതാണ് കാരണം. മനുസ്മൃതി ചുട്ടെരിച്ച അംബേദ്കറിനെ അംഗീകരിക്കാൻ സംഘപരിവാർ ഒരിക്കലും തയ്യാറായിട്ടില്ല. അദ്ദേഹത്തോട് സംഘപരിവാർ പുലർത്തിവരുന്ന വിദ്വേഷമാണ് അമിത് ഷായിലൂടെ പുറത്തുവന്നത്. ഇതിനെതിരെ രാജ്യവ്യാപക രോഷവും പ്രതിഷേധവും അലയടിക്കേണ്ടതുണ്ട്.

ദേശാഭിമാനി 23 Dec 2024 1:00 am

ഓളപരപ്പിൽ അഗ്‌നിപടരും ; പ്രസിഡന്റ്‌സ്‌ ട്രോഫി മത്സരം ഇന്ന്‌

കൊല്ലം എല്ലാവഴികളും അഷ്ടമുടിയിലേക്ക്. ചാമ്പ്യൻസ് ബോട്ട് ലീഗ്, പ്രസിഡന്റ്സ് ട്രോഫികളിലെ ജലരാജാവാകാൻ അഷ്ടമുടിക്കായലിൽ അങ്കത്തിനിറങ്ങുക ഒമ്പതു ചുണ്ടന്മാർ. വിവിധ മത്സരങ്ങളിലായി ഒമ്പതു ചുണ്ടൻവള്ളവും 10 ചെറുവള്ളവുമാണ് പോരാട്ടത്തിനിറങ്ങുന്നത്. വെപ്പ് എ ഗ്രേഡ്–- 2, ഇരുട്ടുകുത്തി എ ഗ്രേഡ്– -2 , ഇരുട്ടുകുത്തി ബി ഗ്രേഡ്–- 3, വനിതകൾ തുഴയുന്ന തെക്കനോടി വള്ളങ്ങളും അടക്കം 10 വള്ളമാണ് പങ്കെടുക്കുക. ചെറുവള്ളങ്ങളുടെ ഹീറ്റ്സോടെ മത്സരങ്ങൾ ആരംഭിക്കും. ചുണ്ടൻവള്ളങ്ങളുടെ മത്സരത്തിന് മൂന്ന് ഹീറ്റ്സുകളുണ്ട്. തേവള്ളി കൊട്ടാരത്തിന് സമീപത്തു നിന്നുള്ള സ്റ്റാര്ട്ടിങ് പോയിന്റ് മുതല് കെഎസ്ആര്ടിസി ബസ് സ്റ്റാന്റിനു സമീപത്തെ ബോട്ട് ജെട്ടി വരെ 1,100 മീറ്ററിലാണ് മത്സരം. പ്രസിഡന്റ്സ് ട്രോഫിക്കുവേണ്ടി അഷ്ടമുടിയുടെ ഓളപ്പരപ്പിൽ നടക്കുന്ന വള്ളംകളിയായ സിബിഎൽ പരമ്പരയിലെ അവസാന മത്സരത്തിൽ തീപാറും. പുന്നമടക്കായലിൽ തുടങ്ങി വിവിധ ജില്ലകളിലൂടെ അഷ്ടമുടിക്കായലിൽ അവസാനിക്കുന്ന സിബിഎൽ മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന ചുണ്ടനാണ് സിബിഎൽ ട്രോഫിയിൽ മുത്തമിടുക. സിബിഎൽ ജേതാക്കൾക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാംസ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷംരൂപയും ലഭിക്കും. ഇതിനുപുറമെ ഓരോ വള്ളത്തിനും നാലുലക്ഷം രൂപ വീതം ബോണസും ലഭിക്കും. ഇതിൽ ഒരുലക്ഷം വള്ളത്തിനും മൂന്നുലക്ഷം തുഴച്ചിൽക്കാർക്കുമാണ് ലഭിക്കുക. ആറുകോടിരൂപ വിനിയോഗിച്ചാണ് മത്സരം. ശനി പകൽ രണ്ടിന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. സമാപന സമ്മേളനത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ സമ്മാനദാനം നിർവഹിക്കും.

ദേശാഭിമാനി 21 Dec 2024 1:40 am

മോദിയെവിടെ ; 85 കടന്ന്‌ രൂപ

മോദി ഭരണത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന ആശയങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തകർന്നുകൊണ്ടിരിക്കുകയാണ്. ഭരണഘടനയെത്തന്നെ മാറ്റിയെഴുതാൻ ശ്രമിക്കുന്നു. ലോകരാജ്യങ്ങൾക്കുമുന്നിൽ ഇന്ത്യയുടെ വിലയിടിഞ്ഞുകൊണ്ടിരിക്കുന്നു. മോദി ഭരണത്തിൽ ഏറ്റവും തകർന്നടിഞ്ഞത് ഇന്ത്യൻ കറൻസിയുടെ മൂല്യമാണ്. അമേരിക്കൻ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിടുകയാണ് രൂപ. എക്കാലത്തെയും ഏറ്റവും മോശം വിനിമയനിരക്കായ ഒരു അമേരിക്കൻ ഡോളറിന് 85 രൂപ കടന്നു. വെള്ളിയാഴ്ച 85.08 ആയിരുന്നു. 2013 ആഗസ്ത് 19ന് ഒറ്റ ദിവസം 1.48 രൂപയുടെ തകർച്ച നേരിട്ടപ്പോൾ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി മൻമോഹൻസിങ് സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ നിഷ്ക്രിയത്വം ഓർത്ത് രാജ്യം നിരാശപ്പെടുകയാണെന്നും രൂപയെ രക്ഷിക്കാൻ സർക്കാർ എന്താണ് ചെയ്യുന്നതെന്നുമായിരുന്നു മോദിയുടെ വിമർശം. അതേ ചോദ്യമാണ് ഇപ്പോൾ മോദിയുടെ നേരെ ഉയരുന്നത്. രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ സർക്കാരിന്റെ ഇടപെടൽ പരാജയമാണെന്നാണ് പത്തരവർഷത്തെ അനുഭവങ്ങൾ വ്യക്തമാക്കുന്നത്. മോദിയുടെ പത്തരവർഷത്തെ ഭരണത്തിൽ രൂപയുടെ മൂല്യത്തിൽ 26 രൂപയുടെ ഇടിവാണുണ്ടായത്. 2014 മേയിൽ 59.44 രൂപയായിരുന്നു ഡോളറുമായുള്ള മൂല്യം. മോദി സർക്കാരിന്റെ അഞ്ചു വർഷത്തെ ഭരണത്തിൽ മൂല്യത്തിൽ 10 രൂപ ഇടിഞ്ഞ് 2019 മേയിൽ 69.18 രൂപയായി. രണ്ടാം മോദി സർക്കാരിന്റെ കാലയളവിൽ 14 രൂപയിടിഞ്ഞ് 83.41 രൂപയിലെത്തി. ഇന്നത്തെ നില തുടർന്നാൽ സ്വാതന്ത്ര്യത്തിന്റെ 80–-ാം വാർഷികം ആഘോഷിക്കുന്നതിനു മുമ്പുതന്നെ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം നൂറുകടന്നേക്കും. വരുംമാസങ്ങളിൽ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. കുതിച്ചുയരുന്ന വ്യാപാരകമ്മിയും ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് വിദേശ ഫണ്ടുകളുടെ പിൻവലിക്കലുമാണ് രൂപയ്ക്ക് വെല്ലുവിളിയാകുന്നത്. ഈ കലണ്ടർ വർഷം ഇതുവരെ ഇന്ത്യൻ കറൻസി 1.99 ശതമാനവും ഡിസംബറിൽമാത്രം 0.48 ശതമാനവും ഇടിഞ്ഞു. ആർബിഐയുടെ കരുതൽ നടപടികൾക്കൊന്നും രൂപയെ രക്ഷിക്കാൻ കഴിയുന്നില്ല. രൂപ ഐസിയുവിൽനിന്ന് വെന്റിലേറ്ററിലേക്കു പോകാനുള്ള സാധ്യതകളാണ് വിപണിയിൽനിന്ന് ലഭിക്കുന്നത്. പ്രതിദിനം കരുത്താർജിക്കുന്ന ഡോളർ രൂപയുടെ ആരോഗ്യത്തെ കൂടുതൽ മോശമാക്കുന്നു. ഇത് സമ്പദ്മേഖലയിൽ വലിയ തിരിച്ചടി സൃഷ്ടിക്കും. വിലക്കയറ്റം രൂക്ഷമാകുന്നതോടൊപ്പം ഇറക്കുമതി ചെലവ് വർധിച്ച് വിദേശനാണയ ശേഖരത്തിലും ഇടിവുണ്ടാകും. ഇത് വീണ്ടും രൂപയുടെ വിലയിടിവിനും വിലക്കയറ്റത്തിനും കാരണമാകും. 2011 മേയിൽ 45 രൂപ ആറ് പൈസയായിരുന്നു ഡോളറുമായുള്ള വിനിമയ നിരക്ക്. പതിമൂന്ന് വർഷത്തിനിടയിൽ 90 ശതമാനത്തോളമാണ് മൂല്യം ഇടിഞ്ഞത്. പത്തര വർഷത്തെ ബിജെപി ഭരണത്തിൽ 45 ശതമാനത്തോളം. സ്വാതന്ത്ര്യം നേടുമ്പോൾ ഡോളറിനോളംതന്നെ പ്രാധാന്യമുണ്ടായിരുന്നു ഇന്ത്യൻ കറൻസിക്ക്. സാമ്പത്തിക വളർച്ച, നാണ്യപ്പെരുപ്പം, വ്യാപാരം, ആഭ്യന്തര–- വിദേശ നിക്ഷേപങ്ങൾ, ഇറക്കുമതി, കയറ്റുമതി തുടങ്ങിയ സാമ്പത്തിക ഘടകങ്ങളെല്ലാം കറൻസിയുടെ മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. 2013ലാണ് രൂപയുടെ മൂല്യം വൻതോതിൽ ഇടിഞ്ഞിരുന്നത്. 2008ലെ മാന്ദ്യത്തെതുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിക്ഷേപം നടത്തിയ വിദേശ നിക്ഷേപകർ വൻതോതിൽ പിൻവലിച്ചതും ഓഹരി, കടപ്പത്ര വിപണികളിൽനിന്നുള്ള പിൻവാങ്ങലുമായിരുന്നു അന്ന് മൂല്യം ഇടിച്ചത്. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്. സ്വർണത്തിന്റെയും ഭക്ഷ്യധാന്യങ്ങളുടെയുമെല്ലാം വിലക്കയറ്റവും രൂപയെ ബാധിക്കുന്നുണ്ട്. അമേരിക്കയുടെ ബോണ്ട് വരുമാനം കൂടുന്നതും അതുകൊണ്ടുതന്നെ വിപണിയിൽനിന്നുള്ള വൻകിട നിക്ഷേപകരുടെ പിൻമാറ്റവും ഡോളറിന്റെ കരുത്തുകൂട്ടുന്ന ഘടകങ്ങളാണ്. ലോക വിപണിയിലെ മാന്ദ്യവും അനിശ്ചിതത്വവും കേന്ദ്രസർക്കാരിന്റെ നയങ്ങളുമാണ് ഇപ്പോൾ രൂപ തകരാൻ ഇടയാക്കിയത്. മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് രണ്ട് രീതിയിൽ ഇടപെടുന്നു. രൂപ ഇടിയുന്നത് തടയാൻ കൈയിലുള്ള ശേഖരത്തിൽനിന്ന് ഡോളർ വിൽക്കുക എന്നതാണ് ഒന്ന്. മറ്റൊന്ന് അടിസ്ഥാന പലിശനിരക്ക് വർധിപ്പിക്കുക എന്നതാണ്. ഈ രണ്ട് നടപടി സ്വീകരിച്ചിട്ടും രൂപയുടെ മൂല്യം ഇടിയുന്നത് തടയാനായില്ല. നാല് മാസത്തിനിടയിൽ വിദേശനാണ്യശേഖരത്തിൽ ഇടിവുണ്ടായി. സെപ്തംബറിൽ 70,050 കോടി ഡോളറായിരുന്ന വിദേശനാണ്യശേഖരം ഡിസംബർ മധ്യത്തോടെ 64,300 കോടി ഡോളറായി കുറഞ്ഞു. രൂപയുടെ വിലയിടിഞ്ഞതോടെ ഓഹരി വിപണിയിൽനിന്ന് വിദേശനിക്ഷേപം വൻതോതിൽ പിൻവലിക്കുന്നതും തിരിച്ചടിയായി. വരാനിരിക്കുന്ന മാസങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. തൊണ്ണൂറുകളിൽ നവ ലിബറൽ ഉദാരനയങ്ങൾ നടപ്പാക്കിയതോടെയാണ് വിനിമയ രൂപനിരക്കിലും ഇടിവ് തുടങ്ങിയത്. 1993 മുതൽ വിനിമയ നിരക്ക് നിശ്ചയിക്കുന്നതിൽനിന്ന് സർക്കാർ പൂർണമായും പിന്മാറുകയും വിപണിയുമായി ബന്ധപ്പെടുത്തി നിശ്ചയിക്കാനും തുടങ്ങി. അതിനു മുന്നോടിയായി രൂപയുടെ മൂല്യം ഇരുപത് ശതമാനത്തിലധികം കുറച്ചിരുന്നു. നവലിബറൽ നയങ്ങൾ സ്വീകരിച്ച കാലത്ത് 24.-25 എന്ന നിലയിൽനിന്ന് രൂപ 2003 ആയപ്പോൾ ഡോളറിനെതിരെ 48 രൂപ എന്ന അവസ്ഥയായി. 2004 മുതൽ 2008 വരെയുള്ള കാലഘട്ടത്തിൽ രൂപ ശക്തമായി തിരിച്ചു വന്നിരുന്നു. രൂപ നടത്തിയ ചരിത്രത്തിലെ ഏറ്റവും ശക്തമായ മുന്നേറ്റം. 2002–--03 കാലഘട്ടത്തിൽ 48 രൂപ 39 പൈസ ആയിരുന്ന വിനിമയ നിരക്ക് 2007-–-08ൽ 40 രൂപ 24 പൈസ എന്ന നിലയിലേക്ക് എത്തിച്ചേർന്നു. പക്ഷേ, ആ മുന്നേറ്റം പിന്നീട് നിലനിർത്താനായില്ല. 1946ൽ മൂന്ന് രൂപ മുപ്പത് പൈസ ആയിരുന്ന വിനിമയ നിരക്കാണ് ഇന്ന് 85ൽ എത്തിനിൽക്കുന്നത്.

ദേശാഭിമാനി 21 Dec 2024 1:00 am

ഭരണപ്രതിസന്ധിയിൽ വീണ്ടും ഫ്രാൻസ്

ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പുതിയ പ്രധാനമന്ത്രിയായി ഫ്രാൻസ്വാ ബയ്റൂവിനെ നിയമിച്ചെങ്കിലും രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. ബയ്റൂവിനും പാർലമെന്റിൽ ഭൂരിപക്ഷ പിന്തുണയില്ല. പാർലമെന്റിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ടിന് പ്രധാനമന്ത്രിസ്ഥാനം നൽകില്ലെന്ന മാക്രോണിന്റെ നിലപാടാണ് ഈ വർഷം നാലാമത്തെ പ്രധാനമന്ത്രിയെ (എലിസബത്ത് ബോൺ, ഗബ്രിയേൽ അട്ടൽ, മിഷേൽ ബാർണിയ, ഫ്രാൻസ്വ ബയ്റൂ) കണ്ടെത്താൻ അദ്ദേഹം നിർബന്ധിതനായത്. ഫ്രാൻസിൽ ദീർഘകാലം ഭരണം നടത്തിയ മധ്യ വലതുപക്ഷ കക്ഷിയായ റിപ്പബ്ലിക്കൻ പാർടി നേതാവായ മിഷേൽബാർണിയ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം പുറത്താക്കിയ സാഹചര്യത്തിലാണ് വലതുപക്ഷ കക്ഷിയായ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ നേതാവും പൗ നഗരത്തിന്റെ മുൻ മേയറുമായ ഫ്രാൻസ്വ ബയ്റൂവിനെ പുതിയ പ്രധാനമന്ത്രിയായി മാക്രോൺ നിയമിച്ചത്. നാലംഗ ഇടതുപക്ഷ സഖ്യത്തെ നയിക്കുന്ന മെലൻ ഷോണിന്റെ നേതൃത്വത്തിലുള്ള ‘ ഫ്രാൻസ് ഇൻ സൗമിസാ’ണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഈ പ്രമേയത്തെ പാർലമെന്റിലെ രണ്ടാമത്തെ കക്ഷിയും തീവ്രവലതുപക്ഷ പാർടിയുമായ മറീൻ ലീ പെന്നിന്റെ നാഷണൽ റാലി പിന്തുണച്ചതോടെയാണ് 577 അംഗ സഭയിൽ 331 വോട്ട് നേടി അവിശ്വാസ പ്രമേയം പാസായത്. 1958ൽ നിലവിൽ വന്ന അഞ്ചാം റിപ്പബ്ലിക്കിൽ രണ്ടാം തവണയാണ് അവിശ്വാസ പ്രമേയത്തിലൂടെ ഒരു സർക്കാർ പുറത്താകുന്നത്. മൂന്നുമാസംമാത്രം ഭരണം നടത്തിയ ബാർണിയ സർക്കാരാണ് ആധുനിക ഫ്രാൻസിലെ ഏറ്റവും ആയുസ്സ് കുറഞ്ഞ സർക്കാരും. അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ആദ്യ സർക്കാർ ജോർജ് പോമ്പിഡുവിന്റേതാണ്. 1962ൽ. ഈ വർഷം ആദ്യം നടന്ന യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് കക്ഷിയായ നാഷണൽ റാലി ഫ്രാൻസിൽ വൻമുന്നേറ്റം നടത്തിയതോടെ അവരെ തടയാനെന്ന പേരിലാണ് ഇമ്മാനുവൽ മാക്രോൺ ജൂണിൽ തെരഞ്ഞെടുപ്പ് നടത്തിയത്. ഫാസിസ്റ്റ് കക്ഷിയെ തടയാൻ ഇടതുപക്ഷം തന്റെ പിന്നിൽ അണിനിരക്കുമെന്നും അതിനാൽ അനായാസവിജയം നേടാനാകുമെന്നുമായിരുന്നു മാക്രോൺ പ്രതീക്ഷിച്ചത്. എന്നാൽ, നവ ഫാസിസ്റ്റ് കക്ഷിയുടെ നയങ്ങൾ ഏറിയോ കുറഞ്ഞോ നടപ്പാക്കുകയും പെൻഷൻ പ്രായം വർധിപ്പിച്ചത് ഉൾപ്പെടെയുള്ള ഇടതുപക്ഷവിരുദ്ധ നയങ്ങൾ കൈക്കൊള്ളുകയും ചെയ്ത മാക്രോണിനെ പിന്തുണയ്ക്കുന്നതിന് പകരം എല്ലാ ഇടതുപക്ഷ കക്ഷികളും യോജിച്ച് ഒരു മുന്നണിക്ക് രൂപം നൽകുകയാണ് ചെയ്തത്. ഈ മുന്നണി ഏറ്റവും കൂടുതൽ സീറ്റ് നേടുകയും നവഫാസിസ്റ്റ് കക്ഷിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. മാക്രോണിന്റെ കക്ഷിക്ക് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിയടയേണ്ടി വന്നു. ഇതോടെ തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള അവകാശം മാക്രോണിന് നഷ്ടമായിരുന്നു. ഏറ്റവും വലിയ സഖ്യത്തിന്റെ നേതാവിനെ പ്രധാനമന്ത്രിയാകാൻ ക്ഷണിക്കാതെ സീറ്റു നിലയിൽ നാലാം സ്ഥാനത്തുള്ള കക്ഷിയുടെ നേതാവിനെ പ്രധാനമന്ത്രിയാക്കാനാണ് മാക്രോൺ തയ്യാറായത്. ആ പ്രധാനമന്ത്രിയാണ് ഡിസംബർ നാലിന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായത്. ഇതോടെ മാക്രോൺ രാജിവച്ച് പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമായി. ഫ്രാൻസിനെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയിലേക്കും കൂട്ടക്കുഴപ്പത്തിലേക്കും തള്ളിയിട്ട മാക്രോണിന് ഒരു നിമിഷം അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നാണ് ഇടതുപക്ഷ മുന്നണിക്ക് നേതൃത്വം നൽകുന്ന മിലൻ ഷോണിന്റെ നിലപാട്. മാക്രോൺ രാജിവച്ച് പുറത്തുപോകണമെന്ന് ഫ്രാൻസ് ഇൻ സൗമിസിന്റെ പാർലമെന്ററി പാർടി നേതാവ് മതിൽഡേ പാനോത് അർഥശങ്കയ്ക്കിടയില്ലാത്ത വിധം പറഞ്ഞു. വൻ ജനകീയ പ്രതിഷേധമുയർത്തിയ പെൻഷൻ പരിഷ്കരണം പാസാക്കിയപോലെ ധനബില്ലും പാർലമെന്റിൽ ചർച്ച ചെയ്യാതെ ഭരണഘടനയിലെ 49.3 വകുപ്പ് പ്രസിഡന്റിന് നൽകുന്ന പ്രത്യേക അവകാശത്തിലൂടെ പാസാക്കിയെടുക്കാനുള്ള മിഷേൽ ബാർണിയ സർക്കാരിന്റെ നീക്കമാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ ഇടതുപക്ഷത്തെ നിർബന്ധിച്ചത്. അവിശ്വാസ പ്രമേയം പാസായതോടെ ബാർണിയ സർക്കാരിന്റേതുമാത്രമല്ല മാക്രോണിന്റെ പ്രസിഡൻസിയുടെയും മരണമണിയാണ് മുഴങ്ങിയത്. വർധിച്ചുവരുന്ന രാജി ആവശ്യമാണ് മാക്രോണിനെ വെട്ടിലാക്കുന്നത്. 2022ലാണ് മാക്രോൺ രണ്ടാമതും പ്രസിഡന്റാകുന്നത്. അതായത് 2027 വരെ അധികാരത്തിൽ തുടരാം, നിലവിൽ രാജിവച്ചാൽ തിരിച്ചുവരാൻ കഴിയുമെന്നതിന് ഒരുറപ്പും ഇല്ല. അതിനാൽ തനിക്ക് ഫ്രഞ്ച് ജനത നൽകിയത് അഞ്ചു വർഷത്തേക്കുള്ള ജനവിധിയാണെന്നും അതുവരെ അധികാരത്തിൽ തുടരുമെന്നും മാക്രോൺ വ്യക്തമാക്കി. മറ്റുള്ളവരുടെ ഉത്തരവാദിത്വമില്ലായ്മയുടെ പാപഭാരം ചുമലിലേൽക്കേണ്ട ആവശ്യമൊന്നും തനിക്കില്ലെന്ന് അവിശ്വാസപ്രമേയം കൊണ്ടുവന്നവരെ പരോക്ഷമായി കുറ്റപ്പെടുത്തി മാക്രോൺ പറഞ്ഞു. എന്നാൽ, ഫ്രഞ്ച് ദിനപത്രമായ ലാ ഫിഗാരോ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 52 ശതമാനം ജനങ്ങളും അവിശ്വാസ പ്രമേയം കൊണ്ടുവന്നത് നല്ല കാര്യമായാണ് വിലയിരുത്തിയത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള ലിബറേഷൻ ദിനപത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ 62 ശതമാനം പേരും മാക്രോൺ രാജിവച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ചു. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാക്രോണിന് വോട്ട് ചെയ്ത 27 ശതമാനം പേരും ഇതേ അഭിപ്രായം പങ്കുവച്ചു. ഇത് വ്യക്തമാക്കുന്നത് മാക്രോണിന്റെ ജനപിന്തുണയിൽ വൻ ഇടിവ് സംഭവിച്ചിരിക്കുന്നു എന്നാണ്. മാക്രോണിന്റെ നയങ്ങളെ നഖശിഖാന്തം എതിർക്കുന്ന ശക്തമായ പ്രതിപക്ഷമായി ഇടതു സഖ്യം മുന്നോട്ടുവരുന്നത് ഫ്രാൻസിലെ വലതുപക്ഷ കക്ഷികളെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്. 6000 കോടി യൂറോയുടെ ചെലവുചുരുക്കലും നികുതി വർധനയും ശുപാർശ ചെയ്യുന്ന ധനബില്ലിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷം കൈക്കൊണ്ടത്. മാക്രോൺ സർക്കാരിനെതിരായ പ്രതിപക്ഷം നവഫാസിസ്റ്റുകളല്ല, ഇടതുപക്ഷമാണെന്ന ആഖ്യാനമാണ് സൃഷ്ടിക്കപ്പെടുന്നത്. മാക്രോണിന്റെ രാജി ആവശ്യപ്പെടാൻ മരീൻ ലീ പെൻ തയ്യാറായില്ലെന്ന് മാത്രമല്ല, ബാർണിയ സർക്കാരിനെ താങ്ങിനിർത്താൻ അവസാന നിമിഷംവരെയും അവർ ചർച്ച നടത്തുകയും ചെയ്തു. 2027ൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുമോ എന്ന സംശയവും ലെ പെന്നിനെ അലട്ടുന്നുണ്ട്. യൂറോപ്യൻ പാർലമെന്റ് അംഗമായിരിക്കെ അനധികൃതമായി പാർടി കേഡർമാരെ സ്റ്റാഫായി നിയമിച്ച് വൻതോതിൽ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ശിക്ഷിക്കപ്പെട്ടാൽ ലീ പെന്നിന് മത്സരിക്കാനാകില്ല. അങ്ങനെ വന്നാൽ ഇതുപക്ഷ സഖ്യത്തിന് വിജയ സാധ്യത തള്ളിക്കളയാനാകില്ല, അത് എങ്ങനെയും തടയാനാണ് മാക്രോണിന്റെ ശ്രമം. നവഫാസിസ്റ്റുകൾ അധികാരമേറിയാലും സാരമില്ല ഇടതുപക്ഷം വരരുതെന്നാണ് മാക്രോണിന്റെ നിലപാട്. മധ്യലിബറൽ രാഷ്ട്രീയത്തിന്റെ നായകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മാക്രോൺ ഇടതുപക്ഷത്തെ തകർക്കാനും നവഫാസിസ്റ്റുകളുമായി സന്ധി ചെയ്യാനുമാണ് തയ്യാറാകുന്നത്. ലീ പെൻ മുന്നോട്ടു വച്ച പല നയങ്ങളും അംഗീകരിച്ചും സർക്കാരിനെ നിലനിർത്താൻ ബാർണിയ സർക്കാർ ശ്രമിച്ചത് ഈ നയത്തിന്റെ ഭാഗമായാണ്. അത് പരാജയപ്പെട്ടപ്പോൾ ഇടതുപക്ഷ സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കാനായി ശ്രമം. ദീർഘകാലം ഭരണത്തിലിരുന്ന സോഷ്യലിസ്റ്റ് പാർടിയെ ഇടതുപക്ഷ സഖ്യത്തിൽനിന്ന് അടർത്തിമാറ്റാനാണ് മാക്രോണും ബാർണിയയും കരുക്കൾ നീക്കിയത്. ഫ്രാൻസിൽ നിയോലിബറൽ സാമ്പത്തികനയം ആവേശത്തോടെ നടപ്പാക്കിയ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി ഫ്രാൻസ്വ ഓളന്ദിനെയാണ് അവർ ലക്ഷ്യമിട്ടത്. ഇടതുസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ ലൂസി കാസെറ്റ്സിനെ അംഗീകരിക്കാൻ കഴിയില്ലെന്ന ഓളന്ദിന്റെ പ്രസ്താവന സഖ്യം തകരുമെന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെട്ടു. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചാൽ ബാർണിയ സർക്കാരിൽ ചേരാൻപോലും തയ്യാറാണെന്ന് സോഷ്യലിസ്റ്റ് പാർടി സെക്രട്ടറി ഒലിവർ ഫൊറെ പറയുകയുണ്ടായി. സോഷ്യലിസ്റ്റ് പാർടിയുടെ ചാഞ്ചാട്ട സമീപനത്തിനെതിരെ ഇടതു സഖ്യത്തിലെ മറ്റു കക്ഷികൾ രംഗത്തു വന്നതോടെയാണ് ബാർണിയ സർക്കാരിനെതിരെ വോട്ട് ചെയ്യാൻ സോഷ്യലിസ്റ്റ് പാർടി തയ്യാറായത്. നവഫാസിസത്തെ വളർത്തുന്നതിൽ മധ്യ വലതുപക്ഷത്തിന്നും മധ്യ ഇടതുപക്ഷത്തിനും ഒരുപോലെ പങ്കുണ്ടെന്ന നിരീക്ഷണങ്ങൾ ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് സോഷ്യലിസ്റ്റ് പാർടിയുടെയും മാക്രോണിന്റെയും സമീപനങ്ങൾ. അയൽരാജ്യമായ ജർമനിയിലും ഫ്രാൻസിലും ഒരുപോലെ രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുകയാണ്. നിയോലിബറൽ നയത്തിന്റെ വക്താക്കളായ ഫ്രീ ഡെമോക്രാറ്റിക് പാർടി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് ജർമനിയിൽ ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള സോഷ്യൽ ഡെമോക്രാറ്റിക് പാർടി സഖ്യ സർക്കാർ നിലംപൊത്തി. യൂറോപ്യൻ സമ്പദ്വ്യവസ്ഥയുടെ എൻജിനായി അറിയപ്പെടുന്ന ജർമനി സാമ്പത്തികമാന്ദ്യത്തിലൂടെ കടന്നുപോകുമ്പോഴാണ് രാഷ്ട്രീയപ്രതിസന്ധിയും ഉണ്ടായിട്ടുള്ളത്. ഫ്രാൻസിൽ ബജറ്റ് പാസാക്കാൻപോലും കഴിഞ്ഞിട്ടില്ല. യൂറോപ്യൻ യൂണിയനിലെ രണ്ട് പ്രബല സാമ്പത്തികശക്തികളിലെ രാഷ്ട്രീയപ്രതിസന്ധി യൂറോപ്പിനെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിക്കുമോ എന്ന ആശങ്ക പടരുകയാണ്.

ദേശാഭിമാനി 21 Dec 2024 1:00 am

കാണുക ഈ മേളയെ

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള ( ഐഎഫ്എഫ്കെ –- 2024 ) യുടെ ഒരു ലക്കം കൂടി വിജയകരമായി പൂർത്തിയായിരിക്കുന്നു. മലയാളികൾക്ക് അഭിമാനിക്കാൻ ഏറെയുള്ള ഈ ചലച്ചിത്രോത്സവം വൈവിധ്യങ്ങൾകൊണ്ടും ഐക്യധാരകൊണ്ടും ലോകത്തിനുതന്നെ മാതൃക സൃഷ്ടിക്കുകയാണ്. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച മേളയിലെ 52 ചിത്രങ്ങൾ സ്ത്രീ സംവിധായകരുടേതായിരുന്നു. എല്ലാ തരത്തിലുള്ള അടിച്ചമർത്തലുകളേയും ചോദ്യം ചെയ്യുകയും സ്വതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന ചിത്രങ്ങൾ മേളയുടെ പ്രത്യേകതയായിരുന്നു. വർണവെറിയും അധിനിവേശങ്ങളുടെ കൊടുംക്രൂരതകളും ഇന്നും ഉറക്കംകെടുത്തുന്ന സമൂഹങ്ങളിലെ ദുരിതങ്ങൾ വരച്ചിട്ട സിനിമകൾ. സർഗാത്മകതയുടെ വസന്തോത്സവമായി ഐഎഫ്എഫ്കെയിലെ സിനിമകൾ ആഘോഷിക്കപ്പെടുന്നു. തലസ്ഥാന നഗരിയാകട്ടെ സൗഹാർദമെന്ന ഒറ്റച്ചരടിൽ കോർത്ത യുവതയുടെ ഉദ്ഘോഷപ്പറമ്പായി മാറി. മാനവികതയാൽ ഐക്യപ്പെടുന്ന മനുഷ്യരുടെ മുന്നിൽ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള സമൂഹങ്ങൾ അവരുടെ സിനിമകളിലൂടെ മലയാളവുമായി സംവദിക്കുകയാണ്. മുമ്പ് കേരളത്തിലെ പ്രേക്ഷകരെയും അവരുടെ സംവേദന ശക്തിയേയും അത്ഭുതത്തോടെ നോക്കിക്കണ്ട ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡൂകിനെ നമുക്ക് മറക്കാനാകില്ല. സ്ത്രീകളുൾപ്പെടെ കഴിവുണ്ടായിട്ടും സിനിമാരംഗത്ത് കയറിവരാനാകാതെ അകറ്റപ്പെട്ടവരെ കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാർ നടത്തിയ ശ്രമങ്ങളുടെ ഫലവും മേളയിൽ ദൃശ്യമായി. നവാഗതരുടെ മികച്ച സൃഷ്ടികൾ മേളയിലൂടെ വെളിച്ചം കണ്ടു. 68 രാജ്യങ്ങളിൽനിന്നായി 177 സിനിമകൾ. 15 തിയറ്ററുകൾ നിറഞ്ഞുകവിഞ്ഞു, നിശാഗന്ധിയിൽ രാവെളുക്കുവോളം ജനം അഭ്രപാളിയിലെ നവചിന്തകളെ വരവേറ്റു. 105 അതിഥികൾ എത്തിയ മേളയെ ഗംഭീരമാക്കാൻ ഒഴുകിയെത്തിയത് 15000 ൽ അധികം ഡെലിഗേറ്റുകൾ. സുവർണ ചകോരം പെഡ്രോ പിയോറിയുടെ മാലു നേടിയപ്പോൾ മേളയുടെ ചിത്രമായി ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ മാറി. കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രിക്സ് നേടിയ ‘ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ’ എന്ന ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയക്കാണ് മേളയിലെ ‘ സ്പിരിറ്റ് ഓഫ് സിനിമ ’ അവാർഡ്. ‘ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് ’ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ മേളയിൽ ഏറ്റെടുത്തത്. സിനിമയുമായി ബന്ധപ്പെട്ട നാനാമേഖലകളെക്കുറിച്ചുള്ള സംവാദങ്ങളും അർഥവത്തായി. താര സാന്നിധ്യത്തേക്കാൾ ഉപരി സിനിമ എന്ന താരത്തെ ആഘോഷിക്കാൻ, സാമ്പത്തികമടക്കം പരിമിതികൾക്കിടയിലും കഴിഞ്ഞുവെന്നതിൽ സംഘാടകർക്ക് അഭിമാനിക്കാം. റിസർവേഷൻ ടിക്കറ്റ് 70 ശതമാനം എന്ന് നിശ്ചയിച്ചതും മുതിർന്ന പൗരരെയും ഭിന്നശേഷിക്കാരെയും പ്രത്യേകം പരിഗണിച്ചതും മേളയെ കൂടുതൽ സൗഹാർദമാക്കി. അവസാനദിനവും ഏറ്റവും മികച്ച സിനിമകളിലൂടെ സഞ്ചരിക്കാൻ പ്രേക്ഷകർക്കായി. ഒരു ഐഎഫ്എഫ്കെ സീസൺകൂടി മനോഹരമാക്കിത്തീർത്ത സംഘാടകർക്കും ആസ്വാദകർക്കും അഭിവാദ്യങ്ങൾ. മുപ്പത് വയസ്സിലേക്ക് കടന്ന ഐഎഫ്എഫ്കെ ഇനിയും ഉയരങ്ങളിലേക്കും നവചിന്തകളിലേക്കും കടന്നു വളരട്ടെ. ഇന്ത്യയിലെ ഏറ്റവും മികച്ച മേളകളിൽ ഒന്ന് എന്ന ഖ്യാതി നിലനിൽക്കുമ്പോഴും ദേശീയ–-അന്തർദേശീയ തലത്തിൽ പ്രചാരണപരമായി നമുക്കുള്ള പരിമിതികൾ ഇനിയും മറികടക്കേണ്ടതുണ്ട്. ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ ചലച്ചിത്രമേള ഐഎഫ്എഫ്ഐക്കെതിരെ ഉയർന്ന ഗൗരവമേറിയ വിമർശം തന്നെ ആ വേദിയേയും വെറുപ്പിന്റെ വ്യാപാര കേന്ദ്രമാക്കുന്നുവെന്നാണ്. സർഗാത്മകതയുടേയും കൂട്ടായ്മയുടേയും സാങ്കേതിക വിദ്യയുടേയും ഉൽപ്പന്നമാണ് സിനിമ. അതിനെ എങ്ങനെ കൂടുതൽ മാനവികമാക്കാമെന്ന ചിന്തയാണ് കേരളത്തിൽ കണ്ടത്. അതുകൊണ്ട്, കാണുക ഈ മേളയെ.

ദേശാഭിമാനി 21 Dec 2024 1:00 am

രണ്ടാമതൊന്നുകൂടി കാണാത്ത മൂന്നു സിനിമകള്‍

'നാശം! എന്തൊരു കഥയാണിത്' മാക്ബത്ത് വായിച്ചപ്പോഴുണ്ടായ ആദ്യ പ്രതികരണത്തെപ്പറ്റി ഇങ്ങനെ ഓര്‍ത്തെടുത്തിട്ടുണ്ട്, വിശാല്‍ ഭരദ്വാജ്. സാഹിത്യത്തില്‍ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല, വിശാലിന്. ഇംഗ്ലീഷ് സാഹിത്യം വായിച്ചിട്ടുതന്നെയില്ല. ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിരസമായ ഒരു തീവണ്ടി യാത്രയില്‍ എന്തെങ്കിലും വായിക്കാനുണ്ടോയെന്ന് അടുത്തിരുന്ന കുട്ടിയോട് ചോദിച്ചതാണ്. കിട്ടിയത് ചാള്‍സ് ആന്‍ഡ് മേരി ലാംബിന്റെ ടെയ്ല്‍സ് ഫ്രം ഷെക്‌സ്പിയര്‍. ആദ്യം വായിച്ചത് മാക്ബത്ത്. 'നാശം! എന്തൊരു കഥയാണിത്'; അയാള്‍ക്കു തോന്നി. ആ യാത്രയ്ക്കു ശേഷം വിശാല്‍ ഭരദ്വാജ് മാക്ബത്തിനെ തേടിപ്പിടിച്ചു, ഷെക്‌സ്പിയറേയും. ബോംബെ അധോലോകം പശ്ചാത്തലമാക്കി സിനിമയെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു വിശാലും അബ്ബാസ് ടയര്‍വാലയും. മാക്ബത്ത് മുന്നിലേക്കു വച്ച് വിശാല്‍ അബ്ബാസിനോടു പറഞ്ഞു, ഇതാണ് നമ്മുടെ സിനിമ. മഖ്ബൂല്‍ പിറക്കുന്നത് അങ്ങനെയാണ്. നാശം പിടിച്ച കഥകളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഓര്‍മയിലേക്ക് വന്നതാണ് മുമ്പെന്നോ വായിച്ച ഈ വിശാല്‍ ഭരദ്വാജ് കഥ. ഭരദ്വാജ് പിന്നെ ഷേക്‌സ്പിയറെ വിട്ടിട്ടേയില്ല; ഒരു തീവണ്ടി യാത്രയ്ക്കിടെ കിട്ടിയ മാക്ബത്തില്‍ തുടങ്ങിയ അയാള്‍ പിന്നെ ഒഥല്ലോയെ ഓംകാരയാക്കി, ഹാംലറ്റിനെ ഹൈദര്‍ ആക്കി. കഥ പറയുന്നവര്‍ അങ്ങനെയാവണം, അവര്‍ നാശം പിടിച്ച കഥകള്‍ക്കു പിന്നാലെ വീണ്ടും വീണ്ടും പോവും. കഥ കേള്‍ക്കുന്നവരോ? ഒരിക്കല്‍ മാത്രം കേട്ട്അതിന്റെ ഹൃദയദ്രവീകരണ ശേഷിയില്‍ ഉലഞ്ഞ്, നാശം! എന്തൊരു കഥയാണിതെന്ന് സങ്കടപ്പെട്ട ശേഷം പിന്നീടൊരിക്കല്‍ പോലും തുറന്നു നോക്കാന്‍ മടിച്ചഎത്രയെത്ര കഥകളുണ്ടാവും കഥാപ്രിയരുടെഓര്‍മയില്‍. വെറുതെ ഒന്നോര്‍ത്തു നോക്കൂ, ആദ്യ തവണ കണ്ടപ്പോള്‍ ഉള്ളില്‍ തൊട്ട, രണ്ടാം കാഴ്ചകളെ ബോധപൂര്‍വം ഒഴിവാക്കിയ എത്ര സിനിമകളുണ്ട് നിങ്ങളുടെ പട്ടികയില്‍? *** Childhood is measured out by the sounds and smells and sights, before the dark hours of reason grows എന്ന വരികള്‍ കാണിച്ചു കൊണ്ടാണ് വരയന്‍ പൈജാമയിട്ട കുട്ടി (the boy in the striped pajamas) തുടങ്ങുന്നത്. അതെഴുതിയ ജോണ്‍ ബെച്ചമാനിനെ ഞാന്‍ വയിച്ചിട്ടില്ല. എങ്കിലും എന്റെ മകളുടെ കണ്ണിന്റെ നാട്ടകത്ത് എന്തെല്ലാം എന്തെല്ലാം മിന്നായങ്ങള്‍ എന്നെഴുതിയ സച്ചിദാനന്ദനെ ഓര്‍മ വന്നു. എക്‌സ്‌ടെര്‍മിനേഷന്‍ ക്യാംപുകളുടെ ചുമതലയുള്ള നാസി സൈനികന്റെ എട്ടു വയസുകാരന്‍ മകന്‍ ബ്രൂണോയുടെ കഥയാണിത്. യുദ്ധം കനക്കുമ്പോള്‍ സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറുന്ന പിതാവിനൊപ്പം ബെര്‍ലിനില്‍ നിന്ന് അകലെയൊരു ഗ്രാമത്തിലെത്തുകയാണ് അവന്‍. പട്ടാള ക്യാംപുപോലെ പുതിയ വീട്, അപരിചിതരായ ആളുകള്‍, വിചിത്രമായ പെരുമാറ്റങ്ങള്‍. വിരസമായ ചുറ്റുവട്ടങ്ങളില്‍ നിന്ന് പുതിയ ശബ്ദങ്ങളും ഗന്ധങ്ങളും കാഴ്ചകളും പിടിച്ചെടുക്കുകയാണ് അവന്റെ കുട്ടിത്തം. വീടിന്റെ പിന്നാമ്പുറത്തായി മരങ്ങള്‍ക്കപ്പുറം വയലുപോലെ എന്തോ ഉണ്ടെന്ന് അവന്‍ കണ്ടെത്തുന്നു, അവിടെ വരയന്‍ പൈജാമകളിട്ട ആളുകളുണ്ടെന്നും. അവിടെ കമ്പിവേലികള്‍ക്കപ്പുറം കണ്ടെത്തിയ സമപ്രായക്കാരനുമായി അവന്‍ കൂട്ടുകൂടുന്നു. ഷ്മുള്‍ എന്ന അവന്റെ പേര് ഒരു വിചിത്രനാമമായി ബ്രൂണോയ്ക്കു തോന്നി. അതൊരു എക്‌സ്‌ടെര്‍മിനേഷന്‍ ക്യാംപ് ആണെന്നോ തൊട്ടപ്പുറത്തെ ചൂളയില്‍ നിന്ന് രൂക്ഷഗന്ധവുമായി ഉയരുന്ന പുക അവിടെ കൊന്നുതള്ളുന്നവരുടെ മാംസം കരിയുന്നതാണെന്നോ അവനു മനസിലായതേയില്ല. കമ്പിവേലിക്കപ്പുറത്തെ ചങ്ങാതിക്കും ഇല്ലായിരുന്നു, മുതിര്‍ന്നവര്‍ക്കു മാത്രമുണ്ടായിരുന്ന അത്തരം അറിവുകള്‍. എങ്കിലും സംസാരത്തിനിടയില്‍ ബ്രൂണോ മനസിലാക്കുന്നു, അവന്‍ ജൂതനാണ്. ജൂതന്മാര്‍, അവര്‍ മനുഷ്യര്‍ പോലുമല്ല എന്ന പിതാവിന്റെ വിശദീകരണം ബ്രൂണോയ്ക്ക് പിടികിട്ടിയതേയില്ല. കമ്പിവേലിക്ക് അപ്പുറവും ഇപ്പുറവുമായി അവരുടെ സൗഹൃദം തളിര്‍ത്തു, മുതിര്‍ന്നവര്‍ വേലികെട്ടിത്തിരിച്ച രണ്ടു ലോകങ്ങളുടെ സൗഹൃദമായിരുന്നു അത്. (ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു, ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച് നാം അകറ്റി നട്ട മരങ്ങള്‍ എന്ന വീരാന്‍കുട്ടിക്കവിത ഓര്‍ത്തു.) ഒടുവില്‍ നമ്മള്‍ കൈകോര്‍ത്ത് നടന്നതെന്നാണ്? വരയന്‍ പൈജാമയിട്ടാല്‍ ഇവിടെ ആരും ആരെയും തിരിച്ചറിയില്ല, ഷ്മുളിന്റെ ആ വാക്കുകളുടെ ബലത്തില്‍ ഒരു ദിവസം അവന്‍ ഒളിപ്പിച്ചു കൊണ്ടുവന്ന വരയന്‍ പൈജാമ ധരിച്ച്, കമ്പിവേലികള്‍ നൂഴ്ന്നുകടന്ന് ബ്രൂണോ ക്യാംപിനകത്ത് കയറുന്നു. അവിടെ ആരൊക്കെയോ അവരെ ജാഥ പോലെ നീങ്ങുന്ന ഒരു കൂട്ടത്തിലേക്കു തള്ളി വിടുന്നു. അവശരും വിവശരുമായ ഒരുപാടു പേര്‍ക്കൊപ്പം, ഉടുപുടവകള്‍ അഴിച്ചുമാറ്റപ്പെട്ട് അവര്‍ ലോഹഭിത്തികളുളള മുറിയില്‍ അടയക്കപ്പെടുന്നു. ഒന്നും മനസ്സിലാവാതെ, പകച്ച മുഖത്തോടെ സൗഹൃദത്തിന്റെ മഹാ സൂചകമായി കൈകള്‍ കോര്‍ത്തുപിടിച്ച് അവര്‍ എന്തിനോ കാത്തുനില്‍ക്കുന്നു. അതൊരു ഗ്യാസ് ചേംബര്‍ ആയിരുന്നു, ആ ക്യാംപിലെ അവസാന ബാച്ചിനെയും മരണത്തിന് എറിഞ്ഞു കൊടുക്കുന്ന ദിനമായിരുന്നു, അന്ന്. നാശം! ആ സിനിമ പിന്നെ ഞാന്‍ കണ്ടിട്ടേയില്ല. *** ''അമ്മേ എനിക്കൊന്നൂല്ല, ഞാനൊരു സ്വപ്നം കണ്ടതല്ലേ..'' തനിയാവര്‍ത്തനം കണ്ട ഒരാളും മറന്നുപോകാനിടയില്ല, ഈ സംഭാഷണ ശകലം. ഈ കുഞ്ഞു വാചകത്തിലാണ് ആ സിനിമ, അതിലെ മനുഷ്യരുടെ ജീവിതം, കീഴ്‌മേല്‍ മറിയുന്നത്. ഒരര്‍ഥത്തില്‍ മലയാളത്തിലെ ഏറ്റവും ക്രൂരമായ സിനിമയാണിത്, രണ്ടാമതൊന്ന് അനുഭവിക്കാന്‍ പറ്റാത്തത്ര ക്രൂരം. നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യരുടെ മനുഷ്യത്വരഹിത മുഖം വെളിപ്പെടുത്തുന്ന കഥയെഴുതിയിട്ടുണ്ട്, എം ടി. ചാവാന്‍ കിടക്കുമ്പോള്‍ ഒരിറ്റു വെള്ളം കൊടുക്കാത്ത മനുഷ്യരുടെ കഥ. മനോരഥങ്ങള്‍ എന്ന പരമ്പരയില്‍ അതുണ്ട് - ശിലാലിഖിതം വിഷം കഴിച്ച് ചോലയിലേക്ക് ചാടിയ പെണ്‍കുട്ടിയുടെ മരണം കാത്തിരിക്കുന്ന കുടുംബക്കാരും നാട്ടുകാരും. അവളെ പുറത്തെടുക്കലോ രക്ഷിക്കലോ ഒന്നുമല്ല ആലോചനകള്‍; ഇരുട്ടും മുന്‍പ് കഴിഞ്ഞാല്‍ മതിയായിരുന്നു! കഴിയും മുന്‍പ് വല്ല കാട്ടുമൃഗങ്ങളോ മറ്റോ വന്നാല്‍ എന്താ കഥ! ശിലാലിഖിതത്തിലേതുപോലെ, നിസ്സംഗത പ്രകടമായ ക്രൂരതയായി പരിവര്‍ത്തിപ്പിക്കുന്ന ഗ്രാമീണരല്ല, തനിയാവര്‍ത്തനത്തിലേത്. അവിടെ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് കൊടും ക്രൂരതയായി പരിഭാഷപ്പെടുന്നത്.ബാലന്‍ (മമ്മുട്ടി) സ്വപ്നം കണ്ടതിന് അടുത്ത ദിവസം വല്യമ്മാമ (തിലകന്‍) സ്‌കൂളിലെ ഹെഡ് മാഷെ വീട്ടില്‍ പോയി കാണുന്ന സീന്‍ മാത്രം ഓര്‍ത്തു നോക്കൂ, 'ബാലന് ചെല ലക്ഷണങ്ങളൊക്കെ കാണണ് ണ്ട്, എന്നു വച്ച് അങ്ങനൊന്നൂല്യാ, വേണ്ടാത്ത ചെല സ്വപ്നങ്ങളൊക്കെ കാണണു. പിന്നെ പൊതുവേ ഒരു മാറ്റം. സ്‌കൂളില്‍ വരുമ്പോ അവനെ ഒന്നു ശ്രദ്ധിച്ചേക്കണം, മാഷോടാവുമ്പോ ഞങ്ങള്‍ക്ക് പറയാലോ' വല്യമ്മാമയെ സംബന്ധിച്ച് അത്രമേല്‍ സാധാരണമായ ഈ ജാഗ്രതപ്പെടുത്തലില്‍ നിന്നാണ്, ബാലന്‍ ഭ്രാന്തനായിത്തീരുന്നതിന്റെ തുടക്കം. പിന്നീടുള്ള ഓരോ പടവും അതിന്മേലുള്ള വച്ചു കെട്ടുകളാണ്. അത്രമേല്‍ സാധാരണമായ കുഞ്ഞുകുഞ്ഞു സംഭവങ്ങള്‍ ഏതൊക്കെയോ അനുപാതത്തില്‍ ചേരുമ്പോള്‍ സുഗമമായി ഒഴുകിവന്ന ജീവിതം വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നുപോകുമെന്ന് നമ്മളറിയും; നമുക്കപ്പോള്‍ പേടി തോന്നും, നാശം! എന്തൊരു ജീവിതം എന്നു തോന്നും *** 'ഒരു ആണ്‍ വേശ്യയെ വേണം, എനിക്കല്ല, മകള്‍ക്കാണ്.' 'ഛി, നാറി , മകള്‍ക്ക് വേണ്ടി മാമാപ്പണിക്കു വന്നിരിക്കുന്നോ? ഇറങ്ങ്' 'എന്റെ മോള്‍ക്ക് കൈയും കാലുമൊന്നും അനങ്ങില്ല, അവളെ കല്യാണം കഴിപ്പിച്ചയയ്ക്കാന്‍ എനിക്കാവില്ല. പക്ഷേ അവള്‍ക്കും ആഗ്രഹങ്ങളൊക്കെയുണ്ട്. അവള്‍ക്കാകെ ഞാനേയുള്ളു. ഞാനിനി എത്ര കാലമുണ്ടാവും എന്നൊക്കെ ആര്‍ക്കറിയാം! ഞാന്‍ ജീവിച്ചിരിക്കുമ്പോ പറ്റുന്നതൊക്കെ അവള്‍ക്ക് ചെയ്തു കൊടുക്കണം. അതിനാണ്.' 'സോറി, സര്‍.' പേരന്‍പ്; നാശം!

സമകാലിക മലയാളം 20 Dec 2024 1:01 pm

അഭിനയം മീനയ്‌ക്ക്‌ ‘കുടുംബകാര്യം’

പാലക്കാട് തിലകൻ സംവിധാനം ചെയ്ത ‘ഫസഹ്' നാടകത്തിലെ കുസൃതിക്കാരിയായ കുൽസുമ്പിയെ അത്രയെളുപ്പം നാടകാസ്വാദകർ മറക്കില്ല. ഈ കഥാപാത്രത്തിന് മിഴിവേകിയത് മീന ഗണേഷാണ്. നാടകത്തിനുപുറമേ ഇരുന്നൂറിലേറെ സിനിമകളിലും അവർ തിളങ്ങി. ചെറുപ്പം മുതൽ കണ്ടുവളർന്ന അഭിനയ മേഖലതന്നെ ജീവിതത്തിലുടനീളം കൂടെക്കൊണ്ടുനടന്നു. നാടകാഭിനയത്തിൽ തുടങ്ങി, നാടക ട്രൂപ്പുണ്ടാക്കി, പിന്നീട് സിനിമയിലെത്തിയ അഭിനേത്രിയാണ് മീന. കുട്ടിക്കാലം മുതൽ ദേശത്തെ സമിതികളിലെ നാടകങ്ങളിൽ അഭിനയിക്കും. അച്ഛൻ കെ പി കേശവൻനായർ എം ജി ആറിന്റെ ഉൾപ്പെടെ സിനിമകളിൽ അഭിനയിച്ചിരുന്നു. പാലക്കാട് കല്ലേക്കുളങ്ങരയിലാണ് ജനനം. മീനാക്ഷി എന്നായിരുന്നു ആദ്യകാല പേര്. പിന്നീട് കെ പി മീനയായി, വിവാഹശേഷം മീന ഗണേഷും. ഭർത്താവ് എ എൻ ഗണേഷും അഭിനേതാവാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, മീശമാധവൻ, പുനരധിവാസം, പിൻഗാമി, കരുമാടിക്കുട്ടൻ, വാൽക്കണ്ണാടി, നന്ദനം, മുഖചിത്രം, സെല്ലുലോയ്ഡ് എന്നിവയാണ് പ്രധാന സിനിമകൾ. പി എ ബക്കറിന്റെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലും അഭിനയിച്ചു. എത്ര സിനിമകളിലും നാടകങ്ങളിലും മീന അഭിനയിച്ചെന്ന് ചോദിച്ചാൽ ഉത്തരമില്ല. ‘ഫസഹ്' എന്ന നാടകം മുന്നൂറിലേറെ വേദികളിൽ അവതരിപ്പിച്ചു. 1965ൽ എ എൻ ഗണേഷിനെ പരിചയപ്പെട്ടു. ആറ് വർഷംനീണ്ട പ്രണയത്തിനൊടുവിൽ 1971ൽ വിവാഹം. വിവാഹശേഷം ഷൊർണൂരിൽ ‘പൗർണമി കലാമന്ദിർ' എന്ന പേരിൽ നാടകസമിതി ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സമിതി പിരിച്ചുവിട്ടു. പിന്നീട് മറ്റു സമിതികൾക്കുവേണ്ടി ഗണേഷ് നാടകം എഴുതി, മീന അഭിനയിച്ചു. കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളിൽ അഭിനയിച്ചു. നിരവധി റേഡിയോ നാടകങ്ങൾക്കും ശബ്ദം നൽ.

ദേശാഭിമാനി 20 Dec 2024 2:37 am

എഐ നമ്മൾ ഉദ്ദേശിച്ച ആളല്ല

മദ്യവും ലഹരിവസ്തുക്കളും ഉപയോ​ഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന കാമറ. ലഹരിവസ്തുക്കൾ ഉപയോ​ഗിച്ച് വാഹനം 
ഓടിക്കുന്നവരുടെ പെരുമാറ്റം എഐ കാമറകൾ വിശകലനംചെയ്യുമെന്നതാണ് പ്രത്യേകത തയ്യാറാക്കിയത് ശ്രീരാജ് ഓണക്കൂർ 
ഹർഷാദ് മാളിയേക്കൽ 
എസ് കിരൺബാബു സങ്കലനം മിഥുൻ കൃഷ്ണ ഓസ്ട്രേലിയയിൽ റോഡിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിൽ നവംബറിൽ വൻവർധന. 2023 നവംബറിലേതിനെക്കാൾ 30.3 ശതമാനം കൂടുതൽ. അധികാരികൾ തലപുകച്ചു. പരിശോധന കർശനമാക്കി. ഹെൽമറ്റും ലൈസൻസും പേപ്പറുകളും ഓക്കെ. വില്ലൻ മദ്യവും മറ്റു ലഹരികളും. സഹായത്തിന് ഓസ്ട്രേലിയൻ കമ്പനി അക്യുസെൻസസ് മുന്നോട്ടുവന്നു. ലഹരി ഉപയോ​ഗിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെ പ്രവർത്തിക്കുന്ന കാമറ അവതരിപ്പിച്ചു. കിറുങ്ങി വണ്ടിയോടിക്കുന്നവരുടെ പെരുമാറ്റം റഡാറുകൾ ഘടിപ്പിച്ച കാമറകൾ വിശകലനംചെയ്യും. സംശയം തോന്നിയാൽ വിവരം പൊലീസിലെത്തിക്കും. പട്രോളിങ് ടീമിന് വാഹനം പരിശോധിക്കാം. അക്യൂസെൻസ് ഇത് ബ്രിട്ടണിൽ പരീക്ഷാണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു. ഓസ്ട്രേലിയയിലും ഇത് നടപ്പാക്കുകയാണ്. അവിടെ പ്രതിപക്ഷം കുട്ടയും മുറവുമായി ഇറങ്ങുമോ എന്നറിയില്ല. നമുക്കും വേണം ഇത്തരം കാമറകൾ. ഓരോ നിയമലംഘനവും പിടിക്കപ്പെടണം. വളവ് നിവർത്തിയാൽ? റോഡ് മികച്ചതായാൽ അപകടം കുറയുമോ? ഇല്ലെന്ന് വിദ​ഗ്ധർ. 2023ലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം വളവുകളില്ലാത്ത പാതയിലാണ് അപകടം ഏറ്റവും കൂടുതൽ (28546). ഇതിൽ 2366 പേർ മരിച്ചു. 22174 പേർക്ക് ​ഗുരുതരമായി പരിക്കേറ്റു. വളവുകളിലാകട്ടെ അപകടം 5714. മരണം 558. വൈകിട്ട് ആറിനും രാത്രി ഒമ്പതിനും ഇടയിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ അപകടം. 2023ലെ ആകെ 48091 അപകടങ്ങളിൽ 10118 എണ്ണവും ഈ സമയത്ത്. മരിച്ചത് 856 പേർ. പകൽ മൂന്നിനും ആറിനും ഇടയിൽ 9522 അപകടങ്ങളിലായി 639 മരണം. കേരളത്തിലെ റോഡുകളുടെ ആകെ ദൈർഘ്യം 2,38,773.02 കിലോമീറ്ററാണ്. സം​സ്ഥാ​ന​ത്തെ വാ​ഹ​ന​പ്പെ​രു​പ്പം വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ​ക്കൊ​പ്പ​മാണെന്നാണ്​ ആ​സൂ​ത്ര​ണ ബോ​ർ​ഡിന്റെ സാ​മ്പ​ത്തി​കാ​വ​ലോ​ക​ന റിപ്പോർട്ട്. വാഹനപ്പെരുപ്പത്തിനൊപ്പം റോഡിൽ ഇടമുണ്ടാക്കാനും ചോരവീഴാതിരിക്കാനും എൽഡിഎഫ് സർക്കാർ പ്രതിബദ്ധമാണ്. റോഡ് വികസനം ലോകനിലവാരത്തിലേക്ക് കുതിക്കുന്നു. 2026 ഓടെ കാസർകോട്–-തിരുവനന്തപുരം ദേശീയപാത 66 വികസനം പൂർത്തിയാകും. മലയോര തീരദേശ ഹൈവേകൾ നിർമാണഘട്ടത്തിലാണ്. ഗ്രാമീണ റോഡുകൾ ഉന്നത നിലവാരത്തിലായി. റോഡ് പരിപാലനം ഉറപ്പാക്കാൻ റണ്ണിങ് കോൺട്രാക്ട് സംവിധാനവും നടപ്പാക്കി. ലക്ഷ്യം ഒന്നുമാത്രം. പരമാവധി വേഗത്തിൽ സുരക്ഷിതയാത്ര. വേണം, സൂചനാ ബോർഡുകൾ രാത്രിയിലും ഡ്രൈവറുടെ ശ്രദ്ധ കിട്ടുംവിധം അപകടകരമായ വളവുകൾ, സ്ഥിരം അപകടമുണ്ടാകുന്നയിടങ്ങൾ തുടങ്ങിയ സ്ഥലങ്ങൾ തിരിച്ചറിയാൻ കൂടുതൽ സൂചനാ ബോർഡുകൾ സ്ഥാപിക്കണം. ആശുപത്രി, സ്കൂൾ, കോളേജ് എന്നിവ അടുത്തുണ്ടെന്ന് സൂചിപ്പിക്കുന്ന ബോർഡുകളും അത്യാവശ്യം. തിരക്കേറിയ സ്ഥലങ്ങളിൽ വേഗത കുറയ്ക്കണമെന്ന സൂചന ബോർഡുകൾ കൂടുതൽ സ്ഥാപിക്കുന്നത് അപകടം കുറയ്ക്കും. നോ എൻട്രി, വൺവേ എന്നിവ തിരിച്ചറിയുന്നതിനുള്ള ബോർഡുകളും കൂടുതൽ വേണം. റോഡ് നിർമാണമോ അറ്റകുറ്റപണികളോ നടക്കുന്ന സ്ഥലങ്ങളിലും മുന്നറിയിപ്പ് വേണം. കുട്ടിഡ്രൈവർമാരുടെ 
അഭ്യാസങ്ങൾ ജൂലെെയിൽ കോഴിക്കോട് എലത്തൂരിൽ റോഡ് മുറിച്ചു കടന്ന സ്ത്രീയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ കാർ പിന്തുടർന്ന് കസ്റ്റഡിയിലെടുത്ത പൊലീസുകാർ ഞട്ടി. വാഹനമോടിച്ചതും മൂന്നു യാത്രികരും കൗമാരക്കാർ. കുട്ടിഡ്രൈവർമാർക്കെതിരെ ഇത്തരത്തിൽ 2023ൽ സംസ്ഥാനത്ത് 402 കേസാണ് രജിസ്റ്റർ ചെയ്തത്. കൗമാരപ്രായക്കാർ ഉണ്ടാക്കുന്ന റോഡപകടം മൂന്നിരട്ടി അധികമാണെന്ന് കണക്ക്. 18ന് താഴെയുള്ള വിദ്യാർഥികളിൽ 81.4 ശതമാനം ഒരു തവണയെങ്കിലും ഡ്രൈവ് ചെയ്തുവെന്നാണ് ഇന്റർനാഷണൽ ജേണൽ ഓഫ് അപ്ലൈഡ് സയൻസ് പഠന റിപ്പോർട്ട്. പ്രായപൂർത്തിയാവത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനോ ഉടമയ്ക്കോ മൂന്ന് വർഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷം റദ്ദാക്കും. ചുളുവിൽ 
ലൈസൻസ് വേണ്ട സംസ്ഥാനത്തെ റോഡ് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസർക്കാർ ഡ്രൈവിങ് ടെസ്റ്റ് അടിമുടി പരിഷ്കരിക്കുന്നത്. എച്ചും റോഡ് ടെസ്റ്റും മാത്രം എടുത്ത് ലൈസൻസ് കരസ്ഥമാക്കാമെന്ന രീതി അവസാനിപ്പിച്ച് ആധുനിക രീതി നടപ്പാക്കുകയാണ് ലക്ഷ്യം. ചുളുവിൽ ലൈസൻസ് കിട്ടാത്ത വിധം ടെസ്റ്റും നടപടിക്രമങ്ങളും കർശനമാക്കി. പുതിയ പരിഷ്കാരം നടപ്പായാൽ ആംഗുലർ പാർക്കിങ്, പാരലൽ പാർക്കിങ്, ‘z’ പോലെ വളവും കയറ്റവുമുള്ള സിഗ്-സാഗ് ഡ്രൈവിങ്, കയറ്റത്തിൽ നിർത്തി എടുക്കേണ്ട ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പാസാകേണ്ടതുണ്ട്. സംസ്ഥാനത്ത് അഞ്ച് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളും ആരംഭിച്ചു. 11 സ്കൂളുകൾ കൂടി ആരംഭിക്കും. ഫസ്റ്റ് എയ്ഡ് പരിശീലനം ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഹോ, അവൾ അത്രയ്ക്കായോ? വനിതാ ഡ്രൈവർ ഓവർടേക്ക് ചെയ്താൽ അമിതവേ​ഗമെടുത്തായാലും അവരെ മറികടക്കണമെന്ന വാശിയുള്ള ചില പുരുഷകേസരികളുണ്ട്. റോഡ് നന്നാക്കിയ ശേഷം നിയമം പാലിക്കാമെന്ന് വാദിക്കുന്നവരുമുണ്ട്. നിരത്തിൽ മര്യാദയും അച്ചടക്കവും പാലിക്കുന്ന, വേഗാസക്തിയെ മറികടക്കുന്ന റോഡ് സംസ്കാരം വളരണം. ലെയ്ൻ ട്രാഫിക്കും അപകട സാധ്യത മുൻകൂട്ടി കാണാനുള്ള പ്രതിരോധ ഡ്രൈവിങ് രീതിയും പഠിക്കണം. കൂടുതൽ സൂക്ഷ്മതയോടെ വണ്ടി ഓടിക്കണം. രണ്ടുവരിപ്പാതയിലൂടെയായാലും മൂന്നുവരിപ്പാതയിലൂടെയായാലും ഇടതു വശത്തുകൂടെ ഓവർടേക്ക് ചെയ്യരുത്. സീബ്രാ ലൈനിൽ മുൻ​ഗണന കാൽനടയാത്രികർക്കാണെന്ന് ഡ്രൈവർമാരും വാഹനം പോകാനുള്ള പച്ചവിളക്ക് തെളിഞ്ഞാൽ കാൽനടയാത്രികർ വാഹനങ്ങൾക്ക് മുൻ​ഗണന നൽകണമെന്ന വിവേകവും വളരണം. പ്രീ പ്രൈമറി തലം മുതൽ തന്നെ ട്രാഫിക് ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾചേർക്കുന്നത് സർക്കാർ ആലോചിക്കുകയാണ്.

ദേശാഭിമാനി 20 Dec 2024 2:34 am

നാടിന്റെ നീറ്റലായി അല്ലി; 
കൈവീശി ചിരിച്ച്‌ പ്രദീപ്‌

കൊച്ചി ‘‘അമ്മ പുലർച്ചെ മരിച്ചു. ഞാൻ മുറ്റത്ത് കുഴിച്ചിട്ടു’’–-വീട്ടിലെത്തിയവരോട് ദേഷ്യത്തോടെ പ്രദീപ് പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോഴും ഭാവഭേദങ്ങളില്ലായിരുന്നു. ചാനൽ കാമറകൾക്കും അയൽവാസികൾക്കും നേരെ കൈവീശി ചിരിച്ചു. ‘‘സംഗതി ഇവിടെയൊന്നും നിൽക്കില്ല’’ എന്നുപറഞ്ഞ് ഇടയ്ക്ക് പൊലീസുകാരോട് പിടിവിടാൻ പറഞ്ഞ് തട്ടിക്കയറി. അല്ലി മരിച്ചതും മകൻ മുറ്റത്ത് കുഴിച്ചിട്ടതും വാട്സാപ് ഗ്രൂപ്പ് വഴിയാണ് സമീപവാസികൾ അറിയുന്നത്. പൊലീസെത്തുമ്പോൾ മുറിയിൽ ഇരിക്കുകയായിരുന്നു പ്രദീപ്. സ്ഥിരം മദ്യപിച്ച് ബഹളമുണ്ടാക്കുന്ന വ്യക്തിയാണെന്നും ആരുമായും അടുപ്പം പുലർത്തിയിരുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു. ‘‘എന്റെ കഷ്ടകാലം മാറിയില്ല മോളെ... ഇപ്പോൾ മറ്റേ കാലിലുംകൂടി പഴുപ്പായി. കാല് മുറിച്ചുകളയണമെന്നാണ് ഡോക്ടർ പറഞ്ഞത്. ഒന്നുകൂടി ഡോക്ടറെ കാണാൻ പോകുകയാണ്’’ എന്ന് അവസാനമായി കണ്ടപ്പോൾ അല്ലി പറഞ്ഞത് -അയൽക്കാരിലൊരാൾ സങ്കടത്തോടെ ഓർത്തെടുത്തു. ‘‘പലപ്രാവശ്യം പ്രദീപ് ഡി അഡിക്ഷൻ സെന്ററിൽ ചികിത്സതേടിയിട്ടുണ്ട്. തിരിച്ചെത്തി വീണ്ടും മദ്യപാനം തുടങ്ങും. ഒരിക്കൽ ഭാര്യയുമായി വഴക്കിട്ട പ്രദീപ് വിരലിലെ സ്വർണമോതിരം കാട്ടിലേക്ക് വലിച്ചെറിഞ്ഞു’’–- റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി പറഞ്ഞു. പ്രദീപിന്റെ ഇളയമകനും അല്ലിയുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇയാളുടെ അമിത മദ്യപാനംകാരണം ഭാര്യയും മൂത്തമകനും ഇവിടെനിന്ന് പോയി. സംഭവം നടക്കുന്ന ദിവസം ഇളയമകൻ വീട്ടിൽ ഉണ്ടായിരുന്നില്ല. വെണ്ണലയിൽ പ്രദീപിന് ടയർ കടയുണ്ട്. ഒരുമാസമായി ഇത് തുറക്കുന്നുണ്ടായിരുന്നില്ല.

ദേശാഭിമാനി 20 Dec 2024 2:17 am

സുവർണ ചകോരം ‘മാലു’വിന്‌ 
, അഭിമാനമായി ‘ഫെമിനിച്ചി ഫാത്തിമ’

തിരുവനന്തപുരം തലസ്ഥാന നഗരിയിൽ ഏഴുദിവസം ദൃശ്യ വിസ്മയക്കാഴ്ചകളൊരുക്കിയ 29–-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. ബ്രസിലീയൻ സംവിധായകൻ പെഡ്രോ ഫ്രെയ്റിയുടെ മാലു' സുവർണ ചകോരം നേടി . സംവിധായകനും നിർമാതാക്കൾക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവർണ ചകോരത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലായി അഞ്ച് പുരസ്കാരങ്ങൾ നേടി ഫാസിൽ മുഹമ്മദിന്റെ ഫെമിനിച്ചി ഫാത്തിമ' മലയാളത്തിന്റെ അഭിമാനമായി. ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം, അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം എന്നിവ ‘ഫെമിനിച്ചി ഫാത്തിമ’ക്കാണ്. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരത്തിന് പുറമേ മികച്ച സംവിധായകനുള്ള കെ ആർ മോഹനൻ പുരസ്കാരവും പ്രത്യേക ജൂറി പരാമർശവും ഫാസിൽ മുഹമ്മദ് സ്വന്തമാക്കി. മികച്ച ഏഷ്യൻ സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്കാരം ‘മീ, മറിയം, ദ ചിൽഡ്രൻ ആൻഡ് 26 അദേഴ്സ്’ നേടിയപ്പോൾ മികച്ച സംവിധായകനുള്ള രജത ചകോരം ഈ സിനിമയുടെ സംവിധായകൻ ഫർഷദ് ഹഷേമിയും നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ദ ഹൈപ്പർബോറിയൻസിന്റെ സംവിധായകരായ ക്രിസ്റ്റൊബൽ ലിയോൻ, ഹ്വാകിൻ കൊകിന എന്നിവർക്കായിരുന്നു. സാങ്കേതിക മികവിനുള്ള പ്രത്യേക ജൂറി പുരസ്കാരം ഹാല എൽകൗസിയുടെ ഈസ്റ്റ് ഓഫ് നൂൺ നേടി. അപ്പുറ'ത്തിലെ പ്രകടനത്തിന് അനഘ രവിയും റിഥം ഓഫ് ദമാ'മിലെ പ്രകടനത്തിന് ചിന്മയ സിദ്ധിയും മികച്ച നടിമാർക്കുള്ള പ്രത്യേക ജൂറി പരാമർശത്തിന് അർഹരായി. മലയാള സിനിമയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള ഫിപ്രസി പുരസ്കാരം ജെ ശിവരഞ്ജിനി (വിക്ടോറിയ) നേടി. നെറ്റ്പാക് വിഭാഗത്തിൽ മികച്ച മലയാളം സിനിമയ്ക്കുള്ള പ്രത്യേക പരാമർശം മിഥുൻ മുരളിയുടെ ‘കിസ്വാഗൺ’ സ്വന്തമാക്കി. ഇന്ത്യൻ സിനിമയിലെ മികച്ച നവാഗത സംവിധായികയ്ക്കുള്ള എഫ്എഫ്എസ്ഐ കെ ആർ മോഹനൻ പുരസ്കാരം ‘അപ്പുറ’ത്തിലൂടെ ഇന്ദു ലക്ഷ്മിയും നേടി. സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റി'ന്റെ സംവിധായിക പായൽ കപാഡിയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

ദേശാഭിമാനി 20 Dec 2024 1:00 am

നെഹ്‌റു അംബേദ്‌കർ ഹത്യ

ഗാന്ധിജിയെ ഒരു തവണയേ ഹിന്ദുത്വശക്തികൾക്ക് കൊല്ലാൻ സാധിച്ചുള്ളൂവെങ്കിൽ നെഹ്റുവിനെയും അംബേദ്കറിനെയും ആവർത്തിച്ചു കൊലപ്പെടുത്തുകയാണവർ. സ്വാഭാവികമരണം സംഭവിച്ച സ്വാതന്ത്ര്യസമര സേനാനികൾകൂടിയായ ഈ രാഷ്ട്രശിൽപ്പികൾ മുന്നോട്ടുവച്ച ആശയങ്ങളെ പാർലമെന്റിലും പുറത്തും നിരന്തരം ഭർത്സിക്കുക വഴി അവർ ചെയ്യുന്നത് അക്ഷരാർഥത്തിൽ ഹിംസതന്നെ. ആശയങ്ങളെ ആശയങ്ങൾകൊണ്ട് നേരിടാൻ കഴിയാത്തപ്പോൾ അധിക്ഷേപവും പരിഹാസവും ബിജെപി നേതാക്കളുടെ രീതിയാണ്. അവസരം കിട്ടിയിരുന്നെങ്കിൽ ഗാന്ധിജിയെപ്പോലെതന്നെ നെഹ്റുവിനെയും ഹിന്ദുത്വശക്തികൾ വകവരുത്തിയേനെ എന്ന് തോന്നിപ്പിക്കുംവിധമാണ് ഈ ദേശീയ നേതാക്കൾക്കെതിരെയുള്ള കടന്നാക്രമണങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ ഭരണഘടനയെക്കുറിച്ചു നടന്ന ചർച്ച ഉപസംഹരിക്കവെ അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ഭരണഘടനയെ അട്ടിമറിച്ചുവെന്ന് പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മറ്റൊരവസരത്തിൽ വിദേശമന്ത്രി എസ് ജയ്ശങ്കറും നെഹ്റുവിനെ ആക്ഷേപിച്ചു. നെഹ്റുവിന്റെ വിദേശനയത്തിലെ തെറ്റുകൾ തിരുത്താനാണ് ഈ ഗവൺമെന്റ് ശ്രമിക്കുന്നത് എന്നാണ് ജയ്ശങ്കർ പ്രസംഗിച്ചത്. ധനമന്ത്രി നിർമല സീതാരാമനും സഭയിൽ നെഹ്റുവിനെ രൂക്ഷമായി വിമർശിച്ചു. ഇന്ത്യയിലെ ബൂർഷ്വാ– -ഭൂപ്രഭു വർഗത്തിന്റെ താൽപ്പര്യം സംരക്ഷിച്ചുകൊണ്ട് 1947 മുതൽ 1964വരെ 16 വർഷം രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരുകളെ നയിച്ച ജവാഹർലാൽ നെഹ്റുവിന്റെ സാമ്പത്തിക–- രാഷ്ട്രീയ നിലപാടുകളോടല്ല വാസ്തവത്തിൽ സംഘപരിവാറിനു രോഷം. അന്തരിച്ച് 60 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിനെതിരെ അവസരത്തിലും അനവസരത്തിലും അടിസ്ഥാനരഹിതമായ വിമർശങ്ങൾക്ക് സംഘപരിവാറിനെ പ്രേരിപ്പിക്കുന്നതിന് കാരണങ്ങൾ വേറെയാണ്. തികഞ്ഞ മതനിരപേക്ഷവാദി, ജനങ്ങളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കുന്നതിനുവേണ്ടി പ്രയത്നിച്ച ഭരണാധികാരി, ആധുനിക ചിന്തകളാൽ നയിക്കപ്പെട്ട രാഷ്ട്രതന്ത്രജ്ഞൻ എന്നീ നിലയ്ക്കുള്ള നെഹ്റുവിനെയാണ് സംഘപരിവാർ ഭയക്കുന്നത്. ഭരണഘടനാശിൽപ്പി അംബേദ്കറിനും അദ്ദേഹത്തെപ്പോലുള്ള അനേകം പ്രതിഭാശാലികൾക്കുമൊപ്പം സാമൂഹ്യസമത്വം എന്ന ആശയത്തെ അവിച്ഛിന്നമാക്കി ഇന്ത്യൻ ഭരണഘടനയ്ക്ക് രൂപം നൽകുന്നതിൽ മുന്നിൽനിന്ന നെഹ്റു അവർക്ക് ശത്രുവാകുന്നത് സ്വാഭാവികം. എന്നാൽ, ബിജെപി നേതാക്കളുടെ പാർലമെന്റിലെ നിരന്തരമായ നെഹ്റുവധത്തിന് കോൺഗ്രസ് നേതാക്കളിൽനിന്ന് വലിയ പ്രതിഷേധമുയർന്നിട്ടില്ല. ഈ നെഹ്റുഹത്യ ഒരു പരീക്ഷണമായിരുന്നു. രാജ്യം ആദരിക്കുന്ന നേതാക്കളെ ആക്ഷേപിച്ചാൽ ഉണ്ടാകാനിടയുള്ള പ്രതിഷേധത്തിന്റെ തീവ്രത അളക്കുകയായിരുന്നു ബിജെപിക്കാർ. നെഹ്റുവിനെയും നെഹ്റു കുടുംബപരമ്പരയുടെ ഇങ്ങേയറ്റത്തുള്ള സോണിയ–- രാഹുൽ –- പ്രിയങ്കമാരെയും കടന്നാക്രമിച്ചിട്ടും കോൺഗ്രസുകാർ കാര്യമായി അനങ്ങിയില്ല. പ്രതിഷേധിക്കാൻ കഴിയാത്തവിധം കോൺഗ്രസ് ദുർബലമായിക്കഴിഞ്ഞു. സംഘപരിവാർ വിധേയത്വവും ഭീരുത്വവും ആ പാർടിയുടെ അടിത്തട്ടിലേക്കിറങ്ങിച്ചെന്നിരിക്കുന്നു. നെഹ്റുവിയൻ പൈതൃകത്തെ ആക്രമിച്ചതിന്റെ തുടർച്ചയാണ് അംബേദ്കർ അധിക്ഷേപം. എന്നാൽ, അംബേദ്കറിനെ തൊട്ടപ്പോൾ പ്രതിഷേധത്തിന്റെ രൂപം മാറി. നെഹ്റു വിമർശത്തെക്കാളൊക്കെ നീചമായ ഭാഷയിൽ ഭരണഘടനാ ശിൽപ്പി ബി ആർ അംബേദ്കറിനെ ആക്ഷേപിച്ച ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രാജ്യമൊട്ടുക്ക് വലിയ പ്രതിഷേധമുയരുകയാണിപ്പോൾ. ‘അംബേദ്കർ... അംബേദ്കർ... അംബേദ്കർ... എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്ന അമിത് ഷായുടെ പ്രകോപനപരമായ പ്രസംഗത്തെ ന്യായീകരിച്ച് അമിത് ഷാ രംഗത്തുവന്നെങ്കിലും പ്രതിഷേധം പെട്ടെന്ന് അടങ്ങില്ല. ചാതുർവർണ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. സ്ത്രീകളെയും ദളിതരെയും മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മനുസ്മൃതിയാണ് സംഘപരിവാറിന്റെ അടിസ്ഥാനഗ്രന്ഥം. നെഹ്റു നയിച്ച കോൺഗ്രസുമായി ചില മേഖലകളിലെങ്കിലും സംഘപരിവാറിന് യോജിപ്പിന്റെ തലങ്ങളുണ്ടെങ്കിൽ സംഘപരിവാറിന്റെ സവർണ ഹിന്ദുത്വ ആശയത്തിന്റെ അടിത്തറതന്നെ തകർക്കാനുതകുന്ന സ്ഫോടകവസ്തുക്കൾ തന്റെ എഴുത്തിലും പ്രസംഗങ്ങളിലും കരുതിവച്ചിട്ടുണ്ട് അംബേദ്കറെന്ന് അദ്ദേഹത്തിന്റെ രചനകൾ പരിശോധിച്ചാൽ മനസ്സിലാകും. ചാതുർവർണ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം. സ്ത്രീകളെയും ദളിതരെയും മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മനുസ്മൃതിയാണ് സംഘപരിവാറിന്റെ അടിസ്ഥാനഗ്രന്ഥം. സമീപകാലത്ത് സനാതന ധർമത്തെക്കുറിച്ചു നടന്ന സംവാദത്തിൽ സംഘപരിവാറുകാരുടെ വാദങ്ങളിൽ ഇക്കാര്യങ്ങൾ പ്രകടമായിരുന്നു. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അംബേദ്കറാണ് ഹിന്ദുത്വവാദികളുടെ ശത്രുവെങ്കിൽ തമിഴ്നാട്ടിൽ ജാതീയതയ്ക്കെതിരെ പോരാടിയ പെരിയാർ ഇ വി രാമസ്വാമി നായ്ക്കറാണ് പ്രധാനശത്രു. പെരിയാറിന്റെ പ്രതിമകൾ നശിപ്പിക്കാൻതന്നെ തയ്യാറായി ബിജെപി നേതാക്കൾ. ഹിന്ദുത്വ പ്രത്യയശാസ്ത്രം കാലൂന്നിയ ജാതിവ്യവസ്ഥയെ അനിഹിലേഷൻ ഓഫ് കാസ്റ്റ് എന്ന കൃതിയിൽ എത്ര മൂർച്ചയോടെയും വിട്ടുവീഴ്ചയില്ലാതെയുമാണ് അംബേദ്കർ നേരിടുന്നതെന്ന് കാണാം. ‘ഹിന്ദുമതത്തിലെ ജാതിയെക്കുറിച്ച് അംബേദ്കർ പറയുന്നത് നോക്കുക: ജനങ്ങൾ ജാതി അനുഷ്ഠിക്കുന്നത് തെറ്റല്ല. എന്റെ അഭിപ്രായത്തിൽ ഈ ജാതിസങ്കൽപ്പം വളർത്തിയെടുത്ത അവരുടെ മതമാണു തെറ്റായിട്ടുള്ളത്. ജാതി ആചരിക്കുന്ന ജനങ്ങളല്ല ശത്രു, അവരെ ജാതികളാക്കിത്തീർക്കാൻ മതം ഉപയോഗിച്ച ശാസ്ത്രങ്ങളാണ് ശത്രു. ശാസ്ത്രങ്ങളുടെ വിശുദ്ധിയെപ്പറ്റിയുള്ള വിശ്വാസം നശിപ്പിക്കുകയെന്നതാണ് യഥാർഥ വിധി’. ഹിന്ദുത്വവർഗീയതയുടെ അടിവേരിനെത്തന്നെയാണ് അംബേദ്കർ ഇങ്ങനെ കടന്നാക്രമിക്കുന്നത്. ഹിന്ദുക്കൾക്കിടയിലെ ജാതിനശീകരണം ഏറെക്കുറെ അസാധ്യമാണെന്നാണ് താൻ വിചാരിക്കുന്നതെന്നും അതിനായി യുഗങ്ങൾ കാത്തിരിക്കേണ്ടി വരുമെന്നും അംബേദ്കർ ഇതേ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ‘ജാതിവ്യവസ്ഥയ്ക്ക് ഒരു തകർച്ച സംഭവിക്കണമെങ്കിൽ വേദങ്ങളെയും ശാസ്ത്രങ്ങളെയും ഡൈനാമിറ്റ് വച്ചുതകർക്കേണ്ടി വരും. യുക്തിചിന്തയ്ക്ക് ഒരു സ്ഥാനവും കൽപ്പിക്കാത്തവയാണ് വേദ–- ശാസ്ത്രങ്ങൾ. അവ സന്മാർഗത്തിന് ഒരു പങ്കും നൽകുന്നില്ല. ശ്രുതികളുടെയും സ്മൃതികളുടെയും മതം നശിപ്പിക്കണം. മറ്റൊന്നും ഫലപ്രദമാകുകയില്ല.’–- തന്റെ സുചിന്തിതമായ അഭിപ്രായമെന്ന് വിശേഷിപ്പിച്ചാണ് അംബേദ്കർ ഇങ്ങനെ പറയുന്നത്. അംബേദ്കറിനെതിരെയുള്ള അമിത് ഷായുടെ ആക്ഷേപം ബോധപൂർവംതന്നെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. മാത്രവുമല്ല, ഇത്തരം ആക്ഷേപങ്ങൾ വരുംനാളുകളിൽ ആവർത്തിക്കുകയും ചെയ്യും. ഇപ്പോഴുയർന്ന പ്രതിഷേധങ്ങളുടെ തീവ്രത അടുത്തഘട്ടത്തിൽ ഉണ്ടാകില്ലെന്ന പ്രതീക്ഷയോടെയായിരിക്കണം ഇങ്ങനെയൊരു ആക്ഷേപപരീക്ഷണം.

ദേശാഭിമാനി 20 Dec 2024 1:00 am

ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് ; ലക്ഷ്യം ഭരണഘടന തകർക്കൽ - എം വി ഗോവിന്ദൻ എഴുതുന്നു

ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ചതോടെ ബിജെപി വീണ്ടും ഇന്ത്യൻരാഷ്ട്രീയത്തിലെ അജയ്യശക്തിയായെന്ന വ്യാഖ്യാനമാണ് പൊതുവെ വലതുപക്ഷവും അവരെ പിന്താങ്ങുന്ന മാധ്യമങ്ങളും ചമയ്ക്കുന്നത്. കോൺഗ്രസ് വിജയിക്കുമെന്ന് കരുതിയ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും അപ്രതീക്ഷിതവിജയം ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ മുറിവുകൾ മായ്ക്കാൻ ബിജെപിയെ സഹായിച്ചുവെന്നാണ് ഇവരുടെ അവകാശവാദം. ഇതോടെ ബിജെപി ന്യൂനപക്ഷമായ പാർലമെന്റിലും അവർക്ക് മേൽക്കൈ നേടാനാകുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ, ലോക്സഭയിൽ തനിച്ച് ഭൂരിപക്ഷമില്ലെന്നും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും നിതീഷ് കുമാറിന്റെ ജെഡിയുവും ഏക്നാഥ് ഷിൻഡെയുടെ ശിവസേനയും മറ്റും നൽകുന്ന നിർണായക പിന്തുണയാലാണ് സർക്കാർ മുന്നോട്ടുപോകുന്നതെന്നുമുള്ള യാഥാർഥ്യം ബിജെപിയെയും പ്രധാനമന്ത്രി മോദിയെയും തുടർന്നും വേട്ടയാടുകയാണെന്ന് പാർലമെന്റിന്റെ ശീതകാലസമ്മേളനം ഓർമിപ്പിക്കുകയാണ്. ആർഎസ്എസിന്റെ സുപ്രധാന അജൻഡയായ ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ലക്ഷ്യം നേടാൻ അവതരിപ്പിച്ച ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിടേണ്ടി വന്നത് മോദി സർക്കാർ പാർലമെന്റിൽ ന്യൂനപക്ഷമാണെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു. സഖ്യകക്ഷികളുടെ സഹായത്തോടെ മൂന്നാമതും അധികാരമേറാനായ മോദി തുടക്കംമുതലേ നൽകിയ സന്ദേശം ഒന്നും മാറിയിട്ടില്ല; ഞങ്ങൾ മാറുകയുമില്ല’ എന്നതായിരുന്നു. പ്രോടേം സ്പീക്കറുടെയും സ്പീക്കറുടെയും മന്ത്രിസഭാംഗങ്ങളുടെയും തെരഞ്ഞെടുപ്പുകളിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ തെരഞ്ഞെടുപ്പിലും ഈ നയമാണ് പ്രതിഫലിച്ചത്. എന്നാൽ, സർക്കാർ മുന്നോട്ട് പോകാൻ തുടങ്ങിയതോടെ ന്യൂനപക്ഷമെങ്കിലും ഭൂരിപക്ഷത്തെപ്പോലെ ഭരിക്കുമെന്ന ആഖ്യാനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടിവന്നു. നിയമനപരീക്ഷ വഴിയല്ലാതെ നേരിട്ട് ലാറ്ററൽ എൻട്രി വഴി 45 പേരെ ജോയിന്റ് സെക്രട്ടറി ഡെപ്യൂട്ടി ഡയറക്ടർ റാങ്കിൽ നിയമിക്കാനുള്ള നീക്കം പ്രഖ്യാപിച്ച് മൂന്നു ദിവസത്തിനകം ഉപേക്ഷിക്കേണ്ടിവന്നു. അതുപോലെ വഖഫ് ഭേദഗതി ബിൽ സഖ്യകക്ഷികളുടെ എതിർപ്പിനെ തുടർന്ന് പാസാക്കാൻ കഴിയാതെ ജെപിസിക്ക് വിട്ടു. ഗോദി മീഡിയയിൽനിന്ന് വ്യത്യസ്തമായി മോദി സർക്കാരിനെ വിമർശിക്കാൻ ധൈര്യം കാട്ടുന്ന യുട്യൂബർമാരെയും യുട്യൂബ് ചാനലുകളെയും നിയന്ത്രിക്കാൻ കൊണ്ടുവന്ന ബ്രോഡ്കാസ്റ്റിങ് സർവീസ് നിയന്ത്രണ ബില്ലും പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് മാറ്റിവയ്ക്കേണ്ടിവന്നു. ഇപ്പോഴിതാ ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാർലമെന്റിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലും പാസാക്കാൻപോലും ശ്രമിക്കാതെ ജെപിസിയുടെ പരിഗണനയ്ക്ക് വിടേണ്ടിവന്നു. ലോക്സഭ–- നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള 129–--ാം ഭരണഘടനാ ഭേദഗതിബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പുകൾകൂടി ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള ഭേദഗതിബില്ലുമാണ് നിയമമന്ത്രി അർജുൻ റാം മേഘ് വാൾ അവതരിപ്പിച്ചത്. ഭരണഘടനാഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്സഭയിൽ മോദി സർക്കാരിനില്ലെന്ന് ബില്ലുകൾക്ക് അവതരണാനുമതി നേടിയ ഘട്ടത്തിൽത്തന്നെ ബോധ്യപ്പെട്ടു. ഭരണഘടനാ ഭേദഗതി പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 362 എംപിമാരുടെ പിന്തുണ ലഭിക്കണം. എന്നാൽ, എൻഡിഎയ്ക്ക് 293 അംഗങ്ങളുടെ പിന്തുണ മാത്രമേയുള്ളൂ. എൻഡിഎയുടെ ഭാഗമല്ലാത്ത വൈഎസ്ആർ കോൺഗ്രസിന്റെ നാലും അകാലിദളിന്റെ ഏകഅംഗവും പിന്തുണച്ചാൽപ്പോലും 300 കടക്കില്ല. വോട്ടിനിട്ടപ്പോൾ 269 പേരുടെ പിന്തുണ മാത്രമാണ് എൻഡിഎക്ക് ലഭിച്ചത്. 198 പേർ എതിർത്തു. വിപ്പ് നൽകിയിട്ടും 20 ബിജെപി എംപിമാർ വിട്ടുനിന്നു. ബിൽ നിയമമാക്കുന്നതിൽനിന്ന് പിന്നോട്ട് പോകില്ലെന്ന് ആവർത്തിച്ച പ്രധാനമന്ത്രി മോദിപോലും അവതരണവേളയിൽ ലോക്സഭയിൽ ഉണ്ടായിരുന്നില്ല. ബിൽ പാസാക്കാൻ കഴിയാത്തതിലുള്ള ജാള്യത മറയ്ക്കാനാണ് പ്രധാനമന്ത്രി വിട്ടുനിന്നത്. വിട്ടുനിന്ന ബിജെപി എംപിമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബിജെപി അറിയിച്ചെങ്കിലും പ്രധാനമന്ത്രി, മന്ത്രിമാരായ നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ്സിങ്, സി ആർ പാട്ടീൽ എന്നിവരുടെ അസാന്നിധ്യം നടപടി എടുക്കാൻപോലും കഴിയാത്ത സ്ഥിതി സംജാതമാക്കി. ചെലവുചുരുക്കാൻ വേണ്ടിയാണ് എല്ലാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടത്തുന്നത് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ, ഇതുകൊണ്ട് എത്രപണം ലാഭിക്കാമെന്ന ധനപരമായ പ്രസ്താവനയൊന്നും ബിൽ മുന്നോട്ടു വയ്ക്കുന്നില്ല. ബില്ലിന് ശുപാർശ ചെയ്ത രാംനാഥ് കോവിന്ദ് കമ്മിറ്റിയും എത്രപണം ലാഭിക്കാം എന്നതുസംബന്ധിച്ച പ്രസ്താവന നടത്തുന്നില്ല. ഇതിൽനിന്ന് വ്യക്തമാകുന്നത് ധനലാഭമല്ല, മറിച്ച് സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അജൻഡയുടെ ഭാഗമാണ് ബിൽ എന്നാണ്. ‘ഒരു രാഷ്ട്രം ഒരു മതം, ഒരു രാഷ്ട്രം ഒരു ഭാഷ, ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്, ഒരു രാഷ്ട്രം ഒരു നേതാവ്’ തുടങ്ങിയവയിലൂടെ വൈവിധ്യങ്ങൾ ഇല്ലാതാക്കി ഏകാത്മകതയും അതുവഴി സ്വേച്ഛാധിപത്യവും ലക്ഷ്യമാക്കിയാണ് ബിജെപി നീങ്ങുന്നത്. അതിന്റെ ഭാഗമാണ് ഈ ബിൽ അവതരണം. പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്ന വിമർശങ്ങളിൽ ഒന്നും ഇതുതന്നെ. ഭരണഘടനയെത്തന്നെ തകർക്കുക ലക്ഷ്യമാക്കിയാണ് ‘ഒരു രാഷ്ട്രം ഒറ്റ തെരഞ്ഞെടുപ്പ്’ എന്ന ബിൽ. അതോടൊപ്പം ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ ഫെഡറൽ തത്വങ്ങളുടെ ലംഘനവും പ്രതിപക്ഷം ഈ നീക്കത്തിനു പിന്നിൽ കാണുന്നു. 1973ലെ കേശവാനന്ദ ഭാരതി കേസിലാണ് സുപ്രീംകോടതി ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരുത്താൻ അവകാശമില്ലെന്ന് പറഞ്ഞത്. അതായത് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളിലൊന്നായ ഫെഡറൽ സ്വഭാവത്തെ കാറ്റിൽപ്പറത്തുന്ന ഭേദഗതി കൊണ്ടുവരാൻ പാർലമെന്റിന് അധികാരമില്ലെന്ന പ്രതിപക്ഷവാദത്തിന്റെ അടിസ്ഥാനവും ഇതാണ്. വോട്ടിൽ ലക്ഷ്യമിട്ട് വനിതാ സംവരണ ബിൽ പാസാക്കിയിട്ടും അത് നടപ്പാക്കാൻ ശുഷ്കാന്തി കാട്ടാത്ത മോദി സർക്കാരാണ് പാസാകില്ലെന്നറിഞ്ഞിട്ടും അവരുടെ പ്രത്യയശാസ്ത്ര അജൻഡയുടെ ഭാഗമായ ഒരു രാഷ്ട്രം ഒരു തെരഞ്ഞെടുപ്പ്' ബിൽ അവതരിപ്പിച്ചത്. സാമ്പത്തികവളർച്ചയിലുണ്ടായ മുരടിപ്പ്, മണിപ്പുർ വിഷയം, അദാനിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണം എന്നിവയിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ധൃതിപിടിച്ച് ഈ വിവാദ ബില്ലുമായി മോദി സർക്കാർ രംഗത്തെത്തിയിട്ടുള്ളത്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ കരുത്ത് ബോധ്യപ്പെടുന്ന മറ്റൊരു സന്ദർഭംകൂടിയുണ്ടായി. അത് മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ഭരണഘടനാ ശിൽപ്പി അംബേദ്കറെ അവഹേളിച്ചതാണ്. ഭരണഘടനാ നിർമാണത്തിന് 75 വർഷം പൂർത്തിയാകുന്നവേളയിൽ പാർലമെന്റിൽ നടന്ന ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയവേയാണ് ഭരണഘടനയോടും അതിന്റെ ശിൽപ്പിയോടുമുള്ള എതിർപ്പ് അമിത് ഷായുടെ നാവിലൂടെ പുറത്തുവന്നത്. അംബേദ്കർ അംബേദ്കർ... (ആറു തവണ) എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നാണ് അമിത് ഷാ പറഞ്ഞത്. സവർണമേധാവിത്വം അരക്കിട്ടുറപ്പിക്കുന്ന മനുസ്മൃതി ഭരണഘടനയാക്കണമെന്ന് സംഘപരിവാർ വാദിക്കുമ്പോൾ ജാതിവ്യവസ്ഥ അടിച്ചേൽപ്പിക്കുന്ന മനുസ്മൃതി കത്തിക്കാൻ ആഹ്വാനം ചെയ്തയാളാണ് അംബേദ്കർ. അംബേദ്കർ നിർമിച്ച ഭരണഘടന ഹിന്ദുവിരുദ്ധമാണെന്നും അതിനാൽ മനുസ്മൃതി അതിനു പകരംവയ്ക്കണമെന്നുമുള്ള പ്രമേയംപോലും 1992ൽ വിഎച്ച്പി സംഘടിപ്പിച്ച ധർമസൻസദിൽ പാസാക്കുകയുണ്ടായി. ബിജെപിയുടെ ഈ ഉള്ളിലിരിപ്പ് അമിത് ഷായുടെ നാവിലൂടെ പുറത്തുചാടിയതോടെ വൻപ്രതിഷേധമാണ് രാജ്യമെങ്ങും ഉയർന്നത്. ഭരണഘടന മാറ്റിയെഴുതാൻ നാനൂറിലധികം സീറ്റ് വേണമെന്ന മോദിയുടെ മുദ്രാവാക്യമാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ദളിത്–-പിന്നാക്ക വിഭാഗത്തെ ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. അമിത് ഷായുടെ അംബേദ്കർവിരുദ്ധ പരാമർശവും അതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി മോദിതന്നെ രംഗത്തുവന്നതും ബിജെപി ഏതുപക്ഷത്താണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നതാണ്. സംവരണത്തിനെതിരെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പരാമർശവും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതണ്. ഭരണഘടനാ ശിൽപ്പിയെ പാർലമെന്റിൽ അവഹേളിച്ച, അപഹസിച്ച അമിത് ഷായ്ക്ക് ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരാൻ ഒരവകാശവുമില്ല. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താൻ എല്ലാ ജനവിഭാഗങ്ങളും മുന്നോട്ട് വരണമെന്ന് അഭ്യർഥിക്കുന്നു.

ദേശാഭിമാനി 20 Dec 2024 1:00 am

പ്രകടമായത്‌ സംഘപരിവാറിന്റെ മനുവാദചിന്ത

ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതിന്റെ 75 വർഷം ആഘോഷിക്കുമ്പോഴാണ് ജനാധിപത്യ മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങളിലധിഷ്ഠിതമായ മഹത്തായ ആശയങ്ങളടങ്ങിയ ഭരണഘടനയ്ക്ക് രൂപം കൊടുക്കുന്നതിന് നേതൃത്വം നൽകിയ ഡോ. ബി ആർ അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചത്. സാമൂഹ്യ ജനാധിപത്യത്തിലും തുല്യ പൗരത്വത്തിലും അടിയുറച്ചുനിൽക്കുന്ന ഒരു രാഷ്ട്രീയ ജനാധിപത്യ ഇന്ത്യയെ നിർമിക്കാനാണ് എന്നും അംബേദ്കർ ശ്രമിച്ചത്. ഇന്ത്യയിൽ സാമൂഹ്യതുല്യതയെ അടിസ്ഥാനമാക്കുന്ന ഒരു ജനതാസങ്കൽപ്പം ഉണ്ടായി വരുമോ എന്നാണ് 1930-കളിൽത്തന്നെ അംബേദ്കർ ഉന്നയിച്ച പ്രധാന രാഷ്ട്രീയപ്രശ്നം. ഭരണഘടനാ രൂപീകരണസമയത്തും ഈ നിലപാട് ഉയർത്തിപ്പിടിച്ചിരുന്നു. എല്ലാ പൗരന്മാർക്കും തുല്യാവകാശമുള്ള, എല്ലാവിഭാഗം വിശ്വാസികൾക്കും തുല്യ പരിഗണനയും അവകാശവുമുള്ള വൈവിധ്യങ്ങളായ വിശ്വാസങ്ങളെ സ്വാഗതം ചെയ്യുന്ന, അഭിപ്രായത്തിന് അവകാശമുള്ള നാടായിരിക്കണം ഇന്ത്യ എന്നുറപ്പ് വരുത്താൻ ഭരണഘടന നിർമാണസഭയിൽ ഏറ്റവും കൂടുതൽ വാദിച്ചതും അംബേദ്കറായിരുന്നു. എന്നാൽ, സമകാലിക ഇന്ത്യയിൽ ഹിന്ദുത്വവാദികൾ മതനിരപേക്ഷതയെയും ജനാധിപത്യത്തെയും സാമൂഹ്യനീതിയെയും ഇല്ലായ്മ ചെയ്തുകൊണ്ട് സമഗ്രാധിപത്യ ഭൂരിപക്ഷ മതരാഷ്ട്ര സ്ഥാപനത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി ചരിത്രത്തെയും ദേശീയ പ്രസ്ഥാനത്തെയും അതിന്റെ നേതാക്കളെയും അവഹേളിക്കുന്നു. നമ്മുടെ ഭരണഘടനയ്ക്കും റിപ്പബ്ലിക്കിനും അന്ത്യംകുറിക്കാനാണ് അവർ ശ്രമിക്കുന്നത്. സവർക്കറുടെ ആശയം നടപ്പാക്കാനായി ആദ്യം അവർ അംബേദ്കറുടെ ആശയത്തെ, തത്വചിന്തയെ, രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യുകയാണ്. അംബേദ്കറുടെ ഓർമദിവസങ്ങൾ ആഘോഷമാക്കുമ്പോഴും അദ്ദേഹത്തിന്റെ ആശയങ്ങളെ സമൂഹത്തിൽനിന്ന് മായ്ച്ചുകളയാനാണ് എന്നും ആർഎസ്എസ് ബോധപൂർവം ശ്രമിച്ചുകൊണ്ടിരുന്നത്. രാഷ്ട്രപിതാവ് ഗാന്ധിജിയെ വീണ്ടും വീണ്ടും വധിച്ചുകൊണ്ടിരിക്കുന്നതുപോലേ, രാഷ്ട്രശിൽപ്പി നെഹ്റുവിനെ ചരിത്രത്തിൽനിന്ന് ഇല്ലായ്മ ചെയ്യാൻ നടത്തുന്ന നീക്കങ്ങളെപ്പോലെ ഭരണഘടനാ ശിൽപ്പി അംബേദ്കറിന്റെ ഓർമകളും ഇല്ലാതാക്കാൻ ആസൂത്രിതമായ ഗൂഢാലോചന നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് അമിത് ഷാ കഴിഞ്ഞ ദിവസം പാർലമെന്റിൽ അംബേദ്കറെ അപമാനിച്ചത്. അംബേദ്കറെ അവഹേളിച്ചതിലൂടെ സംഘപരിവാറിന്റെ മനുവാദചിന്തയാണ് ആവർത്തിച്ച് വെളിപ്പെടുന്നത്. ‘അംബേദ്കർ... അംബേദ്കർ... അംബേദ്കർ... എന്ന് പറയുന്നത് ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട് സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നായിരുന്ന-ു രാജ്യസഭയിൽ ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ മറുപടിയിൽ അമിത് ഷാ പറഞ്ഞത്. പാർലമെന്റിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരുമടക്കം അംബേദ്കറെ മാനിക്കുന്നവരാണ് തങ്ങളെന്നും ഭരണഘടനയുടെ സംരക്ഷകരാണെന്നും അവകാശപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പേര് ഉച്ചരിക്കുന്നതിനെപ്പോലും അമിത് ഷാ അധിക്ഷേപിച്ചത്. അംബേദ്കറോടും ദളിത്– -പിന്നാക്ക സമൂഹത്തോടുമുള്ള മനുവാദികളായ സംഘപരിവാറിന്റെ യഥാർഥ സമീപനമാണ് ഇതിലൂടെ പുറത്തായിരിക്കുന്നത്. അമിത് ഷായുടെ അധിക്ഷേപം ദേശീയതലത്തിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്. ഷായുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ച പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി. പാർലമെന്റിനു പുറത്ത് പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരെ ഭരണപക്ഷ എംപിമാർ കായികമായി ആക്രമിക്കാനും ശ്രമിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും പ്രതിഷേധം നടക്കുകയാണ്. അംബേദ്കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിപ്രകാരമുള്ള ഭരണഘടനയാണ് ഇന്ത്യക്ക് അഭികാമ്യമെന്നും പരസ്യമായ നിലപാടെടുത്ത ആർഎസ്എസ് ദളിത് വിഭാഗങ്ങളെ തുല്യപൗരന്മാരായി ഒരിക്കലും കണ്ടിരുന്നില്ല. തെരഞ്ഞെടുപ്പിൽ ആദിവാസി, ദളിത് വിഭാഗത്തിൽപ്പെട്ടവരുടെ വോട്ട് ഉറപ്പിക്കാനായി ആ വിഭാഗത്തിൽപ്പെട്ടവരെ രാഷ്ട്രപതിയാക്കി എന്നത് നേട്ടമായി അവകാശപ്പെടുന്ന മോദി സർക്കാർ പ്രധാന സംഭവങ്ങളിൽനിന്ന് അവരെ മാറ്റിനിർത്തി എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. പാർലമെന്റിന്റെ അധിപനാണ് രാഷ്ട്രപതി. എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ കല്ലിടൽ ചടങ്ങിൽനിന്ന് അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന് ഇന്നത്തെ രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും ഒഴിവാക്കി. ഇന്ത്യൻ ഭരണഘടന ആദിവാസികൾക്കും ദളിതർക്കും ഏത് പദവി നൽകിയാലും ബ്രാഹ്മണിക്കൽ ജാതിവ്യവസ്ഥയിൽ അവരുടെ സ്ഥാനം ഏറ്റവും താഴെയാണെന്നാണ് മോദി സർക്കാർ കാണിച്ചുതരുന്നത്. ഭരണഘടനയിലെ സാമൂഹ്യനീതി തത്വങ്ങളെയും സംവരണാവകാശങ്ങളെയും എടുത്തുകളയണമെന്ന് തുടർച്ചയായി വാദിക്കുകയാണ് ഹിന്ദുത്വവാദികൾ. ദളിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സർക്കാർ സർവീസിലോ മറ്റ് മേഖലകളിലോ ഒരുവിധ സംവരണവും നൽകാൻ പാടില്ലെന്നും സംവരണം വിഭജനവിഘടന വികാരങ്ങളെ പോഷിപ്പിക്കുമെന്നുമാണ് ആർഎസ്എസ് നേതാവ് ഗോൾവാൾക്കർ വിചാരധാരയിൽ എഴുതിവച്ചിരിക്കുന്നത്. ഫാസിസ്റ്റ് ആശയങ്ങളെ പിൻപറ്റിയ സവർക്കറുടെയും ഗോൾവാൾക്കറുടെയും പിൻഗാമികളായ ഹിന്ദുത്വവാദികൾ രാജ്യം ഭരിക്കുമ്പോൾ ഓരോ ദിവസവും ദളിത്– -പിന്നാക്ക വിഭാഗങ്ങൾ ആക്രമിക്കപ്പെടുകയും അവഗണിക്കപ്പെടുകയുമാണ്.

ദേശാഭിമാനി 20 Dec 2024 1:00 am